We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 14-Nov-2022
പുതിയ നിയമത്തിലെ സ്ത്രീകൾ
ആമുഖം
യേശുവിന്റെ കാലത്തെ പാലസ്തീനായിൽ ഒരു വിജാതീയ അടിമയുടെ സ്ഥാനമേ സ്ത്രീകൾക്കുണ്ടായിരുന്നുള്ളൂ എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പുരുഷന്റെ ആധിപത്യത്തിന്റെ കീഴിലും സംരക്ഷണയിലും കഴിയുക എന്നതായിരുന്നു സ്ത്രീകളുടെ വിധി. ബാല്യകാലത്ത് പിതാവിന്റെയും; യൗവ്വനമാകുമ്പോൾ ഭർത്താവിന്റെയും; ഭർത്താവു മരിച്ചാൽ പുത്രന്റെയും. സ്വന്തമായൊരസ്തിത്വം അവൾക്കുണ്ടായിരുന്നില്ല. വിവാഹം നിശ്ചയിക്കുന്നതും നടത്തുന്നതും പിതാവ്; ഇഷ്ടമില്ലെങ്കിൽ മോചനക്രിയ നടത്തി പറഞ്ഞയയ്ക്കുന്നതു ഭർത്താവ്. വിവാഹമോചനത്തിനുള്ള അധികാരവും അവകാശവും ഭർത്താവിനുമാത്രം. വന്ധ്യത്വവും വൈധവ്യവും സ്ത്രീയുടെ കുറ്റമായി പരിഗണിക്കപ്പെട്ടു പോന്നു.
സ്ത്രീയുടെ സ്ഥാനം പൊതുവേ ഭവനത്തിന്റെ ഉൾമുറിയിലും പിന്നാമ്പുറത്തുമാണ്. സിനഗോഗിലും ദേവാലയത്തിലും അവൾക്കായി പ്രത്യേക സ്ഥലം വേലികെട്ടി വേർതിരിച്ചിരുന്നു. അതിർത്തി ലംഘിക്കുന്നതു വലിയ കുറ്റമായി പരിഗണിക്കപ്പെട്ടിരുന്നു. സ്ത്രീകൾ തല മൂടിയേ നടക്കാവൂ. മാന്യതയുള്ള സ്ത്രീകൾ വീട്ടിലായിരിക്കുമ്പോഴും തലമുണ്ടു ധരിക്കും. വീടിന്റെ ഉത്തരവും മച്ചും എന്റെ മുടി കണ്ടിട്ടില്ല എന്നു പറയാൻ കഴിഞ്ഞ സ്ത്രീ ഉത്തമമാതൃകയായി അവതരിപ്പിക്കപ്പെട്ടിരുന്നു.
നിയമപഠനം സ്ത്രീക്കു നിഷിദ്ധമായിരുന്നു. 613 നിയമങ്ങളും അവയുടെ ഉപവിഭാഗങ്ങളും പഠിക്കാനോ അനുസരിക്കാനോ സ്ത്രീക്കു കടമയില്ല. നിയമത്തിൽ അരുത് എന്നു പറയുന്നവമാത്രം അനുസരിക്കാനേ സ്ത്രീക്കു കടപ്പാടുണ്ടായിരുന്നുള്ളൂ. റബ്ബിമാർ നടത്തിയിരുന്ന നിയമപഠന (തോറാ) കളരികളിൽ സ്ത്രീക്കു പ്രവേശനമില്ല. മാന്യതയുള്ള ഒരു നിയമാധ്യാപകനും സ്ത്രീകളെ വിദ്യാർത്ഥികളും ശിഷ്യരുമായി സ്വീകരിക്കുകയില്ല. പരസ്യമായി സംസാരിക്കാനോ പ്രാർത്ഥിക്കാൻപോലുമോ സ്ത്രീകൾക്കവകാശമില്ല. പ്രാർത്ഥിക്കാം, തനിച്ച്, രഹസ്യമായി; ശബ്ദമുണ്ടാക്കരുത്. സ്വന്തം കുട്ടികളെ വീട്ടിൽ വച്ചു പഠിപ്പിക്കാം. അതിനപ്പുറത്ത് ആരെയും പഠിപ്പിക്കാൻ സ്ത്രീക്ക് അവകാശമില്ല. പൊതുസ്ഥലത്തുവച്ച് പരപുരുഷനുമായി സംസാരിക്കുന്നതും അന്യരുടെ മുമ്പിൽവച്ച് തലമുടി പുറത്തു കാട്ടുന്നതും വിവാഹമോചനത്തിനു മതിയായ കാരണമായിരുന്നു. ഈ നിയമങ്ങളും ആചാരങ്ങളും എല്ലാം തന്നെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. ഈ ചരിത്ര പശ്ചാത്തലത്തിൽ വേണം പുതിയ നിയമം അവതരിപ്പിക്കുന്ന സ്ത്രീകളുടെ ചിത്രം അപഗ്രഥിക്കാൻ.
