We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 26-Sep-2020
ഫ്രീ മേയ്സണ്‍ അംഗത്വവും സഭയുടെനിലപാടുംഫ്രീ മേയ്സണ്‍ എന്ന സംഘടന നമ്മുടെനാട്ടില്‍ ഏറെ സജീവമാണെന്നു പത്രമാധ്യമങ്ങളിലൂടെ അറിയാന്‍സാധിച്ചു. ഇതൊരു പൊതുസേവനകൂട്ടായ്മ എന്നരീതിയിലാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ള സഭയുടെ പഠനവും നിലപാടും വിശദീകരിക്കാമോ?
ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരിക്കുന്നതുപോലെ അടുത്തകാലത്ത് വിവിധ വിഷയങ്ങളുമായിബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു പേരായിരുന്നു ഫ്രീ മേയ്സണ്‍ സംഘടനയുടെത്. ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളുടെയും തത്വശാസ്ത്രസമീപനങ്ങളുടെയും പ്രവര്‍ത്തനസംവിധാനങ്ങളുടെയും വിശദമായ ഒരു വിവരണം ഇവിടെ ഉദ്ദേശിക്കുന്നില്ല. സഭയുടെ നിലപാട് വിശദീകരിക്കുന്നതിന് ആവശ്യമായ ചില വിവരങ്ങള്‍ മാത്രമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഈ വിവരങ്ങള്‍ വിവിധ വെബ്സൈറ്റുകളിലും ഇന്ന് ലഭ്യമാണ്. ഫ്രീ മേയ്സണ്‍ സംഘടനയെ കത്തോലിക്കാസഭ "അംഗീകരിക്കുന്നില്ല. ഈ സംഘടനയിലുള്ള അംഗത്വം, കത്തോലിക്കാസഭയിലെ അംഗത്വവും വിശ്വാസവുമായി ചേര്‍ന്നുപോകാത്തതാണെന്നതിനാല്‍ കത്തോലിക്കര്‍ ഈ സംഘടനയില്‍ അംഗത്വമെടുക്കുന്നത് സഭ ഔദ്യോഗികമായി നിരോധിച്ചിരിക്കുകയാണ്.
പ്രൊട്ടസ്റ്റന്‍റ്വിപ്ലവത്തിനുശേഷമാണ് ഈ സംഘടനയുടെ ഉത്ഭവം. പ്രത്യേകമായ അടയാളങ്ങളും പ്രതീകങ്ങളും അംഗവിക്ഷേപങ്ങളും ഉപയോഗിച്ചിരുന്ന സംഘടിത സമാജങ്ങളില്‍ (guild) ധാര്‍മ്മിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പതിവ് രൂപപ്പെട്ടു. ഇത്തരം നാല് സംഘടിതസമാജങ്ങള്‍ 1717-ല്‍ ഒന്നു ചേര്‍ന്നാണ് ഇംഗ്ലണ്ടില്‍ ഫ്രീ മേയ് സണ്‍സിന്‍റെ ഗ്രാന്‍റ് ലോഡ്ജ് (Grand Lodge of Free Maisons) രൂപപ്പെട്ടത്. പിന്നീട്, ഈ സംഘടന ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വ്യാപിക്കുകയുണ്ടായി. ലോഡ്ജ് എന്നത് ഈ സംഘടനയുടെ അടിസ്ഥാനപരമായ യൂണിറ്റാണ്. ഫ്രീ മേയ്സണ്‍ സംഘടന നമ്മുടെ നാട്ടിലെ മറ്റേതൊരു സാമൂഹ്യസംഘടനപോലെയുള്ള താണെന്നത് ശരിയല്ലെന്നു വിവിധ പഠനങ്ങളില്‍നിന്നു തെളിയുന്നതാണ്. പുരുഷന്മാര്‍ക്കു മാത്രമേ ഈ സംഘടനയില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. ഇത് ഒരു സോഷ്യല്‍ക്ലബ് അല്ലെന്ന് ഈ സംഘടനയുടെ വെബ്സൈറ്റില്‍തന്നെ പറയുന്നുണ്ട്. സംഘടനയില്‍ ഏതുമതത്തിലുള്ള വ്യക്തിക്കും അംഗമാകാം. ആ വ്യക്തിയുടെ മതവിശ്വാസത്തിന് സംഘടന ഒരുതടസ്സവും സൃഷ്ടിക്കുന്നില്ല. പക്ഷേ, സംഘടനയ്ക്ക് അതിന്‍റേതായ ദൈവസങ്കല്‍പ്പമുണ്ട്. പ്രത്യക്ഷത്തില്‍ അത് ഒരു വിശ്വാസത്തിനും എതിരല്ലെങ്കിലും, എല്ലാ മതങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു ദൈവസങ്കല്‍പ്പം അവിടെ നല്‍കുന്നുണ്ട്.
