x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

ദുഃഖപുത്രി - നായീനിലെ വിധവ

Authored by : Dr. Michael Karimattam On 22-Nov-2022

ദുഃഖപുത്രി - നായീനിലെ വിധവ

ലൂക്കാ എഴുതിയ സുവിശേഷത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് പഠനവിഷയം. അവൾക്കു പേരില്ല; അവളുടേതായി ഒരു വാക്കുപോലും സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുമില്ല. ഏഴു വാക്യങ്ങളിൽ അവതരിപ്പിക്കുന്ന വിവരണത്തിലെ മൂന്നു വാക്യങ്ങൾ അവൾക്കായി മാറ്റി വച്ചിരിക്കുന്നു. ഏതാനും വാക്കുകളിൽ ഒതുങ്ങിനില്ക്കുന്ന അവളുടെ ചിത്രം വലിയൊരു പ്രതീകമാണ്: ഘനീഭവിച്ച, കണ്ണീരിൽ കുതിർന്ന, ദുഃഖത്തിന്റെ മൂർത്തരൂപം. പേരില്ലാത്ത, വാക്കില്ലാത്ത, ചരിത്രത്തിൽ സ്ഥാനമില്ലാത്ത, ഒരു സ്ത്രീരൂപം.

സുവിശേഷകൻ ചുരുക്കം വാക്കുകളിൽ വരച്ചുകാട്ടുന്ന അവളുടെ ചിത്രം ആരുടെയും കരളലിയിക്കും. വിധവയാണവൾ. ഏകസമ്പത്തും ആശ്രയവുമായിരുന്ന മകനും മരിച്ചു. മകന്റെ മൃതശരീരം സംസ്കരിക്കാനായി ശവകുടീരത്തിലേക്കു പോകുന്ന അവൾക്ക് ഒന്നേ ഇനി ബാക്കിയുള്ളൂ - കണ്ണീർ. ഹൃദയത്തിൽ പതഞ്ഞുപൊങ്ങിയ ദുഃഖം ചിറപൊട്ടി ഒഴുകുന്ന പുഴപോലെ കണ്ണുകളിൽ നിന്നു പ്രവഹിച്ചു. പട്ടണത്തിൽ നിന്നുള്ള ജനക്കൂട്ടം അവളെ അനുഗമിച്ചു; തപ്പും കുഴലും വിലാപഗാനങ്ങളും നിലവിളിയും നെടുവീർപ്പുകളുമായി. എല്ലാം അവസാനിച്ചു. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല. മകന്റെ കൂടെ താനും സംസ്കരിക്കപ്പെട്ടിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചുകാണും.

ഭർത്താവിന്റെ അകാലമൃത്യു ഭാര്യയുടെ പാപം മൂലമാണെന്ന വിശ്വാസം നിലനിന്ന ഒരു സമൂഹമായിരുന്നു അവളുടേത്. അതിനാൽത്തന്നെ വിധവകൾ അവഗണന മാത്രമല്ല അവജ്ഞയും പരിഹാസവും ശത്രുതയും നേരിടേണ്ടിവന്നിരുന്നു. അവൾക്ക് ഏക തുണയും ആശ്രയവും ആയിരുന്ന ഏകമകനും മരിച്ചുകഴിഞ്ഞപ്പോൾ ദുഃഖം പൂർത്തിയായി. ഇനി ജീവിക്കുന്നതു തന്നെ അർത്ഥശൂന്യമായി അനുഭവപ്പെട്ടു.

നായീൻ എന്നാണ് അവളുടെ പട്ടണം അറിയപ്പെടുന്നത്. സന്തുഷ്ട, പ്രസന്ന എന്നൊക്കെ അർത്ഥമുള്ളതാണ് ഹീബ്രുഭാഷയിലെ ആ പേര്. “നവോമി” എന്ന പേരും ഇതേ മൂലത്തിൽ നിന്നു വരുന്നു. ഗലീലിയുടെ തെക്കുഭാഗത്തുള്ള ഫലപുഷ്ടമായ എസ്ദ്രലോൺ താഴ്വരയുടെ വടക്കേ അതിർത്തിയിൽ, നബിദാഹി എന്നറിയപ്പെടുന്ന കുന്നിൻ ചരുവിൽ, നായീൻ എന്ന പേരിൽ ഇന്നും ഒരു ചെറു ഗ്രാമമുണ്ട്. ഏലീഷാ പ്രവാചകൻ ഒരു വിധവയുടെ മകനെ ഉയിർപ്പിച്ച ഷൂനേം പട്ടണം ഇതിനടുത്താണ്. മരണത്തിനുമുമ്പ് സാവൂൾ രാജാവ് ഉപദേശം തേടിയ മന്ത്രവാദിനി വസിച്ചിരുന്ന ഏൻദോറിലേക്ക് ഇവിടെ നിന്ന് മൂന്നു കിലോമീറ്റർ ദൂരമേയുള്ളൂ. നസ്രത്തിൽനിന്ന് എട്ടും കഫർണാമിൽനിന്ന് നാല്പതും കിലോമീറ്റർ തെക്കാണ് നായീൻ. ഈ പുരാതന ഗ്രാമത്തിന്റെ സമീപത്ത് മലഞ്ചെരുവിൽ, പാറയിൽ കൊത്തിയൊരുക്കിയ ശവകുടീരങ്ങൾ ഇന്നും കാണാം. ഈ ശവപ്പറമ്പിലേക്കാണ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആ വിധവ മകന്റെ മൃതശരീരത്തെ അനുഗമിച്ചത്.

