x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

ജ്ഞാനം

Authored by : Rev. Antony Tharekadavil On 03-Feb-2021

ജ്ഞാനം സോളമന്‍ രചിച്ചുവെന്നാണ് പരമ്പരാഗതമായി കരുതപ്പെടുന്നത്. ഇതിനുകാരണം ഗ്രന്ഥത്തിന്‍റെ മധ്യഭാഗത്ത് പേര് പറഞ്ഞിട്ടില്ലെങ്കിലും ഗ്രന്ഥകര്‍ത്താവ് സോളമന്‍ സംസാരിക്കുന്നതുപോലെ അദ്ദേഹത്തിന്‍റെ സ്ഥാനത്തുനിന്ന് സംസാരിക്കുന്നതുകൊണ്ടാണ് (6:22-9:18). ജ്ഞാനത്തിനുവേണ്ടിയുള്ള ഗ്രന്ഥകാരന്‍റെ പ്രാര്‍ത്ഥന സോളമന്‍റെ പ്രാര്‍ത്ഥനയെ അനുസ്മരിക്കുന്നുമുണ്ട് (ജ്ഞാനം 7:7-12; 9:1-12; 1രാജാ 3:4-15). എന്നാല്‍ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത് ഗ്രീക്ക് ഭാഷയിലാണെന്നു മാത്രമല്ല യവനതത്വശാസ്ത്രത്തിലെ പല ആശയങ്ങളും ഗ്രന്ഥകാരനെ സ്വാധീനിച്ചിട്ടുമുണ്ട് (8:19-20; 15:8). ഒന്നാം നൂറ്റാണ്ടില്‍ അലക്സാണ്ട്രിയായില്‍ ജീവിച്ചിരിക്കുകയും പഴയ നിയമത്തിലെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ യവന തത്വശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തില്‍ വിവരിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഫൈലോയുടേതിനോട് താരതമ്യപ്പെടുത്താവുന്നതാണ് ജ്ഞാനഗ്രന്ഥത്തിലെ പല ചിന്തകളും. ഫൈലോയുടേതുമാത്രമല്ല ഒന്നാം നൂറ്റാണ്ടിലെ മറ്റ് യവന തത്വശാസ്ത്രചിന്തകളുടെയും സ്വാധീനം പുസ്തകത്തിലുണ്ട്. ഗ്രീക്കുഭാഷയില്‍ എഴുതപ്പെട്ടതായതിനാലും, യവന തത്വചിന്തകളുടെ സ്വാധീനം കാണിക്കുന്നതിനാലും, അലക്സാണ്ട്രിയായിലെ മറ്റ് സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം പ്രതിഫലിപ്പിക്കുന്നതിനാലും ജ്ഞാനഗ്രന്ഥം ഈജിപ്തിലെ അലക്സാണ്ട്രിയായില്‍ രചക്കപ്പെട്ടെന്നു കരുതുന്നതില്‍ തെറ്റില്ല. അങ്ങനെയെങ്കില്‍ പഴയനിയമത്തിലെ ഏറ്റവും അവസാനം രചിക്കപ്പെട്ട ഗ്രന്ഥമാണത്.

ക്രിസ്തുവിനുമുമ്പ് 30-ാം വര്‍ഷം റോമാക്കാര്‍ ഈജിപ്ത് കീഴടക്കി. അതിനുശേഷമായിരിക്കണം ഗ്രന്ഥരചന നടന്നത്; കാരണം ഒന്നാം നൂറ്റാണ്ടുമുതല്‍ മാത്രം ഗ്രീക്കുഭാഷയില്‍ ഉപയോഗത്തിലിരുന്ന 35-ഓളം വാക്കുകള്‍ ജ്ഞാനഗ്രന്ഥത്തിലുണ്ട്. മാത്രമല്ല ഭൂമിയുടെ അതിര്‍ത്തിയിലുള്ള അധികാരികളും (6:1), വിദൂരസ്ഥരായ രാജാക്കന്മാരെ വണങ്ങാന്‍ പ്രതിമയുണ്ടാക്കുന്ന സാഹചര്യവും (14:17) റോമന്‍ ആധിപത്യത്തെ സൂചിപ്പിക്കുന്നു. ഈജിപ്തിലായിരുന്ന ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം റോമാ വളരെ അകലെയാണല്ലോ.

സുഭാഷിതങ്ങള്‍ ജ്ഞാനത്തെ മാനവീകരിച്ചിരിക്കുന്നതായി നാം കണ്ടു (സുഭാ 8:22-36). ജ്ഞാനത്തെ ദൈവത്തിന്‍റെ ആദ്യസൃഷ്ടിയായാണ് സുഭാഷിതങ്ങള്‍ കണ്ടത് (22-ാം വാക്യം). തുടര്‍ന്ന് നടന്ന പ്രപഞ്ചസൃഷ്ടികര്‍മ്മത്തില്‍ ജ്ഞാനം വിദഗ്ധനായ ഒരു ശില്പിയെപ്പോലെ ദൈവത്തോടൊത്ത് പ്രവര്‍ത്തിച്ചു. താത്വികമായ വിചിന്തനത്തിന് വിഷയമാക്കിയാല്‍ ബൈബിളിലെ ഈ വാക്യങ്ങള്‍ അവ്യക്തങ്ങളാണ്. സുഭാഷിതങ്ങള്‍ നടത്തുന്ന ദുര്‍ഗ്രഹവും അവ്യക്തവുമായ മറ്റൊരു പ്രസ്ഥാവനയാണ് എട്ടാമദ്ധ്യായത്തില്‍ കാണുന്നത്: ജ്ഞാനത്തെ കണ്ടെത്തിയവന്‍ ജീവനെയും ദൈവത്തെയും കണ്ടെത്തിയിരിക്കുന്നു (8:35). ഏക ദൈവവിശ്വാസികളും അതോടൊപ്പംതന്നെ യവന തത്വശാസ്ത്രവും ഭാഷയും സംസ്കാരവും സ്വന്തമാക്കിയിരുന്നവരുമായ അലക്സാണ്ട്രിയായിലെ യഹൂദരെ സംബന്ധിച്ചിടത്തോളം ഏകദൈവമായ യാഹ്വേയോടുകൂടി ജോലിചെയ്യുന്ന ഈ ജ്ഞാനം ആരാണ് എന്നത് ദുര്‍ഗ്രഹമായിരുന്നു എന്നുകരുതാം. ദൈവം ഏകനാണെന്ന് കരുതുന്നെങ്കില്‍ ദൈവത്തോടുകൂടി സൃഷ്ടികര്‍മ്മം നിര്‍വ്വഹിച്ചെന്ന് തങ്ങളുടെ ജ്ഞാനപാരമ്പര്യം പറയുന്നത് ആരെക്കുറിച്ചാണ്? ഈ ചോദ്യത്തിന് യുക്തിസഹമായതും യവന തത്വശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വീകാര്യവുമായ ഒരുത്തരം നല്കാന്‍ ശ്രമിക്കുകയാണ് ജ്ഞാനഗ്രന്ഥകാരന്‍. അദ്ദേഹത്തിന്‍റെ ചിന്താഗതികളെ ഉള്‍കൊള്ളാന്‍ കഴിയണമെങ്കില്‍ അലക്സാണ്ട്രിയായിലെ അക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലവും അവിടുത്തെ താത്വിക പശ്ചാത്തലവും അറിയുന്നത് ഉപകാരപ്രദമാണ്.

യവന രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലം

ക്രിസ്തുവിനുമുമ്പ് 587-ല്‍ ബാബിലോണ്‍ യൂദായെ തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ-സാമൂഹ്യ അരക്ഷിതാവസ്ഥയില്‍നിന്ന് രക്ഷനേടാന്‍ കുറേ യഹൂദര്‍ ഈജിപ്തില്‍ അഭയം പ്രാപിച്ചു (ജെറ 42-43). തുടര്‍ന്ന് അവര്‍ അവിടെ തങ്ങളുടെ പരമ്പരാഗത വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിച്ചുവന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തെ കീഴടക്കിയശേഷം മധ്യപൂര്‍വ്വദേശം മുഴുവന്‍ തന്‍റെ ആധിപത്യമുറപ്പിച്ച മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്തും തന്‍റെ അധീനതയില്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ മരണശേഷം ആ വലിയ സാമ്രാജ്യം അദ്ദേഹത്തിന്‍റെ നാല് പട്ടാളമേധാവികളുടെ അധികാരത്തിന്‍ കീഴില്‍ വന്നു. ഈജിപ്ത് ലഭിച്ചത് അവരിലൊരുവനായ ടോളമിയ്ക്കായിരുന്നു. യവന സംസ്കാരവും ഭാഷയും ലോകത്തെ മുഴുവന്‍ അഭ്യസിപ്പിക്കാനും അങ്ങനെ ഭൂലോകം മുഴുവനും ഒരൊറ്റ സംസ്കാരത്തിന്‍ കീഴില്‍ കൊണ്ടുവന്ന് പുതിയ സാഹോദര്യം സൃഷ്ടിക്കാനും ആഗ്രഹിച്ച അലക്സാണ്ടറിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു എന്ന് നാം കണ്ടു. തത്ഫലമായി ടോളമി ഒന്നാമന്‍റെ കാലത്ത് (323-285 ആഇ) ഈജിപ്തിന്‍റെ തലസ്ഥാനമായ അലക്സാണ്ട്രിയ യവന സംസ്കാരത്തിന്‍റെയും തത്വചിന്തയുടെയും കേന്ദ്രമായി മാറി. ഈ മാറ്റത്തിന്‍റെ അടയാളവും മകുടോദാഹരണവുമായിരുന്നു അവിടെ ഉണ്ടായിരുന്ന മ്യൂസിയവും പ്രശസ്തമായ ലൈബ്രറിയും.

ആ സമൂഹത്തിന്‍റെ ഒരു പ്രധാന ഭാഗമായിരുന്നു അവിടെ ജീവിച്ചിരുന്ന യഹൂദരും. അവര്‍ യവനസംസ്കാരവും തത്വശാസ്ത്രവും ഭാഷയും പഠിക്കുകയും സമൂഹത്തിന്‍റെ മുഖ്യധാരയില്‍ത്തന്നെ ജീവിക്കുകയും ചെയ്തു. തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളെ യവന സംസ്കാരത്തോട് അനുരൂപപ്പെടുത്തുന്നതിനും അവര്‍ ശ്രമിച്ചു. ഈജിപ്തില്‍ ജനിച്ച പുതിയ തലമുറകള്‍ക്ക് പരമ്പരാഗത ഹെബ്രായഭാഷ നിശ്ചയമില്ലാതിരുന്നതിനാല്‍ ഹെബ്രായ ഭാഷയില്‍നിന്ന് ബൈബിളും അവര്‍ ഗ്രീക്കിലേയ്ക്ക് തര്‍ജ്ജമ ചെയ്തു. അങ്ങനെയാണ് (ടോളമി രണ്ടാമന്‍റെ കാലത്തായിരിക്കാം - 285-247  സപ്തതി വിവര്‍ത്തനം (ഘതത) നടന്നത്. അന്ന് അലക്സാണ്ട്രിയായില്‍ ഹെബ്രായ ഭാഷവശമില്ലാത്തവരും എന്നാല്‍ ഗ്രീക്കുഭാഷ അറിയാവുന്നവരുമായ ഒരു വിശ്വാസ സമൂഹമുണ്ടായിരുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. തുടര്‍ന്ന് ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച യഹൂദതത്വചിന്തകനായ ഫൈലോ  ബൈബിളിലെ എല്ലാഗ്രന്ഥങ്ങളും യവന തത്വചിന്തയുടെ വെളിച്ചത്തില്‍ വിശദീകരിക്കാനും ശ്രമിച്ചു.

