x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സഭാനിയമം - FAQ

മതംമാറിയ ക്രിസ്ത്യാനിയും വിവാഹിതനായ വൈദികനും

Authored by : Dr. Abraham Kavilpurayidathil On 26-Sep-2020

മതംമാറിയ ക്രിസ്ത്യാനിയും വിവാഹിതനായ വൈദികനും

മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം ഇവ മൂന്നും ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശകളാണെന്ന് ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുന്നതും പഠിക്കുന്നതുമാണല്ലോ. അതനുസരിച്ച്, മതം മാറിയ ക്രിസ്ത്യാനിയുടെയും പൗരോഹിത്യം ഉപേക്ഷിച്ച് വിവാഹം കഴിച്ച വൈദികന്‍റെയും കൂദാശാപരമായ അവസ്ഥ എന്തായിരിക്കും?           

                
സഭയുടെ പാരമ്പര്യവും പ്രബോധനവും വിശ്വാസവുമനുസരിച്ച്, ഓരോ കുദാശയും അത് സ്വീകരിക്കുന്നവര്‍ക്ക് പ്രത്യേകമായ കൃപാവരം നല്‍കുന്നുണ്ട്. അതില്‍ മൂന്നു കൂദാശകള്‍ - മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം - ആത്മാവില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശകളാണ്. എന്നുവച്ചാല്‍, ഒരിക്കല്‍ സാധുവായി സ്വീകരിച്ച ഈ മൂന്ന് കൂദാശകള്‍ പിന്നീടൊരിക്കലും അസാധുവാകുന്നില്ല. ഈ കൂദാശകള്‍ ഒരിക്കല്‍ മാത്രമേ സ്വീകരിക്കുകയുള്ളു. ഈ മൂന്നൂ കൂദാശയുടെയും ഫലം, സ്വീകരിക്കുന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതശൈലിക്കും കാഴ്ചപ്പാടുകള്‍ക്കും അതീതമായി ജീവിതാവസാനംവരെ നിലനില്‍ക്കുന്നു. ഇപ്രകാരമുള്ള ഈ കൂദാശകള്‍ സ്വീകരിച്ചവര്‍ പിന്നീട് തങ്ങളുടെ ജീവിതയാത്രയില്‍ വഴി മാറി സഞ്ചരിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.

മാമ്മോദീസായുടെ മായാത്ത മുദ്രയെക്കുറിച്ച് ആദ്യം പ്രതിപാദിക്കാം. കാനന്‍ നിയമങ്ങളിലും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലും മാമ്മോദീസ, മായ്ക്കാനാവാത്ത ഒരു ആദ്ധ്യാത്മിക മുദ്ര കൊണ്ട് ക്രൈസ്തവനെ അടയാളപ്പെടുത്തുന്നുവെന്നും ക്രിസ്തുവിന്‍റെ സ്വന്തമായിത്തീരുന്നതിന്‍റെ മുദ്രയാണതെന്നും വ്യക്തമായി പറയുന്നുണ്ട്. മാമ്മോദീസയുടെ രക്ഷാകരഫലങ്ങള്‍ പുറപ്പെടുത്തുന്നതിനെ പാപം തടയുന്നുവെങ്കിലും ഒരു പാപത്തിനും ആ മുദ്രമായ്ക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ മാമ്മോദീസ എന്നേക്കുമായി ഒരിക്കല്‍ മാത്രം നല്‍കപ്പെടുന്നു. സാധുവായി ഒരിക്കല്‍ മാമ്മോദീസ സ്വീകരിച്ച വ്യക്തി രണ്ടാമത് മാമ്മോദീസ സ്വീകരിക്കാന്‍ പാടില്ലെന്ന് സഭാനിയമം നിഷ്കര്‍ഷിക്കുന്നു (CCC 1272; CCEO cc. 675,679; CIC cc.842,864).ഒരു ഉദാഹരണമെടുക്കാം. കത്തോലിക്കാസഭയില്‍ മാമ്മോദീസ സ്വീകരിച്ച ഒരു വ്യക്തി, തന്‍റേതായ കാരണങ്ങളാല്‍ വിശ്വാസം ഉപേക്ഷിച്ച്, മറ്റ് മതത്തില്‍ ചേര്‍ന്ന് അവിടുത്തെ ആചാരങ്ങള്‍ അനുഷ്ഠിച്ച് ജീവിക്കുകയായിരുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷം ആ വ്യക്തി കത്തോലിക്കാസഭയിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന് വീണ്ടും മാമ്മോദീസ നല്‍കേണ്ട ആവശ്യമില്ല. വിശ്വാസ പ്രഖ്യാപനം നടത്തി, കുമ്പസാരിച്ച്, ആവശ്യമെങ്കില്‍ രൂപതാധ്യക്ഷന്‍ നല്‍കുന്ന പ്രായശ്ചിത്തം നിറവേറ്റി, അദ്ദേഹം സഭയുടെ പൂര്‍ണ്ണ അംഗമായി ജീവിതം തുടരുന്നു. മതം മാറിയാലും ദൈവത്തെ തള്ളിപ്പറഞ്ഞ്ജീവിച്ചാലും മാമ്മോദീസായുടെ മുദ്ര നഷ്ടപ്പെടുന്നില്ല എന്നര്‍ത്ഥം.

