We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 26-Sep-2020
വിവാഹിതനായ ഡീക്കന്‍!
ഇക്കഴിഞ്ഞ മാസാന്ത്യത്തില്‍ ഒരു ഡീക്കന്‍ അദ്ദേഹത്തിന്‍റെ ഭാര്യയുടെയും മക്കളുടെയും കൂടെ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. വിവാഹിതര്‍ക്ക് പട്ടം നല്‍കാനുള്ള സഭയുടെ നടപടിയുടെ തുടക്കമാണിത് എന്ന വ്യാഖ്യാനവും ഇതിനു നല്‍കിയിട്ടുണ്ട്. ഇത് ശരിയായ വാര്‍ത്തയാണോ?
വിവാഹിതരെ അച്ചന്മാരാക്കാനുള്ള നടപടി തുടങ്ങിയോ?
2016- ല്‍ കോതമംഗലം രൂപതാംഗമായ ജോയ്സ് ജയിംസ് പള്ളിക്കമ്യാലില്‍ ഡീക്കനായി അഭിഷിക്തനായതിന്‍റെ ചിത്രമാണ് അടുത്ത നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയായിരിക്കുന്നത്. സ്ഥിരം ഡീക്കന്‍ (Permanent Deacon) എന്ന ഒരു പദവി നമുക്ക് അത്ര പരിചയമില്ലാത്തതിനാലാണ് വിവാഹിതനും കുട്ടികളുമുള്ള ഡീക്കന്‍ ജോയ്സ് വൈദികപട്ടത്തിനരികിലെത്തി എന്ന വാര്‍ത്ത വിശ്വാസയോഗ്യമായത്. നമുക്ക് പരിചയമുള്ളത് തിരുപ്പട്ട സ്വീകരണത്തിനുമുമ്പ് വൈദികാര്‍ത്ഥി കുറച്ചു മാസക്കാലം ഡീക്കനായി (Transitional Deacon) ശുശ്രൂഷചെയ്യുന്നതും തുടര്‍ന്ന് യഥാസമയം പുരോഹിതനായി അഭിഷിക്തനാക്കപ്പെടുന്നതുമായ സാഹചര്യമാണ്. സ്ഥിരം ഡീക്കന്‍ എന്ന പദവിയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പുരോഹിതപട്ടം കൊടുക്കുന്നതിന്‍റെ മുന്നോടിയായി വിവാഹിതരായവര്‍ക്ക് ഡീക്കന്‍ പട്ടം നല്‍കിയിരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നിലുള്ളത്. വിവാഹിതനായ പെര്‍മനന്‍റ് ഡീക്കന്‍ ഒരിക്കലും പുരോഹിതനായി അഭിഷിക്തനാക്കപ്പെടുകയില്ല എന്നത് ആദ്യമേ സൂചിപ്പിക്കുന്നു. വിവാഹിതരായി കുടുംബജീവിതം നയിക്കുന്നവര്‍ക്ക് വൈദികപട്ടം നല്‍കാന്‍ സഭ ഇതുവരെ ആലോചിച്ചിട്ടില്ലായെന്നതും വ്യക്തമാക്കുന്നു. അപ്പോള്‍ വ്യക്തത വരുത്തേണ്ടത് പെര്‍മനന്‍റ് ഡീക്കന്‍ എന്ന സ്ഥാനത്തെക്കുറിച്ചാണ്.
സഭയില്‍ രണ്ട് വിഭാഗത്തില്‍പെടുന്ന ഡീക്കന്മാരുണ്ട് എന്ന് ഇതിനോടകം നമുക്ക് മനസ്സിലായിക്കഴിഞ്ഞു. പെര്‍മനന്‍റ് ഡീക്കന്‍ എന്നത് വിവാഹിതരോ അവിവാഹിതരോ ആയ വ്യക്തികള്‍ സഭാനിയമങ്ങള്‍ക്കനുസരിച്ച് ഡീക്കന്‍ ആയി അഭിഷിക്തനാക്കപ്പെടുകയും ജീവിതകാലം മുഴുവന്‍ ഡീക്കനായി കുടുംബജീവിതം നയിക്കുകയും സഭയിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിച്ച് ജീവിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണ്. എന്നാല്‍ പുരോഹിതനാകുന്നതിനു മുമ്പ് ഏതാനും മാസങ്ങള്‍ ഡീക്കനായി ശുശ്രൂഷ ചെയ്യുന്നവര്‍ അവരുടെ തീരുമാനത്തിനനുസരിച്ചും അധികാരികളുടെ തീരുമാനത്തിനനുസരിച്ചും യഥാസമയം വൈദികപട്ടം സ്വീകരിക്കുന്നവരാണ്. തിരുപ്പട്ടം എന്ന കൂദാശയുടെ മൂന്ന് പദവികളാണ് ഡീക്കന്‍, പുരോഹിതന്‍, മെത്രാന്‍ എന്നത് ഈയവസരത്തില്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
