We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 26-Sep-2020
പൗരസ്ത്യസഭാംഗങ്ങളുടെ വിവാഹം ഡീക്കന് ആശീര്‍വദിക്കാമോ?
കഴിഞ്ഞ ലക്കത്തില്‍ ഡീക്കന്മാരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട്, ലത്തീന്‍ സഭയില്‍ ഡീക്കന് വിവാഹം ആശീര്‍വദിക്കാമെന്നും പൗരസ്ത്യസഭയില്‍ ഡീക്കന് അതിനുള്ള അനുവാദമില്ലെന്നും എഴുതിയത് വായിക്കുകയുണ്ടായി. ഒരു ലത്തീന്‍ സഭാംഗവും ഒരു പൗരസ്ത്യ സഭാംഗവും തമ്മിലുള്ള വിവാഹം ലത്തീന്‍ പള്ളിയില്‍ വച്ച് ലത്തീന്‍ സഭയിലെ ഡീക്കന് നടത്താമോ? ഈ വിവാഹം സാധുവാകുമോ?
സഭാനിയമ പണ്ഡിതന്മാര്‍ വളരെയധികം ചര്‍ച്ച ചെയ്ത ഒരു സാഹചര്യമാണ് ഈ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തകാലംവരെ വ്യക്തമല്ലായിരുന്നു എന്നുതന്നെ പറയാം. കത്തോലിക്കാസഭയിലെ രണ്ട് കാനന്‍നിയമങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ അവ്യക്തതയുടെ ഫലമായി രൂപപ്പെട്ടു വന്നിരുന്ന അജപാലനപരമായ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുന്നതിന് ഫ്രാന്‍സിസ് പാപ്പ 2016 മെയ് 31-ന് പുറത്തിറക്കിയ അപ്പസ്തോലിക ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായി നല്‍കുന്നുണ്ട്. നേരിട്ട് ഉത്തരം പറയുന്നതിനുമുമ്പ് ചോദ്യത്തില്‍ പ്രതിപാദിക്കുന്ന സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഈ ഉത്തരം മനസ്സിലാക്കുന്നതിന് സഹായകരമാകും.കത്തോലിക്കസഭയില്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്ന കാനന്‍നിയമവും (Codex Iuris Canonici (CIC) - 1983) പൗരസ്ത്യ സഭകള്‍ക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്ന കാനന്‍നിയമവുമാണ് (Codex Canonum Ecclesiarum Orientalium (CCEO) - 1990) നിലവിലുള്ളത്.
ഈ രണ്ടു നിയമസംഹിതകളിലും കുറേയേറെ നിയമങ്ങള്‍ പൊതുവായിട്ടുള്ളതാണ്. വിശ്വാസികളുടെ വിശ്വാസജീവിതത്തെയും സഭാജീവിതത്തെയും സംബന്ധിക്കുന്ന ഏറെ കാര്യങ്ങള്‍ രണ്ടു നിയമങ്ങളിലും ഒരുപോലെ നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍, രണ്ട് സഭാപാരമ്പര്യങ്ങളനുസരിച്ച് രൂപീകരിക്കപ്പെട്ട ജീവിത ശൈലികളുടെയും ദൈവശാസ്ത്രം, സഭാസംവിധാനങ്ങള്‍ തുടങ്ങിയവയുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന കാര്യങ്ങള്‍ പരാമര്‍ശിക്കുന്നിടത്ത് കാണുന്ന നിയമങ്ങള്‍ വ്യത്യസ്തമാണ്. വളരെ ലളിതമായ ഒരുദാഹരണം പറഞ്ഞാല്‍, റോമാ മാര്‍പ്പാപ്പയെക്കുറിച്ച് പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ രണ്ടു നിയമസംഹിതകളിലും ഒന്നുതന്നെയാണ്. അതേ സമയം, പൗരസ്ത്യസഭകളുടെ പാരമ്പര്യമനുസരിച്ച് വിവാഹിതരായ വൈദികരെക്കുറിച്ചുള്ള നിയമങ്ങള്‍ പൗരസ്ത്യ കാനന്‍നിയമത്തില്‍ കാണുമ്പോള്‍, ലത്തീന്‍ സഭാനിയമത്തില്‍ അവിവാഹിതരായ പുരോഹിതരെക്കുറിച്ചുള്ള നിയമങ്ങളേ കാണാനാകൂ. കൂദാശകളുടെ കാര്‍മ്മികരുടെ കാര്യത്തിലും വിവാഹമെന്ന കൂദാശയെ അസാധുവാക്കുന്ന ഘടകങ്ങളുടെ കാര്യത്തിലും രണ്ട് കാനന്‍നിയമസംഹിതകള്‍ തമ്മില്‍ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു സാഹചര്യമാണ് ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്നത്.
