We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 10-Feb-2021
സീനായ് ഉടമ്പടിയും പത്തു കല്പനകളും
ഹീബ്രുഭാഷയിലെ ബറിത് (Berith) എന്ന വാക്കാണ് മലയാളത്തില്‍ ഉടമ്പടി എന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ബാറാ (bara=ഒന്നിച്ച് ഭക്ഷിക്കുക) എന്ന ഹീബ്രു പദത്തിന്‍റെയും ബിറീതു (Biritu=ബന്ധിക്കുക) എന്ന അക്കാദിയന്‍ പദത്തിന്‍റെയും സമ്മിശ്രരൂപമാണ് ഇതെന്ന് കരുതപ്പെടുന്നു. ഇതിന്‍റെ ഗ്രീക്കുരൂപം ഡിയാത്തക്കേ (ഉശമവേലസല) എന്നാണ്. 'ഉടമ്പടി'ക്കു സമാനമായി ബൈബിളില്‍ മറ്റു പല പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഉദാ. സഖ്യം (ജോഷ്വ 9:6-16; ന്യായാ 2:2; 2 സാമു 3:12), ഒത്തുതീര്‍പ്പ് (2 രാജാ 11:4; ജോബ് 41: 4), വാക്കുകൊടുക്കല്‍ (സങ്കീ 55:20), ബന്ധം (ആമോ 1:9), സന്ധി (1 രാജാ 5:12).
മധ്യപൗരസ്ത്യ ഉടമ്പടികള്‍: വ്യക്തികളും ദേശങ്ങളും ഗോത്രങ്ങളും പുരാതനകാലം മുതല്‍തന്നെ പല തരത്തിലുള്ള ഉടമ്പടികളില്‍ ഏര്‍പ്പെട്ടിരുന്നു. ഹിത്യരാജാവായ ഹത്തുസില്‍സ് lll-ാംമനും ഈജിപ്തിലെ ഫറവോയായിരുന്ന റംസേസ് ll-ാംമനുമാണ് ഹിത്യ ഉടമ്പടി ഉണ്ടാക്കിയത്. ഈ ഉടമ്പടിക്ക് അഞ്ചു ഭാഗങ്ങളുണ്ടായിരുന്നു.
ഉടമ്പടിയോടനുബന്ധിച്ച് മൃഗബലി നടത്തുന്ന പതിവും സര്‍വ്വസാധാരണമായിരുന്നു. ഉടമ്പടി ലംഘിക്കുന്നവന്‍ മൃഗത്തെപ്പോലെ വധിക്കപ്പെടും എന്നായിരുന്നു ഇതിന്‍റെ സൂചന. ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തുല്യരാകണമെന്നില്ല. അധിപനും ആശ്രിതനും ഉടമ്പടിയില്‍ പങ്കുചേരുന്നത് സാധാരണമായിരുന്നു. ബൈബിളില്‍ കാണുന്ന പല ഉടമ്പടികളും ഇത്തരത്തിലുള്ളവയായിരുന്നു (ഉദാ: ജോഷ്വ 5;1 സാമു 11:1-2; ഉല്‍പ 14).
പലതരത്തിലുള്ള ഉടമ്പടികളെക്കുറിച്ച് പഴയനിയമത്തില്‍ പരാമര്‍ശങ്ങളുണ്ട്. ദാവീദും ജോനാഥനും (1 സാമു 18:3-4), ദാവീദും അബ്നേറും (2 സാമു 3:12-21), സോളമനും ഷെമേയിയും (1 രാജാ 2:42-46), സോളമനും ഹിരാമും (1 രാജാ 5:12) തമ്മിലുണ്ടായ ഉടമ്പടികള്‍ ഉദാഹരണങ്ങള്‍. ഉടമ്പടിയോടനുബന്ധിച്ച് പല അനുഷ്ഠാനങ്ങളുമുണ്ടായിരുന്നു. സത്യപ്രതിജ്ഞ (ഉല്‍പ 24:2-3,9, 41), പന്തിഭോജനം (ഉല്‍പ 26:28-30), വസ്ത്രം കൈമാറല്‍ (1 സാമു 13:4), മൃഗബലി (ഉല്‍പ 15:9-21; ജറെ 34:18-20) എന്നിവയായിരുന്നു പ്രധാനപ്പെട്ടവ.
എന്നാല്‍, വി. ഗ്രന്ഥം അതീവ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നത്, ദൈവം തന്‍റെ ജനവുമായി നടത്തുന്ന ഉടമ്പടികളെയാണ്. ഈ ഉടമ്പടികള്‍ക്കു മുന്‍കൈ എടുക്കുന്നത് ദൈവമാണ്. നോഹയുമായും (ഉല്‍പ 9:8-17) അബ്രാഹവുമായും (ഉല്‍പ 15:17) കാലാന്തരത്തില്‍ അബ്രാഹത്തിന്‍റെ പിന്‍തലമുറക്കാരായ ഇസ്രായേല്‍ ജനവുമായും (പുറ 19-24) ദൈവം ഉടമ്പടി ചെയ്തു. ദാവീദുമായും അവിടുന്ന് ഉടമ്പടി ബന്ധത്തിലേര്‍പ്പെടുന്നുണ്ട് (2 സാമു 7; 1 രാജാ 8:17).
ദൈവവും ഇസ്രായേലും തമ്മില്‍ നടന്ന ഉടമ്പടി ഹിത്യരുടെ ഉടമ്പടിയുടെ ഘടനയിലുള്ളതായിരുന്നു. ഉദാ: ജോഷ്വ 24.
ദൈവവുമായി ചെയ്ത ഉടമ്പടി ഇസ്രായേലിന്‍റെ ചരിത്രത്തെ അടിമുടി സ്വാധീനിച്ചു. ജനം ഉടമ്പടി വ്യവസ്ഥകള്‍ ലംഘിച്ചപ്പോള്‍ ദൈവം മുന്നറിയിപ്പു നല്‍കി. അതും അവഗണിച്ചപ്പോള്‍ അവിടുന്ന് അവരെ ശിക്ഷിച്ചു (1 സാമു 4:4-11; 2:27-36; 3:11-14). തുടര്‍ന്നുള്ള ഇസ്രായേലിന്‍റെ ചരിത്രം, ഉടമ്പടി പാലിക്കുന്നതില്‍ അവര്‍ വരുത്തിയ വീഴ്ചകളുടെയും അതിന് ദൈവം നല്കിയ ശിക്ഷകളുടെയും രേഖയാണ്. ഏറ്റവും വലിയ ശിക്ഷയായിരുന്നു പ്രവാസം.പ്രവാസാനന്തര കാലത്ത് പ്രവാചകന്മാരിലൂടെ ഒരു പുതിയ ഉടമ്പടിയെക്കുറിച്ച് ദൈവം ജനത്തെ അറിയിച്ചു (ജറെ 31:31-34; ഏശ 42:9) ഈ പുതിയ ഉടമ്പടി നിത്യമായിരിക്കും (എസെ 34:25; 37:26; ഏശ 55:3; ജറെ 32:37-40). ഇതുവഴി ഇസ്രായേല്‍ ജനം മുഖേന എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും.
