We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Government of India On 28-May-2021
ശിശുസംരക്ഷണ സ്ഥാപനങ്ങളും പുതിയ ജുവനൈല്‍ ജസ്റ്റീസ് നിയമവും
ജുവനൈല്‍ എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം യുവാവ്, യുവതി എന്നൊക്കെയാണെങ്കിലും ഈ നിയമം 18 വയസ്സ് പൂര്‍ത്തിയാകാത്ത ചില പ്രത്യേകസാഹചര്യത്തില്‍പ്പെട്ട കുട്ടികളെ മാത്രം സംരക്ഷണം കണക്കാക്കിയുണ്ടാക്കിയിട്ടുള്ളതാണ്. 1992 ഡിസംബര്‍ 11-ന് യൂണൈറ്റഡ് നേഷന്‍റെ ജനറല്‍ അസംബ്ലി കുട്ടികളുടെ സംരക്ഷണകാര്യത്തില്‍ ഓരോ രാജ്യവും ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രഖ്യാപിക്കുകയുണ്ടായി. അതനുസരിച്ച് കേന്ദ്രസര്‍ക്കാരും 2000 ല്‍ തന്നെ കുട്ടികള്‍ക്കായുള്ള നീതിക്കായി ജൂവൈനല്‍ ജസ്റ്റിസ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് 2000 എന്ന ആക്ട് നടപ്പാക്കിയിരുന്നു. ആ നിയമം തന്നെയാണ് അനുഭവങ്ങളും പുതിയ സാഹചര്യങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടു വേണ്ട മാറ്റം വരുത്തി ഇപ്പോള്‍ അതേ പേരില്‍ 2015 ലെ പുതിയ ഒരു നിയമമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
ഈ നിയമം നടപ്പാക്കാനുള്ള നടപടികള്‍ ഗൗരവമായി തന്നെ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നു എന്നതാണ് പ്രധാനമായ ഒരു വ്യത്യാസം. 2015 ഡിസംബര്‍ 31 ന് രാഷ്ട്രപതി ഒപ്പുവെച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടിഫിക്കേഷന്‍ വന്നത് 2016 ജനുവരി 16 ആകയാല്‍ 16-01-2016 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി കണക്കാക്കാം.
ഈ നിയമം ഒട്ടും ബാധിക്കാത്ത ഒരു സ്ഥലം ജമ്മുകാശ്മീര്‍ സംസ്ഥാനമാണ്. അതേപോലെ എല്ലാത്തരം കുട്ടികളെയും എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളെയും ബാധിക്കുന്നതല്ല ഈ നിയമം. ചില വിഭാഗം കുട്ടികള്‍ക്കും ചില വിഭാഗം സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഈ നിയമം ബാധിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പുതിയ നിയമവും അതനുസരിച്ചുള്ള രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും ഏതുതരം കുട്ടികളെ അഥവാ സ്ഥാപനങ്ങളെയാണ് ബാധിക്കുക എന്നു പരിശോധിക്കുകയാണ് നമ്മുടെ പ്രഥമമായ പരിഗണന അര്‍ഹിക്കുന്ന വിഷയം. അങ്ങനെയെങ്കില്‍ ഈ പുതിയനിയമത്തിലെ 41-ാം വകുപ്പാണ് ഏറ്റവും പ്രസക്തമായ ഭാഗം. ആ വകുപ്പ് മലയാളീകരിച്ചാല്‍ ഏതാണ്ടിങ്ങനെയിരിക്കും. 