ടോളമിയുടെ കാലം മുതല്‍ റോമന്‍ ചക്രവര്‍ത്തിയായ അഗസ്റ്റസിന്‍റെ കാലംവരെ (31 ആഇ-14 അഉ) അലക്സാണ്ട്രിയായിലെ യഹൂദര്‍ക്ക് ചില ആനുകൂല്യങ്ങള്‍ രാജാവില്‍നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ ക്രിസ്തുവിനുമുമ്പ് 24-ാം വര്‍ഷം റോമന്‍ ചക്രവര്‍ത്തി ഏര്‍പ്പെടുത്തിയ ഒരു നികുതി ഈജിപ്തിലെ ആളുകളെ പല വിഭാഗങ്ങളായി തിരിക്കുകയും സാമൂഹിക അസമത്വം സൃഷ്ടിക്കുകയും ചെയ്തു. ഗ്രീക്കുകാര്‍ നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെട്ടിരുന്നു; ഭാഗികമായി നികുതികൊടുക്കേണ്ട യവനരുമുണ്ടായിരുന്നു; നാട്ടുകാരായ ഈജിപ്തുകാരാകട്ടെ നികുതി മുഴുവന്‍ കൊടുക്കാന്‍ ബാധ്യസ്ഥരായിരുന്നു. എന്നാല്‍ യഹൂദരുടെ കാര്യത്തില്‍ കൃത്യമായ തീരുമാനമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ അവിടെയുള്ള യഹൂദരില്‍ പലരും ഗ്രീക്ക് പൗരത്വം സ്വന്തമാക്കാന്‍ ശ്രമിക്കുകയും അതിനുവേണ്ടി തങ്ങളുടെ വിശ്വാസംപോലും ത്യജിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഗ്രീക്കുകാരുടെ എതിര്‍പ്പുമൂലം യഹൂദര്‍ക്ക് ഗ്രീക്ക്പൗരത്വം ലഭ്യമല്ലാതായി. ഇത് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇടയാവുകയും അത് വളരെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്തു. ക്രിസ്തുവര്‍ഷം 38-ല്‍ അലക്സാണ്ട്രിയായിലെ യഹൂദരെ ആ സമൂഹത്തിലെതന്നെ മറ്റ് ജനങ്ങള്‍ ആക്രമിക്കുകയും അവരുടെ സിനഗോഗുകള്‍ പലതും തകര്‍ക്കുകയോ അല്ലെങ്കില്‍ അതിനുള്ളില്‍ ചക്രവര്‍ത്തിയായ കലിഗുളയുടെ ചിത്രങ്ങള്‍ പ്രതിഷ്ഠിച്ച് അശുദ്ധമാക്കുകയോ ചെയ്തു. തുടര്‍ന്ന് റോമന്‍ പ്രീഫെക്ടായ അവില്ലിയൂസ് ഫ്ളാക്കൂസ്  യഹൂദരെ വിദേശികളായി പ്രഖ്യാപിച്ചു.

ക്രിസ്തുവര്‍ഷം 39-ല്‍ യഹൂദചിന്തകനായ ഫൈലോ ചക്രവര്‍ത്തിയുടെ അടുത്തേയ്ക്ക് ഒരു സംഘവുമായി പോവുകയും തങ്ങളുടെ കഷ്ടതകളെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. 41-ാം വര്‍ഷം കലിഗുളച്ചക്രവര്‍ത്തി മരിച്ചപ്പോള്‍ അലക്സാണ്ട്രിയായിലെ യഹൂദര്‍ വിപ്ലവം അഴിച്ചുവിട്ടു. തുടര്‍ന്നുവന്ന ക്ലാവുദിയൂസ് ചക്രവര്‍ത്തി അന്ന് നിലവിലുള്ള ക്രമങ്ങള്‍ തുടരാന്‍ കല്പന നല്കി. യഹൂദര്‍ക്കെതിരായ ഗ്രീക്കുകാരുടെ ശത്രുതാമനോഭാവത്തെ അദ്ദേഹം വിലക്കിയെങ്കിലും യഹൂദര്‍ക്ക് ഗ്രീക്കുപൗരത്വത്തിന് അവകാശമില്ല എന്നദ്ദേഹം കല്പന പുറപ്പെടുവിച്ചു. ചക്രവര്‍ത്തിയുടെ ഈ കല്പന താത്കാലികമായി സാമൂഹിക സമാധാനം പുനഃസ്ഥാപിക്കാന്‍ ഉപകരിച്ചെങ്കിലും യഹുദര്‍ക്ക് ഗ്രീക്കുകാരെപ്പോലെ തുല്യസ്ഥാനമില്ല എന്ന സാമൂഹിക വീക്ഷണത്തിന് അത് കാരണമായിത്തീര്‍ന്നു. സാമൂഹിക അസമത്വത്തിന്‍റെ ഈ പശ്ചാത്തലം വീണ്ടും വിപ്ലവത്തിലേയ്ക്ക് നയിക്കുകയും 115-117 വര്‍ഷങ്ങളിലെ വിപ്ലവത്തോടെ അലക്സാണ്ട്രിയായിലെ യഹൂദസമൂഹം നാമാവശേഷമാവുകയും ചെയ്തു.

ശുദ്ധമായ ഗ്രീക്കിലെഴുതിയ ജ്ഞാനഗ്രന്ഥവും അതിലെ സാമൂഹിക നീതിയ്ക്കുവേണ്ടിയുള്ള മുറവിളിയും (1:1; 2:10-24; 6:1) നീതിയ്ക്കുവേണ്ടി നിലകൊള്ളാനുള്ള ആഹ്വാനവും (3:1-9; 4:7,16) അലക്സാണ്ട്രിയായിലെ യഹൂദസമൂഹമനുഭവിച്ച മതമര്‍ദ്ദനത്തിന്‍റേതായ ഈ പശ്ചാത്തലത്തില്‍നിന്നുവേണം മനസ്സിലാക്കാന്‍. വിഗ്രഹാരാധകരായ ശത്രുക്കളെക്കുറിച്ചുള്ള പരാതികള്‍ ഈ പശ്ചാത്തലംതന്നെയാണ് വെളിപ്പെടുത്തുന്നത് (14:12-21; 15:13-14; 16:24; 17:1-3). വിഗ്രഹാരാധകര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന പ്രത്യാശയും ഗ്രന്ഥകര്‍ത്താവ് പ്രകടിപ്പിക്കുന്നുണ്ട് (19:13-15). വിശ്വാസം ത്യജിക്കാന്‍ മടികാണിക്കാത്ത യഹൂദരെ വിഗ്രഹാരാധനയുടെ ഭോഷത്തത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട് അവരെ വിശ്വാസത്തില്‍ ഉറപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നുണ്ട് (13:1-15:19). നീതിചെയ്യാന്‍ ഭരണാധിപന്മാരെയും ദൈവികമായ നീതിയില്‍ ജീവിക്കാന്‍ വിശ്വാസികളെയും ഗ്രന്ഥകര്‍ത്താവ് ആഹ്വാനം ചെയ്യുന്നു (1:1; 2:10; 3:1; 4:7; 5:1; 6:1-7).

യവന-താത്വിക പശ്ചാത്തലം

യൂറോപ്പിലേയും ലോകത്തിന്‍റെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും ചിന്താഗതികളെയും സഭയുടെ വിശ്വാസസംഹിതകളെയും സ്വാധീനിച്ച ലോകത്തിലെ ഏറ്റവും വലിയ തത്വശാസ്ത്രമാണ് ഗ്രീക്കുകാരുടെതെന്ന് പറയാം. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ വലിയ തത്വശാസ്ത്രജ്ഞന്മാരില്‍നിന്നുലഭിച്ച ആഴമേറിയ താത്വികചിന്തകള്‍ മാത്രമല്ല, അത് വ്യക്തമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ശക്തവും സമ്പന്നവുമായ ഭാഷയും ഗ്രീക്ക് സംസ്കാരത്തിന്‍റെ പ്രത്യേകതകളായിരുന്നു. ആ സാംസ്കാരിക പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന അലക്സാണ്ട്രിയായിലെ യഹൂദരെ സംബന്ധിച്ചിടത്തോളം അവരുടെ ജ്ഞാനപാരമ്പര്യത്തിലെ ജ്ഞാനത്തെക്കുറിച്ചുള്ള പല ചിന്തകളും അവ്യക്തവും അഗ്രാഹ്യവുമായിരുന്നെന്ന് കരുതാം.

പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ് യഥാര്‍ത്ഥ ദൈവം. അങ്ങനെ ഒരു ദൈവമേയുള്ളൂ. ഒരേ ലോകത്തില്‍ ശക്തിപ്രകടിപ്പിക്കാന്‍ കഴിവുള്ള രണ്ടു ദൈവങ്ങള്‍ നിലനില്ക്കുക സാധ്യമല്ലല്ലോ. ഏക ദൈവവിശ്വാസികളായ യഹൂദര്‍ക്ക് ഈ തത്വം സ്വീകാര്യമായിരുന്നു. പക്ഷേ, ലോകം മുഴുവന്‍ സൃഷ്ടിക്കുകയും അവിടെ ജീവിക്കുകയും ഭരിക്കുകയും ചെയ്യുന്ന ദൈവം ഏകനാണെങ്കില്‍, ദൈവത്തോടുകൂടി സൃഷ്ടി നടത്തുന്ന ജ്ഞാനമാരാണ് (ഉദാ: സുഭാ 8:22-30) എന്ന് ഏക ദൈവവിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ യുക്തിസഹമായി വിവരിക്കേണ്ടതുണ്ട്. ആ പരിശ്രമമാണ് ജ്ഞാനഗ്രന്ഥകാരന്‍ നടത്തുന്നത് എന്നു പറയാം: ജ്ഞാനത്തെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണത്തെ യവനതത്വശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വിശദീകരിക്കുകയാണദ്ദേഹം.

ഗ്രന്ഥകാരന്‍റെ ഈ പരിശ്രമത്തില്‍ ഏറ്റവുമധികം സഹായകമായിത്തീര്‍ന്നത് ക്രിസ്തുവിനുമുമ്പ് 80-ാം വര്‍ഷംമുതല്‍ ക്രിസ്തുവര്‍ഷം 220-വരെ ശക്തമായിരുന്ന മിഡില്‍ പ്ലേറ്റോണിസം എന്ന പ്ലേറ്റോയുടെ പാരമ്പര്യത്തില്‍പ്പെട്ട തത്വചിന്തയാണെന്നാണ് കരുതപ്പെടുന്നത്.

ഗ്രേക്കോറോമന്‍ അലക്സാണ്ട്രിയായില്‍ മിഡില്‍ പ്ലേറ്റോണിസം വളരെ ശക്തമായിരുന്നു. ഗ്രാഹ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തത അന്വേഷിച്ച ഈ താത്വികര്‍ എല്ലാറ്റിന്‍റെയും ഉറവിടമായ ദൈവം ആരാണ് എന്ന് നിര്‍വ്വചിക്കാന്‍ ശ്രമിച്ചു. ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനുഷ്യന്‍ ചിന്തിക്കുന്നത് അവന്‍ അപരിമേയനും അഗ്രാഹ്യനും അനാദിയുമാണ് എന്ന ദൈവത്തിന്‍റെ ഒഴിച്ചുകൂടാന്‍പറ്റാത്ത ഗുണഗണങ്ങളാണ്. ദൈവം മനുഷ്യന്‍റെ ഇന്ദ്രിയങ്ങള്‍ക്കതീതനാണ്; അവന്‍ അദൃശ്യനാണ്.

അപരിമേയനും അഗ്രാഹ്യനുമായ ദൈവം താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്‍റെ പരിപാലകനാണ് എന്നതും സത്യംതന്നെ. അവന്‍ ലോകത്തിലെ എല്ലാ പ്രവൃത്തികളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്നതും സത്യമാണ്. അവന്‍ എല്ലായിടത്തും സന്നിഹിതനാണ്. ഒരു തരത്തില്‍പ്പറഞ്ഞാല്‍ ദൈവം അദൃശ്യനാണ്; മറ്റൊരുവിധത്തില്‍പ്പറഞ്ഞാല്‍ ദൈവം ലോകത്തില്‍ എപ്പോഴും ദൃശ്യനാണ്. അതുകൊണ്ട് ദൈവത്തില്‍ രണ്ട് വ്യത്യസ്ഥ ഭാവങ്ങളുണ്ടെന്ന് താത്വികര്‍ കരുതി: (1) ഇന്ദ്രിയങ്ങള്‍ക്കതീതവും അപരിമേയവുമായ ദൈവീകഭാവം; (2) ലോകത്തില്‍ പ്രവര്‍ത്തനനിരതമായ, ലോകത്തിലെ മുഴുവന്‍ ക്രമവും പാലിക്കുന്ന ദൈവീകഭാവം. ലോകത്തില്‍ പ്രവര്‍ത്തനനിരതമായ ഈ ദൈവികഭാവത്തെ യവന താത്വികര്‍ ലോഗോസ്  എന്നുവിളിച്ചു.

ലോഗോസ് എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം 'വചനം' എന്നാണ്. ദൈവവചനമാണ് ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതെന്നര്‍ത്ഥം. ഈജിപ്തിന്‍റെ വിശ്വാസപാരമ്പര്യത്തിലാകട്ടെ ഹൂവും സിയയും ലോകസൃഷ്ടിനടത്തുന്ന ദൈവമായ റേ ആത്തുമിന്‍റെ സൃഷ്ടിക്കുന്ന വചനമായി കരുതപ്പെട്ടിരുന്നു.

