We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 23-Sep-2020
ഒത്തുകല്യാണം സെമിവിവാഹമാണോ?
വിവാഹവാഗ്ദാനം ഇന്ന് ഒരു സെമി വിവാഹമായി മാറിക്കഴിഞ്ഞു. വിവാഹവാഗ്ദനത്തെക്കുറിച്ചുള്ള സഭാനിയമം ഒന്നു വിശദീകരിക്കാമോ?
എന്തുകൊണ്ടാണ് വിവാഹവാഗ്ദാനത്തിന് വി. കുര്‍ബാന ഇല്ലാത്തത്?
വിവാഹവാഗ്ദാനത്തോടനുബന്ധിച്ച് വി. കുര്‍ബാന അര്‍പ്പിക്കണമെങ്കില്‍ രൂപതയില്‍ നിന്ന് അനുവാദം ആവശ്യമാണോ?
ഒത്തുകല്യാണം', 'മനസമ്മതം' എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിവാഹവാഗ്ദാനം ഇന്ന് ഒരു ചെറിയ കല്യാണമായി മാറിയിരിക്കുന്നുവെന്ന ചോദ്യകര്‍ത്താവിന്‍റെ നിഗമനം ശരിവയ്ക്കാന്‍ ആഗ്രഹിക്കുന്നു. വ്യത്യസ്തമായ രീതിയില്‍ നിലനില്‍ക്കുന്നുവെങ്കിലും, ബഹുഭൂരിപക്ഷം സാഹചര്യങ്ങളിലും പെണ്‍വീട്ടുകാര്‍ നടത്തുന്ന 'കല്യാണ'മാണ് ഇപ്പോള്‍ ഒത്തുകല്യാണം. ആഘോഷങ്ങളിലും ധൂര്‍ത്തിലും വിവാഹത്തോട് കിടപിടിച്ചു തുടങ്ങിയിട്ടുണ്ട് അടുത്തനാളുകളില്‍ വിവാഹവാഗ്ദാനം.
വിവാഹവാഗ്ദാനത്തെക്കുറിച്ച് ഇരു സഭാനിയമങ്ങളും പരാമര്‍ശിക്കുന്നുണ്ട്. പൊതുനിയമത്തില്‍ വിവാഹവാഗ്ദാനത്തെക്കുറിച്ചുള്ള വിശദമായ നിയമനിര്‍ദ്ദേശങ്ങള്‍ ഇരു നിയമസംഹിതകളും നല്‍കുന്നില്ല. പൗരസ്ത്യ നിയമം വിവാഹവാഗ്ദാനം സംബന്ധിച്ച കാര്യങ്ങള്‍ ഓരോ വ്യക്തിസഭയുടെയും പ്രത്യേക നിയമത്തിനു വിടുമ്പോള്‍, ലത്തീന്‍ സഭാനിയമം പ്രാദേശിക ബിഷപ്സ് കോണ്‍ഫറന്‍സുകളുടെ പ്രത്യേക നിയമത്തിന്‍റെ പരിധിയിലാണ് ഇത് സംബനധിച്ച നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് (CCEO c. 782:1, CIC c. 1062:1). അതേസമയം, വിവാഹവാഗ്ദാനത്തിന്‍റെ നിയമപരമായ ഫലത്തെക്കുറിച്ച് പൊതുനിയമത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പൗരസ്ത്യനിയമം ഇപ്രകാരം പറയുന്നു: "വിവാഹം നടത്തുന്നതിനുവേണ്ട നടപടിയെടുക്കുന്നതിനുള്ള അവകാശം വിവാഹവാഗ്ദാനത്തില്‍ നിന്ന് ഉളവാകുന്നില്ല. എന്നാല്‍, വിവാഹവാഗ്ദാനത്തില്‍ നിന്ന് എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുള്ള പക്ഷം നഷ്ടപരിഹാരത്തിന് നടപടിയെടുക്കാവുന്നതാണ്" (c. 782:2). ലത്തീന്‍ സഭാനിയം ഇക്കാര്യത്തില്‍ സമാനനിലപാടാണ് സ്വീകരിക്കുന്നത് (c. 1062:2).
