x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

കാനന്‍ നിയമം: പാശ്ചാത്യ (CIC) പൗരസ്ത്യ (CCEO) സഭകളുടെ കാനോന്‍ നിയമസംഹിതകള്‍

Authored by : Bishop Joseph Kallarangatt On 26-Jan-2021

ചില 'അരുതു'കളുടെയും 'അതെ'കളുടെയും ആകെത്തുകയാണ് നിയമം. അവ ഒരേ സമയം ചില കാര്യങ്ങള്‍ ചെയ്യാന്‍ കല്പിക്കുന്നതും ചിലത് ചെയ്യരുതെന്ന് നിഷ്കര്‍ഷിക്കുന്നതുമാണ്. നിയമങ്ങള്‍ ജീവിതത്തിന്‍റെ മാര്‍ഗ്ഗരേഖകളുമാണ്. ഉദാ: ട്രാഫിക് നിയമങ്ങള്‍. നിയമം പലപ്പോഴും കാരണങ്ങള്‍ (Reason) തരാറില്ല. അവ അതിനാല്‍ത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നതും സാധാരണവുമാണ്. 'ദൈവത്തേയും അയല്‍ക്കാരനേയും സ്നേഹിക്കുക' എന്ന ക്രിസ്തീയനിയമം വെളിപ്പെടുത്തുന്നത് നിയമത്തിന്‍റെ ഈ സ്വഭാവമാണല്ലോ.

വിവിധതരം നിയമങ്ങള്‍

സ്വാഭാവിക നിയമം (ius Naturale)                                                                                                                                              

മനസ്സാക്ഷി മനുഷ്യമനസ്സില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതും മനുഷ്യപ്രകൃതിയില്‍ത്തന്നെ അന്തര്‍ലീനമായിരിക്കുന്നതുമാണ് ചമൗൃമേഹ ഹമം അഥവാ സ്വാഭാവിക നിയമങ്ങള്‍. കാര്യകാരണസഹിതം മനുഷ്യപ്രകൃതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ നിയമങ്ങള്‍ മനുഷ്യമനസ്സാക്ഷിയില്‍ നിന്ന് ഉത്ഭൂതമാകുന്നതാണ്. ഉദാ: കള്ളം പറയരുത്, കൊല്ലരുത്.

എല്ലാ വ്യക്തികള്‍ക്കും ഒരുപോലെ ബാധകവും ദൈവം സൃഷ്ടിച്ച സകലരും അനുഷ്ഠിക്കാന്‍ കടപ്പെട്ടതുമാണ് സ്വാഭാവിക നിയമം. എന്തെന്നാല്‍ ഇതിനു പിന്നില്‍ എപ്പോഴും ഒരു കാര്യവും കാരണവുമുണ്ടായിരിക്കും. ഈ നിയമപാലനത്തിന് നീതി, സത്യം, ധാര്‍മ്മികത എന്നീ ത്രിവിധ മൂല്യങ്ങളുടെ അടിസ്ഥാനമുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കാരണം ഇവയാണ് സ്വാഭാവികനിയമത്തിന് തന്നെ അസ്തിത്വം നല്കുന്ന സുപ്രധാന ഘടകങ്ങള്‍. അതിനാല്‍ത്തന്നെ ഈ നിയമങ്ങള്‍ പാലിക്കാന്‍ സകലരും ബാധ്യസ്ഥരുമാണ്.

സര്‍ഗാത്മകനിയമങ്ങള്‍

സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും സുസ്ഥിതിക്കും നിലനില്പിനും വേണ്ടിയാണ് നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് ജീവിതത്തിന് അടുക്കും ചിട്ടയും കൈവരുത്തുന്നു. സമൂഹ ജീവിയായ മനുഷ്യന്‍ തനിക്കുള്ള അധികാരങ്ങളും അവകാശങ്ങളും എന്തൊക്കെയാണെന്നും, നിയമം എന്തിനുവേണ്ടി, എപ്രകാരം പാലിക്കണം എന്നും അറിഞ്ഞിരിക്കണം. ഒരു വ്യക്തിക്ക് പലതരത്തിലുള്ള നിയമങ്ങള്‍ പാലിക്കേണ്ടതായി വരാറുണ്ട്. ഒരു രാജ്യത്തിലെ പൗരനെന്ന നിലയില്‍ ആ രാജ്യത്തിന്‍റെ നിയമം (civil law), ഏതെങ്കിലും ഒരു മത വിഭാഗത്തിലെ അംഗം എന്ന നിലയില്‍ മതത്തിന്‍റെ നിയമം തുടങ്ങിയവ പാലിക്കാന്‍ ഒരുവന്‍ കടപ്പെട്ടിരിക്കുന്നു. അതിനാല്‍ത്തന്നെ കത്തോലിക്കാ സഭയുടെ അംഗങ്ങള്‍ സഭയുടെ നിയമം (canon law) പാലിക്കാന്‍ കടപ്പെട്ടവരാണ്.

ഏതെങ്കിലുമൊരു രാജ്യത്തിന്‍റെ, ഉദാഹരണത്തിന്, ഇന്ത്യയുടെ നിയമം നിര്‍മ്മിക്കുന്നത് പാര്‍ലമെന്‍റാണ്. അതേസമയം ആഗോള കത്തോലിക്കാ സഭയ്ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തുക സഭാ തലവനായ മാര്‍പ്പാപ്പയാണ്.

സര്‍ഗ്ഗാത്മക നിയമം (positive law) ഉണ്ടാക്കാന്‍ പ്രത്യേക അധികാരമുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. 4 തരം നിയമങ്ങളാണ് ഇതില്‍പ്പെടുക.

  • ദൈവിക നിയമം: ദൈവം നേരിട്ട് തരുന്നവ. ഉദാ: പത്തു കല്പനകള്‍.                                                                                           
  • സ്ഥാപന നിയമം: ഓരോ സ്ഥാപനത്തിലും നിയമ നിര്‍മ്മാണ അധികാരമുള്ള വ്യക്തികള്‍ വഴി ലഭിക്കുന്നവ.                         
  • രാജ്യ നിയമം: അതതു രാജ്യത്തിലെ പാര്‍ലമെന്‍റ് വഴി നല്കപ്പെടുന്നവ.                                                                                              
  • ദൈവിക നിയമം: ദൈവം മനുഷ്യന് നേരിട്ട് നല്കിയ ഈ ദൈവികനിയമങ്ങള്‍ പാലിക്കാന്‍ സകല സൃഷ്ടികളും കടപ്പെട്ടിരിക്കുന്നു. കത്തോലിക്കാ വിശ്വാസ സംഹിതയുടെ ആകെത്തുകയാണ് ഈ നിയമങ്ങള്‍ എന്നുപറയാം. മനുഷ്യ ജീവിതത്തിന്‍റെ ഊടും പാവുമായ ദൈവികനിയമങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് മനുഷ്യബുദ്ധിക്കു മനസ്സിലാക്കാനും ഗ്രഹിക്കാനും സ്വീകരിക്കാനും ഉപയുക്തമായ വിധത്തിലാണ്. ദൈവത്താല്‍ നല്കപ്പെട്ടവയായതിനാല്‍ ദൈവികനിയമങ്ങളില്‍ മാറ്റം വരുത്താന്‍ സഭയ്ക്കും മനുഷ്യനും അവകാശമോ അധികാരമോ ഇല്ല. എന്നാല്‍ സ്ഥല കാലസാഹചര്യങ്ങല്‍ക്കനുസൃതം ഇവയ്ക്ക് ചില വ്യാഖ്യാനങ്ങള്‍ നല്‍കാനും ചില നവീകരണങ്ങള്‍ വരുത്താനും സാധിക്കും. ഉദാ:- ഒരു കാലഘട്ടത്തില്‍ ദൈവിക നിയമത്തിന്‍റെ ഭാഗമായി അടിമത്തത്തെ കണക്കാക്കിയിരുന്നു. എങ്കില്‍, ഇന്നത് ദൈവനിയമത്തിന് എതിരാണ് എന്നു വ്യക്തമായി സഭ പഠിപ്പിക്കുന്നു.