ഈ തത്വചിന്തകള്‍ പ്രബലമായിരുന്ന ഈജിപ്തില്‍ ജീവിച്ചിരുന്ന യഹൂദരെ സംബന്ധിച്ചിടത്തോളം അവരെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിച്ചുകഴിഞ്ഞിരുന്നു. ഹെബ്രായ ഭാഷ വശമില്ലാതിരുന്ന വിശ്വാസ സമൂഹത്തിനുവേണ്ടി ബൈബിള്‍ ഗ്രീക്കിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു  എന്ന് നാം കണ്ടു. ഈ തര്‍ജ്ജമയില്‍ (സപ്തതി) 'വചനം,' 'വചനങ്ങള്‍' എന്ന ഹെബ്രായ വാക്കുകളെ പ്രധാനമായും റേമ  ലോഗോസ്  എന്നീ രണ്ടു ഗ്രീക്ക് പദങ്ങളുപയോഗിച്ചാണ് പണ്ഡിതന്മാര്‍ തര്‍ജ്ജമ ചെയ്തത്. പ്രവാചക ഗ്രന്ഥങ്ങളിലും ജ്ഞാനഗ്രന്ഥങ്ങളിലും ലോഗോസ് എന്ന വാക്കിനാണ് മുന്‍ഗണന ലഭിച്ചത് (ലോഗോസ് 320, റേമ 40 = പ്രവാചകന്മാരില്‍; ജ്ഞാനഗ്രന്ഥങ്ങളില്‍-ലോഗോസ് 221, റേമ 40). തര്‍ജ്ജമ ചെയ്തതിനുശേഷം ഗ്രീക്കിലുള്ള ഈ വചനങ്ങള്‍ വായിച്ചപ്പോള്‍ ലോഗോസ് എന്ന് തര്‍ജ്ജമചെയ്യപ്പെട്ട പല തിരുവചന ഭാഗങ്ങളിലും ഗ്രീക്ക് ഭാഷയുടെ പ്രത്യേകതകൊണ്ട് ആ പദം ചലനാത്മകമായ ഒരു സ്വഭാവവിശേഷം കൈവരിച്ചിട്ടുണ്ടെന്ന് അനുഭവപ്പെട്ടു. ഉദാഹരണമായി

"കര്‍ത്താവിന്‍റെ നിയമം സീയോനില്‍നിന്ന് പുറപ്പെട്ടു

അവിടുത്തെ വചനം ജറുസലേമില്‍നിന്നും" (ഏശ 2:3)

(ജറുസലേമില്‍ നിന്ന് വചനം വരുന്നു).

"ഒരിക്കലും തിരിച്ചെടുക്കാത്ത വചനം

എന്നില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു

എല്ലാവരും എന്‍റെ മുമ്പില്‍ മുട്ടുമടക്കും" (ഏശ 45:23-24)

(വചനം ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു).

"അങ്ങയുടെ ഭക്തര്‍ എന്നെക്കണ്ട് സന്തോഷിക്കും

എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ വചനത്തില്‍

പ്രത്യാശയര്‍പ്പിച്ചു" (സങ്കീ 119:74)

(= വചനം രക്ഷാദായകമാണ്).

"അവിടുന്ന് ഭൂമിയിലേയ്ക്ക് കല്പന അയയ്ക്കുന്നു

അവിടുത്തെ വചനം പാഞ്ഞുവരുന്നു" (സങ്കീ 147:15).

ഇതുപോലുള്ള വചനങ്ങള്‍ വായിക്കുമ്പോള്‍ വചനം എന്ന വാക്കിന് ചലനാത്മകമായ ഒരു ശക്തിയുണ്ടെന്ന് അലക്സാണ്ട്രിയായിലെ വായനക്കാര്‍ക്ക് തോന്നുമായിരുന്നു. ലോഗോസ് എന്ന പദം സ്രഷ്ടാവായ ദൈവത്തിന്‍റെ പ്രപഞ്ചത്തില്‍ പ്രവര്‍ത്തനനിരതമായ ശക്തിയാണെന്ന് ചിന്തിച്ചിരുന്ന തത്ത്വചിന്ത നിലവിലിരുന്ന അലക്സാണ്ട്രിയായിലെ താത്വിക പശ്ചാത്തലം ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൂടാതെ പല സങ്കീര്‍ത്തനങ്ങളിലും പ്രഭാഷകനിലും വചനം  എന്ന പദം ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മവുമായി ബന്ധപ്പെട്ടാണുപയോഗിച്ചിരിക്കുന്നത്. ഉദാഹരണമായി

"കര്‍ത്താവിന്‍റെ വചനത്താല്‍ ആകാശം നിര്‍മ്മിക്കപ്പെട്ടു

അവിടുത്തെ കല്പനയാല്‍ ആകാശഗോളങ്ങളും" (സങ്കീ 33:6).

"സ്വന്തം ശക്തിയാല്‍ അവിടുന്ന് ലക്ഷ്യം പ്രാപിക്കുന്നു

അവിടുത്തെ വചനത്താല്‍ എല്ലാം നിശ്ചിത

മാര്‍ഗ്ഗത്തില്‍ ചരിക്കുന്നു" (പ്രഭാ 43:26).

ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്‍െറ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും; കര്‍ത്താ വിന്‍െറ പ്രവൃത്തികള്‍ വചനംവഴി നിര്‍വഹിക്കപ്പെടുന്നു. (പ്രഭാ 42:15)

ഈജിപ്തുകാരുടെ മാനവീകരിക്കപ്പെട്ട 'വചന' ശാസ്ത്രവുമായി ഈ ചിന്ത വളരെ അടുത്തുനില്ക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ.

മേല്‍പ്പറഞ്ഞ വചനഭാഗങ്ങളിലെല്ലാം ലോഗോസ് എന്ന വാക്ക് ദൈവവചനമെന്ന സാധാരണ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിലും യവനതത്ത്വചിന്തയുടെയും ഈജിപ്തിലെ ദൈവശാസ്ത്രത്തിന്‍റെയും പശ്ചാത്തലത്തില്‍ ചലനാത്മകമായിത്തോന്നിയ ഈ വചനത്തെ (ലോഗോസ്) ദൈവത്തിന്‍റെ സൃഷ്ടിയും പരിപാലനയുമായി ബന്ധപ്പെട്ട ശക്തിയായി അലക്സാണ്ട്രിയായിലെ യഹൂദര്‍ കണ്ടുതുടങ്ങി. അവര്‍ ബൈബിളിലുള്ള വചനത്തെ (ലോഗോസ്) മിഡില്‍-പ്ലേറ്റോണിസത്തിലെ ലോഗോസുമായി സാവധാനം താദാത്മ്യപ്പെടുത്തിത്തുടങ്ങി. സാവധാനം വളര്‍ന്നുവന്ന ഈ ചിന്താധാരയുടെ പക്വമായ ഭാവം ഒന്നാംനൂറ്റാണ്ടിലെ യഹൂദ തത്വചിന്തകനും ബൈബിള്‍ വ്യാഖ്യാതാവുമായ ഫൈലോയില്‍ ക്കാണാം (20 ആഇ-50 അഉ).

ഫൈലോ പ്രധാനമായും ഗ്രീക്ക് സപ്തതി (ഘതത) വിശദീകരിക്കുകയാണ് ചെയ്തത്. അദ്ദേഹം മോശയുടെ നിയമത്തെ യവനതത്വശാസ്ത്രത്തിന്‍റെ-പ്രധാനമായും മിഡില്‍-പ്ലേറ്റോണിസത്തിന്‍റെ - വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. ഫൈലോയുടെ തത്വമനുസരിച്ച് മേല്‍പ്പറഞ്ഞ ബൈബിളിലെ ലോഗോസ് അപരിമേയനും അതീന്ദ്രിയനുമായ ദൈവത്തിനും ഇന്ദ്രിയഗോചരമായ പ്രപഞ്ചത്തിനുമിടയിലുള്ള ഒരു മധ്യവര്‍ത്തിയായിരുന്നു. ഇത് മിഡില്‍ പ്ലേറ്റോണിസത്തിലെ ലോഗോസിനെക്കുറിച്ചുള്ള ചിന്തയോട് വളരെ താരതമ്യം പുലര്‍ത്തുന്ന ചിന്തയാണ്.

ഫൈലോ ലോഗോസിനെക്കണ്ടത് ദൈവത്തിന്‍റെ ഛായയും സാദൃശ്യവുമായാണ്. ദൈവത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന സത്ത. ലോഗോസ് ദൈവത്തിന്‍റെ ഛായയാണെന്നുമാത്രമല്ല അത് പ്രപഞ്ചത്തെ ക്രമീകരിക്കാനുള്ള മാതൃകയുമാണ്. ലോകത്തിലുള്ള എല്ലാ ക്രമത്തിന്‍റെയും മൂലമാതൃക ലോഗോസിലുണ്ട്. ലോഗോസിലുള്ള മാതൃകയനുസരിച്ചാണ് പ്രപഞ്ചത്തിലെ ഓരോ പരമാണുവും ക്രമീകൃതമായിരിക്കുന്നത്.

ലോഗോസ് ഇങ്ങനെ പ്രപഞ്ചത്തിലെ സര്‍വ്വതിനും മാതൃക മാത്രമല്ല, അത് പ്രപഞ്ചസൃഷ്ടിയുടെ ഉപകരണവും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയും കൂടിയാണ്. ഇന്നും പ്രപഞ്ചത്തെ പരിപാലിക്കുന്ന ശക്തിയാണത്. തന്‍റെ വചനവ്യാഖ്യാനത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഫൈലോ ലോഗോസിനെ അനന്തനായ ദൈവത്തിന്‍റെ സൃഷ്ടിക്കപ്പെടാത്ത പുത്രനെന്നും മുഖ്യമാലാഖയെന്നും, പ്രപഞ്ചത്തിന്‍റെ പ്രധാന പുരോഹിതനെന്നും, ദൈവമനുഷ്യനെന്നുമൊക്കെ വിശേഷിപ്പിച്ചു. ലോഗോസിന്‍റെ പ്രധാന ജോലി ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യവര്‍ത്തിയാവുക എന്നതായിരുന്നുവെന്ന് ഫൈലോ കരുതി.

ലോഗോസിന്‍റെ മാതൃകയിലാണ് മനുഷ്യമനസ്സ് സൃഷ്ടിക്കപ്പെട്ടത് എന്നതാണ് മറ്റൊരു പ്രത്യേകത. ഉല്‍പത്തി 1:27 വിശദീകരിച്ചുകൊണ്ട് മനുഷ്യന്‍ ദൈവഛായയിലല്ല, മറിച്ച് ദൈവഛായയ്ക്കനുസൃതമായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ഫൈലോ പറഞ്ഞു. മനുഷ്യന്‍ ദൈവഛായയല്ല മറിച്ച് ദൈവഛായയെ (ലോഗോസിനെ) മാതൃകയാക്കി സൃഷ്ടിക്കപ്പെട്ടവനാണ്.  ദൈവഛായ ലോഗോസ് മാത്രമാണ്; മനുഷ്യനാകട്ടെ ദൈവഛായയുടെ പ്രതിഫലനമാണ് (കോളോ 1:15 കാണുക).

ദൈവഛായയെ മാതൃകയാക്കി സൃഷ്ടിക്കപ്പെട്ട മനുഷ്യമനസ്സ് ദൈവഛായയുടെ പ്രതിഫലനം മാത്രമല്ല, ദൈവഛായയുടെ ഒരു ഭാഗം കൂടിയാണെന്ന് ഫൈലോ കരുതി. മനുഷ്യനില്‍ ലോഗോസ് കുടികൊള്ളുന്നുണ്ട്. മനുഷ്യമനസ്സില്‍ കുടികൊളളുന്ന ഈ ലോഗോസാണ് മനുഷ്യനെ ദൈവത്തിലേയ്ക്ക് നയിക്കുന്നത്. മനുഷ്യമനസ്സിന്‍റെ ആത്യന്തികലക്ഷ്യം ദൈവത്തെ അറിയുകയും കാണുകയും ചെയ്യുക എന്നതാണ്. ദൈവദര്‍ശനവും ദൈവത്തെക്കുറിച്ച് അറിവും സാധ്യമാകണമെങ്കില്‍ മനുഷ്യന്‍ ദൈവീകമായ ലോഗോസിനെ അറിയുകയും അതില്‍ പങ്കുപറ്റുകയും വേണം. അതിന് ആദ്യമായി മനുഷ്യന്‍ തന്‍റെതന്നെ ഇല്ലായ്മയെ അംഗീകരിക്കണം. അങ്ങനെ സ്വയം അംഗീകരിച്ച് ദൈവത്തെ സ്രഷ്ടാവായിക്കണ്ട് അവനിലേയ്ക്ക് തിരിയുമ്പോള്‍ മനുഷ്യന്‍ ഭൗമിക ബന്ധങ്ങളില്‍നിന്ന് മുക്തനാവുകയും ലോഗോസിനെ ധ്യാനിക്കാന്‍ ശക്തനാവുകയും ചെയ്യും. ദൈവീകമായ ലോഗോസാണ് ഈ ധ്യാനത്തിലൂടെ മനുഷ്യനെ ദൈവത്തിലേയ്ക്ക് നയിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ ദൈവം അദൃശ്യനും ഇന്ദ്രിയങ്ങള്‍ക്കതീതനുമാണെന്ന് ഫൈലോ വിശ്വസിച്ചു. എന്നാല്‍ ഭൗതിക ലോകത്തിന്‍റെ അസ്ഥിത്വവും അവിടെ പരിപാലിക്കപ്പെടുന്ന ക്രമവും ദൈവത്തില്‍നിന്നുതന്നെ വരുന്നതാണ്. അതുകൊണ്ട് ദൃശ്യപ്രപഞ്ചത്തെ അദൃശ്യനായ ദൈവവുമായി ബന്ധിപ്പിക്കുന്ന ഒരു മധ്യവര്‍ത്തിയുണ്ടാകണം. പ്രപഞ്ചത്തില്‍ ദൈവത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തനനിരതമായ ഈ ശക്തിയാണ് ലോഗോസ്. മിഡില്‍  പ്ലേറ്റോണിസത്തിന്‍റെ സഹായത്തോടെ ബൈബിള്‍ വിശദീകരിച്ചുകൊണ്ട് തന്‍റെ ലോഗോസ് തത്വം അവതരിപ്പിച്ച ഫൈലോ ആ സിദ്ധാന്തത്തിലൂടെ ദൈവത്തിന്‍റെ അപരിമേയതയും അതേസമയം അവന്‍റെ പ്രപഞ്ചത്തിലുള്ള പ്രവര്‍ത്തനനിരതമായ നിരന്തര സാന്നിദ്ധ്യവും താത്വീകമായി വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഗ്രന്ഥത്തിന്‍റെ ഘടനയും ദൈവശാസ്ത്രവും

