We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 21-Sep-2020
ചില പള്ളികളിലെങ്കിലും കുര്‍ബാനയെക്കാള്‍ കൂടുതല്‍ പ്രാധാന്യം നൊവേനകള്‍ക്കു നല്‍കുന്നതായി കാണുന്നു. ഈ പ്രവണത ശരിയാണോ?
ചിലയിടങ്ങളില്‍ നൊവേനകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. ഈ പ്രവണത തെറ്റല്ലേ? ഇത് നിയന്ത്രിക്കേണ്ടതല്ലേ?
നൊവേനയ്ക്ക് പ്രാധാന്യം ശരിയോ തെറ്റോ?
അനുദിന സഭാജീവിതത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ് ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്നത്. ചോദ്യത്തില്‍ത്തന്നെ ഒരു കാര്യം വ്യക്തമാകുന്നുണ്ട്. വി. കുര്‍ബാനയെക്കാള്‍ നൊവേനകള്‍ക്കും മറ്റ് പ്രാര്‍ത്ഥനകള്‍ക്കും പ്രാധാന്യം നല്‍കുന്ന പതിവും നൊവേനകള്‍ മാര്‍ക്കറ്റ് ചെയ്യുന്ന പതിവും സഭയില്‍ വ്യാപകമല്ല. എന്നാല്‍ ചിലയിടങ്ങളില്‍ അത് നിയന്ത്രണരേഖ കടക്കുന്നു. തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയാണ് ചോദ്യകര്‍ത്താവ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഈ ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന കാഴ്ചപ്പാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ഒരു വിശ്വാസിയുടെ ആദ്ധ്യാത്മിക ജീവിതയാത്രയില്‍ വി. കുര്‍ബാനയ്ക്കും വിശുദ്ധരോടുള്ള വണക്കത്തിനുമുള്ള ശരിയായ സ്ഥാനമെന്താണ് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടുപിടിക്കേണ്ടത്. ഓരോന്നിനും അര്‍ഹമായ പ്രാധാന്യം നല്‍കുമ്പോഴാണ് 'ഭക്തി' ദൈവാനുഭവത്തിലേയ്ക്കും തുടര്‍ന്ന് പ്രായോഗിക കര്‍മ്മമണ്ഡലത്തിലേയ്ക്കും ശരിയായ വിധത്തില്‍ വ്യാപിക്കുന്നത്. സഭാനിയമത്തില്‍ വി. കുര്‍ബാനയെക്കുറിച്ച് പറയുന്നത് ഇവിടെ പ്രസക്തമാണ്. വിശുദ്ധ കുര്‍ബാനയെന്ന കൂദാശ അന്ത്യഅത്താഴത്തിന്‍റെയും കര്‍ത്താവിന്‍റെ കുരിശിലെ ബലിയുടെയും സമ്യക്കും പ്രതീകാത്മകവുമായ പുനരാവിഷ്ക്കരണമാണ്. ബലിയും വിരുന്നുമായ ഈ കൂദാശ ക്രിസ്തുവിന്‍റെ ശരീരമായ സഭയെ പടുത്തുയര്‍ത്തുന്നു (CCEO c. 698).
വി. കുര്‍ബാന ക്രൈസ്തവ ജീവിതത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചോ വി. കുര്‍ബായുടെ ദൈവശാസ്ത്രത്തെക്കുറിച്ചോ ഇവിടെ പ്രതിപാദിക്കുന്നില്ല. സഭ വി. കുര്‍ബാനയ്ക്ക് നല്‍കുന്ന പ്രാധാന്യവും, ദിവ്യകാരുണ്യഭക്തി സഭയില്‍ കൊണ്ടുവന്ന മാറ്റങ്ങളും, സുവിശേഷാനുസൃതമായ ജീവിതത്തിന് ദിവ്യകാരുണ്യ സ്വീകരണം നല്‍കുന്ന ഊര്‍ജ്ജവും വിശ്വാസിയുടെ നിത്യാനുഭവമാണ്. വിശുദ്ധരോടുള്ള വണക്കത്തെക്കുറിച്ച് സഭാനിയമം പറയുന്നതെന്താണെന്ന് നോക്കാം. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കത്തെ ദൈവജനത്തിന്‍റെ വിശുദ്ധീകരണം പരിപോഷിപ്പിക്കാനായി സഭ ശുപാര്‍ശ ചെയ്യുന്നു. തങ്ങളുടെ മാതൃകയാല്‍ വിശ്വാസികളെ പടുത്തുയര്‍ത്തുകയും മാദ്ധ്യസ്ഥ്യം വഴി നിലനിര്‍ത്തുകയും ചെയ്യുന്ന മറ്റ് വിശുദ്ധരോടുമുള്ള ശരിയായതും അംഗീകൃതവുമായ വണക്കത്തെയും സഭ പ്രോത്സാഹിപ്പിക്കുന്നു (CCEO c. 884).
