x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

പ്രാര്‍ത്ഥനകള്‍ക്ക് സഭയുടെ അംഗീകാരം വേണോ?

Authored by : Dr. Abraham Kavilpurayidathil On 22-Sep-2020

പ്രാര്‍ത്ഥനകള്‍ക്ക് സഭയുടെ അംഗീകാരം വേണോ?

'പരിശുദ്ധാത്മാവിന്‍റെ കൊന്ത' എന്ന ഒരു പ്രാര്‍ത്ഥന ഒരു മൊബൈല്‍ ആപ്ലിക്കേഷനില്‍ കാണാനിടയായി. ഇത് സഭ അംഗീകരിച്ച പ്രാര്‍ത്ഥനയാണോ?

'ഒരു പ്രാര്‍ത്ഥന സഭ അംഗീകരിക്കുക' എന്നു പറയുന്നത് എന്താണെന്ന് വിശദീകരിക്കാമോ?

സഭയുടെ അംഗീകരിച്ച പ്രാര്‍ത്ഥനകള്‍ മാത്രമേ ചൊല്ലാവൂ എന്നുണ്ടോ?

സഭ അംഗീകരിച്ച പ്രാര്‍ത്ഥനയാണോ എന്ന് എങ്ങനെ അറിയാന്‍ കഴിയും?

ഒരു ക്രൈസ്തവന്‍റെ പ്രായോഗിക വിശ്വാസ ജീവിതവുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ചോദ്യമാണ് ഇവിടെ ഉന്നയിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയെക്കുറിച്ച് വ്യത്യസ്തമായ ധാരണ പുലര്‍ത്തിയിരുന്ന കഴിഞ്ഞ കാലങ്ങളില്‍ നിന്ന്, അച്ചടി സംവിധാനങ്ങള്‍ പരിമിതമായിരുന്ന സാഹചര്യത്തില്‍ നിന്ന് മാറി നവസാമൂഹ്യ മാധ്യമങ്ങളിലൂടെയും, പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും പ്രാര്‍ത്ഥനകള്‍ പ്രചരിപ്പിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്.

ഒരു കാലത്ത് സഭയുടെ ഔദ്യോഗിക ആരാധനക്രമ പുസ്തകങ്ങള്‍പോലും വിശ്വാസികളുടെ ഉപയോഗത്തിന് സുലഭമായിരുന്നില്ല. പിന്നീട് പ്രാര്‍ത്ഥനയെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറുകയും, വിശുദ്ധരോടുള്ള വണക്കം വര്‍ദ്ധിക്കുകയും, വിവിധ അവസരങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ പരിശീലിക്കുകയും ചെയ്തതോടെ ധാരാളം 'പ്രാര്‍ത്ഥനകള്‍' വിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ചു തുടങ്ങി. നൊവേനകളുടെ എണ്ണം വര്‍ദ്ധിച്ചു. ജനനം മുതല്‍ മരണം വരെ നിരവധി സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള പ്രാര്‍ത്ഥനകള്‍ രൂപപ്പെട്ടു. ഇന്ന് ഈ പ്രചരണം ആധുനിക സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഓരോ വ്യക്തിയും തനിക്ക് ഇഷ്ടമുള്ള വിധത്തില്‍ പ്രാര്‍ത്ഥനകള്‍ രൂപപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും അപകടമാണ് എന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് സഭയുടെ അംഗീകാരം ഒരു പ്രാര്‍ത്ഥനയ്ക്കുണ്ടോ എന്ന് ഒരു വിശ്വാസി അന്വേഷിക്കുന്നത്. ഇവിടെയാണ് സഭയുടെ ഈ മേഖലയിലുള്ള നിയന്ത്രണത്തിന്‍റെ പ്രസക്തി.

സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, വിശ്വാസത്തിന്‍റെ തലത്തില്‍ ആരംഭിച്ച തെറ്റായ പഠനങ്ങളും ചിന്താധാരകളുമാണ് സഭയില്‍ വിഭാഗീയതകളും വിഭജനങ്ങളും സൃഷ്ടിച്ചത് എന്ന് വ്യക്തമാണ്. തെറ്റായ പ്രചരണത്തിന്‍റെ മാധ്യമം പലപ്പോഴും പ്രാര്‍ത്ഥനകളായിരുന്നു. ഈ പ്രവണത ഇന്നും തുടരുന്നുണ്ട്.
യേശുവിന്‍റെ ജീവിതത്തെയും, ബൈബിളിനെയും വിശ്വാസസത്യങ്ങളെയും തങ്ങളുടെ ചിന്താരീതികള്‍ക്കനുസരിച്ച് മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ചിലര്‍ തുടങ്ങിയപ്പോഴാണ് വിഭാഗീയതകള്‍ ഉടലെടുത്തത്. ഇവിടെയാണ് കേന്ദ്രീകൃതമായ പ്രബോധനാധികാരത്തിന്‍റെ പ്രസക്തി. ദൈവജനത്തെ അപഭ്രംശങ്ങളില്‍ നിന്നും തെറ്റായ വഴികളില്‍ നിന്നും സംരക്ഷിക്കുകയും, വിശ്വാസം തെറ്റുകൂടാതെ പ്രഘോഷിക്കാനുള്ള നിയതമായ സാഹചര്യം വിശ്വാസികള്‍ക്ക് ഉറപ്പുവരുത്തുകയും ചെയ്യുകയെന്നത് സഭയുടെ പ്രബോധനാധികാരം (Magisterium) കയ്യാളുന്നവരുടെ കടമയായി സഭയുടെ മതബോധനഗ്രന്ഥം നിര്‍വ്വചിക്കുന്നുണ്ട് (ccc. 890). മാര്‍പ്പാപ്പായും മെത്രാന്മാരും ഒരുമിച്ചുള്ള സഭാസംവിധാനത്തിലാണ് ഏറ്റവും ഉയര്‍ന്ന പ്രബോധനാധികാരം നിക്ഷിപ്തമായിരിക്കുന്നത്. അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായിരിക്കുന്ന മെത്രാന്മാര്‍ക്ക് ഈ പ്രബോധനാധികാരം തങ്ങളുടെ ശുശ്രൂഷയില്‍ ദൈവകല്‍പ്പിതമായി നല്‍കപ്പെട്ടിരിക്കുന്നു.

തെറ്റായ പഠനങ്ങളും പ്രബോധനങ്ങളും സഭയില്‍ വിഭാഗീയതയും വിഭജനങ്ങളും സൃഷ്ടിച്ചിട്ടുണ്ട് എന്ന ചരിത്രാനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍, വിശ്വാസത്തെയും ധാര്‍മ്മികതയെയും സംബന്ധിക്കുന്ന തെറ്റുകള്‍ ഒഴിവാക്കുന്നതിന് ജാഗ്രതയോടെയാണ് സഭാനിയമം മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത് (cf. CIC cc. 822-832, CCEO cc. 651-666). സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും പുസ്തകങ്ങളിലൂടെ, സംഭവിക്കാവുന്ന വിശ്വാസപരവും സന്മാര്‍ഗ്ഗപരവുമായ അപകടങ്ങള്‍ക്കെതിരെ എടുക്കുന്ന മുന്‍കരുതലുകളാണ് ഇവിടെ പ്രതിപാദിക്കുന്നത്. വിശ്വാസപരിശീലനത്തിന് ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍, ആരാധനാക്രമ പുസ്തകങ്ങള്‍, വിശുദ്ധഗ്രന്ഥ വിവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം സഭയുടെ ഔദ്യോഗികമായ അംഗീകാരമോ അനുവാദമോ ലഭിച്ചിരിക്കണമെന്ന് സഭാനിയമം അനുശാസിക്കുന്നു.

ഈ വിഷയത്തില്‍ സഭാനിയമം പറയുന്ന നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങളിലേയ്ക്ക് കടക്കാതെ ഒരു പുസ്തകം സഭ അംഗീകരിച്ചതാണ് എന്ന് മനസ്സിലാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പറയാം. ഒരു പുസ്തകത്തിന്‍റെ ആരംഭത്തില്‍ Imprimatur (let it be printed =ഇത് അച്ചടിക്കാം) എന്ന് എഴുതി ഒരു മെത്രാന്‍റെ പേരു കണ്ടാല്‍ അതിന്‍റെയര്‍ത്ഥം ആ പുസ്തകത്തില്‍ വിശ്വാസപരമായോ സന്മാര്‍ഗ്ഗപരമായോ ഉള്ള തെറ്റുകള്‍ ഇല്ലായെന്നാണ്. എന്നുവച്ചാല്‍, ആ പുസ്തകത്തിന് സഭയുടെ (മെത്രാന്‍റെ) അനുവാദം ഉണ്ട് എന്നാണ് (CCEO c. 661). Nihil obstat (Nothing stands in the way= തടസങ്ങളില്ല) എന്നതും, Imprimi potest (it is able to be printed = ഇത് അച്ചടിക്കാവുന്നതാണ്) എന്നതും ഒരു മെത്രാ ന്‍റെ Imprimatur ലഭിക്കുന്നതിന് മുമ്പുള്ള വിദഗ്ധ പരിശോധനയുടെ സാങ്കേതിക പദങ്ങളാണ്.