എല്ലാം അവസാനിച്ചു എന്നു കരുതിയിടത്ത് അപ്രതീക്ഷിതമായതു സംഭവിച്ചു. ശവമഞ്ചത്തിന്റെ പിറകെ പട്ടണത്തിനു പുറത്തേക്കുവന്ന ജനക്കൂട്ടത്തിനുമുമ്പിൽ മറ്റൊരു ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടു. അവരും ഒരു യുവാവിനെ അനുഗമിച്ചാണ് വന്നത് - നസ്രത്തിൽ നിന്നുള്ള യേശുവിനെ. പുനരുത്ഥാനവും ജീവനും ഞാനാണ് (യോഹ 11,25) എന്നു പറഞ്ഞവൻ ഇപ്പോൾ മരിച്ച യുവാവിന്റെ മുമ്പിൽ. ജീവനും മരണവും മുഖാഭിമുഖം നിന്നു. അഥവാ ജീവന്റെ നാഥൻ മരണത്തിന്റെ മേഖലയിലേക്കു കടന്നുവന്നു. ആസന്ന മരണനായ ഭൃത്യനെ സുഖപ്പെടുത്തിയതിനുശേഷം കഫർണാമിൽ നിന്ന് നാല്പതു കിലോമീറ്റർ നടന്നുവന്നത് ഈ കണ്ടുമുട്ടലിനു വേണ്ടി മാത്രമായിരുന്നു.

കേട്ടുമടുത്ത ഒരു പല്ലവിപോലെയേ അവൾക്ക് അത് ആദ്യം അനുഭവപ്പെട്ടുള്ളൂ. കരയേണ്ടാ! എത്രയോ പേർ അവളോട് അത് ആവർത്തിച്ചു. ഭർത്താവ് മരിച്ചപ്പോഴും ഇപ്പോൾ ഏകമകൻ വിട വാങ്ങിയപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും എന്നല്ല, കണ്ടവരെല്ലാം പറഞ്ഞു, കരയേണ്ടാ! കദനഭാരത്താൽ ഹൃദം പൊട്ടാതിരിക്കാൻ കണ്ണീരിന്റെ ഉറവ പൊട്ടുന്നതു സഹായിക്കും. ദുഃഖം പരിഹരിച്ചില്ലെങ്കിലും ദുഖഭാരം കുറയ്ക്കാൻ കണ്ണീരിനു കഴിയും. അതിനാൽ കരയേണ്ടാ എന്ന് ആരോടും പറയരുത്. കരയട്ടെ, കരയുന്നതു നല്ലതാണ്. സാധിക്കുമെങ്കിൽ കൂടെ കരയുക. എന്നാൽ ഇവിടെ സംഭവിച്ചത് അർത്ഥം ചോർന്നുപോയ ഒരു ഭംഗി വാക്കായിരുന്നില്ല. കരയേണ്ടാ എന്നു പറയുന്നതിന് അർത്ഥമുണ്ടാകണമെങ്കിൽ കണ്ണീരിന്റെ കാരണം കണ്ടു പിടിച്ച് പരിഹരിക്കാൻ കഴിയണം. അതിനു കഴിവുള്ളവനാണ് പറഞ്ഞത്, കരയേണ്ടാ. അടുത്തനിമിഷം അവൾക്കതു ബോധ്യമായി.

പെട്ടന്നാണ് എല്ലാം സംഭവിച്ചത്. കരയേണ്ടാ എന്നു പറഞ്ഞവൻ ശവമഞ്ചത്തിൽ തൊട്ടു. മരണത്തിന്റെ മേഖലയിലേക്ക് ജീവന്റെ കടന്നുകയറ്റം. പുറകെവന്നു, ജീവദായകമായ വചനം: “യുവാവേ, ഞാൻ നിന്നോടു പറയുന്നു: എഴുന്നേല്ക്കുക” (ലൂക്കാ 7,14). അതൊരു കല്പനയായിരുന്നു. യേശുവിന്റെ മുന്നിൽ മരണം മുട്ടുമടക്കി. മരിച്ച യുവാവ് ഞെട്ടിയെഴുന്നേറ്റു; പോരാ; അവൻ സംസാരിക്കാൻ തുടങ്ങി. ഇതു വെറും ഒരു തോന്നലല്ല, മനസ്സിന്റെ വിഭ്രാന്തിയോ സ്വപ്നമോ അല്ല. മരിച്ച യുവാവ് സത്യമായും ജീവനിലേക്കു മടങ്ങിവന്നു; അതു ബോധ്യമാക്കാൻ യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. അതോടെ ദുഃഖം സന്തോഷത്തിനു വഴിമാറി. ജനങ്ങൾ അത്ഭുതസ്തബ്ധരായി. ഒന്നേ അവർക്കു പറയാനുള്ളൂ. “ദൈവം ഞങ്ങളെ സന്ദർശിച്ചിരിക്കുന്നു".

