x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

അവൈദികര്‍ക്കു കുമ്പസാരിപ്പിക്കാമോ

Authored by : Dr. Abraham Kavilpurayidathil On 22-Sep-2020

അവൈദികര്‍ക്കു കുമ്പസാരിപ്പിക്കാമോ?

കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീകളുടെ കുമ്പസാരം കന്യാസ്ത്രീകള്‍ കേള്‍ക്കണം എന്ന വാദമുഖവുമായി ചിലര്‍ രംഗത്തു വരികയുണ്ടായി. വൈദികനാണ് കുമ്പസാരിപ്പിക്കാന്‍ അധികാരമുള്ളത് എന്നറിയാമെങ്കിലും ഇത്തരം പ്രചരണങ്ങള്‍ക്കു മുമ്പില്‍ സഭയുടെ വ്യക്തമായ ഉത്തരം എങ്ങനെ അവതരിപ്പിക്കാമെന്ന് ഒന്ന് വിശദീകരിക്കാമോ?

കുമ്പസാരമെന്ന കൂദാശയുമായി ബന്ധപ്പെട്ടു നടക്കുന്ന ചില ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ചില  സംശയമുന്നയിക്കുന്നത്. ഏതു വിഷയത്തെക്കുറിച്ചും ആര്‍ക്കും ആധികാരികമായി സംസാരിക്കാമെന്നും, തങ്ങള്‍ സംസാരിക്കുന്നത് എല്ലാവരും സത്യമായി സ്വീകരിക്കണമെന്നുമുള്ള നിലപാടുകള്‍ ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. ഇത്തരം സമീപനങ്ങളുടെ ഒരു നല്ല ഉദാഹരണമാണ് കുമ്പസാരമെന്ന കൂദാശയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഈ വിവാദ പരാമര്‍ശങ്ങള്‍. ചില കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്.

ഒന്നാമതായി, കൂദാശകള്‍ ദൈവകല്‍പ്പിതമായ യാഥാര്‍ത്ഥ്യങ്ങളാണ്. കൂദാശകളുടെ അര്‍ത്ഥവും ഫലങ്ങളും, പരികര്‍മ്മ രീതികളും ദൈവകല്‍പ്പിതമായി സഭ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. അതിനാല്‍ത്തന്നെ ചാനല്‍ ചര്‍ച്ചകളിലും തെരുവീഥികളിലും സമരപന്തലുകളിലും നടക്കുന്ന വിശകലനങ്ങളുടെ ഫലമായി അഭിപ്രായ സമന്വയത്തിലെത്തേണ്ട ഒരു തലത്തിലല്ല കൂദാശകള്‍ നില്‍ക്കുന്നത്. അതിനാല്‍, കൂദാശകളുടെ വിവിധ തലങ്ങളെക്കുറിച്ചും പരികര്‍മ്മം ചെയ്യുന്നതിലെ പ്രായോഗികതകളെക്കുറിച്ചും ആരുമായും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല എന്നത് വിശ്വാസികള്‍ക്ക് വ്യക്തമായിരിക്കണം.

രണ്ടാമതായി, കൂദാശകളുടെ ദൈവികതലത്തെ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് തങ്ങളുടെ പ്രായോഗിക തലത്തിലേയ്ക്ക് കൂദാശകളെ പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും, ഇവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സഭാജീവിത ശൈലിയും അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് തങ്ങള്‍ സഭയിലെ അംഗങ്ങളായി തുടരണമോയെന്ന് ചിന്തിക്കാനും ഉചിതമായ തീരുമാനമെടുക്കാനും സ്വാതന്ത്ര്യമുണ്ട്. സഭയുടെ ദൈവിക സ്വഭാവവും സഭയെ ഏല്‍പ്പിച്ചിരിക്കുന്ന ദൈവിക രഹസ്യങ്ങളുമാണ് ഇവിടെ വിവക്ഷിക്കുന്നത്. അല്ലാതെ പ്രായോഗിക തലങ്ങളില്‍ സഭാധികാരികള്‍ സ്വീകരിക്കുന്ന തീരുമാനങ്ങളോ നിലപാടുകളോ അല്ല എന്നതും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ മാനുഷിക തലത്തില്‍ ചര്‍ച്ചയും വിശകലനവും തിരുത്തലും നവീകരണവും ആവശ്യവും സാധ്യവുമാണ് എന്നത് വ്യക്തമാണ്.