ഇത്രയും ആമുഖമായി വിശദീകരിച്ചുകൊണ്ട് ചോദ്യത്തിലേയ്ക്ക് വരാം. ഒരു പ്രാര്‍ത്ഥന സഭ അംഗീകരിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതിനോടകം വ്യക്തമായിരിക്കും. സഭ അംഗീകരിച്ചു എന്നതിനര്‍ത്ഥം, ഒരു പ്രത്യേക പ്രാര്‍ത്ഥനയില്‍ വിശ്വാസം സന്മാര്‍ഗ്ഗം എന്നിവയെ സംബന്ധിച്ച തെറ്റുകള്‍ ഇല്ലായെന്നും, ഈ പ്രാര്‍ത്ഥന വിശ്വാസികള്‍ക്ക് തങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാം എന്നുമാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, സഭ അംഗീകരിച്ചിട്ടുള്ള പ്രാര്‍ത്ഥനകള്‍ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും, സഭയുടെ വിശ്വാസമാണ് ആ പ്രാര്‍ത്ഥനയില്‍ പ്രതിഫലിക്കുന്നത് എന്നുമാണ്.

'സഭ അംഗീകരിച്ച പ്രാര്‍ത്ഥനകള്‍ മാത്രമേ ചൊല്ലാവൂ എന്നുണ്ടോ' എന്നതാണ് അടുത്ത ചോദ്യം. ഉത്തരം സഭാനിയമത്തില്‍ വ്യക്തമാണ്. "ആരാധനക്രമ ആഘോഷങ്ങളില്‍ സഭയുടെ ഔദ്യോഗിക അംഗീകാരമുള്ള പുസ്തകങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ" (CCEO c. 656,1). വി. കുര്‍ബാനയര്‍പ്പണത്തിനും ഇതര കൂദാശകളുടെ പരികര്‍മ്മത്തിനും സഭയുടെ അംഗീകാരം ഉള്ള പുസ്തകങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. കാരണം, ആരാധനക്രമത്തിലുപയോഗിക്കുന്ന പുസ്തകങ്ങള്‍ സഭയുടെ ഔദ്യോഗിക പഠനമായി കണക്കാക്കപ്പെടുന്നു. ആരാധനക്രമ പുസ്തകങ്ങളുടെ ആരംഭത്തില്‍ പരി. സിംഹാസനത്തിന്‍റെയോ, പൗരസ്ത്യ സഭകളില്‍ മേജര്‍ ആര്‍ച്ചുബിഷപ്പപിന്‍റെയോ ഇതു സംബന്ധിച്ച കല്‍പ്പന നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കുന്നത് സഭയുടെ അംഗീകാരം ഉണ്ട് എന്ന് പ്രഖ്യാപിക്കുന്നതിനാണ്.
അതേസമയം, "ക്രൈസ്തവ വിശ്വാസികളുടെ പരസ്യ ഉപയോഗത്തിനോ സ്വകാര്യ ഉപയോഗത്തിനോ വേണ്ടിയുള്ള പ്രാര്‍ത്ഥനാഗ്രന്ഥങ്ങളും ഭക്തഗ്രന്ഥങ്ങളും സഭയുടെ ഔദ്യോഗിക അനുവാദമുള്ളവയായിരിക്കണം" (CCEO c. 656,2) എന്നാണ് നിയമം പറയുന്നത്. അതിനര്‍ത്ഥം, ആരാധനക്രമത്തിന് പുറമേയുള്ള ഭക്താഭ്യാസങ്ങള്‍ക്കും സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കും സഭയുടെ ഔദ്യോഗിക അനുവാദം (Imprimatur) മതിയാവുന്നതാണ്.
വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ. കൂട്ടായ്മയിലാണ് വിശ്വാസം ജീവിക്കേണ്ടത്. ഈ കൂട്ടായ്മയില്‍ അനുഭവവേദ്യമാകുന്ന ആത്മാവിന്‍റെ പ്രവര്‍ത്തനമാണ് സഭാസമൂഹത്തെ ശക്തിപ്പെടുത്തുന്നത്. അതുപോലെ തന്നെ, കൂട്ടായ്മക്കെതിരെയുള്ള നിലപാടുകള്‍ സഭാഗാത്രത്തെ ദുര്‍ബലമാക്കുകയും ചെയ്യും. സഭാനിയമം പറയുന്നതനുസരിച്ച്, വിശ്വാസികളുടെ സ്വകാര്യ ഉപയോഗമാണെങ്കില്‍കൂടി, അച്ചടിക്കുകയോ, നവസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്ന ഒരു പ്രാര്‍ത്ഥനാപുസ്തകമോ, ഒരു പ്രാര്‍ത്ഥനയോ സഭയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുകയും, അനുവാദമുള്ളത് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഉചിതം. അതിനര്‍ത്ഥം, സ്വയംപ്രേരിത പ്രാര്‍ത്ഥനകള്‍ക്കും, ആത്മാവിന്‍റെ പ്രചോദനങ്ങള്‍ക്കും സഭയില്‍ സ്ഥാനമില്ലായെന്നല്ല. അച്ചടിക്കുകയോ മറ്റു വിധത്തില്‍ മറ്റുള്ളവരിലേക്ക് എത്തുകയോ ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ മെത്രാന്‍റെ അനുവാദത്തോടുകൂടി പ്രസിദ്ധീകരിക്കണമെന്നതാണ് നിയമത്തിന്‍റെ ചൈതന്യം. തെറ്റുകളും അബദ്ധ സിദ്ധാന്തങ്ങളും കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയൊരു മുന്‍കരുതല്‍ വിശ്വാസികള്‍ സ്വീകരിക്കുന്നതുവഴി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ആത്മീയ അപകടം ഒഴിവാക്കാന്‍ സാധിക്കും.

