We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Government of India On 28-May-2021
ലൈംഗികാതിക്രമങ്ങളില്‍ നിന്ന്
കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം, 2012
(2012 ലെ 32-ാം നിയമം/ POCSO ACT)
ലൈംഗികാതിക്രമം, ലൈംഗികപീഡനം, അശ്ലീല ചിത്രനിര്‍മ്മാണം എന്നീ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗീകമായതോ ആയ കാര്യങ്ങള്‍ക്കായും ഉള്ള ഒരു നിയമം.
ഭരണഘടനയുടെ അനുച്ഛേദം 15(3) പ്രകാരം മറ്റുള്ള കാര്യങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതിനാലും;
ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി പാസ്സാക്കിയ, കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനായി എല്ലാ കക്ഷിരാഷ്ട്രങ്ങളും പാലിക്കേണ്ടുന്ന മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുള്ള കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ ഭാരത സര്‍ക്കാര്‍ 1992 ഡിസംബര്‍ 11-ന് ഒപ്പുവെച്ചിട്ടുള്ളതിനാലും;
കുട്ടി ഉള്‍പ്പെടുന്ന നിയമ നടപടിക്രമങ്ങളുടെ എല്ലാ ഘട്ടത്തിലും, കുട്ടിയുടെ ശരിയായ വികസനത്തിന് അവന്‍റെയോ അവളുടെയോ സ്വകാര്യതക്കും രഹസ്യാത്മകതക്കും ഉള്ള അവകാശം എല്ലാ രീതിയിലും എല്ലാവരാലും സംരക്ഷിക്കുകയും മാനിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നതിനാലും;
കുട്ടിയുടെ ആരോഗ്യപരമായ ശാരീരിക മാനസിക ബൗദ്ധിക സാമൂഹിക വികാസം ഉറപ്പുവരുത്തുവാന്‍, എല്ലാ ഘട്ടത്തിലും പരമപ്രധാനം കുട്ടിയുടെ ഉത്തമതാത്പര്യവും നന്മയുമാണെന്ന രീതിയില്‍ നിയമം പ്രാവര്‍ത്തികമാക്കേണ്ടത് ആവശ്യമാണ് എന്നതിനാലും;
കുട്ടിയുടെ അവകാശ ഉടമ്പടിയില്‍ ഒപ്പ് വെച്ച കക്ഷി രാഷ്ട്രങ്ങള്‍ താഴെ പറയുന്നത് തടയുന്നതിനായി ദേശീയ-അന്തര്‍ദേശീയ ബഹുരാഷ്ട്ര തലത്തില്‍ ഉചിതമായ നടപടികള്‍ എടുക്കേണ്ടതിനാലും.
a) കുട്ടിയെ നിയമവിരുദ്ധമായ ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുക;
b) വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക;
c) അശ്ലീല പ്രവൃത്തികള്‍ക്കും വസ്തുക്കളുടെ നിര്‍മ്മാണത്തിനും ചൂഷണ വിധേയമായി കുട്ടികളെ ഉപയോഗിക്കുന്നത്;
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമവും ലൈംഗിക ചുഷണവും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആകയാലും അവ ഫലപ്രദമായി നേരിടേണ്ടതിനാലും;
ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അറുപത്തിമൂന്നാം വര്‍ഷത്തില്‍ പാര്‍ലമെന്‍റ് താഴെ പറയും പ്രകാരം നിയമം നിര്‍മ്മിച്ചിരിക്കുന്നു.
അധ്യായം 1
പ്രാരംഭം
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും. - (1) ഈ നിയമത്തെ 2012 ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം എന്ന് വിളിക്കാവുന്നതാണ്.
2) ഇതു ജമ്മു കാശ്മീര്‍ സംസ്ഥാനം ഒഴികെ ഇന്ത്യയില്‍ മുഴുവന്‍ വ്യാപ്തിയുണ്ടായിരിക്കുന്നതാണ്.
3) ഇതു കേന്ദ്രസര്‍ക്കാര്‍, ഔദ്യോഗിക ഗസറ്റ് വിജ്ഞാപനംവഴി നിശ്ചയിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്നതാകുന്നു (നവംബര്‍ 14, 2012)
2. നിര്‍വചനങ്ങള്‍. - 1) ഈ നിയമത്തില്‍ സന്ദര്‍ഭം മറ്റുവിധത്തില്‍ ആവശ്യപ്പെടാത്തപക്ഷം:
a) ഗൗരവതരമായ പ്രവേശിത ലൈംഗികാതിക്രമം എന്നതിന് 5-ാം വകുപ്പില്‍ അതിനു നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥം തന്നെയായിരിക്കും;
b) ഗൗരവതരമായ ലൈംഗികാതിക്രമം എന്നതിന് 9-ാം വകുപ്പില്‍ അതിന് നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥം തന്നെയായിരിക്കും;
c) 'സായുധസേന/സംരക്ഷണ സേന' എന്നാല്‍ പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ള രാജ്യത്തിന്‍റെ സായുധസേനകളോ, സംരക്ഷണ സേനകളോ, പോലീസ് സേനകളോ എന്ന് അര്‍ത്ഥമാകുന്നു;
d) 'കുട്ടി എന്നാല്‍ 18 വയസ്സിന് താഴെ പ്രായമുള്ള ഏതൊരാളും എന്ന് അര്‍ത്ഥമാകുന്നു;
e) 'ഗാര്‍ഹികബന്ധം എന്നതിന് 2005 ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിലെ (2005 ലെ 43-ാം നിയമം) 2 ാം വകുപ്പിലെ (f) ഖണ്ഡത്തില്‍ അതിന് നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥം തന്നെ ആയിരിക്കും;
f) 'പ്രവേശിത ലൈംഗികാതിക്രമം എന്നതിന് 3-ാം വകുപ്പില്‍ അതിന് നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥം തന്നെയായിരിക്കും;
g) 'നിര്‍ദ്ദേശിക്കപ്പെട്ടത് എന്നാല്‍ ഈ നിയമത്തിന്‍ കീഴിലുള്ള ചട്ടങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെട്ടത് എന്നര്‍ത്ഥമാകുന്നു;
h) 'മതസ്ഥാപനം എന്നതിന് 1988 ലെ മതസ്ഥാപനങ്ങള്‍ (ദുരുപയോഗം തടയല്‍) നിയമത്തില്‍ (1988 ലെ 41-ാം നിയമം) അതിന് നല്‍കിയിട്ടുള്ള അതേ അര്‍ത്ഥം തന്നെയായിരിക്കും;
i) 'ലൈംഗികാതിക്രമം എന്നതിന് അതിന് 7-ാം വകുപ്പില്‍ അതിന് നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥം തന്നെയായിരിക്കും;
j) 'ലൈംഗിക പീഡനം എന്നതിന് 11-ാം വകുപ്പില്‍ അതിന് നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥം തന്നെയായിരിക്കും;
k) 'പങ്കുപറ്റുന്ന വീട് എന്നതിന് കുറ്റം ആരോപിക്കപ്പെട്ട വ്യക്തി കുട്ടിയുമായി ഗാര്‍ഹികബന്ധത്തില്‍ ഏര്‍പ്പെട്ട് താമസിക്കുന്നതോ ഏതെങ്കിലും സമയത്തു താമസിച്ചിരുന്നതോ ആയ ഒരു വീടെന്നര്‍ത്ഥം;
l) 'സ്പെഷ്യല്‍ കോടതി'എന്നാല്‍ 28-ാം വകുപ്പ് പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു കോടതി എന്നര്‍ത്ഥമാകുന്നു;
m) 'സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍'എന്നാല്‍ 32-ാം വകുപ്പ് പ്രകാരം നിയമിക്കപ്പെട്ട ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നര്‍ത്ഥമാകുന്നു.
2) ഇതില്‍ ഉപയോഗിച്ചിട്ടുള്ളതും എന്നാല്‍ നിര്‍വചിച്ചിട്ടില്ലാത്തതും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും, 1973 ലെ (1860 ലെ 45) ക്രിമിനല്‍ നടപടിക്രമത്തിലും (1974 ലെ 2 -ാം നിയമം) 2000 ത്തിലെ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമത്തിലും (2000 ത്തിലെ 56-ാം നിയമം), 2000 ത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നിയമത്തിലും (2000 ത്തിലെ 21-ാം നിയമം) നിര്‍വചിച്ചിട്ടുള്ളതുമായ വാക്കുകള്‍ക്കും പദപ്രയോഗങ്ങള്‍ക്കും, മേല്‍പറഞ്ഞ നടപടിക്രമത്തിലും നിയമങ്ങളിലും അവയ്ക്ക് യഥാക്രമം അതിന് നല്‍കിയിരിക്കുന്ന അതേ അര്‍ത്ഥം തന്നെയായിരിക്കും.
അധ്യായം - II
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍
A. പ്രവേശിത ലൈംഗികാതിക്രമവും അതിനുള്ള ശിക്ഷയും
3. പ്രവേശിത ലൈംഗികാതിക്രമം. - ഒരു വ്യക്തി താഴെ പറയുന്ന കൃത്യങ്ങള്‍ ചെയ്താല്‍-
a) അയാള്‍ ഒരു കുട്ടിയുടെ യോനിയിലേക്കോ, വായിലേക്കോ, മൂത്രനാളിയിലേക്കോ, മലദ്വാരത്തിലേക്കോ ഏതു പരിധിവരെയും തന്‍റെ ലിംഗം തള്ളിക്കയറ്റുകയോ, കുട്ടിയെകൊണ്ട് അയാളുമായോ മറ്റാരെങ്കിലുമായോ ഇങ്ങനെ ചെയ്യിക്കുകയോ;
b) അയാള്‍ കുട്ടിയുടെ യോനിയിലേക്കോ മൂത്രനാളിയിലേക്കോ മലദ്വാരത്തിലേക്കോ ഏതെങ്കിലും വസ്തുവോ ലിംഗമല്ലാത്ത ശരീരത്തിന്‍റെ ഒരു ഭാഗമോ, ഏതു പരിധിവരെയും തള്ളികയറ്റുന്നതോ കുട്ടിയെകൊണ്ട് അയാളെയോ മറ്റാരെയെങ്കിലുമോ ചെയ്യിക്കുന്നതോ;
c) അയാള്‍ കുട്ടിയുടെ യോനിയിലേക്കോ, മൂത്രനാളിയിലേക്കോ മലദ്വാരത്തിലേക്കോ കുട്ടിയുടെ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗം കൃത്രിമമായി വളച്ച് ഉപയോഗിച്ച് തള്ളിക്കയറ്റുന്നതിന് കാരണമാകുകയോ അയാളെയോ മറ്റാരെയെങ്കിലുമോ ഇങ്ങനെ ചെയ്യിക്കുന്നതോ;
d) അയാള്‍ കുട്ടിയുടെ ലിംഗത്തിലോ യോനിയിലോ മലദ്വാരത്തിലോ മൂത്രനാളിയിലോ വായ ഉപയോഗിക്കുകയോ; കുട്ടിയെകൊണ്ട് അയാളുമായോ, മറ്റാരെങ്കിലുമായോ ഇങ്ങനെ ചെയ്യിക്കുന്നതോ,
അയാള്‍ പ്രവേശിത ലൈംഗികാതിക്രമം നടത്തിയതായി പറയാം.
4. പ്രവേശിത ലൈംഗികാതിക്രമത്തിന്‍റെ ശിക്ഷ. - പ്രവേശിത ലൈംഗികാതിക്രമം നടത്തിയ ഏതൊരാള്‍ക്കും 7 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിലുള്ള തടവ് ശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അര്‍ഹനാണ്.
B ഗൗരവതര പ്രവേശിത ലൈംഗികാതിക്രമവും അതിന്‍റെ ശിക്ഷയും
5. ഗൗരവതര പ്രവേശിത ലൈംഗികാതിക്രമം. -
(a) ഒരു പോലീസ് ഉദ്യോഗസ്ഥനായിരിക്കെ ഏതെങ്കിലും വ്യക്തി;
(i) അയാള്‍ നിയമിതനായിട്ടുള്ള പോലീസ് സ്റ്റേഷന്‍റെ പരിധിയിലോ പരിസരത്തോ വെച്ചോ;
(ii) അയാള്‍ നിയമിതനായിട്ടുള്ളതോ അല്ലാത്തതോ ആയ പോലീസ് സ്റ്റേഷന്‍റെ പരിസരത്തു വെച്ചോ;
(iii) അയാളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലോ അല്ലാതെയോ;
(iv) അയാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനായി അറിയപ്പെടുന്നിടത്തോ തിരിച്ചറിയപ്പെടുന്നിടത്തോ വെച്ചോ;
ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ
(b) സായുധസേനയിലെയോ സംരക്ഷണസേനയിലെയോ ഒരു അംഗമായിരിക്കെ,
(i) അയാളെ വിന്യസിച്ചിട്ടുള്ള പ്രദേശത്തിന്‍രെ പരിധിയില്‍വെച്ചോ;
(ii) സൈന്യത്തിന്‍റെയോ സായുധസേനയുടെയോ അധികാര പരിധിയിലുള്ള ഏതെങ്കിലും പ്രദേശത്ത് വെച്ചോ;
(iii) അയാളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലോ അല്ലാതെയോ;
(iv) സുരക്ഷാസേനയുടെയോ, സായുധസേനയുടെയോ ഒരു അംഗമായി അറിയപ്പെടുന്നിടത്തോ തിരിച്ചറിയപ്പെടുന്നിടത്തോ വെച്ചോ; ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(c) പൊതുസേവകനായ ഒരാള്‍ ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(d) ഒരു ജയിലിന്‍റെയോ, റിമാന്‍റ് ഹോമിന്‍റെയോ, പ്രൊട്ടക്ഷന്‍ ഹോമിന്‍റെയോ, ഒബ്സര്‍വേഷന്‍ ഹോമിന്‍റെയോ, കുട്ടിയുടെ കസ്റ്റഡിയ്ക്കോ, പരിചരണത്തിനും സംരക്ഷണത്തിനുമായിട്ടോ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം സ്ഥാപിച്ചിട്ടുള്ള സ്ഥാപനത്തിന്‍റെയോ, ഭരണനിര്‍വ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ, അത്തരം ജയിലിന്‍റെയോ, റിമാന്‍റ് ഹോമിന്‍റെയോ, പ്രൊട്ടക്ഷന്‍ ഹോമിന്‍റെയോ പരിചരണത്തിനും, സംരക്ഷണത്തിനും, കസ്റ്റഡിക്കും ഉള്ള മറ്റ് സ്ഥാപനത്തിലോ താമസിച്ചുവരുന്ന കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയാണെങ്കിലോ;
(e) ഒരു സര്‍ക്കാര്‍ ആശുപത്രിയിലെയോ/സ്വകാര്യ ആശുപത്രിയിലെയോ ഭരണ നിര്‍വ്വഹണത്തിലധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ ആശുപത്രിയില്‍വെച്ച് ഒരു കുട്ടിയെ, പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയാണെങ്കിലോ;
(f) ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയോ, മതസ്ഥാപനത്തിന്‍റെയോ, ഭരണ നിര്‍വ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ ആ സ്ഥാപനത്തില്‍ വെച്ച് കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയാണെങ്കിലോ;
(g) ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
വിശദീകരണം - ഒന്നോ അതിലധികമോ ആളുകള്‍ സംഘം ചേര്‍ന്ന് അവരുടെ പൊതുലക്ഷ്യമെന്നവണ്ണം ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാല്‍ അതില്‍ ഓരോ വ്യക്തിയും ഈ ഖണ്ഡത്തില്‍ പറയുന്ന സംഘം ചേര്‍ന്ന് പ്രവേശിത ലൈംഗികാതിക്രമം ചെയ്തതായി കണക്കാക്കുകയും, അയാള്‍ ഒറ്റയ്ക്കായിരുന്നു അത് ചെയ്തതെങ്കില്‍ ആ പ്രവൃത്തിക്ക് കിട്ടുന്ന ശിക്ഷ അവരില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നതുമാണ്.
(h) ഒരാള്‍, മാരകായുധങ്ങള്‍, തീ, ചൂടുള്ള വസ്തുക്കള്‍, വിനാശകമായ മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ-
(i) ഒരാള്‍ കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നതിന്‍റെ ഫലമായി ആ കുട്ടിക്ക് കഠിന ദേഹോപദ്രവമോ, ശാരീരിക ബുദ്ധിമുട്ടുകളോ, ക്ഷതങ്ങളോ, കുട്ടിയുടെ ജനനേന്ദ്രിയങ്ങളില്‍ ക്ഷതങ്ങളോ ഉണ്ടാകുകയോ;
(j) ഒരാള്‍, ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന്‍റെ ഫലമായി-
(i) കുട്ടിക്ക് ശാരീരികശേഷിക്കുറവോ; 1987 ലെ മാനസികാരോഗ്യ നിയമത്തിന്‍റെ (1987-ലെ 14) വകുപ്പ് 2(1) നിര്‍വചിച്ചിരിക്കുന്ന പ്രകാരമുള്ള മാനസികരോഗം കുട്ടിക്ക് ഉണ്ടാവുകയോ, കുട്ടിക്ക്, ശാശ്വതമായോ, താത്ക്കാലികമായോ, ദൈനംദിന പ്രവൃത്തികളിലേര്‍പ്പെടാന്‍ കഴിയാതെ വരുന്നതരത്തിലുള്ള ഏതെങ്കിലും വൈകല്യങ്ങളോ ഉണ്ടാവുകയോ;
(ii) പെണ്‍കുട്ടിയാണെങ്കില്‍, ലൈംഗികാതിക്രമത്തിന്‍റെ ഫലമായി ആ കുട്ടി ഗര്‍ഭിണിയാവുകയാണെങ്കിലോ;
(iii) കുട്ടിക്ക് എച്ച്.ഐ.വി. ബാധ ഉണ്ടാകുകയോ, ജീവന് ഭീഷണി ഉയര്‍ത്തുന്ന ഏതെങ്കിലും അസുഖങ്ങളോ, അണുബാധയോ ഉണ്ടാവുകയോ വഴി കുട്ടിക്ക് ശാശ്വതമായോ താത്ക്കാലികമായോ, ദൈനംദിന പ്രവൃത്തികളിലേര്‍പ്പെടാന്‍ കഴിയാതെ വരുന്ന തരത്തിലുള്ള ഏതെങ്കിലും ശാരീരിക ക്ഷമതകുറവുണ്ടാവുകയോ, മാനസിക രോഗമുണ്ടാകുകയോ.
