We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 05-Feb-2021
ക്രിസ്തീയവിശ്വാസികള്‍, ക്രിസ്തുവിന്‍റെ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം, കത്തോലിക്കാസഭയിലെ അംഗത്വം, സഭയില്‍ സ്നാനാര്‍ത്ഥികളുടെ സ്ഥാനം എന്നീ വിഷയങ്ങളെ സംബന്ധിച്ച നിയമങ്ങളാണ് 7 മുതല്‍ 26 വരെയുള്ള കാനോനകളില്‍ കൊടുത്തിരിക്കുന്നത്.
ആദ്യമായാണ് സഭാനിയമത്തില്‍ സിവില്‍ ഭരണഘടനകളിലുള്ളതുപോലെ അവകാശങ്ങളെ സംബന്ധിച്ച് പ്രത്യേകം ഒരു പ്രതിപാദനം ഉണ്ടാകുന്നത്. വിശ്വാസികളുടെ വ്യക്തിത്വത്തെയും അവകാശങ്ങളെയും സഭ പ്രത്യേകിച്ചും മാനിക്കുന്നു എന്ന് ഈ പ്രതിപാദനം വ്യക്തമാക്കുന്നു. എന്നാല്‍ വിശ്വാസികളുടെ അവകാശങ്ങളും കടമകളും ഒരേ ശീര്‍ഷകത്തില്‍ത്തന്നെ കൊടുത്തിരിക്കുന്നതുവഴി അവ പരസ്പരപൂരകങ്ങളാണെന്ന് കാനോനസംഹിത വ്യക്തമാക്കുന്നു. മാത്രവുമല്ല, ഈ കാനോനസംഹിതയില്‍ പലയിടത്തായി അവകാശങ്ങളെയും കടമകളെയുംപറ്റിയുള്ള പ്രതിപാദനം കാണാം. എങ്കിലും സഭയില്‍ എല്ലാ വിശ്വാസികളെയും തുല്യമായി ബാധിക്കുന്ന മൗലികാവകാശങ്ങളും കടമകളും ഈ ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്നു.
കാനോന 7: 1. മാമ്മോദീസയിലുടെ ക്രിസ്തുവില്‍ ചേര്‍ക്കപ്പെട്ട് ദൈവജനമായി സ്ഥപിക്കപ്പെട്ടവരാണ് ക്രൈസ്തവവിശ്വാസികള്‍. ഇക്കാരണത്താല്‍ ക്രിസ്തുവിന്‍റെ പുരോഹിത, പ്രവാചക, രാജകീയധര്‍മ്മത്തില്‍ തങ്ങളുടേതായ രീതിയില്‍ ഭാഗഭാക്കുകളായിക്കൊണ്ട്, ലോകത്തില്‍ പൂര്‍ത്തിയാക്കുവാനായി ദൈവം സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം തങ്ങളുടെ ജീവിതാവസ്ഥക്കനുസരിച്ചു നിര്‍വ്വഹിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് അവര്‍.
ഈ കാനോനയില്‍ ആരാണ് ഒരു ക്രൈസ്തവവിശ്വാസി എന്ന് നിര്‍വ്വചിക്കുന്നില്ലെങ്കിലും, ആരെല്ലാമാണ് ക്രൈസ്തവവിശ്വാസികള്‍ എന്ന് വിശദീകരിക്കുന്നുണ്ട്. ഇതില്‍ പറയുന്നതനുസരിച്ച് ജ്ഞാനസ്നാനമാണ് ക്രൈസ്തവവിശ്വാസിയെ അങ്ങനെയാക്കിത്തീര്‍ക്കുന്ന അടിസ്ഥാനഘടകം. ജ്ഞാനസ്നാനത്തിന് ചില നൈയാമികഫലങ്ങളുണ്ട്. അതിലൂടെ ഒരു വ്യക്തി സഭാപരമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റുവാങ്ങുന്നു. ഈ കാനോന, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സഭയെക്കുറിച്ചുള്ള പ്രമാണരേഖയുടെ 4-ാം അദ്ധ്യായം 31-ാം ഖണ്ഡികയില്‍നിന്ന് രൂപപ്പെടുത്തിയിട്ടുള്ളതാണ്. 31-ാം ഖണ്ഡിക അത്മായരെപ്പറ്റി മാത്രമാണ് പറയുന്നത്. 7-ാം കാനോനയാകട്ടെ ക്രൈസ്തവവിശ്വാസികളെ അത്മായരെന്നോ, അല്ലാത്തവരെന്നോ വ്യത്യാസം കൂടാതെയാണ് പരാമര്‍ശിക്കുന്നത്. തത്ഫലമായി പിന്നീടു വരുന്ന കാനോനകളില്‍ പ്രതിപാദിക്കുന്ന അവകാശങ്ങളും കടമകളും വിശ്വാസികള്‍ എല്ലാവരുടേതുമാണ്. അവിടെ അത്മായരെന്നോ പുരോഹിതരെന്നോ സന്ന്യസ്തരെന്നോ ഉള്ള വ്യത്യാസമില്ല. അതുപോലെതന്നെ, "ദൈവജനം", "ക്രൈസ്തവവിശ്വാസികള്‍" എന്നൊക്കെ പറയുമ്പോള്‍ അത്മായരെ മാത്രമല്ല ഉദ്ദേശിക്കുന്നത്.
