x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സുരക്ഷിതചുറ്റുവട്ട പദ്ധതി

സുരക്ഷിത ചുറ്റുവട്ട പദ്ധതിക്ക് ഒരു ആമുഖം

Authored by : Noble Thomas Parackal On 27-May-2021

2019 ഫെബ്രുവരി 21 മുതല്‍ 24 വരെ ലൈംഗികദുരുപയോഗം സംബന്ധിച്ച് വത്തിക്കാനില്‍ നടന്ന സിനഡ് ചര്‍ച്ച ചെയ്തത് സഭയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചാണ്. കാലങ്ങളായി പലവിധ കാരണങ്ങളുടെ പേരില്‍ തിരുസ്സഭ മറച്ചുവെച്ചിരുന്നതോ തള്ളിക്കളഞ്ഞതോ ആയി പൊതുജനം വിലയിരുത്തിയ സഭാജീവിതത്തിലെ ലൈംഗികദുരുപയോഗ കേസുകളെ പരസ്യമായിത്തന്നെ അഭിസംബോധന ചെയ്യാന്‍ തിരുസ്സഭ ആരംഭിച്ചിരിക്കുന്നുവെന്നതിന്‍റെ ഉറച്ച പ്രഖ്യാപനമായിരുന്നു പ്രസ്തുത സിനഡ്. സിനഡ് സമാപിപ്പിച്ചുകൊണ്ടുള്ള ബലിയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു, "ഇത്തരം മാനുഷികദൗര്‍ബല്യത്തിനും രോഗത്തിനും വിധേയപ്പെടുമ്പോള്‍, ദൈവത്താല്‍ ആത്മാക്കളുടെ രക്ഷ ഭരമേത്പിക്കപ്പെട്ടിരിക്കുന്ന സമര്‍പ്പിതര്‍, ചെകുത്താന്‍റെ ഉപകരണങ്ങളായി തീരുകയാണ് ചെയ്യുന്നത്."

ലൈംഗികതയുടെ ദുരുപയോഗം ഒരു ആഗോളപ്രശ്നമാണ്, സഭയുടേത് മാത്രമല്ല. മനുഷ്യന്‍ ഇടപെടുന്ന എല്ലായിടങ്ങളിലുമെന്നതുപോലെ തന്നെ തിരുസ്സഭയിലും ലൈംഗികമായ ദുരുപയോഗങ്ങള്‍ എന്നും ~ഒരു ധാര്‍മ്മികപ്രതിസന്ധിയായി തുടരുന്നു. ലൈംഗികതയെ സംബന്ധിച്ച ഉത്തമവും ഉദാത്തവുമായ ധാര്‍മ്മികകാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും സംഘടിതമായ സംവിധാനമെന്ന നിലയില്‍ അതിന് തിരുസ്സഭയിലെ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് തന്നെ സംഭവിക്കുന്ന ലൈംഗികമേഖലയിലുണ്ടാകുന്ന വീഴ്ചകളെ അതീവഗൗരവമായിട്ടാണ് പൊതുജനവും തിരുസ്സഭയും വീക്ഷിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവരെയും ഭിന്നശേഷിക്കാരെയും ലൈംഗികമായി ദുരുപയോഗിക്കുന്നത് കുറ്റകൃത്യവും അധാര്‍മ്മികവും മാരകമായ പാപവുമായി തിരുസ്സഭ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം ലൈംഗികദുരുപയോഗങ്ങളെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിച്ചുകൊണ്ടുതന്നെ അതിനെതിരെയുള്ള അതിശക്തമായ നിയമങ്ങളും നടപടികളും തിരുസ്സഭയില്‍ കാലാകാലങ്ങളില്‍ ഉണ്ടായിരുന്നു. ഇനിയും നിയമങ്ങളിലും നടപടികളിലും കൃത്യതയും കണിശതയും കൈവരാനുണ്ട് എങ്കിലും വലിയൊരു പരിണാമപ്രക്രിയയിലൂടെ ഈ വിഷയത്തിലുള്ള സഭയുടെ നിയമങ്ങളും നടപടിക്രമങ്ങളും കടന്നുപോയിട്ടുണ്ട് എന്നത് ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന സത്യമാണ്.

