We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany, Rev. Dr. Thomas Kochukarottu, Rev. Dr. Joseph Kakkaramattathil On 10-Feb-2021
പഞ്ചഗ്രന്ഥത്തിലെ പാരമ്പര്യങ്ങള്‍
J, E, D, P - F എന്നീ നാല് പാരമ്പര്യങ്ങളുടെ യാന്ത്രികമായൊരു സംയോജനമല്ല പഞ്ചഗ്രന്ഥത്തിന്‍റെ രചനയില്‍ നാം കാണുന്നത്. ഖഋ പാരമ്പര്യങ്ങളാണ് ആദ്യം സംയോജിപ്പിക്കപ്പെട്ടത്. പരസ്പരം വേര്‍തിരിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുളവാക്കുന്ന തരത്തിലായിരുന്നു ഈ സംയോജനം. പിന്നീട് സംയോജിക്കപ്പെട്ടത് D പാരമ്പര്യമാണ്. ഏറ്റവും അവസാനമാണ് P പാരമ്പര്യം J-E-D സമന്വയത്തോട് ചേര്‍ക്കപ്പെട്ടത്.
നാലു മുഖ്യ പാരമ്പര്യങ്ങളായി പഞ്ചഗ്രന്ഥത്തെ വിഭജിക്കുമ്പോള്‍ സങ്കീര്‍ണ്ണമായൊരു പ്രശ്നത്തെ ലളിതമാക്കുക മാത്രമാണ് നാം ചെയ്യുന്നതെന്നു മറന്നുകൂടാ. പഞ്ചഗ്രന്ഥത്തിന്‍റെ വളര്‍ച്ചയെ നിയന്ത്രിച്ച ചരിത്രപ്രക്രിയ നമ്മുടെ ഓര്‍മ്മയിലുണ്ടാവണം. നിയമാവര്‍ത്തന - പുരോഹിത പാരമ്പര്യങ്ങളെ D,P എന്ന പേരില്‍ വിഭജിച്ച് മാറ്റുമ്പോള്‍ അവയുടെ രചനയിലുണ്ടായ ഘട്ടം ഘട്ടമായ വളര്‍ച്ചയുടെ ചരിത്രം നാം അവഗണിക്കുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ വളരെ പുരാതനമായ ഒരു രചന പില്‍ക്കാലത്ത് കുറെക്കൂടി പുതിയൊരു രചനയില്‍ അര്‍ത്ഥഭംഗം വരാതെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഗത്തിന് അതിന്‍റേതായ പ്രാധാന്യം നാം കൊടുക്കാറില്ല, പ്രസ്തുത ഭാഗത്തിന്‍റെ ഒരംശമെന്ന നിലയില്‍ മാത്രമേ പരിഗണിക്കാറുള്ളൂ. നാല് പാരമ്പര്യങ്ങളുടെയും സംയോജനം നടത്തിയവരും ഗ്രന്ഥകാരന്മാരായിരുന്നു. തന്മൂലം, വെറും യാന്ത്രികമായൊരു സംയോജനമായി അവരുടെ രചനയെ പരിഗണിക്കാന്‍ പാടില്ല.
കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നാലു പാരമ്പര്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ രചയിതാക്കളുടെയും (Writers) ആഖ്യാതാക്കളുടെയും (redactors) ദൈവശാസ്ത്രപരമായ ഉദ്ദേശ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.പാരമ്പര്യങ്ങളുടെ വേര്‍തിതിരിച്ചുള്ള ഒരു പട്ടിക താഴെ കൊടുക്കുന്നു. ചില ഭാഗങ്ങളില്‍ ഒന്നിലധികം പാരമ്പര്യങ്ങളില്‍നിന്നുള്ള പല അംശങ്ങളും കാണാനുണ്ടെങ്കിലും, അവയില്‍ ഏതെങ്കിലും ഒന്നിന് പ്രാമുഖ്യമുണ്ടായിരിക്കും. അതില്‍ പ്രാമുഖ്യമുള്ള പാരമ്പര്യമാണ് പട്ടികയില്‍ കൊടുക്കുന്നത്. ചില വിവരണങ്ങളില്‍ തുല്യപ്രാധാന്യമുള്ള രണ്ടു പാരമ്പര്യങ്ങളുടെ സംയോജനം കാണുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടു പാരമ്പര്യങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയാന്‍ വേണ്ടി ആ ഭാഗങ്ങള്‍ക്ക് അടിവര ഇട്ടിരിക്കുന്നത് ശ്രദ്ധിക്കുക. 'ആദിചരിത്രം', 'പിതാക്കന്മാരുടെ ചരിത്രം', 'ഇസ്രായേല്‍ ചരിത്രം' എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി ഈ പട്ടിക തരം തിരിച്ചിട്ടുണ്ട്.
യാഹ്വിസ്റ്റ് പാരമ്പര്യം (J)
അസാമാന്യ ധിഷണാപാടവമുള്ള പല വ്യക്തികളുടെയും കൃതികള്‍ കാലത്തെ അതിജീവിച്ചുകൊണ്ട് എന്നെന്നും മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നതായും തലമുറകളെ ആവേശം കൊള്ളിക്കുന്നതായും നമുക്കറിയാം. അത്തരം കൃതികള്‍ നിരന്തരമായ പഠനങ്ങള്‍ക്കു വിധേയമാണ്.
ഇസ്രായേലിന്‍റെ ഏറ്റവും ശ്രേഷ്ഠമായ ആദ്യത്തെ കൃതിയുടെ കഥയും അതുതന്നെ. "യാഹ്വിസ്റ്റ്"എന്നാണ് ഗ്രന്ഥകര്‍ത്താവിന്‍റെ പേര്. ദാവീദു രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ പ്രധാന പുരോഹിതനായ അബിയാഥറിന്‍റെയും കാലത്തു രംഗപ്രവേശം ചെയ്ത നാഥാന്‍ പ്രവാചകനാണ് ഈ "യാഹ്വിസ്റ്റ്" എന്നു സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചു. പക്ഷേ, പണ്ഡിതന്മാരുടെ പഠനങ്ങള്‍ക്ക് ഇതുവരെ ഈ "യാഹ്വിസ്റ്റ്" ആരെന്നു കൃത്യമായി പറയുവാന്‍ കഴിഞ്ഞിട്ടില്ല. ഏതായാലും യാഹ്വേയെ തന്‍റെ കൃതിയിലെ മുഖ്യകഥാപാത്രമായി അവതരിപ്പിക്കുന്ന ഈ അജ്ഞാത രചയിതാവിനെ "യാഹ്വിസ്റ്റ്" എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, തികച്ചും ഉചിതവുമാണ്.
യാഹ്വിസ്റ്റിനെ (J-യെ) അദ്ദേഹത്തിന്‍റെ കൃതിയിലൂടെ നാം മനസ്സിലാക്കുന്നു. പണ്ഡിതന്മാര്‍ എക്കാലവും അദ്ദേഹത്തിന്‍റെ ചിന്താധാരകളെ സൂക്ഷ്മപരിശോധന നടത്തുകയും, അദ്ദേഹത്തിന്‍റെ പ്രതിഭയെ സഹായിച്ച ചരിത്ര പശ്ചാത്തലത്തെ വിശകലനം ചെയ്യുകയും ചെയ്യും. പഞ്ചഗ്രന്ഥത്തിന്‍റെ അടിത്തറ പണിതുയര്‍ത്തപ്പെട്ടത് യാഹ്വിസ്റ്റിന്‍റെ രചനയിലാണെങ്കിലും, ഒരു സ്വതന്ത്രകൃതിയായി അത് സംരക്ഷിക്കപ്പെട്ടിട്ടില്ല. ഇസ്രായേല്‍ ജനം തങ്ങളുടെ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പരമമായ പ്രകടനമായി ഈ കൃതിയെ അംഗീകരിച്ചതുകൊണ്ട് പഞ്ചഗ്രന്ഥത്തിന്‍റെ വളര്‍ച്ചയില്‍ ഈ പാരമ്പര്യം നിസ്തുലമായ പങ്കു വഹിച്ചു. സമഗ്രവും ശ്രദ്ധാപൂര്‍വ്വകവുമായ അപഗ്രഥനത്തിലൂടെ യാഹ്വിസ്റ്റിന്‍റെ രചനകള്‍ പഞ്ചഗ്രന്ഥത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കാനും പുനഃക്രമീകരിക്കാനും കഴിയും.
പഞ്ചഗ്രന്ഥത്തിലെ ഏറ്റവും പുരാതനമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാരമ്പര്യമാണ് യാഹ്വിസ്റ്റ്. ദൈവം തന്‍റെ പേരു മോശയ്ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നതിനു വളരെ മുന്‍പുതന്നെ, കൃത്യമായി പറഞ്ഞാല്‍ തുടക്കം മുതല്‍ തന്നെ, ദൈവത്തെ 'യാഹ്വേ' എന്നു വിളിക്കുന്നതുകൊണ്ടാണ് ഈ പാരമ്പര്യത്തിന് യാഹ്വിസ്റ്റ് എന്ന പേരു കിട്ടിയത്. പഞ്ചഗ്രന്ഥത്തിലെ മറ്റു പാരമ്പര്യങ്ങളൊന്നും ദൈവത്തെ യാഹ്വേ എന്നു വിളിക്കുന്നില്ല. ഈ പാരമ്പര്യത്തെ സൂചിപ്പിക്കാന്‍ 'J' എന്ന അക്ഷരമാണു സാധാരണ ഉപയോഗിക്കുന്നത്. "Jahweh" എന്ന ജര്‍മ്മന്‍ പദത്തിന്‍റെ ആദ്യാക്ഷരമാണിത്. പഞ്ചഗ്രന്ഥത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ യാഹ്വിസ്റ്റ് പാരമ്പര്യത്തെക്കാള്‍ പഴക്കമുള്ളതാണ്. എങ്കിലും, ഇസ്രായേലിന്‍റെ ദൈവശാസ്ത്രപരവും നീതിന്യായ പരിപാലനപരവുമായ ഉദ്ഗ്രഥനം നടത്തുന്ന ഏറ്റവും പുരാതന രചന J-യുടേതാണ്.
'ഉല്‍പ്പത്തി'യിലെ സൃഷ്ടിയെക്കുറിച്ചുള്ള രണ്ടാമത്തെ വിവരണത്തോടെ (ഉല്‍ 2:4യ25) J-യുടെ രചന തുടങ്ങുന്നു. 'നിയമാവര്‍ത്തന'ത്തിന്‍റെ അവസാനത്തില്‍ (34:4-6) മോശയുടെ മരണത്തെക്കുറിച്ചുള്ള പ്രസ്താവത്തോടെ അവസാനിക്കുകയും ചെയ്യുന്നു. J-യുടെ രചനയില്‍ പകുതിയിലധികം ഭാഗങ്ങള്‍ 'ഉല്‍പ്പത്തി'യിലാണു കാണുന്നത്. ബാക്കിയുള്ളതില്‍ അധികപങ്കും 'പുറപ്പാടി'ലും 'സംഖ്യ'യിലുമാണ്. 'ലേവ്യര്‍' പുസ്തകത്തില്‍ ഖ-യുടേതായി ഒറ്റവാക്കുപോലുമില്ല. 'നിയമാവര്‍ത്തന'ത്തില്‍, മോശയുടെ മരണത്തെക്കുറിച്ചുള്ള ഏതാനും വരികള്‍ മാത്രമേ ഖ-യുടേതെന്ന് അവകാശപ്പെടാനുള്ളൂ.
പ്രപഞ്ചോല്‍പ്പത്തിയെയും, ആദിമകാലങ്ങളെയുംകുറിച്ചുള്ള ഉജ്ജ്വലമായ വിവരണങ്ങള്‍ J-യുടെ സവിശേഷതയാണ്. ഇതിന് ഏതാണ്ടു സമമായ വിവരണം പഞ്ചഗ്രന്ഥിയില്‍ കാണാനുള്ളത് പുരോഹിതപാരമ്പര്യത്തിന്‍റെ വിവരണങ്ങള്‍ മാത്രമാണ് (ഉല്‍. 111). മറ്റു രണ്ടു പാരമ്പര്യങ്ങളിലും ആദിചരിത്രം വിഷയമാക്കപ്പെടുന്നതേയില്ല. ഉല്‍പ്പത്തി 12 മുതല്‍ 50 വരെയുള്ള അദ്ധ്യായങ്ങളില്‍ J, E, P എന്നീ മൂന്നു പാരമ്പര്യങ്ങളും പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രം അവതരിപ്പിക്കുന്നുണ്ടെങ്കിലും J-യുടെ ആഖ്യാനം കൂടുതല്‍ സജീവവും ശ്രദ്ധേയവുമാണ്. ദൃക്സാക്ഷി വിവരണംപോലെ ജീവന്‍ തുടിച്ചു നില്ക്കുന്ന അദ്ദേഹത്തിന്‍റെ ആഖ്യാനങ്ങള്‍ക്ക് അനുവാചകമനസ്സുകളില്‍ മങ്ങാത്ത ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിവുണ്ട്.
J-പാരമ്പര്യം രചിക്കപ്പെട്ട കാലം ഏതെന്നു കൃത്യമായി നിര്‍ണ്ണയിക്കുക വിഷമമാണ്. അദ്ദേഹം ഗ്രന്ഥരചനയിലേര്‍പ്പെട്ടിരുന്ന കാലത്ത് നടന്ന ഏതെങ്കിലും ഒരൊറ്റ സംഭവംപോലും ഗ്രന്ഥത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടേയില്ല! ഗ്രന്ഥരചനയില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന ചരിത്രപരമായ സമീപനങ്ങളും മനോഭാവവും അപഗ്രഥിച്ചു നോക്കി, ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിലാണ് അദ്ദേഹം ഗ്രന്ഥരചന നടത്തിയതെന്ന് അനുമാനിക്കാന്‍ മാത്രമേ നമുക്കു കഴിയൂ.
ഇസ്രായേലിലെ തെക്കന്‍ ഗോത്രങ്ങള്‍ യൂദാ എന്ന പേരില്‍ ഏകീകരിക്കപ്പെട്ടിരുന്നുവെന്നും ഇസ്രായേലില്‍ രാജഭരണം നിലവിലുണ്ടായിരുന്നുവെന്നും J അംഗീകരിക്കുന്നു. ചിതറിക്കിടന്ന തെക്കന്‍ ഗോത്രങ്ങളെ കൂട്ടിയിണക്കി യൂദാ രാജ്യത്തിന് രൂപം കൊടുത്തത് ദാവീദു രാജാവാണ്. തന്മൂലം J-യുടെ കാലം ദാവീദിനു മുന്‍പല്ല എന്നുറപ്പാണ്. തെരഞ്ഞെടുക്കപ്പെട്ട ജനം ഒരിടത്തു സ്ഥിരവാസമുറപ്പിക്കുന്നതും ഉപജീവനത്തിനുവേണ്ടി കൃഷി ചെയ്യുന്നതും വിളവെടുപ്പുമായി ബന്ധപ്പെടുത്തി പല തിരുനാളുകളും ആഘോഷിച്ച് യാഹ്വേയെ സ്തുതിക്കുന്നതും ആരാധിക്കുന്നതും അദ്ദേഹം വിവരിക്കുന്നുണ്ട്. സ്വതന്ത്രമായ ഒരു രാജ്യവും ജനത്തെ ഭരിക്കാന്‍ ഒരു രാജാവും ഉണ്ടാകുന്നതില്‍ ഖ-യ്ക്ക് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്‍റെ മനോഭാവത്തില്‍നിന്നു മനസ്സിലാകുന്നു. J-പാരമ്പര്യത്തിന്‍റെ രചനാകാലം കുറേക്കൂടി കൃത്യമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന്‍റെ ഈ മനോഭാവം സഹായിക്കുന്നു. രാജത്വവും രാജഭരണവും ജനഹൃദയങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു കാലത്തായിരിക്കണം ഗ്രന്ഥരചന നടന്നത് എന്നു കരുതുന്നതില്‍ തെറ്റില്ല. ബി. സി. 10-ാം നൂറ്റാണ്ടില്‍, സോളമന്‍ രാജാവിന്‍റെ ഭരണകാലത്താകാനാണു കൂടുതല്‍ സാധ്യതയുള്ളത് (ഉദ്ദേശം 970-931 ബി.സി.).
എന്നാല്‍, സാമൂഹിക ഐക്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള, 'ഇസ്രായേല്‍ മുഴുവനും' എന്ന പ്രത്യേക പദപ്രയോഗം സൂചിപ്പിക്കുന്നത് ഇസ്രായേലിന്‍റെ ഐക്യം തകര്‍ക്കാന്‍ മാത്രം ശക്തമായ ഒരു ഭീഷണി എവിടെ നിന്നോ ഉണ്ടായെന്നത്രേ. ബി. സി. 931-ല്‍ ഇസ്രായേല്‍ തെക്കും വടക്കും സാമ്രാജ്യങ്ങളായി വേര്‍പിരിഞ്ഞതോടെ ഈ ഭീഷണി പ്രയോഗത്തില്‍ വന്നിരിക്കാം. ഇസ്രായേലിന്‍റെ ഐക്യത്തിനു കാരണമായ ചില ചരിത്രവസ്തുതകള്‍ വളരെ ശക്തമായ ഭാഷയില്‍ ഖ- അവതരിപ്പിക്കുന്നുണ്ട്. ഇസ്രായേല്‍ വീണ്ടും ഒറ്റ സമൂഹമായി, ശക്തമായ ഒരു രാഷ്ട്രമായി മാറുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. പക്ഷേ, അദ്ദേഹത്തിന്‍റെ പ്രതീക്ഷകള്‍ക്കു വിപരീതമായി, വടക്കന്‍ സാമ്രാജ്യം ബി. സി. 722-ല്‍ അസ്സീറിയായുടെ പിടിയിലമര്‍ന്നു. ഈ സംഭവത്തിനു മുന്‍പാണ് J-പാരമ്പര്യം എഴുതപ്പെട്ടത് എന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു.
ബി.സി. 931-ല്‍ നടന്ന ഇസ്രായേലിലെ വിഭജനം ബി. സി. 800 ആയപ്പോഴേക്കും പരസ്പരം യോജിക്കുവാന്‍ യാതൊരു സാധ്യതയുമില്ലാത്ത വിധം അത്ര ശക്തമായ പിളര്‍പ്പായി മാറിക്കഴിഞ്ഞിരുന്നു. തന്മൂലം, ബി. സി. 800-നു മുന്‍പാണ് J-പാരമ്പര്യം എഴുതപ്പെട്ടതെന്നു മനസ്സിലാക്കാന്‍ നമുക്കു വിഷമമില്ല. ഷെക്കെം തലസ്ഥാനമായി വടക്കന്‍ സാമ്രാജ്യവും ജെറുസലേം തലസ്ഥാനമായി തെക്കന്‍ സാമ്രാജ്യവും രണ്ടു വ്യത്യസ്ത ഭരണത്തിന്‍ കീഴില്‍ നിലനിന്ന കാലത്ത്, ബി. സി. 9-ാം നൂറ്റാണ്ടില്‍ ആണ് J-രചിക്കപ്പെട്ടതെന്ന നിഗമനത്തിനാണ് കൂടുതല്‍ പ്രസക്തി.
