We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany On 10-Feb-2021
പഞ്ചഗ്രന്ഥത്തിലെ മൂന്നുപിതാക്കന്മാര്‍
പഞ്ചഗ്രന്ഥത്തിന്റെ ഉള്ളടക്കം പഞ്ചഗ്രന്ഥ നായക രായ അബ്രാഹം, ഇസഹാക്ക്, യാക്കോബ്, ജോസഫ്, മോശ എന്നീ പിതാക്കന്മാരുടെ ജീവചരിത്രവുമായി അഭേദ്യം ബന്ധപ്പെട്ടതാണ്. പഞ്ചഗ്രന്ഥ വിവരണത്തില്‍ അബ്രാഹം, യാക്കോബ്, മോശ എന്നിവരുടെ പ്രാധാന്യമാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം.
തേരായുടെ പുത്രനായ അബ്രാഹമാണ് ഇസ്രായേല്‍ ജനതയുടെ പിതാവ്. ബിറാം (Biram) എന്ന ഹീബ്രു പദത്തില്‍ നിന്നാണ് ഈ പേരിന്‍റെ ഉദ്ഭവം; "ദൈവം ഉയര്‍ത്തിയവന്‍" എന്നര്‍ത്ഥം. അബ്രാം എന്ന ആദ്യനാമം അബ്രാഹം എന്നാക്കി മാറ്റിയത്, ദൈവമാണ് (ഉല്‍പ 17:5).
ഊറില്‍നിന്ന് ഹാരാനിലേക്ക് കുടിയേറിപ്പാര്‍ത്ത തേറായുടെ പുത്രനാണ് അബ്രാഹം. തേറായുടെ മരണ ശേഷം അബ്രാഹം കാനാനിലേക്ക് കുടിയേറി (ഉല്‍പ 11:27ളള). അബ്രാഹത്തിന്‍റെ ജന്മസ്ഥലം പല വിവരണങ്ങളിലും വ്യത്യാസപ്പെട്ടു കാണുന്നതിന്‍റെ കാരണം ഈ കുടിയേറ്റങ്ങളാണ്. കാനാനില്‍വച്ച് അബ്രാഹത്തിന് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി (ഉല്‍പ 12:1-3). തന്‍റെ പിന്‍തലമുറ കാനാന്‍ദേശം കൈവശപ്പെടുത്തുമെന്ന് അബ്രാഹത്തിന് ഷെക്കെമില്‍വച്ച് ദൈവത്തിന്‍റെ വാഗ്ദാനം ലഭിച്ചു (ഉല്‍പ 12:7). ബഥേലിലും നെഗെബിലും സഞ്ചരിച്ച അബ്രാഹം ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് ഈജിപ്തിലെത്തി. സാറാ അബ്രാഹമിന്‍റെ സഹോദരിയാണെന്ന് അബ്രാഹം തന്നെ പറഞ്ഞതിനാല്‍ ഫറവോ സാറായെ തന്‍റെ ഉപനാരിയാക്കി. എന്നാല്‍, തന്‍റെ കുടുബാംഗങ്ങള്‍ ശിക്ഷിക്കപ്പെട്ടതോടെ ഫറവോയ്ക്ക് തെറ്റ് മനസ്സിലായി. അദ്ദേഹം സാറായെ തിരികെ നല്‍കി (ഉല്‍പ 12:10-20). കന്നുകാലികളെ മേയ്ക്കുന്ന ജോലിക്കാര്‍ തമ്മിലുളള കലഹംമൂലം അബ്രാഹവും സഹോദരപുത്രന്‍ ലോത്തും വഴിപിരിഞ്ഞു. അബ്രാഹം കാനാനിലും ലോത്ത് സോദോമിലും താമസമാക്കി (ഉല്‍പ 13:1). ദൈവം തന്‍റെ വാഗ്ദാനം അബ്രാഹത്തോട് ആവര്‍ത്തിച്ചു (ഉല്‍പ 13:14,14:1). സലേമില്‍ വച്ച് അബ്രാഹം മെല്‍ക്കിസദേക്കിനെ കണ്ടുമുട്ടി (ഉല്‍പ 14:17ളള).
കാലാന്തരത്തില്‍ ദൈവം അബ്രാഹത്തിന് ഒരു പു ത്രനെ വാഗ്ദാനം ചെയ്തു (ഉല്‍പ 15:1 ളള), തുടര്‍ന്ന്, ദൈവം അബ്രാഹവുമായി ഉടമ്പടി ചെയ്തു (ഉല്‍പ 15:9). അബ്രാഹത്തിന് സാറായുടെ ദാസിയായ ഹാഗാറില്‍ ഇസ്മായേല്‍ എന്ന പുത്രന്‍ ജനിച്ചു മെസെപ്പൊട്ടോമിയന്‍ നിയമസംഹിതകളില്‍ ഇത്തരം ആചാരങ്ങള്‍ അനുവദിച്ചിട്ടുണ്ടായിരുന്നു. ഇപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ഭാര്യയില്‍ നിന്ന് പിറക്കുന്ന കുഞ്ഞിന്‍റെ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ഇസ്മായേലിന് ഈ അവകാശം നിഷേധിക്കപ്പെട്ടു (ഉല്‍പ 16:1-16).