ഉടമ്പടി എന്നപദം പ്രവാചക ഗ്രന്ഥങ്ങളില്‍ പ്രതീകാത്മകമായും ഉപയോഗിച്ചിട്ടുണ്ട് (ജറെ 33:20,25; മലാ 2:14; ഹോസി 2:18).പഴയനിയമ ഉടമ്പടികള്‍ പുതിയനിയമത്തിലുടനീളം പരാമര്‍ശിക്കപ്പെടുന്നുണ്ട് (ലൂക്കാ 1:72; അപ്പ 3:25; ഗലാ 3:25;7:8; ഗലാ 3:15,17; 2 കോറി 3:14). പഴയനിയമ ഉടമ്പടിക്ക് യേശു പുതിയ വ്യാഖ്യാനം നല്കി (ലൂക്കാ 22:20; 1 കോറി 11:25; മത്താ 26:28; മര്‍ക്കോ 14:24). പുതിയ ഉടമ്പടി ഉറപ്പിക്കാന്‍ മൃഗബലിക്കു പകരം സ്വന്തം ശരീരവും രക്തവുമാണ് അവിടുന്ന് ബലിയായി അര്‍പ്പിച്ചത് (ലൂക്കാ 22:20; മത്താ 26:28; മര്‍ക്കോ 14:24). ജറെ 31:31-34 ന്‍റെ വെളിച്ചത്തില്‍ യേശുവിന്‍റെ രക്ഷാകരപ്രവര്‍ത്തനം മുഴുവന്‍ പുതിയ ഉടമ്പടിയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു എന്ന് പൗലോസ് പഠിപ്പിക്കുന്നുണ്ട്. (റോമാ 11:27; 1 കോറി 11:25; 2 കോറി 3:1-6; എഫേ 2:12). 2കോറി 3:14-18 ല്‍ പഴയതും പുതിയതുമായ ഉടമ്പടിയുടെ വ്യത്യാസം പൗലോസ് എടുത്തുകാണിക്കുന്നു. ഹെബ്രായലേഖന കര്‍ത്താവും പൗലോസിന്‍റെ ആശയങ്ങളെ പിന്താങ്ങുന്നുണ്ട് (8:8; 10:16 ളള; 9:1ളള; 12:24ff etc.) യേശു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനാണ് (ഹെബ്രാ 9:15).
പത്തു പ്രമാണങ്ങള്‍
ദൈവനിഷേധത്തിലേക്കും സഹോദരവധത്തിലേക്കും നയിച്ച മനുഷ്യന്‍റെ അഹങ്കാരവും സ്വാര്‍ത്ഥതയുംമൂലം തകര്‍ന്ന ബന്ധങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് സഹോദരങ്ങളുടെ കൂട്ടായ്മയായ സമൂഹത്തിനു രൂപം കൊടുക്കാന്‍ ദൈവം വിഭാവനം ചെയ്ത രക്ഷാകരപദ്ധതിയിലെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമാണ് സീനായ് ഉടമ്പടി. നിയമങ്ങളുടെ രണ്ടു പട്ടികകള്‍ സീനായ് ഉടമ്പടിയുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ ആദ്യത്തേത് പത്തു കല്പനകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു (പുറ 34, 28; നിയ 4, 13; 10, 4). "പത്തു വാക്കുകള്‍" എന്നാണ് ഹീബ്രുമൂലം. ദൈവം തന്‍റെ വിരല്‍കൊണ്ട് രണ്ടു കല്പലകകളുടെ ഇരുവശത്തും എഴുതി മോശയ്ക്കു നല്കിയതാണ് ഈ പ്രമാണങ്ങള്‍ എന്നു പുറപ്പാടു പുസ്തകത്തില്‍ പല തവണ രേഖപ്പെടുത്തിയിരിക്കുന്നത് (പുറ 31,18; 32,15; 34,1) ഈ നിയമങ്ങളുടെ പ്രാധാന്യം എടുത്തു കാട്ടുന്നു. മനുഷ്യന് ദൈവത്തോടും സഹജീവികളോടും ഉണ്ടായിരിക്കേണ്ട ബന്ധങ്ങളെ സമഗ്രമായി നിര്‍വചിക്കുന്ന പത്തു പ്രമാണങ്ങള്‍ പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ സുപ്രധാനങ്ങളാണ്. മാനവസമൂഹത്തിനു മുഴുവനും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പു വരുത്തുന്ന അടിസ്ഥാന നിയമങ്ങളാണിവ.
ഭയാനകമായ ഒരു ദൈവദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് പത്തു പ്രമാണങ്ങള്‍ അവതരിപ്പിക്കുന്നതെങ്കിലും സീനായ് സംഭവവുമായി ഇതിനുള്ള ബന്ധം കൃത്രിമമാണെന്ന് അടുത്തു പരിശോധിച്ചാല്‍ കാണാനാവും. പുറ 19, 25ല്‍ മോശ മലയില്‍നിന്ന് ഇറങ്ങി വന്ന് ജനത്തോടു സംസാരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. 20, 18ല്‍ മലയുടെ മുന്നില്‍ ഭയന്നു നില്ക്കുന്ന ജനത്തിന്‍റെ ചിത്രം അവതരിപ്പിച്ചിരിക്കുന്നു ഇവയ്ക്കു മധ്യേ തിരുകി വച്ചതുപോലെയാണ് പത്തു പ്രമാണങ്ങളുടെ പട്ടിക പ്രത്യക്ഷപ്പെടുന്നത്. പ്രമാണങ്ങളുടെ പട്ടികയില്‍ ഋജ രചയിതാക്കളുടെ സ്വാധീനം കാണാം. പല പാരമ്പര്യങ്ങള്‍ കൂട്ടിയോജിപ്പിച്ച അന്തിമപ്രസാധകനാണ് വിവരണങ്ങളെ ഈ ക്രമത്തില്‍ അവതരിപ്പിച്ചത്.
