x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സുരക്ഷിതചുറ്റുവട്ട പദ്ധതി

സ്നേഹമയിയായ ഒരമ്മയെപ്പോലെ 

Authored by : Pope Francis On 27-May-2021

സ്നേഹമയിയായ ഒരമ്മയെപ്പോലെ 
(As a Loving Mother)

തിരുസ്സഭ അവളുടെ സന്താനങ്ങളെ സ്നേഹമയിയായ ഒരമ്മയെപ്പോലെ സ്നേഹിക്കുന്നു. എങ്കിലും പ്രതിരോധശേഷിയില്ലാത്തവര്‍ക്കും ഏറ്റവും ദുര്‍ബലരായവര്‍ക്കും പ്രത്യേക സ്നേഹവും കരുതലും നല്കി അവള്‍ എല്ലാവരെയും പരിഗണിക്കുന്നു. ഇതാണ് ക്രൈസ്തവസമുദായത്തിന് മുഴുവനുമായി ക്രിസ്തു തന്നെ നല്കുന്ന സുപ്രധാനദൗത്യം. ഈ ബോദ്ധ്യമുള്‍ക്കൊണ്ടുകൊണ്ട് കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതില്‍ തിരുസ്സഭ പ്രത്യേകം ജാഗരൂകമാണ്.


കരുതലിന്‍റെയും സംരക്ഷണത്തിന്‍റെയും ഈ ഉത്തരവാദിത്വം മുഴുവന്‍ സഭക്കുമായി ഭരമേത്പിക്കപ്പെട്ടിരിക്കുന്നതാണെങ്കിലും അജപാലകരിലൂടെയാണ് പ്രത്യേകമാംവിധത്തില്‍ അത് നടപ്പിലാകേണ്ടത്. അതിനാല്‍ രൂപതാമെത്രാന്മാരും അധികാരികളും സ്വയാധികാരസഭകളുടെ ഉത്തരവാദിത്വമുള്ളവരും തിരുസ്സഭയുടെ സംരക്ഷണത്തിന് ഭരമേത്പിക്കപ്പെട്ടവരില്‍ ഏറ്റവും ദുര്‍ബലരായവരുടെ സംരക്ഷണത്തെക്കുറിച്ച് ജാഗ്രതയോടെ കരുതല്‍ കാണിക്കണം.


സഭാപരമായ ഓഫീസുകളില്‍ നിന്ന് "ഗൗരവതരമായ കാരണങ്ങളാല്‍" നീക്കം ചെയ്യുന്നതിനുള്ള സാദ്ധ്യതകള്‍ കാനന്‍ നിയമം നല്കുന്നുണ്ട്. രൂപതാ മെത്രാന്മാര്‍ക്കും അധികാരികള്‍ക്കും നിയമത്താല്‍ അവര്‍ക്കു തുല്യരായവര്‍ക്കും ഇത് ബാധകമാണ് (cf. can. 193 § 1 CIC; can. 975 § 1 CCEO). വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ചതും എന്‍റെ പ്രിയപ്പെട്ട മുന്‍ഗാമി ബനഡിക്ട് പതിനാറാമന്‍ ഭേദഗതി ചെയ്തതുമായ "കൂദാശാപവിത്രതയുടെ സംരക്ഷ" എന്ന മോത്തു പ്രോപ്രിയോയില്‍ പറഞ്ഞിരിക്കുന്നതുപോലെ കുട്ടികളുടെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരുടെയും ലൈംഗികദുരുപയോഗകേസുകളുമായി ബന്ധപ്പെട്ട് തന്‍റെ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തില്‍ മെത്രാന്‍ കാണിക്കുന്ന അനാസ്ഥയും മുകളില്‍ സൂചിപ്പിച്ച "ഗൗരവതരമായ കാരണങ്ങളില്‍" ഉള്‍പ്പെടും എന്ന് അടിവരയിട്ട് ഓര്‍മ്മിപ്പിക്കാനാണ് ഈ കത്ത് എഴുതുന്നത്. ഇത്തരം കേസുകളില്‍ താഴെപ്പറയുന്ന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്:

ആര്‍ട്ടിക്കിള്‍ 1
1. Can. 368 CIC or can. 313 CCEO അനുസരിച്ച് രൂപതാമെത്രാനോ അധികാരിയോ ഒരു സ്വയാധികാരസഭയുടെയോ അതിന് തത്തുല്യമായ വിശ്വാസികളുടെ കൂട്ടായ്മയുടെയോ ഉത്തരവാദിത്വമുള്ള ആളോ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ഗൗരവതരമായ ദോഷം വരുന്ന തരം കാര്യങ്ങള്‍ തന്‍റെ അനാസ്ഥ മൂലം പ്രവര്‍ത്തിക്കുകയോ അവഗണനയിലൂടെ സൗകര്യമൊരുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ആ ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടാം. ദോഷം ഭൗതികമോ ധാര്‍മ്മികമോ ആത്മീയമോ . . . ആകാം.                                                                                                                                                                           
2. രൂപതാ മെത്രാനോ മേലധികാരിക്കോ അദ്ദേഹത്തിന്‍റെ അജപാലനദൗത്യം ആവശ്യപ്പെടുന്ന ശുഷ്കാന്തി ഗൗരവമായ രീതിയില്‍ വസ്തുനിഷ്ഠമായി ഇല്ലാതിരിക്കുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ധാര്‍മ്മികമായ തെറ്റുകളില്ലെങ്കില്‍പ്പോലും ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടാവുന്നത്.

