x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

പ്രവാസികളുടെ തിരിച്ചുവരവും ദേവാലയനിര്‍മ്മാണവും: എസ്രാ 1:1-6:22

Authored by : Dr. Michael Karimattam, Rev. Dr. Joseph Pamplany On 09-Feb-2021

സ്രാ, നെഹെമിയ എന്നീഗ്രന്ഥങ്ങളെ രണ്ടു വ്യത്യസ്തഗ്രന്ഥങ്ങളായിട്ടാണ് ആധുനിക ബൈബിള്‍ വിവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതെങ്കിലും ഹീബ്രു ബൈബിളില്‍ 23 അധ്യായങ്ങളുള്ള ഒറ്റ ഗ്രന്ഥമായിട്ടാണ് പതിനഞ്ചാം നൂറ്റാണ്ടുവരെ ഉള്‍പ്പെടുത്തിയിരുന്നത്. സഭാപിതാവായ ഒരിജന്‍റെ കാലംമുതല്‍ ക്രൈസ്തവര്‍ ഈ ഗ്രന്ഥങ്ങളെ വ്യത്യസ്ത ഗ്രന്ഥങ്ങളായിട്ടാണ് കരുതിയിരുന്നത്. സുറിയാനി പാരമ്പര്യത്തിലുള്ള ചില സഭകള്‍ ഈ ഗ്രന്ഥങ്ങളുടെ കാനോനികതയെ സംശയിക്കുന്നതിനാല്‍ അവയെ കാനന്‍പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. ഈ ഗ്രന്ഥങ്ങളുടെ സ്ഥാനത്തെ ചൊല്ലിയും അഭിപ്രായാന്തരങ്ങളുണ്ട്. POC വിവര്‍ത്തനമുള്‍പെടെയുള്ള ആധുനിക വിവര്‍ത്തനങ്ങള്‍ ഈ ഗ്രന്ഥങ്ങളെ ചരിത്ര ഗ്രന്ഥങ്ങളുടെ ഭാഗമായി 1,2 ദിനവൃത്താന്തങ്ങള്‍ക്കു ശേഷമാണ് കാനോനികക്രമത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആധുനിക ഹീബ്രു ബൈബിളുകളില്‍ വിജ്ഞാന ഗ്രന്ഥങ്ങളുടെ (Kehtubim) ഒടുവിലാണ് എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങളുടെ സ്ഥാനം. 1,2 ദിനവൃത്താന്തങ്ങളാകട്ടെ ഇവയ്ക്കു ശേഷമാണ് ഉള്‍പെടുത്തിയിരിക്കുന്നത്.

എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങളില്‍ സൂചിതമായ ചരിത്രം ദിനവൃത്താന്തഗ്രന്ഥങ്ങളിലെ വിശാലചരിത്രത്തിന്‍റെ ഭാഗമായിരുന്നു എന്ന അഭിപ്രായമാണ് 1960 വരെ നിലനിന്നിരുന്നത്. ലെയോപോള്‍ഡ്സുന്‍സ് 1832ല്‍ നിര്‍ദ്ദേശിച്ച സിദ്ധാന്തമനുസരിച്ച് എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങള്‍ ഒരുകാലത്ത് ദിനവൃത്താന്തഗ്രന്ഥങ്ങളുടെ ഭാഗമായിരുന്നത്രേ. ഈ സിദ്ധാന്തത്തെ ഭാഷാസംശോധനയുടെ വെളിച്ചത്തില്‍ ഖണ്ഡിച്ചുകൊണ്ട് സാറായാഫെറ്റ് 1960ല്‍ പുറത്തിറക്കിയ പഠനം (The  Supposed common authrship of Ezra - Nehemia VT18 (1968) 330-371) ഈ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. ഭാഷാപരമായി മാത്രമല്ല ദൈവശാസ്ത്രപരമായും ഈ ഗ്രന്ഥങ്ങള്‍ ദിനവൃത്താന്തഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതായി ആധുനിക പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നുണ്ട്.

  1. ദിനവൃത്താന്തഗ്രന്ഥങ്ങളിലെ പ്രതികാര നിയമങ്ങള്‍ (Lextalion) ഒന്നുംതന്നെ എസ്രാ-നെഹെമിയായില്‍ കാണുന്നില്ല.
  2. വടക്കന്‍ ഗോത്രങ്ങളോടും സമരിയാക്കാരോടുമുള്ള മനോഭാവങ്ങള്‍ രണ്ട് ഗ്രന്ഥങ്ങളിലും വ്യത്യസ്തമാണ്.
  3. ദിനവൃത്താന്തഗ്രന്ഥങ്ങള്‍ ദാവീദിന്‍റെ രാജവംശത്തിനു നല്‍കുന്ന അമിത പ്രാധാന്യത്തില്‍ എസ്രാ-നെഹെമിയാ താല്പര്യം കാട്ടുന്നില്ല.
  4. ദിനവൃത്താന്തഗ്രന്ഥങ്ങള്‍ യാക്കോബിന് പ്രാധാന്യം നല്‍കുമ്പോള്‍ എസ്രാ-നെഹെമിയാ അബ്രാഹത്തിന്‍റെ തിരഞ്ഞെടുപ്പിനും പുറപ്പാടുസംഭവത്തിനും പ്രാമുഖ്യം കല്‍പിക്കുന്നു.
  5. ദിനവൃത്താന്തങ്ങള്‍ പ്രവാചകന്‍മാരുടെ ചരിത്രത്തിനായി നല്ലൊരുഭാഗം നീക്കിവെക്കുമ്പോള്‍ എസ്രാ-നെഹെമിയായില്‍ പ്രവാചകന്‍മാര്‍ക്കു പ്രത്യേക പ്രാധാന്യമൊന്നുമില്ല.
  6. ദേവാലയശുശ്രൂഷികള്‍ (Netinim)എന്ന വിഭാഗം എസ്രാ-നെഹെമിയായില്‍ ഉടനീളം പരാമര്‍ശിക്കപ്പെടുമ്പോള്‍ ദിനവൃത്താന്തത്തില്‍ ഒരിക്കല്‍ മാത്രമേ കാണപ്പെടുന്നുള്ളൂ (1 ദിന 9:2).
  7. ഇസ്രായേല്‍ എന്നപേരിലൂടെ ദിനവൃത്താന്തഗ്രന്ഥങ്ങള്‍ 12 ഗോത്രങ്ങളെ വിവക്ഷിക്കുമ്പോള്‍ എസ്രാ-നെഹെമിയ യൂദാ, ബഞ്ചമിന്‍ ഗോത്രങ്ങളെ മാത്രമാണ് വിവക്ഷിക്കുന്നത്.

ഗ്രന്ഥകാരന്‍, സ്ഥലം, രചനാകാലം

എസ്രാ-നെഹെമിയ ഗ്രന്ഥങ്ങളെ തുടര്‍ച്ചയായ ഒരു ഗ്രന്ഥമായി കാണാമെന്നു വാദിക്കുന്ന ആധുനികപണ്ഡിതന്‍മാരുണ്ട് (Tamara,Eskenezi, In the age of prose, SBLMS, 1998). എന്നാല്‍ ഇവയെ രണ്ടു ഗ്രന്ഥങ്ങളായി മനസിലാക്കണം എന്ന ചിന്താഗതിക്കാണ് ഇന്ന് പ്രാമാണ്യമുള്ളത്. ഉദാ: എസ്രാ രണ്ടാം അധ്യായം നെഹെമിയ ഏഴാം അധ്യായത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു എന്നതുതന്നെ ഇവ ഒരേഗ്രന്ഥകാരന്‍റെ രചനയല്ല എന്നതിനുള്ള വ്യക്തമായ സാക്ഷ്യമാണ്. സൂക്ഷ്മ പരിശോധനയില്‍ എസ്രാ-നെഹെമിയ ഗ്രന്ഥങ്ങള്‍ തമ്മില്‍ ദൈവശാസ്ത്ര വീക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്താനാവും. എസ്രായുടെ ഗ്രന്ഥം രചിച്ചത് ഒരു പുരോഹിതനാണെന്ന് അനുമാനിക്കാം. കാരണം വിശുദ്ധിയുടെ പരിപ്രേക്ഷ്യത്തില്‍ ദേവാലയത്തെയും പുരോഹിതരേയും മാത്രം പ്രതിഷ്ഠിക്കുന്ന സമീപനമാണ് ഈ ഗ്രന്ഥം പുലര്‍ത്തുന്നത്. എന്നാല്‍ വിശുദ്ധിയുടെ കേന്ദ്രമായി നിയമത്തെ (തോറാ) പ്രതിഷ്ഠിക്കുന്ന നെഹെമിയഗ്രന്ഥം ഒരു പുരോഹിതേതരരചനയാകാനാണ് സാധ്യത. കാരണം ദേവാലയത്തിനും പൗരോഹിത്യത്തിനും വെളിയില്‍ വിശുദ്ധിയുടെ അനുരണങ്ങള്‍ വായിച്ചെടുക്കാന്‍ ഈ ഗ്രന്ഥത്തിന് കഴിയുന്നുണ്ട്. ഗ്രന്ഥരചനക്കു സഹായകമായ ഉറവിടങ്ങളുടെ ഉപയോഗത്തിലുള്ള വ്യത്യാസങ്ങളും ഭാഷാശൈലിയിലുള്ള വ്യതിരിക്തതകളും വ്യത്യസ്തഗ്രന്ഥകര്‍തൃത്വത്തിലേക്കു വിരല്‍ ചൂണ്ടുന്ന വസ്തുതകളാണ്. കൂടാതെ, രണ്ടുഗ്രന്ഥങ്ങളും പ്രതിപാദിക്കുന്ന കേന്ദ്ര ആശയങ്ങള്‍ തമ്മിലും വ്യത്യാസങ്ങളുണ്ട്. എസ്രായുടെ ഗ്രന്ഥം ദേവാലയത്തിന്‍റെയും ദൈവജനത്തിന്‍റെയും പുനരുദ്ധാരണത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ നെഹെമിയായുടെ ഗ്രന്ഥം നഗരമതിലിന്‍റെ നിര്‍മ്മാണത്തെ ക്കുറിച്ചും ജറുസലേമിലെ പുനരധിവാസത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. തന്മൂലം ഈ രണ്ടു ഗ്രന്ഥങ്ങളും രണ്ടു വ്യത്യസ്ത ഗ്രന്ഥകര്‍ത്താക്കളുടെ രചനകളാണെന്ന് അനുമാനിക്കാവുന്നതാണ്. ഈ ഗ്രന്ഥകര്‍ത്താക്കള്‍ പലസ്തീനായില്‍ നിന്നുള്ളവരാണെന്ന് കരുതുന്നതാണ് കൂടുതല്‍ യുക്തിസഹം. കാരണം പലസ്തീനായുടെ ഭൂമിശാസ്ത്രത്തെക്കുറിച്ച് കുറ്റമറ്റ അറിവ് ഗ്രന്ഥകര്‍ത്താക്കള്‍ക്കുണ്ടെന്നതിന് ഈ ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഭരണകൂടത്തോട് വളരെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് ഈ ഗ്രന്ഥങ്ങള്‍ അനുവര്‍ത്തിക്കുന്നത്. തന്മൂലം പേര്‍ഷ്യന്‍ ഭരണകാലത്തുതന്നെയാണ് ഈ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. എസ്രായുടെ ഗ്രന്ഥം ബി.സി. 458 ലും നെഹെമിയായുടെ ഗ്രന്ഥം ബി.സി. 445 നും 432 നും ഇടയിലും വിരചിതമായി എന്ന പരമ്പരാഗത വിശ്വാസം (cfr. Ralph Klein, The Books of Nehemish, NIB 3) അനുധാവനം ചെയ്യുന്നതില്‍ തെറ്റില്ല.

പേര്‍ഷ്യന്‍രാജാവായ അര്‍ത്താക്സെര്‍ക്സസ് ഒന്നാമന്‍റെ ഭരണകാലത്താണ് (465 - 424) യഹൂദപുരോഹിതനും നിയമജ്ഞനുമായ എസ്രാ പ്രവാസികളുടെ തലവനായി ഇസ്രായേലിലേക്ക് അയക്കപ്പെട്ടത്. എസ്രായുടെ നിയമനം അറിയിക്കുന്ന രാജാവിന്‍റെ അരമായ കല്പന (എസ്രാ 7:12. 26) ബി.സി. 458 ല്‍ ആണ് പുറപ്പെടുവിച്ചത് എന്ന് കരുതപ്പെടുന്നു. എസ്രായുടെ നിയമനം നടന്നത് അര്‍ത്താക്സെര്‍ക്സസ് രണ്ടാമന്‍റെ ഭരണകാലത്താണ് (408-358) എന്ന് ചില പണ്ഡിതര്‍ വാദിക്കുന്നുണ്ടെങ്കിലും ഈ വാദത്തിന് ഉപോത്ബലകമായ തെളിവുകളൊന്നുമില്ല. തന്മൂലം എസ്രായുടെ നിയമനം ബി.സി. 458 ല്‍ നടന്നു എന്ന് കരുതാം. ബി.സി. 445 ല്‍ അര്‍ത്താക്സെര്‍ക്സസ് ഒന്നാമന്‍റെ കാലത്താണ് ജറുസലേംനഗരത്തിന്‍റെ മതിലുപണിയുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ നെഹെമിയ നിയമിക്കപ്പട്ടത് എന്ന വസ്തുത പണ്ഡിതന്‍മാര്‍ ഐക്യകണ്ഠേന അംഗീകരിക്കുന്നുണ്ട്. നെഹെമിയായ്ക്കു മുന്‍പേ എസ്രാ ജറുസലേമിലെത്തിയിരുന്നു എന്ന് ഗ്രന്ഥ വിവര്‍ത്തനങ്ങളില്‍ നിന്നുതന്നെ വ്യക്തമായതിനാല്‍ എസ്രായുടെ ആഗമനകാലം ബി.സി. 458നോടടുത്താണ് എന്നു കരുതപ്പെടുന്നതാണ് കൂടുതല്‍ യുക്തിസഹം. എസ്രായുടെയും നെഹെമിയായുടെയും പ്രവര്‍ത്തനകാലത്തുതന്നെ നാളാഗമന രീതിയില്‍ ഈ ഗ്രന്ഥങ്ങളുടെ ആദിരൂപം രചിക്കപ്പെട്ടതായി അനുമാനിക്കാം. തുടര്‍ന്നുനടന്ന നിരവധി സംശോധനകളുടെ അനന്തരഫലമാണ് ഈ ഗ്രന്ഥങ്ങളുടെ അഭിനവരൂപം.

പുസ്തകങ്ങളുടെ ഘടന

  1. എസ്രാ

    1:1 - 6:22 പ്രവാസത്തില്‍നിന്നുള്ള മടക്കയാത്ര; ദേവാലയ നിര്‍മ്മാണം.

                              1:1 - 11 സൈറസിന്‍റെ കല്‍പ്പന.

                              2:1 - 70 പ്രവാസത്തില്‍ നിന്ന് മടങ്ങിയവരുടെ പേരുവിവരങ്ങള്‍.

                              3:1 - 4:5  ആരാധനയുടെ പുനര്‍ജ്ജീവനം

                              4:6 - 24 തുറന്ന എതിര്‍പ്പ്

                              5:1 - 6:22 ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മാണം

                              7:1 -10:44 എസ്രാ

                              7:1 - 10 എസ്രായെക്കുറിച്ചുള്ള വിവരണം

                              7:11 - 28 എസ്രായുടെ ദൗത്യം

                              8:1 - 36 എസ്രാ ജറുസലേമിലേക്ക്

                              9:1 - 15 മിശ്ര വിവാഹം, എസ്രായുടെ ഏറ്റുപറച്ചില്‍

                              10:1 - 44 മിശ്ര വിവാഹപ്രശ്നം പരിഹരിക്കപ്പെടുന്നു

  1. നെഹെമിയാ

                              1:1 -7:73 ജറുസലേമില്‍ മതില്‍ പണിയുന്നു

                              1:1 - 11 നെഹെമിയായുടെ വിളി

                              2:1 - 20 നെഹെമിയാ ജറുസലേമില്‍

                              3:1 - 32 മതില്‍ പുനര്‍നിര്‍മ്മിക്കുന്നു

                              4:1 - 11 എതിര്‍പ്പ്

                              5:1 - 19 സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍

                              6:1 - 19 മതിലിന്‍റെ പണിപൂര്‍ത്തിയാകുന്നു

                              7:1 - 73 ജറുസലേം ജനവാസമുള്ളതാകുന്നു

                              8:1-10:39 ഉടമ്പടി നവീകരണം

                              8:1 - 18 നിയമം വായിക്കുന്നു

                              9:1 - 37 ഏറ്റുപറച്ചില്‍

                              9:38-10:39 നിയമം അനുസരിക്കാമെന്ന് പ്രതിജ്ഞ

                              11:1 -13:31 ഏകീകരണം

                              11:1 - 20 ജറുസലേമില്‍ പുതിയ നിവാസികള്‍

                              11:21-12:26 അനുബന്ധപട്ടികകള്‍

                              12:27-13:3 പുതുതായി പണിത മതിലിന്‍റെ സമര്‍പ്പണം

                              13:4 - 31 ഉപസംഹാരം

 

സ്രോതസുകള്‍

എസ്രാ-നെഹെമിയായുടെ രചനയില്‍ വിവിധതരം സ്രോതസുകളെ ഗ്രന്ഥകര്‍ത്താവ് പ്രയോജനപ്പെടുത്തുന്നതായി ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രധാനമായും മൂന്ന് ഉറവിടങ്ങള്‍ ഗ്രന്ഥരചനയില്‍ സഹായകമായിട്ടുണ്ട്. ഒന്നാമത്തെ ഉറവിടം പേരുവിവരപ്പട്ടികകളാണ്. എസ്രാ-നെഹെമിയായില്‍ ആവര്‍ത്തിക്കുന്ന അനേകം പേരുവിവരപ്പട്ടികകളും സ്വദേശത്തേക്കു മടങ്ങുന്ന പ്രവാസികളുടെ പട്ടിക (എസ്രാ - 2:1-70 = നെഹെ 7:6-72), ജറുസലേമില്‍ താമസിക്കുന്നവരുടെ പട്ടിക (നെഹെ 11:3-19 = 1ദിന 9:1-17), എസ്രായോടൊപ്പം മടങ്ങിയെത്തിയവരുടെ പട്ടിക(എസ്രാ 8:1-14), വിദേശീയ സ്ത്രീകളെ വിവാഹം ചെയ്തവരുടെ പട്ടിക (എസ്രാ 10:18-44), പലസ്തീനായില്‍ സ്ഥിരതാമസമാക്കിയവരുടെ പട്ടിക (നെഹെ 11:25-36) തുടങ്ങിയവ ചരിത്രരേഖകളില്‍ നിന്ന് ശേഖരിച്ചവയാണെന്ന് വ്യക്തം. പല പട്ടികകളും മേല്‍സൂചിപ്പിച്ചതുപോലെ ആവര്‍ത്തിക്കപ്പെടുന്നത് അവ സമാനഉറവിടങ്ങളെ അവലംബമാക്കി രചിക്കപ്പെട്ടതാണെന്നതിന് വ്യക്തമായ സൂചന നല്‍കുന്നു. പുരോഹിതര്‍, ലേവ്യര്‍, അല്‍മായര്‍ എന്നീ ക്രമത്തിലാണ് എല്ലാ പട്ടികകളും ക്രമീകരിച്ചിരിക്കുന്നത്.

