We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021
ആമുഖം
രൂപതകളെയും അവയുടെ തലവന്മാരായ മെത്രാന്മാരെയും രൂപതാ ഭരണസംവിധാനത്തെയുംപറ്റി നാല് അദ്ധ്യായങ്ങളിലായി ഈ ശീര്‍ഷകത്തില്‍ പ്രതിപാദിക്കുന്നു. ആദിമസഭയില്‍ത്തന്നെ സഭാഭരണത്തില്‍ അപ്പസ്തോലന്മാരുടെ കൈവയ്പിലൂടെ ദൈവജനശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തോടെ അപ്പസ്തോലിക പിന്തുടര്‍ച്ച അവകാശപ്പെടുന്നവരും പൗരോഹിത്യത്തില്‍ പങ്കുചേരുന്നവരും വ്യത്യസ്തതലങ്ങളിലായി വേര്‍തിരിക്കപ്പെട്ടു തുടങ്ങി. പുരോഹിതരുടെയും മ്ശംശാനാമാരുടെയും സഹായത്തോടെ ഒരു പ്രാദേശികസഭയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നവര്‍ മെത്രാന്മാരായി കണക്കാക്കപ്പെടുവാന്‍ തുടങ്ങി. പൗരോഹിത്യത്തിന്‍റെ പൂര്‍ണ്ണത ലഭിച്ചവരായ അവര്‍ ബലിയര്‍പ്പണത്തിനു നേതൃത്വം നല്‍കുന്നവരും സഭയുടെ ഐക്യത്തിന്‍റെ പ്രതീകങ്ങളും സഭയെ നയിക്കുന്നവരുമായി കണക്കാക്കപ്പെട്ടു. സൂനഹദോസുകളിലൂടെയും മറ്റ് ഔദ്യോഗിക പ്രബോധനങ്ങളിലൂടെയും സാവകാശമായി വെളിവാക്കപ്പെട്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പൂര്‍ണ്ണവ്യക്തത നേടിയ ഒന്നാണ് മെത്രാന്മാരുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള പ്രബോധനം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പഠനത്തിന് നൈയാമികരൂപം കൊടുക്കുകയാണ് ഈ ശീര്‍ഷകത്തിലുള്ള കാനോനകള്‍.
മെത്രാന്‍സ്ഥാനത്തിന്‍റെ ദൈവികസ്ഥാപനവും അപ്പസ്തോലിക പിന്‍തുടര്‍ച്ചയും ത്രിവിധ ദൗത്യങ്ങളും ഈ അദ്ധ്യായങ്ങളില്‍ വ്യക്തമായിരിക്കുന്നു. മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, രൂപതാമെത്രാന്മാരുടെ അധികാരങ്ങളും കടമകളും, രൂപതാഭരണത്തില്‍ അവരെ സഹായിക്കുന്ന സംവിധാനങ്ങള്‍, മറ്റു സഹകാരികള്‍, അവരുടെ സഹപ്രവര്‍ത്തകരായ ഇടവകവൈദികര്‍ എന്നിവരെപ്പറ്റി വിശദമായി ഈ ശീര്‍ഷകത്തില്‍ പറഞ്ഞിരിക്കുന്നു.
മെത്രാന്മാര്‍
കാനോന 177 : 1. വൈദികസമൂഹത്തിന്‍റെ സഹകരണത്തോടെ അജപാലനധര്‍മ്മം നടത്തേണ്ടതിനായി മെത്രാനെ ഭരമേല്പിച്ചിരിക്കുന്ന ദൈവജനഭാഗമായ രൂപത അതിന്‍റെ ഇടയനോടു ചേര്‍ന്നുനിന്നുകൊണ്ടും, സുവിശേഷസന്ദേശത്തിലൂടെയും വി. കുര്‍ബ്ബാനയിലൂടെയും പരിശുദ്ധാത്മാവില്‍ അദ്ദേഹംവഴി ഒന്നിച്ചു ചേര്‍ക്കപ്പെട്ടും, ഏകവും പരിശുദ്ധവും കാതോലികവും ശ്ലൈഹികവുമായ ക്രിസ്തുവിന്‍റെ സഭ യഥാര്‍ത്ഥത്തില്‍ സന്നിഹിതമാവുകയും പ്രവര്‍ത്തനനിരതമാവുകയും ചെയ്യുന്ന ഒരു പ്രത്യേകസഭയ്ക്കു രൂപംകൊടുക്കുന്നു.
