x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

പാരമ്പര്യാധിഷ്ഠിത സമീപനങ്ങള്‍

Authored by : Dr. Jose Vadakkedam On 08-Feb-2021

ഴിഞ്ഞ അദ്ധ്യായത്തില്‍ വിവരിച്ച വ്യാഖ്യാനരീതികള്‍, ചരിത്രവിമര്‍ശനരീതിയില്‍നിന്ന് വിഭിന്നമായി, ബൈബിള്‍ ഭാഗങ്ങളുടെ പരസ്പര ബന്ധം വിശകലനത്തിന് അടിസ്ഥാനമാക്കുന്നുവെങ്കില്‍ത്തന്നെയും ഇവയ്ക്കും പോരായ്മകളുണ്ട്. ഈ രീതികളെല്ലാം ഓരോ പുസ്തകങ്ങളെയും ഒറ്റയ്ക്കൊറ്റയ്ക്ക് അപഗ്രഥിക്കുകയാണ്. എന്നാല്‍ ബൈബിളിനെ സുദീര്‍ഘമായ ഒരു പാരമ്പര്യത്തിന്‍റെ സാക്ഷ്യമായി കണ്ടെത്തുക എന്നതു പ്രധാനമാണ്. ബൈബിള്‍ പാരമ്പര്യത്തിന്‍റെ ഭാഗമാണ് എന്ന അടിസ്ഥാനതത്വത്തിലാണ് ആധുനിക കാലത്തെ മറ്റു ചില സമീപനരീതികള്‍ അധിഷ്ഠിതമായിരിക്കുന്നത്.

  1. കാനോനിക സമീപനം

ഇത് ആരംഭിച്ചത് ഏതാണ്ടു മുപ്പതോളം വര്‍ഷങ്ങള്‍ക്കപ്പുറം, അമേരിക്കയിലാണ്. ചരിത്രവിമര്‍ശനരീതി ചരിത്രത്തിനു പ്രാധാന്യം കൊടുക്കുന്നുവെങ്കിലും ദൈവശാസ്ത്രത്തെയും വിശ്വാസത്തെയും അവഗണിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ഈ രീതിയുടെ ആരംഭം.കാനോനിക സമീപനത്തിന്‍റെ അടിസ്ഥാന നിലപാട് ബൈബിളിനെ മുഴുവനായി എടുത്ത് അതിന്‍റെ പശ്ചാത്തലത്തില്‍ വേണം ദൈവശാസ്ത്രപരമായ വ്യാഖ്യാനം നടത്താന്‍ എന്നതാണ്. വിശ്വാസികളുടെ സമൂഹം ജീവിതപ്രമാണമായി അംഗീകരിച്ച പ്രാമാണിക ഗ്രന്ഥമാണ് ഇവിടെ അടിസ്ഥാന ഗ്രന്ഥം. ഓരോ ബൈബിള്‍ ഭാഗവും ഏക ദൈവികപദ്ധതിയുടെ പ്രകടനമായി കണ്ട് വി.ഗ്രന്ഥം നമ്മുടെ കാലഘട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ പ്രസക്തമാക്കുക എന്നതാണ് കാനോനിക രീതിയുടെ ലക്ഷ്യം. ചരിത്രവിമര്‍ശനരീതിക്കു പകരമുളള ഒന്നല്ല ഇത്. മറിച്ച് അതിന്‍റെ പൂരകമായി നിലകൊള്ളുക എന്നതാണ് ഈ രീതിയുടെ കടമ.

