x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സുരക്ഷിതചുറ്റുവട്ട പദ്ധതി

സുരക്ഷിതചുറ്റുവട്ടങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

Authored by : Kerala Catholic Bishops' Conference On 28-May-2021

സുരക്ഷിതചുറ്റുവട്ടങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

കുട്ടികള്‍ക്കും നിരാലംബര്‍ക്കും പരിചരണം നല്കുന്ന സഭാസ്ഥാപനങ്ങളിലെ ശുശ്രൂഷകര്‍ക്കുള്ള കെ.സി.ബി.സി.-യുടെ നിര്‍ദ്ദേശങ്ങള്‍:


I. ആമുഖം
കുട്ടികള്‍ക്കും നിരാലംബര്‍ക്കും പരിചരണവും ശ്രദ്ധയും നല്കുന്ന സഭാസ്ഥാപനങ്ങളിലെ ശുശ്രൂഷകര്‍ക്ക് ഓരോ രൂപതയും പ്രത്യേകനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്ന ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചും, സഭയില്‍ സുരക്ഷിതമായ ചുറ്റുവട്ടങ്ങള്‍/ പരിസ്ഥിതി ഉറപ്പാക്കുന്നതിനുമായി ഇത്തരം സ്ഥാപനങ്ങളിലെ ശുശ്രൂഷകര്‍ക്ക് കേരളകത്തോലിക്കാ മെത്രാന്‍ സമിതി നല്കുന്ന നിര്‍ദ്ദേശങ്ങള്‍:


II. പശ്ചാത്തലം/ അടിസ്ഥാനതത്വങ്ങള്‍


1. നമ്മുടെ വൈദികമന്ദിരങ്ങളും പള്ളികളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രത്യേകപരിചരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളും കത്തോലിക്കാസംഘടനകളും എല്ലാവര്‍ക്കും സാന്ത്വനവും ആശ്വാസവും നല്കുന്ന ഇടങ്ങളാണ്.                                                 
2. കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍പ്പിക്കപ്പെടുന്ന (vulnerable) മുതിര്‍ന്നവരെയും ലൈംഗികചൂഷണത്തിനും ലൈംഗികദുരുപയോഗത്തിനും വിധേയമാക്കുന്നത് നീചമായ കുറ്റകൃത്യവും മാരകമായ പാപവുമാണ്.                                                      
3. കേരളത്തിലെ വിശ്വാസസമൂഹത്തെ സുരക്ഷിതമായ ചുറ്റുപാടുകളില്‍ പരിപാലിക്കുന്നതിനുള്ള നമ്മുടെ പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ നിര്‍ദ്ദേശങ്ങള്‍.                                                                                                                                                              
4. 2012-ലെ പോക്സോ ആക്ടും 2015 ഒക്ടോബര്‍ 1-ന് സി.ബി.സി.ഐ. പുറപ്പെടുവിച്ച "കുട്ടികളുടെ ലൈംഗികദുരുപയോഗകേസുകളുടെ നടപടിക്രമങ്ങള്‍" എന്ന രേഖയും ഒപ്പം ക്രൈസ്തവമൂല്യങ്ങളും ധാര്‍മ്മികതയും അടിസ്ഥാനപ്പെടുത്തിയാണ് ഇത് രൂപം കൊടുത്തിരിക്കുന്നത്.                                                                                                                            
5. ഈ നിര്‍ദ്ദേശങ്ങളുടെ ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
a. നമ്മുടെ രൂപതകളിലെ വിശ്വാസസമൂഹങ്ങളില്‍ കുട്ടികള്‍ക്കും എളുപ്പത്തില്‍ മുറിവേല്ക്കുന്നവര്‍ക്കും സുരക്ഷിതവും സുഭദ്രവുമായ ഒരു പരിസരം പ്രദാനം ചെയ്യുക.
b. ഏതു തരത്തിലുമുള്ള ലൈംഗികദുരുപയോഗത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും അവരെ സംരക്ഷിക്കുക.
c. ഏതു തരത്തിലുള്ള ലൈംഗികഅതിക്രമവും കൈയ്യേറ്റവും സഭാധികാരികള്‍ക്കും സിവില്‍ അധികാരികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുക.
d. ഇരയുടെയും കുടുംബത്തിന്‍റെയും അവരുള്‍പ്പെടുന്ന സഭാകൂട്ടായ്മയുടെയും ആത്മീയവും ഭൗതികവും വൈകാരികവുമായ തലങ്ങളെ അഭിസംബോധന ചെയ്യുക.
e. വൈദികര്‍ക്കും തൊഴിലാളികള്‍ക്കും സന്നദ്ധസേവകര്‍ക്കും നേരെയുണ്ടാകാനിടയുള്ള തെറ്റായ ആരോപണങ്ങളെ അഭിസംബോധന ചെയ്യുക.                                                                                                                                                                        
6. ഈ രേഖ പ്രകടിപ്പിക്കുന്ന കെ.സി.ബി.സി.-യുടെ പ്രത്യേക പരിഗണനകള്‍:
a. കുട്ടികളുടെയും എളുപ്പത്തില്‍ മുറിവേല്ക്കുന്ന മുതിര്‍ന്നവരുടെയും നേര്‍ക്കുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും നേരെ ശൂന്യസഹിഷ്ണുത (Zero tolerance) പ്രദര്‍ശിപ്പിക്കുക.
b. മുന്‍കരുതലുകളെന്ന സുപ്രധാനഘടകത്തെ അഭിസംബോധന ചെയ്യുക.
c. കുറ്റക്കാര്‍ക്കെതിരേ അവശ്യംവേണ്ട സഭാപരമായ നടപടികള്‍ എടുക്കുക.
d. നിയമം അനുശാസിക്കുന്നതനുസരിച്ച് കുട്ടികള്‍ക്കും എളുപ്പത്തില്‍ മുറിവേല്ക്കുന്ന മുതിര്‍ന്നവര്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ സിവില്‍ അധികാരികളെ അറിയിക്കുന്നുണ്ട് എന്നുറപ്പാക്കുക.
e. കരുണയോടും ശ്രദ്ധയോടും കൂടെ ലൈംഗികാത്രികമങ്ങളുടെ ഇരകളോട് സംവദിക്കുക.
f. ലൈംഗികാതിക്രമകേസുകള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളടക്കമുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുക.


III. വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥം


7. ഈ നിര്‍ദ്ദേശത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥം:
a. Minor: 18 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് 'Minor' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.
b. Vulnerable adult: ശാരീരികമായോ മാനസികമായോ വൈകാരികമായോ ന്യൂനതകളനുഭവിക്കുന്നവര്‍ - അത് ദീര്‍ഘകാലമായിട്ടായാലും ഹ്രസ്വകാലമായിട്ടായാലും - അല്ലെങ്കില്‍, മുതിര്‍ന്നവര്‍ പ്രവര്‍ത്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരുമായ എല്ലാവരെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവര്‍ (vulnerable) എന്നര്‍ത്ഥമാക്കുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും കുമ്പസാരത്തിനുമായി വരുന്ന ആരെയും അവരുടെ ആ സമയത്തെ മാനസികവും വൈകാരികവും മനഃശാസ്ത്രപരവുമായ നില പരിഗണിച്ച് ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്.
c. Church Personnel: വൈദികര്‍, അല്‍മായരായ തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, സമര്‍പ്പിതര്‍ (സ്ത്രീകളും പുരുഷന്മാരും), സെമിനാരിക്കാര്‍ എന്നിവരെയാണ് സഭാസ്ഥാനി എന്ന് വിളിക്കുന്നത്.
d. Sexual Offences: ലൈംഗികാതിക്രമം, ലൈംഗികദുരുപയോഗം, ലൈംഗികപെരുമാറ്റം എന്നിവ 2012-ലെ പോക്സോ ആക്ടില്‍ പറഞ്ഞിരിക്കുന്ന ഏതുതരം ലൈംഗികകുറ്റകൃത്യവുമാകാം.
e. Safe environment Director: രൂപതയോ മെത്രാനോ സുരക്ഷിത പരിസ്ഥിതി പദ്ധതി രൂപതയില്‍ നടപ്പിലാക്കാന്‍ വേണ്ടി നിയമിക്കുന്ന വ്യക്തി. ഈ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ രൂപതയില്‍ നടപ്പില്‍ വരുത്താനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനായിരിക്കും.
f. Safe Environment Committee: സുരക്ഷിത പരിസ്ഥിതി പദ്ധതി നടപ്പിലാക്കാന്‍ നിയമിതനായ ഡയറക്ടറെ സഹായിക്കുന്നതിന് മെത്രാനോ രൂപതയോ നിയമിക്കുന്ന കമ്മിറ്റി.
V. സുരക്ഷിത പരിസ്ഥിതി പരിശീലനം
രൂപതയിലെ വൈദികര്‍ക്കും ജോലിചെയ്യുന്നവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും കാലാകാലങ്ങളില്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്കണം. സുരക്ഷിത പരിസ്ഥിതിക്കു വേണ്ടിയുള്ള കമ്മിറ്റിയും ഡയറക്ടറുമായിരിക്കും ഇതിന് മുന്‍കൈയെടുക്കേണ്ടത്. ഈ നിര്‍ദ്ദേശത്തിന്‍റെ പകര്‍പ്പ് ഓരോ പരിശീലനാര്‍ത്ഥിക്കും നല്കേണ്ടതാണ്.


