x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സുരക്ഷിതചുറ്റുവട്ട പദ്ധതി

കുട്ടികളുടെ ലൈംഗികദുരുപയോഗം സംബന്ധിച്ച കേസുകളുടെ നടപടിക്രമങ്ങള്‍ (2015)

Authored by : Baselios Cardinal Clemis On 27-May-2021


കുട്ടികളുടെ ലൈംഗികദുരുപയോഗം സംബന്ധിച്ച കേസുകളുടെ നടപടിക്രമങ്ങള്‍ (2015)
ഭാരതകത്തോലിക്കാ മെത്രാന്‍ സമിതി

1. ആമുഖം


നമ്മുടെ കര്‍ത്താവ് കുട്ടികളോട് വലിയ സ്നേഹം പ്രകടിപ്പിച്ചിരുന്നു. അവന്‍ എപ്പോഴും അവര്‍ക്ക് സവിശേഷശ്രദ്ധ നല്കുകയും അവര്‍ നമുക്കുള്ള ദൈവത്തിന്‍റെ അമൂല്യസമ്മാനങ്ങളാണെന്നും അവരുടെ സമഗ്രവളര്‍ച്ചയില്‍ നാമെത്രമാത്രം ശ്രദ്ധാലുക്കളായിരിക്കണമെന്നും പഠിപ്പിക്കുകയും ചെയ്തിരുന്നു. ദൈവരാജ്യപ്രഘോഷണ വേളയില്‍, ഈശോയെ ശല്യപ്പെടുത്താന്‍ ശിഷ്യര്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഈശോ അവരോട് പറഞ്ഞിരുന്നു, "കുഞ്ഞുങ്ങള്‍ എന്‍റെ അടുക്കല്‍ വരാന്‍ അനുവദിക്കുവിന്‍" (മത്താ. 19,4). ഈശോ കുഞ്ഞുങ്ങളെ വിലമതിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തിരുന്നു. ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതൃകയായി ഈശോ അവരെ ഉയര്‍ത്തിക്കാട്ടി: "ഈ ശിശുവിനെപ്പോലെ ചെറുതാകുന്നില്ലെങ്കില്‍ നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല" (മത്താ. 18,3). നിഷ്കളങ്കതയുടെയും വിശ്വാസ്യതയുടെയും സ്നേഹത്തിന്‍റെയും മാതൃകകളായിട്ടാണ് ഈശോ അവരെ അവതരിപ്പിച്ചിരുന്നത്. ഈശോ അവരെ സംരക്ഷിച്ചിരുന്നു. അവരെ വേദനിപ്പിച്ചവരോട് ഈശോ ദേഷ്യപ്പെടുകയും അവര്‍ക്ക് ദുര്‍മ്മാതൃക നല്കുന്നവരെ ശാസിക്കുകയും ചെയ്തിരുന്നു, "അവര്‍ക്ക് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലിന്‍റെ ആഴങ്ങളില്‍ എറിയപ്പെടുകയായിരിക്കും" (മത്താ. 18,6). നമ്മുടെ കര്‍ത്താവില്‍ നിന്നുള്ള അതിശക്തമായ ഇത്തരം നിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ലോകത്തിന്‍റെ പല ഭാഗങ്ങളിലും വൈദികരും സന്ന്യസ്തരും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വളരെ സങ്കടകരമായ വസ്തുതയാണ്.
സമര്‍പ്പിത-സന്ന്യസ്തജീവിതാന്തസ്സിലുള്ളവരുടെ ബാലലൈംഗികദുരുപയോഗത്തെക്കുറിച്ചും ലോകത്തിന്‍റെ പലഭാഗങ്ങളിലും അതുമൂലമുണ്ടാകുന്ന പരിണിതഫലങ്ങളെക്കുറിച്ചും ഭാരതസഭ ബോധവതിയാണ്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് നല്കേണ്ട അജപാലനശ്രദ്ധ സംബന്ധിച്ച ഉത്തരവാദിത്വത്തെക്കുറിച്ചും അവള്‍ക്ക് ബോദ്ധ്യമുണ്ട്. ഇത്തരം കേസുകളില്‍ ദ്രുതഗതിയിലുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ഇരയായവരുടെ മുറിവുകള്‍ സുഖമാക്കുക, സംഭവിച്ച പിഴവുകള്‍ തിരുത്തുക, തുടര്‍ ദുരുപയോഗത്തിനുള്ള സാദ്ധ്യതകള്‍ തടയുക എന്നിവക്കായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ നിയമങ്ങള്‍ ഉണ്ടാകണമെന്നും ഭാരതസഭ ആഗ്രഹിക്കുന്നു. അതേസമയം തന്നെ, വ്യാജമായ ആരോപണങ്ങളും പരാതികളും തിരുസ്സഭയുടെ പ്രതിച്ഛായ നശിപ്പിക്കുമെന്നും കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ അന്യായമായി മുറിപ്പെടുത്തുമെന്നും ഉള്ളതിനാല്‍ കേസിന്‍റെ ദ്രുതഗതിയിലുള്ള വിലയിരുത്തലും അനിവാര്യമാണ്.


