We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 23-Nov-2022
തളരാത്ത വിശ്വാസം - കാനാൻകാരി
എന്നാലും ഇത് അല്പം കടന്ന പ്രയോഗമായിപ്പോയില്ലേ? വലിയ പ്രതീക്ഷയോടെ, നിലവിളിച്ചുകൊണ്ട് പിറകേ വന്ന ആ പാവത്തിനെ സഹായിക്കാൻ മനസ്സില്ലെങ്കിൽ വേണ്ടാ; പട്ടി എന്നു വിളിച്ച് അവഹേളിക്കണമായിരുന്നോ? “മക്കളുടെ അപ്പം നായ്ക്കൾക്ക് കൊടുക്കുന്നത് ഉചിതമല്ല” (മത്താ 15,26). യേശു തന്നെയാണോ ഇതു പറഞ്ഞത്? ഇതെങ്ങനെ സുവിശേഷമാകും? യേശുവിനെയും സുവിശേഷത്തെയും പ്രതിക്കൂട്ടിലാക്കുന്ന ഒരു സ്ത്രീ- ആരാണവൾ? എന്താണ് തികഞ്ഞ അവഗണനയും കനത്ത പരിഹാസവും പ്രതിധ്വനിക്കുന്ന ഈ വാക്കുകളുടെ അർത്ഥം?
ആദ്യത്തെ രണ്ടു സുവിശേഷകന്മാരും (മത്താ 15,21-28; മർക്കേ 7,24-30) അല്പസ്വല്പം വ്യത്യാസങ്ങളോടെ അവതരിപ്പിക്കുന്ന അസാധാരണമായൊരു സംഭവമാണിത്. വാഗ്ദത്തഭൂമിക്കു പുറത്ത്, ടയിർ-സീദോൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്ത യേശുവിനെ സഹായം തേടി സമീപിച്ച ഒരു മാതാവ്. സീറോ-ഫെനീഷ്യൻ വംശത്തിൽപ്പെട്ട ഒരു ഗ്രീക്കുകാരി എന്നാണ് മർക്കോസ് അവളെ പരിചയപ്പെടുത്തുന്നത്. ഗ്രീക്കുകാരി എന്ന വിശേഷണം അവളുടെ മതവിശ്വാസത്തിലേക്കു വിരൽ ചൂണ്ടുന്നു. ഇസ്രായേൽക്കാരിയല്ല, വിജാതിയാണവൾ. സീറോ-ഫെനീഷ്യൻ എന്നത് അവളുടെ ദേശത്തെയും പൗരത്വത്തെയും സൂചിപ്പിക്കുന്നു. ഫെനീഷ്യൻ വംശജർ രണ്ടു വിഭാഗമുണ്ടായിരുന്നു. വടക്കേ ആഫ്രിക്കയിൽ, കാർത്തേജ് തലസ്ഥാനമാക്കി ജീവിച്ചിരുന്നവരാണ് ഒരു വിഭാഗം. അവരെ ലീബിയോ - ഫെനീഷ്യർ എന്നു വിളിച്ചിരുന്നു. ടയർ - സീദോൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന സിറിയായിൽ ജീവിച്ചിരുന്ന മറ്റൊരു വിഭാഗത്തെ സീറോ-ഫെനീഷ്യർ എന്നും വിളിച്ചിരുന്നു. ഈ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് “കാനാൻകാരി" എന്ന ഒറ്റവാക്കിൽ മത്തായി അവളെ അവതരിപ്പിക്കുന്നു. രണ്ടു വിശേഷങ്ങളുടെയും കാതൽ ഒന്നുതന്നെ. അവൾ ഒരു വിജാതിയാണ്. ദൈവജനമായി തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേലിന്റെ അതിർത്തിക്കു പുറത്തുള്ളവൾ. അതു തന്നെയാണ് മുഖ്യപ്രശ്നം.