ഇത് അല്‍പ്പം കൂടി വ്യക്തമാക്കാം. ഇരു സഭാനിയമങ്ങളും പറയുന്നതനുസരിച്ച്, ഒത്തുകല്യാണത്തിന് സഭാനിയമപരമായ ഒരു ഫലവും ഇല്ല. ഒരു യുവാവും യുവതിയും വിവാഹവാഗ്ദാനം നടത്തിയെന്ന കാരണത്താല്‍ അവര്‍ തമ്മില്‍ വിവാഹം കഴിക്കണമെന്ന നിയമപരമായ ബാദ്ധ്യത രൂപപ്പെടുന്നില്ല. വിവാഹ വാഗ്ദാനത്തിനുശേഷം ആര്‍ക്കങ്കിലും മറിച്ച് തീരുമാനിക്കണമെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം നിയമം യുവതിയുവാക്കള്‍ക്ക് നല്‍കുകയാണിവിടെ. യുവാവോ യുവതിയോ വിവാഹവാഗ്ദാനത്തിനുശേഷം ആ വിവാഹം നടത്തുന്നതില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ ആ പിന്മാറ്റത്തെ നിയമം തടസ്സപ്പെടുത്തുന്നില്ല. എതിര്‍കക്ഷിക്കും ഈ പിന്മാറ്റത്തെ നിയമപരമായി എതിര്‍ക്കാന്‍ സാധിക്കുകയില്ല. എന്നുവച്ചാല്‍, ഭാവിയില്‍ വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനം പ്രകടമാക്കുന്ന ഈ ചടങ്ങിന് വിവാഹസമയത്ത് നടത്തുന്ന സമ്മതം പ്രകടിപ്പിക്കലുമായി നിയമപരമായി യാതൊരു ബന്ധവുമില്ലായെന്നര്‍ത്ഥം. വിവാഹവാഗ്ദാനശേഷം പ്രസ്തുത വിവാഹം നടത്തുന്നതില്‍ നിന്ന് പിന്മാറുന്നതുകൊണ്ട് മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടുന്നതിന് യാതൊരു നിയമപരമായ തടസ്സവും (impediment) രൂപപ്പെടുന്നില്ല.
അതേസമയം, വിവാഹവാഗ്ദാനത്തിനുശേഷം, വിവാഹം നടത്തുന്നതില്‍ നിന്ന് ഒരു പാര്‍ട്ടി ഏകപക്ഷീയമായി പിന്തിരിഞ്ഞാല്‍, നഷ്ടം സഹിക്കേണ്ടി വരുന്ന പാര്‍ട്ടിക്ക്, മറുകക്ഷി നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്ന് നിയമം വ്യക്തമാക്കുന്നു. വിവാഹവാഗ്ദാനത്തിനുശേഷം ഉഭയസമ്മതപ്രകാരം പിരിഞ്ഞാല്‍ അവിടെ തര്‍ക്കങ്ങളില്ലാതെ കാര്യങ്ങള്‍ തീരുമാനമാകും. എന്നാല്‍, ഒരു പാര്‍ട്ടി വിവാഹം നടത്താന്‍ ആഗ്രഹിക്കുകയും എന്നാല്‍ മറുപാര്‍ട്ടിക്ക് അതില്‍ താല്‍പ്പര്യമില്ലാതെ വരികയും ചെയ്യുമ്പോഴാണ് ഈ പിന്മാറ്റത്തിലൂടെ നഷ്ടം സഹിക്കുന്ന വ്യക്തിക്ക് പരിഹാരം ചെയ്തുകൊടുക്കേണ്ടത്. ഈ നഷ്ടപരിഹാരം ലഭിക്കുന്നതിന് വിവാഹവാഗ്ദാനം നടത്തുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഒരു കക്ഷിക്ക് അവകാശമുണ്ടായിരിക്കും.