പത്തു പ്രമാണങ്ങളുടെ രണ്ടു പട്ടികകള്‍ ബൈബിളിലുണ്ട് (പുറ 20, 1-17; നിയ 5, 6-21). രണ്ടും തമ്മില്‍ കാതലായ ഐക്യമുണ്ടെങ്കിലും ചുരുക്കം ചില വ്യത്യാസങ്ങളും കാണാം. സാബത്താചരണത്തിനു നല്കുന്ന വിശദീകരണമാണ് ഒരു വ്യത്യാസം. അന്യന്‍റെ വസ്തുക്കളെ ആഗ്രഹിക്കരുത് എന്ന പ്രമാണത്തില്‍ വിലക്കപ്പെട്ട കാര്യങ്ങളെ അവതരിപ്പിക്കുന്ന ക്രമത്തില്‍ രണ്ടാമത്തെ പ്രധാന വ്യത്യാസം ദൃശ്യമാകുന്നു. ഇന്നു ബൈബിളില്‍ കാണുന്ന ക്രമത്തില്‍ അവതരിപ്പിക്കുന്നതിനു മുമ്പേ സ്വതന്ത്രമായി നിലനിന്ന ഒരു പട്ടികയായിരുന്നു പത്തു പ്രമാണങ്ങള്‍ എന്ന് ഈ വ്യത്യാസങ്ങളില്‍ നിന്ന് അനുമാനിക്കാം. പ്രമാണങ്ങളില്‍ ചിലത് ഒറ്റ വാക്യത്തിലുള്ള കല്പനയോ വിലക്കോ ആയി അവതരിപ്പിക്കുമ്പോള്‍ മറ്റു ചിലതിന് ദീര്‍ഘമായ വിശദീകരണങ്ങള്‍ നല്കിയിരിക്കുന്നു. ആരംഭത്തില്‍ എല്ലാ പ്രമാണങ്ങളും നിരുപാധികമായ കല്പനകളായിരുന്നെന്നും വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും പില്ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണെന്നും പൊതുവേ കരുതപ്പെടുന്നു.
ഉടമ്പടിയുടെ നിബന്ധനകളായി അവതരിപ്പിക്കുന്ന നിയമങ്ങള്‍ക്കും ബി. സി. രണ്ടാം സഹസ്രാബ്ദത്തില്‍ മെസൊപ്പൊട്ടാമിയായില്‍ നിലവിലിരുന്ന പല നിയമസംഹിതകളോടും സാമ്യമുണ്ട്. ഹമ്മുറാബിയുടെ നിയമസംഹിത, എഷ്നുന്നായുടെ നിയമസംഹിത (Code of Eshnunna), ഹിത്യരുടെ നിയമസംഹിത (Hittite Code ) എന്നിവ ഉദാഹരണങ്ങളാണ്. മനുഷ്യര്‍ തമ്മിലുള്ള വ്യവഹാരങ്ങളാണ് ഇവയിലെല്ലാം പ്രതിപാദിക്കപ്പെടുന്നത്. നിയമദാതാവായ രാജാവിന്‍റെ കല്പനകളായിട്ടാണ് ഈ നിയമങ്ങളെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. പത്തു പ്രമാണങ്ങള്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളെ മാത്രമല്ല, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും പരാമര്‍ശിക്കുന്നു. ഏതെങ്കിലും ഒരു മനുഷ്യവ്യക്തിയുടെ തീരുമാനമല്ല, വെളിപ്പെടുത്തപ്പെട്ട ദൈവഹിതമാണ് പത്തു പ്രമാണങ്ങളുടെ ഉള്ളടക്കം.
നിയമങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലും മെസൊപ്പൊട്ടാമിയന്‍ നിയമസംഹിതകളും പത്തു പ്രമാണങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. "ഇന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഇപ്രകാരം പ്രവര്‍ത്തിക്കണം" എന്ന അവതരണരീതിയാണ് ആദ്യത്തെ നിയമസംഹിതകളില്‍ എല്ലാം ഉള്ളത്. ഇതിനെ വ്യവസ്ഥാബദ്ധമായ, അഥവാ സോപാധികമായ നിയമങ്ങള്‍ (Conditional law) എന്നു വിളിക്കുന്നു. ഇപ്രകാരമുള്ള അവതരണരീതിയാണ് ബൈബിളിലെ മിക്ക നിയമങ്ങള്‍ക്കും ഉള്ളത്. എന്നാല്‍ പത്തു പ്രമാണങ്ങള്‍ യാതൊരു വ്യവസ്ഥയുമില്ലാത്ത കല്പനകളാണ്. ഏതു സാഹചര്യത്തിലും എക്കാലവും സാധുതയുള്ള നിയമങ്ങളാണിവ. ഇതിനെ നിരുപാധിക കല്പനകള്‍ (Apodictic laws) എന്നു വിളിക്കുന്നു.പത്തു പ്രമാണങ്ങള്‍ എന്നു ബൈബിളില്‍ പലതവണ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പ്രമാണങ്ങളെ പത്തായി വിഭജിക്കുന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇന്നു പ്രചാരത്തിലിരിക്കുന്ന മൂന്നു വിഭജനരീതിയകള്‍ താഴെ കൊടുക്കുന്നു.
TABLE 1
റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ചാണ് യഹൂദര്‍ ഈ വിഭജനരീതി സ്വീകരിച്ചിരിക്കുന്നത്. യഹൂദചിന്തകനായ ഫിലോയും ചരിത്രകാരനായ ഫ്ളാവിയൂസ് ജോസേഫൂസും ഗ്രീക്ക് സഭാപിതാക്കന്മാരും സ്വീകരിച്ച വിഭജനരീതി മിക്ക പ്രോട്ടസ്റ്റന്‍റു സഭകളും പിന്തുടരുന്നു. വി. അഗസ്റ്റിന്‍ തുടങ്ങി ലത്തീന്‍സഭ പിതാക്കന്മാര്‍ എടുത്ത നിലപാടാണ് കത്തോലിക്കാ സഭയും ലൂഥറന്‍സഭയും പ്രമാണങ്ങളുടെ വിഭജനക്രമത്തില്‍ അംഗീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് യഹൂദരും പ്രോട്ടസ്റ്റന്‍റുകാരും ഒന്നും രണ്ടും പ്രമാണങ്ങളായി എണ്ണുന്നവയെ കത്തോലിക്കര്‍ ഒന്നാം പ്രമാണമായി കരുതുന്നു. ആദ്യത്തെ കൂട്ടര്‍ പത്താം പ്രമാണമായി കരുതുന്നവയെ രണ്ടാമത്തെ കൂട്ടര്‍ 9, 10 പ്രമാണങ്ങളായി പരിഗണിക്കുന്നു. വിഭജനത്തിലുള്ള ഈ വ്യത്യാസത്തിന്‍റെ കാരണങ്ങള്‍ ഓരോ പ്രമാണവും ചര്‍ച്ച ചെയ്യുമ്പോള്‍ എടുത്തു കാട്ടുന്നതാണ്.
ഒന്നാം പ്രമാണം 20,2-6
ദൈവം അരുളിച്ചെയ്ത വചനങ്ങളാണിവ എന്ന ഒന്നാം വാക്യം പ്രമാണങ്ങളുടെ പട്ടികയ്ക്ക് ഒരു ശീര്‍ഷകമായി നിലകൊള്ളുന്നു. ദൈവത്തിന്‍റെ വചനമായിരിക്കണം ദൈവജനത്തിന് മാര്‍ഗ്ഗദീപമായി നില്ക്കുന്നത് (സങ്കീ. 119,105). തുടര്‍ന്ന് അവതരിപ്പിക്കുന്ന നിയമസംഹിതകളെല്ലാം ഈ അടിസ്ഥാന നിയമങ്ങളുടെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ഉള്‍പ്പിരിവുകളുമാണ്. അടിമത്തത്തില്‍നിന്ന് താന്‍ മോചിപ്പിച്ച തന്‍റെ ജനം സ്വതന്ത്രരായി തുടരാന്‍ ആവശ്യമായ അടിസ്ഥാന ജീവിതനിയമങ്ങളാണ് ഇവിടെ ദൈവം നല്കുന്നത്. അടിമകളുടെ നിര്‍ബന്ധിത സേവനമല്ല, സ്വതന്ത്രരുടെ സ്നേഹപൂര്‍ണ്ണമായ ശുശ്രൂഷയാണ് അവിടുത്തേക്ക് ആവശ്യം.