അശുദ്ധാത്മാവു ബാധിച്ച് തന്റെ കൊച്ചു മകൾക്കു സൗഖ്യം തേടിയാണവൾ വന്നത്. ഗലീലിയിൽ നിന്നുള്ള യുവപ്രവാചകൻ തന്റെ നാട്ടിൽ എത്തിയിരിക്കുന്നു എന്ന വാർത്ത അവളിൽ പ്രത്യാശയുണർത്തി. അവനു സുഖപ്പെടുത്താൻ കഴിയാത്ത രോഗമില്ല; അവനു കീഴടങ്ങാത്ത പിശാചുക്കളുമില്ല എന്ന് അവൾ കേട്ടിരുന്നു. ഗെരസേനരുടെ നാട്ടിൽ ലെഗിയോൻ ബാധിച്ചവനെപ്പോലും സുഖപ്പെടുത്തിയവൻ തന്റെ മകളെയും സുഖപ്പെടുത്തും എന്ന് അവൾ പ്രതീക്ഷിച്ചു. കരുണയുടെ നിറകൂടവും കൃപയുടെ ഉറവിടവുമാണവൻ; ദൈവം തന്നെ മനുഷ്യരൂപം പൂണ്ട് ഭൂമിയിലേക്കു വന്നതാണ് അവൻ എന്ന് അവൾ വിശ്വസിച്ചു. ഇസ്രായേൽ ജനം പ്രതീക്ഷിച്ചിരുന്ന രക്ഷകനും രാജാവും ആണവൻ. ഈ വിശ്വാസമെല്ലാം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണവൾ വന്നത്. “കർത്താവേ, ദാവിദിന്റെ പുത്രാ, എന്നിൽ കനിയണമേ എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു" (മത്താ 15,22).
തന്റെ മകളെ ബാധിച്ചിരിക്കുന്ന മാരകമായ വിപത്തിൽ ഹൃദയം തകർന്ന ഒരമ്മയുടെ വിലാപവും കണ്ണീരും ഈ നിലവിളിയിൽ മുഴങ്ങുന്നുണ്ട്. ഉറച്ച വിശ്വാസത്തോടെ, വലിയ പ്രതീക്ഷയോടെ ആയിരുന്നു അവൾ യേശുവിന്റെ അടുത്തുവന്നത്. “കരഞ്ഞപേക്ഷിച്ചു" (മത്താ 15,21) എന്ന വിവരണം അവളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. എന്നാൽ പ്രതീക്ഷിച്ചതിനു കടകവിരുദ്ധമായിരുന്നു യേശുവിന്റെ പ്രതികരണം. ഒരുവാക്കുപോലും ഉരിയാടിയില്ല. ഈ കണ്ണീരും നിലവിളിയും കണ്ടതായിപോലും നടിച്ചില്ല. അവഗണന! കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു കടന്നുപോകുന്ന യേശു. എന്താണിങ്ങനെ? അവൾക്കു മനസ്സിലായില്ല. പക്ഷേ, പിന്മാറാൻ അവൾ തയ്യാറല്ല.
മാന്യതയുള്ള, സ്വന്തം സൽപേരും ആത്മാഭിമാനവും കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയും ചെയ്യാത്തത് അവൾ ചെയ്തു. നിലവിളിച്ചുകൊണ്ട് പുറകെ ഓടി. ഒരു വിജാതീയ ഒരു യഹൂദപുരുഷന്റെ പിന്നാലെ നിലവിളിച്ചുകൊണ്ട് പാഞ്ഞുചെല്ലുന്നത് അപഹാസ്യമായിത്തോന്നാം. എന്നാൽ അവൾക്കു നഷ്ടപ്പെടാൻ ഒന്നുമില്ല. ആവശ്യക്കാരന് ഔചിത്യബോധമില്ല എന്നു പറയാറുണ്ട്. അവളുടെ ഏക സമ്പത്താണ് ആ കൊച്ചുമകൾ. പിശാചു ക്രൂരമായി പീഡിപ്പിക്കുന്ന പെൺകുട്ടി. അവൾക്കു സൗഖ്യം തേടി പോകാൻ വേറൊരിടമില്ല. യേശുവിന് തന്റെ മകളെ സുഖപ്പെടുത്താൻ കഴിയും. അതിനാൽ കേട്ടില്ലെന്നു നടിച്ചു പോകുന്നവനെ കേൾപ്പിച്ചേ മതിയാകൂ! ശബ്ദമുയർന്നു. കരച്ചിൽ വലിയ നിലവിളിയായി. മാന്യതയുള്ള ഒരുസ്ത്രീയും ചെയ്യാത്തതാണത്. വഴിയേ നടന്നു നിലവിളിക്കുക! പക്ഷേ മാന്യതയുടെ നിയമങ്ങൾ പരിഗണിക്കാനുള്ള അവസരമല്ലിത്. യേശുവിന്റെ ശ്രദ്ധ തന്നിലേക്കാകർഷിച്ചേ മതിയാകൂ!
