We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 24-Sep-2020
വിവാഹേതര ബന്ധവും സഭയുടെ കാഴ്ചപ്പാടും
ഐ.പി.സി. 497-ാം വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീംകോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം. സിവില്‍ നിയമത്തില്‍ വന്ന ഈ മാറ്റത്തിന്‍റെ പ്രത്യാഘാതങ്ങളെ സഭ എങ്ങനെ വിലയിരുത്തുന്നു?
സഭയുടെ വിവാഹകോടതി നിയമങ്ങളില്‍ ഈ മാറ്റം പ്രതിഫലിക്കുമോ?
സുപ്രീംകോടതി വളരെ നിര്‍ണ്ണായകമായ വിധികള്‍ പുറപ്പെടുവിച്ച ദിവസങ്ങളാണ് കഴിഞ്ഞുപോയത്. മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. ഭരണഘടന സ്ത്രീകള്‍ക്ക് നല്‍കുന്ന തുല്യത ഉറപ്പാക്കുന്നതിനാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചതെന്നറിയുന്നു. അഞ്ച് ജഡ്ജിമാരടങ്ങുന്ന പാനലിലെ എല്ലാവരും ഏകാഭിപ്രായത്തിലെത്തി ഈ വകുപ്പ് റദ്ദാക്കുകയായിരുന്നു. ഭരണഘടനയിലെ 21-ാം അനുച്ഛേദം ഉറപ്പാക്കുന്ന, അന്തസ്സോടെ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനുമുള്ള അവകാശം സ്ത്രീക്ക് നിഷേധിക്കുന്നതാണ് നിലവിലെ 497-ാം വകുപ്പ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് കേടതിവിധിയെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
നിലവില്‍, വിവാഹേതരബന്ധം ജയില്‍ ശിക്ഷയുള്ള കുറ്റമാണ്. ഇവിടെയാണ് മാറ്റം വരുന്നത്. ഉഭയസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ഇനിമേല്‍ ശിക്ഷാര്‍ഹമല്ല. വിവാഹത്തിനു പുറമേയുള്ള ബന്ധം ചൂണ്ടിക്കാണിച്ച് ഒരു വ്യക്തിക്ക് വിവാഹമോചനത്തിന് ശ്രമിക്കാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നു. അതുപോലെ, ഒരു വ്യക്തിയുടെ വിവാഹേതര ലൈംഗികബന്ധം മൂലം ജീവിതപങ്കാളി ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസ്സെടുക്കാം. എന്നുവച്ചാല്‍, വിവാഹമോചനത്തിനോ, മരണശേഷം ജീവിതപങ്കാളിയെ ശിക്ഷിക്കുന്നതിനോ മാത്രമേ വിവാഹേതരബന്ധം കണക്കിലെടുക്കൂ എന്നര്‍ത്ഥം. ഇവിടെയാണ് ഗുരുതരമായ സാമൂഹിക ധാര്‍മ്മിക പ്രത്യാഘാതങ്ങള്‍ രൂപപ്പെടുന്നത്.
കെ.സി.ബി.സി. ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാകുമ്പോള്‍ പ്രായപൂര്‍ത്തിയായ ഏതു പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം പുലര്‍ത്തുന്ന ലൈംഗികബന്ധം സാമൂഹികമായും ധാര്‍മ്മികമായും തെറ്റല്ല എന്ന ധാരണയും വിവാഹപൂര്‍വ്വബന്ധം, വിവാഹേതരബന്ധം, സ്വവര്‍ഗ്ഗരതി എന്നിവ അനുവദനീയമാണ് എന്ന അവസ്ഥയും ഒരു ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കും എന്ന് പ്രസ്താവനയില്‍ അടിവരയിട്ട് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഈ പ്രസ്താവനയിലെ ഉത്കണ്ഠയാണ് സമൂഹത്തിന്‍റെയും കുടുംബങ്ങളുടെയും നന്മ ആഗ്രഹിക്കുന്ന എല്ലാവരും പങ്കുവയ്ക്കുന്നത്.