തിരുപ്പട്ടം ഉപേക്ഷിക്കുകയോ, സഭയുടെ ശിക്ഷണ നടപടികളുടെ ഭാഗമായി വൈദിക പദവി നഷ്ടപ്പെടുകയോ ചെയ്യുന്ന വൈദികരുടെ കാര്യമെടുക്കാം. അവരില്‍ ചിലര്‍ വിവാഹിതരായി ജീവിക്കുന്നവരുമുണ്ട്. മാറിയ ജീവിത സാഹചര്യത്തില്‍ അവരുടെ ആത്മാവില്‍ പതിഞ്ഞിരിക്കുന്ന പൗരോഹിത്യ മുദ്രയ്ക്ക് മാറ്റം വരുമോ എന്നതാണ് സംശയം. ഒരിക്കല്‍ സാധുവായി ഒരു വ്യക്തി സ്വീകരിക്കുന്ന തിരുപ്പട്ടം പിന്നീടൊരിക്കലും അസാധുവാകുന്നില്ല. ആ വ്യക്തി എന്നേയ്ക്കും പുരോഹിതനായിരിക്കും (CCEO c.394, CIC c.290). സ്വന്തമായ തീരുമാനംവഴി, ഒരു വ്യക്തി പൗരോഹിത്യം ഉപേക്ഷിക്കുകയോ അധികാരികളുടെ തീരുമാനപ്രകാരം സഭാനിയമമനുസരിച്ചുള്ള ശിക്ഷണ നടപടികള്‍ക്ക് വിധേയനാകുകയോ ചെയ്യുമ്പോള്‍ പൗരോഹിത്യത്തിന്‍റെ കൂദാശാപരമായ സ്വഭാവം ഒരിക്കലും നഷ്ടമാകുന്നില്ല. മറിച്ച് നഷ്ടമാകുന്നത് വൈദികാന്തസ്സ് (clerical state) മാത്രമാണ്. സാധുവായി പട്ടം സ്വീകരിച്ച ഒരാളെ ന്യായമായ കാരണങ്ങളാല്‍ തിരുപ്പട്ടവുമായി ബന്ധപ്പെട്ട കര്‍ത്തവ്യങ്ങളിലും ഉത്തരവാദിത്വങ്ങളിലും നിന്ന് ഒഴിവാക്കുകയോ വിലക്കുകയോ ചെയ്യാമെന്നത് ശരിയാണ്. എന്നാല്‍, കൃത്യമായ അര്‍ത്ഥത്തില്‍ ആ വ്യക്തിക്ക് വീണ്ടുമൊരു അല്മായനാകാന്‍ കഴിയില്ല (CCC1881-1583).

നിയാനുസൃതം വൈദികാന്തസ്സ് നഷ്ടമാകുന്ന ഒരു വ്യക്തി, ബ്രഹ്മചര്യം പാലിക്കുന്നത് ഒഴികെയുള്ള മറ്റെല്ലാ കടമകളില്‍ നിന്നും (വി. ബലിയര്‍പ്പണം, സഭയുടെ പ്രാര്‍ത്ഥനകള്‍, വൈദികവസ്ത്രം, വൈദികനടുത്ത ജീവിതശൈലി തുടങ്ങിയവ) വിമുക്തമാകുന്നു. ബ്രഹ്മചര്യത്തില്‍ നിന്ന് വിടുതല്‍ (dispensation) നല്‍കാന്‍ പരിശുദ്ധ പിതാവിനു മാത്രമേ സാധിക്കൂ. ഇപ്രകാരം വിടുതല്‍ ലഭിച്ചവര്‍ മാത്രമാണ് വിവാഹമെന്ന കൂദാശ സഭാനിയമപ്രകാരം സ്വീകരിക്കുന്നത്. അവര്‍ അല്മായരെപ്പോലെ സാധാരണ സഭാജീവിതം നയിക്കുന്നു. എന്നാല്‍, മാര്‍പാപ്പായില്‍ നിന്ന്, ബ്രഹ്മചര്യനിയമത്തില്‍നിന്ന് വിടുതല്‍ ലഭിക്കാത്തവര്‍ ഏര്‍പ്പെടുന്ന വിവാഹം ക്രമരഹിതമായതിനാല്‍ വി. കുമ്പസാരവും വി. കുര്‍ബാന സ്വീകരണവും ഇവര്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. 

