x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

എസ്രായുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍: എസ്രാ 7:1-10:44

Authored by : Dr. Michael Karimattam, Rev. Dr. Joseph Pamplany On 09-Feb-2021

സ്രായുടെ പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളും വിവരിക്കുന്ന 7:1-10:44ന്‍റെ വ്യാഖ്യാനം രണ്ടുതരത്തില്‍ വിഷമകരമാണ്. ഒന്നാമതായി, ഈ വിവരണത്തില്‍ പ്രഥമപുരുഷ (Fist Person) വിവരങ്ങളും (7:27-8:34;9:1-15) ഉത്തമ പുരുഷ ( Thrid Person) വിവരണങ്ങളും (7:1-11; 8:35-36; 10:1-44) ഒരുപോലെ കാണപ്പെടുന്നുണ്ട്. നെഹെ 7:73-8:18; 9:1-5 എന്നീ ഭാഗങ്ങള്‍ എസ്രായുടെ ഗ്രന്ഥത്തിലെ ഉത്തമപുരുഷ വിവരണങ്ങളോടു ചേര്‍ന്നുപോകുന്നവയാണെന്ന് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നുണ്ട്. ഈ വിവരണവൈരുദ്ധ്യങ്ങള്‍ക്കൊപ്പം രണ്ടാമതൊരു പ്രശ്നം കൂടി ഈ ഭാഗത്തിന്‍റെ വിവരണത്തെ ദുഷ്കരമാക്കുന്നു. ആറാം അധ്യായത്തില്‍ വിവരിക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയല്ല ഏഴാം അധ്യായത്തിന്‍റെ ഇതിവൃത്തം. രണ്ട് അധ്യായങ്ങള്‍ക്കുമിടയില്‍ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം വിസ്മരിക്കപ്പെടുന്നു എന്നതാണ് സത്യം. അര്‍ത്താക്സെര്‍ക്സസ് ഒന്നാമന്‍റെ കാലത്താണ് എസ്രാ നിയോഗിക്കപ്പെടുന്നതെങ്കില്‍ എസ്രാ ജറുസലേമിലെത്തിയത് ബി.സി. 458ല്‍ ആണ്. അഥവാ അര്‍ത്താക്സെര്‍ക്സസ് രണ്ടാമന്‍റെ ഭരണകാലത്താണെങ്കില്‍ എസ്രായുടെ ആഗമനം ബി.സി. 398 ല്‍ ആയിരുന്നു. പരമ്പരാഗത വിശ്വാസമനുസരിച്ച് നെഹെമിയായ്ക്കുമുന്‍പ് എസ്രാ വന്നു. ഈ പാരമ്പര്യം ശരിയാണെങ്കില്‍ എസ്രാ വന്നത് 458 ല്‍ ആയിരുന്നെന്ന് അനുമാനിക്കാം. എന്നാല്‍, ആധുനിക വ്യാഖ്യാതാക്കളില്‍ പലരും എസ്രായും നെഹെമിയായും സമകാലികരായിരുന്നു എന്നു വാദിക്കുന്നവരാണ്. ഈ വാദമനുസരിച്ച് എസ്രായുടെ ആഗമനം അര്‍ത്താക്സെര്‍ക്സസ് രണ്ടാമന്‍റെ (398 ബി.സി.) ഭരണകാലത്താണ്. എന്നാല്‍ എസ്രാ-നെഹെമിയ ഗ്രന്ഥങ്ങളുടെ ഘടനയും വിവരണങ്ങളുടെ സ്വഭാവവും പരിഗണിക്കുമ്പോള്‍ എസ്രാ ആദ്യം വന്നു എന്ന അനുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് കൂടുതല്‍ യുക്തിസഹമായിട്ടുള്ളത്.