സഭാത്മകവും ദൈവശാസ്ത്രപരവുമായ ഒരു നിര്‍വ്വചനമാണ് രൂപതയ്ക്ക് കാനന്‍നിയമത്തില്‍ കൊടുത്തിരിക്കുന്നത്. മെത്രാന്മാരെ സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ (CD)യിലെ 11-ാം നമ്പറിന്‍റെ അടിസ്ഥാനത്തില്‍ രൂപംകൊടുത്തിരിക്കുന്ന ഈ കാനോനയില്‍ സാര്‍വ്വത്രികസഭയുടെ ഏകത്വം, വിശുദ്ധി, കാതോലികത്വം, ശ്ലൈഹികത എന്നീ എല്ലാ അവശ്യഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു 'പ്രത്യേക സഭ' (Particular Church)യായി രൂപതയെ നിര്‍വ്വഹിച്ചിരിക്കുന്നു. ഇങ്ങനെയുള്ള രൂപത ഒരു മെത്രാന്‍റെ അജപാലനത്തിനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന 'ദൈവജനത്തിന്‍റെ ഒരു ഭാഗ'മാണ്. രൂപതയെ സാര്‍വ്വത്രിക സഭാകൂട്ടായ്മയിലെ ഒരു 'പ്രത്യേകസഭ'യായി നിര്‍വ്വചിക്കുകവഴി വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദൈവശാസ്ത്രപഠനങ്ങളെ സ്വാംശീകരിക്കാന്‍ ഈ കാനോന ശ്രമിച്ചിരിക്കുന്നു. ഈ 'പ്രത്യേകസഭ'യുടെ ഭരണ ഉത്തരവാദിത്വം പുരോഹിതരുടെ സഹകരണത്തോടെ മെത്രാന്‍ നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു. രൂപതയുടെ തലവനായ മെത്രാനുമായി വിശ്വാസം പങ്കുവയ്ക്കുകവഴി സാര്‍വ്വത്രികസഭയാകുന്ന കൂട്ടായ്മയിലും വിശ്വാസികള്‍ പങ്കുചേരുന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ ദൈവവചനപ്രഘോഷണവും വി. കുര്‍ബ്ബാനയും വഴി മെത്രാന്‍ തന്‍റെ ശുശ്രൂഷയ്ക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തെ ഒരുമിച്ചുകൂട്ടുകയും വിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്.
കാനോന 178 : രൂപതയുടെ അജപാലനധര്‍മ്മം സ്വന്തംപേരില്‍ നടത്തുന്നതിനായി ഏല്പിക്കപ്പെട്ടിരിക്കുന്ന രൂപതാദ്ധ്യക്ഷന്‍ ക്രിസ്തുവിന്‍റെ വികാരിയും സ്ഥാനപതിയുമെന്ന നിലയില്‍ അതിനെ ഭരിക്കുന്നു. ക്രിസ്തുവിന്‍റെ നാമത്തില്‍ അദ്ദേഹം വ്യക്തിപരമായി വിനിയോഗിക്കുന്ന അധികാരം സ്വകീയവും (proper) ഉദ്യോഗസഹജവും (ordinary) നേരിട്ടുള്ളതു (ശാാലറശമലേ) മാണ്. ഈ അധികാരവിനിയോഗം ആത്യന്തികമായി സഭയുടെ പരമാധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്നതും, സഭയുടെയോ ക്രൈസ്തവവിശ്വാസികളുടെയോ പൊതുനന്മയെ മുന്നില്‍ കണ്ടുകൊണ്ട് ചില പരിമിതികള്‍ക്കു വിധേയമാക്കാവുന്നതാണ്.