വിശ്വാസ വീക്ഷണത്തിനും പാരമ്പര്യങ്ങള്‍ക്കും അനുയോജ്യമായും ഇന്നിന്‍റെ ആവശ്യങ്ങള്‍ കണക്കിലെടുത്തും ക്രിസ്തീയ ജീവിതത്തിന്‍റെ ആത്യന്തികലക്ഷ്യം സാധിതമാക്കും വിധവും വേണം ദൈവീകനിയമങ്ങള്‍ വ്യാഖ്യാനിക്കുവാനും നവീകരിക്കുവാനും. ദൈവികനിയമങ്ങള്‍ നല്കപ്പെട്ടത് വെളിപാടുകള്‍ വഴിയാണ്. ക്രിസ്തുവഴി നമുക്കുലഭ്യമായ ദൈവികനിയമം ആണ് പുതിയനിയമവും പാരമ്പര്യങ്ങളും. സ്വാഭാവിക നിയമവും ദൈവികനിയമവും പരസ്പര ബന്ധിതങ്ങളും പരസ്പര പൂരകങ്ങളുമാണ്. ദൈവികനിയമം സ്വാഭാവികനിയമത്തെ പൂര്‍ണ്ണമാക്കുകയും അതിന്‍റെ അന്തഃസത്തയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവികനിയമത്തിന്‍റെ ഉത്ഭവംതന്നെ ദൈവികനിയമത്തില്‍ നിന്നാണ്.

സര്‍ഗാത്മക മാനുഷിക നിയമങ്ങള്‍

സഭയ്ക്കുവേണ്ടിയുള്ള നിയമനിര്‍മ്മാണ അധികാരം യേശുക്രിസ്തുവില്‍നിന്ന് ഏറ്റെടുത്തവരാണ് അപ്പസ്തോലന്മാര്‍. ഇതിന്‍റെ തെളിവുകള്‍ പുതിയ നിയമലേഖനങ്ങളിലും പാരമ്പര്യങ്ങളിലും ഉണ്ട്. ഈ അധികാരാവകാശങ്ങള്‍ അപ്പസ്തോലന്മാരുടെ പിന്തുടര്‍ച്ചക്കാരായ മെത്രാന്മാര്‍ ഏറ്റെടുക്കുകയും കാലാകാലങ്ങളില്‍ സഭയ്ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയും, നിലവിലുള്ളതിനെ നവീകരിക്കുകയും ചെയ്യുന്നു. സാര്‍വ്വത്രിക സഭയെ സംബന്ധിച്ച നിയമങ്ങളില്‍ പരമാധികാരം പത്രോസിന്‍റെ പിന്‍ഗാമിയും റോമിന്‍റെ മെത്രാനുമായ മാര്‍പ്പാപ്പയ്ക്കു മാത്രമാണ്. ഈ ആധികാരികതയെക്കുറിച്ചുള്ള അറിവ് ബൈബിളും പാരമ്പര്യങ്ങളും തന്നെയാണ് നമുക്ക് നല്‍കുന്നത്. രാജ്യനിയമവും സഭാനിയമവും രാജ്യനിയമത്തിന്‍റെയും സഭാനിയമത്തിന്‍റെയും സവിശേഷതകള്‍ പ്രതിപാദിച്ചിട്ടുള്ള പട്ടിക ചുവടെ ചേര്‍ക്കുന്നു.

രാജ്യനിയമം

  • രാജ്യനിയമം ഈ നിയമങ്ങള്‍ ലോകസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുന്നു.
  • രാജ്യസഭയില്‍വച്ച് വേണ്ട വ്യതിയാനങ്ങള്‍ വരുത്തുന്നു.
  • രാജ്യസഭയില്‍ നിന്നും ഈ നിയമങ്ങള്‍ പ്രസിഡണ്ട് സ്വീകരിച്ച് തന്‍റെ ഒപ്പോടുകൂടി പുറപ്പെടുവിക്കുന്നു.
  • ഈ നിയമങ്ങളില്‍ വരുന്ന വീഴ്ചകള്‍ക്ക് ശിക്ഷാവിധികളുണ്ട്.
  • ക്രമസമാധാനത്തിന് പ്രത്യേക സംവിധാന ക്രമങ്ങളുണ്ട് (പോലീസ്, പട്ടാളം ലരേ.)

സഭാനിയമം

  • സഭാനിയമം പരമാധികാരിയായ മാര്‍പാപ്പ നിയമങ്ങള്‍ വിളംബരം ചെയ്യുന്നു.
  • വിശ്വാസികള്‍ ഇവ അനുസരിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
  • വിശ്വാസജീവിതക്രമീകരണത്തിന് ഊന്നല്‍ നല്‍കുന്നു
  • നിയമങ്ങളുടെ അനുസരണം വ്യക്തിയുടെ സ്വതന്ത്ര തെരഞ്ഞടുപ്പാണ്.
  • നിയമങ്ങള്‍ അനുസരിപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങളില്ല.
  • നിയമപാലനത്തിന് സഭയില്‍ പരിമിതികളുണ്ട്.

കാനന്‍ നിയമത്തിന്‍റെ ഉത്ഭവം

"കാനോന്‍" (kanon) എന്ന ഗ്രീക്കുവാക്കിന്‍റെ അര്‍ത്ഥതലങ്ങള്‍ താഴെപ്പറയുന്നവയാണ്.

-              'അളവുകോല്‍' അഥവാ അളക്കാന്‍ ഉപയോഗിക്കുന്ന നീളമുള്ളതും വക്രമല്ലാത്തതുമായ മരക്കഷണം

-              നേര്‍രേഖ വരയ്ക്കാന്‍ ഉപയോഗിക്കുന്ന മരക്കോല്‍

-              നേര്‍വഴി കാണിക്കാനും, സ്വഭാവരൂപീകരണം, ശിക്ഷണം എന്നിവയ്ക്കുമുള്ള ചൂണ്ടു പലകകള്‍ അഥവാ മാര്‍ഗ്ഗരേഖകള്‍.

തിരുസഭയില്‍ ഉപയോഗത്തിലിരുന്ന 'വിശുദ്ധപുസ്തകങ്ങള്‍ക്ക്' പൊതുവായി 'കാനോന' എന്നു പറഞ്ഞിരിക്കുന്നു (canonical books). ക്രിസ്തീയ സഭകളുടെ പശ്ചാത്തലത്തില്‍ വിശ്വാസസത്യങ്ങള്‍, ദൈവീക നിയമങ്ങള്‍, ശിക്ഷണനിയമങ്ങള്‍ എന്നീ പേരുകളാല്‍ ഈ മാര്‍ഗ്ഗരേഖകള്‍ (കാനോനകള്‍) അറിയപ്പെടാന്‍ തുടങ്ങി.

- നിയമങ്ങള്‍ പാലിച്ച് സന്യാസ ജീവിതം നയിച്ചിരുന്ന ഒരുകൂട്ടം സമര്‍പ്പിതര്‍ കാനോന്‍സ് (canons) എന്നറിയപ്പെട്ടിരുന്നു.

- സഭയില്‍ വിശ്വാസ രഹസ്യങ്ങളെ സൂചിപ്പിക്കാന്‍ "കാനന്‍" എന്ന പദം ഉപയോഗിച്ചിരുന്നു. ഉദാ:വി.ഗ്രന്ഥകാനന്‍, ആരാധനാക്രമകാനോന, വിശുദ്ധരാക്കുന്ന പ്രക്രിയ.

- ലത്തീന്‍ ഭാഷയില്‍ "yegalae" , "Lex", "ius" എന്നീ "കാനോന"യെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

നിയമത്തിന്‍റെ മൂന്നുതലങ്ങള്‍

ജനനം, ജീവിതം, മരണം തുടങ്ങിയഘട്ടങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തിനുള്ളതു പോലെ നിയമവും വിവിധ ഘട്ടങ്ങളിലൂടെയാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്.

സൃഷ്ടി

ഇതില്‍ ഒരു നിയമ നിര്‍മ്മാതാവ് ഉണ്ടായിരിക്കും. ഇദ്ദേഹം നിയമത്തിന്‍റെ മൂല്യം, സ്വീകരണം എന്നിവ നിര്‍ണ്ണയിക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. നിയമം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? എന്താണിതിന്‍റെ പ്രസക്തി? ഈ നിയമം സ്വീകരിക്കാന്‍ സമൂഹം തയ്യാറാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ നിയമത്തിന്‍റെ ഉത്ഭവമായി.

ആശയവിനിമയം

നിയമത്തിലെ സുപ്രധാന കണ്ണികള്‍ നിയമ നിര്‍മ്മാതാവും സ്വീകര്‍ത്താവുമാണ്. നിയമ പാലനത്തിന് അത് ഔദ്യോഗികമായി പുറപ്പെടുവിച്ചിരിക്കണം. ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വീകര്‍ത്താക്കളില്‍ എത്തിക്കണം. നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് നിശ്ചിതമായ കാലപരിധി നിശ്ചയിക്കണം. നിയമപഠനത്തിനും പാലനത്തിനും സമയപരിധി ഉണ്ടായിരിക്കണം. നിയമ വിളംബരത്തിനും പാലനത്തിനുമിടയ്ക്കുള്ള സമയപരിധിക്ക് "Vocatio Legis"/"Vocation of law" എന്നുപറയുന്നു.