സുഭാഷിതങ്ങളുടെ അടിസ്ഥാന പ്രമാണമായ പ്രവര്‍ത്തികള്‍ക്കനുസരിച്ച് പ്രതിഫലം ദൈവം നല്കുമെന്ന തത്വത്തെ ഏറ്റു പറയുന്നതിനോടൊപ്പം (1:6-8; 2:18, 22; 3:10, 14; 4:7; 5:15; 6:5; 12:14) സഭാപ്രാസംഗകന്‍റെതുപോലെ നല്കപ്പെട്ടിരിക്കുന്ന ജീവിതം ഹ്രസ്വമാണെന്നും, അതിനാല്‍ അത് ആസ്വദിക്കാനും ഗ്രന്ഥകാരന്‍ ആഹ്വാനം ചെയ്യുന്നു (2:2-9). അതോടൊപ്പംതന്നെ, ജോബിനെപ്പോലെ നീതി പാലിച്ചുകൊണ്ട് ദൈവിക സംരക്ഷണമനുഭവിക്കുകയും വേണം (3:1-9). കൂടാതെ പ്രഭാഷകനില്‍ക്കാണുന്ന ഉന്നതമായ ദൈവശാസ്ത്ര വീക്ഷണവും എല്ലാറ്റിനെയും സമന്വയിപ്പിച്ചു കാണാനുള്ള ഹൃദയവിശാലതയും ജ്ഞാനഗ്രന്ഥകാരനുണ്ട്. അതുകൊണ്ടുതന്നെ വെളിപ്പെടുത്തപ്പെട്ട നിയമത്തെയും (3:14-16) ദേവാലയത്തെയും (3:14) പുരോഹിതനെയും (18:20-22) സോളമനെയുമെല്ലാം ഗ്രന്ഥകാരന്‍ ധ്യാനവിഷയമാക്കുന്നുണ്ട്. ജ്ഞാനഗ്രന്ഥത്തെ മൂന്ന് ഭാഗങ്ങളായിത്തിരിക്കാം (1:1-6:21; 6:22-9:18; 10:1-19:22).

ഒന്നാം ഭാഗം (1:1-6:21)

പുസ്തകത്തിന്‍റെ ഒന്നാംഭാഗത്ത് നീതിയെക്കുറിച്ചും മരണത്തെക്കുറിച്ചും അവസാന വിധിയെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ്. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് ചര്‍ച്ചാവിഷയം. ജീവന്‍റെ ആരംഭം കുറിക്കുകയും മരണത്തിന്‍റെ ആവിര്‍ഭാവം എങ്ങനെയെന്ന് വിവരിക്കുകയും ചെയ്യുന്ന ഉല്‍പത്തി 1-3 അധ്യായങ്ങളിലെ വിഷയങ്ങള്‍ ഈ ഭാഗത്ത് പ്രതിഫലിക്കുന്നുണ്ട്.

നീതി പ്രവര്‍ത്തിക്കാന്‍ ഗ്രന്ഥകാരന്‍ എല്ലാവരെയും ഉദ്ബോ ധിപ്പിക്കുന്നു: ദൈവം ഏകനാണെന്നെ അടിസ്ഥാന തത്ത്വത്തി ലുറച്ചുനിന്നുകൊണ്ട് (6:3; 12;27; 13:1-19; 14:3, 12) എല്ലാവരെയും നീതിപൂര്‍വ്വം വിധിക്കുന്ന ദൈവത്തിനുമുമ്പില്‍ നീതിയോടെ വര്‍ത്തിക്കാന്‍ ഗ്രന്ഥകാരന്‍ രാഷ്ട്രീയ അധികാരികളെ ആഹ്വാനം ചെയ്യുന്നു (6:1-7). ഏകദൈവത്തിനു മുമ്പില്‍ നീതി ചെയ്യാന്‍ കഴിയണമെങ്കില്‍ ഭൂപാലകര്‍ അവന്‍റെ ജ്ഞാനം സ്വന്തമാക്കണം: "കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു. ഏകാധിപതികളെ നിങ്ങളോടാണ് ഞാന്‍ പറയുന്നത് ജ്ഞാനം അഭ്യസിക്കുവിന്‍; വഴിതെറ്റിപ്പോകരുത്. വിശുദ്ധമായവ വിശുദ്ധിയോടെ പരികര്‍മ്മം ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും. എന്‍റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍; അവയോട് തീവ്രാഭിനിവേശം കാണിക്കുവിന്‍! നിങ്ങള്‍ക്ക് ജ്ഞാനം ലഭിക്കും" (6:8-11).

അതോടൊപ്പംതന്നെ യവന-റോമന്‍ ഭരണാധികാരികളുടെ കീഴില്‍ അനീതിയ്ക്ക് വിധേയരായവരെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു: "ദൈവം മനസ്സിന്‍റെ സൂഷ്മ വ്യാപാരങ്ങളെ അറിയുന്നവനും, ഹൃദയത്തെ യഥാര്‍ത്ഥമായി നിരീക്ഷിക്കുന്നവനും നാവില്‍നിന്ന് ഉയരുന്നത് കേള്‍ക്കുന്നവനുമാണ്; കര്‍ത്താവിന്‍റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു" (1:6-7); "നീതിമാന്‍ പ്രായമെത്താതെ മരിച്ചാലും  വിശ്രാന്തി ആസ്വദിക്കും" (4:7); "മരിച്ച നീതിമാന്‍ ജീവിക്കുന്ന അധര്‍മ്മികളെ വിധിക്കും; വേഗം പൂര്‍ണ്ണത നേടിയ യുവാവ് നീണ്ട വാര്‍ധക്യം ബാധിച്ച അധര്‍മ്മികളേയും" (4:16); "നീതിമാന്‍മാര്‍ എന്നേയ്ക്കും ജീവിക്കും; അവരുടെ പ്രതിഫലം കര്‍ത്താവിന്‍റെ പക്കലുണ്ട്; അത്യുന്നതന്‍ അവരെ പരിപാലിക്കുന്നു" (5:15).

ദൈവം നീതിമാനാകയാല്‍ നീതി ചെയ്ത് ജീവന്‍ നേടുകയാണ് യുക്തം. ആദിമനുഷ്യന്‍ പാപം ചെയ്ത് മരണത്തെ ദൈവം സൃഷ്ടിച്ച മനോഹരമായ പ്രപഞ്ചത്തിലേക്ക് സ്വാഗതം ചെയ്തു (1:12-13); മരണം ദൈവത്തിന്‍റെ സൃഷ്ടിയല്ല; ദൈവം ഏകനും നീതിമാനുമാണ്. ഏകദൈവമായ സൃഷ്ടാവിനെ അറിയുന്നതാണ്  യഥാര്‍ത്ഥ നീതി: "അങ്ങയെ അറിയുന്നതാണ് നീതിയുടെ പൂര്‍ണ്ണത; അങ്ങയുടെ ശക്തി അറിയുന്നതാണ് അമര്‍ത്യതയുടെ ആരംഭം" (15:3).

നീതിയും മരണാനന്തരജീവിതവും 

നീതിമാന് തീര്‍ച്ചയായും പ്രതിഫലം ലഭിക്കുമെന്നു ജ്ഞാനി  കരുതിയെങ്കിലും പല ജീവിതാനുഭവങ്ങളും ഈ തത്വം തെളിയിക്കുന്നതായിരുന്നില്ല. അതിനാല്‍ നീതിമാന് മരണശേഷവും പ്രതിഫലം നല്‍കാന്‍ കഴിവുള്ളവനാണ് നിത്യനായ ദൈവം എന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു (3:1). ജ്ഞാനിയുടെ ഈ ചിന്തയാണ് മരണശേഷം മനുഷ്യരെ അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് ദൈവം വിധിക്കുന്ന അന്ത്യവിധിയുണ്ടാകുമെന്നും (4:6, 20) നീതിമാന് നിത്യജീവന്‍ സമ്മാനമായി ലഭിക്കുമെന്നുമുള്ള  വിശ്വാസത്തിന് വ്യക്തത നല്കിയത് (4:7, 16,17).

മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം യഹൂദരുടെ ഇടയില്‍ വളരെ സാവധാനം വളര്‍ന്നുവന്ന ഒന്നാണ്. ക്രിസ്തുവിനുമുമ്പ് രണ്ടാംനൂറ്റാണ്ടില്‍ എഴുതപ്പെട്ട ദാനിയേലിന്‍റെ പുസ്തകത്തിലും (ദാനി 12:2-3) മക്കാബായക്കാരുടെ രണ്ടാം പുസ്തകത്തിലും (7:9) മാത്രമാണ്  പഴയനിയമത്തില്‍ ഈ ആശയം കാണുന്നത്. ഇസ്രായേലിന്‍റെ ബാബിലോണ്‍ പ്രവാസകാലത്ത് തന്‍റെ ജനത്തെ ദൈവം പുനരുദ്ധരിക്കും എന്നുകാണിക്കാന്‍ മരിച്ചവരുടെ ഉയിര്‍പ്പെന്ന ആശയം ഗ്രന്ഥകാരന്മാര്‍ ആലങ്കാരീകമായി ഉപയോഗിച്ചിരുന്നു എന്നത് സത്യമാണ് (ഉദാ: എസെ 37; ഹോസി 6:1-3); എന്നാല്‍ അതൊന്നും വ്യക്തിപരമായ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളായിരുന്നില്ല. കര്‍ത്താവിന്‍റെ ഭൗമികജീവിതകാലത്തുപോലും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം യഹൂദമതത്തിന്‍റെ അടിസ്ഥാന വിശ്വാസപ്രമാണമായിരുന്നില്ല: അക്കാലത്ത് ഫരിസേയര്‍ മരിച്ചവര്‍ക്ക്  പുനരുത്ഥാനമുണ്ടെന്ന് വിശ്വസിക്കുകയും സദുക്കായര്‍ അത് നിഷേധിക്കുകയും ചെയ്തിരുന്നു (മത്താ 12:18-27; 22:23-33; ലൂക്കാ 20:27-40; അപ്പ 23:6-10).

യഥാര്‍ത്ഥ ദൈവത്തെ അറിയുകയും അവന്‍റെ നിയമം പാലിക്കുകയുമാണ് നീതിയെന്ന് ഗ്രന്ഥകാരന്‍ അലക്സാണ്ട്രിയായിലെ ജനങ്ങളെ ഉപദേശിച്ചു. ദൈവം ഏകനാണെന്നും അത് ഇസ്രാ യേലിന്‍റെ ദൈവമാണെന്നും ആ ദൈവത്തിന്‍റെ ഹിതമനുസരിക്കുന്നതാണ്  നീതിയെന്നും ജ്ഞാനമെന്നുമുള്ള കാര്യങ്ങള്‍ ജ്ഞാനഗ്രന്ഥകാരന് ലഭിച്ചത് നിയമാവര്‍ത്തന പാരമ്പര്യത്തില്‍നിന്നും പ്രഭാഷകനില്‍ നിന്നുമാണെന്ന് പറയാന്‍ കഴിയും. പ്രഭാഷകന്‍റെ സവിശേ ഷതയായ പാരമ്പര്യത്തെയും ജ്ഞാനചിന്തകളെയും ഒരുമിച്ചു നിര്‍ത്താനുള്ള പരിശ്രമം ജ്ഞാനഗ്രന്ഥത്തിലും ദൃശ്യമാണ്. ഏകദൈവത്തിന്‍റെ ഹിതമനുസരിച്ച് നീതിമാന്മാരായി ജീവിക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് ഉത്തരം ഗ്രന്ഥകാരന്‍ നല്‍കുന്നുണ്ട്: നീതിമാന്മാരായി ജീവിക്കാന്‍ മനുഷ്യന്‍ കടപ്പെട്ടവനാണ്, കാരണം ഹ്രസ്വമായ അവന്‍റെ ജീവിതം ദൈവദാനമാണ്. ഈ ജീവിതത്തിനുശേഷം ദൈവത്തിന്‍റെ സന്നിധിയില്‍ ഒരന്ത്യവിധിയുണ്ടാകും (4:6, 20). ദൈവം അനീതി പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കുകയും (3:16) നീതിമാന്മാര്‍ക്ക് നിത്യജീവന്‍ നല്കുകയും ചെയ്യും (3:13; 4:7).

