x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

വിവാഹം: സഭയും രാഷ്ട്രവും ഒരുമിച്ച്

Authored by : Dr. Abraham Kavilpurayidathil On 24-Sep-2020

ക്രൈസ്തവാചാര പ്രകാരം ആശീര്‍വദിക്കപ്പെടുന്ന വിവാഹമെന്ന കൂദാശ സിവില്‍ നിയമത്താലും രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം പലരിലും ആശങ്കകളും സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. പള്ളിയില്‍ വച്ചു നടത്തുന്ന വിവാഹങ്ങള്‍ക്ക് സാധുതയില്ലേയെന്ന സംശയത്തെ ദുരീകരിക്കുകയാണ് സഭാനിയമപണ്ഡിതനായ ലേഖകന്‍. സഭയും രാഷ്ട്രവും ഒരുമിച്ച് വിവാഹത്തിന്‍റെ ഗൗരവം ഉള്‍ക്കൊള്ളുന്നതാണ് ഇവിടെ പ്രതിഫലിക്കുന്നത്.

വിവാഹ ഉടമ്പടി സൃഷ്ടികര്‍ത്താവിനാല്‍ സ്ഥാപിതവും അവിടുത്തെ നിയമങ്ങളാല്‍ നിയന്ത്രിതവുമാണ്. ഇതുവഴി പുരുഷനും സ്ത്രീയും തമ്മില്‍ പിന്‍വലിക്കാന്‍ പാടില്ലാത്ത, വ്യ  ക്തിഗതമായ, സമ്മതത്താല്‍ പരസ്പരമുള്ള സമ്പൂര്‍ണ്ണ കൂട്ടായ്മ സംസ്ഥാപിതമാവുകയും ചെയ്യുന്നു. ഇത് അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ ദമ്പതികളുടെ നന്മയ്ക്കും സന്താനോല്‍പ്പാദനത്തിനും മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്തിരിക്കുന്നു" (CCEO c. 776:1, CIC c. 1055:1). വിവാഹത്തെക്കുറിച്ച് കാനന്‍നിയമം പറയുന്ന ഇക്കാര്യം വിവാഹമെന്ന കൂദാശയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടിന്‍റെ മനോഹരമായ അവതരണമാണ്. "മിശിഹായുടെ നിയമവും തിരുസ്സഭയുടെ നടപടിയുമനുസരിച്ച്" വിവാഹിതരാകുന്ന ദമ്പതികളുടെ വിളിയും ദൗത്യവും ഇവിടെ കൃത്യമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. ആയുഷ്ക്കാലം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട വിവാഹത്തിന്‍റെ അവിഭാജ്യതയും ഏകത്വവും സഭ അസന്നിഗ്ധമായി പഠിപ്പിക്കുന്നു (CCEO c. 776 §3, CIC c. 1056). "ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്തരുത്" (മര്‍ക്കോ 10:9) എന്ന മിശിഹായുടെ നിയമത്തിന്‍റെ അടിത്തറയില്‍ രൂപീകൃതമാകുന്ന വിവാഹബന്ധം ആര്‍ക്കും വേര്‍പ്പെടുത്താന്‍ അവകാശമില്ലെന്നും സംശയത്തിനിടയില്ലാത്തവിധം സഭ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് നിയമാനുസൃതം നടന്ന ഒരു വിവാഹത്തിന്‍റെ സാധുതയെ മറിച്ച് തെളിയിക്കപ്പെടുന്നതുവരെ സഭാനിയമം ഉയര്‍ത്തിപ്പിടിക്കുന്നത് (CCEO c. 779, CIC c. 1060).