മേല്‍പ്പറഞ്ഞ രണ്ടുതരം തെളിവുകളുടെ അടിസ്ഥാനത്തില്‍ J-പാരമ്പര്യം രചിക്കപ്പെട്ടത് ഒരു പ്രത്യേക കാലത്തല്ല എന്നും, സുദീര്‍ഘമായ, വര്‍ഷങ്ങളോളം നീണ്ടുനിന്ന, ഒരു പ്രക്രിയ അതിന്‍റെ പിന്നിലുണ്ടെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. രണ്ടോ അതിലധികമോ ഘട്ടങ്ങളില്‍ എഴുതപ്പെട്ട രചനകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ് J-പാരമ്പര്യമെന്ന് അംഗീകരിക്കുകയാണെങ്കില്‍ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അതിന് ഉപോദ്ബലകമായ ധാരാളം തെളിവുകള്‍ ഈ പാരമ്പര്യത്തിലുണ്ടെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. പൂര്‍വ്വ പിതാക്കന്മാരുടെ കാലംമുതല്‍ വാമൊഴിയായി (Oral tradition) തലമുറകളിലൂടെ കൈമാറപ്പെട്ട പാരമ്പര്യ കഥകളെ ആസ്പദമാക്കി എഴുതിയതാണ് ആദ്യത്തെ ഘട്ടം. സാമ്രാജ്യ വിഭജനത്തിനു മുന്‍പ് ഇസ്രായേല്‍ പ്രശസ്തിയുടെയും പ്രതാപത്തിന്‍റെയും അത്യുച്ചകോടിയിലെത്തിയ കാലത്തായിരിക്കണം ഈ രചന നടന്നത്. ബി.സി. 9-ാം നൂറ്റാണ്ടില്‍, ഇസ്രായേല്‍ തെക്കും വടക്കുമായി വിഭജിക്കപ്പെട്ടശേഷം, പ്രത്യേകിച്ച് വീണ്ടും ഒരേകീകൃതരാഷ്ട്രമായി ഇസ്രായേല്‍ മാറുമെന്നു പ്രതീക്ഷയുണ്ടായിരുന്ന ആദ്യകാലങ്ങളില്‍, J-യുടെ രചന കൂടുതല്‍ വികസിതമായി.
J-യുടെ ഈ രചന പല സംശോധനകള്‍ക്കും വിധേയമായിട്ടുണ്ടായിരിക്കാം; പലപതിപ്പുകളായി പ്രസാധനം ചെയ്യപ്പെട്ടിട്ടുമുണ്ടാകാം. പക്ഷേ, ദൈവശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളും സര്‍ഗ്ഗാത്മകമായ സാഹിത്യവും, ഒരുപോലെ സമന്വയിപ്പിച്ച ധിഷണാശാലിയായ ഒരു ഗ്രന്ഥകര്‍ത്താവിന്‍റെ കൃതിയെന്ന നിലയില്‍ ഇന്നും അതിന്‍റെ മൗലികത്വം നഷ്ടപ്പെട്ടിട്ടില്ല. ഏതു മതത്തിന്‍റെയും ഏറ്റവും മെച്ചപ്പെട്ടതും, പുരാതനവുമായ സാഹിത്യഗ്രന്ഥങ്ങളോട് കിടപിടിക്കാന്‍ തക്കവിധം ഭാവനാപരവും ഉല്‍കൃഷ്ടവുമാണ് J-യുടെ കൃതി.
യൂദാ പ്രവിശ്യയില്‍വെച്ചാണ് യാഹ്വിസ്റ്റ് എഴുതിയതെന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കു ഭിന്നാഭിപ്രായമില്ല. അദ്ദേഹത്തിന്‍റെ മനോഭാവങ്ങളും പ്രത്യേക താല്പര്യങ്ങളും പാണ്ഡിത്യവുമെല്ലാം വിരല്‍ ചൂണ്ടുന്നത് സാഹിത്യസൃഷ്ടിയുടെ രംഗവേദി ജറുസലേമും രാജകൊട്ടാരവും ആയിരുന്നുവെന്നാണ്.
പൂര്‍വ്വപിതാക്കന്മാരില്‍നിന്ന് ദൈവികവാഗ്ദാനങ്ങള്‍ അവകാശമായി ലഭിച്ച ദാവീദിന്‍റെ രാജവംശത്തോട് യാഹ്വിസ്റ്റിന് വളരെ അനുകൂലമായൊരു നിലപാടാണുള്ളത്. ദൈവിക വാഗ്ദാനങ്ങള്‍ കൈമാറുന്നതില്‍ സാറായ്ക്കും റെബേക്കായ്ക്കും അദ്ദേഹം പ്രധാന പങ്കു കൊടുക്കുന്നുണ്ട്. മദ്ധ്യപൗരസ്ത്യ രാജവംശങ്ങളിലെ അമ്മ മഹാറാണിയുടെ പ്രധാന കടമയുടെ ഒരു പ്രതിഫലനമായിരിക്കാം ഇത്. ആദ്യജാതരല്ലാത്ത സേത്തിനും യാക്കോബിനും അനുഗ്രഹങ്ങളും പിന്‍തുടര്‍ച്ചാവകാശവും ലഭിക്കുന്ന സംഭവങ്ങള്‍ J-പ്രത്യേകം എടുത്തു പറയുന്നത് ഒരുപക്ഷേ, സോളമനു ലഭിച്ച പിന്‍തുടര്‍ച്ചാവകാശത്തെ സാധൂകരിക്കാനായിരിക്കാം. ആദിമനുഷ്യന്‍റെ വാസസ്ഥലമായ ഏദേന്‍ തോട്ടത്തേക്കുറിച്ചുള്ള വിവരണങ്ങള്‍ അനുവാചകമനസ്സുകളില്‍ വരയ്ക്കുന്നത് വളരെ മനോഹരമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു തോട്ടത്തിന്‍റെ ചിത്രമാണ്. ജറുസലേമിലെ രാജകൊട്ടാരവളപ്പിലെ മനോഹരമായ ഉദ്യാനം മനസ്സില്‍ കണ്ടുകൊണ്ടാണ് ഏദേന്‍ തോട്ടത്തെക്കുറിച്ച് അദ്ദേഹം എഴുതിയതെന്ന് നമുക്ക് ഊഹിക്കാം. അടിസ്ഥാനപരമായ ജീവിത പ്രശ്നങ്ങളോട് അദ്ദേഹത്തിനുള്ള താല്പര്യവും, പൊതുവായ മനോഭാവവും, പുരാതന മദ്ധ്യപൗരസ്ത്യദേശത്തെ വിവിധ രാജകൊട്ടാരങ്ങളില്‍ വളര്‍ന്നു വികസിച്ച വിജ്ഞാനസാഹിത്യ ശാഖകളുമായി അദ്ദേഹത്തിന്‍റെ കൃതിയെ ബന്ധപ്പെടുത്തുന്നു. ഇസ്രായേലിന്‍റെ ചരിത്രത്തിലും പാരമ്പര്യങ്ങളിലും അതീവതാല്പര്യം കാണിക്കുന്ന അദ്ദേഹത്തെ "കൊട്ടാരം ചരിത്രകാരന്‍" എന്നും പണ്ഡിതര്‍ വിളിക്കാറുണ്ട്.
യാഹ്വിസ്റ്റിന് വളരെ നല്ല വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ പാണ്ഡിത്യവും പക്വതയും സൂചിപ്പിക്കുന്നത്. രാജകൊട്ടാരത്തിലെ വിദ്യാപീഠത്തില്‍ പഠിച്ചതാകാനാണു കൂടുതല്‍ സാധ്യത. മെസോപ്പൊട്ടേമിയന്‍ ഇതിഹാസമായ ഗില്‍ഗാമേഷിലേയും മറ്റും കഥാപാത്രങ്ങളെ മാതൃകയായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആദിചരിത്രം വിവരിക്കുന്നത്.
അടിസ്ഥാനപ്രമേയവും ദൈവശാസ്ത്രവും
പുരാതന മദ്ധ്യപൗരസ്ത്യദേശത്തിന്‍റെ സാംസ്കാരിക പശ്ചാത്തലത്തിലാണ് J-യുടെ ദൈവശാസ്ത്രത്തെ നാം വിലയിരുത്തേണ്ടത്. പുരാതന മനുഷ്യന്‍ ഒരിക്കലും ആധുനിക മനുഷ്യനെപ്പോലെ ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് സംശയിച്ചതേയില്ല. ദൈവാസ്തിത്വത്തില്‍ അവന്‍ അടിയുറച്ചു വിശ്വസിച്ചു. ദൈവത്തെ കണ്ടെത്താനുള്ള അവന്‍റെ അന്വേഷണം പല വഴിക്കായിരുന്നു. എങ്ങനെ ദൈവത്തെ കണ്ടെത്താം? എവിടെയാണു ദൈവത്തെ കണ്ടെത്തുക? ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ മാത്രമേ അവനെ അലട്ടിയുള്ളൂ.
മനുഷ്യന്‍ നിരന്തരം ദൈവവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാണു കഴിയുന്നതെന്ന കാര്യത്തില്‍ J-യുടെ സമകാലികര്‍ക്ക് ഒട്ടും സംശയമില്ലായിരുന്നു. പ്രാര്‍ത്ഥന ഒരു പ്രശ്നമായിരുന്നില്ല. വിഷമസന്ധികളില്‍ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുമെന്നവര്‍ വിശ്വസിച്ചു. പ്രശ്നം മറ്റൊന്നായിരുന്നു. ജീവനും സംരക്ഷണവും നല്‍കുന്നവനും മറ്റെല്ലാ ദൈവങ്ങളെക്കാള്‍ പരമോന്നതനുമായ ദൈവത്തെ എങ്ങനെ, എന്തുപേരില്‍ വിളിക്കും?
സാമൂഹികതലത്തിലും, ഒരു ജനതയുടെ ക്ഷേമവും സുസ്ഥിതിയും അവര്‍ക്കു ദൈവത്തോടുള്ള ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഓരോ ദൈവത്തിന്‍റെയും പ്രത്യേക സംരക്ഷണയില്‍ക്കഴിയുന്ന ശത്രുരാജ്യങ്ങളെ തോല്പിക്കാന്‍ പോരുന്ന ശക്തിയും പ്രാബല്യവും തങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ദൈവത്തിനുണ്ടോ എന്നവര്‍ ചിന്തിച്ചു.
ദൈവം തന്‍റെ ജീവന്‍ മനുഷ്യനുമായി പങ്കുവച്ചു. സൃഷ്ടിയിലൂടെ അതു വെളിവാക്കപ്പെട്ടു. തന്‍റെ ജനയിതാവായ ദൈവത്തിന്‍റെ ഛായയാണു മനുഷ്യനുള്ളത്. എന്നാല്‍, മനുഷ്യനിലെ ഈ ഛായ, അഥവാ സാദൃശ്യം എന്തിലാണടങ്ങിയിരിക്കുന്നത്? ഏതെല്ലാം അര്‍ത്ഥത്തില്‍ ദൈവം നമ്മുടെ പിതാവാണ്?
മനുഷ്യന്‍റെ യാതനകളും മരണവും ദൈവകല്പിതങ്ങളാണ്. പക്ഷേ, തിന്മയുടെ ഉറവിടം എവിടെയാണ്? തിന്മ എങ്ങനെ ഉദ്ഭവിച്ചു? ദൈവങ്ങളുടെ ബാലിശമായ ചാപല്യങ്ങളില്‍നിന്നാണോ തിന്മ ഉദ്ഭവിച്ചത്? ദൈവങ്ങള്‍ തമ്മിലുണ്ടായ ഏതെങ്കിലും കലഹങ്ങളുടെ ഫലമാണോ തിന്മകള്‍? ഇത്തരം കലഹങ്ങളില്‍ പരാജയമടഞ്ഞ് മനുഷ്യപ്രകൃതി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഭ്രഷ്ടദൈവങ്ങളാണോ തിന്മകള്‍ക്കു കാരണക്കാര്‍? തിന്മകളെല്ലാം ദൈവങ്ങളില്‍നിന്ന് ഉദ്ഭവിച്ചതാണെങ്കില്‍, മനുഷ്യന് അവയോടുള്ള മനോഭാവം എന്തായിരുന്നു? അവയെ ഒഴിവാക്കാനോ നിയന്ത്രിക്കാനോവേണ്ടി മനുഷ്യന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? അതുമല്ലെങ്കില്‍, മനുഷ്യന്‍റെ പാപത്തിന്‍റെ ഫലമാണോ തിന്മകള്‍? അങ്ങനെയെങ്കില്‍ എന്താണു പാപം? മനുഷ്യന് ഏതെങ്കിലും തരത്തില്‍ പാപം ഒഴിവാക്കാന്‍ കഴിയുമോ?
യുദ്ധങ്ങളും കലാപങ്ങളും മൂലം ജീവിതം ദുസ്സഹവും ദുര്‍വ്വഹവുമായപ്പോള്‍ അന്നത്തെ മനുഷ്യന്‍ ഇങ്ങനെയെല്ലാം ചിന്തിച്ചു. മദ്ധ്യപൗരസ്ത്യ ദേശത്തു വസിച്ചിരുന്ന ഓരോ ജനവിഭാഗവും അവര്‍ക്കു കഴിയുന്നതുപോലെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു.യാഹ്വേയിലുള്ള വിശ്വാസം അടിസ്ഥാന പ്രമാണമായി സ്വീകരിച്ചുകൊണ്ടാണ് J- ഈ പ്രശ്നങ്ങളെ വീക്ഷിച്ചത്. ഇസ്രായേല്യരുടെ അയല്‍ രാജ്യങ്ങളില്‍ നിലവിലിരുന്ന ദൈവവിശ്വാസവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഖ-യുടെ വീക്ഷണം വളരെ ഉദാത്തമാണ്. ഇസ്രായേല്‍ക്കാരുടെ ദൈവാനുഭവങ്ങളും തന്‍റെതന്നെ ഉള്‍ക്കാഴ്ചകളും ജീവിതത്തെയും വിശ്വാസത്തെയും സൃഷ്ടിപരമായി സമന്വയിപ്പിക്കാനുള്ള തന്‍റെ കഴിവുമാണ് J-യുടെ ദൈവശാസ്ത്രത്തിന്‍റെ പ്രത്യേതകള്‍.
പ്രകൃതിയെയും ചരിത്രത്തെയും, വിശിഷ്യ, ഇസ്രായേല്‍ ചരിത്രത്തെയും നിയന്ത്രിക്കുന്ന ഒരു മഹല്‍ ശക്തിയായി J-ദൈവത്തെ കണ്ടു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മോശയ്ക്കു സ്വയം വെളിപ്പെടുത്തിക്കൊടുത്തവനും, തന്‍റെ ജനമായ ഇസ്രായേലിനെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച് വാഗ്ദത്തഭൂമിയായ കാനാന്‍ ദേശത്തേയ്ക്ക് ആനയിച്ചവനും പിതാക്കന്മാരുടെ ദൈവവുമായ യാഹ്വേ മാത്രമാണു ദൈവം. അവിടുന്നു മാത്രമാണ് സ്രഷ്ടാവ്. സൃഷ്ടവസ്തുക്കളില്‍നിന്നു വ്യതിരിക്തനാണവിടുന്ന്. എങ്കിലും തന്‍റെ സൃഷ്ടികളില്‍നിന്ന് വളരെ അകന്നല്ല അവിടുന്നു നിലകൊണ്ടത്. മനുഷ്യരോടൊത്തു വസിക്കുന്ന സജീവനായ ദൈവത്തെയാണു J- അവതരിപ്പിക്കുന്നത്. ദൈവം ഏദേന്‍ തോട്ടത്തില്‍ സവാരി നടത്തി (ഉല്‍. 3:8); പുരുഷനും അവന്‍റെ ഭാര്യയ്ക്കും ഉടുക്കാന്‍ തോലുകൊണ്ട് വസ്ത്രമുണ്ടാക്കി (ഉല്‍. 3:21); നോഹിന്‍റെ പെട്ടകത്തിന്‍റെ വാതില്‍ അടച്ചു കൊടുത്തു (ഉല്‍. 7:16). മനുഷ്യന്‍റെ പാപങ്ങള്‍, വിശിഷ്യ, ദൈവത്തെപ്പോലെ ആകാനുള്ള അത്യാഗ്രഹം, ആയിരുന്നു സര്‍വ്വയാതനകള്‍ക്കും മരണത്തിനും കാരണമായത്. മനുഷ്യന്‍ എത്രവലിയ പാപിയാണെങ്കിലും യാഹ്വേ അവനെ ഉപേക്ഷിക്കുകയില്ല. പ്രതീക്ഷയും രക്ഷയെക്കുറിച്ചുള്ള ചിന്തയും മനുഷ്യന്‍റെ മനസ്സില്‍ അങ്കുരിപ്പിച്ചുകൊണ്ട് യാഹ്വേ എപ്പോഴും അവനോടു കൂടെ ഉണ്ടായിരുന്നു.
യാഹ്വിസ്റ്റിന്‍റെ സങ്കീര്‍ണ്ണമായ ഈ രചനയില്‍ വളരെയധികം പ്രമേയങ്ങള്‍ ഇഴചേര്‍ന്നു കിടപ്പുണ്ട്. അതിലെ പ്രധാന ഇഴ വേര്‍തിരിച്ചെടുത്താല്‍ ആ പ്രമേയത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, ഓരോന്നിന്‍റെയും പ്രത്യേക സന്ദര്‍ഭത്തില്‍നിന്നു മാറ്റിനിര്‍ത്തിയാല്‍ അവ നിരര്‍ത്ഥകമായി തോന്നും.
J-യുടെ രചനയില്‍ മുഖ്യപ്രമേയമായി നിലകൊള്ളുന്നത് പിതാക്കന്മാര്‍ക്കു ലഭിച്ച ദൈവിക വാഗ്ദാനങ്ങളാണ്. ഈ വാഗ്ദാനങ്ങള്‍ക്ക് രണ്ടു ഭാഗങ്ങളാണുള്ളത് - അബ്രാഹത്തില്‍നിന്ന് വലിയൊരു സന്തതി പരമ്പര ഉദ്ഭവിക്കും (ഉല്‍. 12:2), കാനാന്‍ ദേശം മുഴുവന്‍ അവര്‍ക്ക് അവകാശമായി കൊടുക്കും (ഉല്‍. 12:7). J-യുടെ കാഴ്ചപ്പാടില്‍ ഇസ്രായേല്‍ജനം മുഴുവന്‍ അബ്രാഹത്തിന്‍റെ സന്തതികളാണ്. മോശയുടെ നിയമങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ ജീവിതമാണ് ഇസ്രായേല്‍ നയിച്ചത്. പിതാക്കന്മാര്‍ക്കു ലഭിച്ച ദൈവിക വാഗ്ദാനങ്ങള്‍ അവകാശമായിക്കിട്ടിയ ദാവീദിന്‍റെ വംശം ഇസ്രായേലില്‍ എന്നേയ്ക്കും ഭരണം നടത്തുമെന്ന ചിന്താഗതിയാണ് J-യ്ക്കുള്ളത്.