ഹ്രസ്വചരിത്രം

ക്രൈസ്തവര്‍ മാത്രമല്ല, യഹൂദരും കുട്ടികളുടെ ലൈംഗികദുരുപയോഗത്തെ ഗൗരവമായ പാപമായിട്ടാണ് കണക്കാക്കിയിരുന്നത്. ക്രൈസ്തവജീവിതത്തിന്‍റെ ആദ്യനൂറ്റാണ്ടില്‍ത്തന്നെ രൂപംകൊണ്ട ദിദാക്കെ-യില്‍ ഇത്തരം പ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത് നാം വായിക്കുന്നുണ്ട്. ക്രിസ്തുവര്‍ഷം 306-ല്‍ എല്‍വീരായില്‍ കൂടിയ സൂനഹദോസ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എന്നേക്കുമായി സഭാഭ്രഷ്ട് കല്പിച്ചതാണ് പ്രസ്തുത കുറ്റകൃത്യത്തിനെതിരേയുള്ള ആദ്യസഭാനിയമം.

റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗികമതമായി മാറിയതോടെ റോമന്‍ചക്രവര്‍ത്തിമാര്‍ സഭക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ക്രിസ്തുവര്‍ഷം 312-ല്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി സഭക്ക് നല്കിയ ആനുകൂല്യങ്ങളില്‍ പുരോഹിതര്‍ക്കെതിരെയുള്ള കേസുകള്‍ സഭാകോടതികളില്‍ മാത്രമായി നിലനിര്‍ത്താനുള്ള അനുവാദവുമുണ്ടായിരുന്നു. നാലാം നൂറ്റാണ്ടില്‍ പൗരസ്ത്യസഭകളിലെ സന്ന്യാസജീവിതം സംബന്ധിച്ച നിയമങ്ങള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ സഭാപിതാവായ കേസറിയായിലെ വി. ബേസില്‍ വളരെ കര്‍ക്കശമായ പരാമര്‍ശങ്ങള്‍ ഈ വിഷയത്തില്‍ നടത്തുന്നുണ്ട്. യുവാക്കളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗിക്കുന്ന പുരോഹിതനെയും സന്ന്യാസിയെയും പൊതുസ്ഥലത്ത് വച്ച് മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്ത് മുഖത്ത് തുപ്പുകയും ചെയ്ത ശേഷം അപ്പവും ജലവും മാത്രം കൊടുത്ത് ആറുമാസം ചങ്ങലയ്ക്കിടണമെന്നും മോചിതനായ ശേഷം ശക്തമായ മേല്‍നോട്ടത്തില്‍ ജീവിക്കാനനുവദിക്കണമെന്നും യുവാക്കളോട് സംവദിക്കാനനുവദിക്കരുതെന്നും വി. ബേസില്‍ എഴുതുന്നുണ്ട്.

ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ 533-ല്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ നിലവിലുണ്ടായിരുന്ന അഗസ്റ്റസ് സീസറിന്‍റെ നിയമങ്ങള്‍ ശരിവക്കുകയും മേല്‍പ്പറഞ്ഞപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മരണശിക്ഷവിധിക്കുകയും ചെയ്തു. സ്വവര്‍ഗ്ഗഭോഗത്തിന് ജീവനോടെ ദഹിപ്പിക്കലായിരുന്നു ചക്രവര്‍ത്തിയുടെ ശിക്ഷാരീതി.  ജസ്റ്റീനിയനു കീഴിലുണ്ടായിരുന്ന സഭയും ഇത്തരം പ്രവര്‍ത്തികളെ കഠിനമായി ശിക്ഷിക്കാനും കുറ്റക്കാരായ പുരോഹിതരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനും ആരംഭിച്ചു. പുരോഹിതര്‍ക്കുള്ള പ്രത്യേക ആനുകൂല്യം ഈ വിഷയത്തില്‍ നിലനില്ക്കുന്നില്ലായെന്ന തീരുമാനവുമുണ്ടായി.

ആറാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ സന്ന്യാസാശ്രമങ്ങളില്‍ വ്യക്തിപരമായ കുമ്പസാരരീതി ആരംഭിച്ചപ്പോള്‍ അത്തരം കുമ്പസാരങ്ങളില്‍ പാപങ്ങള്‍ക്ക് ശിക്ഷ വിധിക്കാന്‍ സഹായകമാകുന്ന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. പാപങ്ങളും അവയുടെ ശിക്ഷയും വിശദമായി വിവരിക്കുന്ന ഇത്തരം ഗ്രന്ഥങ്ങളില്‍ ലൈംഗികപാപങ്ങളുടെ ശിക്ഷകള്‍ പുരോഹിതര്‍ക്ക് അല്മായരേക്കാള്‍ കഠിനമായിരുന്നു. പൗരോഹിത്യവും സന്ന്യാസവും തടയുന്നതുമാത്രമല്ല, അവരെ ജയിലിലടക്കേണ്ടതും ഇത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷയായി ഈ ഗ്രന്ഥങ്ങള്‍ എഴുതുന്നുണ്ട്. ഈ ഗ്രന്ഥങ്ങളുടെ കാലം മുതല്ക്കാണ് ഉത്പാദനോദ്ദേശ്യമില്ലാത്ത എല്ലാ ലൈംഗികപ്രവൃത്തികളെയും കുറിക്കാന്‍ "സോദോമി" എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്.

12 മുതല്‍ 18 വരെയുള്ള നൂറ്റാണ്ടുകളില്‍ ഈ വിഷയം ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വഴി തെളിക്കുകയും കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യന്നുണ്ട്. എന്നാല്‍, 1215-ലെ നാലാം ലാറ്ററന്‍ സൂനഹദോസ് പുരോഹിതര്‍ക്ക് ഈ വിഷയത്തില്‍ സിവില്‍നിയമപരമായ ശിക്ഷകളെ അംഗീകരിക്കുകയും സഭാകോടതികളില്‍ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ തരംതാഴ്ത്തുന്ന (degrade) നടപടി ആരംഭിക്കുകയും ചെയ്തു. പ്രകൃതിവിരുദ്ധമായ പാപങ്ങളിലേര്‍പ്പെടുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അനിശ്ചിതകാലത്തേക്കുള്ള തടവും നാടുകടത്തലും കഠിനമായ ശിക്ഷകളും വിധിച്ച 1179-ലെ മൂന്നാം ലാറ്ററന്‍ സൂനഹദോസിന്‍റെ തീരുമാനങ്ങളെ മാനിച്ചുകൊണ്ടു തന്നെയായിരുന്നു അത്.

1514-ലെ അഞ്ചാം ലാറ്ററന്‍ സൂനഹദോസില്‍ പത്താം ലെയോ മാര്‍പാപ്പ, പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന വൈദികരെ കാനന്‍ നിയമമനുസരിച്ചോ സിവില്‍ നിയമമനുസരിച്ചോ ശിക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഇറ്റാലിയന്‍ ടൗണായ ലൊറേറ്റോയിലെ വൈദികനായിരുന്ന കാനന്‍ ഫോന്തിനോയെ അള്‍ത്താരബാലനെ ദുരുപയോഗിച്ച കുറ്റത്തില്‍ സഭാകോടതി തരംതാഴ്ത്തുകയും ശിരച്ഛേദം ചെയ്യാന്‍ ഭരണാധികാരികളെ അനുവദിക്കുകയും ചെയ്തു. 