ഫ്രീ മേയ്സണ്‍സ് വിശ്വസിക്കുന്ന ദൈവം മഹാനായ പ്രപഞ്ചസ്രഷ്ടാവാണ് (the Great Architect). ഈ സംഘടനയ്ക്ക് അള്‍ത്താര, പ്രത്യേക വസ്ത്രങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, ധാര്‍മ്മികസംഹിത, അധികാരശ്രേണി, ആഘോഷ ദിവസങ്ങള്‍, നിത്യതയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ എന്നിവയൊക്കെ സ്വന്തമായുണ്ട്. കുരിശ് പ്രകൃതിയുടെയും നിത്യജീവിതത്തിന്‍റെയും അടയാളം മാത്രമാണ്. പാപപരിഹാരത്തിനു വേണ്ടി കുരിശില്‍ മരിച്ച ഈശോയുടെ സ്വയംത്യാഗത്തിന് പ്രാധാന്യം നല്‍കുന്നില്ല. സംഘടനയില്‍ അംഗമാകുന്ന ഒരു വ്യക്തി, അംഗത്വം ലഭിക്കുന്ന ചടങ്ങില്‍ പ്രകാശത്തെ (light) അന്വേഷിക്കാനുള്ള ആഗ്രഹം പ്രകടമാക്കുകയും മറ്റൊരിടത്തും ലഭിക്കാത്ത പ്രകാശം നല്‍കപ്പെടുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്നു. സംഘടനയുടെ തത്വങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ ആ വ്യക്തിക്ക് "സ്വര്‍ഗീയ ലോഡ്ജില്‍ (celestial lodge) നിത്യവിശ്രമം കിട്ടുമെന്നും ഉറപ്പുകൊടുക്കുന്നു.
സംഘടനയില്‍ അംഗമാകുന്ന വ്യക്തി രഹസ്യം സൂക്ഷിക്കാനുള്ള പ്രതിജ്ഞയെടുക്കണം. ബൈബിളോ ഇതരമതഗ്രന്ഥങ്ങളോ ഈ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചു വരുന്നു. സംഘടനയുടെ അധികാര ശ്രേണിയില്‍പ്പെട്ട വ്യക്തിയുടെ (Worshipful Master) മുന്നില്‍ മുട്ടു കുത്തിനിന്ന് ജീവന്‍നഷ്ടപ്പെടുത്തിയും രഹസ്യം സൂക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ സൂക്ഷിക്കേണ്ട രഹസ്യങ്ങള്‍ ഏതൊക്കെയാണെന്ന് ആ അംഗത്തിന് അറിയില്ല. ഒരു അംഗത്തിന്‍റെ സീനിയോരിറ്റിയും വിശ്വസ്തതയുമനുസരിച്ച് വിവിധഘട്ടങ്ങളിലൂടെയാണ് സംഘടനയുടെ മുഴുവന്‍ രഹസ്യങ്ങളും അംഗങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നത്. ഇവിടെ വിവരിച്ചത് ഫ്രീ മേയ്സണ്‍ സംഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ ചിലതു മാത്രമാണ്.
