x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ പൗരസ്ത്യസഭകളുടെ നിയമങ്ങൾ

വിവാഹത്തെക്കുറിച്ചുള്ള കാനന്‍ നിയമങ്ങള്‍

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021

കാനോന 776: 1. വിവാഹഉടമ്പടി സൃഷ്ടികര്‍ത്താവിനാല്‍ സ്ഥാപിതവും അവിടുത്തെ നിയമങ്ങളാല്‍ നിയന്ത്രിതവുമാണ്. ഇതുവഴി പുരുഷനും സ്ത്രീയും തമ്മില്‍ പിന്‍വലിക്കാന്‍ പാടില്ലാത്ത വ്യക്തിഗതമായ സമ്മതത്താല്‍ പരസ്പരമുള്ള സമ്പൂര്‍ണ്ണജീവിതക്കൂട്ടായ്മ സംസ്ഥാപിതമാകുകയും ചെയ്യുന്നു. സ്വഭാവത്താല്‍ത്തന്നെ ഇത് ദമ്പതികളുടെ നന്മയ്ക്കും, സന്താനോല്പാദനത്തിനും, മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.

  1. ക്രിസ്തു സ്ഥാപിക്കുകവഴി, ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവായ വിവാഹം അതിനാല്‍ത്തന്നെ ഒരു കൂദാശയാണ്. ക്രിസ്തുവിന് സഭയോടുള്ള അന്യൂനമായ ഐക്യത്തിന്‍റെ പ്രതിരൂപമായിത്തീര്‍ന്നുകൊണ്ട് ദമ്പതികള്‍ ദൈവത്താല്‍ യോജിപ്പിക്കപ്പെടുകയും, കൗദാശികവരപ്രസാദത്താല്‍ വിശുദ്ധീകരിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു.
  2. വിവാഹത്തിന്‍റെ സത്താപരമായ സവിശേഷതകളാണ് അതിന്‍റെ ഏകത്വവും അവിഭാജ്യതയും; ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള വിവാഹത്തില്‍ കൂദാശ എന്ന നിലയില്‍ ഇവയ്ക്ക് പ്രത്യേകമായ ദൃഢത കൈവരുന്നു.

13-ാം നൂറ്റാണ്ടിലാണ് വിവാഹത്തെ ഏഴു കൂദാശകളില്‍ ഒന്നായി പരിഗണിച്ചു തുടങ്ങിയതെങ്കിലും സഭയുടെ ആദ്യകാലം മുതലേ അതിന് പരിശുദ്ധിയുടെ പരിവേഷം നല്കിയിരുന്നു. വിവാഹമെന്ന കൂദാശയെ നാം മനസ്സിലാക്കേണ്ടത് ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ വീക്ഷണങ്ങളിലൂടെയാണ്. പരിശുദ്ധവും പരിപാവനവുമായ വിവാഹ ഉടമ്പടി സൃഷ്ടികര്‍ത്താവിനാല്‍ സ്ഥാപിതമാണ്. ഈ ഉടമ്പടിവഴി പുരുഷനും സ്ത്രീയും ഒന്നായിത്തീരുകയും പരസ്പരമുള്ള കൂട്ടായ്മ സ്ഥാപിക്കുകയും ചെയ്യുന്നു. ഇവരുടെ ഈ ഉടമ്പടി വ്യക്തിഗതവും തികച്ചും സ്വതന്ത്രവുമാണ്. വിവാഹമെന്ന കൂദാശയുടെ പരമപ്രധാനമായ ലക്ഷ്യങ്ങളാണ് ദമ്പതികളുടെ നന്മയും, സന്താനോല്പാദനവും അവരുടെ പരിശീലനവും. ഭാര്യാഭര്‍ത്താക്കന്മാരുടെ സ്നേഹബന്ധത്തെ യേശുവും സഭയുമായുള്ള ബന്ധത്തോടാണ് ഉപമിച്ചിരിക്കുന്നുത്. വിവാഹത്തിന്‍റെ സത്താപരമായ രണ്ടു സവിശേഷതകളാണ് ഏകത്വവും അവിഭാജ്യതയും. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള വിവാഹത്തിന് കൂദാശ എന്ന നിലയില്‍ കൂടുതല്‍ അര്‍ത്ഥവും ദൃഢതയും കൈവരുന്നു.

കാനോന 777: ദാമ്പത്യജീവിതക്കൂട്ടായ്മയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും ദമ്പതികള്‍ക്കു തുല്യമായ അവകാശങ്ങളും കടമകളും വിവാഹംവഴി ഉത്ഭൂതമാകുന്നു.

ദാമ്പത്യജീവിതക്കൂട്ടായ്മയെ സംബന്ധിച്ച് ദമ്പതികള്‍ക്ക് തുല്യമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമാണുള്ളതെന്ന് ഈ കാനോന വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, കുട്ടികള്‍ പിതാവിന്‍റെ സഭയിലെ അംഗമായിത്തീരുന്നെങ്കിലും മാതാപിതാക്കന്മാര്‍ തമ്മിലുള്ള പരസ്പര ഉടമ്പടിപ്രകാരം കുട്ടിയെ മാതാവിന്‍റെ സഭയിലേക്ക് ചേര്‍ക്കാം. അടിസ്ഥാനപരമായ സമത്വത്തെക്കുറിച്ച് കാനോനയില്‍ പറയുന്നുണ്ടെങ്കിലും ഓരോ സംസ്കാരത്തിലും ജീവിക്കുന്നവര്‍ വ്യത്യസ്തമായ രീതിയിലാണ് ഇത് അനുഭവിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാരോടൊപ്പം തുല്യമായ പദവി ഉണ്ടെന്ന് അംഗീകരിക്കുന്ന ഇക്കാലത്ത് ഈ കാനോന വളരെ പ്രധാനപ്പെട്ട ഒന്നാണ്.

കാനോന 778: നിയമത്താല്‍ വിലക്കപ്പെട്ടവരൊഴികെ എല്ലാവര്‍ക്കും വിവാഹിതരാകാവുന്നതാണ്.

എല്ലാവര്‍ക്കും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അവകാശം ഈ കാനോന ഉറപ്പുനല്കുന്നു. വിവാഹം പരിശുദ്ധമായ ഒരു ഉടമ്പടിയാണ്. അതുവഴി പുരുഷനും സ്ത്രീയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധത്തിലേക്കു കടന്നുവരുന്നു. എല്ലാവര്‍ക്കും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അവകാശമുണ്ട് എന്നു പറയുമ്പോള്‍ വിവക്ഷിക്കുന്നത് അതിനുള്ള സാദ്ധ്യത അവര്‍ക്ക് ഉണ്ടെന്നാണ്. എന്നാല്‍ ഈ അവകാശം കേവലവും അപരിമിതവുമല്ല. സമൂഹത്തിന്‍റെ നന്മയ്ക്കായി ചില വ്യക്തികളെ വിവാഹത്തിന് അയോഗ്യരായി സ്വാഭാവികനിയമവും സഭാനിയമവും പ്രഖ്യാപിച്ചേക്കാം. ഉദാഹരണമായി, ബുദ്ധിമാന്ദ്യമുള്ളവരെയും ലൈംഗികശേഷി ഇല്ലാത്തവരെയും പ്രായപൂര്‍ത്തിയാകാത്തവരേയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍നിന്നു നിയമം നിരോധിച്ചിരിക്കുന്നു.

കാനോന 779: വിവാഹത്തിന് എപ്പോഴും നിയമത്തിന്‍റെ ആനുകൂല്യമുണ്ട്. അതിനാല്‍ വിവാഹത്തിന്‍റെ സാധുതയെപ്പറ്റി സംശയമുണ്ടായാല്‍, മറിച്ച് തെളിയിക്കപ്പെടുന്നതുവരെ വിവാഹം സാധുവായി കണക്കാക്കേണ്ടതാണ്.

വിവാഹത്തിന് എപ്പോഴും നിയമത്തിന്‍റെ ആനുകൂല്യമുണ്ട്. അതായത്, എപ്പോഴെങ്കിലും വിവാഹത്തിന്‍റെ സാധുതയെക്കുറിച്ച് സംശയം വന്നാല്‍ തെളിയിക്കുന്നതുവരെ അത് സാധുവായി കണക്കാക്കണം. വിവാഹത്തിന്‍റെ വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ ശരിയായി സംരക്ഷിക്കേണ്ടതിനായി വിവാഹത്തെ അതിന്‍റെ എല്ലാവിധ പവിത്രതയോടുംകൂടി സംരക്ഷിക്കുവാന്‍ പൊതുഅധികാരികള്‍ക്ക് കടമയുണ്ട്.

കാനോന 780: 1. വിവാഹത്തിന്‍റെ സിവില്‍ഫലങ്ങളില്‍ സിവില്‍ നിയമത്തിനുള്ള അധികാരം കണക്കിലെടുത്തുകൊണ്ടുതന്നെ, കത്തോലിക്കരുടെ വിവാഹം-ഒരാള്‍ മാത്രമേ കത്തോലിക്കാസഭാംഗമായിട്ടുള്ളുവെങ്കില്‍പ്പോലും-ദൈവികനിയമത്താല്‍ മാത്രമല്ല, സഭാനിയമത്താലും നിയന്ത്രിക്കപ്പെടുന്നു.

  1. കത്തോലിക്കാകക്ഷിയും മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കാകക്ഷിയും തമ്മിലുള്ള വിവാഹം, ദൈവികനിയമത്തിനുപുറമെ താഴെപ്പറയുന്ന നിയമങ്ങളാലും നിയന്ത്രിക്കപ്പെടുന്നു.

     1 അകത്തോലിക്കാകക്ഷി അംഗമായിരിക്കുന്ന സഭ അഥവാ സഭാസമൂഹത്തിന്‍റെ-ആ സഭാസമൂഹത്തിന്               സ്വന്തമായ വൈവാഹികനിയമങ്ങളുണ്ടെങ്കില്‍-നിയമം;

  1. അകത്തോലിക്കാകക്ഷി അംഗമായിരിക്കുന്ന സഭാസമൂഹത്തിന് സ്വന്തമായ വിവാഹനിയമങ്ങള്‍ ഇല്ലെങ്കില്‍, അദ്ദേഹം വിധേയപ്പെട്ടിരിക്കുന്ന നിയമം.

കാനോന 781: ജ്ഞാനസ്നാനം സ്വീകരിച്ച അകത്തോലിക്കരുടെ വിവാഹത്തിന്‍റെ സാധുതയെക്കുറിച്ച് സഭ വിധിക്കേണ്ടി വരുമ്പോള്‍:

            1. വിവാഹസമയത്ത് അകത്തോലിക്കാദമ്പതിമാര്‍ വിധേയരായിരുന്ന നിയമത്തെ സംബന്ധിച്ച് കാനോന              780 2 പാലിക്കപ്പെടേണ്ടതാണ്;

          2. വിവാഹസമ്മതം പരസ്യമായ വിധത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള പക്ഷം വിവാഹപരികര്‍മ്മക്രമത്തെ സംബന്ധിച്ചിടത്തോളം ദമ്പതികള്‍ വിവാഹസമയത്ത് വിധേയരായിരുന്ന നിയമത്താല്‍ നിശ്ചിതമോ അംഗീകൃതമോ ആയിരുന്ന ഏതുക്രമവും സഭ അംഗീകരിക്കുന്നു. എന്നാല്‍ ദമ്പതികളില്‍ ഒരാളെങ്കിലും പൗരസ്ത്യഅകത്തോലിക്കാസഭയില്‍ മാമ്മോദീസ സ്വീകരിച്ചതാണെങ്കില്‍ വിശുദ്ധകര്‍മ്മത്തോടുകൂടി വിവാഹം നടത്തിയിരുന്നിരിക്കണം.

പല സാഹചര്യങ്ങളില്‍ നടക്കുന്ന വിവാഹത്തിന്‍റെ സാധുതയെക്കുറിച്ചാണ് ഈ കാനോനകള്‍ വിവരിക്കുന്നത്. ഒരു പൗരസ്ത്യകത്തോലിക്കനും, മാമ്മോദീസ സ്വീകരിച്ച ഒരു പൗരസ്ത്യ അകത്തോലിക്കനും, വിവാഹത്തില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും, മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കരുടെ വിവാഹത്തിന്‍റെ സാധുതയെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. കത്തോലിക്കാവിവാഹം മൂന്നു തരത്തിലുള്ള നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു. 1. ദൈവിക നിയമങ്ങള്‍ 2. സഭാനിയമങ്ങള്‍ 3. സിവില്‍ നിയമങ്ങള്‍.

വിവാഹത്തിന്‍റെ സാധുത പരിശോധിക്കുന്നത് വിവാഹസമയത്തുദമ്പതികള്‍ ഏതു നിയമത്തിനു വിധേയരായിരുന്നു എന്നതിനെ ആശ്രയിച്ചാണ്. ദൈവികനിയമങ്ങള്‍ എല്ലാവരേയും ഒരുപോലെ ബാധിക്കുന്നു. എന്നാല്‍ സഭാനിയമങ്ങള്‍ സഭാംഗങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ. എങ്കിലും വിവാഹത്തില്‍ ഒരു കക്ഷി മാത്രമേ കത്തോലിക്കനായിട്ടുള്ളുവെങ്കിലും ദൈവികനിയമവും സഭാനിയമവും സിവില്‍നിയമവും ബാധകമാണ്.

കാനോന 782: 1. പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ പ്രശംസനീയമാംവിധം വിവാഹത്തിനുമുമ്പ് നടത്തപ്പെടുന്ന വിവാഹവാഗ്ദാനം ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമത്താല്‍ ക്രമീകരിക്കപ്പെടുന്നു.

  1. വിവാഹം നടത്തുന്നതിനുവേണ്ട നടപടിയെടുക്കുന്നതിനുള്ള അവകാശം വിവാഹവാഗ്ദാനത്തില്‍നിന്ന് ഉളവാകുന്നില്ല; എന്നാല്‍ വിവാഹവാഗ്ദാനംമൂലം എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുള്ളപക്ഷം നഷ്ടപരിഹാരത്തിനു നടപടിയെടുക്കാവുന്നതാണ്.

               പൗരസ്ത്യസഭകളുടെ അതിപുരാതനമായ പാരമ്പര്യത്തില്‍ വിവാഹത്തിനുമുമ്പുള്ള വിവാഹവാഗ്ദാനം ഓരോ സ്വയാധികാരസഭയുടെയും പാരമ്പര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. അതിനാല്‍ ഓരോ സഭയുടെയും പ്രത്യേകനിയമം ഇക്കാര്യം നിയന്ത്രിക്കുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ അത് "പറഞ്ഞൊക്കല്‍" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. "മനസ്സമ്മതം", "ഒത്തുകല്ല്യാണം", "കൂടിക്കാഴ്ച" എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വധൂവരന്മാരുടെ മാതാപിതാക്കന്മാരും ബന്ധുമിത്രാദികളും പ്രത്യേകിച്ച് മാതൃസഹോദരന്മാരുമാണ് പ്രധാനമായും ഈ കര്‍മ്മത്തില്‍ പങ്കാളികളാകുന്നത്. ഓരോ സഭയുടെയും പ്രത്യേകനിയമമനുസരിച്ച് വിവാഹവാഗ്ദാനം നടത്തണമെന്നും അതു നടന്നുവെന്നതിന്‍റെ പേരില്‍ വിവാഹം നിര്‍ബന്ധമായും നടത്തണമെന്നില്ലെന്നും എന്നാല്‍ നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അതിനു പരിഹാരം മറുകക്ഷി കൊടുക്കേണ്ടതാണെന്നും ഈ കാനോന പറയുന്നു. നിലവിലുള്ള സീറോ മലബാര്‍ പാരമ്പര്യമനുസരിച്ച് വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമുള്ള വൈദികന്‍ ഈ വിവാഹവാഗ്ദാനം കേള്‍ക്കുകയും അതിന്‍റെ കുറി കൊടുക്കുകയും ചെയ്യുന്നു. ഈ വാഗ്ദാനം സാധാരണയായി വധുവിന്‍റെ ഇടവകപള്ളിയില്‍വച്ചാണ് നടത്തുന്നത്.

 

അജപാലനശ്രദ്ധയും വിവാഹപരികര്‍മ്മത്തിനുമുമ്പ്

നടക്കേണ്ട കാര്യങ്ങളും

കാനോന 783: 1. താഴെപ്പറയുന്ന മാര്‍ഗങ്ങളിലൂടെ ക്രൈസ്തവവിശ്വാസികളെ വിവാഹാന്തസ്സിലേക്ക് പ്രവേശിപ്പിക്കുന്നതിനു തയ്യാറാക്കുവാന്‍ ആത്മപാലകര്‍ കടപ്പെട്ടിരിക്കുന്നു:

           1. ക്രൈസ്തവവിവാഹത്തിന്‍റെ അര്‍ത്ഥം, ദമ്പതികള്‍ തമ്മിലുള്ള കടമകള്‍, മക്കളുടെ ശാരീരികവും മതപരവും സാന്മാര്‍ഗികവും സാമുദായികവും സാംസ്കാരികവുമായ ശിക്ഷണത്തില്‍ തങ്ങളാലാവുംവിധം ശ്രദ്ധിക്കുവാന്‍ മാതാപിതാക്കന്മാര്‍ക്കുള്ള പ്രാഥമികമായ അവകാശവും കടമയും എന്നിവയെ സംബന്ധിച്ച് യുവജനങ്ങള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും അനുയോജ്യമായ പ്രസംഗവും വിശ്വാസപരിശീലനവും;

          2. പുതിയ ജീവിതാവസ്ഥയില്‍ പ്രവേശിക്കുവാന്‍ വധൂവരന്മാരെ ഒരുക്കമുള്ളവരായി തീര്‍ക്കുന്നതിന് വിവാഹത്തെ സംബന്ധിച്ച് അവര്‍ക്ക് നല്കുന്ന വ്യക്തിപരമായ ഉപദേശം.

        3. കത്തോലിക്കാവധൂവരന്മാര്‍ വിവാഹപരികര്‍മ്മാവസരത്തില്‍ വി. കുര്‍ബാന കൈക്കൊള്ളുന്നത് വളരെ അഭിലഷണീയമാണ്.

        4. വിവാഹത്തിനുശേഷം ദമ്പതികള്‍ വിവാഹഉടമ്പടി വിശ്വസ്തതയോടെ തുടരുകയും കാത്തുപാലിക്കുകയും ചെയ്ത് അനുദിനവും കൂടുതല്‍ വിശുദ്ധവും പൂര്‍ണ്ണവുമായ കുടുംബജീവിതം നയിക്കുന്നതിനുവേണ്ട സഹായം ആത്മപാലകര്‍ നല്‍കണം.

ക്രൈസ്തവവിശ്വാസികളെ വിവാഹജീവിതത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അജപാലകര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ കാനോന. വിവാഹത്തിനണയുന്നവര്‍ക്ക് വേണ്ടത്ര ഒരുക്കമുണ്ടെന്ന് ഇടവകവികാരി ഉറപ്പുവരുത്തുകയും അതിനാവശ്യമായ സഹായങ്ങള്‍ നല്കുകയും വേണം. ഭാര്യാഭര്‍ത്താക്കന്മാര്‍, മാതാപിതാക്കള്‍ എന്ന നിലകളില്‍ ദമ്പതിമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ക്രൈസ്തവചുമതലകളെക്കുറിച്ചും ആവശ്യമായ ഉപദേശങ്ങള്‍, മതബോധനത്തിലൂടെയും വിവാഹത്തിന്‍റെ ആരാധനക്രമപരമായ ആഘോഷാവസരങ്ങളിലൂടെയും മറ്റും നല്കണം.

വിവാഹജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അതിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും ആത്മപാലകരെ പരിശീലിപ്പിക്കണമെന്നു അവര്‍ വിവാഹത്തിന് ഒരുങ്ങുന്നവരെ വചനപ്രഘോഷണം, വി. കുര്‍ബാന, മറ്റ് ആദ്ധ്യാത്മികശുശ്രൂഷകള്‍ എന്നിവയിലൂടെ വിവാഹത്തിന്‍റെ ശ്രേഷ്ഠത ബോദ്ധ്യപ്പെടുത്തണമെന്നും അവരുടെ വിഷമഘട്ടങ്ങളില്‍ അനുകമ്പാര്‍ദ്രമായ സമീപനത്തോടെ അവരെ സഹായിക്കണമെന്നും "സഭ ആധുനികയുഗത്തില്‍" എന്ന 2-ാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ നിഷ്കര്‍ഷിക്കുന്നു (G.S.52). വിവാഹത്തിനുശേഷവും വികാരിമാര്‍ ദമ്പതികള്‍ക്ക് അജപാലനപരമായ സഹായങ്ങള്‍ നല്കണം.

കാനോന 784:  വിവാഹപരികര്‍മ്മവുമായി മുന്നോട്ടു പോകുന്നതിന് സൂക്ഷ്മതയോടെ പാലിക്കപ്പെടേണ്ട വധൂവരന്മാരുടെ പരിശോധനയെയും വിവാഹത്തിനുമുമ്പു നടത്തേണ്ട, പ്രത്യേകിച്ചും മാമ്മോദീസായെയും സ്വതന്ത്രസ്ഥിതിയെയും സംബന്ധിച്ച, അന്വേഷണങ്ങള്‍ക്കുള്ള മറ്റുപാധികളെയും സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കണം. അതേ സ്ഥലത്തുതന്നെ തങ്ങളുടെ അധികാരം വിനിയോഗിക്കുന്ന മറ്റു സ്വയാധികാരസഭകളിലെ രൂപതാമെത്രാന്മാരുമായി കൂടിയാലോചിച്ചതിനുശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്.

കാനോന 785: 1. അസാധുവോ നിയമാനുസൃതമല്ലാത്തതോ ആയ വിവാഹങ്ങള്‍ സ്ഥലകാലസാഹചര്യങ്ങളുടെ ആവശ്യങ്ങളനുസരിച്ച് അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ തടയുന്നതിനുള്ള കടമ ആത്മപാലകര്‍ക്കുണ്ട്. അതിനാല്‍ വിവാഹത്തിനുമുമ്പ് അതിന്‍റെ സാധുവും നിയമാനുസൃതവുമായ പരികര്‍മ്മത്തിന് എതിരായ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

  1. മരണാസന്നാവസ്ഥയില്‍ മറ്റു തെളിവുകള്‍ ലഭ്യമല്ലാതിരിക്കുകയും എതിരായ സൂചനകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കില്‍, തങ്ങള്‍ മാമ്മോദീസ സ്വീകരിച്ചവരാണെന്നും യാതൊരു തടസ്സവുമില്ലാത്തവരാണെന്നുമുള്ള വധൂവരന്മാരുടെ സത്യപ്രതിജ്ഞയോടുകൂടിയ പ്രസ്താവന മതിയാകുന്നതാണ്.