നീ, നിന്നെ, നിന്‍റെ, നിനക്ക് എന്നിങ്ങനെയുള്ള ഏകവചനപ്രയോഗങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇസ്രായേല്‍ ജനത്തെ മുഴുവന്‍ ഒറ്റ വ്യക്തിയെന്ന നിലയിലാണ് ഈ പ്രമാണങ്ങള്‍ കാണുന്നത്. മാത്രമല്ല, ഓരോ വ്യക്തിയെയും ദൈവം നേരിട്ട് അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. വ്യക്തിത്വമോ വ്യക്തിപരമായ ഉത്തരവാദിത്വമോ ഇല്ലാത്ത ഒരു ഭരണസംവിധാനമില്ല, ഓരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ച്, ഞാന്‍ - നീ എന്ന ദൃഢമായ ബന്ധം സ്ഥാപിക്കുന്ന വ്യക്തിയാണ് ദൈവം.
യാഹ്വേയെ മാത്രമേ ദൈവമായി ആരാധിക്കാവൂ എന്ന കല്പനയുടെ വിശദീകരണമാണ് ബഹുദൈവാരാധനയും വിഗ്രഹാരാധനയും വിലക്കുന്നതിലൂടെ നല്കുന്നത്. അന്യജനതകള്‍ അനേകം ദൈവങ്ങളെ ആരാധിച്ചിരുന്നു. ഓരോ ആവശ്യങ്ങള്‍ക്കായി അവര്‍ ഓരോ ദൈവങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിനെ തിരഞ്ഞെടുത്ത ദൈവമായ യാഹ്വേ അസഹിഷ്ണുവായ ദൈവമാണ്. തന്നോടൊപ്പം മറ്റു ദൈവങ്ങളെ ആരാധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ദൈവം ഒരുവനേയുള്ളൂ. ദൈവങ്ങളായി പരിഗണിക്കപ്പെടുന്ന മറ്റെല്ലാം മിഥ്യയും മനുഷ്യസങ്കല്പവും മാത്രമാണ്. അവയെ ആരാധിക്കുന്നവര്‍ അവയ്ക്ക് അടിമകളായി തീരുന്നു. അതിനാല്‍ ഒന്നാം പ്രമാണവും മനുഷ്യന്‍റെ യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ് ലക്ഷ്യം വയ്ക്കുന്നത്.
വിഗ്രഹനിര്‍മ്മാണത്തെയും ആരാധനയെയും വിലക്കുന്ന കല്പന രണ്ടാം പ്രമാണമായി യഹൂദരും പ്രോട്ടസ്റ്റന്‍റുസഭകളും കരുതുന്നു. കത്തോലിക്കരാകട്ടെ ഒന്നാം പ്രമാണത്തിന്‍റെ വിശദീകരണമായിട്ടാണ് ഇതിനെ കാണുന്നത്. യാഹ്വേ മാത്രമാണ് ദൈവം, മറ്റു ദൈവങ്ങളെ ആരാധിക്കരുത് എന്നകല്പനയുടെ രണ്ടു ഭാഗങ്ങള്‍ വിഗ്രഹം ഉണ്ടാക്കരുത്, ആരാധിക്കരുത് എന്ന വിലക്കിലൂടെ കൂടുതല്‍ വ്യക്തമാക്കുന്നു. ആരാധനയ്ക്കായി വിഗ്രഹം ഉണ്ടാക്കരുത് എന്നാണ് ചുരുക്കത്തില്‍ ഈ കല്പനയുടെ അര്‍ത്ഥം. അതിനാല്‍ ഇത് ഒന്നാം പ്രമാണത്തിന്‍റെ ഭാഗമാണ്.
ആരാധിക്കാനല്ലാതെ പ്രതിമകള്‍ ഉണ്ടാക്കുന്നത് ഈ പ്രമാണത്തിലൂടെ മുടക്കുന്നില്ല എന്നു കാണാം. കൃപാസനത്തിന്മേല്‍ കെരൂബുകളുടെ പ്രതിമകള്‍ സ്ഥാപിക്കാനും (പുറ 25, 18-21) മരുഭൂമിയില്‍ വച്ചു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കാനും (സംഖ്യ 21, 8-9) മോശയ്ക്കു കര്‍ത്താവുതന്നെ നല്കിയ കല്പനകളില്‍നിന്നും ഇതു വ്യക്തമാണ്. പഴയ നിയമത്തില്‍ അദൃശ്യനായി സ്ഥിതി ചെയ്യുകയും വചനത്തിലൂടെ മാത്രം സ്വയം വെളിപ്പെടുത്തുകയും ചെയ്ത ദൈവം കാലത്തിന്‍റെ പൂര്‍ണ്ണതയില്‍, യേശുക്രിസ്തുവില്‍ മനുഷ്യനായി അവതരിച്ചു (കൊളോ 1, 15; ഫിലി 2. 7). ദൃശ്യനായി അവതരിച്ചവന്‍റെ പ്രതിമയോ ഛായാചിത്രമോ ഉണ്ടാക്കുന്നത് ഒന്നാം പ്രമാണത്തിന്‍റെ ലംഘനമാവുകയില്ല. പ്രതിമകളും ഛായാചിത്രങ്ങളും പ്രതീകങ്ങള്‍ മാത്രമാണെന്നകാര്യം വിസ്മരിച്ച്, അവയെ ആരാധിക്കാന്‍ തുടങ്ങിയാല്‍ തീര്‍ച്ചയായും അതു പ്രമാണ ലംഘനമാകും. ദൈവത്തിന്‍റെ സ്ഥാനത്ത് മറ്റെന്തിനെയെങ്കിലും പ്രതിഷ്ഠിച്ചാല്‍ അത് വിഗ്രഹാരാധനയാകും. ധനം, അധികാരം പ്രത്യയശാസ്ത്രങ്ങള്‍, സ്ഥാനമാനങ്ങള്‍ തുടങ്ങി അനേകം വിഗ്രഹങ്ങള്‍ ഇന്നു മനുഷ്യഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ധനമോഹത്തെ വിഗ്രഹാരാധനയായി ബൈബിള്‍ ചിത്രീകരിക്കുന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമത്രേ (കൊളോ 3, 5 എഫേ 5, 5; മത്താ 6, 24).