"നീതിമാന്മാര്‍ എന്നേയ്ക്കും ജീവിക്കും; അവരുടെ പ്രതിഫലം കര്‍ത്താവിന്‍റെ (ഏകദൈവത്തിന്‍റെ) പക്കലുണ്ട്; അത്യുന്നതന്‍ അവരെ പരിപാലിക്കും" (5:15). അതുകൊണ്ട് നീതി ചെയ്യുകയെന്നതാണ് ഈ ലോകത്തില്‍ കരണീയമായിട്ടുള്ളത്. നീതിയഭ്യസിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ദൈവീകശക്തിയാണ് ജ്ഞാനം. പുസ്തകത്തിന്‍റെ ഒന്നാം ഭാഗം അവസാനിക്കുന്നത് നീതി പാലിക്കാന്‍ അത്യന്താപേക്ഷിതമായ ജ്ഞാനത്തെ ഭൂപാലകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു കൊണ്ടാണ്: "ഏകാധിപതികളേ നിങ്ങളോടാണ് ഞാന്‍ പറയുന്നത് ജ്ഞാനം അഭ്യസിക്കുവിന്‍; വഴി തെറ്റി പോകരുത് . " (6:9-11). ഈ ആഹ്വാനത്തിന്ശേഷം ജ്ഞാനത്തോട് കേള്‍വിക്കാരനില്‍  ആഭിമുഖ്യമുണര്‍ത്താന്‍ പര്യാപ്തമായ വിധത്തില്‍ ജ്ഞാനം സ്വന്തമാക്കിയാലുണ്ടാകുന്ന ഫലങ്ങളെക്കുറിച്ച് ഗ്രന്ഥകാരന്‍ വിവരിക്കുന്നു (6:12-21).

രണ്ടാം ഭാഗം (6:22-9:18)

ഗ്രന്ഥത്തിന്‍റെ രണ്ടാംഭാഗത്ത് ഗ്രന്ഥകര്‍ത്താവ് ജ്ഞാനത്തെ മാനവീകരിക്കുകയും, ജ്ഞാനമെന്തെന്നു വ്യാഖ്യാനിക്കുകയും, അതു ലഭിക്കാന്‍ എന്തു ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു.

ഒന്നാം നൂറ്റാണ്ടിലെഴുതപ്പെട്ടെന്നു കരുതപ്പെടുന്ന ഈ ഗ്രന്ഥം ഫൈലോയോ, അദ്ദേഹത്തിന്‍റെ സമകാലികരോ, ആ നൂറ്റാണ്ടിലെ മറ്റേതെങ്കിലും ചിന്തകനോ രചിച്ചതായിക്കരുതാം. യഹൂദമതവിശ്വാസിയായിരുന്ന ഗ്രന്ഥകര്‍ത്താവ് തന്‍റെ വിശ്വാസപാരമ്പര്യത്തില്‍ ജ്ഞാനത്തെ മാനവീകരിച്ചിരിക്കുന്നതായിക്കണ്ടിരുന്നു (സുഭാ 8:22-36; ജോബ് 28:12-28; പ്രഭാ 24). എന്നാല്‍ ഈ ജ്ഞാനം ആരാണെന്ന് വ്യക്തമായ ഒരു ധാരണകൊടുക്കാന്‍ ഗുരുക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നുവേണം കരുതാന്‍. ഏക ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ സഹചാരിയെന്നു പറയപ്പെടുന്ന ജ്ഞാനമാരാണ് എന്നചോദ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ജ്ഞാനഗ്രന്ഥം നല്കുന്നതെന്നു പറയാം.

ഗ്രന്ഥത്തിന്‍റെ മധ്യഭാഗത്ത് തന്‍റെ ലക്ഷ്യം എന്താണെന്ന് വിശദീകരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഇപ്രകാരം പറയുന്നുണ്ട്: "ജ്ഞാനമെന്തെന്നും എങ്ങനെയുണ്ടായെന്നും പറയാം; ഒന്നും ഞാനൊളിച്ചു വയ്ക്കുകയില്ല; സൃഷ്ടിയുടെ ആരംഭം മുതലുള്ള അവളുടെ ഗതി ഞാന്‍ വരച്ചുകാട്ടാം; അവളെക്കുറിച്ചുള്ള അറിവ് ഞാന്‍ പകര്‍ന്നുതരാം" (6:22). തുടര്‍ന്നുവരുന്ന വാക്യങ്ങളില്‍ ജ്ഞാനമാരാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയാണദ്ദേഹം.

ജ്ഞാനത്തെ ഒരു വ്യക്തിയായിക്കാണുന്ന കാര്യത്തില്‍ സുഭാഷിതങ്ങളുടെയും (8:22-26) പ്രഭാഷകന്‍റെയും (24:1-22) പാരമ്പര്യം ഗ്രന്ഥകാരന്‍ തുടരുക മാത്രമാണ് ചെയ്യുന്നത്. ജ്ഞാനത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമായി ഗ്രന്ഥകാരനു പറയാനുള്ളത് ജ്ഞാനത്തിന്‍റെ 21 ഗുണഗണങ്ങളെ പറ്റിയാണ്. ഇവയില്‍ മിക്കവയും യവനസംസ്ക്കാരത്തിന്‍റെയും തത്വചിന്തയുടെയും പശ്ചാത്തലത്തിലെ ആശയങ്ങളാണ്: "അവളുടെ (ജ്ഞാനത്തിന്‍റെ) ചൈതന്യം 1. വിവേകമുള്ളതും,  2. വിശുദ്ധവും, 3. അതുല്യവും, 4. ബഹുമുഖവും, 5. സൂക്ഷമവും, 6. ചലനാത്മകവും, 7. സ്പഷ്ടവും, 8. നിര്‍മ്മലവും, 9. വ്യതിരിക്തവും, 10. ക്ഷതമേല്‍പ്പിക്കാത്തതും, 11. നന്മയെ സ്നേഹിക്കുന്നതും, 12. തീക്ഷ്ണവും,  13. അപ്രതിരോധ്യവും, 14. ഉപകാരപ്രദവും, 15. ആര്‍ദ്രവും, 16. സ്ഥിരവും, 17. ഭദ്രവും, 18. ഉത്കണ്ഠയില്‍നിന്ന് മുക്തവും,  19. സര്‍വ്വശക്തവും, 20. സകലതും നിയന്ത്രിക്കുന്നതും, 21. ബുദ്ധിയും നൈര്‍മ്മല്യവും സൂക്ഷ്മതയുമുള്ള ചേതനയിലേക്ക് ചൂഴ്ന്നിറങ്ങുന്നതുമാണ്" (7:23). 21 .

ജ്ഞാനത്തില്‍ ആരോപിക്കപ്പെടുന്ന ഓരോ സ്വഭാവഗുണവും ദൈവത്തിന്‍റെ സ്വഭാവഗുണങ്ങളാണെന്ന് പറയാന്‍  കഴിയും. അവയെല്ലാം ദൈവത്തില്‍ നിന്നുടലെടുക്കുന്നതാണ്. അതുകൊണ്ട് ഗ്രന്ഥകാരന്‍ തുടര്‍ന്നുപറയുന്നതിപ്രകാരമാണ്: തന്‍റെ നിര്‍മ്മലതയില്‍ എല്ലാറ്റിലും വ്യാപിക്കുകയും, തന്‍റെ വിവേകത്തില്‍ എല്ലാമറിയുകയും ചെയ്യുന്ന ജ്ഞാനം (7:24) ദൈവത്തിന്‍റെ ശക്തിയുടെ ശ്വാസവും സര്‍വ്വശക്തന്‍റെ മഹത്വത്തിന്‍റെ ശുദ്ധമായ നിസ്സരണവുമാണ് (7:25). എല്ലാ ഗുണഗണങ്ങളുടെയും ശക്തിയുടെയും മഹത്ത്വത്തിന്‍റെയും ഉറവിടമായ ദൈവത്തില്‍നിന്ന് പ്രപഞ്ചത്തിലേക്ക് കവിഞ്ഞൊഴുകുന്ന ദൈവത്തിന്‍റെ ശക്തിയും മഹത്വവുമാണ് ജ്ഞാനം (7:25). അപ്രകാരം പ്രപഞ്ചത്തിലേക്ക് പ്രവഹിക്കുന്ന ദൈവികശക്തിയും മഹത്വവുമാകയാല്‍ ഭൗതികപ്രപഞ്ചത്തിനും അഗ്രാഹ്യനായ ദൈവത്തിനുമിടയില്‍ ഒരു മധ്യവര്‍ത്തിയായി ജ്ഞാനം മാറുന്നു (യവനതത്ത്വശാസ്ത്രത്തിലെ ലോഗോസിനെപ്പോലെ).

ഫൈലോയുടെ ചിന്തകളില്‍ക്കണ്ടതിനു സമാനമായി ജ്ഞാനഗ്രന്ഥത്തില്‍ ജ്ഞാനത്തെ ദൈവത്തിന്‍റെ പ്രതിഛായയായാണ് ഗ്രന്ഥകാരന്‍ കാണുന്നത്. ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ കണ്ണാടിയാണ് ജ്ഞാനം; അവന്‍റെ നന്മകളുടെ പ്രതിരൂപമാണത് (7:26). അദൃശ്യനായ ദൈവത്തെ മനുഷ്യന് ദൃശ്യമാക്കുന്ന ദൈവഛായയാണത്. അദൃശ്യനായ ദൈവത്തെയറിയാന്‍ അവന്‍റെ പ്രതിഛായയായ ജ്ഞാനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളു എന്നതാണ് സത്യം. കാരണം അപരിമേയനായ ദൈവം തന്നെക്കുറിച്ച് മനുഷ്യന് വെളിപ്പെടുത്താനാഗ്രഹിച്ചുകൊണ്ട് പ്രപഞ്ചത്തില്‍ നിക്ഷേപിച്ചിരിക്കുന്ന അവിടുത്തെ പ്രതിഛായയാണത്.

ലോകം മുഴുവന്‍ മൂടല്‍മഞ്ഞുപോലെ വ്യാപിക്കുന്ന ദൈവത്തിന്‍റെ ഈ പ്രതിഛായയില്‍ (പ്രഭാ 24:3) അശുദ്ധമായ ഒന്നിനും പ്രവേശനമില്ല (ജ്ഞാനം 7:25). ജ്ഞാനം ഏകയാണെങ്കിലും എല്ലാം അവള്‍ക്ക് സാധ്യമാണ്. സ്വയം മാറ്റത്തിന് വിധേയയാകാതെ അവള്‍ സര്‍വ്വതും നവീകരിക്കുന്നു (7:27). പ്രപഞ്ചത്തില്‍ പ്രവര്‍ത്തനനിരതമായ ദൈവികശക്തിയാണ് ജ്ഞാനമെന്ന് സാരം. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, അദൃശ്യനും അപരിമേയനും പ്രപഞ്ചത്തിന് ഉള്‍കൊള്ളാന്‍ കഴിയാത്തവനുമായ ദൈവം ദൃശ്യവും പരിമിതവുമായ ഈ പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നത് തന്‍റെ ജ്ഞാനം വഴിയാണ്. പ്രപഞ്ചത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിരിക്കുന്ന ജ്ഞാനം ഓരോ തലമുറയിലുമുള്ള വിശുദ്ധ ചേതനകളില്‍ പ്രവേശിക്കുകയും അവരെ ദൈവമിത്രങ്ങളും പ്രവാചകന്‍മാരുമാക്കുകയും ചെയ്യുന്നു (7:27).