പാലസ്തീനായിലെ യഹൂദരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുകയും മാമൂലുകളെ തകിടം മറിക്കുകയും ആചാരങ്ങളെ അവഗണിക്കുകയും ചെയ്യുന്നതായിരുന്നു യേശുക്രിസ്തുവിന്റെ വാക്കും പ്രവൃത്തിയും. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സ്ത്രീയും പുരുഷനും തുല്യരാണെന്നും ഒരുപോലെ ദൈവത്തിന്റെ മക്കളാണെന്നുമുള്ള അടിസ്ഥാന പ്രബോധനമാണ് യേശു നല്കിയത്. സമ്പൂർണ്ണ വിമോചനത്തിന്റെ സദ്വാർത്തയുമായി വന്നവൻ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉള്ളവരെ ഈ സുവിശേഷം അറിയിച്ചു. അതേസമയം അവഗണിക്കപ്പെട്ടവരും അധികൃതരായി മുദ്ര കുത്തപ്പെട്ടവരും അവന്റെ പ്രത്യേക സ്നേഹത്തിനും പരിഗണനയ്ക്കും പാത്രീഭൂതരായി.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് വേലിയിറമ്പിലേക്കു മാറ്റി നിർത്തപ്പെട്ടവരുടെ മുൻപന്തിയിൽ നിന്നത് സ്ത്രീകളാണ്. അതിനാൽത്തന്നെ യേശു അവരെപ്രത്യേകം പരിഗണിച്ചു; ആദരിച്ചു; ശാക്തീകരിച്ചു. അത്ര ആശാസ്യമല്ലാത്ത ഒരു ജീവിതം നയിച്ചിരുന്ന, അതിനാൽത്തന്നെ പൊതുജനദൃഷ്ടിയിൽപ്പെടാതെ ഒഴിഞ്ഞുമാറിയിരുന്ന ഒരു സമറിയാക്കാരിയുമായി കിണറ്റുകരെവച്ച് സുദീർഘമായ സംഭാഷണം നടത്താൻ യേശു മടിച്ചില്ല. ഫരിസേയന്റെ വിരുന്നുശാലയിലേക്കു തന്റെ പാദത്തിൽ കണ്ണീരൊഴുക്കിയ പരസ്യപാപിനിയെ വിലക്കിയില്ലെന്നു മാത്രമല്ല കപടഭക്തരായ ഫരിസേയരെക്കാൾ മെച്ചമാണ് അവൾ എന്നു പ്രഖ്യാപിക്കുകകൂടി ചെയ്തു. സ്ത്രീകളെ, അതും പിശാചുബാധയിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും മുക്തിനേടിയവരും പാപത്തിന്റെ വഴികൾ ഉപേക്ഷിച്ച് മാനസാന്തരപ്പെട്ടവരും ഉൾപ്പെടെ അനേകരെ, ശിഷ്യരായി സ്വീകരിക്കുകയും അവരെ കൂടെ കൊണ്ടുനടക്കുകയും ചെയ്തു.
ഇതുപോലെയുള്ള യേശുവിന്റെ പ്രവർത്തനങ്ങളും പ്രബോധനങ്ങളും സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കു വഴി തെളിച്ചു. ആ പുതിയ വഴിയാണ് സുവിശേഷങ്ങളും അപ്പസ്തോല പ്രവർത്തനങ്ങളും അപ്പസ്തോലികലേഖനങ്ങളും അടക്കം പുതിയ നിയമം മുഴുവനിലും തെളിഞ്ഞുനില്ക്കുന്നത്. മാംസം ധരിച്ച വചനമായ യേശു തന്നെയാണ് രക്ഷകനും രക്ഷയുടെ മാർഗ്ഗവും. വഴിയും സത്യവും ജീവനും ഞാൻ തന്നെ എന്നു പറഞ്ഞവനെ രക്ഷകനായി സ്വീകരിക്കുകയും അനുഗമിക്കുകയും ചെയ്ത അനേകം സ്ത്രീകൾ പുതിയ നിയമത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വചനത്തിന്റെ വഴിയേ ചരിച്ചവരും ആ വഴി തടയാൻ ശ്രമിച്ചവരും ഈ കൂട്ടത്തിലുണ്ട്.