മൂന്നും നാലും തലമുറകള്‍വരെ ശിക്ഷിക്കും എന്ന താക്കീത് ദൈവത്തിന്‍റെ പ്രതികാര ബുദ്ധിയല്ല, രക്ഷിക്കാനുള്ള തീരുമാനമാണ് വ്യക്തമാക്കുന്നത്. ദൈവകല്‍പന ധിക്കരിക്കുന്നവര്‍ എന്നാണ് എന്നെ വെറുക്കുന്നവര്‍ڈഎന്ന വിശേഷണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. താന്‍ ചെയ്ത തിന്മകള്‍ വേഗം മറക്കാന്‍ മനുഷ്യന്‍ ശ്രമിച്ചെന്നു വരും. എന്നാല്‍ അതു പരിഹരിക്കുന്നതുവരെ അവനു സ്വസ്ഥതയുണ്ടാവുകയില്ല. മനുഷ്യസമൂഹത്തില്‍ സത്യവും നീതിയും സാഹോദര്യവും നിലനില്ക്കണം എന്ന ദൈവത്തിന്‍റെ രക്ഷാകരമായ തീരുമാനം നിഷേധാത്മകരൂപത്തില്‍ ഇവിടെ പ്രകടമാകുന്നു. അനുതാപത്തിലേക്കും പാപപരിഹാരത്തിലേക്കും നയിക്കുന്നതാണ് ഈ ശിക്ഷ.
രണ്ടാം പ്രമാണം 20: 7
നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമം എന്ന പ്രയോഗം ഇസ്രായേലും ദൈവവും തമ്മിലുള്ള വ്യക്തിബന്ധത്തെ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിയും ദൈവത്തിനു നല്‍കേണ്ട ആദരവും ബഹുമാനവുമാണ് ഈ കല്പന ഉന്നം വയ്ക്കുന്നത്. അങ്ങയുടെ നാമം പൂജിതമാകണമേڈഎന്ന കര്‍തൃപ്രാര്‍ത്ഥനയില്‍ യേശുനാഥന്‍ ഈ പ്രമാണത്തിന്‍റെ അര്‍ത്ഥം വ്യക്തമാക്കിത്തന്നിട്ടുണ്ട്. ദൈവത്തോടുള്ള ആദരവിനു നിരക്കാത്ത സകല സംസാരവും ഈ പ്രമാണത്തിലൂടെ വിലക്കുന്നു. അഞ്ചുകാര്യങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. 1.ആണയിടല്‍. പറയുന്ന കാര്യത്തിന്‍റെ സത്യം സ്ഥാപിക്കാന്‍വേണ്ടി ദൈവനാമത്തില്‍ ആണയിടരുത്. കള്ളം സ്ഥാപിക്കാന്‍ കര്‍ത്താവിന്‍റെ നാമം ഉപയോഗിക്കരുത് എന്നാണ് മുഖ്യമായും ഇത് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ അതു മാത്രമല്ല, ആണയിടുകയേ അരുത് എന്ന് യേശു പഠിപ്പിച്ചു (മത്താ 5:33-37). സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാനായി ദൈവത്തിന്‍റെ നാമം പ്രയോഗിക്കരുത്. 2.ദൈവനാമത്തിന്‍റെ മാന്ത്രികമായ ഉപയോഗം. പ്രകൃത്യാതീത ശക്തികളുടെ പേര് അറിയാമെങ്കില്‍ അവയെ തങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ സ്വാധീനിക്കാം എന്ന് ബഹുദൈവാരാധകരായ പൗരാണികര്‍ വിശ്വസിച്ചിരുന്നു. തന്‍റെ ഇഷ്ടം അനുസരിച്ച് ദൈവം പ്രവര്‍ത്തിക്കും എന്ന അന്ധവിശ്വാസമാണ് ഈ ചിന്താഗതിയില്‍ നിഴലിക്കുന്നത്. നാമോച്ചാരണത്തിലൂടെ ദൈവികശക്തിയെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കരുത്. 3.ദൈവമല്ലാത്തതിന് ദൈവനാമം നല്‍കരുത്. ഒന്നാം പ്രമാണത്തിന്‍റെ ഒരു വിശദീകരണം തന്നെയാണിത്. 4. ദൈവദൂഷണം പറയരുത്. ദൈവത്തെ ശപിക്കുന്നതും ദൈവഭക്തരെ അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ പരിഹസിക്കുന്നതും ദൈവദൂഷണമാണ്. സമ്പത്തും സമൃദ്ധിയുമുണ്ടാകുമ്പോള്‍, ഇനി എനിക്കൊരാപത്തും വരാനില്ല എന്നു കരുതി ദൈവത്തെ വെല്ലുവിളിക്കുന്നതും ദൈവദൂഷണം തന്നെ. 5.ഇവയ്ക്കു പുറമേ ആവശ്യമായ ആദരവോ ചിന്തയോ കൂടാതെ അശ്രദ്ധമായും ലാഘവബുദ്ധിയോടെയും ദൈവനാമം ഉപയോഗിക്കുന്നതിനെയും ഈ പ്രമാണം വിലക്കുന്നു.
മൂന്നാം പ്രമാണം 20:8-11
ആഴ്ചയുടെ ഏഴാം ദിവസമാണ് സാബത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. 'ശാബത്ത' എന്ന ഹീബ്രുവാക്കിന് വര്‍ജ്ജിക്കുക, അവസാനിപ്പിക്കുക, നിര്‍ത്തുക എന്നൊക്കെയാണ് അര്‍ത്ഥം. സാബത്താചരണത്തെ സംബന്ധിച്ച മൂന്നാം പ്രമാണം രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. 1. എല്ലാ അധ്വാനങ്ങളിലും നിന്നു വിരമിച്ച് വിശ്രമിക്കണം. 2.ദൈവാരാധനയ്ക്കായി ആ ദിവസം മാറ്റി വയ്ക്കണം. സൃഷ്ടി കര്‍മ്മം പൂര്‍ത്തിയാക്കി ദൈവം വിശ്രമിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി (ഉല്‍പ 2:2-4) സാബത്താചരിക്കണം എന്ന കല്‍പന ഈ ദിവസത്തെ ദൈവത്തിന്‍റെ വിശ്രമത്തില്‍ പങ്കുചേരുന്ന അവസരമായി വിശേഷിപ്പിക്കുന്നു. നിയമാവര്‍ത്തന പുസ്തകത്തിലെ പത്തു പ്രമാണങ്ങളുടെ പട്ടികയില്‍ ഈജിപ്തില്‍ നിന്നുള്ള മോചനവുമായി ബന്ധിപ്പിച്ചുകൊണ്ട് (നിയ 5:12-15) അദ്ധ്വാനിക്കുന്നവരുടെ മൗലികാവകാശമായി സാബത്താചരണത്തെ വ്യാഖ്യാനിക്കുന്നു. ജോലികളില്‍നിന്നെല്ലാം വിരമിച്ച് വിശ്രമിക്കുക എന്നതായിരുന്നു സാബത്താചരണത്തിന്‍റെ ഉദ്ദേശ്യം.