1551-ലെ തെന്ത്രോസ് സൂനഹദോസ് ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന വൈദികര്‍ക്കു നേരെയുള്ള നിലപാടുകള്‍ കടുപ്പിച്ചു. അവരെ സ്ഥാനഭ്രഷ്ടരാക്കുകയും സിവില്‍ കോര്‍ട്ടുകളില്‍ വിചാരണയ്ക്കായ് വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് സൂനഹദോസ് തീരുമാനിച്ചു.  1561-ലെ പയസ് നാലാമന്‍ മാര്‍പാപ്പയുടെ Cum Sicut Nuper  എന്ന ബൂള , 1566-ലെ വി. അഞ്ചാം പിയൂസ് മാര്‍പാപ്പയുടെ Cum Primum എന്ന ചാക്രികലേഖനം , 1568-ലെ വി. അഞ്ചാം പിയൂസിന്‍റെ Horrendum Illud Scelus  എന്ന കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നിവ പതിനാറാം നൂറ്റാണ്ടിലെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട സഭാനിലപാടുകള്‍ വ്യക്തമാക്കുന്നു.

1570 മുതല്‍ 1630 വരെ സ്പാനിഷ് മതവിചാരണക്കോടതി കൈകാര്യം ചെയ്ത ആയിരത്തോളം കേസുകളില്‍ അഞ്ചിലൊന്ന് പുരോഹിതനുമായി ബന്ധപ്പെട്ടതാണ്. ആദ്യം ശിക്ഷ വിധിക്കപ്പെടേണ്ടവരുടെ നിരയിലായിരുന്നു അവര്‍.  വലന്‍സിയായില്‍ 1565 മുതല്‍ 1785 വരെ  നിരവധി വൈദികരും സമര്‍പ്പിതരും ഇത്തരം ലൈംഗികാരോപണ കേസുകളില്‍ അകപ്പെട്ടിരുന്നു.  1780-കളില്‍ വലന്‍സിയായിലും സറഗോസയിലും ഇപ്രകാരം സിവില്‍ നിയമത്തിന് ഏല്പിച്ചുകൊടുക്കപ്പെട്ട വൈദികരും സന്ന്യസ്തരും നിരവധിയായിരുന്നു. എന്നാല്‍ പിന്നീട് വൈദികര്‍ക്കും സന്ന്യസ്തര്‍ക്കുമെതിരേയുള്ള ശിക്ഷാനടപടികള്‍ വിശ്വാസികളില്‍ ഉതപ്പിന് കാരണമായതിനാല്‍ അവര്‍ക്കെതിരേയുള്ള കുറ്റകൃത്യം പരസ്യപ്പെടാത്ത ഇടങ്ങളില്‍ നടപടികളും ശിക്ഷയും രഹസ്യസ്വഭാവത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരംഭിച്ചു. എന്നാല്‍ അപ്പോഴും കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച്  കുറ്റവാളികളായ പുരോഹിതരെയും സ്യസ്തരെയും ദഹിപ്പിക്കുകയോ ചാട്ട കൊണ്ട് അടിക്കുകയോ ദീര്‍ഘകാലത്തേക്ക് കഠിനതടവിലിടുകയോ ആശ്രമങ്ങളില്‍ തന്നെ തടവിലാക്കുകയോ നിര്‍ബന്ധിത ജോലികള്‍ക്കായി അയയ്ക്കുകയോ നാടുകടത്തുകയോ ചെയ്തിരുന്നു. അങ്ങനെ 17,18 നൂറ്റാണ്ടുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന വൈദികരോടും സന്ന്യസ്തരോടുമുള്ള സഭയുടെ നിലപാട് ഇന്നത്തെ "ശൂന്യസഹിഷ്ണുത"(Zero Tolerance)യോട് എറ്റവും അടുത്ത ഒന്നായിരുന്നുവെന്ന് മനസ്സിലാക്കാം.

