x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

ക്രമരഹിതമായ വിവാഹങ്ങളും വി.കുര്‍ബാന സ്വീകരണവും

Authored by : Dr. Abraham Kavilpurayidathil On 23-Sep-2020

ക്രമരഹിതമായ വിവാഹങ്ങളും വി.കുര്‍ബാന സ്വീകരണവും

വിവാഹമോചനം നേടിയവര്‍ക്കും സഭ അനുവദിക്കാത്ത വിവാഹത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കുമ്പസാരിക്കുന്നതിനും വി. കുര്‍ബാന സ്വീകരിക്കുന്നതിനും അനുവാദമില്ലാത്തത് എന്തുകൊണ്ടാണ്?

 

 വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുള്ള അയോഗ്യതയുമായി ബന്ധപ്പെട്ട ഈ ചോദ്യം സഭാനിയമത്തിന്‍റെ പരിധിയില്‍ മാത്രം വരുന്നതല്ല. കൂദാശകളെ സംബന്ധിക്കുന്ന ദൈവശാസ്ത്ര വിശകലനം ഇവിടെ ആവശ്യമാണ്. ആഴമായ അപഗ്രഥനത്തിന് മുതിരാതെ, സഭയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്ന് സഭാനിയമം വിലക്കുന്നത് ആരെയാണെന്നു നോക്കാം. "പരസ്യമായി അയോഗ്യരായവര്‍ വി. കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്ന് തടയപ്പെടേണ്ടതാണ്" എന്ന് പൗരസ്ത്യനിയമം പറയുമ്പോള്‍, ലത്തീന്‍ സഭാനിയമം സഭാപരമായി ശിക്ഷിക്കപ്പെട്ടവര്‍ക്കും മാരകമായ പാപസാഹചര്യങ്ങളില്‍ നിര്‍ബന്ധബുദ്ധിയോടെ തുടരുന്നവര്‍ക്കും വി. കുര്‍ബാന നല്‍കരുതെന്ന് നിഷ്കര്‍ഷിക്കുന്നു (CCEO c. 712, CIC c. 915). പരസ്യപാപവും അതുവഴി ഉടലെടുക്കുന്ന ഇടര്‍ച്ചയും വി. കുര്‍ബാന സ്വീകരണത്തില്‍ നിന്ന് ഒരു വ്യക്തിയെ തടയാനുള്ള മതിയായ കാരണമായി സഭാനിയമം ചൂണ്ടിക്കാണിക്കുന്നു. ഗൗരവമായ സ്വന്തം പാപത്തെക്കുറിച്ച് അവബോധമുള്ള വ്യക്തി വി. കുര്‍ബാന അര്‍പ്പിക്കുകയോ ദിവ്യകാരുണ്യം സ്വീകരിക്കുകയോ ചെയ്യരുതെന്നും, കുമ്പസാരത്തിലൂടെ പാപമോചനം നേടിയതിനുശേഷം വി. കുര്‍ബാന സ്വീകരിക്കണമെന്നും നിയമം അനുശാസിക്കുന്നു. അതേസമയം, ഗൗരവകരമായ കാരണങ്ങള്‍ നിലനില്‍ക്കുകയും, ആഗ്രഹമുണ്ടായിരുന്നിട്ടും കുമ്പസാരിക്കാന്‍ അവസരം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കുമ്പസാരിക്കാനുള്ള തീരുമാനത്തോടെ പൂര്‍ണ്ണമായി മനസ്തപിച്ചു മാത്രമേ ദിവ്യകാരുണ്യ സ്വീകരണത്തിന് മുതിരാവൂ എന്നും നിയമം വ്യക്തമാക്കുന്നു (CCEO c. 711, CIC c. 916). തന്നിലുള്ള ഗൗരവകരമായ ഒരു പാപത്തെക്കുറിച്ച് ബോധ്യമുള്ള വ്യക്തി കുര്‍ബാന സ്വീകരണത്തിനണയുന്നതിന് മുമ്പ് കുമ്പസാരിക്കേണ്ടതാണെന്ന് സഭയുടെ സാര്‍വ്വത്രിക മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (ccc. 1385).