               രാജശാസനകളും, എഴുത്തുകളുമാണ് രണ്ടാമത്തെ ഉറവിടം. ഈ എഴുത്തുകുത്തുകള്‍ അരമായ ഭാഷയില്‍തന്നെയാണ് ഗ്രന്ഥത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവയുടെ ചരിത്ര മൂല്യം പഴയനിയമത്തില്‍ ഏറെ സഹായകമാണ്. ഇവ താഴെ പറയുന്നവയാണ്.          

എസ്രാ 1:1-4 സൈറസ് രാജാവിന്‍റെ വിളംബരം

എസ്രാ 4:11-16 പേര്‍ഷ്യയിലെ ഉദ്യോഗസ്ഥര്‍ അര്‍ത്താക്സെര്‍ക്സസ് രാജാവിനയച്ച കത്ത്

എസ്രാ 4:17-22 അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ മറുപടി

എസ്രാ 5:7-17 നത്തോനായി ദാരിയൂസ് രാജാവിന് അയച്ച കത്ത്

എസ്രാ 6:2-5 സൈറസ് ദേവാലയനിര്‍മ്മാണത്തിന് അനുവാദം നല്‍കിയ വിളംബരത്തിന്‍റെ പകര്‍പ്പ്

എസ്രാ 6:6-12 ദാരിയൂസ് രാജാവിന്‍റെ മറുപടി

എസ്രാ 7:12-26 എസ്രായുടെ നിയമന പത്രം

ഈ എഴുത്തുകുത്തുകള്‍ രാജാവിന്‍റെ രേഖാലയത്തില്‍നിന്നോ ജറുസലേമിലെ രേഖാലയത്തില്‍നിന്നോ ഗ്രന്ഥകര്‍ത്താവ് ശേഖരിച്ചവയാണ് എന്ന് അനുമാനിക്കാം.

               മൂന്നാമത്തെ ഉറവിടമായി കണ്ടെത്താവുന്നത് ഓര്‍മ്മക്കുറിപ്പുകളാണ്. നെഹെമിയായുടെ ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പുകളിലെ (നെഹെ 1:1-7:71, 12:27-43, 13:4-31) ഭാഷയും  ശൈലിയും അവ വ്യത്യസ്തഉറവിടത്തില്‍നിന്ന് ഗ്രന്ഥകര്‍ത്താവ് സ്വീകരിച്ചതാണെന്ന് വെളിവാക്കുന്നുണ്ട്. വിവരണശൈലിയില്‍ നിന്ന് ആത്മകഥാശൈലിയിലേക്കുള്ള മാറ്റം എസ്രാ 7:29-9:15ലും ദൃശ്യമാണ്.

               വ്യത്യസ്തസ്രോതസ്സുകള്‍ ഉപയോഗിച്ച് രചന നടത്തുന്ന ഗ്രന്ഥകാരന്‍ ചരിത്രഗണനയില്‍ പലപ്പോഴും തുടര്‍ച്ച നഷ്ടപ്പെടുത്തുന്നതായി വിവരണങ്ങളില്‍ നിന്ന് വ്യക്തമാകും. അതതു വാക്യങ്ങളുടെ വ്യാഖ്യാനത്തില്‍ ചരിത്രാവതരണത്തിലെ ഭാഗങ്ങള്‍ വിശദീകരിക്കും എന്നതിനാല്‍ പ്രസ്തുത വിഷയം ഇവിടെ ചര്‍ച്ചാവിധേയമാക്കുന്നില്ല.

 

 

 

 ദൈവശാസ്ത്ര പ്രമേയങ്ങള്‍

  1. യാഹ്വേ:

               എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങള്‍ ദൈവത്തെയും ദേവാലയത്തെയും കുറിച്ചാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. ദൈവത്തെ ചരിത്രത്തിന്‍റെ നിയന്താവായാണ് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നത്. ദൈവത്തിന്‍റെ സര്‍വ്വാതിശായിത്വവും (Transcendence) അന്തര്‍യാമിത്വവും (immanence) ഗ്രന്ഥകാരന്‍ ഒരുപോലെ ഊന്നല്‍ നല്‍കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ആകാശത്തിന്‍റെയും ഭൂമിയുടെയും രാജാവ് (എസ്രാ 5:1), സ്വര്‍ഗ്ഗസ്ഥനായ ദൈവം (1:2; 6:9; 7:23) തുടങ്ങിയ സംജ്ഞകളില്‍ ദൈവത്തെ വിശേഷിപ്പിക്കുന്നതിലൂടെ ദൈവത്തിന്‍റെ സര്‍വ്വാതിശായിയായ സ്വഭാവം ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നുണ്ട്. രാജാക്കന്‍മാരുടെമേല്‍ അധികാരമുള്ളവനും പേര്‍ഷ്യന്‍ചക്രവര്‍ത്തിയുടെ പോലും ഹൃദയത്തെ ചലിപ്പിക്കുന്നവനുമാണ് (എസ്രാ 1:1; 6:2) യാഹ്വേ. ചരിത്രം അവിടുത്തെ ഹിതമനുസരിച്ചാണ് നിരന്തരം മുന്നോട്ട് നീങ്ങുന്നത്. മനുഷ്യന്‍റെ പാപവും അവിശ്വസ്തതയും ദൈവഹിതാനുസൃതമുള്ള ചരിത്രത്തിന്‍റെ പ്രയാണത്തിന് ഭംഗംവരുത്തുന്നുണ്ടെങ്കിലും ദൈവം തന്‍റെ ജനത്തെ കരുണാപൂര്‍വ്വം മുന്നോട്ടു നയിക്കുന്നു (9:5-17). എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥനായ യാഹ്വേ ഇസ്രായേലിന്‍റെ ദൈവമാണെന്ന് (5:1; 6:4) ഗ്രന്ഥകാരന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. യാഹ്വേ "ജറുസലേമില്‍ വസിക്കുന്ന ഇസ്രായേലിന്‍റെ രാജാവ്" (7:15) എന്നാണ് അര്‍ത്താക്സെര്‍ക്സസ് രാജാവ് വിശേഷിപ്പിക്കുന്നത്. ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധം ഒരുനാളും മുറിയാത്തതാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. ഈ ബന്ധത്തിന്‍റെ പ്രതീകമാണ് ദൈവാലയം. ദൈവാലയത്തിന്‍റെ നാശം ദൈവവും ജനവും തമ്മിലുള്ള ബന്ധത്തില്‍ വീണ വിള്ളലിന്‍റെ സൂചനയാണെങ്കില്‍, ദൈവാലയത്തിന്‍റെ പുനരുദ്ധാരണം ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്‍റെ പുനരുജ്ജീവനമാണ്.

  1. ദൈവത്തിന്‍റെ അചഞ്ചലമായ വാഗ്ദാനങ്ങള്‍:

               എസ്രാ-നെഹെമിയായില്‍ ഊന്നല്‍ ലഭിക്കുന്ന മറ്റൊരു പ്രമേയം ദൈവത്തിന്‍റെ അചഞ്ചലമായ വാഗ്ദാനപൂര്‍ത്തീകരണമാണ്. പ്രവാസത്തില്‍നിന്നുള്ള മടങ്ങിവരവിനെ പ്രവാചകന്‍മാരിലൂടെ ദൈവം അരുളിച്ചെയ്ത വചനങ്ങളുടെ പൂര്‍ത്തീകരണമായാണ് ഗ്രന്ഥകാരന്‍ കണക്കാക്കുന്നത്. ജറെ 29:31; സഖ 18:11-12 എന്നീ വചനങ്ങളെ എസ്രാ 9:8, 13; നെഹെ 9:31 എന്നീ വചനങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ പ്രമേയം കൂടുതല്‍ ബോധ്യമാകും. ജനത്തിന്‍റെ അവിശ്വസ്തതക്കുപരിയായി ദൈവം ഒരു ചെറിയ സമൂഹത്തെ - അവക്ഷിപ്തവിഭാഗത്തെ - എപ്പോഴും പരിരക്ഷിച്ചിരുന്നു. പ്രവാസത്തില്‍നിന്നും തിരിച്ചെത്തുന്നവരെ ഈ ഗണത്തിലാണ് ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തുന്നത്. ഈ അവക്ഷിപ്തവിഭാഗത്തിലൂടെ ദൈവം തന്‍റെ രക്ഷാകരപദ്ധതിയെ മുന്നോട്ട് നയിക്കുന്നു. പ്രവാസത്തിലൂടെ മുറിഞ്ഞുപോയ രക്ഷാകരചരിത്രം തിരിച്ചെത്തിയ യഹൂദരിലൂടെ മുന്നോട്ടു നീങ്ങുകയാണ്.

  1. ഇസ്രായേല്‍:

പ്രവാസത്തില്‍നിന്ന് തിരിച്ചെത്തിയവര്‍ യൂദാ, ബെഞ്ചമിന്‍, ലേവി ഗോത്രങ്ങളില്‍ പെട്ടവര്‍ മാത്രമായിരുന്നെങ്കിലും തങ്ങളെത്തന്നെ പന്ത്രണ്ടു ഗോത്രങ്ങളടങ്ങിയ മുഴുവന്‍ ഇസ്രായേലിന്‍റെയും പ്രതിനിധികളായാണ് യഹൂദര്‍ കണ്ടിരുന്നത്. പന്ത്രണ്ട് എന്ന സംഖ്യയ്ക്ക് എസ്രാ-നെഹെമിയായില്‍ കിട്ടുന്ന പ്രാധാന്യ ത്തിനു കാരണം ഇതാണ്. എന്നാല്‍, പ്രവാസത്തിലേക്കു പോകാതിരുന്ന യഹൂദരെയോ, ബി.സി.722ല്‍ അസ്സീറിയന്‍ ആധിപത്യത്തില്‍ അകപ്പെട്ടുപോയ വടക്കന്‍ ഇസ്രായേലിലെ ഗോത്രങ്ങളേയോ ഇസ്രായേലിന്‍റെ ഭാഗമായി ഗ്രന്ഥകാരന്‍ കരുതുന്നില്ല എന്നതും ശ്രദ്ധേയമാണ്. അവക്ഷിപ്തവിഭാഗത്തെ മുഴുവന്‍ ജനത്തിന്‍റെയും പ്രതിനിധികളായി കരുതി സംതൃപ്തി നേടുന്ന സ്വഭാവമാണ് ഗ്രന്ഥകാരനുള്ളത്. പ്രവാസാനന്തരസമൂഹം ദൈവജനത്തിന്‍റെ യഥാര്‍ത്ഥ പിന്‍തുടര്‍ച്ചയാണെന്ന് സ്ഥാപിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ ദൃശ്യമാണ്.

  1. രണ്ടാം പുറപ്പാട്:

പ്രവാസാനന്തരകാലഘട്ടത്തിലെ ആരാധനാക്രമരീതികളും നിയമാനുഷ്ഠാനരീതികളും മനസ്സിലാക്കാനുള്ള ഏറ്റവും പ്രധാന ഉറവിടമാണ് എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങള്‍. ദാവീദിന്‍റെ കുലത്തില്‍ പിറന്ന യഹൂദരാജാവ് ഇല്ലാതിരുന്നതിനാല്‍ തങ്ങളുടെ മതാത്മകത നിലനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗമായി പ്രവാസാനന്തരസമൂഹത്തിന്‍റെ നേതൃത്വം കണ്ടെത്തിയത് മോശയുടെ നിയമത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയും (എസ്രാ 9:10-14) ആരാധനാനുഷ്ഠാനങ്ങളിലെ കൃത്യതയുമാണ്. പ്രവാസാനന്തരകാലഘട്ടത്തില്‍ നിലവില്‍വന്ന പല നിയമങ്ങളെയും അനുഷ്ഠാനങ്ങളെയും മോശയുടെ കാലംമുതലേ നിലവിലുണ്ടായിരുന്ന നിയമങ്ങളാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഗ്രന്ഥകാരന്‍ നടത്തുന്നുണ്ട് (വിശദാംശങ്ങള്‍ ഗ്രന്ഥവ്യാഖ്യാനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്). ആരാധനയിലും നിയമാനുഷ്ഠാനത്തിലുമുള്ള തീക്ഷ്ണത മൂലമാണ് ദേവാലയത്തിനും അനുബന്ധസ്ഥലങ്ങള്‍ക്കും എസ്രാ-നെഹെമിയ അതീവശ്രദ്ധ നല്‍കുന്നത്. അടിമത്തത്തിലാണ്ടുപോയ ദൈവജനത്തിന്‍റെ തിരിച്ചുവരവിനെ രണ്ടാം പുറപ്പാടായി ചിത്രീകരിച്ചു കൊണ്ടും ദേവാലയ നിര്‍മ്മാണത്തെ സോളമന്‍റെ കാലത്തെ ദേവാലയത്തിന്‍റെ പുനരാവിഷ്കാരമായി അവതരിപ്പിച്ചുകൊണ്ടും ഒരു പുതിയ തുടക്കത്തിന്‍റെ പ്രതീതിയാണ് ഈ ഗ്രന്ഥങ്ങള്‍ നല്‍കുന്നത്. ഇരുളടഞ്ഞുപോയ രക്ഷാകരചരിത്രത്തെ ദൈവകൃപയുടെ പുത്തന്‍പ്രകാശത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നു എന്നതാണ് എസ്രാ-നെഹെമിയാ ഗ്രന്ഥങ്ങളുടെ ദൈവശാസ്ത്രപരമായ പ്രാധാന്യം.

ആദ്യത്തെ ആറ് അധ്യായങ്ങള്‍ ബാബിലോണ്‍ പ്രവാസത്തില്‍നിന്ന് തിരിച്ചെത്തിയ ആദ്യ തലമുറയെക്കുറിച്ചുള്ള വിശദീകരണങ്ങളാണ്. സെറുബാബേലിന്‍റെയും ജോഷ്വായുടെയും നേതൃത്വത്തില്‍ തിരിച്ചെത്തിയ ആദ്യതലമുറ ദേശവാസികളുടെ എതിര്‍പ്പിനെ അവഗണിച്ച് ദേവാലയം പുനരുദ്ധരിച്ച് ദൈവത്തിനു സമര്‍പ്പിച്ചതാണ് ഈ ഭാഗത്തെ പ്രധാന ആശയം. എസ്രായുടെ ഗ്രന്ഥത്തിന്‍റെ ഒന്നാം ഭാഗത്തിന്‍റെ വ്യാഖ്യാനത്തില്‍ ഏറ്റവും ശ്രമകരമായവസ്തുത ഇതില്‍ പ്രസ്താവിക്കുന്ന അരമായ രേഖകളുടെ വ്യാഖ്യാനമാണ്. നാല് ഔദ്യോഗിക രേഖകള്‍ അരമായ ഭാഷയില്‍തന്നെയാണ് മൂലകൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

  1. റേഹും അര്‍ത്താക്സെര്‍ക്സസ് രാജാവിനെഴുതുന്ന എഴുത്ത (4:8-16)
  2. അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ മറുപടി (4:17-22)
  3. തത്തേനായി ദാരിയൂസിനെഴുതുന്ന കത്ത് (5:6-17)
  4. ദാരിയൂസ് രാജാവിന്‍റെ മറുപടി (6:3-12)

ഈ ഔദ്യോഗികരേഖകള്‍ മാത്രമല്ല അവയ്ക്കിടയിലെ വിവരണങ്ങളും (4:23-5:5, 6:1-2, 13-18) അരമായ ഭാഷയിലാണ് മൂലകൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്യഭാഷയില്‍ വിരചിതമായ ഈ ഭാഗങ്ങളുടെ കര്‍തൃത്വത്തെക്കുറിച്ച് ഏറെ അഭിപ്രായാന്തരങ്ങള്‍ നിലവിലുണ്ട്. അരമായരേഖകളും വിവരണങ്ങളും മറ്റൊരു രചയിതാവ് പില്‍ക്കാലസംശോധനയില്‍ (Editing) കൂട്ടിച്ചേര്‍ത്തതാണ് എന്നതാണ് ഒരു വാദം. അരമായഭാഷയില്‍ മുന്നേ എഴുതപ്പെട്ടിരുന്ന രേഖകളെയും വിവരണങ്ങളെയും എസ്രായുടെ ഗ്രന്ഥകര്‍ത്താവ് തന്‍റെ രചനയില്‍ കൂട്ടിച്ചേര്‍ത്തതായിരിക്കാം എന്നതാണ് മറ്റൊരുവാദം. എന്നാല്‍ ഈ വാദഗതികളുടെ സങ്കീര്‍ണ്ണത കൂടാതെതന്നെ ഈ ദ്വിഭാഷാ രചനയെ മനസ്സിലാക്കാവുന്നതാണ്. പേര്‍ഷ്യന്‍ഭരണകാലത്തെ ഔദ്യോഗികഭാഷ അരമായ ആയിരുന്നതിനാല്‍ ഔദ്യോഗിക രേഖകളെല്ലാം അരമായഭാഷയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അരമായഭാഷയിലെ രേഖകള്‍ തന്‍റെ രചനയില്‍ ചേര്‍ത്ത ഗ്രന്ഥകാരന്‍ അവയുടെ വിവരണങ്ങളും അരമായഭാഷയില്‍തന്നെ നല്‍കി എന്ന് അനുമാനിക്കാവുന്നതാണ്. ദാനിയേലിന്‍റെ പുസ്തകത്തില്‍ ഇതിനു സമാനമായ രചനാശൈലി ദൃശ്യമാണ്. ഹീബ്രുഭാഷയിലെഴുതപ്പെട്ട ദാനിയേലിന്‍റെ പുസ്തകത്തിന്‍റെ ഒരു ഭാഗം (2:4-7:28) അരമായഭാഷയിലാണ് മൂലകൃതിയില്‍ കാണപ്പെടുന്നത്. തന്മൂലം ദ്വിഭാഷാകൃതികള്‍ ആ കാലഘട്ടത്തില്‍ അസാധാരണമായിരുന്നില്ല എന്ന്  അനുമാനിക്കാം.