V. പെരുമാറ്റരീതി
1. സഭാസ്ഥാനികള്‍ കുട്ടികളുടെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരുടെയും ലൈംഗികാതിക്രമ കേസുകള്‍ പരാമര്‍ശിക്കുന്നതോ തടയുന്നതോ ആയ സിവില്‍ നിയമങ്ങള്‍, കാനന്‍ നിയമം, തൊഴിലധിഷ്ഠിതവും ധാര്‍മ്മികവുമായ മറ്റ് നിയമങ്ങള്‍ എന്നിവയോട് വിശ്വസ്തരായിരിക്കണം.                                                                                                                                    
2. സഭാസ്ഥാനികള്‍ കുട്ടികള്‍ക്കും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവര്‍ക്കും സുരക്ഷിതമായ ഒരു ചുറ്റുപാട് ഒരുക്കാന്‍ പരിശ്രമിക്കണം. അത് ന്യായവും വേര്‍തിരിവുകള്‍ സൃഷ്ടിക്കാത്തതും എല്ലാത്തരം ലൈംഗികദുരുപയോഗങ്ങളില്‍ നിന്ന് മുക്തവും അവരുടെ വ്യക്തിപരമായ സുരക്ഷിതത്വും മഹത്വവും ഉറപ്പിക്കുന്നതുമായിരിക്കണം.                                                                     
3. സഭാസ്ഥാനികള്‍ കുട്ടികളുടെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരുടെയും സാന്നിദ്ധ്യത്തില്‍ ലൈംഗികപ്രദര്‍ശകവും ധാര്‍മ്മികമായി അനുയോജ്യമല്ലാത്തതുമായ യാതൊന്നും കാണുവാനോ കാണിക്കുവാനോ പാടുള്ളതല്ല. മാസികകള്‍, ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, ചലച്ചിത്രങ്ങള്‍, ശബ്ദരേഖകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍, കമ്പ്യൂട്ടര്‍/വീഡിയോ ഗെയിമുകള്‍, അച്ചടിച്ച മറ്റുവസ്തുക്കള്‍ എന്നിവ ഇതില്‍പ്പെടും.                                                                                                                                                                                    
4. സഭാസ്ഥാനികള്‍ കുട്ടികളുടെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരുടെയും മുമ്പില്‍ ലൈംഗികച്ചുവയുള്ള തമാശകള്‍ പറയാനോ സംഭാഷണങ്ങള്‍ നടത്താനോ പാടില്ല.                                                                                                                    
5. സഭാസ്ഥാനികള്‍ ശാരീരികമോ മാനസികമോ മനശാസ്ത്രപരമോ ആയി എഴുത്തിലൂടെയോ വാക്കിലൂടെയോ, ജോലിക്കാരോടോ സന്നദ്ധപ്രവര്‍ത്തകരോടോ ഇടവകാംഗങ്ങളോടോ അതിക്രമം (harassment) കാണിക്കാന്‍ പാടില്ല. ഇത്തരം അതിക്രമം മറ്റ് സഭാസ്ഥാനികളില്‍ നിന്നുണ്ടായാല്‍ അത് അവഗണിക്കാനും പാടില്ല. ഈ അതിക്രമം താഴെപ്പറയുന്ന എല്ലാ പെരുമാറ്റങ്ങളും -എന്നാല്‍ അവ മാത്രമല്ല- ഉള്‍ക്കൊള്ളുന്നു:
a. ശാരീരികമോ മാനസികമോ ആയ ദുരുപയോഗം
b. സ്വാഗതാര്‍ഹമല്ലാത്ത ലൈംഗികചേഷ്ടകള്‍, സ്പര്‍ശനം
c. ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍, തമാശകള്‍              
d. തൊഴിലിനോ ജോലിക്കയറ്റത്തിനോ ഇതരസൗകര്യങ്ങള്‍ക്കോ മറ്റോ വേണ്ടി ലൈംഗികാഭ്യര്‍ത്ഥന നടത്തുന്നത്.                                    
6. പ്രായത്തില്‍ മുതിര്‍ന്നവര്‍ തങ്ങള്‍ ശുശ്രൂഷ നല്കുന്ന കുട്ടികളോടും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരോടുമുള്ള ബന്ധത്തില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ പാലിക്കണം. ഉദാഹരണത്തിന്:
a. മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ അമിതമായ പരിചയവും അടുപ്പവും അനുവദനീയമല്ല.