ബി.സി. 516ല്‍ നടന്ന ദേവാലയപ്രതിഷ്ഠ യ്ക്കുശേഷം 58 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് (458 ബി.സി.) എസ്രായുടെ ജറുസലേമിലേക്കുള്ള ആഗമനം സംഭവിക്കുന്നത്. ഈ 58 വര്‍ഷങ്ങളില്‍ യഹൂദരുടെ മതാത്മകജീവിതം കൂടുതല്‍ കുത്തഴിഞ്ഞുപോയതായി മലാക്കിയുടെ പ്രവചനങ്ങള്‍ (ബി.സി. 470 നോടടുത്ത്) സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏശയ്യ 55, 56 അധ്യായങ്ങളും ഈ കാലഘട്ടത്തിലെ ധാര്‍മ്മികച്യുതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്. ദൈവാരാധനയിലും മതാചാരങ്ങളിലുമുള്ള ഉദാസീനത, വിജാതീയസ്ത്രീകളുമായുള്ള വിവാഹങ്ങള്‍, സമ്പത്തിനും അധികാരത്തിനും വേണ്ടി അന്യായമാര്‍ഗ്ഗങ്ങള്‍ അവലംബിക്കല്‍ തുടങ്ങിയവ ഈ കാലഘട്ടത്തില്‍ സാധാരണമായിരുന്നു. ഈ അവസ്ഥയ്ക്ക് അറുതിവരുത്താനാണ് എസ്രാ നിയമിതനാകുന്നത്.

 എസ്രായുടെ ആഗമനം (7:1-10)

എസ്രാ 7:1-5 ല്‍ എസ്രായുടെ വംശാവലി അവതരിപ്പിച്ചുകൊണ്ട് അഹറോന്‍റെ വംശത്തില്‍പിറന്ന പുരോഹിതനാണ് എസ്രാ എന്നുസ്ഥാപിക്കുന്നുണ്ട്. ഈ വംശാവലി പൂര്‍ണ്ണമായിത്തന്നെ 1 ദിന 6:3-15ല്‍ നിന്നെടുത്തിട്ടുള്ളതാണ്. എന്നാല്‍ 1 ദിന 6:7-9 ലെ ഏതാനും പേരുകള്‍ (യോഹന്നാന്‍, അസറിയാ, അഹിമാസ്, സാദോക്ക്, അഹിരൂബ്, അമാരിയ) എസ്രായുടെ വംശാവലിയില്‍ വിട്ടുപോയിട്ടുണ്ട്. പകര്‍ത്തിയെഴുതിയവര്‍ക്കു പറ്റിയ കൈപ്പിഴയായി ഇതിനെ പരിഗണിക്കാവുന്നതാണ്. എസ്രായുടെ വംശാവലിയിലെ സെറായിയായെ (വാ. 1) ബാബിലോണിയന്‍ സൈന്യം വധിക്കുകയും (2 രാജാ 25:18-21) അദ്ദേഹത്തിന്‍റെ പുത്രന്‍ യഹോസാദെക്കിനെ പ്രവാസിയായി നാടുകടത്തുകയും ചെയ്തിരുന്നു (1 ദിന 6:15). ബി.സി. 58 ല്‍ നടക്കുന്ന ഈ സംഭവത്തിന് 128 വര്‍ഷങ്ങള്‍ക്കുശേഷമാണ് എസ്രാ ജറുസലേമില്‍ വരുന്നത്. തന്മൂലം 7:1ല്‍ പരാമര്‍ശിക്കുന്ന സെറായിയാ എസ്രായുടെ പിതാവായിരിക്കാന്‍ സാധ്യതയില്ല. സെറായിയാ മുതല്‍ എസ്രാവരെയുള്ള വംശാവലിയിലെ കണ്ണികള്‍ പകര്‍പ്പെഴുത്തില്‍ നഷ്ടമായതായിരിക്കാനാണ് സാധ്യത എന്നുവാദിക്കുന്ന വ്യാഖ്യാതാക്കളുണ്ട്. എന്നാല്‍ പ്രവാസത്തിനു തൊട്ടുമുന്‍പുള്ള കാലത്തെ പ്രധാനപുരോഹിതനായ സെറായിയായുമായി എസ്രായെ നേരിട്ടു ബന്ധിപ്പിക്കുന്നതിലൂടെ പ്രവാസാനന്തരപ്രധാനപുരോഹിതന്‍ പ്രവാസത്തിനുമുമ്പുള്ള പ്രധാനപുരോഹിതന്‍റെ നേരിട്ടുള്ള പിന്തുടര്‍ച്ചയാണെന്ന് സ്ഥാപിക്കാന്‍ ഗ്രന്ഥകാരന്‍ ആഗ്രഹിക്കുന്നതും ഇതിനു കാരണമാകാം.