കാനോന 786:  വിവാഹത്തിന് ഏതെങ്കിലും തടസ്സങ്ങള്‍ ഉണ്ടെന്നറിയാവുന്ന ക്രൈസ്തവവിശ്വാസികള്‍ അവ വിവാഹത്തിനുമുമ്പ് ഇടവകവികാരിയെയോ സ്ഥലമേലദ്ധ്യക്ഷനെയോ അറിയിക്കുവാന്‍ കടപ്പെട്ടവരാണ്.

കാനോന 787: അന്വേഷണം നടത്തിയ ഇടവകവികാരി അന്വേഷണഫലത്തെക്കുറിച്ച് വിവാഹം ആശീര്‍വ്വദിക്കുവാനുള്ള ഇടവകവികാരിയെ ആധികാരികമായ രേഖവഴി അറിയിക്കേണ്ടതാണ്.

കാനോന 788: കൃത്യമായ അന്വേഷണത്തിനുശേഷവും വിവാഹതടസ്സമുണ്ടെന്ന സംശയം അവശേഷിക്കുകയാണെങ്കില്‍ ഇടവകവികാരി അക്കാര്യം സ്ഥലമേലദ്ധ്യക്ഷനെ ധരിപ്പിക്കേണ്ടതാണ്.

ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമമനുസരിച്ച് വിവാഹത്തിനുമുമ്പ് നടക്കേണ്ട പരിശോധന സംബന്ധിച്ച ചട്ടങ്ങള്‍ ഒരേ സ്ഥലത്ത് ഭരണാധികാരമുള്ള വിവിധ സ്വയാധികാരസഭകളിലെ മെത്രാന്മാരുമായി ആലോചിച്ച് നിശ്ചയിക്കണം. വിവാഹത്തിനണയുന്ന സ്ത്രീപുരുഷന്മാര്‍ വിവാഹം കഴിയുമ്പോഴേ ദമ്പതിമാര്‍ ആകുന്നുള്ളൂ. സ്ത്രീപുരുഷന്മാര്‍ ഏതെങ്കിലും തടസ്സങ്ങള്‍ക്കു വിധേയരാണോ എന്ന് അന്വേഷിച്ചറിയണം. അവരുടെ മാമ്മോദീസാസ്വീകരണം വാസ്തവമാണെന്ന് വിവാഹത്തിനു മുമ്പ് ഉറപ്പുവരുത്തണം. വാസ്തവമായും നിയമാനുസൃതമായും വിവാഹം ആശീര്‍വ്വദിക്കാന്‍ ആവശ്യമായവ തങ്ങള്‍ ചെയ്തു എന്ന് ഇടവകവികാരിമാര്‍ക്ക് ബോദ്ധ്യമുണ്ടായിരിക്കണം. വിവാഹത്തിലേര്‍പ്പെടുന്നതിനെതിരായ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെന്ന് ഏതെങ്കിലും കക്ഷിയെക്കുറിച്ച് അറിവു ലഭിക്കുകയാണെങ്കില്‍ അത് വികാരിയെയോ രൂപതാദ്ധ്യക്ഷനെയോ അറിയിക്കാന്‍ ഓരോ ക്രൈസ്തവവിശ്വാസിക്കും കടമയുണ്ട്. ഉദാ: മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത വ്യക്തി.

കാനോന 789: മറ്റു കാര്യങ്ങളെ സംബന്ധിച്ചിടത്തോളം സാധുവായി വിവാഹം നടത്തപ്പെടാമെങ്കിലും, നിയമത്തില്‍ നിശ്ചയിച്ചിരിക്കുന്ന മറ്റു സാഹചര്യങ്ങള്‍ക്കുപുറമെ, സ്ഥലമേലദ്ധ്യക്ഷന്‍റെ അനുവാദം കൂടാതെ വൈദികന്‍ താഴെപ്പറയുന്ന വിവാഹങ്ങള്‍ ആശീര്‍വ്വദിക്കാന്‍ പാടില്ല:

          1. ദേശാടന (vagus)ക്കാരുടെ വിവാഹം;

          2. സിവില്‍നിയമനിബന്ധനകള്‍ക്കനുസരിച്ച് അംഗീകരിക്കുകയോ നടത്തുകയോ ചെയ്യാന്‍ പാടില്ലാത്ത                   വിവാഹം;

          3. മൂന്നാംകക്ഷിയോടോ അയാളുമായുള്ള മുന്‍ബന്ധത്തില്‍ നിന്നു ജനിച്ച സന്താനങ്ങളോടോ ഉള്ള                            സ്വാഭാവികകടമകള്‍ നിറവേറ്റാന്‍ ബാദ്ധ്യതയുള്ളവരുടെ വിവാഹം;

          4. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ വിവാഹം, മാതാപിതാക്കന്മാരുടെ അറിവില്ലാതെയോ അവരുടെ                      എതിര്‍പ്പ് അവഗണിച്ചു കൊണ്ടോ;

          5. ചില വ്യവസ്ഥകള്‍ പാലിച്ചതിനുശേഷമല്ലാതെ പുതിയ ഒരു വിവാഹത്തിലേക്ക് പ്രവേശിക്കാന്‍                              പാടില്ലെന്ന് സഭയുടെ ഒരു വിധിതീര്‍പ്പുവഴി വിലക്കിയിരിക്കുന്നവരുടെ വിവാഹം;

          6. അകത്തോലിക്കാസഭയിലോ സഭാസമൂഹത്തിലോ അംഗമായിട്ടില്ലെങ്കിലും കത്തോലിക്കാവിശ്വാസം                    പരസ്യമായി ഉപേക്ഷിച്ച ഒരു വ്യക്തിയുടെ വിവാഹം; കാനോന 814 അനുസരിച്ചുള്ള വ്യവസ്ഥകള്‍                      വേണ്ടത്ര അനുരൂപണങ്ങളോടെ പാലിച്ചു കൊണ്ടല്ലാതെ ഇവരുടെ വിവാഹം                                                       ആശീര്‍വ്വദിക്കുന്നതിനുള്ള  അനുവാദം സ്ഥലമേലദ്ധ്യക്ഷന്‍ നല്കരുത്.

തടസ്സങ്ങളൊന്നുമില്ലെങ്കിലും ചില വിവാഹങ്ങളെ മുന്‍വിധികളോടെയാണ് സഭ വീക്ഷിക്കുന്നത്. അതിനാല്‍ മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വിവാഹങ്ങള്‍ സ്ഥലമേലദ്ധ്യക്ഷന്‍റെ അനുവാദത്തോടുകൂടി മാത്രമേ ആശീര്‍വദിക്കാവൂ. ഇപ്രകാരം ചെയ്യുന്നത് കൗദാശികസാധുതയ്ക്കുവേണ്ടിയല്ല മറിച്ച് നിയമപരമായ സാധുതയ്ക്കുവേണ്ടിയാണ്.

 

വിവാഹതടസ്സങ്ങള്‍ പൊതുവെ

കാനോന 790: 1. സാധുവായി വിവാഹം നടത്തുന്നതിന് വിവാഹതടസ്സം ഒരു വ്യക്തിയെ അയോഗ്യനാക്കുന്നു.

  1. കക്ഷികളില്‍ ഒരാളുടെ ഭാഗത്തുമാത്രമേ വിവാഹതടസ്സം ഉള്ളുവെങ്കില്‍പ്പോലും പ്രസ്തുത തടസ്സം വിവാഹത്തെ അസാധുവാക്കുന്നു.

കാനോന 791: ബാഹ്യതലത്തില്‍ തെളിയിക്കുവാന്‍ സാധിക്കുന്ന വിവാഹതടസ്സം പരസ്യ(public) വിവാഹതടസ്സമായും, അങ്ങനെയല്ലാത്തത് രഹസ്യ (occult) വിവാഹതടസ്സമായും പരിഗണിക്കപ്പെടുന്നു.

കാനോന 792: അത്യന്തം ഗൗരവപൂര്‍ണ്ണമായ കാരണങ്ങള്‍ കൂടാതെ ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമങ്ങള്‍വഴി വിവാഹതടസ്സങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ പാടില്ലാത്തതാകുന്നു. മറ്റു സ്വയാധികാരസഭകളിലെ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്മാരുടെ അഭിപ്രായം ആരാഞ്ഞും ശ്ലൈഹികസിംഹാസനവുമായി കൂടിയാലോചിച്ചതിനുശേഷവും മാത്രമേ വിവാഹതടസ്സങ്ങള്‍ പുതുതായി ഏര്‍പ്പെടുത്താവൂ. എന്നാല്‍, മേല്‍പ്പറഞ്ഞതിന് താഴെയുള്ള ഒരു അധികാരിക്കും പുതിയ വിവാഹതടസ്സങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധിക്കുകയില്ല.

കാനോന 793: പുതിയ ഒരു വിവാഹതടസ്സം ഏര്‍പ്പെടുത്തുന്നതോ നിലവിലുള്ള തടസ്സങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ളതോ ആയ ആചാരം റദ്ദാക്കപ്പെട്ടിരിക്കുന്നു.

കാനോന 794: 1. തനിക്ക് വിധേയപ്പെട്ടിരിക്കുന്ന ക്രൈസ്തവവിശ്വാസികളുടെ വിവാഹം, അവര്‍ എവിടെയായിരുന്നാലും, പ്രത്യേകസാഹചര്യത്തില്‍ സ്ഥലമേലദ്ധ്യക്ഷന് മുടക്കാവുന്നതാണ്. അതുപോലെതന്നെ തന്‍റെ രൂപതാതിര്‍ത്തിക്കുള്ളിലുള്ളവരും, അതേ സ്വയാധികാരസഭയില്‍ അംഗമായിട്ടുള്ളവരുമായ മറ്റു ക്രൈസ്തവവിശ്വാസികളുടെയും വിവാഹം അദ്ദേഹത്തിന് മുടക്കാവുന്നതാണ്. എന്നാല്‍ കുറച്ചുകാലത്തേക്കും, വളരെ ഗൗരവമുള്ള കാരണത്താലും, ആ കാരണം നിലനില്ക്കുന്നിടത്തോളംകാലവും മാത്രമേ ഈ മുടക്ക് ബാധകമായിരിക്കുകയുള്ളൂ.

  1. പാത്രിയാര്‍ക്കല്‍സഭയുടെ അതിര്‍ത്തിക്കുള്ളില്‍ തന്‍റെ അധികാരം വിനിയോഗിക്കുന്നയാളാണ് സ്ഥലമേലദ്ധ്യക്ഷനെങ്കില്‍ പാത്രിയര്‍ക്കീസിന് വിവാഹമുടക്കിനോടുകൂടി വിവാഹം അസാധുവാക്കുന്ന ഒരു നിയമഭാഗം (invalidating clause) കൂട്ടിച്ചേര്‍ക്കാവുന്നതാണ്. മറ്റു സാഹചര്യങ്ങളില്‍ ശ്ലൈഹികസിംഹാസനത്തിനു മാത്രമേ ഇങ്ങനെ ചെയ്യുവാന്‍ അധികാരമുള്ളൂ.

ദൈവികനിയമങ്ങളുടെയും മാനുഷികനിയമങ്ങളുടെയും അടിസ്ഥാനത്തില്‍ വിവാഹത്തിന്‍റെ പാവനതയും അവിഭാജ്യതയും മുന്‍നിറുത്തിക്കൊണ്ട് സഭ വിവാഹതടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാനോന 795: 1. തനിക്ക് വിധേയപ്പെട്ടിരിക്കുന്ന ക്രൈസ്തവവിശ്വാസികള്‍ എവിടെയായിരുന്നാലും അവര്‍ക്കും അതുപോലെതന്നെ തന്‍റെ രൂപതാതിര്‍ത്തിക്കുള്ളിലായിരിക്കുന്നതും മറ്റൊരു സ്വയാധികാരസഭയില്‍ അംഗമായിരിക്കുന്നതുമായ ക്രൈസ്തവവിശ്വാസികള്‍ക്കും താഴെപ്പറയുന്നതൊഴികെയുള്ള വിവാഹതടസ്സങ്ങളില്‍നിന്നും വിടുതല്‍ നല്കാന്‍ സ്ഥലമേലദ്ധ്യക്ഷനു സാധിക്കും:

   1. തിരുപ്പട്ടങ്ങള്‍;

   2. രൂപതാപദവിയിലുള്ള കോണ്‍ഗ്രിഗേഷനുകളുടെ കാര്യത്തിലൊഴികെ, ഒരു സന്ന്യാസസമൂഹത്തില്‍                     നടത്തിയിട്ടുള്ള പരസ്യമായ നിത്യബ്രഹ്മചര്യവ്രതവാഗ്ദാനം

   3. ദമ്പതീവധം.

2. ഈ തടസ്സങ്ങളില്‍നിന്നുള്ള മോചനം ശ്ലൈഹികസിംഹാസനത്തിനായി നീക്കിവച്ചിരിക്കുന്നു. എന്നിരുന്നാലും ദമ്പതീവധം മൂലമുള്ള തടസ്സവും, അതുപോലതന്നെ കോണ്‍ഗ്രിഗേഷനുകളിലെ-അവ ഏത് നൈയാമികപദവികളില്‍പ്പെട്ടതായാലും-പരസ്യനിത്യബ്രഹ്മചര്യവ്രതവാഗ്ദാനത്തില്‍നിന്നുളവാകുന്ന തടസ്സവും മോചിക്കുവാന്‍ പാത്രിയര്‍ക്കീസിന് കഴിയും.

3. തായ്പരമ്പരയിലുള്ളതോ, ശാഖാപരമ്പരയില്‍ രണ്ടാം കരിന്തലയിലുള്ളതോ ആയ രക്തബന്ധത്തില്‍നിന്ന് ഉദ്ഭൂതമാകുന്ന വിവാഹതടസ്സത്തില്‍നിന്നും ഒരിക്കലും ഒഴിവു നല്‍കുന്നതല്ല.

തക്കകാരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തികച്ചും സഭാപരമായ നിയമം ഇളവു ചെയ്യുന്നതിനെയാണ് നിയമത്തില്‍നിന്നുള്ള ഒഴിവാക്കല്‍ (dispensation) എന്നു പറയുന്നത് (c.1536). നിയമനിര്‍മ്മാതാവോ മേലധികാരിയോ ആണ് സാധുവായി ഈ ഇളവ് അഥവാ ഒഴിവു നല്കുക. ക്രൈസ്തവവിശ്വാസികളുടെ ആദ്ധ്യാത്മികനന്മയാണ് ഒഴിവു നല്കുന്നതിനുള്ള നീതിപൂര്‍വ്വകവും യുക്തിസഹവുമായ കാരണം. നിയമാനുസൃതം തങ്ങള്‍ക്ക് ആരുടെമേല്‍ അധികാരമുണ്ടോ അവര്‍ക്ക് ചിലപ്രത്യേക സാഹചര്യങ്ങളില്‍ ഒഴിവുകൊടുക്കാനുള്ള അധികാരം ഓരോ മെത്രാനും സഭയുടെ പൊതുനിയമപ്രകാരമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും തായ്പരമ്പരവഴിയുള്ളതും ശാഖാപരമ്പരയില്‍ രണ്ടാം കരിന്തലവരെയുള്ളതുമായ രക്തബന്ധത്തില്‍നിന്നുളവാകുന്ന തടസ്സത്തില്‍നിന്നും ഒരിക്കലും മോചനം നല്കുന്നില്ല. ഉദാഹരണത്തിന്, സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹം അനുവദിച്ചിട്ടില്ല.

കാനോന 796: 1. തന്‍റെ അധികാരത്തിന്‍കീഴിലുള്ള ക്രൈസ്തവവിശ്വാസികള്‍ എവിടെയായിരുന്നാലും അവര്‍ക്കും, തന്‍റെ രൂപതാതിര്‍ത്തിക്കുള്ളില്‍ വരുന്ന മറ്റു ക്രിസ്തീയവിശ്വാസികള്‍ക്കും നിയമം നിര്‍ദ്ദേശിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമത്തില്‍നിന്നും സഭാനിയമം ഏര്‍പ്പെടുത്തിയിട്ടുള്ള രഹസ്യസ്വഭാവമോ പരസ്യസ്വഭാവമോ ഉള്ള എല്ലാ വിവാഹതടസ്സങ്ങളില്‍നിന്നും-പുരോഹിതപട്ടതടസ്സമൊഴികെ-മരണാസന്നാവസ്ഥയില്‍ ഒഴിവു നല്‍കുവാന്‍ സ്ഥലമേലദ്ധ്യക്ഷന് അധികാരമുണ്ട്.

  1. അതേ അവസ്ഥയില്‍, എന്നാല്‍ സ്ഥലമേലദ്ധ്യക്ഷനെ സമീപിക്കുവാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍മാത്രം, വിവാഹതടസ്സങ്ങളില്‍നിന്ന് ഒഴിവുകൊടുക്കുവാന്‍ താഴെപ്പറയുന്നവര്‍ക്കും ഇതേ അധികാരമുണ്ട്: ഇടവകവികാരി; വിവാഹം ആശീര്‍വ്വദിക്കുവാന്‍ അധികാരമുള്ള മറ്റൊരു വൈദികന്‍; കാനോന 832ങ്ങ2-ല്‍ പരാമര്‍ശിച്ചിരിക്കുന്ന കത്തോലിക്കാപുരോഹിതന്‍. ആന്തരികതലത്തിലുള്ള രഹസ്യവിവാഹതടസ്സമാണെങ്കില്‍ കുമ്പസാരക്കാരന് കുമ്പസാരത്തിലോ കുമ്പസാരത്തിനു വെളിയിലോ ഒഴിവ് നല്കാവുന്നതാണ്.
  2. കത്തു മുഖേനയോ വ്യക്തിപരമായോ സ്ഥലമേലദ്ധ്യക്ഷനെ സമീപിക്കുവാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അദ്ദേഹം അപ്രാപ്യനാണെന്ന് കരുതേണ്ടിയിരിക്കുന്നു.

മരണാസന്നാവസ്ഥയില്‍ സ്ഥലമേലദ്ധ്യക്ഷനും, അദ്ദേഹത്തെ സമീപിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ ഇടവകവികാരിക്കും, വിവാഹം ആശീര്‍വ്വദിക്കാന്‍ അധികാരമുള്ള വൈദികനും, കൂടാതെ ഏതൊരു കത്തോലിക്കാവൈദികനും പരസ്യമോ രഹസ്യമോ ആയ  വിവാഹതടസ്സങ്ങളില്‍നിന്നും മോചനം നല്കാവുന്നതാണ്.

കാനോന 797: 1. വിവാഹത്തിനുവേണ്ടി എല്ലാം തയ്യാറാക്കിയതിനുശേഷം(omnia parata)ഒരു തടസ്സം കണ്ടുപിടിക്കപ്പെടുകയും തക്ക അധികാരിയില്‍നിന്ന് ഒഴിവു ലഭിക്കുന്നതുവരെ വിവാഹം നീട്ടിക്കൊണ്ടുപോകുവാന്‍ ഗുരുതരമായ നഷ്ടം കൂടാതെ സാധിക്കാതെവരികയും ചെയ്യുന്ന സാഹചര്യത്തില്‍ കാനോന 795,1, nn.1-ലും2-ലും പരാമര്‍ശിച്ചിരിക്കുന്നതൊഴികെയുള്ള എല്ലാ തടസ്സങ്ങളില്‍നിന്നും ഒഴിവുകൊടുക്കുന്നതിന് സ്ഥലമേലദ്ധ്യക്ഷന് അധികാരമുണ്ട്. രഹസ്യസ്വഭാവമുള്ള തടസ്സങ്ങളാണെങ്കില്‍ കാനോന 796 ങ്ങ2-ല്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും പ്രസ്തുത കാനോനയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഒഴിവു നല്കാവുന്നതാണ്.

  1. നീട്ടിവയ്ക്കുന്നതില്‍ ഇതേ അപകടം ഉണ്ടായിരിക്കുകയും തക്ക അധികാരിയെ സമീപിക്കുവാന്‍ ആവശ്യത്തിന് സമയം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവാഹം സാധുവാക്കുന്നതിനും(convalidate)ഈ അധികാരം ഉപയോഗിക്കാവുന്നതാണ്.

ഗൗരവമായ അടിയന്തരസാഹചര്യങ്ങളില്‍, രഹസ്യസ്വഭാവമുള്ള തടസ്സങ്ങള്‍ (തിരുപ്പട്ടം, വ്രതവാഗ്ദാനം എന്നിവ ഒഴികെ) ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് 797-ാം കാനോന പറയുന്നു. വിവാഹതടസ്സം കണ്ടുപിടിക്കപ്പെടുന്നത് വിവാഹത്തിന് എല്ലാം തയ്യാറാക്കപ്പെട്ടതിനുശേഷമാണെങ്കില്‍ ഈ അടിയന്തരാവസ്ഥ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, (പ്രത്യേകിച്ച് വിവാഹം മാറ്റിവയ്ക്കാന്‍ സാധിക്കാതിരിക്കുന്ന സാഹചര്യം) വിലയിരുത്തണം. ഇത് ഒരുപക്ഷേ ആദ്ധ്യാത്മികമോ ഭൗതികമോ ആയ ദോഷങ്ങള്‍ക്ക് കാരണമാകാം. ഉദാ:- സല്‍പേരിന് കളങ്കം വരുത്തുക, ഇടര്‍ച്ച, നഷ്ടം, വഴക്ക് ലരേ.

കാനോന 798: 796ങ്ങ2, 797ങ്ങ1 എന്നീ കാനോനകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വൈദികര്‍ ബാഹ്യതലത്തില്‍ തങ്ങള്‍ ഒഴിവു നല്‍കിയ വിവാഹതടസ്സത്തെപ്പറ്റിയും സാധുവാക്കിയ (convalidated)വിവാഹത്തെപ്പറ്റിയും എത്രയും പെട്ടെന്ന് സ്ഥലമേലദ്ധ്യക്ഷനെ അറിയിക്കുകയും പ്രസ്തുത കാര്യം വിവാഹരജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം.

കാനോന 799: ശ്ലൈഹികസിംഹാസനത്തിന്‍റെ കല്പനവഴിയോ, തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ പാത്രിയര്‍ക്കീസിന്‍റെയോ രൂപതാദ്ധ്യക്ഷന്‍റെയോ കല്പനവഴിയോ, മറിച്ച് നിശ്ചയിച്ചിട്ടില്ലെങ്കില്‍ കുമ്പസാരത്തില്‍ക്കൂടിയല്ലാതെ ആന്തരികതലത്തില്‍ രഹസ്യതടസ്സങ്ങളില്‍നിന്ന് ഒഴിവാക്കിയതുസംബന്ധിച്ചുള്ള വിവരങ്ങള്‍ രൂപതാക്കച്ചേരിയിലെ രഹസ്യരേഖാലയത്തിലാണ് രേഖപ്പെടുത്തേണ്ടത്. പ്രസ്തുത രഹസ്യതടസ്സം പിന്നീട് പരസ്യമായാല്‍പ്പോലും ബാഹ്യതലത്തില്‍ വേറൊരു വിടുതലി (dispensation)ന്‍റെ ആവശ്യമില്ല.