മെത്രാന്മാരെന്ന നിലയില്‍ ഞങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു:
- പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച കുറ്റകൃത്യങ്ങളോട് ഞങ്ങള്‍ ശൂന്യസഹിഷ്ണുത (Zero Tolerance) ഉള്ളവരായിരിക്കും.
- കുറ്റം ചെയ്തവര്‍ക്കെതിരേ ഞങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
- ഇത്തരം ലൈംഗികദുരുപയോഗങ്ങളുടെ കേസുകള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങളും മറ്റു സംവിധാനങ്ങളും ഞങ്ങള്‍ രൂപീകരിക്കും.
- ലൈംഗികദുരുപയോഗത്തിന് വിധേയരാക്കപ്പെട്ടവരോട് കരുതലോടും കരുണയോടും കൂടെ ഞങ്ങള്‍ പ്രതികരിക്കും.
- കൗണ്‍സലിംഗും തെറാപ്പിയുമടക്കമുള്ള വിദഗ്ദ്ധമായ പരിചരണം ഇരകളാകുന്നവര്‍ക്ക് ലഭ്യമാക്കും.
- ഇത്തരം ചൂഷണങ്ങള്‍ക്ക് തടയിടാനുള്ള സകലമാര്‍ഗ്ഗങ്ങളും ഞങ്ങള്‍ അവലംബിക്കും.


ഭാരതകത്തോലിക്കാ മെത്രാന്‍ സമിതി കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വൈദിക-സന്ന്യസ്ത ജീവിതാന്തസ്സുകളിലുള്ളവരെ അഭിസംബോധന ചെയ്യുന്നതിന് തയ്യാറാക്കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ താഴെപ്പറയുന്ന തത്വങ്ങള്‍ ഞങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു:


1. വിശ്വാസികളുടെ പൊതുനന്മയും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതും വൈദിക-സന്ന്യസ്തജീവിതാന്തസ്സിലുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളില്‍ ഉചിതമായി പ്രതികരിക്കുക എന്നതും എല്ലായ്പോഴും ബിഷപ്പിന്‍റെ/മേജര്‍ സുപ്പീരിയറുടെ ഉത്തരവാദിത്വമാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികദുരുപയോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് കൈകാര്യം ചെയ്യാനുള്ള പ്രാഥമികഉത്തരവാദിത്വം മെത്രാനില്‍/മേജര്‍ സുപ്പരിയറില്‍ നിക്ഷിപ്തമാണ്. എന്നിരുന്നാലും, ചില കേസുകളുടെ സ്വഭാവം പരിഗണിച്ച് ചിലപ്പോള്‍ പരിശുദ്ധ സിംഹാസനം നേരിട്ട് കേസുകളില്‍ ഇടപെടാനും സാദ്ധ്യതയുണ്ട്.                                                          
2. ഭാരത കത്തോലിക്കാ മെത്രാന്‍സമിതി പുറപ്പെടുവിച്ചിരിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ മെത്രാന്മാര്‍ക്കും/മേജര്‍ സുപ്പീരിയേഴ്സിനും കടമയുണ്ട്. ആരോപണങ്ങള്‍ വിശ്വാസയോഗ്യമാണെങ്കില്‍ കേസ് റോമിലേക്ക് അയക്കുന്നതിന് പ്രാദേശികഭരണാധികാരികള്‍ തടസ്സം നില്‍ക്കാന്‍ പാടില്ല. കുറ്റകൃത്യം മൂടിവെക്കാനും കുറ്റവാളിയെ രക്ഷിക്കാനും സഭ ശ്രമിക്കുന്നുവെന്ന യാതൊരു തോന്നലും സൃഷ്ടിക്കാത്ത വിധത്തില്‍ നമ്മുടെ നടപടിക്രമങ്ങള്‍ വ്യക്തവും സംഘടിതവുമായിരിക്കണം. ഇരയാകുന്ന വ്യക്തിയുടെ മേല്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാവുന്ന പരിണിതഫലങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഈ കുറ്റകൃത്യം അതീവഗൗരവതരമാണ്.                                                                                    
3. കാനോനികകുറ്റകൃത്യം പോലെ തന്നെ ഇത്തരം കേസുകള്‍ സിവില്‍ കുറ്റകൃത്യങ്ങള്‍ കൂടിയാണ്. അതുകൊണ്ട് ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ സിവില്‍ അധികാരികളെ ഒരിക്കലും തടയരുത്. പോലീസിനും മറ്റ് നിയമസംവിധാനങ്ങള്‍ക്കും മെത്രാന്‍/ മേജര്‍ സുപ്പീരിയര്‍ പൂര്‍ണമായ സഹകരണം നല്കണം. ഇത്തരം കേസുകളില്‍ രഹസ്യാത്മകത ഒരിക്കലും കാത്തുസൂക്ഷിക്കേണ്ടതില്ല.                                                                                                                          
4. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികദുരുപയോഗത്തിന് വിധേയമായതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഉയരുന്നതെങ്കില്‍ വിശാഖ കേസില്‍ ഇന്ത്യയുടെ സുപ്രീം കോടതി നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം (ഒരു സ്ത്രീ ചെയര്‍പേഴ്സണും മറ്റ് മൂന്ന് സ്ത്രീകള്‍ അംഗങ്ങളും ഗവണ്മെന്‍റ് അംഗീകൃത എന്‍.ജി.ഓ.യില്‍ നിന്നുള്ള ഒരംഗവും ചേര്‍ന്ന അഞ്ചംഗ സമിതിയെക്കുറിച്ചുള്ള നിര്‍ദ്ദേശം). പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന കുറ്റകൃത്യം സംബന്ധിച്ച ഗവണ്മെന്‍റിന്‍റെ പ്രത്യേക നിയമം ഇപ്പോള്‍ നിലവിലുണ്ട് (പോക്സോ ആക്ട് 2015).                                              
5. നമ്മുടെ പ്രതികരണത്തിന്‍റെ ഗൗരവം പ്രകടമാക്കുന്നതിനും ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉടനടി ഇടപെടുന്നതിനുമായി ഓരോ മെത്രാനും/മേജര്‍ സുപ്പീരിയറും ഒരു പ്രാഥമിക അന്വേഷണ കമ്മറ്റി ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ടാകേണ്ടതാണ്. ഇരയാകുന്നത് പെണ്‍കുട്ടികളാകുന്ന സാഹചര്യത്തില്‍ അത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കമ്മറ്റിയില്‍ സി.ആര്‍.ഐ.-യുടെ സ്ത്രീകളുടെ യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു സന്ന്യാസിനീ സഹോദരിയെക്കൂടി അതില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. യോഗ്യരായ ആളുകളുടെ അഭാവം മൂലം ഒരു രൂപതയില്‍ ഇത്തരം കമ്മറ്റികള്‍ രൂപീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു പ്രവിശ്യയിലുള്ള പല രൂപതകള്‍ ചേര്‍ന്ന് ഇത്തരം കമ്മറ്റികള്‍ രൂപീകരിക്കാവുന്നതാണ്.                                                                                                                                                                              
6. ഇരയാകുന്ന കുട്ടിക്കോ കുട്ടി നിയോഗിക്കുന്ന വ്യക്തിക്കോ എല്ലായ്പോഴും മെത്രാന്‍റെ/മേജര്‍ സുപ്പീരിയറുടെ പക്കലേക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കേണ്ടതും കുട്ടിയെ അനുകമ്പയോടും അവധാനതയോടും പിന്തുണ നല്കിയും ശ്രവിക്കേണ്ടതുമാണ്. ഇരയാകുന്ന വ്യക്തിക്ക് നല്കേണ്ട കരുതലാണ് നമ്മുടെ പ്രാഥമികമായ ഉത്തരവാദിത്വം. ചികിത്സാകാര്യങ്ങള്‍ക്കായി ഒരു വ്യക്തിയുടെ തുണ ലഭിക്കുന്നതിന് ഇരയാകുന്ന കുട്ടിക്ക് അവകാശമുണ്ട്. അതുപോലെ തന്നെ, ആവശ്യപ്പെടുന്നുവെങ്കില്‍ ഇരയാകുന്ന കുട്ടിയുടെ കുടുംബത്തെയും യഥോചിതം ശ്രവിക്കാന്‍ നാം തയ്യാറാകണം. അവര്‍ക്കും ചിലപ്പോള്‍ കൗണ്‍സലിംഗോ തെറാപ്പിയോ ആവശ്യമായി വന്നേക്കാം. ലൈംഗികദുരുപയോഗത്തിന് ഇരയായവരെ ശ്രവിച്ചും അവരോടൊപ്പം സമയം ചിലവഴിച്ചും സമീപകാലത്ത് മാര്‍പാപ്പാമാര്‍ നമുക്ക് ഉചിതമായ മാതൃകകള്‍ നല്കിയിട്ടുമുണ്ടല്ലോ.ഇതുതന്നെ ഇരയായ കുട്ടിക്കും കുടുംബത്തിനും തികച്ചും സൗഖ്യദായകമായി അനുഭവപ്പെടുകയും മറ്റുള്ളവര്‍ക്ക് ഒരു സന്ദേശമാവുകയും ചെയ്യും. അപ്രകാരമുള്ളവരുമായി കണ്ടുമുട്ടിയപ്പോള്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു: "നിങ്ങള്‍ കഠിനമായി സഹിച്ചുവെന്നതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. നിങ്ങള്‍ നേരിട്ട തിക്താനുഭവങ്ങളെ യാതൊന്നിനും മാറ്റാനാവില്ല എന്ന് എനിക്കറിയാം. നിങ്ങളുടെ വിശ്വാസം വഞ്ചിക്കപ്പെടുകയും മഹത്വം ലംഘിക്കപ്പെടുകയും ചെയ്തു" (അയര്‍ലണ്ടിലെ കത്തോലിക്കര്‍ക്കുള്ള അജപാലനസന്ദേശം, മാര്‍ച്ച് 19, 2010). തനിക്ക് വ്യക്തിപരമായുണ്ടായ എല്ലാ കോട്ടങ്ങളും പരിഹരിക്കുന്നതിന് സഹായകമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ഇരക്ക് എല്ലായ്പോഴും അവകാശമുണ്ട് (CIC 1729).                                                                                                                                                                                                 