മെത്രാന്മാര്‍ ക്രിസ്തുവിന്‍റെ വികാരിമാരും പ്രതിനിധികളുമെന്ന നിലയില്‍ സ്വന്തംപേരില്‍ രൂപതയിലെ അജപാലനാധികാരം വിനിയോഗിക്കുന്നു. മെത്രാന്‍ മാര്‍പാപ്പയുടെ അധികാരത്തില്‍ പങ്കുചേരുകയല്ല, മറിച്ച് ക്രിസ്തുനാഥന്‍റെ പേരില്‍ ദൈവജനത്തെ പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും നയിക്കുകയുമാണ്. രൂപതാമെത്രാന്‍റെ അധികാരം സ്വഭാവത്താലേ സ്വകീയവും (അതായത്, സ്വന്തംപേരില്‍ നിര്‍വ്വഹിക്കപ്പെടുന്നത്) ഉദ്യോഗസഹജവും (അതായത്, നിയമത്താല്‍ത്തന്നെയുള്ളത്) നേരിട്ട് എല്ലാ വിശ്വാസികളുടെയുംമേല്‍ ഉള്ളതുമാണ്. മെത്രാന് തന്‍റെ രൂപതയിലുള്ള എല്ലാ വിശ്വാസികളുടെമേലും നേരിട്ടധികാരമുണ്ട്. എന്നാല്‍, മറ്റു രൂപതകളിലുള്ള വിശ്വാസികളുടെമേല്‍ പാത്രിയര്‍ക്കീസിന് നേരിട്ടധികാരമില്ല; സ്ഥലത്തെ മെത്രാന്‍വഴിവേണം പാത്രിയര്‍ക്കീസ് തന്‍റെ അധികാരം വിനിയോഗിക്കാന്‍. മെത്രാന്‍സ്ഥാനവും മെത്രാന്‍റെ അധികാരങ്ങളും ദൈവികമാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടതാണെന്നും കാനോനയില്‍നിന്നും സൂചനലഭിക്കുന്നു.
കാനോന 179 : സ്വന്തംപേരില്‍ ഭരിക്കപ്പെടേണ്ടതിനായി ഒരു രൂപത ഏല്പിക്കപ്പെടാത്ത മെത്രാന്മാര്‍ - അവര്‍ മറ്റേതെങ്കിലും ഔദ്യോഗിക കര്‍ത്തവ്യം സഭയില്‍ നിര്‍വ്വഹിച്ചിട്ടുള്ളവരും നിര്‍വ്വഹിക്കുന്നവരുമാണെങ്കില്‍പ്പോലും - സ്ഥാനികമെത്രാന്മാര്‍ എന്നു വിളിക്കപ്പെടുന്നു.
രൂപതയുടെ ഭരണച്ചുമതല ഇല്ലാത്ത മെത്രാന്മാരെ സ്ഥാനികമെത്രാന്മാര്‍ എന്നു വിളിക്കുന്നു. അവര്‍ക്കു മറ്റേതെങ്കിലും ഉത്തരവാദിത്വം കണ്ടുവെന്നു വരാം. അതുമല്ലെങ്കില്‍ അവര്‍ സ്ഥാനമൊഴിഞ്ഞ മെത്രാന്മാരുമാകാം. ഇവര്‍ക്കുംപുറമെ, സഹായമെത്രാന്മാര്‍, പാത്രിയാര്‍ക്കല്‍ കൂരിയായില്‍ നിയമിതരാകുന്ന മെത്രാന്മാര്‍ എന്നിവരും സ്ഥാനികമെത്രാന്മാരാണ്.
സ്ഥാനത്തുനിന്നും വിരമിച്ച രൂപതാമെത്രാന്‍ അദ്ദേഹം ഭരിച്ചിരുന്ന രൂപതയുടെ മുന്‍മെത്രാന്‍ എന്നറിയപ്പെടുന്നു. എന്നാല്‍ മറ്റു സ്ഥാനികമെത്രാന്മാരെല്ലാവരും ലോകത്തെവിടെയെങ്കിലും ഉണ്ടായിരുന്നതും ഇപ്പോള്‍ നാമാവശേഷമായതുമായ രൂപതാസിംഹാസനങ്ങളുടെ പേരില്‍ അറിയപ്പെടുന്നു.
മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്
കാനോന 180 : ഒരാള്‍ മെത്രാന്‍പദവിയിലേക്ക് യോഗ്യനായി കണക്കാക്കപ്പെടേണ്ടതിന് അയാള്‍:
പാത്രിയാര്‍ക്കല്‍, മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭകളില്‍, അതിര്‍ത്തിക്കുള്ളിലുള്ള മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള അധികാരം മെത്രാന്മാരുടെ സിനഡിനു കൊടുത്തിരിക്കുന്നു. അവര്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ ഏവയെന്ന് ഈ കാനോന വ്യക്തമാക്കുന്നു.
കാനോന 181 : 1. പൊതുനിയമം മറിച്ച് വ്യവസ്ഥ ചെയ്യാത്തപക്ഷം 947 മുതല്‍ 957 വരെ കാനോനകളിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള കാനോനിക തിരഞ്ഞെടുപ്പുവഴി, പാത്രിയാര്‍ക്കല്‍ സഭയുടെ അധികാരസീമയ്ക്കുള്ളില്‍ ഒഴിവായിക്കിടക്കുന്ന രൂപതാസിംഹാസനത്തിലേക്കോ മറ്റെന്തെങ്കിലും ചുമതല നിറവേറ്റുന്നതിനുവേണ്ടിയോ മെത്രാന്മാര്‍ നിയുക്തരാകുന്നു.
കാനോന 182 : 1. പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡിലെ അംഗങ്ങള്‍ക്കു മാത്രമേ അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ മെത്രാന്‍പദവിയിലേക്കു നിര്‍ദ്ദേശിക്കാനാവുകയുള്ളൂ. സ്ഥാനാര്‍ത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങളും രേഖകളും പ്രത്യേകനിയമത്തിന്‍റെ മാനദണ്ഡമനുസരിച്ച് ശേഖരിക്കേണ്ടത് അവരാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഉചിതമെന്ന് തോന്നിയാല്‍ ഏതാനും വൈദികരുമായും വിവേകവും ക്രിസ്തീയജീവിതത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന മറ്റു ക്രൈസ്തവവിശ്വാസികളുമായും രഹസ്യമായും വ്യക്തിപരമായും ആലോചന നടത്താവുന്നതാണ്.
സിനഡില്‍ അംഗത്വമുള്ള മെത്രാന്മാര്‍ക്കുമാത്രമേ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അവകാശമുള്ളൂ. അതിനായി വേണമെങ്കില്‍ മറ്റു വിശ്വാസികളോട് - പുരോഹിതരോടോ സന്ന്യസ്തരോടോ അത്മായരോടോ - അഭിപ്രായം ചോദിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍, അത്തരം അന്വേഷണങ്ങള്‍ രഹസ്യസ്വഭാവമുള്ളവയും വ്യക്തിഗതവുമായിരിക്കണം.
മെത്രാന്മാര്‍ പേരുകളോടൊപ്പം തങ്ങള്‍ ശേഖരിച്ച വിവരങ്ങളുംകൂടി പാത്രിയര്‍ക്കീസിനു സമര്‍പ്പിക്കണം. പാത്രിയര്‍ക്കീസ് സ്വന്തം നിലയില്‍ കൂടുതല്‍ പേരുകള്‍ ചേര്‍ക്കുകയോ ഓരോരുത്തരെയുംപറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തെന്നിരിക്കാം. ഈ പേരുകളും വിവരങ്ങളുംകൂടി സിനഡ് അംഗങ്ങള്‍ക്കു പഠനത്തിനായി പാത്രിയര്‍ക്കീസ് കൊടുക്കുന്നു. നിയമാനുസൃതം വിളിച്ചുകൂട്ടുന്ന സിനഡില്‍ രഹസ്യവോട്ടിംഗിലൂടെ മെത്രാന്മാര്‍ ഒരു ലിസ്റ്റു തയ്യാറാക്കുന്നു. ആ ലിസ്റ്റ് പാത്രിയര്‍ക്കീസ് ശ്ലൈഹികസിംഹാസനത്തിന്‍റെ അംഗീകാരത്തിനായി അയച്ചുകൊടുക്കണം. മാര്‍പാപ്പയുടെ അംഗീകാരം ഒരിക്കല്‍ കിട്ടിയാല്‍ പിന്നീട് പിന്‍വലിക്കപ്പെടുന്നതുവരെ അതു പ്രാബല്യത്തില്‍ നില്ക്കും.
