x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

മറ്റ് വൈദികരില്‍ നിന്നുള്ള കൂദാശ സ്വീകാര്യമോ?

Authored by : Dr. Abraham Kavilpurayidathil On 21-Sep-2020

മറ്റ് വൈദികരില്‍ നിന്നുള്ള കൂദാശ സ്വീകാര്യമോ?

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ടല്ലോ. കത്തോലിക്കര്‍ക്ക് മറ്റു സഭകളുടെ വൈദികരില്‍ നിന്ന് കൂദാശകള്‍ സ്വീകരിക്കാമോ?

അതുപോലെ അകത്തോലിക്കരായവര്‍ക്കും സാധ്യതയുണ്ടോ?

ഇതു സംബന്ധിക്കുന്ന സഭാനിയമം വിശദമാക്കാമോ?  


രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഏക്യുമെനിസത്തെക്കുറിച്ചുള്ള പ്രമാണരേഖ (Unitatis Redintegratio) സഭകള്‍ തമ്മിലുള്ള ബന്ധം പ്രായോഗിക തലങ്ങളില്‍ വളര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പാഠങ്ങള്‍ നല്‍കുന്നുണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കിടയിലുള്ള അനൈക്യവും പ്രശ്നങ്ങളുമാണ് പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിന്‍റെ ഏറ്റവും ശക്തമായ എതിര്‍സാക്ഷ്യമെന്ന തിരിച്ചറിവാണ് സഭകളുടെ ഐക്യം പ്രായോഗിക തലങ്ങളില്‍ ജീവിക്കുന്നതിനുള്ള സാധ്യതകള്‍ രൂപപ്പെടുന്നതിനു പിന്നില്‍. ഈ പശ്ചാത്തലത്തില്‍, വിവിധ സഭകളിലെ വിശ്വാസികള്‍ തങ്ങളുടേതല്ലാത്ത സഭകളില്‍ നിന്ന് കൂദാശകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചാണ് ചോദ്യകര്‍ത്താവ് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നത്. മുകളില്‍ പ്രതിപാദിച്ച ഏക്യുമെനിസത്തെക്കുറിച്ചുള്ള രേഖയും, കത്തോലിക്കാ സഭയിലെ നിയമസംഹിതകളും ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ചരിത്രപരവും ദൈവശാസ്ത്രപരവുമായ വിശദീകരണങ്ങള്‍ പ്രസക്തമാണെങ്കിലും, അതിനു മുതിരാതെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് ശ്രമിക്കുന്നു. വിശുദ്ധ വസ്തുക്കളിലുള്ള പങ്കാളിത്തം (Communicatio in Sacris - Sharing of  Sacred things) എന്ന തലത്തിലാണ് കൂദാശകളിലുള്ള പരസ്പര പങ്കാളിത്തത്തെക്കുറിച്ച് സഭാനിയമങ്ങള്‍ പ്രതിപാദിക്കുന്നത് (CCEO c. 671, CIC c. 844).

ലത്തീന്‍ പൗരസ്ത്യ നിയമങ്ങള്‍ ഈ വിഷയത്തില്‍ സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് അകത്തോലിക്കാ സഭകളില്‍ നിന്നും അകത്തോലിക്കാ സഭകളിലെ വിശ്വാസികള്‍ക്ക് കത്തോലിക്കാ സഭയില്‍ നിന്നും സ്വീകരിക്കാവുന്ന കൂദാശകളെക്കുറിച്ചും ഇതുസംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ചും സഭാനിയമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഇപ്രകാരം മനസ്സിലാക്കാം. 