അസറിയാ എന്ന പേരിന്‍റെ സംക്ഷിപ്തരൂപമാണ് എസ്രാ എന്ന സംജ്ഞ. മോശയുടെ നിയമത്തില്‍ പ്രാവീണ്യം സിദ്ധിച്ച (ഹീബ്രുവില്‍-സോപേര്‍=നിയമജ്ഞന്‍) വ്യക്തിയായിരുന്നു എസ്രാ (വാ-6). മോശയുടെ നിയമം എന്നതിലൂടെ പഞ്ചഗ്രന്ഥമാണ് ഗ്രന്ഥകര്‍ത്താവ് വിവക്ഷിക്കുന്നത്. പേര്‍ഷ്യന്‍ ഭരണകൂടത്തില്‍ എസ്രായ്ക്ക് സ്വാധീനമുണ്ടായിരുന്നു (വാ. 7). നിയമജ്ഞരുടെ കാര്യപ്രാപ്തിയെയും, നയതന്ത്രജ്ഞതയെയും, രാജഭരണത്തിലുള്ള സ്ഥാനത്തെയും കുറിച്ച് സൂചനനല്‍കുന്ന അനേകം വചനഭാഗങ്ങളുണ്ട് (2 സാമു 8:17; 1 രാജാ 4:3; 2 രാജാ 19:2-7; 22:14-20). എസ്രാ 4:8ല്‍ റേഹുവിനുവേണ്ടി കത്തെഴുതുന്ന ഷിംഷായി ഒരു നിയമജ്ഞനായിരുന്നു. തന്മൂലം യഹൂദനിയമജ്ഞനായിരുന്ന എസ്രായ്ക്ക് ബാബിലോണിയന്‍ ഭരണാധികാരികളുടെ പക്കല്‍ സ്വാധീനമുണ്ടായിരുന്നതായി കരുതാം (എസ്രാ 7: 12,21; നെഹെ 8:9;12:26). എസ്രാ നിയമം പഠിക്കുകയും അതു ജീവിക്കുകയും അതു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നതിനാല്‍ (വാ. 10) എസ്രായെ ഒരു യഥാര്‍ത്ഥനിയമജ്ഞനായി കരുതാം (പ്രഭാ 38:24-39:11). എന്നാല്‍ തന്‍റെ നിയമപരിജ്ഞാനത്തേക്കാള്‍ ദൈവത്തില്‍ ആശ്രയിച്ചു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എസ്രാ (7:6,9,28;8:18,22,31). പേര്‍ഷ്യന്‍ യഹൂദര്‍ക്ക് പ്രത്യേക സ്ഥാനമുള്ള ഉദ്യോഗങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ബൈബിളിലെ ഇതര ഗ്രന്ഥങ്ങളും സൂചന നല്‍കുന്നുണ്ട് (1 രാജാ 10:13; എസ്തേര്‍ 1:6;2:19). പുരോഹിതരോടും ലേവായരോടും ദൈവാലയശുശ്രൂഷകരോടുമൊപ്പം എസ്രാ ജറുസലേമില്‍ എത്തിച്ചേര്‍ന്നത് അര്‍ത്താക്സെര്‍ക്സസ് ഒന്നാമന്‍റെ ഭരണത്തിന്‍റെ ഏഴാംവര്‍ഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു (ബി.സി. 458, ആഗസ്ത് 4). ജറുസലേമിലേക്കുള്ള അവരുടെ യാത്ര ആരംഭിച്ചത് പ്രസ്തുത വര്‍ഷം ഏപ്രില്‍ 28ന് ആയിരുന്നു. 14 ആഴ്ചകള്‍ നീണ്ട യാത്രയില്‍ ഒരു ദിവസം പത്തുമൈല്‍ ദൂരമെങ്കിലും എസ്രായും കൂട്ടരും വഴിതാണ്ടിയിട്ടുണ്ടാകണം. ആണ്ടുവട്ടത്തിലെ ഒന്നാംമാസം എസ്രാ യാത്രപുറപ്പെട്ടു എന്നുപറയുന്നതില്‍ പ്രതീകാത്മക അര്‍ത്ഥം കൂടിയുണ്ട്. ഇസ്രായേല്‍ ഈജിപ്തില്‍ നിന്ന് പുറപ്പെടുന്നതും ഒന്നാം മാസമായിരുന്നു (പുറ 12:2). എസ്രായുടെ നേതൃത്വത്തിലുള്ള പ്രവാസികളുടെ ആഗമനത്തെയും മറ്റൊരു പുറപ്പാടായാണ് ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നത്.