41(1) ഇപ്പോള്‍ നിലവിലുള്ള മറ്റു നിയമങ്ങളില്‍ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും പരിപാലനവും സംരക്ഷണവും ആവശ്യമായതോ (Child Care of Protection) അഥവാ നിയമത്തിനുമുമ്പില്‍ കുറ്റാരോപിതരോ, കുറ്റം ചെയ്തവരോ ആയ (Children in conflict with law) കുട്ടികളെ പൂര്‍ണ്ണമായോ ഭാഗികമായോ താമസിപ്പിക്കുന്ന, സര്‍ക്കാര്‍ തന്നെയോ സന്നദ്ധ സംഘടനയോ, സര്‍ക്കാരിതര പ്രസ്ഥാനങ്ങളോ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഗ്രാന്‍റ് സ്വീകരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഈ നിയമത്തില്‍ പറയുന്ന രീതിയില്‍ ഈ നിയമം നടപ്പിലായി 6 മാസത്തിനുള്ളില്‍ (16-01-2016 മുതല്‍ 6 മാസം) ഈ നിയമത്തിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
അപ്പോള്‍ ഒരു സ്ഥാപനം ഈ നിയമത്തിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് അവിടുത്തെ കുട്ടികള്‍ എല്ലാവരുമോ, ആരെങ്കിലുമോ ഈ നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന (1) പരിപാലനവും സംരക്ഷണവും വേണ്ട വിഭാഗത്തിലോ (2) നിയമത്തിന്‍റെ മുമ്പില്‍ 18 വയസ്സ് തികയുന്നതിനുമുമ്പ് കുറ്റാരോപിതരോ കുറ്റം ചെയ്തവരോ ആയ വിഭാഗത്തിലോ പെടുന്നവരാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഇനിയും വിശദമായി നോക്കാനുള്ളത് ആരൊക്കെയാണ് നിയമം ഉദ്ദേശിക്കുന്ന പരിപാലനവും സംരക്ഷണവും വേണ്ട കുട്ടികളെന്നും, നിയമത്തിനുമുമ്പില്‍ കുറ്റാരോപിതരോ കുറ്റം ചെയ്തവരോ ആയ കുട്ടികളെന്നുമാണ്. അതറിയാനായി നിയമത്തിലെ രണ്ടാം വകുപ്പിലേക്ക് കടക്കണം. അതിലാണ് നിയമത്തില്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്ന ചില പ്രധാനപദങ്ങളുടെയും പദസമുച്ചയങ്ങളുടെയും നിര്‍വ്വചനമുള്ളത്. വകുപ്പ് 2 ന്‍റെ 12-ാം ഉപവകുപ്പില്‍ ചൈല്‍ഡ് എന്ന വാക്കിനെ നിര്‍ണ്ണയിച്ചിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയാകാത്ത ഒരാള്‍ എന്നാണത്. ചുരുക്കത്തില്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ മുതല്‍ ബാല, കൗമാര ദശയിലുള്ളവരെല്ലാം 18 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ ഈ നിയമത്തിന്‍റെ കീഴില്‍ കുട്ടികളായിരിക്കും. അടുത്ത ഉപവകുപ്പ് 13 ആണ്. അതില്‍ Child in Conflict with Law പദസമുച്ചയമാണ് നിര്‍വ്വചിച്ചിരിക്കുന്നത്. അതായത് Child who is alleged or found have committed an offence and who has not completed 18 years of age എന്ന്. നിയമത്തിന്‍റെ മുമ്പില്‍ മുമ്പില്‍ കുറ്റാരോപിതരോ, കുറ്റക്കാരോ ആയതും കുറ്റകൃത്യ ദിവസം 18 വയസ്സ് തികയാത്തതുമായ കുട്ടി എന്ന് മലയാളത്തില്‍ പറയാം.
പരിപാലനവും സംരക്ഷണവും ആവശ്യമുള്ള കുട്ടി എന്ന സമുച്ചയത്തിന്‍റെ നിര്‍വ്വചനമാണ് ഉപവകുപ്പി 14 ല്‍ കാണിച്ചിരിക്കുന്നത്. അത് വളരെ നീണ്ടതുമാണ്.
Child in need and protection എന്നാല്‍
1. വീടോ നിശ്ചിതമായ ഒരു താമസസ്ഥലമോ പ്രകടമായ ഉപജീവനമാര്‍ഗ്ഗമോ ഇല്ലാത്തവരോ.
2. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ
ഭിക്ഷയെടുക്കുന്നതോ പൊതുനിരത്തില്‍ ജീവിക്കുന്നതോ ആയവരോ.