പൗരോഹിത്യം, സ്വന്തം തീരുമാനത്തില്‍ ഉപേക്ഷിക്കുകയോ സഭയുടെ ശിക്ഷണ നടപടിയുടെ ഭാഗമായി നഷ്ടപ്പെടുകയോ ചെയ്ത വ്യക്തികള്‍, മാര്‍പാപ്പായുടെ അനുവാദത്തോടെയോ അല്ലാതെയോ വിവാഹം ചെയ്താലും അവിവാഹിതരായി തുടര്‍ന്നാലും അവര്‍ പൗരോഹിത്യകൂദാശയുടെ മുദ്രവഹിക്കുന്നവരായിരിക്കും. അതിനാല്‍, മരണകരമായ അത്യാവശ്യഘട്ടങ്ങളില്‍, അവര്‍ കൂദാശ പരികര്‍മ്മം ചെയ്താല്‍ അത് സാധുവായിരിക്കും, ഫലദായകമായിരിക്കും. ഉദാഹരണത്തിന്, വണ്ടിയപകടത്തില്‍പ്പെട്ട ഒരു വ്യക്തിയെ, മേല്‍പ്പറഞ്ഞ സ്ഥിതിയുള്ള ഒരു 'മുന്‍'വൈദികന്‍ കുമ്പസാരിപ്പിച്ചാല്‍ അത് സാധുവും (valid) ഫല പ്രാപ്തിയുള്ളതും (effective) ആയിരിക്കും (cf. CCEO c.725; CIC c.976). അതുപോലെതന്നെ, പൗരോഹിത്യം ഉപേക്ഷിച്ചുപോയ ഒരു വ്യക്തി വര്‍ഷങ്ങള്‍ക്കുശേഷം പൗരോഹിത്യ ശുശ്രൂഷയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുമ്പോള്‍, സഭാനിയമം നിഷ്കര്‍ഷിക്കുന്ന ഉപാധികളോടെ, അദ്ദേഹത്തെ സ്വീകരിക്കാവുന്നതാണ്. ആ അവസരത്തില്‍, ആ വ്യക്തിക്ക് വീണ്ടും പട്ടം നല്‍കാറില്ല.
പൗരോഹിത്യം ഉപേക്ഷിച്ചവരും സഭയുടെ ശിക്ഷണനടപടി സ്വീകരിച്ചവരുമൊക്കെ കൂദാശ പരികര്‍മ്മം ചെയ്താല്‍ അത് സാധുവാകുമോ, ഫലമുണ്ടാകുമോ എന്നത് എക്കാലവും ഉന്നയിക്കപ്പെടുന്ന സംശയമാണ്.

അതേപോലെ തന്നെയാണ് ബലഹീനതകളും കുറവുകളുമുള്ള വൈദികരുടെ കൂദാശ പരികര്‍മ്മത്തെപ്പറ്റിയുള്ള സംശയങ്ങളും. ഇക്കാര്യത്തില്‍, സഭയുടെ മതബോധനഗ്രന്ഥം വി. അഗസ്തിനോസിന്‍റെ വാക്കുകളുടെ പിന്‍ബലത്തില്‍ പഠിപ്പിക്കുന്നത് ഇവിടെ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം: "ആത്യന്തികമായി ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകനിലൂടെ പ്രവര്‍ത്തിക്കുകയും രക്ഷ സാധ്യമാക്കുകയും ചെയ്യുന്നത്. അതിനാല്‍ ശുശ്രൂഷകന്‍റെ അയോഗ്യത ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തെ തടയുന്നില്ല. കൂദാശയുടെ ആദ്ധ്യാത്മികശക്തിയെ പ്രകാശത്തോടു താരതമ്യപ്പെടുത്താം. പ്രകാശി തരാകേണ്ടവര്‍ അതിനെ അതിന്‍റെ പരിശുദ്ധിയില്‍ സ്വീകരിക്കുന്നു. അശുദ്ധമായ വസ്തുക്കളിലൂടെ കടന്നുപോകേണ്ടിവന്നാലും അത് അതില്‍ത്തന്നെ അശുദ്ധമാക്കപ്പെടുന്നില്ല"(CCC 1584).         

Dr. Abraham Kavilpurayidathil converted to other religion married priest dispensation from chastity sacraments with indelible mark sacraments which can be received only once Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message