x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യുഗാന്ത്യദര്‍ശനം - വി. മത്തായിയുടെ സുവിശേഷത്തില്‍

Authored by : Dr. Sebastian Vadakumpadan On 10-Feb-2021

യുഗാന്ത്യദര്‍ശനം - വി. മത്തായിയുടെ സുവിശേഷത്തില്‍

ബൈബിളിലെ യുഗാന്ത്യദര്‍ശനം തീര്‍ത്തും സങ്കീര്‍ണ്ണമാണ്. ഈ വിഷയത്തിന്‍റെ വിവിധവശങ്ങള്‍ പഴയനിയമത്തിലെ ഏതാനും ഗ്രന്ഥങ്ങളിലും സുവിശേഷങ്ങളിലും പുതിയനിയമത്തിലെ മറ്റു ഗ്രന്ഥങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ക്രിസ്തുവിന്‍റെ സാന്നിധ്യത്താല്‍ ഭൂമിയില്‍ സമാഗതമായ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അന്ത്യഘട്ടത്തെക്കുറിച്ചും മനുഷ്യന്‍റെ തുടര്‍ന്നുള്ള സ്ഥിതിവിശേഷത്തെക്കുറിച്ചും സാമാന്യം വ്യാപകമായി മത്തായിയുടെ സുവിശേഷത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. യുഗാന്ത്യത്തില്‍ മനുഷ്യപുത്രന്‍ ആഗതനാകുന്നതും അപ്പോള്‍ മനുഷ്യനും പ്രപഞ്ചത്തിനും സംഭവിക്കുന്ന മാറ്റങ്ങളുമാണ് മത്തായിയുടെ സുവിശേഷത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുള്ളത്. ഈ രണ്ടു കാര്യങ്ങളെക്കുറിച്ചുള്ള ഒരു ചുരുങ്ങിയ വിവരണമാണ് ഈ ലേഖനത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്.

മനുഷ്യപുത്രന്‍റെ ആഗമനവും പുതിയയുഗത്തിന്‍റെ സ്വഭാവവും വളരെയേറെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മനുഷ്യപുത്രന്‍റെ ആഗമനം എപ്പോള്‍ സംഭവിക്കും? ഇക്കാര്യത്തില്‍ ക്രിസ്തുതന്നെ തെറ്റിദ്ധാരണകള്‍ക്കധീനനായിരുന്നില്ലേ? തന്‍റെതന്നെ തലമുറയില്‍ മനുഷ്യപുത്രന്‍ ആഗതനാകും എന്ന് അവിടുന്ന് വിശ്വസിച്ചിരുന്നില്ലേ? നിത്യരക്ഷ, നിത്യശിക്ഷ എന്നീ പദങ്ങളുടെ അര്‍ത്ഥമെന്താണ്? യുഗാന്ത്യം മനുഷ്യനെ മാത്രമോ, അതോ സൃഷ്ടപ്രപഞ്ചത്തെ ഒന്നായും ബാധിക്കുമോ? രണ്ട് പ്രധാന ശീര്‍ഷകങ്ങളുടെ കീഴിലാണ് ഈ വിഷയം ഇവിടെ കൈകാര്യം ചെയ്യുന്നത്.

  1.  മനുഷ്യപുത്രന്‍റെ ആഗമനം എപ്പോള്‍?
  2.  യുഗാന്ത്യത്തില്‍ മനുഷ്യനും പ്രപഞ്ചത്തിനും എന്തു സംഭവിക്കും?

1) മനുഷ്യപുത്രന്‍റെ ആഗമനം എപ്പോള്‍ സംഭവിക്കും?

മനുഷ്യപുത്രന്‍റെ ആഗമനസമയത്തെ സൂചിപ്പിക്കുന്ന വചനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം: മനുഷ്യപുത്രന്‍റെ ആഗമനം ആസന്നമെന്നു സൂചിപ്പിക്കുന്നവയും, അത് എപ്പോള്‍ സംഭവിക്കും എന്നതിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടാ എന്നു പറയുന്നവയും.

a) ആഗമനം ആസന്നമെന്നു സൂചിപ്പിക്കുന്ന വചനങ്ങള്‍

മത്തായി 10:23: "മനുഷ്യപുത്രന്‍റെ ആഗമനത്തിനുമുമ്പ് നിങ്ങള്‍ ഇസ്രായേല്‍ ഗോത്രത്തിലെ നഗരങ്ങളെല്ലാം സഞ്ചരിച്ചുതീരുകയില്ലെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."

16:28: "മനുഷ്യപുത്രന്‍ തന്‍റെ രാജകീയ പ്രാഭവത്തോടെ വരുന്നത് കാണുന്നതുവരെ മരിക്കയില്ലാത്ത ചിലര്‍ ഇവിടെ നില്ക്കുന്നുണ്ടെന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു."

24:34: "ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോകയില്ലെന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു."

യേശുവിന്‍റെ സമകാലികരുടെയിടയില്‍ നിലവിലുള്ള യുഗാന്ത്യം ആസന്നമെന്ന ചിന്താഗതി ആദിമക്രൈസ്തവരിലും കടന്നുകൂടുന്നതിന് ഈ വാക്യങ്ങള്‍ കാരണമായിട്ടുണ്ട്. യേശുവിന്‍റെ കാലത്തുതന്നെ യുഗാന്ത്യവും മനുഷ്യപുത്രന്‍റെ ആഗമനവും ഉണ്ടാകുമെന്നു യേശുതന്നെ വിശ്വസിച്ചിരുന്നു എന്ന നിഗമനത്തില്‍ പല പണ്ഡിതന്മാരും എത്തിച്ചേരുന്നു? എന്നാല്‍ ഈ വാക്യങ്ങളുടെ അര്‍ത്ഥം അവ യേശു ഉദ്ധരിച്ച സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

b) മനുഷ്യപുത്രന്‍റെ ആഗമനസമയം അജ്ഞാതമാണെന്നു സൂചിപ്പിക്കുന്ന വചനങ്ങള്‍

മത്താ 24:36: "പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ, പുത്രനോപോലും ആ ദിവസവും സമയവും അറിഞ്ഞുകൂടാ."

24:43: "കള്ളന്‍ ഏതു സമയത്താണ് വരുന്നതെന്ന് ഗൃഹനാഥന് അറിയാമെങ്കില്‍ അയാള്‍ തീര്‍ച്ചയായും ഉണര്‍ന്നിരിക്കും; ഭവനഭേദനം ചെയ്യാന്‍ അവനെ അനുവദിക്കുകയുമില്ല. ഇതു നിങ്ങള്‍ക്കു അറിയാമല്ലോ? "

24:44: "അതുപോലെ നിങ്ങളും തയ്യാറായിരിക്കണം. എന്തെന്നാല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.

25:13: "ആകയാല്‍ ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍ ആ ദിവസമേതെന്നോ മണിക്കൂറേതെന്നോ നിങ്ങള്‍ക്കു നിശ്ചയമില്ല."

മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ചുള്ള സമകാലിക ചിന്താഗതി

സമാന്തര സുവിശേഷങ്ങളിലെ യുഗാന്ത്യപ്രഭാഷണങ്ങളിലാണ് ആഗമനത്തെപ്പറ്റിയുള്ള യേശുവിന്‍റെ പ്രബോധനം കൂടുതലായി കാണുന്നത്. യുഗാന്ത്യപ്രഭാഷണങ്ങള്‍ യേശുവിന്‍റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ളതെങ്കിലും ഇന്നു സുവിശേഷത്തില്‍ കാണുന്ന രൂപത്തില്‍ യേശുവില്‍നിന്ന് ഉത്ഭവിച്ചിട്ടുള്ളതല്ല (മര്‍ക്കോ. 13:3-37, മത്താ 24:3-25, 46 ലൂക്കാ 17:20-37; 21:5-36). യേശുവിന്‍റെ കാലത്തിനുശേഷം യുഗാന്ത്യത്തെക്കുറിച്ചുണ്ടായ രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് യേശുവിന്‍റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി അന്നു നിലവിലിരുന്ന അപ്പൊകാലിപ്റ്റിക് സാഹിത്യരൂപം ഉപയോഗിച്ച് സുവിശേഷകര്‍ നല്കുന്ന ഉത്തരമാണ് ഇവയില്‍ കാണുന്നത്. എന്നാല്‍ ഇത്തരം സാഹിത്യരൂപം യേശുവിനുതന്നെ സുപരിചിതമായിരുന്നിരിക്കണം. യുഗാന്ത്യപ്രഭാഷണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ യേശുവിന്‍റെ കാലത്ത് അത്രതന്നെ രൂക്ഷമായിരുന്നില്ല. ആയിരുന്നെങ്കില്‍ യുഗാന്ത്യത്തെക്കുറിച്ച് എളുപ്പം തെറ്റിദ്ധരിക്കപ്പെടാവുന്ന വചനങ്ങള്‍ (മത്താ. 10:23, 16:28) യേശു അരുള്‍ചെയ്യുമായിരുന്നില്ല. ദേവാലയനാശത്തിന്‍റെ കാലത്തും തദനന്തരവുമാണ് ഈ പ്രശ്നങ്ങള്‍ രൂക്ഷമായത്. സമാനസുവിശേഷങ്ങളിലെ ആദ്യത്തെ യുഗാന്ത്യപ്രഭാഷണം മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ 13-ാം അദ്ധ്യായത്തിലാണ് നാം കാണുന്നത്. ജറുസലേമിന്‍റെ നാശത്തിനുശേഷം ഏ.ഡി 70-നടുത്താണ് അതു രചിക്കപ്പെട്ടത് എന്നാണ് പണ്ഡിതാഭിപ്രായം. എ.ഡി 70-ന് മുമ്പേ രചിക്കപ്പെട്ട മര്‍ക്കോസിന്‍റെ സുവിശേഷത്തിലേയ്ക്ക് ഈ യുഗാന്ത്യപ്രഭാഷണം പില്ക്കാലത്ത് ചേര്‍ക്കുകയാണുണ്ടായത്. ജറുസലേമിന്‍റെ നാശത്തോടെ അന്ത്യം ആഗതമാകും എന്ന വിശ്വാസം യഹൂദരുടെയിടയില്‍ പ്രചരിച്ചിരുന്നു. ഈ വിശ്വാസത്തിന്‍റെ സ്വാധീനം നിമിത്തമാകാം, ജറുസലേമിന്‍റെ നാശത്തോടെ മനുഷ്യപുത്രന്‍റെ ആഗമനവും ആസന്നമായി എന്നു ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നത്. ഈ വീക്ഷണത്തില്‍ ക്രിസ്തുവിന്‍റെ മേല്‍പ്പറഞ്ഞ വചനങ്ങള്‍ വായിക്കുമ്പോള്‍, അവിടുന്നുപോലും മനുഷ്യപുത്രന്‍റെ ആഗമനം ആസന്നമായി എന്നു പ്രതീക്ഷിക്കുന്നതായി തോന്നിപ്പോകും. ജറുസലേമിന്‍റെ നാശവും യുഗാന്ത്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു മര്‍ക്കോസിന്‍റെ പ്രധാന ഉദ്ദേശ്യം.

മര്‍ക്കോസിന്‍റെ സുവിശേഷം 13-ാം അദ്ധ്യായത്തിലെ യുഗാന്ത്യപ്രഭാഷണത്തിനു കാരണമായ ശിഷ്യന്മാരുടെ  ചോദ്യത്തില്‍ ഈ രണ്ടു സംഭവങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. ദേവാലയനാശത്തിന്‍റെ അടയാളവും സമയവും, യുഗാന്ത്യത്തിന്‍റെ അടയാളവും സമയവുമായാണ് വായനക്കാര്‍ക്കു തോന്നുക. ഇതു എന്നു സംഭവിക്കുമെന്നും ഇവയെല്ലാം പൂര്‍ത്തിയാകുവാന്‍ തുടങ്ങുമ്പോള്‍ അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക (മര്‍ക്കോ 13:4). ഈ ചോദ്യത്തിന്‍റെ ആദ്യഭാഗം യുഗാന്ത്യത്തെയാണ് സൂചിപ്പിക്കുന്നത്. ആദിമക്രൈസ്തവരുടെ യുഗാന്ത്യത്തെക്കുറിച്ചുള്ള ചിന്താഗതിയെയാണ് ഇതുവഴി വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുവിനോട് ശിഷ്യന്മാര്‍ ചോദിക്കുന്ന വിധത്തില്‍ ഈ ചോദ്യത്തിന് രൂപം കൊടുത്തത് സുവിശേഷകന്‍ തന്നെയായിരിക്കണം. ഇതുവഴി ആദിമക്രൈസ്തവരെ അലട്ടിയിരുന്ന പ്രശ്നത്തിനു ഉത്തരം നല്കുന്നതിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു സുവിശേഷകന്‍റെ ലക്ഷ്യം. അതിനു സുവിശേഷകന്‍ നല്കുന്ന ഉത്തരത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്: ജറുസലേമിന്‍റെ നാശത്തോടൊത്ത് യുഗാന്ത്യം സംഭവിക്കുകയില്ല. (മര്‍ക്കോ. 13:7) "ഇതെല്ലാം സംഭവിക്കേണ്ടതാണ്" എന്നാല്‍ അപ്പോഴും അവസാനമായിട്ടില്ല.

ജറുസലേമിന്‍റെ നാശവും യുഗാന്ത്യവും തമ്മില്‍ ബന്ധമില്ലെന്നു മനസ്സിലാവുക അന്നത്തെ യഹൂദരെ സംബന്ധിച്ചു പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ യുഗാന്ത്യത്തെക്കുറിച്ച് മര്‍ക്കോസ് നല്കുന്ന വിശദീകരണം പൂര്‍ണ്ണമല്ല. ജറുസലേമിന്‍റെ നാശത്തിനും യുഗാന്ത്യത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ കാണുന്നില്ല. അഥവാ മര്‍ക്കോസിനുതന്നെ അതിനെക്കുറിച്ചു പൂര്‍ണ്ണമായ രൂപമുണ്ടായിരുന്നില്ല. ജറുസലേമിന്‍റെ നാശത്തിനുശേഷം അധികം കാലവിളംബംകൂടാതെ യുഗാന്ത്യമുണ്ടാകും:  "അതുപോലെതന്നെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, എന്നല്ല വാതില്ക്കലെത്തിയിരിക്കുന്നു എന്നു ഗ്രഹിച്ചുകൊള്ളുക" (13:29) ദ്വിതീയാഗമനത്തിന്‍റെ കൃത്യസമയം മാത്രം അറിഞ്ഞുകൂടാ.  "ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ ആ ദിവസത്തെക്കുറിച്ചോ, ആ മണിക്കൂറിനെക്കുറിച്ചോ, പിതാവല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ക്കോ പുത്രനോപോലും അറിഞ്ഞുകൂടാ" (മര്‍ക്കോ 13:30-32) സുവിശേഷകന്‍ ഈ പ്രഭാഷണം രചിക്കുമ്പോഴുള്ള പശ്ചാത്തലത്തില്‍നിന്നുകൊണ്ടുവേണം മേല്‍പ്പറഞ്ഞ വചനങ്ങളെ മനസ്സിലാക്കുവാന്‍. ജറുസലേമിന്‍റെ നാശത്തിനു ശേഷമുണ്ടായ മതമര്‍ദ്ദനകാലത്ത് ക്രിസ്ത്യാനികളില്‍ തീക്ഷ്ണത ഉളവാക്കുവാന്‍ ഈ വചനങ്ങള്‍വഴി സുവിശേഷകന് സാധിച്ചു.  "അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷ പ്രാപിക്കും" (മര്‍ക്കോ 13:13). തന്‍റെ സമകാലികരുടെ കാലത്തുതന്നെ ദ്വിതീയാഗമനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചാണോ അതോ അന്ത്യംവരെ സഹിച്ചുനില്‍ക്കാന്‍ ക്രിസ്ത്യാനികള്‍ക്കു പ്രചോദനമേകാനാണോ, മര്‍ക്കോസ് ഈ വചനങ്ങള്‍ എഴുതിയിരിക്കുന്നത് എന്ന് തീരുമാനിക്കുക പ്രയാസമാണ്. തെസലോണിയാക്കാര്‍ക്കുള്ള ആദ്യലേഖനം എഴുതിയപ്പോള്‍ ദ്വിതീയാഗമനം ആസന്നമാണെന്ന ചിന്തയാണ് വി. പൗലോസിനുണ്ടായിരുന്നത്. അധികാരപൂര്‍ണ്ണമയ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാന മാലാഖയുടെ ശബ്ദം ഉയരുകയും ദൈവത്തിന്‍റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍ കര്‍ത്താവായ ക്രിസ്തുവില്‍ മരിച്ചവര്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി അവശേഷിക്കുന്ന നാം ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി മേഘങ്ങളില്‍ സംവഹിക്കപ്പെടും" (1 തെസ 4:16). തെസലോണിയര്‍ക്കുള്ള രണ്ടാംലേഖനത്തില്‍ ഈ വീക്ഷണത്തെ അദ്ദേഹം വ്യത്യാസപ്പെടുത്തുന്നുണ്ട് "സഹോദരരെ നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ആഗമനത്തെയും അവിടുത്തെ സന്നിധിയില്‍ നാം ഒരുമിച്ചു കൂടുന്നതിനെയും സംബന്ധിച്ച് ഞങ്ങള്‍ നിങ്ങളോട് ഇപ്രകാരം അഭ്യര്‍ത്ഥിക്കുകയാണ്. കര്‍ത്താവിന്‍റെ ദിവസം സമാഗതമായിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ, പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്ന് ചഞ്ചലമാനസരോ അസ്വസ്ഥചിത്തരോ ആകരുത്. ആ ദിവസം വരുന്നതിനുമുമ്പ് ആദ്യം വിശ്വാസത്യാഗം ഉണ്ടാവുകയും നാശപുത്രനായ അധര്‍മ്മത്തിന്‍റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും" (2 തെസ 2:1-3).

