We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 22-Sep-2020
ഞായറാഴ്ച കുര്‍ബാന മുടക്കുന്നത് മാരകപാപമോ?
എന്‍റെ ചെറുപ്പത്തില്‍ ഞായറാഴ്ച വി. കുര്‍ബാനയില്‍ പങ്കെടുക്കാതിരിക്കുന്നത് മാരകപാപമാണെന്ന് വികാരിയച്ചന്മാര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇന്ന് അത് അങ്ങനെ കേള്‍ക്കുന്നില്ല. സഭാനിയമത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
പ്രയോഗിക ക്രൈസ്തവ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വളരെ പ്രധാനപ്പെട്ട ചോദ്യമാണ് ഇത്. 'ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വി. കുര്‍ബാനയില്‍ പങ്കെടുക്കണം' എന്ന തിരുസഭയുടെ കല്‍പ്പനകളില്‍ ഒന്നിനെക്കുറിച്ചുള്ള സംശയമാണിത്. ജേക്കബ് പോള്‍ സൂചിപ്പിക്കുന്നതുപോലെ സഭയുടെ ഈ നിയമത്തെ കഴിഞ്ഞകാലങ്ങളിലേതുപോലെ പ്രാധാന്യത്തോടെ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നതില്‍ കുറവു വന്നിട്ടുണ്ടാകാമെങ്കിലും, പ്രധാനപ്പെട്ട അവസരങ്ങളിലും ധ്യാനാവസരങ്ങളിലും 'കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം' എന്ന ദൈവപ്രമാണവുമായി ബന്ധപ്പെടുത്തി ഇക്കാര്യം വിശ്വാസികളെ ഓര്‍മ്മിപ്പിക്കാറുണ്ട് എന്നതും പറയേണ്ടിയിരിക്കുന്നു.ചോദ്യത്തിനുള്ള ഉത്തരം സഭാനിയമത്തിന്‍റെയും, സഭയുടെ മതബോധനഗ്രന്ഥത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇപ്രകാരം അവതരിപ്പിക്കാം. ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന നിയമത്തിന് മാറ്റം വന്നിട്ടുണ്ടോ? ഇല്ല. ഇക്കാര്യത്തില്‍ മനഃപൂര്‍വ്വം വീഴ്ച വന്നാല്‍ പറഞ്ഞ് കുമ്പസാരിക്കേണ്ട പാപമാണോ? അതെ. ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും വി. കുര്‍ബാനയില്‍ പങ്കെടുക്കാതിരുന്നാല്‍ മാരകപാപമാണോ? അതെ. എന്നാല്‍ ഈ ചോദ്യത്തിന് കൂടുതല്‍ വിശദീകരണം ആവശ്യമാണ്.
ഞായറാഴ്ചയില്‍ വി. കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള ഒരു വിശ്വാസിയുടെ ഉത്തരവാദിത്തത്തെ കുറിച്ച് സഭാനിയമം വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഞായറാഴ്ചകളിലും തിരുനാളുകളിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് കടമയുണ്ട് എന്ന് പൗര്യസ്ത സഭാനിയമം പറയുന്നു ((c. 881:1)) ലത്തീന്‍ സഭാനിയമം വിശ്വാസികളുടെ ഈ കടമയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് (cc. 1246 :1, 1247). ഇവിടെ സൂചിപ്പിക്കുന്ന കടമയുടെ ലംഘനം മാരകപാപമാണോ എന്നതാണ് നമ്മുടെ വിശകലത്തിന് വിധേയമാകേണ്ടത്.