 എസ്രാ 1-6 അധ്യായങ്ങള്‍ തുടര്‍ന്നുള്ള ഭാഗത്തിനും നെഹെമിയായുടെ പുസ്തകത്തിനും ആമുഖമായി വര്‍ത്തിക്കുന്നതായി വിലയിരുത്തപ്പെടാറുണ്ട്. ഈ അധ്യായങ്ങള്‍ എസ്രാ-നെഹെമിയായിലെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ഒരു നൂറ്റാണ്ടിന് ശേഷം രചിക്കപ്പെട്ടതാണെന്നും  ഇവിടെ വിവരിക്കപ്പെടുന്ന ദേവാലയനിര്‍മ്മാണം ഗരീസിം മലമുകളിലെ സമരിയാക്കാരുടെ ദേവാലയനിര്‍മ്മാണത്തെ ക്കുറിച്ചാണെന്നുമുള്ള ചില പണ്ഡിതന്‍മാരുടെ വാദം (ഉദാ. Blenkirsopp, Ezra-Nehemia, OTL, 1988) കേവലം സാങ്കല്പികമാകാനേ സാധ്യതയുള്ളൂ. ഈ അധ്യായങ്ങളില്‍ സ്പഷ്ടമായി പ്രകടിപ്പിച്ചിട്ടുള്ള പേര്‍ഷ്യന്‍ഭരണകൂടത്തോടുള്ള ആഭിമുഖ്യം ഒരു നൂറ്റാണ്ടിനു ശേഷം, അലക്സാണ്ടറുടെ ഭരണം ആരംഭിച്ച ശേഷം (യവനകാലഘട്ടം) വിശദീകരിക്കുക ദുഷ്കരമാണ്.

 സൈറസിന്‍റെ വിളംബരം (1:1-4)

ബാബിലോണിയന്‍ അടിമത്തം അവസാനിപ്പിച്ച് യഹൂദരെ ജറുസലേമിലേക്ക് തിരിച്ചയക്കുന്നതിനുള്ള സൈറസ് രണ്ടാമന്‍ രാജാവിന്‍റെ വിളംബരമാണ് ഒന്നാം അധ്യായത്തിന്‍റെ ഇതിവൃത്തം. ബി.സി 559ല്‍ പേര്‍ഷ്യന്‍രാജാവായി അവരോധിതനായ സൈറസ് മേദിയ, ലിദിയ, അസ്സീറിയ പ്രദേശങ്ങളെല്ലാം കീഴ്പ്പെടുത്തി. ബി.സി 539 ഒക്ടോബര്‍ മാസത്തില്‍ ബാബിലോണും പേര്‍ഷ്യന്‍ രാജാവിന് കീഴിലായി. ബാബിലോണില്‍ നബുക്കദ്നേസറിന്‍റെ കാലം മുതല്‍ അടിമകളായിരുന്ന (ബി.സി. 589-539) യഹൂദരെ മോചിപ്പിക്കാന്‍ സൈറസ് തീരുമാനിച്ചു. അടിമകളായി കഴിഞ്ഞിരുന്ന വിവിധ ജനവിഭാഗങ്ങളെ സ്വദേശത്തേക്കു മടക്കി അയക്കുക എന്നത് സൈറസ് രാജാവിന്‍റെ നയമായിരുന്നു.

               എസ്രായുടെ ഗ്രന്ഥകര്‍ത്താവ് രാജാവിന്‍റെ ഈ രാഷ്ട്രീയതീരുമാനത്തെ ദൈവികപദ്ധതിയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്. രാജാവിന്‍റെ മനസ്സിനെ ദൈവം "ഇളക്കി " (ഹേയിര്‍ എന്ന ഹീബ്രു ക്രിയ ) യതിന്‍റെ അനന്തര ഫലമായിട്ടാണ് യഹൂദവിമോചനത്തിന് രാജാവ് സന്നദ്ധമായത് എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു (1:1). ഇതാകട്ടെ പ്രവാസത്തിന്‍റെ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനങ്ങളുടെ സാക്ഷാത്കാരമായിരുന്നു. പ്രത്യക്ഷത്തില്‍ ജറെമിയായുടെ പ്രവചനത്തെയാണ് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നതെങ്കിലും (ജറെ 25:11-12; 29:10; 51:1,11) രണ്ടാം ഏശയ്യായുടെ പ്രവചനങ്ങളും (ഏശ 41:2, 25; 44:28; 45:1, 13) ഇവിടെ സ്മരണീയമാണ്.

               സൈറസിന്‍റെ വിളംബരത്തില്‍ പരാമര്‍ശിക്കുന്ന ചില പദങ്ങള്‍ വ്യാഖ്യാനാര്‍ഹങ്ങളാണ്. ബാബിലോണ്‍ കീഴടക്കിയ ശേഷം സൈറസ് ഒരിക്കലും തന്നെത്തന്നെ പേര്‍ഷ്യന്‍ രാജാവായി വിശേഷിപ്പിച്ചിരുന്നില്ല, മറിച്ച് ബാബിലോണ്‍ രാജാവായിട്ടാണ് വിശേഷിപ്പിച്ചിരുന്നത് എന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്മൂലം എസ്രാ 6:3-5ല്‍ കാണപ്പെടുന്ന രാജശാസനത്തിന്‍റെ ആധികാരികതയാണ് കൂടുതല്‍ വിശ്വസനീയം എന്ന അഭിപ്രായത്തിനാണ് പണ്ഡിതരുടെ ഇടയില്‍ പ്രാമുഖ്യമുള്ളത്. 1:2-4ലെ എഴുത്ത് ഗ്രന്ഥകാരന്‍റെയോ സംശോധകന്‍റെയോ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് അനുമാനിക്കാം. ഈ കത്തില്‍ "സ്വര്‍ഗ്ഗത്തിന്‍റെ ദൈവമായ കര്‍ത്താവ്" എന്ന സംജ്ഞ പ്രവാസകാലത്തിന് മുന്‍പ് ബാല്‍ദേവനെ(Baal Headad) വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചതാണെങ്കിലും പ്രവാസാനന്തരകാലത്ത് യഹൂദര്‍ ഈ പദം യാഹ്വേയെ സൂചിപ്പിക്കാന്‍, വിശേഷിച്ചും വിജാതീയരുമായുള്ള സംഭാഷണത്തില്‍, ഉപയോഗിച്ചിരുന്നു (നെഹെ 1:4-5; ദാനി 2:37-44; യോനാ 1:9). ബാബിലോണ്‍ രാജാവായ മര്‍ദൂക്ക,് തന്നെ സകല ലോകത്തിന്‍റെയും രാജാവായി നിയോഗിച്ചിരിക്കുന്നു എന്ന വിശ്വാസം സൈറസ് രാജാവിനുണ്ടായിരുന്നതായി ഇതര ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്മൂലം എഴുത്ത് എഴുതിയ രാജാവ് വിവക്ഷിച്ച ദൈവവും (ബാല്‍/മര്‍ദൂക്ക്) എഴുത്തിലൂടെ യഹൂദര്‍ മനസ്സിലാക്കിയ ദൈവവും (യാഹ്വെ) വ്യത്യസ്തമായിരുന്നു എന്ന് അനുമാനിക്കാം. "ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ്" എന്ന് 1:3ല്‍ യാഹ്വേയെ വ്യത്യസ്തമായി പരാമര്‍ശിക്കുന്നത് ഈ വാദത്തിന് ഉപോദ്ബലകമാണ്. 1:3ല്‍ ജറുസലേമിലേക്ക് പോകുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഹീബ്രു ക്രിയ (മഹമവ) പരമ്പരാഗതമായി ജറുസലേമിലേക്കുള്ള യഹൂദരുടെ വാര്‍ഷികതീര്‍ത്ഥാടനത്തെ സൂചിപ്പിക്കുന്ന ക്രിയയാണ്. തന്മൂലം പ്രവാസികളുടെ മടങ്ങിവരവിനെ ജറുസലേമിലേക്കുള്ള തീര്‍ത്ഥാടനമായാണ് വി. ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്.

1:4 ലെ അവശേഷിക്കുന്ന ജനം (ഹീബ്രുവില്‍ ഹാന്നിഷാര്‍ ) എന്ന പദപ്രയോഗം ശ്രദ്ധേയമാണ്. ജനത്തിന്‍റെ സകല അവിശ്വസ്തതകള്‍ക്കുമിടയില്‍ ഒരു ന്യൂനപക്ഷം വിശ്വസ്തതയോടെ വ്യാപരിച്ച് ദൈവികപദ്ധതിയെ മുന്നോട്ട് നയിക്കുന്നു എന്ന വിശ്വാസം യഹൂദരുടെ ഇടയില്‍ സജീവമായിരുന്നു. അവക്ഷിപ്തജനം (The remnant) എന്നപേരില്‍ പ്രസിദ്ധമായ (1 ദിന 13:2, 2ദിന 30:6; 34:21; 36:20; നെഹെ 1:2-3) ഈ ജനവിഭാഗത്തെക്കുറിച്ചുള്ള സൂചന പുറപ്പാടുസംഭവത്തെ അനുസ്മരിപ്പിക്കുന്നു. പുറപ്പാടുസംഭവത്തിലെന്നതുപോലെ തദ്ദേശവാസികളുടെ സംഭാവനകളും സമ്മാനങ്ങളും സ്വീകരിച്ചാണ് (പുറ. 3:2, 11:2; 12:35-36) പ്രവാസികള്‍ തിരിച്ചുപോകുന്നത്. പ്രവാസികളുടെ തിരിച്ചുവരവിനെ രണ്ടാം പുറപ്പാടായി ചിത്രീകരിക്കുന്ന ശൈലി രണ്ടാം ഏശയ്യായിലും ദൃശ്യമാണ്.

 തിരിച്ചുവരവിനുള്ള ഒരുക്കങ്ങള്‍ (1:5-11)

                തിരിച്ചുവരുന്നവരുടെ എണ്ണത്തെക്കുറിച്ചാണ് 1:5-8 ല്‍ പരാമര്‍ശിക്കുന്നത്. സൈറസിന്‍റെ വിളംബരത്തിലൂടെ മുഴുവന്‍ യഹൂദരും ബാബിലോണില്‍നിന്ന് ജറുസലേമിലേക്ക് തിരിച്ചു പോന്നില്ല. ദൈവം പ്രചോദിപ്പിച്ച (വാ. 5) കുടുംബ തലവന്‍മാര്‍ (ഹീബ്രുവില്‍ ബേത് അബേത് = പിതാക്കന്‍മാരുടെ ഭവനം) മാത്രമേ തിരിച്ചുവന്നുള്ളൂ എന്നാണ് 5-ാം വാക്യം തരുന്ന സൂചന. ബാബിലോണിലെ പ്രവാസകാലത്ത് ആര്‍ജ്ജിച്ച സമ്പത്തും സുഖസൗകര്യങ്ങളും വെടിഞ്ഞ് ജറുസലേമിലെ അരക്ഷിതാവസ്ഥയിലേക്ക് തിരിച്ചു പോരാന്‍ യഹൂദരില്‍ പലരും വിസമ്മതിച്ചതായി യഹൂദചരിത്രകാരനായ ജൊസേഫൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് (അൃേ. തക. 13). മനുഷ്യന്‍റെ മതാത്മകതയ്ക്കുമേല്‍ ഭൗതിക ലാഭങ്ങള്‍ വിജയം വരിക്കുന്നത് സ്വാഭാവികമാണല്ലോ.

ജറുസലേം ദേവാലയത്തില്‍ നിന്ന് നബുക്കദ്നേസര്‍ കൊള്ളയടിച്ച വിശുദ്ധപാത്രങ്ങള്‍ (2 ദിന 36:10,18) തിരിച്ചു നല്‍കാന്‍ സൈറസ് രാജാവ് കല്‍പിച്ചിരുന്നു. പ്രസ്തുത കല്പനയുടെ നിര്‍വ്വഹണമാണ് 1:7-11ലെ ഉള്ളടക്കം. അടിമകളാക്കപ്പെട്ട എല്ലാ മതസ്ഥര്‍ക്കും താന്താങ്ങളുടെ ദേവന്‍മാരുടെ പ്രതിമകള്‍ അതതു ദേശത്ത് നിര്‍മ്മിച്ചു നല്‍കാന്‍ സൈറസ് കല്‍പിച്ചിരുന്നു. യഹൂദര്‍ക്ക് സ്വന്തമായി ദേവപ്രതിമകള്‍ ഇല്ലാതിരുന്നതിനാലാണ് അവരുടെ വിശുദ്ധപാത്രങ്ങള്‍ തിരികെ നല്‍കിയത് എന്ന് അനുമാനിക്കാം. തകര്‍ക്കപ്പെട്ട ദേവാലയവും പുനരുദ്ധരിക്കപ്പെട്ട ദേവാലയവും തമ്മിലുള്ള തുടര്‍ച്ചാബന്ധത്തെ വെളിപ്പെടുത്തുന്നതാണ് ഈ പാത്രങ്ങള്‍ (2 ദിന 13:11). എസ്രായുടെ കാലത്തെ മടക്കയാത്രയിലും ദേവാലയത്തിലെ വിശുദ്ധപാത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട് (2 ദിന 13:11).

1:8 ല്‍ പ്രവാസികളുടെ നേതാവായി നിയോഗിക്കപ്പെടുന്ന ഷെഷ്ബസാര്‍ ആരായിരുന്നു എന്നതും തര്‍ക്കവിഷയമാണ്. യഹോയാക്കിം രാജാവിന്‍റെ മകനായ ഷെനാസ്സര്‍ (1 ദിന 3:18) തന്നെയാണ് ഷെഷ്ബസാര്‍ എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ എസ്രാ 5:4-16ല്‍ ഷെഷ്ബസാര്‍ യൂദാഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നതായി കാണാം. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായ അനേകം ഗവര്‍ണ്ണര്‍മാരെക്കുറിച്ച് നെഹെമിയായും സൂചിപ്പിക്കുന്നുണ്ട് (നെഹെ 5:15). യഹൂദ ഭരണാധിപനായി (ഹീബ്രുവില്‍ നാഷി = നേതാവ്) പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ഷെഷ്ബസാര്‍ എന്നത് തികച്ചും ഒരു ബാബിലോണിയന്‍ നാമമാണ്. തന്മൂലം യഹൂദപ്രവിശ്യയായ യൂദയായുടെ ഗവര്‍ണ്ണറായി അയക്കപ്പെട്ട ആദ്യവ്യക്തിയാണ് ഷെഷ്ബസാര്‍ എന്ന് അനുമാനിക്കാം. 5:14-16 ല്‍ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മം നടത്തുന്നത് ഷെഷ്ബസാര്‍ ആണെന്നുള്ള വസ്തുത അദ്ദേഹത്തിന്‍റെ രാജകീയ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.

വിശുദ്ധപാത്രങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരണത്തില്‍ (1:9-11) ശ്രദ്ധേയമായ പൊരുത്തക്കേടുകളുണ്ട്. പാത്രങ്ങളുടെ ആകെ എണ്ണം 11-ാം വാക്യത്തില്‍ 5400 എന്നു നല്‍കിയിട്ടുണ്ടെങ്കിലും 1:9-10 ലെ പാത്രങ്ങളുടെ പട്ടികയുടെ ആകെത്തുക 2499 മാത്രമാണ്. സംഖ്യാപരമായ ഈ പൊരുത്തക്കേട് ലളിതമായി വ്യാഖ്യാനിക്കാവുന്നതാണ്. സ്വര്‍ണ്ണം, വെള്ളി തുടങ്ങി ഏറെ വിലപിടിപ്പുള്ള പാത്രങ്ങള്‍ മാത്രമേ പട്ടികയില്‍ പരാമര്‍ശിക്കുന്നുള്ളുവെങ്കിലും ചെമ്പ്, ഓട് തുടങ്ങിയവ കൊണ്ടു നിര്‍മ്മിച്ച പാത്രങ്ങളും ദേവാലയത്തില്‍ ഉണ്ടായിരുന്നു (2 രാജ 25:14-17). ഇവയുംകൂടി ചേര്‍ത്ത എണ്ണമാണ് 5400 എന്ന് അനുമാനിക്കാം. അപ്രമാണികഗ്രന്ഥങ്ങളും ദേവാലയത്തിലെ പാത്രങ്ങളുടെ എണ്ണം 5400നടുത്താണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് (1 എസ്ദ്രാസ് 2:14).

 തിരികെ വരുന്നവരുടെ പട്ടിക ( 2:1-70)

നാമങ്ങളുടെ ഉച്ചാരണ വ്യത്യാസങ്ങളും ഗോത്രങ്ങളുടെ അംഗസംഖ്യകളിലെ വ്യത്യാസങ്ങളും അവഗണിച്ചാല്‍ എസ്രാ 2:1-69 ലെ വിവരണം നെഹെ 7:6-69 ലെ വിവരണവുമായി പദാനുപദം പൊരുത്തപ്പെട്ടതാണെന്നു ഗ്രഹിക്കാനാകും. ഈ രണ്ടുപട്ടികകളില്‍ ഏതാണ് മൂലരചന എന്നത് ബൈബിള്‍ ചരിത്രകാരന്മാരുടെയിടയിലെ തര്‍ക്കവിഷയമാണ്. ഇവയുടെ രചനാകാലവും ഈ പട്ടികയുടെ ലക്ഷ്യവും കൃത്യമായി നിര്‍ണ്ണയിക്കുക ദുഷ്കരമാണ്. പ്രവാസികളില്‍ പത്തുശതമാനം പേരെ തിരികെ കൊണ്ടുവരുന്ന വംശശുദ്ധിയുടെ തെളിവായിട്ടാണ് (നെഹെ 7:5) ഈ പട്ടിക നെഹെ 7:6-69 ല്‍ നല്‍കുന്നത്. എന്നാല്‍ ഇപ്രകാരമൊരു പട്ടിക എസ്രാ 2:1-69 ല്‍ നല്‍കുന്നതിന്‍റെ കാരണം വ്യക്തമല്ല. തന്നെയുമല്ല, എസ്രാ ഒന്നാം അധ്യായത്തിലെ വിവരണമനുസരിച്ച് ഷെഷ്ബാസറുടെ നേതൃത്വത്തില്‍ തിരിച്ചുവരുന്നവരുടെ പട്ടികയാണ് വായനക്കാര്‍ ന്യായമായും പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2:1-2 ല്‍ പരാമര്‍ശിക്കുന്ന ജനനേതാക്കന്മാരുടെ കൂട്ടത്തില്‍ ഷെഷ്ബസാറുടെ പേര് ഇല്ല എന്നുമാത്രമല്ല മറ്റുഗവര്‍ണര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടുതാനും. തന്മൂലം എസ്രാ 2: 1-69 നെ നെഹെ 7:6-69 ന്‍റെ പുനരാവിഷ്കരണമായി കരുതാനാണ് പണ്ഡിതന്മാര്‍ കൂടുതല്‍ താല്പര്യപ്പെടുന്നത്. നിലവിലുണ്ടായിരുന്ന ഒരു പട്ടികയെ (Source lite) എസ്രായും നെഹെമിയായും വ്യത്യസ്തലക്ഷണങ്ങളോടെ സംശോധന (editing) നടത്തി എന്നു കരുതുന്നതാണ് കൂടുതല്‍ ശരി. ഇപ്രകാരം സുദീര്‍ഘമായൊരു പട്ടിക നല്‍കുന്നതിന്‍റെ ലക്ഷ്യമെന്താണ് എന്ന ചോദ്യവും പ്രസക്തമാണ്. പ്രവാസികളായി ബാബിലോണിലേക്കു നാടുകടത്തപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് 2 രാജാ 24:14 (10000); 2 രാജാ 24:16 (8000); ജറെ 52:28-30 (4600) എന്നീ വചനഭാഗങ്ങളില്‍ നല്‍കുന്ന എണ്ണത്തേക്കാള്‍ വളരെ വലിയ ഒരു സംഖ്യയാണ് എസ്രാ 2:1-69ല്‍ കാണുന്നത്. പേര്‍ഷ്യന്‍നഗരങ്ങളിലെ നികുതിദായകരുടെ എണ്ണം കുറിക്കുന്ന പട്ടികയെ എസ്രാ-നെഹെമിയ ഗ്രന്ഥകാരന്മാര്‍ അതേപടി പ്രയോജനപ്പെടുത്തിയതിന്‍റെ പരിണിതഫലമാണ് ഈ പട്ടിക എന്ന്  അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍, നഗരവും ദേവാലയവും സ്വന്തമായി പണിയാന്‍ മാത്രം കരുത്തുള്ള ഒരു ജനവിഭാഗം പ്രവാസാനന്തരം തിരിച്ചെത്തിയിട്ടുണ്ട് എന്ന് തങ്ങളുടെ ശത്രുക്കളായ സമരിയാക്കാരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദീര്‍ഘമായ പട്ടിക നല്‍കിയിരിക്കുന്നത് എന്നു കരുതുന്നവരുമുണ്ട്. ഏതാണെങ്കിലും ഇത് പ്രവാസികളുടെ ആദ്യഗണത്തിന്‍റെ മാത്രം പട്ടികയാകാന്‍ സാധ്യതയില്ല. റാല്‍ഫ് ക്ലൈന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ നെഹെമിയായുടെ കാലത്തു നടന്ന ഒരു സെന്‍സസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത് എന്ന് അനുമാനിക്കാം. തിരിച്ചുവന്നവര്‍ വംശശുദ്ധിയില്‍ കറയറ്റവരും എണ്ണത്തില്‍ കരുത്തരും ഇസ്രായേലിനെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നവരുമാണെന്ന് സ്ഥാപിക്കുകയാണ് ഈ പട്ടികയുടെ ലക്ഷ്യം.