3. രക്ഷകര്‍ത്താവായതോ, അല്ലാതെയോ ഉള്ള ഒരാളുമായി ജീവിക്കുകയും ആ ആള്‍ കുട്ടിയെ ഉപദ്രവിക്കുകയോ ചൂഷണം ചെയ്യുകയോ അധാര്‍മ്മികമായി ഉപയോഗിക്കുകയോ, അഥവാ അവഗണിക്കുകയോ അഥവാ കുട്ടികളുടെ രക്ഷയ്ക്കായി നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ അഥവാ കൊല്ലുമെന്നോ ഉപദ്രവിക്കുമെന്നോ ഭീഷണിപ്പെടുത്തുകയോ അങ്ങനെയുള്ള ഭീഷണി നടപ്പിലാക്കാന്‍ സാഹചര്യമുണ്ടെന്നു കണ്ടാലോ
മറ്റേതെങ്കിലും കുട്ടിയെയോ, കുട്ടികളെയോ ചൂഷണം ചെയ്യുകയോ അവഗണിക്കുകയോ അധാര്‍മ്മികമായി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടാവുകയോ അങ്ങനെ ചെയ്യാന്‍ സാധ്യതകള്‍ ഉണ്ടെന്നു കണ്ടാലോ അങ്ങനെയുള്ള ഒരാളുടെകൂടെ താമസിക്കുന്നവരോ
4. മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ളതോ മാരകമായതോ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്തതോ ആയ അസുഖമുള്ളതോ ആയ കുട്ടികള്‍ അവര്‍ക്ക് സംരക്ഷിക്കാനോ സഹായിക്കാനോ ആരും ഇല്ലാതിരിക്കുകയോ അഥവാ മാതാപിതാക്കളോ രക്ഷകര്‍ത്താക്കളോ ഉണ്ടെങ്കില്‍ത്തന്നെ അവര്‍ സംരക്ഷണത്തിന് കഴിവില്ലാത്തവരാണ് എന്ന് ബോര്‍ഡിനോ കമ്മറ്റിക്കോ ബോധ്യമാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍.
5. മാതാപിതാക്കളില്‍ ആരെങ്കിലുമോ രക്ഷകര്‍ത്താവോ ഉണ്ടായിരിക്കുകയും അവര്‍ കുട്ടിയുടെ സുരക്ഷയും പരിപാലനവും നടത്തുന്നതിന് കഴിവില്ലാത്തവരോ പറ്റാത്തവരോ ആണെന്ന് കമ്മറ്റിക്കോ ബോര്‍ഡിനോ ബോധ്യമായിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള കുട്ടികള്‍.
6. മാതാപിതാക്കള്‍ ഇല്ലാതിരിക്കുകയോ ഉണ്ടെങ്കില്‍ത്തന്നെ കുട്ടിയെ പരിപാലിക്കാന്‍ അവരാരും മുന്നോട്ടുവരാതിരിക്കുകയും ആണെങ്കില്‍ അഥവാ മാതാപിതാക്കള്‍ത്തന്നെ കുട്ടിയെ അന്യാധീനപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള കുട്ടികള്‍.
7. കുട്ടിയെ കാണാതാവുകയോ ഒളിച്ചോടുകയോ ചെയ്തിട്ടുണ്ടാവുകയും അവരുടെ മാതാപിതാക്കളെ നിലവിലുള്ള നടപടിക്രമമനുസരിച്ച് അന്വേഷണം നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള കുട്ടികള്‍.
8. ലൈംഗികദുരുപയോഗങ്ങള്‍ക്കോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കപ്പെടുകയോ അധാര്‍മ്മികമായി ചൂഷണം ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടവരാണെങ്കില്‍
9. മോശമായ രീതിയില്‍ കാണപ്പെടുകയും മയക്കുമരുന്ന് വ്യാപാരത്തിലോ അശ്ലീലവ്യാപാരത്തിലോ ഉള്‍പ്പെടുത്തപ്പെടുവാനുള്ള സാധ്യതയുണ്ടെന്നു കാണുകയും ചെയ്താല്‍.
10. മനഃസാക്ഷിക്കു നിരക്കാത്ത നേട്ടത്തിനായി ദുരുപയോഗപ്പെടുത്തുകയോ അഥവാ അങ്ങനെ ചെയ്യപ്പെടുവാന്‍ സാധ്യതയുണ്ടെന്നു കാണപ്പെടുകയോ ചെയ്യുന്ന കുട്ടികള്‍.
11. ഏതെങ്കിലും ആയുധസംഘട്ടനങ്ങളിലോ കലാപങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ പെട്ട് പീഡിതരായ കുട്ടികള്‍.