സഭയില്‍, കൂദാശകള്‍ ഏഴ് എന്ന് തിട്ടപ്പെടുത്തിയതും കൂദാശകളുടെ സ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ചതും ട്രെന്‍റ് കൗണ്‍സിലാണ്. ഈശോ സ്ഥാപിച്ചവയാണ് കൂദാശകള്‍ എന്ന് സഭ പഠിപ്പിക്കുന്നത് ദൈവവചനത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ്. അനുരജ്ഞന കൂദാശയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. "നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും; നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും" (യോഹ 20:23, മത്താ 18:18). പാപങ്ങള്‍ ക്ഷമിക്കാന്‍ യേശു അപ്പസ്തോലന്മാര്‍ക്കു നല്‍കിയ ഈ അധികാരമാണ് മറ്റൊരു കൂദാശയായ പൗരോഹിത്യം സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ കൈവയ്പ്ശുശ്രൂഷ വഴിയാണ് പാപമോചനാധികാരം ഒരു വൈദികന് ലഭിക്കുന്നത്. പാപമോചനാധികാരം ഒരു പുരോഹിതന് ഇല്ലായെന്ന് ആരെങ്കിലും പഠിപ്പിച്ചാല്‍ ആ വ്യക്തി സഭാകൂട്ടായ്മയില്‍ നിന്നു പുറത്താകുന്നുവെന്ന് ട്രെന്‍റ് കൗണ്‍സില്‍ പഠിപ്പിക്കുന്നു (നമ്പര്‍ 961).

പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കുന്നത് സഭയുടെ ആരംഭത്തില്‍ത്തന്നെ നിലവിലുണ്ടായിരുന്ന രീതിയായിരുന്നു. സഭാശ്രേഷ്ഠന്മാര്‍ക്കു മുമ്പില്‍ പാപങ്ങള്‍ പരസ്യമായി ഏറ്റുപറയുക എന്നതായിരുന്നു ആദ്യകാലത്തെ ശൈലി (അപ്പ 19:18-19). എന്നാല്‍, ക്രൈസ്തവരുടെ സംഖ്യ വര്‍ദ്ധിച്ചുവരികയും, മാരകപാപങ്ങളുടെ പരസ്യ പ്രഖ്യാപനം വിവാദമാവുകയും തെറ്റിദ്ധാരണകള്‍ക്ക് ഇടംകൊടുക്കുകയും ചെയ്യുന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് പ്രധാനാചാര്യന്മാരുടെ, ശ്രേഷ്ഠപുരോഹിതരുടെ ചെവിയില്‍ കുമ്പസാരിക്കുന്ന രീതി സ്വീകരിച്ചത്. അതാണ് ഇന്നും സഭയില്‍ തുടരുന്ന പാരമ്പര്യത്തിന്‍റെ തുടക്കം. പുരോഹിതനോട് പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കേണ്ടതിന്‍റെ ആവശ്യം വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ബേസില്‍ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "ദൈവത്തിന്‍റെ നിഗൂഢ രഹസ്യങ്ങളുടെ നിര്‍വ്വഹണം ആര്‍ക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ ആര് പ്രതിബദ്ധതയുള്ളവരായിരിക്കുന്നുവോ അവരോട് നമ്മുടെ പാപങ്ങള്‍ ഏറ്റുപറയണം."