(k) ഒരാള്‍, കുട്ടിയുടെ മാനസികമോ ശാരീരികമോ ആയ ക്ഷമത കുറവ് മുതലെടുത്ത് കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(l) ഒരാള്‍ കുട്ടിയെ ഒന്നില്‍ കൂടുതല്‍ പ്രാവശ്യമോ, തുടര്‍ച്ചയായോ പ്രവേശിത ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയാലോ;
(m) ഒരാള്‍ പന്ത്രണ്ട് വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(n) കുട്ടിയുമായി രക്തബന്ധം, ദത്തെടുക്കല്‍, വിവാഹം, ഫോസ്റ്റര്‍കെയര്‍ ഇവയിലൂടെ ബന്ധുത്വമുള്ളതോ കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാളുമായി ഗാര്‍ഹികബന്ധമുള്ളതോ, കുട്ടിയോടൊപ്പം ഒരേ വീട്ടിലോ പങ്കുപറ്റുന്ന വീട്ടിലോ താമസിക്കുകയോ ചെയ്യുന്ന ഒരാള്‍, ആ കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(o) കുട്ടിക്ക് സഹായം നല്‍കിവരുന്ന ഏതെങ്കിലും സ്ഥാപനത്തിന്‍റെ ഉടമയോ, ഭരണ നിര്‍വ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ ആയ ഒരാള്‍ കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(p) കുട്ടി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതോ കുട്ടിയില്‍ അധികാരമുള്ളതോ ആയ ഒരാള്‍, ഒരു സ്ഥാപനത്തിലോ കുട്ടിയുടെ വീട്ടിലോ മറ്റ് എവിടെയെങ്കിലുമോ വെച്ച് കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(q) ഒരു കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞുകൊണ്ട് ഒരാള്‍ ആ കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(r) ഒരാള്‍ കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ആ കുട്ടിയെ കൊല ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താലോ;
(s) ഒരാള്‍ വര്‍ഗ്ഗീയ/പ്രാദേശികവാദ ലഹളകളുടെ ഇടയില്‍ ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(t) ഒരാള്‍ ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും അയാള്‍ ഈ നിയമപ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ ശിക്ഷാര്‍ഹമാകുന്ന ഏതെങ്കിലും ലൈംഗിക കുറ്റകൃത്യത്തിന് നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലോ;
(u) ഒരാള്‍ ഒരു കുട്ടിയെ പ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കിയശേഷം പൊതു സ്ഥലത്ത് കുട്ടിയെ വിവസ്ത്രയാക്കുകയോ നഗ്നമാക്കി നടത്തിക്കുകയോ ചെയ്താലോ അതിനെ ഗൗരവതര പ്രവേശിത ലൈംഗികാതിക്രമം ചെയ്തു എന്നു പറയാം.
6. ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ
ഏതൊരാള്‍ ഗൗരവതര പ്രേവേശിത ലൈംഗികാതിക്രമം നടത്തുന്നുവോ അയാള്‍ പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ ആകാവുന്നതുമായ കാലത്തേയ്ക്ക് കഠിന തടവിനും കൂടാതെ പിഴ ശിക്ഷയ്ക്കും അര്‍ഹനാകും.
C ലൈംഗികാതിക്രമവും അതിനുള്ള ശിക്ഷയും
7. ലൈംഗികാതിക്രമം
ആരെങ്കിലും ലൈംഗിക ഉദ്യേശ്യത്തോടുകൂടി ഒരു കുട്ടിയുടെ യോനിയിലോ, ലിംഗത്തിലോ, മലദ്വാരത്തിലോ, മാറിലോ, കുട്ടിയെകൊണ്ട് അയാളുടെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലുമോ യോനിയിലോ, ലിംഗത്തിലോ, മലദ്വാരത്തിലോ, മാറിലോ സ്പര്‍ശിപ്പിക്കുകയോ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പ്രവേശിതമല്ലാത്ത മറ്റ് ശാരീരിക സമ്പര്‍ക്കങ്ങള്‍ നടത്തുന്നുവെങ്കില്‍, അയാള്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പറയാവുന്നതാണ്.
കേസ് നിയമം
സ്വന്തം മകളെ അച്ഛന്‍ ലൈംഗീകമായി പീഡിപ്പിച്ചു - കക്ഷികള്‍ തമ്മില്‍ കേസ് ഒത്തുതീര്‍പ്പാക്കി- അമ്മ ഇതു സംബന്ധിച്ച് സത്യവാങ്മൂലം നല്‍കി. ഒത്തുതീര്‍പ്പാക്കി എന്നത് കുറ്റകൃത്യം കോമ്പൗണ്ട് ചെയ്യുന്നതിന് കാരണമാകുന്നില്ല. ധനൗഷാദ് കെ Vs. സ്റ്റേറ്റ് ഓഫ് കേരള (2014(4) KHC 625) (കേരളാ ഹൈക്കോടതി) (ജസ്റ്റിസ് കെ. കെമാല്‍ പാഷ)
8. ലൈംഗികാതിക്രമത്തിനുള്ള ശിക്ഷ
ഏതൊരാള്‍ ലൈംഗികാതിക്രമം നടത്തുന്നുവോ അയാള്‍ 3 വര്‍ഷത്തില്‍ കുറയാത്തതും അഞ്ചുവര്‍ഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാകും.
D ഗൗരവകരമായ ലൈംഗികാതിക്രമവും അതിനുള്ള ശിക്ഷയും-
9. ഗൗരവകരമായ ലൈംഗികാതിക്രമം -
(a) ഒരു പോലീസ് ഓഫീസറായിരിക്കെ ഒരാള്‍-
(i) അയാള്‍ നിയമിതനായിട്ടുള്ള പോലീസ് സ്റ്റേഷന്‍ പരിധിയിലോ പരിസരത്തോ വെച്ചോ;
(ii) അയാള്‍ നിയമിതനായിട്ടുള്ളതോ അല്ലാത്തതോ ആയ പോലീസ് സ്റ്റേഷന്‍റെ പരിസരത്തു വെച്ചോ;
(iii) അയാളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലോ അല്ലാതെയോ;
(iv) അയാള്‍ ഒരു പോലീസ് ഓഫീസറായി അറിയപ്പെടുന്നിടത്തോ തിരിച്ചറിയപ്പെടുന്നിടത്തോ വെച്ചോ;
- ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(b) ഒരു സായുധസേനയിലെയോ സംരക്ഷണസേനയിലെയോ അംഗമായിരിക്കെ, ഒരാള്‍,
(i) അയാളെ വിന്യസിച്ചിട്ടുള്ള പ്രദേശത്തിന്‍റെ പരിധിയില്‍വെച്ചോ;
(ii) സുരക്ഷാസേനയുടെയോ, സായുധസേനയുടെയോ അധികാരപരിധിയിലുള്ള ഏതെങ്കിലും പ്രദേശത്ത് വെച്ചോ;
(iii) അയാളുടെ ഔദ്യോഗിക ജോലിക്കിടയിലോ അല്ലാതെയോ;
(iv) അയാള്‍ സുരക്ഷാസേനയുടെയോ, സായുധസേനയുടെയോ ഒരു അംഗമായി അറിയപ്പെടുന്നിടത്തോ തിരിച്ചറിയപ്പെടുന്നിടത്തോ വെച്ചോ;
ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(c) ഏതെങ്കിലും ഒരു പൊതുസേവകന്‍ ലൈംഗികാതിക്രമം ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(d) ~ഒരു ജയിലിന്‍റെയോ, റിമാന്‍റ് ഹോമിന്‍റെയോ, പ്രൊട്ടക്ഷന്‍ ഹോമിന്‍റെയോ, ഒബ്സര്‍വേഷന്‍ ഹോമിന്‍റെയോ, കുട്ടിയുടെ കസ്റ്റഡിയ്ക്കോ, ശ്രദ്ധക്കും സംരക്ഷണത്തിനുമായി നിലവിലുള്ള നിയമപ്രകാരം സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിന്‍റെയോ, ഭരണനിര്‍വ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ അത്തരം ജയിലിലോ, റിമാന്‍റ് ഹോമിലോ, പ്രൊട്ടക്ഷന്‍ ഹോമിലോ കസ്റ്റഡിക്കും, പരിചരണത്തിനും, സംരക്ഷണത്തിനും ഉള്ള മറ്റ് സ്ഥാപനത്തിലോ താമസിച്ചുവരുന്ന കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(e) ഒരു സര്‍ക്കാര്‍/സ്വകാര്യ ആശുപത്രിയിലെ ഭരണനിര്‍വ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ ആശുപത്രിയില്‍വെച്ച് ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(f) ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്‍റെയോ, മതസ്ഥാപനത്തിന്‍റെയോ; ഭരണ നിര്‍വ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ; ആ സ്ഥാപനത്തില്‍ വെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(g) ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
വിശദീകരണം- ഒന്നോ അതിലധികമോ ആളുകള്‍ സംഘം ചേര്‍ന്ന് അവരുടെ പൊതുലക്ഷ്യമെന്നവണ്ണം ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാല്‍ അതില്‍ ഓരോ വ്യക്തിയും ഈ ഖണ്ഡത്തില്‍ പറയുന്ന സംഘം ചേര്‍ന്ന് ലൈംഗികാതിക്രമം ചെയ്തതായി കണക്കാക്കുകയും, അയാള്‍ ഒറ്റയ്ക്കായിരുന്നു അത് ചെയ്തതെങ്കില്‍ ആ പ്രവൃത്തിയ്ക്ക് കിട്ടുന്ന ശിക്ഷ അവരില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നതുമാണ്.
(h) ഒരാള്‍; മാരകായുധങ്ങളോ, തീയോ, ചൂടുള്ള വസ്തുക്കളോ, വിനാശകരമായ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(i) ഒരാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നതിന്‍റെ ഫലമായി ആ കുട്ടിക്ക് കഠിന ദേഹോപദ്രവമോ, ശാരീരിക ബുദ്ധിമുട്ടുകളോ, ക്ഷതങ്ങളോ, കുട്ടിയുടെ ജനനേന്ദ്രിയങ്ങളില്‍ ക്ഷതങ്ങളോ ഉണ്ടാകുകയോ;
(j) ഒരാള്‍, ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന്‍റെ ഫലമായി-
(i) കുട്ടിക്ക് ശാരീരികശേഷിക്കുറമോ; 1987 ലെ മാനസികാരോഗ്യ നിയമത്തിന്‍റെ (1987-ലെ 14) വകുപ്പ് 2(1) നിര്‍വചിച്ചിരിക്കുന്ന പ്രകാരമുള്ള മാനസികരോഗം കുട്ടിക്ക് ഉണ്ടാവുകയോ, കുട്ടിക്ക്, ശാശ്വതമായോ, താത്ക്കാലികമായോ, ദൈനംദിന പ്രവൃത്തികളിലേര്‍പ്പെടാന്‍ കഴിയാതെ വരുന്നതരത്തിലുള്ള ഏതെങ്കിലും വൈകല്യങ്ങളോ ഉണ്ടാവുകയോ;
(ii) കുട്ടിക്ക് എച്ച്.ഐ.വി. ബാധ ഉണ്ടാകുകയോ, ജീവന് ഭീഷണി ഉയര്‍ത്തുന്ന ഏതെങ്കിലും അസുഖങ്ങളോ, അണുബാധയോ ഉണ്ടാക്കുകവഴി കുട്ടിക്ക് ശാശ്വതമായോ താത്ക്കാലികമായോ, ദൈനംദിന പ്രവൃത്തികളിലേര്‍പ്പെടാന്‍ കഴിയാതെ വരുന്ന തരത്തിലുള്ള ഏതെങ്കിലും ശാരീരിക ക്ഷമതകുറവുണ്ടാക്കുകയോ, മാനസിക രോഗമുണ്ടാകുകയോ.
(k) ഒരാള്‍, കുട്ടിയുടെ മാനസികമോ ശാരീരികമോ ആയ ക്ഷമത കുറവ് മുതലെടുത്ത് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(l) ഒരാള്‍ കുട്ടിയെ ഒന്നില്‍ കൂടുതല്‍ പ്രാവശ്യമോ, തുടര്‍ച്ചയായോ ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയമാക്കിയാലോ;
(m) ഒരാള്‍ പന്ത്രണ്ട് വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(n) കുട്ടിയുമായി രക്തബന്ധം, ദത്തെടുക്കല്‍, വിവാഹം, ഫോസ്റ്റര്‍കെയര്‍ ഇവയിലൂടെ ബന്ധുത്വമുള്ളതോ കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാളുമായി ഗാര്‍ഹികബന്ധമുള്ളതോ, കുട്ടിയോടൊപ്പം ഒരേ വീട്ടിലോ പങ്കുപറ്റുന്ന വീട്ടിലോ താമസിക്കുകയോ ചെയ്യുന്ന ഒരാള്‍, ആ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ-
(o) കുട്ടിക്ക് സഹായം നല്‍കിവരുന്ന ഏതെങ്കിലും സ്ഥാപനത്തിന്‍റെ ഉടമയോ, ഭരണ നിര്‍വ്വഹണത്തിനധികാരപ്പെട്ട ഉദ്യോഗസ്ഥനോ, ജീവനക്കാരനോ ആയ ഒരാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(p) കുട്ടി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതോ കുട്ടിയില്‍ അധികാരമുള്ളതോ ആയ ഒരാള്‍, ഒരു സ്ഥാപനത്തിലോ കുട്ടിയുടെ വീട്ടിലോ മറ്റ് എവിടെയെങ്കിലുമോ വെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാല്‍;
(q) ഒരു കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞുകൊണ്ട് ഒരാള്‍ ആ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(r) കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ആ കുട്ടിയെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്താലോ;
(s) ഒരാള്‍ വര്‍ഗ്ഗീയ/പ്രാദേശികവാദ ലഹളകളുടെ ഇടയില്‍ ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയാലോ;
(t) ഒരാള്‍ ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും അയാള്‍ ഈ നിയമപ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ ശിക്ഷാര്‍ഹമാകുന്ന ഏതെങ്കിലും ലൈംഗിക കുറ്റകൃത്യത്തിന് നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലോ;
(u) ഒരാള്‍ ഒരു കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയശേഷം പൊതു സ്ഥലത്ത് കുട്ടിയെ വിവസ്ത്രയാക്കുകയോ നഗ്നമാക്കി നടത്തിക്കുകയോ ചെയ്താലോ അതിനെ ഗൗരവതര ലൈംഗികാതിക്രമം ചെയ്തു എന്നു പറയാം.
10. ഗൗരവതര ലൈംഗികാക്രമണത്തിനുള്ള ശിക്ഷ
ഏതൊരാള്‍ ഗൗരവതര ലൈംഗികാതിക്രമം നടത്തുന്നുവോ അയാള്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ ആകാവുന്നതുമായ രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴ ശിക്ഷയ്ക്കും അര്‍ഹനാകും.
E. ലൈഗിക പീഡനവും അതിനുള്ള ശിക്ഷയും
11. ലൈംഗിക പീഡനം
ഒരാള്‍, അയാള്‍ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി
(i) ഒരു കുട്ടി കേള്‍ക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി എന്തെങ്കിലും പറയുകയോ, ശബ്ദം പുറപ്പെടുവിക്കുകയോ; കുട്ടി കാണണമെന്ന് ഉദ്ദേശ്യത്തോടുകൂടി എന്തെങ്കിലും ആംഗ്യം കാണിക്കുകയോ സാധനമോ ശരീരഭാഗമോ പ്രദര്‍ശിപ്പിക്കുകയോ;
(ii) അയാള്‍ക്കോ, മറ്റുള്ളവര്‍ക്കോ കാണുവാന്‍വേണ്ടി, ഒരു കുട്ടിയെകൊണ്ട്, കുട്ടിയുടെ ശരീരമോ, ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗമോ പ്രദര്‍ശിപ്പിക്കുകയോ;
(iii) അശ്ലീലകാര്യത്തിനായി ഏതെങ്കിലും സാധനം, ഏതെങ്കിലും രൂപത്തിലൂടെയോ മാധ്യമത്തിലൂടെയോ ഒരു കുട്ടിയെ കാണിച്ചാലോ;
(iv) നേരിട്ടോ, ഇലക്ട്രോണിക്കലായോ, ഡിജിറ്റലോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ; പല പ്രാവശ്യമോ, നിരന്തരമായോ, ഒരു കുട്ടിയെ പിന്‍തുടരുകയോ, നിരീക്ഷിക്കുകയോ, ബന്ധപ്പെടുകയോ ചെയ്താലോ;
(v) കുട്ടിയുടെ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന്‍റെയോ കുട്ടി ഏര്‍പ്പെട്ട ഏതെങ്കിലും ലൈംഗികപ്രവൃത്തിയുടെയോ, യഥാര്‍ത്ഥമോ വ്യാജമോ ആയ ഒരു ദൃശ്യം; ഇലക്ട്രോണിക്കലായോ, ഫിലിമോ, ഡിജിറ്റലോ മറ്റേതെങ്കിലും രീതിയിലോ ഏതെങ്കിലും രൂപത്തിലുള്ള മാധ്യമംവഴി ഉപയോഗിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയാലോ;
(vi) അശ്ലീല കാര്യങ്ങള്‍ക്കായി ഒരു കുട്ടിയെ വശീകരിച്ചാലോ അതിനായി പാരിതോഷികം നല്‍കിയാലോ;
- ഒരു കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന് പറയാം,
വിശദീകരണം - ലൈംഗിക ഉദ്ദേശ്യം എന്തെന്നുള്ള ചോദ്യം വസ്തുതാപരമായിരിക്കും.
12. ലൈംഗീക പീഡനത്തിനുള്ള ശിക്ഷ
ഏതൊരാള്‍ ഒരു കുട്ടിയെ ലൈംഗീക പീഡനം നടത്തുന്നുവോ, അയാള്‍ മൂന്നു വര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാകും.
അധ്യായം III
അശ്ലീല കാര്യങ്ങള്‍ക്കായി കുട്ടിയെ
ഉപയോഗിക്കുന്നതും അതിനുള്ള ശിക്ഷയും
13. അശ്ലീല കാര്യങ്ങള്‍ക്കായി കുട്ടിയെ ഉപയോഗിക്കുന്നത്
ഒരാള്‍ ഒരു കുട്ടിയെ ഏതെങ്കിലും മാധ്യമത്തിലൂടെ (പരിപാടികളോ പരസ്യങ്ങളടക്കം ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുന്നതോ ഇന്‍റര്‍നെറ്റിലൂടെയോ മറ്റേതെങ്കിലും ഇലക്ട്രോണിക്കലായോ, അച്ചടി മാധ്യമത്തിലൂടെയോ; അങ്ങനെയുള്ള പരിപാടികളോ പരസ്യമോ സ്വന്തം ആവശ്യത്തിനോ വിതരണത്തിനോ ആയാലും അല്ലെങ്കിലും) ലൈംഗിക സംതൃപ്തിക്കായി താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിച്ചാല്‍-
(a) ഒരു കുട്ടിയുടെ ലൈംഗിക അവയവത്തിന്‍റെ പ്രദര്‍ശനം;
(b) യാഥാര്‍ത്ഥ്യമായോ, കൃത്രിമമായോ പ്രവേശിത ലൈംഗികാതിക്രമം ഉള്ളതോ ഇല്ലാതെയോ ആയ ലൈംഗിക കൃത്യങ്ങളിലേര്‍പ്പെടാന്‍ ഒരു കുട്ടിയെ ഉപയോഗിക്കുന്നത്;
(c) ആഭാസകരമോ അശ്ലീലമോ ആയ രീതിയില്‍ കുട്ടിയെ പ്രദര്‍ശിപ്പിക്കുന്നത്.
അയാള്‍ കുട്ടിയെ അശ്ലീല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന കുറ്റത്തില്‍ കുറ്റക്കാരനാണ്.
വിശദീകരണം - ഈ വകുപ്പിനായി 'ഒരു കുട്ടിയെ ഉപയോഗിക്കുക' എന്ന പദം അര്‍ത്ഥമാക്കുന്നത് ഏതെങ്കിലും മാധ്യമത്തിലൂടെ അതായത് അച്ചടിച്ചതോ, ഇല്കട്രോണിക്കലോ, കമ്പ്യൂട്ടറോ മറ്റേതെങ്കിലും സാങ്കേതിക വിദ്യയോ ഉപയോഗിച്ച് അശ്ലീല സാമഗ്രികള്‍ തയ്യാറാക്കുകയോ നിര്‍മ്മിക്കുകയോ, നല്‍കുകയോ, അയക്കുകയോ, പ്രസിദ്ധീകരിക്കുകയോ, സുസാദ്ധ്യമാക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യുന്നതിന് ഒരു കുട്ടിയെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
14. അശ്ലീല കാര്യങ്ങള്‍ക്കുവേണ്ടി കുട്ടിയെ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ.