2:1-2ല്‍ പതിനൊന്ന് നേതാക്കന്മാരുടെ പേരുവിവരം നല്‍കുന്നുണ്ട്. ഒന്നാം അധ്യായത്തിലെ ഷെഷ്ബാസറുടെ പേരുകൂടി ചേര്‍ക്കുമ്പോള്‍ ഇസ്രായേലിന്‍റെ നേതാക്കന്മാരുടെ എണ്ണം പന്ത്രണ്ടുഗോത്രത്തലവന്മാരെ അനുസ്മരിപ്പിക്കുന്ന 12 എന്ന മാന്ത്രികസംഖ്യയാകുന്നു. തിരിച്ചെത്തിയവര്‍ ഭാഗികമാണെങ്കിലും അവര്‍ മുഴുവന്‍ ഇസ്രായേലിനെയും പ്രതിനിധാനം ചെയ്യുന്നതായി ഈ സംഖ്യാഗണന സൂചന നല്‍കുന്നു.

പ്രവാസികളുടെ പട്ടികയെ രണ്ടായി തരംതിരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാമതായി 2:3-35ല്‍ തിരിച്ചെത്തിയവരുടെ കൂട്ടത്തിലെ സാധാരണ ജനങ്ങളുടെ പട്ടികയാണ് അവതരിപ്പിക്കുന്നത്. ഈ പട്ടികയില്‍ 2:3-20ല്‍ തിരിച്ചെത്തിയവരുടെ കുടുംബക്രമത്തിലുള്ള എണ്ണം നല്‍കുമ്പോള്‍ 2:21-35 ല്‍ തിരിച്ചെത്തിയവരുടെ നഗരക്രമത്തിലുള്ള എണ്ണമാണ് നല്‍കുന്നത്. 2:36-58 ല്‍ തിരിച്ചെത്തിയവരുടെ കൂട്ടത്തിലെ പുരോഹിതരുടെയും ലേവായരുടെയും ദേവാലയശുശ്രൂഷികളുടെയും പട്ടികയാണ് നല്‍കിയിരിക്കുന്നത്. 2:59-63 ല്‍ തിരിച്ചെത്തിയവരുടെ കൂട്ടത്തിലെ വംശപരമ്പര കൃത്യമായി തിട്ടപ്പെടുത്താനാവാത്ത പുരോഹിത-അല്‍മായ വിഭാഗങ്ങളുടെ പട്ടികയാണ് നല്‍കുന്നത്. ചുരുക്കത്തില്‍ രണ്ടാം അധ്യായത്തിന്‍റെ ഘടനയെ ചുവടെ ചേര്‍ത്തിരിക്കുന്നപ്രകാരം ചിത്രീകരിക്കാവുന്നതാണ്.

  1. 2:1-2. ജനനേതാക്കളായവരുടെ പേരുവിവരം
  2. 2:3-35 തിരിച്ചെത്തിയ സാധാരണക്കാരായ ജനങ്ങളുടെ പട്ടിക

    2:3-20 തിരിച്ചെത്തിയ ജനങ്ങളുടെ കുടുംബ ക്രമത്തിലുള്ള പട്ടിക. ഇവരുടെ എണ്ണം 15,600 ആണ്.

    2:21-35 തിരിച്ചെത്തിയ ജനങ്ങളുടെ നഗരക്രമത്തിലുള്ള പട്ടിക. ഇവരുടെ എണ്ണം 8,540 ആണ്.

    C. 2:36-58 പുരോഹിത ശുശ്രൂഷകരുടെ പട്ടിക

    2:36-39 തിരിച്ചെത്തിയ പുരോഹിതരുടെ പട്ടിക. 1 ദിന 24:7-18 ലെ പുരോഹിതരുടെ പട്ടികയുടെ ആവര്‍ത്തനമാണിത്. മൊത്തംജനസംഖ്യയുടെ പത്തിലൊന്നുവരുന്നതാണ് ഈ പട്ടിക.

 2:40-42 തിരിച്ചെത്തിയ 74 ലേവായരുടെ പട്ടിക. ദാവീദിന്‍റെ കാലത്ത് 38000 ലേവായരുണ്ടായിരുന്നെങ്കില്‍ (1 ദിന 23:3) തിരിച്ചെത്തിയവരുടെ കൂട്ടത്തില്‍ അവരുടെ എണ്ണം ഗണ്യമായവിധം പരിമിതമായിരുന്നു; എസ്രാ 8:18-19ല്‍ 38ലേവായരെകൂടി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ലേവ്യരുടെ എണ്ണത്തിലെ കുറവ് ശ്രദ്ധാര്‍ഹമാണ്. സാമൂഹികവും സാമ്പത്തികവുമായി അവഗണിക്കപ്പെട്ട വിഭാഗമായിരുന്നതിനാല്‍ ലേവായരില്‍ പലരും വിപ്രവാസികളായി ബാബിലോണിലേക്ക് നാടുകടത്തപ്പെട്ടിട്ടില്ലായിരുന്നിരിക്കാം. അഥവാ നാടുകടത്തപ്പെട്ട ലേവായപ്രവാസികള്‍ തിരിച്ചുവരാന്‍ താല്പര്യം കാണിക്കാതിരുന്നതുമാകാം (എസെ 44:10-14 കാണുക).

2:43-58ല്‍ തിരിച്ചെത്തിയ ദേവാലയശുശ്രൂഷകരുടെ (ഹീബ്രുവില്‍-നെതിനിം) പട്ടിക നല്‍കിയിരിക്കുന്നു. പ്രവാസാനന്തരസമൂഹത്തിലെ ഒരു വിഭാഗമായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ എണ്ണം 392 ആയിരുന്നു.

   2:59-63ലെ പട്ടിക പുരോഹിത-അത്മായ സങ്കരമാണ്. സ്വന്തം ഗോത്രവും വംശവും സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്ത മൂന്ന് അത്മായകുടുംബങ്ങളും (ദെലായില, തോബിയ, നെക്കോദിയ), മൂന്ന് പുരോഹിത കുടുംബങ്ങളും (ഹബായിയ, ഹക്കോസ്- 1 ദിന 24:10; നെഹ 3:4,21, ബെര്‍സിവ്വായി- 2 സാമു 17:27-29; 19:31-29; രാജാ 2:7) ഈ പട്ടികയില്‍ പെടുന്നു. എസ്രാ 2:63ല്‍ പരാമര്‍ശിക്കുന്ന ഗവര്‍ണര്‍ (ഹീബ്രുവില്‍- തിര്‍സാതാ ) ആരാണെന്ന് കൃത്യമായി നിര്‍ണ്ണയിക്കുക ബുദ്ധിമുട്ടാണ്. കാരണം ഈ പട്ടികയുടെ രചനാകാലം കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അപ്രമാണികഗ്രന്ഥമായ 1 എസ്ദ്രാസ് 5:40ല്‍ ഈ ഗവര്‍ണര്‍ നെഹെമിയാ ആണെന്ന് സൂചിപ്പിക്കുന്നുണ്ട്. എസ്രാ 2:63ലെ ഊറിം തുമ്മിം ഉപകരണങ്ങള്‍ പൗരോഹിത്യവുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിശുദ്ധ ഉപകരണങ്ങളാണ്. ദൈവഹിതമറിയാനാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ച് വളരെ പരിമിതമായ അറിവുകളേയുള്ളൂ. ഇത് ലോഹനിര്‍മ്മിതമോ കല്ലില്‍ കൊത്തിയെടുത്തതോ ആയ വൃത്താകൃതിയോ അര്‍ദ്ധവൃത്താകൃതിയോ ഉള്ള വസ്തുവാണെന്നു കരുതപ്പെടുന്നു.

മഹാപുരോഹിതന്‍ തന്‍റെ ഉരസ്ത്രാണത്തിനുള്ളിലുള്ള പ്രത്യേകഅറയില്‍ എഫോദിനോടൊപ്പം ഈ ഉപകരണവും സൂക്ഷിച്ചിരുന്നു. (പുറ. 28:30). അതിനാല്‍ ഇവ നന്നേ ചെറുതായിരുന്നു എന്നു കരുതാം. പഴയനിയമത്തില്‍ പല അവസരങ്ങളിലും ഈ ഉപകരണങ്ങള്‍ പ്രതിപാദിക്കപ്പെടുന്നുണ്ട് (ലേവ്യ.8:8; എസ്രാ 2:63; നെഹെ 7:65; നിയ. 33:8; സംഖ്യ 27:21; 1 സാമു 28:6; 14:41). ഈ വാക്കുകളുടെ യഥാര്‍ത്ഥഅര്‍ത്ഥം അജ്ഞാതമാണ്.

2:64-70ല്‍ നല്‍കുന്ന ജനസംഖ്യയുടെ ആകെത്തുക (42,360) 2:3-63 വരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങളുടെ ആകെത്തുകയുമായി (29,818) പൊരുത്തപ്പെടുന്നില്ല. നെഹെമിയായുടെ പട്ടികയില്‍ ഇത് 31,089 ആണെങ്കില്‍ 1 എസ്ദ്രാസില്‍ ഇത് 30,142 ആണ്. എണ്ണത്തിലെ ഈ പൊരുത്തക്കേടിന് പണ്ഡിതര്‍ നല്‍കുന്ന വിശദീകരണം വ്യത്യസ്തമാണ്. പുരുഷന്മാരുടെ എണ്ണം മാത്രമാണ് 2:3-63 ല്‍ നല്‍കിയിരിക്കുന്നതെങ്കില്‍ ആകെ തുകയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് എണ്ണത്തില്‍ വ്യത്യാസം വന്നത് എന്നു വാദിക്കുന്നവരുണ്ട്. കുടുംബങ്ങളോടനുബന്ധിച്ചുള്ള പാട്ടുകാരുടെയും (2 സാമു19:35) ദാസരുടെയും എണ്ണം കൂടി കണക്കിലെടുത്തതിനാലാണ് ആകെത്തുക വര്‍ദ്ധിച്ചതെന്നാണ് മറ്റൊരു അഭിപ്രായം. 2:66ല്‍ പരാമര്‍ശിക്കുന്ന മൃഗങ്ങളുടെ എണ്ണവും കൂടി ചേര്‍ത്ത് തിരിച്ചുപോകുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ആകെ എണ്ണമാണ് 2:64ല്‍ പരാമര്‍ശിക്കുന്നത് എന്നതാണ് മൂന്നാമത്തെ കൂട്ടരുടെ അഭിപ്രായം.

2:69 ല്‍ ദേവാലയനിര്‍മ്മാണത്തിനുള്ള പിരിവിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ആദ്യദേവാലയം രാജാക്കന്മാരുടെ സംഭാവനയാല്‍ നിര്‍മ്മിതമായിരുന്നെങ്കില്‍ രണ്ടാം ദേവാലയത്തിന്‍റെ നിര്‍മ്മാണം തികച്ചും ജനകീയമായ സംഭാവനയാലാണ് നടന്നതെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. 6000 ദ്രാഗ്മ സ്വര്‍ണ്ണവും (ഏകദേശം 5 ക്വിന്‍റല്‍ സ്വര്‍ണ്ണവും) 5000 മിനാ (ഏകദേശം 30 ക്വിന്‍റല്‍) വെള്ളിയും സംഭാവനയായി ലഭിച്ചു. തിരിച്ചെത്തിയ ജനം സമ്പന്നരായിരുന്നു എന്ന് ഈ ഉദാരമായ സംഭാവന വ്യക്തമാക്കുന്നുണ്ട്. ഈജിപ്തിലെ അടിമത്തം പോലെ ബാബിലോണിയന്‍ അടിമത്തം ദുരിതപൂര്‍ണ്ണമായിരുന്നില്ല എന്ന് അനുമാനിക്കാം. അതുകൊണ്ടുതന്നെയാകാം പ്രവാസികളില്‍ പലരും തിരിച്ചുപോരാന്‍ മടികാണിച്ചതും.

വിചിന്തനം

  1. മതവും രാഷ്ട്രീയവും തമ്മിലുള്ള സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം വിവേകത്തിന്‍റെ ലക്ഷണമാണ്. ദൈവവിശ്വാസവും മതാചാരങ്ങളും മനുഷ്യത്വത്തിലെ അനിഷേധ്യമായ വസ്തുതകളാണ്. രാഷ്ട്രീയാധികാരികള്‍ മതധ്വംസനം നടത്തുന്നത് സ്വത്വനിഷേധമായതിനാല്‍ സ്വാഭാവികമായും എതിര്‍പ്പും ക്രമസമാധാനപ്രശ്നങ്ങളുമുണ്ടാകും. സൈ റസ് രണ്ടാമന്‍ എന്ന വിവേകമതിയായ രാജാവ് എല്ലാമതവിശ്വാസികളെയും സ്വതന്ത്രമായി ആരാധിക്കാന്‍ അനുവദിച്ചതിലൂടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ സമാധാനം സ്ഥാപിക്കപ്പെട്ടു. ന്യായമായരാഷ്ട്രീയാധികാരങ്ങളെ മാനിക്കുന്ന സമീപനമാണ് എസ്രായുടെ ഗ്രന്ഥത്തിലുടനീളം കാണുന്നത്. മതം രാഷ്ടീയത്തെ വിഴുങ്ങുന്നതും അപകടകരമാണെന്ന് മധ്യകാലത്തെ ഇരുണ്ടയുഗങ്ങളും താലിബാന്‍ മോഡല്‍ ഭരണകൂടങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ആരോഗ്യകരമായ സംതുലനം സംരക്ഷിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്‍റെയും ആവശ്യമാണ്.
  2. എസ്രായുടെ ഗ്രന്ഥം നല്‍കുന്ന കുടുംബപ്പേരുകളും വംശാവലികളും ഒരു ജനതയുടെ സ്വത്വപ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് മനസ്സിലാക്കേണ്ടത്. താന്‍ ഈ ഭൂമിയില്‍ ഒറ്റപ്പെട്ട ഒരു അസ്ഥിത്വമല്ലെന്നും മറിച്ച് തന്‍റെ വംശവൃക്ഷത്തിലെ ശാഖോപശാഖകളോട് നിരന്തരമായും ക്രിയാത്മകമായും സംവേദനം നടത്തുന്ന സാഹോദര്യമാണെന്നുമുള്ള യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ വംശാവലികളിലൂടെ സാധിക്കും. ആധുനിക മനുഷ്യര്‍ പലപ്പോഴും രണ്ടുതലമുറകള്‍ക്കപ്പുറത്തുള്ള പൂര്‍വ്വികരെപ്പോലും വിസ്മരിക്കുന്നവരാണ്. കുടുംബവൃക്ഷത്തിലെ ശാഖകളെ മനസ്സിലാക്കുന്നതും സഹകരിക്കുന്നതും സഹായിക്കുന്നതുമെല്ലാം ആത്മീയതയുടെ ഭാഗം തന്നെയാണ്. എന്നാല്‍ വംശാവലി പഠനം വര്‍ഗ്ഗീയതയിലൂന്നിയ ഔദ്ധത്യത്തിനും കുലമഹിമയിലൂന്നിയ പൊങ്ങച്ചത്തിനും ഇടവരുത്തരുത്. സകലമനുഷ്യരും ഒരേ പിതാവിന്‍റെ മക്കളായതിനാല്‍ സഹോദരങ്ങളാണ് എന്ന തിരിച്ചറിവിലേക്കാണ് വംശാവലികള്‍ നമ്മെ നയിക്കേണ്ടത്.
  3. പ്രത്യക്ഷത്തില്‍ പ്രസക്തമെന്നു തോന്നുന്ന ഈ വംശാവലി രക്ഷാകരചരിത്രത്തില്‍ നിര്‍ണ്ണായകസ്ഥാനമുള്ളതാണ്. രക്ഷകനായ യേശുവിന്‍റെ വംശാവലിയില്‍ (മത്താ 1:1-17) പരാമര്‍ശിക്കുന്ന പലപേരുകളും എസ്രാ 2ല്‍ നിന്നുള്ളവയാണ്. മത്തായിയുടെ സുവിശേഷത്തിലെ വംശാവലിയുടെ വിഭജനത്തില്‍ നിര്‍ണ്ണായകമായ കാലഘട്ടം വിപ്രവാസകാലമാണ്. അബ്രാഹം മുതല്‍ ദാവീദുവരെ 14 തലമുറകളും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസം വരെ 14 തലമുറകളും ബാബിലോണ്‍ പ്രവാസം മുതല്‍ യേശുവരെ 14 തലമുറകളും എന്നതാണ് മത്തായിയുടെ വംശാവലി ചിത്രീകരണം.                       
  4. പുനരുദ്ധാരണം (restoration) എന്നത് വി. ഗ്രന്ഥത്തിലെ സുപ്രധാനമായ ഒരു ആശയമാണ്. പറുദീസാ നഷ്ടമാക്കിയ മനുഷ്യനെ ദൈവം പുനരുദ്ധരിക്കുന്നതിന്‍റെ ചരിത്രമാണല്ലോ രക്ഷാകരചരിത്രം. എപ്പോഴെല്ലാം മനുഷ്യര്‍ പാപം മൂലം ദൈവത്തെയും അതുവഴി സ്വന്തം സ്വത്വത്തെയും നഷ്ടമാക്കിയോ അപ്പോഴെല്ലാം ദൈവം അവരെ പുനരുദ്ധരിക്കുന്നതായി കാണാം. ജലപ്രളയവും ഈജിപ്തിലെ അടിമത്തവും പുറപ്പാടുസംഭവവും വിപ്രവാസവും വിമോചനവുമെല്ലാം ഈ പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായിരുന്നു. ദൈവജനം പുനരുദ്ധരിക്കപ്പെടുന്നതോടെ ദൈവാലയവും ആരാധനാക്രമവും പുനരുദ്ധരിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ദൈവജനത്തെ പുനരുദ്ധരിക്കാതെ, ദൈവോന്മുഖരാക്കാതെ ദേവാലയം നിര്‍മ്മിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ആരാധനാക്രമം പരിഷ്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും പലപ്പോഴും കലാപത്തിലേ കലാശിക്കുകയുള്ളൂ.
  5. എല്ലാ ദുഃഖങ്ങള്‍ക്കും അടിമത്തങ്ങള്‍ക്കും കണ്ണീരിനും അവസാനമുണ്ടെന്നതാണ് വിപ്രവാസത്തിന്‍റെ അന്ത്യം തരുന്ന അടിസ്ഥാന സന്ദേശം. തന്‍റെ ജനത്തിന്‍റെ നിലവിളി കേള്‍ക്കുന്ന ദൈവം ഒരിക്കലും തന്‍റെ ജനത്തെ പൂര്‍ണ്ണമായും കൈവെടിയുന്നില്ല. പറുദീസാമുതല്‍ ബാബിലോണ്‍ വരെയുള്ള കണ്ണുനീരിന് ദൈവം നല്‍കിയ ഉത്തരമാണ് എസ്രായുടെ പുസ്തകം അനുസ്മരിക്കുന്നത്. യേശുവിന്‍റെ ഉത്ഥാനത്തിലൂടെ മനുഷ്യകുലം നേടാനിരിക്കുന്ന സമ്പൂര്‍ണ്ണവിമോചനത്തിന്‍റെ മുന്നാസ്വാദനമായി ബാബിലോണ്‍ പ്രവാസത്തില്‍ നിന്നുള്ള വിമോചനത്തെ മനസ്സിലാക്കാവുന്നതാണ്.