ഒരുപക്ഷെ, ഇപ്പോള്‍ ഇത് വായിക്കുന്നവരുടെ മനസ്സില്‍ ഒരു സംശയം രൂപപ്പെട്ടേക്കാം: ലത്തീന്‍ സഭാവിശ്വാസികള്‍ ലത്തീന്‍ സഭയുടെ കാനന്‍നിയമം അനുസരിക്കട്ടെ; പൗരസ്ത്യ സഭാവിശ്വാസികള്‍ അവരുടെ നിയമവും അനുസരിക്കട്ടെ; അപ്പോള്‍ പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ എന്ന്. പ്രത്യക്ഷത്തില്‍ ശരിയായ സംശയമാണിതെങ്കിലും ഇരുസഭയിലെയും വിശ്വാസികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് നിയമത്തെക്കുറിച്ചുള്ള അവ്യക്തത കടന്നുവരുന്നത്. അപ്രകാരമുള്ള സാഹചര്യമാണ് ഒരു ലത്തീന്‍ സഭാംഗവും ഒരു പൗരസ്ത്യ സഭാംഗവും തമ്മിലുള്ള വിവാഹത്തിന്‍റെ കാര്‍മ്മികനെ സംബന്ധിച്ചുള്ളത്.
പൗരസ്ത്യസഭയുടെ നിയമമനുസരിച്ച് ഒരു വൈദികന്‍റെ ആശീര്‍വാദം വിവാഹമെന്ന കൂദാശയുടെ സാധുവായ പരികര്‍മ്മത്തിന് ആവശ്യമായതിനാല്‍, മെത്രാനോ വൈദികനോ ആണ് ഈ കൂദാശപരികര്‍മ്മം ചെയ്യേണ്ടത് (CCEO c. 828:2). അതിനാല്‍ ഒരു ഡീക്കന് പൗരസ്ത്യ സഭാനിയമപ്രകാരം വിവാഹം നടത്താന്‍ സാധിക്കില്ല. അതേസമയം, ലത്തീന്‍ സഭാനിയമപ്രകാരം (CIC c. 1108) മെത്രാനെയും വൈദികനെയുംപോലെ ഡീക്കനും സാധാരണഗതിയില്‍ വിവാഹമെന്ന കൂദാശ പരികര്‍മ്മം ചെയ്യാന്‍ സാധിക്കുന്നതാണ്. ലത്തീന്‍ സഭാംഗങ്ങളുടെ വിവാഹം ലത്തീന്‍ ക്രമത്തില്‍ ഡീക്കന് നടത്താന്‍ യാതൊരു തടസ്സവുമില്ല.എന്നാല്‍, വധൂവരന്മാരില്‍ ഒരാള്‍ ലത്തീന്‍ സഭയിലെ അംഗമായിരിക്കുകയും മറ്റേയാള്‍ ഒരു പൗരസ്ത്യ സഭയിലെ അംഗമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ട് നിയമങ്ങളും തമ്മിലുള്ള വ്യത്യാസവും അതുവഴിയുള്ള നിയമപരമായ സങ്കീര്‍ണ്ണതകളും വ്യക്തമാകുന്നത്. ഈ വിവാഹത്തിലെ വരന്‍ ലത്തീന്‍കാരനും വധു സീറോ മലങ്കര സഭാംഗവുമാണെന്നിരിക്കട്ടെ. ലത്തീന്‍ പള്ളിയില്‍ വച്ചു നടത്തുന്ന ഈ വിവാഹം വരന്‍റെ സഹോദരനായ ഡീക്കന് ആശീര്‍വദിക്കാന്‍ ലത്തീന്‍ സഭാനിയമനുസരിച്ച് സാധ്യതയുണ്ടെന്ന് വാദിക്കുന്ന ഒരു വിഭാഗം, നിയമപണ്ഡിതരുടെയിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍, സീറോ മലങ്കര സഭയില്‍പ്പെട്ട വധുവിന്‍റെ സഭയുടെ നിയമം ഇതനുവദിക്കുന്നില്ലായെന്ന കാരണത്താല്‍, ഡീക്കന് ഈ വിവാഹം നടത്താന്‍ നിയമപരമായി അനുവാദമില്ലെന്നു ചിന്തിക്കുന്ന നിയമപണ്ഡിതരും ഉണ്ടായിരുന്നു. ഇരുകൂട്ടര്‍ക്കും അവരവരുടെതായ ന്യായങ്ങളും അതിനെ സാധൂകരിക്കുന്ന നിയമങ്ങളുടെ പിന്‍ബലവും ഉണ്ടായിരുന്നു.