7. അന്വേഷണം ആരംഭിച്ചുകഴിഞ്ഞാല്‍ അതില്‍ പാലിക്കപ്പെടുന്ന നിയമങ്ങളെയും നടപടികളെയും കുറിച്ച് യാതൊരു രഹസ്യാത്മകതയും പാടുള്ളതല്ല. കാര്യത്തിന്‍റെ ഗൗരവത്തെക്കുറിച്ച് സമൂഹം കൂടുതല്‍ അവബോധമുള്ളവരാകുന്നതിനും എല്ലാ തെളിവുകളും ലഭ്യമാകുന്നതിനും അത് സഹായിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നമ്മുടെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വൈദികമന്ദിരങ്ങളിലും ഒരു സുരക്ഷിതമായ പരിസ്ഥിതി ലഭിക്കുന്നതിന് ഇത് കാരണമാകും.                                       
8. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വസ്തുനിഷ്ഠതയും സുതാര്യതയും ഉണ്ടായിരിക്കണം. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് നല്കേണ്ട ആദരവ്, മുഴുവന്‍ പ്രക്രിയയിലും അവരുടെ സ്വകാര്യതക്കും സത്കീര്‍ത്തിക്കുമുള്ള അവകാശവും ഉള്‍പ്പെട്ടതാണ്. ഇരയായ കുട്ടിയുടെ സത്കീര്‍ത്തി സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധയും നല്കണം.                                                                                                                                                                                                
9. കാനന്‍ നിയമമനുസരിച്ച് ഒരു എക്സ്ട്രാ-ജുഡീഷ്യല്‍ ഡിക്രി വഴി സ്ഥിരസ്വഭാവമുള്ള ഒരു ശിക്ഷ നല്കാന്‍ സാധിക്കില്ലെന്ന് മെത്രാന്മാര്‍ ഓര്‍മ്മിക്കേണ്ടതാണ് (CIC 1342&@; CCEO 1402&2). അതിനാല്‍ കാര്യങ്ങള്‍ വിശ്വാസതിരുസംഘത്തെ അറിയിക്കേണ്ടതും വൈദികനെ വൈദികപദവിയില്‍ നിന്നും നീക്കുന്നതടക്കമുള്ള സ്ഥിരസ്വഭാവമുള്ള മറ്റു നടപടികള്‍ അവിടെ നിന്നും സ്വീകരിക്കേണ്ടതുമാണ്.                                                                                                                                                   
10. കുട്ടികള്‍ എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ള ബോര്‍ഡിംഗ് സ്കൂളുകള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ മെത്രാന്മാര്‍ നിരന്തരമായി പരിശോധനാവിധേയമാക്കേണ്ടവയാണ്. സംശയമുള്ള സാഹചര്യങ്ങളുടെ ആനുകൂല്യം നല്കേണ്ടത് എപ്പോഴും കുട്ടികളുടെ സുരക്ഷയുടെ സാഹചര്യങ്ങള്‍ക്കായിരിക്കണം. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് വ്യക്തിയുടെ ജീവിതത്തിലെ ഒറ്റപ്പെട്ട ഒരു വീഴ്ചയല്ലെന്നും അയാളുടെ ജീവിതത്തിന്‍റെ ഒരു ശൈലിയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.                                                                                                                                                                                          
11. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസ്താവിക്കുന്നു: "യുവാക്കളെ അപകടപ്പെടുത്തുന്നവര്‍ക്ക് വൈദികജീവിതത്തിലും സന്ന്യസ്തജീവിതത്തിലും സ്ഥാനമില്ല" (അമേരിക്കയിലെ കര്‍ദ്ദിനാള്‍മാര്‍ക്കും മെത്രാന്‍ സമിതി അധികാരികള്‍ക്കും നല്കിയ അഭിസംബോധന, ഏപ്രില്‍ 23, 2002). വൈദിക-സന്ന്യസ്ത ജീവിതാന്തസ്സുകളിലേക്ക് അര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നവരുടെ ഉത്തരവാദിത്വത്തിലേക്കാണ് ഈ പ്രസ്താവന വിരല്‍ ചൂണ്ടുന്നത്. വൈദിക-സന്ന്യസ്ത ജീവിതാന്തസുകളിലേക്കുള്ള അര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ അവരുടെ ദൈവവിളി കൃത്യമായി നിര്‍ണയിക്കുന്നതില്‍ പ്രത്യേകശ്രദ്ധ നല്കേണ്ടതാണ്.                                          
12. സെമിനാരികളിലും സന്ന്യാസഭവനങ്ങളിലും അര്‍ത്ഥികള്‍ക്ക് നല്കുന്ന പരിശീലനം കൃത്യമായി പരിശോധിക്കപ്പെടുകയും അവരെ പരിശീലനത്തില്‍ അനുഗമിക്കുകയും വേണം. ആവശ്യമുള്ളപ്പോള്‍ വിദഗ്ദ്ധരുടെ സഹായവും തേടാവുന്നതാണ്. വൈദിക-സന്ന്യസ്തജീവിതത്തിലേക്കുള്ള പരിശീലനം ബ്രഹ്മചര്യജീവിതത്തിന്‍റെ മഹത്വം മനസ്സിലാക്കാനുതകുന്നതും ശുദ്ധതയുടെ ഒരു ജീവിതത്തിനുള്ള ഒരുക്കവുമായിരിക്കണം. കുട്ടികളുടെ സുരക്ഷയും അവര്‍ക്ക് നല്കേണ്ട സംരക്ഷണവും സംബന്ധിച്ച ബോധവത്കരണ പ്രോഗ്രാമുകളും സെമിനാരി പരിശീലനത്തിന്‍റെ ഭാഗമായിരിക്കണം.                                                                                                