സ്വീകരണം

നിയമം ആരെ ഉദ്ദേശിക്കുന്നുവോ അവന്‍ അല്ലെങ്കില്‍ സമൂഹം/സമുദായം ആ നിയമം സ്വീകരിക്കുകയും പാലിക്കുകയും വേണം. ഇത് നിയമത്തെ 'അംഗീകരിക്കല്‍' എന്നതിലുപരി ഒരു 'ഉള്‍ക്കൊള്ളല്‍' ആണ്. സമൂഹം സ്വതന്ത്രബുദ്ധി ഉപയോഗിച്ച് നിയമനിര്‍മ്മാതാവിന്‍റെ ഉദ്ദേശശുദ്ധിയും നിയമത്തിന്‍റെ പൊരുളും മനസ്സിലാക്കണം. ഈ മനസ്സിലാക്കലിന് മൂന്നു കാര്യങ്ങള്‍ ആവശ്യമാണ്.

  • ബൗദ്ധികമായ മനസ്സിലാക്കല്‍
  • പണ്ഡിതരുടെ വ്യാഖ്യാനങ്ങള്‍
  • സമൂഹത്തിലുള്ള നടപ്പിലാക്കല്‍

അതിനാല്‍ സഭയുടെ നിയമജീവിതത്തിലെ കഥാപാത്രങ്ങള്‍ സമൂഹവും നിയമനിര്‍മ്മാതാക്കളും നിയമത്തിന്‍റെ വിധികര്‍ത്താക്കളും ആണ്. നിയമം വേണ്ടവിധത്തില്‍ മനസ്സിലാക്കുക, സ്വീകരിക്കുക, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് സര്‍വ്വപ്രധാനം.

കാനന്‍ നിയമത്തിന്‍റെ ഉദ്ദേശ്യവും ലക്ഷ്യവും

തിരുസ്സഭയുടെ കാനോനിക സംഹിത സഭയുടെ ജീവിത ക്രമീകരണത്തിനും ശിക്ഷണത്തിനും വേണ്ടിയുള്ളതാണ്. അല്ലാതെ അവ വിശ്വാസസത്യങ്ങളല്ല. കാനന്‍ സംഹിതയുടെ ലക്ഷ്യം സഭാസമൂഹത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നതിലാണടങ്ങിയിരിക്കുന്നത്. വിശ്വാസ സത്യങ്ങളെക്കാള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് കാനോന സംഹിതയിലെ പ്രതിപാദ്യം. ഇത് ക്രിയാത്മകമായ ചെയ്തികള്‍ക്ക്, നന്മപ്രവൃത്തികള്‍ക്ക്, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇതില്‍ വിശ്വാസത്തിന്‍റെ ഘടകങ്ങള്‍ക്കായിരിക്കുകയില്ല മുന്‍തൂക്കം.

നിയമത്തിന്‍റെ ധര്‍മ്മങ്ങള്‍

വ്യത്യസ്തമായ രീതിയില്‍ ചരിക്കുന്ന സംവിധാനങ്ങളായ രാഷ്ട്രത്തെയും തിരുസ്സഭയെയും നാം വേര്‍തിരിച്ചുതന്നെ കാണണം. നന്മയുടെ ഉത്ഭവം, ചരിത്രം, വളര്‍ച്ച, ലക്ഷ്യം എല്ലാം രാഷ്ട്രത്തിന്‍റേതില്‍നിന്നു വ്യത്യസ്തമാണ്. ദൈവശാസ്ത്രപരമായി നോക്കുമ്പോള്‍ സഭ എന്നുപറയുന്നത് ഒരു രഹസ്യമാണ്. പരിശുദ്ധാത്മാവിന്‍റെ ആവാസ സ്ഥലവും രക്ഷയുടെ അടയാളവുമായ സഭയ്ക്ക് ഒരു ദൗത്യം സാധിക്കാനുണ്ട്. എത്തിപ്പിടിക്കാനായി  ഒരു  അന്ത്യവുമുണ്ട്. ശിക്ഷാനടപടികള്‍ക്കെന്നതിനേക്കാള്‍ സഭ ഊന്നല്‍ കൊടുക്കുന്നത് ശിക്ഷണത്തിനാണ്. അതു നടപ്പില്‍ വരുത്താന്‍ പോലീസോ പട്ടാളമോ വേണ്ട. സാധാരണക്കാരും പാപികളുമടങ്ങിയ ഒരു സമൂഹമാണ് സഭ. അതിനാല്‍ സഭയില്‍ ക്രമങ്ങളും ശിക്ഷണവും അവകാശങ്ങളും നിജപ്പെടുത്തണം.

നിയമത്തിന്‍റെ നാലു ധര്‍മ്മങ്ങള്‍:

ഏതൊരു നിയമത്തിനും നിര്‍വ്വഹിക്കുവാനുള്ളത് നാലുതരം ധര്‍മ്മങ്ങളാണ്.

  1. ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക
  2. ഭദ്രത ഉറപ്പാക്കുക
  3. ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വ്വചിക്കുക.
  4. ബോധനം നല്കുക

തിരുസഭയുടെ കാനന്‍ സംഹിത ഈ നാലുധര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്നതായി കാണാം.

  1. ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക: 'ആത്മാക്കളുടെ രക്ഷ' (Salus animarum) സഭയുടെ പ്രധാന ഉദ്ദേശ്യമാണ്. സഭ അവളുടെ മക്കളുടെ രക്ഷ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി കാണുന്നു. നിയമ സംഹിതയിലെ ഓരോ കാനോനയും സഭ എങ്ങനെ ഈ രക്ഷ സാധിക്കുന്നു, ഇതിനായി എന്തുചെയ്യുന്നു എന്ന് എടുത്തു കാണിക്കുന്നു. സഭയുടെ സുപ്രധാനനിയമം (supreme rule) തന്നെ 'ആത്മാക്കളുടെ രക്ഷ'യാണ്. ഇതിനായി സഭ മറ്റെല്ലാം മാറ്റിവയ്ക്കുന്നു.                                                          
  2. ഭദ്രത ഉറപ്പാക്കുക: നിയമം സഭയില്‍ ക്രമീകരണവും സ്ഥിരത (stability)യും കൈവരുത്തുന്നു. ഈ നിയമം വഴി സംജാതമാകുന്ന ഐക്യം എല്ലാവരും അവരവരുടെ ജീവിതത്തില്‍ അനുഭവിക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നു. അതിനുവേണ്ടി സഭ അധികാരികളെ തെരഞ്ഞെടുക്കുന്നു, കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നു, ദൈവവചനം പ്രഘോഷിക്കുന്നു. യഥോചിതം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു, നീതി നിര്‍വ്വഹിക്കുന്നു.                                                                
  3. കടമകളും ഉത്തരവാദിത്തങ്ങളും: വ്യക്തിഗത അവകാശങ്ങളുടെ സംരക്ഷണത്തിലാണ് നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. വിപരീതസാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ പരിഹാരം കാണുന്നതിനും നിയമം ആവശ്യമാണ്. പ്രശ്നപരിഹാരത്തിനും ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭ്യമാക്കാനും സംശയനിവാരണത്തിനും ആവശ്യമായ നിയമഫോറങ്ങള്‍ സഭ രൂപപ്പെടുത്തിയിട്ടുണ്ട്. സഭയിലും രാഷ്ട്രത്തിലും അംഗങ്ങളുടെ അവകാശങ്ങള്‍ക്കും കടമകള്‍ക്കും തുല്യപ്രാധാന്യമാണ് നല്കപ്പെടുന്നത്. സഭ തീര്‍ച്ചയായും വിശ്വാസികളുടെ അവകാശങ്ങളും കടമകളും വേണ്ടവിധം സംരക്ഷിക്കാന്‍ ബാധ്യസ്ഥയുമാണ്.                                                                                                                                
  4. ബോധനം: സഭാ സമൂഹത്തെ എല്ലാകാര്യങ്ങളും വേണ്ടവിധം പഠിപ്പിക്കാനുള്ള ഒരു ഉപാധിയാണ് നിയമങ്ങള്‍. വിശ്വാസികള്‍ തങ്ങളുടെ ജീവിതമൂല്യങ്ങളും നിലയും വിലയുമെല്ലാം ആര്‍ജ്ജിച്ചെടുക്കുന്നത് നിയമപഠനത്തിലൂടെയാണ്. സഭാതനയരുടെ പ്രതീക്ഷകളും വിവിധ തസ്തികകളിലുള്ള ഉദ്യോഗസ്ഥരുടെ യോഗ്യത (qualifications) യും സന്യസ്തരുടെ ജീവിതാന്തസ്സിന്‍റെ കടമകളും ക്രമീകരിക്കുന്നതും നിജപ്പെടുത്തുന്നതും സഭാ നിയമങ്ങള്‍ തന്നെയാണ്.