ഈ രീതിയില്‍ത്തന്നെ രണ്ടുതരം ചിന്താഗതികള്‍ ഉണ്ട്. ഒന്നാമത്തെ ചിന്താഗതിയില്‍ വിശ്വാസികളുടെ സമൂഹം വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും പ്രമാണമാക്കിയിരിക്കുന്ന പുസ്തകത്തിന്‍റെ അന്തിമരൂപം മാത്രമേ ആധികാരികമായി അംഗീകരിക്കുന്നുളളൂ. പണ്ഡിതനായ ബ്രെവാര്‍ഡ് എസ്. ചൈല്‍ഡ്സ് ആണ് ഈ ചിന്താഗതിയുടെ മുഖ്യവക്താവ്. എന്നാല്‍ ജയിംസ് എ. സാന്‍ഡേഴ്സിന്‍റെ അഭിപ്രായത്തില്‍ ഒരു പുസ്തകം കാനോനികമായി അംഗീകരിക്കപ്പെടുന്നതിനിടയിലെ വിവിധ പരിണാമക്രിയകളാണ് പ്രധാനം. ആ പ്രക്രിയയില്‍ പല വ്യാഖ്യാനരീതികളും ഉപയോഗപ്പെടുത്തുന്നു. പ്രാമാണിക ഗ്രന്ഥങ്ങളെ തിട്ടപ്പെടുത്തിയതിനുശേഷവും ഈ പ്രക്രിയയില്‍ തുടരുന്നു. വിശ്വാസിസമൂഹവും വി. ലിഖിതങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ മെനയുന്നു. ഈ വ്യാഖ്യാനങ്ങള്‍ ക്രമേണ വിശ്വാസപാരമ്പര്യത്തെ സജീവമായി നിലനിര്‍ത്തുന്നു. അതായത്, ദൈവവചനം ആദ്യം വാമൊഴിയായി പ്രചരിക്കുന്നു. ഒരുപുതിയ കാലഘട്ടത്തില്‍ അതിനോട് അനുരൂപപ്പെടുന്നു. ഏറെക്കഴിഞ്ഞാണ് എഴുതപ്പെടുന്നത്. അങ്ങനെ വി. ഗ്രന്ഥത്തിന്‍റെ അന്തിമരൂപപ്പെടുത്തലില്‍ സഭാസമൂഹത്തിന്‍റെ സ്വാധീനം ഉണ്ട്.

വി. ഗ്രന്ഥത്തിന്‍റെ ആദ്യരൂപത്തിന് അമിതപ്രാധാന്യം നല്‍കുകയും അതുമാത്രമാണ് ആധികാരികമെന്നു വാദിക്കുകയും ചെയ്യുന്നതിനെതിരേയുള്ള പ്രതികരണമാണ് കാനോനികരീതി. വിശ്വാസത്തിന്‍റെ മാനദണ്ഡമായി സഭാസമൂഹം അംഗീകരിച്ചതുകൊണ്ടാണ് ഒരു ഗ്രന്ഥം വി. ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന രൂപവും അതിലെത്തുന്നതിനുമുമ്പു കടന്നുപോന്ന വിവിധ പാരമ്പര്യഘട്ടങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാനോനികമായി അംഗീകരിച്ചതുകൊണ്ടാണ് അവ ബൈബിളിന്‍റെ ഭാഗമായിത്തീരുന്നത്. അതിനാല്‍ത്തന്നെ ഒരു ഗ്രന്ഥത്തെ വ്യാഖ്യാനിക്കാന്‍ യുക്തമായ വേദിയും പശ്ചാത്തലവും വിശ്വാസികളുടെ ഈ സമൂഹം തന്നെയാണ്. ഈ സമൂഹത്തില്‍ വിശ്വാസവും പരിശുദ്ധാത്മാവും വ്യാഖ്യാനത്തെ പുഷ്ടിപ്പെടുത്തുന്നു. ഈ വ്യാഖ്യാനം, പുസ്തകം ഏതു മഹത്തായ പാരമ്പര്യത്തില്‍നിന്നു രൂപംകൊണ്ടോ ആ പാരമ്പര്യത്തോടു വിശ്വസ്തമായിരിക്കാന്‍ ശ്രദ്ധിക്കുകയെന്നത് സമൂഹത്തിന്‍റെ ശുശ്രൂഷയ്ക്ക് ചുമതലപ്പെട്ടിരിക്കുന്ന സഭാധികാരത്തിന്‍റെ കടമയാണ്.

