We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Abraham Kavilpurayidathil On 26-Sep-2020
കസിന്‍സിന് കല്ല്യാണം കഴിക്കാമോ?
കത്തോലിക്കാസഭയുടെ വിവാഹനിയമത്തില്‍ രക്തബന്ധത്തിലുള്ളവര്‍ തമ്മിലുള്ള വിവാഹം നടത്താന്‍ അനുവാദമില്ലെന്ന് കേട്ടിട്ടുണ്ട്. കസിന്‍സിന് കല്ല്യാണം കഴിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?
ഈ വിഷയം ഒന്ന് വിശദീകരിക്കാമോ?
വിവാഹ ഒരുക്കത്തിനുള്ള ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ള ഒരു വിഷയമാണിത്. ഒരേ കുടുംബശാഖയിലുള്ളവര്‍ തമ്മില്‍ വിവാഹം നടത്തുന്നത് നമ്മുടെ സഭയിലും പൊതു സമൂഹത്തിലും പ്രോത്സാഹിപ്പിക്കപ്പെടുന്ന സംഗതിയല്ല. ഒരേ രക്തം പങ്കുവയ്ക്കുന്നവര്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പാരമ്പര്യജനിതക രോഗങ്ങള്‍ കൂടുതല്‍ കാണപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. വൈദ്യശാസ്ത്രം അംഗീകരിക്കുന്ന ഇക്കാര്യം പൊതുസമൂഹവും അംഗീകരിക്കുന്നു. അതിനാല്‍ത്തന്നെ, സഭാനിയമത്തിലും ഈ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. "കസിന്‍സ്" എന്നത് ഇന്നത്തെ സംസ്കാരത്തില്‍ പൊതുവായും അത്ര കൃത്യതയില്ലാതെയും ഉപയോഗിക്കുന്ന വാക്കാണ്. എങ്കിലും ഈ വിഷയത്തിന്‍റെ വിശകലനത്തില്‍ അത് വ്യക്തമാക്കാവുന്നതേയുള്ളു.
രക്തബന്ധമുള്ളവര്‍ തമ്മില്‍ നടക്കുന്ന വിവാഹത്തെ സംബന്ധിച്ചുള്ള സഭാനിയമം ആദ്യം പരിശോധിക്കാം. അവയില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും അവയുടെ അര്‍ത്ഥവും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. പൗരസ്ത്യ കാനന്‍നിയമത്തിലും ലത്തീന്‍ കാനന്‍നിയമത്തിലും ഈ കാര്യത്തില്‍ നിയമം ഒരേ രീതിയിലാണ്. തായ് പരമ്പരയിലുള്ള രക്ത ബന്ധംമുലം മുന്‍ഗാമികളും പിന്‍ഗാമികളും തമ്മിലുള്ള വിവാഹം അസാധുവായിരിക്കും. ശാഖാപരമ്പരയിലുള്ള രക്ത ബന്ധംമൂലം നാലാം കരിത്തല ഉള്‍പ്പെടെവരെ വിവാഹം അസാധുവാണ് (CCEO c. 808 :1-2, CIC c. 1091: 1-2). രക്തബന്ധം (consanguinity) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവശാസ്ത്രപരമായ രക്തബന്ധമാണ് (വിവാഹം വഴി ഒരു വ്യക്തിക്ക് മറ്റു വ്യക്തികളുമായി - ഭാര്യ, ഭര്‍ത്താവ്, അമ്മായിയപ്പന്‍, അമ്മായിയമ്മ തുടങ്ങിയവര്‍ - ഉടലെടുക്കുന്ന ബന്ധമല്ല ഇവിടെ ഉദ്ദേശിക്കുന്നത്). രക്തബന്ധം രണ്ട് തരത്തിലുണ്ട്: ആദ്യത്തേതാണ് തായ്പരമ്പര (direct line). ഒരു കുടുംബത്തില്‍ നേര്‍വരയിലുള്ള രക്ത ബന്ധമാണിത്. വല്ല്യപ്പന്‍, അപ്പന്‍, മകള്‍, കൊച്ചുമകന്‍ എന്നിങ്ങനെ മുകളിലേയ്ക്കും താഴേയ്ക്കും നേര്‍വരയില്‍ നിര്‍ണ്ണയിക്കാവുന്ന ബന്ധമാണിത്. മേല്‍പ്പറഞ്ഞവര്‍ തമ്മില്‍ വിവാഹബന്ധം ഒരു കാരണവശാലും സഭ അനുവദിക്കുന്നില്ല. ഇത് ദൈവിക നിയമമാണ്. ഇത് മനസിലാക്കാന്‍ നമ്മുടെ സംസ്കാരത്തില്‍ വലിയ പ്രയാസവുമില്ല. ഇത്തരം ബന്ധം ആരും ആഗ്രഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.