കാനന്‍ നിയമചരിത്രം

കാനന്‍ നിയമചരിത്രം വളരെ വിസ്തൃതവും അതിരു കാണാന്‍ കഴിയാത്തവിധം വിശാലവുമാണ്. പ്രധാനപ്പെട്ട ചരിത്രവികാസങ്ങളിലൂടെ കാനോനിക നിയമ ചരിത്രത്തെ വളരെ ചുരുക്കവും സാരാംശം നഷ്ടപ്പെടുത്താതെയും പ്രതിപാദിക്കുകയാണിവിടെ. ഏകമായ ആഗോള കത്തോലിക്കാസഭ വിവിധതരം പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും കാനോനിക നിയമ സംഹിതകളുംകൊണ്ട് സമ്പന്നമാണ്. പന്തക്കുസ്താദിനത്തില്‍ ജറുസലെമില്‍ ആരംഭംകുറിച്ച സഭ വിവിധ രാജ്യങ്ങളില്‍, വ്യത്യസ്ത രൂപഭാവങ്ങളില്‍ വളര്‍ന്ന് 'പാശ്ചാത്യം', 'പൗരസ്ത്യം' എന്നീ രണ്ട് വിഭാഗങ്ങളായി ഇന്നും നിലകൊള്ളുന്നു. ഈ വിഭജനം റോമാ സാമ്രാജ്യവുമായി ബന്ധപ്പെട്ടുണ്ടായതാണ്. എ.ഡി. മൂന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി (284-305) റോമാ സാമ്രാജ്യത്തെ നാലായി വിഭജിച്ചെങ്കിലും ക്രമേണ നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ (395) അത് പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ മാത്രമായിത്തീര്‍ന്നു. പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം റോമായും പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം കോണ്‍സ്റ്റാന്‍റിനോപ്പിളും ആയിരുന്നു. പൗരസ്ത്യ റോമാ സാമ്രാജ്യത്തില്‍ പാരമ്പര്യങ്ങളും ക്രമാനുഷ്ഠാനങ്ങളും വഴി രൂപംകൊണ്ട് വളര്‍ന്നു വികസിച്ച സഭകളാണ് പൗരസ്ത്യ സഭകള്‍ എന്നറിയപ്പെടുന്നത്. പാശ്ചാത്യ സാമ്രാജ്യത്തില്‍ വളര്‍ന്നുവന്ന സഭ പാശ്ചാത്യസഭ എന്നറിയപ്പെടുന്നു. 

കാലക്രമേണ റോമാ സാമ്രാജ്യത്തിനു പുറത്ത് ശ്ലീഹന്മാര്‍ സഭകള്‍ സ്ഥാപിക്കുകയുണ്ടായി. അങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പൗരസ്ത്യ പാരമ്പര്യങ്ങള്‍ രൂപംകൊണ്ടു. അവ പേര്‍ഷ്യന്‍, ബൈസന്‍റയിന്‍, അലക്സാണ്ട്രിയന്‍, അര്‍മേനിയന്‍, അന്ത്യോക്യന്‍ എന്നിവയാണ്. ഇവയ്ക്ക് തനതായ ആരാധന ക്രമപാരമ്പര്യങ്ങള്‍, അതായത്, ബലിയര്‍പ്പണം, യാമപ്രാര്‍ത്ഥനകള്‍, കൂദാശാനുഷ്ഠാനങ്ങള്‍, നോമ്പ്, ഉപവാസം, തിരുനാളുകള്‍, കാനോന്‍ നിയമ സംഹിതകള്‍ ഇവയുണ്ടായിരുന്നു. കാലക്രമേണ പാശ്ചാത്യ വിഭാഗത്തില്‍പ്പെടാത്ത സഭകള്‍ക്കെല്ലാം പൗരസ്ത്യസഭകള്‍ എന്ന പേര് പ്രാബല്യത്തില്‍ വന്നു. മേല്‍പ്പറഞ്ഞ പൗരസ്ത്യ-പേര്‍ഷ്യന്‍-കല്‍ദായ പശ്ചാത്തലത്തിലാണ് നമ്മുടെ സീറോമലബാര്‍സഭ വളര്‍ന്നുവന്നത്. പൗരസ്ത്യ-പാശ്ചാത്യ കത്തോലിക്കാസഭകള്‍ എല്ലാ കാര്യങ്ങളും വിഭിന്ന രീതിയിലാണ് കണ്ടിരുന്നതും നടത്തിയിരുന്നതും. ഇങ്ങനെയാണ് രണ്ടുതരം കാനോനിക നിയമസംഹിതകള്‍ രൂപപ്പെട്ടതും അതിന്‍റെ വിവിധരൂപങ്ങല്‍ മാറിമാറി പ്രാബല്യത്തില്‍ വന്നതും. ഈ ദ്വിവിധ കാനന്‍ സംഹിതകളുടെയും ചരിത്രത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പ് അവയുടെ സ്രോതസ്സുകള്‍ ഏവയെന്ന് പരിശോധിക്കാം.

കാനന്‍ നിയമത്തിന്‍റെ ഉറവിടങ്ങള്‍

രണ്ടു സ്രോതസ്സുകളാണ് പ്രധാനമായും കാനന്‍ നിയമത്തിന്‍റെ പ്രചോദകങ്ങള്‍ ആയി എക്കാലവും നിലകൊള്ളുന്നത്.

  • പത്തുകല്പനകള്‍, യേശുക്രിസ്തുവിന്‍റെ പഠനങ്ങള്‍, അപ്പസ്തോലന്മാരുടെ പഠനങ്ങള്‍, മാര്‍പാപ്പമാരും എക്യുമെനിക്കല്‍ സൂനഹദോസുകളും കൗണ്‍സിലുകളും.
  • നിയമങ്ങള്‍ അടങ്ങിയ രേഖകളുടെ ശേഖരങ്ങള്‍, സഭയിലെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും കാനന്‍ നിയമചരിത്രത്തെ മൂന്നു ചോദ്യങ്ങള്‍ക്കുത്തരമായി വിശദീകരിക്കുകയാണ് അഭികാമ്യം.
  1. ആരാണ് കാനോന്‍ നിയമസംഹിത ഉണ്ടാക്കിയത്?
  2. സ്വീകരിച്ചിരിക്കുന്ന അധികാരവും രൂപ ഭാവങ്ങളുമേവ?
  3. നിയമങ്ങളുടെ രൂപകല്പനയ്ക്ക് സ്വീകരിച്ച നയങ്ങളും രീതികളും ഏവ?

 ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തുടര്‍ന്നുള്ള കാനന്‍ നിയമ ചരിത്രത്തിന്‍റെ വിശകലനത്തിലൂടെ വ്യക്തമാക്കുന്നതാണ്.

ലത്തീന്‍ സഭയുടെ കാനന്‍ നിയമ സംഹിത (CIC)

1985 ജനുവരി 25-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലത്തീന്‍ സഭയ്ക്കുവേണ്ടിയുള്ള നിയമസംഹിതയുടെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു.

"നിയമങ്ങള്‍ ദൈവത്തിന്‍റെ അത്യുദാരമായ ദാനമാകുന്നു. അവയുടെ അനുഷ്ഠാനമോ സാക്ഷാത്തായ വിവേകവും (പ്രഭാ: 24)". എന്ന പഴയനിയമത്തിലെ ആശയം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ പുതിയ കാനന്‍ നിയമ സംഹിതയുടെ ഔപചാരികമായ പ്രകാശനം നിര്‍വ്വഹിച്ചത്. ലത്തീന്‍ സഭയുടെ നിയമ സംഹിതയുടെ രണ്ടാമത്തെ പ്രധാനപതിപ്പാണിത്. പാശ്ചാത്യ സഭയില്‍ നിലവിലിരുന്ന നിയമക്കുറിപ്പുകള്‍ ക്രോഡീകരിച്ച് 1917ല്‍ പുറത്തിറക്കിയ നിയമസംഹിതയാണ് ആദ്യപതിപ്പ് (CIC 1917-codex iuris canomici-The code of canon law).