b. മുതിര്‍ന്നവര്‍ കുട്ടികളോട് കളിക്കൂട്ടുകാരെപ്പോലെയോ സുഹൃത്തുക്കളെപ്പോലെയോ ഇടപെടാന്‍ പാടില്ല.
c. ഒരു കുട്ടിക്കോ കുട്ടികള്‍ക്കോ അവരോട് പ്രത്യേകബന്ധം തോന്നിപ്പിക്കുന്ന രീതിയില്‍ അമിതമായ പ്രാധാന്യവും പ്രത്യേകപരിചരണവും നല്കാന്‍ പാടില്ല.                                                                                                                                                            
7. മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ശാരീരികമായി സ്പര്‍ശനം സാധ്യമാകുന്ന സാഹചര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശാരീരികമായ ഇത്തരം സ്പര്‍ശനങ്ങള്‍ വളരെ കര്‍ശനമായി പരിമിതപ്പെടുത്തണം. അനുയോജ്യമല്ലാത്ത യാതൊരുവിധ സ്പര്‍ശനത്തിനും കുട്ടിികള്‍ വിധേയരാകുന്നില്ലെന്ന് മുതിര്‍ന്നവര്‍ ഉറപ്പാക്കണം. ശാരീരികമായ ഇത്തരം സ്പര്‍ശനങ്ങള്‍ പൂര്‍ണ്ണമായും അലൈംഗികവും കുട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ പിന്നീട് കുറ്റമാരോപിക്കാന്‍ കഴിയുംവിധത്തിലുള്ളതല്ലെന്നും ഉറപ്പാക്കേണ്ടതാണ്.                                                                                                                                 
8. കുട്ടികളോടും എളുപ്പത്തില്‍ മുറിവേല്‍ക്കാവുന്ന മുതിര്‍ന്നവരോടുമൊപ്പം ജോലി ചെയ്യുമ്പോള്‍ സഭാസ്ഥാനികര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കണം:
a. കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെയോ മാതാപിതാക്കള്‍ ഏല്പിച്ച മറ്റു മുതിര്‍ന്നവരുടെയോ കൂടെയല്ലാതെ ഒരിക്കലും വൈദികമന്ദിരങ്ങളിലും വൈദികരുടെ മറ്റ് വാസസ്ഥലങ്ങളിലും താമസിക്കുവാന്‍ പാടുള്ളതല്ല.
b. ഒരു സഭാസ്ഥാനിയോടൊപ്പം ഒരു കുട്ടി ഒരിക്കലും ഒരു താമസസ്ഥലത്തോ ഉറങ്ങുന്ന ഇടങ്ങളിലോ ലോക്കര്‍ റൂമിലോ വിശ്രമസ്ഥലത്തോ വസ്ത്രം മാറുന്ന സ്ഥലത്തോ മറ്റ് അടഞ്ഞ മുറികളിലോ ഒറ്റപ്പെട്ട ഇടങ്ങളിലോ ആയിരിക്കാന്‍ പാടില്ല.
c. കുട്ടികള്‍ക്ക് ശാരീരികമായ ശിക്ഷണം നല്കാന്‍ പാടില്ല. ശാരീരികശിക്ഷകളും സ്വീകാര്യമല്ല. കുട്ടികളുടെ പെരുമാറ്റപ്രശ്നങ്ങളും മറ്റും അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളു.
d. ഒരു കുട്ടിയുമായി മാത്രമുള്ള രാത്രിയാത്രകള്‍ പാടില്ല.
e. കുട്ടികള്‍ വിവസ്ത്രരായിരിക്കുമ്പോഴോ വസ്ത്രം ധരിക്കുമ്പോഴോ അവരുടെ ഫോട്ടോകള്‍ എടുക്കരുത്.                                                   
9. ഒരു കുട്ടിയെ ആരെങ്കിലും (മുതിര്‍ന്നവരോ കുട്ടികളോ) ദുരുപയോഗം ചെയ്യുന്നതായി ഒരു സഭാസ്ഥാനി കണ്ടാല്‍ ഉടനെ തന്നെ ഇടപെടുകയും ആവശ്യമായ നടപടികളെടുത്ത് കുട്ടിക്ക് സുരക്ഷിതപരിസ്ഥിതി നല്കുകയും വേണം.                                                           
10. ഒരു സഭാസ്ഥാനി ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നതായി അറിയാന്‍ ഇടയാകുന്നവര്‍ (ഇരകളാകുന്നവര്‍, അവരുടെ മാതാപിതാക്കന്മാര്‍, മറ്റു ബന്ധപ്പെട്ടവര്‍) ഉടനെ തന്നെ രൂപതയെയും സുരക്ഷിതപരിസ്ഥിതി ഡയറക്ടറെയും വിവരമറിയിക്കണം.             
11. കുട്ടികളെയും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പരിശീലനം സിദ്ധിച്ചവരും തിരഞ്ഞെടുത്തവരുമായ മുതിര്‍ന്നവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാന്‍ സന്നിഹിതരായിരിക്കണം.                                                                                                                                                                      