ശിഷ്യന്മാർ ഇടപെട്ടു. അവളോടുള്ള താൽപര്യവും സഹതാപവും കൊണ്ടോ അതോ പിറകേ നടന്ന് ബഹളം വയ്ക്കുന്ന അവൾ തങ്ങൾക്ക് ഒരു ശല്യമായി തോന്നിയിട്ടോ, അവളെ പറഞ്ഞയയ്ക്കാൻ യേശുവിനോട് അവർ ആവശ്യപ്പെട്ടു. എന്നിട്ടും നിഷ്ക്രിയത്വം. പോരാ, അവൾ ചോദിക്കുന്നതു ചെയ്തു കൊടുക്കാൻ സാധ്യമല്ലത്രെ! "ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്" (മത്താ 15,24).
പ്രതീക്ഷയ്ക്ക് ഇനി ഒരു വകയുമില്ലെന്ന് വ്യക്തമായി. അവൻ യഹൂദൻ, താൻ വിജാതി, യഹൂദർക്കു മാത്രമേ അവൻ സൗഖ്യം നല്കൂ! എത്ര കഠിനം! എന്തൊരു ക്രൂരത. ഇല്ല, ഇത് സമ്മതിക്കാനാവില്ല. യാചനയും വിലാപവും ഉച്ചത്തിലുള്ള നിലവിളിയും ഫലിച്ചില്ല. ഈ ഒന്നേ അവശേഷിച്ചിട്ടുള്ളൂ. പുറകെ നടന്നു വിലപിച്ചവൾ സംഘത്തിനു മുന്നിൽ കടന്ന് വഴി തടഞ്ഞു: “അവൾ അവനെ പ്രണമിച്ച് അപേക്ഷിച്ചു: കർത്താവേ, എന്നെ സഹായിക്കണമേ!” (മത്താ 15,25). ഇതൊരു പ്രതിഷേധ പ്രകടനമല്ല, നിസ്സഹായതയുടെ ഏറ്റുപറച്ചിലാണ്. പൂർണ്ണമായി അടിയറവച്ച് അപേക്ഷിക്കലാണ്. അതോടൊപ്പം മറ്റൊന്നു കൂടിയുണ്ട്. എന്നെ ചവിട്ടിയല്ലാതെ ഇനി ഒരടി മുന്നോട്ടുവയ്ക്കാൻ നിനക്കാവില്ല.
എന്നിട്ടും കനിയാത്ത യേശുവിന്റെ മനോഭാവം തികച്ചും ദുരൂഹം തന്നെ. കനിയുന്നില്ലെന്നു മാത്രമല്ല, തികഞ്ഞ പരിഹാസം ദ്യോതിപ്പിക്കുന്ന മറുപടി: “മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്കെറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല” (മത്താ 15,26). എന്തോരൗചിത്യബോധം! ആരാണ് മക്കൾ? ആരാണ് നായ്ക്കൾ? വിജാതീയരെ സൂചിപ്പിക്കാൻ യഹൂദർ പുച്ഛത്തോടെ ഉപയോഗിച്ചിരുന്ന ഒരു പദമാണ് നായ. ഇവിടെ ഇസ്രായേൽക്കാർ മക്കളും വിജാതീയർ നായ്ക്കളുമാണെന്ന യഹൂദ മേൽക്കോയ്മാ മനോഭാവമാണോ യേശുവിനും? പ്രത്യക്ഷത്തിൽ അതെയെന്നു തോന്നാം. എന്നാൽ പദപ്രയോഗത്തിൽ ഒരു ചെറിയ വ്യത്യാസമുണ്ട്. അതാണ് കഥയുടെ മർമ്മം.
നായയെ സൂചിപ്പിക്കാൻ ഗ്രീക്കുഭാഷയിൽ രണ്ടു പദങ്ങളുണ്ട്. "കുവോൺ" (Kuon) എന്നതാണ് സാധാരണ ഉപയോഗിക്കാറുള്ള പദം. “വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്” (മത്താ 7,6) എന്നു പറയുമ്പോൾ ഈ പദമാണ് ഉപയോഗിക്കുക. സങ്കീ 22,21; സുഭാ 26,11; പ്രഭാ 13,17-18; ലൂക്കാ 16,21 മുതലായ ബൈബിൾ ഭാഗങ്ങളിലെല്ലാം ഈ പദമാണുപയോഗിക്കുന്നത്. തെരുവുനായ, കില്ലപ്പട്ടി എന്നൊക്കെ ഇതിനെ വിവർത്തനം ചെയ്യാം. എന്നാൽ ചർച്ചാവിഷയമായ തിരുവചനത്തിൽ ഉപയോഗിച്ചിരിക്കുന്നത് മറ്റൊരു പദമാണ്. “കുനാരിയോൺ (Kunarion). ഇത് വളർത്തുനായ, പട്ടിക്കുഞ്ഞ് എന്നൊക്കെ വിവർത്തനം ചെയ്യാവുന്ന ഒരു പദമാണ്. ഈ പദപ്രയോഗം സഹായാർത്ഥിയായ മാതാവിന്റെ അടുത്ത മറുപടിക്കു വഴിയൊരുക്കുന്നു.
