x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

അകത്തോലിക്കരുടെ മാമ്മോദീസ സാധുവാണോ?

Authored by : Dr. Abraham Kavilpurayidathil On 26-Sep-2020

അകത്തോലിക്കരുടെ മാമ്മോദീസ സാധുവാണോ?

ഞാന്‍ കത്തോലിക്ക സഭയിലെ അംഗമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി അകത്തോലിക്കയുമാണ്. വിവാഹത്തിനുമുമ്പ് അവള്‍ കത്തോലിക്കാ സഭയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു. അതിനായി അവള്‍ വീണ്ടും മാമ്മോദീസ സ്വീകരിക്കണോ?

 പെണ്‍കുട്ടി അകത്തോലിക്ക സഭയിലെ അംഗമാണ്. അവള്‍ അംഗമായിരിക്കുന്ന അകത്തോലിക്ക സഭയില്‍ അവള്‍ മാമ്മോദീസ സ്വീകരിച്ചതുമാണ് എന്ന് അനുമാനിക്കാം. അകത്തോലിക്ക സഭകളിലെ മാമ്മോദീസ കത്തോലിക്ക സഭ അംഗീകരിക്കുന്നുണ്ടോ എന്നതാണ് ചോദ്യകർത്താവ് ഉന്നയിക്കുന്ന സംശയത്തിന്‍റെ വിശാല പശ്ചാത്തലം.
സഭാനിയമം ഇക്കാര്യത്തില്‍ പറയുന്ന കാര്യം ആദ്യം പരിശോധിക്കാം. മാമ്മോദീസ, തൈലാഭിഷേകം അഥവാ സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകള്‍ ആവര്‍ത്തിക്കപ്പെടാവുന്നവയല്ല (CCEO c. 672:1, CIC c. 845:1). ഈ കൂദാശകള്‍ ഒരു വ്യക്തിയുടെ ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നവയാണ്. കൗദാശിക മുദ്ര ഒരിക്കലും നഷ്ടപ്പെടാത്തതുകൊണ്ട്, ഈ കൂദാശകള്‍ സ്വീകരിച്ച വ്യക്തി പിന്നീട് അവയെ ബോധപൂര്‍വ്വം നിഷേധിച്ചാലും ആ മുദ്ര നിലനില്‍ക്കുന്നതാണ്. മതനിഷേധിയായ ജൂലിയന്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്നു. മാമ്മോദീസ സ്വീകരിച്ച ജൂലിയന്‍ പിന്നീട് കത്തോലിക്കാവിശ്വാസം ഉപേക്ഷിക്കുകയും വിജാതീയ ദൈവങ്ങളുടെ ആരാധന പുന:സ്ഥാപിക്കുകയും ചെയ്തു. 'മാമ്മോദീസ ഒരു വ്യക്തിയില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നു' എന്ന് കേട്ട ജൂലിയന്‍ വെള്ളത്തിലിരുന്ന് മാമ്മോദീസയുടെ മുദ്ര കഴുകിക്കളയാന്‍ വൃഥാ പരിശ്രമിച്ചതായ ഒരു കഥയുണ്ട്. നമ്മുടെ നാട്ടിലും സഭയില്‍ നിന്നകന്ന് 'ഞാന്‍ ഇനി ക്രിസ്ത്യാനിയല്ല' എന്ന് പ്രഖ്യാപിച്ച് മതവിരുദ്ധ ജീവിതം നയിക്കുന്നവരുടെ ആത്മാവിലും മാമ്മോദീസയുടെ മുദ്ര നിലനില്‍ക്കുമെന്ന് വ്യക്തം.