ബലിപീഠനിര്‍മ്മാണവും ദൈവാലയ

ശിലാസ്ഥാപനവും (3:1-13)

3:1-6 ല്‍ ബലിപീഠനിര്‍മ്മാണവും പ്രഥമബലിയര്‍പ്പണവും വിവരിക്കുമ്പോള്‍ 3:7-13ല്‍ ദേവാലയശിലാന്യാസമാണ് ഇതിവൃത്തം. യേഷുവായും സെറുബാബേലുമാണ് ഈ രണ്ടു സംഭവങ്ങളിലും നെടുനായകത്വം വഹിക്കുന്നത്. ഹഗ്ഗായി, സഖറിയാ ഗ്രന്ഥങ്ങളിലെ വിവരണങ്ങളുടെ വെളിച്ചത്തില്‍ ഈ നേതാക്കന്മാരുടെ കാലം ദാരിയൂസ് ഒന്നാമന്‍ രാജാവിന്‍റെ ഭരണകാലത്താണെന്ന് (521-486) അനുമാനിക്കാം. ദാരിയൂസിന്‍റെ ഭരണം ആരംഭിക്കുന്നതിനുമുന്‍പുതന്നെ യേഷുവായും സെറുബാബേലും ബലിപീഠം നിര്‍മ്മിച്ചു എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിഗമനം. ഇതു നിഷേധിക്കാന്‍ കാരണങ്ങളൊന്നുമില്ലാത്തതിനാല്‍ എസ്രാ 3ല്‍ വിവരിക്കുന്ന സംഭവങ്ങള്‍ ബി.സി. 530 നോടടുത്ത് സംഭവിച്ചു എന്ന് അനുമാനിക്കാം.

ബലിപീഠനിര്‍മ്മാണം (3:1-6)

വിവിധ പട്ടണങ്ങളില്‍ വസിച്ചിരുന്ന ജനം "ഒറ്റക്കെട്ടായി" എഴാം മാസമായ തിഷ്റിയില്‍ ജറുസലേമില്‍ ഒരുമിച്ചുകൂടിയാണ് ബലിപീഠം നിര്‍മ്മിച്ചത്. നേതാക്കന്മാരുടെയും പ്രധാനപുരോഹിതരുടെയും നിര്‍ദ്ദേശാനുസൃതം ബലിയര്‍പ്പണത്തിനും നിയമപാരായണത്തിനുമായി ജനങ്ങള്‍ ഒരുമിച്ചുകൂടുന്നതിന്‍റെ വിവരണങ്ങള്‍ ദിനവൃത്താന്തഗ്രന്ഥങ്ങളിലും എസ്രാ-നെഹെമിയായിലും സുലഭമാണ് (1 ദിന 13:1-5, 2 ദിന 5:2-3; 20:3-4; 30:1-3; 34:20-32; എസ്രാ 10:79). എന്നാല്‍ ബലിപീഠനിര്‍മ്മാണത്തിനായി, നേതാക്കളുടെ നിര്‍ദ്ദേശാനുസൃതമല്ല സ്വമനസ്സാ ജനം വന്നു ചേരുകയായിരുന്നു. ആദ്യദേവാലയത്തിലെ ബലിപീഠം ദേശവാസികളായ യഹൂദര്‍ ഉപയോഗിച്ചിരുന്നതായി അനുമാനിക്കാം (ജറെ 41:5). എന്നാല്‍ യഹൂദരില്‍ ഒരുവന്‍പോലും ജറുസലേമില്‍ അവശേഷിച്ചിരുന്നില്ല എന്ന ധാരണയിലാണ് എസ്രാ-നെഹെമിയ ഗ്രന്ഥങ്ങളിലെ വിവരണങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസാനന്തരം തിരിച്ചെത്തിയ യഹൂദര്‍ മാത്രമാണ് വംശശുദ്ധിയുള്ള യഹൂദര്‍ എന്നും ദേശത്ത് അവശേഷിച്ചിരുന്ന യഹൂദര്‍ വംശശുദ്ധി നഷ്ടമായവരാണെന്നുമുള്ള ധാരണ ഈ ഗ്രന്ഥങ്ങളില്‍ സ്പഷ്ടമാണ്.

ബലിപീഠനിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്നത് യേഷുവായും സെറുബാബേലുമാണ്. പ്രവാസത്തിനുമുമ്പത്തെ അവസാന പ്രധാന പുരോഹിതനായിരുന്ന യഹോസാദെക്കിന്‍റെ (യോസാദെക്ക് - 1 ദിന 6:1-15) പിന്‍ തലമുറക്കാരനായിരുന്നു യേഷുവാ. ബാബിലോണ്‍ സൈന്യം വധിച്ച പ്രധാന പുരോഹിതന്‍ സെറായിയാ യേഷുവായുടെ പിതാമഹനാണ് (2 രാജാ 25:18 -21; ജറെ 52:24-27).എസ്രാ - നെഹെമിയായില്‍ ഇദ്ദേഹത്തെ പ്രധാനപുരോഹിതന്‍ എന്നു വിളിക്കുന്നില്ലെങ്കിലും ഹഗ്ഗായി, സഖറിയ ഗ്രന്ഥങ്ങള്‍ യേഷുവായെ (ജോഷ്വാ) പ്രധാനപുരോഹിതനായാണ് സംബോധന ചെയ്യുന്നത്.

സെറുബാബേല്‍ ബി.സി. 525ല്‍ നടന്ന ഈജിപ്ഷ്യന്‍യുദ്ധത്തിലെ നായകനായിരുന്നു. യുദ്ധവിജയത്തിന് പാരിതോഷികമായി കംബിസസ്രാജാവ് അദ്ദേഹത്തെ യൂദായുടെ ഗവര്‍ണറായി നിയമിച്ചതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എസ്രാ 3:2ല്‍ സെറുബാബേലിന്‍റെ പിതാവ് ഷെയാല്‍ത്തിയേലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 1 ദിന 3:19ല്‍ പെദായിയായുടെ മകനാണ് സെറുബാബേല്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഷെയാല്‍ത്തിയേലിന്‍റെ മരണശേഷം ലേവിര്‍ നിയമപ്രകാരം സഹോദരനായ പെദായിയാ സഹോദരഭാര്യയെ വിവാഹം ചെയ്തതിനാലാണ് പിതാവിന്‍റെ പേരിനെക്കുറിച്ച് അന്തരമുണ്ടായതെന്ന് പണ്ഡിതന്മാര്‍ നിരൂപിക്കുന്നു.

ദൈവപുരുഷനായ മോശയുടെ നിയമപ്രകാരമാണ് ബലിപീഠം നിര്‍മ്മിച്ചത്. മോശയെ "ദൈവപുരുഷന്‍" എന്ന സംജ്ഞയിലൂടെ വിശേഷിപ്പിക്കുന്ന ശൈലി സമകാലിക വിശുദ്ധ ഗ്രന്ഥങ്ങളില്‍ കാണാം (1 ദിന 23:14; 2 ദിന 30:16). കാനാന്‍ദേശത്തു പ്രവേശിച്ചാലുടന്‍ ഇരുമ്പായുധങ്ങള്‍ ഉപയോഗിക്കാതെ കല്ലുകൊണ്ട് കര്‍ത്താവിന് ബലിപീഠം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് മോശ നിര്‍ദ്ദേശം നല്‍കിയിരുന്നു (നിയ 27:6-7 പുറ 20:25; 1 മക്ക 4:47). പഴയ ദേവാലയത്തിന്‍റെയും ബലിപീഠത്തിന്‍റെയും തുടര്‍ച്ചയാണ് പ്രവാസാനന്തരം നിര്‍മ്മിക്കപ്പെടുന്ന ദേവാലയവും ബലിപീഠവുമെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുകയാണിവിടെ. പ്രവാസികളുടെ തിരിച്ചുവരവിനെ രണ്ടാം പുറപ്പാടായി അവതരിപ്പിക്കുക എന്ന ലക്ഷ്യവും ഈ പരാമര്‍ശങ്ങള്‍ക്കു പിന്നിലുണ്ട്. ദാവീദിന്‍റെ കാലത്ത് എന്നതുപോലെ ദേവാലയം പണിയുന്നതിനു മുമ്പുതന്നെ ബലിപീഠം പണിത് ബലിയര്‍പ്പണം ആരംഭിക്കുന്ന രീതിയാണ് എസ്രാ-നെഹെമിയായിലും അനുവര്‍ത്തിക്കുന്നത് (2 സാമു 24:18-25; 1 ദിന 21:28-22:1).  അനുദിനബലികള്‍ (പുറ 29:38-42; സംഖ്യ 28:3-8) പുനരാരംഭിച്ച ജനം പുറപ്പാടുസംഭവത്തിലെ മരുഭൂമിവാസത്തെ അനുസ്മരിപ്പിക്കുന്ന കൂടാരത്തിരുനാളാണ് ആദ്യം ആചരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഏഴാം മാസമായ തിഷ്റിയുടെ 15 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് കൂടാരത്തിരുനാള്‍ ആചരിച്ചിരുന്നത് (ലേവ്യ 23:39-43). ആദ്യ ദേവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം നടന്നത് കൂടാരത്തിരുനാളിലായിരുന്നു (2 ദിന 5:3) എന്നതും പുതിയ ബലിപീഠം പഴയതിന്‍റെ തുടര്‍ച്ചയാണെന്ന് സൂചിപ്പിക്കുന്നു.

  ദേവാലയശിലാന്യാസം (3:7-13)

ദേവാലയനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ പദാനുപദം ആദ്യദേവാലയത്തിന്‍റെ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുടെ വിവരണങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ് (1 ദിന 22:2, 4,15; 2 ദിന 2:15) രണ്ടാം ദേവാലയം ആദ്യദേവാലയത്തിന്‍റെ കാര്‍ബണ്‍ പതിപ്പായിരിക്കും എന്ന് ഒരുക്കവിവരണങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്.

ബലിപീഠനിര്‍മ്മാണത്തിനുശേഷം ഏഴുമാസങ്ങള്‍ കഴിഞ്ഞാണ് (വര്‍ഷത്തിലെ രണ്ടാം മാസം) ദേവാലയനിര്‍മ്മാണം അരംഭിക്കുന്നത്. ആദ്യദേവാലയത്തിന്‍റെ നിര്‍മ്മാണം സോളമന്‍ ആരംഭിച്ചതും ഇതേ മാസത്തിലായിരുന്നു (2 ദിന 3:2). എന്നാല്‍ ദേവാലയ നിര്‍മ്മാണത്തിന് നിയോഗിക്കപ്പെട്ട ലേവ്യരുടെ പ്രായത്തെക്കുറിച്ചുള്ള നിര്‍ദ്ദേശം (20 വയസ്സില്‍ കൂടുതലുള്ള പുരുഷന്മാര്‍) ഇതര ബൈബിള്‍ ഗ്രന്ഥങ്ങളുമായി ഒത്തുപോകുന്നില്ല. ദൈവാലയശുശ്രൂഷയ്ക്കുള്ള ലേവായരുടെ പ്രായം മുപ്പതു വയസ്സായിരിക്കണമെന്ന് ദാവീദും (1 ദിന 23:2, സംഖ്യ 4:3,23, 30) ഇരുപത്തഞ്ചു വയസ്സില്‍ കുറയാന്‍ പാടില്ലെന്ന് നിയമഗ്രന്ഥവും (സംഖ്യ 8:24) അനുശാസിക്കുന്നുണ്ട്. എന്നാല്‍ തിരിച്ചെത്തിയ പ്രവാസികളുടെ കൂട്ടത്തില്‍ ലേവായരുടെ എണ്ണം ഗണ്യമായി കുറവായിരുന്നതിനാലാകണം രണ്ടാം ദേവാലയനിര്‍മ്മാണത്തിനുള്ള ലേവായരുടെ പ്രായത്തില്‍ കുറവ് വരുത്തിയത്.

ദൈവാലയശിലാന്യാസം എന്ന കര്‍മ്മം പുരാതനമധ്യപൂര്‍വ്വ ദേശങ്ങളിലെ പതിവായിരുന്നു എന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. "കാലു"(Kalu) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ചടങ്ങിന്‍റെ പുനരാവിഷ്കാരമാണ് എസ്രാ 3:7-13 ലും ഹഗ്ഗാ 2:18ലും സഖ 4:7-10ലും പരാമര്‍ശിക്കുന്നത് എന്ന് നിരൂപിക്കാവുന്നതാണ്. പലകാരണങ്ങളാല്‍ ആരാധന നിലച്ചുപോയ പഴയകാലആരാധനാസ്ഥലങ്ങളെ ആരാധനയ്ക്കായി പുനരര്‍പ്പിക്കുന്ന ചടങ്ങാണിത്. പഴയദേവാലയത്തിന്‍റെ അടിത്തറയില്‍ നിന്നുള്ള കല്ല് ഉപയോഗിച്ച് പുതിയ ആരാധനാസ്ഥലത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്ന പ്രക്രിയയാണിത്. എസ്രാ 3:7-13ലെ ചടങ്ങ് ഇപ്രകാരമൊരു ചടങ്ങായിരുന്നുവെന്ന് കരുതാം. എന്നാല്‍ എസ്രാ 3:7-13 ലെ പുരോഹിതരുടെ വേഷവിധാനങ്ങളും (2 ദിന 5:12) സംഗീതവും (സംഖ്യ 10:1-10.; 31:6; 1 ദിന 15: 24; 2 ദിന 5: 12-13) ആദ്യദേവാലയനിര്‍മ്മാണത്തിന്‍റെ തുടക്കത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുസ്മരിപ്പിക്കുന്നതാണ്.

ദൈവത്തിന്‍റെ ശിലാന്യാസം ജനങ്ങളുടെയിടയിലെ വൃദ്ധരെ കണ്ണീരണിയിച്ചു. ആദ്യ ദേവാലയം നേരില്‍ കണ്ടിട്ടുള്ള അവരുടെ കണ്ണീര്‍ സന്തോഷാശ്രുക്കളായിരുന്നിരിക്കാം. അഥവാ പുതിയ ദേവാലയത്തിന്‍റെ പണി തീരുന്നതുവരെ തങ്ങള്‍ ജീവിച്ചിരിക്കില്ല എന്ന സങ്കടം മൂലവുമാകാം അവര്‍ കരഞ്ഞത്. ശിലാന്യാസം നടക്കുന്നത് ബി.സി. 530 നോടടുത്താണെങ്കില്‍ പഴയദേവാലയം തകര്‍ക്കപ്പെട്ടിട്ട് 58 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. തന്മൂലം പഴയദേവാലയം പരിചയമുള്ള മുതിര്‍ന്ന തലമുറ എന്നു വിവക്ഷിക്കുന്നത് സമൂഹത്തിലെ ഏറ്റവും പ്രായമായവരെക്കുറിച്ചാണ്. ഹഗ്ഗായി 2:3 ല്‍ ശിലാന്യാസസമയത്ത് ഉയരുന്ന അശ്ശരീരി പഴയദേവാലയം കണ്ടവരുടെ എണ്ണം ജനക്കൂട്ടത്തിനിടയില്‍ തുലോം പരിമിതമായിരുന്നെന്ന് സൂചന നല്‍കുന്നുണ്ട്. ജനക്കൂട്ടത്തിന്‍റെ ആഹ്ലാദാരവവും കരച്ചിലും വിദൂരങ്ങളില്‍ പോലും കേട്ടു എന്ന സമാപനവാക്യം തുടര്‍ന്നുള്ള അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്ന തദ്ദേശവാസികളുടെ എതിര്‍പ്പിലേക്കുള്ള ദിശാസൂചിയാണ്.

  ദേവാലയനിര്‍മ്മാണവും പ്രതിഷ്ഠയും (4:1-24)

ബാബിലോണില്‍ നിന്നു തിരികെയെത്തിയ പ്രവാസികള്‍ കര്‍ത്താവിന്‍റെ (യാഹ്വെയുടെ) ആലയം പണി ആരംഭിച്ചപ്പോള്‍ തദ്ദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തു വരുന്നതും, സകല എതിര്‍പ്പുകളെയും തെറ്റിദ്ധാരണകളെയും അതിജീവിച്ച് ദൈവജനം ദൈവാലയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുമാണ് 4 മുതല്‍ 6 വരെ അധ്യായങ്ങളുടെ പ്രമേയം.