ബാഹ്യതലത്തില്‍ നല്കപ്പെടുന്ന പൊതുഒഴിവ് ആന്തരികതലത്തിലും സാധുത നേടുന്നു. കുമ്പസാരക്കാരന്‍ ആന്തരികതലത്തില്‍ നല്കുന്ന മോചനം രേഖയില്‍ സൂക്ഷിക്കേണ്ടതില്ല. ഇത് കുമ്പസാരത്തിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിനാണ്. കുമ്പസാരക്കാരന്‍ നല്കുന്ന മോചനം ആന്തരികതലത്തില്‍ മാത്രമേ നടക്കുന്നുള്ളൂ. രഹസ്യമായ ഒരു കാര്യത്തിന് മോചനം നല്കിയതിനുശേഷം അത് പിന്നീട് പരസ്യതടസ്സം ആവുകയാണെങ്കില്‍ ബാഹ്യതലത്തിലുള്ള മോചനം നേടേണ്ടതില്ല. തടസ്സങ്ങളില്‍നിന്നും ഒഴിവുകിട്ടിയ വിവരം കൃത്യമായി രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതാണ്.

 

വിവാഹതടസ്സങ്ങള്‍ പ്രത്യേകിച്ച്

കാനോന 800: 1. പതിനാറുവയസ്സു തികയുന്നതിനുമുമ്പ് പുരുഷനും പതിനാലുവയസ്സു തികയുന്നതിനുമുമ്പ് സ്ത്രീക്കും സാധുവായി വിവാഹിതരാകുവാന്‍ കഴിയുകയില്ല.

  1. വിവാഹം നിയമപരമായി നടത്തുന്നതിന് കൂടുതല്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുക സ്വയാധികാരസഭയുടെ പ്രത്യേക നിയമത്തിന്‍റെ പരിധിയില്‍വരുന്ന കാര്യമാണ്.

പുരുഷന് 16 വയസ്സും സ്ത്രീക്ക് 14 വയസ്സും തികഞ്ഞിരിക്കണം എന്നാണ് പൊതുവായ സഭാനിയമം. ഇത് ഏറ്റവും കുറഞ്ഞ പ്രായപരിധിയാണ്. എന്നാല്‍ ഇതിലും ഉയര്‍ന്ന വയസ്സ് ഓരോ സ്വയാധികാരസഭയ്ക്കും നിര്‍ദ്ദേശിക്കാവുന്നതാണ്. ഇത് വിവാഹത്തിന്‍റെ സാധുതയെ ബാധിക്കുന്നില്ല; നിയമപരമായ ഒരു ആവശ്യമാണിത്.

കാനോന 801: 1. പുരുഷന്‍റെ ഭാഗത്തോ സ്ത്രീയുടെ ഭാഗത്തോ ഉള്ള, കേവലമോ ആപേക്ഷികമോ ആയ, ലൈംഗികസംയോഗത്തിനുള്ള ശേഷിക്കുറവ് വിവാഹത്തിനുമുമ്പുള്ളതും ശാശ്വതവുമാണെങ്കില്‍ അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ വിവാഹത്തെ അസാധുവാക്കുന്നു.

  1. നിയമത്തെപ്പറ്റിയുള്ള സംശയമോ വസ്തുതയെപ്പറ്റിയുള്ള സംശയമോമൂലം ലൈംഗികശേഷിക്കുറവ് എന്ന തടസ്സം സംശയകര(doubtful)മാണെങ്കില്‍ സംശയം നിലനില്‍ക്കുന്നിടത്തോളം വിവാഹം തടസ്സപ്പെടുത്തുകയോ അസാധുവാണെന്ന് പ്രഖ്യാപിക്കുകയോ ചെയ്യരുത്.                                                                         
  2. കാനോന 821 പരിഗണിച്ചുകൊണ്ടുതന്നെ, വന്ധ്യത വിവാഹത്തെ വിലക്കുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല.

വിവാഹത്തിനു മുമ്പുള്ളതും ശാശ്വതവുമായ ലൈംഗികശേഷിക്കുറവ് കേവലമാണെങ്കിലും ആപേക്ഷികമാണെങ്കിലും അത് വിവാഹത്തെ അസാധുവാക്കുന്നു. പ്രകൃതിനിയമമനുസരിച്ച് വന്ധ്യത എന്നത് ലൈംഗികശേഷിക്കുറവിനെയല്ല മറിച്ച് പ്രത്യുല്പാദനം നടത്തുവാനുള്ള കഴിവിനെയാണ് ബാധിക്കുന്നത്. വന്ധ്യത അതിനാല്‍ത്തന്നെ വിവാഹതടസ്സമോ അസാധുതയ്ക്ക് കാരണമോ ആകുന്നില്ല. എന്നാല്‍ ഇത് സ്വയം മറച്ചുവച്ചു കൊണ്ടാണ് വിവാഹത്തിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ അത് വിവാഹസമ്മതത്തെ വികലമാക്കുന്നു.

കാനോന 802: 1. മുന്‍വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം നടത്തുന്നത് അസാധുവായിരിക്കും.

  1. ആദ്യവിവാഹം ഏതെങ്കിലും കാരണത്താല്‍ അസാധുവായിരിക്കുകയോ ബന്ധം വേര്‍പെടുത്തപ്പെടുകയോ ചെയ്തിരുന്നാല്‍ത്തന്നെയും ഒന്നാമത്തെ വിവാഹത്തിന്‍റെ അസാധുതയോ അല്ലെങ്കില്‍ വേര്‍പെടുത്തലോ നിയമപരമായും നിശ്ചിതമായും സ്ഥാപിക്കപ്പെടാതെ മറ്റൊരു വിവാഹം നടത്തുന്നത് നിയമാനുസൃതമല്ല.

വിവാഹത്തിന്‍റെ ഐക്യത്തെയും അതിന്‍റെ ശാശ്വതസ്വഭാവത്തേയും കുറിച്ച് ഈ കാനോന പ്രതിപാദിക്കുന്നു. മുന്‍വിവാഹം നിലനില്‍ക്കെ ഒരാള്‍ മറ്റൊരു വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് നിയമാനുസൃതമല്ല. ഇത് സ്വാഭാവികമായ ഒരു നിയമവും എല്ലാ വിവാഹത്തെയും ഒന്നുപോലെ ബാധിക്കുന്നതുമാണ്. ഒരു വിവാഹബന്ധം അവസാനിക്കുന്നത് ഏതെങ്കിലും ജീവിതപങ്കാളിയുടെ മരണംമൂലമോ, റോമാമാര്‍പാപ്പയില്‍നിന്നു മോചനം ലഭിക്കുമ്പോഴോ, വിശ്വാസത്തിന്‍റെ ആനുകൂല്യമുള്ളപ്പോഴോ, അല്ലെങ്കില്‍ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുമ്പോഴോ ആണ്.

കാനോന 803: 1. മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയുമായി സാധുവായി വിവാഹബന്ധത്തിലേര്‍പ്പെടുവാന്‍ പാടില്ല.

  1. വിവാഹത്തിന്‍റെ സമയത്ത് കക്ഷി മാമ്മോദീസ സ്വീകരിച്ചതാണെന്ന് പൊതുവെ ധാരണയുണ്ടായിരിക്കുകയോ, അയാളുടെ മാമ്മോദീസ സംശയകര(doubtful)മായിരിക്കുകയോ ചെയ്താല്‍, ഒരു കക്ഷിമാത്രമേ മാമ്മോദീസ സ്വീകരിച്ചിട്ടുള്ളുവെന്നും മറ്റേ കക്ഷി മാമ്മോദീസ സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമായി തെളിയിക്കപ്പെടുന്നതുവരെ കാനോന 779-ന്‍റെ മാനദണ്ഡപ്രകാരം വിവാഹം സാധുവായി പരിഗണിക്കേണ്ടതാണ്.                                                                                                                                                                                                                                  
  2. വിടുതല്‍ കൊടുക്കുന്നതിനുള്ള വ്യവസ്ഥകളെ സംബന്ധിച്ച് കാനോന 814 പാലിക്കപ്പെടേണ്ടതാണ്.

മതവ്യത്യാസമുള്ള വ്യക്തികള്‍ തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് അസാധുവാണ്. എന്നാല്‍ മതവ്യത്യാസം എന്ന വിവാഹതടസ്സത്തില്‍നിന്നും ഒഴിവ് നല്കുവാന്‍ തക്ക അധികാരിക്ക് കഴിയുന്നതാണ്. അപ്പോള്‍ പ്രസ്തുത വ്യക്തികള്‍ തമ്മിലുള്ള വിവാഹം സാധുവാകും.

കാനോന 804: തിരുപ്പട്ടം സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് സാധുവായി വിവാഹിതരാകുവാന്‍ കഴിയില്ല.

തിരുപ്പട്ടം സ്വീകരിച്ചിട്ടുള്ളവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് അസാധുവാണ്. പുരാതനകാലങ്ങളില്‍ വിവാഹിതരായവരെ പൗരോഹിത്യത്തിലേക്കും മ്ശംശാനപട്ടത്തിലേക്കും സ്വീകരിച്ചിരുന്നു. വിവാഹിതര്‍ക്ക് പൗരോഹിത്യം നല്കുന്നത് പൗരസ്ത്യസഭകളുടെ പ്രത്യേകനിയമപ്രകാരമാണ്. ഹെവുപ്പദിയാക്കോനാപ്പട്ടം പല പൗരസ്ത്യസഭകളിലും ചെറുപട്ടമായാണ് കാണുന്നത്. അതുകൊണ്ട് ഹെവുപ്പിദിയാക്കോനാപ്പട്ടം സാധുവായി വിവാഹബന്ധത്തിലേര്‍പ്പെടാന്‍ തടസ്സമല്ല. വിവാഹിതനായ ഒരു വ്യക്തിക്ക് ഡീക്കന്‍പട്ടം സ്വീകരിക്കാനുള്ള സാധ്യത ലത്തീന്‍നിയമസംഹിതയും നല്കുന്നുണ്ട് (CIC 1031 2); പക്ഷേ 35 വയസ്സു പൂര്‍ത്തിയാവുകയും ഭാര്യയുടെ സമ്മതം ലഭിക്കുകയും വേണം. സ്ഥിരം മ്ശംശാനപ്പട്ടം മറ്റൊരു പ്രത്യേകതയാണ്. സ്ഥിരംമ്ശംശാനപ്പട്ടം സ്വീകരിച്ച ഒരു വ്യക്തിയുടെ ഭാര്യ മരിച്ചതിനുശേഷം പുനര്‍വിവാഹത്തില്‍ ഏര്‍പ്പെടണമെങ്കില്‍ അയാള്‍ക്ക് ബ്രഹ്മചര്യത്തില്‍നിന്നു വിടുതല്‍ ലഭിച്ചിരിക്കണം, കാരണം മ്ശംശാനപ്പട്ടം ഒരു ഉയര്‍ന്ന പട്ടമാണ്.

കാനോന 805: രു സന്ന്യാസസമൂഹത്തില്‍ പരസ്യനിത്യബ്രഹ്മചര്യവ്രതവാഗ്ദാനം നടത്തിയിരിക്കുന്ന വ്യക്തികള്‍ക്ക് സാധുവായി വിവാഹം നടത്തുവാന്‍ സാധിക്കുകയില്ല.

ഏതെങ്കിലും സന്ന്യാസസഭയില്‍ നിത്യവും പരസ്യവുമായ ചാരിത്ര്യവ്രതവാഗ്ദാനം നടത്തിയിട്ടുള്ള വ്യക്തിക്ക് സാധുവായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയില്ല. വ്രതങ്ങളെ ആഘോഷമായ വ്രതവാഗ്ദാനം (solemn vows), സാധാരണ വ്രതവാഗ്ദാനം (simple profession) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സാധാരണ വ്രതവാഗ്ദാനത്തില്‍ത്തന്നെ നിത്യവ്രതവും (perpetual profession) താല്ക്കാലികവ്രതവു(temporary profession)മുണ്ട്. ഇവ രണ്ടും പരസ്യവ്രത (public vow)ങ്ങളില്‍പ്പെടുന്നു. എന്നാല്‍ പരസ്യമായ താല്ക്കാലികവ്രതവാഗ്ദാനം സാധുവായി വിവാഹത്തില്‍ ഏര്‍പ്പെടുവാന്‍ തടസ്സമല്ല. നിത്യവും പരസ്യവുമായ ചാരിത്ര്യവ്രതം മാത്രമേ സാധുവായ വിവാഹബന്ധത്തിനു തടസ്സമായി നില്ക്കുന്നുള്ളൂ.

കാനോന 806: വിവാഹം നടത്തുവാനുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകപ്പെടുകയോ കുറഞ്ഞപക്ഷം അധീനതയില്‍ വയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്ന വ്യക്തിയുമായി സാധുവായി വിവാഹം നടത്തുവാന്‍ സാധ്യമല്ല. അല്ലാത്തപക്ഷം പ്രസ്തുത വ്യക്തി അപഹര്‍ത്താവില്‍നിന്നോ അധീനമാക്കിയ ആളില്‍നിന്നോ മോചിപ്പിക്കപ്പെട്ട് സുരക്ഷിതവും സ്വതന്ത്രവുമായ ഒരു സ്ഥലത്തെത്തിയിരിക്കുകയും സ്വതന്ത്രമായി വിവാഹത്തിന് സമ്മതിക്കുകയും വേണം.

വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകപ്പെടുകയോ അധീനതയില്‍ ആക്കപ്പെടുകയോ ചെയ്ത വ്യക്തിയുമായി സാധുവായി വിവാഹം നടത്താന്‍ സാധിക്കില്ല. ഇത് സ്ത്രീകള്‍ക്കെന്നതുപോലെ പുരുഷന്മാര്‍ക്കും ബാധകമാണ്. ഒരു വ്യക്തിയെ തട്ടിക്കൊണ്ടുപോകുക, അധീനതയില്‍ വയ്ക്കുക തുടങ്ങിയവ മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് എതിരായതുകൊണ്ട് തീര്‍ച്ചയായും ശിക്ഷാര്‍ഹമാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട വ്യക്തി സ്വതന്ത്രമായ സ്ഥലത്തെത്തി സ്വതന്ത്രമനസ്സോടെ വിവാഹത്തിനു സമ്മതിച്ചാല്‍ വിവാഹതടസ്സം തീരുന്നു.

കാനോന 807: 1. ഒരു നിശ്ചിത വ്യക്തിയുമായി വിവാഹത്തിലേര്‍പ്പെടുവാനുള്ള ലക്ഷ്യത്തോടുകൂടി ആ വ്യക്തിയുടെ വിവാഹപങ്കാളിയുടെയോ സ്വന്തം വിവാഹപങ്കാളിയുടെയോ മരണത്തിനിടയാക്കുന്ന വ്യക്തി പ്രസ്തുത വിവാഹത്തിലേര്‍പ്പെടുന്നത് അസാധുവായിരിക്കും.

  1. ശാരീരികമോ ധാര്‍മ്മികമോ ആയ പരസ്പരസഹകരണത്തോടെ വിവാഹപങ്കാളിയെ അപായപ്പെടുത്തുന്നവര്‍ തമ്മില്‍ വിവാഹത്തിനു ശ്രമിക്കുന്നത് അസാധുവായിരിക്കും.

ഒരു നിശ്ചിത വ്യക്തിയുമായി വിവാഹത്തിലേര്‍പ്പെടാന്‍വേണ്ടി സ്വന്തം ജീവിതപങ്കാളിയെയോ മറുകക്ഷിയുടെ ജീവിതപങ്കാളിയെയോ അപായപ്പെടുത്തുന്നതിനെ ദമ്പതീവധം(conjugicide)എന്നു പറയുന്നു. ഇത് സാധുവായി വിവാഹം നടത്തുന്നതിനു തടസ്സമായി നില്ക്കുന്നു. ദമ്പതീവധം ഗൗരവകരമായ ഒരു കുറ്റമായതിനാല്‍ അത് കുറ്റം ചെയ്തയാളെ വിവാഹത്തിന് അയോഗ്യനാക്കുന്നു. ഈ തടസ്സത്തില്‍നിന്നു മോചനം നല്കാന്‍ മാര്‍പാപ്പയ്ക്കും പാത്രിയര്‍ക്കീസിനും മാത്രമേ സാധിക്കൂ. ദമ്പതീവധം സഹകരിച്ചുള്ള പ്രവര്‍ത്തനത്താലോ പ്രേരണയാലോ ആകാം.

കാനോന 808: 1. തായ്പരമ്പരയിലുള്ള രക്തബന്ധംമൂലം മുന്‍ഗാമികളും പിന്‍ഗാമികളും തമ്മിലുള്ള വിവാഹം അസാധുവായിരിക്കും.

     2.  ശാഖാപരമ്പരയിലുള്ള രക്തബന്ധംമൂലം നാലാം കരിന്തല ഉള്‍പ്പെടെവരെ വിവാഹം അസാധുവാണ്.

  1. കക്ഷികള്‍ തായ്പരമ്പരയിലെ ഏതെങ്കിലും കരിന്തലയിലോ ശാഖാപരമ്പരയിലെ രണ്ടാം കരിന്തലയിലോ രക്തബന്ധമുള്ളവരാണെന്ന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിവാഹം ഒരിക്കലും അനുവദിക്കുന്നതല്ല.    
  2. രക്തബന്ധംമൂലമുള്ള വിവാഹതടസ്സം പെരുകുന്നില്ല (is not multiplied).

കാനോന 809: 1. ചാര്‍ച്ചാബന്ധം തായ്പരമ്പരയില്‍ ഏതു കരിന്തലയിലുമുള്ള വിവാഹത്തെയും ശാഖാപരമ്പരയില്‍ രണ്ടാം കരിന്തലയിലുള്ള വിവാഹത്തെയും അസാധുവാക്കുന്നു.

  1. ചാര്‍ച്ചാബന്ധംമൂലമുള്ള വിവാഹതടസ്സം പെരുകുന്നില്ല.

രക്തബന്ധം(consanguinity) രണ്ടുതരത്തിലുണ്ട്. ഇത് തായ്പരമ്പരയിലും (direct line)ശാഖാപരമ്പരയിലും(collateral line)ആകാം. പൊതുകാരണവരെ ഒഴിവാക്കി ആകെ എത്രപേര്‍ ഉണ്ടെന്ന് നോക്കിയാണ് ഡിഗ്രി അഥവാ കരിന്തല കണക്കാക്കുക. തായ്പരമ്പരയില്‍ (ഉദാ: അപ്പന്‍, മകള്‍, പേരക്കുട്ടി എന്നിവര്‍) ഒരിക്കലും വിവാഹം അനുവദനീയമല്ല. ഈ ബന്ധം ഉള്ളവര്‍ തമ്മില്‍ സാധുവായി വിവാഹത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. ഈ തടസ്സം ആര്‍ക്കും ഒഴിവാക്കാനും അധികാരമില്ല. ശാഖാപരമ്പരയില്‍ നാലാം കരിന്തല ഉള്‍പ്പെടെവരെ വിവാഹതടസ്സമുണ്ട് (ഉദാ:- ജ്യേഷ്ഠന്‍-അനുജന്‍, ആങ്ങള-പെങ്ങള്‍, ചേച്ചി-അനുജത്തി എന്നിവരുടെ മക്കള്‍ തമ്മില്‍). ശാഖാപരമ്പരയിലെ രണ്ടാം കരിന്തലയിലെ വ്യക്തികള്‍ക്ക് (ഉദാ:-ആങ്ങള, പെങ്ങള്‍) വിവാഹതടസ്സത്തില്‍നിന്നും ഒഴിവ് ലഭിക്കില്ല.

കാനോന 810: 1. പൊതുമാന്യതയുടെ അടിസ്ഥാനത്തിലുള്ള വിവാഹതടസ്സം താഴെപ്പറയുന്ന സാഹചര്യങ്ങളില്‍നിന്നുളവാകുന്നു:

1. അസാധുവായ വിവാഹത്തിനുശേഷമുള്ള കൂട്ടായ ജീവിതം;

2. കുപ്രസിദ്ധമോ പരസ്യമോ ആയ ഉപസ്ത്രീ സഹവാസം;

3. നിയമം നിര്‍ദ്ദേശിക്കുന്ന കാനോനിക ക്രമമനുസരിച്ച് വിവാഹം നടത്തേണ്ട വ്യക്തികള്‍ അതിനു വിപരീതമായി ഒരു സിവില്‍ ഉദ്യോഗസ്ഥന്‍റെയോ, അകത്തോലിക്കാപുരോഹിതന്‍റെയോ മുമ്പാകെ വിവാഹം നടത്തിയതിനുശേഷം നയിക്കുന്ന കൂട്ടായ ജീവിതം

2. ഈ വിവാഹതടസ്സം സ്ത്രീക്ക് പുരുഷന്‍റെയോ പുരുഷന് സ്ത്രീയുടെയോ തായ്പരമ്പരയിലെ ഒന്നാം കരിന്തലയില്‍ രക്തബന്ധമുള്ളവരുമായുള്ള വിവാഹം അസാധുവാക്കുന്നു.

സ്ത്രീക്ക് പുരുഷന്‍റെയോ പുരുഷന് സ്ത്രീയുടെയോ തായ്പരമ്പരയിലെ ഒന്നാം കരിന്തലയില്‍പ്പെട്ട ബന്ധുക്കളുമായുള്ള വിവാഹം അസാധുവാകുന്നു. ഉദാഹരണത്തിന്, ഒരു പുരുഷനും, തന്‍റെ ഉപസ്ത്രീക്ക് ശരിയല്ലാത്ത മറ്റൊരു ബന്ധത്തില്‍നിന്നുണ്ടായ മകളുമായുള്ള വിവാഹം അസാധുവാണ്.

കാനോന 811: 1. മാമ്മോദീസ സ്വീകരിക്കുന്ന വ്യക്തിയും അതുപോലെതന്നെ അയാളുടെ മാതാപിതാക്കളും തലതൊടുന്ന വ്യക്തിയുമായി വിവാഹത്തിലേര്‍പ്പെടുന്നത് അസാധുവാക്കുന്ന ഒരു ആത്മീയബന്ധം മാമ്മോദീസയില്‍നിന്നുളവാകുന്നു.