ഒരിക്കല്‍ മാമ്മോദീസ സ്വീകരിച്ച വ്യക്തി പിന്നീടൊരിക്കലും മാമ്മോദീസ സ്വീകരിക്കേണ്ട ആവശ്യമില്ല എന്നതാണ് സഭയുടെ വിശ്വാസവും നിലപാടും. മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിക്കു മാത്രമേ മാമ്മോദീസ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് സഭാനിയമം (CCEO c. 679, CIC c. 864) വ്യക്തമാക്കുന്നു. സാധുവായി മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി രണ്ടാമതു മാമ്മോദീസ സ്വീകരിക്കാന്‍ പാടില്ല എന്നും നിയമം പ്രത്യേകം നിഷ്ക്കര്‍ഷിക്കുന്നു.
'സാധുവായ മാമ്മോദീസ' എന്നു പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വിശദീകരിക്കാം. എല്ലാ മാമ്മോദീസയും സാധുവല്ല എന്ന് ആദ്യമേ പറയണം. സഭയുടെ മതബോധനഗ്രന്ഥം സാധുവായ മാമ്മോദീസയെക്കുറിച്ച് നല്‍കുന്ന പഠനം ഇങ്ങനെയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് അര്‍ത്ഥിയെ വെള്ളത്തില്‍ മുക്കുകയോ തലയില്‍ വെള്ളം ഒഴിക്കുകയോ ചെയ്യുന്നതാണ് മാമ്മോദീസയുടെ കാതലായ അനുഷ്ഠാനകര്‍മ്മം (CCC. 1239-1240). പരിശുദ്ധത്രിത്വത്തിന്‍റെ നാമത്തില്‍ ജലമുപയോഗിച്ച് നടത്തുന്ന മാമ്മോദീസ സാധുവാണ് എന്ന് കത്തോലിക്ക സഭ പഠിപ്പിക്കുന്നു. ഒട്ടേറെ ക്രൈസ്തവ സഭകളില്‍ മാമ്മോദീസയ്ക്ക് പരി. ത്രിത്വത്തി ന്‍റെ നാമവും ജലവും ഉപയോഗിക്കുന്നു. ഈ സഭകളുടെ മാമ്മോദീസ കത്തോലിക്ക സഭ അംഗീകരിക്കുകയും ചെയ്യുന്നു. പ്രൊട്ടസ്റ്റന്‍റ് സഭകളില്‍ ചിലതുള്‍പ്പെടെ, ഒരുവിധം എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും സാധുവായ മാമ്മോദീസ ക്രമമുണ്ട്. പരി. ത്രിത്വത്തിന്‍റെ നാമവും ജലത്തിന്‍റെ ഉപയോഗവും എന്ന രണ്ടു മാനദണ്ഡങ്ങളും പാലിക്കാത്ത സഭകളുടെ മാമ്മോദീസ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന്, യഹോവ സാക്ഷികള്‍, സാല്‍വേഷന്‍ ആര്‍മി, യൂണിറ്റേറിയന്‍ സഭ, എംപറര്‍ എമ്മാനുവേല്‍ തുടങ്ങിയ വിഭാഗങ്ങളുടെ മാമ്മോദീസ സാധുവായി കത്തോലിക്ക സഭ കണക്കാക്കുന്നില്ല.

ഇത്രയും പറഞ്ഞതില്‍ നിന്ന് ചോദ്യത്തില്‍ ഉന്നയിച്ചിരിക്കുന്ന കാര്യത്തിന് വ്യക്തത കൈവരുന്നുണ്ട്. എല്ലാ പൗരസ്ത്യ അകത്തോലിക്ക സഭകളുടെയും മറ്റ് അകത്തോലിക്ക വിഭാഗങ്ങളുടെയും മാമ്മോദീസ സാധുവായതിനാല്‍ ഈ സഭകളില്‍പെട്ട വ്യക്തികള്‍ കത്തോലിക്ക വിശ്വാസത്തിലേയ്ക്ക് വരുമ്പോള്‍ വീണ്ടും മാമ്മോദീസ സ്വീകരിക്കേണ്ടതില്ല, സ്വീകരിക്കാന്‍ പാടില്ല. സാധുവായ മാമ്മോദീസ ഉള്ള സഭയിലെ അംഗമാണ് പെണ്‍കുട്ടി എങ്കില്‍ കത്തോലിക്ക സഭയിലേക്ക് ചേരുമ്പോള്‍ വീണ്ടും മാമ്മോദീസ സ്വീകരിക്കേണ്ടതില്ല.

അപ്പോള്‍, സ്വാഭാവികമായും ഉയരുന്ന ചോദ്യമുണ്ട് സാധുവായ മാമ്മോദീസ മറ്റൊരു സഭാവിഭാഗത്തില്‍ സ്വീകരിച്ച ഒരു വ്യക്തി കത്തോലിക്ക സഭയില്‍ ചേരുന്നതിനുള്ള നടപടി ക്രമമെന്താണ്?