യുഗാന്ത്യദര്‍ശനം മത്തായിയുടെ സുവിശേഷത്തില്‍

യേശുവിന്‍റെ പ്രബോധനം കുറേക്കൂടി വളര്‍ച്ച പ്രാപിച്ച രൂപത്തില്‍ മത്തായിയുടെ സുവിശേഷത്തില്‍ കാണാം. മര്‍ക്കോസിന്‍റെ സുവിശേഷം വിരചിതമായി പത്തുവര്‍ഷത്തിലധികം കഴിഞ്ഞതിനുശേഷമാണ് മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടതെങ്കിലും യുഗാന്ത്യപ്രഭാഷണങ്ങളെ സംബന്ധിച്ചിടത്തോളം മത്തായിയുടെ സുവിശേഷത്തിലാണ് യേശുവിന്‍റെ വചനങ്ങളുടെ ആദ്യരൂപം കുറെയെങ്കിലും നാം കാണുന്നത്. മത്താ. 24:36 യേശുവിന്‍റെ യഥാര്‍ത്ഥ വചനമാകാനാണ് സാധ്യത. "പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനോപോലും ആ ദിവസമോ, മണിക്കൂറോ അറിഞ്ഞുകൂടാ." ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവനും അത്തരമൊരു അജ്ഞത പുത്രനിലാരോപിക്കാന്‍ മുതിരുകയില്ല.

യേശുവിന്‍റെ ഈ അജ്ഞത സമകാലിക തലമുറയുടെ കാലഘട്ടത്തിനിടയ്ക്ക് സമയത്തെക്കുറിച്ചുള്ളതാണെന്ന് സമര്‍ത്ഥിക്കാറുണ്ട്. ഈ വാക്യത്തെ യുഗാന്ത്യ പ്രഭാഷണത്തിന്‍റെ മുഴുവന്‍ പശ്ചാത്തലത്തില്‍ വേണം വ്യാഖ്യാനിക്കാന്‍. ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ ദീര്‍ഘവും അനിശ്ചിതവുമായ ഒരു കാലഘട്ടത്തെപ്പറ്റി വ്യംഗ്യഭംഗ്യം ധ്വനിപ്പിക്കുന്ന ഒട്ടേറെ വചനങ്ങള്‍ മത്തായിയുടെ സുവിശേഷത്തില്‍ കാണാനാകും. ഇവയില്‍ ചിലതെങ്കിലും ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ വചനങ്ങളാനുതാനും. ഉദാഹരണത്തിന് മത്തായി 24:14 നോക്കുക.  "ദൈവരാജ്യത്തെ സംബന്ധിച്ച ഈ സുവിശേഷം എല്ലാ ജനതകള്‍ക്കും സാക്ഷ്യത്തിനായി ലോകമെങ്ങും പ്രസംഗിക്കപ്പെടും; അതിനുശേഷമേ അവസാനമുണ്ടാവുകയുള്ളൂ." മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയില്‍ പുതിയ കൃഷിക്കാര്‍ക്ക് മുന്തിരിത്തോട്ടത്തില്‍നിന്ന് ഫലം പുറപ്പെടുവിക്കാന്‍ ആവശ്യമായ സമയം കൊടുക്കുന്നു:  "അയാള്‍ ആ ദുഷ്ടരെ നിശേഷം നശിപ്പിക്കുകയും യഥാകാലം ഓഹരി കൊടുക്കുന്ന കൃഷിക്കാരെ ഏല്‍പ്പിക്കുകയും ചെയ്യും"  (മത്താ. 21:41). താലന്തുകളുടെ ഉപമയിലും ഇതുതന്നെ കാണാം (മത്താ. 25:14:30). താലന്തുകള്‍ ഉപയോഗിക്കാനുള്ള സമയം ഭൃത്യന്മാര്‍ക്ക് കൊടുക്കുന്നു. 25:19 ല്‍ പ്രകടമായി പറയുന്നു,  "വളരെക്കാലത്തിനുശേഷം" എന്ന് ഈ കാലത്തെ ഉദ്ദേശിച്ചാണ് യേശു ധാര്‍മ്മികോപദേശങ്ങള്‍ നല്‍കിയത്. ഈ കാലത്ത് ഉപദേശങ്ങള്‍ അനുസരിച്ച് ജീവിക്കേണ്ടിയിരിക്കുന്നു. ഉദാഹരണം മലയിലെ പ്രസംഗം.

മേല്‍പ്പറഞ്ഞ വചനങ്ങള്‍ യേശുവിന്‍റെ യഥാര്‍ത്ഥ വചനങ്ങളായി കണക്കാക്കുകയാണെങ്കില്‍ തന്‍റെ സമകാലികരുടെ കാലത്തുതന്നെ ദ്വിതീയാഗമനം സംഭവിക്കുമെന്ന് യേശു പ്രതീക്ഷിച്ചിരുന്നില്ലെന്നു വേണം അനുമാനിക്കാന്‍. മത്താ. 10:23; 16:28; 24:34 തുടങ്ങിയ വചനങ്ങള്‍ പ്രശ്നമുളവാക്കയുമില്ല. മത്താ. 24:34-ല്‍ നാം വായിക്കുന്നു: "ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നു പോകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു." യേശുവിന്‍റെ സമകാലികരിലെ അധര്‍മ്മികളാണ് ഈ വചനത്തിലെ  "ഈ തലമുറ". അവര്‍ വിധിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമേ ഇല്ല. വിധി അവരുടെ കാലത്തുതന്നെ നടക്കുമെന്ന് ഖണ്ഡിതമായി പറഞ്ഞിട്ടില്ല. സമൂഹത്തിലെ അധര്‍മ്മികളെ ദ്യോതിപ്പിക്കുന്ന സാങ്കേതിക സംജ്ഞയാണ് യേശുവിന്‍റെ വാക്കുകളില്‍, "ഈ തലമുറ".ഉദാഹരണത്തിന് മത്താ. 11:16 നോക്കുക: ഈ തലമുറയെ ഞാന്‍ എന്തിനോട് താരതമ്യപ്പെടുത്തും? ഇത് ചന്തസ്ഥലത്തിരുന്ന് കൂട്ടുകാരെ വിളിക്കുന്ന കുട്ടികള്‍ക്ക് സദൃശ്യമാകുന്നു..... മത്താ 12:39-45 മറ്റൊരുദാഹരണമാണ്: തിന്മ നിറഞ്ഞതും വ്യഭിചരിക്കുന്നതുമായ തലമുറ അടയാളം ആവശ്യപ്പെടുന്നു. നിനിവെയിലെ ജനങ്ങള്‍ ഈ തലമുറയോടൊത്ത് ഉയര്‍ത്തെഴുന്നേറ്റ് ഇവരെ കുറ്റം വിധിക്കും.. നിനവെയിലെ ജനങ്ങളെയും തെക്കിന്‍റെ രാജ്ഞിയെയുംപോലെ ഈ തലമുറ വിധിയെ നേരിടേണ്ടിവരും. എന്നാല്‍ വിധിയുടെ സമയത്തിന് വലിയ പ്രാധാന്യം ഒന്നുമില്ല. മത്താ. 10:23- ലും 16:28- ലും കാണുന്ന മനുഷ്യപുത്രന്‍റെ ആഗമനത്തെപ്പറ്റിയുള്ള വചനങ്ങളും യുഗാന്ത്യത്തെ സൂചിപ്പിക്കുന്നവയല്ല. മനുഷ്യപുത്രന്‍റെ യുഗാന്ത്യത്തിലെ ആഗമനത്തെപ്പറ്റിയുള്ള വചനങ്ങള്‍ അപ്പൊകാലിപ്റ്റിക് സ്വഭാവമുള്ളവയാണ്.

