x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

സന്ന്യാസവും നോവിഷ്യേറ്റും

Authored by : Dr Jose Chiramel On 11-Jun-2021

നോവിഷ്യേറ്റിൻറെ കാലഘട്ടം

സന്ന്യാസ ജീവിതത്തിനുള്ള ഒരുക്കത്തിൻറെ വളരെ പ്രധാനപ്പെട്ടകാലമാണ് നോവിഷ്യേറ്റ്. നോവിഷ്യേറ്റിൻറെ സാധുതയ്ക്ക് ഇത് തുടർച്ചയായതും പൂർണ്ണവുമായ ഒരു വർഷം ഉൾക്കൊണ്ടിരിക്കണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, നോവിഷ്യേറ്റിൻറെ കാനോനികമായ സാധുതയ്ക്ക് പൂർണ്ണവും തുടർച്ചയുമായ ഒരു വർഷക്കാലം ഉണ്ടായിരിക്കണം (CCEO.c.523/1; CIC.c. 648). തുടർച്ചയായ 24 മണിക്കൂർ ഉൾക്കൊള്ളുന്ന സമയപരിധിയെയാണ് കാനൻ നിമയമനുസരിച്ച് ഒരു ദിവസമെന്ന് കണക്കാക്കുന്നത്. ദിവസം ആരംഭിക്കുന്നത് അർദ്ധരാത്രി മുതലാണ്. മാസവും വർഷവും കലണ്ടർ പ്രകാരം കണക്കാക്കപ്പെടണമെന്ന് പ്രസ്താവിക്കാത്തപക്ഷം ഒരാഴ്ച ഏഴ് ദിവസവും ഒരു മാസം 30 ദിവസവും ഒരു വർഷം 365 ദിവസവും ഉൾപ്പെടുന്നതാണ് (CCEO.c.1545/1; CIC.c.202/1).

നോവിഷ്യേറ്റ് കാലത്തെ അസ്സാന്നിദ്ധ്യം

ഒരു വർഷത്തെ നോവിഷ്യേറ്റിൽ നിന്ന് തുടർച്ചയായതോ ഇടവിട്ടുള്ളതോ ആയ മൂന്ന് മാസത്തിൽ (90 ദിവസം) കുറഞ്ഞ അസ്സാന്നിദ്ധ്യം നോവിഷ്യേറ്റിൻറെ സാധുതയെ ബാധിക്കുകയില്ല (CCEO.c.523/1; CIC.c.649/1). തുടർച്ചയായതോ, ഇടവിട്ടുള്ളതോ ആയ മൂന്ന് മാസത്തേക്കാൾ കൂടുതലായ അസ്സാന്നിദ്ധ്യം ഉണ്ടായാൽ അത് നോവിഷ്യേറ്റിൻറെ സാധുതയെ ബാധിക്കും. അങ്ങനെ  ഉണ്ടായാൽ നോവിഷ്യേറ്റ് നിയമാനുസൃതം വീണ്ടും നടത്തണമെന്നാണ് നിയമത്തിൽ നിഷ്ക്കർഷിക്കുന്നത്. നോവിഷ്യേറ്റ് കാലഘട്ടത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള മൂന്ന്മാസത്തെ കാലയളവിനുള്ളിൽ തുടർച്ചയായതോ ഇടവിട്ടുള്ളതോ ആയ അസ്സാന്നിദ്ധ്യം പതിനഞ്ച് ദിവസത്തിലധികമായാൽ അത് പരിഹരിക്കേണ്ടതാണ് (CCEO.c.523/1; CIC.c.649/1). അതനുസരിച്ച് നോവിഷ്യേറ്റ് നടത്തുന്ന വ്യക്തിയുടെ അസ്സാന്നിദ്ധ്യം നോവിഷ്യേറ്റ് കാലയളവിൽ 20 ദിവസം ആയാൽ നോവിഷ്യേറ്റ് കാലയളവായ 12 മാസത്തോട് അഞ്ചുദിവസം കൂടി കൂട്ടേണ്ടതായിവരും. എങ്കിലേ നിയമാനുസൃതം നോവിഷ്യേറ്റ് സാധുവാകൂ. അതിനുശേഷമേ വ്രതവാഗ്ദാനത്തിന് സന്യാസ സഭാധികാരികൾ അനുവാദം നൽകുവാൻ പാടുള്ളൂ. 