ആദിചരിത്രം വിവരിക്കുമ്പോള്‍ പിതാക്കന്മാരുടെ ചരിത്രത്തെ അവരുടെ പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രവുമായി J-ബന്ധിപ്പിക്കുന്നു. മനുഷ്യന് ദൈവം ജീവന്‍ കൊടുത്തു, സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാന്‍ മനോഹരമായ ഒരു സ്ഥലവും കൊടുത്തു. പക്ഷേ, മനുഷ്യന്‍ തിന്മയിലേക്കു തിരിഞ്ഞു. ആ അഭിശപ്ത നിമിഷത്തിന്‍റെ അനന്തരഫലം മരണവും ദൈവം കൊടുത്ത സ്ഥലത്തുനിന്നുള്ള ബഹിഷ്ക്കരണവുമായിരുന്നു. തുടര്‍ന്നുവരുന്ന ചില വിവരണങ്ങളിലൂടെ മനുഷ്യന്‍ എങ്ങനെ വീണ്ടും വീണ്ടും പാപം ചെയ്തുവെന്നും ദൈവം എങ്ങനെ അവനെ വീണ്ടും രക്ഷിച്ചുവെന്നും J- വിശദമാക്കുന്നു. തിന്മയുടെ അതിപ്രസരം ദുസ്സഹമായപ്പോള്‍ ദൈവം അവരെ നശിപ്പിച്ചെങ്കിലും ഭാവിതലമുറയുടെ കാര്യം അവിടുന്ന് ഉറപ്പു വരുത്തി. ബാബേല്‍ ഗോപുരത്തിന്‍റെ കഥ ഒഴികെ മറ്റെല്ലാ സംഭവവിവരണങ്ങളും J-അവസാനിപ്പിക്കുന്നത് മനുഷ്യന്‍ രക്ഷപ്രാപിക്കുമെന്ന പ്രമേയത്തോടെയാണ്.
പിതാമഹാന്മാരുടെ ചരിത്രത്തില്‍ ഓരോ മുഖ്യകഥാപാത്രത്തെയും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയുടെ ജനനത്തെയും ചുറ്റിപ്പറ്റിയാണ് ഓരോ വിവരണവും നീങ്ങുന്നത്. പിന്തുടര്‍ച്ചാവകാശത്തെ പ്രതികൂലമായി ബാധിക്കുന്ന ചില ഭീഷണികള്‍ നാടകീയമായി അവതരിപ്പിക്കുന്നത് ദൈവിക വാഗ്ദാനങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ പര്യാപ്തമാണ്. ഇസ്മായേലിനെ ഗര്‍ഭത്തില്‍ വഹിച്ചുകൊണ്ട് ഹാഗാര്‍ മരുഭൂമിയിലേയ്ക്ക് ഓടിപ്പോയി (ഉല്‍. 16:6). ഫറവോ സാറായെ തന്‍റെ കൊട്ടാരത്തിലേക്ക് ആനയിച്ചു (ഉല്‍. 12:10-20). ദൈവകല്പനയനുസരിച്ച് അബ്രാഹം തന്‍റെ ഏകജാതന്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കാനൊരുങ്ങി (ഉല്‍. 22-ലെ J-യുടെ ഭാഗങ്ങള്‍). പിന്‍തുടര്‍ച്ചാവകാശം കൈവശമാക്കാന്‍ യാക്കോബിന്, ഇരട്ടസഹോദരനെങ്കിലും, ആദ്യജാതനായ ഏസാവിനോടു കൗശലം പ്രയോഗിക്കേണ്ടിവന്നു (ഉല്‍. 25:19-34).
പിന്‍ഗാമികളുടെ ജനനത്തില്‍ ദൈവിക വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് ദൈവത്തിന്‍റെ പ്രത്യേക ഇടപെടല്‍ മൂലമാണ്. സാറായും (ഉല്‍. 11:30) റെബേക്കായും (ഉല്‍. 25:21) റാഹേലും (ഉല്‍. 29:31) വന്ധ്യകളായിരുന്നെങ്കിലും ദൈവം അവരുടെ പ്രാര്‍ത്ഥന സ്വീകരിച്ച് അവര്‍ക്കു സന്താനഭാഗ്യം നല്‍കി. തന്‍റെ വാര്‍ദ്ധക്യത്തില്‍ സാറാ ഇസഹാക്കിനെ പ്രസവിച്ചു (ഉല്‍. 21:1-2). റെബേക്കാ ഇരട്ടകളായ യാക്കോബിനും ഏസാവിനും ജന്മം കൊടുത്തു (ഉല്‍. 25:24-26). റാഹേല്‍ ജോസഫിനെ പ്രസവിച്ചു (ഉല്‍. 30:24). രൂക്ഷമായ ക്ഷാമം യാക്കോബിന്‍റെ കുടുംബത്തെ നശിപ്പിക്കുമെന്ന ഘട്ടം വന്നപ്പോഴേയ്ക്കും ജോസഫ് ഈജിപ്തില്‍ ഫറവോയുടെ പ്രീതിയും സ്ഥാനമാനങ്ങളും നേടിക്കഴിഞ്ഞിരുന്നു. ജോസഫ് തന്‍റെ പിതാവിനെയും സഹോദരങ്ങളെയും ഈജിപ്തിലേക്കു വിളിച്ചു വരുത്തുകവഴി അബ്രാഹത്തിന്‍റെ പിന്‍ഗാമികളുടെ, വംശത്തിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്തി. വര്‍ഷങ്ങള്‍ക്കുശേഷം ജോസഫിനെക്കുറിച്ചു കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ ഫറവോ ഭരണമേറ്റപ്പോള്‍ യാക്കോബിന്‍റെ സന്തതി പരമ്പര ഈജിപ്തില്‍ ഞെരുക്കപ്പെടാനും മര്‍ദ്ദിക്കപ്പെടാനും തുടങ്ങി. ഇസ്രായേലിന്‍റെ ചരിത്രത്തില്‍, ദൈവം എങ്ങനെ മോശയുടെ മദ്ധ്യസ്ഥത്തിലൂടെ തന്‍റെ ജനതയെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചുവെന്നും, തേനും പാലുമൊഴുകുന്ന വിസ്തൃതവും ഫലഭൂയിഷ്ഠവുമായ ഒരു സ്ഥലത്തേയ്ക്ക് അവരെ ആനയിച്ചുവെന്നും J-വിശദമാക്കുന്നു (പുറ. 3:8).
ഭൂമി അവകാശമായി കൊടുക്കുമെന്ന വാഗ്ദാനവും പ്രഥമവാഗ്ദാന ത്തോളംതന്നെ പ്രാധാന്യമര്‍ഹിക്കുന്നു (ഉല്‍. 12:7; 13:15; 15:7, 18, 22:17-18). സാറാ മരിച്ച അവസരത്തില്‍ ഹെബ്രോണിനടുത്ത് മക്പെലാ (Machpelah) യില്‍ കുടുംബശ്മശാനത്തിനുവേണ്ടി അബ്രാഹം കുറച്ചു സ്ഥലം വാങ്ങിയപ്പോള്‍ ഈ വാഗ്ദാനത്തിന്‍റെ ആദ്യഘട്ടം യാഥാര്‍ത്ഥ്യമായി (ഉല്‍. 23:11).
മനുഷ്യനെ ദൈവം സൃഷ്ടിച്ചപ്പോഴത്തെ അവസ്ഥയില്‍നിന്ന് പടിപടിയായി അവന്‍ അകന്നു പോയപ്പോള്‍ അവനെ രക്ഷിക്കാനുള്ള ദൈവത്തിന്‍റെ ശ്രമമായി വേണം ഈ ദൈവിക വാഗ്ദാനങ്ങളെ നാം വീക്ഷിക്കാന്‍. പാപംമൂലം പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തില്‍ അപസ്വരങ്ങളുണ്ടായി. പ്രസവം വേദനാജനകമായി മാറി. വിയര്‍പ്പു ചിന്തി ഭക്ഷണം തേടേണ്ട ഗതികേടു വന്നു. മനുഷ്യന്‍ എത്രമാത്രം പാപിയാണെന്ന് അറിഞ്ഞിട്ടും അവനെ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റാന്‍ ദൈവം ആഗ്രഹിച്ചില്ല. നന്മ ചെയ്യുന്നവര്‍ ചുരുക്കമാണെങ്കിലും തിരഞ്ഞെടുക്കപ്പെട്ട ഒരു വംശത്തിലൂടെ - ഇസ്രായേല്‍ വംശത്തിലൂടെ - നല്‍കപ്പെട്ട രക്ഷയുടെ ഫലങ്ങള്‍ എല്ലാ ജനതയും അനുഭവിക്കും. സകല ജനത്തിനും രക്ഷ ഉറപ്പു വരുത്താന്‍വേണ്ടി ഇസ്രായേല്‍ ജനത്തിന്‍റെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ദൈവം അവരോടൊപ്പം നിന്നു. അവരുടെ നിലനില്‍പ്പിനുവേണ്ടി ആ വംശത്തിന് ധാരാളം സന്തതിപരമ്പരകളെയും അവരുടെ ജീവസന്ധാരണത്തിന് ഫലഭൂയിഷ്ഠമായ ഒരു ഭൂപ്രദേശവും നല്‍കി. അങ്ങനെ, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ദൈവം ചെയ്ത വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെട്ടു.
എലോഹിസ്റ്റ് പാരമ്പര്യം (E)
ഇസ്രായേലിന്‍റെ പൗരാണികവും പാരമ്പര്യസിദ്ധവുമായ വിജ്ഞാനത്തെ ദൈവശാസ്ത്രപരമായും സാഹിത്യപരമായും യാഹ്വിസ്റ്റ് സമന്വയിപ്പിച്ചെങ്കിലും അതിന്‍റെ വളര്‍ച്ചയെ അദ്ദേഹം ഒരു തരത്തിലും തടഞ്ഞില്ല. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ഈ പാരമ്പര്യങ്ങളെല്ലാം വളര്‍ന്നു വികസിച്ചുകൊണ്ടിരുന്നു. ഇസ്രായേല്യര്‍ എവിടെയെല്ലാം ഒന്നിച്ചു കൂടിയോ അവിടെയെല്ലാം അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും കഥകള്‍ ആവര്‍ത്തിച്ചു പറയപ്പെട്ടു. എല്ലാം മറന്ന് അതുകേട്ടിരുന്ന ജനം തങ്ങളുടെ മോചകനും നേതാവുമായ മോശയുടെ കഥകള്‍ കേട്ട് ആവേശഭരിതമായി.
രാഷ്ട്രീയവും മതപരവുമായ ചില സംഭവ വികാസങ്ങള്‍ ഈ കഥകള്‍ക്ക് പുതിയൊരു പശ്ചാത്തലമൊരുക്കി. ജറുസലേം കൊട്ടാരത്തിന്‍റെ മഹിമയ്ക്കും പ്രതാപത്തിനും മങ്ങലേറ്റു. ഇസ്രായേല്‍ തെക്കും വടക്കും സാമ്രാജ്യങ്ങളായി പിളര്‍ന്നു. ഈ പരിതസ്ഥിതിയില്‍ ഇസ്രായേലിനെക്കുറിച്ചുള്ള സങ്കല്പങ്ങളെ വേണ്ടവിധം പ്രകടമാക്കാന്‍ യാഹ്വിസ്റ്റിന്‍റെ ദേശീയവീക്ഷണം അപര്യാപ്തമാണെന്നുവന്നു. തന്മൂലം, കേള്‍വിക്കാര്‍ക്കു കൂടുതല്‍ അര്‍ത്ഥവത്തായി തോന്നത്തക്കവിധം പാരമ്പര്യകഥകളില്‍ യുക്തമായ അനുരൂപീകരണങ്ങള്‍ നടത്തി, മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതികളെയും ചരിത്രഗതികളെയും സൂക്ഷ്മമായി മനസ്സിലാക്കി, എഴുതാന്‍ കഴിവുള്ള ഒരാളെ ഇസ്രായേലിന് ആവശ്യമായി വന്നു. അദ്ദേഹമാണ് എലോഹിസ്റ്റ് (E).
പഞ്ചഗ്രന്ഥത്തിന്‍റെ രണ്ടാം ഘട്ടം എഴുതിയ ആളിനെയാണ് എലോഹിസ്റ്റ് എന്നു വിളിക്കുന്നത്. ദൈവത്തെക്കുറിച്ചു പറയുമ്പോഴെല്ലാം 'എലോഹിം' എന്ന പദം ഉപയോഗിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ രചന 'എലോഹിസ്റ്റു പാരമ്പര്യം' എന്നറിയപ്പെടുന്നത്. പുറ 3:14-15-ല്‍ ദൈവം മോശയ്ക്ക് സ്വയം വെളിപ്പെടുത്തുന്നതുവരെയുള്ള ഭാഗങ്ങളില്‍ 'യാഹ്വേ' എന്ന ദൈവികനാമം E- കരുതലോടെ ഒഴിവാക്കി. അതിനുശേഷം അദ്ദേഹം 'യാഹ്വേ' എന്നും 'എലോഹിം' എന്നും ദൈവത്തെ വിളിക്കുന്നുണ്ട്.
ഉല്‍പത്തി പുസ്തകത്തിലെ 'എലോഹിം' എന്ന പ്രയോഗം J-പാരമ്പര്യത്തില്‍നിന്ന് E-പാരമ്പര്യത്തെ വേര്‍തിരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ 'യാഹ്വേ' എന്ന പേര് ഉപയോഗിച്ച പുരോഹിത പാരമ്പര്യത്തെ അത്ര എളുപ്പം വേര്‍തിരിക്കാന്‍ കഴിയില്ല. E-യും P-യും വേര്‍തിരിക്കുന്നതിനുമുമ്പ്, രണ്ടു വ്യത്യസ്ത പാരമ്പര്യങ്ങളാണെന്നു തിരിച്ചറിയുന്നതിനു മുമ്പ്, പഞ്ചഗ്രന്ഥത്തിന്‍റെ പഠനം ആരംഭിച്ച കാലത്താണ് രണ്ടാമത്തെ പാരമ്പര്യത്തിന് എലോഹിസ്റ്റ് എന്ന പേരു കിട്ടിയത്. E-യും P-യും തമ്മില്‍ വേര്‍തിരിക്കേണ്ട ആവശ്യം വന്നപ്പോള്‍ ഇപ്പോള്‍ നമ്മള്‍ പഠനവിധേയമാക്കുന്ന ഭാഗത്തിന് എലോഹിസ്റ്റ് എന്ന പേര് നിലനിര്‍ത്തി. കൃത്യമായിപ്പറഞ്ഞാല്‍, ദൈവം തന്‍റെ പേരു വെളിപ്പെടുത്തിക്കൊടുക്കുന്നതുവരെ ദൈവത്തെ എലോഹിം എന്നു വിളിക്കുന്ന രണ്ടു പാരമ്പര്യങ്ങളില്‍ ഒന്നു മാത്രമാണ് എലോഹിസ്റ്റ്.
യാഹ്വിസ്റ്റിനെപ്പോലെ തന്നെ എലോഹിസ്റ്റും ആരാണെന്നു നമുക്കറിവില്ല. ബെഥേല്‍ ദേവാലയത്തിലെ ഒരു പുരോഹിതനായിരുന്നു അദ്ദേഹമെന്ന് ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു. E-യ്ക്ക് ബെഥേലിനെക്കുറിച്ചുള്ള താല്‍പര്യം പൗരോഹിത്യപരം എന്നതിനെക്കാള്‍ പ്രവാചകപരമായതുകൊണ്ട് ആ അഭിപ്രായത്തിനു വലിയ പ്രസക്തിയില്ല.
അബ്രാഹത്തിന്‍റെ ചരിത്രം മുതല്‍ (ഉല്‍. 15) മോശയുടെ മരണം (നിയ. 34) വരെയുള്ള ഋ-യുടെ വിവരണങ്ങള്‍ ഖ-യുടേതിനു സമാന്തരമാണ്. J-യുടേതുപോലെ തന്നെ E-യുടേയും വിവരണങ്ങളില്‍ മിക്കവാറും പകുതിയിലധികവും കാണുന്നത് ഉല്‍പ്പത്തിയിലും പുറപ്പാടിലുമാണ്. 'ലേവ്യര്‍' പുസ്തകത്തില്‍ E-യുടേതായി ഒറ്റവാക്കുപോലുമില്ലെങ്കിലും 'സംഖ്യ'യില്‍ കുറേ ഭാഗങ്ങള്‍ അദ്ദേഹത്തിന് അവകാശപ്പെടാനുണ്ട്. 'നിയമാവര്‍ത്തന' ത്തിലെ ഏതാനും ഭാഗങ്ങളും അദ്ദേഹത്തിന്‍റെ വകയാണ്.
ഉല്‍പ്പത്തി 15-ാം അദ്ധ്യായത്തോടെയാണ് E-രംഗപ്രവേശം ചെയ്യുന്നതെങ്കിലും അദ്ദേഹത്തിന്‍റെ ആദ്യവിവരണം അവിടെയല്ല തുടങ്ങുന്നതെന്നു തോന്നുന്നു. "കുറേക്കാലങ്ങള്‍ക്കുശേഷം ഇതു സംഭവിച്ചു...." എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്. ആ വാചകത്തിനു മുന്‍പ് ഏതോ സംഭവം അദ്ദേഹം വിവരിച്ചിട്ടുണ്ടെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നുണ്ട്. അതല്ലാതെ, യാതൊരു മുഖവുരയും കൂടാതെ, ആരെന്നു പോലും സൂചിപ്പിക്കാതെ അബ്രാഹത്തെ പൊടുന്നനേ അവതരിപ്പിക്കുന്നതില്‍ ന്യായം കാണുന്നില്ല. J-യെപ്പോലെ E-യും ഒരു ആദിമ ചരിത്രവിവരണം എഴുതിയെന്നതിന് യാതൊരു തെളിവുമില്ല. മേല്‍പറഞ്ഞ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അങ്ങനെയൊരു നിഗമനത്തിനു സാധ്യതയുണ്ടെന്നു മാത്രം.
J-ഉപയോഗിച്ച അതേ പഴയ ചട്ടക്കൂടുതന്നെയാണ് ഋ-യും ഉപയോഗിച്ചത്. സ്വന്തമായി പലതും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. "കര്‍ത്താവിന്‍റെ യുദ്ധങ്ങളുടെ ഗ്രന്ഥ"ത്തില്‍ (സംഖ്യ 21:14-15) നിന്ന് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇതൊരുപക്ഷേ, പുരാതന യുദ്ധഗീതികളുടെ സമാഹാരമായിരിക്കാം. സംഖ്യ 21:17-18-ല്‍ അദ്ദേഹം എഴുതിയിട്ടുള്ള "കിണറിനെക്കുറിച്ചുള്ള ഗാനം" ഇസ്രായേല്യരുടെ പൂര്‍വ്വികന്മാര്‍ മരുഭൂമിയിലോ സമതലത്തിലോ കിണര്‍കുഴിക്കുന്ന ജോലിക്കിടയില്‍ പാടാറുണ്ടായിരുന്ന പഴയൊരു ഗാനമായിരുന്നു. സംഖ്യ 21:27-30-ല്‍ കാണുന്ന വിജയകീര്‍ത്തനം യഥാര്‍ത്ഥത്തില്‍ അമോര്യര്‍ രചിച്ചതാണ്. ഉടമ്പടിയുടെ പുസ്തകം (പുറ. 20:22-23:19) രൂപപ്പെട്ടുവന്നതിന്‍റെ പിന്നില്‍ സുദീര്‍ഘമായൊരു ചരിത്രമുണ്ട്. പക്ഷേ, മോശയെ കേന്ദ്രീകരിച്ചു നീങ്ങിയ ഈ രൂപീകരണത്തെപ്പറ്റി E-ഒന്നും എഴുതുന്നില്ല. എങ്കിലും അദ്ദേഹമത് തന്‍റെ രചനയില്‍ കൂട്ടിച്ചേര്‍ത്ത് പുതിയൊരു പശ്ചാത്തലമൊരുക്കി. 'ഉടമ്പടിയുടെ പുസ്തകം' പഞ്ചഗ്രന്ഥത്തില്‍ കാണുന്നതിന്‍റെ കാരണക്കാരന്‍ എലോഹിസ്റ്റ് ആണ്.