1) ഏതൊരാള്‍ ഒരു കുട്ടിയെയോ കുട്ടികളെയോ അശ്ലീല കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നുവോ അയാള്‍ അഞ്ചുവര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴ ശിക്ഷയ്ക്കും അര്‍ഹനാകുന്നതും എന്നാല്‍ രണ്ടാമത്തെയോ തുടര്‍ന്നുള്ളതോ ആയ കുറ്റസ്ഥാപനത്തിന്‍മേല്‍ ഏഴുവര്‍ഷംവരെയാകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴ ശിക്ഷയ്ക്കും അര്‍ഹനാകുന്നതുമാണ്.
2) കുട്ടിയെ അശ്ലീലകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നയാള്‍ അശ്ലീല കാര്യത്തില്‍ നേരിട്ട് പങ്കാളിയായിക്കൊണ്ട് 3-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അയാള്‍, പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെയാകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴ ശിക്ഷയ്ക്കും അര്‍ഹനാകുന്നതാണ്.
3) കുട്ടിയെ അശ്ലീലകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നയാള്‍ അശ്ലീലകാര്യത്തില്‍ നേരിട്ട് പങ്കാളിയായിക്കൊണ്ട് 5-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അയാള്‍, ജീവപര്യന്തംവരെ കഠിന തടവിനും പിഴയ്ക്കും അര്‍ഹനാകുന്നതാണ്.
4) കുട്ടിയെ അശ്ലീകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നയാള്‍ അശ്ലീലകൃത്യങ്ങള്‍ നേരിട്ട് പങ്കാളിയായിക്കൊണ്ട് 7-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അയാള്‍, ആറുവര്‍ഷത്തില്‍ കുറയാത്തതും എട്ടുവര്‍ഷംവരെ ആകാവുന്നതുമായ രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാകുന്നതാണ്.
5) കുട്ടിയെ അശ്ലീലകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നയാള്‍ അശ്ലീലകാര്യത്തില്‍ നേരിട്ട് പങ്കാളിയായികൊണ്ട് 9-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ അയാള്‍, 8 വര്‍ഷത്തില്‍ കുറയാത്തതും 10 വര്‍ഷംവരെ ആകാവുന്ന രണ്ടിലേതെങ്കിലുംതരത്തില്‍പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാകുന്നതാണ്.
15. കുട്ടി ഉള്‍പ്പെടുന്ന അശ്ലീലസാമഗ്രികള്‍ സൂക്ഷിക്കുന്നത്
ഏതെങ്കിലും വ്യക്തി, വാണിജ്യ ആവശ്യത്തിനായി ഒരു കുട്ടി ഉള്‍പ്പെടുന്ന അശ്ലീലസാമഗ്രികള്‍, ഏത് വിധത്തില്‍ സുക്ഷിച്ച് വെച്ചാലും അയാള്‍ 3 വര്‍ഷംവരെയാകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാകുന്നതാണ്.
അധ്യായം IV
കുറ്റകൃത്യം ചെയ്യാന്‍ ശ്രമിക്കുകയും
പ്രേരിപ്പിക്കുകയും ചെയ്യുന്നത്
16. കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍
ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്-
ഒന്നാമത് - ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒരാളെ ഉത്സാഹിപ്പിക്കുന്നതോ;
രണ്ടാമത് - ഒരു കുറ്റകൃത്യം ചെയ്യുന്നതിന് ഒന്നോ അധിലധികമോ ആളുകളുടെ കൂടെ ഗൂഡാലോചനയില്‍ ഏര്‍പ്പെടുകയും ആ ഗൂഡാലോചനയെ തുടര്‍ന്ന് ആ കുറ്റകൃത്യം ചെയ്യുന്നതിനായി ഏതെങ്കിലും കൃത്യം ചെയ്യുന്നതോ നിയമവിരുദ്ധമായ കൃത്യവിലോപം ചെയ്യുന്നതോ;
മൂന്നാമത് - ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി, ഏതെങ്കിലും പ്രവര്‍ത്തിയിലൂടെയോ, നിയമവിരുദ്ധമായ കുറ്റവിലോപത്തിലൂടെയോ മനഃപൂര്‍വ്വം സഹായിക്കുന്നതോ ആയ ആള്
വിശദീകരണം I - ഏതൊരാള്‍, തനിക്ക് വെളിപ്പെടുത്തുവാന്‍ ബാദ്ധ്യതയുള്ളതും സ്വയം സാധ്യമാക്കുകയോ നിര്‍വ്വഹിക്കേണ്ടതോ; സാധ്യമാക്കാനോ നിര്‍വ്വഹിക്കാനോ ശ്രമിക്കേണ്ടതോ ആയ കാര്യം; മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയോ പ്രധാനപ്പെട്ട വസ്തുത മനഃപൂര്‍വ്വം മറച്ച് വയ്ക്കുകയോ ചെയ്താല്‍ അയാള്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ ഉത്സാഹിച്ചു എന്നു പറയാം.
വിശദീകരണം II - ഏതൊരാള്‍, ഒരു കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പോ ചെയ്യുന്ന സമയത്തോ അങ്ങനെയുള്ള കൃത്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിലേക്കായി എന്തെങ്കിലും ചെയ്യുകയും അതുവഴി അത് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്താല്‍ ആ കൃത്യം ചെയ്യുന്നതിന് അയാള്‍ സഹായകമായി പ്രവര്‍ത്തിച്ചു എന്നു പറയാം.
വിശദീകരണം III - ഏതൊരാള്‍, ഭീഷണിയിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഏതെങ്കിലും വിധത്തില്‍ ബലാത്ക്കാരമായോ തട്ടികൊണ്ടുപോയോ, ചതിച്ചോ, വഞ്ചിച്ചോ, അധികാരമോ പദവിയോ, ദുരുപയോഗപ്പെടുത്തിയോ, സാഹചര്യങ്ങള്‍ മുതലെടുത്തോ, മറ്റൊരാളില്‍ നിയന്ത്രണമുള്ള ആളുടെ സമ്മതത്തിനായി പണമോ മറ്റ് പാരിതോഷികങ്ങളോ, വാങ്ങിക്കൊണ്ടോ കൊടുത്തുകൊണ്ടോ, ഒരു കുട്ടിയെ ഉപയോഗിക്കുകയോ, പാര്‍പ്പിക്കുകയോ, സ്വീകരിക്കുകയോ, കടത്തുകയോ ചെയ്താല്‍ ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിനായി ആ കൃത്യം ചെയ്യുന്നതിന് സഹായകമായി പ്രവര്‍ത്തിച്ചു എന്നു പറയാവുന്നതാണ്.
17. പ്രേരണയ്ക്കുള്ള ശിക്ഷ - ഏതൊരാള്‍ ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിലേക്കായി പ്രേരിപ്പിക്കുകയും ആ പ്രേരണയെ തുടര്‍ന്നാണ് അത്തരം കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍, അയാളെ ആ കുറ്റത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള ശിക്ഷ നല്‍കി ശിക്ഷിക്കേണ്ടതാണ്.
വിശദീകരണം - ഏതെങ്കിലും പ്രവൃത്തിയോ കുറ്റകൃത്യമോ പ്രേരണയെ തുടര്‍ന്നുണ്ടായതാണെന്ന് പറയണമെങ്കില്‍ അത് അത്തരം പ്രേരണയുടെ അനന്തരഫലമായോ ഗൂഡാലോചനയെ തുടര്‍ന്നോ സഹായംകൊണ്ടോ നടത്തിയതാകണം.
18. കുറ്റകൃത്യം നടത്താന്‍ ശ്രമിച്ചാലുള്ള ശിക്ഷ - ഏതൊരാളാണോ ഈ നിയമപ്രകാരമുള്ള കുറ്റകൃത്യം ചെയ്യാനോ, അത്തരം കുറ്റകൃത്യം ചെയ്യിപ്പിക്കാനോ ശ്രമിക്കുകയും അങ്ങനെയുള്ള ശ്രമത്തില്‍ കുറ്റകൃത്യം നടത്തുന്നതിലേക്കുള്ള എന്തെങ്കിലും പ്രവൃത്തിക്കുകയും ചെയ്താല്‍, അയാള്‍ സന്ദര്‍ഭമനുസരിച്ച്, ജീവപര്യന്തത്തടവിന്‍റെ പകുതിയോളമാകാവുന്ന കാലത്തേയ്ക്കോ ആ കുറ്റകൃത്യത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള പരമാവധി തടവിന്‍റെ പകുതിയോളമാകാവുന്ന തടവിനോ പിഴയ്ക്കോ ഇവ രണ്ടിനും കൂടിയോ ശിക്ഷാര്‍ഹനാകുന്നതാണ്.
അധ്യായം V
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള
നടപടിക്രമം
19. കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിംഗ്
(1) 1973 ലെ ക്രമിനല്‍ നടപടി ക്രമത്തിലെ (1974-ലെ 2), വ്യവസ്ഥകളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും ആര്‍ക്കെങ്കിലും (കുട്ടിയടക്കം) ഈ നിയമപ്രകാരമുള്ള കുറ്റകൃത്യം നടക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെങ്കിലോ, അത്തരം കുറ്റകൃത്യം നടന്നു എന്ന് അറിവുണ്ടെങ്കിലോ, അയാള്‍ അത്തരം അറിവ് -
(a) സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനോ;
(b) ലോക്കല്‍ പോലീസിനോ; - നല്‍കേണ്ടതാണ്.
(2) 1-ാം ഉപവകുപ്പ് പ്രകാരം നല്‍കിയ റിപ്പോര്‍ട്ടിന് -
(a) ഒരു നമ്പര്‍ നല്‍കുകയും രേഖാമൂലമാക്കുകയും;
(b) വിവരം നല്‍കിയ വ്യക്തിയെ വായിച്ചു കേള്‍പ്പിക്കുകയും;
(c) പോലീസ് യൂണിറ്റില്‍ വെച്ചിട്ടുള്ള ബുക്കില്‍ രേഖപ്പെടുത്തുകയും വേണം.
(3) (1)-ാം ഉപവകുപ്പ് പ്രകാരം റിപ്പോര്‍ട്ട് നല്‍കിയത് ഒരു കുട്ടിയാണെങ്കില്‍, അത് (2)-ാം ഉപവകുപ്പ് പ്രകാരം രേഖാമൂലമാക്കേണ്ടത്; രേഖപ്പെടുത്തുന്നതിന്‍റെ ഉള്ളടക്കം കുട്ടിക്ക് മനസിലാകുന്നതിനായി ലളിതമായ ഭാഷയിലായിരിക്കണം.
(4) ഉള്ളടക്കം രേഖാമൂലമാക്കുന്നത് കുട്ടിക്ക് മനസിലാകുന്ന ഭാഷയിലല്ലെങ്കിലോ, ആവശ്യം എന്ന് കരുതുന്ന ഏത് സന്ദര്‍ഭത്തിലും നിര്‍ദ്ദേശിക്കപ്പെടാവുന്ന ഫീസ് നല്‍കിക്കൊണ്ട് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഒരു പരിഭാഷകനെയോ ദ്വിഭാഷിയെയോ കുട്ടിക്ക് ലഭ്യമാക്കേണ്ടതാണ്.
(5) കുറ്റകൃത്യത്തിനിരയായ കുട്ടിക്ക് പരിചരണവും സംരക്ഷണവും, ആവശ്യമാണെന്ന് സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനോ ലോക്കല്‍ പോലീസിനോ ബോദ്ധ്യപ്പെടുന്നപക്ഷം അതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തികൊണ്ട്, കുട്ടിക്ക് നിര്‍ദ്ദേശിക്കപ്പെടാവുന്ന പരിചരണവും സംരക്ഷണവും (കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലാക്കുന്നതോ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതോ അടക്കം) അടിയന്തിരമായി നല്‍കുവാനുള്ള നടപടികള്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത് 24 മണിക്കൂറിനകം സ്വീകരിക്കേണ്ടതാണ്.
(6) സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റോ, ലോക്കല്‍ പോലീസോ, അനാവശ്യമായ കാലതാമസം വരുത്താതെയും 24 മണിക്കൂറിനുള്ളിലും, ആ വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും, സ്പെഷ്യല്‍ കോടതിയ്ക്കും അല്ലെങ്കില്‍ സ്പെഷ്യല്‍ കോടതി നിയോഗിച്ചിട്ടില്ലാത്ത പക്ഷം സെഷന്‍സ് കോടതിക്കും, കുട്ടിക്ക് പരിചരണവും സംരക്ഷണവും നല്‍കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചും, ആയതിലേയ്ക്ക് അവര്‍ എടുത്ത നടപടികളെകുറിച്ചും റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
(7) ഉത്തമവിശ്വാസത്തോടുകൂടി (1) -ാം ഉപവകുപ്പു പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന യാതൊരാള്‍ക്കും; സിവിലോ, ക്രിമിനലോ ആയ ഒരു ബാധ്യതയും ഉണ്ടാകുന്നതല്ല.
20. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍, സ്റ്റുഡിയോ മറ്റ് ഫോട്ടോ ഗ്രാഫിക് സംവിധാനങ്ങള്‍ എന്നിവയുടെ ബാധ്യത
മാധ്യമങ്ങളിലെയോ ഹോട്ടലിലെയോ, ലോഡ്ജിലെയോ, ആശുപത്രിയിലെയോ, ക്ലബ്ബിലെയോ, സ്റ്റുഡിയോയിലെയോ, ഫോട്ടോഗ്രാഫിക് സംവിധാനങ്ങളിലെയോ ജീവനക്കാര്‍, അവരെ എന്ത് തന്നെ പേരിലറിയപ്പെട്ടാലും, അവിടെ എത്ര തന്നെ പേര്‍ ജോലിക്കുണ്ടായിരുന്നാലും; കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഏതെങ്കിലും സാമഗ്രികളോ, വസ്തുക്കളോ, (അശ്ലീല ചിത്രങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ടതോ, കുട്ടിയെയോ, കുട്ടികളെയോ ആഭാസകരമായ രീതിയില്‍ ചിത്രീകരിക്കുന്നതോ ആയ കാര്യങ്ങള്‍), ഏത് മാധ്യമംവഴി ഉപയോഗിച്ചാലും അവരുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍, സന്ദര്‍ഭമനുസരിച്ച്, സ്പെഷ്യല്‍ ജുവൈനല്‍ പോലീസ് യൂണിറ്റിനെയോ, ലോക്കല്‍ പോലീസിനെയോ, ആ വിവരം അറിയിക്കേണ്ടതാണ്.
21. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനോ രേഖപ്പെടുത്തുന്നതിനോ വീഴ്ച വരുത്തിയാലുള്ള ശിക്ഷ.
(1) ഏതൊരാള്‍ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരമോ 20-ാം വകുപ്പ് പ്രകാരമോ ഒരു കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വീഴ്ച വരുത്തിയാലോ 19-ാം വകുപ്പിന്‍റെ (2)-ാം ഉപവകുപ്പ് പ്രകാരം കുറ്റകൃത്യം രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയാലോ, അയാള്‍ അത്തരം വീഴ്ചയ്ക്ക് ആറുമാസം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്ക്കും കൂടാതെ പിഴശിക്ഷയ്ക്കും അര്‍ഹനാകാവുന്നതാണ്.
(2) ഏതൊരാള്‍ ഒരു കമ്പിനിയുടെയോ, ഒരു സ്ഥാപനത്തിന്‍റെയോ (അത് ഏത് പേരില്‍ അറിയപ്പെട്ടാലും) ചുമതലയില്‍ ഇരിക്കെ അയാളുടെ നിയന്ത്രണത്തിലുള്ള കീഴ്ജീവനക്കാര്‍ നടത്തിയ കുറ്റകൃത്യം 19-ാം (1)-ാം ഉപവകുപ്പ് പ്രകാരം റിപ്പോര്‍ട്ട് ചെയ്യാന്‍ വീഴ്ചവരുത്തിയാല്‍ അയാള്‍ അത്തരം വീഴ്ചയ്ക്ക് ഒരുവര്‍ഷം വരെ ആകാവുന്ന തടവിനും പിഴശിക്ഷയ്ക്കും അര്‍ഹനാണ്.
(3) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകള്‍ ഒരു കുട്ടിക്ക് ഈ നിയമപ്രകാരം ബാധകമല്ല.
22. വ്യാജ വിവരങ്ങള്‍ക്കോ, വ്യാജ പരാതികള്‍ക്കോ ഉള്ള ശിക്ഷ
(1) ഒരാളെ അപമാനിക്കണമെന്നോ, അപഹരിക്കണമെന്നോ, ഭീഷണിപ്പെടുത്തണമെന്നോ, മാനഹാനി വരുത്തണമെന്നോ ഉള്ള ഉദ്ദേശത്തോടുകൂടി മാത്രം ഒരാളെ 3, 5, 7, 9 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യം ആരെങ്കിലും നടത്തിയതായി അയാള്‍ക്കെതിരെ, മറ്റൊരാള്‍ വ്യാജവിവരം നല്‍കുകയോ, വ്യാജപരാതി നല്‍കുകയോ ചെയ്താല്‍, അയാള്‍ ആറുമാസം വരെ ആകാവുന്ന തടവിനോ, പിഴയ്ക്കോ ഇവ രണ്ടിനും കൂടിയോ ശിക്ഷാര്‍ഹനാകുന്നതാണ്.
(2) എന്നാല്‍ വ്യാജ പരാതിയോ മറ്റ് വിവരങ്ങളോ ഒരു കുട്ടിയാണ് നല്‍കിയതെങ്കില്‍ ആ കുട്ടിക്ക് ഒരു ശിക്ഷയും നല്‍കുവാന്‍ പാടുള്ളതല്ല.
(3) കുട്ടി അല്ലാത്ത ഏതെങ്കിലും വ്യക്തി, ഒരു കുട്ടിക്കെതിരായി തെറ്റായ വിവരമാണെന്നറിഞ്ഞുകൊണ്ട് വ്യാജ പരാതിയോ വ്യാജ വിവരമോ നല്‍കുക വഴി ആ കുട്ടിയെ ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യത്തിന്‍റെ ബലിയാടാകുന്നുവെങ്കില്‍ അയാള്‍ ഒരു വര്‍ഷം തടവിനോ, പിഴയ്ക്കോ, അല്ലെങ്കില്‍ ഇവ രണ്ടിനും കൂടിയോ ശിക്ഷാര്‍ഹനാകുന്നതാണ്.
23. മാധ്യമങ്ങള്‍ക്കുള്ള നടപടിക്രമം
(1) പൂര്‍ണ്ണമോ ആധികാരികമോ ആയ വിവരങ്ങള്‍ ഇല്ലാതെ, ഒരു കുട്ടിയുടെ അഭിമാനത്തിന് കോട്ടം വരുത്തുന്ന തരത്തിലോ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിലോ, ഏതെങ്കിലും രീതിയിലുള്ള മാധ്യമമോ, സ്റ്റുഡിയോയോ, ഫോട്ടോഗ്രാഫിക് സംവിധാനങ്ങളോ വഴി, യാതൊരാളും ഏതെങ്കിലും റിപ്പോര്‍ട്ടോ, അഭിപ്രായങ്ങളോ നല്‍കുവാന്‍ പാടില്ല.