നോവിഷ്യേറ്റ് ഭവനം

നോവിഷ്യേറ്റ് നടത്തേണ്ടത് അതിനായി പ്രത്യേകം സ്ഥാപിക്കപ്പെട്ടിട്ടുള്ള ഭവനത്തിലായിരിക്കണം. ഇത് "നോവിഷ്യേറ്റ് ഭവനം" എന്നാണ് അറിയപ്പെടുന്നത്. നോവിഷ്യേറ്റ് ഭവനത്തെപ്പറ്റിയും സഭാനിയമത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സന്യാസ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാലഘട്ടമാണ് നോവിഷ്യേറ്റ്. ഈ പ്രാധാന്യം പരിഗണിച്ച് നോവിഷ്യറ്റ് ഭവനത്തിൻറെ സ്ഥാപനം, നിറുത്തലാക്കൽ, മറ്റൊരു സ്ഥലത്തേക്കുള്ള മാറ്റം എന്നിവ സന്ന്യാസസഭയുടെ സുപ്പീരിയർ ജനറലിൻറെ അധികാരത്തിൽപ്പെടുന്ന കാര്യങ്ങളാണ്. സുപ്പീരിയർ ജനറൽ തൻറെ കൗൺസിലൻറെ സമ്മതം ഇല്ലാതെ ഇക്കാര്യങ്ങൾക്കായി നൽകുന്ന ഡിക്രി അതിൽ തന്നെ അസാധുവാണ് (CCEO.c.521; CIC.c.647). നോവിഷ്യേറ്റ് സാധുവാകുന്നതിന് നോവിഷ്യേറ്റ് ആസ്ഥാനം എവിടെയാണോ ആ ഭവനത്തിലാണ് നടത്തേണ്ടത്. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിലും പ്രത്യേകമായ പരിഗണനയുടെ വെളിച്ചത്തിലും ആലോചനാ സമിതിയുടെ സമ്മതത്തോടു കൂടിയും സുപ്പീരിയർ ജനറലിൻറെ അനുവാദത്തോടെയും അതേ ഓർഡറിൻറെയോ കോൺഗ്രിഗേഷൻറെയോ മറ്റൊരു ഭവനത്തിൽ നോവീസ് മാസ്റ്ററുടെ പകര സ്ഥാനം വഹിക്കുന്ന അംഗത്തിൻറെ നിയന്ത്രണത്തിൽ നോവിഷ്യേറ്റ് നടത്താവുന്നതാണ് (CCEO.c522/1; CIC.c..647/2). അതുപോലെ നോവിഷ്യേറ്റ് നടത്തുന്നവരിൽ നിന്ന് ഒരു ഗ്രൂപ്പിനെ നിശ്ചിതകാലത്തേക്ക് മേജർ സുപ്പീരിയറിന് അതേ ഓർഡറിൻറെയോ, കോൺഗ്രിഗേഷൻറെയോ, താൻ നിർദ്ദേശിക്കുന്ന ഭവനത്തിൽ താമസിക്കാൻ അനുവദിക്കാവുന്നതാണ് (CCEO.c.522/2; CIC.c. 647/3). നിശ്ചിതകാലം എന്നത് എത്രയെന്ന് സന്യാസ സഭയുടെ ഉന്നതാധികാരികളാണ് തീരുമാനിക്കുന്നത്. ഏതായാലും നോവിഷ്യേറ്റ് പരിശീലനത്തിൻറെ മുഖ്യഭാഗവും നോവിഷ്യേറ്റ് ഭവനത്തിൽ തന്നെ ആയിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഏതായാലും നിശ്ചിതകാലയളവിൽ നോവിഷ്യേറ്റ് ഭവനത്തിന് പുറത്ത് താമസിക്കേണ്ടിവരുന്ന ദിവസങ്ങൾ നോവിഷ്യേറ്റിൽ നിന്നുള്ള ഒരാളുടെ അസ്സാന്നിദ്ധ്യമായി കണക്കാക്കപ്പെടുകയില്ല. 