സഭയില്‍ ആദ്യകാലംമുതല്‍ തന്നെ ഡീക്കന്മാരുടെ സേവനം നിലവിലുണ്ടായിരുന്നു എന്ന് നമുക്കറിയാം. അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍, പ്രതിദിനമുള്ള സഹായ വിതരണത്തില്‍ ഗ്രീക്കുകാരായ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന പ്രായോഗിക പ്രശ്നം ചര്‍ച്ച ചെയ്ത് അതിന്‍റെ പരിഹാരമെന്നോണമാണ് ഭക്ഷണമേശയിലുള്ള സേവനമുള്‍പ്പെടെയുള്ള ഉപവിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഏഴ് ഡീക്കന്മാരെ തിര ഞ്ഞെടുക്കുന്നതായി വായിക്കുന്നത്. അപ്പസ്തോലന്മാരുടെ കൈവയ്പ്പുവഴിയാണ് അവരെ ഡീക്കന്മാരാക്കിയത് (അപ്പ 6:1-7). ആദിമസഭയിലെ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധാലുവായിരുന്ന വി. പൗലോസ്, മെത്രാനായിരുന്ന തിമോത്തിയോസിന് എഴുതുന്ന ലേഖനത്തില്‍, സഭയിലെ ഡീക്കന്മാരെക്കുറിച്ചുള്ള നിബന്ധനകളും അവര്‍ അവശ്യം പാലിക്കേണ്ട ജീവിതമര്യാദ്യകളും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് (1 തിമോ 3: 8-13). ആദിമസഭയില്‍ ആരംഭിച്ച ഡീക്കന്മാരുടെ ശുശ്രൂഷ പിന്നീട് സഭയില്‍ കുറെ നൂറ്റാണ്ടുകളില്‍ കാണപ്പെടുന്നില്ല. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലാണ് പെര്‍മനന്‍റ് ഡീക്കന്‍ പദവിയെ നിയതമായി വ്യാഖാനിക്കുന്നതും ഈ പദവി പുനരുദ്ധരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതും. തിരുസ്സഭയെക്കുറിച്ചുള്ള വത്തിക്കാന്‍ പ്രമാണരേഖയുടെ 29-ാം നമ്പറില്‍ ഡീക്കന്മാര്‍ക്ക് ലഭിക്കുന്നത് "പൗരോഹിത്യത്തിലേയ്ക്കല്ല, ശുശ്രൂഷയിലേയ്ക്കാണ് കൈവയ്പു ലഭിക്കുന്നത്" എന്ന് വ്യക്തമാക്കിയതിനുശേഷം ഡീക്കന്‍ സ്ഥാനത്തിന്‍റെ ഉത്തരവാദിത്തവും കടമകളും എടുത്തു പറയുന്നുണ്ട് (LG. 29, CCC. 159-1570).
പെര്‍മനന്‍റ് ഡീക്കന്മാരാകാനുള്ളവരുടെ പരിശീലനത്തെക്കുറിച്ചും അവര്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ചും സഭാനിയമം അനുശാസിക്കുന്നുണ്ട്. ലത്തീന്‍ സഭയില്‍ മെത്രാന്‍ സമിതികളും പൗരസ്ത്യ സഭയില്‍ മെത്രാന്മാരുടെ സിനഡുമാണ് ഈ വിഷയത്തില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതെന്ന് പൊതുനിയമം പറയുന്നു. കുറഞ്ഞത് മൂന്നു വര്‍ഷത്തെ തത്വശാസ്ത്ര, ദൈവശാസ്ത്ര പരിശീലനം പൊതുനിയമം ആവശ്യപ്പെടുന്നുണ്ട് (CCEO c. 354, CIC c. 236). പെര്‍മനന്‍റ് ഡീക്കനായി അഭിഷിക്തനാക്കപ്പെടാനുള്ള പ്രായം 30 എന്ന് സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം പറയുമ്പോള്‍ (Particular law, Art 69,3) ലത്തീന്‍ സഭാനിയമം 35 വയസ്സാണ് നിജപ്പെടുത്തിയിരിക്കുന്നത്. അര്‍ത്ഥി അവിവാഹിതനാണെങ്കില്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ ഡീക്കന്‍പട്ടം സ്വീകരിക്കാവുന്നതാണ് (CIC c.1031:2). വിവാഹിതനായ വ്യക്തിയാണെങ്കില്‍ ഡീക്കന്‍ പട്ടം സ്വീകരിക്കുന്നതിന് ഭാര്യയുടെ രേഖാമൂലമായ സമ്മതം ആവശ്യമാണെന്നും നിയമം പറയുന്നു. അവിവാഹിതരായ സ്ഥിരം ഡീക്കന്മാരും ഭാര്യ മരണമടയുന്ന സാഹചര്യത്തില്‍ വിവാഹിതരായ സ്ഥിരം ഡീക്കന്മാരും ബ്രഹ്മചര്യനിയമം പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്നതും പ്രസക്തമാണ്.
