We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 16-Oct-2020
പ്രാരംഭകൂദാശകളും സഭാന്തരവ്യത്യാസങ്ങളും
ഞാന്‍ ലത്തീന്‍സഭയിലെ അംഗവും എന്‍റെ ഭാര്യ സീറോമലബാര്‍ സഭാംഗവുമാണ്. ഞങ്ങളുടെ ആദ്യ കുഞ്ഞിന്‍റെ മാമ്മോദീസ പ്രാദേശിക പാരമ്പര്യമനുസരിച്ച് ഭാര്യയുടെ സീറോമലബാര്‍ ഇടവകയില്‍ നടത്തി. മാമ്മോദീസയോടൊപ്പം സ്ഥൈര്യലേപനവും നല്‍കി. എന്‍റെ ഇടവകയില്‍ കുഞ്ഞിന്‍റെ മാമ്മോദീസ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ വികാരിയച്ചന്‍ ഈ സ്ഥൈര്യലേപനം അംഗീകരിക്കില്ലായെന്നു പറയുകയുണ്ടായി. എന്‍റെ സഹോദരന്‍റെ ഭാര്യയും സീറോമലബാര്‍ ഇടവകയില്‍പ്പെട്ടതാണ്. കുഞ്ഞിന്‍റെ മാമ്മോദീസ ഭാര്യയുടെ ഇടവകയില്‍ ആണ് നടത്തുന്നത്. കുഞ്ഞിന് മാമ്മോദീസ മാത്രമേ നല്‍കാവൂ എന്ന് മുന്‍കൂട്ടി മാമ്മോദീസ നല്‍കുന്ന സീറോ മലബാര്‍ അച്ചനോട് പറയണം എന്ന് വികാരിയച്ചന്‍ നേരത്തെ പറഞ്ഞുകഴിഞ്ഞു. ഇക്കാര്യത്തില്‍ എന്തുചെയ്യണം എന്ന് ഒന്നു പറഞ്ഞുതരാമോ?
പ്രാരംഭ കൂദാശകളായ മാമ്മോദീസയും സ്ഥൈര്യലേപനവും വിശുദ്ധ കൂര്‍ബാനയും (ദിവ്യകാരുണ്യം) പരികര്‍മ്മം ചെയ്യുന്നതില്‍ സഭകള്‍ പിന്തുടരുന്ന വ്യത്യസ്തതയാണ് ചോദ്യകര്‍ത്താവിന്‍റെ കുടുംബത്തില്‍ ഉടലെടുത്തിരിക്കുന്ന ആശയക്കുഴപ്പത്തിനും ബുദ്ധിമുട്ടുകള്‍ക്കും കാരണമായി നില്‍ക്കുന്നത്. വിവിധസഭകളിലെ വിശ്വാസികള്‍തമ്മില്‍ ഒന്നുചേര്‍ന്ന് വിവാഹമെന്ന കൂദാശവഴി കുടുംബം രൂപീകരിക്കുമ്പോള്‍ പലപ്പോഴും സഭകളുടെ വൈവിധ്യം ഉയര്‍ത്തുന്ന പ്രായോഗികപ്രശ്നങ്ങളിലൊന്നാണിത്. പ്രാരംഭകൂദാശകള്‍ ഒരു കുഞ്ഞിന് അഥവാ വിശ്വാസിക്കു നല്‍കുന്നതിന് വ്യത്യസ്തമായ രീതിയാണ് പൗരസ്ത്യസഭകളും ലത്തീന്‍സഭയും സ്വീകരിച്ചുവരുന്നത്. മാമ്മോദീസ, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം (വിശുദ്ധ കുര്‍ബാന) എന്നിവ ഒരുമിച്ച് കൊടുക്കുന്ന പതിവാണ് ആദിമസഭയില്‍ നിലനിന്നിരുന്ന പാരമ്പര്യം.