വാഗ്ദാനമനുസരിച്ച് (ഉല്‍പ 17:15 ff) അബ്രാഹത്തി ന് സാറായില്‍ ഒരു പുത്രന്‍ ജനിച്ചു. അബ്രാഹത്തിന്‍റെ ആതിഥ്യമര്യാദ ദൈവപ്രീതിക്ക് പാത്രമായി (ഉല്‍പ 18:1f). സോദോം, ഗോമോറ ദേശങ്ങള്‍ക്കുവേണ്ടി അബ്രാഹം ദൈവത്തിന്‍റെ മുന്നില്‍ വാദിക്കുന്നുണ്ട് (ഉല്‍പ 18:20-19:28). ഈജിപ്തില്‍ നടന്ന സംഭവം (12:10) ഗാരാദിലും ആവര്‍ത്തിക്കുന്നു (ഉല്‍പ 20:1ff ). സാറായുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹാഗാറിനേയും ഇസ്മായേലിനെയും അബ്രാഹം ഭവനത്തില്‍ നിന്ന് പുറത്താക്കി (ഉല്‍പ 21:1 ff). ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ അതിനു തയ്യാറായ അബ്രാഹം വിശ്വാസത്തിന്‍റെ സനാതനപ്രതിരൂപമായി (ഉല്‍പ 22:1 ff). ഈ വിവരണം നരബലിക്കെതിരേയുളള പ്രബോധനാത്മകമായ ഒരു ആലങ്കാരിക വ്യാഖ്യാനമാകാനാണ് സാധ്യത. അല്ലെങ്കില്‍, അബ്രാഹത്തിന്‍റെ ജീവിതത്തിലെ ഏതെങ്കിലും അന്തസ്സംഘര്‍ഷത്തിന്‍റെ ആലങ്കാരികാഖ്യാനവുമാകാം. സാറായുടെ മരണശേഷം ശവസംസ്കാരത്തിനായി ഹെബ്രോണില്‍ അബ്രാഹം കുറെ ഭൂമി വാങ്ങി. "കാനാന്‍ ദേശം നിന്‍റെ സന്തതികള്‍ക്ക് അവകാശമായി നല്‍കും" എന്ന വാഗ്ദാനം നിറവേറുന്നതിന്‍റെ ആദ്യപടിയായിരുന്നു ഇത് (ഉല്‍പ 23:1). മെസെപ്പൊട്ടോമിയായിലെ തന്‍റെ ചാര്‍ച്ചക്കാരുടെയിടയില്‍ നിന്ന് അബ്രാഹം തന്‍റെ പുത്രനായ ഇസഹാക്കിന് വധുവായി റബേക്കായെ തിരഞ്ഞെടുത്തു (ഉല്‍പ 24:1 ff).
ബാബിലോണിലെ ഹമ്മുറാബിയുടെ (ബി.സി. 17281686) സമകാലികനായാണ് അബ്രാഹത്തെ ചരിത്രകാരന്‍മാര്‍ പരിഗണിക്കുന്നത്. ഉല്‍പ 14:1-ല്‍ പരാമര്‍ശിക്കുന്ന ഷിനായിലെ അമറാഫേല്‍, ഹമ്മുറാബി തന്നെയാണെന്നാണ് പണ്ഡിതമതം. എന്നാല്‍, ഇതിന് വിശ്വസനീയമായ തെളിവുകളില്ല. അബ്രാഹത്തിന്‍റെ കഥയില്‍ പരാമര്‍ശിക്കുന്ന രാജാക്കന്‍മാരെ ബി.സി. 2000-ന് മുന്‍പുളള മെസെപ്പൊട്ടോമിയായുടെ അറിയപ്പെടുന്ന കാലത്തെ ചരിത്രത്തില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്‍റെ ആദ്യപകുതിയിലെ മെസെപ്പൊട്ടോമിയന്‍ ചരിത്രത്തില്‍ മേല്‍പ്പറഞ്ഞ നാമസാദൃശ്യമുളള ചില രാജാക്കന്‍മാര്‍ ഭരിച്ചിരുന്നു. ഇതില്‍ നിന്നും അബ്രാഹത്തിന്‍റെ ജീവിതകാലം ബി.സി. 2000-1500 കാലഘട്ടത്തിലായിരിക്കാനാണ് സാധ്യത. അബ്രാഹത്തെക്കുറിച്ചുളള എല്ലാ വിവരണങ്ങളും ചരിത്രപരമാണെന്ന് പറയാനാവില്ലെങ്കിലും അബ്രാഹം വെറുമൊരു ഐതിഹ്യ പുരുഷനല്ലെന്ന് വ്യക്തമാണ്.
വരമൊഴി രൂപംകൊളളുംമുന്‍പ് വാമൊഴിയായി തലമുറകള്‍ കൈമാറിപ്പോന്ന കഥകളാണ് അബ്രാഹത്തിന്‍റെ ജീവചരിത്രമായി ബൈബിളില്‍ അവതരിപ്പിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ, പരസ്പര ബന്ധമില്ലാത്ത പല സംഭവങ്ങളും യുക്തിസഹമല്ലാത്ത ദേശകാലനിര്‍ണ്ണയങ്ങളും കഥയില്‍ കടന്നുകൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ കഥകള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ആവര്‍ത്തിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ മാറിപ്പോയിട്ടുമുണ്ട് (ഉല്‍പ 12:10 ff; 20:1 ff; 26:1 ff). ഇത്തരം വൈരുദ്ധ്യങ്ങള്‍ വാചികപാരമ്പര്യത്തില്‍ സ്വാഭാവികമാണ്.