13. വൈദികരുടെ ലൈംഗികദുരുപയോഗത്തിലൂടെ സംഭവിക്കുന്ന കോട്ടങ്ങളെക്കുറിച്ചും കുട്ടികളെ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയുന്നതിന് സഹായകമായ വിധത്തിലും വൈദികരെ നന്നായി ഒരുക്കേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് വൈദികരുടെ തുടര്‍പരിശീനലപരിപാടികളില്‍ ഓര്‍മ്മിപ്പിക്കുകയും നമ്മുടെ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷിതചുറ്റുവട്ടങ്ങള്‍ ഒരുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും വേണം. ഇരയുടെ തന്നെ കുടുംബത്തിന് വളരെ അടുത്തറിയാവുന്ന വ്യക്തികളാല്‍ കുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ലൈംഗികദുരുപയോഗങ്ങള്‍ നടക്കുന്നതെന്നാണ് ഭാരതസര്‍ക്കാരിന്‍റെ പഠനം തെളിയിക്കുന്നത്. നമുക്ക് തുടങ്ങാന്‍ കഴിയുന്ന വിദ്യാഭ്യാസത്തിന്‍റെയും തടയലിന്‍റെയും പദ്ധതികള്‍ സമൂഹത്തിലെ കുട്ടികളുടെ ലൈംഗികദുരുപയോഗം തടയുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രകാശനങ്ങളായിരിക്കും. അസാധാരണമായ പെരുമാറ്റങ്ങളുണ്ടാകുമ്പോഴും വിവരിക്കാനാവാത്ത വൈകാരികഅസ്വസ്ഥതകള്‍ പ്രകടിപ്പിക്കുമ്പോഴും ഉചിതമായ സമയത്ത് അവര്‍ക്ക് അജപാലനപരമായ സഹായം നല്കാന്‍ നമുക്ക് സാധിക്കും.                                                                                                                                                                                                                                                                      
14. തന്‍റെ എല്ലാ വൈദികരെയും സഹോദരഭാവത്തോടെയും പിതൃഭാവത്തോടെയും പരിഗണിച്ച് പെരുമാറുക എന്നത് ഒരു മെത്രാന്‍റെ സവിശേഷമായ ദൗത്യമാണ്. അതുകൊണ്ട് വൈദികരുടെയും സന്ന്യസ്തരുടെയും തുടര്‍പരിശീലനത്തില്‍, പ്രത്യേകിച്ച് പൗരോഹിത്യം സ്വീകരിക്കുന്നതിന്‍റെ ആദ്യവര്‍ഷങ്ങളില്‍, മെത്രാന്മാരും മേജര്‍ സുപ്പീരിയര്‍മാരും പ്രത്യേകശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രാര്‍ത്ഥനയുടെ പ്രാധാന്യം, പരസ്പരമുള്ള സഹകരണം-പ്രോത്സാഹനം, പൗരോഹിത്യസാഹോദര്യം എന്നിവയില്‍ ഊന്നല്‍ നല്കിക്കൊണ്ട് മെത്രാന്‍/മേജര്‍ സുപ്പീരിയര്‍ തങ്ങളുടെ വൈദികര്‍ ഏറ്റവും ഫലപ്രദമായ ശുശ്രൂഷ കാഴ്ചവെക്കുന്നതിനായി അവരെ പിന്തുടരേണ്ടതുണ്ട്.                                                                                                                                       
15. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങള്‍ക്കായി ഓരോ രൂപതയും ഒരു പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുന്നത് വളരെ നന്നായിരിക്കും. അതുവഴിയായി രൂപതയുടെ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സംലഭ്യമാകും. നമ്മുടെ വൈദികമന്ദിരങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഭവനങ്ങള്‍ എന്നിവ ഏവര്‍ക്കും സ്വസ്ഥതയും സമാധാനവും നല്കുന്ന ഇടങ്ങളായിരിക്കണമെന്നതില്‍ നാം അതീവശ്രദ്ധപുലര്‍ത്തണം. ഇത് നമ്മുടെ പരിശുദ്ധവും ഗൗരവമുള്ളതുമായ ഉത്തരവാദിത്വമാണ്.

നടപടിക്രമങ്ങള്‍

കാനന്‍ നിയമവും, പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും, ഭാരതത്തിന്‍റെ സിവില്‍ നിയമങ്ങളും പരിഗണിച്ചും ഭാരതത്തിലെ സന്ന്യസ്തരുടെ കോണ്‍ഫറന്‍സിനോട് കൂടിയാലോചിച്ചും, വൈദികരും സന്ന്യസ്തരും ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികദുരുപയോഗകേസുകള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടിക്രമം ഭാരതകത്തോലിക്കാമെത്രാന്‍സമിതി പുറപ്പെടുവിക്കുന്നു.