പുതിയ നിയമത്തിൽ പരാമർശവിഷയമാകുന്ന അനേകം സ്ത്രീകളിൽ ഇരുപതുപേരെ തിരഞ്ഞെടുത്ത് ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീകളിൽ അഗ്രഗണ്യയും സ്ത്രീ എന്നു മാത്രം അഭിസംബോധന ചെയ്യപ്പെടുവളുമായ യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല. ഒരു ചെറിയ ലേഖനത്തിന്റെ ചിമിഴിൽ ഒതുക്കാൻ കഴിയാത്ത ആ വ്യക്തിത്വത്തിനുവേണ്ടി ഒരു പുസ്തകം തന്നെ മാറ്റിവയ്ക്കണം.
ഇതിനുപുറമേ പേരെടുത്തു പറയുന്നതും അല്ലാത്തതുമായ അനേകം സ്ത്രീകഥാപാത്രങ്ങളെയും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. പലരേയും കുറിച്ച് അവരുടെ പേരിൽകവിഞ്ഞ ഒന്നുംതന്നെ നമുക്ക് അറിവില്ല. പൗലോസിന്റെ ലേഖനങ്ങളിൽ പരാമർശിക്കപ്പെടുന്ന അനേകം സ്ത്രീകൾ ഇക്കൂട്ടത്തിൽപെടും. കെങ്ക്റെയിലെ സഭയുടെ ശുശ്രൂഷക - (ഡീക്കൻ) ആയിരുന്ന ഫോയ്ബാ, റോമിൽ കഠിനാധ്വാനം ചെയ്ത മറിയം, പൗലോസിന്റെ ബന്ധുവും കൂട്ടുതടവുകാരിയുമായ യൂണിയസ്, കർത്താവിൽ അധ്വാനിക്കുന്ന ത്രിഫോസാ, തന്റെയും അമ്മയായി പൗലോസ് പരിഗണിക്കുന്ന റൂഫസിന്റെ അമ്മ, ജൂലിയാ, നെരേയൂസിന്റെ സഹോദരി എന്നിവർ റോമാക്കാർക്കുള്ള ലേഖനത്തിൽ പ്രത്യേകം അഭിവാദനം സ്വീകരിക്കുന്നവരാണ് (റോമാ 16,1-16). യേശു മരണത്തിൽ നിന്നുയിർപ്പിച്ച ബാലിക - ജായിറോസിന്റെ മകൾ, കുരിശിന്റെ വഴിയിൽ വിലപിച്ച സ്ത്രീകൾ, ജറുസലെമിൽ ശിഷ്യ സമൂഹത്തിനു സ്വന്തം വീടു തുറന്നുകൊടുത്ത മർക്കോസിന്റെ അമ്മ, വാതിൽ കാവൽക്കാരി റോദാ, മരണത്തിൽനിന്നു പത്രോസ് ഉയിർപ്പിച്ച തബീത്താ, ഫിലിപ്പിയിൽവച്ച് പിശാചുബാധയിൽനിന്നു പൗലോസ് മോചിപ്പിച്ച അടിമപ്പെൺകുട്ടി എന്നിങ്ങനെ മറ്റനേകം സ്ത്രീകളെ പുതിയ നിയമത്തിൽ പരാമർശവിഷയമാക്കുന്നുണ്ട്. അവരെയൊന്നും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
തിരഞ്ഞെടുത്തിരിക്കുന്ന 20 പേർ പ്രാതിനിധ്യസ്വഭാവം ഉള്ളവരും കൂടുതൽ വിശദമായി പ്രതിപാദിക്കപ്പെടുന്നവരുമാണ്. യേശുവിന്റെ സുവിശേഷം മനുഷ്യസമൂഹത്തിൽ പ്രത്യേകിച്ചും സ്ത്രീകളിൽ ചെലുത്തുന്ന സ്വാധീനവും വരുത്തുന്ന മാറ്റങ്ങളും ഇവരുടെ ജീവിതങ്ങളിൽ പ്രതിഫലിക്കുന്നു. പതിവിനു വിപരീതമായി ഉച്ചത്തിൽ സ്തോത്രഗീതമാലപിക്കുന്ന എലിസബത്തും ദേവാലയത്തിൽ പ്രസംഗിക്കുന്ന വിധവയായ അന്നായും തുടങ്ങി സുവിശേഷപ്രഘോഷണത്തിന്റെ മുന്നണിപ്പോരാളികളായ ലീദിയായും പ്രിസില്ലായും വരെയുള്ള കഥാപാത്രങ്ങൾ യേശു ലക്ഷ്യം വച്ചതും നേടിയെടുത്തതുമായ സമഗ്ര വിമോചനത്തിന്റെ മാതൃകകളാണ്.