പെസഹാ, പന്തക്കുസ്താ, കൂടാരത്തിരുന്നാള്‍ എന്നീ മൂന്നു പ്രധാന ഉത്സവങ്ങള്‍ എന്നതുപോലെ സാബത്താചരണവും കാനാന്‍കാരില്‍ നിന്നു കടമെടുത്തതാണെന്നു കരുതപ്പെടുന്നു. ആഴ്ചയുടെ ഏഴാം ദിവസം ദുര്‍ദ്ദേവതയുടെ ദിവസമായി കാനാന്‍കാര്‍ കരുതിയിരുന്നു. അന്നു ചെയ്യുന്ന യാതൊരു ജോലിയും വിജയിക്കുകയില്ല എന്നു മാത്രമല്ല, വിപരീത ഫലം ഉളവാക്കുകയും ചെയ്യും. അതിനാല്‍ അവര്‍ എല്ലാ ജോലികളും നിര്‍ത്തിവയ്ക്കും. ജോലികളില്‍നിന്നു വിരമിക്കുന്നതിനാലാണ് ഏഴാം ദിവസത്തിന് 'ശാബത്ത്' എന്ന പേരുണ്ടായത്. ആഴ്ചയുടെ ഏഴാം ദിവസത്തെ ശനിയാഴ്ച എന്നാണല്ലോ നാം വിളിക്കുക. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെയും നഷ്ടങ്ങളെയും സൂചിപ്പിക്കാന്‍ ശനി,ശനിദശ മുതലായ പദങ്ങള്‍ ഉപയോഗിക്കുക ഇന്നും സാധാരണമാണല്ലോ. 'ശാബത്തി'നെകുറിച്ച് കാനാന്‍കാരുടെ ഇടയില്‍ നിലവിലിരുന്ന വിശ്വാസം ശനിയെക്കുറിച്ച് നമ്മുടെ നാട്ടിലും പ്രാബല്യത്തിലിരിക്കുന്നു എന്ന് ഇതില്‍ നിന്നും കാണാം.
പരാജയകാരണമാകുന്ന ദുര്‍ദ്ദേവതയുടെ ദിവസം എന്ന നിലയില്‍ നിന്ന് കര്‍ത്താവിന്‍റെ വിശ്രമദിനമായി സാബത്ത് വ്യാഖ്യാനിക്കപ്പെട്ടു. ഭയത്തിന്‍റെയും നിഷ്ക്രിയത്വത്തിന്‍റെയുമല്ല, ആഹ്ലാദത്തിന്‍റെയും ദൈവാരാധനയുടെയും ദിവസമായി പത്തു പ്രമാണങ്ങള്‍ സാബത്തിനെ അവതരിപ്പിക്കുന്നു. കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കാനും അവിടുത്തെ സ്തുതിക്കാനുമുള്ള അവസരമാണ് സാബത്ത്. അത് നിത്യജീവിതത്തിന്‍റെ മുന്നാസ്വാദനവുമാണ് (ഹെബ്രാ 4:4-10). ബാബിലോണ്‍ പ്രവാസത്തിനു ശേഷം യഹൂദര്‍ സാബത്തില്‍ ജോലി ചെയ്യാതിരിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കി. സാബത്തില്‍ വിലക്കപ്പെട്ട ജോലികളുടെ പട്ടികയുണ്ടാക്കുകയും നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കുകയും ചെയ്തു. പുതിയനിയമകാലമായപ്പോഴേയ്ക്കും സാബത്താചരണം മനുഷ്യനു വിശ്രമം നല്‍കുന്ന ആഹ്ലാദപ്രദമായ ദിവസം എന്നതിനേക്കാള്‍ താങ്ങാനാവാത്ത ഒരു ചുമടായിത്തീര്‍ന്നു. ഇതിനെതിരേ യേശു ശക്തമായി പ്രതികരിച്ചത് സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് (മര്‍ക്കോ 2:23 - 3:6).
പഴയ നിയമത്തിലെ സാബത്തിന്‍റെ സ്ഥാനത്ത് യേശുനാഥന്‍ ഉയിര്‍ത്തെഴുന്നേറ്റ ആഴ്ചയുടെ ആദ്യദിവസം ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്നു. ജോലിയില്‍ നിന്നു വിരമിക്കുക എന്നതിനേക്കാള്‍ കര്‍ത്താവിന്‍റെ രക്ഷാകരപ്രവൃത്തികള്‍ അനുസ്മരിച്ചുകൊണ്ട് ദൈവജനം ഒന്നടങ്കം ദേവാലയത്തില്‍ സമ്മേളിച്ച് വിശുദ്ധ കുര്‍ബാനയിലൂടെ അവിടുത്തേക്ക് ആരാധനയര്‍പ്പിക്കുന്നതിനും കാരുണ്യപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനും ക്രൈസ്തവര്‍ പ്രാധാന്യം നല്‍കുന്നു.
വിചിന്തനം: അദ്ധ്വാനം മനുഷ്യന് ആവശ്യമാണെന്നും എന്നാല്‍ മനുഷ്യന്‍ അദ്ധ്വാനത്തിന് അടിമയാകരുതെന്നും ഈ പ്രമാണം കല്‍പിക്കുന്നു. വിശ്രമിക്കാനും ദൈവശുശ്രൂഷയ്ക്കായി സമയം മാറ്റി വയ്ക്കാനും എല്ലാമനുഷ്യര്‍ക്കും കടമയുണ്ട്. ആഴ്ചയില്‍ ഒരു ദിവസം അതിനായി പ്രത്യേകം മാറ്റിവയ്ക്കുന്നതിലൂടെ മനുഷ്യന്‍റെ സ്വാതന്ത്ര്യവും മഹത്വവും ദൈവം തന്നെ ഉറപ്പുവരുത്തുന്നു. മാറിവന്നിരിക്കുന്ന ആധുനികമനുഷ്യന്‍റെ ജീവിത സാഹചര്യങ്ങളിലും സാബത്താചരണത്തിനു പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. കര്‍ത്താവിന്‍റെ ദിവസം (Dies Domenica) എന്നാണ് ക്രൈസ്തവര്‍ ഞായറാഴ്ചയെ വിശേഷിപ്പിക്കുന്നത്
നാലാം പ്രമാണം 20,12-13
ദൈവത്തോടും (1-3) സഹജീവികളോടും (5-10) ഉള്ള ബന്ധത്തെ നിര്‍വചിക്കുന്ന പ്രമാണങ്ങള്‍ക്കു മധ്യേയാണ് മാതാപിതാക്കന്മാരോടുള്ള കടമയെ സംബന്ധിച്ച നാലാം പ്രമാണം അവതരിപ്പിച്ചിരിക്കുന്നത്. പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഏക പ്രമാണമാണിത്. മാതാപിതാക്കന്മാരെ ബഹുമാനിക്കാത്തവന്‍ അവരിലൂടെ ലഭിച്ച ജീവന് അര്‍ഹനല്ല (പുറ 21, 17; ലേവ്യ 20, 9; സുഭാ 20, 20; 30, 17; പ്രഭാ 3, 16).