വടക്കന്‍ ഇസ്രായേലിലാണ് E പാരമ്പര്യം എഴുതപ്പെട്ടത്. വടക്കന്‍ ഇസ്രായേലിലെ ബെഥേലിലെയും, വിശിഷ്യാ മനാസ്സേയുടെ തലസ്ഥാനനഗരവും എഫ്രേമിന്‍റെ മതകേന്ദ്രവുമായ ഷിക്കമിലെയും പുരാതന ദേവാലയങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ ദേവാലയവുമായി അഭേദ്യബന്ധമുണ്ടായിരുന്ന യാക്കോബിനും ജോസഫിനും അദ്ദേഹം വളരെ പ്രാധാന്യം കൊടുത്തു. മോശ തന്‍റെ മരണത്തിനു മുന്‍പ് ജനത്തിനു നല്‍കിയ ആശീര്‍വ്വാദത്തില്‍ (നിയ 33) അബ്രാഹത്തിനെയും ഇസഹാക്കിനെയും അപേക്ഷിച്ച്, യാക്കോബിനും ജോസഫിനും വ്യക്തമായ പ്രാമുഖ്യം നല്കുന്നുണ്ട്. അബ്രാഹം ഹെബ്രോണില്‍ ജീവിച്ച കാലത്തെക്കുറിച്ചുള്ള 'യൂദാകഥ'കളൊന്നും E പറയുന്നില്ല. എന്നാല്‍, വടക്കന്‍ ഇസ്രായേലില്‍ സംസ്കരിക്കപ്പെട്ട പൂര്‍വ്വികരായ റാഹേല്‍, ദെബോറാ, ജോസഫ്, ജോഷ്വാ, എലെയാസര്‍ എന്നിവരുടെ ശവകുടീരങ്ങളെപ്പറ്റി ഋ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. (ഉല്‍ 35:8, 19-20). വടക്കന്‍ ഇസ്രായേലിലെ പ്രവാചകനായിരുന്ന ഹോസിയായിലും, നിയമാവര്‍ത്തനപ്പുസ്തകത്തിലും E പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 'നിയമാവര്‍ത്തനം' അതിന്‍റെ പ്രാരംഭരൂപത്തില്‍ എഴുതപ്പെട്ടത് വടക്കന്‍ സാമ്രാജ്യത്തിലാണ്. ജെറോബോവാം ഒന്നാമന്‍റെ കാലത്ത് വടക്കന്‍ സാമ്രാജ്യത്തില്‍, മോശയുടെ നിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു മതനവീകരണം നടന്നു. മോശയുടെ പാരമ്പര്യങ്ങള്‍ക്ക് ഋ-ഊന്നല്‍ കൊടുക്കുന്നത് അതുകൊണ്ടായിരിക്കാം. തെക്കന്‍ സാമ്രാജ്യത്തിലെ ബേര്‍ഷെബായിലെ ദേവാലയത്തിന് E വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഒരു തീര്‍ത്ഥാടനകേന്ദ്രമെന്ന നിലയ്ക്ക് ഈ സ്ഥലം വടക്കന്‍ ഗോത്രങ്ങള്‍ക്ക് അപരിചിതമായിരുന്നില്ല. (ആമോസ് 5:15; 8:14 കാണുക).
ഇസ്രായേലിനു മുഴുവനും പൊതുവായ പുരാതന പാരമ്പര്യങ്ങളെ ആധാരമാക്കി J-യും E-യും എഴുതിയതുകൊണ്ട് അവരുടെ രചനകള്‍ക്ക് അടിസ്ഥാനപരമായി സാമ്യമുണ്ട്. എന്നാല്‍ പരസ്പരം ഭിന്നിച്ചു നിന്ന തെക്കും വടക്കും സാമ്രാജ്യങ്ങളിലാണ് ഈ പഴയ പാരമ്പര്യങ്ങള്‍ വികാസം പ്രാപിച്ചതും എഴുതപ്പെട്ടതും. തന്മൂലം രണ്ടുപേരുടെയും കൃതികളില്‍ വളരെയധികം വൈവിധ്യങ്ങള്‍ കടന്നുകൂടി.
E-യുടെ രചനയിലുടനീളം ദൃശ്യമാകുന്ന പ്രവാചകന്‍റെ സമീപനരീതിയില്‍നിന്ന്, സോളമന്‍റെ മരണത്തിനും ഇസ്രായേലിന്‍റെ വിഭജനത്തിനും ശേഷമാണ് E-യുടെ രചനാകാലമെന്ന് ഊഹിക്കാം. കല്‍ദായരുടെ ഊര്‍ ആണ് അബ്രാഹത്തിന്‍റെ ജന്മദേശമെന്ന് (ഉല്‍. 15:7) E- പറയുന്നു. മെസൊപ്പൊട്ടേമിയാ പ്രദേശത്ത് കല്‍ദായര്‍ ആദ്യം കടന്നു വരുന്നത് ബി. സി. 9-ാം നൂറ്റാണ്ടിലാണ്. തന്മൂലം, E-യുടെ രചനാകാലം ബി. സി. 9-ാം നൂറ്റാണ്ടിനു മുന്‍പാകാന്‍ സാധ്യതയില്ല. വടക്കന്‍ സാമ്രാജ്യത്തിലാണ് E-രചിക്കപ്പെട്ടത്. ബി. സി. 722-ല്‍ വടക്കന്‍ ഇസ്രായേലിന്‍റെ തലസ്ഥാനമായ സമറിയായുടെ പതനത്തോടെ ആ രാജ്യവും അവസാനിച്ചു. എന്നാല്‍, ആഭ്യന്തരകലാപങ്ങളോ, പുറത്തുനിന്നുള്ള യുദ്ധഭീഷണികളോ ഒന്നുമില്ലാതെ, സമാധാനപരമായ അന്തരീക്ഷം നിലനിന്ന കാലത്താണ് E-രചിക്കപ്പെട്ടതെന്ന് വ്യക്തമാണ്. ജെറോബോവാം-രണ്ടാമന്‍റെ (ബി. സി. 785-744) ഭരണകാലത്താണ് രാജ്യം പ്രതാപ ഐശ്വര്യങ്ങളുടെയും സമാധാനത്തിന്‍റെയും ഉച്ചകോടിയിലെത്തിയത്. E-യുടെ രചന നടന്നത് ഈ കാലത്താകാനാണു കൂടുതല്‍ സാധ്യത.
അടിസ്ഥാന പ്രമേയവും ദൈവശാസ്ത്രവും
E-യുടെ അടിസ്ഥാനപരമായ പ്രമേയം ഉടമ്പടിയാണ്. വടക്കന്‍ സാമ്രാജ്യത്തിലെ ഷെക്കെമിലെയും ബെഥേലിലേയും ദേവാലയങ്ങളുടെ പാരമ്പര്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്, ആരാധനയ്ക്കായി ഒരിടത്ത് ഒന്നിച്ചുകൂടുന്ന ഈശ്വരവിശ്വാസികളുടെ ഒരു കൂട്ടമായി ഇസ്രായേലിനെ E-കണ്ടു. ഷെക്കെമില്‍ വെച്ചുനടന്ന ഉടമ്പടി നവീകരണ കര്‍മ്മങ്ങളിലൂടെ (ജോഷ്വാ 24) ഇസ്രായേല്‍ ഗോത്രങ്ങളുടെ മതൈക്യബോധം പ്രകടമായി. പുറപ്പാടിനിടയ്ക്ക് സീനായ് മലയില്‍വെച്ചു മുദ്രവയ്ക്കപ്പെട്ട ഉടമ്പടിയെ അടിസ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ ഉടമ്പടി നവീകരണം നടത്തിയത്.
ഷെക്കെമില്‍ സമ്മേളിച്ചിരുന്ന ദൈവജനത്തിന്‍റെ കൂട്ടായ്മയും അവരുടെ ഉടമ്പടി നവീകരണ കര്‍മ്മവുമാണ് ദൈവശാസ്ത്രപരമായ വിചിന്തനങ്ങള്‍ക്ക് E-യെ പ്രേരിപ്പിച്ചത്. പിതാക്കന്മാരുടെയും ഇസ്രായേലിന്‍റെയും പാരമ്പര്യകഥകള്‍ E- തെരഞ്ഞെടുത്തത് തദനുസൃതമാണ്. ഉടമ്പടിക്ക് പ്രാഥമിക സ്ഥാനമൊന്നും J-കല്‍പ്പിക്കുന്നില്ല. എന്നാല്‍, യാഹ്വേയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിനടിസ്ഥാനം ഉടമ്പടിയാണെന്ന പ്രമേയത്തിന് E- പരമപ്രാധാന്യം കൊടുക്കുന്നു. വ്യത്യസ്തമായ വീക്ഷണങ്ങളുള്ള D. P. പാരമ്പര്യങ്ങള്‍ ഈ പ്രമേയം വികസിപ്പിച്ച്, ദൈവവും ദൈവജനവും തമ്മിലുള്ള ഉടമ്പടി ബന്ധത്തിന്‍റെ ചരിത്രമാണു പഞ്ചഗ്രന്ഥം എന്നു വരുത്തി.
ഷെക്കെമിലെ ഉടമ്പടിയുടെ അവസരത്തില്‍ ദൈവത്തെ സാക്ഷിനിര്‍ത്തി വടക്കന്‍ ഗോത്രങ്ങള്‍ ഒരു കരാര്‍ മുദ്ര വെച്ചിരുന്നു. ബി. സി. രണ്ടാം സഹസ്രാബ്ദത്തില്‍ നിലവിലിരുന്ന രാഷ്ട്രീയ ഉടമ്പടിയുടെ മാതൃകയാണ് അവര്‍ സ്വീകരിച്ചത്. ഹിത്യരുടെ തലസ്ഥാനമായിരുന്ന ഹററൂസാസിന്‍റെ (Hattusas) നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പര്യവേഷണങ്ങളുടെ ഫലമായി ഹിത്യരുടെ ഉടമ്പടികളെക്കുറിച്ച് വളരെയധികം വിവരങ്ങള്‍ നമുക്കു കിട്ടിയിട്ടുണ്ട്.
ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധം ചിത്രീകരിക്കാന്‍ 'ഉടമ്പടി' ഒരു മാതൃകയായി സ്വീകരിച്ചുവെന്നതാണ് E-യുടെ പ്രത്യേകത. വടക്കന്‍ സാമ്രാജ്യത്തിലെ ഗോത്രങ്ങള്‍ തമ്മിലുള്ള ഐക്യത്തെ ഒരു ഉടമ്പടി സഖ്യമായി കണ്ടുകൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. ഇസ്രായേലും ദൈവവും തമ്മിലും ഗോത്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ബന്ധത്തിന് ഒരു ദൈവശാസ്ത്രപരമായ അടിസ്ഥാനതത്വം ലഭ്യമാകത്തക്കവിധത്തില്‍ ഹിത്യരുടെ ഉടമ്പടി ക്രമത്തിന്‍റെ അടിസ്ഥാനാശയങ്ങളും രൂപവും ഭാവവുമെല്ലാം അദ്ദേഹം മാറ്റിയെടുത്തു. E-യെ സംബന്ധിച്ചിടത്തോളം, യാഹ്വേയെ സാക്ഷി നിര്‍ത്തി ചെയ്യുന്ന ഉടമ്പടിപ്രകാരമുള്ള പരസ്പര ഐക്യം മാത്രമല്ല ഇസ്രായേല്‍ ജനത്തിനുള്ളത്. ഇസ്രായേല്‍ ജനം മുഴുവന്‍ ഉല്‍കൃഷ്ടമായ ഒരു ഉടമ്പടി വഴി യാഹ്വേയ്ക്ക് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയാണ്. യാഹ്വേ സാക്ഷി മാത്രമല്ല, ഉടമ്പടിയിലെ ഒരു കക്ഷികൂടിയാണ്.
ഹിത്യരുടെ ഉടമ്പടികള്‍ രണ്ടു വിധത്തിലുണ്ട്. തുല്യശക്തിയുള്ള രണ്ടുകക്ഷികള്‍ തമ്മിലുള്ളതും (Parity treaty) മേല്‍ക്കോയ്മയുള്ള കക്ഷി യും ആശ്രിതനായ കക്ഷിയും (Vassal) തമ്മിലുള്ളതും (suzerainty treaty). ഇതില്‍ രണ്ടാമത്തേതാണ് സീനായ് ഉടമ്പടിയുടെ മാതൃകയായി E-സ്വീകരിക്കുന്നത്. ഉടമ്പടിയുടെ രൂപഘടന മിക്കവാറും ഒന്നുതന്നെയാണ്.
അതീന്ദ്രിയനും, പരമോന്നതനും, സര്‍വ്വശക്തനുമായ ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുവാന്‍, ആശ്രിതോടമ്പടി (zuzerainty treaty) യാണ് ഉത്തമ മാതൃക. ഉടമ്പടിയിലെ രണ്ടു കക്ഷികള്‍ക്കും അവകാശങ്ങളും കടമകളുമുണ്ട്. എന്നാല്‍ മേല്‍ക്കോയ്മയുള്ള കക്ഷി സ്വന്ത ഇഷ്ടപ്രകാരം, സ്വതന്ത്ര മനസ്സോടെയാണ് കരാറിലേര്‍പ്പെടുന്നത്.
ഇസ്രായേലിനു തുടര്‍ച്ചയായി സംഭവിച്ച പാളിച്ചകളെയും വീഴ്ചകളെയും കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്ന E-തന്‍റെ രചനയില്‍ മാനുഷിക വ്യാപാരങ്ങളിലേര്‍പ്പെടുന്നവനായി ദൈവത്തെ ചിത്രീകരിക്കുന്നില്ല. മനുഷ്യന് അടുത്തറിയാനും അനുഭവിക്കാനും കഴിയാത്തവിധം അത്ര അകലത്തിലാണു ദൈവം. അവിടുന്ന് ഭൂമിയിലേക്കിറങ്ങി വന്ന് മനുഷ്യനുമായി ബന്ധപ്പെടുന്നില്ല, തന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്ന് സ്വപ്നങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെ തന്‍റെ സന്ദേശ വാഹകരിലൂടെയും മാത്രം മനുഷ്യനെ സമീപിക്കുന്നു (ഉല്‍. 20:36; 28:12; 31:11). ജനത്തിനു ദൈവവുമായി നേരിട്ട് ബന്ധമൊന്നുമില്ല. ദൈവത്തിന്‍റെ മുന്‍പില്‍ മുഖാഭിമുഖം നിന്നു സംസാരിക്കാന്‍ മോശയ്ക്കു മാത്രമേ കഴിഞ്ഞുള്ളൂ. പുരാതന പാരമ്പര്യങ്ങളില്‍ കാണുന്നതും, J- പറയുന്നതുമായ മറ്റ് പ്രത്യക്ഷപ്പെടലുകളും ഇടപാടുകളും E-പൂര്‍ണ്ണമായി ഒഴിവാക്കി. മനുഷ്യന്‍ ദൈവത്തെ സമീപിച്ചത് ഭയബഹുമാനങ്ങളോടെയാണ് (പുറ 3:6); സ്നേഹത്തോടെയോ സൗഹൃദത്തോടെയോ അല്ല.
ഉടമ്പടിയുടെ മാതൃകയാണ് E-യുടെ ദൈവശാസ്ത്രത്തിന്‍റെ ചട്ടക്കൂട്. ആമുഖവും കക്ഷികളുടെ പൂര്‍വ്വകാല ബന്ധത്തെക്കുറിച്ചുള്ള ചരിത്രവും ഉടമ്പടിയും നിബന്ധനകളും ഒന്നിച്ച് പത്തു പ്രമാണങ്ങളില്‍ E-അവതരിപ്പിക്കുന്നു. (പുറ. 20:1-17). "നിന്‍റെ ദൈവമായ കര്‍ത്താവ്" (ആമുഖം); "അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്ന് നിന്നെ പുറത്തു കൊണ്ടുവന്നവന്‍" (പൂര്‍വ്വകാലബന്ധവും ചരിത്രവും). "ഞാനല്ലാതെ മറ്റു ദേവന്മാര്‍ നിനക്കുണ്ടാകരുത്" (നിബന്ധനകള്‍). E-യുടെ കാഴ്ചപ്പാടില്‍ എല്ലാ നിയമങ്ങളും ഉടമ്പടിയുടെ നിബന്ധനകളാണ്. പത്തു പ്രമാണങ്ങളുടെയും നിബന്ധനകളുടെയും വിശദീകരണമെന്ന നിലയ്ക്കാണ് 'ഉടമ്പടിയുടെ നിയമപുസ്തം' (code of the covenant) E അവതരിപ്പിക്കുന്നത്. മദ്ധ്യപൗരസ്ത്യദേശത്തെ പല നിയമാവലികളിലും, പ്രത്യേകിച്ച്, ബാബിലോണിലെ ഹമുറാബി (Hammurabi 17921750 ബി.സി.) യുടെ നിയമാവലിയിലും, സമാനമായ നിബന്ധനകള്‍ കാണാനുണ്ട്.
ഉടമ്പടിയുടെ ഒരു കക്ഷി യാഹ്വേ ആയതുകൊണ്ട് ദൈവത്തെ സാക്ഷിയായി വിളിക്കേണ്ട ആവശ്യമില്ല. അതിനുപകരമായി E അവതരിപ്പിക്കുന്നത് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വേണ്ടി ഉടമ്പടിയുടെ സമയത്ത് സീനായില്‍ ഓരോ സ്തംഭങ്ങള്‍ ഉയര്‍ത്തിയതാണ് (പുറ. 24:3-8). ഈ സ്തംഭങ്ങള്‍ ഇസ്രായേല്‍ ജനത്തിന്‍റെ ഉടമ്പടിയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് സാക്ഷി നില്ക്കുന്നുവെന്ന ചിന്താഗതിയാണ് ഋ-യ്ക്കു ള്ളത്. ഷെക്കെമിലെ ഗോത്ര സമ്മേളനാവസരത്തിലെ ഉടമ്പടിയുടെയും എഴുതപ്പെട്ട ഒരു രൂപമുണ്ടായിരുന്നതായി ചിന്തിക്കാന്‍ ന്യായമുണ്ട്. അതില്‍ സീനായ് ഉടമ്പടിയുടെ പരാമര്‍ശമുണ്ടായിരുന്നിരിക്കാം. E -അതിനെ 'മോശ എഴുതിയ ഉടമ്പടി ഗ്രന്ഥം' എന്നു ചിത്രീകരിച്ചു (പുറ. 24:4, 7).