വി.ഗ്രന്ഥത്തില്‍ അബ്രാഹത്തിന്‍റെ സ്ഥാനത്തെ അദ്വിതീയമാക്കുന്നത്, ദൈവിക വെളിപാടുകള്‍ ആരംഭിക്കുന്നത് അബ്രാഹത്തിലൂടെയാണ് എന്ന വസ്തുതയാണ്. എന്നാല്‍, അബ്രാഹം ദൈവത്തെ മനസ്സിലാക്കിയത് മെസെപ്പൊട്ടോമിയന്‍ പാരമ്പര്യത്തിലെ കുലദൈവങ്ങ (Family Gods)ളുടെ മാതൃകയിലാണ്. പില്‍ക്കാലത്ത് ഇസ്രായേല്‍ക്കാര്‍ക്ക് വെളിപ്പെടുത്തപ്പെട്ട യാഹ്വെയെക്കുറിച്ച് അബ്രാഹത്തിന് അറിവില്ലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവം എല്‍ഷദ്ദായ് (Elshaddai) ആയിരുന്നു. വാഗ്ദാനങ്ങളില്‍ വിശ്വസ്തനും ആരാധകരില്‍ കാരുണ്യം ചൊരിയുന്നവനും ധാര്‍മ്മിക ജീവിതം ആവശ്യപ്പെടുന്നവനുമാണവിടുന്ന്.
വി. ഗ്രന്ഥത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അബ്രാഹം
രക്ഷാകരചരിത്രത്തിനാരംഭം കുറിച്ച അബ്രാഹത്തി ന്‍റെ തിരഞ്ഞെടുപ്പും ഉടമ്പടിയും അദ്ദേഹത്തിനു ലഭിച്ച വാഗ്ദാനങ്ങളും ബൈബിളില്‍ ഉടനീളം ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് (പുറ32:13; സംഖ്യ 32:11; നിയ 1:8; 2 രാജാ 13:23; 1 ദിന 18:16; സങ്കീ 105:9; ഏശ 29:22; 51:1-2; എസെ 33:24). യഹൂദരുടെ പിതാവായാണ് പുതിയനിയമം അബ്രാഹത്തെ അവതരിപ്പിക്കുന്നത് (മത്താ 3:9; യോഹ 8:33). അബ്രാഹത്തിന്‍റെ മക്കള്‍ എന്ന യഹൂദരുടെ അവകാശവാദത്തെ സ്നാപകയോഹന്നാന്‍ ഖണ്ഡിക്കുന്നുണ്ട് (മത്താ 3:9). പൗലോസിന്‍റെ ലേഖനങ്ങളില്‍ വിശ്വാസത്തിന്‍റെ ശാശ്വത പ്രതിരൂപമായിട്ടാണ് അബ്രാഹത്തെ അവതരിപ്പിച്ചിരിക്കുന്നത് (റോമ 4:1 ളള; ഗലാ 3:16). യേശുവില്‍ വിശ്വസിക്കുന്നവരാണ് അബ്രാഹത്തിന്‍റെ മക്കള്‍ (ഗലാ 3:29). എന്നും അബ്രാഹത്തിന്‍റെ രണ്ടു ഭാര്യമാര്‍ മോശയുടെയും ക്രിസ്തുവിന്‍റെയും ഉടമ്പടികളുടെ പ്രതിരൂപമാണെന്നും (ഗലാ 4:22) പൗലോസ് പറയുന്നു.
ഇസഹാക്കിന്‍റെയും റബേക്കായുടെയും രണ്ടാമത്തെ പുത്രനായാണ് യാക്കോബ് ജനിക്കുന്നത്. ഇസഹാക്കിന് അറുപത് വയസ്സുള്ളപ്പോഴാണ് യാക്കോബ് ജനിച്ചത് (ഉല്‍പ 25:21-26). യാക്കോബ് ശാന്തസ്വഭാവിയും റബേക്കായുടെ സ്നേഹഭാജനവുമായിരുന്നു. യാക്കോബിന്‍റെ മൂത്ത സഹോദരന്‍ ഏസാവിനോടായിരുന്നു ഇസഹാക്കിനു കൂടുതല്‍ മമത.