നോവിഷ്യേറ്റിൽ നിന്നുള്ള അഭാവം

നോവിഷ്യേറ്റിൽ നിന്നുള്ള അഭാവം എന്ന് പറയുമ്പോൾ നാം മനസ്സിലാക്കുന്നത് നോവിഷ്യേറ്റിനായി സ്ഥാപിക്കപ്പെട്ട ഭവനത്തിൽ നിന്നുള്ള അസ്സാന്നിദ്ധ്യമാണ്. നോവിഷ്യേറ്റ് കാലഘട്ടത്തിൽ ഉണ്ടാകുന്ന അസ്സാന്നിദ്ധ്യത്തിന് തക്കതായ കാരണങ്ങൾ ഉണ്ടോ ഇല്ലയോ എന്നതിന് യാതൊരു പ്രസക്തിയുമില്ല. ഉദാഹരണമായി, നോവിഷ്യേറ്റ് നടത്തുന്നയാൾ രോഗം മൂലം ദീർഘനാളത്തേയ്ക്ക് ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന് വരാം. പക്ഷേ, ഈ അസ്സാന്നിദ്ധ്യം നോവിഷ്യേറ്റിൽ നിയമാനുസൃതം അനുവദിക്കപ്പെട്ട 30 ദിവസത്തിനുള്ളിലായിരിക്കണം. അല്ലെങ്കിൽ നോവിഷ്യേറ്റ് നിയമാനുസൃതം വീണ്ടും നടത്തേണ്ടിവരും. 

നോവിഷ്യേറ്റ് ഭവനത്തിൽ നിന്നുള്ള മാറിത്താമസം

നോവിഷ്യേറ്റ് നടത്തുന്നവരിൽ നിന്ന് ഏതാനും പേരെ മേജർ സുപ്പീരിയറിന് ഒരു നിശ്ചിതകാലത്തേയ്ക്ക് അതേ ഓർഡറിൻറെയോ കോൺഗ്രിഗേഷൻറെയോ ഭവനത്തിൽ താമസിക്കുവാൻ അനുവദിക്കാവുന്നതാണെന്ന് നാം കാണുകയുണ്ടായി. സന്യാസഭവനം സഭയുടെ നിയമാവലിയനുസരിച്ച് മിഷൻ സുപ്പീരിയറും, പ്രോവിൻഷ്യാളിനെപ്പോലെ മേജർ സുപ്പീരിയറിനടുത്ത അധികാരാവകാശങ്ങളോടുകൂടിയ ആളാണെന്ന് ചോദ്യ കർത്താവു തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. തന്മൂലം പ്രോവിൻഷ്യാളിനും മിഷൻ സുപ്പീരിയറിനും നോവിഷ്യേറ്റ് നടത്തിക്കൊണ്ടിരിക്കുന്നവരിൽ നിന്ന് ഒരാളെയോ, ഏതാനും പേരെയോ അതേ ഓർഡറിൻറെയോ കോൺഗ്രിഗേഷൻറെയോ നിശ്ചയിക്കപ്പെട്ട ഭവനത്തിൽ ഒരു നിശ്ചിതകാലത്തേയ്ക്ക് താമസിക്കുവാൻ അനുവദിക്കാവുന്നതാണ്. ഈ അനുവാദം മേജർ സുപ്പീരിയർ രേഖാമൂലമാണ് നല്കേണ്ടത്. അതുപോലെ തന്നെ നിശ്ചിതകാലം കൊണ്ട് ഉദ്ദേശിക്കുന്ന സമയം എത്രയാണെന്നും അനുവാദത്തിൽ മേജർ സുപ്പീരിയർ വ്യക്തമാക്കിയിരിക്കണം. ഇത് ഒരിക്കലും അനിശ്ചിതമായ ഒരു കാലഘട്ടത്തിലേയ്ക്ക്നീളാൻ പാടില്ല. ഒന്നോ, ഏറിയാൽ രണ്ടോ മാസത്തേക്കായിരിക്കും സാധാരണഗതിയിൽ അനുവദിക്കുക. സന്ന്യാസസഭയുടെ 'സിദ്ധിക്കു' (Charism) അനുസരണമായി ഏതെങ്കിലും പ്രത്യേക ശുശ്രൂഷയിൽ പരിശീലനത്തിന് വേണ്ടിയാകാം ഇപ്രകാരം അനുവദിക്കുന്നത്. 

