We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021
ആമുഖം
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകള്‍ എന്ന ഈ ശീര്‍ഷകത്തില്‍ നാലു കാനോനകള്‍ മാത്രമേ കൊടുത്തിട്ടുള്ളു. എന്നാല്‍ 152-ാം കാനോനയില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭകള്‍ക്കും അവയുടെ തലവന്മാരായ മേജര്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്കും പാത്രിയാര്‍ക്കല്‍സകളെയും പാത്രിയര്‍ക്കീസിനെയും പറ്റി പറഞ്ഞിരിക്കുന്ന കാനോനകള്‍ ബാധകമാണ്.
'മേജര്‍ ആര്‍ച്ചുബിഷപ്പ്' എന്ന സ്ഥാനപ്പേര് സഭയുടെ ആദ്യകാലം മുതലേ മെത്രാപ്പോലീത്താമാരുടെമേല്‍ അധികാരമുണ്ടായിരുന്ന മെത്രാപ്പോലീത്തായ്ക്കായി ഉപയോഗിച്ചുപോന്നിട്ടുള്ളതാണ്. ആരംഭകാലങ്ങളില്‍ പാത്രിയര്‍ക്കീസിനു പകരമായുള്ള പേരായി ഇത് ഉപയോഗിക്കപ്പെട്ടു പോന്നിരുന്നു. എന്നാല്‍ 'പാത്രിയര്‍ക്കീസ്' എന്ന സ്ഥാനികനാമത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു തുടങ്ങിയതോടെ 'മേജര്‍ ആര്‍ച്ചുബിഷപ്പ്' എന്ന പേര് കാര്യമായി ഉപയോഗത്തിലില്ലാതെ വന്നു. പൗരസ്ത്യസഭകള്‍ക്കായി 1957-ല്‍ വിളംബരം ചെയ്യപ്പെട്ട പുരോഹിതശുശ്രൂഷികളെപ്പറ്റിയുള്ള അപ്പസ്തോലിക തിരുവെഴുത്തില്‍ (Cleri Santitati) 324-334 കാനോനകളില്‍ ഈ നാമം മെത്രാപ്പോലീത്താമാരുടെമേല്‍ അധികാരമുള്ള മെത്രാപ്പോലീത്താമാരെ തിരിച്ചറിയുന്നതിനായി ആദ്യമായി സഭാനിയമത്തില്‍ ഉപയോഗിച്ചു. 'പൗരസ്ത്യസഭകളുടെ കാനോനസംഹിത' (CCEO)യിലും ഇതേ നാമം പാത്രിയാര്‍ക്കല്‍സഭകള്‍ക്കു തുല്യമായ സ്ഥാനമുള്ള സ്വയാധികാരസഭകളെയും അവയുടെ തലവന്മാരെയും സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്നു. കത്തോലിക്കാസഭയില്‍ യുക്രേനിയന്‍സഭയ്ക്കും സീറോമലബാര്‍സഭയ്ക്കും മാത്രമേ ഇപ്പോള്‍ ഈ സ്ഥാനമുള്ളൂ.
കാനോന 151 : സഭയുടെ പരമാധികാരത്താല്‍ നിശ്ചയിക്കപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയ മെത്രാപ്പോലീത്തന്‍ സിംഹാസനത്തിലെ മെത്രാപ്പോലീത്തായാണ് മേജര്‍ ആര്‍ച്ചുബിഷപ്പ്. പാത്രിയാര്‍ക്കല്‍ സ്ഥാനപ്പേരില്ലാത്ത അദ്ദേഹം ഒരു പൗരസ്ത്യ സ്വയാധികാരസഭ മുഴുവന്‍റെയും അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നു.
അധികാരത്തിലും ഭരണസംവിധാനങ്ങളിലും പാത്രിയാര്‍ക്കല്‍ സഭയോട് തുല്യതയുള്ളവയാണ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭകള്‍. പദവിയില്‍ പാത്രിയര്‍ക്കീസിനും മേജര്‍ ആര്‍ച്ചുബിഷപ്പിനും ഒരുപോലെയാണ്. മെത്രാപ്പോലീത്തന്‍ സ്ഥാനത്തോട് ചേര്‍ത്തു മാത്രമേ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സിംഹാസനം സ്ഥാപിക്കുവാന്‍ പാടുള്ളൂ. ഇത് സ്ഥാപിക്കുവാനുള്ള അധികാരം മാര്‍പാപ്പയ്ക്കാണ്. പൗരസ്ത്യസഭകളുടെ ഭരണസംവിധാനത്തിന്‍റെ പൂര്‍ണത പാത്രിയാര്‍ക്കല്‍ ഭരണസംവിധാനമാണെങ്കിലും ഇന്നു പുതിയതായി അവ സ്ഥാപിക്കപ്പെടുന്നത് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭകളായിട്ടാണ്. 1992-ല്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ട സീറോ മലബാര്‍സഭ ഇതിനുദാഹരണമാണ്.