നായാട്ടുകാരനായ ഏസാവിന് ഒരു പാത്രം പയറുപായസം പ്രതിഫലമായി നല്കിക്കൊണ്ട് യാക്കോബ് കടിഞ്ഞൂലവകാശം സ്വന്തമാക്കി. പിതൃസ്വത്തില്‍ ഇരട്ടി ഓഹരിക്കുള്ള അവകാശം (നിയ 21:17), സഹോദരന്മാരുടെ മേല്‍ ഭരണം നടത്താനുള്ള അധികാരം (ഉല്‍പ 27:29) എന്നിവ കടിഞ്ഞൂലവകാശത്തിന്‍റെ ഭാഗമായിരുന്നു. ഏസാവില്‍നിന്നു കടിഞ്ഞൂലവകാശം വിലയ്ക്കുവാങ്ങിയ യാക്കോബ് റബേക്കായുടെ സഹായത്തോടെ വൃദ്ധനും അന്ധനുമായ ഇസഹാക്കിനെ കബളിപ്പിച്ച് കടിഞ്ഞൂല്‍ പുത്രനുള്ള അനുഗ്രഹവും സ്വന്തമാക്കി (ഉല്‍പ 27:1-29). യാക്കോബിന്‍റെ വഞ്ചന മനസ്സിലാക്കിയ യേസാവ് യാക്കോബിനോടേറ്റുമുട്ടാന്‍ തീരുമാനിച്ചു. റബേക്കായുടെ ഉപദേശപ്രകാരം യാക്കോബ് ഏസാവിനെ ഭയന്നു ഹാരാനിലുള്ള തന്‍റെ അമ്മാവനായ ലാബാന്‍റെ പക്കലേക്ക് ഒളിച്ചോടാന്‍ തീരുമാനിച്ചു. റബേക്ക പറഞ്ഞ നുണ വിശ്വസിച്ച് ഈ സംരംഭത്തിലും ഇസഹാക്ക് യാക്കോബിന് അനുഗ്രഹം നേര്‍ന്നു(27:41-28:5). പിതാവിന്‍റെ അനുഗ്രഹാശ്ശിസുകളോടെ ഹാരാനിലേക്കു യാത്രയായ യാക്കോബിനു മാര്‍ഗ്ഗമദ്ധ്യേ ലൂസ് എന്ന സ്ഥലത്തുവച്ച് ഒരു ദൈവികദര്‍ശനമുണ്ടായി. സ്വര്‍ഗ്ഗീയമായ ഒരു ഗോവണിയിലൂടെ മാലാഖമാര്‍ ഇറങ്ങുന്നതും കയറുന്നതും യാക്കോബ് ദര്‍ശിച്ചു. ദര്‍ശനത്തിനുശേഷം ദൈവം യാക്കോബിനോടു സംസാരിച്ചു. അബ്രാഹത്തോടും ഇസഹാക്കിനോടും ചെയ്ത വാഗ്ദാനം അവിടുന്നു യാക്കോബിനോടും ആവര്‍ത്തിച്ചു. ദൈവത്തെ ദര്‍ശിച്ച പ്രസ്തുത സ്ഥലത്തിനു യാക്കോബ് ബഥേല്‍ എന്നു പേരുനല്‍കി (28:10-22).
ഹാരാനിലെത്തിയ യാക്കോബ് ലാബാന്‍റെ ഭവനത്തില്‍ താമസമാരംഭിച്ചു. ഭവനത്തിലെ സകല ജോലികളും ചെയ്ത യാക്കോബ്, ലാബാന്‍റെ ഇളയ മകള്‍ റാഹേലിനെ ഭാര്യയായി ലഭിക്കാന്‍ ആഗ്രഹിച്ചു. ലാബാനിന്‍റെ നിര്‍ദ്ദേശാനുസൃതം ഏഴുവര്‍ഷം ഈ ലക്ഷ്യപ്രാപ്തിക്കായി യാക്കോബ് ലാബാന് അടിമവേല ചെയ്തു. എന്നാല്‍, ഏഴാംവര്‍ഷം റാഹേലിനു പകരം അവളുടെ ജ്യേഷ്ഠത്തിയും വിരൂപയുമായ ലെയായെയാണ് ലാബാന്‍ യാക്കോബിന് ഭാര്യയായി നല്‍കിയത്. ഈ വഞ്ചനയില്‍ യാക്കോബ് ക്ഷുഭിതനായെങ്കിലും റാഹേലിനെ സ്വന്തമാക്കാനായി വീണ്ടും ഏഴുവര്‍ഷംകൂടി യാക്കാബ് ലാബാന്‍റെ ഭവനത്തില്‍ ദാസ്യവേല ചെയ്തു. യാക്കോബിന് ലെയായില്‍ റുബന്‍, ശിമയോന്‍, ലേവി, യൂദാ എന്നീ പുത്രന്മാര്‍ ജനിച്ചു. എന്നാല്‍, റാഹേലിനു മക്കളൊന്നും ജനിച്ചില്ല. തന്മൂലം അവള്‍ തന്‍റെ ദാസിയായ ബില്‍ഹായെ യാക്കോബിനു നല്‍കി. യാക്കോബിനു ബില്‍ഹായില്‍ ദാന്‍, നഫ്ത്താലി എന്നീ പുത്രന്മാര്‍ ജനിച്ചു. ഇതറിഞ്ഞ ലെയായും തന്‍റെ ദാസിയായ സില്‍ഫായെ യാക്കോബിനു നല്‍കി. സില്‍ഫായ്ക്ക് ഗാദ്, ആഷേര്‍ എന്നീ പുത്രന്മാര്‍ ജനിച്ചു. ഇതിനിടയില്‍ ലെയായ്ക്ക് രണ്ടു പുത്രന്മാര്‍ക്കൂടി ജനിച്ചു. ഇസാക്കര്‍, സെബുലുണ്‍. റാഹോലിന്‍റെ പ്രാര്‍ത്ഥനയുടെ ഫലമായി അവള്‍ക്കും രണ്ടുപുത്രന്മാര്‍ ജനിച്ചു. ജോസഫ്, ബഞ്ചമിന്‍ എന്നീ പേരുകളില്‍ അവര്‍ അറിയപ്പെട്ടു. കാലക്രമത്തില്‍ യാക്കോബും ലാബാനും തമ്മില്‍ വേര്‍പിരിഞ്ഞു (30:25-31:16). ലാബാന്‍റെ പക്കല്‍നിന്നും സ്വദേശത്തുമടങ്ങി വരുംവഴി യാക്കോബ് സഹോദരനായ ഏസാവിന്‍റെ പക്കലേക്കു ദൂതന്മാരെ അയച്ചു