ബഹുമാനിക്കുക എന്നു വിവര്‍ത്തനം ചെയ്യുന്ന 'കാബെദ്' എന്ന ഹീബ്രുവാക്കിന് ഭാരമുള്ളതായിരിക്കുക എന്നാണ് മൂലാര്‍ത്ഥം. അധികാരത്തെ അംഗീകരിക്കുക എന്ന് ഇതിന് അര്‍ത്ഥമുണ്ട്. ആദിമ ഇസ്രായേല്‍ സമൂഹത്തില്‍ മാതാപിതാക്കന്മാര്‍ക്ക് മരണംവരെ കുടുംബത്തില്‍ അധികാരം ഉണ്ടായിരുന്നു. കുട്ടികള്‍ മാത്രമല്ല, കുട്ടികളുള്ളവരും തങ്ങളുടെ മാതാപിതാക്കന്മാരുടെ അധികാരം അംഗീകരിക്കാനും അവര്‍ക്കാവശ്യമായതെല്ലാം സ്നേഹപൂര്‍വ്വം നല്‍കാനും കടപ്പെട്ടിരുന്നു. മാതാപിതാക്കന്മാരെ, പ്രത്യേകിച്ചും വൃദ്ധരും രോഗികളുമായവരെ, ഭാരവും ശല്യവുമായി കരുതി അവഗണിക്കാനുള്ള പ്രവണത ഏറിവരുന്ന ആധുനിക സമൂഹത്തില്‍ നാലാം പ്രമാണത്തിന് എന്നത്തേക്കാളേറെ പ്രസക്തിയുണ്ട്.
5-10 പ്രമാണങ്ങള്‍ 20,14-17
ഇതുവരെ കണ്ട പ്രമാണങ്ങളില്‍നിന്ന് വ്യത്യസ്തമായി, അടുത്ത ആറു പ്രമാണങ്ങള്‍ യാതൊരു വിശദീകരണവും ന്യായീകരണവും നല്കാത്ത നിരുപാധികമായ കല്പനകളാണ്. അരുത് എന്ന നിഷേധരൂപത്തിലുള്ള വിലക്കുകളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും സ്ഥലകാലങ്ങള്‍ക്ക് അതീതമായി സകല മനുഷ്യര്‍ക്കും സംരക്ഷണവും സുരക്ഷിതത്വവും പ്രാദാനം ചെയ്യുകയാണ് ഈ പ്രമാണങ്ങളുടെ ലക്ഷ്യം. മറ്റു നാലു കല്പനകളിലെന്നതുപോലെ ഇവിടെയും നീ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കല്പനകള്‍ നല്കിയിരിക്കുന്നു. ഈ കല്പനകളെല്ലാം സ്വാഭാവികനിയമങ്ങള്‍ (Natural laws) ആയി പരിഗണിക്കപ്പെടുന്നു.
മനുഷ്യജീവനു സംരക്ഷണം നല്കുന്നതാണ് അഞ്ചാം പ്രമാണം. നീ കൊല്ലരുത് എന്ന കല്പനയുടെ മൂലത്തിന് ڇനീ കൊലപാതകം ചെയ്യരുത് എന്നാണ് അര്‍ത്ഥം. കുറ്റവാളികള്‍ക്ക് നല്‍കുന്ന വധശിക്ഷയോ ന്യായമായ യുദ്ധത്തില്‍ നടക്കുന്ന കൊലയോ ഈ പ്രമാണത്താല്‍ വിലക്കുന്നില്ല എന്ന് മറ്റു നിയമങ്ങളില്‍നിന്നു കാണാം. വ്യക്തിവിദ്വേഷം, പ്രതികാരബുദ്ധി, സ്വാര്‍ത്ഥലാഭം മുതലായവയുടെ പേരിലുള്ള കൊലപാതകമാണ് ഇവിടെ വിലക്കുന്നത്. ഭ്രൂണഹത്യ, കാരുണ്യവധം എന്നിവ മാത്രമല്ല, കഴിയുന്ന സഹായം ചെയ്തു കൊടുക്കാത്തതിനാല്‍ അയല്‍ ക്കാരന്‍ മരിക്കാന്‍ ഇടയാകുന്നതും ഈ പ്രമാണത്തിന്‍റെ പരിധിയില്‍ പെടുന്നു.
നീ വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണം ദാമ്പത്യവിശ്വസ്തതയും ലൈംഗികശുദ്ധിയും കാത്തു പാലിക്കാന്‍ ആവശ്യപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുന്നതിലൂടെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരാനും പരസ്പരം ഇണയും തുണയുമായി വര്‍ത്തിക്കാനും വേണ്ടിയാണ് ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത് (ഉല്‍പ 1:28; 2:18-24). ഒരു പുരുഷനെയും ഒരു സ്ത്രീയെയും തമ്മില്‍ മരണംവരെ അഭേദ്യമാംവിധം ബന്ധിപ്പിക്കുന്ന വിവാഹത്തിലൂടെ സംജാതമാകുന്ന കുടുംബത്തിന്‍റെ സുരക്ഷിതത്വത്തിലാണ് മനുഷ്യജീവന്‍ നാമ്പെടുക്കുന്നതും വളര്‍ന്നു വികസിക്കുന്നതും. കുടുംബത്തിന്‍റെ ഭദ്രതയ്ക്കു തുരങ്കം വയ്ക്കുന്ന വ്യഭിചാരം മനുഷ്യജീവനെതിരേയുള്ള പാപമാണ്. അതു സ്രഷ്ടാവിന്‍റെ പദ്ധതിക്കു വിരുദ്ധവുമാണ്. അതിനാല്‍ ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ അവകാശത്തിന്മേലുള്ള കടന്നാക്രമണം മാത്രമല്ല, വിവാഹത്തിന്‍റെ വിശുദ്ധിക്കു നിരക്കാത്ത സകല ലൈംഗികവേഴ്ചകളും ഈ പ്രമാണത്താല്‍ വിലക്കുന്നു. ഇതിന്‍റെ വിവിധ വശങ്ങള്‍ പിന്നീട് അനേകം നിയമങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട് (ലേവ്യ 18). ബാഹ്യമായ പ്രവൃത്തികള്‍ മാത്രമല്ല, അശുദ്ധമായ ആഗ്രഹങ്ങളും തീരുമാനങ്ങളുംപോലും പാപമാണെന്ന് യേശു പഠിപ്പിച്ചു (മത്താ 5:27-30).