കാനോനിക പ്രക്രിയ എന്നാലെന്ത് എന്നത് ഇവിടെ വിശദീകരണം വേണ്ട ഒന്നാണ്. എപ്പോഴാണ് ഒരു പുസ്തകം കാനോനികമെന്ന് അംഗീകരിക്കപ്പെടുന്നത്? സമൂഹം ആധികാരികമെന്ന് അംഗീകരിച്ചപ്പോള്‍ മുതല്‍ എന്നു കരുതുന്നതായിരിക്കും ഉചിതം. അക്കാലത്ത് ഒരുപക്ഷേ പുസ്തകം ഇന്നത്തെ രൂപത്തില്‍ പൂര്‍ണ്ണമായിരുന്നിരിക്കണമെന്നില്ല. എങ്കിലും മതപരവും സംസ്ക്കാരികവും ദൈവശാസ്ത്രപരവുമായ സാഹചര്യങ്ങളിലൂടെ ഒരു സന്ദേശത്തെ അതു കൈമാറി. കാനോനിക വ്യാഖ്യാനമെന്നു ഇതിനെ പരിഗണിച്ചാല്‍ പാരമ്പര്യത്തിന്‍റെ ആവര്‍ത്തനമെന്നു കണക്കാക്കുന്നതില്‍ തെറ്റില്ല. ഇവിടെ ഉയരുന്ന ചോദ്യം, ഒരിക്കല്‍ കാനോനികത നിര്‍ണ്ണയിക്കുന്നതിനുപയോഗിച്ച വ്യാഖ്യാനമാനദണ്ഡങ്ങള്‍തന്നെ ഇന്നു ബൈബിള്‍ വ്യാഖ്യാനത്തില്‍ നിര്‍ണ്ണായക തത്വങ്ങളായി പരിഗണിക്കാമോ എന്നതാണ്.

മറുവശത്ത് യഹൂദ കാനനും ക്രിസ്തീയ കാനനും വ്യത്യസ്തമാണെന്നുളള കാര്യമുണ്ട്. അതായത് ഗ്രീക്കുയഹൂദരുടെയിടയില്‍ അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ പഴയനിയമം എന്ന പേരില്‍ ക്രിസ്ത്യാനികളും കാനോനികഗ്രന്ഥങ്ങളായി അംഗീകരിക്കുമ്പോള്‍ ഹെബ്രായസംസ്ക്കാരത്തില്‍ ഇവയെ പലതിനെയും തളളിക്കളഞ്ഞിരിക്കുന്നു. കാനോനിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള കാനോനിക വ്യാഖ്യാനം ഇക്കാരണത്താല്‍ പല കാര്യങ്ങളിലും വ്യത്യസ്തമായിരിക്കും.

ക്രിസ്തുസംഭവവുമായി ബന്ധപ്പെടുത്തിയാണ് സഭ പഴയനിയമത്തെ എന്നും വ്യാഖ്യാനിച്ചത്. ഇത് വി. ഗ്രന്ഥത്തിന് പുതുമയും ആധികാരികതയും നല്‍കുന്നു. ക്രിസ്തു രഹസ്യങ്ങളുടെ വെളിച്ചത്തില്‍ വി.ഗ്രന്ഥത്തിനു നല്‍കപ്പെടുന്ന പുതിയ അര്‍ത്ഥം ക്രിസ്തീയ വിശ്വാസത്തിന്‍റെ അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുന്നു. പഴയനിയമത്തിന്‍റെ ആദ്യകാല അര്‍ത്ഥത്തെ പുതിയ അര്‍ത്ഥം പാടേ തളളിക്കളയുന്നുവെന്ന ഇതിനര്‍ത്ഥമില്ല. രക്ഷാചരിത്രത്തിന്‍റെ ഓരോ കാലഘട്ടത്തെയും ഏവരും വേണ്ടത്ര വിലമതിച്ചേ മതിയാവൂ. പഴയനിയമത്തിന്‍റെ മൂലാര്‍ത്ഥത്തെ നിഷേധിക്കുന്നത് പുതിയനിയമത്തിന്‍റെ വേരുകളെ ചരിത്രത്തിന്‍റെ മണ്ണില്‍നിന്നു പിഴുതെറിയുന്നതിനു തുല്യമാണ്.

