We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 16-Oct-2020
ദേവാലയം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമോ?
കര്‍ത്താവിന്‍റെ ആലയം പരിശുദ്ധമാണ്, അത് പരിശുദ്ധമായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം നമ്മുടെയൊക്കെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നതാണ്. ചില പ്രദേശങ്ങളില്‍ ദേവാലയത്തിൻ്റെ പരിശുദ്ധിക്കു നിരക്കാത്ത കാര്യങ്ങള്‍ ദേവാലയത്തിൽ നടക്കുന്നു എന്ന നിരീക്ഷണം ഗൗരവമായി ഏടുക്കേണ്ടതാണ്. അനുമോദന യാത്രയയപ്പ് പൊതുയോഗങ്ങളും മറ്റുസമ്മേളനങ്ങളുമൊക്കെ ഇടവക ദേവാലയത്തിൽ 'സൗകര്യാര്‍ത്ഥം' നടത്തുമ്പോള്‍ ദേവാലയത്തിൻ്റെ പരിശുദ്ധി ക്രമേണ നഷ്ടമാകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
"വി. കുര്‍ബാന ആഘോഷിക്കുകയും കാത്തുസൂക്ഷിക്കുകയും വിശ്വാസികള്‍ സമ്മേളിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനാഭവനമാണ് ദേവാലയം. യാഗപീഠത്തില്‍ നമുക്കായി വിശ്വാസികളുടെ സഹായത്തിനും ആശ്വാസത്തിനുമായി സമര്‍പ്പിക്കപ്പെട്ട നമ്മുടെ രക്ഷകനായ ദൈവപുത്രന്‍റെ സാന്നിധ്യത്തെ ആരാധിക്കുന്ന ഈ ഭവനം ഭംഗിയുള്ളതും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഇണങ്ങുന്നതുമായിരിക്കണം" (CCC 1181). "കുര്‍ബാനയാകുന്ന വലിയ പ്രാര്‍ത്ഥനയെ വ്യാപിപ്പിക്കുന്നതും ആന്തരികമാക്കുന്നതുമായ ധ്യാനത്തിലേക്കും മൗനപ്രാര്‍ത്ഥനയിലേക്കും ക്ഷണിക്കുന്ന ഒരു സ്ഥലം കൂടിയായിരിക്കണം ദേവാലയം" (CCC 1185). സാര്‍വ്വത്രികസഭയുടെ മതബോധനഗ്രന്ഥം ദേവാലയത്തെക്കുറിച്ചു പറയുന്ന ഭാഗമാണിത്. വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥലം മാത്രമല്ല, വി. കുര്‍ബാനയെ പ്രാര്‍ത്ഥനയുടെ മറ്റ് അവസരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനും ആ ചൈതന്യത്തില്‍ നിലനില്ക്കാനും പ്രചോദനം നല്‍കുന്ന ആത്മീയതനിറഞ്ഞു നില്‍ക്കുന്ന സ്ഥലംകൂടിയാണ് ദേവാലയം. മറ്റുവാക്കുകളില്‍ ആത്മീയാനുഭവം നിറഞ്ഞുനില്‍ക്കുന്ന നിരന്തര പ്രാര്‍ത്ഥനയുടെ സ്ഥലമാണ് ദേവാലയം എന്നതാണ് സഭയുടെ പ്രബോധനം.
"പ്രതിഷ്ഠയാലോ ആശീര്‍വ്വാദത്താലോ ദൈവാരാധനയ്ക്കു മാത്രമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കെട്ടിടമാണ് ദേവാലയം" (CCEO c.869, CIC c. 1214) എന്ന് സഭാ നിയമം നിര്‍വചിക്കുന്നു. ദേവാലയത്തിൻ്റെ സംരക്ഷണത്തെക്കുറിച്ച് നിയമം പറയുന്നത് ഇങ്ങനെയാണ്: സ്ഥലത്തിന്‍റെ പരിശുദ്ധിക്കു നിരക്കാത്തകാര്യങ്ങളെല്ലാം ദേവാലയങ്ങളിൽനിന്നും അകറ്റി നിര്‍ത്തേണ്ടതാണ്. ദൈവഭവനത്തിനുചേര്‍ന്ന ശുചിത്വം ദേവാലയങ്ങളിൽ പാലിക്കപെടുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ് (CCEO c. 872, CIC c. 1210). ദേവാലയത്തിൻ്റെ പരിശുദ്ധിയും ദേവാലയത്തിൻ്റെ ഉപയോഗവും ദേവാലയം വിശുദ്ധമായി കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെവരുടെ ഉത്തരവാദിത്തവും മേല്‍പ്പറഞ്ഞ പ്രബോധനങ്ങളിലും നിയമങ്ങളിലും വ്യക്തമാകുന്നുണ്ട്.