ആദിമസഭയില്‍ കൂടുതലും മുതിര്‍ന്നവരുടെ മാമ്മോദീസയായിരുന്നുവല്ലോ നടന്നിരുന്നത്. പ്രായപൂര്‍ത്തിയായവര്‍ പഠിച്ചൊരുങ്ങി വിശ്വാസസത്യങ്ങള്‍ ഗ്രഹിച്ച് അവ ഏറ്റുപറഞ്ഞ് മാമ്മോദീസ സ്വീകരിക്കുന്നതിനൊടൊപ്പം സ്ഥൈര്യലേപനവും വിശുദ്ധകുര്‍ബാനയും നല്‍കിയിരുന്നു. പിന്നീട് കുഞ്ഞുങ്ങളുടെ മാമ്മോദീസകൂടി നിലവില്‍ വന്നപ്പോള്‍ പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിവായശേഷം, കുമ്പസാരത്തിനുശേഷം ദിവ്യകാരുണ്യസ്വീകരണവും അതിനുശേഷം സ്ഥൈര്യലേപനവും എന്ന ആശയം സഭയില്‍ രൂപപ്പെടുകയും പാശ്ചാത്യസഭ അത് നടപ്പില്‍ വരുത്തുകയുംചെയ്തു. എന്നാല്‍, പൗരസ്ത്യസഭകള്‍ ആദിമസഭാ ശൈലി തുടരുകയാണു ചെയ്തത്. ഒരു പൗരസ്ത്യസഭയായ സീറോമലബാര്‍സഭ പാശ്ചാത്യ സഭയുമായുള്ള ബന്ധത്തില്‍ മാമ്മോദീസായും സ്ഥൈര്യലേപനവും ദിവ്യകാരുണ്യവും വ്യത്യസ്തസമയങ്ങളില്‍ നല്‍കുന്നശൈലി കുറേനാള്‍ അനുവര്‍ത്തിച്ചിരുന്നു. പൗരസ്ത്യപാരമ്പര്യമനുസരിച്ച് മൂന്ന് കൂദാശകളും ഒരുമിച്ചുനല്‍കാന്‍ സീറോമലബാര്‍സഭ മെത്രാന്‍സിനഡിന്‍റെ തീരുമാനമനുസരിച്ചാണ് ലത്തീന്‍സഭയുടെ രീതിയില്‍നിന്ന് വ്യത്യസ്തമായി പ്രാരംഭകൂദാശകള്‍ പരികര്‍മ്മംചെയ്യാന്‍ സീറോമലബാര്‍സഭയില്‍ ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രായോഗികപ്രശ്നങ്ങള്‍ ഉടലെടുത്തത്. ചോദ്യകര്‍ത്താവിന്‍റെ സാഹചര്യത്തില്‍ രൂപപ്പെട്ട കാര്യങ്ങള്‍ സഭാനിയമത്തിന്‍റെ വ്യക്തമായ ധാരണയില്‍ എളുപ്പം പരിഹരിക്കാവുന്നതാണ്.
1. മാമ്മോദീസായുടെ പരികര്‍മ്മത്തില്‍ വിശ്വാസികള്‍ അംഗമായിരിക്കുന്ന വ്യക്തിസഭയിലെ വൈദികരുടെ അവകാശത്തെ എപ്പോഴും മാനിക്കണമെന്ന് സഭാനിയമം വ്യക്തമാക്കുന്നുണ്ട് (CCEOC. 678; CICC. 862). സാധിക്കുന്നിടത്തോളം ഏതു സഭയിലാണോ കുഞ്ഞ് അംഗമാകുന്നത്, ആ സഭയിലെ വൈദികര്‍ മാമ്മോദീസ പരികര്‍മ്മം ചെയ്യുന്നതാണ് ഉചിതമെന്നര്‍ത്ഥം. ഇവിടെ മറിച്ചുചെയ്യാന്‍ കാരണമാകുന്നത് പ്രാദേശിക ആചരണങ്ങളാണ്. ആദ്യത്തെ കുഞ്ഞിന്‍റെ മാമ്മോദിസ അമ്മയുടെ ഇടവകയില്‍ നടത്തിയാലും കുഞ്ഞ് അപ്പന്‍ അംഗമായിരിക്കുന്ന ലത്തീന്‍സഭയിലെ അംഗമായിരിക്കും. സഭാനിയമം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത് ഇതുപോലുള്ള സാഹചര്യങ്ങള്‍ മുന്നില്‍കണ്ടാണ്. ഒരു കുഞ്ഞിന്‍റെ സഭയിലെ അംഗത്വം പിതാവിന്‍റെസഭയിലാണ് എന്നത് സഭയിലെ പൊതുനിയമമാണ്. അതിനാല്‍ പ്രദേശിക ആചാരങ്ങള്‍ ധാരണയോടെ തുടരാവുന്നതാണ്.
2. ലത്തീന്‍ സഭാനിയമമനുസരിച്ച് സ്ഥൈര്യലേപനം തിരിച്ചറിവിന്‍റെ പ്രായത്തിലാണ് നല്‍കുന്നത്(CICC. 891). അത് പരികര്‍മ്മം ചെയ്യുന്നത് രൂപതാധ്യക്ഷനോ, ആ സ്ഥാനത്തിന് തുല്യമായി നില്‍ക്കുന്ന വ്യക്തികളോ, പ്രത്യേക അംഗീകാരം രൂപതാധ്യക്ഷനില്‍നിന്ന് ലഭിച്ചവരോ ആണ് (CICC. 883). എന്നാല്‍, പൗരസ്ത്യനിയമമനുസരിച്ച് മാമ്മോദീസായോടുകൂടിയാണ് തൈലാഭിഷേകം നടത്തുന്നത് (CC EO C. 695). വൈദികന് ഈ കൂദാശ പരികര്‍മ്മം ചെയ്യാവുന്നതാണ് (CC EO C.694). ഇതാണ് പൊതുനിയമം.