ജ്ഞാനം മനുഷ്യനില്‍ വന്നാല്‍ മാത്രമേ അവന് ദൈവത്തിന്‍റെ മിത്രമാകാന്‍ കഴിയുകയുള്ളു. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല എന്ന് ഗ്രന്ഥകര്‍ത്താവ് ഇതിനുമുമ്പ് പറഞ്ഞുകഴിഞ്ഞിരിക്കുന്നു (7:25). ചുരുക്കിപ്പറഞ്ഞാല്‍ ജ്ഞാനം ദൈവത്തില്‍നിന്ന് പ്രപഞ്ചത്തിലേക്ക് കവിഞ്ഞൊഴുകുന്ന ശക്തിമാത്രമല്ല അത് വിശുദ്ധരായ മനുഷ്യരില്‍ നിറയുകയും അവരെ ദൈവമിത്രങ്ങളാക്കുകയും ചെയ്യുന്ന ശക്തികൂടിയാണ്. ജ്ഞാനമെന്നത് ഇസ്രായേലിന്‍റെ പാരമ്പര്യത്തില്‍ പ്രപഞ്ചത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രമമാണെന്ന് നാം കണ്ടുകഴിഞ്ഞതാണ്. ഈ ആശയം ജ്ഞാനഗ്രന്ഥകാരനാണ് വ്യക്തമായി പ്രസ്താവിക്കുന്നത്: "ഭൂമിയില്‍ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ജ്ഞാനം സ്വാധീനം ചെലുത്തുന്നു; അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു" (8:1). ജ്ഞാനഗ്രന്ഥകാരന്‍ ഈ പ്രസ്താവനയ്ക്ക് താത്വികമായ അടിത്തറ നല്‍കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത. ജ്ഞാനം ദൈവത്തോടൊത്താണ് ജീവിക്കുന്നത്: "ദൈവത്തോടൊത്ത് ജീവിച്ച് തന്‍റെ കുലീന ജന്മം അവള്‍ മഹത്വപ്പെടുത്തുന്നു" (8:3). തന്നോടൊത്ത് ജീവിക്കുകയും പ്രപഞ്ചത്തില്‍ തന്‍റെ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന ജ്ഞാനത്തെ ദൈവം സ്നേഹിക്കുന്നു (7:28).

ജ്ഞാനത്തെക്കുറിച്ചുള്ള അവ്യക്തമായ പരമ്പരാഗത കാഴ്ച്ചപ്പാടുകളെ യവനതത്വശാസ്ത്രത്തിന്‍റെ സഹായത്തോടെ കൂടുതല്‍ വ്യക്തമായി വിശദീകരിച്ചുകൊണ്ട് ജ്ഞാനം ദൈവത്തില്‍നിന്ന് നിര്‍ഗ്ഗളിക്കുന്ന ശക്തിയാണെന്നും, അത് അവന്‍റെ പ്രതിഛായയാണെന്നും, ജ്ഞാനം സ്വന്തമാക്കിക്കൊണ്ടും, ഈ ശക്തിയാല്‍ നയിക്കപ്പെട്ടും മാത്രമേ മനുഷ്യനു ദൈവത്തിലെത്തിച്ചേരാന്‍ കഴിയുകയുള്ളുവെന്നും ഗ്രന്ഥകാരന്‍ പഠിപ്പിച്ചു. ദൈവഹിതമറിയാന്‍    ജ്ഞാനം കൂടിയേതീരൂ (9:17). അദൃശ്യനായ ദൈവത്തിനും ഭൗമികനായ മനുഷ്യനുമിടയിലെ മദ്ധ്യവര്‍ത്തിയാണു ജ്ഞാനം; എല്ലാ സൃഷ്ടവസ്തുക്കളിലും കുടികൊള്ളുന്ന ദൈവിക ചൈതന്യത്തിന്‍റെ ആദ്യപടി അവളാണ്; അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ കൂട്ടാളിയാണവള്‍" (8:4).

ഗുരുക്കന്മാര്‍ അടിസ്ഥാനപരമായി അന്വേഷിച്ചത് പ്രപഞ്ചത്തിലൂടെയും സംഭവങ്ങളിലൂടെയും അനുദിന ജീവിതാനുഭവങ്ങളിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തെയാണെന്ന് ഈ ചര്‍ച്ചയുടെ ആരംഭത്തില്‍ നാം കണ്ടതാണ്. ഇപ്രകാരം സ്രഷ്ടപ്രപഞ്ചത്തിലൂടെ വെളിപ്പെടുത്തുന്ന ദൈവത്തെ കണ്ടെത്താനാഗ്രഹിക്കുന്നവരോട് ജ്ഞാനിയ്ക്ക് പറയാനുള്ളതിതാണ്: അപരിമേയനും അദൃശ്യനുമായ (9:17) ദൈവത്തെ അറിയണമെന്ന് നിനക്കാഗ്രഹമുണ്ടോ, എങ്കില്‍ നീ ആദ്യം അവന്‍റെ പ്രതിഛായയും അവന്‍റെ ശക്തിയുമായ ജ്ഞാനത്തെ അറിയുകയും ആ ശക്തിയാല്‍ നിറയുകയും അതിനായി നിന്നെത്തന്നെ സ്വയം വിശുദ്ധീകരിക്കുകയും വേണം. ദൈവികമായ ക്രമം - ശക്തി - മനുഷ്യനില്‍ നിറയുമ്പോഴാണ് അവന് ദൈവത്തെ കാണാന്‍ കഴിയുക.

ജ്ഞാനം സ്വന്തമാക്കാന്‍ എന്തുചെയ്യണം?

ദൈവത്തെ അറിയാന്‍ ജ്ഞാനം സ്വന്തമാക്കണം. ജ്ഞാനം സ്വന്തമാക്കാന്‍ ഏറ്റവുമാദ്യം ചെയ്യേണ്ടത് ദൈവദാനമായ ജ്ഞാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്: "ഞാന്‍ പ്രാര്‍ത്ഥിച്ചു; എനിക്ക് വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു ജ്ഞാന ചൈതന്യം എനിക്ക് ലഭിച്ചു" (7:7). മറ്റ് ജ്ഞാനഗ്രന്ഥങ്ങളെക്കാളുപരി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പഠിപ്പിക്കുന്നത് ജ്ഞാനഗ്രന്ഥകാരനാണ്. ജ്ഞാനമെന്തെന്ന് വിശദമാക്കാം എന്നു പറഞ്ഞതിനുശേഷം (6:22-25) മാനവീകരിച്ച ജ്ഞാനത്തെ (7:22-8:21) ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് ഇസ്രായേലിലെ ഏറ്റവും വലിയ ജ്ഞാനിയായ സോളമന്‍റെതെന്ന് തോന്നിക്കുന്ന രണ്ട് പ്രാര്‍ത്ഥനകള്‍ക്കിടയിലാണ് (7:1-21; 9:1-18). ജ്ഞാനത്തിന്‍റെ ഉറവിടവും, അതിന്‍റെ ദാതാവും ദൈവമാകയാല്‍ ജ്ഞാനത്തിനുവേണ്ടി മനുഷ്യന്‍ പ്രാര്‍ത്ഥിക്കണം.

 ദൈവം നല്‍കുന്നില്ലെങ്കില്‍ ആര്‍ക്കും ജ്ഞാനം സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ഗ്രന്ഥകാരന്‍ പറയുന്നു: "ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്ഞാനമെനിക്ക് ലഭിക്കുകയില്ലെന്ന് ഞാനറിഞ്ഞു. ആരുടെ ദാനമാണ് അവള്‍ എന്നറിയുന്നത് ഉള്‍ക്കാഴ്ചയുടെ ലക്ഷണമാണ്..." (8:21). "കാരണം ദൈവശാസനകള്‍ ആര്‍ക്ക് ഗ്രഹിക്കാനാകും? കര്‍ത്താവിന്‍റെ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും? മര്‍ത്യരുടെ ആലോചന നിസ്സാരമാണ്. ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടും. നശ്വരജീവിതം ആത്മാവിന് ദുര്‍വഹമാണ്. ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്സിനെ ഞെരുക്കുന്നു.  ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അദ്ധ്വാനിച്ചുവേണം കണ്ടെത്താന്‍. പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്ന് നല്‍കിയില്ലെങ്കില്‍ അങ്ങയുടെ ഹിതം ആരറിയും! ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി; അങ്ങേയ്ക്ക് പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു; അവര്‍ രക്ഷപ്പെടുകയും ചെയ്തു" (9:13-18).

ജ്ഞാനം കടന്നുവരേണ്ടത് മനുഷ്യരിലാകയാല്‍ വിശുദ്ധയായ അവളെ സ്വീകരിക്കാന്‍ ഓരോരുത്തരും സ്വയം വിശുദ്ധീകരിക്കുകയും (7:27) പാപത്തില്‍നിന്ന് അകന്നിരിക്കുകയും ചെയ്യണം (12:3-27); ജ്ഞാനം ലഭിക്കാന്‍ മനുഷ്യന്‍ പ്രയത്നിക്കുന്നത് അവളെ സ്നേഹിച്ചുകൊണ്ടായിരിക്കണം (7:10). ജ്ഞാനം സ്വന്തമാക്കിക്കൊണ്ടു മാത്രമേ ദൈവഹിതം മനസ്സിലാക്കാനും (9:17) അങ്ങനെ ദൈവത്തിലെത്തിച്ചേരാനും ഭൗമികനായ മനുഷ്യന് കഴിയുകയുള്ളു.

ജ്ഞാനവും മരണാനന്തരജീവിതവും

ദൈവം തന്‍റെ ജ്ഞാനത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യമനസ്സില്‍ ജ്ഞാനം കുടികൊള്ളുന്നുണ്ട്. ദൈവവും ജ്ഞാനവും അനന്തമാണ്. അങ്ങനെയെങ്കില്‍ ജ്ഞാനം കുടികൊള്ളുന്ന (സ്വന്തമാക്കുന്ന) മനുഷ്യനും അനന്തതയ്ക്കായി സൃഷ്ടിക്കപ്പെട്ടവനാണ്: "അവളുടെ (ജ്ഞാനത്തിന്‍റെ)  നിയമങ്ങള്‍ പാലിക്കലാണ് അവളോടുള്ള സ്നേഹം. അവളുടെ നിയമത്തിലുള്ള ശ്രദ്ധ അമര്‍ത്യതയുടെ വാഗ്ദാനമാണ്. അമര്‍ത്യത മനുഷ്യനെ ദൈവത്തിലേക്കടുപ്പിക്കുന്നു" (6:18-19); "ദൈവം മനുഷ്യനെ അനന്തതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്‍റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു; പിശാചിന്‍റെ അസൂയ നിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു; അവന്‍റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു" (2:23-24) എന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.

മൂന്നാം ഭാഗം (10:1-19:22)

മൂന്നാംഭാഗത്ത് ജ്ഞാനം എങ്ങനെ മനുഷ്യചരിത്രത്തെ സ്വാധീനിക്കുകയും നയിക്കുകയും ചെയ്തുവെന്ന് പഞ്ചഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ വ്യാഖ്യാനിക്കുന്നു. ലോകസൃഷ്ടിയിലും, പൂര്‍വ്വ പിതാക്കന്മാരിലൂടെയും, ഈജിപ്തില്‍നിന്നുള്ള വിമോചനത്തിലും ജ്ഞാനമാണ് പ്രവര്‍ത്തനനിരതമായിരിക്കുകയും മാനവചരിത്രത്തെ നയിക്കുകയും ചെയ്തത് എന്നിവിടെ പ്രഖ്യാപിക്കുന്നു. ആരംഭം മുതലുള്ള ചരിത്രം അവലോകനം ചെയ്തിട്ട് ദൈവത്താല്‍ രക്ഷിക്കപ്പെട്ടവരെല്ലാം (നോഹ, അബ്രഹാം, യാക്കോബ്, ജോസഫ്, മോശ, ഇസ്രായേല്‍ ജനം) ജ്ഞാനത്താലാണ് രക്ഷിക്കപ്പെട്ടത് എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ദൈവത്താല്‍ നശിപ്പിക്കപ്പെട്ടവര്‍ അനുതപിക്കാത്തവരും ഏകദൈവത്തെ അറിയാത്തവരും വിഗ്രഹാരാധകരുമായിരുന്നു.