അമ്മയുടെ പ്രതികരണം സുവിശേഷകൻ രേഖപ്പെടുത്തിയിട്ടില്ല. പിന്നീട് അവൾക്ക് എന്തു സംഭവിച്ചു എന്നും അറിയില്ല. എന്നാൽ ഒന്നറിയാം. കണ്ണീരിന്റെ താഴ്വരയിലും മരണത്തിന്റെ മേഖലയിലും താഴ്ന്നിറങ്ങി വന്ന ദൈവത്തിന്റെ അനന്തകാരുണ്യം അനുഭവിച്ചറിയാൻ അവൾക്കു ഭാഗ്യം ലഭിച്ചു. മകനു ലഭിച്ച ജീവൻ വരാൻ പോകുന്ന ശരീരങ്ങളുടെ പുനരുത്ഥാനത്തിന്റെയും നിത്യജീവന്റെയും ഒരു മുന്നേടിയും പ്രതീകവുമായിരുന്നു.

പഴയനിയമത്തിലെ രണ്ടു സംഭവങ്ങളുമായി ഇതിനു സാമ്യമുണ്ട്. സറെഫ്ത്തായിലെ വിധവയുടെ മകനെ ഏലിയാ പ്രവാചകൻ മരണത്തിൽ നിന്നുയർപ്പിച്ച് അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു (1 രാജാ 17, 24). മകനെ ജീവനോടെ തിരിച്ചുകിട്ടിയപ്പോൾ അമ്മ ഏലിയായെ യഥാർത്ഥ പ്രവാചകനായി അംഗീകരിച്ചു; ദൈവവചനത്തിൽ വിശ്വസിച്ചു. ഏലിയായുടെ ശിഷ്യൻ ഏലീഷായും ഒരു വിധവയുടെ മകന ഉയിർപ്പിച്ച് അമ്മയെ ഏല്പിച്ചു (1 രാജാ 4,32-37). ഈ രണ്ടു വിവരണങ്ങളുടെ ചുവടുപിടിച്ചാണ് ലൂക്കായും തന്റെ വിവരണം അവതരിപ്പിച്ചിരിക്കുന്നത്. ഏലിയായും ഏലീഷായും ക്ലേശകരമായ പ്രക്രിയകൾവഴി കുട്ടിക്കു ജീവൻ തിരിച്ചു നല്കിയപ്പോൾ യേശു ഒരു വാക്കു ഉച്ചരിച്ചതേയുള്ളൂ. ദൈവമാണ് ജീവൻ തിരിച്ചു നല്കിയത്. ഏലിയായും ഏലീഷായും ദൈവകാരുണ്യത്തിന്റെ പ്രവാചകന്മാരായിരുന്നു, യേശുവാകട്ടെ ദൈവത്തിന്റെ അവതാരവും.

നായീനിലെ വിധവയിലൂടെ ഒരു വലിയ പാഠം നമുക്കു ലഭിക്കുന്നുണ്ട്. ദൈവത്തിനു പരിഹരിക്കാനാവാത്ത ദുഃഖമില്ല; തുടച്ചുമാറ്റാനാവാത്ത കണ്ണീരില്ല. എത്രവലിയ അത്യാഹിതത്തിന്റെ നടുവിലും പ്രത്യാശ കൈവെടിയാതിരിക്കുക. നായീൻ പട്ടണത്തിന്റെ പടിവാതില്ക്കൽ വന്നുനിന്ന് കരയേണ്ടാ എന്നു പറഞ്ഞവൻ നമ്മോടും പറയും കരയേണ്ടാ. മരണം അവസാനമല്ല, തുടക്കമാണ് - പിതാവിനോടൊന്നിച്ചുള്ള നിത്യജീവന്റെ തുടക്കം. വിധവയുടെ മകനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ നമ്മുടെ മർത്യശരീരങ്ങളെയും ഉയിർപ്പിച്ച് അമർത്യമാക്കും. ഈ വിശ്വാസവും പ്രത്യാശയുമാണ് നായീനിൽ നിന്ന് ലഭിക്കുന്നത്.

ദുഃഖപുത്രി - നായീനിലെ വിധവ Dr. Michael Karimattam നായീൻ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message