വിവിധ വകുപ്പുകളുടെ തരം തിരിവനുസരിച്ചുള്ള പൊതുനിയമങ്ങള്‍ വ്യക്തികളെ സംബന്ധിക്കുന്ന, വസ്തുക്കളെ സംബന്ധിക്കുന്ന, നിയമ നടപടികളെ സംബന്ധിക്കുന്ന, കുറ്റ കൃത്യങ്ങളെയും അവയ്ക്കുള്ള ശിക്ഷകളേയും സംബന്ധിക്കുന്ന നിയമങ്ങള്‍ - എന്നീ അഞ്ചു പുസ്തകങ്ങളിലായി ആകെ രണ്ടായിരത്തി നാനൂറ്റി പതിനാല് (2414) കാനോനകള്‍ ഇതിലുണ്ട്. 1917 ലെ CIC യ്ക്കുമുമ്പുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ കാണുന്ന വസ്തുതകള്‍ ഇവയാണ്. മുന്‍പറഞ്ഞതുപോലെ ഇന്നു ലഭ്യമായിരിക്കുന്ന കത്തോലിക്കാസഭയുടെ കാനന്‍ നിയമസംഹിതകളുടെ സ്രോതസ്സും ആദ്യനിയമങ്ങളുമായി നിലകൊള്ളുന്നത് ബൈബിള്‍ പഠനങ്ങളാണ്. തുടര്‍ന്ന് അപ്പസ്തോലന്മാരുടെ പഠനങ്ങള്‍ ഇതിനോടു ചേര്‍ക്കപ്പെട്ടു. പില്ക്കാലത്ത്, മാര്‍പ്പാപ്പമാരും സാര്‍വ്വത്രിക കൗണ്‍സിലുകളും സഭാകേന്ദ്രാലയങ്ങലും കാലാകാലങ്ങളില്‍ നല്കിക്കൊണ്ടിരുന്ന നിയമശാസനകളെയും നിര്‍ദ്ദേശങ്ങളെയും ആധാരമാക്കിയായിരുന്നു സഭയുടെ സ്ഥാപന-സാമൂഹ്യവ്യവസ്ഥിതി ക്രമീകരിച്ച് നിയന്ത്രിച്ചുപോന്നിരുന്നത്.

കാലഹരണപ്പെട്ടു പോയവയെ മാറ്റി വൈവിധ്യമാര്‍ന്നതും ഭിന്നാത്മകവുമായ നിയമങ്ങള്‍ അടങ്ങിയിട്ടുള്ള വിവിധശേഖരങ്ങളില്‍നിന്നും (collection) പ്രസക്തമായവ മാത്രം തെരഞ്ഞെടുത്ത് ഒരു സംഹിതയുടെ ചട്ടക്കൂടിലാക്കിക്രമീകരിക്കുക എന്ന ദുഷ്കരമായ ജോലിയായിരുന്നു 1917-ലെ നിയമസംഹിതാ വിധാതാക്കള്‍ക്ക് നിര്‍വ്വഹിക്കേണ്ടിയിരുന്നത്. പന്ത്രണ്ടുകൊല്ലത്തെ നിതാന്ത പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് CIC 1917 പുറത്തിറങ്ങിയത്.

ലോകത്തിന്‍റെ ഗതിവിഗതികള്‍ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ക്രമേണ ഈ നിയമസംഹിതയും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചും മാറുന്ന കാലഘട്ടത്തിലെ സഭയുടെ ആവശ്യങ്ങള്‍ പരിഗണിച്ചും 1959 ജനുവരി 25-ാം തീയതി ജോണ്‍ 23-ാമന്‍ മാര്‍പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് സമാഹ്വാനം ചെയ്തു. പ്രസ്തുത അവസരത്തില്‍ കൗണ്‍സിലില്‍വച്ച് കാനന്‍ നിയമ പരിഷ്കരണത്തിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. 1963 മാര്‍ച്ച് 28-ന് നിയമ സംഹിത പരിഷ്കരിക്കുന്നതിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സ്ഥാപിതമായി. എങ്കിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മൂലം ഈ ജോലി നീട്ടിവയ്ക്കുകയാണുണ്ടായത്. 1965 നവംബര്‍ 20-ാം തീയതി നിയുക്ത കമ്മീഷന്‍ ഈ ജോലിക്ക് തുടക്കം കുറിച്ചു. തദവസരത്തില്‍ അന്നത്തെ മാര്‍പാപ്പ പോള്‍ ആറാമന്‍ നവീകരണ ജോലി സംബന്ധിച്ച് രണ്ടു സുപ്രധാന നിര്‍ദ്ദേശങ്ങള്‍ പ്രസ്തുതകമ്മീഷന് നല്കി. അവ താഴെപ്പറയുന്നവയാണ്.

  1. നവീകരണം കൊണ്ടുദ്ദേശിക്കുന്നത് നിലവിലുള്ള നിയമങ്ങളുടെ പുനസംവിധാനം മാത്രമല്ല, ഉടച്ചുവാര്‍ക്കല്‍ (Recasting) കൂടി യാണ്.
  2. നിയമനിര്‍മ്മാണത്തിന് അടിസ്ഥാനമായി സ്വീകരിക്കേണ്ടത് വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖകളായിരിക്കണം.

അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പത്തൊന്നു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു വിദഗ്ധസംഘമാണ് റിവിഷന്‍ജോലി നിര്‍വ്വഹിച്ചത്.

അവര്‍: 105 കര്‍ദ്ദിനാളന്മാര്‍, 77 മെത്രാപ്പോലീത്താമാരും മെത്രാന്മാരും, 73 രൂപതാവൈദികര്‍, 47 സന്യാസവൈദികര്‍, 3 സിസ്റ്റേഴ്സ്, 12 അല്മായര്‍ എന്നിവരാണ്. ഇവരുടെ സംഘാതാത്മക പ്രവര്‍ത്തനഫലമാണ് പുതിയ നിയമസംഹിത. 1917 CIC യുടേതില്‍ നിന്നും പുതിയ നിയമസംഹിതയുടെ ഘടനയും ക്രമീകരണവും വ്യത്യസ്തമാണ്.

പ്രതിപാദ്യ വിഷയങ്ങളുടെ സ്വഭാവം പരിഗണിച്ച് പ്രത്യേക ശീര്‍ഷകങ്ങളോടുകൂടി ഭാഗങ്ങളും വകുപ്പുകളും ഉപവകുപ്പുകളുമായി തരംതിരിച്ച് ഏഴുപുസ്തകങ്ങളിലായി 1752 കാനോനകള്‍ ഈ സംഹിതയിലുണ്ട്.

ഒന്നാം പുസ്തകം       -    പൊതുനിയമങ്ങള്‍

രണ്ടാം പുസ്തകം     -      ദൈവജനം

മൂന്നാം പുസ്തകം    -       സഭയുടെ പ്രബോധനാധികാരം

നാലാം പുസ്തകം     -      സഭയിലെ വിശുദ്ധീകരണ ശുശ്രൂഷകള്‍

അഞ്ചാം പുസ്തകം   -      സഭയുടെ സ്ഥാവരജംഗമവസ്തുക്കള്‍

ആറാം പുസ്തകം     -      സഭയിലെ അനുമതികള്‍

ഏഴാം പുസ്തകം      -       സഭയിലെ നിയമവ്യവസ്ഥിതി

1917 CIC -യിലേക്കാള്‍ 662 കാനോനകള്‍ ഇതില്‍ കുറവാണ്. ക്രമാനുഗതവും അര്‍ത്ഥ സമ്പുഷ്ടവുമായ ഘടനയാണ് 1983-ലെ CIC യ്ക്കുള്ളത്. അവതരണത്തിലും കാലാനുഗതമായ നവീകരണങ്ങള്‍ വരുത്തുന്നതിലും - ചില സാങ്കേതിക പോരായ്മകളെ ഒഴിച്ചുനിര്‍ത്തിയാല്‍ - പുതിയ സംഹിത വിജയിച്ചിട്ടുണ്ട്. സഭയെ സംബന്ധിച്ചുള്ള  രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ശാസ്ത്രീയപഠനവും സിദ്ധാന്തവും (Ecclesiology) നിയമത്തിന്‍റെ ഭാഷയില്‍ (Judicial Language) അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് പുതിയ  CICയുടെ പ്രധാന സവിശേഷത. 1983 ലെ CIC ലത്തീന്‍റീത്തില്‍പ്പെട്ട കത്തോലിക്കാസഭാ വിഭാഗത്തിനു മാത്രമേ ബാധകമായിരിക്കുകയുള്ളൂ (Can. I). പൗരസ്ത്യ റീത്തുകളില്‍പ്പെട്ട സഭാ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള നിയമസംഹിത (CIEO) പിന്നീടാണ് പുറത്തുവന്നത്.