സമാധാനത്തിനപേക്ഷിച്ചു. നാനൂറോളം ആളുകളുമായി ഏസാവ് എതിരേ വരുന്നുണ്ടെന്നറിഞ്ഞ യാക്കോബ് അസ്വസ്ഥചിത്തനായി. ഭയാക്രാന്തനായ യാക്കോബ് ദൈവസന്നിധിയില്‍ രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കിടയില്‍ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് രാത്രിമുഴുവന്‍ യാക്കോബുമായി മല്‍പ്പിടുത്തം നടത്തി. പ്രഭാതമായപ്പോള്‍ ദൂതന്‍ യാക്കോബിനെ അനുഗ്രഹിച്ചു യാത്രയാക്കി. യാക്കോബിന്‍റെ പേര് ഇസ്രായേല്‍ എന്നാക്കി മാറ്റുകയുംചെയ്തു. പ്രസ്തുത സ്ഥലത്തിനു പെനിയേല്‍ എന്നും പേരു നല്‍കി (31:22-32). പിറ്റേന്ന് ഏസാവ് യാക്കോബിനെ തേടിയെത്തി. യാക്കോബ് ഭയപ്പെട്ടതിനു വിപരീതമായി എസാവ് അദ്ദേഹത്തെസ്നേഹപൂര്‍വ്വം സ്വീകരിച്ചു. യാക്കോബ് ഷെക്കെമില്‍ താമസമാരംഭിച്ചു (31:1-20). യാക്കോബിന് ലെയായില്‍ പിറന്ന ദീന എന്ന മകളെ ഹിവ്യനായ ഷെക്കെം മാനഭംഗം ചെയ്തു. യാക്കോബിന്‍റെ മക്കള്‍ ഇതിനു ക്രൂരമായി പ്രതികാരം ചെയ്തു (A. 34). തുടര്‍ന്ന് യാക്കോബും കുടുംബവും ബെഥേലിലേക്ക് താമസംമാറ്റി. അവിടെവച്ച് യാക്കോബിന്‍റെ സ്നേഹഭാജനമായിരുന്ന ഭാര്യ റാഹേല്‍ അന്തരിച്ചു. ഇത് യാക്കോബിനെ തീരാദുഃഖത്തിലാഴ്ത്തി. പ്രിയപുത്രനായ ജോസഫിന്‍റെ തിരോധാനവും (A. 37) പിതാവായ ഇസഹാക്കിന്‍റെ മരണവും (35:27-29) യാക്കോബിന്‍റെ ദുഃഖം വര്‍ദ്ധിപ്പിച്ചു. ജോസഫിനെ സഹോദരങ്ങള്‍ ഈജിപ്തുകാരായ കച്ചവടക്കാര്‍ക്കു വിറ്റതാണെന്ന സത്യം യാക്കോബ് അറിഞ്ഞിരുന്നില്ല.
കാനാനില്‍ കനത്ത ക്ഷാമം ബാധിച്ചതിനെത്തുടര്‍ന്ന് ആഹാരസാധനങ്ങള്‍ക്കായി യാക്കോബ് ഈജിപ്തിലേക്കയച്ചു. തങ്ങള്‍ അടിമയായി വിറ്റ സഹോദരന്‍ ജോസഫ് ഈജിപ്തിന്‍റെ ഭരണാധികാരിയായി മാറിയിരിക്കുന്നതുകണ്ട സഹോദരന്മാര്‍ അമ്പരന്നു. ജോസഫിന്‍റെ സ്നേഹപൂര്‍വ്വകമായ നിര്‍ബന്ധത്തിനുവഴങ്ങി യാക്കോബും മക്കളും ഈജിപ്തിലേക്കു താമസം മാറ്റി (A.46). ഈജിപ്തിലെത്തി പതിനേഴുവര്‍ഷങ്ങള്‍ക്കുശേഷം യാക്കോബ് അന്തരിച്ചു. കാനാന്‍ ദേശത്ത് മാമ്രേക്കു കിഴക്ക് മാക്പെലായിലെ ഗുഹയിലാണ് യാക്കോബ് സംസ്കരിക്കപ്പെട്ടത് (50:11-14).
യാക്കോബ്- പഞ്ചഗ്രന്ഥിക്കുപുറമേ
ഇസ്രായേല്‍ക്കാര്‍ യാക്കോബിന്‍റെ മക്കള്‍ എന്നാണറിയപ്പെട്ടിരുന്നത് യാക്കോബിനോടു ദൈവം ചെയ്ത വാഗ്ദാനമോര്‍ത്ത് അകൃത്യങ്ങള്‍ ഉപേക്ഷിച്ച് ദൈവത്തിന്‍റെ പക്കലേക്കു പിന്തിരിയാന്‍ ഹോസിയാ പ്രവാചകന്‍ ഇസ്രായേല്‍ക്കാരെ ഉദ്ബോധിപ്പിക്കുന്നുണ്ട് (ഹോസി 12:3,4, 12). പ്രവാസാനന്തരം തിരിച്ചെത്തിയ പ്രവാസികളെ ധൈര്യപ്പെടുത്തുവാനായി യാക്കോബിനോടു ദൈവത്തിനുണ്ടായിരുന്ന സ്നേഹത്തെ മലാക്കി അനുസ്മരിപ്പിക്കുന്നുണ്ട് (മലാ 1:2). ദൈവം തിരഞ്ഞെടുക്കുന്നതു മൂപ്പുമുറയോ മാനുഷിക മാനദണ്ഡങ്ങളോ അനുസരിച്ചല്ല എന്നു യാക്കോബിന്‍റെ കഥ വ്യക്തമാക്കുന്നു. വിശ്വാസംവഴിയുള്ള നീതീകരണത്തിനു ഉദാഹരണമായി യാക്കോബിനെ എടുത്തുകാട്ടാന്‍ ഹെബ്രായ ലേഖന കര്‍ത്താവിനെ പ്രേരിപ്പിച്ച വികാരവും ഇതുതന്നെയാണ് (ഹെബ്രാ 11:21; 12:16). യാക്കോബിന്‍റെ ദര്‍ശനവും (യോഹ 1:51) കിണറും (യോഹ 4:5,12) ജീവചരിത്രവും (അപ്പ 7:12,16) പുതിയനിയമത്തില്‍ അനുസ്മരിക്കുന്നുണ്ട്.