3. കുട്ടികളുടെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരുടെയും ലൈംഗികദുരുപയോഗകേസുകളില്‍ ഗൗരവതരമായ ശ്രദ്ധയില്ലായ്മ കുറ്റകരമായി കണക്കാക്കപ്പെടും.                                                                                                                                                
4. സന്ന്യാസസമൂഹങ്ങളുടെ മേലധികാരികള്‍ രൂപതാമെത്രാനോടും അധികാരികളോടും തുല്യരായി കണക്കാക്കപ്പെടും.

ആര്‍ട്ടിക്കിള്‍ 2
1. ആര്‍ട്ടിക്കിള്‍ 1-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിന് കനപ്പെട്ട തെളിവുകള്‍ ലഭ്യമായ എല്ലാ കേസുകളിലും റോമന്‍ കൂരിയയുടെ നിയുക്ത കോണ്‍ഗ്രിഗേഷന്‍ പ്രസ്തുത കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ അറിയിച്ചുകൊണ്ടും കുറ്റാരോപിതന് രേഖകളും സാക്ഷ്യങ്ങളും നല്കുന്നതിനുള്ള സാദ്ധ്യതകള്‍ നല്കിക്കൊണ്ടും അന്വേഷണം ആരംഭിക്കാവുന്നതാണ്.                                                                       
2. നിയമം നല്കിയിരിക്കുന്ന മാര്‍ഗ്ഗങ്ങളുപയോഗിച്ച് സ്വയം സാധൂകരിക്കാന്‍ മെത്രാന് അവസരമുണ്ടായിരിക്കും. അന്വേഷണത്തിന്‍റെ എല്ലാ ഘട്ടങ്ങളും അദ്ദേഹത്തെ അറിയിക്കുകയും കോണ്‍ഗ്രിഗേഷന്‍റെ അധികാരികളുമായി ഏതു സമയവും കൂടിക്കാഴ്ചക്കുള്ള അവസരം അദ്ദേഹത്തിന് നല്കുകയും ചെയ്യും. മെത്രാന്‍ സ്വയം താത്പര്യപ്പെടുന്നില്ലെങ്കില്‍ക്കൂടി അതാത് വകുപ്പുകള്‍ക്ക് ഇത്തരം കൂടിക്കാഴ്ചകള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.                                                                                                             
 3. മെത്രാന്‍ അവതരിപ്പിക്കുന്ന വാദഗതികള്‍ പരിഗണിച്ചുകൊണ്ട് തിരുസംഘത്തിന് വേണമെങ്കില്‍ മറ്റൊരന്വേഷണം കൂടി നടത്താവുന്നതാണ്.

ആര്‍ട്ടിക്കിള്‍ 3
1. പരിഗണനയിലിരിക്കുന്ന കേസ് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ആരോപണവിധേയനായ മെത്രാന്‍ അംഗമായിരിക്കുന്ന ബിഷ്പ്സ് കോണ്‍ഫറന്‍സിലെയോ അല്ലെങ്കില്‍ സ്വയാധികാരസഭയുടെ മെത്രാന്‍ സിനഡിലെയോ മറ്റംഗങ്ങളുമായി തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് ഉചിതമായ സമയത്ത് തിരുസംഘത്തിന് കൂടിക്കാഴ്ച നടത്താവുന്നതാണ്.
2. തിരുസംഘം അതിന്‍റെ ഒരു സാധാരണസമ്മേളനത്തില്‍ വച്ച് വിഷയത്തില്‍ തീരുമാനമെടുക്കുന്നതാണ്.

ആര്‍ട്ടിക്കിള്‍ 4
1. ഒരു മെത്രാനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യേണ്ടത് ആവശ്യമായി വരുമ്പോള്‍, കേസിന്‍റെ സാഹചര്യങ്ങള്‍ക്കനുസിച്ച് തിരുസംഘം:
 a. സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച ഒരു കല്പന പുറപ്പെടുവിക്കും;
 b. പതിനഞ്ച് ദിവസത്തെ സമയത്തിനുള്ളില്‍ തന്‍റെ രാജിസന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് നല്കാന്‍ സഹോദരസ്നേഹത്തോടെ ആവശ്യപ്പെടും. ഈ സമയത്തിനുള്ളില്‍ മെത്രാന്‍ തന്‍റെ പ്രതികരണം നല്കുന്നില്ലെങ്കില്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച കല്പന തിരുസ്സംഘത്തിന് പുറപ്പെടുവിക്കാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ 5
ആര്‍ട്ടിക്കിള്‍ 3-ലും 4-ലും പറഞ്ഞിരിക്കുന്നതുപോലെ തിരുസംഘത്തിന്‍റെ തീരുമാനം റോമാ മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. മാര്‍പാപ്പ തന്നെയും അന്തിമതീരുമാനത്തിലെത്തുന്നതിനു മുമ്പ് ഈ ലക്ഷ്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന നിയമവിദഗ്ദ്ധരുടെ സംഘത്തിന്‍റെ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്.


മോത്തു പ്രോപ്രിയോയായി ഞാന്‍ നല്കുന്ന ഈ അപ്പസ്തോലിക കത്തില്‍ വ്യക്തമാക്കിയിരിക്കുന്നവയെല്ലാം അതിന്‍റെ പൂര്‍ണ്ണമായ വിശദാംശങ്ങളില്‍ പാലിക്കപ്പെടേണ്ടവയായതിനാല്‍ ഇവക്ക് വിരുദ്ധമായതൊന്നും നിലനില്‍ക്കുന്നതല്ല. ഇത് Acta Apostolica Sedis ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഒസ്സര്‍വത്തോരെ റൊമാനോയുടെ ദൈനംദിന പ്രതിയില്‍ ഉള്‍പ്പെടുത്തുകയും സെപ്തംബര്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.

like a loving mother pope francis safe environment policy Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message