ക്രിസ്തുവിന്‍റെ സഭ ഏതാണ് എന്നു പറയുന്നതിനുപകരം, കത്തോലിക്കാസഭയില്‍ അതു നിലനില്‍ക്കുന്നു (subsists). എന്നുമാത്രമേ ഈ കാനോന പറയുന്നുള്ളൂ. ഈ സഭ ലോകത്തില്‍ ഒരു സമൂഹമായി കാണപ്പെടുന്നു. അതു ഭരിക്കപ്പെടുന്നത് പത്രോസിന്‍റെ പിന്‍ഗാമിയായ റോമാമെത്രാനാലും അദ്ദേഹത്തിന്‍റെ കൂട്ടായ്മയിലുള്ള മെത്രാന്മാരാലുമാണ്. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്. റോമാമെത്രാനാലും, അദ്ദേഹവുമായി കൂട്ടായ്മയിലുള്ള മെത്രാന്മാരാലും ഭരിക്കപ്പെടുന്ന കത്തോലിക്കാസഭയില്‍ ക്രിസ്തുവിന്‍റെ സഭയുടെ പൂര്‍ണ്ണത കണ്ടെത്താം. ഇങ്ങനെ പൂര്‍ണ്ണതയില്ലാത്ത സഭകളും ഉണ്ട് എന്ന് പരോക്ഷമായി ഈ കാനോന സമ്മതിക്കുന്നു.
കാനോന 8: വിശ്വാസം, കൂദാശകള്‍, സഭാഭരണസംവിധാനം എന്നിവവഴി സഭയുടെ ദൃശ്യഘടനയില്‍ ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നവരായ മാമ്മോദീസ സ്വീകരിച്ച വ്യക്തികള്‍ ഈ ലോകത്തില്‍ കത്തോലിക്കാസഭയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലുള്ളവരാണ്.
ഈ ഭൂമിയില്‍ ആരെല്ലാമാണ് കത്തോലിക്കാസഭയുമായുള്ള പൂര്‍ണ്ണകൂട്ടായ്മയില്‍ ഉള്ളതെന്നാണ് ഈ കാനോനയില്‍ പറയുന്നത്. വിശ്വാസപ്രഖ്യാപനം, കൂദാശകള്‍, സഭാഭരണസംവിധാനം എന്നിവവഴി കത്തോലിക്കാസഭയുടെ ബാഹ്യഘടകവുമായി ഒന്നായിച്ചേര്‍ന്നിട്ടുള്ള, ജ്ഞാനസ്നാനം സ്വീകരിച്ച വ്യക്തികളാണ് അവര്‍. കത്തോലിക്കാസഭയുമായുള്ള പൂര്‍ണ്ണകൂട്ടായ്മയ്ക്കുള്ള മൂന്നു മാനദണ്ഡങ്ങളും പ്രധാനപ്പെട്ടവതന്നെ. അവര്‍ ഒരേ വിശ്വാസം പ്രഖ്യാപിക്കുന്നവരാകണം. സഭയുടെ വിശ്വാസപ്രഖ്യാപനം എല്ലാ കത്തോലിക്കര്‍ക്കും ബാധകമാണ്. കൂദാശകളിലുള്ള കൂട്ടായ്മയും പ്രധാനപ്പെട്ടതാണ്. വിശ്വാസത്തില്‍ കൂട്ടായ്മയുള്ളവര്‍ക്കു മാത്രമേ കൂദാശകളിലും പൂര്‍ണ്ണമായ കൂട്ടായ്മയുള്ളൂ. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഭരണപരമായ സഭാകൂട്ടായ്മയിലായിരിക്കുക എന്നതും. മാര്‍പാപ്പയുടെയും മെത്രാന്മാരുടെയും അധികാരം അംഗീകരിക്കുകയും അവരുടെ അധികാരത്തെ സ്വീകരിക്കുകയും ചെയ്യേണ്ടവരാണ് എല്ലാ കത്തോലിക്കരും. അകത്തോലിക്കരായ ക്രൈസ്തവരെ സംബന്ധിച്ച് ഈ മൂന്നു ഘടകങ്ങളില്‍ ഒന്നോ അതിലധികമോ കാര്യങ്ങളില്‍ കൂട്ടായ്മയില്ല എന്നതിനാല്‍ കത്തോലിക്കാകൂട്ടായ്മയില്‍ അവര്‍ക്കു സ്ഥാനമില്ല എന്നുവരുന്നു. എങ്കിലും കൂട്ടായ്മയുടെ കാര്യത്തില്‍ ഈ സഭകള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. അതായത് വിശ്വാസം, കൂദാശകള്‍ എന്നിവയില്‍ കത്തോലിക്കാസഭയുമായി ഐകരൂപ്യമുള്ള പൗരസ്ത്യ അകത്തോലിക്കാസഭാവിഭാഗങ്ങളുടെ വിശ്വാസികളെക്കാള്‍ കൂടുതല്‍ അടുത്ത കൂട്ടായ്മയിലാണ്.
കാനോന 9: 1. മാമ്മോദീസയിലുടെ ക്രിസ്തുവില്‍ ചേര്‍ക്കപ്പെട്ട് ദൈവജനമായി സ്ഥപിക്കപ്പെട്ടവരാണ് ക്രൈസ്തവവിശ്വാസികള്‍. ഇക്കാരണത്താല്‍ ക്രിസ്തുവിന്‍റെ പുരോഹിത, പ്രവാചക, രാജകീയധര്‍മ്മത്തില്‍ തങ്ങളുടേതായ രീതിയില്‍ സഭയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ഈ ആഗ്രഹത്താലും അവര്‍ നയിക്കുന്ന വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉപവിയുടെയും ജീവിതത്താലും സഭയുമായി അവര്‍ യോജിപ്പിക്കപ്പെട്ടിരിക്കുന്നു. സഭ അവരെ ഇപ്പോള്‍ത്തന്നെ സ്വന്തമായി പരിഗണിക്കുന്നു.