ലൈംഗിക ബന്ധം സഭയുടെ നിലപാട്
ലൈംഗികതയെയും ലൈംഗിക ബന്ധത്തെക്കുറിച്ചുമുള്ള സഭയുടെ നിലപാട് വിശുദ്ധ ഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ പഠനങ്ങളിലും മാര്‍പ്പാപ്പമാരുടെ പ്രബോധനങ്ങളിലും അടിസ്ഥാനമിട്ടതാണ്. സഭയുടെ മതബോധനം വ്യക്തമാക്കുന്നുണ്ട്. "ശാരീരികവും ജീവശാസ്ത്രപരവുമായ ലോകത്തോടുള്ള മനുഷ്യന്‍റെ ബന്ധം പ്രകടമാക്കുന്ന ലൈംഗികത, പുരുഷന്‍റെയും സ്ത്രീയുടെയും പൂര്‍ണ്ണവും ആയുഷ്കാലം നീണ്ടുനില്‍ക്കുന്നതുമായ ഉഭയദാനത്തിലൂടെ, വ്യക്തിക്ക് വ്യക്തിയോടുള്ള ബന്ധത്തില്‍ ഉള്‍ച്ചേര്‍ക്കുമ്പോള്‍ അത് വ്യക്തിപരവും യഥാര്‍ത്ഥ്യത്തില്‍ മാനുഷികവുമാകുന്നു" (CCC 2337). മനുഷ്യന്‍റെ ഈ ലൈംഗികത പുരുഷനും സ്ത്രീയും തമ്മിലുള്ള ദാമ്പത്യ സ്നേഹത്തെയാണ് ലക്ഷ്യമിടുന്നത് (CCC 2361). ലൈംഗികതയുടെ എല്ലാ ശാരീരിക പ്രകടനങ്ങളും സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന്‍റെ പശ്ചാത്തലത്തിലാണ് സഭ കാണുകയും അംഗീകരിക്കുകയും മൂല്യം നല്‍കുകയും ചെയ്യുന്നത്. കാരണം വിവാഹത്തിനു പുറമെയുള്ള ഒരു തരത്തിലുള്ള ലൈംഗിക പ്രവര്‍ത്തിയും ധാര്‍മ്മികത ആവശ്യപ്പെടുന്നതും പരസ്പര ദാനത്തിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥവും യഥാര്‍ത്ഥ സ്നേഹത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രജനനവും സാ ക്ഷാത്കരിക്കാന്‍ ആവശ്യകവുമായ ലൈംഗികബന്ധത്തിന് പകരം വയ്ക്കാന്‍ സാധിക്കാത്തതുമാണ് (CCC 2352). ഓരോ ലൈംഗികബന്ധവും ജീവനിലേക്കും സ്നേഹത്തിലേക്കും തുറന്നിരിക്കണമെന്ന സഭയുടെ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് വിവാഹത്തിന് പുറമേയുള്ള എല്ലാ തരത്തിലുള്ള ലൈംഗിക പ്രവര്‍ത്തികളെയും സഭ എതിര്‍ക്കുന്നത്.
വിവാഹബന്ധത്തിലുള്ള വിശ്വസ്തതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് കോടതി നല്‍കുന്ന 'വലിയ ഇളവ്'. വിവാഹേതരബന്ധം കുറ്റകരമല്ലാതാക്കിയ കോടതി നടപടി ദുര്‍ബലപ്പെടുത്തുന്നത് ദാമ്പത്യവിശ്വസ്തതയെയും അതുവഴി കുടുംബങ്ങളുടെ കെട്ടുറപ്പിനെയും മക്കളുടെ സുരക്ഷിതത്വത്തെയുമാണ്. ദാമ്പത്യ വിശ്വസ്തതയാണ് ബന്ധങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അടിത്തറ രൂപപ്പെടുത്തുന്നത്. ഇതിനെതിരാണ് ഏതുവിധത്തിലുള്ള അവിഹിതവേഴ്ചയും. വിവാഹേതരബന്ധമെന്ന് നല്ലപേര് കൊടുത്ത് വിളിക്കുന്ന അവിഹിതവേഴ്ച വ്യക്തികളുടെ മാഹാത്മ്യത്തിനും, ദമ്പതികളുടെ നന്മ സന്താനോല്‍പ്പാദനം, മക്കളുടെ വിദ്യാഭ്യാസം എന്നിവ ലക്ഷ്യമാക്കിയിരിക്കുന്ന ലൈംഗികതയുടെ മഹനീയതയ്ക്കും വിരുദ്ധമാണ് (CCC 2353).
ലൈംഗികവിശുദ്ധി ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്നു. വിശുദ്ധ ഗ്രന്ഥത്തിലുടനീളം ഈ ആവശ്യവും ആഹ്വാനവും നമുക്ക് കാണാന്‍ കഴിയും (മര്‍ക്കോ 7:21-23; മത്താ 15:19; എഫേ 5:3-7; ഗലാ 5:16-21; കൊളോ 3:5-6; 1 കോറി 6:9-11; 1 തെസ 4:1-8; 1 തിമോ 1:8-11). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനങ്ങളും (Gaudium et Spes 48, 49) മാര്‍പ്പാപ്പമാരുടെ പ്രബോധനങ്ങളും (Evangelium Vitae 81, Familiaris Consortio 11) ദാമ്പത്യബന്ധത്തിന്‍റെ അനന്യതയെയും അടിസ്ഥാന വിശ്വസ്തതയെയും ഉയര്‍ത്തിപ്പിടിക്കുന്നു.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് വ്യക്തമാണ്. വിവാഹത്തിനു പുറമേ ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി ഏര്‍പ്പെടുന്ന ഏതൊരു ലൈംഗിക പ്രവര്‍ത്തിയും ആറാം പ്രമാണത്തിന്‍റെ ലംഘനമായി സഭ കാണുന്നു. അതിനാല്‍ പ്രമാണത്തിന്‍റെ ലംഘനമായ മാരകപാപം കുമ്പസാരവേദിയില്‍ ഏറ്റുപറയുകയും പാപമോചനം നേടേണ്ടതുമാണ്. കോടതിയുടെ മൃദുസമീപനം ഇക്കാര്യത്തില്‍ സഭ സ്വീകരിക്കുന്ന കര്‍ശനനിലപാടിനെ അല്‍പ്പംപോലും വ്യത്യാസപ്പെടുത്തുന്നില്ല.