  1. ഹെബ്രായവ്യാഖ്യാനരീതികളുപയോഗിച്ചുളള സമീപനം

പഴയനിയമം പൂര്‍ണ്ണമായും ക്രിസ്തീയ കാലഘട്ടത്തിന് നാലഞ്ചു നൂറ്റാണ്ടുമുമ്പ് യഹൂദപശ്ചാത്തലത്തിലാണ് വിരചിതമായത്. ആദ്യസമൂഹത്തിന്‍റെയും പുതിയനിയമത്തിന്‍റെയും പിളളത്തൊട്ടിലും യഹൂദ ജീവിതപശ്ചാത്തലം തന്നെ. യഹൂദസമുദായത്തെക്കുറിച്ചുളള സമീപകാലപഠനങ്ങളും ഖുമ്റാന്‍ ഗുഹകളിലെ ഗവേഷണങ്ങളുമെല്ലാം അതിവിശാലമായ യഹൂദപാരമ്പര്യത്തെ വെളിച്ചത്തു കൊണ്ടുവന്നു. ദൈവവചനം ആദ്യമായി വ്യാഖ്യാനിക്കപ്പെട്ടത് ഈ സമൂഹത്തിലാണ്. പഴയനിയമത്തിന്‍റെ ഗ്രീക്കുപരിഭാഷയായ സപ്തതിതന്നെയാണ് ഇതിനുള്ള തെളിവ്. അറമായ പരിഭാഷ, പഴയനിയമപുസ്തകങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും വ്യാഖ്യാനിക്കപ്പെടുന്നതിനുമുളള മറ്റൊരു തെളിവാണ്. പ്രഗത്ഭരും കൂര്‍മ്മബുദ്ധികളുമായ ഒരിജന്‍, ജെറോം തുടങ്ങിയവരെല്ലാം യഹൂദബൈബിള്‍ പഠനത്തില്‍നിന്നു നേട്ടങ്ങള്‍ കൊയ്തവരാണ്. ആധുനിക വ്യാഖ്യാതാക്കളില്‍ പലരും ഈ വഴി തുടരുന്നു.

പുരാതന യഹൂദ പാരമ്പര്യങ്ങള്‍ സപ്തതിയെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ നാലാം നൂറ്റാണ്ടുവരെയും പൗരസ്ത്യദേശങ്ങളില്‍ ഇന്നും ക്രിസ്തീയ ബൈബിളിന്‍റെ ആദ്യഭാഗം സപ്തതി തന്നെയാണ്. ക്രിസ്തീയ കാനോനിക ഗ്രന്ഥങ്ങളില്‍പ്പെടാത്ത യഹൂദഗ്രന്ഥങ്ങള്‍ അപ്രമാണിക ഗ്രന്ഥങ്ങളെന്നറിയപ്പെടുന്നു. വ്യത്യസ്ത രൂപഭാവങ്ങളിലുളള ഈ ഗ്രന്ഥങ്ങള്‍ പുതിയനിയമ വ്യാഖ്യാനത്തിന് സഹായകമാണ്. പഴയനിയമത്തെ വ്യാഖ്യാനിച്ച രീതികള്‍ക്ക് വി.ഗ്രന്ഥത്തില്‍ത്തന്നെ ഉദാഹരണങ്ങളുണ്ട്. സാമുവലിന്‍റെ പുസ്തകത്തിലും രാജാക്കന്മാരുടെ പുസ്തകത്തിലുമുളള കാര്യങ്ങളെ പുതിയൊരുള്‍ക്കാഴ്ചയോടെ ദിനവൃത്താന്തപുസ്തകം അവതരിപ്പിക്കുന്നതു നമുക്കു കാണാം. അല്ലെങ്കില്‍, പുതിയനിയമത്തില്‍ വി. പൗലോസ് പഴയനിയമഭാഗങ്ങളെ ഉദ്ധരിച്ചു വ്യാഖ്യാനിക്കുന്നതു കാണാം. പഴയനിയമത്തിനും, പുതിയനിയമത്തിനും പൊതുവായ പല സാഹിത്യരൂപങ്ങളുണ്ട്. ഉപമ, രൂപകം, പുനരവതരണം, സങ്കീര്‍ത്തനങ്ങള്‍, ഗാനങ്ങള്‍, ദര്‍ശനങ്ങള്‍, വെളിപാടുകള്‍, സ്വപ്നങ്ങള്‍, ജ്ഞാനോക്തികള്‍ തുടങ്ങിയവ. ഇവയെല്ലാം ക്രിസ്തുവിനുമുമ്പും പിമ്പുമുളള യഹൂദപശ്ചാത്തലത്തിലും നിലനിന്നിരുന്നു. ആദ്യനൂറ്റാണ്ടുകളില്‍ വാചികരീതിയില്‍ യഹൂദര്‍ വി.ഗ്രന്ഥത്തെ എങ്ങനെ വ്യാഖ്യാനിച്ചിരുന്നുവെന്ന് തെളിയിക്കുന്നതാണ് മിദ്രാഷുകളും താര്‍ഗ്ഗുമുകളും ഉള്‍പ്പെട്ട ഇക്കാലത്തെ യഹൂദ രചനകള്‍.