വിവാഹാഘോഷം-സഭയും രാഷ്ട്രവും ഒരുമിച്ച്

മിശിഹായുടെ നിയമവും തിരുസ്സഭയുടെ നടപടികളും വിവാഹത്തെ സംബന്ധിക്കുന്ന സിവില്‍ നിയമങ്ങളും അനുസരിച്ച് നടക്കുന്ന ഒരു വിവാഹത്തിന് കൗദാശികവും സിവില്‍ നിയമപരവുമായ രണ്ടു തലങ്ങളുണ്ട്. പള്ളിയില്‍ വച്ച് സഭാനിയമപ്രകാരം നടക്കുന്ന ഒരു വിവാഹം സിവില്‍ നിയമത്തിന്‍റെ മാനദണ്ഡങ്ങള്‍ ഉള്‍ച്ചേര്‍ത്ത് നടത്തുന്നതിനാല്‍ സിവില്‍ നിയമപ്രകാരവും പ്രസ്തുത വിവാഹം സാധുവും പൂര്‍ണ്ണവുമാണ്. അതുകൊണ്ടാണ് പള്ളിയില്‍ നിന്ന് വിവാഹശേഷം കൊടുക്കുന്ന വിവാഹസര്‍ട്ടിഫിക്കറ്റും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും സ്വീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രേഖപ്പെടുത്തുകയും സിവില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് സഭാനിയമപരവും സിവില്‍നിയമപരവുമായ എല്ലാകാര്യങ്ങളും വിവാഹമെന്ന കൂദാശയുടെ പരികര്‍മ്മത്തിനൊരുക്കമായും പരികര്‍മ്മവേളയിലും കൃത്യമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നത്.

വിവാഹമോചനം - സഭയും രാഷ്ട്രവും രണ്ടുവഴിക്ക്

വിവാഹിതരാകുമ്പോള്‍ വിവാഹത്തിന് വിലയും ഗുണവും സാധുതയും അംഗീകാരവും നല്‍കുന്ന കാനന്‍ നിയമവും സിവില്‍ നിയമവും വിവാഹമോചനത്തിന്‍റെ കാര്യത്തില്‍ ദമ്പതികളെ സമീപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയാണ്. ഇവിടെ രണ്ടു നിയമങ്ങളും രണ്ടുവഴി സ്വീകരിക്കുന്നത് വിവാഹത്തെക്കുറിച്ചുള്ള സഭയുടെയും രാഷ്ട്രത്തിന്‍റെയും കാഴ്ചപ്പാടുകളിലെ വ്യത്യാസം മൂലമാണ്. വിവാഹത്തെ രൂപപ്പെടുത്തുന്ന ദൈവികനിയമം സഭ വിട്ടുവീഴ്ചയില്ലാതെ അനുസരിക്കുന്നതിനാല്‍ സിവില്‍ നിയമവുമായി വിവാഹമോചനകാര്യത്തില്‍ വിയോജിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. സഭയെ സംബന്ധിച്ച് ദൈവം യോജിപ്പിച്ച ദമ്പതികളെ മറ്റാര്‍ക്കും വേര്‍പ്പെടുത്താനാവില്ല. വിവാഹത്തെ ഒരു സാമൂഹ്യ ഉടമ്പടിയായി കാണുന്ന രാഷ്ട്രത്തിന്, പരാജയപ്പെട്ട ഒരു വിവാഹം (failed marriage), പരസ്പരം ചേര്‍ന്നു പോകാത്ത സാഹചര്യത്തില്‍, പിരിച്ചുവിടുന്നതില്‍ ദൈവികനിയമം നോക്കേണ്ടതില്ല, മറിച്ച് വിവാഹത്തെ സംബന്ധിക്കുന്ന സിവില്‍ നിയമം അനുവര്‍ത്തിച്ചാല്‍ മതിയാകും. അതുകൊണ്ട് വിവാഹമോചനകാര്യത്തില്‍ സഭയും രാഷ്ട്രവും രണ്ട് നിലപാടുകളും അതിനാല്‍ ത്തന്നെ വ്യത്യസ്ത നടപടികളുമാണ് സ്വീകരിക്കുന്നത്.

എന്താണ് വിവാഹ മോചനം?

ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിയുമായി ഒരുമിച്ച് ജീവിക്കാമെന്നും വിവാഹത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുഭവിച്ചും കടമകള്‍ നിര്‍വ്വഹിച്ചും എന്നും ഒരുമിച്ച് തുടരാമെന്നും സമ്മതിച്ച് ആരംഭിക്കുന്ന വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ കടന്നുവരാനുള്ള സാധ്യത സാധാരണമാണ്. അകന്ന മനസ്സുകളുടെ ബാഹ്യപ്രതികരണങ്ങള്‍ വിവാഹത്തിന്‍റെ ലക്ഷ്യങ്ങള്‍ക്കും സ്വഭാവത്തിനുതന്നെയും എതിരുനില്‍ക്കുന്ന സാഹചര്യങ്ങള്‍ രൂപപ്പെടാന്‍ ഇടയുണ്ട്. ഈ ഘട്ടത്തില്‍, ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ സാധ്യമല്ലായെന്ന് വ്യക്തമാകുന്ന ദമ്പതികള്‍ തങ്ങള്‍ ഏര്‍പ്പെട്ട വിവാഹബന്ധത്തില്‍ നിന്ന് മോചനം നേടുന്നതിനുള്ള നിയമസാധ്യതകള്‍ രാഷ്ട്രം നല്‍കുന്നുണ്ട് (The Indian Divorce Act 1869). ഈ നിയമമനുസരിച്ച്, വിവാഹസമയത്ത് സാധുവായിരുന്ന വിവാഹത്തെ (valid marriage) നിയമം അനുശാസിക്കുന്ന വിധത്തില്‍ പിരിച്ചുവിടുന്ന സാഹചര്യമാണ് വിവാഹമോചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സിവില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിവാഹമോചനം തേടുന്ന വ്യക്തിയുടെ ന്യായവാദങ്ങള്‍ കോടതി പരിശോധിക്കുകയും വിവാഹത്തിന്മേല്‍ തീരുമാനമെടുക്കുകയും ചെയ്യുന്നു. വിവിധ കാരണങ്ങളാല്‍ ദുഷ്ക്കരമായിത്തീര്‍ന്ന വിവാഹബന്ധത്തില്‍ നിന്ന് പരസ്പര സമ്മതപ്രകാരം, യാതൊരു ആരോപണ പ്രത്യാരോപണവുമില്ലാതെ, വിവാഹമോചനം നേടാനുള്ള സാധ്യതയും സിവില്‍ കോടതി ദമ്പതികള്‍ക്ക് നല്‍കുന്നുണ്ട്.

സഭയും വിവാഹമോചനവും

ഉഭയസമ്മതവും ദാമ്പത്യസംയോഗ പൂര്‍ത്തീകരണവും വഴി (ratified and consummated) രൂപീകൃതമായ വിവാഹം സഭയുടെ കാഴ്ചപ്പാടില്‍ പൂര്‍ണ്ണമായും സാധുവായതും മരണം വരെ നിലനില്‍ക്കുന്നതുമാണ്. ദൈവം യോജിപ്പിച്ച ദമ്പതികളെ സിവില്‍ നിയമം വിവാഹമോചനം നല്‍കി സ്വതന്ത്രരാക്കിയാലും സഭ ഈ വിവാഹത്തെക്കുറിച്ചുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നില്ല. സിവില്‍ വിവാഹമോചനം നേടിയവര്‍ സഭയുടെ ദൃഷ്ടിയില്‍ വിവാഹിതര്‍ തന്നെയാണ്. സാധുവായ ഒരു വിവാഹത്തെ പിരിച്ചുവിടാന്‍ സഭയ്ക്ക് അധികാരമില്ലാത്തതുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈ നിലപാടിന്‍റെ അനന്യതമൂലമാണ് സിവില്‍ നിയമത്തില്‍ നിന്ന് വ്യത്യസ്ത സമീപനം സ്വീകരിക്കാന്‍ കാനന്‍ നിയമം നിര്‍ബന്ധിതമാകുന്നത്. അതിനാല്‍, സിവില്‍ നിയമപ്രകാരം ദമ്പതികള്‍ നടത്തുന്ന വിവാഹമോചനം സഭ അംഗീകരിക്കുന്നില്ല. സഭയില്‍ വിവാഹമോചനം അനുവദിക്കുന്നുമില്ല.