സ്നാനാര്‍ത്ഥികള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സഭാംഗങ്ങള്‍ അല്ലെങ്കിലും അവര്‍ പ്രത്യേകതരത്തില്‍ സഭയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രൈസ്തവവിശ്വാസികളായി മാറുന്ന പ്രക്രിയയിലുള്ളവരാണ് അവര്‍.
അവരെ സഭ സ്വന്തമായി കണക്കാക്കുന്നു. അവര്‍ക്കു ദിവ്യബലി, കൂദാശകള്‍, യാമപ്രാര്‍ത്ഥനകള്‍ എന്നിവയില്‍ പങ്കെടുക്കുവാനുള്ള അവകാശമുള്ളതിനുപുറമെ, സഭാവിശ്വാസികള്‍ക്കു മാത്രമായി കൊടുക്കുന്ന ചില ആനുകൂല്യങ്ങള്‍ സഭ അവര്‍ക്കു കൊടുക്കുകയും ചെയ്യുന്നു. ഉദാഹരണമായി, വെഞ്ചരിപ്പുകള്‍ സ്വീകരിക്കുന്നതിനും ക്രിസ്തീയമായ മൃതസംസ്കാരശുശ്രൂഷ ലഭിക്കുന്നതിനും സഭ അവര്‍ക്ക് അവകാശം നല്‍കുന്നു.
കാനോന 10: ദൈവവചനത്തെ മുറുകെപ്പിടിച്ചുകൊണ്ടും സഭയുടെ ആധികാരികവും സജീവവുമായ പ്രബോധനാധികാരത്തോടു ചേര്‍ന്നുനിന്നുകൊണ്ടും, തങ്ങളുടെ പൂര്‍വ്വികര്‍ വലിയവില കൊടുത്ത് സംരക്ഷിക്കുകയും കൈമാറുകയും ചെയ്ത വിശ്വാസത്തെ സമഗ്രമായി നിലനിര്‍ത്താനും അതു പരസ്യമായി പ്രഖ്യാപിക്കുവാനും അതുപോലതന്നെ അതിനെക്കുറിച്ച് കൂടുതലായ പരിജ്ഞാനം നേടുവാനും ഉപവിപ്രവര്‍ത്തനങ്ങളിലൂടെ അതിനെ ഫലപ്രദമാക്കുവാനും ക്രൈസ്തവവിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു.
തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ക്രൈസ്തവവിശ്വാസം അതിന്‍റെ പൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിക്കുകയും ദൈവവചനത്തില്‍ ഉറച്ചുനിന്നുകൊണ്ട് അതിനെ വളര്‍ത്തുകയും മറ്റുള്ളവര്‍ക്കു കൈമാറുകയും ചെയ്യുക എല്ലാ ക്രൈസ്തവരുടെയും അവകാശവും കടമയുമാണ്. പൗരസ്ത്യസഭകളില്‍ അധികവും സഭാപീഡനങ്ങളെയും എതിര്‍പ്പുകളെയും തരണം ചെയ്ത് വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഈ കാനോനയ്ക്ക് പ്രസക്തിയേറുന്നു.
കാനോന 11: ക്രിസ്തുവിലുള്ള പുനര്‍ജനനത്തിന്‍റെ അടിസ്ഥാനത്തില്‍ പദവിയിലും പ്രവര്‍ത്തനത്തിലും എല്ലാ ക്രിസ്തീയവിശ്വാസികളുടെയും ഇടയില്‍ യഥാര്‍ത്ഥ സമത്വം നിലനില്ക്കുന്നു. തന്മൂലം അവരവരുടെ ജീവിതാവസ്ഥയ്ക്കും ചുമതലയ്ക്കും അനുസൃതമായി ക്രിസ്തുവിന്‍റെ ശരീരം പടുത്തുയര്‍ത്തുന്നതില്‍ എല്ലാവരും സഹകരിക്കുന്നു.
മാമ്മോദീസാവഴി ക്രിസ്തുനാഥനുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടവരുടെ കൂട്ടായ്മയാണു സഭ. സഭയില്‍ വിശ്വാസികള്‍ എല്ലാവരും തുല്യരാണെന്ന് കാനോന വ്യക്തമാക്കുന്നു. ദൈവമക്കളെന്ന അവരുടെ അവസ്ഥയിലാണ് ഈ തുല്യത. എന്നാല്‍ ക്രിസ്തുനാഥന്‍ സ്ഥാപിച്ച സഭയില്‍ വിശ്വാസികള്‍ക്ക് വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളാണ് നല്‍കപ്പെട്ടിട്ടുള്ളത്. അതിന്‍റെ വെളിച്ചത്തില്‍ വിശ്വാസികളുടെ നൈയാമിക അവസ്ഥകള്‍ക്കുമാറ്റമുണ്ട്. പുരോഹിതശുശ്രൂഷികളും സന്ന്യസ്തരും അത്മായരും അടങ്ങുന്ന സഭയില്‍ ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കു ചേര്‍ന്നവിധത്തില്‍ സഭാഗാത്രത്തെ പടുത്തുയര്‍ത്തുന്നതില്‍ പങ്കുവഹിക്കേണ്ടവരാണ് (L.G.32). മൗലികമായ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസികള്‍ തമ്മില്‍ യാതൊരു വിവേചനവും പാടില്ല.