അതിപുരാതന യഹൂദപാരമ്പര്യത്തെ മാത്രമല്ല, ക്രിസ്തുവര്‍ഷത്തിന്‍റെ മദ്ധ്യശതകങ്ങളിലെ വ്യാഖ്യാതാക്കള്‍, വ്യാകരണപ്രഗത്ഭര്‍ തുടങ്ങിയവരെയും ആശ്രയിച്ചാണ് പല ദുര്‍ഗ്രഹഭാഗങ്ങളെയും ഇന്ന് ക്രിസ്തീയ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നത്.മുമ്പുണ്ടായിരുന്നതിനേക്കാള്‍ സ്വാധീനം ഈ രീതിക്കുണ്ട്.

പുരാതനകാലം മുതല്‍ ഇന്നുവരെയുളള യഹൂദപാണ്ഡിത്യം അതിന്‍റെ എല്ലാ സമ്പന്നതയിലും വി. ഗ്രന്ഥത്തിന് എന്നും സഹായകമാണ്. വിവേചനത്തോടെ ഉപയോഗിക്കണമെന്നുമാത്രം. പുരാതന യഹൂദവ്യാഖ്യാനത്തിന് പല രീതികളുണ്ടായിരുന്നു. ഏറ്റവും ശക്തമായി കടന്നുവന്ന റബ്ബിമാരുടെ ശൈലിയായ ഫരിസേയരീതി അതിലൊന്നു മാത്രം. പല കാലഘട്ടങ്ങളില്‍പ്പെടുന്നവയാണ് യഹൂദഗ്രന്ഥങ്ങള്‍. താരതമ്യപഠനത്തിനുമുമ്പ് അവയെ കാലക്രമത്തില്‍ ക്രമീകരിക്കേണ്ടതുണ്ട്. അതിനുമുപരിയായി ഇരുസമൂഹങ്ങളുടെയും പൊതുവായ സ്വഭാവരീതികള്‍ വ്യത്യസ്തങ്ങളാണ്. യഹൂദ ജീവിതത്തെ നയിക്കുന്നത് മതമാണ്; അതിന്‍റെ എഴുതപ്പെട്ടതും അല്ലാത്തതുമായ നിയമങ്ങളും പാരമ്പര്യങ്ങളുമാണ്. ക്രിസ്തീയതയുടെ അടിസ്ഥാനം മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നിത്യമായി ജീവിക്കുകയും ചെയ്യുന്ന ദൈവപുത്രനായ യേശുക്രിസ്തുവിലുളള വിശ്വാസമാണ്. ഈ വ്യക്തിയിലുളള വിശ്വാസത്തിനു ചുറ്റുമാണ് ക്രിസ്തീയ സമൂഹം രൂപപ്പെട്ടത്. ഇതുരണ്ടും തമ്മില്‍ എത്രയേറെ സാദൃശ്യങ്ങളുണ്ടെങ്കിലും ഈ അര്‍ത്ഥത്തില്‍ അടിസ്ഥാന പരമായി വ്യത്യസ്തമാണ്.

  1. ഗ്രന്ഥസ്വാധീനചരിത്ര സമീപനം

രണ്ടു തത്വങ്ങളിലാണ് ഈ രീതി പ്രവര്‍ത്തിക്കുന്നത്. വായനക്കാരില്ലെങ്കില്‍ ഗ്രന്ഥത്തിനു ജീവനില്ല. അവരാണ് ഒരു പാഠഭാഗത്തെ സ്വാംശീകരിച്ച് സജീവമാക്കുന്നത്. വ്യക്തിയോ സമൂഹമോ ആകാം ഈ സ്വാംശീകരണം നടത്തുന്നത്. സാഹിത്യം, കല, ദൈവശാസ്ത്രം, ആത്മീയത തുടങ്ങിയ മേഖലകളിലാവാം സ്വാംശീകരിച്ചിരിക്കുന്നത്. 1960-70 കളിലാണ് ഈ രീതി സജീവമായത്. ഒരു രചനയും അതിന്‍റെ വായനക്കാരും തമ്മിലുളള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സമീപനത്തിന്‍റെ മുന്നേറ്റം. വായനക്കാരാണ് ഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്നതിന്‍റെ മുഖ്യഘടകം. ആ വ്യാഖ്യാനം ഗ്രന്ഥത്തിനു പ്രസക്തി നല്‍കുന്നു. ബൈബിള്‍ വ്യാഖ്യാനം ഇത്തരം രീതികളില്‍നിന്നു പ്രയോജനം കൈക്കൊള്ളുന്നു. ബൈബിള്‍ മേല്‍പ്പറഞ്ഞ മേഖലകളില്‍ പുനരാവിഷ്കരിക്കപ്പെട്ടതിനെ പരിശോധിക്കുന്നതിലൂടെ വ്യാഖ്യാനത്തിന്‍റെ വികാസരീതികളെയാണ് അവലോകനം ചെയ്യുന്നത്. പാരമ്പര്യത്തിന് ബൈബിള്‍ വ്യാഖ്യാനത്തിലുള്ള പങ്കിനെയും ഇതു കാണിക്കുന്നു.