(2) കുട്ടിയുടെ പേര്, വിലാസം, ഫോട്ടോഗ്രാഫ്, കുടുംബവിവരങ്ങള്‍, സ്ക്കൂള്‍, അയല്‍പ്പക്കം, കുട്ടിയെ തിരിച്ചറിയുന്നതിലേക്ക് നയിക്കാവുന്ന തരത്തിലുള്ള മറ്റ് വിവരങ്ങള്‍ അടക്കം കുട്ടിയെ തിരിച്ചറിയുന്ന ഒരു റിപ്പോര്‍ട്ടുകളും യാതൊരു മാധ്യമങ്ങളും പുറത്ത് വിടാന്‍ പാടില്ല.
എന്നാല്‍ കാരണങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ഈ നിയമപ്രകാരം കേസുകള്‍ വിചാരണ ചെയ്യുവാന്‍ അധികാരപ്പെട്ട സ്പെഷ്യല്‍ കോടതിയ്ക്ക് കുട്ടിയുടെ താത്പര്യത്തിന് ഉചിതമെന്ന് അഭിപ്രായമുള്ള പക്ഷം, അത്തരം വെളിപ്പെടുത്തലുകള്‍ അനുവദിക്കാവുന്നതാണ്.
(3) ഒരു മാധ്യമത്തിന്‍റെയോ, സ്റ്റുഡിയോയുടെയോ, ഫോട്ടോഗ്രാഫിക് സംവിധാനത്തിന്‍റെയോ; പ്രസാധക ഉടമയോ; അവരുടെ ജീവനക്കാര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കും വീഴ്ചകള്‍ക്കും, ഒറ്റയ്ക്കും കൂട്ടായും, ബാധ്യസ്ഥന്‍ ആയിരിക്കും.
(4) (1)-ാം വകുപ്പിലേയോ (2) -ാം വകുപ്പിലേയോ വ്യവസ്ഥകള്‍ പാലിക്കാത്ത ഏതൊരാള്‍ക്കും ആറുമാസത്തില്‍ കുറയാത്തതും ഒരു വര്‍ഷംവരെ ആകാവുന്നതുമായ തടവിനും, പിഴയ്ക്കും അല്ലെങ്കില്‍ രണ്ടിനുംകൂടി ശിക്ഷാര്‍ഹനാകുന്നതാണ്.
അധ്യായം VI
കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
24. ഒരു കുട്ടിയുടെ മൊഴി റിക്കോര്‍ഡ് രേഖപ്പെടുത്തല്‍
(1) ഒരു കുട്ടിയുടെ മൊഴി കുട്ടിയുടെ വീട്ടില്‍ വച്ചോ സാധാരണഗതിയില്‍ താമസിച്ചുവരുന്ന സ്ഥലത്ത് വച്ചോ, കുട്ടിയുടെ താത്പര്യപ്രകാരമുള്ള സ്ഥലത്ത് വച്ചോ, കഴിവതും, സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ രേഖപ്പെടുത്തേണ്ടതാണ്.
(2) കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥ ഔദ്യോഗിക വേഷം ധരിക്കാന്‍ പാടില്ല.
(3) യാതൊരു സാഹചര്യത്തിലും, കുട്ടി പ്രതിയുമായി യാതൊരുവിധ സമ്പര്‍ക്കത്തിലും ഏര്‍പ്പെടുന്നില്ല എന്ന് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ആരായുന്ന സമയത്ത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പ് വരുത്തേണ്ടതാണ്.
(4) യാതൊരു കാരണവശാലും ഒരു കുട്ടിയേയും രാത്രി പോലീസ് സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തുവാന്‍ പാടില്ല.
(5) കുട്ടിയുടെ ഉത്തമ താല്‍പര്യത്തിനായി സ്പെഷ്യല്‍ കോടതി നിര്‍ദ്ദേശിക്കുന്ന സാഹചര്യങ്ങളില്‍ ഒഴികെ കുട്ടിയെ തിരിച്ചറിയത്തക്ക രീതിയിലുള്ള വിവരങ്ങള്‍ പൊതു മാധ്യമങ്ങളില്‍ വരുന്നില്ല എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഉറപ്പ് വരുത്തേണ്ടതാണ്.
25. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്ന വിധം
(1) 1973-ലെ ക്രിമിനല്‍ നടപടിക്രമത്തിലെ (1974 ലെ 2) 164-ാം വകുപ്പ് പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയാണെങ്കില്‍ അങ്ങനെയുള്ള മൊഴി രേഖപ്പെടുത്തുന്ന മജിസ്ട്രേറ്റ്, ആ നിയമത്തില്‍ എന്ത് തന്നെ അടങ്ങിയിരുന്നാലും കുട്ടി പറയുന്നത് അതുപോലെ തന്നെ രേഖപ്പെടുത്തേണ്ടതാണ്.
എന്നിരുന്നാലും ക്രിമിനല്‍ നടപടിക്രമത്തിലെ 164-ാം വകുപ്പിലെ 5-ാം ഉപവകുപ്പിലെ ഒന്നാം പ്രൊവൈസോ പ്രകാരം പ്രതിയുടെ അഭിഭാഷകന്‍റെ സാന്നിധ്യം അനുവദിക്കുന്ന വ്യവസ്ഥ ഈ കേസില്‍ ബാധകമല്ല.
(2) ക്രിമിനല്‍ നടപടി നിയമത്തിലെ 173-ാം വകുപ്പ് പ്രകാരം പോലീസ് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതിന്മേല്‍ മജിസ്ട്രേറ്റ്, ക്രമിനല്‍ നടപടിക്രമത്തിലെ 207-ാം വകുപ്പ് പ്രകാരം നിര്‍ദ്ദിഷ്ടമാക്കിയിട്ടുള്ള രേഖയുടെ പകര്‍പ്പ്, കുട്ടിക്കോ, മാതാപിതാക്കള്‍ക്കോ കുട്ടിയുടെ പ്രതിനിധിക്കോ നല്‍കേണ്ടതാണ്.
26. മൊഴി രേഖപ്പെടുത്തുന്നതിനുള്ള അനുബന്ധ വ്യവസ്ഥകള്‍
(1) സന്ദര്‍ഭമനുസരിച്ച് മജിസ്ട്രേറ്റോ, പോലീസ് ഓഫീസറോ, കുട്ടിയുടെ മാതാപിതാക്കളുടെയോ, കുട്ടിക്ക് വിശ്വാസമോ ഉത്തമബോദ്ധ്യമോ ഉള്ള മറ്റ് ഏതെങ്കിലും ആളുടെയോ സാന്നിധ്യത്തില്‍ കുട്ടി പറയുന്ന അതേരീതിയില്‍ തന്നെ ആണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്.
(2) സന്ദര്‍ഭമനുസരിച്ച് മജിസ്ട്രേറ്റിനോ, പോലീസ് ഓഫീസര്‍ക്കോ ആവശ്യമെങ്കില്‍ നിര്‍ദ്ദേശിക്കപ്പെടാവുന്ന യോഗ്യതയും, പ്രവൃത്തി പരിചയമുള്ളതും അങ്ങനെയുള്ള ഫീസ് നല്‍കികൊണ്ടും, ഒരു പരിഭാഷകന്‍റെയോ ദ്വിഭാഷിയുടെയോ സഹായം തേടാവുന്നതാണ്.
(3) മാനസിക വൈകല്യങ്ങളോ, ശാരീരികക്ഷമത കുറവുകളോ ഉള്ള ഒരു കുട്ടിയുടെ മൊഴി എടുക്കുന്നതിനായി, സന്ദര്‍ഭമനുസരിച്ച്, മജിസ്ട്രേറ്റിനോ, പോലീസ് ഓഫീസര്‍ക്കോ; നിര്‍ദ്ദേശിക്കപ്പെടാവുന്ന യോഗ്യതയും, പ്രവൃത്തിപരിചയമുള്ളതും അങ്ങിനെയുള്ള ഫീസ് നല്‍കികൊണ്ടും; ഒരു സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെയോ, കുട്ടിയുടെ ആശയവിനിമയരീതി പരിചയമുള്ള വ്യക്തിയുടെയോ, ആ വിഷയത്തില്‍ വൈദഗ്ധ്യമുള്ള ആളുടെയോ സേവനം തേടാവുന്നതാണ്.
(4) സന്ദര്‍ഭമനുസരിച്ച് മജിസ്ട്രേറ്റോ, പോലീസ് ഓഫീസറോ, കുട്ടിയുടെ മൊഴി കഴിവതും ദൃശ്യ-ശ്രാവ്യ ഇലക്ട്രോണിക്ക് ഉപാധികള്‍ മുഖേനയും കൂടി രേഖപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
27. കുട്ടിയുടെ വൈദ്യപരിശോധന
(1) ഈ നിയമപ്രകാരം പ്രഥമ വിവരറിപ്പോര്‍ട്ടോ, പരാതിയോ, രജിസ്റ്റര്‍ ചെയ്തിട്ടില്ലായെങ്കിലും കൂടി ഈ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിന് വിധേയമായ ഒരു കുട്ടിയെ 1973-ലെ ക്രിമിനല്‍ നടപടി ക്രമത്തിന്‍റെ (1974-ലെ 2) 164A വകുപ്പ് പ്രകാരം വൈദ്യപരിശോധന നടത്തേണ്ടതാണ്.
(2) പീഡനത്തിന് ഇരയായത് പെണ്‍കുട്ടിയാണെങ്കില്‍ വൈദ്യപരിശോധന നടത്തുന്നത് ഒരു വനിതാ ഡോക്ടരായിരിക്കണം.
(3) വൈദ്യപരിശോധന നടത്തേണ്ടത് കുട്ടിയുടെ മാതാപിതാക്കളുടെയോ കുട്ടിക്ക് വിശ്വാസമോ ഉത്തമബോദ്ധ്യമോ ഉള്ള ഒരാളുടെയോ സാന്നിദ്ധ്യത്തില്‍ ആയിരിക്കണം.
(4)(3)-ാം ഉപവകുപ്പില്‍ പറഞ്ഞിട്ടുള്ളതുപോലെ മാതാപിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ സാന്നിദ്ധ്യം ഏതെങ്കിലും കാരണവശാല്‍ ഉണ്ടാകാത്തപക്ഷം വൈദ്യപരിശോധന, ആ മെഡിക്കല്‍ സ്ഥാപനത്തിലെ തലവന്‍ നിയോഗിക്കുന്ന ഏതെങ്കിലും ഒരു വനിതയുടെ സാന്നിദ്ധ്യത്തില്‍ ആയിരിക്കണം നടത്തേണ്ടത്.
അധ്യായം VII
സ്പെഷ്യല്‍ കോടതികള്‍
28. സ്പെഷ്യല്‍ കോടതികളുടെ സ്ഥാനനിര്‍ണ്ണയം
(1) വിചാരണ ദ്രുതഗതിയില്‍ നടത്തുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ച് സംസ്ഥാന സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുവാനായി ഓരോ ജില്ലയിലും ഒരു സെഷന്‍സ് കോടതിയെ ഒരു സ്പെഷ്യല്‍ കോടതിയായി നിയോഗിക്കേണ്ടതാണ്.
എന്നാല്‍ 2005-ലെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷനുകള്‍ നിയമം (2006-ലെ 4) പ്രകാരം ഏതെങ്കിലും സെഷന്‍സ് കോടതിയെ കുട്ടികളുടെ കോടതിയായി വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലോ, ഇതേ ആവശ്യത്തിനായി ഇപ്പോള്‍ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം സ്പെഷ്യല്‍ കോടതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലോ അത്തരം കോടതിയെ ഈ വകുപ്പ് പ്രകാരം സ്പെഷ്യല്‍ കോടതിയായി കരുതാവുന്നതാണ്.
(2) സ്പെഷ്യല്‍ കോടതി ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ (1)-ാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഒഴികെ) വിചാരണ നടത്തുമ്പോള്‍ പ്രതിക്കെതിരെ 1973-ലെ ക്രിമിനല്‍ നടപടിക്രമ (1974-ലെ 2) പ്രകാരം ചാര്‍ജ് ചെയ്തിട്ടുള്ള മറ്റ് കുറ്റങ്ങള്‍ കൂട്ടിചേര്‍ത്ത് വിചാരണ നടത്താവുന്നതാണ്.
(3) ഈ നിയമപ്രകാരം രൂപീകരിച്ച സ്പെഷ്യല്‍ കോടതിക്ക്, 2000-ത്തിലെ വിവര സാങ്കേതിക നിയമത്തിലെ (2000 ത്തിലെ 21) വ്യവസ്ഥകള്‍ എന്തുതന്നെയായാലും, ആ നിയമത്തിലെ 67ആ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന്, ഓണ്‍ലൈനായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതോ ഏതെങ്കിലും പ്രവൃത്തിയിലൂടെയോ പെരുമാറ്റത്തിലൂടെയോ രീതിയിലൂടെയോ കുട്ടികളെ അശ്ലീലമായി ചിത്രീകരിക്കുന്നതു പ്രസിദ്ധീകരിക്കുന്നതോ പ്രസരണം ചെയ്യുന്നതോ സംബന്ധിക്കുന്ന കുറ്റത്തിനത്രയും വിചാരണ നടത്താനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.
29. ചില കുറ്റകൃത്യങ്ങളെ സംബന്ധിച്ചു അനുമാനം
ഈ നിയമത്തിലെ 3,5,7,9 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഒരാള്‍ ചെയ്തുവെന്നോ, ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നോ, ചെയ്യാന്‍ ശ്രമിച്ചുവെന്നോ ആണ് അയാളുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റമെങ്കില്‍, ആയത് മറിച്ച് തെളിയിക്കാത്തപക്ഷം, ആരോപണ വിധേയനായ വ്യക്തി സന്ദര്‍ഭമനുസരിച്ച്, കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നോ, ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നോ, ചെയ്യാന്‍ ശ്രമിച്ചുവെന്നോ സ്പെഷ്യല്‍ കോടതി അനുമാനിക്കേണ്ടതാണ്.
30. കുറ്റകരമായ മാനസികാവസ്ഥ സംബന്ധിച്ച അനുമാനം
(1) പ്രതിയുടെ കുറ്റകരമായ മാനസികാവസ്ഥ ഉണ്ടാകേണ്ടുന്ന, ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുമ്പോള്‍, ആ പ്രതിക്ക് അത്തരം മാനസികാവസ്ഥ ഉണ്ടായിരുന്നുവെന്ന് സ്പെഷ്യല്‍ കോടതി അനുമാനിക്കേണ്ടതും എന്നാല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ചെയ്യുന്നതിനുള്ള മാനസികാവസ്ഥ തനിക്ക് ഇല്ലായിരുന്നു എന്ന വസ്തുത തെളിയിക്കുന്നത് പ്രതിയുടെ ഒരു എതിര്‍വാദവുമാണ്.
(2) ഈ വകുപ്പിന്‍റെ ആവശ്യത്തിലേക്കായി, ഒരു വസ്തുത തെളിയിക്കപ്പെട്ടു എന്ന് കരുണമെങ്കില്‍, വസ്തുതയുടെ സംഭവ്യത മാത്രം കണക്കിലെടുത്തുകൊണ്ടല്ല മറിച്ച് സ്പെഷ്യല്‍ കോടതിക്ക് സംശയാതീതമായി ആ വസ്തുത നിലനിന്നു എന്ന് തീര്‍ത്തും വിശ്വാസയോഗ്യമാകേണ്ടതാണ്.
വിശദീകരണം- ഈ വകുപ്പ്പ്രകാരം കുറ്റകരമായ മാനസികാവസ്ഥ എന്നത് അയാളുടെ ഉദ്ദേശ്യം, ലക്ഷ്യം, വസ്തുതകളെ കുറിച്ചുള്ള അറിവ്, വസ്തുതയെക്കുറിച്ചുള്ള വിശ്വാസം അല്ലെങ്കില്‍ വിശ്വസിക്കാനുള്ള കാരണം എന്നിവ ഉള്‍പ്പെടുന്നതാണ്.
31. സ്പെഷ്യല്‍ കോടതിയുടെ മുമ്പാകെയുള്ള നടപടിക്രമങ്ങള്‍ക്ക് 1973-ലെ ക്രിമിനല്‍ നടപടിക്രമം ബാധകം.
ഈ നിയമത്തില്‍ മറ്റു രീതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളവ ഒഴിച്ചാല്‍, 1973-ലെ ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ (1974-ലെ 2) (ജാമ്യം, ബോണ്ടുകള്‍ എന്നിവ അടക്കമുള്ള വ്യവസ്ഥകള്‍) സ്പെഷ്യല്‍ കോടതിയുടെ മുമ്പാകെയുള്ള നടപടിക്രമങ്ങള്‍ക്ക് ബാധകമായിരിക്കുകയും സ്പെഷ്യല്‍ കോടതിയെ ഒരു സെഷന്‍സ് കോടതിയായും; സ്പെഷ്യല്‍ കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന വ്യക്തിയെ പബ്ലിക് പ്രോസിക്യൂട്ടറായും കണക്കാക്കേണ്ടതുമാണ്.
32. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍
(1) ഈ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിനുവേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍, ഔദ്യോഗിക വിജ്ഞാപനത്തിലൂടെ, ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഓരോ സ്പെഷ്യല്‍ കോടതിയിലും നിയമിക്കേണ്ടതാണ്.
(2) അഭിഭാഷക വ്യത്തിയില്‍ ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഒരാള്‍ക്ക് മാത്രമേ ഉപവകുപ്പ് (1) പ്രകാരം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കപ്പെടാന്‍ യോഗ്യത ഉണ്ടായിരിക്കുകയുള്ളു.
(3) ഈ വകുപ്പുപ്രകാരം നിയമിക്കപ്പെടുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ 1973-ലെ ക്രിമിനല്‍ നടപടിക്രമത്തിലെ (1974-ലെ 2) 2 (u) വകുപ്പില്‍ അര്‍ത്ഥമാക്കുന്നു പബ്ലിക് പ്രോസിക്യൂട്ടറായി കരുതേണ്ടതും, ക്രിമിനല്‍ നടപടി ക്രമത്തിലെ വ്യവസ്ഥകള്‍ ബാധകമാകുന്നതുമാണ്.
അധ്യായം VIII
സ്പെഷ്യല്‍ കോടതികളുടെ നടപടിക്രമങ്ങളും അധികാരങ്ങളും തെളിവ് രേഖപ്പെടുത്തലും
33. സ്പെഷ്യല്‍ കോതികളുടെ നടപടിക്രമങ്ങളും അധികാരങ്ങളും
(1) കുറ്റകൃത്യത്തിനാധാരമായ വസ്തുതയെ സംബന്ധിച്ചു പരാതി ലഭിക്കുമ്പോഴോ, അത്തരം വസ്തുതയെ സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് ലഭിക്കുമ്പോഴോ; വിചാരണയ്ക്ക് പ്രതിയെ കമ്മിറ്റല്‍ നടപടിക്ക് വിധേയമാകാതെ തന്നെ, ഒരു സ്പെഷ്യല്‍ കോടതിയ്ക്ക് ഏതെങ്കിലും കുറ്റകൃത്യത്തില്‍ നടപടിയെടുക്കാവുന്നതാണ്.