കാനോന 152 : കാര്യത്തിന്‍റെ സ്വഭാവത്തില്‍നിന്ന് വ്യക്തമായിരിക്കുകയോ പൊതുനിയമത്തില്‍ വ്യക്തമായി മറിച്ച് നിശ്ചയിക്കുകയോ ചെയ്യാതിരുന്നാല്‍, പൊതുനിയമത്തില്‍ പാത്രിയാര്‍ക്കല്‍ സഭകളെയോ പാത്രിയര്‍ക്കീസുമാരെയോ സംബന്ധിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകളേയും മേജര്‍ ആര്‍ച്ചുബിഷപ്പുമാരേയും സംബന്ധിച്ചും ബാധകമാണ്.
പൊതുനിയമത്തില്‍ മറിച്ചു പറയുന്നില്ലെങ്കില്‍ പാത്രിയര്‍ക്കീസിനുള്ള എല്ലാ അവകാശങ്ങളും കടമകളും മേജര്‍ ആര്‍ച്ചുബിഷപ്പിനും ഉണ്ട്.
കാനോന 153 : 1. 63 മുതല്‍ 74 വരെയുള്ള കാനോനകളിലെ നിബന്ധനകളനുസരിച്ചാണ് മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്.
പാത്രിയര്‍ക്കീസിന്‍റെ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ (Cf.cc. 63-74) തന്നെയാണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെയും തിരഞ്ഞെടുപ്പിനുള്ളത്. എന്നാല്‍ പാത്രിയര്‍ക്കീസിന്‍റെ കാര്യത്തില്‍നിന്നും വ്യത്യസ്തമായി, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി തിരഞ്ഞെടുപ്പു സ്വീകരിച്ചുകഴിഞ്ഞാല്‍ മെത്രാന്മാരുടെ സിനഡ്, സിനഡില്‍ എഴുത്തുവഴി തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മാര്‍പാപ്പയെ അറിയിക്കണം. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാകട്ടെ, തിരഞ്ഞെടുപ്പ് അംഗീകരിച്ചുറപ്പിക്കുവാന്‍വേണ്ടി മാര്‍പാപ്പയ്ക്ക് സ്വന്തം കൈപ്പടയില്‍ ഒപ്പുവച്ച് അപേക്ഷ സമര്‍പ്പിക്കണം. ഇപ്രകാരം മാര്‍പാപ്പയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി മെത്രാന്മാരുടെ സിനഡിനുമുമ്പാകെ വിശ്വാസപ്രഖ്യാപനം നടത്തുകയും തന്‍റെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വ്വഹിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുകയും വേണം. ഇതിനുശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനവും സ്ഥാനാരോഹണവും നടത്താവൂ. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി മെത്രാന്‍പട്ടം ഇല്ലാത്ത ആളാണെങ്കില്‍ അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിക്കുന്നതിനുമുമ്പ് സ്ഥാനാരോഹണം നടത്താന്‍ പാടില്ല. മാര്‍പാപ്പ ഈ തിരഞ്ഞെടുപ്പ് അംഗീകരിച്ചുറപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹം നിശ്ചയിക്കുന്ന സമയത്തിനുള്ളില്‍ പുതിയ വ്യക്തിയെ തിരഞ്ഞെടുക്കണം.
കാനോന 154 : തങ്ങള്‍ ആദ്ധ്യക്ഷ്യം വഹിക്കുന്ന സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി സ്ഥാപിക്കപ്പെട്ട ക്രമമനുസരിച്ച്, മേജര്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാത്രിയര്‍ക്കീസിനു തൊട്ടടുത്ത ബഹുമതിമുന്‍ഗണന ലഭിക്കുന്നു.
പാത്രിയര്‍ക്കീസുമാര്‍ കഴിഞ്ഞാല്‍ മുന്‍ഗണന മേജര്‍ ആര്‍ച്ചുബിഷപ്പിനായിരിക്കും. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍സഭയായി ഉയര്‍ത്തിയതിന്‍റെ അടിസ്ഥാനത്തിലായിരിക്കും മേജര്‍ ആര്‍ച്ചുബിഷപ്പുമാര്‍ തമ്മിലുള്ള മുന്‍ഗണന നിശ്ചയിക്കുന്നത്. ഇതനുസരിച്ച്, യുക്രേനിയന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനായിരിക്കും സീറോ മലബാര്‍സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിനെക്കാള്‍ മുന്‍ഗണന ലഭിക്കുന്നത്.
Major Arch Episcopal Churches catholic malayalam Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206