പെര്‍മനന്‍റ് ഡീക്കന്മാരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച്കൂടി പറഞ്ഞ് വിഷയം അവസാനിപ്പിക്കാം. ആരാധനാക്രമ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാത്രം ഇവര്‍ വൈദികവസ്ത്രം ധരിച്ചാല്‍ മതിയാകുന്നതാണ്. മറ്റവസരങ്ങളില്‍ സാധാരണ വേഷം ഇവര്‍ക്ക് ധരിക്കാം. പൊതുനിയമം വൈദികര്‍ക്ക് നിശ്ചയിച്ചു നല്‍കിയിരിക്കുന്ന കടമകളും ഉത്തരവാദിത്തങ്ങളും പെര്‍മനന്‍റ് ഡീക്കന്മാരുടെതുമാണ് ( CCEO c. 367-393, CIC c. 273-289). കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മ്മം ചെയ്യുന്നതില്‍ പൗരസ്ത്യ സഭകളിലെ ഡീക്കന്മാര്‍ക്കും ലത്തീന്‍ സഭയിലെ ഡീക്കന്മാര്‍ക്കും വ്യത്യസ്ത നിയമങ്ങളാണ് നിലവിലുള്ളത്.
ലത്തീന്‍സഭാ നിയമപ്രകാരം (c. 861) ഡീക്കന്‍ മാമ്മോദീസയുടെ സാധാരണഗതിയിലുള്ള കാര്‍മ്മികനാണ്. എന്നാല്‍ പൗരസ്ത്യ നിയമത്തില്‍ ഡീക്കന്‍ സാധാരണ ഗതിയിലുള്ള കാര്‍മ്മികനല്ല, അത്യാവശ്യഘട്ടത്തില്‍ മാത്രമാണ്, മറ്റേത് വ്യക്തിയെയുംപോലെ, ഡീക്കന്‍ മാമ്മോദീസ നല്‍കുന്നത് (c. 677). ലത്തീന്‍ സഭാനിയമത്തില്‍ ഡീക്കന് വിവാഹമെന്ന കൂദാശ പരികര്‍മ്മം ചെയ്യാവുന്നതാണ് (c. 1108) എന്നാല്‍ ഒരു വൈദികന്‍റെ ആശീര്‍വാദം വിവാഹമെന്ന കൂദാശയുടെ സാധുവായ പരികര്‍മ്മത്തിന്‍റെ ഭാഗമായതിനാല്‍ (CCEO c. 828:2) ഒരു ഡീക്കന് പൗരസ്ത്യ സഭയില്‍ വിവാഹത്തിന് കാര്‍മ്മികത്വം സാധാരണഗതിയില്‍ വഹിക്കാനാവില്ല. കാതലായ ഈ രണ്ട് വ്യത്യാസങ്ങള്‍ ഒഴിവാക്കിയാല്‍, വി. കുര്‍ബാനയ്ക്കിടയില്‍ സുവിശേഷ പ്രസംഗം നടത്തുന്നതിനും ആരാധനാക്രമ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി കൂദാശാനുകരണങ്ങള്‍ (Sacramentals) നടത്തുന്നതിനും വി. കുര്‍ബാന എഴുന്നള്ളിച്ചുവയ്ക്കുന്നതിനും മറ്റു ഡീക്കന്മാര്‍ക്ക് അനുവാദമുണ്ട്.
പൗരസ്ത്യ സഭയില്‍ ഡീക്കന്മാര്‍ക്ക് കുരിശടയാളത്തില്‍ ആശീര്‍വദിക്കാന്‍ അനുവാദമില്ലെന്നതും (PL Art 80,3) ശ്രദ്ധേയമാണ്. അതുപോലെതന്നെ സഭയുടെ നിയമമനുസരിച്ച് ഡീക്കന്മാര്‍ക്ക് ഒത്തുകല്യാണ ചടങ്ങ് നടത്തുന്നതിനും ആശീര്‍വാദങ്ങള്‍ ഒഴിവാക്കി മൃതസംസ്ക്കാര ശുശ്രൂഷകള്‍ നടത്തുന്നതിനും സാധിക്കുന്നതാണ്. തിരുപ്പട്ടത്തിനടുത്ത ദൈവിക ശുശ്രൂഷയും ഒരു കുടുംബനാഥന്‍ നയിക്കുന്ന ഭൗതിക ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞ സാധാരണ ജീവിതവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന വലിയ ശുശ്രൂഷയാണ് വിവാഹിതനായ പെര്‍മനന്‍റ് ഡീക്കന്‍റേത്. വൈദികരെപ്പോലെതന്നെ സ്ഥിരം ഡീക്കന്മാരും ഒരു രൂപതയിലെ അംഗമായി, രൂപതാമെത്രാന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
Dr. Abraham Kavilpurayidathil Deacon married deacon Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206