“അതേ, കർത്താവേ, നായ്ക്കളും യജമാന്മാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ” (മത്താ 15, 27). ഇവിടെ അവകാശവാദമില്ല. തിരസ്കരണവും പരിഹാസവുമായി യേശുവിന്റെ പ്രവൃത്തിയും മറുപടിയും അവൾ കരുതുന്നില്ല. മക്കളായി പരിഗണിക്കണം എന്ന് വാദിക്കുന്നുമില്ല. മക്കളുടേത് എടുത്തു തരേണ്ടതില്ല. ബാക്കി, ഉച്ചിഷ്ടം, അതുമതി, അതിനെങ്കിലും തനിക്കും അർഹതയുണ്ട്. വളർത്തുനായെന്നല്ലേ വിളിച്ചത്? എങ്കിൽ വളർത്തുന്നവന്റെ ഉത്തരവാദിത്വമാണ് വീട്ടുനായ്ക്കു ഭക്ഷണം കൊടുക്കുക എന്നത്.
അടിപതറാത്ത വിശ്വാസവും അഗാധമായ വിനയവും പ്രകടമാക്കുന്ന മറുപടിയിൽ നിസ്സംഗതയുടെയും അവഗണനയുടെയും അവഹേളനത്തിന്റെയും മുഖംമൂടി അഴിഞ്ഞുവീണു. “സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ” (മത്താ 15,26). അപ്പോൾ അതായിരുന്നു നിശ്ശബ്ദതയുടെയും നിസ്സംഗതയുടെയും ലക്ഷ്യം! അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ തിളക്കമേറിയതായിരുന്നു പരീക്ഷകളെ അതിജീവിച്ച് അവളുടെ വിശ്വാസം (1 പത്രോ 1,7). തന്റെ വിശ്വാസം ഏറ്റു പറയാൻ, ആ വിശ്വാസത്തിൽ ആഴപ്പെടാൻ അവൾക്ക് അവസരമൊരുക്കുകയായിരുന്നു യേശു.
ആദ്യം ഇസ്രായേൽ ജനത്തോടും പിന്നീട് വിജാതീയരോടും സുവിശേഷം പ്രസംഗിക്കുക എന്നത് ദൈവികപദ്ധതിയുടെ ഭാഗമായി ബൈബിളിൽ അവതരിപ്പിക്കുന്നുണ്ട്. അബ്രാഹത്തിന്റെ വിളി മുതൽ (ഉൽപ 12,3; 22,18) വെളിപ്പെടുന്ന ഈ പദ്ധതി യേശുവിൽ പൂർത്തിയായി. യേശുവിന്റെ പരസ്യജീവിതകാലത്ത് മുഖ്യമായും യഹൂദരോടാണ് സുവിശേഷം പ്രസംഗിച്ചത്. ഇസ്രായേൽ ജനം വഴി വിജാതീയർക്കു രക്ഷ എന്ന പദ്ധതിയോട് ഇസ്രായേൽ സഹകരിച്ചില്ല (റോമാ 9-11). ഉത്ഥാനത്തിനുശേഷം സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കാൻ ചുമതലപ്പെടുത്തുന്നതിലൂടെ (മത്താ 28,19) രക്ഷാ ചരിത്രത്തിന്റെ പുതിയ ഘട്ടം യേശു ഉദ്ഘാടനം ചെയ്യുന്നു. യഹൂദർ തിരസ്കരിക്കുകയും വിജാതീയർ സ്വീകരിക്കുകയും ചെയ്ത രക്ഷകനാണ് യേശു എന്ന് മത്തായി പ്രത്യേകം എടുത്തു കാട്ടുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ സംഭവം.