(2) സ്പെഷ്യല്‍ പ്രോസിക്യൂട്ടറോ പ്രതിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോ സന്ദര്‍ഭമനുസരിച്ച്, മുഖ്യവിസ്താരമോ, എതിര്‍ വിസ്താരമോ, പുനര്‍വിസ്താരമോ നടത്തുന്നതിന് കുട്ടിയോട് ചോദിക്കാനുദ്ദേശിക്കുന്ന ചോദ്യങ്ങള്‍, സ്പെഷ്യല്‍ കോടതിക്ക് നല്‍കേണ്ടതും, അത് സ്പെഷ്യല്‍ കോടതി കുട്ടിയോട് ചോദിക്കേണ്ടതുമാണ്.
(3) സ്പെഷ്യല്‍ കോടതി വിചാരണക്കിടയില്‍ ആവശ്യമെന്ന് തോന്നുന്നപക്ഷം, കുട്ടിക്ക് ഇടയ്ക്കിടെ ഇടവേളകള്‍ അനുവദിക്കാവുന്നതാണ്.
(4) സ്പെഷ്യല്‍ കോടതി ഒരു കുട്ടിയുടെ കുടുംബാംഗത്തെയോ, രക്ഷാകര്‍ത്താവിനെയോ, സുഹൃത്തിനെയോ, ബന്ധുവിനെയോ കുട്ടിക്ക് വിശ്വാസമോ, ഉത്തമബോധ്യമോ ഉള്ള ഒരാളെയോ കുട്ടിയോടൊപ്പം നില്‍ക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി ഒരു ബാലസൗഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിക്കണം.
(5) തെളിവ് നല്‍കുന്നതിലേക്കായി കുട്ടിയെ പലപ്രാവശ്യം കോടതിയില്‍ വിളിപ്പിക്കുന്നില്ല എന്ന് സ്പെഷ്യല്‍ കോടതി ഉറപ്പ് വരുത്തണം.
(6) കുട്ടിയെ അക്രമിക്കുന്ന തരത്തിലോ സ്വാഭവഹത്യ നടത്തുന്ന തരത്തിലോ ഉള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു കാരണവശാലും സ്പെഷ്യല്‍ കോടതി അനുവദിക്കാതിരിക്കുകയും, വിചാരണയുടെ എല്ലാ ഘട്ടത്തിലും കുട്ടിയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം.
(7) അന്വേഷണത്തിന്‍റെയോ, വിചാരണയുടെയോ ഇടയില്‍ ഒരു സമയത്തും കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള യാതൊരു വിവരവും പുറത്താവുന്നില്ല എന്ന് സ്പെഷ്യല്‍ കോടതി ഉറപ്പു വരുത്തണം.
എന്നാല്‍ അത്തരം വിവരം വെളിപ്പെടുത്തുന്നത് കുട്ടിയുടെ താത്പര്യത്തിന് ഉചിതമെന്ന് അഭിപ്രായമുണ്ടെങ്കില്‍ കാരണങ്ങള്‍ രേഖപ്പെടുത്തികൊണ്ട് വിവരം വെളിപ്പെടുത്താന്‍ സ്പെഷ്യല്‍ കോടതി അനുവാദനം നല്‍കാവുന്നതാണ്.
വിശദീകരണം - ഈ ഉപവകുപ്പിന്‍റെ ആവശ്യത്തിലേക്കായി കുട്ടിയെ തിരിച്ചറിയുന്ന തരം വിവരം എന്നതിന് കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന കുട്ടിയുടെ കുടുംബം, സ്ക്കൂള്‍, ബന്ധുക്കള്‍, അയല്‍പക്കം, മറ്റേതെങ്കിലും വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.
(8) അനിവാര്യമായ കേസുകളില്‍, സ്പെഷ്യല്‍ കോടതിക്ക് ശിക്ഷയോടൊപ്പം കുട്ടിക്കുണ്ടായ ശാരീരികമോ, മാനസികമോ ആയ ആഘാതങ്ങള്‍ക്കോ ആ കുട്ടിയുടെ അടിയന്തിര പുന:രധിവാസത്തിനോ നിര്‍ദ്ദേശിക്കപ്പെടാവുന്ന അങ്ങിനെയുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് ഉത്തരവിടാവുന്നതാണ്.
(9) ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഈ നിയമത്തിലുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ നടത്തുന്നതിന് സ്പെഷ്യല്‍ കോടതിക്ക്, ഒരു സെഷന്‍സ് കോടതിയുടെ എല്ലാ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതും അത്തരം കുറ്റകൃത്യം വിചരണ നടത്തേണ്ടത് ഒരു സെഷന്‍സ് കോടതി ആയിരുന്നെങ്കില്‍ 1973-ലെ ക്രിമിനല്‍ നടപടിക്രമം (1974-ലെ 2) അനുസരിച്ച് എങ്ങനെയാണോ വിചാരണ ചെയ്യുന്നത്, കഴിവതും, അപ്രകാരം വിചാരണ ചെയ്യേണ്ടതുമാണ്.
കേസ് നിയമം
ഈ നിയമപ്രകാരമുള്ള ഒരു കുറ്റത്തില്‍ പ്രതി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അധികാരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഇല്ല. (പ്രസാദ് Vs. സ്റ്റേറ്റ് ഓഫ് കേരള, 2013(2)KLT 942)
34. ഒരു കുട്ടിയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ പാലിക്കേണ്ട നടപടിക്രമവും സ്പെഷ്യല്‍ കോടതി വയസ്സ് നിര്‍ണ്ണയിക്കുന്ന രീതിയും.
(1) ഈ നിയമമനുസരിച്ചുള്ള കുറ്റകൃത്യം ചെയ്യുന്നത് ഒരു കുട്ടിയാണെങ്കില്‍, ആ കുട്ടിയെ കൈകാര്യം ചെയ്യേണ്ടത് 2000-ത്തിലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ (2000-ത്തിലെ 56) വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടായിരിക്കണം.
(2) സ്പെഷ്യല്‍ കോടതി മുമ്പാകെയുള്ള ഏതെങ്കിലും നടപടിയില്‍ ഒരാള്‍ കുട്ടിയാണോ, അല്ലയോ എന്ന ചോദ്യം ഉയരുന്നുവെങ്കില്‍, ആ വ്യക്തിയുടെ പ്രായം, സ്പെഷ്യല്‍ കോടതി സ്വയം ബോധ്യം വരുത്തിയശേഷം നിര്‍ണ്ണയിക്കേണ്ടതും അത്തരം നിര്‍ണ്ണയത്തിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തേണ്ടതുമാണ്.
(3)(2)-ാം ഉപവകുപ്പ് പ്രകാരം നിര്‍ണ്ണയിച്ചത് ഒരാളുടെ ശരിയായ പ്രായമല്ല എന്നത് പിന്നീട് തെളിയിച്ചത് കൊണ്ട് മാത്രം സ്പെഷ്യല്‍ കോടതിയുടെ ഒരു ഉത്തരവ് ദുര്‍ബലമായി എന്ന് കരുതാനാവില്ല.
35. കുട്ടിയുടെ തെളിവ് റിക്കോര്‍ഡ് ചെയ്യുന്ന കാലാവധിയും കേസിന്‍റെ തീര്‍പ്പും.
(1) സ്പെഷ്യല്‍ കോടതി ആ കുറ്റകൃത്യം നടപടിയ്ക്കെടുത്തു 30 ദിവസത്തിനുള്ളില്‍ കുട്ടിയുടെ തെളിവ് രേഖപ്പെടുത്തേണ്ടതും അത് വൈകുന്നുവെങ്കില്‍ അതിനുള്ള കാരണം സ്പെഷ്യല്‍ കോടതി രേഖപ്പെടുത്തേണ്ടതുമാണ്.
(2) സ്പെഷ്യല്‍ കോടതിയുടെ കുറ്റകൃത്യം നടപടിക്കെടുത്ത്, കഴിവതും, ഒരുവര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടതാണ്.
36. കുട്ടി മൊഴി നല്‍കുന്ന സമയം പ്രതിയെ കാണരുത്
(1) മൊഴി രേഖപ്പെടുത്തുന്ന സമയത്ത് കുട്ടി ഒരു കാരണവശാലും പ്രതിയെ കാണുന്നില്ലെന്നും അതേ സമയം കുട്ടി പറയുന്നത് പ്രതിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും, അയാളുടെ അഭിഭാഷകനോട് ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്നും സ്പെഷ്യല്‍ കോടതി ഉറപ്പ് വരുത്തേണ്ടതാണ്.
(2) സ്പെഷ്യല്‍ കോടതിക്ക്, (1)-ാം ഉപവകുപ്പിന്‍റെ ആവശ്യത്തിലേക്കായി കുട്ടിയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം വഴിയോ ഒരു ഭാഗം മാത്രം കാണാന്‍ കഴിയുന്ന കണ്ണാടി ഉപയോഗിച്ചോ, മറയോ മറ്റേതെങ്കിലും സംവിധാനമോ ഉപയോഗിച്ചോ മൊഴി രേഖപ്പെടുത്താം.
37. വിചാരണ നടത്തേണ്ടത് രഹസ്യമായിരിക്കേണ്ടതാണ്
സ്പെഷ്യല്‍ കോടതി വിചാരണ രഹസ്യമായിട്ടും കുട്ടിയുടെ മാതാപിതാക്കളുടെയോ, കുട്ടിക്ക് വിശ്വാസമോ, ഉത്തമബോദ്ധ്യമോ ഉള്ള ആളുകളുടെയോ സാന്നിദ്ധ്യത്തിലും ആയിരിക്കണം.
എന്നാല്‍ സ്പെഷ്യല്‍ കോടതിക്ക് കുട്ടിയെ കോടതി അല്ലാത്ത മറ്റൊരു സ്ഥലത്ത് വച്ച് വിചാരണ നടത്തണം എന്ന് അഭിപ്രായമുള്ള പക്ഷം 1973-ലെ ക്രിമിനല്‍ നടപടിക്രമത്തിലെ (1974-ലെ 2) വകുപ്പ് 284 പ്രകാരം ഈ ആവശ്യത്തിലേക്കായി ഒരു കമ്മീഷനെ നിയോഗിക്കാവുന്നതാണ്.
38. കുട്ടിയില്‍നിന്ന് തെളിവ് എടുക്കുമ്പോള്‍ ഒരു പരിഭാഷകന്‍റെയോ പ്രഗത്ഭന്‍റെയോ സഹായം സ്വീകരിക്കാവുന്നതാണ്.
(1) അനിവാര്യ സാഹചര്യങ്ങളില്‍ കുട്ടിയില്‍ നിന്ന് തെളിവെടുക്കുമ്പോള്‍ കോടതിക്ക് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള രീതിയില്‍ യോഗ്യതയും പ്രവൃത്തി പരിചയവും നിര്‍ദ്ദേശിക്കപ്പെടാവുന്ന ഫീസും നല്‍കിയിട്ടുള്ളതുമായ ഒരു പരിഭാഷകന്‍റെയോ, ദ്വിഭാഷിയുടേയോ സഹായം തേടാവുന്നതാണ്.
(2) ഒരു കുട്ടിക്ക് മാനസികമോ, ശാരീരികമോ ആയ ക്ഷമതകുറവുകള്‍ ഉണ്ടെങ്കില്‍ സ്പെഷ്യല്‍ കോടതിക്ക്, കുട്ടിയില്‍ നിന്ന് തെളിവെടുക്കുന്ന സമയത്ത്, നിര്‍ദ്ദേശിക്കപ്പെടാവുന്ന യോഗ്യതയും പ്രവൃത്തി പരിചയവും, ഫീസ് നല്‍കിയിട്ടുള്ളതുമായ ഒരു സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെയോ കുട്ടിയുമായി ആശയവിനിമയരീതി പരിചയമുള്ള വ്യക്തിയുടെയോ ആ മേഖലയില്‍ പ്രാഗത്ഭ്യമുള്ള ആളുടെയോ സഹായം തേടാവുന്നതാണ്.
അധ്യായം IX
പലവക
39. വിദഗ്ധരുടെ സേവനം കുട്ടിക്ക് ലഭ്യമാക്കാനും മറ്റുമുള്ള മാര്‍ഗ്ഗരേഖകള്‍
ഇതിനോടനുബന്ധിച്ച് ഉണ്ടാക്കിയേക്കാവുന്ന ചട്ടങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാന സര്‍ക്കാര്‍, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, ശാരീരികാരോഗ്യം, മാനസീകാരോഗ്യം, കുട്ടികളുടെ ഉന്നമനം എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെയും പ്രൊഫഷണലുകളുടെയും സര്‍ക്കാരിതര സംഘടനകളുടെയും സേവനം കുട്ടിക്ക് വിചാരണ സമയത്തും അതിന് മുമ്പും ലഭ്യമാക്കുന്നതുമായ ബന്ധപ്പെട്ട മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കേണ്ടതാണ്.
40. അഭിഭാഷകരുടെ സഹായം ലഭിക്കാനുള്ള കുട്ടിയുടെ അവകാശം
1973-ലെ ക്രിമിനല്‍ നടപടി ക്രമത്തിലെ (1974-ലെ 2) 301-ാം വകുപ്പിലെ പ്രൊവൈസോയ്ക്കനുസൃതമായി കുട്ടിയുടെ കുടുംബത്തിനോ രക്ഷാകര്‍ത്താവിനോ ഈ നിയമപ്രകാരമുള്ള ഏത് കുറ്റകൃത്യത്തിനും, അവര്‍ തിരഞ്ഞെടുക്കുന്ന അഭിഭാഷകന്‍റെ സഹായംതേടാന്‍ അവകാശം ഉണ്ടായിരിക്കും.
എന്നിരുന്നാലും അപ്രകാരം കുട്ടിയുടെ കുടുംബത്തിനോ രക്ഷാകര്‍ത്താവിനോ അഭിഭാഷകന്‍റെ ചെലവ് വഹിക്കാന്‍ കഴിയാത്തപക്ഷം നിയമസേവന അതോറിറ്റി അവര്‍ക്ക് അഭിഭാഷകരെ നല്‍കേണ്ടതാണ്.
41. വകുപ്പ് 3 മുതല്‍ 13 വരെയുള്ള വ്യവസ്ഥകള്‍ ചില കേസുകള്‍ക്ക് ബാധകമല്ല
ഒരു കുട്ടിയെ വൈദ്യപരിശോധനയ്ക്കോ, ചികിത്സയ്ക്കോ വിധേയമാക്കിയിരിക്കുകയും അങ്ങിനെയുള്ള വൈദ്യപരിശോധനയോ ചികിത്സയോ ആ കുട്ടിയുടെ മാതാപിതാക്കളുടെയോ, രക്ഷാകര്‍ത്താക്കളുടെയോ അനുമതിയോടെയാണ് ചെയ്തതെങ്കില്‍ 3 മുതല്‍ 13 വരെയുള്ള (രണ്ടും ഉള്‍പ്പെടെ) വകുപ്പുകളിലെ വ്യവസ്ഥകള്‍ ബാധകമല്ല.
42. സമാന്തരശിക്ഷ - ഒരു പ്രവൃത്തിയോ, ഉപേക്ഷയോ ഈ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 166A, 354A, 354B, 354D, 354C, 370, 370A, 375, 376, 376A, 376C, 376C, 376D, 509 എന്നീ വകുപ്പുകള്‍ പ്രകാരവും ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമാകുന്നുവെങ്കില്‍ തല്‍സമയം നിലവിലുള്ള ഏതു നിയമത്തിലും എന്ത് തന്നെ അടങ്ങിയിരുന്നാലും; അങ്ങിനെയുള്ള കുറ്റകൃത്യത്തില്‍, കുറ്റസ്ഥാപനത്തിനുമേല്‍, ആ കുറ്റവാളി, ഈ നിയമപ്രകാരമോ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ ആ കുറ്റകൃത്യത്തിന് നല്‍കിയിട്ടുള്ള ശിക്ഷയില്‍ ഏതാണോ കൂടുതല്‍, ആ ശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.
42A. ഈ നിയമം മറ്റേതെങ്കിലും നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതല്ല
ഈ നിയമത്തിലെ വ്യവസ്ഥകള്‍ തത്സമയം നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിന്‍റെ വ്യവസ്ഥകള്‍ക്ക് പുറമെ ആയിരിക്കുന്നതും. അതിലെ വ്യവസ്ഥകളെ ദുര്‍ബലപ്പെടുത്താത്തതും ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാകുന്ന പക്ഷം അങ്ങനെയുള്ള പൊരുത്തക്കേടുകളുടെ വ്യാപ്തിയോളം, ആ നിയമത്തിലെ വ്യവസ്ഥകളുടെമേല്‍, ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ആയിരിക്കണം മുന്‍തൂക്കം.
43. നിയമത്തെകുറിച്ച് പൊതുബോധവല്‍ക്കരണം
കേന്ദ്രസര്‍ക്കാരും, എല്ലാ സംസ്ഥാന സര്‍ക്കാരുകളും താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിലേക്കായി എല്ലാ നടപടികളും സ്വീകരിച്ചിരിക്കണം.
(a) പൊതുജനങ്ങള്‍ക്കും, കുട്ടികള്‍ക്കും കൂടാതെ അവരുടെ മാതാപിതാക്കള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും ഈ നിയമത്തിന്‍റെ വ്യവസ്ഥകളെക്കുറിച്ച് അറിവ് നല്‍കുന്നതിലേക്കായി ടെലിവിഷന്‍, റേഡിയോ, അച്ചടി, അടക്കമുള്ള മാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ ഈ നിയമത്തെകുറിച്ച് വലിയ രീതിയില്‍ പ്രചരണം നടത്തേണ്ടതാണ്.
(b) കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥര്‍ക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും (പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനെകുറിച്ച് സമയാസമയങ്ങളില്‍ ഇടവിട്ടവേളകളില്‍ പരിശീലനം നല്‍കേണ്ടതാണ്.
44. നിയമത്തിന്‍റെ നടത്തിപ്പിന്‍റെ മേല്‍നോട്ടം
(1) സന്ദര്‍ഭമനുസരിച്ച് 2005-ലെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള കമ്മീഷന്‍ നിയമത്തിലെ (2006-ലെ 4), 3-ാം വകുപ്പ് പ്രകാരം സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷനോ, 17-ാം വകുപ്പ് പ്രകാരം സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷനോ ആ നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്ന ചുമതലകള്‍ നിറവേറ്റുന്നതിന് പുറമെ, ഈ നിയമത്തിന്‍റെ നടത്തിപ്പിന്‍റെ മേല്‍നോട്ടം നിര്‍ദ്ദേശിക്കപ്പെടുന്ന രീതിയില്‍ നിര്‍വ്വഹിക്കേണ്ടതാണ്.
(2) സന്ദര്‍ഭമനുസരിച്ച് (1)-ാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ദേശീയ കമ്മീഷനോ, സംസ്ഥാന കമ്മീഷനോ ഈ നിയമത്തിലെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നപക്ഷം, ആയതിന് 2005-ലെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള കമ്മീഷനുകള്‍ നിയമത്തില്‍ (2006-ലെ 4) ല്‍ നിക്ഷിപ്തമായിട്ടുള്ള അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
(3) സന്ദര്‍ഭമനുസരിച്ച്, ഉപവകുപ്പ് 1-ല്‍ പരാമര്‍ശിച്ചിട്ടുള്ള ദേശീയ കമ്മീഷനോ, സംസ്ഥാന കമ്മീഷനോ, 2005-ലെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കമ്മീഷന്‍ നിയമത്തിന്‍റെ (2006-ലെ 4) 16-വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള വാര്‍ഷിക റിപ്പോര്‍ട്ടിനോടൊപ്പം, ഈ വകുപ്പ് പ്രകാരമുള്ള അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
45. ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള അധികാരം
(1) കേന്ദ്രസര്‍ക്കാരിനു ഈ നിയമത്തിന്‍റെ വ്യവസ്ഥകള്‍ മനസ്സിലാക്കുന്നതിലേക്ക് ചട്ടങ്ങള്‍ രൂപീകരിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്യാവുന്നതാണ്.