12. ദേവാലയത്തിലും സ്കൂളിലും മറ്റിടങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള എല്ലാ സൗകര്യങ്ങളും നിരീക്ഷിക്കപ്പെടണം.                                                                                                                                                                                
13. മാതാപിതാക്കളോ സംരക്ഷകരോ എഴുതി ആവശ്യപ്പെട്ടാലല്ലാതെ അപരിചിതരുടെ കൂടെ കുട്ടികളെ പറഞ്ഞയക്കരുത്.                        
14. പള്ളിയോ സ്കൂളോ മറ്റു സ്ഥാപനങ്ങളോ വാടകക്കോ പാട്ടത്തിനോ എടുത്തിരിക്കുന്നതും മേല്പറഞ്ഞ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഓടുന്നതുമായ വാഹനങ്ങളില്‍ നിയമപരമായ എല്ലാ രേഖകളുമുള്ളവരും കഴിവു തെളിയിച്ചവരുമായ ഡ്രൈവര്‍മാരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ.                                                                                                                                                              
15. സഭാസ്ഥാനികള്‍ പോക്സോ ആക്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ സിവില്‍ അധികാരികളെ അറിയിക്കുന്നത് സംബന്ധിച്ച് ബോദ്ധ്യമുള്ളവരായിരിക്കണം:
a. സഭാസ്ഥാനികള്‍ ലൈംഗികാതിക്രമങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനും സിവില്‍ അധികാരികളുടെ അന്വേഷണങ്ങളോട് സഹകരിക്കുവാനും കടപ്പെട്ടിരിക്കുന്നു.
b. കുട്ടികള്‍ക്കും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവര്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള കമ്മീഷനെക്കുറിച്ച് അറിവുള്ളവര്‍ ഇത്തരം വിവരങ്ങള്‍ സുരക്ഷിത പരിസ്ഥിതി ഡയറക്ടറെയും നിയമം അനുശാസിക്കുന്ന സിവില്‍ അധികാരിയെയും അറിയിക്കേണ്ടതാണ്.                                                                                             
16. 2015 ഒക്ടോബര്‍ 1-ന് സി.ബി.സി.ഐ. നടപ്പില്‍വരുത്തിയ "കുട്ടികളുടെ ലൈംഗികദുരുപയോഗം സംബന്ധിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍" അനുസരിച്ചാണ് കുട്ടികള്‍ക്കും എളുപ്പത്തില്‍ മുറിവേല്‍ക്കുന്ന മുതിര്‍ന്നവര്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അധികാരികളെ അറിയിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും രൂപതകള്‍ പ്രവര്‍ത്തിക്കേണ്ടത്.                                                                                                                                                                                                                                                                             
(നടപടിക്രമങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ് എന്നു പറഞ്ഞാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവസാനിക്കുന്നത്. മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ് ജോസ് പൊരുന്നേടത്തിന്‍റെ മേല്‍നോട്ടത്തില്‍ രൂപപ്പെടുത്തിയ നടപടിക്രമങ്ങള്‍ അനുബന്ധത്തില്‍ ചേര്‍ത്തിരിക്കുന്നു. പേജ് 239)