ഫ്രീമേയ്സണ്‍ സംഘടനയുടെ വളര്‍ച്ചയോടൊപ്പം അതിന്‍റെ പ്രവര്‍ത്തനങ്ങളും, വിശ്വാസസം ഹിതകളും ഒപ്പം ഉയര്‍ന്നുകേട്ടിരുന്ന നിഗൂഢതകളും വിശകലനം ചെയ്യപ്പെടുകയുണ്ടായി. കത്തോലിക്കാവിശ്വാസവുമായി യാതൊരുവിധത്തിലും പൊരുത്തപ്പെട്ടു പോകാത്ത നിലപാടുകള്‍ സംഘടനയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, ക്ലെമെന്‍റ് പന്ത്രണ്ടാമന്‍ പാപ്പ 1738-ല്‍ In Eminenti എന്ന തിരുവെഴുത്തുവഴി ഫ്രീ മേയ്സണ്‍ സംഘടനയില്‍ ചേരുന്നതില്‍നിന്ന് കത്തോലിക്കാവിശ്വാസികളെ വിലക്കുകയും, വിലക്കു ലംഘിക്കുന്നവരെ സഭയില്‍നിന്ന് പുറത്താക്കാന്‍ (Excommunication) തീരുമാനിക്കുകയുംചെയ്തു. ഈ തീരുമാനം സഭയില്‍ നടപ്പിലായതോടെ തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഘടന ആരംഭിച്ചു. മനുഷ്യകുലത്തിന്‍റെ സമഗ്രവിമോചനത്തിനും സാഹോദര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ജീവകാരുണ്യസംഘടനയായി ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനം തുടര്‍ന്നു. ഫ്രീ മേയ്സണ്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ നിരാകരിച്ചുകൊണ്ട് മറ്റ് മാര്‍പ്പാപ്പാമാരും പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട് (Quo Graviora, On Secret Societies, Pope Leo XII, 1826; Humanus Genus, On Free Masonry, Pope Leo XIII, 1884; Custodi di quella Fede, On Free Masonry, Pope Leo XII, 1892).
കത്തോലിക്കാസഭയ്ക്ക് എതിരായി സംഘടന പ്രവര്‍ത്തിക്കുന്നില്ലായെന്ന പ്രതീതി ഉളവാക്കാന്‍ സാധിച്ചതിന്‍റെ ഫലമായി സഭയില്‍നിന്നുതന്നെ ഈ സംഘടനയോടുള്ള അകല്‍ച്ചയുടെ ദൂരം സാവകാശം കുറഞ്ഞുവന്നു. അതിന്‍റെ ഫലമായി 1974-ല്‍ വത്തിക്കാന്‍ വിശ്വാസതിരുസംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍ജോസെപ്പെര്‍ കത്തോലിക്കാവിരുദ്ധരല്ലാത്ത മാസോണിക്ലോഡ്ജുകളില്‍ കത്തോലിക്കര്‍ക്ക് അംഗത്വമെടുക്കാമെന്ന ഒരു വ്യാഖ്യാനം നല്‍കുകയുണ്ടായി. എന്നാല്‍ 6 വര്‍ഷത്തിനുശേഷം 1981-ല്‍ അതേ വിശ്വാസതിരുസംഘം 1974 -ലെ വ്യാഖ്യാനം തെറ്റാണെന്നുപറഞ്ഞ് ഈ സംഘടനയോടുള്ള മൃദുസമീപനം അവസാനിപ്പിച്ചു.
ഈ പശ്ചാത്തലത്തില്‍, 1983 നവംബര്‍ 26-ന് അന്നത്തെ പാപ്പായായിരുന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍റെ അംഗീകാരത്തോടെ വിശ്വാസതിരുസംഘത്തിന്‍റെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ (ബനഡിക്റ്റ് 16-ാമന്‍ പാപ്പ) മാസോണിക് ലോഡ്ജില്‍ അംഗത്വമെടുക്കുന്നതിനെതിരായി വ്യക്തമായ പ്രബോധനം നല്‍കി. ഫ്രീ മേയ്സണ്‍ സംഘടനയിലുള്ള അംഗത്വവും കത്തോലിക്കാവിശ്വാസവും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ച് ആധികാരികമായവിധത്തില്‍ ഇങ്ങനെ പറയുന്നു: 'സഭയുടെ വിശ്വാസതത്വസംഹിതകളുമായി അവരുടെ തത്വങ്ങള്‍ പൊരുത്തപ്പെട്ടുപോകാത്തതിനാല്‍ മസോണിസം സഘടനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സഭയുടെ നിഷേധാത്മകമായ നിലപാട് മാറ്റമില്ലാതെ തുടരുകയും അവയിലുള്ള അംഗത്വം നിരോധിക്കപ്പെട്ടതായി തുടരുകയും ചെയ്യുന്നു. മാസോണിസം ഘടനകളില്‍ അംഗത്വമെടുക്കുന്ന വിശ്വാസികള്‍ ഗുരുതരമായ പാപാവസ്ഥയിലാണെന്നതിനാല്‍ അവര്‍ വിശുദ്ധകുര്‍ബാന സ്വീകരണത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്' Therefore the Church’s negative judgment in regard to Masonic association remains unchanged since their principles have always been considered irreconcilable with the doctrine of the Church and therefore membership in them remains forbidden.