(2) നിയമത്തിന്‍റെ, പൊതു സ്വഭാവത്തിന് ഭംഗം വരാതെ, താഴെപറയുന്ന ഏതെങ്കിലും കാര്യത്തിനോ മുഴുവന്‍ കാര്യങ്ങള്‍ക്കോ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യാവുന്നതാണ്. അതായത് -
(a) 19-ാം വകുപ്പിലെ (4)-ാം ഉപവകുപ്പിലും 26-ാം വകുപ്പിന്‍റെ (2), (3) ഉപവകുപ്പുകളിലും 38-ാം വകുപ്പിലും പാമര്‍ശിച്ചിട്ടുള്ള പരിഭാഷകനോ, ദ്വിഭാഷിയോ, സ്പെഷ്യല്‍ എഡ്യുക്കേറ്ററോ കുട്ടിയുടെ ആശയവിനിമയരീതി പരിചയമുള്ള ഏതെങ്കിലും വ്യക്തിയോ അതില്‍ പ്രാവീണ്യമുള്ള വ്യക്തിയോ, ആ വിഷയത്തില്‍ പ്രഗത്ഭനോ ആയവരുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നല്‍കേണ്ട ഫീസ് എന്നിവയേയും കുറിച്ച്;
(b) 19-ാം വകുപ്പിലെ (5)-ാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള കുട്ടിക്കാവശ്യമായ പരിചരണവും, സംരക്ഷണവും; അടിയന്തിര വൈദ്യചികിത്സ എന്നിവയേയും കുറിച്ച്;
(c) 33-ാം വകുപ്പിലെ (8)-ാം ഉപവകുപ്പ് പ്രകാരം നല്‍കേണ്ട നഷ്ടപരിഹാരത്തെകുറിച്ചും;
(d) 44-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരം ഈ നിയമത്തിലെ വിവിധ വകുപ്പുകളുടെ നടത്തിപ്പിന്‍റെ സമയാസമയങ്ങളിലുള്ള മേല്‍നോട്ടത്തിന്‍റെ രീതിയെകുറിച്ചും.
(3) ഈ നിയമപ്രകാരം ഉണ്ടാക്കപ്പെടുന്ന ഏതൊരു ചട്ടവും അതുണ്ടാക്കിയതിന് ശേഷം ആകുന്നത്ര വേഗത്തില്‍, പാര്‍ലമെന്‍റ് സമ്മേളനത്തിലിരിക്കുമ്പോള്‍ അതിന്‍റെ ഓരോ സഭയുടെയും മുന്‍പാകെ ഒരു സമ്മേളനത്തിലോ തുടര്‍ച്ചയായുള്ള രണ്ടോ അതിലധികമോ സമ്മേളനങ്ങളിലോ ആയി ആകെ മുപ്പത് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും, മുന്‍പറഞ്ഞ സമ്മേളനത്തിനോ തുടര്‍ച്ചയായുള്ള സമ്മേളനങ്ങള്‍ക്കോ തൊട്ടടുത്തു വരുന്ന സമ്മേളനം അവസാനിക്കുന്നതിനുമുമ്പ്, ഇരുസഭകളും ആ ചട്ടത്തില്‍ എന്തെങ്കിലും ഭേദഗതി വരുത്തുന്നതില്‍ യോജിക്കുകയോ ഇരുസഭകളും, ആ ചട്ടം ഉണ്ടാക്കരുത് എന്നതില്‍ യോജിക്കുകയോ ചെയ്യുന്നുവെങ്കില്‍, അതിനുശേഷം ആ ചട്ടത്തിന് സന്ദര്‍ഭമനുസരിച്ച്, അങ്ങിനെ ഭേദഗതി വരുത്തിയ രൂപത്തില്‍ മാത്രം പ്രഭാവം ഉണ്ടായിരിക്കുകയോ ഇല്ലായിരിക്കുകയോ ചെയ്യുന്നതും ആകുന്നു. എന്നാല്‍ അങ്ങനെയുള്ള ഏതെങ്കിലും ഭേദഗതിയോ പ്രഭാവ ശൂന്യമാക്കലോ, ആ ചട്ടപ്രകാരം മുന്‍പ് ചെയ്തിട്ടുള്ള എന്തിന്‍റെയെങ്കിലും സാധുതയ്ക്ക് ഭംഗം വരാത്തവിധത്തില്‍ ആയിരിക്കേണ്ടതാണ്.
56. വൈഷമ്യങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം
(1) ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് എന്തെങ്കിലും വൈഷമ്യങ്ങള്‍ നേരിടുന്ന പക്ഷം, അങ്ങിനെയുള്ള വൈഷമ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അനുപേഷണീയവും അത്യാവശ്യവും എന്നാല്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകാത്തതുമായ വ്യവസ്ഥകള്‍ ഉണ്ടാക്കി, കേന്ദ്ര സര്‍ക്കാരിന് ഒരു ഉത്തരവിലൂടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്.
എന്നാല്‍ ഈ നിയമം നിലവില്‍ വന്ന് രണ്ട് വര്‍ഷത്തെ കാലയളവിന് ശേഷം അങ്ങിനെയുള്ള യാതൊരു ഉത്തരവും പുറപ്പെടുവിക്കാനും പാടില്ല.
(2) ഈ വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും അവയ്ക്ക് രൂപം നല്‍കിയാലുടന്‍ തന്നെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകള്‍ക്കും മുന്‍പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതാണ്.
പട്ടിക
(വകുപ്പ് 2 (c))
(a)1950-ലെ എയര്‍ഫോഴ്സ് നിയമം (1950-ലെ 45)
(b)1950-ലെ ആര്‍മി നിയമം (1950-ലെ 46)
(c)1950-ലെ ആസ്സാം റൈഫിള്‍സ് നിയമം (2006-ലെ 47)
(d)1947-ലെ ബോംബെ ഹോം ഗാര്‍ഡ് നിയമം (1947-ലെ 3)
(e)1968-ലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് നിയമം (1968-ലെ 47)
(f)1968-ലെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് നിയമം (1968-ലെ 50)
(g)1949-ലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് നിയമം (1949-ലെ 66)
(h)1978-ലെ കോസ്റ്റ് ഗാര്‍ഡ് നിയമം (1978-ലെ 30)
(i)1946-ലെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമം (1946-ലെ 25)
(j)1992-ലെ ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സ് നിയമം (1992-ലെ 35)
(k)1957-ലെ നേവി നിയമം (1957-ലെ 62)
(l) 2008-ലെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നിയമം (2008-ലെ 34)
(m)1986-ലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമം (1986-ലെ 47)
(n)1957-ലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് നിയമം (1957-ലെ 23)
(o)2007-ലെ ശാസ്ത്ര സീമ ബല്‍ നിയമം (2007-ലെ 53)
(p)1988-ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമം, 1988 (1988-ലെ 34)
(q)1948-ലെ ടെറിറ്റോറില്‍ ആര്‍മി നിയമം 1948 (1948-ലെ 56)
(r) സ്റ്റേറ്റ് പോലീസ് ഫോഴ്സ് (ആംഡ് കോണ്‍സ്റ്റബിള്‍ അടക്കം) സംസ്ഥാനത്തിന്‍റെ സിവില്‍ അധികാരികള്‍ക്ക് സഹായകമാകാന്‍ സംസ്ഥാന നിയമങ്ങളിലൂടെ സ്ഥാപിതമായതും; 1958-ലെ ആംഡ്ഫോഴ്സ് (സ്പെഷ്യല്‍ അധികാരം) നിയമത്തിന്‍റെ 2-ാം വകുപ്പിന്‍റെ (a) ഖണ്ഡത്തില്‍ നിര്‍വചിച്ചിട്ടുള്ളതുമായ ആംഡ് ഫോഴ്സ് അടക്കം അടിയന്തിര കലഹമോ, മറ്റോ ഉണ്ടാകുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുവാന്‍ ബലപ്രയോഗം നടത്താന്‍ അധികാരമുള്ളതുമായ ആംഡ് കോണ്‍സ്റ്റാമ്പുലറി അടക്കമുള്ള സംസ്ഥാന പോലീസ് ഫോഴ്സ്.
ലൈഗികാതിക്രങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ ചട്ടങ്ങള്‍, 2012
2012-ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമ (2012-ലെ 32-ാം) ത്തിന്‍റെ 45-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (a) മുതല്‍ (d) വരെയുള്ള ഖണ്ഡങ്ങള്‍, (1)-ാം ഉപവകുപ്പ് ചേര്‍ത്തുവായിക്കുമ്പോള്‍ നല്‍കിയിട്ടുള്ള അധികാരങ്ങളിന്മേല്‍, കേന്ദ്രസര്‍ക്കാര്‍ ഇതിനാല്‍ താഴെ പറയുന്ന ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നു.
1. ചുരുക്കപ്പേരും പ്രാരംഭവും
(1) ഈ ചട്ടങ്ങളെ 2012-ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്നു കുട്ടികള്‍ക്കുള്ള സംരക്ഷണ ചട്ടങ്ങള്‍ എന്ന് വിളിക്കാവുന്നതാണ്.
(2) ഔദ്യോഗിക ഗസറ്റില്‍ അവ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ഈ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.
2. നിര്‍വചനങ്ങള്‍
(1) ഈ ചട്ടങ്ങളില്‍, സാഹചര്യം മറ്റുവിധത്തില്‍ ആവശ്യപ്പെടാത്ത പക്ഷം-
(a) 'നിയമം' എന്നാല്‍ 2012- ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം (2012-ലെ 32) എന്നര്‍ത്ഥമാകുന്നു.
(b) 'ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്' (cwtf) എന്നാല്‍ 2006 -ലെ ബാലനീതി (കുട്ടികളുടെ പരിചരണവും, സംരക്ഷണവും) ഭേദഗതി നിയമത്തിന്‍റെ 62A വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നര്‍ത്ഥമാകുന്നു.
(c) 'വിദഗ്ദ്ധന്' എന്നാല്‍ ആഘാതമോ വൈകല്യമോ മറ്റ് ബലഹീനതകളോ മറ്റൊരാളുമായി ആശയവിനിമയം നടത്തുവാനുള്ള കഴിവിനെ ബാധിച്ചിട്ടുള്ള കുട്ടിയുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന; മാനസികാരോഗ്യത്തിലോ ചികിത്സയിലോ കുട്ടികളുടെ വികാസത്തിലോ ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയത്തിലോ പരിശീലനം ലഭിച്ച ഒരാള്‍ എന്നര്‍ത്ഥമാകുന്നു.
(d) 'പ്രത്യേക പരിശീലകന്' എന്നാല്‍ പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെ പഠനത്തിലും ആശയവിനിമയത്തിലും വെല്ലുവിളികളും; വൈകാരികവും പെരുമാറ്റ പരമായും വൈകല്യങ്ങളും; ശാരീരിക ദൗര്‍ബല്യങ്ങളും, വ്യക്തിത്വവികസനത്തിലെ തകരാറുകളും അടക്കമുള്ള കുട്ടിയുടെ വ്യക്തിപരമായ അന്തരങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിഞ്ഞ് ആശയവിനിമയം നടത്താന്‍ പരിശീലനം ലഭിച്ച ഒരാള്‍ എന്നര്‍ത്ഥമാകുന്നു.
(e) 'കുട്ടിയുടെ ആശയവിനിമയരീതി പരിചയമുള്ള ആള്‍' എന്നാല്‍ കുട്ടിയുടെ പ്രത്യേക രീതിയിലുള്ള ആശയ വിനിമയവുമായി പരിചയമുള്ളതും, കുട്ടിയുമായി കൂടുതല്‍ ഫലപ്രദമായ ആശയവിനിമയത്തിന് സാന്നിദ്ധ്യം ആവശ്യമാകാവുന്നതോ, ഉതകുന്നോ ആയവരോ ആയ മാതാപിതാക്കളോ; കുട്ടിയുടെ കുടുംബാംഗമോ അവന്‍റെ പങ്കുവെക്കുന്ന വീട്ടിലെ ഒരു അംഗമോ; കുട്ടിക്ക് വിശ്വാസവും ഉത്തമബോധ്യവും ഉള്ള മറ്റേതെങ്കിലും വ്യക്തിയോ എന്നര്‍ത്ഥമാകുന്നു.
(f) 'സപ്പോര്‍ട്ട് പേഴ്സണ്‍' എന്നാല്‍ അന്വേഷണത്തിന്‍റെയോ, വിചാരണയുടെയോ നടപടിയില്‍ കുട്ടിക്ക് സഹായം നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 4-ാം ചട്ടത്തിന്‍റെ 8-ാം ഉപചട്ടപ്രകാരം നിയോഗിച്ച വ്യക്തിയോ, ഈ നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യം സംബന്ധിച്ച വിചാരണയ്ക്ക് മുമ്പും വിചാരണവേളയിലും കുട്ടിയെ സഹായിക്കുന്ന മറ്റേതെങ്കിലും വ്യക്തിയോ എന്നര്‍ത്ഥമാകുന്നു.
(2) ഈ ചട്ടത്തില്‍ ഉപയോഗിച്ചിട്ടുള്ളതും; നിര്‍വചിക്കാത്തതും എന്നാല്‍ നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ളതുമായ വാക്കുകള്‍ക്കും പദപ്രയോഗങ്ങള്‍ക്കും, നിയമത്തില്‍ അവയ്ക്കു യഥാക്രമം നല്‍കിയിരിക്കുന്ന അര്‍ത്ഥം തന്നെയായിരിക്കും.
3. ദ്വിഭാഷികള്‍, പരിഭാഷകന്‍, പ്രത്യേക പരിശീലകര്‍
(1) ഈ നിയമത്തിന്‍റെ ആവശ്യത്തിനായി എല്ലാ ജില്ലകളിലേയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, (ഡി.സി.പി.യു.) ദ്വിഭാഷികളുടെയും പരിഭാഷകരുടെയും പ്രത്യേക പരിശീലനകരുടെയും പേരും വിലാസവും ബന്ധപ്പെടാനുള്ള മറ്റ് വിവരങ്ങളും അടങ്ങിയ ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ഈ രജിസ്റ്റര്‍ ആവശ്യപ്പെടുന്ന മുറക്ക് സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിലോ (ഇനി മുതല്‍ എസ്.ജെ.പി.യു. എന്നു പറയും) ലോക്കല്‍ പോലീസിലോ മജിസ്ട്രേറ്റിനോ സ്പെഷ്യല്‍ കോടതിക്കോ ലഭ്യമാക്കേണ്ടതുമാണ്.
(2) ഈ നിയമത്തിലെ 19-ാം വകുപ്പിലെ (4) ഉപവകുപ്പിന്‍റെയും 26-ാം വകുപ്പിന്‍റെ (3), (4) ഉപവകുപ്പുകളുടെയും 38-ാം വകുപ്പിന്‍റെയും ആവശ്യത്തിനായി നിയോഗിക്കപ്പെട്ട ദ്വിഭാഷികളുടെയോ പരിഭാഷകരുടെയോ പ്രത്യേക പരിശീലനകരുടെയോ വിദഗ്ധരുടെയോ യോഗ്യതയും പരിചയ സമ്പന്നതയും ഈ ചട്ടത്തില്‍ സൂചിപ്പിച്ച പ്രകാരമാകണം.
(3) 1-ാം ഉപവകുപ്പിലെ പ്രകാരം ഡി.സി.പി.യുവില്‍ സൂക്ഷിക്കുന്ന ലിസ്റ്റില്‍ നിന്നല്ലാതെ ഒരു ദ്വിഭാഷിയെയോ പരിഭാഷകനെയോ പ്രത്യേക പരിശീലകനെയോ നിയോഗിക്കുമ്പോള്‍, ദ്വിഭാഷികനോ പരിഭാഷകനോ പ്രത്യേക പരിശീലകനോ; ഔപചാരിക വിദ്യാഭ്യാസത്തിന്‍റെയോ, പരിശീലനത്തിന്‍റെയോ പ്രസക്തമായ പരിചയസമ്പന്നതയുടെയോ; പ്രസ്തുത ഭാഷയില്‍ പ്രകടമായ വാക്പാടവത്തിന്‍റെയോ തെളിവിന്‍മേല്‍, ഡി.സി.പി. യുവിന്‍റെയോ പ്രത്യേക കോടതിയുടെയോ ബന്ധപ്പെട്ട മറ്റ് അധകാരികളുടെയോ ബോദ്ധ്യത്തിന് വിധേയമായി ഈ ചട്ടത്തിലെ 4,5 ഉപചട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ക്ക് ഇളവ് വരുത്താവുന്നതാണ്.
(4) 1-ാം ഉപവകുപ്പ് പ്രകാരം നിയോഗിക്കുന്ന ദ്വിഭാഷികളും പരിഭാഷകരും മാതൃഭാഷയായതുകൊണ്ടോ, പ്രൈമറി സ്ക്കൂള്‍ തലംവരെയെങ്കിലും സ്ക്കൂളിലെ അധ്യയന മാദ്ധ്യമമായത് കൊണ്ടോ; ആ ദ്വിഭാഷിയോ, പരിഭാഷകനോ, ആ ഭാഷ സംസാരിക്കുന്ന പ്രദേശത്ത് തൊഴിലോ, ഉദ്യോഗമോ, താമസമോ മൂലം ആ ഭാഷ സ്വായത്തമാക്കിയിട്ടുള്ളതുകൊണ്ടോ; കുട്ടി സംസാരിക്കുന്ന ഭാഷയിലും സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിലും പ്രായോഗിക പരിജ്ഞാനം ഉള്ളവരായിരിക്കണം.
(5) 1-ാം ഉപചട്ടപ്രകാരം രജിസ്റ്ററില്‍ ചേര്‍ക്കപ്പെട്ട ആംഗ്യഭാഷ ദ്വിഭാഷിക്കും പ്രത്യേക പരിശീലകനും; വിദഗ്ധനും; ആംഗ്യഭാഷയിലോ, പ്രത്യേക വിദ്യാഭ്യാസത്തിലോ; വിദഗ്ധന്‍റെ കാര്യത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നോ, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു സ്ഥാപനത്തില്‍ നിന്നോ, പ്രസ്തുത യോഗ്യതയുള്ളവര്‍ ആയിരിക്കണം.
(6) (1)-ാം ഉപവകുപ്പ് പ്രകാരം സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നതോ അല്ലാത്തതോ ആയ ഒരു ദ്വിഭാഷിയുടെയോ, പരിഭാഷകന്‍റെയോ പ്രത്യേക പരിശീലകന്‍റെയോ വിദഗ്ധന്‍റെയോ സേവനങ്ങള്‍ക്കുള്ള പ്രതിഫലം; സംസ്ഥാന സര്‍ക്കാരിന് 2000-ത്തിലെ ബാലനീതി നിയമത്തിന്‍റെ 61-ാം വകുപ്പ്പ്രകാരം രൂപീകരിച്ച ഫണ്ടില്‍നിന്നോ, ഡി.സി.യു.വിന്‍റെ ഉപയോഗത്തിനായുള്ള മറ്റ് ഫണ്ടുകളില്‍ നിന്നോ അവര്‍ നിശ്ചയിക്കുന്ന നിരക്കിലും, അതിനായി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശിക്കാവുന്ന തരം മാതൃകയില്‍ അപേക്ഷ ലഭിച്ചതില്‍ മേലും നല്‍കാവുന്നതാണ്.