വിവാഹമോചനമല്ലെങ്കില്‍ പിന്നെയെന്ത്?

സഭയില്‍ വിവാഹമോചനമില്ല. എങ്കില്‍, വിവാഹസംബന്ധമായ ദമ്പതികളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സഭാകോടതികളില്‍ എന്താണ് സംഭവിക്കുന്നത്? സഭാകോടതികളുടെ ഉത്തരവ് പ്രകാരം ചിലരുടെ വിവാഹം ഇല്ലാതാക്കുകയും വീണ്ടും പള്ളിയില്‍ത്തന്നെ വിവാഹിതരാവുകയും ചെയ്യുന്നുണ്ടല്ലോ? ഇത് വിവാഹമോചനമല്ലാതെ മറ്റെന്താണ്? സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങളാണിത്. ഇവിടെയാണ് സഭാകോടതികളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കോടതികളില്‍ വിവാഹകേസുകള്‍ എപ്രകാരമാണ് പരിഹരിക്കപ്പെടുന്നത് എന്നതും വ്യക്തമാക്കേണ്ടത്. ഒരു വിവാഹം സാധുവായി നടത്തുന്നതിന് പാലിക്കേണ്ട നിയമനടപടി ക്രമങ്ങളെക്കുറിച്ചും വിവാഹിതരാകാനാഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ചും മാനോഭാവങ്ങളെക്കുറിച്ചും സഭാനിയമം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വിവാഹബന്ധത്തിലേര്‍പ്പെടുന്ന വ്യക്തിക്കോ വ്യക്തികള്‍ക്കോ സഭാനിയമം നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതകളും കഴിവുകളും ഇല്ലെന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ഒരു വിവാഹം അതിന്‍റെ ആരംഭത്തില്‍ ത്തന്നെ അസാധുവായിരുന്നുവെന്ന് കണ്ടെത്തി അത് പ്രഖ്യാപിക്കുക മാത്രമാണ് സഭാകോടതികള്‍ ചെയ്യുന്നത്. വിവാഹിതരാകുന്നവര്‍ക്ക് വേണ്ട യോഗ്യതയും കഴിവുകളും ആഭിമുഖ്യങ്ങളും വിവാഹസമയത്ത് ഉണ്ടായിരിക്കുകയും എന്നാല്‍ വിവാഹശേഷം ഇവ നഷ്ടപ്പെടുകയോ, വിവാഹത്തിന് വിരുദ്ധമായ സാഹചര്യങ്ങളോ കാഴ്ചപ്പാടുകളോ രൂപീകൃതമാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വിവാഹം സാധുവായിത്തന്നെ നിലനില്‍ക്കും എന്നതും അടിവരയിടേണ്ട കാര്യമാണ്. സഭാനിയമം നിശ്ചയിക്കുന്ന മാനദണ്ഡമനുസരിച്ച് ഒരു വിവാഹം സാധുവാണോ അസാധുവാണോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കുന്നതും വിവാഹശേഷം സംഭവിക്കുന്ന പരാജയങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തെ പിരിച്ചുവിടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് വ്യക്തം.