കാനോന 12: 1. തങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ സഭയുമായുള്ള കൂട്ടായ്മ എല്ലായ്പ്പോഴും നിലനിര്‍ത്തുന്നതിന് ക്രിസ്തീയ വിശ്വാസികള്‍ കടപ്പെട്ടവരാണ്.
'കൂട്ടായ്മ' എന്ന ആശയം ഈ കാനോനസംഹിത പല സ്ഥലത്തും വ്യക്തമാക്കുന്നുണ്ട്. വിശ്വാസികളുടെ കൂട്ടായ്മ സഭയില്‍ വ്യത്യസ്തതലങ്ങളില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇടവകതലത്തിലും രൂപതാതലത്തിലും സ്വയാധികാരസഭകളുടെ തലത്തിലും ഇത് കൂടുതല്‍ വ്യക്തമാണ്. വിശ്വാസികള്‍ സഭാകൂട്ടായ്മയില്‍ നിലനില്ക്കേണ്ടതിന് വിശ്വാസം, കൂദാശകള്‍, ഹയരാര്‍ക്കി എന്നീ തലങ്ങളിലെല്ലാം കൂട്ടായ്മ കാത്തുസൂക്ഷിക്കപ്പെടേണ്ടതാണ്. ഓരോ വിശ്വാസിയും മാമ്മോദീസാവഴി തങ്ങളുടെ സ്വയാധികാരസഭയിലെ അംഗത്വത്തിലൂടെ കത്തോലിക്കാസഭയാകുന്ന വലിയ കൂട്ടായ്മയിലേക്കുവരുന്നതിനാല്‍ തങ്ങളുടെ സ്വയാധികാരസഭയിലുള്ള കടമകളും അവര്‍ കൃത്യമായി നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ സഭയുടെ വിശ്വാസം, കൂദാശകള്‍, ഭരണക്രമം, അച്ചടക്കം എന്നിവയിലുള്ള പൈതൃകം കാത്തുസൂക്ഷിക്കുവാനും അതിനനുസരിച്ചു ജീവിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ട്. അതോടൊപ്പം സാര്‍വ്വത്രികസഭയോടും അവര്‍ക്ക് ഉത്തരവാദിത്വങ്ങളുണ്ട്.
കാനോന 13: വിശുദ്ധ ജീവിതം നയിക്കുന്നതിനും, സഭയുടെ വളര്‍ച്ചയും അതിന്‍റെ നിരന്തര വിശുദ്ധീകരണവും പരിപോഷിപ്പിക്കുന്നതിനും തങ്ങളുടെ അവസ്ഥയ്ക്കനുസൃതമായി എല്ലാ ക്രിസ്തീയവിശ്വാസികളും ആത്മാര്‍ത്ഥമായി പരിശ്രമിക്കണം.
'വിശുദ്ധിയിലേക്കുള്ള സാര്‍വ്വത്രിക വിളി' വത്തിക്കാന്‍ സാര്‍വ്വത്രികസൂനഹദോസിന്‍റെ പ്രധാന പഠനമാണ് (L.G.3942).
ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കനുസരിച്ചാണ് ഈ വിശുദ്ധി പ്രാപിക്കേണ്ടത്. ഇക്കാര്യം വൈദികര്‍, സന്ന്യസ്തര്‍, അത്മായര്‍ എന്നിവരെ സംബന്ധിച്ച സെക്ഷനുകളില്‍ സൂനഹദോസ് കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു.
കാനോന 14: എല്ലാ കാലങ്ങളിലും ലോകത്തെമ്പാടുമുള്ള സകലജനങ്ങള്‍ക്കും രക്ഷയുടെ ദൈവികസന്ദേശം കൂടുതല്‍ കൂടുതലായി എത്തിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ എല്ലാ ക്രൈസ്തവവിശ്വാസികള്‍ക്കും അവകാശവും കടമയും ഉണ്ട്.
'സഭ സ്വഭാവത്താല്‍ത്തന്നെ പ്രേഷിതയാണ്'എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധന (A.G.2)ത്തിന്‍റെ വിശദീകരണമാണ് ഈ കാനോന എന്നു പറയാം. തങ്ങളുടെ അവസ്ഥയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചു സുവിശേഷപ്രഘോഷണത്തില്‍ ഏര്‍പ്പെടുവാനുള്ള അവകാശവും കടമയും എല്ലാ വിശ്വാസികള്‍ക്കും ഉണ്ട് എന്നതും വത്തിക്കാന്‍ കൗണ്‍സിലിന്‍റെതന്നെ പ്രബോധനമാണ് (L.G.33). ഈ കാനോന പൗരസ്ത്യസഭകളുടെയും അവയുടെ വിശ്വാസികളുടെയും കടമയെപ്പറ്റി പ്രത്യേകം പ്രതിപാദിക്കുന്നു. പ്രേഷിതപ്രവര്‍ത്തനത്തില്‍ എല്ലാ സഭകള്‍ക്കും തുല്യ അവകാശവും കടമയുമാണുള്ളത് എന്നത് വത്തിക്കാന്‍ സൂനഹദോസിന്‍റെ വ്യക്തമായ പഠനമാണല്ലോ. (O.E. 4).