ദൈവം എല്ലാ ജനതകളോടും കരുണ കാണിക്കുന്നവനാണ്

ചരിത്രത്തില്‍നിന്ന് വെളിവാകുന്ന മറ്റൊരുകാര്യം ദൈവം കരുണാമയനാണെന്നുള്ളതാണ്. അവന്‍ ശിക്ഷിക്കുന്നത് മനുഷ്യരെ അനുതാപത്തിലേയ്ക്ക് നയിക്കാനാണ് (12:10, 19, 22, 26). 'അനുതപിക്കുക,' 'ദൈവത്തിലേയ്ക്ക് തിരിയുക' എന്ന സന്ദേശം ഗ്രന്ഥകാരന്‍ തുടര്‍ച്ചയായി നല്‍കുന്നുണ്ട്: "മനുഷ്യന്‍ പശ്ചാത്തപിക്കേണ്ടതിന് അവിടുന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു; എല്ലാറ്റിനേയും അങ്ങ് സ്നേഹിക്കുന്നു; അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല" (11:23-24); വാഗ്ദത്തദേശത്തെ ആദിവാസികള്‍ വിഗ്രഹാരാധകരായിരുന്നിട്ടുകൂടി ദൈവം അവരോട് കരുണ കാണിച്ചു (12:3-8): "അവരുടെ ജനനം തിന്മയിലാണെന്നും ദുഷ്ടത അവര്‍ക്ക് ജന്മസിദ്ധമെന്നും, അവരുടെ ചിന്താഗതിക്കു മാറ്റമില്ലെന്നും അറിഞ്ഞിട്ടും അവരെയങ്ങ് പടിപടിയായി ശിക്ഷിച്ച് അനുതപിക്കാന്‍ അവര്‍ക്ക് അവസരം നല്‍കി" (12:10).

ദൈവത്തിന്‍റെ ഈ മനോഭാവം മനസ്സിലാക്കാതെ അവന്‍റെ പ്രവൃത്തികളെ അവഗണിക്കുന്നവന്‍ ശിക്ഷയനുഭവിക്കും: "ലഘുശിക്ഷകളുടെ താക്കീത് ഗൗനിക്കാത്തവര്‍ ദൈവം നല്‍കുന്ന അര്‍ഹമായ ശിക്ഷയനുഭവിക്കും" (12:26). ഈ വചനത്തിലൂടെ വിജാതിയരെ നീതിപ്രവര്‍ത്തിക്കാനും യഹൂദരെ തങ്ങളുടെ വിശ്വാസത്തിലുറച്ചുനിന്നുകൊണ്ട് പ്രശ്നങ്ങളെ അതിജീവിക്കാനും ഗ്രന്ഥകര്‍ത്താവ് ആഹ്വാനം ചെയ്യുന്നു. ദൈവം നല്‍കുന്ന താക്കീതുകള്‍ അനുസരിക്കാത്ത പീഡകര്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.

വിഗ്രഹാരാധന ഏറ്റവും വലിയപാപം

ഏകദൈവത്തെയും അവന്‍റെ ജ്ഞാനത്തെയും അറിയുന്നതിന്  വിഘാതമായി നില്‍ക്കുന്ന ഏറ്റവും വലിയപാപം വിഗ്രഹാരാധനയാണ്. വിഗ്രഹാരാധന നിമിത്തമാണ് കാനാന്‍കാര്‍ക്ക് ദേശം നഷ്ടപ്പെട്ടതും (12:3-6) ഈജിപ്തുകാര്‍ക്ക് ഇസ്രായേലിനുമുമ്പില്‍ പരാജയം സമ്മതിക്കേണ്ടിവന്നതും (10:20; 12:2-7). സത്യദൈവത്തെഅറിയാത്തവര്‍ സ്വതേ ഭോഷന്മാരാണ് എന്ന് പ്രസ്ഥാവിച്ചതിനുശേഷം വിഗ്രഹാരാധനയുടെ ഭോഷത്തത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് ദീര്‍ഘമായി  സംസാരിക്കുന്നുണ്ട്. പ്രപഞ്ചത്തിലേയ്ക്ക് നോക്കി  സ്രഷ്ടവസ്തുക്കളുടെ മാഹാത്മ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ അവയുടെ സ്രഷ്ടാവില്‍ എത്തിച്ചേരാന്‍ കഴിയും എന്ന് ജ്ഞാനി കരുതുന്നു (13:1 -9). ഇതിന് കഴിയാത്തവരാണ് ഭോഷന്മാര്‍; അവര്‍ സത്യദൈവത്തെ അന്വേഷിക്കുന്നതിന് പകരം തങ്ങള്‍ക്കിഷ്ടമുള്ള വിഗ്രഹങ്ങളുണ്ടാക്കി അവയെ ദൈവത്തിന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു; അതിനുശേഷം ജീവനില്ലാത്ത ആ വസ്തുക്കളോട് അവര്‍ പ്രാര്‍ത്ഥിക്കുന്നു (13:10; 14:11).

നീതിമാനായ സത്യദൈവത്തെ അറിയാത്തതിനാല്‍ ദൈവത്തിന്‍റെ സ്ഥാനത്തു സ്വയം നിര്‍മ്മിച്ച വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ട് തങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവരുടെ തിന്മകളെ നോക്കി ഗ്രന്ഥകര്‍ത്താവ് പറയുന്നതിങ്ങനെയാണ:് "വിഗ്രഹനിര്‍മ്മാണ ചിന്തയാണ് അവിശ്വസ്ഥതയുടെ ആരംഭം; അവയുടെ കണ്ടുപിടുത്തമാണ് ജീവിതത്തെ ദുഷിപ്പിച്ചത്"  (14:12). കാരണം മനുഷ്യന്‍ പ്രപഞ്ചത്തിലെ വലിയകാര്യങ്ങള്‍ ദര്‍ശിച്ച് അവയുടെ സ്രഷ്ടാവിലേയ്ക്ക് തിരിയുകയും, അവന്‍റെ ഹിതം (ജ്ഞാനം) അന്വേഷിക്കുകയും ചെയ്യുന്നതിനുപകരം തനിക്കിഷ്ടമുള്ള വിഗ്രഹമുണ്ടാക്കി സ്രഷ്ടാവിന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചതിനുശേഷം തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.

വിഗ്രഹാരാധനയെക്കുറിച്ച് ഇത്രയും പൊതുവായി പറഞ്ഞതിനു ശേഷം വിഗ്രഹാരാധന എങ്ങനെ ഉടലെടുത്തു എന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു (14:12-15:18). രണ്ട് ഉത്ഭവകാരണങ്ങളാണ്  അദ്ദേഹം കാണുന്നത്. ഒന്ന്: "അകാലത്തില്‍ പുത്രന്‍ മരിച്ച ദു:ഖം ഗ്രസിച്ച അവന്‍റെ പിതാവ് തന്നില്‍നിന്നപഹരിക്കപ്പെട്ട മകന്‍റെ പ്രതിമയുണ്ടാക്കി" (14:15). അവന്‍ നിരന്തരം ബഹുമാനിച്ചുപോന്ന പ്രതിമ അവന്‍റെ പിന്‍ഗാമികളുടെ വണക്കത്തിനര്‍ഹമാകുകയായിരുന്നു. സാവധാനം ഈ വിഗ്രഹത്തെചുറ്റിപ്പറ്റിയുള്ള ആരാധനാരീതികളും ഉടലെടുത്തു (14:17-21). അതുപോലെ തന്നെ വിദൂരസ്ഥനായ ഭരണാധികാരിയെ സമീപസ്ഥനാക്കാന്‍ ശില്പി രാജാവിന്‍റെ പ്രതിമയുണ്ടാക്കി (14:17). രാജാവിനോടുള്ള ബഹുമാനം അവന്‍ പ്രതിമയോടുകാണിച്ചു തുടങ്ങി. തുടര്‍ന്ന് ഈ പ്രതിമ എല്ലാവരാലും വണങ്ങപ്പെടാന്‍ അവന്‍ കരുക്കള്‍ നീക്കുകയായിരുന്നു (14:17-21). ഈ വിധത്തില്‍ വിദൂരസ്ഥരായ ഭരണാധികാരികളെക്കുറിച്ചുള്ള ചിന്തയും വിഗ്രഹാരാധനയെ സമാധാനമെന്നു വിളിക്കുന്നുവെന്ന കുറ്റപ്പെടുത്തലും (14:22) റോമന്‍ ഭരണത്തിന്‍ കീഴില്‍ പീഡസഹിക്കേണ്ടിവന്ന ഇസ്രായേലിന്‍റെ ജീവിത പശ്ചാത്തലത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നു നാം കണ്ടു. വിഗ്രഹാരധനയെക്കുറിച്ചുള്ള ചിന്തയുടെ ആദ്യഭാഗം അവസാനിക്കുന്നത് വിഗ്രഹാരാധനയെ ദ്വേഷിക്കുകയും സത്യദൈവത്തെ അറിയുകയെന്നത് അമര്‍ത്യതയുടെ ആരംഭമാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു പ്രാര്‍ത്ഥനയോടുംകൂടിയാണ് (15:1 -6): വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയോ ആഗ്രഹിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നവര്‍ തിന്മയുടെ കമിതാക്കളാണെ ന്നിവിടെ പറഞ്ഞു വയ്ക്കുന്നു.

വിഗ്രഹാരാധനയെക്കുറിച്ചുള്ള ചര്‍ച്ചയുടെ രണ്ടാം ഭാഗം (15:7-18)  തുടങ്ങുന്നത് കളിമണ്‍വിഗ്രഹ നിര്‍മ്മാണത്തെപ്പറ്റിയുള്ള ചര്‍ച്ച ചെയ്തുകൊണ്ടാണ്: ജഡപദാര്‍ത്ഥങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത് പാപമാണെന്ന് വിഗ്രഹനിര്‍മ്മാതാക്കള്‍ അറിയുന്നില്ല (15:13); വിഗ്രഹാരാധകരല്ലാത്ത ദൈവജനത്തെ പീഡിപ്പിക്കുന്നവര്‍ ബുദ്ധിഹീനരും ശോചനീയാവസ്ഥയിലുള്ളവരുമാണ് (15:14); ദൈവജനത്തിന്‍റെ ശത്രുക്കള്‍ ദുഷ്ടജന്തുക്കളെപ്പോലും ആരാധിക്കുന്നു (15:18).

ദൈവജനത്തിന്‍റെ ശത്രുക്കളുടെ ശോചനീയാവസ്ഥയെന്തെന്ന്  പറഞ്ഞതിനുശേഷം ഈജിപ്തില്‍നിന്നുള്ള പുറപ്പാടില്‍ ദൈവം എങ്ങനെ തന്‍റെ ജനത്തിന്‍റെ ശത്രുക്കളെ തകര്‍ത്തുകളഞ്ഞു എന്ന വിചിന്തനമാണ് ഗ്രന്ഥത്തിന്‍റെ അവസാനംവരെ നടത്തുന്നത് (16-19). ഈ അനുഭവം വിശ്വാസത്തിന്‍റെ പേരില്‍ ഈജിപ്തില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് പ്രചോദനമാകണം. വിഗ്രഹാരാധനയാണ് അന്ന് ഫറവോയെയും അവന്‍റെ ആളുകളേയും ശിക്ഷിക്കാന്‍ കാരണമായതെങ്കില്‍ ഇന്ന് വിഗ്രഹാരാധനയിലേര്‍പ്പെട്ടിരിക്കുന്ന ഭരണാധികാരികള്‍ക്കും അതുതന്നെ സംഭവിക്കുമെന്നര്‍ത്ഥം.

ഇപ്രകാരം ഗ്രന്ഥകാരന്‍ വിശ്വാസികളെ പീഡകളുടെ മധ്യേയും സത്യദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ പ്രേരിപ്പിച്ചു: "കര്‍ത്താവേ സ്വജനത്തെ അങ്ങ് എല്ലാറ്റിലും ഉയര്‍ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തു... അവരെ തുണയ്ക്കാന്‍ അങ്ങ് മടിച്ചില്ല" (19:22) എന്ന പ്രാര്‍ത്ഥനയോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്.

പ്രപഞ്ചത്തിലേക്ക് കണ്ണുതുറന്ന് നോക്കുകയും അവിടെ വെളിവാകുന്ന ദൈവത്തിന്‍റെ അത്ഭുതകരമായ പ്രവൃത്തികള്‍ കാണുകയും അങ്ങനെ പ്രപഞ്ചസൃഷ്ടാവിനെക്കുറിച്ചും അവന്‍റെ നിയമങ്ങളെക്കുറിച്ചും അറിയുകയും ചെയ്യുകയാണ്  ഒരു ജ്ഞാനിയുടെ ദൗത്യമെന്ന് ഈ ഗ്രന്ഥത്തിന്‍റെ ആരംഭത്തില്‍ നാം കണ്ടുകഴിഞ്ഞതാണ്. ഈ ആശയം കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കുകയാണ് ജ്ഞാനഗ്രന്ഥകാരന്‍: "സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്‍റെ ശക്തി സൗന്ദര്യങ്ങളെക്കുറിച്ചറിയാം" (13:5) എന്നദ്ദേഹം പറയുന്നു. മനുഷ്യന്‍റെ  ദൈവാന്വേഷണ പ്രക്രിയയില്‍ ഏറ്റവും പ്രതിബന്ധമായിനിന്നത് വിഗ്രഹങ്ങളാണ്. കാരണം ദൈവത്തിന്‍റെ പ്രവൃത്തികള്‍ വിഗ്രഹാരാധകര്‍ തങ്ങളുടെ വിഗ്രഹങ്ങളില്‍ ആരോപിക്കുകയും സത്യദൈവത്തെ അവഗണിക്കുകയും ചെയ്തു. മനുഷ്യന്‍റെ ദൈവത്തിലേക്കുള്ള യാത്രയില്‍ ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത് അവന്‍റെ തന്നെ കൈവേലയായ വിഗ്രഹമാണ്. അതുകൊണ്ടാണ് ജ്ഞാനഗ്രന്ഥകാരന്‍ ഈ വിഷയം ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നതും.                 