  1. വ്യവസ്ഥാധിഷ്ഠിതമായി മാമ്മോദീസ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍, ഒരേ വ്യക്തിതന്നെ രണ്ടാമതും തലതൊടാത്ത പക്ഷം, ആത്മീയബന്ധം ഉടലെടുക്കുന്നില്ല.

മാമ്മോദീസവഴി തലതൊട്ടപ്പനും തലതൊട്ടമ്മയ്ക്കും കുട്ടിയോടും ഒരു ആത്മീയബന്ധം (spiritual relationship)ഉണ്ടാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള വിവാഹത്തിന് ഈ ബന്ധം ഒരു തടസ്സമാണ്. എന്നാല്‍ ലത്തീന്‍ നിയമസംഹിതയില്‍ ഇത് വിവാഹതടസ്സമല്ല.

കാനോന 812: ദത്തെടുക്കലില്‍നിന്നുളവാകുന്ന നിയമാനുസൃതബന്ധംവഴി തായ്പരമ്പരയിലോ, ശാഖാപരമ്പരയിലെ രണ്ടാം കരിന്തലയിലോ ബന്ധപ്പെട്ടിരിക്കുന്നവര്‍തമ്മില്‍ സാധുവായി വിവാഹത്തിലേര്‍പ്പെടുവാന്‍ സാദ്ധ്യമല്ല.

ദത്തുവഴി ഉളവാകുന്ന നിയമാനുസൃതമായ ബന്ധം (legal relationship) വിവാഹത്തിന് ഒരു തടസ്സമാണ്. ഇക്കാര്യത്തില്‍ അതാതു സ്ഥലത്തെ സിവില്‍നിയമം പാലിക്കേണ്ടതാണ്.

മിശ്രവിവാഹങ്ങള്‍

കത്തോലിക്കനും മാമ്മോദീസ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കനും തമ്മിലുള്ള വിവാഹത്തെയാണ് ഈ നിയമസംഹിതയില്‍ മിശ്രവിവാഹം എന്നു പറയുന്നത്. നിയമാനുസൃതാധികാരിയുടെ അനുവാദംകൂടാതെ ഇങ്ങനെയുള്ള വിവാഹം അനുവദനീയമല്ല. തക്കതായ കാരണമുള്ളപ്പോള്‍ വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് രൂപതാദ്ധ്യക്ഷന് പ്രസ്തുത വിവാഹത്തിന് അനുവാദം നല്കാം. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഇടയില്‍ മിശ്രവിവാഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഗൗരവമാര്‍ന്ന കാരണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉതപ്പിനു കാരണമാകാതെ മിശ്രവിവാഹം ഇപ്പോള്‍ അനുവദിക്കാറുണ്ട്.

കാനോന 813: തക്ക അധികാരിയില്‍നിന്നു മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ, മാമ്മോദീസ സ്വീകരിച്ച രണ്ടുപേര്‍ തമ്മില്‍, അവരില്‍ ഒരാള്‍ കത്തോലിക്കാവിശ്വാസിയും മറ്റേയാള്‍ അകത്തോലിക്കാവിശ്വാസിയുമായിരിക്കുമ്പോള്‍, വിവാഹം നടത്തുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു.

ക്രൈസ്തവവിശ്വാസത്തിനു ഹാനികരമായേക്കാമെന്നതിനാല്‍ കത്തോലിക്കരും അക്രൈസ്തവരുമായുള്ള വിവാഹം ആദിമകാലംമുതലേ അനുവദിക്കപ്പെട്ടിരുന്നില്ല. ഇതേ കാരണത്താല്‍ത്തന്നെ കത്തോലിക്കാകൂട്ടായ്മയില്‍നിന്നകന്നുനില്ക്കുന്ന അകത്തോലിക്കരുമായുള്ള വിവാഹവും ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ എക്യുമെനിസത്തെയും മതസ്വാതന്ത്ര്യത്തേയും കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുറന്ന ചിന്താഗതിയോടെ ആധുനികലോകത്തില്‍ വര്‍ത്തിക്കുവാനായി മിശ്രവിവാഹങ്ങള്‍ നിബന്ധനകളോടെ സഭ അംഗീകരിച്ചുതുടങ്ങി. തക്കഅധികാരിയില്‍നിന്ന് അനുവാദം വാങ്ങണമെന്ന നിബന്ധന മിശ്രവിവാഹത്തിലെ ഒരു പ്രത്യേക വ്യവസ്ഥയായി നിലനിര്‍ത്തുന്നു. അതായത്, പൊതുനിയമം അനുസരിച്ച് മിശ്രവിവാഹം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മിശ്രവിവാഹത്തെ സംബന്ധിച്ച് ഏതെങ്കിലും അകത്തോലിക്കാസഭകളുമായി ധാരണയിലെത്തിയിട്ടുണ്ടെങ്കില്‍ അവയിലെ നിബന്ധനകള്‍ പാലിക്കുകയും വേണം. ഉദാഹരണത്തിന്, കത്തോലിക്കാസഭയും മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുമായി വിവാഹത്തെ സംബന്ധിച്ചെത്തിച്ചേര്‍ന്നിട്ടുള്ള ധാരണയിലെ നിര്‍ദ്ദേശങ്ങള്‍ ഈ സഭാംഗങ്ങള്‍ തമ്മിലുള്ള വിവാഹത്തില്‍ പാലിക്കപ്പെടേണ്ടതാണ്.

കാനോന 814:  ന്യായമായ കാരണത്താല്‍ സ്ഥലമേലദ്ധ്യക്ഷന് (മിശ്രവിവാഹത്തിന്) അനുവാദം നല്‍കാന്‍ കഴിയും. എന്നിരുന്നാലും താഴെപ്പറയുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ അദ്ദേഹം ഇത് അനുവദിക്കരുത്:

 1. തന്‍റെ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചു പോയേക്കാവുന്ന അപകടസാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് തയ്യാറാണെന്ന് കത്തോലിക്കാകക്ഷി പ്രഖ്യാപിക്കുകയും കുട്ടികളെല്ലാവരെയും കത്തോലിക്കാസഭയില്‍ മാമ്മോദീസയും ശിക്ഷണവും നല്‍കി വളര്‍ത്തുന്നതിന് തന്‍റെ കഴിവിനനുസരിച്ച് പരിശ്രമിക്കുന്നതാണെന്ന് ആത്മാര്‍ത്ഥമായി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു;

 2. കത്തോലിക്കാകക്ഷി ചെയ്യേണ്ട വാഗ്ദാനങ്ങളെപ്പറ്റി അകത്തോലിക്കാകക്ഷിയെ യഥാസമയം അറിയിക്കണം. കത്തോലിക്കാകക്ഷിയുടെ വാഗ്ദാനത്തെയും കടമയെയുംപറ്റി അകത്തോലിക്കാകക്ഷി ശരിക്കും ബോധവാനാണ് എന്ന് വ്യക്തമാകുന്നതിനുവേണ്ടിയാണിത്;

 3. വിവാഹത്തിന്‍റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയുംകുറിച്ച് രണ്ടു കക്ഷികളെയും ബോധവത്ക്കരിക്കണം; ദമ്പതിമാരില്‍ ആരും ഈ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഒഴിവാക്കാന്‍ പാടില്ല.

മിശ്രവിവാഹത്തെ ഒരു അപവാദമായി (exceptional case) പരിഗണിക്കുന്നതിനാലാണ് ന്യായമായ കാരണത്താലേ ഇതനുവദിക്കാവൂ എന്ന് നിയമം അനുശാസിക്കുന്നത്. ഒരേ വിശ്വാസത്തിലുള്ളവരുടെ വിവാഹമാണ് അഭികാമ്യം. ന്യായമായ കാരണമുണ്ടെങ്കിലും മെത്രാന് മിശ്രവിവാഹത്തിനുള്ള അനുമതി നിഷേധിക്കാവുന്നതാണ്.

അനുമതി ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം. കത്തോലിക്കാവിശ്വാസത്തിനെതിരായവ തിരസ്കരിക്കുകയും മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുകയും ചെയ്യണം. ഇത് അകത്തോലിക്കാപങ്കാളിയുടെ അവകാശങ്ങളുടെ നിഷേധമല്ല. കാരണം രണ്ടു കക്ഷികളുംകൂടി കാര്യങ്ങള്‍ നേരത്തേതന്നെ ചര്‍ച്ചചെയ്ത് തെറ്റിദ്ധാരണകള്‍ മാറ്റാനാവശ്യപ്പെട്ടിരിക്കും. കത്തോലിക്കാകക്ഷിയുടെ വാഗ്ദാനങ്ങളെപ്പറ്റി അകത്തോലിക്കാകക്ഷിയെ യഥാകാലം ധരിപ്പിക്കണം. വിവാഹ ഒരുക്കം കൃത്യമായി നടത്തിയേ വിവാഹത്തിലേക്ക് പ്രവേശിക്കാവൂ. ഇതിന് ഇന്ന് നിലവിലുള്ള വിവാഹഒരുക്ക സെമിനാറുകള്‍ സഹായകമാണ്.

കാനോന 815: എല്ലായ്പ്പോഴും ആവശ്യമായ ഈ പ്രഖ്യാപനങ്ങളും നടത്തേണ്ട വിധത്തെപ്പറ്റിയും ബാഹ്യതലത്തില്‍ തല്‍സംബന്ധമായി എന്തു തെളിവുവേണം എന്നതിനെപ്പറ്റിയും ഏതു വിധത്തില്‍ ഇക്കാര്യങ്ങള്‍ അകത്തോലിക്കാകക്ഷിയുടെ ശ്രദ്ധയില്‍കൊണ്ടുവരണം എന്നതിനെപ്പറ്റിയും ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമം വ്യവസ്ഥ ചെയ്യണം.

ലോകത്തിലെ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍, 814-ാം കാനോനയിലെ വ്യവസ്ഥകളുടെ വെളിച്ചത്തില്‍, ഓരോ സഭയ്ക്കും മിശ്രവിവാഹത്തിന്‍റെ കാര്യത്തില്‍ പ്രത്യേകനിയമം നിര്‍മ്മിക്കുവാനുള്ള അധികാരമുണ്ട്. ഇങ്ങനെയുള്ള വിവാഹാവസരങ്ങളില്‍ നടത്തുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഒരു പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത് പ്രായോഗികതലത്തില്‍ വളരെ ഉപകാരപ്രദമാണ്. മിശ്രവിവാഹത്തിന്‍റെ നടപടിക്രമങ്ങളും പ്രത്യേകനിയമത്തില്‍ പറഞ്ഞിരിക്കേണ്ടതാണ്.

കാനോന 816: തങ്ങളുടെ മനഃസാക്ഷിയുടെ കടമകള്‍ നിറവേറ്റുന്നതിന് കത്തോലിക്കാകക്ഷിക്കും മിശ്രവിവാഹത്തില്‍നിന്നുണ്ടാകുന്ന കുട്ടികള്‍ക്കും ആവശ്യമായ ആദ്ധ്യാത്മികസഹായത്തില്‍ കുറവുവരാതിരിക്കുവാനും വൈവാഹികജീവിതത്തിലെയും കുടുംബജീവിതത്തിലെയും ഐക്യം പരിപോഷിപ്പിക്കുന്നതിന് ദമ്പതിമാരെ സഹായിക്കുവാനും സ്ഥലമേലദ്ധ്യക്ഷന്മാരും മറ്റ് ആത്മപാലകരും ശ്രദ്ധിക്കണം.

മിശ്രവിവാഹം നടത്തിയവര്‍ക്ക് പ്രത്യേകമായ അജപാലനപരിഗണന ആവശ്യമാണ്. സ്ഥലമേലദ്ധ്യക്ഷനും ഇടവകവികാരിക്കും ഇക്കാര്യത്തില്‍ പ്രത്യേകം കടമയുണ്ട്. കുടുംബജീവിതത്തിലെ ഐക്യം പരിപോഷിപ്പിക്കുവാനും കത്തോലിക്കാക്കക്ഷിക്കുവേണ്ട പിന്തുണ നല്കുവാനും അവരുടെ മക്കളെ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തുന്നതില്‍ സഹായിക്കുവാനുമുള്ള കടമ അജപാലകര്‍ക്കുണ്ട്.

 

വിവാഹസമ്മതം

കാനോന 817: 1. വിവാഹബന്ധം സ്ഥാപിക്കുന്നതിനായി സ്ത്രീയും പുരുഷനും അലംഘനീയമായ ഒരു ഉടമ്പടിവഴി പരസ്പരം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്ന, ഇച്ഛാശക്തിയുടെ പ്രവൃത്തി(act of will)യാണ് വിവാഹസമ്മതം.

  1. യാതൊരു മാനുഷികശക്തിക്കും ഈ വിവാഹസമ്മതത്തിന് പകരംനില്‍ക്കാനാവില്ല.

വിവാഹസമ്മതംവഴി വധൂവരന്മാര്‍ പരസ്പരം നല്കുന്നു. സ്നേഹമില്ലാതെയുള്ള നല്കല്‍ യഥാര്‍ത്ഥമായ നല്കല്‍ അല്ല. വിവാഹജീവിതം ആരംഭിക്കുന്നതിനായി സ്ത്രീയും പുരുഷനും തങ്ങളെത്തന്നെ പരസ്പരം നല്കുന്നതാണ് വിവാഹസമ്മതംകൊണ്ട് ഉദ്ദേശിക്കുന്നത്.

കാനോന 818:  താഴെപ്പറയുന്നവര്‍ വിവാഹം നടത്തുവാന്‍ പ്രാപ്തിയില്ലാത്തവരാണ്:

 1. മതിയായ ആലോചനാശക്തിയില്ലാത്തവര്‍;

 2. പരസ്പരം നല്‍കുകയും സ്വീകരിക്കപ്പെടുകയും ചെയ്യേണ്ട അടിസ്ഥാനപരമായ വൈവാഹിക അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച വിവേചനാശക്തിക്ക് ഗൗരവമാര്‍ന്ന ന്യൂനതയുള്ളവര്‍;

 3. മാനസികസ്വഭാവമുള്ള കാരണങ്ങളാല്‍ വിവാഹത്തിന്‍റെ അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ അപ്രാപ്തരായവര്‍.

ആരൊക്കെയാണ് വിവാഹം കഴിക്കുന്നതിന് അയോഗ്യര്‍ എന്നാണ് ഈ കാനോന പറയുന്നത്. മാനസികരോഗികള്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ചു പലപ്പോഴും ബോധവാന്മാരല്ല. ആവശ്യമായ ആലോചനാശക്തിയില്ലാത്തവര്‍ മനസ്സിലാക്കാനും തീരുമാനമെടുക്കാനും അപ്രാപ്തരാണ്. ഇവയെല്ലാം ഉത്തരവാദിത്വപൂര്‍ണ്ണമായി കാര്യങ്ങള്‍ ചെയ്യാന്‍ തടസ്സമാണ്.

കാനോന 819:  വിവാഹമെന്നത് ലൈംഗികസഹകരണംവഴി സന്താനോല്പാദനം നിര്‍വ്വഹിക്കുന്നതിനായി പുരുഷനും സ്ത്രീയും തമ്മിലുള്ള സ്ഥിരമായ ഒരു കൂട്ടായ്മയാണെന്നുള്ള കാര്യത്തിലെങ്കിലും ഇരുകക്ഷികളും അജ്ഞരല്ലാതിരിക്കുന്നത് വിവാഹസമ്മതം സാധുവാകുന്നതിന് ആവശ്യകമാണ്.

വിവാഹത്തിന്‍റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള അജ്ഞത വിവാഹസമ്മതത്തെ അസാധുവാക്കാം. വിവാഹം സ്ഥിരമായ കൂട്ടായ്മയാണെന്നും എതിര്‍ലിംഗത്തില്‍പ്പെട്ടയാളുമായുള്ള ലൈംഗികസഹകരണത്തിലൂടെയാണ് സന്താനോല്‍പ്പാദനം സാധിക്കുന്നതെന്നുമുള്ള അറിവെങ്കിലും വിവാഹിതരാകുന്നവര്‍ക്കുണ്ടാകണം.

കാനോന 820: 1. വ്യക്തി മാറിപ്പോകുന്ന അവസ്ഥ (error conceninig person)വിവാഹത്തെ അസാധുവാക്കുന്നു.

  1. വ്യക്തിയുടെ ഏതെങ്കിലും ഗുണവിശേഷത്തെ സംബന്ധിച്ച തെറ്റായ അറിവ് വിവാഹത്തിന് കാരണമായിരുന്നാല്‍ത്തന്നെയും പ്രസ്തുത ഗുണവിശേഷം നേരിട്ടും മുഖ്യമായും ഉദ്ദേശിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അത് വിവാഹത്തെ അസാധുവാക്കുന്നില്ല.

തെറ്റിദ്ധാരണയാല്‍, നിശ്ചയിച്ച വ്യക്തിക്കുപകരം മറ്റൊരാളെ വിവാഹം ചെയ്താല്‍ അത് അസാധുവാണ്. കാരണം, അവിടെ വിവാഹസമ്മതമില്ല. എന്നാല്‍ പങ്കാളിയില്‍ പ്രതീക്ഷിച്ച ഏതെങ്കിലും ഗുണത്തിന്‍റെ അഭാവം സമ്മതത്തെ അസാധുവാക്കുന്നില്ല. പ്രത്യക്ഷമായും മുഖ്യമായും ഉദ്ദേശിച്ച ഗുണവിശേഷങ്ങളുടെ അഭാവം മാത്രമേ വിവാഹത്തെ അസാധുവാക്കുകയുള്ളൂ.

കാനോന 821: ദാമ്പത്യജീവിതക്കൂട്ടായ്മയെ സ്വഭാവത്താല്‍ത്തന്നെ ദുഷ്കരമാക്കുന്ന, പങ്കാളിയുടെ ഏതെങ്കിലും ഗുണവിശേഷത്തെ സംബന്ധിച്ച് വിവാഹസമ്മതം ലഭിക്കുന്നതിനായി വഞ്ചനയാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തിയുടെ വിവാഹം അസാധുവാണ്.

വ്യക്തിമാഹാത്മ്യത്തിന് വേണ്ടത്ര ബഹുമാനം കൊടുക്കുകയാണ് ഈ കാനോനയുടെ ലക്ഷ്യം. ചതിപ്രയോഗത്താല്‍ നിര്‍വ്വഹിക്കപ്പെടുന്ന നൈയാമികപ്രവൃത്തികള്‍ അസാധുവാണല്ലോ. അതിനാല്‍ ചതിക്കപ്പെട്ടയാളുടെ വ്യക്തിപരമായ നിലപാടിനെയല്ല, പിന്നെയോ, വിവാഹക്കൂട്ടായ്മ, ജീവിതത്തെ സാരമായി ബാധിക്കുന്ന വഞ്ചനയുടെ സ്വഭാവത്തെയാണ് പരിഗണിക്കേണ്ടത്. ചതിപ്രയോഗം നടത്തുന്നവര്‍ കാനോന 935 അനുസരിച്ച് നഷ്ടപരിഹാരം നല്കുവാന്‍ ബാദ്ധ്യസ്ഥരാണ്.

കാനോന 822: വിവാഹത്തിന്‍റെ ഐക്യത്തെയോ, അഭേദ്യതയെയോ കൗദാശികപദവിയെയോ സംബന്ധിച്ചുള്ള തെറ്റായ അറിവ് ഇച്ഛാശക്തിയെ നിശ്ചയിക്കാത്തിടത്തോളം അത് വിവാഹസമ്മതത്തെ പ്രതികൂലമായി ബാധിക്കുന്നില്ല.

ക്രൈസ്തവവിവാഹത്തിന്‍റെ ലക്ഷണങ്ങളെയും ലക്ഷ്യങ്ങളെയും പറ്റിയുള്ള ഒരു വ്യക്തിയുടെ അറിവ് തെറ്റാണെങ്കില്‍പ്പോലും അദ്ദേഹത്തിന്‍റെ വിവാഹസമ്മതം ഇച്ഛാശക്തിയുടെ സ്വതന്ത്രമായ തീരുമാനമാണെങ്കില്‍ ആ തെറ്റായ അറിവ് വിവാഹത്തെ അസാധുവാക്കുകയില്ല.

കാനോന 823: വിവാഹത്തിന്‍റെ അവാസ്തവികതയെ സംബന്ധിച്ചുള്ള അറിവോ അഭിപ്രായമോ വിവാഹസമ്മതത്തെ അവശ്യം ഇല്ലാതാക്കുന്നില്ല.

വിവാഹത്തിന്‍റെ സാധുതയില്ലായ്മയെക്കുറിച്ചുള്ള അറിവോ അഭിപ്രായമോ വിവാഹസമ്മതം ഇല്ലാതാക്കണമെന്നില്ല. ചിലപ്പോള്‍ ഇത് ഒരു കാരണമായേക്കാം എന്നുമാത്രം.

കാനോന 824: 1. മനസ്സിന്‍റെ ആന്തരികസമ്മതം വിവാഹകര്‍മ്മത്തിലെ വാക്കുകളും അടയാളങ്ങളുമായി ഒത്തുപോകുന്നുവെന്ന് അനുമാനിക്കപ്പെടുന്നു.

  1. എന്നാല്‍ കക്ഷികളില്‍ ആരെങ്കിലും ഒരാളോ, അല്ലെങ്കില്‍ രണ്ടുപേരുമോ, ഇച്ഛാശക്തിയുടെ നിയതമായ നിശ്ചയത്തിലൂടെ വിവാഹത്തെത്തന്നെയോ, അതിന്‍റെ കാതലായ ഏതെങ്കിലും ഘടകത്തെയോ, അതിന്‍റെ സാരവത്തായ ഏതെങ്കിലും ഗുണവിശേഷത്തെയോ ഒഴിവാക്കുകയാണെങ്കില്‍ ആ വിവാഹം അസാധുവായിരിക്കും.

ബുദ്ധിയുള്ള മനുഷ്യന്‍റെ പ്രവൃത്തികള്‍ അവന്‍റെ നിയോഗങ്ങള്‍ ബാഹ്യഅടയാളങ്ങളിലൂടെ അവതരിപ്പിക്കുന്നവയാണ്. ഇതനുസരിച്ച് വിവാഹാഘോഷത്തില്‍ ഉപയോഗിക്കുന്ന വാക്കുകളിലും അടയാളങ്ങളിലും മനസ്സിന്‍റെ ആന്തരികസമ്മതമുണ്ടെന്നനുമാനിക്കാം. മനസ്സിന്‍റെ നിയതമായ നിശ്ചയത്തിലൂടെ വിവാഹത്തെത്തന്നെയോ അതിന്‍റെ കാതലായ ഘടകങ്ങളെയോ ഗുണങ്ങളെയോ ഒഴിച്ചുനിര്‍ത്തുന്നത് വിവാഹം അസാധുവാക്കും.

