x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

സക്രാരിയുള്ളപ്പോള്‍ എന്തിനീ നിത്യാരാധന കേന്ദ്രങ്ങള്‍?

Authored by : Dr. Abraham Kavilpurayidathil On 19-Sep-2020

സക്രാരിയുള്ളപ്പോള്‍ എന്തിനീ നിത്യാരാധന കേന്ദ്രങ്ങള്‍?


ആധുനിക കാലത്ത് സഭയില്‍, പ്രത്യേകമായി കേരളസഭയില്‍, കണ്ടുവരുന്ന ഒരു നല്ല പ്രവണതയാണ് വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുക എന്നത്. ഇങ്ങനെയുള്ള പ്രാര്‍ത്ഥനാസാഹചര്യങ്ങളെ കൂടുതല്‍ സൗകര്യപ്രദവും വ്യക്തിപരവുമാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ആരാധനാകേന്ദ്രങ്ങള്‍ നിലവില്‍ വന്നതുമായി ബന്ധപ്പെട്ടതാണ് ചോദ്യം. ചോദ്യകര്‍ത്താവിന് പരിശുദ്ധ കുര്‍ബാനയോടുള്ള ആരാധനയെക്കുറിച്ച് സംശയമുണ്ടെന്ന് കരുതാന്‍ സാധിക്കില്ല. ദൈവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സക്രാരിയില്‍ ഈശോ യുടെ സാന്നിദ്ധ്യമുള്ളപ്പോള്‍ മറ്റൊരു ആരാധനാ കേന്ദ്രത്തിന്‍റെ പ്രസക്തിയെക്കുറിച്ചാണ് ചോദ്യകര്‍ത്താവിന്‍റെ മനസ്സില്‍ ഉയരുന്ന സംശയം.

ചരിത്രത്തില്‍ നിന്ന് ചോദ്യത്തിൻ്റെ ഉത്തരം, സഭയില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധനയ്ക്കുള്ള പ്രസക്തിയുമായി ബന്ധപ്പെട്ടതാണ്. ഈശോയുടെ സജീവസാന്നിദ്ധ്യം പരിശുദ്ധ കുര്‍ബാനയില്‍ ഉണ്ടെന്ന വിശ്വാസമാണ് പരിശുദ്ധ കുര്‍ബാനയെ ആരാധിക്കാനുള്ള അടിസ്ഥാന കാരണം.

പതിനൊന്നാം നൂറ്റാണ്ടു മുതല്‍ എല്ലാ പള്ളികളിലും പരിശുദ്ധ കുര്‍ബാന സൂക്ഷിക്കണമെന്ന നിഷ്ക്കര്‍ഷത പാലിച്ചുകാണുന്നു. ഉര്‍ബന്‍ നാലാമന്‍ മാര്‍പ്പാപ്പയാണ് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ സ്ഥാപിക്കുന്നത്. തെന്ത്രൂസ് ‌സൂനഹദോസിന്‍റെ വ്യക്തമായ പ്രബോധനത്തിന്‍റെ അടിസ്ഥാനത്തില്‍ ജൂലിയസ് മൂന്നാമന്‍ മാര്‍പ്പാപ്പ, ജനങ്ങളുടെ പൊതു വണക്കത്തിനുവേണ്ടി വി. കുര്‍ബാന എഴുന്നള്ളിച്ചു വയ്ക്കണമെന്ന് കല്‍പ്പനയിട്ടു. 1592-ലാണ് ക്ലമന്‍റ് എട്ടാമന്‍ മാര്‍പ്പാപ്പ നാല്‍പ്പത് മണി ആരാധന ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ച് പതിമൂന്നാം നൂറ്റാണ്ടില്‍ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം നല്‍കുന്ന പതിവും ആരംഭിച്ചു. 1917-ല്‍ സഭയിലെ ആദ്യത്തെ നിയമ സംഹിതയില്‍ (CIC 1917) ഓരോ പള്ളിയിലും സക്രാരിയില്‍ വിശുദ്ധ കുര്‍ബാന പൊതുവണക്കത്തിനായി സ്ഥാപിക്കണമെന്ന് നിയമനിര്‍മ്മാണം നടത്തി (c. 1265).