മനുഷ്യപുത്രന്‍റെ ആഗമനത്തെ സൂചിപ്പിക്കുന്ന രണ്ടുതരം വചനങ്ങളെ താരതമ്യം ചെയ്യുന്നത് ഈ പ്രത്യേകത മനസ്സിലാക്കാന്‍ ഉപകരിക്കും.

a) അപ്പൊകാലിപ്റ്റിക് സ്വഭാവമുള്ള മനുഷ്യപുത്രവചനങ്ങള്‍

മത്താ: 13:41 "അന്ന് മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും. അവര്‍ അവിടുത്തെ രാജ്യത്തുനിന്ന് ഇടര്‍ച്ചയ്ക്ക് കാരണമാകുന്നവരെയും അധര്‍മ്മികളെയുമെല്ലാം ശേഖരിച്ച് അഗ്നികുണ്ഡത്തിലെരിക്കും."

16:27: "മനുഷ്യപുത്രന്‍ തന്‍റെ പിതാവിന്‍റെ പ്രാഭവത്തോടെ തന്‍റെ ദൂതന്മാരോടുകൂടെ വരുവാനിരിക്കുന്നു. അപ്പോള്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായ പ്രതിഫലം നല്‍കും.

24:30: "തത്സമയം മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും" ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിക്കും. മനുഷ്യപുത്രന്‍ മഹാശക്തിയോടും പ്രതാപത്തോടുംകൂടെ വാനമേഘങ്ങളില്‍ എഴുന്നള്ളിവരുന്നത് അവര്‍ കാണും.

25:31: "മനുഷ്യപുത്രന്‍ പ്രതാപപൂര്‍വ്വം സകല മാലാഖമാരോടുംകൂടെ എഴുന്നള്ളി മഹത്വമേറിയ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അപ്പോള്‍ സകല ജനങ്ങളും അവിടുത്തെ സന്നിധിയില്‍ ഹാജരാക്കപ്പെടും."

b) അപ്പൊകാലിപ്റ്റിക് സ്വഭാവമില്ലാത്ത മനുഷ്യപുത്രവചനങ്ങള്‍

മത്താ: 10:23: "മനുഷ്യപുത്രന്‍റെ ആഗമനത്തിനുമുമ്പ് നിങ്ങള്‍ ഇസ്രായേല്‍ ഗോത്രത്തിലെ നഗരങ്ങളെല്ലാം സഞ്ചരിച്ചുതീരുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."

മത്താ. 16:28: "മനുഷ്യപുത്രന്‍ തന്‍റെ രാജ്യത്തില്‍ വരുന്നതു കാണുംവരെ മരിക്കയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നുണ്ടെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."

ഈ രണ്ടു വചനങ്ങളും ആദ്യവിഭാഗത്തില്‍പ്പെട്ട വചനങ്ങളില്‍നിന്ന് തുലോം വ്യത്യസ്തമാണ്. അവയില്‍ മേഘം, മാലാഖമാര്‍, മഹത്വം, സിംഹാസനം തുടങ്ങിയ അപ്പൊകാലിപ്റ്റിക് സ്വഭാവങ്ങളൊന്നുമില്ല. മാത്രമല്ല, അന്ത്യവിധിയെപ്പറ്റിയുള്ള സൂചനയൊന്നും അവയിലില്ല. സൂക്ഷ്മനിരീക്ഷണത്തില്‍ മനുഷ്യപുത്രന്‍റെ ദ്വിതീയാഗമനത്തെപ്പറ്റിയല്ല, പ്രത്യുത ഉത്ഥിതനായ കര്‍ത്താവ് തന്‍റെ രാജ്യത്തില്‍ പ്രവേശിക്കുന്നതിനെപ്പറ്റിയോ, ജറുസലേമിന്‍റെ നാശത്തെപ്പറ്റിയോ ആണ് അവ പരാമര്‍ശിക്കുന്നത് എന്നു വ്യക്തമാകും.

മിഷനറി പ്രഭാഷണങ്ങളില്‍ ഉള്‍പ്പെട്ട മത്താ. 10:23 വായിച്ചുനോക്കുക. ശിഷ്യന്മാരുടെ പ്രേഷിതവേല ഇസ്രായേലില്‍മാത്രം ഒതുങ്ങിനിന്നാല്‍ മതിയെന്നാണ് ഇവിടെ യേശു ഉപദേശിക്കുന്നത്. അവിടുന്ന് ശിഷ്യന്മാരോട് അരുള്‍ചെയ്യുകയാണ്: "നിങ്ങള്‍ വിജാതീയരുടെ ദേശത്തോ സമറിയാക്കാരുടെ നഗരങ്ങളിലോ പ്രവേശിക്കരുത്. ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേയ്ക്കാണ് നിങ്ങള്‍ പോകേണ്ടത്" (മത്താ. 10:5-6). എന്നാല്‍ ഇസ്രായേല്‍ സുവിശേഷം നിരാകരിച്ചപ്പോള്‍, യേശുവിനെ ക്രൂശിച്ചപ്പോള്‍, എല്ലാ ജനപദങ്ങളെയും സുവിശേഷവല്‍ക്കരിക്കാനുള്ള ദൗത്യം അപ്പസ്തോലന്മാര്‍ക്കു ലഭിച്ചു. ഉത്ഥിതനായ ക്രിസ്തു അപ്പസ്തോലന്മാര്‍ക്കു നല്‍കിയ സുവിശേഷധര്‍മ്മം ഈ പശ്ചാത്തലത്തില്‍നിന്നുകൊണ്ടുവേണം മനസ്സിലാക്കാന്‍. "മനുഷ്യപുത്രന്‍റെ ആഗമനത്തിനുമുമ്പ് നിങ്ങള്‍ ഇസ്രായേലിലെ നഗരങ്ങളെല്ലാം സഞ്ചരിച്ചുതീരുകയില്ലെന്ന" യേശുവിന്‍റെ വചനം ഉത്ഥിതനായ ക്രിസ്തു "ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാന്"  അപ്പസ്തോലന്മാര്‍ക്ക് ദൗത്യം നല്കുന്ന അവസരത്തില്‍ പൂര്‍ത്തിയായി. ഉത്ഥിതനായ, മഹത്വം പ്രാപിച്ച മനുഷ്യപുത്രന്‍ ശിഷ്യന്മാര്‍ക്കു ഒരു പുതിയ സാര്‍വ്വലൗകികദൗത്യം നല്‍കി. അപ്പോഴും അവര്‍ ഇസ്രായേല്‍ നഗരങ്ങളെങ്ങും സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു കഴിഞ്ഞിരുന്നില്ലല്ലോ.

മത്താ. 16:23: ഈ വാക്യം മനുഷ്യപുത്രന്‍റെ ആഗമനത്തെയല്ല പരാമര്‍ശിക്കുന്നത്; പ്രത്യുത, മര്‍ക്കോസിലും ലൂക്കായിലും കാണുന്നതുപോലെ രാജ്യത്തിന്‍റെ ആഗമനത്തെയാണ്. മര്‍ക്കോ. 9:1- "ശക്തിയോടെ ദൈവരാജ്യം വരുന്നത് കാണുന്നതിനുമുമ്പ്" - ഈ വാക്യം വിവിധ രീതികളില്‍ വ്യാഖ്യാനിക്കാറുണ്ട്. ഉത്ഥിതനായ കര്‍ത്താവിന്‍റെ സഭയിലേക്കുള്ള തിരിച്ചുവരവിനെയാവാം ഇത് സൂചിപ്പിക്കുന്നത്. ജറുസലേമിന്‍റെ നാശം, കര്‍ത്താവിന്‍റെ പ്രഭാവപൂര്‍വ്വമുള്ള പ്രത്യാഗമനത്തെ ചൂണ്ടിക്കാട്ടുന്നു.

ഈ അപഗ്രഥനങ്ങളുടെയെല്ലാം വെളിച്ചത്തില്‍ നമുക്ക് ഈ നിഗമനത്തിലെത്താം: "പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ, പുത്രനോപോലും ആ ദിവസമോ സമയമോ അറിഞ്ഞുകൂടാ" എന്ന മത്താ 24-ാം അദ്ധ്യായം 36-ാം വാക്യമാണ് മനുഷ്യപുത്രന്‍റെ ദ്വിതീയാഗമനം എപ്പോള്‍ സംഭവിക്കും എന്നതിനെപ്പറ്റിയുള്ള യേശുവിന്‍റെ യഥാര്‍ത്ഥവും ആധികാരികവുമായ പ്രബോധനം. ശിഷ്യന്മാരും ആദിമക്രൈസ്തവരും യുഗാന്ത്യത്തെ ജറുസലേമിന്‍റെ നാശവുമായി ബന്ധപ്പെടുത്തി, പുനരുത്ഥാനത്തെപ്പറ്റിയോ ജറുസലേമിന്‍റെ നാശത്തെപ്പറ്റിയോ ഉള്ള അവിടുത്തെ വചനങ്ങള്‍ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുന്ന വചനങ്ങളാണെന്ന് അവര്‍ തെറ്റായി ധരിച്ചുവച്ചു.