ഇസ്രായേലിന്‍റെ പാരമ്പര്യകഥകളെല്ലാം തന്‍റെ രചനയില്‍ സമന്വയിപ്പിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഉടമ്പടി E-യ്ക്കു ഉണ്ടാക്കിക്കൊടുത്തു. ഉടമ്പടിയിലെ ഒരു കക്ഷിയായ ഇസ്രായേല്യരോടും അവരുടെ പിതാക്കന്മാരോടുമുള്ള യാഹ്വേയുടെ പൂര്‍വ്വകാലബന്ധങ്ങളാണ് ഈ പാരമ്പര്യകഥകളുടെ ഉള്ളടക്കം. മനുഷ്യന്‍റെ വിശ്വസ്തതയ്ക്കും അവിശ്വസ്തതയ്ക്കും ദൈവം കൊടുക്കുന്ന പ്രത്യുത്തരങ്ങളാണ് ചരിത്രത്തിലെ എല്ലാം സംഭവവികാസങ്ങളും. ദൈവാനുഗ്രഹത്തിന്‍റെയോ ദൈവശിക്ഷയുടെയോ വ്യക്തമായ പ്രകടനങ്ങളാണവ. വിശ്വസ്തനായ മനുഷ്യന് ദൈവാനുഗ്രഹവും അവിശ്വസ്തന് ശിക്ഷാവിധിയുമാണു പ്രതിസമ്മാനം. ഈ പശ്ചാത്തലത്തില്‍ ധര്‍മ്മനിഷ്ഠ (വിശ്വസ്തത), പാപം (അവിശ്വസ്തത), രക്ഷ (അനുഗ്രഹം), തിന്മ (ശിക്ഷാവിധി, ശാപം) എന്നീ വിഷയങ്ങള്‍ ഉടമ്പടിയുടെ ദൈവശാസ്ത്രത്തോടു ബന്ധപ്പെടുത്തി E- അവതരിപ്പിക്കുന്നു.
E-യെ സംബന്ധിച്ചിടത്തോളം തേനും പാലും ഒഴുകുന്ന ഒരു നാട് എന്നതിനെക്കാളുപരി, നിഷ്കാസനം ചെയ്യപ്പെട്ടവരുടെ ദേശമാണു കാനാന്‍. സീനായ് മലയടിവാരത്തില്‍വെച്ച് കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി ആരാധിക്കുകവഴി ഇസ്രായേല്‍ജനം ഉടമ്പടി ലംഘിച്ചപ്പോള്‍ മോശയുടെ മാദ്ധ്യസ്ഥം ദൈവം തിരസ്ക്കരിച്ചു. തന്‍റെ വാസസ്ഥലമായ മലയുടെ അടിവാരത്തുനിന്ന് അവരെ ആട്ടിപ്പായിച്ചു; താന്‍ പറഞ്ഞ സ്ഥലത്തേയ്ക്ക് ജനത്തെ നയിക്കാന്‍ അവിടുന്നു മോശയോടു കല്പിച്ചു (പുറ. 32:34).
ദൈവത്തിന്‍റെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന അവസ്ഥയും ഇസ്രായേലിന് രക്ഷ അവശ്യാവശ്യകമാണെന്ന ബോദ്ധ്യവും E-യ്ക്കുണ്ട്. പശ്ചാത്തപിക്കുകയും പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രവാചകന്മാരെപ്പോലെ അദ്ദേഹവും തറപ്പിച്ചു പറഞ്ഞു. സമൂലമായൊരു മാനസികപരിവര്‍ത്തനം വഴി ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുന്നതിലൂടെ ഇസ്രായേലിന് ഒരിക്കല്‍കൂടി ദൈവാനുഗ്രഹം പ്രാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു.
നിയമാവര്‍ത്തന പാരമ്പര്യം (D)
ഒരു ജനതയുടെ സാംസ്കാരിക വളര്‍ച്ചയും അവരുടെ ചരിത്രപുരോഗതിയും പ്രതിഫലിപ്പിക്കുന്നവയാണ് അവരുടെ സര്‍ഗ്ഗാത്മ സാഹിത്യ സൃഷ്ടികള്‍. പ്രപഞ്ചത്തെയും തന്നെത്തന്നെയും മനസ്സിലാക്കാനുള്ള മനുഷ്യന്‍റെ അന്വേഷണപ്രക്രിയയെ നിയന്ത്രിക്കാന്‍ ജ്ഞാനികള്‍ക്കും (യോഗികള്‍) കവികള്‍ക്കും പ്രവാചകന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കും കഴിയും. വിശ്വാസം ഈ പ്രക്രിയയ്ക്ക് ഒരു പുതിയ മാനം നല്‍കുന്നു. ഒരു പ്രത്യേക ചരിത്രപശ്ചാത്തലത്തില്‍, J-യും E-യും ഇസ്രായേലിന്‍റെ ചരിത്രത്തിന്‍റെ ആരംഭങ്ങളിലേയ്ക്ക് ചൂഴ്ന്നിറങ്ങി. യോഗിയുടെ വിജ്ഞാനത്തോടെയും, പ്രവാചകന്‍റെ ധാര്‍മ്മിക ചിന്തകളോടെയും, ഇതിഹാസത്തിന്‍റെ മട്ടും മാതിരിയുമുള്ള സാഹിത്യവിവരണങ്ങള്‍ക്ക് അവര്‍ രൂപം കൊടുത്തു. ഒരേയൊരു ചോദ്യമാണ് അവരുടെ അന്വേഷണത്തെ നയിച്ചതും നിയന്ത്രിച്ചതും. ആരാണ് ഇസ്രായേല്‍? ഇസ്രായേലിന്‍റെ സുദീര്‍ഘമായ മതവിശ്വാസചരിത്രവും മദ്ധ്യപൗരസ്ത്യദേശങ്ങളുടെ സാഹിത്യ-സാംസ്കാരിക നേട്ടങ്ങളും പുതിയൊരു മത-ചരിത്ര-ഉദ്ഗ്രഥനത്തിന് അവസരമായി; ഒപ്പം ശക്തമായ പ്രേരണയും.
ഇസ്രായേലിലെ ദേവാലയങ്ങളിലെ ആരാധനക്രമങ്ങളുടെയും ആഘോഷങ്ങളുടെയും പരിഷ്കരണത്തിനു വഴി തെളിച്ചത് ഇതേ സാഹിത്യചരിത്രവും വിശ്വാസവും ഇസ്രായേല്‍ ആരെന്ന ചോദ്യവുമാണ്. ഈ ആരാധനക്രമങ്ങളുടെയും ആഘോഷങ്ങളുടെയും ഏതാനും ഭാഗങ്ങള്‍ J-യുടെയും E-യുടെയും ചില വിവരണങ്ങളിലൂടെ പഞ്ചഗ്രന്ഥത്തില്‍ സ്ഥാനം പിടിച്ചു. ആരാധനക്രമങ്ങള്‍ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ വികാസപരിണാമങ്ങള്‍ക്കു വിധേയമായത് ഷെക്കെമിലെ ദേവാലയത്തിന്‍റെ തണലിലാണ്. അന്നുവരെയുള്ള ഇസ്രായേലിന്‍റെ ചരിത്രത്തെ അതു സാരമായി സ്വാധീനിക്കുകയും ചെയ്തു. മാത്രമല്ല, അതു പഞ്ചഗ്രന്ഥത്തിന്‍റെ മറ്റൊരിടത്തു ആവുകയും ചെയ്തു. പഞ്ചഗ്രന്ഥത്തിന്‍റെ ആരാധനക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ പാരമ്പര്യത്തെ നിയമാവര്‍ത്തന പാരമ്പര്യം (D) എന്നു വിളിക്കുന്നു. D പാരമ്പര്യത്തിന് പലവിധത്തിലും E-പാരമ്പര്യവുമായി സാമ്യമുണ്ടെങ്കിലും, ആരാധനക്രമപരമായ സാഹചര്യങ്ങളും, സ്വയം കണ്ടെത്താനുള്ള ശ്രമത്തില്‍ ഒരു പുതിയ കാലഘട്ടത്തിലേയ്ക്കുള്ള ഇസ്രായേലിന്‍റെ ചുവടുവയ്പും, രചനയില്‍ തെളിഞ്ഞു നില്‍ക്കുന്ന സര്‍ഗ്ഗാത്മകതയും ധിഷിണാപാടവവും D-യെ ഒരു സ്വതന്ത്രകൃതിയായി വേര്‍തിരിച്ചു നിര്‍ത്തുന്നു.
പഞ്ചഗ്രന്ഥത്തില്‍ 'നിയമാവര്‍ത്തന' ത്തില്‍ മാത്രമേ D - പാരമ്പര്യം കാണാനുള്ളൂ. കൃത്യമായിപ്പറഞ്ഞാല്‍, പ്രധാന ഭാഗമായ അദ്ധ്യായം 4:44 മുതല്‍ 28:69 വരെയും (ഇതില്‍ 27-ാം അദ്ധ്യായം പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്). 29-30 അദ്ധ്യായങ്ങളും മാത്രമേ D -യുടെ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്നുള്ളു. 4 മുതല്‍ 28 വരെയുള്ള അദ്ധ്യായങ്ങളാണ് (27-ാം അദ്ധ്യായം ഒഴികെ) ആദ്യം എഴുതപ്പെട്ടതെന്നും മിക്കവാറും അധികം താമസിയാതെതന്നെ 29-30 അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടുവെന്നുമാണ് അഭിജ്ഞമതം. ഈ ആദ്യകാല രചനയെ ചില പണ്ഡിതന്മാര്‍ ആദിനിയമാവര്‍ത്തനം (proto deuteronomy) എന്നും വിളിക്കാറുണ്ട്.
ജോഷ്വാ മുതല്‍ 2 രാജാക്കന്മാര്‍വരെയുള്ള പുസ്തകങ്ങളിലെ നിയമാവര്‍ത്തന ചരിത്രവുമായി ബന്ധപ്പെടുത്താതെ ഇതു മാറ്റി നിര്‍ത്തേണ്ടതുണ്ട്. ആദ്യകാലത്തെ ചരിത്രരചനയ്ക്ക് ആമുഖമായി പില്ക്കാലത്ത് നിയമാവര്‍ത്തന പുസ്തകംതന്നെ വിപുലമാക്കപ്പെട്ടു. അങ്ങനെ രൂപപ്പെട്ടതാണ് ഇന്നു നമുക്ക് ലഭ്യമായ 'നിയമാവര്‍ത്തനം'. നിയമാവര്‍ത്തന പുസ്തകത്തിനു പുറമേ പഞ്ചഗ്രന്ഥത്തില്‍ കാണുന്നതും D യുടേതെന്ന് ആരോപിക്കപ്പെടുന്നതും ആയ ഭാഗങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ D യുടെ പാരമ്പര്യത്തിന്‍റെ ഭാഗമല്ല. അവയെല്ലാം D യെ J യും E യുമായി സംയോജിപ്പിച്ച ആഖ്യാതാവിന്‍റെ വകയാണ്.
D പാരമ്പര്യത്തിന്‍റെ കര്‍ത്താവ് ആരാണെന്നു നമുക്കറിവില്ല. ഷെക്കെം ദേവാലയത്തിലെ ഒരു ലേവായ പുരോഹിതനായിരുന്നു അദ്ദേഹമെന്നു കരുതുന്നതില്‍ തെറ്റില്ല.
J യും E യും തരുന്നതിനേക്കാള്‍ വളരെക്കുറച്ചു ചരിത്രവിവരണങ്ങളേ ഉ നല്‍കുന്നുള്ളൂ. എലോഹിസ്റ്റ് ഒരു പരിധിവരെ യാഹ്വിസ്റ്റിന്‍റെ വിവരണങ്ങള്‍ക്ക് സമാന്തരമായാണു രചന നടത്തിയത്. J-യെപ്പോലെ അബ്രാഹം മുതലുള്ള പിതാക്കന്മാരുടെ ചരിത്രം E-യും എഴുതുന്നുണ്ട്. പക്ഷേ, അവിടെയും E- പ്രാധാന്യം കൊടുക്കുന്നത് മോശയെന്ന വ്യക്തിക്കും അദ്ദേഹത്തിന്‍റെ ദൗത്യത്തിനുമാണ്. പിതാക്കന്മാരെക്കുറിച്ച് D പറയുന്നുണ്ടെങ്കിലും (6:10) J യുടേതിനും E യുടേതിനും സാദൃശ്യമായ വിവരങ്ങള്‍ കൊടുക്കുന്നില്ല. മോശയുടെ ജനനവും ദൈവവിളിയും ദൈവനാമം വെളിപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള സര്‍വ്വ പൂര്‍വ്വചരിത്രവും D വിട്ടുകളഞ്ഞു. ഹോറെബിലെ സംഭവവുമായി അഭേദ്യബന്ധമുള്ള പരാമര്‍ശങ്ങള്‍ മാത്രമേ മോശയെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളൂ (5:23-31; 9:7-21; 10:1-11). ദൈവം ഇസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാക്കുന്നതും (7:8) പത്തു മഹാമാരികളും (7:15); ദൈവം ഫറവോയോട് വര്‍ത്തിച്ച വിധവും (6:22; 7:19) പുറപ്പാടും (6:23) മരുഭൂമിയിലെ അലഞ്ഞുതിരിയലും (8:2-4) ചുരുങ്ങിയ വാക്കുകളില്‍ D അവതരിപ്പിക്കുന്നു (29:2-6 കാണുക).
D യുടെ രചനയിലും മുഖ്യകഥാപാത്രം മോശയാണ്. അക്കാരണം കൊണ്ടുതന്നെ 'പുറപ്പാടി'ലെ പല വിവരണങ്ങള്‍ക്കും സമാനമായവ ഉ-യിലും കാണാം. സംക്ഷിപ്തവിവരണങ്ങളിലും ദീര്‍ഘമായ വിവരണങ്ങളിലും മാത്രമല്ല, പത്തുപ്രമാണങ്ങള്‍, ന്യായപ്രമാണങ്ങള്‍ എന്നിങ്ങനെയുള്ള നിയമാവലികളിലും 'പുറപ്പാടു'മായുള്ള ഈ സമാനത D നിലനിര്‍ത്തുന്നു.
ഉടമ്പടിയുമായി ബന്ധപ്പെട്ട നിയമസംഹിതയുടെ അമ്പതു ശതമാനത്തോളം (ഏകദേശം ഇരുപതു ഭാഗങ്ങള്‍) D സ്വന്തമായെടുത്ത്, വികസിപ്പിച്ച്, വിശദീകരിച്ച് അദ്ദേഹത്തിന്‍റെ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തി.
സ്വന്തമായി പല വിഷയങ്ങളും അദ്ദേഹം രചനയില്‍ ഉള്‍പ്പെടുത്തി. വിശിഷ്യാ സാര്‍വ്വത്രികമായി അന്ന് അംഗീകരിക്കപ്പെട്ടിരുന്ന നിയമങ്ങളും അവയുടെ വകഭേദങ്ങളും, അക്കാഡിയന്‍, ഉഗാററ്റിക്ക്, ഈജിപ്ഷ്യന്‍, നിയമങ്ങളുടെ പ്രതിഫലനങ്ങളും D-യില്‍ വളരെ പ്രകടമാണ്. ഉദാഹരണത്തിന് 25:13-16-ലെ അളവിലെ കൃത്രിമത്വത്തെക്കുറിച്ചു പറയുന്നത് ഈജിപ്തുകാരുടെ 'അമെന്‍ ഓപെത്' ന്‍റെ വിജ്ഞാനം 16-ന്‍റെയും 19:14-ല്‍ അതിര്‍ത്തിക്കല്ലുകള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം അമെന്‍ എം ഓപെതിന്‍റെ വിജ്ഞാനം 6-ന്‍റെയും സമാന നിയമമാണ്. ഇസ്രായേലിന്‍റെ നൈയാമിക പാരമ്പര്യത്തിന്‍റെ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ ചരിത്രത്തിന്‍റെ അവസാനമാണ് നിയമാവര്‍ത്തനത്തിലെ നിയമ സംഹിതയെന്നു പറയാം.
ലഭ്യമായ പല തെളിവുകളും സൂചിപ്പിക്കുന്നത്, D പാരമ്പര്യം വിരചിതമായത് വടക്കന്‍ ഇസ്രായേലില്‍, കുറേക്കൂടി കൃത്യമായിപ്പറഞ്ഞാല്‍ ഷെക്കെമിലെ ദേവാലയത്തിലാണെന്നത്രേ. ഈ ദേവാലയവുമായി ബന്ധപ്പെട്ട് കുറേക്കൂടി മുമ്പ് എഴുതപ്പെട്ട E പാരമ്പര്യവുമായി D പാരമ്പര്യത്തിനുള്ള സാധര്‍മ്മ്യം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. E-യും D-യും പാരമ്പര്യങ്ങള്‍ 'ഹോറെബ്' മല എന്നാണു പറയുന്നത്, സീനായ്മല എന്നല്ല.ഉയുടെ 'പത്തു പ്രമാണങ്ങള്‍' (5:2-21) Eയുടെ 'പത്തു പ്രമാണങ്ങ'ളു മായി സ്വഭാവൈക്യം പുലര്‍ത്തുന്നു (പുറ 20:1-17). Dയുടെ നിയമസംഹിത (12-26)യില്‍ ഋയുടെ 'ഉടമ്പടിയുടെ നിബന്ധന'കളുടെ (പുറ 20:12-23:19) സ്വാധീനം വളരെയുണ്ട്. ഏലോഹിസ്റ്റിന്‍റെ ദൈവശാസ്ത്രത്തിന്‍റെ വികസിത രൂപമെന്ന നിലയ്ക്ക് ഉയുടെ ദൈവശാസ്ത്രത്തെ അംഗീകരിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ഉടമ്പടിയെയും ഉടമ്പടിക്കു മാദ്ധ്യസ്ഥം വഹിച്ച മോശയുടെ പങ്കിനെയും ദൈവത്തിന്‍റെ അപരിമേയതയെയുംകുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ഇതു തികച്ചും വാസ്തവമാണ്.
പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട 27-ാം അദ്ധ്യായത്തിന്‍റെ കര്‍ത്താവ് ആദിനിയമാവര്‍ത്തനത്തില്‍ ഷെക്കെമുമായുള്ള ബന്ധം അംഗീകരിച്ചു. ജോര്‍ദ്ദാന്‍ നദിയുടെ അക്കരെ കടക്കുമ്പോള്‍ ഉടമ്പടിയുടെ നവീകരണം നടത്തണമെന്നും ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കണമെന്നും ഏബാല്‍ മലയില്‍ വലിയ ശിലകള്‍ സ്ഥാപിച്ച് കുമ്മായം പൂശി അവയില്‍ നിയമങ്ങള്‍ എഴുതണമെന്നും മോശ കല്‍പ്പിച്ചു (27:2-8). ഏബാല്‍ മലയും ഗരിസിം മലയും ഒന്നാണെന്ന് പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്. പുറപ്പാടിന്‍റെ അവസാനത്തില്‍ ജോര്‍ദ്ദാന്‍റെ അക്കരെവെച്ചു നടത്തിയ ഉടമ്പടി നവീകരണവും പില്‍ക്കാലത്ത് ഷെക്കെമില്‍വെച്ചു നടത്തിയ നവീകരണവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ഷെക്കെമിനു പുറമേ മറ്റെവിടെയെങ്കിലുമാണ് ഉ എഴുതപ്പെട്ടതെന്ന് പറയാന്‍ വയ്യാ. സാധ്യതയുള്ള മറ്റൊരു സ്ഥലം ജറുസലേമാണ്. അങ്ങനെ ചിന്തിച്ചാല്‍ പ്രാദേശിക ദേവാലയങ്ങളിലെ ലേവ്യ പുരോഹിതന്മാര്‍ക്ക് നിയ 18:6-8-ല്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ജറുസലേമിലെ പുരോഹിതന്മാര്‍ എന്തുകൊണ്ട് നിഷേധിച്ചുവെന്നതിന് ഒരു വിശദീകരണം കൊടുക്കാന്‍ നമുക്കു കഴിയില്ല (2 രാജാ. 23:9 കാണുക). ജറുസലേമില്‍നിന്ന് വളരെ അകലെ, വടക്ക് ഷെക്കെമിലെ ദേവാലയത്തിലാണ് ഉ എഴുതപ്പെട്ടതെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.
ഏലോഹിസ്റ്റിന്‍റേതിനേക്കാള്‍ കുറച്ചുകൂടി പുരോഗതി പ്രാപിച്ച ഒരു ചരിത്രപശ്ചാത്തലമാണ് D-യുടേത്. ഉ-യില്‍ കാണുന്ന ദൈവശാസ്ത്രപരമായ വിചിന്തനങ്ങളെല്ലാം തന്നെ E-യുടെ ദൈവശാസ്ത്രത്തിനുണ്ടായ വളര്‍ച്ചയും വികാസവും പുതിയ ഉദ്ഗ്രഥനവുമാണെന്നു പറയാം. ഉദാഹരണത്തിന്, ഉടമ്പടിയുടെ നിബന്ധനകളും നിയമാവര്‍ത്തന നിയമസംഹിതയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ആദ്യത്തേതിന്‍റെ ആവര്‍ത്തനവും വികസിത രൂപവുമാണ് രണ്ടാമത്തേതെന്ന് മനസ്സിലാകും. സാബത്ത് വര്‍ഷത്തില്‍ (ഓരോ 7-ാം വര്‍ഷം) നിലം വിതയ്ക്കാതെ ദരിദ്രര്‍ക്കുവേണ്ടി ഒഴിച്ചിടണമെന്ന നിയമ (പുറ 23:1-11)ത്തിന് അനുബന്ധം പോലെ, ആ വര്‍ഷം കടങ്ങള്‍ ഇളവു ചെയ്യണമെന്ന നിയമവും D കൂട്ടിച്ചേര്‍ത്തു. അടിമകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും അവരുടെ സേവന കാലാവധിയെയും സംബന്ധിച്ച നിയമ (പുറ 21:2-11)ങ്ങളോടൊപ്പം, സ്വതന്ത്രനാക്കപ്പെട്ട ഒരുവനെ വീണ്ടും അടിമയാക്കേണ്ടത് എങ്ങനെയെന്നും, ദാസിയോട് അനുവര്‍ത്തിക്കേണ്ട രീതിയെന്തെന്നും പറയുന്നു (നിയ 15:12-18). ഇത്തരം കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും സൂചിപ്പിക്കുന്നത് പുരാതന കാര്‍ഷിക സമ്പദ് വ്യവസ്ഥിതിയിലെത്തിയ ഒരു സാമൂഹ്യ മാറ്റത്തെയാണ്. ഒരേയൊരു ദേവാലയവുമായി ബന്ധപ്പെടുത്തി ആരാധന കേന്ദ്രീകരിക്കാനുള്ള D-യുടെ ചിന്തയുടെ പരിണിതഫലമായി ഉടമ്പടിയുടെ നിബന്ധനകളില്‍ പലതും ഇത്തരം ഭേദഗതികള്‍ക്കു വിധേയമായി.
E പാരമ്പര്യവുമായി അടുത്ത ബന്ധമുണ്ടെങ്കിലും, അതിന്‍റെ വെറുമൊരു വികസിത സാഹിത്യരൂപവുമായി D-യെ വ്യാഖ്യാനിക്കുക സാധ്യമല്ല. E പാരമ്പര്യത്തിന് സമാന്തരമായി വികാസം പ്രാപിച്ച മറ്റു പാരമ്പര്യങ്ങളും D ഉപയോഗിക്കുന്നുണ്ട്. (വ്യത്യസ്തസ്വഭാവമുള്ള പാരമ്പര്യങ്ങളായതുകൊണ്ട് അവയെ പൂര്‍ണ്ണമായി സംയോജിപ്പിക്കാനും D-യ്ക്കു കഴിഞ്ഞില്ല). സീനായ് ഉടമ്പടിയെ കേന്ദ്രബിന്ദുവാക്കി രചിക്കപ്പെട്ട ചരിത്രത്തിന്‍റെ പ്രവാചക ദൈവശാസ്ത്രമാണ് ഏലോഹിസ്റ്റിന്‍റേത്. എന്നാല്‍, ഉടമ്പടി നവീകരണ വേളയില്‍ ഉപയോഗിക്കാനുള്ള ഒരു ആരാധനക്രമ സംബന്ധിയായ കൃതിയാണ് D-യുടേത്.
സമറിയായുടെ പതനത്തിനു (722 ബി. സി.) ശേഷമുള്ള കാലഘട്ടത്തിലാണു D വിരചിതമായതെന്നു കരുതപ്പെടുന്നു. യൂദയാ രാജാവായിരുന്ന ഹെസെക്കിയായുടെ മതനവീകരണ പരിപാടികള്‍ക്കു ശേഷമായിരിക്കാനാണു കൂടുതല്‍ സാധ്യത (2 ദിന 30:1-12). അസ്സീറിയന്‍ സാമ്രാജ്യത്തിന്‍റെ ബലക്ഷയം മുതലെടുത്തുകൊണ്ട് ഹെസെക്കിയ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വടക്കു ഭാഗത്തേയ്ക്കും വ്യാപിപ്പിച്ചു. ഇക്കാലത്തു തന്നെ ആയിരിക്കണം യൂദായിലും വടക്കു ഭാഗത്തുമുള്ള പ്രാദേശിക ദേവാലയങ്ങളും ബലിപീഠങ്ങളുമെല്ലാം അദ്ദേഹം തകര്‍ത്തത് (2 രാജാ 18:4, 2 ദിന 31:1). അന്യദേവന്മാര്‍ക്കു ബലിയര്‍പ്പിക്കാനുള്ള പ്രവണതയെ ചെറുക്കാന്‍വേണ്ടി പ്രാദേശിക ദേവാലയങ്ങള്‍ക്കു പകരം ഒരൊറ്റ കേന്ദ്ര ദേവാലയം മതിയെന്ന് D നിര്‍ബന്ധം പിടിച്ചു.
അങ്ങനെ നോക്കിയാല്‍ D എഴുതപ്പെട്ടത് ബി. സി. 8-ാം നൂറ്റാണ്ടിന്‍റെ അവസാനമോ, 7-ാം നൂറ്റാണ്ടിന്‍റെ ആദ്യമോ ആയിരിക്കണം. D-യുടെ ദൈവശാസ്ത്രപ്രകാരം കേന്ദ്രദേവാലയം ഷെക്കെമല്ല, ജറുസലെമാണ്. D പാരമ്പര്യത്തിന്‍റെ വളര്‍ച്ചയുടെ അവസാന ഘട്ടങ്ങളിലോ അതുമല്ലെങ്കില്‍ ഈ പാരമ്പര്യം എഴുതപ്പെട്ട അതേ കാലഘട്ടത്തിലോ ആയിരിക്കാം കേന്ദ്രീകൃത ദേവാലയത്തിന്‍റെ ആശയം ഉടലെടുത്ത്.
അടിസ്ഥാന പ്രമേയവും ദൈവശാസ്ത്രവും
D-യുടെ സാഹിത്യരൂപവും ശൈലിയും അപഗ്രഥിച്ചപ്പോള്‍ അതിലെ ദൈവശാസ്ത്രത്തെ സംബന്ധിച്ച് ഒരേകദേശരൂപം നമുക്കു ലഭിച്ചു കഴിഞ്ഞു. മൂന്നു പ്രമേയങ്ങളാണ് ഉ പ്രധാനമായി അവതരിപ്പിക്കുന്നത്. 1)ഉടമ്പടിയും, നിയമങ്ങള്‍ സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ആ ഉടമ്പടിയോടുള്ള വിശ്വസ്തത നവീകരിക്കേണ്ടതിന്‍റെ ആവശ്യകതയും. എലോഹിസ്റ്റും ഈ പ്രമേയത്തിനു പ്രാധാന്യം കല്പിക്കുന്നുണ്ട്. 2) ഉടമ്പടിയോടുള്ള വിശ്വസ്തതയും, പ്രത്യുത്തരവും, നിയമങ്ങളുടെ അനുസരണവും പ്രകടമാകുന്നത് ആരാധനയിലാണ്. 3) ഉടമ്പടി ഇന്നാണ് ഇപ്പോഴാണ്. എന്നോ കഴിഞ്ഞുപോയ ഒരു സംഭവമല്ലത്. ദൈവം ചെയ്ത ഉടമ്പടി ഭൂതവര്‍ത്തമാനഭാവി കാലങ്ങളുടെ പരിധിയില്‍ ഒതുങ്ങുന്നതല്ല. സീനായ് മലയില്‍വെച്ചു മുദ്ര വയ്ക്കപ്പെട്ട ഉടമ്പടിയോട് വിശ്വസ്തത പുലര്‍ത്താനുള്ള ആഹ്വാനം E ആവര്‍ത്തിച്ചു നടത്തുന്നുണ്ട്. എന്നാല്‍ ഇസ്രായേല്യരുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ദൈവം മുന്‍പോട്ടു വയ്ക്കുന്ന ഉടമ്പടിയോടു വിശ്വസ്തരായിരിക്കാനുള്ള ആഹ്വാനമാണ് D-യുടെ വാക്കുകളില്‍ മുഴങ്ങുന്നത്. സീനായ് ഉടമ്പടി വഴി യാഹ്വേയും അവിടുത്തെ ജനവും തമ്മില്‍ എക്കാലവും നിലനില്‍ക്കുന്ന ഒരു ബന്ധമാണു സ്ഥാപിതമായത്. തന്മൂലം ഇസ്രായേല്‍ പ്രത്യുത്തരം നല്‍കേണ്ടത് സീനായ് ഉടമ്പടിയ്ക്കല്ല; പ്രത്യുത ദൈവം ഇന്നു ചെയ്യുന്ന ഉടമ്പടിയ്ക്കാണ്.
സീനായ് ഉടമ്പടി പഴയൊരു സംഭവമായി ഇസ്രായേല്‍ക്കാരുടെ ഓര്‍മ്മകളില്‍ മാത്രം തങ്ങി നിന്നിരുന്ന കാലത്ത് എല്ലാക്കാര്യങ്ങള്‍ക്കും അവര്‍ ഗോത്രങ്ങളുടെ സംഘടിത ശക്തിയെ ആശ്രയിച്ചുപോന്നു. ആ പഴയ ചട്ടക്കൂട്ടില്‍നിന്ന് ഉടമ്പടിയെ പുറത്തെടുത്ത് ഇന്നു സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി D അവതരിപ്പിച്ചു. അതുവഴി ചരിത്രത്തിന്‍റെ 'ഈ നിമിഷത്തില്‍' സ്വയാവിഷ്ക്കാരത്തിനുള്ള ഇസ്രായേലിന്‍റെ മുഖ്യമാദ്ധ്യമമായി ഉടമ്പടിയെ D പുനരാവിഷ്ക്കരിച്ചു.
സ്വന്ത ഇഷ്ടപ്രകാരമാണ് യാഹ്വേ ഇസ്രായേലിനെ തിരഞ്ഞെടുത്തത്. ദൈവമക്കളെന്ന സ്ഥാനം ഇസ്രായേലിനു കിട്ടിയ സൗജന്യം മാത്രമാണ്. സാവൂളിന്‍റെയോ ദാവീദിന്‍റെയോ വംശത്തെ മാത്രം ഉദ്ദേശിച്ചുള്ള തെരഞ്ഞെടുപ്പായിരുന്നില്ല അത്. പ്രത്യുത, ഭൂമുഖത്തു നിവസിച്ചിരുന്ന എല്ലാ ജനതകളിലുംനിന്ന് തന്‍റെ സ്വന്തം ജനമാകേണ്ടതിന് ഒരു വലിയ സമൂഹത്തെയാണ് ദൈവം തെരഞ്ഞെടുത്തത് (7:6). ഇസ്രായേലിന്‍റെ യോഗ്യതയോ അവരുടെ എണ്ണമോ ഒന്നുംതന്നെ ഈ തിരഞ്ഞെടുപ്പിന്‍റെ മാനദണ്ഡങ്ങളായിരുന്നില്ല (7:7). അവരെ സ്നേഹിക്കുകയും പിതാക്കന്മാരോടു ചെയ്ത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ദൈവം അവരെ തിരഞ്ഞെടുത്തത് (7:8-12).
ആ ജനത്തോടു ദൈവത്തിനുള്ള സ്നേഹം പ്രകടമാക്കാന്‍ വേണ്ടി ചെയ്ത ഉടമ്പടിയിലാണ് തിരഞ്ഞെടുപ്പ് മൂര്‍ത്തഭാവം കൈക്കൊണ്ടത്. ദൈവം കല്പിക്കുന്ന നിയമങ്ങള്‍ സ്വീകരിച്ച്, അനുസരിക്കുകവഴി അവര്‍ക്കു ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കാന്‍ ദൈവം ഇസ്രായേലിനോട് ആവശ്യപ്പെടുന്നു (6:4-5). ദൈവിക നിയമങ്ങള്‍ ജീവന്‍റെ ഉറവകളായി പരിണമിക്കണമെങ്കില്‍ അവയെ ജീവിതവുമായി ബന്ധപ്പെടുത്തണം. ഇസ്രായേലിന്‍റെ ഹൃദയത്തില്‍ ഈ നിയമങ്ങള്‍ എഴുതിവെയ്ക്കണം (6:6; 30:11-14).
"ഇസ്രായേലേ കേള്‍ക്കുക" എന്ന പ്രയോഗം D യില്‍ അങ്ങിങ്ങ് ഉപയോഗിച്ചു കാണുന്നു. ഇസ്രായേലിന്‍റെ തിരഞ്ഞെടുപ്പ് അറിയിക്കുവാനുള്ള മാദ്ധ്യമം ദൈവവചനങ്ങളാണ്. അവ ശ്രവിക്കുവാന്‍ D ഇസ്രായേലിനെ വിളിക്കുന്നു. ദൈവവചനത്തെ സംബന്ധിക്കുന്ന ഈ പ്രമേയം വളര്‍ന്നു വികസിച്ച് അനുഭവജ്ഞാനത്തിന് അതീതമായ ദൈവസ്വഭാവത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ദൈവത്തിന്‍റെ മുഖത്തു നോക്കാന്‍ ജനം ഭയപ്പെട്ടുവെന്ന് ഏലോഹിസ്റ്റ് പറഞ്ഞു. ദൈവത്തിന്‍റെ സ്വരം കേള്‍ക്കാന്‍പോലും ജനം ഭയപ്പെട്ടുവെന്നാണ് ഉ പ്രസ്താവിക്കുന്നത്. ഇത്തരം ഭയപ്പാടുകള്‍ ഇസ്രായേലിനെ ദൈവത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍വേണ്ടി ആയിരുന്നില്ല. ഇസ്രായേലിന് ഈ ഭയത്തെ അതിജീവിക്കാന്‍ കഴിയും. കാരണം, ദൈവത്തിനു മനുഷ്യനോടു സംസാരിക്കാന്‍ കഴിയുമെന്നും, ആ മനുഷ്യന്‍ വീണ്ടും ജീവനോടെയിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട് (5:24-26; 18; 16).
യാഹ്വിസ്റ്റിനെ അനുസ്മരിപ്പിക്കത്തക്കവിധത്തില്‍ ദൈവം മനുഷ്യരുടെയിടയില്‍ വസിക്കുകയും മാനുഷിക ചേതനയ്ക്കനുസൃതം പെരുമാറുകയും ചെയ്യുന്നുവെന്ന് അര്‍ത്ഥം വരുന്ന അനേകം പ്രയോഗങ്ങള്‍ (anthopomprphism) D ഉപയോഗിക്കുന്നുണ്ട്. ദൈവത്തിന്‍റെ മുഖം, അവിടുത്തെ കരങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പറയുന്നു. ഇത്തരം പദപ്രയോഗങ്ങള്‍ ദൈവവുമായി മനുഷ്യന് എന്തെങ്കിലും സാദൃശ്യമുണ്ടെന്നു സൂചിപ്പിക്കാനോ, അത്തരം ചിന്താഗതികള്‍ മനസ്സിലുണര്‍ത്താനോ വേണ്ടിയല്ല. ദൈവസാന്നിദ്ധ്യവും അവിടുത്തെ ശക്തിയും പ്രതാപവും സൂചിപ്പിക്കുന്ന കാല്‍പ്പനിക ചിത്രീകരണങ്ങള്‍ മാത്രമാണവ. ഇസ്രായേലിന്‍റെ ദൈവം മറ്റു ദേവന്മാരില്‍നിന്നും വിഭിന്നനാണ് (12:29-31). ആ ദൈവത്തിന്‍റെ പ്രതിമകള്‍ ഉണ്ടാക്കരുത് - അതിന് ഏതു രൂപമായാലും (5:8). വാഗ്ദാനപേടകം അവിടുത്തെ സിംഹാസനമല്ല; അവിടുത്തെ വചനങ്ങള്‍, അഥവാ നിയമങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലം മാത്രമാണത് (10:3-5).
ദൈവത്തിന്‍റെ വചനം ഭൂമിയില്‍ കേള്‍ക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവിടുത്തെ സ്വരം മുഴങ്ങുന്നതു സ്വര്‍ഗ്ഗത്തിലാണ് (4:36). തന്‍റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവം സംസാരിക്കുന്നത് ഇസ്രായേല്‍ കേള്‍ക്കുന്നു (1 രാജാ 8:30). ദേവാലയത്തില്‍ സന്നിഹിതമായിരിക്കുന്നത് ദൈവത്തിന്‍റെ നാമം മാത്രമാണ് (1 രാജാ 8:18-21).