വിവാഹവാഗ്ദാനത്തിന്‍റെ കാര്യത്തില്‍ സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട് (Art 154-162). സഭയുടെ പ്രത്യേകനിയമം 162-ാം ആര്‍ട്ടിക്കിള്‍ ശ്രദ്ധേയമാണ്. വിവാഹവാഗ്ദാനത്തിനുശേഷം ആ വിവാഹവുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലാതെ പിന്മാറുന്ന വ്യക്തി, മറ്റൊരു വ്യക്തിയുമായി വിവാഹത്തില്‍ ഏര്‍പ്പെടുന്നതിനു രൂപതാദ്ധ്യക്ഷന്‍റെ അനുവാദം വാങ്ങേണ്ടതാണ്. നഷ്ടപരിഹാരം കൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവാഹവാഗ്ദാനത്തിനുശേഷം പിന്മാറുന്ന ആ വ്യക്തി ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള നിയമസംവിധാനം മാത്രമാണ് ഈ 'അനുവാദം' എന്നത് വ്യക്തമാണ്. കാരണം, രൂപതാദ്ധ്യക്ഷനില്‍ നിന്ന് അനുവാദം വാങ്ങേണ്ടത് വിവാഹവാഗ്ദാനശേഷം പിന്മാറുന്ന വ്യക്തിയാണ് എന്നത് കണക്കിലെടുക്കേണ്ടതുണ്ട്.
അങ്ങനെവരുമ്പോള്‍, വിവാഹം നടത്താനുള്ള നിയമപരമായ യാതൊരു അവകാശവും വിവാഹവാഗ്ദാനത്തിലൂടെ ലഭിക്കുന്നില്ലായെന്നിരിക്കെ, നമ്മുടെ ഒത്തുകല്യാണ രീതികള്‍ പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. വിവാഹത്തിലൂടെയാണ് രണ്ട് വ്യക്തികള്‍ വേര്‍പിരിയാന്‍ കഴിയാത്തവിധത്തില്‍ ഒന്നായിത്തീരുന്നത് എന്നത് സൗകര്യപൂര്‍വ്വം മറന്നുകൊണ്ടാണ് ഇപ്പോഴത്തെ വിവാഹവാഗ്ദാന ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. വിവാഹം കഴിഞ്ഞ നവദമ്പതികളെപ്പോലെയാണ് വിവാഹവാഗ്ദാനത്തിനുശേഷം യുവതീയുവാക്കള്‍ ഫോട്ടോ എടുക്കുകയും അത് സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കുമായി നവസാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത്. ഒരു കല്യാണത്തിന്‍റെ നിയമപരമായ യാതൊരു ബാദ്ധ്യതയും ബന്ധവും വിവാഹവാഗ്ദാനത്തിനില്ലായെന്ന് വ്യക്തമാകുമ്പോള്‍, വിവാഹവാഗ്ദാനത്തിനുശേഷം ദമ്പതികളെപ്പോലെ പെരുമാറുന്നതിന് നിയന്ത്രണം തനിയെ രൂപപ്പെടണം.
വിവാഹവാഗ്ദാനാവസരങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ് ചോദ്യത്തിന്‍റെ രണ്ടാം ഭാഗം. വിവാഹത്തിന്‍റെ തിരുക്കര്‍മ്മങ്ങള്‍ വി. കുര്‍ബാനയുടെ ഭാഗത്തു ഉള്‍ച്ചേര്‍ത്തിരിക്കുന്നതുപോലെയല്ല വിവാഹവാഗ്ദാനത്തിന്‍റെ കര്‍മ്മക്രമം. എങ്കിലും, വിവാഹവാഗ്ദാനാവസരങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കരുത് എന്ന നിയമം ഒരിടത്തും നിലനില്‍ക്കുന്നതായി അറിവിലില്ല. ഒത്തുകല്യാണത്തോടനുബന്ധിച്ച് വി. കുര്‍ബാന ചൊല്ലുന്നതിന് രൂപതാകാര്യാലയത്തില്‍ നിന്ന് അനുവാദം ആവശ്യമാണെന്ന് പൊതുനിയമമോ പ്രത്യേക നിയമങ്ങളോ പറയുന്നില്ല. അതിനാല്‍, വിവാഹവാഗ്ദാനത്തോടനുബന്ധിച്ച് വി. കുര്‍ബാന അര്‍പ്പണം സാധാരണമല്ലാത്തത് നിയമപരമായ വിലക്കിനെക്കാള്‍ ഇക്കാര്യത്തോടുള്ള പ്രായോഗിക സമീപനമാണ് എന്നത് വ്യക്തമാണ്.
Dr. Abraham Kavilpurayidathil semi marriage marriage betrothal mass during betrothal sacramentality of betrothal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206