4:2 ല്‍ യൂദാ-ബെഞ്ചമിന്‍ ഗോത്രങ്ങളുടെ പ്രതിയോഗികളായി രംഗപ്രവേശം ചെയ്യുന്ന ദേശവാസികള്‍ ആരാണ് എന്നതിനെക്കുറിച്ച് വ്യാഖ്യാതാക്കളുടെയിടയില്‍ അഭിപ്രായാന്തരങ്ങളുണ്ട്. അസ്സീറിയന്‍ രാജാവായ എസര്‍ഹദ്ദോന്‍റെ കാലം (ബി.സി. 681-669) മുതല്‍ തങ്ങള്‍ ബലിയര്‍പ്പിച്ചിരുന്നവരാണെന്ന് പ്രതിയോഗികള്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട് (വാ. 2). തന്നെയുമല്ല ദേവാലയനിര്‍മ്മാണം തടയാനല്ല, നിര്‍മ്മാണത്തില്‍ തങ്ങളെയും സഹകരിപ്പിക്കണം എന്ന ആവശ്യവുമായാണ് അവര്‍ വരുന്നത്. തന്മൂലം പ്രതിയോഗികള്‍ യഹൂദവിരോധികളല്ല യഹൂദരില്‍ തന്നെയുള്ള ഏതോ വിഭാഗമാണെന്ന് പ്രാഥമികനിരീക്ഷണത്തില്‍തന്നെ അനുമാനിക്കാം. എസര്‍ഹദ്ദോന്‍ രാജാവിന്‍റെ കാലത്ത് പലസ്തീനായില്‍ ഇപ്രകാരമൊരു കുടിയിറക്കും പുനരധിവാസവും നടന്നതിന് ചരിത്രപരമായ സാക്ഷ്യങ്ങളൊന്നുമില്ല. ബി.സി. 721 ല്‍ അസ്സീറിയന്‍ രാജാവായിരുന്ന സാര്‍ഗോന്‍ രണ്ടാമന്‍ വടക്കന്‍ രാജ്യമായ ഇസ്രായേലിനെ കീഴ്പ്പെടുത്തുകയും പ്രസ്തുത പ്രദേശങ്ങളില്‍, പ്രത്യേകിച്ചും സമരിയാപ്രവിശ്യയില്‍, മെസപ്പൊട്ടോമിയന്‍ ദേശവാസികളെ കുടിയിരുത്തുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്. ഇപ്രകാരം ഇസ്രായേലിലെത്തിയ മെസപ്പൊട്ടേമിയന്‍ നിവാസികള്‍ ഇസ്രായേലിന്‍റെ ദൈവമായ യാഹ്വെയെയും തങ്ങളുടെ ദൈവങ്ങള്‍ക്കൊപ്പം ആരാധിച്ചുതുടങ്ങി. നിയമാവര്‍ത്തന ചരിത്രകാലം വരെ ഈ പതിവു തുടര്‍ന്നിരുന്നു (2 രാജാ 17:24-41). എസര്‍ഹദ്ദോന്‍ രാജാവിന്‍റെ കാലത്തും ഇപ്രകാരം വിദേശികളെ സമരിയായില്‍ അധിവസിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏശയ്യ 7:8 ല്‍ 65 വര്‍ഷത്തിനുള്ളില്‍ വടക്കന്‍ രാജ്യത്തു സംഭവിക്കാനിരിക്കുന്ന നാശത്തെക്കുറിച്ചുള്ള പ്രവചനം ബി.സി. 670 നോടടുത്തു സംഭവിച്ച ഈ അധിനിവേശത്തെക്കുറിച്ചാണെന്ന് അഭിപ്രായപ്പെടുന്ന വ്യാഖ്യാതാക്കളുണ്ട്. തന്മൂലം പ്രതിയോഗികളായി വരുന്ന ദേശവാസികളുടെ അവകാശവാദത്തെ അവിശ്വസിക്കേണ്ടതില്ല.

എസ്രാ 4:4 ലെ "ദേശവാസികള്‍ക്ക്" (ഹീബ്രുവില്‍ അംഹാരെസ്) എന്ന പദപ്രയോഗം പ്രതിയോഗികളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. പ്രവാസാനന്തര കാലഘട്ടത്തില്‍ ദേശവാസികള്‍ എന്ന സംജ്ഞ പ്രവാസത്തിലേക്ക് അയയ്ക്കപ്പെടാതെ ദേശത്തു ശേഷിച്ചിരുന്നവരെ സൂചിപ്പിക്കുന്ന പദമായിരുന്നു. തന്മൂലം പ്രതിയോഗികള്‍ എന്നതിലൂടെ പ്രവാസത്തിലേക്ക് അയയ്ക്കപ്പെടാതെ ദേശത്തു ശേഷിച്ചവരും വിജാതീയആചാരങ്ങളും യഹൂദാചാരങ്ങളും ഒരുപോലെ അനുഷ്ഠിച്ചിരുന്നവരുമായ ഒരു വിഭാഗം ജനങ്ങളെയാണ് വിവക്ഷിക്കുന്നത് എന്ന് വ്യക്തമാണ്.

തങ്ങളുടെ സഹായാഭ്യര്‍ത്ഥന തിരസ്കരിക്കപ്പെട്ടതില്‍ ക്ഷുഭിതരായ ദേശവാസികള്‍ ദേവാലയനിര്‍മ്മാണത്തിനെതിരേ പ്രവര്‍ത്തിച്ചുതുടങ്ങി. അവര്‍ ജനത്തെ നിരുത്സാഹപ്പെടുത്തുകയും (ഹീബ്രുവില്‍ മെറാപ്പിം യെദേ =കരങ്ങള്‍ ദുര്‍ബ്ബലമാക്കുക) പേര്‍ഷ്യന്‍ അധികാരികളെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കുകയും ചെയ്തു. തന്മൂലം ദേവാലയം പണി സൈറസിന്‍റെ കാലം മുതല്‍ (ബി.സി. 539-486) തടസ്സപ്പെട്ടു. രണ്ടാം ദേവാലയത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വളരെ ഇഴഞ്ഞാ ണ് നീങ്ങിയത് എന്നത് ചരിത്രപരമായ സത്യമാണ്. അതിന്‍റെ കാരണമായി എസ്രാ-നെഹെമിയാഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്നത് ദേശവാസികളുടെ എതിര്‍പ്പും ഭരണകൂടങ്ങളുടെ തെറ്റിദ്ധാരണയുമാണ്. എന്നാല്‍ പ്രവാസാനന്തരകാലത്തെ പ്രവാചകന്മാര്‍ ദേവാലയനിര്‍മ്മാണം വൈകിയതിനുള്ള കാരണങ്ങള്‍ നിരത്തുന്നത് വ്യത്യസ്തമായാണ്. ദൈവജനത്തിന്‍റെ നിസ്സംഗതയും, സാമ്പത്തിക പരാധീനതയും, മതാഭിമുഖ്യത്തില്‍ വന്ന കുറവും, ദേവാലയനിര്‍മ്മാണം അനാവശ്യമാണെന്ന ചിന്തയുമൊക്കെയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. (ഏശ 58:4; 66:1-2; ഹഗ്ഗാ 1:2-4). തങ്ങളുടെ ഭാഗത്തെ കുറവുകളെ വെള്ളപൂശി ദേശവാസികളുടെ മേല്‍ പഴിചാരാനാണ് എസ്രാ-നെഹെമിയഗ്രന്ഥകര്‍ത്താക്കളുടെ ശ്രമം.

4:6-7ല്‍ യഹൂദര്‍ക്കെതിരേ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ മുന്നില്‍ പ്രതിയോഗികള്‍ സമര്‍പ്പിക്കുന്ന ആരോപണങ്ങളാണ.് 5-ാം വാക്യത്തില്‍ ദാരിയൂസിന്‍റെ ഭരണകാലത്തെ (ബി.സി. 522-486) സംഭവം വിവരിക്കുന്ന ഗ്രന്ഥകര്‍ത്താവ് 6-ാം വാക്യം മുതല്‍ അഹാസ്വരൂസ് (സേര്‍ക്സസ്) ഒന്നാമന്‍റെ (486-465)  ഭരണകാലത്തും അര്‍ത്താക്സെര്‍ക്സസ് ഒന്നാമന്‍റെ (465-424) ഭരണകാലത്തും നടക്കുന്ന സംഭവങ്ങളാണ് വിവരിക്കുന്നത്. എന്നാല്‍ 24-ാം വാക്യത്തില്‍ ദാരിയൂസ് ഒന്നാമന്‍റെ ഭരണകാലത്ത് ദേവാലയം പണിനിര്‍ത്തിവച്ച സംഭവത്തിലേക്ക് ഗ്രന്ഥകര്‍ത്താവ് തിരികെ വരുന്നുമുണ്ട്. ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ ഈ ഭാഗം അരമായഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഇവിടെ പരാമര്‍ശിക്കുന്നത് ദേവാലയ മതിലിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചാണുതാനും. കാലഘടനയിലെ വ്യത്യാസവും, ഭാഷാന്തരവും, വിവരണ ഇതിവൃത്തത്തിലെ ഭംഗവുമെല്ലാം 4:6-23 പില്‍ക്കാലസംശോധനയുടെ ഫലമാണ് എന്ന സംശയത്തെ പ്രബലപ്പെടുത്തുന്നു. യഹൂദര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ആരോപണങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി പരാമര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബി.സി. 486ല്‍ അഹാസ്വരൂസ് രാജാവിനെതിരേ ഈജിപ്ത് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഖബാഷാ വിപ്ലവം എന്നറിയപ്പെടുന്ന ഈ കാലാപത്തിന്‍റെ മറവില്‍ പേര്‍ഷ്യന്‍സാമ്രാജ്യത്തിനുള്ളിലും അഹാസ്വരൂസിനെതിരെ ആഭ്യന്തരകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ കലാപത്തില്‍ യഹൂദര്‍ അഹാസ്വരൂസിന്‍റെ പ്രതിയോഗികളുടെ പക്ഷം ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. യഹൂദരുടെ രാജ്യദ്രോഹപരമായ ഈ നീക്കമായിരിക്കാം യഹൂദര്‍ക്കെതിരേയുള്ള ആരോപണങ്ങളുടെ അടിസ്ഥാനം. ആരോപണത്തില്‍ കഴമ്പുള്ളതുകൊണ്ടാകാം ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ നിശ്ശബ്ദത പാലിക്കുന്നതും.

4:8-16 ല്‍ പേര്‍ഷ്യന്‍രാജാവിന്‍റെ സേനാപതിയായ (ഹീബ്രുവില്‍ ബെല്‍ തെ ഏം = രാജാവിന്‍റെ ഉദ്യോഗസ്ഥന്‍) ഖേഗുവും കാര്യദര്‍ശിയായ ഷിംഷായും ചേര്‍ന്ന്  പ്രാദേശിക ജനവികാരത്തെക്കുറിച്ച് രാജസമക്ഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് വിവരിക്കുന്നത്. രാജകീയ ഉദ്യോഗസ്ഥരോടൊപ്പം "ദേശവാസികളായ" അനേകം പ്രാദേശികനേതാക്കന്മാരും പരാതിക്കാരായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഒസ്നാപ്പര്‍രാജാവിന്‍റെ കാലത്ത് (ബി.സി. 669-630) സമരിയായില്‍ അധിനിവേശിക്കപ്പെട്ടവരുടെ പിന്‍മുറക്കാരാണ് കത്തില്‍ പേരുപറയപ്പെടുന്ന ദേശവാസികള്‍. അസൂര്‍ബാനിപാല്‍ എന്ന അപരനാമമുള്ള ഒസ്നാപ്പര്‍ രാജാവ് ബി.സി. 642ല്‍ ഏറെക്ക്നഗരവും 641 ല്‍ സൂസാനഗരവും കീഴ്പ്പെടുത്തിയിരുന്നു. ഈ മെസപ്പൊട്ടേമിയന്‍ നഗരങ്ങളിലുള്ളവരെ 638 ല്‍ ഒസ്നാപ്പര്‍ രാജാവ് സമരിയായില്‍ പുനരധിവസിപ്പിച്ചിരുന്നു. ഈ ചരിത്രസംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് 4:8-11 മനസ്സിലാക്കേണ്ടത്.

4:12 ല്‍ ജറുസലേം നഗരത്തിനു ചുറ്റുമതില്‍ നിര്‍മ്മിച്ച് നഗരത്തെ ശക്തിപ്പെടുത്താന്‍ യഹൂദര്‍ നടത്തുന്ന നീക്കമാണ് പ്രതിയോഗികളെ പ്രകോപിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. സ്വതവേ ധിക്കാരികളും രാജ്യദ്രോഹികളുമായ യഹൂദരെ നഗരം പണിയാന്‍ അനുവദിച്ചാല്‍ അവര്‍ രാജാവിനു കപ്പം കൊടുക്കുകയില്ലെന്നും ഖജനാവിലേക്കുള്ള വരുമാനം കുറയും എന്നുമാണ് ആരോപണങ്ങള്‍. പ്രതിയോഗികള്‍ തങ്ങളെത്തന്നെ രാജ്യസ്നേഹികളും രാജഭക്തരുമായി അവതരിപ്പിക്കുമ്പോള്‍ യഹൂദരെ സ്ഥിരം കലാപകാരികളായിട്ടാണ് ചിത്രീകരിക്കുന്നത്. ജറുസലേമിന്‍റെ പതനത്തെ ദൈവശിക്ഷയായി പ്രവാചകന്മാര്‍ വ്യാഖ്യാനിക്കുമ്പോള്‍ അവരുടെ കലാപസ്വഭാവത്തിന് ചക്രവര്‍ത്തിമാര്‍ നല്‍കിയ ശിക്ഷയായിട്ടാണ് പ്രതിയോഗികള്‍ വ്യാഖ്യാനിക്കുന്നത് (വാ. 15). യഹൂദര്‍ പ്രബലരായാല്‍ രാജാവിന് യൂഫ്രട്ടീസ്നദിക്ക് മറുകരയുള്ള ദേശത്തുമുഴുവന്‍ (ഏകദേശം 800 ചതുരശ്ര മൈല്‍) സ്വാധീനം നഷ്ടപ്പെടുമെന്ന് അതിശയോക്തിപരമായ ഒരു മുന്നറിയിപ്പും പ്രതിയോഗികള്‍ നല്‍കുന്നുണ്ട് (വാ. 16).

4:17-22 ല്‍ അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ മറുപടിക്കത്താണ് പ്രമേയം. രാജാവ് തനിക്കു ലഭിച്ച എഴുത്ത് "വ്യക്തമായും (ഹീബ്രുവില്‍ മെപറാഷ്=പദാനുപദം) വായിക്കുകയും ആരോപണങ്ങള്‍ സത്യമാണെന്നു ഗ്രഹിക്കുകയും ചെയ്തതായി മറുപടിക്കത്തില്‍ സൂചിപ്പിക്കുന്നു. കൂടാതെ ജറുസലേമിലെ പ്രബലരായ രാജാക്കന്മാരുടെ കാലത്തെപ്പോലെ (ദാവീദ്, സോളമന്‍ തുടങ്ങിയവര്‍) യഹൂദര്‍ വീണ്ടും സ്വന്തം രാജ്യം സ്ഥാപിക്കാന്‍ഇടയുണ്ടെന്നും അര്‍ത്താക്സെര്‍ക്സസ് രാജാവ് ഭയക്കുന്നു. നഗരനിര്‍മ്മാണം നിര്‍ത്തിവയ്ക്കാനുള്ള രാജശാസന പുറപ്പെടുവിക്കാന്‍ രാജാവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. റേഹുമിന്‍റെ നേതൃത്വത്തില്‍ രാജശാസനം ജറുസലേമില്‍ ബലംപ്രയോഗിച്ച് നടപ്പിലാക്കുകയും അതുവരെ കെട്ടിയമതിലുകള്‍ പൊളിക്കുകയും ചെയ്തു. 24-ാം വാക്യം അഞ്ചാം വാക്യത്തിന്‍റെ തുടര്‍ച്ചയെന്നോണം ദേവാലയനിര്‍മ്മാണത്തിലേക്കും ദാരിയൂസ് രാജാവിന്‍റെ ഭരണകാലത്തിലേക്കും തിരിച്ചുപോകുന്നു.

ദേവാലയനിര്‍മ്മാണം

പുനരാരംഭിക്കുന്നു (5:1-17)

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന (4:5, 24) ദൈവാലയനിര്‍മ്മാണം പുനരാരംഭിക്കുന്നതിന്‍റെ സൂചനയോടെയാണ് അഞ്ചാം അധ്യായം ആരംഭിക്കുന്നത്. ഹഗ്ഗായി, സഖറിയ പ്രവാചകന്മാരുടെ സാന്നിധ്യമാണ് നിര്‍മ്മാണപ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന് നിമിത്തമായത്. ഹഗ്ഗായിയുടെ ആദ്യപ്രസംഗം നടന്നത് ദാരിയൂസിന്‍റെ ഭരണത്തിന്‍റെ രണ്ടാംവര്‍ഷം ആറാംമാസം ഒന്നാം ദിവസമായിരുന്നു (ഹഗ്ഗാ 2:1). അതായത് ബി.സി. 520 ആഗസ്ത് 29-ാം തീയതിയാണ് എസ്രാ 5:1 ലെ സംഭവം നടന്നത് എന്ന് അനുമാനിക്കാം. ദേവാലയനിര്‍മ്മാണം ആരംഭിച്ചതാകട്ടെ അതേവര്‍ഷം ഒക്ടോബര്‍ 17നും (ഹഗ്ഗാ 2:1). ദാരിയൂസ് രാജാവിന്‍റെ സഹോദരനാണെന്ന അവകാശവുമായി രംഗപ്രവേശം ചെയ്ത കമ്പീസസ് രാജാവുമായി ഭരണത്തിന്‍റെ ആദ്യരണ്ടുവര്‍ഷം ദാരിയൂസ് സംഘര്‍ഷത്തിലായിരുന്നു. ഈ കലാപം അവസാനിച്ച ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്ന് അനുമാനിക്കാം. വംശാവലിക്ക് അമിതപ്രാധാന്യം നല്‍കുന്ന പ്രവാസാനന്തരകാലഘട്ടത്തിലെ മറ്റുനേതാക്കന്മാരില്‍ നിന്നുവ്യത്യസ്തമായി ഹഗ്ഗായിയുടെ വംശാവലിയെക്കുറിച്ച് യാതൊരു സൂചനയും എസ്രായുടെ ഗ്രന്ഥം നല്‍കുന്നില്ല (5:1; 6:14) എന്നത് ശ്രദ്ധേയമാണ്. പ്രവാചകന്‍റെ ആധികാരികത വംശപാരമ്പര്യത്തിലല്ല ദൈവനിയോഗത്തിലും വചനത്തിലും അധിഷ്ഠിതമാണ് എന്ന ആശയമാണ് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നത്.