II. മനുഷ്യപുത്രന്‍റെ ദ്വിതീയാഗമനത്തില്‍ എന്തു സംഭവിക്കും?

യുഗാന്ത്യത്തെ സംബന്ധിച്ചു യേശുവിന്‍റെ പ്രബോധനങ്ങളില്‍ ചിലത് വളരെ വ്യക്തമാണ്. മറ്റു ചിലതാകട്ടെ രഹസ്യാത്മകവും ദുര്‍ഗ്രഹവും. മരിച്ചവരുടെ ഉയിര്‍പ്പും അന്ത്യവിധിയും കര്‍ത്താവിന്‍റെ ദിനത്തില്‍ സംഭവിക്കുമെന്ന് സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിധിദിനത്തില്‍ നീതിനിഷ്ഠര്‍ക്ക് സമ്മാനവും ദുഷ്ടര്‍ക്കു ശിക്ഷയും ലഭിക്കും. പ്രാപഞ്ചികവും സാര്‍വ്വലൗകികവുമായ പുതുക്കലിനെക്കുറിച്ചുള്ള സൂചനകളും സുവിശേഷങ്ങളിലുണ്ട്. എന്നാല്‍ ഉത്ഥിതജീവിതം, സമ്മാനം, ശിക്ഷ തുടങ്ങിയവയുടെ സ്വഭാവം, പ്രാപഞ്ചിക വീക്ഷണത്തെപ്പറ്റിയുള്ള സൂചനകള്‍ മുതലായവയൊക്കെ വ്യാഖ്യാനിക്കുക ദുഷ്കരംതന്നെ. ഈ ആശയങ്ങള്‍ സൂചിപ്പിക്കുന്ന സുവിശേഷഭാഗങ്ങള്‍ അവതരിപ്പിക്കുകയും അവ മനസ്സിലാക്കാന്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മാത്രമാണ് ഇവിടെ ചെയ്യുന്നത്.

a) മരിച്ചവരുടെ ഉയിര്‍പ്പ്

യുഗാന്ത്യത്തിലെ മരിച്ചവരുടെ ഉയിര്‍പ്പിനെപ്പറ്റി ധാരാളം പരാമര്‍ശങ്ങള്‍ സുവിശേഷത്തില്‍ കാണാം. ലാസറിനെ ഉയിര്‍പ്പിക്കുന്നതിനുമുമ്പ് മര്‍ത്തായും യേശുവും തമ്മില്‍ നടന്ന സംഭാഷണം അപ്പസ്തോലന്മാരുടെയും ആദിമക്രൈസ്തവരുടെയും വിശ്വാസത്തിന്‍റെ ശക്തമായ പ്രകാശനമാണ്: യേശു അവളോടു പറഞ്ഞു:  "നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും."

മര്‍ത്താ അവിടുത്തോടു പറഞ്ഞു: "അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ക്കുമെന്ന് എനിക്കറിയാം." യേശു അവളോടു പറഞ്ഞു:

"പുനരുത്ഥാനവും ജീവനും ഞാനാകുന്നു"  (യോഹ 11:23-25).

അന്ത്യദിനത്തിലെ മരിച്ചവരുടെ ഉയിര്‍പ്പ് പിതാവ് തന്നെ ഏല്പിച്ച ദൗത്യത്തിന്‍റെ ഭാഗമാണെന്ന ബോധ്യം യേശുവിനുണ്ടായിരുന്നു.

എനിക്കു നല്‍കിയിട്ടുള്ളവരില്‍ ഒരുവന്‍പോലും നഷ്ടപ്പെടാതെ അവസാനദിവസം അവരെ ഞാന്‍ ഉയിര്‍പ്പിക്കണം എന്നാണ് എന്നെ അയച്ച പിതാവിന്‍റെ ആഗ്രഹം. പുത്രനെ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നവരെല്ലാം നിത്യജീവന്‍ പ്രാപിക്കണമെന്ന് എന്നെ അയച്ച പിതാവ് ആഗ്രഹിക്കുന്നു. അവസാനദിവസം ഞാന്‍ അവരെ ഉയിര്‍പ്പിക്കും (യോഹ. 6:39-40).

മത്താ19:28; 25:31; യോഹ 5:28; 6:44 തുടങ്ങിയ ഭാഗങ്ങളും നോക്കുക.

b) ദുഷ്ടന്മാരും നീതിമാന്മാരും തമ്മിലുള്ള വേര്‍തിരിക്കല്‍

പുനരുത്ഥാനത്തിനുശേഷം സര്‍വ്വജനങ്ങളും മനുഷ്യപുത്രന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടും. അവിടുന്ന് അവരെ വിധിക്കും, ദുഷ്ടന്മാരെയും നീതിമാന്മാരെയും പൂര്‍ണ്ണമായി വേര്‍തിരിക്കും. ഈ ആശയം വ്യക്തമാക്കാനായിട്ടാണ് "ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്ന് വേര്‍തിരിക്കുന്നതുപോലെ" എന്ന സാദൃശ്യകല്പന യേശു ഉപയോഗിച്ചത്. മനുഷ്യപുത്രന്‍ പ്രതാപപൂര്‍വ്വം സകല മാലാഖമാരോടുംകൂടെ എഴുന്നള്ളി മഹത്വമേറിയ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അപ്പോള്‍ ജനങ്ങളും അവിടുത്തെ സന്നിധിയില്‍ ഹാജരാക്കപ്പെടും.ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ അവിടുന്ന് അവരെ വേര്‍തിരിക്കും" (മത്താ. 25:31-32).

ഇതില്‍നിന്ന് അല്പം വിഭിന്നമായ സാദൃശ്യകല്പനയാണ് ദൈവരാജ്യത്തെപ്പറ്റിയുള്ള ഉപമകളില്‍ ഉപയോഗിച്ചിരിക്കുന്നത്. നന്മയും തിന്മയും തമ്മിലുള്ള വേര്‍തിരിക്കലിനുപകരം ദൈവരാജ്യത്തിന്‍റെ ശുദ്ധീകരണത്തിന് ഇവിടെ ഊന്നല്‍ കൊടുത്തിരിക്കുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവരെ രാജ്യത്തുനിന്ന് ശേഖരിച്ച് പുറത്തെ അന്ധകാരത്തിലേക്ക് അഥവാ അഗ്നികുണ്ഡത്തിലേക്ക് എറിഞ്ഞുകളയുന്നു. "മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും. അവര്‍ അവിടുത്തെ രാജ്യത്തുനിന്ന് ഇടര്‍ച്ചയ്ക്കു കാരണമാകുന്നവരെയും അധര്‍മ്മികളെയുമെല്ലാം ശേഖരിച്ച് അഗ്നികുണ്ഡത്തിലെരിക്കും. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും" (മത്താ 13:41-42). ലോകാവസാനത്തിലും ഇങ്ങനെതന്നെ സംഭവിക്കും. ദൈവദൂതന്മാര്‍ വന്ന് നീതിമാന്മാരുടെ ഇടയില്‍നിന്ന് ദുഷ്ടന്മാരെ വേര്‍തിരിച്ച്, തീച്ചൂളയിലെരിക്കും" (മത്താ. 13:49-50).

മരിച്ചവരുടെ ഉയിര്‍പ്പിനെപ്പറ്റിയെന്നതുപോലെ നീതിമാന്മാരും ദുഷ്ടന്മാരും തമ്മിലുള്ള വേര്‍തിരിവിനെപ്പറ്റിയും യേശു പഠിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഈ വചനങ്ങളില്‍ സംശയത്തിനവകാശമില്ല.

c) ഉത്ഥിതജീവിതത്തിന്‍റെ സ്വഭാവം

യേശുവോ സുവിശേഷകരോ ഉത്ഥിതരായ മനുഷ്യവ്യക്തിയുടെ സ്വഭാവത്തെപ്പറ്റി ഒന്നും പഠിപ്പിക്കുവാന്‍ ഉദ്ദേശിച്ചിരുന്നില്ല. സമ്മാനമോ ശിക്ഷയോ പ്രാപിക്കുവാന്‍ അന്ത്യദിനത്തില്‍ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്ക്കും  എന്നുമാത്രമാണ് സുവിശേഷങ്ങള്‍ പഠിപ്പിക്കുന്നത്.