1842-ല്‍, ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പയുടെ ഭരണകാലഘട്ടത്തില്‍ ഇത്തരം കേസുകളിലകപ്പെടുന്ന വൈദികരെ പൂര്‍ണ്ണമായും രാജ്യത്തിന്‍റെ നിയമത്തിന് ഏല്പിച്ചുകൊടുക്കുന്നത് പ്രോത്സാഹിപ്പിച്ചില്ല. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു: 

  1. "പാഷണ്ഡികളുടെയും അബദ്ധപ്രബോധകരുടെയും മുഹമ്മദീയരുടെയും" നാടുകളില്‍ അവിടെയുള്ള അഴിമതിക്കാരായ ന്യായാധിപന്മാരെ സ്വാധീനിച്ച് കുറ്റവാളികള്‍ രക്ഷപെടാനുള്ള സാധ്യതയുണ്ട്.
  2. ഇതേ സ്വഭാവമുള്ള ന്യായാധിപന്മാരെ ശത്രുതാചിന്തയുള്ളവര്‍ സ്വാധീനിക്കാനിടയായാല്‍ നിരപരാധികളായ വൈദികരും സന്ന്യസ്തരും അന്യായമായി ശിക്ഷിക്കപ്പെടാനും ഇടയുണ്ട്.

 ഈ സാധ്യതകള്‍ മുന്നില്‍ക്കണ്ട് റോം ഇറക്കിയ ഒരു ഡിക്രിയനുസരിച്ച് ലൈംഗികാതിക്രമങ്ങള്‍ക്ക് മുതിരുന്ന വൈദികരെ സിവില്‍ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കുന്നത് നിരുത്സാഹപ്പെടുത്തി. ഒമ്പതാം പിയൂസ് മാര്‍പാപ്പയുടെ മറ്റൊരു നിര്‍ദ്ദേശമനുസരിച്ച് ഇത്തരം കേസുകളുടെ വിചാരണയും വിധിയും അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ആ നിര്‍ദ്ദേശത്തിലും, കുറ്റവാളികളായ വൈദികരെ രാജ്യത്തിന്‍റെ നിയമത്തിന് വിട്ടുകൊടുക്കുന്നതിനേപ്പറ്റി യാതൊരു സൂചനകളും ഉണ്ടായിരുന്നില്ല.

1890 ജൂലൈ 20-ന് ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ഓഫീസ് പുറപ്പെടുവിച്ച രേഖ കുമ്പസാരരഹസ്യത്തിന്‍റെ ലംഘനം വിചാരണ ചെയ്യപ്പെടേണ്ടതിന് കൂടുതല്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്കി. ഈ ഡിക്രിയുടെ നിര്‍ദ്ദേശമനുസരിച്ച് കേസിന്‍റെ തെളിവുകള്‍ മാത്രമല്ല അത്തരം ഒരു വിചാരണ നടന്നു എന്നതു പോലും രഹസ്യമായിരിക്കണം.

1917-ലെ ആദ്യത്തെ കാനന്‍ നിയമവും വശീകരണക്കുറ്റവും (Crimen  Sollicitationis)