ചോദ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സാഹചര്യം ആദ്യം പരാമര്‍ശിച്ചതില്‍പ്പെടുന്നതാണ്. കുമ്പസാരം കൊണ്ട് പരിഹരിക്കാനാവാത്ത ജീവിത സാഹചര്യത്തില്‍ കാണപ്പെടുന്നവര്‍ വി. കുര്‍ബാന സ്വീകരിക്കുന്നതിന് പരസ്യമായ അയോഗ്യതയുള്ളവരാണ്. വിവാഹമോചനം നേടിയവര്‍ക്ക് വി. കുര്‍ബാന സ്വീകരണത്തിനണയുന്നതിന് അയോഗ്യതയുണ്ടെന്ന് മതബോധനഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനം ഗൗരവകരമായ പാപമാണെന്നും അധാര്‍മ്മികമാണെന്നും പറയുമ്പോള്‍ത്തന്നെ വിവാഹമോചനത്തിന് കാരണമായി നില്‍ക്കുന്ന വ്യക്തിയെയും പങ്കാളിയുടെ തീരുമാനത്തിന് ഇരയായി വരുന്ന വ്യക്തിയെയും തമ്മില്‍ സഭയുടെ പ്രബോധനം വേര്‍തിരിക്കുന്നുണ്ട്. വിവാഹമെന്ന കൂദാശയുടെ പവിത്രത കണക്കിലെടുക്കാതെ വിവാഹമോചനത്തിനുവേണ്ടി ആഗ്രഹിക്കുകയും, നിയമ നടപടികളിലൂടെ അത് നേടിയെടുക്കുകയും ചെയ്യുന്ന വ്യക്തി വി. കുര്‍ബാന സ്വീകരണത്തിന് അയോഗ്യനായിത്തീരുന്നു. അതേസമയം, കുഞ്ഞുങ്ങളുടെ സംരക്ഷണവും മനുഷ്യജീവന്‍റെ മഹത്വവും ഉറപ്പുവരുത്താന്‍ വിവാഹമോചനമല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത വ്യക്തി എടുക്കുന്ന തീരുമാനം ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമാണെന്നും സഭ പഠിപ്പിക്കുന്നു (ccc. 2383-2386).

കൗദാശികമായ വിവാഹത്തെ നശിപ്പിക്കുന്നതിനുവേണ്ടി ജീവിത പങ്കാളി എടുത്ത വിവാഹമോചനമെന്ന തീരുമാനത്തെ അംഗീകരിക്കാതെ, സിവില്‍ കോടതി നടപടികളിലൂടെ തീരുമാനമായിട്ടും സഭാവിവാഹത്തിന്‍റെ പവിത്രത തുടര്‍ന്നും ജീവിക്കുന്ന വ്യക്തികള്‍ വി. കുര്‍ബാന സ്വീകരണത്തിന് അയോഗ്യരാകുന്നില്ലായെന്ന് വ്യക്തമാകുന്നു.

വിവാഹമോചനം നേടി പുനര്‍വിവാഹിതരായവരാണ് കൂടുതല്‍ ഗൗരവകരമായ സാഹചര്യത്തില്‍ കാണപ്പെടുന്നത്. സിവില്‍ കോടതികളില്‍ നിന്ന് ലഭിക്കുന്ന വിവാഹമോചനത്തെ സഭ അംഗീകരിക്കുന്നില്ല. "ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ" എന്ന മിശിഹായുടെ നിയമമാണ് വിവാഹത്തിന്‍റെ അഭേദ്യതയുടെ അടിസ്ഥാനം. മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയുമനുസരിച്ച് വിവാഹിതരായവര്‍ സിവില്‍ വിവാഹമോചനം നേടിയാലും സഭാനിയമമനുസരിച്ച് വിവാഹത്തിന്‍റെ സാധുത പരിശോധിച്ച് പ്രഖ്യാപനം വരുന്നതുവരെ, സഭയുടെ മുമ്പില്‍ വിവാഹിതരായി തുടരുന്നു. അതിനാല്‍, സഭാകോടതികളുടെ അനുകൂലമായ തീരുമാനമില്ലാതെ സിവില്‍ നിയമപ്രകാരമോ, മറ്റ് മതാചാരപ്രകാരമോ പുനര്‍വിവാഹം നടത്തുന്നവര്‍ പാപകരമായ സാഹചര്യത്തില്‍ ജീവിക്കുന്നവരാണെന്ന് സഭ കരുതുന്നു. സഭ കണക്കിലെടുക്കുന്നത് അവരുടെ ആദ്യവിവാഹം മാത്രമാണ്. മറ്റുള്ളതെല്ലാം വിവാഹത്തിനു പുറമേയുള്ള അധാര്‍മ്മികമായ ലൈംഗികബന്ധമായാണ് കണക്കാക്കുന്നത്. തങ്ങളുടെ ആദ്യവിവാഹത്തെ സംബന്ധിച്ച് സഭാകോടതിയുടെ തീര്‍പ്പ് ലഭിക്കാതെ സിവില്‍ നിയമം അംഗീകരിച്ച് വിവാഹിതരായി ജീവിക്കുന്നവര്‍ സ്ഥിരമായ പരസ്യവ്യഭിചാരത്തിലാണ് ജീവിക്കുന്നതെന്ന് മതബോധനഗ്രന്ഥം പറയുന്നു (ccc. 2384).