ജ്ഞാനഗ്രന്ഥവും പുതിയ നിയമവും

പഴയനിയമത്തിലെ ഏറ്റവും അവസാനം രചിക്കപ്പെട്ട ഗ്രന്ഥമെന്ന നിലയിലും കൂടുതല്‍ വളര്‍ന്നതും പുതിയനിയമത്തോടടുത്ത് നില്‍ക്കുന്നതുമായ വൈദ്യശാസ്ത്രമുള്‍ക്കൊള്ളുന്നതിനാലും ജ്ഞാനഗ്രന്ഥം പഴയനിയമത്തെയും പുതിയനിയമത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്ന് പറയാന്‍ കഴിയും. ജ്ഞാനപാരമ്പര്യത്തിലെ ഏറ്റവും വളര്‍ച്ച പ്രാപിച്ചതും പൂര്‍ണ്ണവുമായ ഒരു ദൈവശാസ്ത്രവീക്ഷണം ഈ ഗ്രന്ഥത്തിലുണ്ട്.

പ്രപഞ്ചത്തെ ധ്യാനിച്ചുകൊണ്ട് ദൈവത്തെക്കണ്ടെത്താന്‍ ശ്രമിച്ച വിശ്വാസിയായ ജ്ഞാനി പുതിയനിയമത്തിലെ ഏറ്റവും വലിയ വെളിപാടായ ദൈവം ത്രിത്വമാണെന്ന വിശ്വാസത്തിന് താത്വികമായ കളമൊരുക്കിയെന്നത് ശ്രദ്ധേയമായ വസ്തുതയാണ.് ദൈവത്തില്‍നിന്ന് കവിഞ്ഞൊഴുകുന്ന ശക്തിയാണ് ജ്ഞാനമെന്ന് ഗ്രന്ഥകാരന്‍ ജ്ഞാനത്തെ നിര്‍വ്വചിച്ചു (7:25); ആ ശക്തിയെ ഒരു വ്യക്തിയായും ഗുരു ഭാവനയില്‍ക്കണ്ടു (7:23; 8:1-8). അതോടൊപ്പം തന്നെ ഈ ജ്ഞാനം ദൈവവചനമാണ് എന്നദ്ദേഹം പ്രസ്ഥാവിച്ചു: "ഞാന്‍ പറഞ്ഞു" എന്‍റെ പിതാക്കന്മാരുടെ ദൈവമേ, കരുണാമയനായ കര്‍ത്താവെ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിച്ചു; ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യന് രൂപം നല്‍കി" (9:1). ഈജിപ്ത്തിലെ ആദ്യജാതരെ സംഹരിച്ച ദൂതനെ ദൈവവചനമായും ജ്ഞാനമായും കണ്ടുകൊണ്ടദ്ദേഹം ഇപ്രകാരം പറഞ്ഞു: "സര്‍വ്വത്രപ്രശാന്തമൂകത വ്യാപിച്ചപ്പോള്‍, അര്‍ദ്ധരാത്രിയായപ്പോള്‍, അങ്ങയുടെ ആജ്ഞയുടെ മൂര്‍ച്ചയുള്ള ഖഡ്ഗം ധരിച്ച യോദ്ധാവ്, അങ്ങയുടെ സര്‍വ്വശക്തമായ വചനം, സ്വര്‍ഗ്ഗസിംഹാസനത്തില്‍ നിന്ന് ആ ശാപഗ്രസ്തമായ രാജ്യത്തിന്‍റെ മധ്യേ വന്നു. അവന്‍ ഭൂമിയില്‍ കാലുറപ്പിച്ച് സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നുനിന്ന് എല്ലാറ്റിനെയും മൃതുവാല്‍ നിറച്ചു" (18:14-16). സ്വര്‍ഗ്ഗസിംഹാസനത്തില്‍നിന്ന് ഭൂമിയിലേക്ക് വരുന്ന വചനത്തെ ഒരു വ്യക്തിയായും സ്രഷ്ടാവായ ദൈവത്തില്‍നിന്ന് പുറപ്പെടുന്ന അവന്‍റെ ശക്തിയായുമാണ് ഗ്രന്ഥകര്‍ത്താവ് കാണുന്നതെന്ന് പറയേണ്ടതില്ലല്ലോ. ദൈവത്തിന്‍റെ ജ്ഞാനവചനത്തെ രോഗങ്ങള്‍ സുഖപ്പെടുത്തുന്ന വചനമായും (16:12), വിശ്വാസികളുടെ വിശപ്പടക്കുന്ന വചനമായും (16:25-26), ദൈവശിക്ഷ ശമിപ്പിക്കുന്ന വചനമായും (18:22) ഗുരു കണ്ടു.

അതുപോലെതന്നെ ദൈവീകശക്തിയായ ജ്ഞാനത്തെ ദൈവത്തിന്‍റെ ആത്മാവായും ഗ്രന്ഥകാരന്‍ കാണുന്നുണ്ട്. ഉദാഹരണമായി ലോകം മുഴുവന്‍ വ്യാപിക്കുകയും ലോകത്തിലെ സകല ചലനങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്നത് ജ്ഞാനമാണെന്നു കരുതുന്ന ഗ്രന്ഥകാരന്‍ ജ്ഞാനത്തെ മാനവീകരിക്കുകയും അതിനെ ദൈവത്തിന്‍റെ ആത്മാവുമായി താദാത്മ്യപ്പെടുത്തുകയും ചെയ്തുകൊണ്ട് പറയുന്നതിങ്ങനെയാണ്: "കര്‍ത്താവിന്‍റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനേയും ആശ്ലേഷിക്കുന്ന അത് മനുഷ്യന്‍ പറയുന്നതറിയുന്നു" (1:7); ദൈവത്തോട് ജ്ഞാനി ഏറ്റു പറയുന്നത്: "കര്‍ത്താവേ സകലത്തിലും അങ്ങയുടെ അക്ഷയമായ ആത്മാവ് കുടികൊള്ളുന്നു" (12:1) എന്നാണ്. ഇപ്രകാരം ദൈവാത്മാവിനെ മാനവീകരിക്കുന്ന ഗ്രന്ഥകാരന്‍ ആ ആത്മാവ് ദൈവത്തില്‍ നിന്നും പുറപ്പെടുന്നതാണെന്നും പറയുന്നുണ്ട്: "അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ ആത്മാവിനേയും ഉന്നതത്തില്‍ നിന്ന് നല്കിയില്ലെങ്കില്‍ അങ്ങയുടെ ഹിതം ആരറിയും?" (9:17). ജ്ഞാനം (പ. ആത്മാവ്) ഭൂവാസികളുടെ പാത നേരെയാക്കുകയും ദൈവത്തിന് പ്രസാദമുള്ളവ അവരെ പഠിപ്പിക്കുകയും അവരെ രക്ഷിക്കുകയും ചെയ്യുന്നു (9:18).

ദൈവവചനത്തെയും ദൈവാത്മാവിനേയും  മാനവീകരിക്കപ്പെട്ട ദൈവശക്തിയായിക്കണ്ട ഗ്രന്ഥകാരന്‍ പുതിയനിയമത്തിലെ ഏറ്റവും വലിയ വെളിപാടായ ത്രിത്വത്തിലേയ്ക്ക് ദൈവികമായി വിരല്‍ ചൂണ്ടിയെന്ന് പറയാം.

പ്രഭാഷകനില്‍ കാണുന്നതുപോലെതന്നെ ജ്ഞാനഗ്രന്ഥത്തിലും ദൈവത്തെ വിശ്വാസി "പിതാവേ" എന്നു വിളിക്കുന്നതായിക്കാണാം. നീതിമാന്‍ ദൈവം തന്‍റെ പിതാവാണെന്നഹങ്കരിക്കുന്നു എന്നാണ് ദുഷ്ടന്‍ പറയുന്നത് (2:16). വിഗ്രഹാരാധകരായ കടല്‍ യാത്രക്കാരുടെ ഉപയോഗശൂന്യമായ പ്രവര്‍ത്തികളെ നോക്കി ജ്ഞാനി ദൈവത്തോട് പറയുന്നതിങ്ങനെയാണ്: "പിതാവേ, അങ്ങയുടെ പരിപാലനയാണ് അതിനെ (കപ്പലിനെ) നയിക്കുന്നത് (വിഗ്രഹമല്ല)" (14:3). ഇപ്രകാരം ജ്ഞാനഗ്രന്ഥകാരന്‍ സ്രഷ്ടാവായ ദൈവത്തെ പിതാവായി കാണുന്നു. പുതിയ നിയമത്തിലെ വലിയ വെളിപാടാണതെന്ന് നമുക്കറിയാം.

പഴയനിയമത്തിലെ മറ്റ് പല പുസ്തകങ്ങളിലും ഇല്ലാത്തതും  ഉണ്ടെങ്കില്‍ത്തന്നെ വ്യക്തമല്ലാത്തതുമായ മറ്റ് മൂന്ന് കാര്യങ്ങള്‍കൂടി  ജ്ഞാനഗ്രന്ഥം അവതരിപ്പിക്കുന്നുണ്ട്:

  1. മരിച്ചവര്‍ക്ക് ഉയിര്‍പ്പുണ്ടാകുമെന്ന വിശ്വാസം (3:1-18; 4:7, 16).
  2. മരണശേഷം അന്ത്യവിധിയുണ്ടാകുമെന്ന വിശ്വാസം (4:6; 4:20).
  3. നീതിമാന് നിത്യജീവന്‍ സമ്മാനമായി ലഭിക്കുമെന്ന പ്രതീക്ഷ (4:7; 4:16-17; 3:13-14; 2:23; 6:19); ഈ കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്തു കഴിഞ്ഞു.

ഈ മൂന്ന് ചിന്തകളും പുതിയ നിയമത്തില്‍ വെളിപ്പെടുത്തപ്പെട്ട വിശ്വാസസത്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടവയാണ്. ഇവ പഴയനിയമത്തിലവതരിപ്പിച്ചുകൊണ്ടാണ് ജ്ഞാനസാഹിത്യത്തിലെ അവസാന ഗ്രന്ഥം പുതിയനിയമവെളിപാടിന് വേദിയൊരുക്കുന്നത്.

സാര്‍വ്വത്രികമായ തുറവിയോടുകൂടി പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ അന്വേഷിച്ച ജ്ഞാനികള്‍ സാവധാനം ഇസ്രായേലിന്‍റെ ദൈവത്തെ ഏകദൈവമായി തിരിച്ചറിഞ്ഞതും (പ്രഭാ 24; 36:5) തുടര്‍ന്ന് പുതിയ നിയമത്തിലെ വെളിപാടുവരെ എത്തിനിന്നതുമാണ് ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങളില്‍ കാണുന്നത്. അതുകൊണ്ടാണ് വി. പൗലോസ് റോമാക്കാരോട് ഇപ്രകാരം പറയുന്നത്: "ലോകസൃഷ്ടി മുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി, അതായത്  അവിടുത്തെ അനന്തശക്തിയും ദൈവത്വവും സ്രഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്; അതുകൊണ്ട് അവര്‍ക്ക് (ദൈവത്തെ വിശ്വസിക്കാത്തവര്‍ക്ക്) ഒഴികഴിവില്ല; അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേയ്ക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല. മറിച്ച് അവരുടെ യുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു" (റോമ 1:20-21).

ദൈവത്തോടുകൂടെ പ്രപഞ്ചത്തിലേക്കും അവനവന്‍റെ വ്യക്തി ജീവിതത്തിലേയ്ക്കും നോക്കുവാനും അവിടെ നമുക്ക് സ്വയം വെളിപ്പെടുത്തുകയും വ്യക്തിപരമായി നമ്മോട് സംസാരിക്കുകയും ചെയ്യുന്ന ദൈവത്തെ കണ്ടെത്തുവാനും ആ ദൈവം തന്‍റെ എഴുതപ്പെട്ട വചനത്തിലൂടെയും തന്‍റെ ആലയമായ സഭയിലൂടെയും തന്‍റെ കരവേലയായ പ്രപഞ്ചത്തിലൂടെയും നമുക്ക് നല്‍കുന്ന കല്‍പ്പനകള്‍ സ്വാംശീകരിക്കുവാനും ബൈബിളിലെ ജ്ഞാനഗ്രന്ഥങ്ങള്‍ നമ്മെ സഹായിക്കട്ടെ.

Rev. Antony Tharekadavil wisdom bible explanation catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message