യാക്കോബിന്‍റെ പേരിനോടനുബന്ധിച്ചുള്ള പല ശൈലീപ്രയോഗങ്ങളും വി.ഗ്രന്ഥത്തില്‍ കണ്ടെത്താനാവും. ദൈവത്തെ സൂചിപ്പിക്കുവാനായി 'യാക്കോബിന്‍റെ ദൈവം' (പുറ 3:6; 4:5; 2 സാമു 23:1; സങ്കീ 20:1; ഏശ 2:3) എന്നും 'യാക്കോബിന്‍റെ ശക്തനായവന്‍' (സങ്കീ 132:2) എന്നും ഉപയോഗിച്ചു കാണുന്നുണ്ട്. ഇസ്രായേലിനെ സൂചിപ്പിക്കാന്‍ "യാക്കോബിന്‍റെ ഭവനം" (പുറ 19:3; ഏശ 2:5;8:17), "യാക്കോബിന്‍റെ സന്തതി" (ഏശ 45:19; ജറെ 32:26), "യാക്കോബിന്‍റെ പുത്രന്മാര്‍" (1 രാജാ 18:31; മലാ 3:6), "യാക്കോബിന്‍റെ സമൂഹം" (നിയ 33:4), യാക്കോബ് (സംഖ്യ 23:7,10,23; 24:5,17,19) എന്നീ ശൈലികളും വി. ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ യാക്കോബിനുള്ള അനന്യശ്രേഷ്ഠമായ സ്ഥാനമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
ഇസ്രായേല്‍ജനത്തെ ഈജിപ്തിന്‍റെ അടിമത്തത്തില്‍നിന്നു മോചിച്ച ധീര നായകനാണ് മോശ. സീനായ് മലയില്‍വച്ച് നടന്ന ഉടമ്പടിയുടെ ചടങ്ങുകള്‍ക്കു നേതൃത്വം കൊടുത്ത്, വാഗ്ദാനനാട്ടിലേക്ക് അവരെ ആനയിക്കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ഹെബ്രായ ബൈബിളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മോശ. കാരണം, "കര്‍ത്താവ് മുഖാമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല" (നിയ 34:10). മഹത്ത്വത്തിന്‍റെ ഉന്നതിയിലും മോശയ്ക്ക് അദ്ദേഹത്തിന്‍റെ മനുഷ്യത്വം, ദേഷ്യപ്പെടുന്ന സ്വഭാവം, അസ്വസ്ഥത, ആത്മവിശ്വാസമില്ലായ്മ എന്നിവ പ്രകടമായിരുന്നു.
വിവിധ പാരമ്പര്യങ്ങള്‍ വിവിധ രീതിയിലാണ് മോശയെ കാണുന്നത്.
യാഹ്വിസ്റ്റ് - എലോഹിസ്റ്റ് പാരമ്പര്യത്തില്‍: പുറ 1:15-2:22 ലെ വിവരണങ്ങള്‍ക്കു ചരിത്രത്തില്‍നിന്നു തെളിവുകള്‍ ഇല്ലെങ്കില്‍ അവ മോശയുടെ ജനനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഫറവോയുടെ ഭരണകാലത്ത് ജനിച്ച് രാജകൊട്ടാരത്തില്‍ വളര്‍ന്ന, സ്വന്തം ജനത്തെ സ്നേഹിച്ച ലേവ്യഗോത്രജനായ ഒരു ഹെബ്രായനാണ് മോശ. മിദിയാനിലേക്ക് ഓടിപ്പോയ മോശ 'ജെത്രോ' (വുവെല്‍) എന്ന പുരോഹിതന്‍റെ പുത്രിയെ വിവാഹം ചെയ്തു.
പുറ 3:1-12 മോശയുടെ വിളിയും ദൗത്യവും വെളിവാക്കുന്നു. എരിഞ്ഞുകൊണ്ടിരിക്കുന്ന കുറ്റിച്ചെടികള്‍ ദൈവവും മോശയുമായുള്ള സംഭാഷണത്തിനു വേദിയൊരുക്കുന്നു. 7-8 വാക്യങ്ങളില്‍ യാഹ്വെ സ്വന്തം ജനത്തെ കാണുന്നു. അതിനാല്‍ അവരെ സ്വതന്ത്രരാക്കാന്‍ തീരുമാനിക്കുന്നു. വാ. 10-ല്‍ മോശ ദൈവത്തിന്‍റെ പ്രതിനിധിയായി ഉയര്‍ത്തപ്പെടുന്നു. തന്‍റെ കഴിവില്ലായ്മ പറഞ്ഞ് ഒഴിവാകാന്‍ മോശ ശ്രമിച്ചെങ്കിലും ദൈവം തന്‍റെ പേരും ശക്തിയും മോശയ്ക്കു വെളിപ്പെടുത്തി ധൈര്യം നല്‍കുന്നു (പുറ 5:1-12,20). മോശ യാഹ്വെയുടെ നാമത്തില്‍ ഫറവോയോടു ഹെബ്രായരെ ഉപവാസം അനുഷ്ഠിക്കുന്നതിനായി മരുഭൂമിയിലേക്കു നയിക്കുവാന്‍ സമ്മതം ചോദിക്കുന്നു. ഫറവോ നിരാകരിക്കുന്നു. ഒന്‍പതു മഹാമാരികള്‍ അയച്ചിട്ടും ഫറവോയുടെ മനസ്സ് മാറാത്തതിനാല്‍ യാഹ്വെ ഈജിപ്തിന്‍റെ ആദ്യജാതരെ വധിക്കുന്നു. ഫറവോ ഈജിപ്തുവിട്ടുപോകാന്‍ ഇസ്രായേല്‍ക്കാരോട് ആവശ്യപ്പെട്ടു. പിന്നീട് മനസ്സുമാറ്റി അവരെ പിന്തുടര്‍ന്നു. എന്നാല്‍, ചെങ്കടലിലെ അത്ഭുതം ഇസ്രായേലിനെ രക്ഷിക്കുകയും ഫറവോയെയും കൂടെയുള്ളവരെയും വധിക്കുകയും ചെയ്യുന്നു. മോശ ദൈവത്തിന്‍റെ ദാസനാണ്. ഇസ്രായേല്‍ യാഹ്വെയിലും അവിടുത്തെ ദാസനായ മോശയിലും വിശ്വസിച്ചു (പുറ 14:31).