കാനോന 183 : 1. കാനോനികമായ വിളിച്ചുകൂട്ടല്‍ നടന്നുകഴിഞ്ഞാല്‍ ന്യായമായ തടസ്സങ്ങള്‍മൂലം പങ്കെടുക്കുവാന്‍ പറ്റാത്തവരൊഴിച്ച്, പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡില്‍ സംബന്ധിക്കുവാന്‍ കടപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുഭാഗം മെത്രാന്മാര്‍ നിശ്ചിതസ്ഥലത്ത് സന്നിഹിതരാണെങ്കില്‍ സിനഡ് കാനോനികമാണെന്നു പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പ് ആരംഭിക്കുകയും ചെയ്യാവുന്നതാണ്
കാനോന 184 : 1. റോമാമാര്‍പാപ്പ അംഗീകരിച്ച ലിസ്റ്റിലുള്ളയാളാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ തെരഞ്ഞെടുപ്പുഫലം പാത്രിയര്‍ക്കീസ് അയാളെ രഹസ്യമായി അറിയിക്കേണ്ടതാണ്.
കാനോന 185 : 1. തെരഞ്ഞെടുക്കപ്പെട്ട വ്യക്തി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍പ്പെടാത്തയാളാണെങ്കില്‍ റോമാമാര്‍പാപ്പയുടെ അംഗീകാരം ലഭിക്കേണ്ടതിനായി നടന്നുകഴിഞ്ഞ തെരഞ്ഞെടുപ്പിനെപ്പറ്റി പാത്രിയര്‍ക്കീസ് എത്രയും പെട്ടെന്ന് ശ്ലൈഹികസിംഹാസനത്തെ അറിയിക്കേണ്ടതാണ്. ഏതെങ്കിലും വിധത്തില്‍ തെരഞ്ഞെടുപ്പുഫലം അറിഞ്ഞിട്ടുള്ള എല്ലാവരും അംഗീകാരവിവരം പാത്രിയര്‍ക്കീസിന് ലഭിക്കുന്നതുവരെ തെരഞ്ഞെടുക്കപ്പെട്ടയാളോടുപോലും രഹസ്യം പാലിക്കേണ്ടതാണ്.
കാനോന 186 : 1. പാത്രിയാര്‍ക്കല്‍സഭയിലെ മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടാന്‍ സാധിക്കാത്തപക്ഷം ശ്ലൈഹികസിംഹാസനവുമായി ആലോചിച്ചതിനുശേഷം പാത്രിയര്‍ക്കീസ് മെത്രാന്മാരുടെ വോട്ട് കത്തുമുഖേന ആവശ്യപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ നടപടിയുടെ സാധുതയ്ക്കായി രണ്ടു മെത്രാന്മാരുടെ സേവനം സൂക്ഷ്മപരിശോധകര്‍ എന്ന നിലയില്‍ ഉപയോഗപ്പെടുത്തേണ്ടതാണ്. പ്രത്യേകനിയമത്തിന്‍റെ മാനദണ്ഡമനുസരിച്ചോ, ഇപ്രകാരം സംവിധാനം ഇല്ലെങ്കില്‍ സ്ഥിരസിനഡിന്‍റെ സമ്മതത്തോടെ പാത്രിയര്‍ക്കീസിനാലോ, അവര്‍ നിയോഗിക്കപ്പെടേണ്ടതാണ്.