1. 2001 ഏപ്രില്‍ 30-ന് നല്കിയതും 2010 മെയ് 21-ന് പുതുക്കി നല്കിയതുമായ "കൂദാശാപവിത്രതയുടെ സംരക്ഷ", മറ്റ് റോമന്‍ രേഖകളും കാനന്‍ നിയമത്തിലുള്ള വകുപ്പുകളും കാര്‍ക്കശ്യത്തോടെ പാലിക്കപ്പെടേണ്ടവയാണ്.                                                                  
2. ഔപചാരികമായി ഒരു പരാതി രൂപതാമെത്രാനോ സന്ന്യാസസഭയുടെ മേജര്‍ സുപ്പീരിയറെയോ അഭിസംബോധന ചെയ്തുകൊണ്ട് നല്കുന്നതോടു കൂടി കേസ് ആരംഭിക്കുന്നു. ഇത്തരം പരാതികള്‍ സ്വീകരിക്കാന്‍ ബിഷപ്പോ സുപ്പീരിയറോ ഒരു പ്രത്യേക ഓഫീസ് രൂപപ്പെടുത്തുകയോ അല്ലെങ്കില്‍ കൂരിയയെത്തന്നെ ഭരമേത്പിക്കുകയോ ചെയ്താലും നേരിട്ട് പരാതി സുപ്പീരിയര്‍ക്കു തന്നെ അയക്കാനുള്ള അവകാശം നിലനില്ക്കും.                                                                                                            
(a) ലൈംഗികദുരുപയോഗം ആരോപിച്ചുകൊണ്ട് ഉന്നയിക്കപ്പെടുന്ന കേസില്‍ ഇരയുടെയും കുറ്റാരോപിതന്‍റെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അതില്‍ തിയതിയും ദുരുപയോഗം നടന്ന തിയതിയും അന്നത്തെ ഇരയുടെ പ്രായവും (സാധിക്കുമെങ്കില്‍ ജനനത്തീയതിയടക്കം) രേഖപ്പെടുത്തിയിരിക്കണം. സംഭവിച്ച കാര്യങ്ങളുടെ ചുരുക്കം, എത്ര തവണ എന്നീ കാര്യങ്ങളും എഴുതി പരാതി നല്കുന്ന വ്യക്തിയുടെ ഒപ്പും ഇടണം.                                                                            
(b) മൂന്നാമതൊരാളാണ് പരാതി നല്കുന്നതെങ്കില്‍ അത് ഇരയായ കുട്ടിയുടെ ഉത്തരവാദിത്വം വഹിക്കുന്ന ആരെങ്കിലുമായിരിക്കണം, അതായത്, മാതാപിതാക്കന്മാരിലൊരാള്‍, കുടുംബാഗം, നിയമപരമായ പ്രതിനിധി, സംരക്ഷണച്ചുമതലയുള്ള ആള്‍ എന്നിവര്‍. ഇവരിലാരെങ്കിലുമല്ല പരാതി നല്കുന്നത് എങ്കില്‍ പരാതി നല്കാനുള്ള അനുവാദം ആ വ്യക്തി ഇരയായ കുട്ടിയില്‍ നിന്ന് വാങ്ങിയിരിക്കണം.                                                                                                                               
3. (a) പരാതി ലഭിക്കുന്ന മെത്രാന്‍/ മേജര്‍ സുപ്പീരിയര്‍ അത് പ്രാഥമിക അന്വേഷണക്കമ്മറ്റിക്ക് കൈമാറണം. വകുപ്പ് 2-ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരാതിയിലില്ലെങ്കില്‍ അവ എഴുതിച്ചേര്‍ത്ത് വീണ്ടും അയക്കാന്‍ പരാതിക്കാരോട് ആവശ്യപ്പെടുന്നു. ആവശ്യമെങ്കില്‍ അത്തരത്തില്‍ പരാതി രൂപപ്പെടുത്തുന്നതിന് മെത്രാന്‍/മേജര്‍ സുപ്പീരിയര്‍ വൈദികരുടെയോ സന്ന്യസ്തരുടെയോ സഹായം ഇരയായ കുട്ടിക്ക് നല്കേണ്ടതാണ്.                                                                                                    
(b) പതിനെട്ട് വയസ്സ് പൂര്‍ത്തിയാക്കാത്ത വ്യക്തിയാണ്, ഈ നിയമപ്രകാരം കുട്ടി(minor) എന്ന നിലയില്‍ പരിഗണിക്കപ്പെടുന്നത്. "കൂദാശാപവിത്രതയുടെ സംരക്ഷ"യുടെ ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച് പതിനെട്ടു വയസ്സിന് മുകളില്‍ പ്രായമായെങ്കിലും ബുദ്ധിപരമായ വളര്‍ച്ചയെത്താത്തവരെയും കുട്ടികളായിതന്നെയാണ് കണക്കാക്കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കണം. അവരെ ദുരുപയോഗിക്കുന്നത് അതീവഗൗരവമുള്ള തിന്മയായിട്ടാണ് പ്രസ്തുത രേഖ സ്ഥാപിക്കുന്നത്. ലൈംഗികദുരുപയോഗത്തിന് ഇരയാകുന്ന വ്യക്തിക്ക് പതിനെട്ടു വയസ്സ് പൂര്‍ത്തിയായതിന് ശേഷം 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പരാതി നല്കാവുന്നതാണ്. എന്നിരുന്നാലും ചില കേസുകളില്‍ ഈ കാലയളവില്‍ നിന്ന് ഒഴിവ് നല്കാനും വിശ്വാസതിരുസംഘത്തിന് അധികാരമുണ്ട്. പതിനാലു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ വൈദികര്‍ കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും അതീവഗൗരവമുള്ള പാപങ്ങളുടെ പട്ടികയില്‍ "കൂദാശാപവിത്രതയുടെ സംരക്ഷ"യുടെ 6,2 ഉള്‍പ്പെടുത്തിയിട്ടുണ്ട്.                                                                                                                                   