സീനായ് മലയില്‍നടന്ന സംഭവങ്ങള്‍ക്ക് രണ്ടു പാരമ്പര്യങ്ങളുണ്ട്. എലോഹിസ്റ്റ് പാരമ്പര്യമാണ് പ്രധാനം. ദൈവം ജനത്തോട് കല്‍പ്പനകള്‍ പ്രഖ്യാപിക്കുമ്പോള്‍ (20:1-17) അവര്‍ ഭയപ്പെടുകയും ദൈവത്തിന്‍റെ വചനം മോശ പറഞ്ഞുതന്നാല്‍ മതിയെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു (പുറ 20:18-20). അങ്ങനെ ഒരു പുരോഹിതനെപ്പോലെ ബലിമൃഗത്തിന്‍റെ രക്തം തളിച്ചുകൊണ്ട് (24:3-8) മോശ ഉടമ്പടി സ്ഥിരീകരിക്കുന്നു.
യാഹ്വിസ്റ്റു പാരമ്പര്യത്തില്‍ യാഹ്വെ ജനങ്ങളുടെ മുമ്പില്‍വച്ച് മോശയോടാണ് സംസാരിക്കുന്നത് (പുറ 19:9, 19). അതിനുശേഷം, ജനങ്ങളുടെ ഉടമ്പടി അവര്‍ക്കുവേണ്ടി മോശയുമായാണ് ചെയ്യുന്നത് (പുറ 34:27).
സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടിയെ ഇസ്രായേല്‍ ഉണ്ടാക്കിയതിനുശേഷമുള്ള സംഭവങ്ങളില്‍ ജനത്തെ നശിപ്പിക്കാന്‍ യാഹ്വെ തീരുമാനിക്കുന്നതായി കാണാം (32:1-10). ഇവിടെ മോശ ജനത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു (32:11-14). ദൈവം പ്രാര്‍ത്ഥനകേട്ട് പാപം ക്ഷമിച്ചില്ലെങ്കില്‍ തന്‍റെ പേര് ദൈവത്തിന്‍റെ പുസ്തകത്തില്‍നിന്നു മായിച്ചുകളയണമെന്ന് (32:32) മോശ ആവശ്യപ്പെടുന്നു. അങ്ങനെ, മോശയുടെ 'മദ്ധ്യസ്ഥന്‍' എന്ന പദവിക്കു പ്രാധാന്യം ലഭിക്കുന്നു.
നിയമദാതാവ് എന്ന നിലയില്‍ മോശ ദൈവത്തിന്‍റെ പ്രതിനിധിയും മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ ജനങ്ങളുടെ പ്രതിനിധിയുമാണ്. നിയമദാതാവ് എന്ന നിലയില്‍ മോശയ്ക്ക് ലഭിച്ച പ്രത്യേകതയാണ് 'പ്രകാശിക്കുന്ന മുഖം' (പുറ 34:29-35). തത്ഫലമായി ജനങ്ങള്‍ അദ്ദേഹത്തില്‍നിന്നു പിന്‍വലിഞ്ഞു. മോശ പിന്നീട് മുഖാവരണം (Masweh (Hb)) ധരിച്ചിരുന്നു.
മിരിയാം മോശയുടെ അധികാരത്തെ ചോദ്യംചെയ്യുന്നിടത്ത് ലേഖകന്‍ പറയുന്നു. "മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ച് സൗമ്യനായിരുന്നു" (സംഖ്യ 12:3). യാഹ്വെയാണ് മോശയെ സംരക്ഷിച്ചിരുന്നത് (12:8). മോശ മിരിയാമിനുവേണ്ടി പ്രാര്‍ത്ഥിച്ചെങ്കിലും അവള്‍ക്ക് ഏഴു ദിവസങ്ങള്‍ പാളയത്തിനു പുറത്ത് താമസിക്കേണ്ടിവന്നു (സംഖ്യ 12:14).