The faithful who enroll in Masonic associations are in a state of grave sin and may not receive Holy Communion). ഫ്രീ മെയ്‌സൻ സംഘടനയില്‍ അംഗമാകുന്നവരെ സഭയില്‍നിന്നുപുറത്താക്കണമെന്ന (Excommunication) മുന്‍നിലപാടില്‍നിന്നുമാറി ഈ സംഘടനയില്‍ അംഗമാകുന്നവര്‍ക്ക് വി. കുര്‍ബാന സ്വീകരണവും കുമ്പസാരവും മുടക്കുന്നതാണ് നിലവിലെ സഭയുടെ നിലപാട്. സംഘടനയുടെ വിശ്വാസസംഹിതകളും അടിസ്ഥാനതത്വങ്ങളും പലസ്ഥലങ്ങളിലും അതേപടി നടപ്പിലാക്കുന്നില്ലായെന്നും ഇങ്ങനെയുള്ള ഒരുകാര്യവും സംഘടനയില്‍ പറഞ്ഞുപോലും കേട്ടിട്ടില്ലായെന്നും ഇത് സര്‍വ്വസാഹോദര്യം വളര്‍ത്തുന്ന ഒരു സാമൂഹ്യസംഘടന മാത്രമാണെന്നും പറഞ്ഞ് സഭയുടെ ഔദ്യോഗിക നിലപാടിനെ പ്രദേശികതലത്തില്‍ മയപ്പെടുത്താതിരിക്കാനുള്ള മുന്‍കരുതലും കര്‍ദിനാള്‍ റാറ്റ്സിംഗര്‍ തന്‍റെ രേഖയില്‍ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുതരേഖയുടെ അവസാനഭാഗത്ത്, മാസോണിക്ക് സംഘടനകളുടെ സ്വഭാവത്തെക്കുറിച്ച് വിലയിരുത്തി സഭയുടെ പൊതുനിലപാടിനെതിരായ വ്യത്യസ്തമായനിലപാട് സ്വീകരിക്കാന്‍ പ്രാദേശിക സഭാധികാരികള്‍ക്ക് അവകാശമില്ലെന്ന് കൃത്യമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്.അതിനാല്‍, തങ്ങള്‍ അംഗമായിരിക്കുന്ന ഫ്രീ മേയ്സണ്‍ ലോഡ്ജിന്‍റെ പ്രവര്‍ത്തനങ്ങളെ അതില്‍ അംഗമായിരിക്കുന്ന കത്തോലിക്കാ വിശ്വാസികള്‍ എത്രകണ്ട് പുകഴ്ത്തിയാലും സഭയുടെ ഇക്കാര്യത്തിലുള്ള ഔദ്യോഗികനിലപാട് 1983-ല്‍ വിശ്വാസതിരുസംഘം നല്‍കിയിരിക്കുന്ന രേഖയില്‍ പറഞ്ഞിരിക്കുന്നതാണ്. ഫ്രീ മേയ്സണ്‍ സംഘടനയിലെ അംഗത്വവും കത്തോലിക്കാവിശ്വാസവും ചേര്‍ന്നുപോകുന്നതല്ല; ഈ സംഘടനയില്‍ അംഗമാകുന്നവര്‍ ഗുരുതരമായ പാപാവസ്ഥയിലാണ്; അതിനാല്‍ അവര്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് അണയാന്‍പാടില്ല. ഇവരെ സഭ പുറത്താക്കുന്നില്ല. കുമ്പസാരവും വി. കുര്‍ബാന സ്വീകരണവുമൊഴികെ മറ്റൊരു കുദാശയില്‍നിന്നും മാറ്റി നിര്‍ത്തുന്നുമില്ല. ഇത് സഭയുടെ സുചിന്തിതവും ചരിത്രാപഗ്രഥനത്തില്‍ അടിസ്ഥാനമിട്ടതുമായ നിലപാടാണ്. ഈ നിലപാടില്‍ സഭ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല.
Dr. Abraham Kavilpurayidathil Free Mason membership church and free mason association teaching of the church Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206