4. പ്രാഥമിക അന്വേഷണകമ്മീഷനില്‍ മൂന്ന് അംഗങ്ങളാണുള്ളത്: രൂപതയില്‍ - ജുഡീഷ്യല്‍ വികാരി/ ചാന്‍സലര്‍/കുരിയാ ഓഫീഷ്യല്‍, മുതിര്‍ന്ന ഒരു വൈദികന്‍, വൈദികനോ സന്ന്യസ്തനോ അല്മായനോ ആയ മറ്റൊരംഗം. സന്ന്യാസസഭയില്‍ - പ്രൊവിന്‍ഷ്യല്‍ ടീമില്‍ നിന്ന് ഒരാള്‍, തന്‍റെ കൗണ്‍സിലുമായി ആലോചിച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ നിശ്ചയിക്കുന്ന മറ്റ് രണ്ടു പേരും. കമ്മിറ്റിയിലെ അംഗങ്ങളെ നിയമിക്കുന്നത് രൂപതാ മെത്രാനോ മേജര്‍ സുപ്പീരിയറോ ആയിരിക്കും.                                      
5. താഴെപ്പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് കമ്മറ്റി പരിശോധിക്കണം:
(മ) പരാതി
(a) പരാതി നല്കിയ വ്യക്തിയുമായും കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുമായുള്ള അഭിമുഖം
(b) ആവശ്യമെങ്കില്‍ ഒന്നോ രണ്ടോ പ്രധാനസാക്ഷികളുമായുള്ള അഭിമുഖം.
(c) രേഖകളടക്കമുള്ള മറ്റ് തെളിവുകള്‍                                                                                                                                                                             
6. ആര്‍ട്ടിക്കിള്‍ 2 പ്രകാരം തയ്യാറാക്കപ്പെട്ട പരാതി ഔദ്യോഗികമായി സ്വീകരിച്ച് 30 ദിവസത്തിനുള്ളില്‍ കമ്മിറ്റി അവരുടെ റിപ്പോര്‍ട്ടും നിഗമനങ്ങളും മെത്രാന്/മേജര്‍ സുപ്പീരിയര്‍ക്ക് നല്കും.                                                                                                                                                                                                                                                              
7. (a) ആരോപണങ്ങളില്‍ സത്യമുണ്ട് എന്ന് മെത്രാന്/മേജര്‍ സുപ്പീരിയര്‍ക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം പ്രസ്തുത കേസ് ഉടനെ വിശ്വാസകാര്യാലയത്തിന്‍റെ ഉപദേശത്തിനായി എല്ലാ രേഖകളോടും കൂടെ അയച്ചുകൊടുക്കും: പരാതി, പ്രാഥമിക അന്വേഷണത്തിന്‍റെ ഘട്ടങ്ങള്‍, പ്രാഥമിക അന്വേഷണകമ്മറ്റിയുടെ റിപ്പോര്‍ട്ടും നിഗമനങ്ങളും, മെത്രാന്‍റെ/മേജര്‍ സുപ്പീരിയറുടെ തന്നെ അഭിപ്രായം മുതലായവ.                                                                                                                                                                                                                                                                          
(b) അന്വേഷണം നടക്കുന്ന കാലയളവില്‍ തന്നെ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് നിര്‍ബന്ധിതഅവധി നല്കണം. ഈ സമയത്ത് കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് പരാതി നല്കിയ വ്യക്തിയുമായി യാതൊരുവിധ സമ്പര്‍ക്കവും പുലര്‍ത്താന്‍ ഇടനല്കരുത്. മെത്രാന്‍/മേജര്‍ സുപ്പീരിയര്‍ നിശ്ചയിക്കുന്ന സ്ഥലത്തേക്ക് അയാള്‍ താമസം മാറണം. നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് തന്നെയാണ് ആ വ്യക്തി പോകുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ ജീവിതാവശ്യങ്ങള്‍ക്കുള്ള തുക അനുവദിച്ചു നല്കുകയും വേണം.                                                                                                                                                                                  
(c) അതേസമയം തന്നെ മെത്രാന്‍/മേജര്‍ സുപ്പീരിയര്‍ നിയോഗിക്കുന്ന വ്യക്തി ഇരയും ഇരയുടെ കുടുംബവുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയും നടപടിക്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും വേണം. ഇരക്കും കുടുംബത്തിനും കൗണ്‍സലിംഗും തെറാപ്പിയും നിര്‍ബന്ധമായും നല്കേണ്ടതുണ്ട്. കൂടാതെ നടപടിപ്രകാരം തനിക്കുള്ള എല്ലാ അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതിന് ഇരയെ സഹായിക്കുകയും വേണം.                                                                                                                