സഭാകോടതികള്‍ ചെയ്യുന്നത്

വിവാഹകേസുകളില്‍ തീരുമാനമെടുക്കാന്‍ സജ്ജമായ കോടതികള്‍ എല്ലാ രൂപതകളിലും തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ വിവാഹത്തെ സംബന്ധിച്ച പരാതിയുള്ള വ്യക്തി വികാരിയച്ചന്‍ വഴിയോ നേരിട്ടോ രൂപതാകോടതിയെ സമീപിക്കുകയും വിവാഹത്തിന്‍റെ സാധുതയെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടെ കോടതി നടപടികള്‍ ആരംഭിക്കുന്നു. വിവാഹമെന്ന കൂദാശയുടെ വിവിധ തലത്തിലുള്ള ഉത്തരവാദിത്തങ്ങളും പ്രത്യേകതകളും പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ടുവേണം യുവതീയുവാക്കള്‍ വിവാഹത്തില്‍ പ്രവേശിക്കാന്‍. "നിയമത്താല്‍ വിലക്കപ്പെട്ടവരൊഴികെ എല്ലാവര്‍ക്കും വിവാഹിതരാകാവുന്നതാണ്" എന്ന (CCEO c. 778, CIC c. 1058) സഭാനിയമത്തിന്‍റെ പശ്ചാത്തലത്തില്‍ വിവാഹത്തെ അസാധുവാക്കുന്ന തടസങ്ങള്‍ ഒഴിവാക്കി വേണം വിവാഹിതരാകാന്‍. നിയമം നിഷ്ക്കര്‍ഷിക്കുന്ന പ്രായക്കുറവ്, ലൈംഗികശേഷിക്കുറവ്, നിലവിലുള്ള വിവാഹബന്ധം, മതവ്യത്യാസം (അക്രൈസ്തവരെ വിവാഹം ചെയ്യുന്നത്), തിരുപ്പട്ടങ്ങള്‍ സ്വീകരിച്ചവരുമായുള്ള വിവാഹം, സന്യാസവ്രതങ്ങള്‍ സ്വീകരിച്ചവരെ വിവാഹം ചെയ്യുന്നത്, വിവാഹം കഴിക്കുന്നതിനുവേണ്ടി ഒരു വ്യക്തിയെ തട്ടിക്കൊണ്ട് പോകുന്നത്, ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി അയാളുടെ പങ്കാളിയെ കൊലപ്പെടുത്തുന്നത്, അടുത്ത രക്തബന്ധം, ചാര്‍ച്ചാബന്ധം, പൊതുമാന്യതയുടെ അടിസ്ഥാനത്തിലുള്ള വിവാഹ തടസം, ദത്തുവഴിയുണ്ടാകുന്ന ബന്ധം, മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയും തലതൊടുന്നവരും തമ്മില്‍ രൂപപ്പെടുന്ന ആത്മീയബന്ധം എന്നിവ വിവാഹത്തെ അസാധുവാക്കുന്ന തടസ്സങ്ങളായി (impediments) സഭാനിയമം നിശ്ചയിച്ചിരിക്കുന്നു. ഈ തടസ്സങ്ങളില്‍ നിന്ന് നിയമം അനുശാസിക്കുന്ന ഒഴിവ് (dispensation) നിശ്ചിത അധികാരിയില്‍ നിന്ന് വാങ്ങാതെ നടത്തുന്ന വിവാഹം തുടക്കം മുതല്‍ അസാധുവായിരിക്കും.