പരീക്ഷണങ്ങളിൽ അവൾ വിജയിച്ചു. അല്പവിശ്വാസികളായ ശിഷ്യന്മാർക്കും അല്പം പോലും വിശ്വസിക്കാത്ത യഹൂദനേതാക്കൾക്കും മുമ്പിൽ തളരാത്ത വിശ്വാസത്തിന്റെയും അസ്തമിക്കാത്ത പ്രത്യാശയുടെയും പ്രതീകമായി പ്രശോഭിക്കുന്നു, മകൾക്കുവേണ്ടി യാചിച്ച കാനാൻകാരി. ഇതുപോലെ എത്രയോ മാതാ(പിതാ)ക്കൾ തങ്ങളുടെ മക(ക്ക)ളെക്കുറിച്ച് ആകുലരാകുന്നു, ഏതു പിശാചാണ് അവരെ ബാധിച്ചിരിക്കുന്നതെന്നറിയാതെ! സ്വഭാവത്തിലും പെരുമാറ്റത്തിലും പൊടുന്നനവേ ഉണ്ടാകുന്ന വ്യതിയാനങ്ങൾ: പഠനത്തിൽ അശ്രദ്ധ, അലസത, വഴിവിട്ട ലൈംഗികബന്ധങ്ങൾ, ആസക്തികൾ അവസാനം നിരാശ, ആത്മഹത്യാശ്രമങ്ങൾ - എന്തെന്തു മാറ്റങ്ങൾ, എത്രയെത്ര പിശാചുക്കൾ! ആരാണ് തങ്ങളുടെ മക്കളെ ഈ പിശാചക്കളിൽനിന്നു മോചിപ്പിക്കുക?
ദൈവഭയമാണ് അറിവിന്റെ ഉറവിടം, വിദ്യാലയങ്ങൾ സരസ്വതീക്ഷേത്രങ്ങൾ, പള്ളിക്കുമുമ്പേ പള്ളിക്കൂടങ്ങൾ എന്നിങ്ങനെയുള്ള ധാരണകളും പരമ്പരാഗത വിശ്വാസവും അനുസരിച്ച് വിദ്യാലയങ്ങൾ പണിയുകയും കുട്ടികളെ വിദ്യാലയങ്ങളിലയയ്ക്കുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് ഇന്ന് വിദ്യാലയങ്ങളും കലാലയങ്ങളും പേടിസപ്നങ്ങളായിത്തീരുന്നു. അധാർമ്മികതയും നിരീശ്വരത്വവും നിർമ്മതത്വവും കുത്തിവച്ച് തങ്ങളുടെ മക്കളെ നാശത്തിലേക്കു നയിക്കുന്ന കുരുന്നു മനസുകളിൽ വർഗ്ഗവിദ്വേഷവും പകയും ആസക്തികളും നിറയ്ക്കുന്ന ദുർഭൂതങ്ങളിൽ നിന്ന് ആരാണ് മോചനം നല്കുക? കാനാൻകാരി മാതാവ് ഇവിടെയും വഴികാട്ടിയാകുന്നു. കർത്താവേ കനിയണമേ, എന്റെ മകളെ പിശാചു പീഡിപ്പിക്കുന്നു! അവൾ യാചിച്ചു, നിലവിളിച്ചു; അവസാനം വഴിതടഞ്ഞു. പിശാചിനെ ഒഴിപ്പിച്ചല്ലാതെ നിന്നെ വിടില്ല എന്നു പറഞ്ഞ് മുമ്പിൽ വിലങ്ങടിച്ചു കിടന്നു.
യാചനയും നിലവിളിയും ഉടനെ ഫലം പുറപ്പെടുവിച്ചെന്നുവരില്ല. തുടരുക. കിട്ടുന്നതുവരെ ചോദിക്കുക. തുറക്കുന്നതുവരെ മുട്ടുക മറ്റുള്ളവർ എന്തു വിചാരിക്കുമെന്നു നോക്കേണ്ടാ, രക്ഷിക്കാൻ കഴിള്ളവനാണ് കടന്നുപോകുന്നത്. തടഞ്ഞു നിർത്തുക! സോദോമിലേക്കുപോയ കർത്താവിനെ അബ്രാഹം തടഞ്ഞു നിർത്തിയതുപോലെ മനസുമടുക്കാതെ പ്രാർത്ഥിക്കാൻ, അടിപതറാതെ വിശ്വസിക്കാൻ ,തോൽവി സമ്മതിക്കാതെ കർത്താവിൽ ആശ്രയിക്കാൻ കാനാൻകാരി ഉദ്ബോധിപ്പിക്കുന്നു, തന്റെ വലിയ വിശ്വാസത്തിന്റെ മാതൃകയിലൂടെ.
തളരാത്ത വിശ്വാസം - കാനാൻകാരി “മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്കെറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല” “അതേ കർത്താവേ നായ്ക്കളും യജമാന്മാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ” Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206