12. കല്യാണപ്രായമാകുന്നതിനു മുമ്പായിത്തന്നെ മാതാപിതാക്കളോ മറ്റു കുടുംബാംഗങ്ങളോ രക്ഷിതാക്കളോ മറ്റാരൊക്കെയോ മുന്നില്‍നിന്ന് അനുഷ്ഠാനപ്രകാരം നടത്തുന്ന വിവാഹത്തിനു നിന്നുകൊടുക്കേണ്ട ഗതികേടില്‍പ്പെട്ട കുട്ടികള്‍.
അങ്ങനെ മുകളില്‍ പ്രസ്താവിച്ച 12 ഇനം കുട്ടികളാണ് ഈ നിയമം അനുശാസിക്കുന്ന പരിപാലനവും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍.
ഇനി 42-ാം ഉപവകുപ്പില്‍ മറ്റൊന്നുകൂടി നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ആരാണ് അനാഥക്കുട്ടികള്‍ എന്നതാണത്.
ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും
പുതിയ ജൂവനൈല്‍ ജസ്റ്റിസ് നിയമത്തിലെ നിര്‍വ്വചനമനുസരിച്ച് അനാഥക്കുട്ടികളെന്നാല്‍ (ജീവശാസ്ത്രപരമായതോ ദത്തെടുക്കപ്പെട്ടതോ ആയ മാതാപിതാക്കളോ നിയമപരമായ സംരക്ഷകരോ ഇല്ലാത്തവര്‍ അഥവാ (2) സംരക്ഷണച്ചുമതല നിറവേറ്റാന്‍ താല്പര്യമില്ലാത്തതോ ആയ നിയമപരമായ സംരക്ഷകരുടെ കീഴിലുള്ള കുട്ടികളെന്നാണ്. ഈ സാഹചര്യത്തില്‍ നമുക്കു ബോര്‍ഡ്, കമ്മിറ്റി എന്നൊക്കെ മുകളില്‍ കണ്ടതുകൂടി മനസിലാക്കാം.
അധ്യായം 3 മുഴുവനും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ കാര്യങ്ങളാണ് പറയുന്നത്. വകുപ്പ് 4-ല്‍ ഓരോ ഡിസ്ട്രിക്റ്റിലും ഒന്നോ അതില്‍ കൂടുതലോ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡുണ്ടാകണമെന്നും അതില്‍ ആരൊക്കെ ഉണ്ടാകണമെന്നും അവരുടെ യോഗ്യതകള്‍ എന്തൊക്കെയാണെന്നും പ്രതിപാദിക്കുന്നുണ്ട്. സാമൂഹ്യ രംഗത്തുപ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ (അതിലൊന്ന് വനിതയായിരിക്കണം). പിന്നെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റോ, ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റോ എന്നിങ്ങനെ 3 പേരാണ് ബോര്‍ഡിലുണ്ടാവുക.
ഈ ബോര്‍ഡ് ചില്‍ഡ്രന്‍ ഇന്‍ കോണ്‍ഫ്ളിക്റ്റ് എന്ന വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കായുള്ളതാണ്. ക്രിമിനല്‍ പ്രൊസിഡര്‍ കോഡു പ്രകാരമുള്ള അധികാരങ്ങളാണ് ബോര്‍ഡിനും അതിനു കീഴിലുള്ള ബെഞ്ചിനുമുള്ളത്. അതേപോലെ അദ്ധ്യായം 5 മുതല്‍ 27 വരെയുള്ള വകുപ്പുകളിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ രൂപീകരണവും ഘടനയും പ്രവര്‍ത്തനരീതിയും അധികാരവുമൊക്കെ പ്രതിപാദിക്കുന്നത്. ഇത് ചില്‍ഡ്രന്‍ ഇന്‍ നീഡ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ എന്ന വിഭാഗത്തിലുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ക്കുള്ളതാണ്. ഒരു ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ 5 പേരാണ് കമ്മറ്റിയിലുണ്ടാവേണ്ടത്. അതിലൊരാള്‍ വനിതയും മറ്റൊരാള്‍ കുട്ടികളെ സംബന്ധിച്ച കാര്യങ്ങളില്‍ നിപുണ/ നിപുണന്‍ ആയിരിക്കണം. വകുപ്പ് 27 മുതല്‍ 30 വരെയുള്ള അദ്ധ്യായം 5 മുഴുവനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെപ്പറ്റിയുള്ളതാണ്.