5:3-5ല്‍ പേര്‍ഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയുടെ അധികാരിയായ തത്തെനായിയും സഹപ്രവര്‍ത്തകരും ദേവാലയനിര്‍മ്മാണം പുനരാരംഭിച്ചതിനെ ചോദ്യം ചെയ്തെങ്കിലും പണിനിര്‍ത്തിവെച്ചില്ല എന്നത് അതിശയകരമായി അവശേഷിക്കുന്നു. ദൈവത്തിന്‍റെ ദൃഷ്ടി (ഹീബ്രുവില്‍ അയിന്‍ =കണ്ണ്) ജനത്തിന്‍റെ മേല്‍ ഉണ്ടായിരുന്നതിനാല്‍ പണി തടസ്സപ്പെടില്ല എന്നാണ് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നത്. പ്രവാചകന്മാരിലൂടെ ലഭിച്ച ദൈവവചനത്തിന്‍റെ നിര്‍ദ്ദേശത്തിന്‍ കീഴിലാണ് എത്ര വലിയ രാജാധികാരവും എന്ന സന്ദേശം ഗ്രന്ഥകാരന്‍ നല്‍കുന്നു. അധികാരികളുടെ ചോദ്യങ്ങള്‍ രണ്ടെണ്ണമായിരുന്നു. (1) ആരാണ് നിങ്ങള്‍ക്ക് ദേവാലയനിര്‍മ്മാണത്തിന് അധികാരം നല്കിയത്? (2) ആരൊക്കെയാണ് ദേവാലയനിര്‍മ്മാണത്തില്‍ സഹകരിക്കുന്നത്? രണ്ടുചോദ്യങ്ങള്‍ക്കും യൂദാശ്രേഷ്ഠന്മാര്‍ പ്രത്യക്ഷത്തില്‍ മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ അധികാരികള്‍ ബാബിലോണിലേക്ക് അയയ്ക്കുന്ന റിപ്പോര്‍ട്ടില്‍ (5:6-16)ല്‍ നിന്ന് ദേവാലയനിര്‍മ്മാണത്തിന് തങ്ങളെ അധികാരപ്പെടുത്തിയത് സൈറസ് രാജാവാണെന്ന് യൂദാശ്രേഷ്ഠന്മാര്‍ മറുപടി നല്‍കിയതായി മനസ്സിലാക്കാം (വാ. 13). അധികാരികള്‍ അയച്ച റിപ്പോര്‍ട്ട് വസ്തുനിഷ്ഠമായിരുന്നു. സൈറസ് രാജാവിന്‍റെ കല്പന പ്രകാരമാണ് ദേവാലയം പണിയുന്നത് എന്ന യഹൂദരുടെ അവകാശവാദം പരിശോധിച്ചറിയുക എന്നതുമാത്രമായിരുന്നു എഴുത്തിന്‍റെ ആത്യന്തികലക്ഷ്യം (വാ. 17). തന്നെയുമല്ല യാഹ്വെയെ "യൂദാദേശത്തെ അത്യുന്നതദൈവം" (വാ. 8) എന്ന് ആദരപൂര്‍വ്വമാണ് എഴുത്തില്‍ പരാമര്‍ശിക്കുന്നത്. യാഹ്വെയെക്കുറിച്ച് "ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥന്‍" (വാ. 11) എന്ന, യഹൂദരുടെ സംബോധനയും എഴുത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവാലയ നിര്‍മ്മാണം കുറ്റമറ്റരീതിയില്‍ (പി.ഒ.സി. വിവര്‍ത്തനത്തില്‍ ഉത്സാഹപൂര്‍വ്വം) നടക്കുന്നതായുള്ള സാക്ഷ്യവും എഴുത്തിന്‍റെ സ്വഭാവം സൗഹാര്‍ദ്ദപരവുമാണ് എന്നും വെളിപ്പെടുത്തുന്നുണ്ട്.

ദാരിയൂസിന്‍റെ വിളംബരം (6:1-12)

തത്തെനായിയുടെ എഴുത്തില്‍ ആവശ്യപ്പെട്ട പ്രകാരം (5:17) ദാരിയൂസ് രാജാവിന്‍റെ രാജകീയരേഖാലയത്തില്‍ നിന്ന് സൈറസ് രാജാവിന്‍റെ വിളംബരം കണ്ടെടുത്തു. സൈറസ് ബി.സി. 550ല്‍ പിടിച്ചെടുത്തതും രാജാവിന്‍റെ വേനല്‍ക്കാലവസതി സ്ഥിതിചെയ്യുന്നതുമായ എക്ബത്താന നഗരത്തിലെ രേഖാലയത്തില്‍ നിന്നാണ്  സൈറസിന്‍റെ വിളംബരത്തിന്‍റെ രേഖ (ഹീബ്രുവില്‍-ദിക്രോന ) ലഭിച്ചത് (6:2). ഈ രേഖ 1:35ല്‍ നല്‍കിയ വിളംബരത്തിന്‍റെ പകര്‍പ്പാണെങ്കിലും ചില സുപ്രധാന വ്യത്യാസങ്ങള്‍ ഈ രണ്ടു രേഖകളുടെയും താരതമ്യത്തില്‍ കണ്ടെത്താനാകും. (1) പ്രവാസികളുടെ തിരിച്ചുപോക്കിനെക്കുറിച്ച് 6:1-5ലെ രേഖ പരാമര്‍ശിക്കുന്നില്ല. (2) ദേവാലയ നിര്‍മ്മാണത്തിനുള്ള സഹായങ്ങളെക്കുറിച്ച് 1:3-5 പറയുന്ന കാര്യങ്ങളൊന്നും 6:1-5ലെ രേഖയില്‍ കാണുന്നില്ല. (3) ദേവാലയത്തിന്‍റെ നീളം, വീതി, തുടങ്ങിയ അളവുകളെക്കുറിച്ചുള്ള സൂചനകള്‍ ആദ്യ വിളംബരത്തില്‍ കാണപ്പെടുന്നില്ല. (4) ദേവാലയനിര്‍മ്മാണത്തിനുള്ള ചെലവ് രാജകീയ ഖജനാവില്‍ നിന്നായിരിക്കണം എന്ന് 6:1-5ലെ രേഖ എടുത്തുപറയുന്നുണ്ട്. (5) 1:3-5ല്‍ "കര്‍ത്താവിന്‍റെ ആലയം" എന്നുമാത്രം വിശേഷിപ്പിക്കപ്പെടുന്ന ദൈവാലയത്തെ 6:1-5ല്‍ "കാഴ്ചകളും ദഹനബലികളും അര്‍പ്പിക്കുന്ന ആലയം" എന്നാണ് വിശേഷിപ്പിക്കുന്നത്.

ദേവാലയത്തിന്‍റെ അളവുകളെക്കുറിച്ച് 6:1-5ലെ രൂപരേഖയില്‍ ചില പിഴവുകള്‍ വന്നിരിക്കാനുള്ള സാധ്യതയെക്കുറിച്ച് വ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 6:4 ല്‍ പറയുന്നതുപോലെ 60 മുഴം വീതം നീളവും വീതിയും ഉയരവുമുണ്ടായാല്‍ ദേവാലയത്തിന്‍റെ ഉള്ളളവ് 2,16,000 ഘനമുഴമായിരിക്കും. എന്നാല്‍ സോളമന്‍റെ ദേവാലയത്തിന് ഇതിന്‍റെ മൂന്നിലൊന്നുവലിപ്പമേയുണ്ടായിരുന്നുള്ളൂ (36000 ഘനമുഴം). തന്മൂലം എസ്രാ 6:4ലെ ഉയരം അറുപതുമുഴം എന്നത് പകര്‍പ്പെഴുത്തില്‍ വന്ന തെറ്റ് (വീാീശീലേഹലൗീിേ) ആയിരിക്കാനാണ് സാധ്യത.  1 രാജാ 6:2ന്‍റെ വെളിച്ചത്തില്‍ ദേവാലയത്തിന്‍റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 60 മുഴവും മുപ്പതുമുഴവും 20 മുഴവുമായിരിക്കാനാണ് സാധ്യത. ഒന്നാം ദേവാലയത്തെ സങ്കല്പിക്കുന്ന എസ്രായുടെ ഗ്രന്ഥം രണ്ടാം ദേവാലയത്തിന്‍റെ അളവുകളില്‍ അറിഞ്ഞുകൊണ്ട് മാറ്റം വരുത്തി എന്നു കരുതാനാവില്ല.

രാജഭണ്ഡാരത്തില്‍നിന്ന് ചെലവുകള്‍ വഹിക്കുമായിരുന്നിട്ടും ദേവാലയനിര്‍മ്മാണ ചുമതലയുള്ള ഗോലാസമൂഹം ദേവാലയനിര്‍മ്മാണം ഇരുപതുവര്‍ഷം പിന്നിട്ടിട്ടും കാര്യമായി നടത്തിയില്ല എന്നത് അത്ഭുതകരമാണ്. പ്രവാസത്തിലൂടെ മതാത്മകതയില്‍ ഭംഗംവന്ന ജനത്തിന് ദൈവാലയനിര്‍മ്മാണം അനിവാര്യമായി തോന്നിയിട്ടുണ്ടാവില്ല. ജനം രമ്യഹര്‍മ്മ്യങ്ങളില്‍ വസിക്കുമ്പോഴും കര്‍ത്താവിന്‍റെ ആലയം തകര്‍ന്നുകിടക്കുന്നതിന്‍റെ വൈരുദ്ധ്യത്തെക്കുറിച്ച് ഹഗ്ഗായി 1:4ല്‍ നടത്തുന്ന പ്രവചനത്തെ ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.

6:6-12 ല്‍ ദാരിയൂസ് രാജാവിന്‍റെ കല്പനയാണ് വിവരിക്കുന്നത്. എക്ബത്താനയില്‍ നിന്ന് സൈറസ് രാജാവിന്‍റെ കല്പന കണ്ടെത്തുന്നതോടെ കാര്യങ്ങള്‍ യഹൂദര്‍ക്ക് അനുകൂലമായി പരിണമിച്ചുതുടങ്ങി. ദാരിയൂസിന്‍റെ കല്പനയില്‍ പ്രധാനമായും അഞ്ചുകാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. (1) പേര്‍ഷ്യന്‍ അധികാരികള്‍ ദേവാലയനിര്‍മ്മാണത്തില്‍ ഇടപെട്ട് തടസ്സപ്പെടുത്തരുത്. (2) ദേവാലയനിര്‍മ്മാണച്ചുമതല യഹൂദ ഗവര്‍ണറായ സെറുബാബേലിനായിരിക്കും. (3) ദേവാലയനിര്‍മ്മാണത്തിനുള്ള ചെലവ് സൈറസ് രാജാവ് കല്പിച്ചതുപോലെ രാജകീയഖജനാവില്‍ നിന്ന് വഹിക്കേണ്ടതാണ്. (4) ദേവാലയനിര്‍മ്മാണത്തിനുള്ള സഹായം മാത്രമല്ല ദേവാലയത്തിലെ ബലിയര്‍പ്പണത്തിനുള്ള ധാന്യങ്ങളും ആടുമാടുകളും ലഭ്യമാക്കേണ്ട ചുമതലയും പേര്‍ഷ്യന്‍ ഭരണാധികാരികള്‍ക്കാണ്. (5) ദേവാലയനിര്‍മ്മാണം തടസ്സപ്പെടുത്തുന്നവര്‍ ആരായിരുന്നാലും അവര്‍ വധിക്കപ്പെടണം.

ഈ ആനുകൂല്യങ്ങള്‍ക്ക് പ്രതിഫലമായി രാജാവിനും മക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന വ്യവസ്ഥ മാത്രമേ ദാരിയൂസ് രാജാവ് മുന്നോട്ടുവയ്ക്കുന്നുള്ളൂ (വാ.10). രാഷ്ടീയാധികാരവും മതാധികാരവും തമ്മിലുള്ള സംഘര്‍ഷമല്ല സഹവര്‍ത്തിത്വമാണ് ആവശ്യമായിട്ടുള്ളത് എന്ന സത്യം എസ്രായുടെ പുസ്തകത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ആശയമാണ്. ബാബിലോണ്‍ പ്രവാസകാലത്ത് രാഷ്ട്രനേതാക്കള്‍ക്കും രാഷ്ട്രനന്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ജറെമിയപ്രവാചകന്‍, പ്രവാസികളെ ആഹ്വാനം ചെയ്യുന്നതിന്‍റെ പിന്നിലെ ചിന്തയും ഇതുതന്നെയാണ് (ജറെ 29:7). രാഷ്ട്രീയാധികാരികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക്  ഇതരദൃഷ്ടാന്തങ്ങളും കണ്ടെത്താനാകും (1 മക്ക 7:33; 12:1; ബാറൂ 1:10-12). ദേവാലയത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദാരിയൂസ് വിധിക്കുന്ന ശിക്ഷ രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ തന്നെയാണ്. സ്വന്തം ഭവനത്തിന്‍റെ തുലാമില്‍ തൂക്കിക്കൊല്ലുന്നതും (വാ.11) വീടു തകര്‍ത്തുകളയുന്നതും രാജ്യദ്രോഹത്തിനുള്ള ശിക്ഷകളായിരുന്നു. ഇവ  അസ്സീറിയന്‍ ശിക്ഷാരീതികളായിരുന്നു. പിന്നീട് പേര്‍ഷ്യന്‍ അധികാരികളും ഇതേ ശിക്ഷാരീതി അനുവര്‍ത്തിച്ചു തുടങ്ങുകയായിരുന്നു.

ദേവാലയപ്രതിഷ്ഠയും

തിരുനാളാഘോഷവും (6:13-22)

 ദാരിയൂസ്രാജാവിന്‍റെ അനുകൂല കല്പന ലഭിച്ചതോടെ ദേവാലയ നിര്‍മ്മാണപ്രവൃത്തികള്‍ ത്വരിതഗതിയിലായി. തത്തേനായിയും അനുയായികളും ദേവാലയനിര്‍മ്മാണത്തിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. ആരംഭം മുതലേ തത്തേനായി യഹൂദരോട് അനുകൂലനിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാണ് (5:12-17). ഹഗ്ഗായി, സഖറിയ പ്രവാചകന്മാരുടെ ധീരമായ നേതൃത്വവും ദേവാലയനിര്‍മ്മാണം വേഗത്തിലാകാന്‍ കാരണമായി. ദൈവം കല്പിച്ചതനുസരിച്ചും സൈറസ്, ദാരിയൂസ്, അര്‍ത്താക്സെര്‍ക്സസ് എന്നീ ചക്രവര്‍ത്തിമാരുടെ കല്പനകള്‍ക്കനുസൃതവുമാണ് നിര്‍മ്മാണം പൂര്‍ത്തിയായത് എന്ന് ഗ്രന്ഥകാരന്‍ എടുത്തുപറയുന്നുണ്ട്. ഇവിടെ അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ പേര് പരാമര്‍ശിക്കുന്നത് അസ്ഥാനത്താണെന്ന് വാദിക്കുന്നവരുണ്ട്. കാരണം, ദേവാലയനിര്‍മ്മാണം കഴിഞ്ഞ് അന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടശേഷമാണ് അര്‍ത്താക്സെര്‍ക്സസ് അധികാരത്തിലെത്തുന്നത്. തന്മൂലം പകര്‍ത്തിയെഴുതിയവര്‍ക്കുപറ്റിയ പിഴവാണിത് എന്നുകരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാല്‍ പുസ്തകത്തിന്‍റെ ഒന്നാംഭാഗം അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ അര്‍ത്താക്സെര്‍ക്സസ് രാജാവിനെക്കുറിച്ച് 4:17:23ല്‍ യഹൂദവിരുദ്ധ നിലപാടിനുള്ള തിരുത്തലായി ഈ 6:14 ലെ കൂട്ടിച്ചേര്‍ക്കലിനെ മനസ്സിലാക്കാം. 7:11-27 ല്‍ അര്‍ത്താക്സെര്‍ക്സസ് രാജാവിനെക്കുറിച്ചുനല്‍കുന്ന ഭാവാത്മകവിവരണത്തിനുള്ള മുന്നൊരുക്കമായും ഈ വചനഭാഗത്തെ മനസ്സിലാക്കാവുന്നതാണ്.

ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായത് ആദാര്‍മാസം മൂന്നാംതിയതിയാണ്. 1  എസ്ദ്രാസ് 7:5ല്‍ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായത് ആദാര്‍ 23-ാം തിയതിയാണെന്ന് പറയുന്നു. എസ്രാ 7:14ലെ വിവരണമനുസരിച്ച് ബി.സി. 515 ഏപ്രില്‍ 1-ാം തിയതിയാണ് ദേവാലയനിര്‍മ്മാണം പൂര്‍ത്തിയായത്. ഇത് ഒരു സാബത്തുദിവസമായിരുന്നെന്ന് (ശനിയാഴ്ച) ചരിത്രകാരന്മാര്‍ കണക്കുകൂട്ടി കണ്ടെത്തിയിട്ടുണ്ട്. ദൈവം തന്‍റെ സൃഷ്ടികര്‍മ്മം സാബത്തില്‍ പൂര്‍ത്തീകരിച്ചതുപോലെ (ഉല്‍പ 2:2-3) ദൈവജനം തങ്ങളുടെ ദൈവാലയനിര്‍മ്മാണവും സാബത്തില്‍ പൂര്‍ത്തീകരിച്ചതായി അനുമാനിക്കാം. സോളമന്‍റെ ദേവാലയം പണിതുയര്‍ത്താന്‍ ഏഴുവര്‍ഷം വേണ്ടിവന്നെങ്കില്‍ (1 രാജാ 8:38) രണ്ടാം ദേവാലയം അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയായി. ആദ്യദേവാലയം നശിപ്പിക്കപ്പെട്ടതിന്‍റെ 72-ാം വര്‍ഷത്തിലാണ് രണ്ടാം ദേവാലയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഇത് ജറെമിയായുടെ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണം കൂടിയായിരുന്നു (ജറെ 25:11-12;29:10). പ്രവാസികളുടെ സമൂഹത്തെ "ഇസ്രായേല്‍ ജനങ്ങള്‍" എന്നാണ് എസ്രായുടെ ഗ്രന്ഥകാരന്‍ ഈ അവസരത്തില്‍ വിശേഷിപ്പിക്കുന്നത്. (വാ.16) യാഹ്വെയെ "ഇസ്രായേലിന്‍റെ ദൈവം" എന്ന് 14-ാം വാക്യത്തില്‍ വിശേഷിപ്പിച്ചതിന് തുടര്‍ച്ചയാണിത്. ഇതുവരെയും ജനത്തെ സൂചിപ്പിക്കാന്‍ യഹൂദര്‍ എന്ന പദമാണ് ഗ്രന്ഥകാരന്‍ ഉപയോഗിച്ചിരുന്നത് (4:12,23; 5:1,5; 6:7-8). ദൈവാലയവും ഇസ്രായേലും തമ്മിലുള്ള അഭേദ്യബന്ധത്തെ അനുസ്മരിപ്പിക്കാനാണ് ഇസ്രായേല്‍ എന്ന പദം ഇവിടെ ആവര്‍ത്തിക്കുന്നത് എന്ന് അനുമാനിക്കാം.