ഒന്നാമതായി, സാധുവായ മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കര്‍ കത്തോലിക്ക സഭയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലേക്ക് വരുമ്പോള്‍ കത്തോലിക്ക സഭയിലെ ഏത് സഭയിലാണ് അംഗത്വം തേടേണ്ടത് എന്നതിനെക്കുറിച്ച് സഭാനിയമം വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. മാമ്മോദീസ സ്വീകരിച്ച അകത്തോലിക്കര്‍ ലോകത്തെല്ലായിടത്തും തങ്ങളുടെ റീത്ത് സംരക്ഷിക്കുകയും അനുഷ്ഠിക്കുകയും മാനുഷികമായി സാധ്യമായിടത്തോളം അത് പാലിക്കുകയും ചെയ്യേണ്ടതാണ്. അതിനുവേണ്ടി അകത്തോലിക്ക സഭയില്‍നിന്ന് വരുന്ന വ്യക്തി കത്തോലിക്ക സഭയിലെ അതേ റീത്തില്‍പ്പെട്ട സ്വയാധികാര സഭയിലാണ് സാധാരണഗതിയില്‍ ചേരേണ്ടത് (CCEO c. 35). ഉദാഹരണത്തിന്, ഒരു യാക്കോബായ സഭാംഗം കത്തോലിക്ക സഭയിലേക്ക് വരുമ്പോള്‍ സീറോ-മലങ്കര സഭയിലാണ് അംഗമാകേണ്ടത്. സി.എസ്.ഐ. സഭയില്‍പ്പെട്ട ഒരു വിശ്വാസി കത്തോലിക്കാവിശ്വാസം ആശ്ലേഷിക്കുന്നത് ലത്തീന്‍ സഭയിലൂടെയായിരിക്കണം. തൃശൂര്‍ ആസ്ഥാനമായുള്ള സൂറായസഭയില്‍ നിന്ന് ആരെങ്കിലും കത്തോലിക്കാസഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ അംഗമാകേണ്ടത് സീറോ മലബാര്‍ സഭയിലാണ്. നിയമാനുസൃതമായ ഈ വഴിവിട്ട് ഇഷ്ടാനുസരണം കത്തോലിക്കാസഭയില്‍ ചേരണമെങ്കില്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷനിലൂടെ പരി. സിംഹാസനത്തിന്‍റെ അനുവാദം ലഭിച്ചിരിക്കണം.

രണ്ടാമതായി, നിയമാനുസൃതം കത്തോലിക്കാസഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന, സാധുവായ മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി വിശ്വാസപ്രഖ്യാപനം നടത്തിയാണ് കത്തോലിക്ക സഭയുടെ അംഗമാകുന്നത്. ഈ വിശ്വാസപ്രഖ്യാപനത്തിലൂടെ വിശ്വാസപരവും കൂദാശാപരവും ഭരണപരവുമായ കൂട്ടായ്മയുടെ ഭാഗമായാണ് (CCEO c. 8) കത്തോലിക്ക സഭയില്‍ ഒരു അകത്തോലിക്ക വിശ്വാസി അംഗമാകുന്നത്. പ്രസ്തുത പെണ്‍കുട്ടി നടത്തേണ്ടത് ഈ വിശ്വാസപ്രഖ്യാപനമാണ്. വിശ്വാസ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് കത്തോലിക്ക സഭയുടെ വിശ്വാസപരവും കൂദാശപരവും ഭരണപരവുമായ തലങ്ങളെക്കുറിച്ച് അവള്‍ക്ക് അടിസ്ഥാന ബോധ്യങ്ങള്‍ രൂപപ്പെട്ടുവെന്ന് കത്തോലിക്ക സഭയിലേക്ക് സ്വീകരിക്കുന്ന ഇടവക വികാരി ഉറപ്പുവരുത്തേണ്ടതാണ്.

Dr. Abraham Kavilpurayidathil baptism baptism of non Christian baptism of a non-catholic validity of baptisam form and ritual of the christian baptism Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message