 "കുഴിമാടങ്ങളിലുള്ളവരെല്ലാം ദൈവപുത്രന്‍റെ സ്വരം ശ്രവിച്ച് അവയില്‍നിന്ന് പുറത്തുവരുന്ന സമയം ആഗതമായിരിക്കുന്നു. നന്മചെയ്തിട്ടുള്ളവര്‍ നവജീവിതത്തിനായും, തിന്മപ്രവര്‍ത്തിച്ചവര്‍ ന്യായവിധിക്കായും ഉയിര്‍ത്തെഴുന്നേല്ക്കും. (യോഹ. 5:28-29).

ഉത്ഥിതാസ്തിത്വം ഇപ്പോഴത്തെ ജീവിതത്തില്‍നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് യേശുവും സദ്ദുക്കായരും തമ്മിലുണ്ടായ സംവാദം വെളിപ്പെടുത്തുന്നു.

യേശു അവരോടു പറഞ്ഞു: "തിരുവെഴുത്തുകളും ദൈവശക്തിയും അറിഞ്ഞുകൂടാത്തതിനാല്‍ നിങ്ങള്‍ക്ക് തെറ്റുപറ്റുന്നു. പുനരുത്ഥാനത്തില്‍ ആരും ആരെയും വിവാഹം ചെയ്യുകയോ വിവാഹം ചെയ്തുകൊടുക്കുകയോ ഇല്ല. അവര്‍ സ്വര്‍ഗ്ഗത്തിലെ ദൈവദൂതന്മാരെപ്പോലെയായിരിക്കും" (മത്താ. 22:29-30).

ഉത്ഥിതനായ കര്‍ത്താവിന്‍റെ പ്രത്യക്ഷപ്പെടല്‍, ഉത്ഥിതരാവാന്‍ പോകുന്ന മനുഷ്യരുടെ ആകാരം ഇപ്പോഴത്തെ ആകാരത്തില്‍നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് നിസ്സംശയം ചൂണ്ടിക്കാട്ടുന്നു. മറിയംമഗ്ദലനയ്ക്ക് കര്‍ത്താവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല: ഇത് പറഞ്ഞിട്ട് അവള്‍ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ യേശു അവിടെ നില്ക്കുന്നതു  കണ്ടു. എന്നാല്‍ അത് യേശുവാണെന്ന് അവള്‍ക്ക് മനസ്സിലായില്ല. യേശു അവളോടു ചോദിച്ചു: സ്ത്രീ എന്തിനാണ് കരയുന്നത്? ആരെയാണ് അന്വേഷിക്കുന്നത്? അത് തോട്ടക്കാരനാണെന്ന് വിചാരിച്ച് അവള്‍ അവിടുത്തോടു പറഞ്ഞു:  "താങ്കളാണ് അവിടുത്തെ എടുത്തുകൊണ്ടുപോയതെങ്കില്‍ എവിടെയാണ് വച്ചിരിക്കുന്നതെന്ന് പറഞ്ഞാലും; ഞാന്‍ എടുത്തുകൊണ്ടു  (യോഹ 20:14-15)." 

യേശു അവളെ "മേരി" എന്നു വിളിച്ചപ്പോള്‍ മാത്രമാണ് അവള്‍ അവിടുത്തെ തിരിച്ചറിഞ്ഞത്. എമ്മാവൂസിലേക്ക്പോയ ശിഷ്യന്മാരുടെ അനുഭവവും ഇതുതന്നെയായിരുന്നു. മേശക്കിരിക്കുമ്പോള്‍ അപ്പമെടുത്ത്, ആശീര്‍വ്വദിച്ച് അവര്‍ക്ക് കൊടുത്തപ്പോള്‍ മാത്രമാണ് അവര്‍ ഉത്ഥിതനായ കര്‍ത്താവിനെ തിരിച്ചറിഞ്ഞത്. "അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു; അവന്‍ അവരുടെ ദൃഷ്ടിയില്‍നിന്നും പോയി മറഞ്ഞു" (ലൂക്കാ 24:31). അത്ഭുതകരമായ മീന്‍പിടുത്താവസരത്തില്‍ പത്രോസും കൂട്ടുകാരും അവിടുത്തെ തിരിച്ചറിഞ്ഞത് വളരെ താമസിച്ചാണ്. "ഉഷസ്സായപ്പോള്‍ യേശു കടല്‍ത്തീരത്തു വന്നുനിന്നു. എന്നാല്‍ അത് യേശുവാണെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ അപ്പോള്‍ പത്രോസിനോടു പറഞ്ഞു: "അതു കര്‍ത്താവാണ്". വസ്ത്രമൊക്കെ ഉരിഞ്ഞുവച്ചിരുന്ന പത്രോസ് "അതു കര്‍ത്താവാണ്" എന്നു കേട്ടയുടനെ മേല്‍വസ്ത്രമെടുത്ത് ധരിച്ചുകൊണ്ട് കടലിലേക്ക് ചാടി (യോഹ 21:4-7). 

d) നീതിമാന്മാര്‍ക്കു ലഭിക്കുന്ന സമ്മാനം

യുഗങ്ങള്‍ നീണ്ടുനില്‍ക്കുന്ന ജീവിതം അഥവാ നിത്യജീവിതമാണ് നീതിമാന്മാര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്. "തന്‍റെ ജീവനെ പരിരക്ഷിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തും; എന്‍റെ നാമത്തെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അത് കണ്ടെത്തും" (മത്താ.16:25) "നീതിമാന്മാര്‍ നിത്യജീവിതത്തില്‍ പ്രവേശിക്കും"  (മത്താ 25:46).

വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ജീവിതം കര്‍ത്താവുമായി ഐക്യത്തില്‍ അനുഭവിക്കുന്ന ജീവിതമാണ്; അത് കര്‍ത്താവിന്‍റെ സന്തോഷത്തിലുള്ള ഭാഗഭാഗിത്വമാണ്. "യജമാനന്‍ പ്രതിവചിച്ചു: കൊള്ളാം, ഉത്തമനും വിശ്വസ്തനുമായ ദാസാ, അല്പകാര്യങ്ങളില്‍ നീ വിശ്വസ്തനായിരുന്നതിനാല്‍ ഞാന്‍ നിന്നെ വലിയ കാര്യങ്ങളില്‍ അധികാരിയാക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തില്‍ പങ്കുകൊള്ളുക"  (മത്താ. 25:21-23).വരാനിരിക്കുന്ന രാജ്യത്തില്‍ നീതിമാന്മാര്‍ക്കു ലഭിക്കുന്ന സന്തോഷപൂര്‍ണ്ണമായ ദൈവൈക്യത്തെ സൂചിപ്പിക്കാന്‍ മെസ്സയാനിക്ക് സദ്യയുടെ സദൃശ്യകല്പനയാണ് ഉപയോഗിച്ചിരിക്കുന്നത് "ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍"  (ലൂക്കാ. 14:15).

അന്ത്യ അത്താഴസമയത്ത് യേശു ശിഷ്യന്മാരോടു പറഞ്ഞു: "ദൈവരാജ്യത്തില്‍വച്ച് ഞാന്‍ നവമായി പാനംചെയ്യുന്നതുവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നും ഞാന്‍ പാനം ചെയ്യുകയില്ലെന്നു സത്യമായി നിങ്ങളോടു പറയുന്നു"  (മര്‍ക്കോ 14:25). പത്തു കന്യകകളുടെ ഉപമയില്‍ മണവാളന്‍ ഒരുങ്ങിയിരിക്കുന്ന കന്യകകളോടൊത്തു വിരുന്നുശാലയിലേക്ക് പോകുന്നു (മത്താ. 25:10). സ്വര്‍ഗ്ഗരാജ്യത്തെ വിവാഹവിരുന്നിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത് (മത്താ. 22:1-14).

സ്വര്‍ഗ്ഗരാജ്യത്തില്‍ മാനവൈക്യം പുനഃസ്ഥാപിക്കപ്പെടും! "കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ ഭക്ഷണത്തിനിരിക്കുമെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്താ. 8:11).

e) ദുഷ്ടന്മാര്‍ക്കു ലഭിക്കുന്ന ശിക്ഷ

സ്വര്‍ഗ്ഗരാജ്യത്തിനു ബദലായി ദുഷ്ടന്മാരെ പീഡിപ്പിക്കാനുള്ള രണ്ടു സ്ഥലങ്ങളെപ്പറ്റിയുള്ള സൂചനകള്‍ സുവിശേഷങ്ങളില്‍ കാണാം: പാതാളവും (Hades), നരകവും (Gehenna).