വിവാഹബന്ധം നിലവില്‍ വരുന്നത് ദമ്പതിമാരുടെ പരസ്പര സമ്മതം പ്രകടമാക്കുന്നതു വഴിയായതിനാല്‍, ഈ സമ്മതം കൊടുക്കുന്നതിലുള്ള അപാകതകള്‍ വിവാഹത്തിന്‍റെ സാധുതയെ ബാധിക്കുന്നവയാണ്. സ്വതന്ത്രമായ മനസ്സോടെ ദമ്പതികള്‍ പൂര്‍ണ്ണമായ സമ്മതം പ്രകടമാക്കണം. ഈ സമ്മതത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് സഭാകോടതി പരിശോധിക്കുന്നു. വിവാഹസമ്മതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്. മാനസികരോഗങ്ങള്‍, വിവാഹത്തെക്കുറിച്ചുള്ള അജ്ഞത, നിശ്ചയിച്ച വ്യക്തിക്കുപകരം അറിയാതെ മറ്റൊരു വ്യക്തിയുമായി നടത്തുന്ന വിവാഹം, വഞ്ചനമൂലം നേടിയെടുക്കുന്ന സമ്മതം, ക്രൈസ്തവ വിവാഹത്തിന്‍റെ അന്തഃസത്തയെക്കുറിച്ചുള്ള തെറ്റായ അറിവ്, മനസ്സിനെ നിശ്ചലമാക്കുന്ന അവസ്ഥ, വിവാഹത്തെയോ വിവാഹത്തിന്‍റെ കാതലായ ഏതെങ്കിലും അംശത്തെയോ ഒഴിവാക്കുന്ന മനോഭാവം, ബലം പ്രയോഗിച്ച് ഭീഷണിപ്പെടുത്തി നേടിയെടുക്കുന്ന സമ്മതം, നിബന്ധനവച്ചുള്ള സമ്മതം എന്നിവ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തില്‍ വിവാഹത്തിന് സമ്മതം കൊടുക്കുന്നതില്‍ നിന്ന് ദമ്പതികളെ തടസ്സപ്പെടുത്തുന്നു. ഇക്കാര്യങ്ങളും ഇതിനോടനുബന്ധിച്ചുള്ള വസ്തുതകളും കോടതി പരിശോധിച്ച ശേഷമാണ് വിവാഹത്തിന്‍റെ സാധുതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

സഭാകോടതിയുടെ തീരുമാനം

നിയതമായ നടപടിക്രമങ്ങളിലൂടെ, ലഭിച്ച പരാതിയുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന വിവാഹത്തിന്‍റെ സാധുതയെ സംബന്ധിച്ച് സഭാകോടതിയിലെ ജഡ്ജിക്ക് ധാര്‍മ്മികമായ ഉറപ്പ് (moral certainty) ലഭിക്കുന്നതിനനുസരിച്ചാണ് കോടതിയുടെ തീരുമാനം രൂപപ്പെടുന്നത്. ദൈവത്തെ മാത്രം മുന്നില്‍ക്കണ്ട് ബാഹ്യപ്രേരണകള്‍ക്കു വഴങ്ങാതെയാണ് വിവാഹകാര്യത്തില്‍ ഒരു ജഡ്ജി തീരുമാനമെടുക്കുന്നത്. സഭാകോടതി അതിന്‍റെ തീരുമാനത്തിലൂടെ ഒരു വിവാഹത്തെ സാധുവാക്കുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല. മറിച്ച്, പ്രസ്തുത വിവാഹം തുടക്കം മുതല്‍ സാധുവാണ് അഥവാ അസാധുവാണ് എന്നത് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്. വിവാഹമോചനം നല്‍കിക്കൊണ്ടു സിവില്‍ കോടതി നല്‍കുന്ന ഉത്തരവിനെ സഭ അംഗീകരിക്കുന്നില്ല. അതുപോലെ, സഭാകോടതി നല്‍കുന്ന ഉത്തരവിന് സിവില്‍ നിയമമനുസരിച്ച് യാതൊരു ഫലവും ഇല്ല. സഭാകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്ന ഒരു വ്യക്തി സിവില്‍ നിയമപ്രകാരം വിവാഹമോചനം നേടിയെങ്കില്‍ മാത്രമേ നിയമാനുസൃതമായ മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ. ചുരുക്കത്തില്‍, സാധുവായ ഒരു വിവാഹത്തെ ഒരിക്കലും വേര്‍പ്പെടുത്താന്‍ സഭ അനുവദിക്കുകയില്ല. വിവാഹത്തിന്‍റെ സാധുതയെ ദമ്പതികളിലൊരാള്‍ ചോദ്യം ചെയ്ത് സഭാകോടതിയെ സമീപിക്കുമ്പോള്‍ മാത്രമേ കോടതി വിവാഹത്തില്‍ ഇടപെടുകയുള്ളു. സിവില്‍കോടതിയില്‍ നിന്ന് വിവാഹമോചനം നേടുന്നവര്‍ അക്കാരണം കൊണ്ടുതന്നെ സഭാകോടതിയുടെ ഉത്തരവ് എളുപ്പത്തില്‍ നേടിയെടുക്കാമെന്നും അതിന് തങ്ങള്‍ അര്‍ഹരാണെന്നും ചിന്തിക്കുകയും വാദിക്കുകയും ചെയ്യാറുണ്ട്. വിവാഹം നടത്തുന്നതില്‍ സിവില്‍ നിയമവും സഭാനിയമവും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍, വിവാഹമോചന കാര്യത്തില്‍ വഴി രണ്ടാണ് എന്നത് വ്യക്തമായാല്‍ ഇരുകോടതികളെയും രണ്ടായിക്കണ്ട് സമീപിക്കേണ്ടതിന്‍റെ ആവശ്യകത കൂടുതല്‍ ബോധ്യമാകും.