കാനോന 15: 1. ക്രിസ്തുവിന്‍റെ പ്രതിനിധികളായ സഭയിലെ ഇടയന്മാര്‍ വിശ്വാസപ്രബോധകര്‍ എന്ന നിലയില്‍ പ്രഖ്യാപിക്കുന്നതോ സഭയുടെ ഭരണാധികാരികള്‍ എന്ന നിലയില്‍ തീരുമാനിക്കുന്നതോ ആയ കാര്യങ്ങളോട്, തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ട്, ക്രിസ്തീയമായ അനുസരണം കാണിക്കുവാന്‍ ക്രൈസ്തവവിശ്വാസികള്‍ക്കു കടമയുണ്ട്.
സഭയുടെ ഔദ്യോഗിക പ്രബോധനാധികാരത്തിനു കീഴ്വഴങ്ങാനും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അര്‍ഹമായ അനുസരണവും വിധേയത്വവും പ്രകടിപ്പിക്കുവാനും എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ട്. എന്നാല്‍ ഇത് അന്ധമായ അനുസരണമാകരുത്. മാമ്മോദീസാവഴി സഭാഗാത്രത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിശ്വാസികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ഇടയന്മാരോടുവ്യക്തമാക്കുകയും ബോധപൂര്‍വ്വകമായി സഭാജീവിതത്തില്‍ സഹകരിക്കുകയുമാണ് ചെയ്യേണ്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പും അതു നടപ്പാക്കുന്ന കാര്യത്തിലും വിശ്വാസികളുടെ മനസ്സും അഭിപ്രായവും അറിയുവാന്‍ സഭയെ നയിക്കുന്നവര്‍ക്കു കടമയുണ്ട്. വിശ്വാസികള്‍ക്കു തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തിപരമായി ഇടയന്മാരെ അറിയിക്കുകയോ, രൂപതായോഗം, പാസ്റ്ററല്‍ കൗണ്‍സില്‍ മുതലായ സമിതികളില്‍ സജീവമായി പങ്കെടുത്തുകൊണ്ട് തങ്ങളുടെ പങ്കുനിര്‍വ്വഹിക്കുകയോ ചെയ്യാം. ചില അവസരങ്ങളില്‍ ഇതവരുടെ കടമയുമാണ്.
കാനോന 16: സഭയുടെ ആദ്ധ്യാത്മികസമ്പത്തില്‍നിന്നും, പ്രത്യേകിച്ച് ദൈവവചനത്തില്‍നിന്നും കൂദാശകളില്‍നിന്നും, സഭയിലെ ഇടയന്മാരിലൂടെ സഹായം ലഭിക്കുവാന്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് അവകാശമുണ്ട്.
തങ്ങളുടെ ഇടയന്മാരില്‍നിന്നും ആദ്ധ്യാത്മികജീവിതത്തിനാവശ്യമായ സഹായം ലഭിക്കുവാന്‍ എല്ലാ വിശ്വാസികള്‍ക്കും അവകാശം ഉണ്ട്. ഇത് വൈദികശുശ്രൂഷികളെ സംബന്ധിച്ചിടത്തോളം ഒരു കടമയാണ്. അതിനാല്‍ ശരിയായ ഒരുക്കത്തോടെ കൂദാശകള്‍ ആവശ്യപ്പെടുന്ന വിശ്വാസികള്‍ക്ക് അവ ലഭ്യമാക്കാന്‍ വൈദികര്‍ക്കും മറ്റും കടമയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കൂദാശകള്‍ നിരസിക്കുവാന്‍ പാടില്ല.
കാനോന 17: തങ്ങളുടെ സ്വയാധികാരസഭയുടെ നിബന്ധനകള്‍ക്കനുസരിച്ച് ദൈവാരാധന നടത്തുന്നതിനും സഭയുടെ പ്രബോധനങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ആദ്ധ്യാത്മികജീവിതരീതി പിഞ്ചെല്ലുന്നതിനും ക്രൈസ്തവവിശ്വാസികള്‍ക്ക് അവകാശമുണ്ട്.
തങ്ങളുടെ സ്വയാധികാരസഭയുടെ ആരാധനക്രമത്തിനനുസരിച്ച് ദൈവാരാധന നടത്തുവാന്‍, അതായത് കൂദാശകളിലും മറ്റ് ആദ്ധ്യാത്മികാനുഷ്ഠാനങ്ങളിലും പങ്കുചേരുവാന്‍, ഓരോ വിശ്വാസിക്കും അവകാശമുണ്ട്. എന്നാല്‍, ചില സാഹചര്യങ്ങളില്‍ മറ്റു സ്വയാധികാരസഭകളിലെ ആരാധനക്രമത്തില്‍ വിശേഷിച്ചും കൂദാശകളില്‍ പങ്കുചേരേണ്ടിവരും. അതിനുള്ള സ്വാതന്ത്ര്യവും വിശ്വാസികള്‍ക്കുണ്ട്. എന്നാല്‍, അത്തരം സാഹചര്യങ്ങളിലും തങ്ങള്‍ മാമ്മോദീസ സ്വീകരിച്ച സഭയിലെ അംഗത്വം അവര്‍ക്കു നഷ്ടപ്പെടുന്നില്ല.