വിവാഹസമ്മതത്തിന്‍റെ കപടഭാവം (simulation) പൂര്‍ണ്ണമോ ഭാഗികമോ ആകാം. അത് പൂര്‍ണ്ണമാവുന്നത് വിവാഹസമ്മതം ബാഹ്യമായി പ്രകടിപ്പിക്കുകയും അതേസമയം ഇച്ഛാശക്തിയുടെ നിശ്ചയത്തിലൂടെ ആന്തരികമായി അതു നിഷേധിക്കുകയും ചെയ്യുമ്പോഴാണ്. വിവാഹത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഏതെങ്കിലും ഗുണങ്ങള്‍ ഒഴിവാക്കപ്പെടുമ്പോഴാണ് അത് ഭാഗികമാകുന്നത്. ഒഴിച്ചുകൂടാനാവാത്ത ഗുണങ്ങള്‍ എന്നു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് വ്യക്തിപരമായ ബന്ധത്തിനുള്ള അവകാശം, ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം, സന്താനോല്പാദനത്തിനുള്ള അവകാശം തുടങ്ങിയവയാണ്. ഗര്‍ഭനിരോധനോപാധികളുടെ ഉപയോഗം മേല്പറഞ്ഞ അവകാശങ്ങളുടെ ലംഘനമാണ്. വിവാഹഉടമ്പടി അറിഞ്ഞുകൊണ്ട് ലംഘിക്കുവാനുള്ള മനസ്സിന്‍റെ ശക്തമായ നിയോഗം (wilful intention)വിവാഹത്തെ അസാധുവാക്കുന്നു. ഇത് വിവാഹഉടമ്പടിയുടെ അവിഭാജ്യതയ്ക്ക് എതിരാണ്.

കാനോന 825: ബലപ്രയോഗത്തില്‍നിന്നോ പുറമേനിന്നുണ്ടാകുന്ന വലിയ ഭയത്തില്‍നിന്നോ രക്ഷപ്പെടുന്നതിനുവേണ്ടി ഒരു വ്യക്തി വിവാഹം നടത്തുവാന്‍ നിര്‍ബന്ധിതനാകുകയാണെങ്കില്‍-പ്രസ്തുത ഭീഷണി മനഃപൂര്‍വ്വമുള്ളതല്ലായിരുന്നെങ്കില്‍ത്തന്നെയും-ആ വിവാഹം അസാധുവായിരിക്കും.

ന്യായമായോ അന്യായമായോ അടിച്ചേല്‍പ്പിക്കപ്പെട്ട ഭയത്തില്‍നിന്നു രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗമായി, വിവാഹത്തിന് ആഗ്രഹമില്ലെങ്കിലും വിവാഹത്തെ കാണുന്നവരുണ്ട്. ഇങ്ങനെ നേരിട്ടും അല്ലാതെയുമുള്ള ഭയത്താല്‍ നടത്തപ്പെടുന്ന വിവാഹം അസാധുവാണ്.

ബലപ്രയോഗം (force) എന്നത് ശാരീരികമോ ധാര്‍മ്മികമോ ആവാം. ഭയം (fear) മനഃശാസ്ത്രപരമായ സമ്മര്‍ദ്ദഫലമായോ ധാര്‍മ്മികപ്രേരണയുടെ ഫലമായോ മനസ്സിനുണ്ടാകുന്ന സമ്മര്‍ദ്ദഫലമായോ  ധാര്‍മ്മികപ്രേരണയുടെ ഫലമായോ മനസ്സിനുണ്ടാകുന്ന ഒരു ചാഞ്ചല്യമാണ്. ഇതില്‍നിന്നു സ്വതന്ത്രമാകുന്നതിനായിട്ടാകാം ചിലര്‍ വിവാഹം തിരഞ്ഞെടുക്കുന്നത്.

അടിച്ചേല്‍പ്പിക്കപ്പെട്ടതോ ആവശ്യമില്ലാത്തതോ ആയ വിവാഹത്തോടുള്ള താല്പര്യമില്ലായ്മ ഭയത്തിന്‍റെ ഒരു പരോക്ഷമായ തെളിവാണ്. വിവാഹത്തോടുള്ള താല്പര്യമില്ലായ്മ വ്യക്തിയോടുള്ള താല്പര്യമില്ലായ്മയാവണമെന്നില്ല.

കാനോന 826: ഏതെങ്കിലും വ്യവസ്ഥവച്ചുകൊണ്ട് വിവാഹം സാധുവായി നടത്തുവാന്‍ സാധിക്കുകയില്ല.

വ്യവസ്ഥയോടുകൂടിയ വിവാഹം (condition marriage) അസാധുവാണ്. ഇത്തരം വിവാഹത്തോടുള്ള എതിര്‍പ്പ് എല്ലാ പൗരസ്ത്യസഭാപാരമ്പര്യങ്ങളിലും പണ്ടുമുതലേ പ്രകടമാണ്.

ക്രിസ്തീയവിവാഹത്തിന് അവശ്യംവേണ്ട പൂര്‍ണ്ണമായ സ്വയം സമര്‍പ്പണത്തിനെതിരാണ് വിവാഹാവസരത്തില്‍ വ്യവസ്ഥകള്‍ വയ്ക്കുന്നത്. ഇത് വിവാഹഉടമ്പടിയുടെ പൂര്‍ണ്ണത, ആത്മാര്‍ത്ഥത, പരിശുദ്ധി എന്നിവയ്ക്കും എതിരാണ്.

കാനോന 827: വിവാഹതടസ്സമുള്ളതിനാലോ, നിയമം ആവശ്യപ്പെടുന്ന കാനോനികക്രമത്തില്‍ വന്ന വൈകല്യംമൂലമോ വിവാഹം അസാധുവായാണ് നടന്നിട്ടുള്ളതെങ്കില്‍പ്പോലും, വിവാഹസമ്മതം പിന്‍വലിച്ചതായി തെളിയിക്കപ്പെടുന്നതുവരെ അതു തുടരുന്നതായി പരിഗണിക്കപ്പെടുന്നു.

വിവാഹസമ്മതം ഒരു നിശ്ചിതസമയത്തേക്കുള്ളതല്ല, പിന്നെയോ എന്നെന്നേക്കുമുള്ളതാണ്. വിവാഹതടസ്സങ്ങളാലോ സമ്മതത്തിന്‍റെ പോരായ്മയാലോ വിവാഹം അസാധുവായാണ് നടന്നത് എന്നു വ്യക്തമാണെങ്കിലും ദമ്പതികളിലൊരാള്‍ അത് ഏറ്റുപറയുകയും അത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നതുവരെ വിവാഹസമ്മതം തുടരുന്നതായി കണക്കാക്കണം.

 

വിവാഹത്തിന്‍റെ കാനോനികക്രമം

കാനോന 828: 1. സ്ഥലമേലദ്ധ്യക്ഷന്‍റെയോ സ്ഥലത്തെ വികാരിയുടെയോ, അല്ലെങ്കില്‍ വിവാഹം ആശീര്‍വ്വദിക്കുവാന്‍ അവരിലാരെങ്കിലും അധികാരപ്പെടുത്തുന്ന വൈദികന്‍റെയോ സാന്നിദ്ധ്യത്തിലും രണ്ടുസാക്ഷികളുടെ മുമ്പാകെയും, എന്നാല്‍ 832,828ങ്ങ2എന്നീ കാനോനകളില്‍ പറഞ്ഞിരിക്കുന്ന അപവാദങ്ങള്‍ കണക്കിലെടുത്തുകൊണ്ടും താഴെക്കൊടുത്തിരിക്കുന്ന കാനോനകള്‍ അനുസരിച്ച് തിരുക്കര്‍മ്മത്തോടുകൂടി നടത്തുന്ന വിവാഹങ്ങള്‍ മാത്രമേ സാധുവായിരിക്കുകയുള്ളൂ.

  1. വിവാഹം പരികര്‍മ്മംചെയ്തുകൊണ്ടും ആശീര്‍വ്വദിച്ചുകൊണ്ടുമുള്ള വൈദികന്‍റെ സാന്നിദ്ധ്യമാണ് 'തിരുക്കര്‍മ്മം' എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്.

വൈദികരുടെ നേതൃത്വത്തിലുള്ള തിരുക്കര്‍മ്മശുശ്രൂഷ എന്നതിനൊപ്പം തന്നെ, വിവാഹം വൈദികന്‍റെ ആശീര്‍വ്വാദത്തോടുകൂടിയ വിശുദ്ധമായ ഒരു കര്‍മ്മമാണെന്ന് പൗരസ്ത്യസഭാനിയമം അനുസ്മരിപ്പിക്കുന്നു. ലത്തീന്‍ കാനന്‍നിയമത്തില്‍, കക്ഷികളില്‍നിന്ന് സഭയുടെ നാമത്തില്‍ സമ്മതം ചോദിക്കുവാന്‍ വൈദികനും ഡീക്കനും അനുവാദമുണ്ട്. എന്നാല്‍ വൈദികന്‍റെ ആശീര്‍വ്വാദത്താല്‍ വിശുദ്ധമായിത്തീരുന്ന കര്‍മ്മം എന്ന നിലയ്ക്ക് പൗരസ്ത്യസഭാനിയമത്തില്‍ ഡീക്കന്‍റെയോ അത്മായരുടേയോമാത്രം സാന്നിദ്ധ്യത്തില്‍ വിവാഹം സാധാരണയായി നടക്കാറില്ല.

കാനോന 829: 1. ഔദ്യോഗികമായി അധികാരമേല്‍ക്കുന്ന അന്നുമുതല്‍ നിയമാനുസൃതമായി ഉദ്യോഗത്തില്‍ ഇരിക്കുന്നിടത്തോളം കാലം സ്ഥലമേലദ്ധ്യക്ഷനും സ്ഥലത്തെ വികാരിക്കും, തങ്ങളുടെ അധീനതയില്‍പ്പെട്ടവരായാലും അല്ലാത്തവരായാലും കക്ഷികളിലൊരാളെങ്കിലും തന്‍റെ സ്വയാധികാരസഭയില്‍ അംഗമാണെങ്കില്‍ അവരുടെ വിവാഹം തന്‍റെ അതിര്‍ത്തിക്കുള്ളില്‍ എവിടെയുംവച്ച് സാധുവായി ആശീര്‍വ്വദിക്കാവുന്നതാണ്.

  1. ഒരു കക്ഷിയെങ്കിലും തങ്ങളുടെ അധീനതയിലുള്ള ആളാണെങ്കില്‍ വ്യക്തിപരമായ അധികാരം വിനിയോഗിക്കുന്നമേലദ്ധ്യക്ഷനും വികാരിക്കും തങ്ങളുടെ അധികാരാതിര്‍ത്തിക്കുള്ളില്‍മാത്രം ഔദ്യോഗികാധികാരത്താല്‍ വിവാഹം സാധുവായി ആശീര്‍വ്വദിക്കുവാന്‍ കഴിയും.                                                
  2. ഒരു കക്ഷിയെങ്കിലും താന്‍ ആദ്ധ്യക്ഷ്യം വഹിക്കുന്ന സഭയില്‍ അംഗമായിരിക്കുന്നിടത്തോളംകാലം നിയമത്തിന്‍റെ മറ്റ് അനുശാസനങ്ങള്‍ പാലിച്ചുകൊണ്ട് ലോകത്തിന്‍റെ ഏതുഭാഗത്തും വ്യക്തിപരമായി വിവാഹം ആശീര്‍വ്വദിക്കുന്നതിന് പാത്രിയര്‍ക്കീസിന് നിയമത്താല്‍ത്തന്നെ അധികാരമുണ്ട്.

കാനോന 830: 1. നിയമാനുസൃതമായി അധികാരം വഹിക്കുന്നിടത്തോളംകാലം സ്ഥലമേലദ്ധ്യക്ഷനും സ്ഥലത്തെ വികാരിക്കും തങ്ങളുടെ അതിര്‍ത്തിക്കുള്ളിപ്പെട്ട ഒരു നിശ്ചിതവിവാഹം ആശീര്‍വ്വദിക്കുന്നതിനുള്ള അധികാരം ഏതു സ്വയാധികാരസഭയിലെ വൈദികര്‍ക്കും-ലത്തീന്‍സഭയിലെപോലും-നല്‍കുവാന്‍ കഴിയും.

  1. എന്നിരുന്നാലും, കാനോന302ങ്ങ2 പരിഗണിച്ചുകൊണ്ടുതന്നെ, വിവാഹം ആശീര്‍വ്വദിക്കുന്നതിനുള്ള പൊതുവായ അധികാരം (general faculty)നല്‍കുവാന്‍ സ്ഥലമേലദ്ധ്യക്ഷനുമാത്രമേ കഴിയുകയുള്ളൂ.                       
  2. വിവാഹങ്ങള്‍ ആശീര്‍വ്വദിക്കുവാനുള്ള അധികാരം നല്‍കുന്നത് സാധുവാകണമെങ്കില്‍ പ്രസ്തുത അധികാരം നിശ്ചിത വൈദികര്‍ക്ക് വ്യക്തമായി നല്‍കപ്പെടണം. കൂടാതെ ഈ അധികാരം പൊതുവായത് ആണെങ്കില്‍ അത് രേഖാമൂലം നല്‍കപ്പെടണം.

വിവാഹം ആശീര്‍വ്വദിക്കുന്നതിന് ലത്തീന്‍സഭയില്‍ അധികാരപരിധിയുടെ അതിര്‍ത്തി (territorial competence) മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. പൗരസ്ത്യകാനന്‍നിയമങ്ങളില്‍ അധികാരപരിധിയുടെ അതിര്‍ത്തികൂടാതെ റീത്തിന്‍റെ അധികാരപരിധി (territorial competence) യുംകൂടി പരിഗണിക്കണം; അതായത് വിവാഹം ആശീര്‍വ്വദിക്കുന്ന പുരോഹിതന്‍റെ റീത്തും വധൂവരന്മാരിലൊരാളുടെ റീത്തും ഒന്നായിരിക്കണം.

നേരത്തെ ഒരു പൗരസ്ത്യകത്തോലിക്കാമെത്രാനോ വൈദികനോ തന്‍റെ സഭാംഗങ്ങളല്ലാത്ത രണ്ടുപേരുടെ വിവാഹം സാധുവായി ആശീര്‍വ്വദിക്കുവാന്‍ അനുവാദമില്ലായിരുന്നു; അതുപോലെ ലത്തീന്‍സഭയിലെ മെത്രാനും വൈദികനും രണ്ടു പൗരസ്ത്യകാനന്‍നിയമം ലത്തീന്‍സഭയില്‍പ്പെട്ട വൈദികനാണെങ്കില്‍പ്പോലും പൗരസ്ത്യരുടെ വിവാഹം ആശീര്‍വ്വദിക്കുവാനുള്ള അര്‍പ്പിതാധികാരം(delegation)അദ്ദേഹത്തിനു നല്‍കുവാന്‍ സ്ഥലമേലദ്ധ്യക്ഷനോ വികാരിക്കോ അനുവാദം നല്‍കുന്നു. കുടിയേറ്റം വര്‍ദ്ധിച്ചുവരുന്ന ആധുനികസാഹചര്യത്തില്‍ പൗരസ്ത്യരെ സംബന്ധിച്ചിടത്തോളം ഇതു പ്രസക്തമാണ്.

കാനോന 831: 1. താഴെപ്പറയുന്ന അവസരങ്ങളില്‍ സ്ഥലമേലദ്ധ്യക്ഷനോ സ്ഥലത്തെ വികാരിക്കോ നിയമാനുസൃതം വിവാഹം ആശീര്‍വ്വദിക്കാവുന്നതാണ്:                                                                                            1. കക്ഷികളുടെ സ്ഥിരവാസസ്ഥാനമോ, താല്‍ക്കാലികവാസസ്ഥാനമോ ഒരു മാസത്തില്‍ കുറയാത്ത താമസമോ സ്ഥിരവാസമില്ലാതെ ഊരുചുറ്റി നടക്കുന്നവരുടെ കാര്യത്തിലാണെങ്കില്‍ വിവാഹം നടക്കുന്ന സ്ഥലത്ത് ഏതെങ്കിലും ഒരു കക്ഷിക്ക് യഥാര്‍ത്ഥത്തിലുള്ള താമസമോ സ്ഥിരീകരിച്ചതിനുശേഷം;         

     2.മുകളില്‍പ്പറഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാത്തപ്പോള്‍, ന്യായമായ കാരണം ഒഴിവ് അനുവദിക്കാത്തപക്ഷം, ഏതെങ്കിലും ഒരു കക്ഷിയുടെ സ്ഥിരവാസസ്ഥലത്തെയോ താല്‍ക്കാലികവാസസ്ഥലത്തെയോ മേലദ്ധ്യക്ഷന്‍റെയോ ഇടവകവികാരിയുടെയോ അനുവാദം അദ്ദേഹത്തിനുണ്ടെങ്കില്‍;                                                                                                                                        

 3. മറ്റൊരു സ്വയാധികാരസഭയുടെ മാത്രമായ സ്ഥലത്തുവച്ചാണെങ്കില്‍ അവിടെ തന്‍റെ അധികാരം വിനിയോഗിക്കുന്ന മേലദ്ധ്യക്ഷന്‍ വ്യക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍.                                                        

 2. പ്രത്യേകനിയമം മറിച്ചു നിശ്ചയിക്കാതിരിക്കുകയോ ന്യായമായ കാരണം ഇളവനുവദിക്കാതിരിക്കുകയോ ആണെങ്കില്‍ വരന്‍റെ ഇടവകവികാരിയുടെ മുമ്പാകെയാണ് വിവാഹം നടത്തേണ്ടത്.

വിവാഹം നിയമാനുസൃതം ആശീര്‍വ്വദിക്കുവാനുള്ള അധികാരം വരന്‍റെയോ വധുവിന്‍റയോ സ്ഥലമേലദ്ധ്യക്ഷനും ഇടവകവികാരിക്കുമാണുള്ളത്. സ്ഥലമേലദ്ധ്യക്ഷനെ അല്ലെങ്കില്‍ വികാരിയെ നിശ്ചയിക്കുന്നത് കക്ഷികളുടെ സ്ഥിരവാസസ്ഥാനത്തിന്‍റെയോ താല്ക്കാലികവാസസ്ഥാനത്തിന്‍റെയോ അടിസ്ഥാനത്തിലാണ്. ഇവ രണ്ടുമില്ലാത്തവരുടെ കാര്യത്തില്‍, വിവാഹം നടക്കുന്ന സ്ഥലത്തുള്ള ഒരു മാസത്തെ താമസം കണക്കിലെടുക്കണം. ഊരുചുറ്റി നടക്കുന്നവരുടെ കാര്യത്തില്‍ അവര്‍ താമസിക്കുന്ന സ്ഥലമാണ് പരിഗണിക്കേണ്ടത്. മറ്റു വൈദികര്‍ക്ക് വിവാഹം ആശീര്‍വ്വദിക്കണമെങ്കില്‍ മുകളില്‍പ്പറഞ്ഞ സ്ഥലമേലദ്ധ്യക്ഷന്‍റെയോ ഇടവകവികാരിയുടെയോ അനുവാദം ആവശ്യമാണ്.

കാനോന 832: 1. നിയമത്തിന്‍റെ മാനദണ്ഡപ്രകാരം അധികാരമുള്ള ഒരു വൈദികനെ ലഭിക്കുവാനോ സമീപിക്കുവാനോ ഗൗരവമായ അസൗകര്യം കൂടാതെ സാധിക്കുകയില്ലെങ്കില്‍ ശരിയായ വിവാഹം  ( true marriage) നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാക്ഷികളുടെമാത്രം സാന്നിധ്യത്തില്‍ താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ സാധുവായും നിയമാനുസൃതമായും വിവാഹിതരാകാം:

  1. മരണാസന്നാവസ്ഥയില്‍;                                                                                                                                         
  2. മരണാസന്നാവസ്ഥയ്ക്ക് പുറമെ, ഒരു മാസക്കാലം ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ തുടരുമെന്ന് വിവേകപൂര്‍വ്വം മുന്‍കൂട്ടി കാണുന്നുവെങ്കില്‍.                                                                                                                                                                                                                                                                           2. മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട് സാഹചര്യങ്ങളില്‍ സാക്ഷികളുടെമാത്രം സാന്നിധ്യത്തില്‍വച്ചു നടത്തുന്ന വിവാഹം സാധുവാണെന്നുള്ള വസ്തുത കണക്കിലെടുത്തുകൊണ്ടുതന്നെ, മറ്റൊരു പുരോഹിതന് സന്നിഹിതനാകുവാന്‍ കഴിയുകയാണെങ്കില്‍ വിവാഹം ആശീര്‍വ്വദിക്കുന്നതിനായി സാധിക്കുന്നിടത്തോളം അദ്ദേഹത്തെ വിളിക്കേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അകത്തോലിക്കാപുരോഹിതനെയും വിളിക്കാവുന്നതാണ്.

  3.  സാക്ഷികളുടെമാത്രം സാന്നിധ്യത്തിലാണ് വിവാഹം നടത്തപ്പെട്ടതെങ്കില്‍ എത്രയും പെട്ടെന്ന് ഒരു വൈദികനില്‍നിന്നു വിവാഹാശീര്‍വ്വാദം സ്വീകരിക്കുന്ന കാര്യത്തില്‍ ദമ്പതികള്‍ ഉപേക്ഷവരുത്തരുത്.

ലത്തീന്‍ കാനന്‍നിയമത്തിലെ 1116-ാം കാനോന പൗരസ്ത്യകാനന്‍ നിയമത്തില്‍ 832-ാം കാനോനയിലെ 2-ാം ഖണ്ഡികയായി സ്വീകരിച്ചിരിക്കുന്നു. വൈദികന്‍റെ ആശീര്‍വ്വാദം വിവാഹത്തിന് അത്യാവശ്യമാണെന്ന പൗരസ്ത്യവീക്ഷണത്തിലെ കാഴ്ചപ്പാടുമായി ഇതിനെ യോജിപ്പിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ഖണ്ഡിക വിവാഹം ചെയ്യുവാനുള്ള വ്യക്തിയുടെ സ്വാഭാവിക അവകാശത്തെ പ്രത്യേകവിധത്തില്‍ പരിഗണിക്കുന്നതാണ്. ഇത് ലത്തീന്‍ കാനന്‍നിയമത്തില്‍ കാണുന്നില്ല.