സന്യാസഭവനം

സന്യാസ ഭവനം എന്ന പദത്തിന് ക്ലിപ്തമായ ഒരു അർത്ഥവും അതോടൊപ്പം വിശാലമായ ഒരു അർത്ഥവുമുണ്ട്. ക്ലിപ്തമായ അർത്ഥത്തിൽ തക്ക സഭാധികാരിയാൽ നിയമാനുസൃതം സ്ഥാപിക്കപ്പെടുന്ന ഭവനമാണ് സന്യാസ ഭവനം. ദൈവത്തിന് നിരന്തരം ആരാധനയർപ്പിക്കുകയും ദൈവജനത്തെ സ്നേഹത്തിൻറെ അരൂപിയിൽ ശുശ്രൂഷിക്കുകയുമാണല്ലോ സന്യാസത്തിൻറെ അന്തസ്സത്ത. അതുവഴി സന്യാസ ജീവിതം ക്രിസ്തുവിൻറെ സ്നേഹത്തിൻറെ സാക്ഷ്യമായിതീരുന്നു (LG44). ഏതെങ്കിലും സന്ന്യാസസഭയുടെ (Order of Congrgation) ഒരു ഭവനം ഒരു രൂപതാതിർത്തിക്കുള്ളിൽ സ്ഥാപിക്കുന്നതിന് രൂപതാമെത്രാൻറെ രേഖാമൂലമുള്ള അനുവാദം ആവശ്യമാണ് (CCEO.c.509/1;CIC.c.609/1). സന്യാസഭവനം ആരംഭിക്കാൻ മെത്രാൻ നല്കുന്ന അനുവാദത്തിൽ സന്ന്യാസസഭയുടെ അരൂപിക്ക് ചേർന്നവിധം പുണ്യപ്രവൃത്തികൾ അനുഷ്ഠിക്കുന്നതിനും ജീവകാരുണ്യപ്രവൃത്തികൾ നടത്തുന്നതിനും, സന്ന്യാസഭവനത്തോടനുബന്ധിച്ച് ദൈവാരാധനയ്ക്കായി ഒരു ചാപ്പൽ തുടങ്ങുന്നതിനുമുള്ള അവകാശങ്ങൾ ഉൾപ്പെട്ടിരിക്കും (CCEO.c.437/1; CIC.c.611). സന്ന്യാസസഭയുടെ ഇത്തരത്തിലുള്ള ഏതൊരു ഭവനവും നോവിഷ്യേറ്റ് നടത്തുന്ന വ്യക്തിക്കോ, വ്യക്തികൾക്കോ നിശ്ചിതകാലത്തേയ്ക്ക് മാറി താമസിക്കാനുള്ള ഭവനമായി മേജർ സുപ്പീരിയറിന് നിശ്ചയിക്കാവുന്നതാണ്.വിശാലമായ അർത്ഥത്തിൽ സന്യാസ ഭവനം കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും സന്യാസഭവനം സഭയിലെ അംഗങ്ങൾ കൂട്ടമായി താമസിക്കുന്ന ഒരു ഭവനം എന്നാണ്. ഇത്തരം ഭവനങ്ങൾ നിയമപരമായ ഔപചാരികതകൾ പാലിക്കാതെ തുടങ്ങിയതാകാം. വിദേശത്തും മറ്റും ജോലിചെയ്യുന്ന സന്യാസിനികൾ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളോടടുത്തുള്ള ഏതെങ്കിലും പ്രത്യേക ഭവനങ്ങളിലോ സ്ഥാപനങ്ങളിലോ ആയിരിക്കും സഭാധികാരികളുടെ അനുവാദത്തോടെ താമസിക്കുക. 