ഇതുവരെ പ്രതിപാദിച്ചതില്‍നിന്ന് ഏതെല്ലാം തരം സ്ഥാപനങ്ങളാണ് ജൂവനൈല്‍ ആക്ട് 2015 പ്രകാരം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് വ്യക്തമാണല്ലോ. ചുരുക്കത്തില്‍ എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും ഈ നിയമത്തിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടണമെന്നില്ല. കുട്ടികളെ ശ്രദ്ധിക്കുന്ന മാതാവോ പിതാവോ സംരക്ഷകനോ ഉള്ള ഓര്‍ഫനേജ്പോലും ഈ നിയമത്തിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതില്ല.
മതിയായ വിദ്യാഭ്യാസം നല്‍കാന്‍ വീട്ടില്‍ സാഹചര്യം അനുവദിക്കാത്തതിനാല്‍ ഓര്‍ഫനേജില്‍ ആക്കിയ കുട്ടികളെ അവധിദിവസങ്ങളിലും മറ്റും മാതാപിതാക്കള്‍വന്ന് കാണാറുണ്ടെങ്കിലും അഥവാ അവധിക്ക് വീട്ടിലേക്കു പോകാറുണ്ടെങ്കില്‍ ആ കുട്ടികളൊന്നും സമൂഹത്തിന്‍റെ കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ (പരിപാലനവും സംരക്ഷണവും) ആവശ്യമുള്ളവര്‍ എന്ന ഗണത്തില്‍പ്പെടുന്നവരല്ല. മുന്‍കാലങ്ങളില്‍ ഓര്‍ഫനേജുകളില്‍ എത്തിപ്പെട്ടിരുന്ന കുട്ടികളില്‍ തീര്‍ത്തും അനാഥരായ കുട്ടികളല്ല ഇക്കാലത്തെ ഓര്‍ഫനേജുകളില്‍ കാണപ്പെടുന്നത്. ആരോരുമില്ലാത്ത കുട്ടികള്‍ക്കുപകരം ഉത്തരവാദിത്വപ്പെട്ട അച്ഛനുമമ്മയും അഥവാ ഒരാള്‍ എങ്കിലും ഉള്ള കുട്ടികളാണ് ഇന്ന് ഓര്‍ഫനേജുകളില്‍ കൂടുതലായി കണ്ടുവരുന്നത്. ആരോരുമില്ലാത്ത കുട്ടികളുടെ ഓര്‍ഫനേജ് ആണെങ്കില്‍ തീര്‍ച്ചയായും രജിസ്റ്റര്‍ ചെയ്തിരിക്കണം.
അതേപോലെ നിയമത്തിന്‍റെ 41(1) വകുപ്പിന്‍റെ പരിച്ഛേദനത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് 2000-ലെ ജൂവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇനി രജിസ്റ്റര്‍ ചെയ്യേണ്ട സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കു കടക്കാം. 16-06-2016 നു മുമ്പായി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷ നല്‍കിയാല്‍ ആദ്യം ഒരു പക്ഷേ, 6 മാസത്തെ കാലാവധിയുള്ള താല്ക്കാലിക രജിസ്ട്രേഷനായിരിക്കും ഒരു മാസത്തിനുള്ളില്‍ ലഭിക്കുക.
6 മാസത്തെ കാലാവധിക്കുശേഷം ലഭിക്കുന്ന സ്ഥിരമായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി 5 വര്‍ഷമാണ്. ഓരോ 5 വര്‍ഷം കൂടുമ്പോഴും രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ഒരു സ്ഥാപനം അങ്ങനെ ചെയ്യാതിരുന്നാല്‍ ലഭിച്ചേക്കാവുന്ന ശിക്ഷ കടുത്തതാണ്. ഉത്തരവാദികളായവര്‍ക്ക് 1 വര്‍ഷം വരെ തടവോ, 1 ലക്ഷം രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിച്ചെന്നുവരാം.