പരി. കുര്‍ബാനയുടെ ആരാധന കാനന്‍ നിയമത്തില്‍ ലത്തീന്‍ സഭയുടെ കാനന്‍ നിയമത്തിലും (രര. 934944) പൗരസ്ത്യ സഭാനിയമത്തിലും (c. 714) പരിശുദ്ധ കുര്‍ബാന സക്രാരിയില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ലത്തീന്‍ നിയമം നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ പൗരസ്ത്യനിയമത്തില്‍ ഇല്ല. ദൈവാലയങ്ങളില്‍, പ്രത്യേകിച്ച് രോഗികള്‍ക്കായി സൂക്ഷിക്കപ്പെടുന്ന ദിവ്യകാരുണ്യത്തെ ആരാധിക്കണമെന്ന് പൗരസ്ത്യനിയമം അനുശാസിക്കുന്നു.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പ്രബോധനം

വി. കുര്‍ബാനയുടെ അപ്പസ്തോലനെന്ന് വിശേഷിപ്പിക്കാവുന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വൈദികര്‍ക്കെഴുതിയ കത്തില്‍ (കര്‍ത്താവിന്‍റെ തിരുവത്താഴം, 3) സ്നേഹത്തിന്‍റെ കൂദാശയായ വി. കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനെ വിവിധ രീതികളില്‍ ആരാധിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് (40 മണിക്കൂര്‍, 24 മണിക്കൂര്‍ തുടങ്ങിയവ). പരി. കുര്‍ബാനയോടുള്ള ആരാധന പിതാവായ ദൈവത്തെ പുത്രനായ യേശുവില്‍ കൂടി പരിശുദ്ധാത്മാവില്‍ ആരാധിക്കുന്നതാണ് എന്ന് മാര്‍പ്പാപ്പ പഠിപ്പിക്കുന്നു.

എന്തിനാണ് വി. കുര്‍ബാന പരസ്യവണക്കത്തിന് എഴുന്നള്ളിച്ച് വയ്ക്കുന്നത്?

സക്രാരിയിലുള്ള ഈശോയുടെ സാന്നിധ്യത്തെ അംഗീകരിക്കുന്ന ചോദ്യകര്‍ത്താവിന് എന്തിനാണ് പരി. കുര്‍ബാന പരസ്യമായി എഴുന്നള്ളിച്ച് വച്ച് പ്രാര്‍ത്ഥിക്കുന്നത് എന്നതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. സക്രാരിയിലുള്ളത് ഈശോയുടെ സജീവ സാന്നിധ്യം തന്നെയാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നതുപോലെ വി. കുര്‍ബാന പരസ്യമായി എഴുന്നള്ളിച്ച് വച്ച് ആരാധന നടത്തുമ്പോള്‍, വിശ്വാസിസമൂഹത്തോട്, ഈശോ ഇവിടെയുണ്ട് എന്ന സത്യം ഫലപ്രദായി പങ്കുവയ്ക്കാന്‍ സാധിക്കും.

സക്രാരിയില്‍ ഈശോയുടെ സാന്നിധ്യമുള്ളപ്പോള്‍ അരുളിക്കയില്‍ എഴുന്നള്ളിച്ച് വയ്ക്കുന്നതെന്തിന് എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. പരസ്യമായി പീഠത്തില്‍ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന ഈശോയുടെ സാന്നിധ്യത്തില്‍ ആയിരിക്കുന്നത് ഒരു സുഹൃത്തിനോട് മുഖത്തോടുമുഖം നോക്കി സംസാരിക്കുന്നതുപോലെയാണെന്ന് പറയാം. എന്നാല്‍ സക്രാരിയിലുള്ള ഈശോയുമായി സംസാരിക്കുന്നത് സുഹൃത്തുക്കളുടെ ഇടയില്‍ വലിയൊരു ഭിത്തി ഉള്ളതുപോലെയാണ്. സക്രാരിയില്‍ കാണുന്ന ഈശോയെക്കാള്‍ ഒരു വിശ്വാസിക്ക് വൈകാരികമായി ഒരു അടുപ്പവും സ്നേഹവും എഴുന്നള്ളിച്ചുവച്ചിരിക്കുന്ന തിരുവോസ്തിയില്‍ കാണുന്ന ഈശോയോട് തോന്നുമെന്നത് സ്വാഭാവികം മാത്രമാണ്. ഇക്കാരണത്താലാണ് അടുത്ത കാലത്തായി വളരെ വലിയ അരുളിക്കകളും തിരുവോസ്തിയും ചില കേന്ദ്രങ്ങളില്‍ കാണുന്നത്.

