x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

ഗര്‍ഭഛിദ്രം - പാപമോചന അധികാരം ആര്‍ക്ക്?

Authored by : Dr. Abraham Kavilpurayidathil On 21-Sep-2020

ഗര്‍ഭഛിദ്രം - പാപമോചന അധികാരം ആര്‍ക്ക്?

ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഏറ്റവും അടുത്തായി, ഗര്‍ഭഛിദ്രമെന്ന പാപം മോചിക്കാന്‍ എല്ലാ വൈദികര്‍ക്കും അനുവാദം നല്‍കിയെന്നു പത്രമാധ്യമങ്ങളില്‍ വായിക്കുകയുണ്ടായി. ഇതിനുമുമ്പ് ആരായിരുന്നു ഈ പാപം മോചിച്ചുകൊണ്ടിരുന്നത്?

ഇങ്ങനെ ഒരു സാധ്യത വൈദികര്‍ക്കു നല്‍കിയതു വഴി ഗര്‍ഭഛിദ്രമെന്ന പാപത്തിന്‍റെ ഗൗരവം കുറച്ചുകാണുകയാണോ?

 

ആഗോളസഭയില്‍ പ്രഖ്യാപിക്കപ്പെട്ട കരുണയുടെ വര്‍ഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് മാര്‍പ്പാപ്പ പുറത്തിറക്കിയ അപ്പസ്തോലിക ലേഖനത്തിലാണ് (Miseriticordia et Misera) ഗര്‍ഭഛിദ്രമെന്ന മാരകപാപത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പാപമോചനം നല്‍കാനുള്ള അധികാരം എല്ലാ വൈദികര്‍ക്കും നല്‍കിയിരിക്കുന്നത്. അതിനാല്‍, പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞത് ശരിയാണ്. കരുണയുടെ വര്‍ഷസമാപനത്തോടനുബന്ധിച്ച് കരുണയുടെ വാതില്‍ അടച്ച മാര്‍പ്പാപ്പ കാരുണ്യപ്രവര്‍ത്തികള്‍ തുടരാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു. കരുണയുടെ അസാധാരണ ജൂബിലിവര്‍ഷത്തിലാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ അബോര്‍ഷന്‍ നടത്തിയവര്‍ക്കു പാപമോചനം നല്‍കാന്‍ വൈദികര്‍ക്ക് പ്രത്യേക അനുമതി നല്‍കിയത്. ഇപ്പോള്‍, തന്‍റെ അപ്പസ്തോലിക അധികാരമുപയോഗിച്ച് അബോര്‍ഷന്‍ നടത്തി അനുതാപത്തോടെ കുമ്പസാരക്കൂട്ടിലണയുന്ന ഏതൊരു വ്യക്തിക്കും പാപമോചനം നല്‍കാനുള്ള അനുവാദം മാര്‍പ്പാപ്പ ലോകത്തിലുള്ള എല്ലാ വൈദികര്‍ക്കും നല്‍കിയിരിക്കുന്നു.
കരുണയുടെ വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് ആരായിരുന്നു ഈ പാപം മോചിച്ചിരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ലത്തീന്‍ സഭയുടെ നിയമമനുസരിച്ച് അബോര്‍ഷന്‍ നടത്തുന്ന ഒരു വ്യക്തി അതിനാല്‍ത്തന്നെ സഭാകൂട്ടായ്മയ്ക്ക് പുറത്താകുന്നു (automatic excommunication, CIC c. 1398). ഈ നിയമമനുസരിച്ച്, ആ വ്യക്തിയെ സഭാകൂട്ടായ്മയിലേയ്ക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള അധികാരം മെത്രാനില്‍ നിക്ഷിപ്തമായിരുന്നതിനാല്‍, അതിനുള്ള അനുവാദം മെത്രാന്‍ കുമ്പസാരക്കാരന്‍ വഴി നല്‍കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

ഉദാഹരണത്തിന്, അബോര്‍ഷന്‍ നടത്തിയ ഒരു വ്യക്തി ഒരു വൈദികന്‍റെയടുത്ത് കുമ്പസാരിക്കുന്നു. ഈ പാപം വഴി സഭാകൂട്ടായ്മയില്‍ നിന്ന് പുറത്തായിരിക്കുന്നതിനാല്‍, തനിക്ക് തന്‍റെ മെത്രാനില്‍ നിന്ന് പാപം മോചിക്കാന്‍ പ്രത്യേക അനുവാദം ആവശ്യമാണെന്നും, ഒരു നിശ്ചിത സമയത്തിനുള്ളില്‍ വീണ്ടും തന്‍റെയടുക്കല്‍ വരണമെന്നും കുമ്പസാരക്കാരന്‍ അറിയിക്കുന്നു. കുമ്പസാരക്കാരന്‍ കുമ്പസാരിച്ച വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളോ പറയാതെ മെത്രാനില്‍നിന്ന് അനുവാദം വാങ്ങുകയും, നിശ്ചയിക്കപ്പെട്ട സമയത്ത് കുമ്പസാരക്കൂട്ടില്‍ വരുന്ന ആ വ്യക്തിയെ പാപം മോചിച്ച് സഭാകൂട്ടായ്മയിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