മരിച്ചവര്‍ പുനരുത്ഥാനവും പാര്‍ത്തു കഴിയുന്ന സ്ഥലമായാണ് പാതാളത്തെ പൊതുവേ കണക്കാക്കുന്നത്. സുവിശേഷങ്ങളില്‍ ഇത് നാലു പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. (മത്താ. 11:23; 16:18; ലൂക്കാ 10:14; 16:23) ദുഷ്ടരെ പീഡിപ്പിക്കുന്ന സ്ഥലമാണ് പാതാളം എന്ന ഓരേയൊരു സൂചനയേ സുവിശേഷങ്ങളില്‍ കാണുന്നുള്ളൂ. "അവസാനം ആ ദരിദ്രന്‍ മരിച്ചു. മാലാഖാമാര്‍വന്നു അവനെ അബ്രാഹത്തിന്‍റെ മടിയിലേക്ക് കൊണ്ടുപോയി. ധനികനും മരിച്ച് അടക്കപ്പെട്ടു. പാതാളത്തില്‍ പീഡ അനുഭവിക്കുന്നതിനിടയില്‍ മുകളിലേക്ക് നോക്കിയപ്പോള്‍ അബ്രാഹത്തേയും അദ്ദേഹത്തിന്‍റെ മടിയില്‍ ലാസറിനെയും കണ്ടു "  (ലൂക്കാ. 16:22-23). പീഡയുടെ സ്ഥലം എന്ന അര്‍ത്ഥത്തിലാണ് "നരകം" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ജൊവാക്കിം ജറമിയാസിന്‍റെ അഭിപ്രായത്തില്‍ മരണത്തിനും പുനരുത്ഥാനത്തിനും ഇടയ്ക്കുള്ള മധ്യകാലത്ത് മാത്രമേ ദുഷ്ടന്മാര്‍ പാതാളത്തില്‍ പ്രവേശിക്കപ്പെടുന്നുള്ളൂ; നരകമാകട്ടെ അവരുടെ ശിക്ഷയുടെ സ്ഥലമാണ്. കെടാത്ത തീയും ചാകാത്ത പുഴുവും ഉള്ള സ്ഥലമാണത് (ലൂക്കാ. 9:4348). നരകാഗ്നിയിലേക്ക് എറിയപ്പെടുന്നതിന്‍റെ ഭീകരതയെപ്പറ്റി യേശു ശിഷ്യന്മാരെ പലപ്രാവശ്യം ഓര്‍മ്മിപ്പിക്കുന്നു. പതിനൊന്ന് പ്രാവശ്യം ഇത് സുവിശേഷങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഈ പതിനൊന്നു പ്രാവശ്യവും ഇടര്‍ച്ചകൊടുക്കുന്നതിനെതിരെയുള്ള താക്കീതായിട്ടാണ് ഇത് ഉപയോഗിച്ചിരിക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇടര്‍ച്ചയുടെ പേരില്‍ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാള്‍, അംഗഭംഗം ബാധിച്ചവനായി സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതാണ് ഒരുവന് നല്ലത് (മത്താ. 5:29-30; 18:9; മര്‍ക്കോ. 9:43-45,47).

യഹൂദരുടെ പ്രാപഞ്ചിക വീക്ഷണവുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്ന സംജ്ഞകളാണ് പാതാളവും നരകവും. ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പീഡകള്‍ വിവരിക്കാന്‍ രണ്ട് പ്രതിരൂപങ്ങള്‍ ധ്വനിപ്പിക്കുന്നത്. പീഡയുടെ സ്ഥലം തീക്കുണ്ഡമാണെങ്കില്‍ അത് അതേസമയം അന്ധകാരത്തിന്‍റെ സ്ഥലമായും ചിത്രീകരിക്കുന്ന വചനങ്ങളുണ്ട്.

മത്താ: 13:41:  "മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും. അവര്‍ അവിടുത്തെ രാജ്യത്തുനിന്നു ഇടര്‍ച്ചയ്ക്കു കാരണമാകുന്നവരെയും അധര്‍മ്മികളെയുമെല്ലാം ശേഖരിച്ച് അഗ്നികുണ്ഡത്തിലെറിയും."

മത്താ: 25:30: "മടിയനായ ഈ ദാസനെ വെളിയിലുള്ള അന്ധകാരത്തിലേയ്ക്കു തള്ളുവിന്‍. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും." 

സുവിശേഷങ്ങളിലെ ചില വചനങ്ങള്‍ മനുഷ്യന്‍റെ അന്ത്യത്തെ സൂചിപ്പിക്കുമ്പോള്‍ മറ്റു ചിലവയാകട്ടെ ഈ പ്രപഞ്ചത്തിന്‍റെ അന്ത്യത്തേയും സൂചിപ്പിക്കുന്നു. അപ്പൊകാലിപ്റ്റിക് ഭാഷയാണ് നാമിവിടെ കാണുന്നത്. മറഞ്ഞിരിക്കുന്ന ദൈവിക സത്യങ്ങളുടെ വെളിപ്പെടല്‍ എന്നാണ് "അപ്പോക്കാലിപ്സിസ്" എന്ന വാക്കിന്‍റെ അര്‍ത്ഥം. അപ്പൊക്കാലിപ്റ്റിക് ഭാഷ യേശുവിന്‍റെ സമകാലികരുടെ ഇടയില്‍ പ്രചരിച്ചിരുന്നു.

a) മനുഷ്യന്‍റെ അന്ത്യത്തെ സൂചിപ്പിക്കുന്ന വചനങ്ങള്‍

മത്താ 13:41: "അന്ന് മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും. അവര്‍ അവിടുത്തെ രാജ്യത്തുനിന്ന് ഇടര്‍ച്ചയ്ക്കു കാരണമാകുന്നവരേയും അധര്‍മ്മികളേയുമെല്ലാം ശേഖരിച്ച് അഗ്നികുണ്ഡത്തിലെറിയും. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും. എന്നാല്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ ശോഭിക്കും."

മത്താ 25:31-46: "മനുഷ്യപുത്രന്‍ പ്രതാപപൂര്‍വ്വം സകല മാലാഖാമാരോടുകൂടി എഴുന്നള്ളി മഹത്വമേറിയ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അപ്പോള്‍ സകല ജനങ്ങളും അവിടുത്തെ സന്നിധിയില്‍ ഹാജരാക്കപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ അവിടുന്ന് അവരെ വേര്‍തിരിക്കും. ചെമ്മരിയാടുകളെ തന്‍റെ വലത്തുവശത്തും കോലാടുകളെ തന്‍റെ ഇടത്തുവശത്തും നിര്‍ത്തും. അനന്തരം തന്‍റെ വലത്തുവശത്തുള്ളവരോട് അരുള്‍ ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗൃഹീതരേ വരുവിന്‍; ലോകാരംഭം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം കൈവശമാക്കിക്കൊള്ളുവിന്‍;. അനന്തരം അവിടുന്ന് തന്‍റെ ഇടത്തുവശത്തുള്ളവരോടു അരുള്‍ചെയ്യും. ശപിക്കപ്പെട്ടവരേ, എന്നില്‍നിന്നുമകന്ന് പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.. ഇവര്‍ നിത്യശിക്ഷയ്ക്കു വിധേയരാകും. നീതിമാന്മാര്‍ നിത്യജീവന്‍ പ്രാപിക്കും."

b) അഖില പ്രപഞ്ചത്തിന്‍റെയും അന്ത്യത്തെ സൂചിപ്പിക്കുന്ന വചനങ്ങള്‍

മത്താ 24:29: "അക്കാലത്തെ ദുരിതങ്ങള്‍ അവസാനിച്ചാലുടനെ സൂര്യന്‍ ഇരുണ്ടുപോകും, ചന്ദ്രന്‍ നിഷ്പ്രഭമാകും, നക്ഷത്രങ്ങള്‍ ആകാശത്തുനിന്നും വീഴും, ആകാശശക്തികള്‍ ക്ഷോഭിക്കും" (മത്താ 16:28). യേശു അവരോടു പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു, പുതിയ ലോകത്തില്‍, മനുഷ്യപുത്രന്‍ തന്‍റെ മഹത്വമേറിയ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍.

ദ്വിതീയാഗമനത്തെയും മനുഷ്യന്‍റെയും പ്രപഞ്ചത്തിന്‍റെയും അന്ത്യത്തെയും പറ്റിയുള്ള യേശുവിന്‍റെ പ്രബോധനങ്ങള്‍ അല്പം വിശദീകരിക്കാം.