ഒരു വ്യക്തി പ്രത്യേക സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുമ്പോള്‍ ആ സമൂഹത്തിന്‍റെ പാരമ്പര്യങ്ങള്‍ അയാളെ സ്വാധീനിക്കുന്നുണ്ട്. അങ്ങനെ ആ കാലഘട്ടത്തിന്‍റെ പ്രതിനിധിയായാണ് അയാള്‍ വി.ഗ്രന്ഥം വായിക്കുന്നത്. അങ്ങനെ അക്കാലത്തിന് അനുയോജ്യമായ വ്യാഖ്യാനം നല്‍ക്കുകയും പുതിയ രചനകള്‍ നടത്തുകയും ബൈബിളില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടുപ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉത്തമഗീതം എങ്ങനെ ചരിത്രത്തില്‍ സ്വാധീനം പുലര്‍ത്തിയെന്നു കാണുന്നത് ഒരു ഉദാഹരണമാണ്. സഭാപിതാക്കന്മാര്‍ ഒരുതലത്തില്‍ കണ്ടപ്പോള്‍ മധ്യശതകങ്ങളിലെ സന്ന്യാസിവര്യര്‍ വ്യത്യസ്തമായൊരു അര്‍ത്ഥത്തിലാണ് അതിനെ കണ്ടത്. പിന്നീട് കുരിശിന്‍റെ വി.യോഹന്നാനെപ്പോലുള്ള ആത്മീയാചാര്യന്മാര്‍ അതിന്‍റെ മറ്റൊരു വശം വെളിച്ചത്തെത്തിച്ചു. പുതിയനിയമത്തില്‍ മത്താ 19,16-26 ലുള്ള ധനികനായ യുവാവിന്‍റെ ചിത്രം പില്‍ക്കാലത്ത് ആളുകളെ എങ്ങനെ സ്വാധീനിച്ചുവെന്നറിയുന്നത് മറ്റൊരുദാഹരണമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രത്തില്‍ തെറ്റായ പല വ്യാഖ്യാനരീതികളും മേല്‍ക്കൈ നേടിയിട്ടുണ്ട്. നികൃഷ്ടമായ ഫലങ്ങള്‍ അവ ഉളവാക്കിയിട്ടുണ്ട്. ഹെബ്രായ സംസ്ക്കാരത്തിനെതിരായും വര്‍ഗ്ഗവിവേചനം വളര്‍ത്തുന്ന രീതിയിലും ലോകാവസാനസംബന്ധിയായും പലവ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാല്‍ ചരിത്രസ്വാധീനരീതി സ്വതന്ത്രമായ ഒരു വ്യാഖ്യാനരീതിയായി ഉപയോഗപ്പെടുത്തിക്കൂടാ. വിവേകത്തോടെ ഇതിനെ കൈകാര്യം ചെയ്യണം. ചരിത്രത്തിലെ ഏതെങ്കിലുമൊരു സ്വാധീനത്തെ ഉയര്‍ത്തിക്കാട്ടി അതുമാത്രമാണ് ബൈബിള്‍ വ്യാഖ്യാനത്തെ എക്കാലത്തെയും മാനദണ്ഡമെന്ന് ശഠിക്കരുത്.

 

ഡോ. ജോസ് വടക്കേടം

Traditional approaches catholic malayalam bible interpretations Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message