ഒരു പ്രാര്‍ത്ഥന അല്ലെങ്കില്‍ ഒരു പ്രാര്‍ത്ഥനാപുസ്തകം, സഭയുടെ അനുവാദത്തോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് തിരിച്ചറിയുന്നത് Imprimatur എന്ന് ഒരു മെത്രാന്‍റെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചാണ്. അതിനാല്‍ ധ്യാനകേന്ദ്രങ്ങളും, നൊവേനകള്‍ രൂപപ്പെടുത്തുന്നവരും, മറ്റ് ഭക്തകൃത്യങ്ങള്‍ പ്രാര്‍ത്ഥനാരൂപത്തില്‍ പ്രചരിപ്പിക്കുന്നവരും, മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പ്രാര്‍ത്ഥനകള്‍ പ്രചരിപ്പിക്കുന്നവരും സഭയുടെ അനുവാദം തങ്ങളുടെ മെത്രാന്മാരില്‍ നിന്ന് വാങ്ങുന്നത് വിശ്വാസപരമായ വിധേയത്വത്തിന്‍റെ അനിവാര്യ ഘടകമാണ്. കാരണം, സഭയുടെ വിശ്വാസം പ്രകടമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് പ്രാര്‍ത്ഥന വഴിയാണ് എന്നത് വ്യക്തമാണ്. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ വിപണി കീഴടക്കുന്ന ഈ കാലഘട്ടത്തില്‍ ആത്മീയ തലത്തില്‍ വ്യാജപ്രബോധനങ്ങളും സിദ്ധാന്തങ്ങളും നമ്മുടെ ജീവിതത്തില്‍ കടന്നുകൂടി അപകടത്തില്‍പെടാതിരിക്കാന്‍ സഭയോട് ചേര്‍ന്ന് ജാഗ്രതയോടെ ജീവിക്കേണ്ടിയിരിക്കുന്നു

prayer approvals prayer approvals Dr. Abraham Kavilpurayidathil Magisterium Imprimatur Nihil obstat Imprimi potest Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message