നീ മോഷ്ടിക്കരുത് എന്ന ഏഴാം പ്രമാണം ജീവന്‍റെ സംരക്ഷണത്തിന് ആവശ്യമായ ഭൗതികവസ്തുക്കളുടെ സംലഭ്യത എല്ലാവര്‍ക്കും ഉറപ്പു വരുത്തുന്നു. അപരന്‍റെ ന്യായമായ അവകാശങ്ങളെ മാനിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. മനുഷ്യസമൂഹത്തിന്‍റെ നിലനില്പിനും ഇതത്യാവശ്യമാണ്. എന്നാല്‍ പരിധിയില്ലാത്ത സ്വത്തു സമ്പാദനത്തെ ഈ പ്രമാണം പ്രോത്സാഹിപ്പിക്കുന്നില്ല. ഭൂമിയും അതിലെ സകല വിഭവങ്ങളും കര്‍ത്താവിന്‍റേതാണ് (ലേവ്യ 25:23). മനുഷ്യര്‍ ഭൂമിയുടെ ഉടമകളല്ല, സൂക്ഷിപ്പുകാര്‍ മാത്രമാണ്. മനുഷ്യോചിതമായ ജീവിതത്തിന് ആവശ്യമായവ ആര്‍ക്കും നിഷേധിക്കപ്പെടരുത് എന്നതാണ് ഈ പ്രമാണത്തിന്‍റെ ലക്ഷ്യം. അര്‍ഹമല്ലാത്തത്, അത് പണമോ ജോലിയോ സ്ഥലമോ എന്തുമാകട്ടെ, സ്വന്തമാക്കുന്നതും മോഷണമത്രേ. ഈ പ്രമാണത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഹീബ്രുപദത്തിന് മനുഷ്യനെ മോഷ്ടിക്കരുത് എന്നും അര്‍ത്ഥമുണ്ട്. അടിമയാക്കി വയ്ക്കുന്നതിനെയും, വില്ക്കുന്നതിനെയും, സമ്മര്‍ദ്ദം ചെലുത്തി കാര്യം നേടുന്നതിനുവേണ്ടി മനുഷ്യനെ ഉപയോഗിക്കുന്നതിനെയും ഇവിടെ വിലക്കുന്നു.
നീതിന്യായ കോടതിയിലെ വിചാരണയുടെ പശ്ചാത്തലത്തിലാണ് എട്ടാം പ്രമാണം അവതരിപ്പിച്ചിരിക്കുന്നത്. കോടതിയില്‍ അസത്യം പറയുന്നതും സത്യം മറച്ചു വയ്ക്കുന്നതും ഈ പ്രമാണത്തിലൂടെ വിലക്കുന്നു. എല്ലാവര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ് ഈ പ്രമാണം ഉന്നം വയ്ക്കുന്നത്. കോടതിയില്‍ നല്കുന്ന സാക്ഷ്യത്തിന് ജീവന്മരണ പ്രാധാന്യമുണ്ട്. അത് എപ്രകാരം ദുരുപയോഗിക്കപ്പെടാം എന്ന് നാബോത്തിന്‍റെ കഥ (1രാജാ 21) വ്യക്തമാക്കുന്നു. രണ്ടുപേരുടെ സാക്ഷ്യത്തിന്മേലല്ലാതെ വധശിക്ഷ നടപ്പാക്കരുതെന്നു നിയമം (സംഖ്യ 35, 30; നിയ 19, 15) സാക്ഷ്യത്തിന്‍റെ പ്രാധാന്യം എടുത്തു കാട്ടുന്നു. വ്യാജസാക്ഷ്യം നല്കുന്നവന് കൊടുക്കേണ്ട ശിക്ഷയെക്കുറിച്ചും വ്യക്തമായ നിയമമുണ്ട് (നിയ 19, 18-19). കള്ളസാക്ഷ്യം സമൂഹത്തിലെ വലിയൊരു തിന്മയായി പ്രവാചകന്മാര്‍ എടുത്തു കാട്ടുന്നു (ആമോ 5, 10-11; 6,12). വ്യാപകമായ അര്‍ത്ഥത്തില്‍ എട്ടാം പ്രമാണം എല്ലാ അപവാദങ്ങളെയും ദുഷ്പ്രചരണങ്ങളെയും വിലക്കുന്നു.
ഒമ്പതും പത്തും പ്രമാണങ്ങള്‍ ഒരുമിച്ചാണ് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്നത്. ഭാര്യ, മൃഗങ്ങള്‍, വസ്തുക്കള്‍, എല്ലാം ഒരേ ശീര്‍ഷകത്തില്‍ ചേര്‍ത്തിരിക്കുന്നു. എന്നാല്‍ നിയമാവര്‍ത്തന പുസ്തകത്തിലെ പത്തു പ്രമാണങ്ങളുടെ പട്ടികയില്‍ അയല്ക്കാരന്‍റെ ഭാര്യയെ മോഹിക്കരുത്ڈ(നിയ 5, 20) എന്ന് പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ഇവയെ രണ്ടു പ്രമാണങ്ങളായി തിരിച്ചിരിക്കുന്നു. ഈ വിഭജനമാണ് കത്തോലിക്കാസഭ സ്വീകരിച്ചിരിക്കുന്നത്. മോഹിക്കരുത് എന്ന കല്പന വെറും ഒരു ആഗ്രഹത്തെയല്ല, പ്രവൃത്തിയിലേക്കു നയിക്കുന്ന തീരുമാനത്തെ സൂചിപ്പിക്കുന്നു. ആറും ഏഴും പ്രമാണങ്ങളില്‍ വിലക്കിയ പ്രവൃത്തികള്‍ അവയുടെ ഉറവിടത്തില്‍തന്നെ ഇവിടെ വിലക്കുന്നു. കുടുംബത്തിന്‍റെ ഭദ്രതയും ന്യായമായ സ്വകാര്യസ്വത്തിന്‍റെ സംരക്ഷണവും ഈ പ്രമാണങ്ങളിലൂടെ ഉറപ്പു വരുത്തുന്നു. അര്‍ഹമല്ലാത്തതു സ്വന്തമാക്കാനുള്ള ദുരാഗ്രഹത്തെ തുടക്കത്തില്‍ തന്നെ തടയാന്‍ ഈ പ്രമാണങ്ങളിലൂടെ അനുശാസിക്കുന്നു.
വിചിന്തനം: വിലക്കുകളുടെ ഒരു പട്ടിക മാത്രമായി പത്തു പ്രമാണങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ മനുഷ്യസമൂഹത്തിന്‍റെ നിലനില്പ്പിനും വളര്‍ച്ചയ്ക്കും അവശ്യം ആവശ്യമായ അടിസ്ഥാനനിയമങ്ങളാണ് ഇവ. ഇതു വെളിപ്പെടുത്തപ്പെട്ട ദൈവഹിതമാണ്. ഈ പ്രമാണങ്ങളെ അവഗണിക്കുന്നത് വ്യക്തികള്‍ക്കും മനുഷ്യസമൂഹത്തിനു തന്നെയും ആത്മഹത്യാപരമായിരിക്കും എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഡോ. ജോസഫ് പാംപ്ലാനി
The Treaty of Sinai and the Ten Commandments CATHOLIC MALAYALAM mananthavady diocese Rev. Dr. Joseph Pamplany പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no:13 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206