(7) ഈ നിയമത്തിന്‍റെ 19-ാം വകുപ്പിലെ (1) ഉപവകുപ്പ് പ്രകാരം വിവരം ലഭിച്ചതിന് ശേഷമുള്ള ഏതെങ്കിലും ഘട്ടത്തില്‍; ദ്വിഭാഷിയോ, പരിഭാഷകനോ പ്രത്യേക പരിശീലനകനോ വിദഗ്ധനോ ഏതു ലിംഗത്തില്‍പെട്ട ആളാകണം എന്നത് സംബന്ധിച്ച് കുട്ടി എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിച്ചാല്‍, അതു പരിഗണിക്കേണ്ടതും; ആവശ്യമുള്ള സാഹചര്യത്തില്‍ കുട്ടിയുമായ ആശയവിനിമയം നടത്തുന്നതിനായി അത്തരം ഒന്നില്‍ കൂടുതല്‍ ആളുകളെ നിയോഗിക്കാവുന്നതുമാണ്.
(8) ഈ നിയമത്തിന്‍റെ ആവശ്യത്തിനായി, സേവനങ്ങള്‍ നല്‍കുന്നതിനായി നിയോഗിച്ചിട്ടുള്ള ദ്വിഭാഷിയും, പരിഭാഷകനും, പ്രത്യേകപരിശീലകനും, വിദഗ്ധനും കുട്ടിയുടെ ആശയവിനിമയരീതി പരിചയമുള്ള വ്യക്തിയും പക്ഷഭേദമില്ലാത്തവരും, നിഷ്പക്ഷരും ആയിരിക്കേണ്ടതും, ഏതെങ്കിലും പ്രത്യക്ഷമോ പരോക്ഷമോ ആയ താത്പര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ അറിയിക്കേണ്ടതുമാണ്. അദ്ദേഹം യാതൊരു കൂട്ടിചേര്‍ക്കുകളോ ഒഴിവാക്കലുകളോ ഇല്ലാതെ പൂര്‍ണ്ണവും കൃത്യവുമായി വ്യാഖ്യാനിക്കുകയോ, വിവര്‍ത്തനം ചെയ്യുകയോ വേണം.
(9) 38-ാം വകുപ്പ് പ്രകാരമുള്ള നടപടികളില്‍, കുട്ടി കോടതിയുടെ ഭാഷ ആവശ്യത്തിന് സംസാരിക്കുന്നുണ്ടോ എന്നും കുട്ടിയുമായി ആശയവിനിമയം നടത്തുന്നതിനായി നിയോഗിച്ചിട്ടുള്ള ദ്വിഭാഷിയുടെയോ, പരിഭാഷകന്‍റെയോ, പ്രത്യേകപരിശീലകന്‍റെയോ, വിദഗ്ധന്‍റെയോ കുട്ടിയുടെ ആശയവിനിമയ രീതിയ്ക്കു പരിചയമുള്ള മറ്റ് വ്യക്തിയുടെയോ നിയമനത്തില്‍ മറ്റെന്തെങ്കിലും വിരുദ്ധമായ താത്പര്യങ്ങള്‍ ഉണ്ടോ എന്നും സ്പെഷ്യല്‍ കോടതി ഉറപ്പു വരുത്തേണ്ടതാണ്.
(10) ഈ നിയമത്തിന്‍റെയോ അതിലെ ചട്ടങ്ങളുടെയോ വ്യവസ്ഥകള്‍ പ്രകാരം നിയോഗിക്കപ്പെട്ട ഏതൊരു ദ്വിഭാഷിയും, പരിഭാഷകനും, പ്രത്യേക പരിശീലകനും, വിദഗ്ധനും, 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിലെ 126-ാം വകുപ്പ് ചേര്‍ത്തു വായിക്കേണ്ടുന്ന 127-ാം വകുപ്പില്‍ വിവരിച്ചിട്ടുള്ള സ്വകാര്യതയുടെ വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്.
4. പരിചരണവും സംരക്ഷണവും
(1) ഈ നിയമത്തിന്‍റെ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരം, കുട്ടി ഉള്‍പ്പെടെയുള്ള ഏതെങ്കിലും വ്യക്തിയില്‍ നിന്ന് ഏതെങ്കിലും വിവരം ഏതെങ്കിലും എസ്.ജെ.പി.യു.വിനോ ലോക്കല്‍ പോലീസിനോ ലഭിക്കുമ്പോള്‍, അത്തരം വിവരം സ്വീകരിക്കുന്ന എസ്.ജെ.പി.യു.ഓ. ലോക്കല്‍ പോലീസോ, ആ വിവരം വെളിപ്പെടുത്തുന്ന ആളിനോട് താഴെപറയുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്.
(I) അയാളുടെ പേരും ഔദ്യോഗിക പദവിയും;
(II) മേല്‍വിലാസവും ടെലിഫോണ്‍ നമ്പറും;
(III) വിവരം സ്വീകരിച്ച ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍റെ പേരും ഔദ്യോഗികപദവിയും ബന്ധപ്പെടാവുന്ന മറ്റ് വിവരങ്ങളും.
(2) ഈ നിയമത്തിന്‍റെ 19-ാം വകുപ്പിലെ (1) ഉപവകുപ്പ് പ്രകാരമുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി ഒരു കുറ്റം നടന്നുവെന്നോ നടത്താന്‍ ശ്രമിച്ചുവെന്നോ, നടക്കാന്‍ സാധ്യതയുണ്ടെന്നോ ഉള്ള അറിവ് സന്ദര്‍ഭമനുസരിച്ച്, എസ്.ജെ.പി.യു.വിനോ ലോക്കല്‍ പോലീസിനോ ലഭിച്ചാല്‍, ആ അധികാരി സാഹചര്യം അനുസരിച്ച് -
(a) 1973-ലെ ക്രിമിനല്‍ നടപടിക്രമത്തിന്‍റെ 154-ാം വകുപ്പ്പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രഥമ വിവരറിപ്പോര്‍ട്ട് തയ്യാറാക്കുകയും, നടപടിക്രമത്തിന്‍റെ 154-ാം വകുപ്പിന്‍റെ (2)-ാം ഉപവകുപ്പ് പ്രകാരം അത്തരം വിവരം നല്‍കുന്ന വ്യക്തിക്ക് അതിന്‍റെ ഒരു പകര്‍പ്പ് സൗജന്യമായി നല്‍കുകയും ചെയ്യേണ്ടതുമാണ്.
(b) നിയമത്തിന്‍റെ 19-ാം വകുപ്പിന്‍റെ 5-ാം ഉപവകുപ്പ് പ്രകാരവും ഈ ചട്ടപ്രകാരവും വിശദീകരിച്ചിട്ടുള്ള അടിയന്തിര ചികിത്സാ സഹായം കുട്ടിക്ക് ആവശ്യമെങ്കില്‍ 5-ാം ചട്ടപ്രകാരമുള്ള അത്തരം പരിചരണത്തിന് ഏര്‍പ്പാട് ചെയ്യണം.
(c) നിയമത്തിന്‍റെ 27-ാം വകുപ്പ് പ്രകാരമുള്ള വൈദ്യപരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകണം.
(d) ഫോറന്‍സിക് പരിശോധനക്കായി ശേഖരിച്ചിട്ടുള്ള സാമ്പിളുകള്‍ ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് കഴിവതും വേഗം അയച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
(e) കൗണ്‍സലിങ്ങ് ഉള്‍പ്പെടെയുള്ള സഹായകമാവുന്ന സേവനങ്ങളുടെ ലഭ്യതയെ കുറിച്ച് കുട്ടിയെയും, കുട്ടിയുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോധ്യവുമുള്ള മറ്റ് വ്യക്തിയെയോ അറിയിക്കുകയും, ഇത്തരം സേവനങ്ങളും പരിഹാരങ്ങളും നല്‍കുന്നതിന് ഉത്തരവാദിത്വപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടാന്‍ അവരെ സഹായിക്കുകയും വേണം.
(f) നിയമത്തിന്‍റെ 40-ാം വകുപ്പിനനുസൃതമായി കുട്ടിക്ക് നിയമോപ ദേശത്തിനും കൗണ്‍സലിങ്ങിനും ഉള്ള അവകാശവും ഒരു അഭിഭാഷകന്‍ മുഖേന ഹാജരാകാനും ഉള്ള അവകാശമുണ്ടെന്ന് കുട്ടിയെയും കുട്ടിയുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോധ്യവുമുള്ള മറ്റൊരു വ്യക്തിയെയോ അറിയിക്കണം.
(3) ഈ നിയമത്തിന്‍റെ 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള വിവരം എസ്.ജെ.പി.യു.വിനോ ലോക്കല്‍ പോലീസിനോ ലഭിക്കുകയും; കുട്ടിയുടെ താമസിക്കുന്ന അതേ വീട്ടിലോ പങ്കുപറ്റുന്ന വീട്ടിലോ താമസിക്കുന്ന ഒരു വ്യക്തി, കുറ്റകൃത്യം നടത്തിയെന്നോ നടത്താന്‍ ശ്രമിച്ചുവെന്നോ നടത്താന്‍ സാധ്യതയുണ്ടെന്നോ ന്യായമായ സംശയമുണ്ടായാലോ; മാതാപിതാക്കളുടെ സംരക്ഷണമില്ലാതെ ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തിലാണ് കുട്ടിയെങ്കിലോ; കുട്ടിക്ക് വീടില്ലാത്തതും മാതാപിതാക്കളുടെ സംരക്ഷണമില്ലാത്തതുമായി കണ്ടെത്തിയാല്‍, ബന്ധപ്പെട്ട എസ്.ജെ.പി.യു.വിനോ ലോക്കല്‍ പോലീസിനോ അത്തരം റിപ്പോര്‍ട്ടു കിട്ടി ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 19-ാം വകുപ്പിന്‍റെ 5-ാം ഉപവകുപ്പ് പ്രകാരമുള്ള പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടിയാണോ എന്നതിനുള്ള രേഖാമൂലം കാരണങ്ങള്‍ സഹിതവും ഇതില്‍ വ്യക്തമായ വിലയിരുത്തല്‍ നടത്താനും അപേക്ഷിച്ചുകൊണ്ടും, കുട്ടിയെ ബന്ധപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ (ഇതിനുശേഷം സി.ഡബ്ല്യൂ.സി. എന്ന് പരാമര്‍ശിക്കും) ഹാജരാകേണ്ടതുമാണ്.
(4) കുട്ടിയെ അവന്‍റെ കുടുംബത്തില്‍ നിന്നോ പങ്കുപറ്റുന്ന വീട്ടില്‍ നിന്നോ മാറ്റേണ്ട ആവശ്യം ഉണ്ടോ എന്ന് 2000-ത്തിലെ ബാലനീതി നിയമത്തിന്‍റെ 31-ാം വകുപ്പിന്‍റെ (1)-ാം ഉപവകുപ്പിലെ അധികാരികള്‍ക്ക് അനുസൃതമായി, ബന്ധപ്പെട്ട സി.ഡബ്ല്യൂ. സി. (3)-ാം ഉപചട്ടപ്രകാരമുള്ള റിപ്പോര്‍ട്ടിന്‍മേല്‍, സ്വയമേധയാലോ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ സഹായത്തോടെയോ, മൂന്നു ദിവസത്തിനകം തീരുമാനിക്കേണ്ടതും, ചില്‍ഡ്രന്‍സ് ഹോമിലോ, ഷെല്‍ട്ടര്‍ ഹോമിലോ പാര്‍പ്പിക്കേണ്ടതുമാണ്.
(5) 4-ാം ഉപചട്ടപ്രകാരമുള്ള തീരുമാനമെടുക്കുമ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഇക്കാര്യത്തില്‍ കുട്ടി പ്രകടിപ്പിക്കുന്ന ഏതെങ്കിലും മുന്‍ഗണനയോ, അഭിപ്രായമോ, കുട്ടിയുടെ ഉത്തമ താപര്യത്തോടൊപ്പം കണക്കിലെടുക്കണം.
(i) വൈദ്യസഹായവും കൗണ്‍സലിങ്ങും അടക്കം കുട്ടിയുടെ അടിയന്തിര പരിചരണവും സംരക്ഷണാവശ്യങ്ങളും നല്‍കാന്‍ മാതാപിതാക്കളുടെയും, മാതാവിന്‍റെയോ പിതാവിന്‍റെയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെയോ പ്രാപ്തി;
(ii) കുട്ടിയുടെ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും കൂട്ടുകുടുംബത്തിന്‍റെയും പരിചരണത്തില്‍ താമസിപ്പിക്കേണ്ടതിന്‍റെയും, അവരുമായി ബന്ധം പുലര്‍ത്തേണ്ടതിന്‍റെയും ആവശ്യകതയും;
(iii) കുട്ടിയുടെ പ്രായവും പക്വതയുടെ അവസ്ഥയും, ലിംഗവും, സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും;
(iv) കുട്ടിക്ക് വൈകല്യമുണ്ടെങ്കില്‍ അത്;
(v) കുട്ടിക്ക് എന്തെങ്കിലും കടുത്തരോഗമുണ്ടോ എന്ന്;
(vi) കുട്ടിയോ കുട്ടിയുടെ കുടുംബാംഗങ്ങളോ ഉള്‍പ്പെട്ട ഗാര്‍ഹികപീഡനങ്ങളുണ്ടായിട്ടുണ്ടോ എന്ന്;
(vii) കുട്ടിയുടെ ഉത്തമ താത്പര്യ സംരക്ഷണത്തിന് ആവശ്യമായ മറ്റെന്തെങ്കിലും ഘടകങ്ങളും;
എന്നിരുന്നാലും അത്തരം തീരുമാനമെടുക്കും മുമ്പ്, കുട്ടിക്ക് ആനാവശ്യമായ ഉപദ്രവങ്ങളോ, അസൗകര്യങ്ങളോ ഇല്ലാത്ത രീതിയില്‍ ഒരു അന്വേഷണം നടത്തേണ്ടതാണ്.
(6) ഇങ്ങനെയൊരു തീരുമാനം പരിഗണനയിലാണെന്ന വിവരം, ഈ തീരുമാനം ബാധിക്കുന്ന കുട്ടിയെയും കുട്ടിയുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റെന്തെങ്കിലും വ്യക്തിയെയോ അറിയിക്കേണ്ടതാണ്.
(7) ഈ നിയമത്തിന്‍റെ 19-ാം വകുപ്പിന്‍റെ (6)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു റിപ്പോര്‍ട്ടിന്‍റെ 5-ാം ഉപചട്ടപ്രകാരമുള്ള തീരുമാനത്തിന്‍റെയോ അടിസ്ഥാനത്തിലും; കുട്ടിയുടെയും അവന്‍റെ മാതാപിതാക്കളുടെയോ രക്ഷിതാവിന്‍റെയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെയോ; സമ്മതത്തോടെയും, അന്വേഷണത്തിന്‍റെയും വിചാരണയുടെയും പ്രക്രിയയില്‍ കുട്ടിയെ സഹായിക്കുവാന്‍ ഒരു സപ്പോര്‍ട്ട് പേഴ്സണിനെ നല്‍കാവുന്നതാണ്. അത്തരം വ്യക്തി, കുട്ടികളുടെ അവകാശങ്ങളുടെയോ കുട്ടികളുടെ സംരക്ഷണത്തിന്‍റെയോ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയോ, സംഘടനയോ; കുട്ടി താമസിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിലേയോ, ഷെല്‍ട്ടര്‍ ഹോമിലെയോ, ഏതെങ്കിലും ഉദ്യോഗസ്ഥനോ; ഡി.സി.പി.യു. നിയോഗിക്കുന്ന ഒരു വ്യക്തിയോ ആകാം.
എന്നിരുന്നാലും ഏതെങ്കിലും കുട്ടിയെയും കുട്ടിയുടെ മാതാപിതാക്കളെയോ, രക്ഷിതാവിനെയോ കുട്ടിക്ക് വിശ്വാസമോ ഉത്തമ ബോദ്ധ്യമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയേയോ; ഈ നിയമത്തിന്‍റെ നടപടികള്‍ക്കായി മറ്റൊരു വ്യക്തിയുടെയോ സംഘടനയുടെയോ സഹായം തേടുന്നതില്‍ നിന്നും ഈ ചട്ടങ്ങള്‍ തടഞ്ഞിട്ടില്ല.
(8) സപ്പോര്‍ട്ട് പേഴ്സണ്‍ തന്നെ സമീപിച്ച കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും തദാ രഹസ്യമായി വെക്കേണ്ടതാണ്. ലഭ്യമാകാവുന്ന സഹായങ്ങളും നിയമ നടപടിക്രമങ്ങളും സാദ്ധ്യമായ അനന്തരഫലങ്ങളും ഉള്‍പ്പെടെയുള്ള കേസിന്‍റെ നടപടികളെകുറിച്ച് കുട്ടിയെയും കുട്ടിയുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റൊരു വ്യക്തിയെയും അറിയിച്ചുകൊണ്ടിരിക്കണം. നിയമനടപടികളില്‍ കുട്ടി ചെയ്യേണ്ടതെന്താണെന്ന് കുട്ടിയെ അറിയിക്കേണ്ടതും പ്രതിയുമായി ബന്ധപ്പെടുത്തി കുട്ടിയുടെ സുരക്ഷയെയും; മൊഴി നല്‍കാന്‍ ആഗ്രഹിക്കുന്ന രീതിയേയും കുറിച്ച് കുട്ടികള്‍ക്കുള്ള എന്തെങ്കിലും ആശങ്കകള്‍, ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
(9) കുട്ടിക്ക് ഒരു സപ്പോര്‍ട്ട് പേഴ്സണിനെ നല്‍കിയാല്‍ അങ്ങനെ നിയമിച്ച് 24 മണിക്കൂറിനുള്ളില്‍ എസ്.ജെ.പി.യു വോ ലോക്കല്‍ പോലീസോ ഈ വിവരം പ്രത്യേക കോടതിയെ രേഖാമൂലം അറിയിച്ചിരിക്കണം.
(10) കുട്ടിയുടെയും അവന്‍റെ മാതാപിതാക്കളോ രക്ഷിതാവോ കുട്ടിക്ക് വിശ്വാസമോ ഉത്തമബോദ്ധ്യമോ ഉള്ള വ്യക്തിയോ ആവശ്യപ്പെട്ടാല്‍ സി.ഡബ്ല്യു.സി. ക്ക് സപ്പോര്‍ട്ട് പേഴ്സണിന്‍റെ സേവനം നിര്‍ത്തലാക്കാവുന്നതും, അങ്ങനെ സേവനം നിര്‍ത്തലാക്കാന്‍ ആവശ്യം ഉന്നയിച്ച് കുട്ടി, അത്തരം ആവശ്യം ഉന്നയിച്ചതിന് യാതൊരു കാരണവും വെളിപ്പെടുത്തേണ്ടതും ഇല്ല. അത്തരം വിവരം പ്രത്യേക കോടതിയെ രേഖാമൂലം അറിയിക്കുകയും വേണം.