  1. സാധാരണ ഗതിയില്‍ കത്തോലിക്കര്‍ തങ്ങളുടെ പുരോഹിതരില്‍ നിന്നും അകത്തോലിക്കര്‍ അവരുടെ പുരോഹിതരില്‍ നിന്നുമാണ് കൂദാശകള്‍ സ്വീകരിക്കേണ്ടത്.
  2. തന്‍റേതല്ലാത്ത സഭയിലെ പുരോഹിതരില്‍ നിന്ന് ഒരു വിശ്വാസിക്ക് സ്വീകരിക്കാവുന്നത് കുമ്പസാരം, വി. കുര്‍ബാന, രോഗീലേപനം എന്നീ മൂന്ന് കൂദാശകളാണ്.
  3. ഒരു കത്തോലിക്കാ വിശ്വാസിക്ക്, മേല്‍പ്പറഞ്ഞ മൂന്ന് കൂദാശകളും സാധുവായി പരികര്‍മ്മം ചെയ്യപ്പെടുന്ന അകത്തോലിക്കാ സഭകളില്‍ നിന്ന് മാത്രമേ ഈ കൂദാശകള്‍ സ്വീകരിക്കാന്‍ കഴിയൂ. ഒരു കത്തോലിക്കാ പുരോഹിതന്‍റെയടുത്ത് ശാരീരികമായോ, ധാര്‍മ്മികമായോ എത്തിച്ചേരാന്‍ സാധിക്കാത്ത അവസരങ്ങളില്‍ മാത്രമാണ് മറ്റ് സഭകളിലെ പുരോഹിതരെ സമീപിക്കാന്‍ നിയമം അനുശാസിക്കുന്നുള്ളൂ. ഇങ്ങനെയുള്ള കൂദാശ സ്വീകരണം ആത്മീയ നന്മയ്ക്ക് ഉപകരിക്കുന്നതും, കൂദാശകളെക്കുറിച്ചുള്ള തെറ്റായ ബോദ്ധ്യങ്ങളും, നിസ്സംഗതാമനോഭാവം ഒഴിവാക്കുന്നതുമായിരിക്കണം.
  4. അതേപോലെ, പൗരസ്ത്യ അകത്തോലിക്കാ സഭകളിലെ വിശ്വാസികള്‍ക്ക് കത്തോലിക്കാ സഭയിലെ പുരോഹിതരില്‍ നിന്ന് മേല്‍പ്പറഞ്ഞ കൂദാശകള്‍ സ്വീകരിക്കാവുന്നതാണ്. ഇതിനുവേണ്ടി, കൂദാശ ആവശ്യമുള്ള വിശ്വാസികള്‍ അത് സ്വയം ആവശ്യപ്പെടണമെന്നും, കൂദാശകളെക്കുറിച്ച് ശരിയായ മനോഭാവം ഉണ്ടായിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. പൗരസ്ത്യ സഭകളിലേതുപോലെ കൂദാശകള്‍ ഉള്ള മറ്റ് സഭകളിലുള്ളവര്‍ക്കും കത്തോലിക്കാ പുരോഹിതരില്‍ നിന്ന് ആവശ്യമെങ്കില്‍ കൂദാശകള്‍ സ്വീകരിക്കാമെന്നും നിയമം പറയുന്നു. പെന്‍റക്കോസ്റ്റല്‍ സമൂഹങ്ങള്‍ ഒഴികെയുള്ള സഭകളെയാണ് ഇവിടെ സാധാരണയായി ഉദ്ദേശിക്കുന്നത്.
  5. പെന്‍റക്കോസ്റ്റല്‍ സഭാ സമൂഹങ്ങളിലെ വിശ്വാസികള്‍ക്കും മേല്‍പ്പറഞ്ഞ മൂന്ന് കൂദാശകള്‍ കത്തോലിക്കാ പുരോഹിതരില്‍ നിന്ന് വ്യവസ്ഥകളോടെ സ്വീകരിക്കാം. മരണാസന്നരായവര്‍ക്കും, മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ ആയിരിക്കുന്നവരുമായ ഇത്തരം സമൂഹങ്ങളിലെ വിശ്വാസികള്‍, ഈ കൂദാശകള്‍ സ്വന്തം നിലയില്‍ ആവശ്യപ്പെടുകയും, കത്തോലിക്കാ സഭയില്‍ പരികര്‍മ്മം ചെയ്യുന്ന ഈ കൂദാശകളിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും, പാസ്റ്റര്‍മാരെയോ അവരുടേതായ സഭാശുശ്രൂഷകരെയോ സമീപിക്കാന്‍ സാധിക്കാത്ത സാഹചര്യം വരികയും ചെയ്താല്‍ മാത്രമേ കത്തോലിക്കാ പുരോഹിതന്‍ ഈ കൂദാശകള്‍ ഈ വിഭാഗങ്ങളിലെ വിശ്വാസികള്‍ക്ക് പരികര്‍മ്മം ചെയ്യാന്‍ പാടുള്ളൂ. ഇങ്ങനെയുള്ള ആവശ്യങ്ങള്‍ ഈ വിഭാഗങ്ങളിലെ വിശ്വാസികള്‍ ഉന്നയിക്കുമ്പോള്‍, രൂപതാ മെത്രാന്‍റെയോ, മെത്രാന്‍ സിനഡിന്‍റെയോ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കത്തോലിക്കാ പുരോഹിതന്‍ തീരുമാനമെടുക്കേണ്ടത്. കത്തോലിക്കരായ വിശ്വാസികള്‍ക്ക് പെന്‍റക്കോസ്റ്റല്‍ സമൂഹങ്ങളില്‍ നിന്ന് യാതൊരു ആത്മീയ ശുശ്രൂഷയും സ്വീകരിക്കാന്‍ സഭാനിയമം അനുവദിക്കുന്നില്ലായെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ഇത്തരം സമൂഹങ്ങളുടെ മാമ്മോദീസ കത്തോലിക്ക സഭയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അസാധുവാണ്.

കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ചുള്ള സാധുവായ മാമ്മോദീസയും, പൗരോഹിത്യവും വി. കുര്‍ബാനയും ഉള്ള സഭകളില്‍ നിന്നു മാത്രമേ കത്തോലിക്കര്‍ക്ക് ഈ കൂദാശകള്‍ സ്വീകരിക്കാന്‍ സാധിക്കൂ എന്നര്‍ത്ഥം. തന്‍റേതല്ലാത്ത സഭയില്‍ നിന്ന് കൂദാശകള്‍ സ്വീകരിക്കുന്നതിന് സഭ നല്‍കിയിരിക്കുന്ന ഈ മാര്‍ഗ്ഗം നമ്മുടെ പശ്ചാത്തലത്തില്‍, സാധാരണഗതിയില്‍, ആവശ്യമില്ലായെന്ന് വ്യക്തമാണ്. നിയമം അനുശാസിക്കുന്ന സാഹചര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിലവിലിരിക്കുമ്പോഴും, കൂദാശകളുടെ അര്‍ത്ഥവും ആത്മീയ സമ്പന്നതയും നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്ന പ്രകടനപരത തീര്‍ച്ചയായും ഒഴിവാക്കണം. 'ആത്മാക്കളുടെ രക്ഷയാണ് സഭയുടെ ആത്യന്തിക നിയമം' എന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കൂദാശകള്‍ പങ്കുവയ്ക്കുന്ന ഈ സാഹചര്യത്തെ മനസ്സിലാക്കേണ്ടത്.

Is sacrament acceptable from other priests? sacraments Dr. Abraham Kavilpurayidathil sacraments from priests of other churches Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message