കാനോന 18: ഉപവിയും ഭക്തിയും ലക്ഷ്യമാക്കിയോ ലോകത്തില്‍ ക്രിസ്തീയദൈവവിളി പരിപോഷിപ്പിക്കുന്നതിനായിട്ടോ സംഘടനകള്‍ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും, അതുപോലെതന്നെ ഈ ലക്ഷ്യപ്രാപ്തിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാനായി സമ്മേളനങ്ങള്‍ കൂടുന്നതിനും ക്രൈസ്തവവിശ്വാസികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
വിശ്വാസികള്‍ക്ക്-അവര്‍ ഏതവസ്ഥയിലുള്ളവരാണെങ്കിലും-തങ്ങളുടെ ക്രൈസ്തവവിശ്വാസത്തിന്‍റെയും വിളിയുടെയും പ്രോത്സാഹനത്തിനും പരിപോഷണത്തിനുമായി ഉചിതമായി ഒത്തുചേരുവാനും സംഘടനകളുണ്ടാക്കുവാനുമുള്ള അവകാശമുണ്ട്. വിശ്വാസികളുടെ ഇത്തരം സംഘടനകള്‍ പരസ്യസ്വഭാവമോ സ്വകാര്യസ്വഭാവമോ ഉള്ളവയാകാം. അവയുടെ ഭരണം, പ്രവര്‍ത്തനം, അവയിലെ അംഗത്വം എന്നിവയെ സംബന്ധിച്ച് പതിമൂന്നാം ശീര്‍ഷകം (C.573-583) വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം അവകാശവിനിയോഗം അനിയന്ത്രിതമല്ല (C.26 2).
കാനോന 19: സഭയുടെ ദൗത്യത്തില്‍ എല്ലാ ക്രൈസ്തവവിശ്വാസികളും പങ്കുപറ്റുന്നതിനാല്‍ തങ്ങളുടെ പദവിക്കും അവസ്ഥയ്ക്കും(മെേലേ മിറ രീിറശശേീി) അനുസൃതമായി, തങ്ങളുടേതായ സംരംഭങ്ങളിലൂടെ അപ്പസ്തോലികപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുവാനും അവര്‍ക്ക് അവകാശമുണ്ട്. എന്നിരുന്നാലും തക്ക സഭാധികാരികളുടെ സമ്മതം ലഭിക്കാത്തപക്ഷം ഒരു സംരംഭത്തിനും 'കത്തോലിക്ക' (catholic) എന്ന പേരിന് അര്‍ഹതയുണ്ടാവില്ല.
മാമ്മോദീസാവഴി ക്രിസ്തുനാഥന്‍റെ ത്രിവിധ ദൗത്യത്തില്‍ പങ്കുചേരുന്നതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ചു അപ്പസ്തോലികപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അവകാശമുണ്ട്. ഉദാഹരണത്തിന്, സ്കൂളുകള്‍ നടത്തുക, പത്രമാസികകള്‍ പ്രസിദ്ധീകരിക്കുക എന്നിവ. അവ നടത്തുന്നതിന് പ്രത്യേക നിയന്ത്രണമൊന്നുമില്ല. എങ്കിലും അവ സഭയുടെ പേരില്‍ ഔദ്യോഗികമായി നടത്തണമെങ്കില്‍ സഭാധികാരികളുടെ അംഗീകാരം വാങ്ങിക്കേണ്ടതാണ്.
കാനോന 20: സുവിശേഷപഠനങ്ങള്‍ക്കനുസൃതമായ ജീവിതം നയിക്കുവാന്‍ മാമ്മോദീസ വഴിയായി ക്രിസ്തീയവിശ്വാസികള്‍ വിളിക്കപ്പെടുന്നു. അതുകൊണ്ട് മാനുഷികപക്വത വികസിപ്പിക്കുവാനും അതേസമയംതന്നെ രക്ഷാരഹസ്യം അറിയുവാനും ജീവിക്കുവാനും പ്രാപ്തരാകുന്ന വിധത്തിലും തങ്ങള്‍ ശരിയായി പരിശീലിപ്പിക്കപ്പെടുന്നതിനായി ക്രിസ്തീയവിദ്യാഭ്യാസം ലഭിക്കുവാന്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് അവകാശമുണ്ട്.
തങ്ങളുടെ വിശ്വാസത്തിനനുസരിച്ചു ജീവിതം നയിക്കുവാന്‍ കടമയുള്ളവരാകയാല്‍ വിശ്വാസികള്‍ക്ക് അതിനുതകുന്ന ക്രിസ്തീയവിദ്യാഭ്യാസവും പരിശീലനവും ലഭിക്കുവാന്‍ അവകാശമുണ്ട്. വിശ്വാസികളുടെ ഈ അവകാശം സഭയെ നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു കടമയാണ്. അതിനനുസരിച്ചുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ടാക്കേണ്ടതുണ്ട്. കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ (cc.627650), വിശ്വാസപരിശീലനം (cc.617626) എന്നിങ്ങനെയുള്ള അദ്ധ്യായങ്ങള്‍ വഴി കാനന്‍നിയമം ഈ കാനോന കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.
കാനോന 21: ദൈവശാസ്ത്രപഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഗവേഷണത്തിനും, തങ്ങള്‍ക്കു വൈദഗ്ധ്യമുള്ള കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വിവേകത്തോടെ വെളിപ്പെടുത്തുന്നതിനും നിയമാനുസൃതമായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍, സഭയുടെ പ്രബോധനാധികാരത്തോടുള്ള വിധേയത്വം പാലിച്ചുകൊണ്ടായിരിക്കണം ഇത്.