(11) പ്രതിയുടെ അറസ്റ്റും ഫയല്‍ ചെയ്ത അപേക്ഷകളും കോടതിയുടെ മറ്റ് നടപടികളും, അടക്കമുള്ള കേസിന്‍റെ പുരോഗതിയെകുറിച്ച് കുട്ടിയെയും കുട്ടിയുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റൊരു വ്യക്തിയെയോ, സപ്പോര്‍ട്ട് പേഴ്സണിനെ നിയമിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെയും അറിയിച്ചുകൊണ്ടിരിക്കേണ്ട എസ്.ജെ.പി.യു. വിനോ ലോക്കല്‍ പോലീസിനോ ആയിരിക്കും.
(12) സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റോ ലോക്കല്‍ പോലീസോ സപ്പോര്‍ട്ട് പേഴ്സണോ; കുട്ടിയെയോ കുട്ടിയുടെ മാതാപിതാക്കളെയോ, രക്ഷിതാവിനെയോ, കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റൊരു വ്യക്തിയേയോ അറിയിക്കേണ്ട വിവരങ്ങള്‍ താഴെ പറയുന്നവ ഉള്‍പ്പെടെയും എന്നാല്‍ അതില്‍ മാത്രം ഒതുങ്ങേണ്ടതുമല്ല.
(i) അടിയന്തിരമായോ പ്രതിസന്ധികള്‍ തരണം ചെയ്യാനോ വേണ്ടി സര്‍ക്കാരിന്‍റെയോ പ്രൈവറ്റോ ആയ സേവനങ്ങളുടെ ലഭ്യതയും;
(ii) ഒരു ക്രിമിനല്‍ പ്രോസിക്യൂഷനില്‍ എടുക്കുന്ന നടപടിക്രമങ്ങളും;
5. അടിയന്തിര വൈദ്യസഹായം
(1) ഒരു കുട്ടിക്കെതിരെ ഈ നിയമപ്രകാരമുള്ള കുറ്റം നടന്നുവെന്നൊരു വിവരം എസ്.ജെ.പി.യു. വിലെയോ ലോക്കല്‍ പോലീസിലെയോ ഒരു പോലീസ് ഉദ്യോഗസ്ഥന്, ഈ നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം അറിവു കിട്ടുമ്പോള്‍, പീഡനത്തിനിരയായ കുട്ടിക്ക് അടിയന്തിര വൈദ്യസഹായത്തിന്‍റെയും സംരക്ഷണത്തിന്‍റെയും ആവശ്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍, കഴിവതും വേഗം, എന്നാല്‍ വിവരം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍, കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്കോ, അടിയന്തിര വൈദ്യസഹായം നല്‍കുന്ന ചികിത്സാ പരിചരണ സൗകര്യങ്ങളുള്ള കേന്ദ്രത്തിലേക്കോ എത്തിക്കാനുള്ള നടപടി അയാള്‍ കൈക്കൊള്ളേണ്ടതാണ്.
എന്നിരുന്നാലും, നിയമത്തിന്‍റെ 3,5,7,9 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ചെയ്യപ്പെട്ടിരിക്കുന്നതെങ്കില്‍ ഇരയായ കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി അയയ്ക്കേണ്ടതാണ്.
(2) അടിയന്തിര ചികിത്സാ സഹായം നല്‍കുന്നത് കുട്ടിയുടെ സ്വകാര്യതയെ സംരക്ഷിക്കുന്ന രീതിയിലും, കുട്ടിയുടെ മാതാപിതാക്കളുടെയോ, രക്ഷിതാവിന്‍റെയോ കുട്ടിക്ക് വിശ്വാസമോ, ഉത്തമബോദ്ധ്യമോഉള്ള മറ്റൊരു വ്യക്തിയുടെയോ സാന്നിദ്ധ്യത്തിലും ആയിരിക്കണം.
(3) കുട്ടിക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്ന യാതൊരു മെഡിക്കല്‍ പ്രാക്റ്റീഷണറോ ആശുപത്രിയോ മറ്റ് ചികിത്സാ സൗകര്യകേന്ദ്രമോ, അത്തരം സഹായം നല്‍കുന്നതിന് മുന്‍പായി ഏതെങ്കിലും നിയമപരമോ മജിസ്റ്റീരിയന്‍ തലത്തിലുള്ളതോ ആയ ആജ്ഞാപത്രമോ മറ്റ് രേഖകളോ ആവശ്യപ്പെടാന്‍ പാടില്ല.
(4) കുട്ടിക്ക് അടിയന്തിര വൈദ്യസഹായം കൊടുക്കുന്ന രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍ താഴെപറയുന്നത് ഉള്‍പ്പെടെയുള്ള കുട്ടിയുടെ പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതാണ്.
(i) ജനനേന്ദ്രിയത്തിലെ മുറിവുകള്‍ ഉള്‍പ്പെടെയുള്ള മുറിവുകള്‍, ക്ഷതങ്ങള്‍ മറ്റ് പരിക്കുകള്‍ ഉണ്ടെങ്കില്‍ അവ;
(ii) രോഗനിരോധന ചികിത്സ ഉള്‍പ്പെടെ ലൈംഗിക രോഗങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുള്ള ചികിത്സ.
(iii) സാംക്രമിക രോഗ വിദഗ്ധരുടെ ഉപദേശം തേടിയശേഷം ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷെന്‍സി വൈറസിന്‍റെ (എച്ച്.ഐ.വി) രോഗനിരോധന ചികിത്സ ഉള്‍പ്പെടെ എച്ച്.ഐ.വി. ക്ക് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുള്ള ചികിത്സ;
(iv) ഋതുമതിയായ കുട്ടിയുമായും കുട്ടിയുടെ മാതാപിതാക്കളോടൊ രക്ഷിതാവിനോടൊ കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റേതെങ്കിലും വ്യക്തിയോടൊ ആയി ഗര്‍ഭധാരണ സാധ്യതയെകുറിച്ചും; അടിയന്തിര ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെകുറിച്ചും വിശദീകരണം.
(v) ആവശ്യമുള്ള സാഹചര്യങ്ങളില്‍, മനഃശാസ്ത്രപരമോ, മാനസികാരോഗ്യപരമോ മറ്റ് തരം കൗണ്‍സിലിങ്ങിനോ വിടുകയോ ഉപദേശം തേടുകയോ ചെയ്യേണ്ടതാണ്.
(5) അടിയന്തിര വൈദ്യസഹായം നല്‍കുന്ന വേളയില്‍ എന്തെങ്കിലും ഫോറന്‍സിക് തെളിവ് ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു നിയമത്തിന്‍റെ 27-ാം വകുപ്പ് അനുസൃതമായിരിക്കണം.
6. നിയമം നടപ്പിലാക്കുന്നതിന്‍റെ നിരീക്ഷണം
(1) സന്ദര്‍ഭമനുസരിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോ (ഇനി മുതല്‍ എന്‍.സി.പി.സി.ആര്‍. എന്ന് പരാമര്‍ശിക്കും) സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനോ (ഇനി മുതല്‍ എന്‍.സി.പി.സി.ആര്‍. എന്ന് പരാമര്‍ശിക്കും) തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങള്‍ക്ക് പുറമേ, നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് താഴെ പറയുന്ന പ്രവര്‍ത്തികളും നിര്‍വ്വഹിക്കണം.
(a) സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക കോടതികള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതു നിരീക്ഷിക്കുക;
(b) സംസ്ഥാന സര്‍ക്കാരുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതു നിരീക്ഷിക്കുക;
(c) വിചാരണയ്ക്ക് മുമ്പും വിചാരണവേളയിലും കുട്ടിയെ സഹായിക്കാന്‍ ചേരുന്ന സന്നദ്ധ സംഘടനകളുടെയോ പ്രൊഫഷണലുകളുടെയോ വിദഗ്ധരുടെയോ, മനഃശാസ്ത്രത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലും ശാരീരികരോഗ്യത്തിലും മാനസികാരോഗ്യത്തിലും ശിശു വികസനത്തിലും അറിവുള്ള വ്യക്തിയുടെയും; ഉപയോഗത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയമത്തിന്‍റെ 39-ാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതും; ഈ മാര്‍ഗ്ഗരേഖകളുടെ നടത്തിപ്പും നിരീക്ഷിക്കുക;
(d) ഈ നിയമപ്രകാരമുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍, പോലീസ് ഉദ്യോഗസ്ഥക്കും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട മറ്റ് വ്യക്തികള്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള മൊഡ്യൂള്‍ തയ്യാറാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും നിരീക്ഷിക്കുക;
(e) ഈ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് പൊതുജനങ്ങളെയും, അതുപോലെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും, രക്ഷിതാക്കളെയും ബോധവാന്മാരാക്കാനായി ഈ നിയമത്തിന്‍റെ വ്യവസ്ഥകള്‍ സംബന്ധിച്ച വിവരങ്ങള്‍ ടെലിവിഷനും, റേഡിയോയും പത്ര മാധ്യമങ്ങളും അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
(2) ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും ഒരു പ്രത്യേക ബാലലൈംഗിക പീഡനകേസിന്‍റെ റിപ്പോര്‍ട്ട് സന്ദര്‍ഭമനുസരിച്ച് എന്‍.സി.പി.സി. ആറിനോ, എസ്.സി.പി.സി. ആറിനോ, ആവശ്യപ്പെടാം.
(3) റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമ കേസുകളെയും ഈ നിയമപ്രകാരമുള്ള നടപടികള്‍ പ്രകാരമുള്ള അവയുടെ തീര്‍പ്പിനെയും സംബന്ധിച്ച വിവരങ്ങള്‍ സ്വയമോ ബന്ധപ്പെട്ട മറ്റ് ഏജന്‍സികളില്‍ നിന്നോ വിവരങ്ങളും സ്ഥിതിവിവരങ്ങളും താഴെപറയുന്ന വിവരങ്ങള്‍ അടക്കം, സന്ദര്‍ഭമനുസരിച്ച് എന്‍.സി.പി.സി. ആറിനോ, എസ്.സി.പി.സി. ആറിനോ ശേഖരിക്കാവുന്നതാണ്.
(i) നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റങ്ങളുടെ നമ്പറും; വിശദവിവരങ്ങളും;
(ii) സമയബന്ധിതമായ വ്യവസ്ഥകള്‍ സംബന്ധിച്ചവ അടക്കമുള്ള, നിയമത്തിലും ചട്ടങ്ങളിലും നിര്‍ണ്ണയിച്ചുള്ള നടപടികള്‍ പാലിച്ചിട്ടുണ്ടോ എന്നും;
(iii) ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ഇരയായവര്‍ക്ക്, അടിയന്തിര വൈദ്യസഹായത്തിനും വൈദ്യപരിശോധനയും ഉള്‍പ്പെടെ പരിചരണത്തിനും സംരക്ഷണത്തിനും ഉള്ള സംവിധാനങ്ങളുടെ വിവദാംശങ്ങള്‍.
(iv) ഏതെങ്കിലും പ്രത്യേക കേസില്‍, ബന്ധപ്പെട്ട സി.ഡബ്ല്യു.സി ഒരു കുട്ടിക്ക് നല്‍കുന്ന പരിചരണവും സംരക്ഷണവും സംബന്ധിച്ച് അവലോകനത്തിന്‍റെ വിശദാംശങ്ങള്‍.
4. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഈ നിയമത്തിന്‍റെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് വിലയിരുത്തുന്നതിനായി, സന്ദര്‍ഭമനുസരിച്ച്, എന്‍.സി.പി.സി.ആറിനോ, എസ്.സി.പി.സി.ആറിനോ ഉപയോഗിക്കാം. ഈ നിയമത്തിന്‍റെ നിരീക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍.സി.പി.സി.ആറിന്‍റെയോ എസ്.സി.പി.സി.ആറിന്‍റെയോ വാര്‍ഷികറിപ്പോര്‍ട്ടില്‍ ഒരു പ്രത്യേക അധ്യായമായി ഉള്‍പ്പെടുത്തേണ്ടതാണ്.
7. നഷ്ടപരിഹാരം
(1) പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തശേഷം, ഏത് ഘട്ടത്തിലും കുട്ടിയുടെ ആശ്വാസത്തിനോ പുനഃരധിവാസത്തിനോ ഉള്ള അടിയന്തിര ആവശ്യങ്ങള്‍ക്കായി, ഉചിതമായ കേസുകളില്‍, സ്വമേധയായോ കുട്ടിയോ കുട്ടിക്കുവേണ്ടി മറ്റാരെങ്കിലുമോ സമര്‍പ്പിച്ച അപേക്ഷയിലോ, പ്രത്യേക കോടതിക്ക് ഒരു ഇടക്കാല നഷ്ടപരിഹാര ഉത്തരവ് പാസാക്കാവുന്നതാണ്. അത്തരത്തില്‍ നല്‍കപ്പെട്ട ഇടക്കാല നഷ്ടപരിഹാരത്തുക, അന്തിമ നഷ്ടപരിഹാരം ഉണ്ടായാല്‍ അതില്‍ നിന്ന് തട്ടികിഴിക്കാവുന്നതാണ്.
(2) പ്രതി ശിക്ഷിക്കപ്പെട്ടതോ പ്രതിയെ വെറുതെ വിട്ടതോ ഡിസ്ചാര്‍ജ്ജ് ചെയ്തതോ ആയ കേസുകളിലോ; പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ കഴിയാത്തപ്പോഴോ; ആ കുറ്റകൃത്യത്തിന്‍റെ ഫലമായി കുട്ടിക്ക് നഷ്ടമോ പരിക്കോ ഉണ്ടായി എന്ന് പ്രത്യേക കോടതിക്ക് ബോദ്ധ്യപ്പെട്ടാല്‍, സ്വമേധയായോ, ഇരയായ കുട്ടിയുടെയോ, കുട്ടിക്ക് വേണ്ടിയോ ഉള്ള അപേക്ഷയിന്‍മേലോ പ്രത്യേക കോടതിക്ക് നഷ്ടപരിഹാരത്തിനായി ശുപാര്‍ശ ചെയ്യാവുന്നതാണ്.
(3) ക്രിമിനല്‍ നടപടിക്രമത്തിന്‍റെ 357-അ വകുപ്പിന്‍റെ (2) (3) ഉപവകുപ്പ്, ഈ നിയമത്തിന്‍റെ 33-ാം വകുപ്പിന്‍റെ 8-ാം ഉപവകുപ്പ് ചേര്‍ത്ത് വായിക്കും പ്രകാരം നഷ്ടപരിഹാരത്തിനുള്ള അവാര്‍ഡിനുള്ള ഒരു നിര്‍ദ്ദേശം പ്രത്യേക കോടതി നല്‍കുമ്പോള്‍ താഴെ പറയുന്നവ ഉള്‍പ്പെടെ, പീഡനത്തിനിരയായ കുട്ടി അനുഭവിച്ച നഷ്ടത്തെയോ പരിക്കിനെയോ സംബന്ധിച്ച എല്ലാ പ്രസക്തമായ വസ്തുതകളും പരിഗണിക്കണം.
(i) കുട്ടി അനുഭവിച്ച പീഢനത്തിന്‍റെ രീതി, കുറ്റകൃത്യത്തിന്‍റെ ഗൗരവം, മാനസികമോ, ശാരീരികമോ ആയ ഹാനിയുടെയും ക്ഷതങ്ങളുടെയും തീവ്രത;
(ii) ശാരീരികമോ, മാനസികമോ ആയ ആരോഗ്യത്തിന് വേണ്ടിയുള്ള വൈദ്യ ചികിത്സയ്ക്ക് ചെലവായതോ ചെലവാകാവുന്നതോ ആയ തുക;
(iii) മാനസികാഘാതവും, ശാരീരികാഘാതവും, വൈദ്യചികിത്സയും കുറ്റകൃത്യത്തിന്‍റെ അന്വേഷണവും വിചാരണയും മറ്റേതെങ്കിലും കാരണവും മൂലം സ്കൂളില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യം അടക്കം കുറ്റകൃത്യത്തിന്‍റെ ഫലമായി വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെട്ടത്.
(iv) മാനസികാഘാതവും, ശാരീരികാഘാതവും, വൈദ്യചികിത്സയും കുറ്റകൃത്യത്തിന്‍റെ അന്വേഷണവും വിചാരണയും മറ്റേതെങ്കിലും കാരണം മൂലം തൊഴിലിടത്ത് ഹാജരാകാന്‍ കഴിയാതെ വന്ന സാഹചര്യം അടക്കം കുറ്റകൃത്യത്തിന്‍റെ ഫലമായി ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടത്.
(v) കുട്ടിയുമായി കുറ്റവാളിക്ക് ബന്ധം എന്തെങ്കിലും ഉണ്ടെങ്കില്‍ അത്;
(vi) ആ പീഡനം ഒരിക്കല്‍ മാത്രം ഉണ്ടായ ഒറ്റപ്പെട്ട സംഭവമാണോ; അതോ പീഡനം കാലങ്ങളില്‍ നീണ്ടുനിന്ന സംഭവമാണോ;
(vii) കുറ്റകൃത്യത്തിന്‍റെ ഫലമായി കുട്ടി ഗര്‍ഭിണിയായോ;
(viii) കുറ്റകൃത്യത്തിന്‍റെ ഫലമായി കുട്ടിക്ക് ലൈംഗിക രോഗങ്ങള്‍ (എസ്.റ്റി.ഡി) ഉണ്ടായോ;
(ix) കുറ്റകൃത്യത്തിന്‍റെ ഫലമായി കുട്ടിക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷെന്‍സി വൈറസ് ബാധയുണ്ടായോ;
(x) കുറ്റകൃത്യത്തിന്‍റെ ഫലമായി കുട്ടിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടായോ;
(xi) പുനഃരധിവാസം നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതിനായി പീഡനത്തിനിരയായ കുട്ടിയുടെ സാമ്പത്തിക ഭദ്രത;
(xii) പ്രസക്തമെന്ന് പ്രത്യേക കോടതിയ്ക്ക് ബോദ്ധ്യപ്പെടുന്ന മറ്റ് ഏതെങ്കിലും വസ്തുതകള്‍.
(4) പ്രത്യേക കോടതി അവാര്‍ഡ് ചെയ്യുന്ന നഷ്ടപരിഹാരം, സംസ്ഥാന സര്‍ക്കാര്‍ ക്രിമിനല്‍ നടപടിക്രമത്തിന്‍റെ 357 - A വകുപ്പ് പ്രകാരമുള്ള വിക്റ്റിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നോ ഇരകളാക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പുനഃരധിവസിപ്പിക്കുന്നതിനും വേണ്ടി രൂപീകരിച്ചിട്ടുള്ള മറ്റ് പദ്ധതിയില്‍ നിന്നോ ഫണ്ടില്‍ നിന്നോ അത്തരം ഫണ്ടോ, പദ്ധതിയോ നിലവില്‍ ഇല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടോ നല്‍കേണ്ടതാണ്.
(5) പ്രത്യേക കോടതി നഷ്ടപരിഹാരത്തിനായി നല്‍കിയ ഉത്തരവ്, അത്തരം ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടതാണ്.
(6) ഈ ചട്ടത്തിലെ യാതൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മറ്റേതെങ്കിലും ചട്ടങ്ങളോ പദ്ധതിയോ പ്രകാരം നല്‍കുന്ന പരിഹാരത്തിനായി അപേക്ഷ നല്‍കുന്നതിന്, യാതൊരു കുട്ടിയേയോ, കുട്ടിയുടെ മാതാപിതാക്കളെയോ രക്ഷിതാവിനേയോ കുട്ടിക്ക് വിശ്വാസവും ഉത്തമബോദ്ധ്യവും ഉള്ള മറ്റൊരാളെയോ വിലക്കുന്നില്ല.
POCSO Act 2012 sexual assaults against children Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206