പൗരസ്ത്യ സഭകളുടെ കാനന്‍ നിയമസംഹിത

പൗരസ്ത്യ സഭകള്‍ക്കുവേണ്ടി പരിഷ്കരിച്ച പൊതുവായ നിയമസംഹിത 'sacri canones' എന്ന തിരുവെഴുത്തുവഴി 1990 ഒക്ടോബര്‍ 18-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒപ്പു വച്ചു പ്രസിദ്ധീകരിച്ചു. CCEO-Canonum Ecelesiarum Orientalium - The code of canons of the eastern churches-(പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമസംഹിത) എന്ന ശീര്‍ഷകത്തില്‍ പ്രകാശനം ചെയ്ത നിയമ സംഹിത 1991 ഒക്ടോബര്‍ 1-ാം തീയതി മുതല്‍ പ്രാബല്യത്തില്‍വന്നു. ഈ പുതിയ കാനന്‍ നിയമ സംഹിതയെ പൗരസ്ത്യ സഭകളുടെ ഉത്തമ ഭരണമാധ്യമമായും സഭാ ചരിത്രത്തിലെ നാഴികക്കല്ലായും മാര്‍പാപ്പ വിശേഷിപ്പിച്ചു. 21 പൗരസ്ത്യ വ്യക്തിഗത കത്തോലിക്കാ സഭകള്‍ക്കു മുഴുവനുമായുള്ള common code ആയ CCEO-യെ പൗരസ്ത്യ സഭകളുടെ 'മാഗ്നാകാര്‍ട്ട' എന്നുവിശേഷിപ്പിക്കാം. മെത്രാന്മാരുടെ സിനഡില്‍ CCEO-യെ അവതരിപ്പിച്ചുകൊണ്ട് ജോണ്‍പോള്‍ മാര്‍പാപ്പ നടത്തിയ പ്രസംഗത്തിലെ ചില പ്രധാന പരാമര്‍ശങ്ങള്‍ താഴെക്കൊടുക്കുന്നു.

  1. വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്ത സഭാ നിയമ പരിഷ്കരണത്തിന്‍റെ കാര്യത്തിലെ മൂന്നാമത്തെ ചുവടുവയ്പായിരുന്നു CCEO യുടെ പ്രസിദ്ധീകരണം. 1983-ല്‍ CIC യും 1988-ല്‍ റോമന്‍ കൂരിയായുടെ പരിഷ്കരണം ലക്ഷ്യംവച്ചു പുറപ്പെടുവിച്ച 'നല്ല ഇടയന്‍' (Pastor Bonus) എന്ന തിരുവെഴുത്തുമാണ് മറ്റു സുപ്രധാന നാഴികക്കല്ലുകള്‍. സാര്‍വ്വത്രികസഭയുടെ നിയമസംവിധാനതലങ്ങളില്‍ ലത്തീന്‍-പൗരസ്ത്യസഭകളുടെ നിയമസംഹിതകള്‍ക്ക് തുല്യസ്ഥാനമാണുള്ളത്.                                                                                                                                                                
  2. സാര്‍വ്വത്രികസഭയുടെ എല്ലാ വിഭാഗങ്ങളും ഈ നിയമസംഹിതയെ (CCEO) അതിന്‍റെ വിശദാംശങ്ങളോടുകൂടി സ്വീകരിച്ച് അംഗീകരിക്കേണ്ടിയിരിക്കുന്നു.                                                                                                                                                      
  3. പൗരസ്ത്യസഭകളുടെ ഭരണസീമകള്‍ക്കുവെളിയില്‍ സ്ഥിതിചെയ്യുന്ന പൗരസ്ത്യകത്തോലിക്കാ വിശ്വാസികളുടെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടുള്ള പ്രത്യേക നിയമങ്ങള്‍ക്കായുള്ള (Particular law - Jus speciale) വ്യവസ്ഥകള്‍ ഈ നിയമസംഹിത വിഭാവനം ചെയ്തിട്ടുണ്ട്.                                                                                                                  
  4. പുതിയ നിയമസംഹിതയുടെ (CCEO) എക്യുമെനിക്കല്‍ സ്വഭാവമാണ് അതിന്‍റെ എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത.

ജോണ്‍പോള്‍ മാര്‍പാപ്പ CCEO യ്ക്കു നല്കുന്ന വിശേഷണം 'സഭാശുശ്രൂഷയിലെ സ്നേഹവാഹനം' (The vehicle of charity in the service of the  church) എന്നാണ്. "പൗരസ്ത്യസഭകള്‍ വളര്‍ന്നുവികസിക്കാനും അതോടൊപ്പം അവയില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം നവമായ അപ്പസ്തോലിക ചൈതന്യത്തോടെ പൂര്‍ണ്ണമാക്കുവാനും" (OE,I.) CCEOഏറെ സഹായകരമാകുമെന്ന് ഇതിനാല്‍ വ്യക്തമാണ്.

CCEO യുടെ രൂപീകരണചരിത്രം

എല്ലാ പൗരസ്ത്യസഭകള്‍ക്കും പൊതുവായും സമ്പൂര്‍ണ്ണമായതുമായ ഒരു കാനന്‍നിയമസംഹിതയ്ക്കു രൂപംകൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പതിനൊന്നാം പീയൂസ് മാര്‍പാപ്പ അധ്യക്ഷനായുള്ള ഒരു സമിതി 1927-ല്‍ നിയമിതമായി. തുടര്‍ന്ന് 1929-ല്‍ കര്‍ദ്ദിനാള്‍ ഗാസ്പാരിയുടെ അധ്യക്ഷതയില്‍ കര്‍ദ്ദിനാള്‍മാരുടെ പ്രാരംഭ കമ്മീഷന്‍ നിലവില്‍വന്നു. 1935-ല്‍ കാനന്‍ നിയമ സംഹിതയുടെ ക്രോഡീകരണത്തിനായി പതിനൊന്നാം പീയൂസ് പാപ്പാ ഒരു പൊന്തിഫിക്കല്‍ കമ്മീഷനെ നിയമിച്ചു. പ്രസ്തുത കമ്മീഷന്‍റെ പ്രവര്‍ത്തനഫലമായി 1948 ല്‍ സമ്പൂര്‍ണ്ണ നിയമസംഹിതയുടെ കരടുരേഖ അംഗീകാരത്തിനും പ്രസിദ്ധീകരണത്തിനുമായി പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. എങ്കിലും ഈ കരടുരേഖയില്‍ നിന്ന് ചില ഭാഗങ്ങള്‍മാത്രം പല തവണകളിലായി തിരുവെഴുത്തുകള്‍ (Motu Proprio) മുഖേന പ്രസിദ്ധപ്പെടുത്തുകയാണുണ്ടായത്. അവ:-

  1. 1948-ല്‍ വിവാഹം സംബന്ധിച്ചവ (crebrae allatac)
  2. 1950-ല്‍ നീതിന്യായം, കോടതിനടപടികള്‍ എന്നിവയെ സംബന്ധിച്ചവ
  3. 1952-ല്‍ സന്യസ്തരെ സംബന്ധിച്ചും പള്ളിവസ്തുക്കളുടെ ഭരണക്രമം സംബന്ധിച്ചും ഉള്ളവ
  4. 1957-ല്‍ വ്യക്തികളെ സംബന്ധിച്ചവ

 