പ്രായോഗികമായ കാര്യങ്ങളിലേക്കുവരാം. ഇടവക ദേവാലയങ്ങളിൽ ദേവാലയത്തിൻ്റെ വിശുദ്ധിക്കും പ്രാര്‍ത്ഥനാന്തരീക്ഷത്തിനും യോജിക്കാത്ത പരിപാടികള്‍ നടത്തുന്നു എന്നതാണ് ചോദ്യകര്‍ത്താവിന്‍റെ നിരീക്ഷണം. അതില്‍ ഒന്നാണ് പൊതുയോഗം. പലപ്പോഴും പള്ളിയില്‍വച്ച് പൊതുയോഗം നടത്തേണ്ടിവരുന്നത് പള്ളിയോടു ചേര്‍ന്ന് സൗകര്യപ്രദമായ ഹാളോ മറ്റ് സൗകര്യങ്ങളോ ഇല്ല എന്ന കാരണത്താലാണ്. പള്ളിയില്‍ പൊതുയോഗം നടത്തുന്നതിന് പറയുന്ന മറ്റ് ചില കാരണങ്ങള്‍, പള്ളിയില്‍വച്ച് നടത്തിയാല്‍ പൊതുയോഗം ശാന്തമായിനടക്കും എന്നതും കുര്‍ബാന കഴിഞ്ഞ് അവിടെത്തന്നെ പൊതുയോഗം ആരംഭിച്ചാല്‍ പൊതുയോഗം ഒഴിവാക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും എന്നിങ്ങനെയുള്ളതാണ്. ഈ ന്യായവാദങ്ങള്‍ തീര്‍ത്തും അടിസ്ഥാനമില്ലാത്തതുമല്ല. ചില സ്ഥലങ്ങളില്‍ പാരിഷ് ഹാള്‍ പള്ളിയോടു ചേര്‍ന്ന് ഉണ്ടെങ്കിലും രണ്ടാമത് പറഞ്ഞ കാരണങ്ങളുടെ പേരില്‍ പള്ളിയില്‍ പൊതുയോഗം നടത്തുന്ന രീതിയും കണ്ടുവരുന്നുണ്ട്.
പൊതുയോഗത്തിനുപുറമേ വിശുദ്ധസ്ഥലം (Sacred place) എന്ന ദൈവാലയത്തിന്‍റെ സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ചില പരിപാടികളും ഇടവകകളില്‍ കാണാറുണ്ട്. ഡാന്‍സും പാട്ടും തമാശയും കളികളുമൊക്കെയായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമൊക്കെയായി നടത്തുന്ന ധ്യാനങ്ങള്‍, ഞായറാഴ്ചകളില്‍ സണ്‍ഡേസ്കൂള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള കുര്‍ബാനയുടെ ആരംഭത്തിലോ അവസാനത്തിലോ നടത്തുന്ന പരിശീലന പരിപാടികള്‍, കുട്ടികളെ ശിക്ഷിക്കല്‍, തെറ്റുതിരുത്തല്‍ തുടങ്ങിയവയൊക്കെ ദേവാലയം വിശുദ്ധ സ്ഥലമെന്ന അവബോധം സാവധാനം (Sense of Sacredness) നഷ്ടപ്പെടുന്നതിന് ഇടയാക്കാന്‍ സാധ്യതയുണ്ട്. സമാനമായ ഏത് യോഗവും കൂട്ടായ്മകളും നടത്താന്‍ ഏറ്റവും യോജ്യമായ സ്ഥലം ദേവാലയമാണെന്ന പ്രയോഗികമായ ചിന്ത വര്‍ദ്ധിച്ചുവരുന്നു എന്നത് അവഗണിക്കാനാവില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ ദേവാലയമൊഴികെ സൗകര്യപ്രദമായ മറ്റൊരുസ്ഥലവും ഇടവകയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ദേവാലയത്തിൽവച്ച് പൊതുയോഗവും മറ്റ് മീറ്റിംഗുകളും കൂടുന്നതിനെ ന്യായികരിക്കാന്‍ സാധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ദേവാലയത്തിൻ്റെ വിശുദ്ധിക്കും വിശുദ്ധകുര്‍ബാനയിലുള്ള കര്‍ത്താവിന്‍റെ പ്രത്യേകസാന്നിദ്ധ്യത്തിനും അര്‍ഹമായ ആദരവ് നല്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേകിച്ച് വൈദികര്‍ക്ക് കടമയുണ്ട്. ദേവാലയത്തോടു ചേര്‍ന്ന് മറ്റ് സൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സഭയുടെ മതബോധനഗ്രന്ഥവും സഭാനിയമവും അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നു. ദേവാലയത്തിൻ്റെ പ്രാര്‍ത്ഥനാന്തരീക്ഷത്തിനു നിരക്കാത്തരീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് സാവകാശം ദേവാലയത്തിൻ്റെ പരിശുദ്ധിയെക്കുറിച്ചുള്ള അനുഭവം നഷ്ടമാകും, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ യഥാവിധി ശ്രദ്ധചെലുത്തിയില്ലെങ്കില്‍ ദൈവാലയം അവരുടെ മനസ്സില്‍ കുര്‍ബാന ചൊല്ലുന്ന 'ഹാള്‍' ആയി മാറാന്‍ ഇടയായേക്കാം.
ദേവാലയത്തിൽ ഇന്നത് ചെയ്യരുത് എന്ന് പറയുന്നതിനു പകരം എന്താണ് ദേവാലയം എന്നതാണ് നിയമം പറയുന്നത്. ദേവാലയത്തിൻ്റെ പരിശുദ്ധിക്ക് നിരക്കാത്തത് ചെയ്യാതിരിക്കാനുള്ള നിര്‍ദ്ദേശം പ്രയോഗികതലങ്ങളില്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. വി. കുര്‍ബാന യര്‍പ്പണത്തിന്‍റെ ചൈതന്യം വ്യാപിച്ചുനില്‍ക്കുന്ന ദൈവസാന്നിദ്ധ്യത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്‍റെയും ഭവനമായി നമ്മുടെ ദേവാലയങ്ങൾ ദൈവജനത്തിന് ആശാകേന്ദ്രവും അഭയസ്ഥാനവുമായി നിലകൊള്ളട്ടെ.
Dr. Abraham Kavilpurayidathil Can the church be used for other purposes? church sacredness of the church sanctity of the church Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206