വിശുദ്ധരോടുള്ള വണക്കം വിശ്വാസികളുടെ ജീവിതത്തില്‍ പ്രാര്‍ത്ഥാനാരൂപം പ്രാപിക്കുന്നത് നൊവേനകളിലൂടെയാണ്. ഓരോ നിയോഗത്തിനും പ്രത്യേക സിദ്ധിയുള്ള വിശുദ്ധന്മാരും അവരോടുള്ള നൊവേനകളും സുപരിചിതമാണ്. ഒമ്പത് എന്നര്‍ത്ഥമുള്ള 'novem' എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് 'നൊവേന' എന്ന പദം ഉത്ഭവിക്കുന്നത്. ഒന്‍പത് തവണ അടുപ്പിച്ചുള്ള പ്രാര്‍ത്ഥനയാണ് നൊവേന. അത് ദിവസങ്ങളോ, മാസങ്ങളോ ആകാം. ഒന്‍പത് ദിവസങ്ങളുടെ പ്രസക്തി കാണാന്‍ സാധിക്കുന്നത് അപ്പസ്തോല പ്രവര്‍ത്തനങ്ങളിലാണ്. പന്തക്കൂസ്താ തിരുനാളിന് മുമ്പ് ഒന്‍പത് ദിവസം അപ്പസ്തോലന്മാര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു (അപ്പ 1:12, 14). എന്നാല്‍ ഇന്ന് ഈ കണക്കുകള്‍ക്കുപരിയായി പ്രതിവാര, പ്രതിദിന പ്രാര്‍ത്ഥനകളായാണ് നൊവേനകള്‍ മാറിയിരിക്കുന്നത്.
യഥാര്‍ത്ഥത്തിലുള്ള ആത്മീയ ജീവിതയാത്രയില്‍ ഒരു വിശ്വാസി യുക്തമായ അനുപാതം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. വി. കുര്‍ബാനയുടെ പ്രാധാന്യത്തെ കുറച്ചു കാണുന്നില്ലെങ്കിലും ചിലരെങ്കിലും തങ്ങള്‍ക്ക് പ്രിയപ്പെട്ടതായി കാണുന്നത് നൊവേന പ്രാര്‍ത്ഥനകളാണ്. വി. കുര്‍ബാനയ്ക്ക് വൈകിവരുന്നതില്‍ യാതൊരു അപാകതയും കാണാത്തവര്‍ നൊവേനകളുണ്ടെങ്കില്‍ കൃത്യസമയം പാലിക്കുന്നു. വി. കുര്‍ബാനയുടെ സമയത്ത് പുസ്തകമെടുത്ത് സമൂഹത്തോടൊപ്പം പ്രാര്‍ത്ഥിക്കാത്തവര്‍, നൊവേന തുടങ്ങുമ്പോള്‍ വര്‍ദ്ധിച്ച ആവേശത്തോടെ പ്രാര്‍ത്ഥന ചൊല്ലുന്നു. ഇതും സമാനമായതും നമ്മുടെ ദൈവാലയങ്ങളില്‍ ദൃശ്യമാണ്.
എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഈ സാഹചര്യത്തെ എപ്രകാരം നമുക്ക് സമീപിക്കാം?