സഭയുടെ നിയമസംഹിതകളില്‍ കുമ്പസാരമെന്ന കൂദാശയെക്കുറിച്ചും അവ പരികര്‍മ്മം ചെയ്യേണ്ട രീതികളെക്കുറിച്ചും, പരികര്‍മ്മം ചെയ്യുന്നവര്‍ക്കും കൂദാശ സ്വീകരിക്കുന്നവര്‍ക്കും ഉണ്ടായിരിക്കേണ്ട മനോഭാവങ്ങളെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങളുണ്ട് (CCEO cc. 718-736, CIC cc. 959-986). കൂദാശകളുടെ സ്വഭാവത്തെപ്പറ്റി സഭാനിയമം പറയുന്നത് ശ്രദ്ധേയമാണ്: "കൂദാശകള്‍ സഭ മുഴുവനിലും ഒന്നുതന്നെ ആയിരിക്കുന്നതുകൊണ്ടും, അവ ദൈവിക നിക്ഷേപത്തിന്‍റെ ഭാഗമായതിനാലും അവയുടെ സാധുതയ്ക്കുവേണ്ട കാര്യങ്ങള്‍ അംഗീകരിക്കുവാനോ നിശ്ചയിക്കുവാനോ സഭയുടെ പരമാധികാരത്തിനു മാത്രമേ അധികാരമുള്ളൂ" (CCEO c. 669, CIC c. 841). കുമ്പസാരമെന്ന കൂദാശയുടെ കാര്‍മ്മികന്‍ വൈദികന്‍ മാത്രമാണ് എന്ന് സഭാനിയമം (CCEO cc. 722, CIC cc. 965) വ്യക്തമാക്കുമ്പോള്‍, പുരോഹിതപട്ടം സ്വീകരിക്കാത്ത ഒരു വ്യക്തിക്കും ഈ കൂദാശ പരികര്‍മ്മം ചെയ്യാന്‍ സാധിക്കില്ലായെന്ന് വ്യക്തമാകുന്നു.

സിസ്റ്റേഴ്സിന് കുമ്പസാരിപ്പിക്കാന്‍ സാധിക്കില്ലായെന്ന് മുകളില്‍ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. സമര്‍പ്പിത ജീവിതം നയിക്കുന്ന സിസ്റ്റേഴ്സ് വ്രതാനുഷ്ഠാനങ്ങളിലൂടെ തങ്ങളുടെ ജീവിതത്തെ പൂര്‍ണ്ണമായി ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നവരാണ്. എന്നാല്‍, സമര്‍പ്പിത ജീവിതം ഒരു കൂദാശയല്ല. മറിച്ച്, ഒരു ജീവിതശൈലിയാണ്. പുരോഹിതര്‍ക്കു തുല്യമായ ജീവിത സമര്‍പ്പണം സിസ്റ്റേഴ്സും നടത്തുന്നുണ്ടെങ്കിലും, ശുശ്രൂഷാപൗരോഹിത്യമെന്ന കൂദാശ സ്വീകരിക്കുന്നവര്‍ക്കു മാത്രമേ കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ അധികാരമുള്ളൂ.

ചുരുക്കത്തില്‍, കൂദാശകള്‍ ദൈവകല്‍പ്പിതങ്ങളും സഭയുടെ ദൈവദത്തമായ അധികാരത്തിലൂടെ നിര്‍വചിക്കപ്പെട്ടതും ഇന്നും നിയന്ത്രിക്കപ്പെടുന്നതുമായ രഹസ്യങ്ങളാണ്. വിശ്വാസത്തിന്‍റെ മേഖലയിലെ വിശുദ്ധ സംവിധാനങ്ങളെ തെരുവിലെ ന്യായവാദങ്ങള്‍ക്ക് വിധേയരാക്കുന്നവരുടെ യുക്തിയില്ലായ്മയും ഗൂഢലക്ഷ്യങ്ങളും തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കു കഴിയണം. കൂദാശകളുടെ പരികര്‍മ്മം ശുശ്രൂഷാപൗരോഹിത്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവയാണെന്ന സത്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല. സഭയുടെ വിശ്വാസവും പാരമ്പര്യവും ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങുന്ന രീതിയില്‍ മാറ്റാവുന്നതുമല്ല. ഫുട്ബോള്‍ കൈകൊണ്ട് കളിക്കണമെന്ന് വാശിപിടിക്കാതെ വോളിബോള്‍ കളിച്ചു തുടങ്ങുന്നതാണ് ഇത്തരക്കാര്‍ക്ക് നല്ലതെന്ന് പറയാനും വിശ്വാസികള്‍ ആര്‍ജ്ജവത്വം
കാണിക്കണം.

confession confession without a priest Dr. Abraham Kavilpurayidathil council of Trent on confessions sacrament of reconciliation laymen and confessions Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message