കാനോന 833: 1. പൗരസ്ത്യ അകത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്ക് ഗൗരവമാര്‍ന്ന അസൗകര്യംകൂടാതെ തങ്ങളുടെ സഭയിലെ ഒരു വൈദികനെ സമീപിക്കുവാന്‍ സാധിക്കാതിരിക്കുകയും ആശീര്‍വ്വാദത്തിന് അവര്‍ സ്വമനസാ ആവശ്യപ്പെടുകയും ചെയ്യുകയാണെങ്കില്‍, സാധുവും നിയമാനുസൃതവുമായ വിവാഹത്തിന് യാതൊന്നും തടസ്സമാകാത്തിടത്തോളം സ്ഥലമേലദ്ധ്യക്ഷന് അവരുടെ വിവാഹം ആശീര്‍വ്വദിക്കുന്നതിനുള്ള അധികാരം ഏതു കത്തോലിക്കാപുരോഹിതനും നല്‍കാവുന്നതാണ്.

  1. കത്തോലിക്കാപുരോഹിതന്‍ വിവാഹം ആശീര്‍വ്വദിക്കുന്നതിനുമുമ്പ് സാധിക്കുമെങ്കില്‍ ഇക്കാര്യത്തെപ്പറ്റി പ്രസ്തുത ക്രിസ്തീയവിശ്വാസികളുടെ തക്ക അധികാരിയെ അറിയിക്കേണ്ടതാണ്.

സ്വന്തം വൈദികരുടെ സേവനം ലഭ്യമല്ലാത്ത അവസരത്തില്‍ അകത്തോലിക്കരുടെ വിവാഹം ആശീര്‍വ്വദിക്കുവാന്‍ സ്ഥലമേലദ്ധ്യക്ഷന്‍ കത്തോലിക്കാപുരോഹിതന് അംഗീകാരം നല്‍കുക അജപാലനപരമായ ആവശ്യങ്ങളെ മുന്‍നിറുത്തിയാണ്. സാധുവായും നിയമാനുസൃതമായും വിവാഹം നടത്തുവാന്‍ സാദ്ധ്യമായ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍മാത്രമേ ഇത് സാധിക്കൂ. അകത്തോലിക്കാകക്ഷികളുടെ അധികാരിയെ ഇക്കാര്യം അറിയിക്കുവാന്‍ വിവാഹം ആശീര്‍വ്വദിക്കുന്ന പുരോഹിതനു കടമയുണ്ട്.

കാനോന 834: 1. ദമ്പതിമാരില്‍ ഒരാളെങ്കിലും കത്തോലിക്കാസഭയില്‍ മാമ്മോദീസ മുങ്ങുകയോ അതിലേക്ക് സ്വീകരിക്കപ്പെടുകയോ ചെയ്തിട്ടുള്ളതാണെങ്കില്‍ നിയമം അനുശാസിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമം പാലിക്കേണ്ടതാണ്.

  1. എന്നിരുന്നാലും ഏതെങ്കിലും പൗരസ്ത്യസ്വയാധികാരസഭയില്‍ അംഗമായിരിക്കുന്ന കത്തോലിക്കാകക്ഷി പൗരസ്ത്യഅകത്തോലിക്കാസഭയിലെ കക്ഷിയുമായി വിവാഹത്തിലേര്‍പ്പെടുകയാണെങ്കില്‍ നിയമം അനുശാസിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമം പാലിക്കേണ്ടത് നൈയാമികതയ്ക്കുവേണ്ടി മാത്രമാണ്. നിയമത്തിന്‍റെ മറ്റ് അനുശാസനങ്ങള്‍ പാലിക്കുന്നതോടൊപ്പം പുരോഹിതന്‍റെ ആശീര്‍വ്വാദവും സാധുതയ്ക്കുവേണ്ടി ആവശ്യമാണ്.

ലത്തീന്‍സഭാനിയമം അനുസരിച്ച് ഔദ്യോഗികമായി സഭവിട്ടുപോയ വ്യക്തി സഭയുടെ കാനോനികക്രമം അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥനല്ല. കാരണം, അത് ഒരു സഭാനിയമം മാത്രമാണ്. പൗരസ്ത്യകാനന്‍നിയമമനുസരിച്ച് കത്തോലിക്കാസഭയില്‍ മാമ്മോദീസ സ്വീകരിച്ച എല്ലാവരും-അവര്‍ കത്തോലിക്കാസഭയുടെ അംഗങ്ങളായി തങ്ങളെ കരുതിയാലും ഇല്ലെങ്കിലും-സഭയുടെ കാനോനികക്രമം അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്.

പൗരസ്ത്യഅകത്തോലിക്കരും പൗരസ്ത്യകത്തോലിക്കരുമായുള്ള വിവാഹബന്ധത്തിന്‍റെ നിയമാനുസൃതത്വവും സാധുതയും സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പൗരസ്ത്യസഭകളെ സംബന്ധിച്ചുള്ള വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രി(O.E.)യില്‍നിന്നു സ്വീകരിച്ചവയാണ്.

കാനോന 835: നിയമം ആവശ്യപ്പെടുന്ന വിവാഹത്തിന്‍റെ കാനോനികക്രമത്തില്‍നിന്നു വിടുതല്‍ നല്കുന്നത് ശ്ലൈഹികസിംഹാസനത്തിനോ പാത്രിയര്‍ക്കീസിനോ ആയി നീക്കിവച്ചിരിക്കുന്നു; വളരെ ഗൗരവമായ കാരണമില്ലാത്തപക്ഷം അവര്‍ ഇപ്രകാരം വിടുതല്‍ നല്കുകയില്ല.

മെത്രാന്മാരെക്കുറിച്ചുള്ള കൗണ്‍സില്‍ ഡിക്രി(C.D.)പൊതുവായ കാര്യങ്ങള്‍ക്ക് ഒഴിവു നല്കുവാന്‍ മെത്രാന്മാര്‍ക്കു നല്കിയിരിക്കുന്ന അധികാരം പാശ്ചാത്യപൗരസ്ത്യ മെത്രാന്മാര്‍ക്ക് തുല്യമാണെങ്കിലും കാനോനികക്രമത്തില്‍നിന്ന് ഒഴിവു നല്കുവാനുള്ള അവകാശം പൗരസ്ത്യസഭകളിലെ രൂപതാമെത്രാന്മാര്‍ക്ക് ഇല്ല. വളരെ ഗൗരവമുള്ള കാരണത്തിന്‍റെ പേരില്‍ ശ്ലൈഹികസിംഹാസനത്തിനോ പാത്രിയര്‍ക്കീസിനോ വിവാഹത്തിന്‍റെ കാനോനികക്രമത്തില്‍നിന്നും മോചനം നല്കാം. ലത്തീന്‍ സഭയില്‍ എല്ലാ രൂപതാമെത്രാന്മാര്‍ക്കും ഉള്ള ഈ അധികാരം പൗരസ്ത്യസഭയില്‍ ശ്ലൈഹികസിംഹാസനത്തിനും പാത്രിയര്‍ക്കീസിനുമായി സംവരണം ചെയ്തിരിക്കുന്നു.

കാനോന 836: അത്യാവശ്യസാഹചര്യങ്ങളിലൊഴികെ, വിവാഹം പരികര്‍മ്മം ചെയ്യുന്നതില്‍ ആരാധനക്രമപുസ്തകങ്ങളിലെ നിര്‍ദ്ദേശങ്ങളും നിയമാനുസൃത ആചാരങ്ങളും പാലിക്കേണ്ടതാണ്.

വിവാഹത്തിന്‍റെ കാനോനികക്രമം സാധുതയ്ക്കുവേണ്ടിയും ആരാധനക്രമകര്‍മ്മങ്ങള്‍ നിയമാനുസൃതത്വത്തിനുവേണ്ടിയുമാണ്. വിവാഹത്തില്‍ ആരാധനക്രമത്തിന്‍റെ ഉപയോഗത്തിന് ഒഴിവുകൊടുക്കുന്ന അടിയന്തര സാഹചര്യങ്ങളായി കണക്കാക്കേണ്ടവ 832-ാം കാനോനയില്‍ പറഞ്ഞിരിക്കുന്നവയാണ്. ഉദാ: മരണം ആസന്നമായിരിക്കുന്ന അവസ്ഥ.

കാനോന 837: 1. ഇരുകക്ഷികളും ഒരേസമയം സന്നിഹിതരായിരിക്കുകയും വിവാഹസമ്മതം പരസ്പരം വെളിപ്പെടുത്തുകയും ചെയ്യേണ്ടത് വിവാഹം സാധുവായി നടത്തുന്നതിന് ആവശ്യമാണ്

  1. സ്വയാധികാരസഭയുടെ പ്രത്യേകനിയമം മറിച്ച് വ്യവസ്ഥചെയ്യുന്നില്ലെങ്കില്‍ വിവാഹം പകരക്കാരന്‍ (proxy)വഴി സാധുവായി നടത്തുവാന്‍ കഴിയുകയില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഇപ്രകാരമുള്ള വിവാഹം നടത്തുന്നതിനുവേണ്ട വ്യവസ്ഥകള്‍കൂടി പ്രത്യേകനിയമം നല്‍കിയിരിക്കണം.

വിവാഹത്തിന് ആന്തരികസമ്മതം മാത്രം പോരാ. സമ്മതം ബാഹ്യമായും പ്രകടിപ്പിക്കേണ്ടതുണ്ട്. കാരണം, ഇതിന് ബാഹ്യതലത്തിലും പ്രസക്തിയുണ്ട്. ലത്തീന്‍നിയമത്തിലെ പകരക്കാരന്‍ വഴി (by orixy)യുള്ള വിവാഹ(CIC. c. 1105)ത്തില്‍നിന്നു വ്യത്യസ്തമായി, പൗരസ്ത്യകാനന്‍നിയമം ദമ്പതികള്‍സന്നിഹിതരായി പരസ്പരസമ്മതം നടത്തണമെന്ന് നിഷ്കര്‍ഷിക്കുന്നു. പൗരസ്ത്യസഭകളുടെ പാരമ്പര്യമനുസരിച്ച് സമ്മതത്തിന്‍റെയും ഉടമ്പടിയുടെയും ഐക്യം ഇതില്‍നിന്നു വ്യക്തമാണ്. പരിശുദ്ധാത്മാവു നല്‍കുന്ന വിശുദ്ധീകരണത്തിന്‍റെ കൃപ ദമ്പതികള്‍ക്കു ലഭിക്കുന്നത് വിവാഹാവസരത്തിലായതിനാല്‍ അവര്‍ വ്യക്തിപരമായി അവിടെ സന്നിഹിതരായിരിക്കണം. കത്തുകള്‍, ടെലഗ്രാം, ടെലഫോണ്‍, മറ്റു ദൃശ്യശ്രാവ്യമാദ്ധ്യമങ്ങള്‍ എന്നിവവഴി സാധുവായി വിവാഹം നടത്തുവാന്‍ കഴിയില്ലെന്ന് ഈ കാനോന വ്യക്തമാക്കുന്നു.

പൊതുനിയമത്തില്‍ പകരക്കാരന്‍ വഴിയുള്ള വിവാഹം നടത്തുവാന്‍ സാധ്യത നല്കിയിട്ടില്ല. എന്നാല്‍, ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമത്തില്‍ അതിനു വ്യവസ്ഥ ചെയ്യുവാന്‍ നിയമം അനുവദിക്കുന്നുണ്ട്.

കാനോന 838: 1. വിവാഹം നടത്തേണ്ടത് ഇടവകദൈവാലയത്തിലോ, സ്ഥലമേലദ്ധ്യക്ഷന്‍റെയോ സ്ഥലത്തെ വികാരിയുടെയോ അനുവാദത്തോടുകൂടി മറ്റേതെങ്കിലും വിശുദ്ധസ്ഥലത്തോവച്ചാണ്. എന്നാല്‍ സ്ഥലമേലദ്ധ്യക്ഷന്‍റെ അനുവാദം കൂടാതെ ഇതരസ്ഥലങ്ങളില്‍വച്ച് വിവാഹം നടത്തുവാന്‍ സാധിക്കില്ല.

  1. ഓരോ സ്വയാധികാരസഭയുടെയും പ്രത്യേകനിയമം വ്യവസ്ഥചെയ്തിരിക്കുന്ന നിബന്ധനകളാണ് വിവാഹനടത്തിപ്പിന്‍റെ സമയത്തെ സംബന്ധിച്ചു പാലിക്കേണ്ടത്.

വിവാഹപരികര്‍മ്മം വളരെ പ്രാധാന്യമുള്ള വിശുദ്ധമായ ഒരു കര്‍മ്മവും തന്മൂലം വൈദികന്‍റെ സാന്നിദ്ധ്യത്തില്‍ നടത്തേണ്ടതുമാണ്. ഇടവകദൈവാലയമാണ് കൂദാശാപരികര്‍മ്മത്തിനുള്ള അനുയോജ്യമായ സ്ഥലം. കാരണം, ഇടവകസമൂഹത്തിലാണ് ക്രൈസ്തവജീവിതത്തിന്‍റെ യഥാര്‍ത്ഥരൂപവത്ക്കരണം നടക്കുന്നത്. വിവാഹകര്‍മ്മത്തിന്‍റെ സമയം പ്രത്യേക നിയമം അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിരിക്കണം.

കാനോന 839: വിവാഹത്തിന്‍റെ കാനോനിക പരികര്‍മ്മത്തിനുമുമ്പോ അതിനുശേഷമോ, വിവാഹസമ്മതം നല്കുന്നതിനോ പുതുക്കുന്നതിനോ ആയി അതേ വിവാഹത്തിന്‍റെതന്നെ മതപരമായ മറ്റൊരു കര്‍മ്മം നടത്തുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെ, ഒരേ മതകര്‍മ്മത്തില്‍ കത്തോലിക്കാപുരോഹിതനും അകത്തോലിക്കാശുശ്രൂഷിയും വെവ്വേറെ കക്ഷികളുടെ സമ്മതം ചോദിക്കുന്നതും നിരോധിച്ചിരിക്കുന്നു.

കാനോനികക്രമപ്രകാരം പരികര്‍മ്മം ചെയ്യപ്പെട്ട വിവാഹം സാധുവാണെന്നും, ദമ്പതികള്‍ മാമ്മോദീസ സ്വീകരിച്ചവരാണെങ്കില്‍ അത് ഒരു കൂദാശയാണെന്നും 839-ാം കാനോന വ്യക്തമാക്കുന്നു. അതിനാല്‍ മറ്റു വിവാഹാഘോഷങ്ങളോ, വിവാഹസമ്മതത്തിന്‍റെ ആവര്‍ത്തനമോ വിശ്വാസികളില്‍ വിവാഹസമ്മതത്തെക്കുറിച്ച് സംശയങ്ങള്‍ ഉളവാക്കും. മിശ്രവിവാഹങ്ങളില്‍ വിവാഹം ഒന്നുകില്‍ കത്തോലിക്കാപുരോഹിതന്‍റെയോ അല്ലെങ്കില്‍ അകത്തോലിക്കാപുരോഹിതന്‍റെയോ മാത്രം കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നുവെന്നതിനാല്‍ മറ്റേയാള്‍ക്കും ക്രമങ്ങളില്‍ സംബന്ധിക്കാം; എന്നാല്‍ സമ്മതം ചോദിക്കുന്നത് ഒരാള്‍ മാത്രമാണ്.

കാനോന 840: 1. ഗൗരവാവഹവും അടിയന്തരവുമായ ഒരു കാരണത്താല്‍ സ്ഥലമേലദ്ധ്യക്ഷന് രഹസ്യവിവാഹത്തിന് അനുവാദം നല്കാവുന്നതാണ്. സ്ഥലമേലദ്ധ്യക്ഷനും, ഇടവകവികാരിയും, വിവാഹം ആശീര്‍വ്വദിക്കുവാന്‍ അനുവാദം നല്കപ്പെട്ട വൈദികനും, സാക്ഷികളും, ഒരു കക്ഷി ഇത് വെളിവാക്കുവാന്‍ സമ്മതിക്കുന്നില്ലാത്തപക്ഷം ഇതരകക്ഷിയും രഹസ്യം പാലിക്കുവാനുള്ള ഗൗരവമായ ഉത്തരവാദിത്വംകൂടി ഈ അനുവാദം ഉള്‍ക്കൊള്ളുന്നുണ്ട്.

  1. രഹസ്യം പാലിക്കുന്നതുകൊണ്ട് ഗുരുതരമായ ഉതപ്പോ, വിവാഹത്തിന്‍റെ പരിശുദ്ധിക്ക് സാരമായ ഭംഗമോ സംഭവിക്കുവാന്‍ സാധ്യതയുണ്ടെങ്കില്‍ രഹസ്യം പാലിക്കുവാനുള്ള കടമ സ്ഥലമേലദ്ധ്യക്ഷന് ഇല്ലാതാകുന്നു.
  2. രഹസ്യമായി നടത്തിയ വിവാഹം രൂപതാകാര്യാലയത്തിലെ രഹസ്യരേഖാലയത്തില്‍ സൂക്ഷിക്കേണ്ട പ്രത്യേക രജിസ്റ്ററില്‍ മാത്രം-അത്യന്തം ഗൗരവമുള്ള ഒരു കാരണം തടസ്സമാകുന്നില്ലെങ്കില്‍-രേഖപ്പെടുത്തണം.

രഹസ്യവിവാഹം സഭയെ സംബന്ധിച്ചിടത്തോളം അസാധാരണമായ പ്രത്യേകാനുവാദം നല്കലാണ്. സഭ വാസ്തവത്തില്‍ രഹസ്യവിവാഹങ്ങള്‍ക്കെതിരാണ്. കാരണം വളരെ ഗൗരവമേറിയ തെറ്റുകളായ ബഹുഭാര്യാത്വം, ചതി, ഉതപ്പുനല്കല്‍ തുടങ്ങിയവയൊക്കെ ഇതിന്‍റെ ഫലങ്ങളായി ഉണ്ടാകാവുന്നതാണ്. അടിയന്തരാവശ്യമോ ഗുരുതരമായ കാരണമോമൂലം സ്ഥലമേലദ്ധ്യക്ഷന് രഹസ്യവിവാഹം അനുവദിക്കാവുന്നതാണ്. കക്ഷികളുടെ സാമൂഹ്യാവസ്ഥയിലുള്ള തുല്യതയില്ലായ്മ, മാതാപിതാക്കളില്‍നിന്നുള്ള അകാരണമായ എതിര്‍പ്പ്, സിവില്‍നിമയപ്രകാരമുള്ള നിരോധനം തുടങ്ങിയവ രഹസ്യവിവാഹം അനുവദിക്കാന്‍ കാരണമായേക്കാം.

കാനോന 841: 1. വിവാഹത്തിനുശേഷം എത്രയുംപെട്ടെന്ന് വിവാഹം നടന്ന സ്ഥലത്തെ വികാരിയോ വികാരിയുടെ സ്ഥാനം വഹിക്കുന്ന വൈദികനോ-അവരല്ല വിവാഹം ആശീര്‍വ്വദിച്ചതെങ്കില്‍പ്പോലും-താഴെപ്പറയുന്ന കാര്യങ്ങള്‍ വിവാഹരജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്: ദമ്പതികളുടെ വിവാഹം ആശീര്‍വ്വദിച്ച വൈദികന്‍റെയും സാക്ഷികളുടെയും പേരുകള്‍; വിവാഹം നടത്തിയ സ്ഥലവും തീയതിയും; കാനോനികക്രമത്തില്‍നിന്നോ മറ്റു വിവാഹതടസ്സങ്ങളില്‍നിന്നോ ഒഴിവു നല്കിയിട്ടുണ്ടെങ്കില്‍ അവയും, ഒഴിവ് നല്കിയിരിക്കുന്ന അധികാരിയുടെ പേരും ഒഴിവു നല്കപ്പെട്ട വിവാഹതടസ്സവും അതിന്‍റെ കരിന്തലയും; വിവാഹം ആശീര്‍വ്വദിക്കുന്നതിന് അധികാരം നല്കിയതും; അതുപോലെ തന്നെ സ്വന്തം രൂപതാദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയനുസരിച്ച് മറ്റുകാര്യങ്ങളും.

  1. കൂടാതെ, തന്‍റെ ഇടവകയില്‍വച്ച് ഇന്നദിവസം ദമ്പതികള്‍ വിവാഹം നടത്തി എന്ന് മാമ്മോദീസ രജിസ്റ്ററില്‍ സ്ഥലം വികാരി ചേര്‍ക്കേണ്ടതാണ്. ദമ്പതിമാര്‍ ഒരാള്‍ മറ്റൊരു സ്ഥലത്താണ് മാമ്മോദീസ സ്വീകരിച്ചിട്ടുള്ളതെങ്കില്‍ ആ വ്യക്തിയുടെ മാമ്മോദീസ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തെ വികാരിക്ക് വിവാഹത്തിന്‍റെ രേഖ സ്ഥലംവികാരി വ്യക്തിപരമായോ, രൂപതാകാര്യാലയംവഴിയോ അയച്ചുകൊടുക്കണം. വിവാഹക്കാര്യം മാമ്മോദീസ രജിസ്റ്ററില്‍ ചേര്‍ത്തു എന്നുള്ള അറിയിപ്പ് കിട്ടിയതിനുശേഷം മാത്രമേ അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വം തീരുന്നുള്ളൂ.                                                              
  2. കാനോന 832 അനുസരിച്ചാണ് വിവാഹം നടത്തിയിരിക്കുന്നതെങ്കില്‍ പ്രസ്തുത വിവരം കഴിയുന്നതുംവേഗം നിശ്ചിതരജിസ്റ്ററില്‍ ചേര്‍ക്കുന്ന കാര്യത്തില്‍, വിവാഹം ആശീര്‍വ്വദിച്ചിട്ടുണ്ടെങ്കില്‍ ആശീര്‍വ്വദിച്ച വൈദികനും അല്ലെങ്കില്‍ സാക്ഷികളും ദമ്പതികളും ശ്രദ്ധിക്കണം.

കാനോന 842: ബാഹ്യതലത്തില്‍ സാധുവാക്കപ്പെട്ടതോ അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടതോ മരണംമൂലമല്ലാതെ നിയമാനുസൃതം വേര്‍പെടുത്തപ്പെട്ടതോ ആയ വിവാഹത്തിന്‍റെ കാര്യത്തില്‍ പ്രസ്തുത വിവരം വിവാഹ-മാമ്മോദീസ രജിസ്റ്ററുകളില്‍ ചേര്‍ക്കേണ്ടതിനായി കാര്യം വിവാഹം നടന്ന സ്ഥലത്തെ ഇടവകവികാരിയെ അറിയിക്കേണ്ടതാണ്.