രജിസ്ട്രേഷനുള്ള ഒരു സ്ഥാപനത്തിന് കേന്ദ്ര അഥവാ സംസ്ഥാന ഗ്രാന്‍റ് കിട്ടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അയയ്ക്കുന്ന കുട്ടികളെ സ്ഥലസൗകര്യമുണ്ടെങ്കില്‍ പ്രവേശിപ്പിച്ചിരിക്കണം. വകുപ്പ 54 അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഒരു ഇന്‍സ്പെക്ഷന്‍ കമ്മറ്റിക്ക് കുട്ടികളെ സംരക്ഷിക്കുന്ന ഏതു സ്ഥാപനവും രജിസ്റ്റര്‍ ചെയ്തതാണെങ്കിലും അല്ലെങ്കിലും പരിപാലനവും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള അധികാരമുണ്ട്. ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കുട്ടികള്‍ 18 വയസാകുന്നതോടെ സ്ഥാപനം വിടുമ്പോള്‍ സമൂഹത്തിന്‍റെ മുഖ്യധാരയുമായി പൊരുത്തപ്പെടുവാന്‍ ഉതകുമാറ് നിയമത്തില്‍ പ്രതിപാദിക്കുന്നവിധം സാമ്പത്തികമായ ഒരു താങ്ങ് നല്കുവാനും സ്ഥാപനം ബാദ്ധ്യസ്ഥമാണ്.
രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ നിയമം അനുശാസിക്കുന്നവിധം കുട്ടികള്‍ക്കു ഭക്ഷണം, താമസസൗകര്യം, വസ്ത്രം, ആരോഗ്യപരിപാലനം എന്നിവ നല്കണം. മാത്രമല്ല, അംഗപരിമിതമായ കുട്ടികള്‍ക്കായുള്ള വീല്‍ചെയര്‍, ബ്രെയ്ലി ക്വിറ്റ്, കൃത്രിമ ശാരീരിക ഉപകരണങ്ങള്‍, ശ്രവണ സഹായി മുതലായവയെല്ലാം സ്ഥാപനത്തിലുണ്ടായിരിക്കണം. കൂടാതെ, വിദ്യാഭ്യാസപരമായ എല്ലാ സൗകര്യങ്ങളും പ്രത്യേകിച്ച് റൈറ്റ് ഓഫ് ചില്‍ഡ്രന്‍ ഫോര്‍ കമ്പല്‍സറി എഡ്യൂക്കേഷന്‍ ആക്ട് 2009 അനുസരിച്ച് വേണ്ടവയെല്ലാം നല്‍കിയിരിക്കണം.
ഇതെല്ലാം ഭംഗിയായി നടത്തപ്പെടുവാനും ഓരോ കുട്ടിയുടെയും കാര്യം ശ്രദ്ധിക്കുവാനുമായി സ്ഥാപനത്തിനൊരു മാനേജിങ് കമ്മിറ്റി ഉണ്ടായിരിക്കണം.
ദത്തെടുക്കല്‍
കുട്ടികളെ ദത്തെടുക്കുന്ന വിഷയത്തില്‍ കാര്യമായ മാറ്റങ്ങളാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ വിഷയം 8-ാം അധ്യായത്തില്‍ സമഗ്രമായി പ്രതിപാദിക്കുന്നു. അധ്യായം 9 തില്‍ പൊതുതാല്പര്യമുള്ള ചില വിഷയങ്ങള്‍ കാണാം. ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍പ്പെട്ടതോ സാക്ഷ്യപട്ടികയില്‍പ്പെട്ടതോ ആയ ഒരു കുട്ടിയുടെയും ഫോട്ടോയോ പേരോ സ്കൂളിന്‍റെ പേരോ ഒന്നും അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ അതിന്‍റെ അന്വേഷണവിസ്താരഘട്ടങ്ങളില്‍ പ്രതിപാദിച്ചൂകൂടാ. ഈ നിയമം തെറ്റിക്കുന്നവര്‍ക്ക് 6 മാസം വരെയുള്ള ജയില്‍ വാസമോ 2 ലക്ഷം രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.
അതേപോലെ ഒരു കുട്ടിയുടെമേല്‍ ഉത്തരവാദിത്വമുള്ള ആള്‍ ആ കുട്ടിയെ ഏതെങ്കിലും തരത്തില്‍ മാനസികമോ ശാരീരികമോ ആയ പീഢനങ്ങള്‍ക്കിരയാക്കിയാലോ അഥവാ മറ്റൊരാള്‍ അങ്ങനെ ചെയ്യാനനുവദിച്ചാലോ മൂന്നുവര്‍ഷംവരെയുള്ള തടവുശിക്ഷയ്ക്കോ, 1 ലക്ഷം രൂപവരെയുള്ള പിഴയ്ക്കോ, രണ്ടിനുകൂടി ശിക്ഷിക്കപ്പെടാം. ഒരു സ്ഥാപനത്തിലെ തൊഴിലാളിയോ ചുമതലക്കാരനോ ആണ് മേല്‍പ്പറഞ്ഞ കുറ്റം ചെയ്യുന്നതെങ്കില്‍ ശിക്ഷ 5 വര്‍ഷംവരെ തടവും 5 ലക്ഷംരൂപാവരെ പിഴയും ആകാം.