സഭയുടെ മതബോധനഗ്രന്ഥത്തില്‍ കുറച്ചുകൂടി വ്യക്തമായി ഇക്കാര്യത്തില്‍ പരാമര്‍ശമുണ്ട്. 'ഞായറാഴ്ചയിലുള്ള വി. കുര്‍ബാന ക്രൈസ്തവ ജീവിതചര്യയുടെ അടിസ്ഥാനവും സ്ഥിരീകരണവുമാണ്. അതിനാല്‍ ഗൗരവകരമായ കാരണങ്ങള്‍ തടസപ്പെടുത്താത്ത സാഹചര്യത്തില്‍, ഞായറാഴ്ച ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാനുള്ള ഗൗരവകരമായ കടമ വിശ്വാസികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ മാരകപാപം ചെയ്യുന്നു' എന്ന് മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (ccc.2181). മുകളില്‍ സൂചിപ്പിച്ച സഭാനിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മതബോധനഗ്രന്ഥം ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാതിരിക്കുന്നത് മാരകപാപമാണെന്ന് സഭാനിയമം നേരിട്ട് വ്യക്തമായി പറയുന്നില്ലെങ്കിലും, സഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ ഇക്കാര്യത്തിലുള്ള പ്രബോധനത്തിന്‍റെ അടിത്തറയായി സഭാനിയമമായതിനാല്‍, മതബോധനഗ്രന്ഥത്തിന്‍റെ നിലപാട് തന്നെയാണ് സഭാനിയമങ്ങളുടെതുമെന്ന് ന്യായമായി അനുമാനിക്കാം. ചോദ്യത്തിനുള്ള ഉത്തരം പൂര്‍ണ്ണമാകണമെങ്കില്‍ ഇനിയും വിശദീകരണം ആവശ്യമാണ്. ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള കടമയില്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ മാരകപാപം ചെയ്യുന്നു എന്നു പറയുമ്പോള്‍, മനപൂര്‍വ്വമല്ലാതെ ഇക്കാര്യത്തില്‍ വീഴ്ചവരാമെന്നും, ആ സാഹചര്യങ്ങളില്‍ അത് മാരകപാപമാകില്ലായെന്നും അനുമാനിക്കുന്നതില്‍ തെറ്റില്ല.ഒരു പാപത്തിന് മാരകസ്വഭാവം കൈവരുന്നത് മൂന്നു കാര്യങ്ങള്‍ ഒരു ചെയ്തിയുടെ കൂടെ ചേര്‍ന്നു നില്‍ക്കുമ്പോഴാണ്. സഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യവും വ്യക്തമാക്കുന്നു. ഒരു പാപം മാരകമാകണമെങ്കില്‍ ഒന്നാമതായി അത് ദൈവകല്‍പ്പിതമായ കാര്യങ്ങള്‍ക്കെതിരു നില്‍ക്കുന്നതാകണം, രണ്ടാമതായി ചെയ്യുന്ന വ്യക്തിക്ക് അതിനെപ്പറ്റി പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം, മൂന്നാമതായി ഇത് ആ വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനത്തില്‍ ചെയ്തതായിരിക്കണം (ccc.. 1857) ഈ മൂന്ന് വസ്തുതകള്‍ കണക്കിലെടുത്താണ് ഒരു പാപം മാരകമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്.
സംഖ്യയുടെ പുസ്തകത്തില്‍ പെസഹാ ആചരണത്തെക്കുറിച്ച് പറയുന്ന ഭാഗം പരിശോധിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ പ്രായോഗികതലത്തിലുള്ള വിശദീകരണം വ്യക്തമാകും. "നിങ്ങളോ നിങ്ങളുടെ മക്കളില്‍ ആരെങ്കിലുമോ ശവശരീരം സ്പര്‍ശിച്ച് അശുദ്ധരാവുകയോ, ദൂരയാത്രയിലായിരിക്കുകയോ ചെയ്താലും അവര്‍ കര്‍ത്താവിന് പെസഹാ ആചരിക്കണം. എന്നാല്‍ ഒരുവന്‍ അശുദ്ധനല്ല, യാത്രയിലുമല്ല, എങ്കിലും പെസഹാ ആചരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നെങ്കില്‍ അവന്‍ നിശ്ചിത സമയത്ത് കര്‍ത്താവിന് കാഴ്ച നല്‍കാത്തതുകൊണ്ട് സ്വജനത്തില്‍ നിന്ന് വിച്ഛേദിക്കപ്പെടണം. അവന്‍ തന്‍റെ പാപത്തിന്‍റെ ഫലം വഹിക്കണം" (സംഖ്യ 9:10,11). കര്‍ത്താവിന്‍റെ ചട്ടങ്ങളും കല്‍പ്പനകളും പാലിച്ച് ജീവിക്കാന്‍ ഇസ്രായേലിന് നല്‍കപ്പെട്ട ഈ നിര്‍ദ്ദേശം നമ്മുടെ പ്രതിപാദനവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഏറെ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്.