ദൈവശാസ്ത്ര വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് തങ്ങളുടെ അറിവും അഭിപ്രായവും ശരിയായ പഠനത്തിനുശേഷം വ്യക്തമാക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിശ്വാസമാകുന്ന മഹാനിധിയുടെ സൂക്ഷിപ്പ് ഔദ്യോഗികപ്രബോധനാധികാരമുള്ള മാര്‍പാപ്പ തലവനായുള്ള മെത്രാന്‍ സംഘത്തിനു മാത്രമുള്ളതാകയാല്‍ സഭയുടെ പഠനത്തിനനുസരിച്ചായിരിക്കണം പഠനങ്ങള്‍ വിശദീകരിക്കേണ്ടത്. അതിനാല്‍ വിശ്വാസസത്യങ്ങള്‍ സംബന്ധിച്ച പഠനങ്ങളില്‍ ദൈവശാസ്ത്രജ്ഞന്മാര്‍ സഭയോടുചേര്‍ന്നു ചിന്തിക്കണമെന്നും കാനോന വ്യക്തമാക്കുന്നുണ്ട്. അങ്ങനെ ചെയ്യാതെ വിശ്വാസികള്‍ക്ക് ഉതപ്പിനു കാരണമാക്കുന്ന സാഹചര്യങ്ങളില്‍ അത്തരം ദൈവശാസ്ത്രജ്ഞരെ, അദ്ധ്യാപനത്തില്‍നിന്നു സഭ വിലക്കാറുണ്ട്. ഇതേ കാരണത്താല്‍തന്നെ വിശ്വാസം, സന്മാര്‍ഗം എന്നീ വിഷയങ്ങളെ സംബന്ധിച്ച പ്രസിദ്ധീകരണങ്ങള്‍ക്ക് സഭാധികാരികളുടെ ഔദ്യോഗികാംഗീകാരം വാങ്ങേണ്ടതുണ്ടെന്ന് ഈ കാനോനസംഹിത വ്യക്തമാക്കുന്നു (cc.658-660).
കാനോന 22: ജീവിതാവസ്ഥ തിരഞ്ഞെടുക്കുന്നതില്‍ ഏതുവിധ സമ്മര്‍ദ്ദത്തിലുംനിന്ന് സ്വതന്ത്രരായിരിക്കുവാന്‍ എല്ലാ ക്രിസ്തീയവിശ്വാസികള്‍ക്കും അവകാശമുണ്ട്.
ജീവിതാന്തസ്സു തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യമാണുള്ളത്. പൗരോഹിത്യത്തിലേക്കോ സമര്‍പ്പിതജീവിതത്തിലേക്കോ വിവാഹജീവിതത്തിലേക്കോ അല്‍മായ ശിഷ്യത്വത്തിലേക്കോ ഉള്ള വിളികള്‍ ദൈവദത്തമാണെന്നു സഭ വിശ്വസിക്കുന്നു. സ്വതന്ത്രമായ തിരഞ്ഞെടുപ്പല്ലെങ്കില്‍ അവ അവാസ്തവമായിത്തീരാം.
കാനോന 23: മറ്റൊരു വ്യക്തിയുടെ സല്‍പ്പേര് നിയമവിരുദ്ധമായി നശിപ്പിക്കുവാനോ, സ്വകാര്യത സംരക്ഷിക്കുവാനുള്ള ഏതെങ്കിലും വ്യക്തിയുടെ അവകാശത്തെ നിഷേധിക്കുവാനോ ആര്‍ക്കും അനുവാദമില്ല.
എല്ലാ മനുഷ്യര്‍ക്കും സല്‍പ്പേരിനും സ്വകാര്യതയ്ക്കും മൗലികമായ അവകാശമുണ്ട്. അതിനാല്‍ത്തന്നെ മറ്റു വിശ്വാസികളുടെ സല്‍പ്പേരിനുകോട്ടംതട്ടുന്ന ഒരു പ്രവൃത്തിയും സഭാംഗങ്ങളുടെ ഭാഗത്തുനിന്നോ നേതൃസ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്നോ ഉണ്ടാകാന്‍ പാടില്ല. സഭാകോടതി കുറ്റക്കാരനെന്നു വിധിക്കുന്ന ഒരാളുടെ കാര്യമായാല്‍പ്പോലും അത്തരം അറിവ് പരസ്യപ്പെടുത്തുന്നതില്‍ സഭ സംയമനം പാലിക്കേണ്ടതുണ്ട്.
കാനോന 24: 1. നിയമത്തിന്‍റെ അനുശാസനങ്ങള്‍ക്കനുസരിച്ച് അധികാരപ്പെട്ട സഭാകോടതി മുമ്പാകെ സഭയില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിയമാനുസൃതം സ്ഥാപിച്ചെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ക്രിസ്തീയവിശ്വാസികള്‍ക്കു സാധിക്കും.