നോവിഷ്യേറ്റ് നിയമങ്ങൾ പാലിക്കപ്പെടാതെ വന്നാൽ

നോവീസ് മാസ്റ്ററുടെ അശ്രദ്ധയോ, അറിവില്ലായ്മയോ മൂലം നോവിഷ്യേറ്റിനെ സംബന്ധിച്ച നിയമങ്ങൾ പാലിക്കപ്പെടാതെ വന്നാൽ എന്തു ചെയ്യാനാകും. അറിയുവാൻ കടപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അജ്ഞത. നിയമങ്ങൾ പാലിക്കുവാൻ കടപ്പെട്ടിട്ടുള്ള എല്ലാവരും നിയമങ്ങളെക്കുറിച്ച് അറിയുവാനും കടപ്പെട്ടവരാണ്. Ignoratia iuris non excusat എന്നാണല്ലോ നിയമസൂക്തം. സഭയിലെ നിയമങ്ങൾ ഓരോ സഭാംഗവും അറിയുവാൻ കടപ്പെട്ടവരാണ്. അവ സഭാംഗങ്ങളുടെ പൊതു നന്മയെ ലക്ഷ്യം വച്ചുള്ളതാണ്. തന്മൂലം നിയമത്തിൻറെ സാധുത ഓരോ വ്യക്തിയുടേയും തീരുമാനത്തിന് വിടുന്നത് ശരിയല്ല. അതിനാൽ അസാധുവാക്കുന്നതോ, അയോഗ്യനാക്കുന്നതോ ആയ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയോ, അബദ്ധ ധാരണയോ ഒരു പ്രവൃത്തി അസാധുവാകുന്നതിനെയോ ഒരാൾ അയോഗ്യനായിത്തീരുന്നതിനെയോ തടയുന്നില്ല (CCEO.c1497/1; CIC.c.15/1). ഉദാഹരണമായി, അടുത്ത രക്തബന്ധമുള്ളവർ തമ്മിൽ നടത്തുന്ന വിവാഹം അസാധുവാണ് എന്ന സഭാനിയമത്തെക്കുറിച്ച് അജ്ഞരാണെങ്കിലും, അപ്രകാരം രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം അസാധുവായിരിക്കും. പന്ത്രണ്ടുമാസത്തെ നോവിഷ്യേറ്റ് നിയമാനുസൃതം പൂർത്തിയാക്കാത്ത ഒരാളെ എന്ത് സദുദ്ദേശ്യത്തോടെ ആയാലും, നോവീസ് മാസ്റ്ററോ മേജർ സുപ്പീരിയറോ വ്രതവാഗ്ദാനത്തിന് അനുവദിക്കുന്നതു വഴി അയാൾ നടത്തുന്ന വ്രതവാഗ്ദാനം അസാധുവായി തീരും. കാരണം അയാളുടെ നോവിഷ്യേറ്റ് അസാധുവായിരുന്നു.  

പരി. സിംഹാസനത്തിൽ നിന്നുള്ള ഡിക്രിനിയമപരമായി നോവിഷ്യേറ്റ് പൂർത്തിയാക്കാതെ അസാധുവായി വ്രതവാഗ്ദാനം നടത്തിയ ഒരാൾക്ക് പരി. സിംഹാസനത്തിൽ നിന്ന് "വേരിൽ തന്നെ സുഖപ്പെടുത്തിക്കൊണ്ടുള്ള" (Sanatio in radice) ഡിക്രി വാങ്ങി ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. അർപ്പിതാധികാരം ഭരമേല്പ്പിക്കുന്നതിൽ വരുന്ന പോരായ്മമൂലം വിവാഹം ആശിർവ്വദിക്കുന്ന വൈദികന് അർപ്പിതാധികാരം ഇല്ലാതെ വരുന്ന സാഹചര്യത്തിൽ വിവാഹാശീർവ്വാദത്തിൻറെ ആരംഭനിമിഷം മുതൽ വൈദികൻറെ അധികാരക്കുറവ് തിരുസ്സഭ നികത്തിക്കൊണ്ട് വിവാഹത്തെ സാധുവാക്കി തീർക്കുന്ന പ്രക്രിയ (Sanatio in radice) പോലെ തന്നെയാണിതും. അസാധുവായി വ്രതവാഗ്ദാനം ചെയ്തയാളുടെ ശ്രദ്ധയിലോ അറിവിലോ പെടുത്താതെ തന്നെ മേല്പ്പറഞ്ഞ പ്രക്രിയയിലൂടെ അയാളുടെ അസാധുവായ നോവിഷ്യേറ്റും തുടർന്ന് നടത്തിയ വ്രതവാഗ്ദാനവും ഇപ്രകാരം സാധുവാക്കാവുന്നതാണ്. വ്രതവാഗ്ദാനം നടത്തിയയാൾ സന്തുഷ്ടനാണെന്നും സന്യാസ ജീവിതത്തിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും എപ്രകാരമാണ് ഇയാളുടെ നോവിഷ്യേറ്റും തുടർന്ന് നടത്തിയ വ്രതവാഗ്ദാനവും അസാധുവായതെന്നും സന്യസ്തർക്കും സെക്കുലർ ഇൻസ്റ്റിട്യൂട്ടുകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തെ (Congrgation for Religious and secular Institute) ബന്ധപ്പെട്ടവർ രേഖാമൂലം അറിയിക്കണം. ഓരോ രാജ്യത്തുമുള്ള വത്തിക്കാൻ പ്രതിനിധി (Nuncio or Apostolic delegate) വഴി എളുപ്പത്തിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ വത്തിക്കാൻ കാര്യാലയത്തിലേക്ക് എത്തിക്കാവുന്നതാണ്.     

 

കാരുണികൻ മാഗസിന്റെ 2012 ജൂലൈ ലക്കത്തിൽനിന്നും 

monasticm noviciate Ignoratia iuris non excusat Congrgation Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message