ഒരു പാപം മാരകമാകുന്നതിന് സഭ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡംകൊണ്ട് ഞായറാഴ്ച വി. കുര്‍ബാനയില്‍ പങ്കെടുക്കാതിരിക്കുന്ന ഒരു വ്യക്തിയുടെ സാഹചര്യത്തെ വിശകലനം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. പ്രായാധിക്യമോ, രോഗമോ ഒരു വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തിയാല്‍, ആ വ്യക്തിക്ക് ഞായറാഴ്ച വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്വാഭാവികമായി ഇളവ് ലഭിക്കുന്നു. അതുപോലെ തന്നെ, രോഗാവസ്ഥയിലും, രോഗീപരിചരണത്തിലും, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും ആയിരിക്കുന്നവര്‍ക്ക് ഈ കടമ നിറവേറ്റുന്നതിന് ആഗ്രഹമുണ്ടെങ്കിലും സാധിക്കാറില്ല.
ഇതുപോലുള്ള സാഹചര്യങ്ങള്‍ നിരവധിയാണ് അനുദിന ജീവിതത്തില്‍. അതേസമയം, വിനോദങ്ങള്‍ക്ക്, മത്സരങ്ങള്‍ക്ക്, ഉല്ലാസയാത്രകള്‍ക്ക്, ഇഷ്ടകാര്യങ്ങള്‍ ചെയ്യുന്നതിന്, ട്യൂഷന്‍ തുടങ്ങിയ പഠനപരിപാടികള്‍ക്ക്, ബന്ധുവീട്ടില്‍ പോകുന്നതിന്, ടെലിവിഷനില്‍ മത്സരം കാണുന്നതിന് എന്നു തുടങ്ങി മറ്റ് നിരവധി കാരണങ്ങളാല്‍ ഞായറാഴ്ച കുര്‍ബാന മുടക്കുന്നവരുടെ പാപാവസ്ഥ ഇതിനുമുമ്പ് സൂചിപ്പിച്ച സഹാചര്യങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ലായെന്നത് വ്യക്തമാണ്. ചുരുക്കത്തില്‍, ഒന്നാം പ്രമാണത്തെയും, മൂന്നാം പ്രമാണത്തെയും, തിരുസഭയുടെ കല്‍പ്പനയെയും ഉദാസീനതയോടെ സമീപിക്കുകയോ, ദൈവനിഷേധത്തിന്‍റെയോ സഭയോടുള്ള എതിര്‍പ്പിന്‍റെയോ ഫലമായി ഞായറാഴ്ച കുര്‍ബാനയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അത് നിശ്ചയമായും മാരകപാപമായിത്തീരുന്നുവെന്ന് ഉറപ്പാണ്. മാനുഷിക വിധിനിര്‍ണ്ണയ സംവിധാനങ്ങള്‍ക്ക് തെറ്റുപറ്റിയാലും ഓരോ വ്യക്തിയുടെയും ഹൃദയം അറിയുന്ന ദൈവസന്നിധിയിലാണ് നാമോരോരുത്തരും അവസാനകണക്ക് ബോധിപ്പിക്കേണ്ടത് എന്ന വസ്തുത ഇക്കാര്യത്തില്‍ ഏറെ പ്രസക്തമാണ്.
ഞായറാഴ്ച വി. കുര്‍ബാനയിലുള്ള പങ്കാളിത്തം കൂടാതെ ഒരുവന് ക്രൈസ്തവനായി ജീവിക്കാന്‍ സാധ്യമല്ലെന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പഠിപ്പിക്കുന്നു. വി. കുര്‍ബാന ഒരു വിരുന്നാണ്. ദൈവം തന്‍റെ സ്നേഹത്തില്‍ തന്‍റെ തിരുക്കുമാരനിലൂടെ നമുക്ക് നിരന്തരം നല്‍കുന്ന വിരുന്നാണ്. ഈ സ്നേഹവിരുന്നിനെ ഏത് മനോഭാവത്തോടെയാണ് ഒരു വ്യക്തി സമീപിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ദൈവസ്നേഹത്തിന്‍റെ ഏറ്റവും മഹത്തായ ആവിഷ്കരണമായ വിശുദ്ധ കുര്‍ബാനയില്‍ സ്നേഹത്തോടെ പങ്കെടുക്കുകയോ, ഈ സ്നേഹത്തെ നിരസിക്കുകയോ ചെയ്യുന്നതാണ് ഒരു ആത്മാവിന്‍റെ ജീവനും മരണവും നിശ്ചയിക്കുന്നത്. ഈ തലത്തില്‍ തന്നെയാണ് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയെ നിഷേധിച്ചാല്‍ അത് മാരകമാണോ അല്ലയോ എന്നു നിശ്ചയിക്കുന്നത്.
Dr. Abraham Kavilpurayidathil sunday mass Holy mass mortal sin Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206