ഫ്രാന്‍സീസ് പാപ്പയുടെ നവീകരണം

ഫ്രാന്‍സീസ് പാപ്പ 2015 സെപ്റ്റംബര്‍ മാസത്തില്‍ ലത്തീന്‍ പൗരസ്ത്യ സഭാ നിയമങ്ങളില്‍, വിവാഹകേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി നടപടികള്‍ ലഘുകരിക്കുകയുണ്ടായി. 'സൗമ്യനും കരുണാമയനുമായ ഈശോ' എന്ന രേഖയിലൂടെ പൗരസ്ത്യ നിയമവും 'സൗമ്യനായ വിധികര്‍ത്താവ് ഈശോമിശിഹാ' എന്ന രേഖയിലൂടെ ലത്തീന്‍ നിയമവും പരിശുദ്ധ പിതാവ് നവീകരിച്ചു. ഈ രേഖകളില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങളുടെ ലഘൂകരണത്തെ വാര്‍ത്താമാധ്യമങ്ങള്‍ സഭയുടെ നിലപാടിലുള്ള മാറ്റമായി പെരുപ്പിച്ച് കാണിക്കുകയുണ്ടായി. വിവാഹത്തിന്‍റെ പൂര്‍ണ്ണതയും അവിഭാജ്യതയും സംബന്ധിച്ചുള്ള സഭാപ്രബോധനത്തില്‍ ഒരു മാറ്റവും പാപ്പാ വരുത്തിയിട്ടില്ല. എന്നാല്‍ നടപടിക്രമങ്ങളുടെ നീണ്ട കാലദൈര്‍ഘ്യം മൂലം സഭാകോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്ന വിശ്വാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ പാപ്പായുടെ നവീകരണത്തിന്‍റെ പ്രധാന ഭാഗമാണ്. സഭാകോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി അജപാലനപരമായ ശ്രദ്ധയോടും കരുതലോടും കൂടെ പ്രവര്‍ത്തിക്കണമെന്ന പാപ്പായുടെ ആഗ്രഹമാണ് പുതിയ നിയമ സംവിധാനത്തിലൂടെ പ്രതിഫലിക്കുന്നത്. അമ്മയായ സഭ, കഷ്ടതയനുഭവിക്കുന്ന മക്കളോട് കരുണയുള്ളവളായിരിക്കണം. ഓരോരുത്തരും അര്‍ഹിക്കുന്നത് നല്‍കിക്കൊണ്ട് നീതി നടപ്പിലാക്കാനുള്ള ആഹ്വാനമാണ് പരിശുദ്ധ പിതാവ് കൊണ്ടുവന്ന നവീകരണ നടപടികളുടെ കാതല്‍. വിവാഹം ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശമാണെന്നു നിയമം പറയുന്നതിനോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനം സഭാകോടതികള്‍ കാര്യക്ഷമമായി സ്വീകരിക്കണമെന്നു വ്യക്തം.

marriage marriage laws marriage civil laws marriage canon laws Dr. Abraham Kavilpurayidathil divorce ratification and consumption impediments dispensation Pope Francis on marriage Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message