ഏതെങ്കിലും രൂപതയില്‍ ഒഴിവു വരികയോ ആവശ്യം വരികയോ ചെയ്യുമ്പോള്‍ മെത്രാന്‍തെരഞ്ഞെടുപ്പിനായി പാത്രിയര്‍ക്കീസ് മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടുന്നു. ആകെയുള്ള സിനഡ് അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ പങ്കെടുത്താല്‍ സിനഡ് കാനോനികമായിരിക്കും. ആ സിനഡില്‍വച്ച് ബിഷപ്പുമാര്‍ സ്വതന്ത്രമായി ദൈവതിരുമുമ്പില്‍ ഏറ്റവും യോഗ്യനെന്നു തങ്ങള്‍ക്കു തോന്നുന്നയാളിനെ തെരഞ്ഞെടുക്കുന്നു. ഭൂരിപക്ഷം - അതായത് പകുതിയിലധികം - വോട്ടുകള്‍ ലഭിക്കുന്നയാള്‍ അംഗീകൃതലിസ്റ്റിലുള്ളയാളാണെങ്കില്‍ അദ്ദേഹത്തോടു സമ്മതം ചോദിക്കുന്നു. സമ്മതമെങ്കില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതായി ഉടന്‍തന്നെ പാത്രിയര്‍ക്കീസ് പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും തെരഞ്ഞെടുപ്പുവിവരം പ്രഖ്യാപിക്കേണ്ട തീയതി നിശ്ചയിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് മാര്‍പാപ്പയുടെ മുന്‍അംഗീകാരം ലഭിച്ചതല്ലെങ്കില്‍, രഹസ്യമായി വിവരം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തതിനുശേഷം അദ്ദേഹത്തിന്‍റെ സമ്മതം ചോദിക്കുന്നു. മറ്റു നടപടികള്‍ മുന്‍നിശ്ചയപ്രകാരം നടക്കുന്നു.
കാനോന 187 : 1. മെത്രാന്‍പദവിയിലേക്ക് ഏതൊരാളും ഉയര്‍ത്തപ്പെടുന്നതിന് കാനോനികമായ ഏല്പിച്ചുകൊടുക്കല്‍ (canonical provision) ആവശ്യമാണ്. അതുവഴിയായി ഒരാള്‍ ഒരു നിശ്ചിത രൂപതയുടെ മെത്രാനായി നിയമിക്കപ്പെടുകയോ സഭയില്‍ മറ്റേതെങ്കിലും പ്രത്യേക കര്‍ത്തവ്യം അയാള്‍ക്കു ഭരമേല്പിക്കപ്പെടുകയോ ചെയ്യുന്നു.
കാനോന 188 : 1. ന്യായമായ ഒരു തടസ്സത്താല്‍ തടയപ്പെടുന്നില്ലാത്തപക്ഷം, മെത്രാന്‍പദവിയിലേക്ക് ഉയര്‍ത്തപ്പെടേണ്ടയാള്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെങ്കില്‍ പ്രഖ്യാപനത്തിനുശേഷവും, നിയമനമാണെങ്കില്‍ ശ്ലൈഹികസിംഹാസനത്തില്‍നിന്നു കത്തു കിട്ടിയതിനുശേഷവും, മൂന്നു മാസത്തിനുള്ളില്‍ മെത്രാന്‍പട്ടം സ്വീകരിക്കേണ്ടതാണ്.