സമാനമായ സാഹചര്യങ്ങളാണ് സഭയുടെ വിവാഹനിയമം അനുസരിക്കാതെ സിവില്‍ നിയമമനുസരിച്ച് മാത്രം വിവാഹിതരായി ജീവിക്കുന്നവരുടെയും. അതുപോലെ തന്നെ, സഭാനിയമങ്ങള്‍ക്കനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കാതെ, അതിനു വിരുദ്ധമായി അകത്തോലിക്കരുമായി വിവാഹത്തിലേര്‍പ്പെടുന്നവരുടെയും അക്രൈസ്തവരുമായി വിവാഹം നടത്തുന്നവരുടെയും സാഹചര്യവും വ്യത്യസ്തമല്ല. ഈ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ വിവാഹം സഭ അംഗീകരിക്കാത്തതിനാല്‍ അവരും മുകളില്‍ പറഞ്ഞ പാപസാഹചര്യങ്ങളില്‍ ജീവിക്കുന്നവരായാണ് സഭ കണക്കാക്കുന്നത്. ഇപ്രകാരം ക്രമരഹിതമായ വിവാഹത്തില്‍ ജീവിക്കുന്നവരെ ദിവ്യകാരുണ്യ സ്വീകരണത്തിന് പരസ്യമായ അയോഗ്യതയുള്ളവരായി സഭ കണക്കാക്കുന്നു.

ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ക്കാണ് സഭ പ്രാധാന്യം കൊ ടുക്കുന്നത്.

  1. വ്യക്തിയുടെ സ്വകാര്യമായ ആദ്ധ്യാത്മിക നന്മ,
  2. പരിശുദ്ധ കുര്‍ബാനയുടെ മഹത്വം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത,
  3. പൊതുസമൂഹത്തില്‍ ഇടര്‍ച്ച ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത. ക്രമരഹിതമായ വിവാഹത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ സഭ ഒരിക്കലും തള്ളിക്കളയുകയോ പുറത്താക്കുകയോ ചെയ്യുന്നില്ല. വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം ഒരു വ്യക്തിയെ കൗദാശിക ബന്ധത്തില്‍ നിന്ന് വിച്ഛേദിക്കുന്നു (ccc. 2390) എന്നു മാത്രം.

സഭയുടെ പ്രബോധനമനുസരിച്ച് ക്രമരഹിതമായ വിവാഹ ജീവിതം നയിക്കുന്നവര്‍ പാപത്തിന്‍റെ സാഹചര്യത്തില്‍ (state of sin) ജീവിക്കുന്നവരാണ്. ഈ സാഹചര്യം, അതായത്, ക്രമരഹിതമായ വിവാഹജീവിതം, ഒഴിവാക്കാതെ 'മേലില്‍ പാപം ചെയ്യുകയില്ലായെന്ന്' പ്രതിജ്ഞയെടുക്കാന്‍ സാധിക്കില്ല. അനുതാപത്തിന്‍റെയും ദൃഢമായ നിശ്ചയത്തിന്‍റെയും അഭാവത്തില്‍ കുമ്പസാരമെന്ന കൂദാശ ഇക്കൂട്ടര്‍ക്ക് അപ്രാപ്യമാകുന്നു. അതിനാല്‍ ദിവ്യകാരുണ്യം വിശുദ്ധിയോടെ സ്വീകരിക്കാനും സാധിക്കാതെ വരുന്നു. ക്രമരഹിതമായ വിവാഹബന്ധത്തില്‍ ജീവിക്കുന്നവര്‍ക്ക് കൂദാശകള്‍ സഭ നിഷേധിക്കുന്നു എന്നതിനെക്കാള്‍, തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യത്തില്‍ അവര്‍ കൈക്കൊണ്ട തീരുമാനം കൂദാശകളുടെ സ്വീകരണത്തില്‍ നിന്ന് അവരെ സ്വയം മാറ്റിനിര്‍ത്തുന്നു എന്നതാവും കൂടുതല്‍ ശരി. സഭാനിയമപ്രകാരം ഒരിക്കലും ക്രമപ്പെടുത്തിയെടുക്കാന്‍ സാധ്യമല്ലാത്ത ചില ക്രമരഹിതമായ വിവാഹബന്ധങ്ങളില്‍ ജീവിക്കുന്നവരുടെ വേദന മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. സഭയുടെ മാതൃസഹജമായ സമീപനം മാത്രമാണ് ഈ സാഹചര്യങ്ങളില്‍ വേദനയകറ്റാനുള്ള ഏകമാര്‍ഗ്ഗം.

Dr. Abraham Kavilpurayidathil irregular marriage people forbidden from receiving holy communion Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message