ദേവാലയപ്രതിഷ്ഠാകര്‍മ്മം പുരോഹിതരും അത്മായനേതാക്കളും സഹകരിച്ചാണ് അനുഷ്ഠിക്കുന്നത്. 1 രാജാ 8 ലും 2 ദിന 7:4-7ലും വിവരിക്കുന്ന സോളമന്‍റെ ദേവാലയപ്രതിഷ്ഠയെ അനുസ്മരിക്കുന്നതാണ് എസ്രാ 7:15-18 ലെ വിവരണം. എന്നാല്‍ ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളുടെ എണ്ണം സോളമന്‍റെ കാലത്തായിരുന്നു കൂടുതല്‍. എസ്രാ 7:15ല്‍ 712 മൃഗങ്ങള്‍ (100 കാള, 200 ആട്, 400 ചെമ്മരിയാട്, 12 മുട്ടാടുകള്‍) മാത്രമേ ബലിയര്‍പ്പിക്കപ്പെടുന്നുള്ളൂ. എന്നാല്‍ സോളമന്‍റെ ദേവാലയ പ്രതിഷ്ഠാനാളില്‍ ഇരുപത്തിരണ്ടായിരം കാളകളും 1,20,000 ആടുകളും ബലിയര്‍പ്പിക്കപ്പെട്ടിരുന്നു. പ്രവാസാനന്തരം തിരിച്ചെത്തിയവരുടെ എണ്ണത്തിലെ കുറവ് ബലിയര്‍പ്പണത്തിലും പ്രതിഫലിച്ചതായി കരുതാം. തിരിച്ചെത്തിയവരുടെ കൂട്ടത്തില്‍ യൂദാ, ബെഞ്ചമിന്‍, ലേവി ഗോത്രങ്ങളില്‍ നിന്നുള്ള ഒരു വിഭാഗം മാത്രമേ പ്രവാസത്തില്‍നിന്നു മടങ്ങിവന്നിട്ടുള്ളൂ. എന്നാല്‍ പാപപരിഹാരബലിക്കുള്ള മുട്ടാടുകളെ തെരഞ്ഞെടുക്കുമ്പോള്‍ ഇസ്രായേലിലെ 12 ഗോത്രങ്ങളെ അനുസ്മരിച്ച് 12 എണ്ണത്തെ തെരഞ്ഞെടുത്തു എന്നത് ശ്രദ്ധാര്‍ഹമാണ്. മടങ്ങിയെത്തിയവര്‍ മൂന്നുഗോത്രങ്ങള്‍ മാത്രമാണെങ്കിലും അവരെ മുഴുവന്‍ ഇസ്രായേലിന്‍റെയും പ്രതിനിധികളായിട്ടാണ് ഗ്രന്ഥകാരന്‍ കാണുന്നത്. സമൂഹത്തിലെ ഓരോ അംഗത്തിനും ഈ അവബോധമുണ്ടായിരുന്നു എന്ന് അനുമാനിക്കാം. എസ്രായുടെ കാലത്ത് വരുന്ന പ്രവാസികളുടെ ഗണവും 12 മുട്ടാടുകളെ ബലിയര്‍പ്പിക്കുന്നുണ്ട് (എസ്രാ 8:35). നിയമഗ്രന്ഥത്തെ (തോറ) "മോശയുടെ പുസ്തകം" എന്നാണ് വിശേഷിപ്പിക്കുന്നത് (എസ്രാ 3:2;6:18;7:6; നെഹെ 8:1;14;10:29;13:1). പഞ്ചഗ്രന്ഥത്തിലെ നിയമമനുസരിച്ചുതന്നെയാണ് പാപപരിഹാരബലി അര്‍പ്പിക്കുന്നതും (ലേവ്യ 4:22-26; 9:1-7; സംഖ്യ 7), പുരോഹിതരുടെയും ലേവായരുടെയും ക്രമീകരണവും (പുറ 29; ലേവ്യര്‍ 8; സംഖ്യ 3;4;8) രണ്ടാംദേവാലയത്തിലും നടത്തുന്നത്. പുരോഹിതരെ 24 ഗണങ്ങളായി തിരിക്കുന്ന പതിവ് ദാവീദിന്‍റെ കാലത്ത് ആരംഭിച്ചതായിരുന്നു (1 ദിന 23-26). എന്നാല്‍ കൃത്യമായും 24 ഗണങ്ങളായി പുരോഹിതരെ തരംതിരിക്കുന്ന പതിവ് ബി.സി. 4-ാം നൂറ്റാണ്ടില്‍ (രണ്ടാംദേവാലയത്തില്‍) മാത്രമാണുണ്ടായിരുന്നത് എന്ന അഭിപ്രായത്തിനാണ് ഇന്ന് പണ്ഡിതരുടെയിടയില്‍ പ്രാമാണ്യമുള്ളത്.

7:19-22 ല്‍ പെസഹാ ആചരണത്തിന്‍റെ വിവരണമാണുള്ളത്. യഹൂദചരിത്രത്തിലെ വിമോചനത്തിന്‍റെ സജീവസ്മരണ നിലനിര്‍ത്തുന്ന തിരുനാളാണ് പെസഹാതിരുനാള്‍. ശക്തനായ ഫറവോയുടെ അടിമത്വത്തില്‍ നിന്ന് തന്‍റെ കരുത്തുറ്റ കരത്താല്‍ ഇസ്രായേലിനെ വിമോചിപ്പിച്ച ദൈവത്തെ ഓര്‍ക്കുന്ന തിരുനാളാണിത് (പുറ 15). രണ്ടാം പുറപ്പാടായി പ്രവാസികളുടെ മടങ്ങിവരവിനെ ചിത്രീകരിക്കുന്ന എസ്രായുടെ ഗ്രന്ഥം ദേവാലയനിര്‍മ്മാണത്തിനുശേഷം പെസഹാത്തിരുനാള്‍ ആചരിക്കുന്നത് എന്തുകൊണ്ടും അവസരോചിതമാണെന്നും സൂചിപ്പിക്കുന്നു. 6:20-21ന്‍റെ വെളിച്ചത്തില്‍ പുരോഹിതരും പെസഹാക്കുഞ്ഞാടിനെ കൊല്ലുന്നതില്‍ പങ്കുചേര്‍ന്നു എന്നു വ്യാഖ്യാനിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പുരോഹിതന്‍ നിയമഗ്രന്ഥങ്ങളിലെ പതിവനുസരിച്ച് ബലിമൃഗത്തെ കൊന്നിരുന്നില്ല (2 ദിന 30:16-17;35:3-6). പുറ 12:6 ലും നിയ 16:2 ലും പെസഹാക്കുഞ്ഞാടിനെ കൊല്ലുന്നത് ജനം മുഴുവനും ചേര്‍ന്നാണ്. തന്മൂലം എസ്രാ 6:21 ലെ പെസഹാക്കുഞ്ഞാടിന്‍റെ കൊലയിലും പുരോഹിതര്‍ പങ്കെടുത്തിരുന്നില്ല എന്ന അനുമാനത്തിനാണ് കൂടുതല്‍ ആധികാരികതയുള്ളത്. പെസഹാ ആചരണത്തില്‍ മടങ്ങിയെത്തിയ പ്രവാസികളോടൊപ്പം തദ്ദേശവാസികളുടെ മ്ലേച്ഛതകളില്‍ നിന്നും (ഹീബ്രുവില്‍ - തുമാ = അന്യ ദൈവാരാധന) വിട്ടുനിന്നവരെയും ഉള്‍പ്പെടുത്തുന്നുണ്ട്. (വാ. 22) ഇവര്‍ യഹൂദമതസ്വീകരണത്തിനായി ഒരുങ്ങുന്ന വിജാതീയരോ (Proslytes), പ്രവാസത്തിന് അയയ്ക്കപ്പെടാതിരുന്ന യഹൂദരോ ആകാം. പരിച്ഛേദിതരായ പരദേശികള്‍ക്കും പെസഹാ ആചരണത്തില്‍ പങ്കുചേരാമെന്ന് നിയമഗ്രന്ഥത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു (പുറ 12:43-49). ഒരു ദിവസത്തെ പെസഹാത്തിരുന്നാളിനുശേഷം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളും യഹൂദര്‍ ആഘോഷിക്കുന്നു.

വിചിന്തനം

ബലിപീഠവും ദേവാലയവും നിര്‍മ്മിച്ച് തങ്ങളുടെ മതാത്മകത വീണ്ടെടുക്കാന്‍ പരിശ്രമിക്കുന്ന ദൈവജനം (എസ്രാ 3:1-6:22) ശ്രദ്ധേയമായ പല ഉള്‍ക്കാഴ്ചകളും ഈ കാലഘട്ടത്തിന് പ്രദാനം ചെയ്യുന്നുണ്ട്.

  1. മനുഷ്യന്‍റെ മതാത്മകത അവന്‍റെ/അവളുടെ അസ്ഥിത്വവുമായി അഭേദ്യം ബന്ധപ്പെട്ടതാണ്. മനുഷ്യനിലെ മതാത്മകതയെയും ദൈവാവബോധത്തെയും എക്കാലത്തേക്കും നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒരു സമൂഹത്തില്‍ സമാധാനവും സാഹോദര്യവും വളരണമെങ്കില്‍ അവിടെ മതസ്വാതന്ത്ര്യം അനിവാര്യമാണ്. മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന നിരീശ്വര പ്രത്യയശാത്രങ്ങള്‍ ഭരണം കയ്യാളുന്ന സമൂഹങ്ങളില്‍ അവശേഷിക്കുന്നത് അനുസ്യൂതമായ വര്‍ഗ്ഗ സമരം മാത്രമായിരിക്കും. തിരിച്ചെത്തിയ ഉടന്‍ ബലിപീഠവും ദേവാലയവും നിര്‍മ്മിക്കാന്‍ ഒരുമ്പെടുന്ന പ്രവാസാനന്തരസമൂഹം മതാത്മകതയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട്.                                                          
  2. ദൈവത്തിന്‍റെ രക്ഷ വ്യക്തിഗതതലത്തിലല്ല സാമൂഹികതലത്തിലാണ് സാക്ഷാത്കരിക്കപ്പെടുന്നത്. വ്യക്തികളെ ദൈവം തെരഞ്ഞെടുക്കുന്നതും രക്ഷിക്കുന്നതും സമൂഹത്തിന്‍റെ മുഴുവന്‍ രക്ഷയെ ലക്ഷ്യമാക്കിയാണ്. സമൂഹരക്ഷയുടെ ആദ്യപടി ദൈവത്തെ ആരാധിക്കുന്ന ഒരു സമൂഹത്തെ സജ്ജീകരിക്കുകയാണ്. ബലിപീഠവും, ദൈവാലയവും, പൗരോഹിത്യവുമൊക്കെ സമൂഹരക്ഷയ്ക്കുള്ള ഉപകരണങ്ങളാണ്. ഇവയെല്ലാം ലഭ്യമായിട്ടും സമൂഹം രക്ഷയുടെ പാതയിലേക്കുവരുന്നില്ലെങ്കില്‍ അതിനുകാരണം ബലിപീഠവും, ദൈവാലയവും, പൗരോഹിത്യവും ജനത്തില്‍നിന്നകന്നുപോയതാണ്.                                                                                                                                                
  3. ദൈവാലയത്തിന്‍റെ ശിലാന്യാസാവസരത്തില്‍ സന്തോഷമാണോ സങ്കടമായിരുന്നോ കൂടുതലായുണ്ടായിരുന്നത് എന്നുതിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന പരാമര്‍ശം (3:13) ശ്രദ്ധേയമാണ്. സന്തോഷവും സങ്കടവും തമ്മിലുള്ള വേര്‍തിരിവിന്‍റെ മതിലുകള്‍ നേര്‍ത്ത് ഇല്ലാതാകുമ്പോഴാണ് ദൈവാനുഗ്രഹം പൂര്‍ണ്ണമാകുന്നത്. "ശീതോഷ്ണ സമദുഃഖേഷു മാനാവമാനയോ:" എന്ന സൂക്തം അനുസ്മരിക്കുംപോലെ, ആധ്യാത്മികത ദ്വന്ദ്വവൈരുധ്യങ്ങളെ അതിജീവിക്കാനുള്ള കരുത്തും കഴിവുമാണ്.                                                                                                                                                                     
  4. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ദൈവാലയനിര്‍മ്മാണത്തിന് ദേശവാസികള്‍ സഹായഹസ്തം നീട്ടിയപ്പോള്‍ വംശശുദ്ധിയുടെ പേരില്‍ അത് തിരസ്കരിച്ചത് ശരിയായ നടപടിയായിരുന്നോ? എന്ന ചോദ്യം ശ്രദ്ധേയമാണ്. സ്വന്തം നിലപാടുകളും സ്വത്വവും തനിമയും കുറ്റമറ്റതാണെന്നും മറ്റുള്ളവരെല്ലാം ഹീനരും മ്ലേച്ഛരുമാണെന്ന ഔദ്ധത്യം മതവിശ്വാസികളില്‍ വളരുന്നത് അപകടകരമാണ്. യാഹ്വെയെ ആരാധിക്കുന്നവരായിരുന്നിട്ടും ദേശവാസികളെ യൂദാഗോത്രക്കാര്‍ നിഷ്കരുണം തള്ളിക്കളഞ്ഞു. ഇത് കൂടുതല്‍ എതിര്‍പ്പിനും സംഘര്‍ഷത്തിനും ദൈവാലയ നിര്‍മ്മാണത്തിന് പതിറ്റാണ്ടുകളുടെ കാലതാമസം വരുത്തുന്നതിനും ഇടവരുത്തി. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ കിടമത്സരങ്ങളും ഒരേ ഇടവകയില്‍ തന്നെ കുലമഹിമയുടെയും കാലപ്പഴക്കത്തിന്‍റെയും പേരിലുള്ള വിഭാഗീകരണവും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ പ്രവാസാനന്തരകാലഘട്ടത്തിലെ സമൂഹത്തിന്‍റെ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്തജാഗ്രത വേണം.                                                                                                               
  5. പ്രവാസാനന്തരകാലഘട്ടത്തിലെ പ്രവാചകന്മാരുടെയും നേതാക്കന്മാരുടെയും ആധികാരികതയുടെ അടിസ്ഥാനം അവരുടെ വംശാവലിയുടെ മഹത്വമല്ല, ദൈവത്തിന്‍റെ നിയോഗവും ദൈവം അവരിലൂടെ സംസാരിക്കുന്ന വചനവുമാണെന്ന് എസ്രാ 5:1-3 സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം കഴിവിലും സമ്പത്തിലും കായബലത്തിലും അമിതാഹ്ലാദം കൊള്ളുന്ന നേതാക്കളെല്ലാം നിഷ്കാസിതരാകുന്നു. എത്ര സമര്‍ത്ഥരായ ഭരണാധികാരികളും നിശ്ചിതകാലം കഴിയുമ്പോള്‍ തിരസ്കരിക്കപ്പെടുന്നു. സാമ്രാജ്യങ്ങള്‍ അസ്തമിച്ചുപോകുന്നു. എന്നാല്‍ ക്രിസ്തു സ്ഥാപിച്ച സഭമാത്രം കാലദേശങ്ങളെ അതിജീവിച്ച് കരുത്തോടെ മുന്നോട്ടുനീങ്ങുന്നതിന്‍റെ കാരണം അതിന് ദൈവം തെരഞ്ഞെടുത്ത നേതൃത്വമുണ്ട് എന്നതാണ്.                                                                                                                                      
  6. ദേവാലയം പണിയുന്നവരുടെ പേരുവിവരം ചോദിച്ചപ്പോള്‍, തങ്ങള്‍ "സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്‍റെ ദാസന്‍മാരാണ്" എന്നായിരുന്നു നേതാക്കന്മാരുടെ മറുപടി (5:11). ദൈവജനത്തിന്‍റെ യഥാര്‍ത്ഥതനിമ വെളിവാക്കുന്നതാണ് ഈ മറുപടി. "ദാസന്‍മാര്‍" എന്ന എളിമയും "ദൈവത്തിന്‍റെ" എന്ന ആത്മാഭിമാനവും ചേരുന്നിടത്താണ് ക്രൈസ്തവ അസ്ഥിത്വം രൂപം കൊള്ളുന്നത്. അധികാരികളുടെ ചോദ്യത്തിന് തങ്ങള്‍ക്കായി ദൈവം ചെയ്ത വന്‍കാര്യങ്ങളുടെ കഥയാണ് ജനനേതാക്കള്‍ പങ്കുവയ്ക്കുന്നത്. തങ്ങള്‍ ദൈവത്തെ മറന്നതുകൊണ്ടു സംഭവിച്ച ദുരന്തമാണ് പ്രവാസം (5:11-12) എന്ന ഏറ്റുപറച്ചിലും അവര്‍ നടത്തുന്നു. ലോകചരിത്രത്തെ ദൈവത്തിന്‍റെ രക്ഷാകരചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ വായിക്കാനുള്ള അസാധാരണ ഉല്‍പത്തിയാണ് ഇവിടെ ദൃശ്യമാകുന്നത്. ജീവിതത്തില്‍ സംഭവിക്കുന്ന തിരിച്ചടികളും തിരുത്തലുകളും പരാജയങ്ങളുമെല്ലാം ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി മനസ്സിലാക്കാനുള്ള കഴിവ് ഒരു വിശ്വാസിസമൂഹം പക്വത പ്രാപിച്ചോ എന്ന് തിരിച്ചറിയാനുള്ള അടയാളം കൂടിയാണ്.                                                                                                                                                                                  
  7. എസ്രായുടെ പുസ്തകത്തിന്‍റെ ഒന്നാം ഭാഗം (1:1-6:22) ആരംഭിക്കുന്നതും (1:1) അവസാനിക്കുന്നതും (6:2) ഒരേ പ്രസ്താവനയോടെയാണ് "ദൈവം രാജാവിന്‍റെ ഹൃദയത്തെ പ്രചോദിപ്പിച്ചു." ചക്രവര്‍ത്തിമാരെ ചലിപ്പിക്കുകയും വാഴിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന സര്‍വ്വശക്തനായ ദൈവമാണ് ചരിത്രത്തിന്‍റെ നിയന്താവ് എന്ന സത്യം ഗ്രഹിച്ച് ഭാവിയെക്കുറിച്ച് സമചിത്തതയോടെ വ്യാപരിക്കാനുള്ള ആഹ്വാനമാണ് ഗ്രന്ഥകാരന്‍ ദൈവജനത്തിനു നല്‍കുന്നത്. അധികാരികളില്‍ ആരെല്ലാം എതിര്‍ത്താലും അന്തിമവിജയം ദൈവത്തിനായിരിക്കും എന്നുസ്ഥാപിക്കുകയാണ് ഗ്രന്ഥകാരന്‍റെ ലക്ഷ്യം. ദൈവാലയ നിര്‍മ്മാണത്തെ തദ്ദേശവാസികളും അധികാരികളും ഒരുപോലെ എതിര്‍ത്തിട്ടും ദൈവിക പദ്ധതിയനുസരിച്ചുതന്നെ ദൈവാലയത്തിന്‍റെ പണിപൂര്‍ത്തിയായി എന്നുസ്ഥാപിക്കുന്നതിന്‍റെ പൊരുള്‍ ഇതാണ്.

the return of expatriates and Temple construction: Ezra 1: 1-6: 22 catholic malayalam mananthavady diocese Dr. Michael Karimattam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message