ആദിമസഭയിൽ സ്ത്രീകൾക്കുണ്ടായിരുന്ന പ്രമുഖസ്ഥാനം ഈ കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. സഭയിൽ സ്ത്രീ നിശബ്ദത പാലിക്കണം എന്ന ഒരു താക്കീതിന്റെ പേരിൽ പൗലോസിനെ സ്ത്രീ വിരോധിയായി കാണുന്നവരുണ്ട്. നേരേമറിച്ച് സ്ത്രീകൾ സഭയിൽ മിണ്ടാതിരുന്ന് അടിമകളെപ്പോലെ വേലചെയ്താൽ മതിയെന്ന് ബൈബിൾ വാക്യങ്ങൾ, പ്രത്യേകിച്ചും പൗലോസിന്റെ ചില വാക്യങ്ങൾ, ഉദ്ധരിച്ചുകൊണ്ട് പഠിപ്പിക്കുന്നവരുമുണ്ട്. എന്നാൽ ഇവിടെ ഇതൾവിരിയുന്ന കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോൾ ഈ രണ്ടു നിലപാടുകളും തെറ്റാണെന്നു കാണാൻ കഴിയും. കോറിന്തോസിലെ സഭയുടെ പ്രത്യേക പശ്ചാത്തലത്തിൽ അപ്പസ്തോലൻ നല്കിയ സ്ഥലകാലബന്ധിയായ ചില നിർദ്ദേശങ്ങൾ, സാഹചര്യങ്ങളിൽനിന്നുമാറ്റി ശാശ്വതനിയമങ്ങളായി അവതരിപ്പിക്കുന്നത് യേശുവിന്റെ സുവിശേഷത്തെ വളച്ചൊടിക്കലാണ്; യേശു പ്രഖ്യാപിച്ച സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നിഷേധിക്കലാണ്.
ഇവിടെ ചർച്ചാവിഷയമാകുന്ന സ്ത്രീകളിൽനിന്നു സുവിശേഷത്തെയും സ്ത്രീകളുടെ സുവിശേഷ ദൗത്യങ്ങളെയുംകുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ ലഭിക്കും. ഓരോ സ്ത്രീയും സുവിശേഷത്തിന്റെ ഓരോ പ്രത്യേക വശത്തിന് ഊന്നൽ നല്കുന്ന മാതൃകകളാണ്. അവർ ഓരോരുത്തർക്കും ഇന്നത്തെ സമൂഹത്തോടും സഭയോടും പ്രഘോഷിക്കാനുള്ള ചില പ്രത്യേക സന്ദേശങ്ങളുണ്ട്. അതിനു കാതോർക്കാൻ ഈ വിശകലനങ്ങൾ സഹായകരമാകുമെന്നു പ്രതീക്ഷിക്കുന്നു.
"ഹവ്വായുടെ പുത്രിമാർ" എന്ന പേരിൽ തിയോഗ്യാലറി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തുടർച്ചയാണ് ഈ ഗ്രന്ഥം. ആദ്യത്തേതിൽ പഴയനിയമത്തിലെ സ്ത്രീകളാണ് മുഖ്യമായും ചർച്ചാവിഷയം. ഇവിടെ പുതിയ നിയമത്തിലെ സുപ്രധാന സ്ത്രീകഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നു. യേശുവിന്റെ അമ്മയായ മറിയം എന്ന സ്ത്രീ തനതായ ഒരു പുസ്തകത്തിനു വിഷയമാണ്. ഏറെ താമസിയാതെ അതും പൂർത്തിയാക്കാൻ കഴിയും എന്ന് ആശിക്കുന്നു.
പുതിയ നിയമത്തിലെ സ്ത്രീകൾ Dr. Michael Karimattam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206