കര്‍ദ്ദിനാള്‍ ഗസ്പാരിയുടെ നേതൃത്വത്തില്‍ കാനന്‍ നിയമത്തിന്‍റെ രൂപീകരണത്തിനായുള്ള കമ്മീഷനെ നിയമിച്ചത് 1904-ല്‍ പത്താം പിയൂസ് മാര്‍പാപ്പയാണ്. അക്കാലഘട്ടത്തില്‍ സഭ രൂപീകരിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന ഡിക്രികളെ അതുപോലെതന്നെ സ്വീകരിക്കുകയോ ഭേദഗതി ചെയ്യുകയോ നിരാകരിക്കുകയോ ആയിരുന്നു ആദ്യത്തെ കാനന്‍ നിയമത്തിന്‍റെ നിര്‍മ്മാണത്തിലെ പ്രധാന ജോലി. അതനുസരിച്ച് കമ്മീഷന്‍ മാര്‍പാപ്പാമാരായിരുന്ന ഇന്നസെന്‍റ് III , ലെയോ X , പയസ് IV, വി. പയസ് V  എന്നിവരുടെയും മൂന്ന്, നാല്, അഞ്ച് ലാറ്ററന്‍ സൂനഹദോസുകള്‍, ട്രെന്‍റ് സൂനഹദോസ് എന്നിവയുടെയും ഡിക്രികള്‍ നിരാകരിച്ചു. അതോടെ ഗൗരവതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന വൈദികരെ തരംതാഴ്ത്തി സിവില്‍ കോര്‍ട്ടുകള്‍ക്ക് വിചാരണയ്ക്കായി വിട്ടുകൊടുക്കുന്ന രീതി അവസാനിച്ചു. അത് ഔദ്യോഗികമായിത്തന്നെ എല്ലായിടത്തും നിരോധിക്കപ്പെട്ടു. വളരെ 'ഗൗരവമായ കേസുകളില്‍' മാത്രമേ കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന വൈദികരുടെ സ്ഥാനം നഷ്ടപ്പെടുത്തേണ്ടതുള്ളു എന്ന് ഈ കാനന്‍ നിയമം വ്യവസ്ഥ ചെയ്തു.

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം 1922-ല്‍ ഒമ്പതാം പിയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച സ്വകാര്യനിര്‍ദ്ദേശമാണ് വശീകരണക്കുറ്റം (Crimen  Sollicitationis). ഈ നിര്‍ദ്ദേശമനുസരിച്ച് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ കൂരിയയുടെ ആര്‍ക്കൈവ്സില്‍ അതീവരഹസ്യമായി സൂക്ഷിക്കണം. രൂപതാമെത്രാന്‍റെയോ വികാരി ജനറാളിന്‍റെയോ ചാന്‍സലറുടെയോ അനുവാദമില്ലാതെ ആര്‍ക്കും ഈ ആര്‍ക്കൈവ്സിലേക്ക് പ്രവേശനമില്ല എന്ന് കാനന്‍ നിയമം നിഷ്കര്‍ഷിക്കുന്നുമുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ പ്രസ്തുത വൈദികന്‍റെ മരണത്തിന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം കത്തിച്ചുകളയണം. അതിന്‍റെ ഒരു സംക്ഷിപ്തം മാത്രമേ സൂക്ഷിക്കേണ്ടതുള്ളു.

"കൂടുതല്‍ ഗൗരവമായ കേസുകള്‍ക്ക്" വൈദികന്‍റെ സ്ഥാനം നഷ്ടപ്പെടുത്തണമെങ്കില്‍ അദ്ദേഹത്തിന് സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ തീര്‍ത്തും ഇല്ലായെന്ന് ആദ്യം ഉറപ്പാക്കണം.  കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുകയും, സ്വവര്‍ഗ്ഗഭോഗം, മൃഗഭോഗം എന്നിവ നടത്തുകയും ചെയ്യുന്നവരെക്കുറിച്ച് സ്വകാര്യമായി ലഭിക്കുന്ന വിവരങ്ങള്‍ റോമില്‍ അറിയിക്കുകയാണ് വേണ്ടത്. അത് പരിശുദ്ധസിംഹാസനത്തിന്‍റെ സ്വകാര്യതയ്ക്ക് വിധേയമാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്ക് സഭാഭ്രഷ്ട് കല്പിക്കേണ്ടത് മാര്‍പാപ്പ വ്യക്തിപരമായിട്ടാണ്. ഉതപ്പ് ഒഴിവാക്കുക, ഒപ്പം വൈദികപട്ടം സ്വീകരിക്കുന്നതുവഴിയായി അസ്തിത്വപരമായ മാറ്റത്തിന് വിധേയനാകുന്ന വൈദികനെ വ്യത്യസ്തമായ രീതിയില്‍ വിചാരണയ്ക്ക് വിധേയനാക്കുക. എന്നീ രണ്ടു പരിഗണനകളാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ അക്കാലഘട്ടത്തിലെ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലുളള്ളത്.