വിവാഹേതരബന്ധത്തെക്കുറിച്ചുള്ള കോടതിയുടെ പുതുസമീപനത്തിന് സഭയുടെ വിവാഹകോടതികളില്‍ ഒരു ചലനവും രൂപപ്പെടുത്താന്‍ കഴിയില്ല. ദാമ്പത്യവിശ്വസ്തത മനപ്പൂര്‍വ്വം ഒഴിവാക്കി വിവാഹബന്ധത്തിലേര്‍പ്പെട്ടാല്‍, വിവാഹ ഉടമ്പടി ബോധപൂര്‍വ്വം ലംഘിക്കാനുള്ള മനസ്സിന്‍റെ നിശ്ചയമായിക്കണ്ട് (deliberate intention) ആ വിവാഹം അസാധുവായി പ്രഖ്യാപിക്കാവുന്നതാണ് (CCEO c. 824, CIC c. 1101). ഇത് നിലവിലിരിക്കുന്ന നടപടിക്രമമാണ്. അത് മാറ്റമില്ലാതെ തുടരുകയും ചെയ്യും. എന്നാല്‍, സാധുവായ വിവാഹത്തില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ പുതിയ നിയമം വിഭാവനം ചെയ്യുന്ന സാംസ്കാരിക സാമൂഹിക അധഃപതനത്തിന്‍റെ വക്താക്കളായി മാറി വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ പ്രശ്നപൂര്‍ണ്ണമായ വിവാഹം അസാധുവായി പ്രഖ്യാപിക്കണമെന്ന ആവശ്യം സഭാക്കോടതി പരിഗണിക്കില്ല എന്നത് ഓര്‍മ്മിക്കുന്നത് നല്ലതാണ്. സിവില്‍ വിവാഹമോചനത്തിന് വിവാഹേതരബന്ധം കാരണമാക്കാമെന്ന് സിവില്‍നിയമം പറയുന്ന സാഹചര്യത്തിലും സഭാനിയമത്തില്‍ യാതൊരു മാറ്റവുമില്ലായെന്നതും പ്രസക്തമായ കാര്യമാണ്.
സ്ത്രീപുരുഷ തുല്യതയ്ക്കുവേണ്ടി അന്ധമായി പരക്കം പായുന്ന സ്വാതന്ത്ര്യമോഹികളും അവയെ നീതികരിക്കുന്ന നിയമസംവിധാനങ്ങളും മനുഷ്യനെ വീണ്ടും അടിമത്തത്തിലേക്കാണ് തള്ളിവിടുന്നത് എന്നു മനസ്സിലാക്കാന്‍ സമയമേറെയെടുക്കും. ദാമ്പത്യത്തില്‍ തുല്യത നിലനില്‍ക്കുന്നത് വ്യത്യസ്ത ദൗത്യങ്ങള്‍ ഹൃദയ ഐക്യത്തില്‍ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ്. മിശിഹാ സഭയെ സ്നേഹിച്ചതുപോലെ തന്നെ സ്നേഹിക്കുന്ന ഭര്‍ത്താവിനോട് സഭ മിശിഹായ്ക്ക് വിധേയയായിരിക്കുന്നതുപോലെ സ്നേഹപൂര്‍വ്വകമായ വിധേയത്വം ഭാര്യ പ്രകടിപ്പിക്കുന്നതിനെക്കാള്‍ വലുതായ വ്യക്തിസ്വാതന്ത്ര്യവും പരസ്പര സ്നേഹവും ബഹുമാനവും നിലനില്‍ക്കുന്നില്ലായെന്നത് സത്യം. ഇതിനുമപ്പുറം തേടിപ്പോകുന്നവര്‍ കണ്ടെത്തുന്നത് വെറും മരുപ്പച്ചകളായിരിക്കുമെന്നതും സമകാലിക ചരിത്രത്തിന്‍റെ പാഠമാണ്.
extra marital relations marital relations Dr. Abraham Kavilpurayidathil sexual relations: teachings of the church bible on sexual purity Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206