ദൈവാലയത്തില്‍ നിന്ന് വ്യത്യസ്തമായ ആരാധനാസ്ഥലം

ധാരാളം കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മ്മം ചെയ്യപ്പെടുന്ന ദൈവാലയത്തില്‍ സ്വസ്ഥമായി ശാന്തതയോടെ മണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്കും പ്രായോഗികമായി സാധിക്കില്ലായെന്ന സാഹചര്യമാണ് ദൈവാലയത്തില്‍ നിന്ന് വ്യത്യസ്തമായി ആരാധനാ കേന്ദ്രങ്ങള്‍ പണിയാന്‍ കാരണമായിട്ടുള്ളത്. നിത്യാരാധനാ ചാപ്പലില്‍ വരുന്നവര്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാത്രം വരുന്നവരാണ്. അവര്‍ക്കു പ്രാര്‍ത്ഥിക്കാനുള്ള അനുകൂലമായ സാഹചര്യം ഇടവക ദൈവാലയത്തില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ പ്രാര്‍ത്ഥനയുടെ സമയം ഫലപ്രദമായി ചെലവഴിക്കാന്‍ വിശ്വാസികള്‍ ആരാധനാ കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്തുന്നു.

ശീതീകരിച്ച മുറികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നത് മറ്റ് അസ്വസ്ഥകളില്‍ നിന്ന് മനസ്സ് മാറി പ്രാര്‍ത്ഥനാസമയം ഫലപ്രദമായി ചെലവഴിക്കാന്‍ ഉപകരിക്കും. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തി ആരാധനാ കേന്ദ്രങ്ങളുടെ ബാഹ്യ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും അടിസ്ഥാനത്തിലല്ല. ബാഹ്യമായ സാഹചര്യങ്ങള്‍ ശാന്തമാണെങ്കില്‍ നന്നായി പ്രാര്‍ത്ഥിക്കാന്‍ അവ സഹായമൊരുക്കുമെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാം. തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കാനായി ഒരുക്കുന്ന സംവിധാനങ്ങളെ ധൂര്‍ത്തിന്‍റെ പട്ടികയില്‍പ്പെടുത്തുന്നതും ഉചിതമല്ല.

സക്രാരിയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയെക്കാള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ അടുപ്പവും സ്നേഹവും അരുളിക്കയില്‍ അടുത്തു കാണുന്ന ഈശോയോടാണ് എന്ന വൈകാരികതലവും മറക്കാതിരിക്കാം.
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പമേല്‍ സൂചിപ്പിച്ച തന്‍റെ കത്തില്‍ ഇപ്രകാരം പറയുന്നു: "പരി. കുര്‍ബാനയോടുള്ള ആരാധന ലോകത്തിനും സഭക്കും വലിയ ആവശ്യമുണ്ട്. സ്നേഹത്തിന്‍റെ ഈ കൂദാശയില്‍ അവിടുന്ന് നമ്മെ കാത്തിരിക്കുന്നു. നമ്മുടെ നിത്യമായ ആരാധനകൊണ്ട്, ലോകത്തില്‍ ചെയ്തുകൂട്ടപ്പെടുന്ന തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും പരിഹാരമനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും ഉദാരതയോടെ ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിലേക്ക് കടന്നുവരാം".
വി. കുര്‍ബാന പരസ്യമായി എഴുന്നള്ളിച്ചുവച്ചിരിക്കുമ്പോള്‍ ഈശോയുടെ മുമ്പില്‍ തലപോലും കുനിക്കാതെ കയ്യില്‍ ഒരു കൂടു മെഴുകുതിരിയും പിടിച്ച് വിശുദ്ധരുടെ രൂപം ലക്ഷ്യമാക്കി പോകുന്ന വിശ്വാസിക്ക്, പരി. കുര്‍ബാനയിലുള്ള ഈശോയുടെ സജീവസാന്നിധ്യത്തെക്കുറിച്ച് ഇനിയും ബോധ്യം വരേണ്ടതുണ്ട്.

adoration chapels tabernacles Dr. Abraham Kavilpurayidathil teaching of John Paul II adoration of the holy Eucharist Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message