ലത്തീന്‍ സഭാനിയമമനുസരിച്ച് ഡീക്കന് വിവാഹം നടത്താമെന്നിരിക്കേ, പൗരസ്ത്യ സഭാനിയമത്തില്‍ വൈദികന്‍ മാത്രമേ വിവാഹം പരികര്‍മ്മം ചെയ്യാവൂ എന്ന് നിഷ്കര്‍ഷിക്കുമ്പോള്‍, ഏതെങ്കിലും ഒരു നിയമസംഹിതയില്‍ മാറ്റം വരുത്തുന്നതിലൂടെ മാത്രമേ ഇക്കാര്യത്തില്‍ കൃത്യതയുണ്ടാവുകയുള്ളു എന്നത് വര്‍ഷങ്ങളായി സഭാനിയമ പണ്ഡിതര്‍ ഉന്നയിക്കുന്ന വസ്തുതയായിരുന്നു. ഇതും, ഇതിനോട് സമാനമായ മറ്റ് സാഹചര്യങ്ങളും ലത്തീന്‍ പൗരസ്ത്യസഭകളിലെ വിശ്വാസികള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് ഫ്രാന്‍സിസ് പാപ്പ 2016 ല്‍ ഇക്കാര്യത്തില്‍ കൃത്യത വരുത്തിയിരിക്കുന്നത്.ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിലെ 6-ാം ആര്‍ട്ടിക്കിള്‍, ലത്തീന്‍ സഭയിലെ 1108-ാം നമ്പര്‍ നിയമത്തിന്‍റെ കൂടെ മൂന്നാമതൊരു ഖണ്ഡിക കൂട്ടിച്ചേര്‍ത്തു. അത് ഇപ്രകാരമാണ്: "3 രണ്ട് പൗരസ്ത്യ സഭാവിശ്വാസികള്‍ തമ്മിലുള്ള വിവാഹമോ, ഒരു ലത്തീന്‍ സഭാഗംവും ഒരു കത്തോലിക്ക/അകത്തോലിക്ക പൗരസ്ത്യ സഭാംഗവും തമ്മിലുളള വിവാഹവും സാധുവായി പരികര്‍മ്മം ചെയ്യുന്നത് ഒരു വൈദികന്‍ മാത്രമായിരിക്കും.
" ഈ ഖണ്ഡിക ലത്തീന്‍ സഭാനിയമത്തില്‍ കൂട്ടിച്ചേര്‍ത്തതുവഴിയായി ഇക്കാര്യത്തില്‍ രണ്ട് നിയമസംഹിതകള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തമാണ്.
ചുരുക്കത്തില്‍, പൗരസ്ത്യ സഭയുടെ നിയമമനുസരിച്ച് വൈദികനാണ് വിവാഹമെന്ന കൂദാശ പരികര്‍മ്മം ചെയ്യേണ്ടത്. ഡീക്കന് അതിനുള്ള അനുവാദമില്ല. ലത്തീന്‍ സഭയുടെ നവീകരിച്ച നിയമമനുസരിച്ച് രണ്ട് ലത്തീന്‍ സഭാംഗങ്ങള്‍ തമ്മിലുള്ള വിവാഹം ഒരു ഡീക്കന് നിയമാനുസൃതം സാധുവായി നടത്താവുന്നതാണ്. എന്നാല്‍ ഒരു ലത്തീന്‍ സഭാവിശ്വാസിയും ഒരു പൗരസ്ത്യ സഭ (കത്തോലിക്കരോ, അകത്തോലിക്കരോ) വിശ്വാസിയുമായി ലത്തീന്‍ ക്രമത്തില്‍ നടത്തുന്ന വിവാഹം ഒരു വൈദികനാണ് ആശീര്‍വദിക്കേണ്ടത്. ഈ സാഹചര്യത്തില്‍ ലത്തീന്‍ നിയമമനുസരിച്ചും അത് പരികര്‍മ്മം ചെയ്യാന്‍ ഡീക്കനെ നിയമം അനുവദിക്കുന്നില്ല.
Dr. Abraham Kavilpurayidathil deacon bless the marriage marriage eastern church Latin Churches Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206