കാനാനിലേക്കു പോയ ചാരന്മാര്‍ പറഞ്ഞതുകേട്ട് കാദേഷ് വിടാന്‍ ഭയപ്പെട്ട ഇസ്രായേലിന്‍റെ സമാഗമകൂടാരത്തില്‍ യാഹ്വെ പ്രത്യക്ഷപ്പെട്ട് ജനത്തെ കൈവിടുമെന്നു പ്രഖ്യാപിച്ചു. അവിടെ മോശ വാചാലനാവുകയും ജനങ്ങള്‍ക്കുവേണ്ടി പൊറുതി അപേക്ഷിക്കുകയും ചെയ്തു. യാഹ്വെ മോശയുടെ വാക്കുകള്‍ കേട്ടു. എന്നാല്‍ മുതിര്‍ന്നവര്‍ ശിക്ഷയനുഭവിക്കേണ്ടിവരുന്നു. അവര്‍ വാഗ്ദാനഭൂമിയില്‍ പ്രവേശിക്കുകയില്ല (സംഖ്യ 13:25-14:23). ഇടയന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും മോശ ഇസ്രായേലിന് ഇടയനെപ്പോലെയാണ്.
നിയമാവര്‍ത്തന പാരമ്പര്യം: യാഹ്വെ, എലോഹിം പാരമ്പര്യങ്ങളിലെ പ്രധാന കാര്യങ്ങളെല്ലാം നിലനിര്‍ത്തുന്നുവെങ്കിലും നിയമാവര്‍ത്തന പാരമ്പര്യത്തിനു ചില പ്രത്യേകതകളുണ്ട്. ഹോറെബിലെ കാര്യങ്ങള്‍ വിശദീകരിച്ചതിനുശേഷം (നിയ 1:6-3:29) മോശ 'നേതാവാണ്' എന്നാല്‍ അത്ഭുതപ്രവര്‍ത്തകനല്ല എന്നു സമര്‍ത്ഥിക്കുന്നു. നിയ 34:11-ല്‍ അത്ഭുതങ്ങളെയും അടയാളങ്ങളെയുംപറ്റി പറയുന്നുണ്ടെങ്കിലും അത് ഈ പാരമ്പര്യത്തോടു പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.
ജനങ്ങളുടെ അപേക്ഷപ്രകാരം മോശ അവരുടെ മദ്ധ്യസ്ഥനായി (5:5,27) പ്രവര്‍ത്തിക്കുന്നു. എങ്കിലും യാഹ്വെ കല്‍പ്പിച്ചതു വിവരിക്കുകയാണ് മോശ പ്രധാനമായും ചെയ്യുന്നത് (നിയ 1:5). ഇവിടെ മോശ നിയമദാതാവ് മാത്രമല്ല, നിയമവ്യാഖ്യാതാവ് കൂടിയാണ്. നിയമങ്ങള്‍ നല്കിയശേഷം നിയമാവര്‍ത്തന പുസ്തകത്തിലുള്ളത് മോശയുടെ പ്രസംഗങ്ങളാണ്. നാലു മുതല്‍ മുപ്പുതുവരെയുള്ള അദ്ധ്യായങ്ങളില്‍ മുപ്പത്തിയാറു പ്രാവശ്യം 'ഞാന്‍ നിങ്ങളോടു കല്പിക്കുന്നു' എന്നു മോശ പറയുന്നതായി കാണാം. അങ്ങനെ 'യാഹ്വെയുടെ നിയമ'ത്തിലധിഷ്ഠിതമായ വ്യാഖ്യാനങ്ങള്‍ 'മോശയുടെ നിയമ'മായി കണക്കാക്കപ്പെടുവാന്‍ തുടങ്ങി.
മോശ 'സഹിക്കുന്ന മദ്ധ്യസ്ഥ'നാണ്. "നിങ്ങള്‍ നിമിത്തം കര്‍ത്താവ് എന്നോടു കോപിച്ചു" (1:37). മോശ പരാതിപ്പെടുന്നില്ല എങ്കിലും തനിക്കുവേണ്ടിത്തന്നെ പ്രാര്‍ത്ഥിക്കുന്നു (3:25). എന്നാല്‍, ദൈവം ഈ പ്രാര്‍ത്ഥന സ്വീകരിക്കുന്നില്ല (3:26). ശിക്ഷയുടെ കാരണം ഈ ഭാഗത്തുനിന്നു വ്യക്തമല്ല.
പുരോഹിത പാരമ്പര്യം: എലോഹിം പാരമ്പര്യത്തില്‍ അഹറോനാണ് വക്താവ് (പുറ 7:1). എന്നാല്‍, പുരോഹിത പാരമ്പര്യത്തില്‍ കല്പന നല്‍കുന്നത് മോശയും, വടിയെടുത്ത് അത്ഭുതം പ്രവര്‍ത്തിക്കുന്നത് അഹറോനുമാണ് (പുറ 7:19). യാഹ്വെയുടെ അടയാളങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഫറവോയുടെ ഹൃദയം കഠിനമാക്കുന്നു (11:9-10). പുറ 24:16-18ളള-ല്‍ കൂടാരം എങ്ങനെ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം എഴുതിച്ചേര്‍ക്കുന്നു. അങ്ങനെ ദൈവംതന്നെയാണ് ഇവ പറഞ്ഞതെന്നു വരുത്തിത്തീര്‍ക്കുന്നു. ഈ പാരമ്പര്യമനുസരിച്ച് പുറ 32:19-ല്‍ മോശ തകര്‍ത്ത രണ്ടു കല്പലകകളും പുനരുദ്ധരിക്കപ്പെട്ടേ തീരൂ. 34:1-29-ല്‍ ഇതു കാണാം.
ഡോ. ജോസഫ് പാംപ്ലാനി
The three fathers of the Pentateuch catholic malayalam bible Bishop Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206