ഒന്നാമതായി, വി. കുര്‍ബാനയുടെ ആഴവും അര്‍ത്ഥവും സമ്പന്നതയും ദൈവജനത്തിന്‍റെ പഠനവിഷയമാക്കണം. ചരിത്രപരവും ആരാധനാക്രമപരവും സഭാപരവുമായ പഠനം ഇനിയും നല്‍കണം. വി. കുര്‍ബാനയില്‍ ദൈവസ്തുതിയും, യാചനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, പൈശാചിക ശക്തികളെ വിലക്കുന്ന പ്രാര്‍ത്ഥനയും, ദൈവത്തിന് നന്ദി പറയലും എല്ലാം ഉള്‍ച്ചേര്‍ത്തിട്ടുണ്ട് എന്ന് ദൈവജനത്തിന് ബോധ്യമാകുന്ന വിധത്തില്‍ വി. കുര്‍ബാനയെപ്പറ്റി ഇനിയും, എന്നും പഠിപ്പിക്കണം. അതുപോലെ തന്നെ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണം ആഘോഷമാക്കി മാറ്റാന്‍ സാധ്യമായതെല്ലാം ചെയ്യണം. അനുഷ്ഠാനങ്ങള്‍ കൃത്യമായി നര്‍വ്വഹിക്കണം. കാര്‍മ്മികന്‍ അര്‍പ്പിക്കുന്ന ഓസ്തിയും വീഞ്ഞും തങ്ങളുടെ ജീവിതമാണെന്ന തിരിച്ചറിവ് ദൈവജനത്തിന് ലഭിച്ചാല്‍ സമീപന രീതിയില്‍ മാറ്റം വരുമെന്നുറപ്പാണ്.
രണ്ടാമതായി, വിശുദ്ധരോടുള്ള വണക്കം അതിന്‍റെ ന്യായമായ പ്രാധാന്യത്തില്‍ അവതരിപ്പിക്കണം. വിശുദ്ധര്‍ മാന്ത്രികരും നൊവേനകള്‍ മന്ത്രങ്ങളുമാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ ഇനിയും പ്രബോധനം ആവശ്യമാണ്. അലങ്കാരങ്ങളിലും ആഘോഷങ്ങളിലും മിതത്വം പാലിക്കുകയും, വി. കുര്‍ബാന കേന്ദ്രീകൃതമായ ആദ്ധ്യാത്മികത പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
മൂന്നാമതായി, വിശുദ്ധ കുര്‍ബാനയുടെ ചൈതന്യത്തിനൊത്ത് അപരനുവേണ്ടി മുറിയപ്പെടാനും ചിന്തപ്പെടാനും തയ്യാറാകാത്ത ഭക്തി നിരര്‍ത്ഥകമാണെന്ന ബോദ്ധ്യം വളര്‍ത്തേണ്ടിയിരിക്കുന്നു. വി. കുര്‍ബാനയുടെ ജീവിതം നയിക്കുന്നതിന് വിശുദ്ധാത്മാക്കള്‍ നമുക്ക് മാതൃകയും പ്രചോദനവുമാണ് എന്ന കാഴ്ചപ്പാട് വിശുദ്ധരോടുള്ള ഭക്തിയുടെ കാരണമാകണം. വി. കുര്‍ബാനയര്‍പ്പണം തങ്ങള്‍ക്ക് അന്യമായ ഭാഷയില്‍ നടത്തിയിരുന്നപ്പോള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന നമ്മുടെ പൂര്‍വ്വികരുടെ വിശ്വാസ ജീവിതശൈലി ഓര്‍മ്മിക്കേണ്ടത് ആവശ്യമാണ്. അവരുടെ ഇഷ്ടപ്പെട്ട വിശുദ്ധരും ഭക്തിയുമാണ് ഇന്നും പ്രചാരത്തിലുള്ളത്. പുതിയ വിശുദ്ധരും അവരുടെ സിദ്ധികളും ദൈവജനം ശീലിച്ചുവരുന്നതേയുള്ളൂ. എല്ലാ പ്രബോധനങ്ങളും നവീകരണശ്രമങ്ങളും ഈ ചരിത്ര യാഥാര്‍ത്ഥ്യത്തെ കണക്കിലെടുക്കണം. വി. കുര്‍ബാനയിലെ ഓരോ പ്രാര്‍ത്ഥനയും, ഓരോ അനുഷ്ഠാനവും സ്വന്തമാക്കി കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ വിശ്വാസിയെ ഒരുക്കുക, പഠിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യനിര്‍വ്വഹണമാണ് ചോദ്യത്തില്‍ വിവരിച്ചിരിക്കുന്ന സാഹചര്യങ്ങളെ 'വിശുദ്ധീകരി'ക്കാനുള്ള ഏകമാര്‍ഗ്ഗം.
novena relevance of novena importance of noven Dr. Abraham Kavilpurayidathil pious activities Holy eucharist and novena Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206