NB: കത്തോലിക്കാസഭയുടെ സുരക്ഷിത ചുറ്റുവട്ട പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേകശ്രദ്ധ നല്കേണ്ട പോക്സോ നിയമത്തിലെ ചില വകുപ്പുകള്‍:


a. 1973-ലെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളില്‍ യാതൊന്നും ഉപേക്ഷിക്കാതെ തന്നെ, ഏതൊരു വ്യക്തിയും (കുട്ടിയുള്‍പ്പെടെ) ഈ നിയമത്തിനു കീഴില്‍ വരുന്ന തരത്തില്‍ ഒരു കുറ്റകൃത്യം നടക്കാനിടയുണ്ട് എന്നോ നടന്നു എന്നോ സംശയിക്കുന്നുണ്ടെങ്കില്‍ ആ വിവരം മ) സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനെയോ യ) ലോക്കല്‍ പോലീസിനെയോ അറിയിക്കേണ്ടതാണ് (19.(1)POCSO Act,2012).
b. സെക്ഷന്‍ 19.1-നോ സെക്ഷന്‍ 20-നോ കീഴില്‍ വരുന്ന ഒരു കുറ്റകൃത്യം കമ്മീഷനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്ന വ്യക്തിയും സെക്ഷന്‍ 19.2 അനുസരിച്ച് അത് റിക്കോര്‍ഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വ്യക്തിയും ആറുമാസം തടവോ അല്ലെങ്കില്‍ പിഴയോ അതുമല്ലെങ്കില്‍ തടവും പിഴയുമൊരുമിച്ചോ ലഭിക്കുന്ന വിധം ശിക്ഷിക്കപ്പെടുന്നതാണ് (21(1) POCSO Act,2012,2012).
c. ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിന്‍റെയോ അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തി (ഏതു പേരില്‍ വിളിക്കപ്പെട്ടാലും) സെക്ഷന്‍ 19.1 അനുസരിച്ച് തനിക്കു കീഴില്‍ വരുന്ന വ്യക്തികളുടെ മേല്‍പ്പറഞ്ഞതരം കുറ്റകൃത്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ വീഴ്ചവരുത്തിയാല്‍ ഒരുവര്‍ഷത്തോളം നീളുന്ന തടവിനോ പിഴക്കോ ശിക്ഷിക്കപ്പെടും (21(2) POCSO Act,2012,2012).
d. സെക്ഷന്‍ 19.1 അനുസരിച്ച് ഇത്തരം വിവരങ്ങള്‍ സദുദ്ദേശത്തോടെ കൈമാറുന്ന ഒരു വ്യക്തിക്കും സിവിലോ ക്രിമിനലോ ആയ യാതൊരു തുടര്‍ബാധ്യതകളും ഉണ്ടായിരിക്കുന്നതല്ല (19(7) POCSO Act,2012,2012).
e. ഏതെങ്കിലുമൊരു വ്യക്തിക്കെതിരായി വകുപ്പുകള്‍ 3,4,5,7,9 എന്നിവയുടെ അടിസ്ഥാനത്തില്‍ അയാളെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനുമായി വ്യാജമായി പരാതി നല്കുകയോ തെറ്റായ വിവരങ്ങള്‍ നല്കുകയോ ചെയ്യുന്ന ഏതൊരാളും ആറുമാസം നീണ്ടു നില്ക്കുന്ന തടവിനോ പിഴക്കോ അല്ലെങ്കില്‍ തടവും പിഴയുമൊരുമിച്ച് ലഭിക്കുംവിധമോ ശിക്ഷിക്കപ്പെടുന്നതാണ് (22(1) POCSO Act,2012,2012).

KCBC safe environment programme safe environment policy guide lines for safe environment Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message