3. ചോദ്യകര്‍ത്താവിന്‍റെ കുഞ്ഞിന് സീറോമലബാര്‍ക്രമത്തില്‍ കുഞ്ഞിന്‍റെ അമ്മയുടെ ഇടവകയില്‍വച്ച് നല്‍കിയ സ്ഥൈര്യലേപനം അംഗീകരിക്കില്ല എന്ന നിലപാട് പരിശോധിക്കാം. പൗരസ്ത്യസഭാനിയമം ഇക്കാര്യം വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്. ലത്തീന്‍സഭയുള്‍പ്പെടെ ഏതൊരു സ്വയാധികാരസഭയിലെയും വിശ്വാസികള്‍ക്ക് മാമ്മോദീസായോടുകൂടിയോ അല്ലാതെയോ ഈ കൂദാശ സാധുവാക്കി പരികര്‍മ്മംചെയ്യാന്‍ പൗരസ്ത്യസഭകളിലെ എല്ലാ വൈദികര്‍ക്കും സാധിക്കും. മാത്രമല്ല, പ്രത്യേക അനുവാദം ലഭിച്ചിട്ടുള്ള ലത്തീന്‍സഭാ വൈദികരില്‍നിന്ന് പൗര്യസ്ത്യസഭകളിലെ വിശ്വാസികള്‍ ഈ കൂദാശ (തൈലാഭിഷേകം/സ്ഥൈര്യലേപനം) സാധുവായി സ്വീകരിക്കുന്നു(CCEO C.696 $$2-3). ലത്തീന്‍സഭയ്ക്കുകൂടി ബാധകമായ ഈ നിയമമനുസരിച്ച്, സീറോ മലബാര്‍ വൈദികര്‍ കൊടുക്കുന്ന സ്ഥൈര്യലേപനത്തിന്‍റെ സാധുത ഒരിക്കലും ചോദ്യംചെയ്യാനാകില്ല. അതിനാല്‍ ആ കുഞ്ഞിന് ഒരു കാരണവശാലും രണ്ടാമത് സ്ഥൈര്യലേപനം നല്‍കാന്‍ പാടില്ല (CICC 889$1).
4. ചോദ്യകര്‍ത്താവിന്‍റെ സഹോദരന്‍റെ കുഞ്ഞിന് മാമ്മോദീസ മാത്രമേ നല്‍കാവൂ എന്ന് ലത്തീന്‍ സഭയിലെ വികാരിയച്ചന്‍ പറയുന്നത് അനുസരിക്കാന്‍ കുഞ്ഞിന്‍റെ അമ്മയുടെ ഇടവക വികാരിയായ സീറോമലബാര്‍ വൈദികന്‍ ബാധ്യസ്ഥനാണോ? ബാധ്യസ്ഥനാണ് എന്നുതന്നെയാണ് ഉത്തരം. മരണകരമായ സാഹചര്യത്തിലായ കുഞ്ഞിന് മാമ്മോദീസ നല്‍കുന്നതെങ്കില്‍ തൈലാഭിഷേകം നല്‍കാതിരിക്കുന്നതാണ് ഉചിതമെന്ന് നിയമം പറയുന്നു. "ഏതൊരു വൈദികനും തന്‍റെ സ്വയാധികാര സഭയിലെ വിശ്വാസികള്‍ക്കുവേണ്ടി മാത്രമേ ഈ കൂദാശ (തൈലാഭിഷേകം/സ്ഥൈര്യലേപനം) പരികര്‍മ്മം ചെയ്യാവൂ. ഇക്കാര്യത്തില്‍ സ്വയാധികാര സഭകള്‍ തമ്മില്‍ നടപ്പിലാക്കിയിട്ടുള്ള ഉടമ്പടികള്‍ എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടേണ്ടതാണ്. (CCEO C.696$3)."
ഓരോ സഭയുടെയും പാരമ്പര്യവും ബഹുമാനിക്കപ്പെടേണ്ടതാണ്. സഭാനിയമങ്ങള്‍ കൃത്യമായി അറിയിക്കാനുള്ള കടമ വൈദികര്‍ക്കുണ്ട്. സഭാനിയമവും നിയമത്തിന്‍റെ ചൈതന്യവും (spirit of the law) വൈദികര്‍ക്ക് വ്യക്തമാകുമ്പോള്‍ സാധാരണ വിശ്വാസികളുടെ ജീവിതം ദുഷ്കരമാവുന്നത് ഒഴിവാക്കാന്‍ സാധിക്കും. സഭകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കാണിക്കുന്നതിനു പകരം ഓരോ സഭയുടെയും ആത്മീയ സമ്പന്നതയെ മനസിലാക്കാനുള്ള അവസരമായി ഇത്തരം സാഹചര്യങ്ങള്‍ മാറണം.
Dr. Abraham Kavilpurayidathil Initial Sacraments and Interright Differences inter rites sacraments of initiation in syro-malabar and latin rites Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206