ഇടവകവികാരിയോ അസ്തേന്തിയോ ആശീര്‍വ്വദിച്ചതല്ലെങ്കില്‍ക്കൂടിയും വിവാഹകര്‍മ്മത്തിന്‍റെ വിവരങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ക്കുക എന്നത് അവരുടെ ഗൗരവമുള്ള ഉത്തരവാദിത്വവും കടമയുമാണ്. വിവാഹകര്‍മ്മത്തിന്‍റെ സാധുതയെയും നിയമാനുസൃതത്വത്തെയും സംബന്ധിക്കുന്ന പ്രസക്തമായ വിവരങ്ങള്‍, തടസ്സങ്ങളില്‍നിന്നുള്ള ഒഴിവാക്കല്‍, മറ്റു തെളിവുകള്‍ തുടങ്ങിയവയൊക്കെ ഈ രജിസ്റ്ററില്‍ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. സിവില്‍ നിയമസാധുതയ്ക്കായി സാക്ഷികളുടെ ഒപ്പ് അത്യാവശ്യമാണ്. ഭാവിയിലെ പ്രസക്തമായ വിവരങ്ങള്‍ രേഖപ്പെടുത്താനായി രജിസ്റ്ററില്‍ അല്പം സ്ഥലം ഒഴിച്ചിടുക ഒരാവശ്യമാണ്.

 

വിവാഹം സാധുവാക്കല്‍ ക്രമം

  1. സാധാരണ സാധുവാക്കല്‍ ക്രമം

കാനോന 843: 1. വിവാഹതടസ്സംമൂലം അസാധുവായിരിക്കുന്ന ഒരു വിവാഹം സാധുവാക്കു (convalidate) ന്നതിന് ആ തടസ്സം ഇല്ലാതാകുകയോ അതില്‍നിന്ന് ഒഴിവു നല്കപ്പെടുകയോ ചെയ്യുകയും, പ്രസ്തുത വിവാഹതടസ്സത്തെപ്പറ്റി അറിവുള്ള കക്ഷിയെങ്കിലും സമ്മതം പുതുക്കയും വേണം.

  1. ആരംഭത്തില്‍ത്തന്നെ ഇരുകക്ഷികളും വിവാഹസമ്മതം നല്കുകയും പിന്നീട് അത് പിന്‍വലിക്കാതിരിക്കുകയുമാണെങ്കില്‍പോലും വിവാഹം സാധുവാക്കല്‍ വാസ്തവമാകുന്നതിന് ഈ സമ്മതംപുതുക്കല്‍ ആവശ്യമാണ്.

കാനോന 842: ആരംഭമുതലേ അസാധുവായിരുന്നുവെന്ന് സമ്മതം പുതുക്കന്ന കക്ഷി അറിയുകയോ ചിന്തിക്കുകയോ ചെയ്യുന്ന ഒരു വിവാഹം സംബന്ധിച്ച് നടത്തുന്ന സമ്മതം പുതുക്കല്‍ ഇച്ഛാശക്തിയുടെ പുതിയ തീരുമാനമായിരിക്കണം.

കാനോന 844: 1. വിവാഹതടസ്സം പരസ്യമായ ഒന്നാണെങ്കില്‍ നിയമം അനുശാസിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമമനുസരിച്ച് ഇരുകക്ഷികളും വിവാഹസമ്മതം പുതുക്കേണ്ടതാണ്.

  1. വിവാഹതടസ്സം പരസ്യമായി അറിയപ്പെടാത്തതായിരിക്കുകയും (occult) മറുകക്ഷി നേരത്തെ നല്കിയിരിക്കുന്ന സമ്മതത്തില്‍ നിലനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ വിവാഹതടസ്സത്തെക്കുറിച്ച് അറിവുള്ള കക്ഷിമാത്രം സ്വകാര്യമായും രഹസ്യമായും വിവാഹസമ്മതം പുതുക്കിയാല്‍ മതിയാകും. വിവാഹതടസ്സത്തെക്കുറിച്ച് ഇരുകക്ഷികള്‍ക്കും അറിവുണ്ടെങ്കില്‍ അവരിരുവരും ഇപ്രകാരം സമ്മതം പുതുക്കേണ്ടതാണ്.

കാനോന 846: 1. വിവാഹസമ്മതം നല്‍കാതിരുന്ന കക്ഷി ഇപ്പോള്‍ സമ്മതം നല്‍കുകയും മറുകക്ഷി നല്‍കിയിട്ടുള്ള സമ്മതം അഭംഗുരം നിലനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ വിവാഹസമ്മതത്തിന്‍റെ പോരായ്മകൊണ്ട് അസാധുവായിരിക്കുന്ന ഒരു വിവാഹം സാധുവായിത്തീരുന്നു.

  1. വിവാഹസമ്മതത്തിന്‍റെ പോരായ്മ തെളിയിക്കുവാന്‍ സാധിക്കുന്നതല്ലെങ്കില്‍ വിവാഹസമ്മതം നല്‍കാതിരുന്ന വ്യക്തി സ്വകാര്യമായും രഹസ്യമായും വിവാഹസമ്മതം നല്‍കിയാല്‍ മതിയാകും.                        
  2. വിവാഹസമ്മതത്തിന്‍റെ പോരായ്മ തെളിയിക്കുവാന്‍ സാധിക്കുന്നതാണെങ്കില്‍ നിയമം അനുശാസിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമമനുസരിച്ച് സമ്മതം നല്‍കേണ്ടത് ആവശ്യമാണ്.

കാനോന 847: നിയമം അനുശാസിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമത്തിന്‍റെ പോരായ്മകൊണ്ട് അസാധുവായിരിക്കുന്ന ഒരു വിവാഹം സാധുവായിത്തീരുന്നതിന് പ്രസ്തുത ക്രമമനുസരിച്ച് വിവാഹം പുതുതായി വീണ്ടും നടത്തേണ്ടതാണ്.

പ്രത്യക്ഷത്തില്‍ സാധുവും എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ അസാധുവുമായ വിവാഹമുണ്ട്. ഇങ്ങനെയുള്ള വിവാഹത്തെ തിരുത്തല്‍ക്രമംകൊണ്ട് സാധുവാക്കാവുന്നതാണ്. സാധാരണ തിരുത്തല്‍ ക്രമം(simple convalidation)കൊണ്ടും വേരില്‍ത്തന്നെയുള്ള തിരുത്തല്‍ (radical sanation) കൊണ്ടുമാണ് ഇവയെ സാധുവാക്കുന്നത്.

സാധുതയില്ലായ്മയുടെ കാരണം അവസാനിച്ചതിനുശേഷം, സാധുതയ്ക്കായുള്ള കാനോനികക്രമം വീണ്ടും അനുഷ്ഠിക്കാതെ ദമ്പതികളില്‍ ഒരാളോ രണ്ടുപേരുമോ വിവാഹസമ്മതം പുതുക്കുന്നതാണ് സാധാരണ തിരുത്തല്‍ക്രമം. വീണ്ടും വിവാഹക്രമം പാലിക്കേണ്ടതിന്‍റെ ആവശ്യമില്ല; കാരണം നേരത്തെയുള്ള കാനോനികക്രമത്തിന് സാധാരണ തിരുത്തല്‍ ക്രമം ഒരു പുതിയ സമ്മതം നല്‍കുന്നതു മാത്രമേയുള്ളൂ. കാനോനികക്രമം സമ്മതത്തിന്‍റെ നവീകരണത്തിനാവശ്യമായി വരികയാണെങ്കില്‍ അവിടെ തിരുത്തല്‍ക്രമമല്ല, ഒരു പുതിയ ആചരണമാണ് നടക്കുക

             2. വേരില്‍ത്തന്നെയുള്ള തിരുത്തല്‍ (Radical Sanation)

കാനോന 848: 1. വിവാഹതടസ്സമുണ്ടായിരുന്നെങ്കില്‍ അതില്‍നിന്നും, നിയമം അനുശാസിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമം പാലിച്ചില്ലായിരുന്നെങ്കില്‍ അതില്‍നിന്നും വിടുതല്‍ നല്‍കിയും, വിവാഹത്തിന്‍റെ കാനോനികഫലങ്ങള്‍ക്ക് മുന്‍കാലപ്രാബല്യം നല്കിയും, വിവാഹസമ്മതത്തിന്‍റെ പുതുക്കല്‍കൂടാതെ തക്ക അധികാരിയുടെ അനുവാദത്തോടെ അസാധുവായ ഒരു വിവാഹത്തെ സാധുവാക്കുന്ന പ്രക്രിയയാണ് വേരില്‍ത്തന്നെയുള്ള തിരുത്തല്‍.

  1. ഈ ആനുകൂല്യം നല്‍കപ്പെടുന്ന നിമിഷംതന്നെ വിവാഹം സാധുവാക്കപ്പെടുന്നു. ആനുകൂല്യകല്പനയില്‍ വ്യക്തമായി മറിച്ച് പറയുന്നില്ലായെങ്കില്‍ ഇതിന് വിവാഹം നടന്ന നിമിഷം മുതല്‍ മുന്‍കാലപ്രാബല്യമുണ്ട്.

കാനോന 849: 1. വേരില്‍ത്തന്നെയുള്ള തിരുത്തലിനെക്കുറിച്ച് ഏതെങ്കിലും ഒരു കക്ഷിയോ അല്ലെങ്കില്‍ ഇരുകക്ഷികളുമോ അജ്ഞരായിരുന്നാല്‍പ്പോലും അത് സാധുവായി നല്കാവുന്നതാണ്.

  1. ഗൗരവമാര്‍ന്ന കാരണം കൂടാതെയും, കക്ഷികള്‍ വൈവാഹികജീവിതകൂട്ടായ്മയില്‍ നിലനില്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നു യുക്തമായി തോന്നാതെയും വേരില്‍ത്തന്നെയുള്ള തിരുത്തല്‍ നടത്തരുത്.

കാനോന 850: 1.  ഇരുകക്ഷികളുടെയും വിവാഹസമ്മതം നിലനില്ക്കുകയാണെങ്കില്‍, അസാധുവായ ഒരു വിവാഹം തിരുത്തുവാന്‍ (sanate) സാധിക്കും.

  1. ദൈവികനിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവാഹതടസ്സംമൂലം അസാധുവായിരിക്കുന്ന ഒരു വിവാഹം സാധുവായി തിരുത്തുവാന്‍ പിന്നീട് ആ തടസ്സം ഇല്ലാതാകുന്നതുവരെ കഴിയുകയില്ല.

കാനോന 851: 1.  വിവാഹത്തിന്‍റെ ആരംഭംമുതല്‍ത്തന്നെ ഏതെങ്കിലും ഒരു കക്ഷിക്കോ അല്ലെങ്കില്‍ ഇരുകക്ഷികള്‍ക്കുമോ വിവാഹസമ്മതം ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ ആരംഭത്തില്‍ കൊടുത്തിരുന്ന സമ്മതം പിന്നീട് പിന്‍വലിച്ചിരിക്കുകയോ ആണെങ്കില്‍ വിവാഹം വേരില്‍ത്തന്നെ തിരുത്തുവാന്‍ കഴിയുകയില്ല.

  1. ആരംഭത്തില്‍ വിവാഹസമ്മതം ഇല്ലായിരുന്നുവെങ്കിലും പിന്നീട് അത് നല്‍കിയിട്ടുണ്ടെങ്കില്‍ സമ്മതം നല്കിയ നിമിഷം മുതല്‍ തിരുത്തല്‍ അനുവദിക്കാവുന്നതാണ്.

കാനോന 852: നിയമം അനുശാസിക്കുന്ന കാനോനികക്രമത്തിന്‍റെ പോരായ്മകൊണ്ടോ, തങ്ങള്‍ക്ക് ഒഴിവുനല്‍കാന്‍ കഴിയുന്ന വിവാഹതടസ്സങ്ങള്‍കൊണ്ടോ വിവാഹത്തിന്‍റെ സാധുതയ്ക്ക് തടസ്സം വരികയാണെങ്കില്‍ പാത്രിയര്‍ക്കീസുമാര്‍ക്കും രൂപതാദ്ധ്യക്ഷന്മാര്‍ക്കും, ഓരോ പ്രത്യേക കേസുകളിലും വേരില്‍ത്തന്നെയുള്ള തിരുത്തല്‍ നല്കുവാന്‍ കഴിയും. കാനോന 814-ല്‍ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകള്‍ നിറവേറ്റിയിട്ടുണ്ടെങ്കില്‍, നിയമം നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലും ഇങ്ങനെ സാധിക്കും. ഇതര സാഹചര്യങ്ങളിലും ദൈവികനിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവാഹതടസ്സം ഇപ്പോള്‍ ഇല്ലാതായിരിക്കുന്ന സാഹചര്യത്തിലും ശ്ലൈഹികസിംഹാസനത്തിനുമാത്രമേ വേരില്‍ത്തന്നെയുള്ള തിരുത്തല്‍ അനുവദിക്കാന്‍ സാധിക്കുകയുള്ളൂ.

പൗരസ്ത്യപാരമ്പര്യങ്ങളോട് ചേര്‍ന്നുപോകുന്നതല്ലെങ്കിലും വേരില്‍ത്തന്നെയുള്ള തിരുത്തല്‍ കാനന്‍നിയമത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത് ലത്തീന്‍ സഭയുമായി വൈവാഹികനിയമങ്ങളില്‍ ഉള്ള ഐക്യത്തിന്‍റെ ഒരു സൂചനയാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ആത്മാക്കളുടെ രക്ഷയ്ക്കായി വേരില്‍ത്തന്നെയുള്ള തിരുത്തല്‍ ആവശ്യമാകുന്നു. അസാധുവായ വിവാഹത്തെ നിയമാനുസൃതാധികാരിയുടെ ഒഴിവുനല്‍കല്‍വഴി വിവാഹസമ്മതം പുതുക്കാതെയും തടസ്സങ്ങള്‍ക്ക് ഒഴിവുകൊടുത്തും കാനോനികക്രമം പാലിച്ചില്ലെങ്കില്‍ അതിനും ഒഴിവുകൊടുത്തും വിവാഹത്തിന്‍റെ കാനോനികഫലങ്ങള്‍ക്ക് മുന്‍കാലപ്രാബല്യം നല്‍കിയും വിവാഹം സാധുവാക്കുന്ന പ്രക്രിയയാണ് വേരില്‍ത്തന്നെയുള്ള തിരുത്തല്‍. സാധാരണ കേസുകളില്‍, വേരില്‍ത്തന്നെയുള്ള തിരുത്തലില്‍ ഒഴിവുനല്‍കലിനുള്ള അധികാരം പാത്രിയര്‍ക്കീസിനും രൂപതാമെത്രാനുമാണ്. ദൈവികനിയമങ്ങള്‍, സ്വാഭാവികനിയമങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള തടസ്സങ്ങള്‍ക്ക് ഒഴിവുനല്‍കാന്‍ ആര്‍ക്കും അധികാരമില്ല. അതിനാല്‍ അവ താനേ ഇല്ലാതായാല്‍ മാത്രമേ വേരില്‍ത്തന്നെയുള്ള തിരുത്തല്‍ സാധിക്കുകയുള്ളു. അപ്രകാരം ചെയ്യുന്നതിനു ശ്ലൈഹികസിംഹാസനത്തിനുമാത്രമേ അധികാരമുള്ളൂ.

ദമ്പതികളെ വേര്‍പെടുത്തല്‍

1. ദാമ്പത്യബന്ധം ഒഴിവാക്കല്‍

കാനോന 853: സംയോഗംവഴിയായി പൂര്‍ണ്ണത കൈവന്നിട്ടുള്ള കൗദാശികവിവാഹബന്ധം വേര്‍പെടുത്തുവാന്‍ ഏതെങ്കിലും മാനുഷികശക്തിക്കോ, മരണത്തിനല്ലാതെ മറ്റേതെങ്കിലും കാരണത്തിനോ കഴിയില്ല.

ദാമ്പത്യധര്‍മ്മാനുഷ്ഠാനത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരേയൊരു കാനോനയാണ് 853-ാമത്തെ കാനോന. സംയോഗംവഴി പൂര്‍ണ്ണത കൈവന്നിട്ടുള്ള കൗദാശിക വിവാഹബന്ധം മരണത്താലല്ലാതെ യാതൊരു കാരണത്താലും വേര്‍പെടുത്താവുന്നതല്ല. 'സാധുവായതും സംയോഗംമൂലം പൂര്‍ണ്ണമാക്കപ്പെട്ടതും' (ratum cosummatum) എന്ന ലത്തീന്‍ സഭാനിയമത്തിലെ നിര്‍വ്വചനം പൗരസ്ത്യ കാനന്‍നിയമത്തില്‍ ഉപയോഗിച്ചിട്ടില്ല. വൈദികന്‍റെ ആശീര്‍വ്വാദത്താല്‍ ഒരിക്കല്‍ വിശുദ്ധമായി പരികര്‍മ്മം ചെയ്യപ്പെട്ട വിവാഹം പൂര്‍ണ്ണവും അവികലവു (complete and perfect) മാണ്. മാമ്മോദീസ സ്വീകരിച്ച രണ്ടു വ്യക്തികളുടെ വിവാഹം ഒരു കൗദാശിക ഉടമ്പടിയായതിനാല്‍ യാതൊരു മാനുഷികശക്തിക്കും അതിനെ വേര്‍പെടുത്തുവാന്‍ കഴിയില്ല. "ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ. 19:6).

സാധുവായതും എന്നാല്‍ സംയോഗത്താല്‍ പൂര്‍ണ്ണമാക്കപ്പെടാത്തതുമായ വിവാഹ (ratum et non- consummatum) ത്തിന്‍റെ വേര്‍പെടുത്തലിനെ സംബന്ധിച്ച പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ശ്ലൈഹികസിംഹാസനം നല്കുന്നു. 1986 ഡിസംബര്‍ 20-ന് 'കൂദാശകള്‍ക്കായുള്ള കാര്യാലയം' (Congration for Sacraments) ഇതു സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

കാനോന 854: 1. മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്ത രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധത്തിന്‍റെ കാര്യത്തില്‍ അവരില്‍ ഒരു കക്ഷി മാമ്മോദീസ സ്വീകരിക്കുകയും മാമ്മോദീസ സ്വീകരിക്കാത്ത കക്ഷി പിരിഞ്ഞുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍, മാമ്മോദീസ സ്വീകരിച്ച കക്ഷി വേറൊരു വിവാഹബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അയാളുടെ വിശ്വാസത്തിനനുകൂലമായിട്ടുള്ള പൗളിന്‍ (Pauline)ആനുകൂല്യത്താല്‍ നിയമത്താല്‍ത്തന്നെ മുന്‍വിവാഹബന്ധം ഇല്ലാതാകുന്നു.

  1. മാമ്മോദീസ സ്വീകരിച്ച കക്ഷി മാമ്മോദീസയ്ക്കുശേഷം അക്രൈസ്തവകക്ഷിക്കു വേര്‍പിരിയുന്നതിന് ന്യായമായ കാരണം ഒന്നും കൊടുക്കാതെതന്നെ ആ കക്ഷി ദൈവദൂഷണം കൂടാതെ സമാധാനപരമായി ഒന്നിച്ചു ജീവിക്കുവാന്‍ വിസമ്മതിക്കുന്നപക്ഷം, അയാള്‍ വേര്‍പിരിഞ്ഞുപോകുന്നതായി കരുതപ്പെടുന്നു.

വിശ്വാസത്തിന്‍റെ ആനുകൂല്യത്തെ പൗളിന്‍ ആനുകൂല്യം (Pauline privilege), പെറ്റ്റയിന്‍au ആനുകൂല്യം (Petrine privilege)എന്ന് രണ്ടായിതിരിക്കാവുന്നതാണ്. മാമ്മോദീസ സ്വീകരിച്ചയാളും മാമ്മോദീസ സ്വീകരിക്കാത്തയാളും തമ്മിലുള്ള നിയമാനുസൃതമായതും സംയോഗംവഴി പൂര്‍ണ്ണമാക്കപ്പെട്ടതുമായ വിവാഹബന്ധം വിശ്വാസാനുകൂല്യപ്രകാരം റോമാമാര്‍പാപ്പ വേര്‍പിരിക്കുന്നതാണ് പെറ്റ്റയിന്‍ ആനുകൂല്യം. ഇത് പാശ്ചാത്യ-പൗരസ്ത്യ കാനന്‍നിയമങ്ങളില്‍ ഇല്ലെങ്കിലും 1973 ഡിസംബര്‍ 6-ാം തീയതി 'വിശ്വാസകാര്യാലയ'ത്തില്‍നിന്നു നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങളിലുള്‍ക്കൊള്ളുന്നതിനാല്‍ സാര്‍വ്വത്രികസഭയ്ക്കു മുഴുവന്‍ ബാധകമാണ്.

മാമ്മോദീസ സ്വീകരിക്കാത്ത രണ്ടു വ്യക്തികളുടെ നിയമാനുസൃതമായ വിവാഹം സംയോഗത്താല്‍ പൂര്‍ണ്ണമാക്കപ്പെട്ടതാണെങ്കില്‍പ്പോലും നിയമത്താല്‍ത്തന്നെ, വിശ്വാസത്തിനനുകൂലമായി വേര്‍പിരിക്കുന്നതാണ്. പൗളിന്‍ ആനുകൂല്യം (Pauline privilege). ഇതിന് 3 വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

1) മാമ്മോദീസ സ്വീകരിക്കാത്ത രണ്ടു വ്യക്തികളുടെ സാധുവായ വിവാഹം. 2) ദമ്പതികളിലൊരാളുടെ സാധുവായ മാമ്മോദീസാസ്വീകരണം. 3) മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തി സമാധാനപരമായി കൂടെ വസിക്കുവാന്‍ തയ്യാറാകാത്ത അവസ്ഥ.

വിശ്വാസം സ്വീകരിച്ചു എന്ന ഏകകാരണത്താല്‍ മാമ്മോദീസ സ്വീകരിക്കാത്ത ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന കത്തോലിക്കാസ്ത്രീയ്ക്കു പുനര്‍വിവാഹം ചെയ്യാവുന്നതാണ്.