8. (a) പ്രത്യേക കേസുകളില്‍ എപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പരിശുദ്ധ സിംഹാസനം മെത്രാന്/മേജര്‍ സുപ്പീരിയര്‍ക്ക് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പാലിക്കേണ്ടതാണ്.                                                                                                     
(b) ശിക്ഷാനടപടികളുടെ മുഴുവന്‍ നടപടിക്രമങ്ങളും വിശ്വാസതിരുസംഘത്തിന് അയച്ചുകൊടുക്കുകയും എന്തെങ്കിലും കൂട്ടലോ കുറക്കലോ ആവശ്യമുണ്ടെങ്കില്‍ അവരത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും.                                                                                                                                                                
9. (a) വിശ്വാസതിരുസംഘം മെത്രാനെ/മേജര്‍ സുപ്പീരിയറെ കേസ് വീണ്ടും പഠിക്കാനായി ഏല്പിക്കുന്ന സാഹചര്യങ്ങളില്‍ അതൊരു പ്രത്യേക കമ്മറ്റിയെ ഏല്പിക്കേണ്ടതാണ്. ആ കമ്മറ്റിയിലും കാനന്‍ നിയമത്തില്‍ അവഗാഹമുള്ള ഒരാളടക്കം മൂന്ന് പേരുണ്ടായിരിക്കണം. പരിശുദ്ധ സിംഹാസനത്തോട് ആലോചിച്ച് തീരുമാനമെടുക്കേണ്ട ബിഷപ്പ്/മേജര്‍ സുപ്പീരിയര്‍ക്ക് കേസന്വേഷിച്ച് ആവശ്യമായ ഉപദേശം നല്കുക എന്നതാണ് ആ കമ്മറ്റിയുടെ ഉത്തരവാദിത്വം. ഈ കമ്മറ്റിക്കാവശ്യമായ നിര്‍ദ്ദേശങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നതെങ്കിലും കമ്മറ്റിക്ക് വിധിക്കാനുള്ള അധികാരമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. നടപടിക്രമങ്ങളെല്ലാം കാനന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നതുപോലെതന്നെ പിന്തുടരേണ്ടതാണ്. പ്രത്യേക സ്വഭാവമുള്ള കേസുകളില്‍ അഞ്ചുപേരടങ്ങുന്ന കമ്മറ്റികളായിരിക്കും നിയമിക്കപ്പെടുന്നത്.                                                                                        
(b) ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ വിശ്വാസതിരുസംഘം മെത്രാനോട്/മേജര്‍ സുപ്പീരിയറോട് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അത് നടപ്പാക്കേണ്ടത് കേസന്വേഷണത്തിന് നിയുക്തമായിരിക്കുന്ന കമ്മറ്റിയുടെ അധികാരങ്ങള്‍ക്കു വെളിയിലായിട്ടായിരിക്കും.                                                                                                                                                                            
(c) പ്രസ്തുത കമ്മറ്റികള്‍ മെത്രാനാലോ മേജര്‍ സുപ്പീരിയറാലോ നിയമിക്കപ്പെടുന്നത് മൂന്ന് വര്‍ഷത്തേക്കായിരിക്കും.                                    
10. ഇരയാകുന്നത് പെണ്‍കുട്ടിയാണെങ്കില്‍ കമ്മറ്റിയില്‍ രണ്ട് ​സ്ത്രീ

 11.കേസിന്‍റെ എല്ലാവിധ പുരോഗതികളെയും കുറിച്ച് വിശ്വാസതിരുസംഘത്തെ അറിയിച്ചുകൊണ്ടിരിക്കണം.                                           12.അന്വേഷണത്തിന്‍റെ സമയത്തും കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ സത്പേര് സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമവും നടത്തണം. വളരെ ഗൗരവമുള്ള ആരോപണമാണെങ്കില്‍പ്പോലും തെളിയിക്കപ്പെടുന്നതു വരെ ഓരോ കുറ്റാരോപിതനും നിരപരാധിയാണ് എന്ന തത്വം ഓര്‍മ്മയില്‍ സൂക്ഷിക്കണം. എന്നാലും, നീതിനിഷേധങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയും ഇരുകക്ഷികളുടെയും സത്പേര് സംരക്ഷിക്കുന്നതിനു വേണ്ടിയും പ്രാഥമിക അന്വേഷണവും തുടര്‍നടപടികളും അതുമായി ബന്ധപ്പെട്ടവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് നടത്തണം.                                            13.ഒരു വൈദികന് മേല്‍ വ്യാജമായിട്ടാണ് കുറ്റാരോപണം നടന്നിട്ടുള്ളത് എങ്കില്‍ അദ്ദേഹത്തിന്‍റെ പുനരധിവാസത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉടനെ കണ്ടെത്തണം.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നിയമങ്ങള്‍ വീണ്ടും പുനപരിശോധിക്കപ്പെടുന്നതും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതുമാണ്.

ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമിസ്

procedures in case of child sexual abuse catholic bishops conference of India Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message