കാനോന 189 : 1. നിയമാനുസൃതം നടത്തപ്പെടുന്ന സിംഹാസനാരോഹണ ചടങ്ങാല്‍ത്തന്നെ രൂപതാമെത്രാന്‍ കാനോനികമായി രൂപതാഭരണം ഏറ്റെടുക്കുന്നു. അവിടെവച്ചു കാനോനികമായ ഏല്പിച്ചുകൊടുക്കലിനെപ്പറ്റിയുള്ള ശ്ലൈഹിക സിംഹാസനത്തിന്‍റെയോ പാത്രിയര്‍ക്കീസിന്‍റെയോ കത്തു പരസ്യമായി വായിക്കപ്പെടുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ആളിനെ ഔദ്യോഗികമായി നിയമിക്കുക പാത്രിയര്‍ക്കീസോ, പാത്രിയര്‍ക്കീസിന്‍റെ അധികാരപരിധിക്കു പുറത്തെങ്കില്‍ മാര്‍പാപ്പയോ ആയിരിക്കും. നിയുക്തമെത്രാന്‍ മെത്രാന്‍പട്ടം സ്വീകരിക്കുന്നതിനു മുമ്പായി സഭയുടെ വിശ്വാസം പ്രഖ്യാപിക്കുകയും റോമാമാര്‍പാപ്പയോടും പാത്രിയര്‍ക്കീസിനോടുമുള്ള വിധേയത്വവും അനുസരണവും പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്. സാധാരണഗതിയില്‍ പ്രഖ്യാപനത്തിനുശേഷം മൂന്നു മാസത്തിനകം മെത്രാന്‍പട്ടം സ്വീകരിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ നാലു മാസത്തിനകം സ്ഥാനാരോഹണവും നടത്തേണ്ടതുണ്ട്. ആ ചടങ്ങില്‍വച്ചു നിയമനപത്രം പരസ്യമായി വായിക്കുകയും, മെത്രാനും ചാന്‍സലറും മറ്റു രണ്ടു സാക്ഷികളും ഒപ്പിട്ട് രൂപതാരേഖാലയത്തില്‍ സൂക്ഷിക്കുകയും ചെയ്യണം. ഔദ്യോഗികമായി സ്ഥാനം ഏല്ക്കുന്നതിനുമുമ്പായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഭരണപരമായ ഒരു കാര്യത്തിലും ഇടപെടുവാന്‍ പാടില്ല.
പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്മാരും സഹായമെത്രാന്മാരും
കാനോന 212 : 1. രൂപതയുടെ അജപാലനാവശ്യങ്ങള്‍ അനുപേക്ഷണീയമാക്കിത്തീര്‍ക്കുന്നപക്ഷം രൂപതാമെത്രാന്‍റെ അപേക്ഷ പ്രകാരം ഒന്നോ അതിലധികമോ സഹായമെത്രാന്മാരെ നിയമിക്കാവുന്നതാണ്.
കാനോന 213 : 1. പൊതുനിയമം വ്യവസ്ഥചെയ്യുന്ന അവകാശങ്ങള്‍ക്കും കടമകള്‍ക്കും പുറമേ, നിയമനപത്രത്തില്‍ നിശ്ചയിച്ചിട്ടുള്ളവയുംകൂടി പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന് ഉണ്ടായിരിക്കുന്നതാണ്.
കാനോന 214 : 1. പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാനും സഹായമെത്രാനും തങ്ങളുടെ ഔദ്യോഗികസ്ഥാനം കാനോനികമായി ഏറ്റെടുക്കുന്നതിന് നിയമനപത്രം (letter of canonical provision) രൂപതാമെത്രാനെ കാണിക്കേണ്ടതാണ്.
കാനോന 215 : 1. രൂപതാമെത്രാന്‍റെ അസാന്നിദ്ധ്യത്തിലോ, അദ്ദേഹം തടസ്സപ്പെട്ടിരിക്കുമ്പോഴോ അദ്ദേഹത്തിന്‍റെ സ്ഥാനം പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍ ഏറ്റെടുക്കുന്നു. അദ്ദേഹം പ്രോട്ടോസിഞ്ചെല്ലൂസ് ആയി നിയമിക്കപ്പെടണം. നിയമത്താല്‍ പ്രത്യേക അനുമതി (mandate) ആവശ്യമുള്ള കാര്യങ്ങള്‍ രൂപതാമെത്രാന്‍ മറ്റുള്ളവരെക്കാള്‍ മുന്‍ഗണനയോടെ (before others) അദ്ദേഹത്തെ ഏല്പിക്കേണ്ടതാണ്.
കാനോന 216 : 1. ന്യായമായ തടസ്സങ്ങളില്ലാത്തപക്ഷം പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനും സഹായമെത്രാനും രൂപതാമെത്രാന്‍ തന്നെ ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ അദ്ദേഹം ആവശ്യപ്പെടുമ്പോഴെല്ലാം നിര്‍വ്വഹിക്കേണ്ടതാണ്.