രക്തബന്ധത്തിലെ രണ്ടാമത്തെ തരമാണ് ശാഖാപരമ്പര (collateral line). ഒരു കുടുംബത്തെ വലിയ ഒരു വൃക്ഷത്തോട് ഉപമിച്ചാല്‍ അതിന്‍റെ ശാഖകളും, ശാഖകളിലെ ഉപശാഖകളും തമ്മിലുള്ള ബന്ധമാണിത്. ഒരു കുടുംബത്തിലെ ഒരു കാരണവരുടെ മക്കളും മക്കളുടെ മക്കളും അവരുടെ കൊച്ചു മക്കളുമായി വ്യാപിച്ച് കിടക്കുന്ന കുടുംബവൃക്ഷത്തിന്‍റെ ശാഖകളില്‍പ്പെട്ട രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം നടത്തുന്നതിനെക്കുറിച്ചുള്ള സാധ്യത കണക്കാക്കുന്നത്, അവര്‍ ശാഖാപരമ്പരയില്‍ ഏത് അകലത്തില്‍ നില്‍ക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഈ അകലത്തെ സൂചിപ്പിക്കുന്ന വാക്കാണ് കരിന്തല (degree). അങ്ങനെ വരുമ്പോള്‍ ഒരു കുടുംബത്തിലെ ശാഖാ പരമ്പരയില്‍ ഉള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം കണക്കാക്കുന്നത് അവര്‍ എത്രാമത്തെ കരിന്തലയില്‍ അഥവാ ഡിഗ്രിയിലാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് തിട്ടപ്പെടുത്തിയാണ്. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള ദൂരം പൊതുകാരണവരിലൂടെ എണ്ണിയതിനുശേഷം, ഒന്ന് കുറച്ചാണ് കരിന്തല അഥവാ ഡിഗ്രി നിശ്ചയിക്കുന്നത്..
സഭയുടെ നിയമം ഒന്നുകൂടി പറയാം:
1. തായ് പരമ്പരയില്‍ (direct line) വിവാഹബന്ധം ഒരിക്കലും പാടില്ല. ഉദാഹരണമായി, തോമസ്, മേരി, ദേവസ്യ, ലാലി എന്നിവര്‍ തായ് പരമ്പരയില്‍ രക്തബന്ധമുള്ളവരാണ്. അതിനാല്‍ ഇവര്‍ തമ്മില്‍ വിവാഹം പാടില്ല. അതുപോലെ തന്നെയാണ് തോമസും മാത്യവും മോളിയും ഷാജിയും ബന്ധപ്പെട്ടിരിക്കുന്നത്. തായ്പരമ്പരയിലെ മറ്റ് രക്തബന്ധങ്ങളും ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളു.