മറ്റ് കൂദാശകളെ സംബന്ധിച്ച കാനോനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. വത്തിക്കാന്‍ ശേഖരത്തില്‍ ഇന്നും അതിന്‍റെ ഫയല്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. 12-ാം പീയൂസ് പാപ്പായുടെ കാല ശേഷം സ്ഥാനാരോഹണം ചെയ്ത 23-ാം ജോണ്‍ മാര്‍പാപ്പ പൗരസ്ത്യ നിയമ സംഹിതയുടെ ബാക്കി വരുന്ന ഭാഗങ്ങളുടെ പ്രസിദ്ധീകരണം തല്ക്കാലം നിറുത്തിവയ്ക്കുകയാണുണ്ടായത്. 2-ാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയ പാപ്പായ്ക്ക് സാര്‍വ്വത്രികസഭയുടെ നിയമ സംവിധാനം മുഴുവനായും വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖകളുടെ വെളിച്ചത്തില്‍ പരിഷ്കാര വിധേയമാക്കാനായിരുന്നു താല്പര്യം. സഭയിലും ലോകത്തിലും ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് കാലാനുഗതമായ ഒരു നവീകരണം പൗരസ്ത്യസഭകളുടെ കാനോനസംഹിതകള്‍ക്കും ഉണ്ടായിരിക്കണമെന്ന് പാപ്പാ നിഷ്കര്‍ഷിച്ചു. അതിനാല്‍ 1959 ജനുവരി 25-ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത അവസരത്തില്‍ത്തന്നെ പ്രസ്തുത കൗണ്‍സിലില്‍വച്ച് കാനന്‍ നിയമ പരിഷ്കരണങ്ങള്‍ക്കുള്ള സജ്ജീകരണവുംകൂടി ഉണ്ടായിരിക്കുമെന്ന് സഭയെ അറിയിച്ചതായി നാം മുമ്പ് കണ്ടതാണല്ലോ. എങ്കിലും 1965-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ടും കാനന്‍ പരിഷ്കരണക്രമീകരണങ്ങള്‍ കാര്യമായി പുരോഗമിയ്ക്കാകയാല്‍ 1972-ല്‍ പോള്‍ ആറാമന്‍ പാപ്പ പൗരസ്ത്യ നിയമ സംഹിതയുടെ സമഗ്രപരിഷ്കരണത്തിനായി കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ അധ്യക്ഷനായുള്ള ഒരു പൊന്തിഫിക്കല്‍ കമ്മീഷനെ നിയമിച്ചു. 1974 മാര്‍ച്ച് 18-ാം തീയതിയിലെ ഉദ്ഘാടന സമ്മേളനത്തോടുകൂടി നിയുക്ത കമ്മീഷന്‍ (PCCICOR) ജോലി ആരംഭിച്ചു. ഇരുപത്തൊന്നു പൗരസ്ത്യ വ്യക്തിസഭകളുടെ (Ecclesia  Sui iuris) പ്രാതിനിധ്യസ്വഭാവമുള്ള ഒരു വിദഗ്ധ സംഘമാണ് നിയമ സംഹിതയുടെ ജോലി നിര്‍വ്വഹിക്കുവാനുണ്ടായിരുന്നത്. ഈ കമ്മീഷന് പോള്‍ ആറാമന്‍ പാപ്പാ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയത് ചുരുക്കമായി നമുക്കു കാണാം.

  • തിരുസ്സഭ (LG), പൗരസ്ത്യസഭകള്‍ (OE), എക്യുമെനിസം ഇവയെ സംബന്ധിച്ച വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ ക്രോഡീകരണപ്രക്രിയയ്ക്ക് അടിസ്ഥാനമായി സ്വീകരിക്കുക.
  • എല്ലാ പൗരസ്ത്യ വ്യക്തി സഭകള്‍ക്കും ബാധകമാകുന്ന പൊതുനിയമങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് പുതിയ നിയമസംഹിത ക്രോഡീകരിക്കുക.
  • യഥാര്‍ത്ഥവും കാലോചിതവും പൗരസ്ത്യ പാരമ്പര്യങ്ങളില്‍ അടിയുറച്ചതും പൗരസ്ത്യ സ്വഭാവമുള്ളതുമായ നിയമ സംഹിതയ്ക്ക് രൂപംനല്‍കുക. ഓരോ സഭയ്ക്കും തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനും സ്ഥലകാല അനുരൂപണങ്ങള്‍ നടത്താനുമുള്ള സാധ്യത ഉണ്ടായിരിക്കണം.
  • എക്യുമെനിസത്തെ പ്രോത്സാഹിപ്പിക്കുന്നതും നൈയാമിക സ്വഭാവമുള്ളതും (Juridical) അജപാലനാഭിമുഖ്യമുള്ളതും (postoral) ആയിരിക്കണം. "പ്രത്യേകനിയമം" ഉണ്ടാകാനുള്ള സാധ്യത ഓരോ സഭയ്ക്കും ഉണ്ടായിരിക്കണം

ഈ കമ്മീഷനിലെ അംഗങ്ങള്‍: 6 പാത്രിയര്‍ക്കീസുമാര്‍, 8 കര്‍ദ്ദിനാള്‍മാര്‍, 7 മെത്രാന്മാര്‍, കണ്‍സള്‍ട്ടേഴ്സായി 11 മെത്രാന്മാര്‍, 33 രൂപതാ വൈദികര്‍, 21 സന്യാസവൈദികര്‍, 2 അല്മായര്‍ എന്നിവരാണ്.

ഒന്‍പത് പഠനഗ്രൂപ്പുകള്‍ ആയി തിരിച്ച് നിയമസംഹിതയുടെ കരടിനു രൂപം കൊടുത്തതോടുകൂടി 1980 ല്‍ ക്രോഡീകരണപ്രക്രിയയുടെ 1-ാം ഘട്ടം അവസാനിക്കുകയും കണ്‍സള്‍ട്ടേഴ്സിന്‍റെ ദൗത്യം പൂര്‍ത്തിയാവുകയും ചെയ്തു. ലത്തീന്‍ കാനോന്‍ നിയമത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ക്രമീകരണത്തോടുകൂടിയ ഘടനയാണ് CCEO യ്ക്കുള്ളത്. വത്തിക്കാന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ;Acta apostolica sedis'-AAS vol.82 No. II ല്‍ ആണ് CCEO യുടെ ലത്തീന്‍ രൂപത്തിലുള്ള ഗ്രന്ഥം കൊടുത്തിരിക്കുന്നത്. നീണ്ടവര്‍ഷങ്ങളിലെ ക്രോഡീകരണചരിത്രം 32 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 CCEO യുടെ ഘടനയും ഉള്ളടക്കവും

ശീര്‍ഷകം: പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമസംഹിതയുടെ തലക്കെട്ട് എന്തായിരിക്കണമെന്നത് ഒരു നീണ്ട വിവാദമായിരുന്നു. ലാറ്റിന്‍ കോഡ് ലാറ്റിന്‍ സഭയ്ക്കുള്ളതായതിനാല്‍ അതു ദ്യോതിപ്പിക്കുന്ന ഒരു ശീര്‍ഷകം ലത്തീന്‍ കോഡിന് ഉണ്ടാകണമെന്ന് കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ നിര്‍ബന്ധം പറഞ്ഞിരുന്നു. എങ്കിലും ലത്തീന്‍സഭ ഈ നിര്‍ദ്ദേശം ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല, 'The code of Canon Law' എന്ന പൊതു ശീര്‍ഷകം സ്വീകരിക്കുകയും അത് പല വിവാദങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്തു. പൗരസ്ത്യസഭാ നിയമ സംഹിതയ്ക്ക് ആ സഭകള്‍ക്കാണ് നിയമം എന്നു കാണിക്കത്തക്ക രീതിയിലുള്ള ഒരു ശീര്‍ഷകം വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അവസാനം ഏറെ ചര്‍ച്ചയ്ക്കും പഠനത്തിനുംശേഷം സ്വീകൃതമായത് CCEO എന്ന ശീര്‍ഷകം ആണ്. കമ്മീഷന്‍റെ നല്ലൊരുശതമാനം വോട്ട് ഈ പേരിനു കിട്ടിയിരുന്നു. ഈ ശീര്‍ഷകം പൗരസ്ത്യസഭകള്‍ക്കുള്ള നിയമത്തെ വേര്‍തിരിച്ചുകാണിക്കുകയും അതോടൊപ്പം ആദ്യകാലസഭയുടെ നിയമസംഹിതകളുടെ മധുരിമ നിലനിര്‍ത്തുകയും ചെയ്യുന്നു.

ഭാഷ: ക്രോഡീകരണത്തിന്‍റെ ആരംഭം മുതലേ (1972) പുതിയ നിയമ സംഹിതയുടെ ഭാഷ എന്തായിരിക്കണമെന്നതിനെക്കുറിച്ചൊരു തര്‍ക്കം കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഗ്രീക്കു വേണമെന്ന് ഒരുകൂട്ടവും അതല്ല ലാറ്റിന്‍മതിയെന്ന് മറുപക്ഷവും വാദിച്ചു. ഒരു ഘട്ടത്തില്‍ പുതിയ നിയമസംഹിത ഈ പറഞ്ഞ രണ്ടു ഭാഷയിലും പ്രസിദ്ധീകരിക്കാമെന്ന തീരുമാനത്തിലെത്തി എങ്കിലും ആദ്യ സമ്പൂര്‍ണ്ണകരടുരൂപം ലത്തീന്‍ ഭാഷയില്‍ മാത്രമേ പുറത്തിറങ്ങിയുള്ളൂ. ഒരു ഭാഗവും ഗ്രീക്കു ഭാഷയിലുണ്ടായിരുന്നില്ല.