ഒരാള്‍ ഒരു കുട്ടിയെ ഭിക്ഷയാചിക്കാനായി നിയോഗിക്കുകയോ ഭിക്ഷയാചിക്കാന്‍ ഇടവരുത്തുകയോ ചെയ്താല്‍ 5 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ആയിരിക്കും ശിക്ഷ. ഭിക്ഷാടനത്തിനായി കുട്ടിയെ മുറിവേല്പിക്കുകയോ ശരീരക്ഷതം വരുത്തുകയോ ചെയ്താല്‍ ശിക്ഷ 7 മുതല്‍ 10 വരെ വര്‍ഷം കഠിനതടവും 5 ലക്ഷം രൂപാവരെ പിഴയും ആയിരിക്കും.
ഒരു കുട്ടിയെ ലഹരിയുള്ള പാനീയമോ മയക്കുമരുന്നോ, പുകയില സാധനങ്ങളോ നല്‍കിയാല്‍ 7 വര്‍ഷം വരെ തടവിനും 1 ലക്ഷം രൂപവരെ പിഴയടക്കാന്‍ ശിക്ഷിക്കപ്പെടാം. മേല്‍പ്പറഞ്ഞ വസ്തുക്കള്‍ വില്ക്കുന്നതിനോ കള്ളക്കടത്തു നടത്തുന്നതിനോയൊക്കെ കുട്ടികളെ ഉപയോഗിച്ചാല്‍ ശിക്ഷ 7 വര്‍ഷം കഠിനതടവും 1 ലക്ഷംരൂപവരെ പിഴയുമായിരിക്കും.
ഒരു കുട്ടിയെ ജോലിക്കായി ഉടമ്പടിപ്പെടുത്തുകയോ കുട്ടിയുടെ വേതനം അനധികൃതമായി കൈവശം വയ്ക്കുകയോ വേതനം സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയോ ചെയ്താല്‍ 5 വര്‍ഷംവരെ തടവിനും 1 ലക്ഷം രൂപവരെ പിഴയടക്കാന്‍ ശിക്ഷിക്കപ്പെട്ടേക്കാം. അതേപ്പോലെ, അനധികൃതമായി നിയമങ്ങള്‍ പാലിക്കാതെ ദത്തെടുക്കല്‍ കാരണക്കാരനാകുക, കുട്ടികളെ വില്ക്കുകയോ വാങ്ങുകയോ ചെയ്യുക മുതലായവയുമൊക്കെ തടവിനും ഫൈന്‍ അടയ്ക്കാനുമൊക്കെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍
അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സൊസൈറ്റിയായോ, ട്രസ്റ്റായോ രജിസ്റ്റര്‍ ചെയ്തതിന്‍റെ സര്‍ട്ടിഫിക്കേറ്റ്, സൊസൈറ്റിബൈലോ, ട്രസ്റ്റ് ഡീഡ് മുതലായവയുടെ കോപ്പി, ഭരണസമിതിയുടെ വിവരങ്ങള്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട്, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍, എഫ്.സി.ആര്‍ രജിസ്ട്രേഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ സര്‍ട്ടിഫിക്കേറ്റ്, മറ്റെന്തെങ്കിലും രജിസ്ട്രേഷന്‍ ഉണ്ടെങ്കില്‍ അവ, കേന്ദ്രസംസ്ഥാന അക്കാദമികളില്‍ നിന്നും ലഭിച്ച ഗ്രാന്‍റു വിവരങ്ങള്‍, സ്റ്റാഫിന്‍റെ പേരും മറ്റു വിവരങ്ങളും സ്വന്തം സ്ഥലവും കെട്ടിടവുമാണെങ്കില്‍ അവയുടെ രേഖയും കെട്ടിടത്തിന്‍റെ ബ്ലൂപ്രിന്‍റും വാടകകെട്ടിടത്തിലാണെങ്കില്‍ വാടകയിടപാടിന്‍റെ രേഖ എന്നിവയാണ് അവ.
child care institution new juvenile justice act Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206