കാനോന 855: 1. മാമ്മോദീസ സ്വീകരിച്ച കക്ഷിക്ക് മറ്റൊരു വിവാഹം സാധുവായി നടത്തണമെങ്കില്‍ അക്രൈസ്തവ കക്ഷിയോട് താഴെപ്പറയുന്ന കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരിക്കണം:

  1. മാമ്മോദീസ സ്വീകരിക്കുവാന്‍ ആഗ്രഹമുണ്ടോ;                                                                                                      
  2. മാമ്മോദീസ സ്വീകരിച്ച വ്യക്തിയുമായി ദൈവദൂഷണം കൂടാതെ സമാധാനപരമായി ഒന്നിച്ച ജീവിക്കുവാനെങ്കിലും ആഗ്രഹമുണ്ടോ.                                                                                                                   

  2. ഇപ്രകാരമുള്ള ചോദ്യംചെയ്യല്‍ (interrrogation) മാമ്മോദീസായ്ക്കുശേഷമാണ് നടത്തേണ്ടത്. ഗൗരവമാര്‍ന്ന കാരണമുണ്ടെങ്കില്‍ മാമ്മോദീസായ്ക്കുമുമ്പ് പ്രസ്തുത ചോദ്യംചെയ്യല്‍ നടത്തുവാന്‍ സ്ഥലമേലദ്ധ്യക്ഷന് അനുവദിക്കാവുന്നതാണ്. ചോദ്യംചെയ്യല്‍ നടത്തുന്നത് അസാധ്യമോ പ്രയോജനരഹിതമോ ആണെന്ന് സംക്ഷിപ്തരൂപത്തിലുള്ളതും കോടതിമുറ കൂടാതെയുമുള്ള അന്വേഷണത്തില്‍നിന്നു സ്ഥാപിക്കപ്പെടുകയാണെങ്കില്‍ ചോദ്യംചെയ്യല്‍ മാമ്മോദീസയ്ക്കു മുമ്പോപിമ്പോ നടത്തുന്നതില്‍നിന്നുപോലും ഒഴിവുനല്‍കുവാന്‍ സ്ഥലമേലദ്ധ്യക്ഷന് കഴിയും.

കാനോന 856: 1. മാനസാന്തരപ്പെട്ട കക്ഷിയുടെ സ്ഥലമേലദ്ധ്യക്ഷന്‍റെപേരിലാണ് സാധാരണയായി ചോദ്യംചെയ്യല്‍ നടത്തുന്നത്. പ്രത്യുത്തരം നല്കുന്നതിന് അക്രൈസ്തവകക്ഷി കൂടുതല്‍ സമയം ആവശ്യപ്പെടുകയാണെങ്കില്‍ അതേ മേലദ്ധ്യക്ഷന് അത്-പ്രത്യുത്തരമൊന്നും കൂടാതെ നിശ്ചിതകാലം കഴിയുന്നപക്ഷം പ്രസ്തുത വ്യക്തിയുടെ മൗനം നിഷേധാത്മകമായ മറുപടിയായി പരിഗണിക്കുമെന്നുള്ള മുന്നറിയിപ്പോടുകൂടി-അനുവദിക്കാവുന്നതാണ്.

  1. മുകളില്‍പ്പറഞ്ഞിരിക്കുന്ന നിശ്ചിതക്രമം പാലിക്കുവാന്‍ സാധിക്കാത്തപ്പോള്‍ മാനസാന്തരപ്പെട്ട കക്ഷിക്കുതന്നെ ചോദ്യംചെയ്യല്‍ സ്വകാര്യമായി നടത്താവുന്നതാണ്; അതു നിയമാനുസൃതവുമായിരിക്കും.                                                                                                                                   
  2. മുകളില്‍പ്പറഞ്ഞിരിക്കുന്ന ഏതു രീതിയിലാണെങ്കിലും ചോദ്യം ചെയ്യല്‍ നടന്നുവെന്ന വസ്തുതയും അതിന്‍റെ ഫലവും ബാഹ്യതലത്തില്‍ നിയമാനുസൃതം വ്യക്തമായിരിക്കണം.

കാനോന 857: 1. മാമ്മോദീസ സ്വീകരിച്ച കക്ഷിക്ക് താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ മറ്റൊരു കത്തോലിക്കാകക്ഷിയുമായി പുതിയ ഒരു വിവാഹത്തിലേര്‍പ്പെടുന്നതിന് അവകാശമുണ്ട്:

  1. ചോദ്യംചെയ്യലിനോട് മറുകക്ഷി നിഷേധാത്മകമായി പ്രതികരിക്കുന്നു;                                                               
  2. ചോദ്യംചെയ്യല്‍ നിയമാനുസൃതം ഒഴിവാക്കുന്നു;                                                                                                      
  3. ചോദ്യംചെയ്യപ്പെട്ടതോ, അല്ലാത്തതോ ആയ അക്രൈസ്തവകക്ഷി ആരംഭത്തില്‍ സമാധാനപരമായി സഹവസിച്ചതിനുശേഷം പിന്നീട് ന്യായമായ കാരണം കൂടാതെ പിരിഞ്ഞുപോകുന്നു; ഈ സാഹചര്യത്തില്‍ 855-ഉം 856-ഉം കാനോനകളിലെ നിബന്ധനകള്‍ അനുസരിച്ച് ചോദ്യംചെയ്യല്‍ നടത്തേണ്ടതാണ്.

മാമ്മോദീസ സ്വീകരിക്കാത്ത കക്ഷി വേര്‍പിരിയുന്നത് ഒരു അത്യാവശ്യമായി (absolute requirement)വരുന്നുണ്ടോ എന്നു തീര്‍ച്ചയാക്കാനാണ് ഈ ചോദ്യംചെയ്യല്‍. പുതിയ വിവാഹത്തിന്‍റെ സാധുതയ്ക്കുള്ള ഒരു വ്യവസ്ഥയാണിത്. നിയമാനുസൃതമായ ഒരു വിവാഹം, മാനസാന്തപ്പെടുന്നയാളുടെ മാമ്മോദീസായുടെ അവസരത്തില്‍ വേര്‍പിരിയുന്നില്ല എന്നത് പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നതാണ്. മാനസാന്തരപ്പെട്ടയാള്‍ ഒരു പുതിയ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രമാണ് മുന്‍വിവാഹം വേര്‍പിരിയുന്നത്. ചോദ്യംചെയ്യല്‍ നടന്നിട്ടില്ലെങ്കില്‍ പുതിയ വിവാഹം കാനോനികമായി അസാധുവായിരിക്കും. മാനസാന്തരപ്പെടുന്ന വ്യക്തിയുടെ സ്ഥലമേലദ്ധ്യക്ഷനാണ് ചോദ്യംചെയ്യലിന്‍റെ ഉത്തരവാദിത്വം.

കാനോന 858: പൗളിന്‍ ആനുകൂല്യമുപയോഗിക്കുന്ന മാമ്മോദീസ സ്വീകരിച്ച കക്ഷിയെ, ഗൗരവമായ കാരണമുണ്ടെങ്കില്‍, മാമ്മോദീസ സ്വീകരിച്ചതോ സ്വീകരിക്കാത്തതോ ആയ ഒരു അകത്തോലിക്കാകക്ഷിയുമായി വിവാഹം നടത്തുവാന്‍ സ്ഥലമേലദ്ധ്യക്ഷന് അനുവദിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ മിശ്രവിവാഹം സംബന്ധിച്ച നിബന്ധനകളുംകൂടി പാലിക്കപ്പെടേണ്ടതാണ്.

വിശ്വാസാനുകൂല്യത്തിന്‍റെ ഫലമനുഭവിക്കേണ്ടതിന് പുതിയ വിവാഹത്തിലേര്‍പ്പെടുന്നവരില്‍ ഒരാള്‍ കത്തോലിക്കാവ്യക്തിയും മറ്റേയാള്‍ അക്രൈസ്തവനും ആയിരുന്നാലും മതി; എപ്പോഴും വിവാഹം രണ്ടു കത്തോലിക്കര്‍ തമ്മിലുള്ളതോ രണ്ടു ക്രൈസ്തവര്‍തമ്മിലുള്ളതോ ആയിരിക്കണമെന്നില്ല. എന്നിരുന്നാലും ആവശ്യമായ വിടുതലുകള്‍ (dispensations) ലഭിച്ചിരിക്കണം.

കാനോന 859: 1. മാമ്മോദീസ സ്വീകരിക്കാത്ത പല ഭാര്യമാര്‍ ഒരേ സമയത്തുള്ള, മാമ്മോദീസ സ്വീകരിക്കാത്ത ഒരു പുരുഷന് കത്തോലിക്കാസഭയില്‍ മാമ്മോദീസ സ്വീകരിച്ചതിനുശേഷം അവരില്‍ ആദ്യത്തെ ഭാര്യയുമായി ഒരുമിച്ചുജീവിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഭാര്യമാരിലാരെയെങ്കിലും ഒരാളെ നിലനിര്‍ത്തുകയും മറ്റുള്ളവരെ പറഞ്ഞുവിടുകയും ചെയ്യാവുന്നതാണ്. മാമ്മോദീസ സ്വീകരിക്കാത്ത പല ഭര്‍ത്താക്കന്മാര്‍ ഒരേ സമയമുള്ള, മാമ്മോദീസ സ്വീകരിക്കാത്ത ഒരു സ്ത്രീയുടെ കാര്യത്തിലും ഇത് ബാധകമാണ്.

  1. നിയമത്തിന്‍റെ മറ്റു നിബന്ധനകള്‍ പാലിച്ചുകൊണ്ടും നിയമം അനുശാസിക്കുന്ന വിവാഹത്തിന്‍റെ കാനോനികക്രമമനുസരിച്ചും ഈ സാഹചര്യത്തില്‍ വിവാഹം നടത്തേണ്ടതാണ്.                                                      
  2. ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് നീതിയുടെയും ഉപവിയുടെയും ധാര്‍മ്മികനീതി (equity)യുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍ ആവശ്യമായവ ലഭ്യമാണന്ന് വ്യക്തികളുടെയും സ്ഥലങ്ങളുടെയും ധാര്‍മ്മികവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തതിനുശേഷം, സ്ഥലമേലദ്ധ്യക്ഷന്‍ ഉറപ്പുവരുത്തേണ്ടതാണ്.

പല ജീവിതപങ്കാളികളുണ്ടായിരുന്ന ഒരു വ്യക്തി വിശ്വാസത്തിലേക്കു വരുമ്പോള്‍ അയാള്‍ അവരില്‍ ആദ്യപങ്കാളിയെ നിലനിര്‍ത്തുകയോ, അതിനു സാധിക്കുന്നില്ലെങ്കില്‍ ഏതെങ്കിലുമൊരു പങ്കാളിയെ നിലനിര്‍ത്തുകയോ ചെയ്യുവാന്‍ 1537 ജൂണ്‍ 1-ന് പുറത്തിറക്കിയ ആള്‍ത്തിത്ത്യൂദോ (Altitudo) യിലൂടെ പോള്‍ 3-ാമന്‍ പാപ്പ നിര്‍ദ്ദേശിക്കുന്നു. ദമ്പതികളുടെ ആത്മാര്‍ത്ഥത അനുസരിച്ചായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവാഹത്തിന്‍റെ സാധുത. പീയൂസ് 5-ാമന്‍ പാപ്പ 1571 ആഗസ്റ്റ് 2-ന് പ്രസിദ്ധീകരിച്ച 'റൊമാനി പൊന്തിഫിച്ചെസ്' (Romani pontificis) പല വിവാഹപങ്കാളികളുണ്ടായിരിക്കേ മാമ്മോദീസ സ്വീകരിച്ച വ്യക്തി, മാമ്മോദീസ സ്വീകരിച്ച ഒരു പങ്കാളിയെത്തന്നെ ഭാര്യയായി തുടര്‍ന്നു സ്വീകരിക്കുവാനായി പ്രേരിപ്പിക്കുന്നു. ഇതു പരമ്പരാഗതമായ പൗളിന്‍ ആനുകൂല്യത്തിന്‍റെ (Pauline privilege) നിയമാനുസൃതമായ ഒരു തുടര്‍ച്ചയാണ്.

ബഹുഭാര്യാത്വത്തിന്‍റെയും ബഹുഭര്‍തൃത്വത്തിന്‍റെയും കാര്യത്തില്‍ 859-ാം കാനോനയില്‍ പറഞ്ഞിരിക്കുന്നവ പാലിക്കേണ്ടതാണ്. എന്നിരുന്നാലും ഒരു വ്യക്തിക്കു പല ഭാര്യമാരോ ഭര്‍ത്താക്കന്മാരോ പല വിവാഹങ്ങളിലായി ഉണ്ടായിരിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരിക്കുന്ന അവസരത്തില്‍ ഇത് ബാധകമല്ല.

കാനോന 860: മാമ്മോദീസ സ്വീകരിച്ചിട്ടില്ലാതിരുന്ന ഒരു വ്യക്തി കത്തോലിക്കാസഭയില്‍ മാമ്മോദീസ സ്വീകരിച്ചതിനുശേഷം താന്‍ തടവിലാക്കപ്പെട്ടതുമൂലമോ പീഡനംമൂലമോ മാമ്മോദീസ സ്വീകരിക്കാത്ത കക്ഷിയുമായി സഹവാസം പുനഃസ്ഥാപിക്കുവാന്‍ കഴിയാതെ വരുമ്പോള്‍-പ്രസ്തുതകക്ഷി ഇതിനിടെ മാമ്മോദീസ സ്വീകരിച്ചിട്ടുണ്ടെങ്കില്‍പ്പോലും-കാനോന 853 പരിഗണിച്ചുകൊണ്ടുതന്നെ മറ്റൊരു വിവാഹം നിയമാനുസൃതം നടത്താവുന്നതാണ്.

കാനോന 861: സംശയകരമായ ഒരു കാര്യത്തില്‍ വിശ്വാസത്തിന്‍റെ ആനുകൂല്യത്തിന് നിയമാനുകൂല്യം സിദ്ധിക്കുന്നു.

കാനോന 862: ദാമ്പത്യസംയോഗംവഴി പൂര്‍ണ്ണത കൈവന്നിട്ടില്ലാത്ത ഒരു വിവാഹത്തെ തക്കകാരണമുണ്ടെങ്കില്‍ മാര്‍പാപ്പയ്ക്ക് ദമ്പതിമാരിരുവരുടെയും അപേക്ഷയിന്‍മേലോ, ഒരാള്‍ അപേക്ഷിക്കുകയും മറ്റേയാള്‍ എതിര്‍ക്കുകയുമാണെങ്കില്‍ പോലുമോ വേര്‍പെടുത്താവുന്നതാണ്.

             2. ദാമ്പത്യബന്ധം നിലനില്‍ക്കെയുള്ള വേര്‍പെടുത്തല്‍

കാനോന 863: 1. ഇതരദമ്പതി വ്യഭിചാരം ചെയ്ത കക്ഷിക്ക് ഉപവിയാല്‍ പ്രേരിതമായും കുടുംബത്തിന്‍റെ സുസ്ഥിതിയെ മുന്‍നിറുത്തിയും മാപ്പ് നിഷേധിക്കാതെയിരിക്കണമെന്നും വൈവാഹികജീവിതക്കൂട്ടായ്മയെ നശിപ്പിക്കരുതെന്നും ശക്തമായി ശുപാര്‍ശ ചെയ്യപ്പെടുന്നു. എന്നിരുന്നാലും ഒരു കക്ഷി മറുകക്ഷിയുടെ തെറ്റ് പ്രത്യക്ഷമായോ പരോക്ഷമായോ ക്ഷമിക്കാത്തപക്ഷം-അയാള്‍ കൂട്ടാളിയുടെ വ്യഭിചാരത്തിന് സമ്മതിക്കുകയോ അതിനു കാരണമാകുകയോ അയാള്‍കൂടിയും വ്യഭിചാരം നടത്തുകയോ ചെയ്തിട്ടില്ലെങ്കില്‍-പ്രസ്തുത കക്ഷിക്ക് വിവാഹക്കൂട്ടായ്മാജീവിതത്തില്‍നിന്ന് മോചിപ്പിക്കപ്പെടുന്നതിനുള്ള അവകാശമുണ്ട്.

  1. നിര്‍ദ്ദോഷിയായ കക്ഷി വ്യഭിചാരത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം മറുകക്ഷിയുമായി സ്വമനസ്സാലെ ദാമ്പത്യസ്നേഹത്തില്‍ ജീവിക്കുകയാണെങ്കില്‍ പരോക്ഷമായി ക്ഷമിച്ചു എന്നു കരുതേണ്ടതാണ്. ഇങ്ങനെ ആറു മാസക്കാലം വൈവാഹികജീവിതക്കൂട്ടായ്മയില്‍ തുടരുകയും, ഇതിനിടെ സഭാധികാരികളെയോ സിവില്‍ അധികാരികളെയോ വേര്‍പെടുത്തലിനുവേണ്ടി സമീപിക്കാതിരിക്കുകയും ചെയ്താല്‍ പരോക്ഷമായി ക്ഷമിച്ചു എന്ന് അനുമാനിക്കാവുന്നതാണ്.                                                                                        
  2. നിര്‍ദ്ദോഷിയായ കക്ഷി സ്വമനസ്സാലെ വൈവാഹിക ജീവിതക്കൂട്ടായ്മ വേര്‍പെടുത്തുകയാണെങ്കില്‍ ആറുമാസത്തിനകം തക്ക അധികാരിയുടെ പക്കല്‍ വേര്‍പെടുത്തലിനുള്ള കേസ് സമര്‍പ്പിക്കേണ്ടതാണ്. തെറ്റു ക്ഷമിക്കാനും വേര്‍പാട് നീട്ടിക്കൊണ്ടുപോകാതിരിക്കാനും നിര്‍ദ്ദോഷിയായ കക്ഷിയെ പ്രേരിപ്പിക്കുവാന്‍ സാധിക്കുമോയെന്ന് എല്ലാ സാഹചര്യങ്ങളും അന്വേഷിച്ചറിഞ്ഞതിനുശേഷം തീരുമാനിക്കേണ്ടത് ഈ അധികാരിയാണ്.

കാനോന 864: 1. ദമ്പതിമാരില്‍ ആരെങ്കിലും ജീവിതപങ്കാളിക്കോ സന്താനങ്ങള്‍ക്കോ സാരമായ അപകടത്തിനു കാരണമായിത്തീരുകയോ കൂട്ടായജീവിതം ദുസ്സഹമാക്കുകയോ ചെയ്താല്‍ അയാള്‍ മറ്റേയാള്‍ക്ക്, സ്ഥലമേലദ്ധ്യക്ഷന്‍റെ കല്പനയാലോ കാലതാമസം അപകടത്തിനിടയാക്കുമെങ്കില്‍ സ്വന്തം തീരുമാനത്താലോ ബന്ധം വേര്‍പെടുത്തുന്നതിനുള്ള നിയമാനുസൃതമായ കാരണം കൊടുക്കുന്നു.

  1. ജനങ്ങളുടെ രീതികളും സ്ഥലത്തെ സാഹചര്യങ്ങളും അനുസരിച്ച് മറ്റുകാരണങ്ങള്‍ സ്വയാധികാരസഭയുടെ പ്രത്യേക നിയമത്തില്‍ നിശ്ചയിക്കാവുന്നതാണ്.                                                                                                   
  2. തക്ക അധികാരി മറിച്ചു നിശ്ചയിക്കാത്ത പക്ഷം, വേര്‍പെടുത്തലിനുള്ള കാരണം ഇല്ലാതാകുമ്പോള്‍ എല്ലാകേസുകളിലും ദാമ്പത്യജീവിതക്കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെടേണ്ടതാണ്.

കാനോന 865: ദമ്പതികളുടെ വേര്‍പെടുത്തല്‍ നടത്തുമ്പോള്‍ കുട്ടികളുടെ ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്നവിധത്തില്‍ അനുയോജ്യമായ സംവിധാനം നേരത്തെതന്നെ ഉണ്ടാക്കണം.

കാനോന 866: നിര്‍ദ്ദോഷിയായ കക്ഷിക്ക് മറ്റേ കക്ഷിയെ വൈവാഹികജീവിതത്തിലേക്ക് ശ്ലാഘനീയമായി തിരികെ സ്വീകരിക്കാവുന്നതാണ്. വേര്‍പിരിയുന്നതിനുള്ള അവകാശം ഇതോടെ നഷ്ടപ്പെടുന്നു.

വിവാഹവിയോജനത്തിനുള്ള കാരണങ്ങളെ സംബന്ധിച്ച് ലത്തീന്‍ കാനന്‍നിയമം ഗൗരവമേറിയത്, ഭൗതികമായത്, ധാര്‍മ്മികമായത് എന്നിങ്ങനെ നടത്തുന്ന വിഭജനങ്ങള്‍ പൗരസ്ത്യകാനന്‍നിയമത്തിലില്ല. തെറ്റുചെയ്യാത്ത കക്ഷിക്ക് വിവാഹവിയോജനത്തിന് തക്ക കാരണമാകാവുന്നവയുടെ ലിസ്റ്റ് Crebrae Allatae-യില്‍ നല്കിയിരുന്നു. മറുകക്ഷി ഒരു അകത്തോലിക്കാഗ്രൂപ്പില്‍ ചേരുക, കുട്ടികള്‍ക്ക് അകത്തോലിക്കാവിദ്യാഭ്യാസം നല്കുക, ഒരു ക്രിമിനല്‍ജീവിതം നയിക്കുക, ക്രൂരതയാല്‍ പങ്കാളിയുടെ ജീവിതം വിഷമകരമാക്കുക തുടങ്ങിയവയൊക്കെ ആ ലിസ്റ്റില്‍പെടും. പുതിയ കാനന്‍നിയമം ഇതിനു പകരമായി 'ജീവിത പങ്കാളിക്കോ കുട്ടികള്‍ക്കോ കൂട്ടായ ജീവിതം അപകടകരമാക്കിത്തീര്‍ക്കുന്നുവെങ്കില്‍' എന്ന പ്രയോഗമാണ് നടത്തിയിരിക്കുന്നത്.

ദമ്പതികളുടെ സഹവാസം വേര്‍പെടുത്തല്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആ പ്രക്രിയയുടെ സാധുതയ്ക്കു നീതിസംരക്ഷകന്‍റെ (Promoter of Justice) ഇടപെടല്‍ ആവശ്യമാണ്. കാരണം കുടുംബത്തിന്‍റെ സംരക്ഷണവും സുസ്ഥിതിയും ദമ്പതികളുടെ വ്യക്തിപരമായ നന്മയ്ക്കായി മാത്രമല്ല, സഭയുടെ മുഴുവന്‍ പൊതുനന്മയ്ക്കായുമുള്ളതാണ്. വേര്‍പെടുത്താനുള്ള ഡിക്രി പുറപ്പെടുവിക്കേണ്ടത് രൂപതാമെത്രാനോ, അല്ലെങ്കില്‍ ജഡ്ജിയോ ആണെന്ന് കാനോന 1378ങ്ങ1 പറയുന്നു. സ്ഥലമേലദ്ധ്യക്ഷനാണ് വേര്‍പിരിയാനുള്ള ഡിക്രി പുറപ്പെടുത്താനുള്ള അവകാശം എന്നു കാനോന 864ങ്ങ1 പറയുന്നു. രൂപതാമെത്രാന്‍റെ പ്രതിനിധിയായാണ് സ്ഥലമേലദ്ധ്യക്ഷന്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ മേല്പറഞ്ഞ രണ്ടു കാനോനകളും തമ്മിലുള്ള വ്യത്യാസം പ്രത്യക്ഷത്തില്‍മാത്രമാണ്.

catholic malayalam canon-laws-about-marriage Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message