പഴയനിയമവും യഹൂദരുടെ അപ്പൊക്കാലിപ്റ്റിക് സാഹിത്യവും ഖുമ്റാന്‍ സാഹിത്യവും പുതിയനിയമവുമെല്ലാം, അന്ത്യദിനം മനുഷ്യരെ മാത്രമല്ല, പ്രപഞ്ചത്തെ മുഴുവന്‍ ബാധിക്കുമെന്ന് അഭിപ്രായപ്പെടുന്നു. സെന്‍റ് പോള്‍ റോമാക്കാര്‍ക്ക് എഴുതുകയാണ്: "സമസ്ത സൃഷ്ടികളും ദൈവമക്കളുടെ മഹത്വീകരണം ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവയുടെ പ്രതീക്ഷ വ്യര്‍ത്ഥമായി. സ്വന്തം ഇഷ്ടപ്രകാരമല്ല, അവയെ അടിമപ്പെടുത്തിയവന്‍റെ അഭീഷ്ടപ്രകാരമാണ് അങ്ങനെ സംഭവിച്ചത്. എങ്കിലും പ്രത്യാശയ്ക്കു വകയുണ്ട്. എന്തെന്നാല്‍ സൃഷ്ടികള്‍ മര്‍ത്ത്യതയുടെ ശൃംഖലകളില്‍നിന്നും വിമുക്തരായി, ദൈവപുത്രന്മാരുടെ സ്വാതന്ത്ര്യവും മഹത്വവും പ്രാപിക്കാനുള്ളതാണ്" (റോമ 8:19-21).

പുതിയനിയമത്തിലെ രണ്ടു ഭാഗങ്ങള്‍ പുതിയ ആകാശത്തെയും പുതിയ ഭൂമിയെയുംപറ്റി പരാമര്‍ശിക്കുന്നു.

വെളിപാട് 21:1. "അനന്തരം ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാശവും, ആദ്യത്തെ ഭൂമിയും കടന്നുപോയി. സമുദ്രവും ഇനി ഇല്ല."

2 പത്രോ. 3:7-13:  "ഇപ്പോഴത്തെ ആകാശവും ഭൂമിയും വിധിയുടേയും ദുഷ്ടമനുഷ്യരുടെ നാശത്തിന്‍റേയും ദിവസത്തേയ്ക്ക് അതേ വചനത്താല്‍ അഗ്നിക്കായി സൂക്ഷിച്ചിരിക്കുകയാണ്.... കര്‍ത്താവിന്‍റെ ദിവസം കള്ളനെപ്പോലെ വരും; അന്ന് ആകാശം വലിയ ഒച്ചപ്പാടോടെ ഇല്ലാതാകും; മൂലപദാര്‍ത്ഥങ്ങള്‍ ചൂടുകൊണ്ട് ഉരുകിപ്പോകും. ഭൂമിയും അതിലുള്ള സമസ്തവും നശിച്ചു പോകും.... നാം അവിടുത്തെ വാഗ്ദാനപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പ്രതീക്ഷിച്ചിരിക്കുകയാണ്."

ഈ രണ്ടു വേദപുസ്തകഭാഗങ്ങളും ഏശയ്യായുടെ പുസ്തകത്തിലെ 65:17; 66:22 എന്നീ ഭാഗങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ഏശ 65:17: ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു.

പഴയ വസ്തുക്കളൊന്നും അനുസ്മരിക്കപ്പെടുകയില്ല. അവ അവസാനിച്ചിരിക്കുന്നു. ഏശ 66:72  "ഞാന്‍ നിര്‍മ്മിക്കാനിരിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയുംപോലെ...."

പുതിയ ആകാശത്തേയും പുതിയ ഭൂമിയേയുംപറ്റിയുള്ള പുതിയ നിയമവചനങ്ങളുടെ വ്യാഖ്യാനത്തെ സംബന്ധിച്ച് പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായാന്തരമുണ്ട്. വിധിയാളനായിവരുന്ന യാഹ്വേയുടെ പരമോന്നതാധികാരത്തിന് ഊന്നല്‍ കൊടുക്കാന്‍വേണ്ടി  ഉപയോഗിച്ചിരിക്കുന്ന ആലങ്കാരിക ഭാഷയാണിതെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എ. വോള്‍ട്ടിന്‍ ഇതിനെപ്പറ്റി എഴുതുന്നു: വിധിയെപ്പറ്റിയുള്ള പ്രവാചിക ചിത്രീകരണത്തിലെ ഭീകരതകള്‍, വിധിയാളനായ യാഹ്വേയുടെ പരമോന്നതാധികാരത്തിന്‍റെ പ്രതിരൂപങ്ങളായി വേണം മനസ്സിലാക്കുവാന്‍. ഏശയ്യായുടെ പുസ്തകത്തിന്‍റെ കര്‍ത്താവും പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടേയും സൃഷ്ടിയെപ്പറ്റിയുള്ള വചനം (66:22; 65:17) രക്ഷയെ സൂചിപ്പിക്കുന്ന  അതിശയോക്തിപരമായ അലങ്കാരമായിട്ടാണ് മനസ്സിലാക്കിയത്. യാഹ്വേയുടെ പരമാധികാരത്തെ അതു സ്പഷ്ടമാക്കുന്നു.

വിധിയെ സൂചിപ്പിക്കുന്ന അലങ്കാരഭാഷയായി ഈ വചനങ്ങളെ പില്ക്കാല യഹൂദമതവും ഖുമ്റാന്‍ സമൂഹവും കണക്കാക്കിയിരുന്നോ എന്നു ഖണ്ഡിതമായി പറയാനാവില്ല. 1 ഏനോക്ക് 91:6:  "ഒന്നാമത്തെ ആകാശം കടന്നുപോകും; പുതിയ ആകാശം പ്രത്യക്ഷപ്പെടും. ആകാശശക്തികളെല്ലാം ഏഴിരട്ടി പ്രകാശം പ്രസരിപ്പിക്കും."

1 ഝെ കഢ, 16:  "ഇക്കാലം അവസാനിക്കുകയും പുതിയ സൃഷ്ടി ആഗമിക്കുകയും ചെയ്യുന്നതുവരെ ദൈവം അവരെ നീതിമാന്മാരും ദുഷ്ടന്മാരുമായി തുല്യശക്തിയില്‍ നിര്‍ത്തിയിരിക്കുകയാണ്."

ഈ പശ്ചാത്തലത്തില്‍ സമാനസുവിശേഷങ്ങളിലെ അപ്പൊക്കാലിപ്റ്റിക് വചനങ്ങള്‍ വിശിഷ്യാ മത്താ. 19:28 24:29 എന്നിവയെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മത്താ 19:28 "ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു, പുതിയ ലോകത്തില്‍ മനുഷ്യപുത്രന്‍ തന്‍റെ മഹത്വമേറിയ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍...."

മത്താ 24:29: അക്കാലത്തെ ദുരിതങ്ങള്‍ അവസാനിച്ചാലുടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ നിഷ്പ്രഭമാകും; നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും; ആകാശശക്തികള്‍ ക്ഷോഭിക്കും.

ഈ വാക്യത്തിന് പഴയനിയമത്തിലെ പലവാക്യങ്ങളുമായി സാഹിത്യരൂപപരമായ ബന്ധമുണ്ട് - പ്രധാനമായും ഏശ 13:10; 34:4; ജോയേല്‍ 2:10 തുടങ്ങിയവയുമായി.

ഏശ 13:10: ആകാശത്തിലെ നക്ഷത്രങ്ങളും ഗ്രഹവ്യൂഹങ്ങളും അവയുടെ പ്രകാശം തരുകയില്ല. സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ അതിന്‍റെ പ്രകാശം നല്കുകയുമില്ല.

ഏശ 34:4: "ആകാശശക്തികളെല്ലാം നശിക്കും. ആകാശം ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും."  

ജോയേല്‍ 2:10: "ഭൂമി ഇളകും; ആകാശം ക്ഷോഭിക്കും; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങള്‍ അവയുടെ പ്രകാശം മറച്ചുവയ്ക്കും"

ഇതേ ഭാഷതന്നെയാണ് മത്തായിയുടെ സുവിശേഷത്തിലെ യുഗാന്ത്യപ്രഭാഷണത്തിലും കാണുന്നത്. സാര്‍വ്വലൗകികവും പ്രാപഞ്ചികവുമായ സമ്പൂര്‍ണ്ണ പരിത്രാണത്തെപ്പറ്റിയാവണം യേശു ഇവിടെ സൂചിപ്പിക്കുന്നത്.

                                             (ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍,

                                     ബൈബിള്‍ ഭാഷ്യം 9 (1980) 138-154)

Vision of the End In the Gospel of Matthew catholic malayalam bible study gospel of Matthew Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message