വിശ്വാസികളുടെ മൗലികാവകാശങ്ങളെക്കുറിച്ചു പറയുന്ന ഈ ശീര്‍ഷകം പ്രസ്തുത അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനുള്ള ഉപാധിയും സൂചിപ്പിക്കുന്നു. അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി അധികാരമുള്ള സഭാകോടതികളെ സമീപിക്കുവാന്‍ അവര്‍ക്കവകാശമുണ്ട്. അതുപോലെ അവകാശങ്ങളില്‍ കൈകടത്തലുകളുണ്ടായാല്‍ അതിനെതിരെ നടപടികള്‍ എടുക്കാനും സഭാകോടതികളെ സമീപിക്കാവുന്നതാണ്. അന്യായമായി ശിക്ഷിക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തേണ്ടതും ഇത്തരം സഭാകോടതികള്‍ തന്നെ. നിയമാനുസൃതമല്ലാതെ ആരും ശിക്ഷിക്കപ്പെടരുതെന്ന് കാനോന 1402 1. വ്യക്തമാക്കുന്നുണ്ട്.
കാനോന 25: 1. സഭയുടെ തനതായ ലക്ഷ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ദൈവരാധനയ്ക്കും അപ്പസ്തോലികപ്രവര്‍ത്തനങ്ങള്‍ക്കും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും ശുശ്രൂഷകരുടെ മാന്യമായ ഉപജീവനത്തിനും, ആവശ്യമായവ സഭയ്ക്കുണ്ടാകുവാനായി സഭയുടെ ആവശ്യങ്ങളില്‍ സഹായിക്കുവാന്‍ ക്രൈസ്തവവിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു.
സഭാധികാരികള്‍ക്ക് വിശ്വാസികളില്‍നിന്നു സഭയുടെ ദൗത്യനിര്‍വ്വഹണത്തിനാവശ്യമായ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുവാനുള്ള അവകാശ(c.6011)വുമായി ഈ കടമ ബന്ധപ്പെട്ടു കിടക്കുന്നു. ദൈവാരാധന, അപ്പസ്തോലികപ്രവൃത്തികള്‍, ഉപവിപ്രവൃത്തികള്‍, ശുശ്രൂഷകരുടെ മാന്യമായ സംരക്ഷണം എന്നിവയ്ക്കായി വിശ്വാസികളില്‍നിന്നു ന്യായമായ രീതിയില്‍ സാമ്പത്തികസഹായം അഭ്യര്‍ത്ഥിക്കുവാന്‍ സഭയ്ക്ക് അവകാശമുണ്ട് എന്ന് 'സഭാവസ്തുക്കളുടെ ഭരണം' എന്ന ശീര്‍ഷകം(cc.10071054) വ്യക്തമാക്കുന്നു. തങ്ങളാല്‍ കഴിയുന്ന തരത്തില്‍ സാമ്പത്തികമായും മറ്റു തരത്തിലും സഹകരണം നല്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ട്.
സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനും പാവപ്പെട്ടവരെയും അവശത അനുഭവിക്കുന്നവരെയും വേണ്ടവിധത്തില്‍ സഹായിക്കുന്നതിനും സഭയ്ക്കു കടമയുണ്ട്; അതിനവള്‍ പ്രതിജ്ഞാബദ്ധയുമാണ്. അതിനായി തങ്ങളുടെ തന്നെ സമ്പത്തില്‍നിന്നും ഒരു ഭാഗം നീക്കിവയ്ക്കുന്നതിനും ദരിദ്രരെ സഹായിക്കുന്നതിനും എല്ലാ വിശ്വാസികള്‍ക്കുമുള്ള കടമ വ്യക്തമാക്കുകയാണ് 25-ാം കാനോനയുടെ രണ്ടാംഭാഗം.
കാനോന 26: 1. വ്യക്തിപരമായും സംഘടനകളില്‍ ഒരുമിച്ചുചേര്‍ന്നും ക്രൈസ്തവവിശ്വാസികള്‍ തങ്ങളുടെ അവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സഭയുടെ പൊതുനന്മയും മറ്റുള്ളവരുടെ അവകാശങ്ങളും അതോടൊപ്പം മറ്റുള്ളവരോടുള്ള കടമകളും കണക്കിലെടുക്കേണ്ടതാണ്.
അവകാശങ്ങള്‍ തത്തുല്യമായ കടമകളും സഭാതനയരില്‍ ഉളവാക്കുന്നു. അവകാശങ്ങള്‍ അനുഭവിക്കുന്നവര്‍ സഭയുടെ പൊതുനന്മയേയും, മറ്റുള്ളവരുടെ അവകാശങ്ങളേയും കുറിച്ച് ബോധമുള്ളവരായിരിക്കണം എന്ന് വത്തിക്കാന്‍ കൗണ്‍സിലും വ്യക്തമാക്കുന്നുണ്ട് (D.H.7). അതേ ആശയം തന്നെ കൂടുതല്‍ വ്യക്തമായ ഭാഷയില്‍ ഈ കാനോന പ്രഖ്യാപിക്കുന്നു. അതിനാല്‍ത്തന്നെ തര്‍ക്കങ്ങള്‍ ഒഴിവാക്കത്തക്കവിധത്തില്‍ സഭാതനയരുടെയും സമൂഹങ്ങളുടെയും അവകാശങ്ങളെ നിയന്ത്രിക്കാന്‍ സഭാധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്നുകൂടി കാനോന വ്യക്തമാക്കുന്നു. എന്നാല്‍, വിശ്വാസികളുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി അംഗീകരിക്കപ്പെടണമെന്നും അത്യാവശ്യമുള്ള സാഹചര്യത്തിലല്ലാതെ അവയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നുമുള്ള വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പഠനം (D.H.7) സഭാധികാരികള്‍ ഓര്‍ത്തിരിക്കേണ്ടതാണ്
-rights-and-duties-of-believers- Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206