ഇരുപതാം നൂറ്റാണ്ടിലെ ഈ വിഷയത്തിലുള്ള നിയമരൂപീകരണങ്ങളുടെയും ഇതരഭേദഗതികളുടെയും തുടര്‍ചരിത്രം ഒന്നാമത്തെ അദ്ധ്യായത്തില്‍ (2001-ലെ Sacramentorum Sactitatis Tutela -യുടെ ഭാഗം) വിശ്വാസതിരുസംഘത്തിന്‍റേതായി നല്കിയിട്ടുള്ളതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല. തിരുസ്സഭയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ വളരെ പ്രസക്തമായ നിയമങ്ങള്‍ ആഗോളസഭാതലത്തിലും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടേതും കേരളകത്തോലിക്കാമെത്രാന്‍സമിതിയുടേതുമായി അടുത്തനാളുകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഭാരതത്തിന്‍റെ പ്രത്യേകപശ്ചാത്തലത്തില്‍ ഭാരത-കേരള കത്തോലിക്കാ മെത്രാന്‍ സമിതികള്‍ റോമില്‍ നിന്ന് നല്കിയിട്ടുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഭാരതത്തിന്‍റെ സിവില്‍ നിയമങ്ങളും (പ്രത്യേകിച്ച്, പോക്സോ ആക്ട്, ജെ.ജെ. ആക്ട്, ജോലിസ്ഥലത്തെ ലൈംഗികചുഷണം തടയുന്നത് സംബന്ധിച്ച ബില്ല് എന്നിവ) പരിഗണനയിലെടുത്താണ് പ്രത്യേകനിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പൗരരെന്ന നിലയിലും കത്തോലിക്കരെന്ന നിലയിലും ഈ വിഷയത്തിലുള്ള സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ഒരുപോലെ മനസ്സിലാക്കിയിരിക്കേണ്ടത്  വളരെ അത്യന്താപേക്ഷിതമാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികചൂഷണം തടയുന്ന നിയമങ്ങള്‍ മാത്രമല്ല, ജോലിസ്ഥലത്തെ അധികാരദുര്‍വിനിയോഗം മൂലമുള്ളതും വേണ്ടപ്പെട്ടവരുടെ അശ്രദ്ധമൂലം സംഭവിക്കുന്നതുമായ ലൈംഗികചൂഷണങ്ങളും തടയുന്ന നിയമങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് കേരളകത്തോലിക്കാമെത്രാന്‍സമിതിയുടെയും സീറോ മലബാര്‍ സിനഡിന്‍റെയും സുരക്ഷിതചുറ്റുവട്ട പദ്ധതിയില്‍ (Safe Environment Policy) കുട്ടികളോടൊപ്പം എളുപ്പത്തില്‍ മുറിവേല്‍ക്കപ്പെടാന്‍ സാദ്ധ്യതയുള്ളവരെയും (Vulnerable adults) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സ്ഥാപനത്തിന്‍റെ അധികാരിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാപത്തിലുള്ളവരെല്ലാം എളുപ്പത്തില്‍ മുറിവേല്‍ക്കപ്പെടാന്‍ സാദ്ധ്യതയുള്ളവരാണ്.

 

(കരുതലിന്റെ കരങ്ങൾ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ നിന്ന്) 

സുരക്ഷിതചുറ്റുവട്ടം സുരക്ഷിതചുറ്റുവട്ട പദ്ധതി safe environment safe environment policy Noble Thomas Parackal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message