ഇസ്രായേലിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് D- യ്ക്ക് പുതിയൊരു കാഴ്ചപ്പാടുകൂടിയുണ്ടെന്ന് അദ്ദേഹത്തിന്‍റെ ദൈവശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. അബ്രാഹത്തില്‍നിന്നുദ്ഭവിച്ച് ദാവീദിനു അവകാശമായി ലഭിച്ച ദൈവിക വാഗ്ദാനങ്ങളില്‍ പങ്കുപറ്റുന്ന ഒരു വംശമായി J ഇസ്രായേലിനെ ചിത്രീകരിച്ചു. E-യുടെ വീക്ഷണത്തില്‍, പന്ത്രണ്ടുഗോത്രങ്ങളായി തിരിഞ്ഞ ഇസ്രായേല്‍ ഒരു കേന്ദ്രദേവാലയത്തില്‍ ഒന്നിച്ചുകൂടി ഒരു ജനമാകുന്നു. ഇതില്‍നിന്നു വിഭിന്നമാണ് D-യുടെ വീക്ഷണം. തിരഞ്ഞെടുക്കപ്പെട്ട ജനം ഇപ്പോള്‍ ഒരു വ്യവസ്ഥാപിത സമൂഹം അഥവാ (ൂമവമഹലരരഹലശെമ) സഭ ആയിരിക്കുന്നു. ഈ സുസംഘടിത സമൂഹത്തില്‍ ന്യായാധിപന്മാരും (17:9) രാജാവും (17:14-20) പുരോഹിതന്മാരും (17:8-13) പ്രവാചകനും (18:13-22) ഉണ്ട്. ഇവര്‍ക്കെല്ലാം അവരവരുടേതായ പ്രത്യേക കടമകളുമുണ്ട്. ഈ സമൂഹത്തിന്‍റെ സുപ്രധാനവും അദ്വിതീയവുമായ ആരാധനാകേന്ദ്രം ജറുസലെമായിരുന്നു. രാജ്യത്തിന്‍റെ നാശത്തിനുശേഷം ഐക്യബോധവും അനന്യതയും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ അവരെ സഹായിച്ചത് തങ്ങള്‍ ഒരു സഭ (qahal) ആണെന്ന വീക്ഷണമാണ്.
പുരോഹിത പാരമ്പര്യം (P)
പുരാതന വടക്കന്‍ സാമ്രാജ്യത്തിലെ ദേവാലയങ്ങള്‍ ഇസ്രായേലിന്‍റെ മതസാഹിത്യ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതില്‍ വ്യക്തമായ പങ്കുവഹിച്ചു. ഈ ദേവാലയങ്ങള്‍ പുരാതനമായ പാരമ്പര്യങ്ങളെല്ലാം സംരക്ഷിക്കുകയും കാലാനുസൃതമായി സ്വന്തമാക്കുകയും ചെയ്തു. മാറിവരുന്ന ചരിത്രഗതിക്കനുസരിച്ച് അവയ്ക്കു പുതിയ അര്‍ത്ഥം കൊടുക്കുകയും, അതുവഴി ഇസ്രായേലിന്‍റെ വ്യക്തിത്വം സജീവമായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ പാരമ്പര്യങ്ങളുടെ വികാസ പരിണാമങ്ങള്‍ക്കും സാഹിത്യോദ്ഗ്രഥനത്തിനും വടക്കന്‍ സാമ്രാജ്യത്തിലെ ലേവായ പുരോഹിതന്മാര്‍ വഹിച്ച പങ്കു പ്രസ്താവ്യമത്രേ. പാരമ്പര്യങ്ങള്‍ക്ക് ഏകദേശരൂപം കൊടുത്തത് അവരാണ്. പഞ്ചഗ്രന്ഥത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും പാരമ്പര്യങ്ങള്‍ ഷെക്കെം ദേവാലയത്തിന്‍റെ സ്വാധീനം പ്രതിഫലിപ്പിക്കുന്നുണ്ട്. D-യുടെ കാര്യത്തില്‍ ഈ സ്വാധീനം വളരെ പ്രകടമായിരുന്നുതാനും. ദേവാലയ ശുശ്രൂഷകരായ ലേവായ പുരോഹിതന്മാരാണ് D കൂടുതല്‍ കൈകാര്യം ചെയ്തതെന്ന വസ്തുത മേല്‍പ്പറഞ്ഞ സ്വാധീനത്തെ സ്വീകരിക്കുന്നു.
ഷെക്കെമില്‍നിന്നു ദൃഷ്ടി തിരിച്ച D ജറുസലെമിലെ കേന്ദ്രീകൃതാരാധനയിലേക്കാണു നോക്കുന്നത്. ഇസ്രായേല്‍ ജനം മുഴുവനും, ഒരിക്കല്‍ ദാവീദിന്‍റെ തലസ്ഥാനമായിരുന്ന ജറുസലേമില്‍ ഒന്നിച്ചുകൂടി ആവേശമുള്‍ക്കൊണ്ടു. ഇസ്രായേലിന്‍റെ ആദ്യത്തെ ദൈവശാസ്ത്രം ഉയിര്‍കൊണ്ടത് അവിടെയാണല്ലോ.
വടക്കന്‍ സാമ്രാജ്യത്തില്‍ മതസാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നപ്പോള്‍ ജറുസലേം നിദ്രാവസ്ഥയിലായിരുന്നില്ല. തെക്കന്‍ ദേവാലയവും പുരാതന പാരമ്പര്യങ്ങള്‍ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ഇവിടെയും, മാറിവന്ന പരിതഃസ്ഥിതികള്‍ക്കനുസരിച്ചുള്ള വളര്‍ച്ചയും അനുരൂപീകരണവും നടന്നു. ബാബിലോണിന്‍റെ ആക്രമണഫലമായുണ്ടായ പുതിയ ചരിത്രപശ്ചാത്തലത്തില്‍, ഇസ്രായേലിന്‍റെ വിശ്വാസം ക്രമപ്പെടുത്തി പുനര്‍ജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമായി വന്നു. ഈ ആവശ്യം സാധിതമാക്കാന്‍വേണ്ടി ജറുസലേമിലെ പുരോഹിതന്മാര്‍ അവതരിപ്പിച്ച പ്രമാണരേഖയാണ് പഞ്ചഗ്രന്ഥത്തിലെ നാലാമത്തേതും അവസാനത്തേതുമായ പുരോഹിത പാരമ്പര്യം.
'ഉല്‍പ്പത്തി'യിലെ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" എന്ന പ്രഥമ വാക്യത്തോടെ P പാരമ്പര്യം പഞ്ചഗ്രന്ഥത്തില്‍ രംഗപ്രവേശം ചെയ്യുന്നു. പല സ്വതന്ത്ര വിവരണങ്ങളും വളരെയധികം അനുബന്ധ വാക്യങ്ങളും ഒട്ടേറെ നിയമ സമാഹാരങ്ങളുമാണ് ജയുടെ വിഷയങ്ങള്‍. P പാരമ്പര്യത്തിലെ ഒറ്റ ബ്ലോക്കായി നില്‍ക്കുന്ന ഏറ്റവും വലിയ ഭാഗങ്ങള്‍ പുറപ്പാടിലെ അവസാനത്തെ ആറ് അദ്ധ്യായങ്ങളും (35-40) ലേവ്യരുടെ പുസ്തകം മുഴുവനും (1-27) സംഖ്യയിലെ ആദ്യത്തെ പത്ത് അദ്ധ്യായങ്ങളും (1:1-10:28) ആണ്. പഞ്ചഗ്രന്ഥത്തിലെ എല്ലാ പുസ്തകങ്ങളിലും ജയുടെ സ്പര്‍ശമേറ്റിട്ടുണ്ട്. ഉല്‍പത്തി ഒന്നാം അദ്ധ്യായത്തിലെ സൃഷ്ടി മുതല്‍ നിയമാവര്‍ത്തനം അവസാന അദ്ധ്യായത്തിലെ മോശയുടെ മരണം (നിയ 34:7-9) വരെ p- യുടെ സംഭാവനകള്‍ ചിതറിക്കിടക്കുന്നു.
പഞ്ചഗ്രന്ഥത്തിന്‍റെ മറ്റു പാരമ്പര്യങ്ങളെ അപേക്ഷിച്ച് തിരിച്ചറിയാന്‍ എളുപ്പം P പാരമ്പര്യമാണ്. ആരാധനക്രമങ്ങളെയും പുരോഹിതന്മാരെയും സംബന്ധിക്കുന്ന സുസ്ഥാപിത നിയമങ്ങളും, ബലിവസ്തുവിനും ബലിയര്‍പ്പകനും അവശ്യം ഉണ്ടായിരിക്കേണ്ട പരിശുദ്ധിക്ക് കൊടുക്കുന്ന പ്രാധാന്യവും അടിസ്ഥാനപരമായ യാഥാസ്ഥിതിക മനോഭാവവും മറ്റു പാരമ്പര്യങ്ങളില്‍നിന്ന് p- യെ വേര്‍തിരിച്ചു നിര്‍ത്തുന്നു. വംശാവലിയുടെയും സംഖ്യകളുടെയും വ്യാപകമായ ഉപയോഗവും ഒരു പ്രത്യേക ശൈലിയിലുള്ള ചില സവിശേഷ പദപ്രയോഗങ്ങളും ദൈവത്തില്‍ മാനുഷിക സ്വഭാവരൂപങ്ങളാരോപിക്കുന്ന തരത്തിലുള്ള ഭാഷ പൂര്‍ണ്ണമായി ഒഴിവാക്കുന്നതും എല്ലാം p- യുടെ രചയിതാവ് പുരോഹിതനാണെന്നു വ്യക്തമാക്കുന്നു.
p- യ്ക്ക് J-E-D പാരമ്പര്യങ്ങളുമായി സാമ്യമുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്. J-യെപ്പോലെ P-യും പ്രപഞ്ചോല്‍പത്തിവരെ പിറകോട്ടു പോവുകയും ആദിചരിത്രവിവരണത്തോടെ ആരംഭിക്കുകയും ചെയ്യുന്നു. J-E പാരമ്പര്യങ്ങളെപ്പോലെ P- യും പിതാക്കന്മാരുടെ ചരിത്രം എഴുതിയിട്ടുണ്ട്. E D പാരമ്പര്യങ്ങളെപ്പോലെ P-യും നിയമസംഹിത വളരെ വിശദമായി അവതരിപ്പിക്കുന്നുണ്ട് (ലേവ്യര്‍ 17-26). ചരിത്രപരവും നൈയാമികവും ദൈവശാസ്ത്രപരവുമായ പാരമ്പര്യങ്ങളുടെ സുദീര്‍ഘമായ വികാസപരിണാമങ്ങള്‍ P പാരമ്പര്യത്തിന്‍റെ പിന്നിലുണ്ട്. ആദ്യകാല ദൈവശാസ്ത്രമാണ് ഈ പാരമ്പര്യത്തിന്‍റെ പിന്നില്‍ നിലകൊള്ളുന്നത്.
J-E-D പാരമ്പര്യങ്ങളില്‍നിന്ന് വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസം P-യ്ക്കുണ്ട്. പഞ്ചഗ്രന്ഥത്തോടു ബന്ധമില്ലാതെ, ഒരു സ്വതന്ത്രപാരമ്പര്യമായി, അഥവാ ഘടകമായി ഉടലെടുത്തതല്ല P പാരമ്പര്യം. പൂര്‍ണ്ണമായി എഴുതപ്പെടുന്നതിനു മുമ്പുതന്നെ ജ-യുടെ ചില ഭാഗങ്ങളെങ്കിലും നിലവിലുണ്ടായിരുന്നു. സ്വന്തമായൊരു ശൈലിയും സവിശേഷതകളും പ്രകടമാക്കുന്ന 'വിശുദ്ധിയുടെ നിയമങ്ങള്‍' (ലേവ്യ 17-26) ഈ വിഭാഗത്തില്‍പ്പെടുന്നു. ചരിത്രസംഭവങ്ങളും നിയമസംഹിതകളും അപഗ്രഥിച്ച്, സംയോജിപ്പിച്ച് എഴുതിയതാണ് P. മിക്കവാറും J-E-D യിലെ അപൂര്‍ണ്ണതകള്‍ പരിഹരിച്ച് പുനഃപ്രസാധനം ചെയ്യാനുള്ള ഉദ്യമത്തിന്‍റെ ഫലമായിരിക്കാം P രചന.
പഞ്ചഗ്രന്ഥത്തിന് P മാത്രം കൊടുക്കുന്ന ആമുഖ വിവരണം ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു. സ്വതന്ത്രമായി നിലനില്‍ക്കാന്‍ സാദ്ധ്യതയില്ലാത്തതും, J-E-D പാരമ്പര്യങ്ങളിലെ പല വിവരണങ്ങള്‍ക്കും ആമുഖമായും പൂരകമായും നിലകൊള്ളുന്നതുമായ P-യുടെ പല ഭാഗങ്ങളും തിരുകിക്കയറ്റിയ മട്ടില്‍ കാണാനുണ്ട്. ഇതും മേല്പറഞ്ഞ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു. പഞ്ചഗ്രന്ഥത്തിന് ഇപ്പോഴുള്ള സാഹിത്യപൂര്‍ണ്ണതയ്ക്ക് കാരണമായ സ്ഥിരമായൊരു കാലാനുക്രമവത്ക്കരണമാണ് P-യുടെ ഏറ്റവും വലിയ സംഭാവന.
ഈ സൂചനയുടെ വെളിച്ചത്തില്‍, P പാരമ്പര്യം എഴുതിയത് ഒരു വ്യക്തി തനിച്ചല്ലെന്നു വ്യക്തമാകുന്നു. മതപരവും സാഹിത്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്ന ഒരു പുരോഹിത സംഘത്തിന്‍റെ സൃഷ്ടിയാണ് P. എല്ലാ സംഘടിതശ്രമങ്ങളുടെയും പിന്നില്‍ ഒരു നേതാവുള്ളതുപോലെ, ഇവിടെയും ഏതെങ്കിലുമൊരു മഹദ്വ്യക്തി നിയന്ത്രണവും മാര്‍ഗ്ഗനിര്‍ദ്ദേശവും കൊടുത്തിരിക്കാം. P-യിലെ അടിസ്ഥാനപരമായ ഉള്‍ക്കാഴ്ചകളും വ്യാപകമായ അര്‍ത്ഥവും ലക്ഷ്യവും അതിസൂക്ഷ്മമായ സാഹിത്യഘടനയും മറ്റും ഇത്തരമൊരു നേതൃത്വത്തിന്‍റെ സ്വാധീനം സൂചിപ്പിക്കുന്നു.
D പാരമ്പര്യത്തിനുശേഷമാണ് P വിരചിതമായതെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. D-യെപ്പോലെ ഉടമ്പടിയുടെയും നിയമത്തിന്‍റെയും പ്രാധാന്യം P ശരി വയ്ക്കുന്നു. ജറുസലെമിലെ കേന്ദ്രീകൃതാരാധനയുടെ കാര്യത്തിലും P-യ്ക്ക് ഭിന്നാഭിപ്രായമില്ല. P-യുടെ രചനാ കാലത്തിനു മുമ്പ് രാജഭരണം അവസാനിച്ചിരുന്നു; പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളും എങ്ങും കാണാനില്ലായിരുന്നു. ലേവായര്‍ വെറും ദേവാലയ ശുശ്രൂഷികളായി തരം താണിരുന്നു. ഇസ്രായേലിന്‍റെ ജീവിതത്തില്‍ മുഖ്യ പങ്കുവഹിച്ചത് എന്നും പുരോഹിതന്മാരാണ്. രാജഭരണവും പ്രവാചകപ്രവര്‍ത്തനവും അവസാനിച്ചപ്പോള്‍ ആ ചുമതലയും കൂടി പുരോഹിതന്മാര്‍ വഹിക്കേണ്ടിവന്നു. ജറുസലെമിന്‍റെ പതനത്തിനു (587 ബി.സി.) ശേഷമുള്ള കാലഘട്ടത്തിലാണിത്. ഇസ്രായേലിലെ കരുത്തരായ മനുഷ്യരും വിലപിടിപ്പുള്ള വസ്തുക്കളും അങ്ങു ദൂരെ ബാബിലോണിലേയ്ക്കു കൊണ്ടു പോകപ്പെട്ടു. സ്വതന്ത്രമായ ജീവിതവും എല്ലാ മോഹങ്ങളും നഷ്ടപ്പെട്ട് അടിമകളായ ഇസ്രായേല്‍ ജനം തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും അവരുടെ എല്ലാമെല്ലാമായ മതത്തിലും ആരാധനക്രമങ്ങളിലും കേന്ദ്രീകരിച്ചു.
P-യുടെ ചരിത്രാഖ്യാനങ്ങളും ചില നിയമഭാഗങ്ങളും വളരെക്കാലം കൊണ്ടാണെഴുതപ്പെട്ടത്. പ്രവാസത്തിന്‍റെ ആരംഭത്തില്‍ തുടങ്ങി ജറുസലെം പുനഃസ്ഥാപിക്കപ്പെടുന്നതുവരെയുള്ള (515 ബി. സി.) കാലമാണത്. P-യുടെ രചന നടക്കുമ്പോള്‍ ബാബിലോണിലെ പരിതഃസ്ഥിതികളുമായി പ്രവാസികള്‍ ഇണങ്ങിച്ചേര്‍ന്നു കഴിഞ്ഞിരുന്നു. ആദിചരിത്രം എഴുതിയപ്പോള്‍ പുരാതന ബാബിലോണിയന്‍ ചിന്തകളും ഐതിഹ്യങ്ങളും P കടമെടുത്തു. അക്കാലത്തു ശാന്തമായൊരു അന്തരീക്ഷമുണ്ടായിരുന്നു എന്നതിന് അവ്യക്തമായ സൂചനകളുണ്ട്. 539 ബി. സി. യില്‍ പേര്‍ഷ്യന്‍ രാജാവായ സൈറസ് ബാബിലോണ്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. ബാബിലോണിയന്‍ ഭരണകാലത്തേക്കാള്‍ കൂടുതല്‍ സുഖവും സന്തോഷവും ഇസ്രായേല്‍ ജനം അനുഭവിച്ചത് പേര്‍ഷ്യന്‍ ഭരണകാലത്താണ്. ഒരു വ്യത്യസ്ത പ്രമാണം എഴുതുകയെന്ന ഉദ്ദേശ്യത്തോടെ ആയിരിക്കാം P എഴുതിത്തുടങ്ങിയത്. രചന പുരോഗമിച്ചു വന്നപ്പോള്‍ ഈ ഉദ്ദേശ്യം കുറെക്കൂടി വിപുലമായി. J-E-D പാരമ്പര്യങ്ങളുടെ സംയോജിതരൂപം പുനഃപ്രസാധനം ചെയ്യുന്ന പുരോഹിതന്മാര്‍ക്ക് P-യുടെ രചന വളരെ സഹായകമാവുകയും ചെയ്തു.