കാനോന 217 : പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാനും സഹായമെത്രാനും രൂപതയില്‍ താമസിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. രൂപതയ്ക്കു വെളിയില്‍ എന്തെങ്കിലും കര്‍ത്തവ്യനിര്‍വ്വഹണത്തിനോ, ഒരു മാസത്തില്‍ കവിയാത്ത അവധിക്കാലത്തിനോ അല്ലാതെ ചുരുങ്ങിയ ഒരു കാലയളവില്‍ കൂടുതല്‍ അവര്‍ രൂപതയില്‍നിന്നും മാറിനില്ക്കാന്‍ പാടില്ലാത്തതാകുന്നു.
കാനോന 218 : പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാന്‍റെയും സഹായമെത്രാന്‍റെയും ഔദ്യോഗികജോലിയില്‍നിന്നുള്ള രാജിയെ സംബന്ധിച്ചിടത്തോളം 210, 211 ങ്ങ 2 എന്നീ കാനോനകള്‍ ബാധകമാണ്. അവര്‍ മുമ്പ് വഹിച്ചിരുന്ന ഔദ്യോഗികസ്ഥാനത്തിന്‍റെ 'എമെരിത്തൂസ്' (emeritus) പദവി അവര്‍ക്ക് നല്കപ്പെടേണ്ടതാണ്.
രൂപതയിലെ മെത്രാന്‍റെ ഉത്തരവാദിത്വങ്ങള്‍ വന്നതോടെ അദ്ദേഹത്തിനു സഹായികളായി മറ്റു മെത്രാന്മാരെ നിയമിക്കുകയും അഭിഷേചിക്കുകയും ചെയ്യുന്ന പതിവ് വളരെ നേരത്തെതന്നെ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ മദ്ധ്യശകതങ്ങളിലാണ് ഇതിന്‍റെ ആവശ്യം വളരെ കൂടുതലായി അനുഭവപ്പെട്ടത്. മെത്രാന്‍നിയമനത്തില്‍ രാഷ്ട്രീയമായ ബാഹ്യ ഇടപെടലുകള്‍ ഭയന്ന് പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനെ നേരത്തെതന്നെ രൂപതയില്‍ നിയമിച്ചാക്കുന്ന രീതി വന്നു.
പുതിയ പൗരസ്ത്യ - പാശ്ചാത്യ കാനന്‍നിയമങ്ങളില്‍ പിന്തുടര്‍ച്ചാവകാശത്തോടുകൂടിയോ അല്ലാതെയോ സഹായമെത്രാന്മാരെ നിയമിക്കുന്നതിനുള്ള സാദ്ധ്യത കൊടുത്തിരിക്കുന്നു.
രൂപതയിലെ അജപാലന ആവശ്യമനുസരിച്ച് ഒന്നോ അതിലധികമോ സഹായമെത്രാന്മാരെ നിയമിക്കാവുന്നതാണ്. രൂപതാമെത്രാന്‍ സഹായമെത്രാനെ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചതിനുശേഷമാണ് സാധാരണഗതിയില്‍ നിയമനനടപടികള്‍ ആരംഭിക്കുക. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മെത്രാന്‍ ആവശ്യപ്പെടാതെതന്നെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനെ നിയമിക്കാറുണ്ട്.
പല സഹായമെത്രാന്മാരുണ്ടെങ്കില്‍ ഒരാളെ പ്രോട്ടോസിഞ്ചെല്ലൂസായും മറ്റുള്ളവരെ സിഞ്ചെല്ലൂസുമാരായും നിയമിക്കേണ്ടതാണ്. മാത്രവുമല്ല, പ്രധാനപ്പെട്ട കാര്യങ്ങളില്‍ മെത്രാന്‍ അവരോടുകൂടി ആലോചിക്കുകയും വേണം. എന്നാല്‍ സഹായമെത്രാന്മാരെല്ലാവരും രൂപതാമെത്രാനുമായി ഐക്യത്തോടെയും സമന്വയത്തോടെയും പ്രവര്‍ത്തിക്കേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു.
Dioceses and Bishops catholic malayalam mananthavady diocese Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206