2. ശാഖാപരമ്പരയില്‍ (collateral line) രക്തബന്ധം നാലാം കരിന്തല ഉള്‍പ്പെടെവരെ വിവാഹം അസാധുവാണ്. ഇവിടെയാണ് കസിന്‍സ്, ആന്‍റി, അങ്കിള്‍ തുടങ്ങിയ ബന്ധങ്ങള്‍ കാണുന്നത്. തോമസ് ഒഴികെ ബാക്കിയെല്ലാവരും ശാഖാ പരമ്പരയില്‍ രക്തബന്ധത്തില്‍പ്പെട്ടവരാണ്. തോമസാകട്ടെ തായ്പരമ്പരയില്‍ മാത്രം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിലൂടെ നിയമം വ്യക്തമാക്കാം.
ഒന്ന്: ലാലിയുടെ അമ്മാവനാണ് മാത്യു. അവര്‍ ശാഖാപരമ്പരയില്‍ നാലാം കരിന്തലയിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. അത് നിശ്ചയിച്ചത് ലാലിയെയും മാത്യുവിനെയും തോമസ് വഴി ബന്ധിപ്പിച്ച് അതിനിടയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും ചേര്‍ത്ത് എണ്ണിയ ശേഷം (5 പേര്‍) അതില്‍ നിന്ന് ഒന്ന് (പൊതുകാരണവരെ) കുറച്ചാണ്. ഈ രീതിയിലാണ് കരിന്തല അഥവാ ഡിഗ്രി കണക്കാക്കേണ്ടത്. ലാലിയും മാത്യുവും നാലാം കരിന്തലയില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വിവാഹതടസ്സം ഉണ്ട്.
രണ്ട്: റോബിയും മോളിയും ഫസ്റ്റ് കസിന്‍സ് ആണ്. സഹോദരങ്ങളുടെ മക്കളായതിനാല്‍ നാലാം കരിന്തലയിലാണ് അവരുടെ ബന്ധം. അതിനാല്‍ വിവാഹ തടസ്സം ഉണ്ട്.
മൂന്ന്: ഷാജിയുടെ ആന്‍റിയാണ് മിനി. അവര്‍ മൂന്നാം കരിന്തലയില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ വിവാഹതടസ്സം ഉണ്ട്.
നാല്: ലാലിയും ഷാജിയും സെക്കന്‍റ് കസിന്‍സ് ആണ്. സഹോദരങ്ങളുടെ മക്കളുടെ മക്കള്‍. അവര്‍ ആറാം കരിന്തലയിലാതിനാല്‍ വിവാഹം നടത്താവുന്നതാണ്.
സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് രണ്ടാം കരിന്തലയിലേത്. മേരിയും മാത്യുവും, ദേവസ്യയും റോബിയും രണ്ടാം കരിന്തലയില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇവര്‍ തമ്മിലുള്ള വിവാഹതടസത്തില്‍ നിന്ന് ഒരു കാരണവശാലും ഇളവ് ലഭിക്കുന്നതല്ല.
ഒരു കാര്യം കൂടി വ്യക്തമാക്കിയാല്‍ ഈ വിഷയം അവസാനിപ്പിക്കാമെന്നു കരുതുന്നു. ശാഖാ പരമ്പരയില്‍ മൂന്നും നാലും കരിന്തലയില്‍ ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് പൊതുനിയമത്തില്‍ വിവാഹതടസം (impediment) നിശ്ചയിച്ചിട്ടുണ്ടെങ്കിലും, തക്കതായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപതാദ്ധ്യക്ഷന് ഇവര്‍ക്ക് ഇളവ് (dispensation) നല്‍കാവുന്നതാണ്. അതിനാല്‍ നമ്മുടെ ഉദാഹരണങ്ങളില്‍, ഒന്നുമുതല്‍ മുന്നുവരെ പറഞ്ഞിരി ക്കുന്നവര്‍ തമ്മില്‍ രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടെ വിവാഹം നടത്താവുന്നതാണ്. പൊതുനിയമത്തില്‍ നിന്ന് അത്യാവശ്യഘട്ടങ്ങളില്‍ സഭ നല്‍കുന്ന ഒഴിവാണ് ഇതെന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.
Dr. Abraham Kavilpurayidathil marriage cousin marriage consanguinity collateral line direct line Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206