പൗരസ്ത്യ സഭാനിയമമനുസരിച്ച് അബോര്‍ഷന്‍ നടത്തുന്ന വ്യക്തി സഭാകൂട്ടായ്മയ്ക്കു പുറത്താകുന്നില്ലെങ്കിലും ഈ മാരകപാപം മോചിക്കാനുള്ള അധികാരം മെത്രാനില്‍ നിക്ഷിപ്തമായിരിക്കുന്നു (CCEO c. 728:2). ചുരുക്കത്തില്‍ രണ്ട് സഭാനിയമങ്ങളിലും, രൂപതാ മെത്രാനിലാണ് ഈ പാപമോചനാധികാരം നിക്ഷിപ്തമായിരുന്നത്. എന്നാല്‍, വിശ്വാസികളുടെ സൗകര്യാര്‍ത്ഥം, മെത്രാന്മാര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ അധികാരം തങ്ങളുടെ വൈദികരില്‍ ചിലര്‍ക്ക് നല്‍കാറുണ്ടായിരുന്നു. ഉദാഹരണത്തിന് ഇടവകയുടെ വാര്‍ഷികധ്യാനാവസരത്തിലും നിശ്ചിത ധ്യാനകേന്ദ്രങ്ങളില്‍ കുമ്പസാരിപ്പിക്കുന്ന വൈദികര്‍ക്കും മെത്രാന്മാര്‍ ഈ പ്രത്യേക അനുവാദം നല്‍കിയിരുന്നു. ഇവിടെയും, ഈ അധികാരം മെത്രാന്മാരുടെത് മാത്രമാണെന്നും അത് ആവശ്യമനുസരിച്ച് ഒരു പ്രത്യേക സാഹചര്യത്തില്‍ ചില വൈദികര്‍ക്ക് നല്‍കുക മാത്രമാണ് ചെയ്തിരുന്നതെന്നും ഓര്‍ക്കേണ്ടതാണ്. ഈ നിയമമാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ ആദ്യം കരുണയുടെ വര്‍ഷത്തിലും, തുടര്‍ന്ന് എക്കാലത്തേയ്ക്കും മാറ്റി, അബോര്‍ഷന്‍ നടത്തിയവര്‍ക്കുള്ള പാപമോചനം നല്‍കാന്‍ വൈദികര്‍ക്ക് അനുവാദം കൊടുത്തിരിക്കുന്നത്.