P-യിലെ ഏതാനും ഭാഗങ്ങള്‍ പ്രവാസത്തിനു മുമ്പ് എഴുതിയതാണ്. 'വിശുദ്ധിയുടെ നിയമ'ങ്ങളിലെ (ലേവ്യ 17-26) പ്രധാനാംശങ്ങള്‍ ഒരുപക്ഷേ, മതകേന്ദ്രീകരണത്തെ സംബന്ധിച്ച നിയമാവര്‍ത്തന നിയമങ്ങള്‍ക്ക് പുരോഹിതന്മാര്‍ ഉണ്ടാക്കിയ പുതിയ പതിപ്പായിരിക്കാം. അതിലെ പല നിയമങ്ങളും അതിപുരാതനത്വം അവകാശപ്പെടുന്നുണ്ട്. ആദിനിയമാവര്‍ത്തനത്തിന്‍റെ കണ്ടുപിടുത്തത്തിനും, ജോസിയാ രാജാവിന്‍റെ മതനവീകരണത്തിനുംശേഷം ബി. സി. 7-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലായിരിക്കാം ഈ നിയമങ്ങളെല്ലാം ക്രോഡീകരിക്കപ്പെട്ടത്. ഇസ്രായേല്‍ സമൂഹത്തിന്‍റെ പല രാഷ്ട്രീയ വശങ്ങളും ഉ ഉള്‍ക്കൊള്ളിച്ചു. എന്നാല്‍ 'വിശുദ്ധിയുടെ നിയമങ്ങള്‍' ഇസ്രായേലിനെ വീക്ഷിച്ചത് ജറുസലേം ദേവാലയത്തില്‍ ഒന്നിച്ചുകൂട്ടുന്ന ഒരു ആരാധനാസമൂഹം എന്ന നിലയ്ക്കു മാത്രമാണ്. നെബോപൊലാസ്സറിന്‍റെയും, നെബുക്കദ്നേസ്സറിന്‍റെയും ആക്രമണത്തില്‍ നിനിവേയും (612 ബി.സി.) കാര്‍കെമിഷും (605) തകര്‍ന്നപ്പോഴും, ബാബിലോണിയന്‍ സൈന്യം ജറുസലേമിലേക്കു തിരിഞ്ഞപ്പോഴും, ഇസ്രായേലിനെ ധൈര്യവും ശക്തിയും പകര്‍ന്ന് അണിനിരത്തിയത് ഈ 'വിശുദ്ധിയുടെ നിയമ'ങ്ങളായിരുന്നു. മറ്റു പല ഭാഗങ്ങളും പ്രവാസകാലത്ത് നിയമസംഹിതയോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ബാബിലോണില്‍നിന്നു തിരിച്ച് ജറുസലെമില്‍ വന്നപ്പോള്‍ പുരോഹിതന്മാര്‍ക്ക് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെക്കുറിച്ച് P-യില്‍ സൂചനയുണ്ട്. പേര്‍ഷ്യന്‍ രാജാവിനാല്‍ നിയുക്തനായ എസ്രാ, ഏകദേശം പൂര്‍ത്തിയായ പഞ്ചഗ്രന്ഥം ജറുസലെമില്‍ കൊണ്ടുവന്നു. അതിനെ അടിസ്ഥാനമാക്കി അദ്ദേഹം ജറുസലെമില്‍ ഒരു നവീകരണം നടത്തി (നെഹ 8-9). തദ്ഫലമായി P പാരമ്പര്യവും പഞ്ചഗ്രന്ഥവും ബി. സി. 5-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ജറുസലെമില്‍വെച്ച് പൂര്‍ത്തിയാക്കപ്പെട്ടു.
അടിസ്ഥാന പ്രമേയവും ദൈവശാസ്ത്രവും
J-E-D പാരമ്പര്യങ്ങള്‍ക്കുശേഷം ദൈവശാസ്ത്രത്തിലുണ്ടായ വ്യക്തമായ പുരോഗതി P പാരമ്പര്യം പ്രതിഫലിപ്പിക്കുന്നുണ്ട്. ചരിത്രത്തെ മോശയെന്ന വ്യക്തിയിലും, നിയമത്തിലും കേന്ദ്രീകരിക്കുന്നത് J പാരമ്പര്യത്തില്‍ അപൂര്‍വ്വമായേ കാണാനുള്ളൂ. E തന്‍റെ മതചരിത്രാഖ്യാനത്തില്‍ അതിനു കുറേക്കൂടി പ്രാധാന്യം കൊടുത്തു. D-യുടെ കാഴ്ചപ്പാടില്‍ അതിനു പരമപ്രാധാന്യം ലഭിച്ചെങ്കിലും ഇസ്രായേലിന്‍റെ പൂര്‍വ്വചരിത്രവുമായി അതിന് യാതൊരു ബന്ധവുമില്ലാതെ പോയി. എന്നാല്‍ P പാരമ്പര്യത്തില്‍ ചരിത്രത്തിന് ചിട്ടയുള്ള, വ്യാപകമായ അര്‍ത്ഥമുള്ള ഒരു ദൈവശാസ്ത്രമാണു നാം കാണുക.
ചരിത്രത്തെ വിവിധഘട്ടങ്ങളായി വേര്‍തിരിക്കുന്ന രീതി ആരംഭിച്ചത് എലോഹിസ്റ്റാണ്. P-യുടെ ഗ്രന്ഥകര്‍ത്താക്കള്‍ ആ വിഭജനം ഒന്നുകൂടി വികസിപ്പിച്ച് ചരിത്രത്തെ നാലു പ്രധാനകാലഘട്ടങ്ങളായി തിരിച്ചു. അതില്‍ രണ്ടെണ്ണം ആദിമഘട്ടങ്ങളാണ്. ആദ്യത്തേത് ഒഴികെ മറ്റു മൂന്നു ഘട്ടങ്ങളും ഓരോ ദൈവിക ഉടമ്പടികൊണ്ട് വിശേഷിപ്പിക്കപ്പെടുന്നു.
ചരിത്രത്തിന്‍റെ ആദ്യഘട്ടം സൃഷ്ടിയില്‍ തുടങ്ങി ജലപ്രളയത്തില്‍ അവസാനിക്കുന്നു. ഈ കാലഘട്ടത്തിലെ മുഖ്യ ചരിത്രപുരുഷന്‍ ആദമാണ്. ആദിയില്‍ മനുഷ്യന്‍ ദൈവത്തോടും പ്രപഞ്ചത്തോടും തന്നോടുതന്നെയും സമാധാനത്തില്‍ വര്‍ത്തിച്ചു. അവന്‍ സംതൃപ്തനായിരുന്നു; ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാകാന്‍ അവന് വിളി ലഭിച്ചിരുന്നു. സാബത്തുദിനാചരണമായിരുന്നു ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്‍റെ അടയാളം.
ഈ പ്രാരംഭദശയെ 'സൃഷ്ടിയുടെ ഉടമ്പടി' എന്നു ചില പണ്ഡിതന്മാര്‍ വിശേഷിപ്പിക്കാറുണ്ട്. P-യുടെ കര്‍ത്താക്കള്‍ ഉടമ്പടിയെന്ന പദം മനഃപൂര്‍വ്വം ഒഴിവാക്കി. ഉടമ്പടി എന്ന വാക്കു സൂചിപ്പിക്കുന്നത് കരാറിലേര്‍പ്പെടുന്ന വ്യക്തികള്‍ ഒരിക്കല്‍ ബന്ധം വേര്‍പെടുത്തി പിരിഞ്ഞെന്നും അവര്‍ പിന്നീടു ശത്രുതയില്‍ക്കഴിഞ്ഞെന്നുമാണ്. മുന്‍പ് ഇല്ലാത്ത ഐക്യവും ദൃഢബന്ധവുമാണ് ഉടമ്പഴിവഴി സ്ഥാപിക്കുന്നത്. സൃഷ്ടവസ്തുക്കളെല്ലാം നന്മനിറഞ്ഞവ ആയിരുന്നതുകൊണ്ട് ഉടമ്പടിയുടെ ആവശ്യമേ ഉദിക്കുന്നില്ല. മനുഷ്യന്‍ ദൈവത്തെപ്പോലെയാകാന്‍ ആഗ്രഹിച്ചു. ദൈവത്തെക്കാള്‍ ഒരുപടി താഴ്ന്ന മനുഷ്യാവസ്ഥ അവന്‍ അംഗീകരിച്ചില്ല. ദൈവത്തോടു വിധേയത്വം പുലര്‍ത്താന്‍ അവന്‍ വിസമ്മതിച്ചു; ദൈവവുമായുള്ള ബന്ധവും വിച്ഛേദിച്ചു. മനുഷ്യന്‍റെ തിന്മയും, അതിന്‍റെ അനന്തരഫലങ്ങളുമാണ് ഉടമ്പടി സ്ഥാപിക്കാന്‍ കാരണമായത്.
ചരിത്രത്തിന്‍റെ രണ്ടാംഘട്ടം തുടങ്ങിയത് ജലപ്രളയത്തിനുശഷം ദൈവം നോഹയുമായി ഉടമ്പടി ചെയ്യുന്നതുമുതലാണ്. ഇനിയൊരിക്കലും ഭൂമുഖത്തുനിന്നു മനുഷ്യനെ തുടച്ചു മാറ്റുകയില്ലെന്ന് ദൈവം വാഗ്ദാനം ചെയ്തു. ഉടമ്പടിയുടെ നിബന്ധനപ്രകാരം മനുഷ്യജീവനെ മാനിക്കാന്‍ മനുഷ്യനും ബാദ്ധ്യസ്ഥനായി. ഈ ഉടമ്പടിയുടെ നിബന്ധനകള്‍ മുഖ്യമായും ആഹാരക്രമത്തെക്കുറിച്ചായിരുന്നു. ജലപ്രളയത്തിനു മുമ്പ് മനുഷ്യന്‍ സസ്യഭുക്കായിരുന്നു. ഇപ്പോള്‍ മുതല്‍ അവന് ജീവനുള്ള എല്ലാറ്റിന്‍റെയും, നടക്കുന്നതും പറക്കുന്നതും ഇഴയുന്നതും നീന്തുന്നതുമായ ജീവികളുടെ മാംസം ഭക്ഷിക്കാം. പക്ഷേ, ജീവനോടുകൂടിയ, അതായത് രക്തത്തോടുകൂടിയ, മാംസം മാത്രം ഭക്ഷിക്കാന്‍ അനുവാദമില്ല (ഉല്‍. 9:3-4). ഈ ഉടമ്പടിയുടെ അടയാളം മഴവില്ലായിരുന്നു (ഉല്‍. 9:16യ)
ദൈവം അബ്രാഹവുമായി ഉടമ്പടി ചെയ്യുന്നതോടെ ചരിത്രത്തിന്‍റെ മൂന്നാംഘട്ടം ആരംഭിക്കുന്നു. ആദ്യത്തെ രണ്ടു ഘട്ടങ്ങളില്‍ ദൈവത്തെ എലോഹിം എന്നു വിളിച്ച മനുഷ്യന്‍ ഇപ്പോള്‍ മുതല്‍ ഏല്‍-ഷദ്ദായി (El-shaddai) എന്നു വിളിച്ചു തുടങ്ങി. അബ്രാഹത്തെ വലിയൊരു ജനതയുടെ പിതാവാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. അദ്ദേഹവും സന്തതികളും പരിച്ഛേദനം നടത്തണമെന്ന് ദൈവം അനുശാസിച്ചു. പരിച്ഛേദനമാണ് ഈ ഉടമ്പടിയുടെ അടയാളം.
ചരിത്രത്തിലെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം തുടങ്ങുന്നത് സീനായ് മലയില്‍വെച്ച് അബ്രാഹത്തിന്‍റെ പിന്‍ഗാമികളുമായി ദൈവം ചെയ്യുന്ന ഉടമ്പടിയോടെയാണ്. ഈ ഉടമ്പടി ഒരു വ്യക്തിയോടല്ല, ഒരു ജനതയോടാണ്. യാഹ്വേ അവരുടെ ദൈവമായിരിക്കും; ഇസ്രായേല്‍ അവിടുത്തെ വിശുദ്ധജനവും. ഈ ഉടമ്പടിയുടെ നിബന്ധനകള്‍ ഇസ്രായേല്‍ക്കാരുടെ നിയമങ്ങളായിരുന്നു. ഇസ്രായേല്യര്‍ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തിയാല്‍ താന്‍ അവരുടെ മദ്ധ്യേ വസിക്കുമെന്നും അവരുടെ വഴികാട്ടിയായിരിയ്ക്കുമെന്നും ദൈവം ഉറപ്പു കൊടുത്തു. ഇസ്രായേല്‍ സമൂഹത്തിന്‍റെ ആരാധനകളും ബലികളുമായിരുന്നു ഈ ഉടമ്പടിയുടെ അടയാളം.
p-യ്ക്ക് അതീന്ദ്രിയവും, അനുഭവജ്ഞാനാതീതവുമായ ഒരു കാഴ്ചപ്പാടാണ് ദൈവത്തെക്കുറിച്ചുള്ളത്. ദൈവം നേരിട്ടൊരിക്കലും സ്വയം വെളിപ്പെടുത്തുന്നില്ല എന്നും, തന്‍റെ മഹത്വത്തിലൂടെ (Kabod) മാത്രമേ വെളിപ്പെടുത്തുന്നുള്ളുവെന്നും അവര്‍ വിശ്വസിച്ചു. ഈ 'മഹത്വം' പോലും ഇസ്രായേല്‍ക്കാരില്‍ നിന്നു മറയ്ക്കപ്പെട്ടിരുന്നു. മോശയ്ക്കുമാത്രമേ ആ മഹത്വം ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളു. കൂടാരവും പിന്നീട് ദേവാലയവും യാഹ്വേയുടെ വാസസ്ഥലങ്ങളായിരുന്നില്ല. ദൈവത്തിന്‍റെ മഹത്വം ഇടയ്ക്കിടെ വെളിപ്പെടുത്താനുള്ള സ്ഥലങ്ങള്‍ മാത്രമാണ് ഇവ രണ്ടും.
ദൈവത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു വ്യത്യസ്തബന്ധം അനിവാര്യമാക്കി. സാധാരണ ഇസ്രായേല്‍ക്കാരന് നേരിട്ട് ദൈവത്തെ സമീപിക്കാന്‍ കഴിയില്ല. തന്മൂലം, മദ്ധ്യവര്‍ത്തികളായി പുരോഹിതന്മാരുടെ സേവനം ആവശ്യമായിവന്നു.
ദൈവാരാധനയാണ് ഏറ്റവും വലിയ നിയമം. ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഇസ്രായേലിന്‍റെ ജീവിതം മുഴുവനും കരുപ്പിടിച്ചത്. ആരാധനക്രമങ്ങളും അവയുടെ വിശദാംശങ്ങളുമാണ് അവരുടെ ജീവിതത്തെ നയിച്ചത്. p-യുടെ ദൈവശാസ്ത്രത്തിലെ പ്രധാന പ്രമേയം ഇതാണ്. നിയമങ്ങളെല്ലാം അനുസരിച്ചുകൊണ്ട്, ഇസ്രായേല്‍ ഉടമ്പടിയുടെ നിബന്ധനകളും വാഗ്ദാനങ്ങളും പൂര്‍ത്തീകരിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്തു. അവര്‍ അവിശ്വസ്തത കാണിച്ചാല്‍ ബലിയര്‍പ്പണംവഴി പരിഹാരം ചെയ്യാന്‍ അവസരമുണ്ട്. അവര്‍ വിശ്വസ്തരായി തുടര്‍ന്നാല്‍ അവരുടെ ചരിത്രത്തില്‍ ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കുന്നു, ദൈവസാന്നിദ്ധ്യം അനുഭവിക്കാനും കഴിയുന്നു. മുന്‍കാലങ്ങളില്‍ യാഹ്വേ, ചരിത്രത്തില്‍ ഇടപെട്ടിരുന്നു. ഈ ഇടപെടല്‍ ഇനിയും തുടരുമെന്നും അവര്‍ വിശ്വസിച്ചു. ഈ വിശ്വാസവും ദൈവം തങ്ങളുടെ മധ്യേ വസിച്ച് നല്ലൊരു ഭാവിയിലേക്കു കൈപിടിച്ചു നടത്തുമെന്നുള്ള വിശ്വാസവുമാണ് ആരാധനാജീവിതത്തിലൂടെ നിയമങ്ങളനുസരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
ഉപസംഹാരം
സുദീര്‍ഘമായ കൈമാറ്റപ്രക്രിയകള്‍ക്കുശേഷമാണ് പഞ്ചഗ്രന്ഥം നമ്മുടെ കയ്യിലെത്തിയത്. കുറച്ചുകാലം മുന്‍പുവരെ പഞ്ചഗ്രന്ഥത്തിന്‍റെയും, ഹീബ്രുബൈബിളിന്‍റെയും ഏറ്റവും പഴയ കയ്യെഴുത്തുപ്രതി നാഷ്പപ്പീറസ് (ിമവെ ുമു്യൃൗെ) ആയിരുന്നു. ഇതില്‍ നിയമാവര്‍ത്തനത്തിന്‍റെ രണ്ടു ഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ (നിയ 5:6-18, 6:4-5). ബി. സി. രണ്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലേതാണ് ഈ പപ്പീറസ് എന്നു വിശ്വസിക്കപ്പെടുന്നു. 1947-നു ശേഷം, പഞ്ചഗ്രന്ഥത്തിന്‍റെ മറ്റു പല കയ്യെഴുത്തു പ്രതികളും ചാവുകടലിനു സമീപമുള്ള ഖുമ്റാനില്‍നിന്നു കണ്ടെടുത്തു. ബി. സി. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ എ.ഡി. ഒന്നാം നൂറ്റാണ്ടിന്‍റെ പകുതിവരെയുള്ള കാലത്ത് എഴുതപ്പെട്ടവയാണ് അതെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ഹീബ്രു ബൈബിളില്‍നിന്ന് ആദ്യമായി ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടതും പഞ്ചഗ്രന്ഥമാണ്. ബി. സി. മൂന്നാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അലക്സാന്‍ഡ്രിയായിലെ യഹൂദരാണ് ഈ തര്‍ജ്ജിമ നടത്തിയത്. പില്‍ക്കാലത്ത് അത് ബൈബിളിലെ മറ്റു പുസ്തകങ്ങളോടൊപ്പം ചേര്‍ക്കപ്പെട്ടു. പുതിയ നിയമഗ്രന്ഥകാരന്മാര്‍ ഉപയോഗിച്ച څനിയമംچ ഈ തര്‍ജ്ജമയാണ്.
J-E-D യില്‍ P പാരമ്പര്യത്തിന്‍റെ സംയോജനത്തോടെ പഞ്ചഗ്രന്ഥം പൂര്‍ത്തിയായി. പഞ്ചഗ്രന്ഥത്തിന്‍റെ കര്‍ത്താക്കള്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച ചോദ്യങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. ഓരോ തലമുറയും അവരവരുടെ വഴിക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആരും പഞ്ചഗ്രന്ഥം തിരുത്തിയെഴുതാന്‍ തുനിഞ്ഞില്ല. ഇന്നും നമ്മള്‍ ഉത്തരം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ജനമെന്ന നിലയ്ക്കു നമ്മള്‍ ആരാണ്? ദൈവം ആരാണ്? ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയാണു പരിരക്ഷിക്കേണ്ടത്? തിന്മയുടെ ഉറവിടം എവിടെയാണ്? ഇവയ്ക്കെല്ലാം ഉത്തരം കണ്ടുപിടിക്കാന്‍വേണ്ട എല്ലാ മാര്‍ഗ്ഗരേഖകളും പഞ്ചഗ്രന്ഥത്തില്‍നിന്നു ലഭിക്കും.
Eugene A. Laverdiere
Traditions in the Pentateuch catholic malayalam theology Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Rev. Dr. Joseph Kakkaramattathil പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്രo no:13 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206