ഗ്രീക്കു ഭാഷ ഇന്ന് വളരെ ചുരുക്കം ജനങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഗ്രീക്ക് മൂല ഭാഷയാക്കി നിയമം പുറത്തിറക്കിയാല്‍ പൗരസ്ത്യ സഭാംഗങ്ങളില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ ഇതു വായിക്കാനും പഠിക്കാനും ഇടവരികയുള്ളൂ. കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഭാഷ എന്നത് ഒരു മാനദണ്ഡമാക്കുകയാണെങ്കില്‍ ഉക്രേനിയന്‍, മലയാളം, അറബിക് എന്നീ ഭാഷകളിലൊന്ന് സ്വീകരിക്കേണ്ടിവരും. കാരണം, ഗ്രീക്കു ഭാഷയെക്കാള്‍ പൗരസ്ത്യ സഭകളില്‍ പ്രാധാന്യം ഈ ഭാഷകള്‍ക്കാണ്. മാര്‍പാപ്പയ്ക്ക് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത് എന്നതിനാലും ഔദ്യോഗികഭാഷ ലത്തീന്‍ ആയതുകൊണ്ടും മാര്‍പാപ്പായുടെ ഇന്നുവരെയുള്ള എല്ലാ രേഖകളും ലത്തീന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച പാരമ്പര്യം നിലനില്‍ക്കുന്നതുകൊണ്ടും ഇന്നുവരെ വത്തിക്കാനില്‍ വേറെ യാതൊരു ഭാഷയും ഔദ്യോഗികമായി ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ടും CCEO ഉം ലത്തീന്‍ ഭാഷയില്‍ത്തന്നെ 1990 ല്‍ പ്രസിദ്ധപ്പെടുത്തി. എന്നാല്‍ വിവിധ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം നടത്താനുള്ള അവകാശം ഇതോടൊപ്പം കൊടുത്തിരിക്കുന്നു. ലത്തീന്‍ ഭാഷയില്‍ പുറത്തിറങ്ങിയ CCEO യുടെ മൂലകൃതിയില്‍ ഒട്ടേറെ ഗ്രീക്കുപദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അത് CCEO യുടെ ഭംഗി വര്‍ധിപ്പിച്ചിട്ടേ ഉള്ളൂ. 

നിയമനിര്‍മ്മാണം: പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമസംഹിത മാര്‍പാപ്പയ്ക്കൊപ്പം പൗരസ്ത്യ വ്യക്തിസഭകളുടെ തലവന്മാരും കൂടിച്ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തുവാനുള്ള ചിന്തകളും ചര്‍ച്ചകളും ഏറെ നടന്നിരുന്നു. 'ഒരുമിച്ചുള്ള' ഒരു വിളംബരം സഭയുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനും കൂട്ടുത്തരവാദിത്വം എടുത്തുകാണിക്കാനും ഉപയുക്തമായ ഒരു വിലപ്പെട്ട അവസരമായിരിക്കുമെന്ന ചിന്തയാണ് ഇതിനു പിന്നില്‍ പ്രബലപ്പെട്ടിരിക്കുന്നത്. പക്ഷേ വിവിധ കാരണങ്ങളാല്‍ ഈ ചിന്ത ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. അതിനു നിരത്തപ്പെട്ട കാരണങ്ങള്‍:

  1. ഇന്നുവരെയുള്ള കത്തോലിക്കാ സഭാ ചരിത്രത്തില്‍ ഒരു നിയമസംഹിതയും 'ഒരുമിച്ച്' പുറത്തിറക്കിയതായി കേട്ടിട്ടില്ല.
  2. പൗരസ്ത്യ സഭകള്‍ക്ക് ഏക നേതൃത്വം ഇല്ലാത്ത സ്ഥിതിക്ക് ആരെ തലവനായി സ്വീകരിക്കും എന്ന പ്രശ്നം അവശേഷിച്ചു.
  3. വ്യത്യസ്ത റീത്തുകളെയും സഭകളെയും സംബന്ധിക്കുന്ന തീരുമാനങ്ങള്‍ പുറപ്പെടുവിക്കുവാനുള്ള അധികാരം മാര്‍പാപ്പയ്ക്കു മാത്രമേ ഉള്ളൂ. അതിനാല്‍ അന്നത്തെ മാര്‍പാപ്പ തന്നെ CCEO ഒപ്പുവച്ച് പ്രസിദ്ധപ്പെടുത്തി.

 ഉള്ളടക്കവും ഘടനയും

CIC യും CCEO യും തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടോ? അതോ ഒരേ കാര്യങ്ങള്‍ രണ്ടു ശീര്‍ഷകങ്ങള്‍കൊണ്ടു സൂചിപ്പിക്കുന്നതാണോ? എന്നു സംശയം തോന്നാം.

ഒറ്റവാക്കില്‍ പറഞ്ഞാല്‍, ആഗോള കത്തോലിക്കാസഭയെ സംബന്ധിച്ച പൊതുവായതും സാമ്യമുള്ളതുമായ കാര്യങ്ങള്‍ രണ്ടു നിയമസംഹിതകളിലും ഉണ്ട്. ഏതു നിയമവും സഭയുടെ തനിമയും നാനാത്വവും പരിരക്ഷിക്കാനുള്ള മാധ്യമമാണ്. നിയമത്തിന്‍റെ സ്വഭാവവും ഘടനയും മാറുമ്പോഴും തനിമ നഷ്ടപ്പെടുന്നില്ല. തിരുസഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് വിവിധങ്ങളായ നിയമങ്ങളാണ്. CIC യിലും CCEO യിലും പൊതുവായിട്ടുള്ള കാനോനകളുണ്ട്. അവ പ്രധാനമായും ഒരേ കാര്യങ്ങളാമ് ദ്യോതിപ്പിക്കുന്നത്. ചിലകാര്യങ്ങളില്‍ CCEO യില്‍ നിന്നു CIC വ്യത്യസ്തമായിരിക്കേണ്ടതുണ്ട്. അതിന് കാരണം, ലാറ്റിന്‍ സഭയില്‍ നിന്ന് വളരെ ഭിന്നമായ അനേകം ഘടകങ്ങള്‍ പൗരസ്ത്യസഭകളിലുണ്ട്. അതിന്‍റെ പാരമ്പര്യങ്ങളും ആചാരങ്ങളും വിശ്വാസവും നിയമവും കാത്തുരക്ഷിക്കേണ്ട ചുമതല CCEO യ്ക്കാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ രണ്ടു സഭകള്‍ക്കും ഐക്യരൂപ്യം വേണം താനും. ഉദാ: നടപടി ക്രമങ്ങളെ സംബന്ധിക്കുന്ന നിയമങ്ങള്‍. സഭയില്‍ നീതി നടപ്പാക്കാന്‍ രണ്ടു നിയമസംഹിതകളിലും വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ഉചിതമല്ലല്ലോ.

CCEO 21 (+1) വ്യക്തിഗത കത്തോലിക്കാസഭകള്‍ക്ക് (Eceleisia Sui iuris) വേണ്ടിയുള്ള പൊതുനിയമമാണ്. ഈ സഭകളുടെ പാരമ്പര്യം, ദൈവശാസ്ത്രം, ആരാധനാക്രമങ്ങള്‍, ആദ്ധ്യാത്മികത എല്ലാം വളരെ വ്യത്യസ്തമാണ്. അതിനാല്‍ വ്യതിരിക്തമായ കാര്യങ്ങള്‍ക്ക് ഓരോ വ്യക്തിസഭയ്ക്കും അതിന്‍റേതായ പ്രത്യേകനിയമം (particular law) ഉണ്ടാക്കാനുള്ള അനുവാദം CCEO യില്‍ കൊടുത്തിട്ടുണ്ട്.

CCEO യില്‍ 153 സ്ഥലത്ത് 'ius particuare' പ്രത്യേകനിയമം-ഉണ്ടാക്കാനുള്ള അവസരം നല്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രധാനകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാനും നിയമങ്ങള്‍ നിര്‍മ്മിക്കാനുമുള്ള സാധ്യത ഈ അവസരം പ്രദാനംചെയ്യുന്നു. CCEO  യുടെ ഉള്ളടക്കവും ഘടനയും പൗരസ്ത്യസഭകളുടെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം CCEO യ്ക്ക് മുമ്പുണ്ടായിരുന്ന നിയമസംഹിതകളുടെ (CCEO, MP) രീതികളും സ്വീകരിച്ചിട്ടുണ്ട്. പൗരസ്ത്യപാരമ്പര്യമാണ് 'ശീര്‍ഷകങ്ങള്‍' ആയി 1546 കാനോനകളെയും വിന്യസിപ്പിച്ചിരിക്കുന്നത്. പാശ്ചാത്യരീതി ആയിരുന്നെങ്കില്‍  "പുസ്തകം" ആകുമായിരുന്നു. 30 ശീര്‍ഷകങ്ങള്‍ വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്രമാനുഗതമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.

Bishop Joseph Kallarangatt canon law eastern and western church canon law natural law divine law origin of canon law history of canon law latin code of canon law oriental code of canon law CCEO CIC Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message