ചോദ്യകര്‍ത്താവിന്‍റെ അടുത്ത സംശയം ന്യായമാണ്. ഇത്രമാത്രം ഗൗരവകരമായ ഒരു പാപത്തിന്‍റെ മോചനം ഇപ്പോള്‍ നിയമത്തില്‍ ഇളവുവരുത്തി എല്ലാ വൈദികര്‍ക്കും നല്‍കിയതുവഴി ഈ പാപത്തിന്‍റെ ഗൗരവം സഭ കുറച്ചുകാണുകയാണോ എന്നത്. ഫ്രാന്‍സീസ് മാര്‍പ്പാപ്പ തന്‍റെ അപ്പസ്തോലിക ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തന്‍റെ ലേഖനത്തിന്‍റെ 12-ാം നമ്പറിലാണ് മാര്‍പ്പാപ്പ അബോര്‍ഷന്‍ നടത്തിയവര്‍ക്കുള്ള പാപമോചനം നല്‍കാന്‍ എല്ലാ വൈദികര്‍ക്കും അനുവാദം നല്‍കുന്നത്. അതിന്‍റെയടുത്ത വാക്യങ്ങളില്‍ത്തന്നെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഗര്‍ഭഛിദ്രമെന്ന മാരകപാപത്തിന്‍റെ ഗൗരവത്തെക്കുറിച്ച് മാര്‍പ്പാപ്പ പറയുന്നുണ്ട്. ഒരു നിഷ്ക്കളങ്ക ജീവിതത്തെ അവസാനിപ്പിക്കുന്ന പാപമെന്ന നിലയില്‍ അബോര്‍ഷന്‍ ഒരു മാരകപാപമാണ് എന്ന് മാര്‍പ്പാപ്പ അടിവരയിട്ടു പ്രസ്താവിക്കുന്നു. അതേസമയം, അതേ ബോദ്ധ്യത്തോടെതന്നെ, അതേ പ്രാധാന്യത്തോടെ, മാര്‍പ്പാപ്പ പറയുന്ന മറ്റൊരു കാര്യമുണ്ട്: "ദൈവപിതാവുമായി അനുരഞ്ജനത്തിലാകാന്‍ ആഗ്രഹിക്കുന്ന അനുതപിക്കുന്ന ഒരു ഹൃദയത്തില്‍ നിന്ന് ദൈവിക കരുണയ്ക്ക് എത്തിച്ചേരാനാവാത്തതും തുടച്ചുനീക്കാനാകാത്തതുമായ ഒരു പാപവും ഇല്ലായെന്ന് നമ്മള്‍ മനസ്സിലാക്കണം." അതുകൊണ്ട് മാര്‍പ്പാപ്പ പറയുന്നു: "അതിനാല്‍, ഓരോ വൈദികനും ഈ പ്രത്യേക അനുരഞ്ജന പാതയില്‍ അനുതാപികള്‍ക്ക് വഴികാട്ടിയും, പിന്തുണയും, ആശ്വാസവുമായി മാറണം."
ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹത്തിന്‍റെ നേര്‍ക്കാഴ്ചയാണ് മാര്‍പ്പാപ്പ അവതരിപ്പിക്കുന്നത്. ക്ഷമിക്കാനും പൊറുക്കാനുമുള്ള ദൈവത്തിന്‍റെ അപരിമേയമായ കഴിവിനെ തന്‍റെ പരിമിതികളുടെ അളവുകോലുകള്‍ കൊണ്ട് മനുഷ്യന്‍ നിര്‍ണ്ണയിക്കുമ്പോഴാണ് തെറ്റുപറ്റുന്നത്. ദൈവഹൃദയത്തിലെ കരുണയും സ്നേ ഹവും എപ്രകാരം ഈ കാലഘട്ടത്തിലെ മനുഷ്യന് നല്‍കാന്‍ സാധിക്കുമെന്ന ചോദ്യത്തിന് മാര്‍പ്പാപ്പയുടെ ഏറ്റവും പുതിയ ഉത്തരമാണ് വൈദികര്‍ക്ക് നല്‍കിയിരിക്കുന്ന ഈ അനുവാദം.

സങ്കീര്‍ണ്ണതകളുടെയും പ്രാരാബ്ധങ്ങളുടെയും കുത്തൊഴുക്കില്‍, ചെയ്യേണ്ട നന്മയെന്തന്നറിഞ്ഞിട്ടും അത് ചെയ്യാന്‍ സാധിക്കാതെ തിന്മയുടെ നീരാളിപ്പിടുത്തത്തില്‍ ആത്മാവിന്‍റെ ശോഭ നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ ദൈവികഛായയും സാദൃശ്യവും വീണ്ടെടുക്കാനുള്ള വേദിയാണ് കുമ്പസാരക്കൂടുകള്‍. ഇവിടെ ക്രിസ്തുവിന്‍റെ പ്രതിപുരുഷനായ വൈദികന്‍ പരികര്‍മ്മം ചെയ്യുന്നത് കര്‍ത്താവിന്‍റെ അളവറ്റ കാരുണ്യമാണ്. അനുതപിച്ച് പാപങ്ങള്‍ ഏറ്റുപറയുന്നതിന് അണയുന്ന പാപിയുടെ മാനസികഭാവവും, ഇതരസാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ മാര്‍പ്പാപ്പായുടെ ഈ തീരുമാനം ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് പറയാതെ വയ്യ. കൂടുതല്‍ കടം ഇളവു ചെയ്തുകൊടുത്തവനു കൂടുതല്‍ സ്നേഹമുണ്ടാകുമെന്നുറപ്പ്. ഈ ഇളവുചെയ്യല്‍ പ്രകിയ കടക്കാരന്‍റെ മാനസികാവസ്ഥകൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ജീവിതം കൃതജ്ഞ തയുടെ സാക്ഷ്യമായി മാറുമെന്നു പ്രത്യാശിക്കാം.

Abortion Abortion - Who has the power to forgive? Dr. Abraham Kavilpurayidathil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message