 എസ്രായുടെ അധികാരപത്രം (7:11-28)

എസ്രാ 7:11 ഹീബ്രു വാക്യമാണ്. 7:12-26 ലെ അരമായഭാഷയിലുള്ള അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ അധികാരപത്രത്തിനുള്ള ആമുഖമാണിത്. 7:12ല്‍ "രാജാക്കന്മാരുടെ രാജാവ്" എന്നാണ് അര്‍ത്താക്സെര്‍ക്സസിനെ വിശേഷിപ്പിക്കുന്നത്. നെബുക്കദ്നേസറിനെ വിശേഷിപ്പിക്കാന്‍ ഇതേ അഭിധാനം ഉപയോഗിച്ചിട്ടുണ്ട് (എസെ 26:7; ദാനി 2:37). എസ്രായുടെ നിയമനപത്രത്തില്‍ അഞ്ച് അധികാരങ്ങള്‍ എസ്രായ്ക്കു നല്‍കപ്പെടുന്നുണ്ട്.

  1. ജറുസലേമിലേക്കു മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന സകല യഹൂദരെയും (പുരോഹിതരും ലേവായരും) കൊണ്ടുപോകാന്‍ എസ്രായ്ക്ക് അനുവാദം ലഭിച്ചു. ബി.സി. 538 ല്‍ ദാരിയൂസ് രാജാവ് പുറപ്പെടുവിച്ച കല്പനയ്ക്ക് (എസ്രാ 1:2-4) സമാനമാണ് അര്‍ത്താക്സെര്‍ക്സസിന്‍റെ കല്പനയും (വാ. 13).
  2. ഇസ്രായേലിന്‍റെ ദൈവം നല്‍കിയ നിയമമനുസരിച്ചാണോ യഹൂദര്‍ ജീവിക്കുന്നത് എന്നുപരിശോധിക്കാനുള്ള അധികാരം എസ്രായ്ക്കു ലഭിച്ചു (വാ. 14). വിജാതീയസ്ത്രീകളുമായുള്ള യഹൂദരുടെ വിവാഹം ഇസ്രായേലിന്‍റെ നിയമത്തിനു വിരുദ്ധമാകയാല്‍ വിജാതീയ വിവാഹങ്ങള്‍ വേര്‍പെടുത്തുക എന്നത് എസ്രായുടെ നടപടികളില്‍ സവിശേഷശ്രദ്ധപതിഞ്ഞ ഒരു മേഖലയായിരുന്നു (എസ്രാ 8-9 അധ്യായങ്ങള്‍ കാണുക). നിയമാവര്‍ത്തന പാരമ്പര്യത്തിലെ നിയമവ്യവസ്ഥകള്‍ (നിയ 12-26) ബി.സി. 450 കളില്‍ പൂര്‍ണ്ണരൂപത്തിലെത്തിയിരുന്നില്ല എന്നാണ് പണ്ഡിതരുടെ അഭിപ്രായം. തന്മൂലം എസ്രാ ഉപയോഗിച്ച നിയമങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്ന തോറായിലെ നിയമങ്ങളായിരുന്നു.
  3. ജറുസലേമിലെ ദേവാലയത്തില്‍ ബലിയര്‍പ്പണം നടത്താനുള്ള അടുമാടുകളും ധാന്യങ്ങളും പാനീയവും വാങ്ങാന്‍ എസ്രായ്ക്ക് സംഭാവന നല്‍കാനും മറ്റുള്ളവരില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ അനുവാദം നല്‍കാനും അര്‍ത്താക്സെര്‍ക്സസ് രാജാവ് തയ്യാറായി (വാ. 15-17). മൂന്നുതരം സംഭാവനകളാണ് എസ്രായ്ക്കു ലഭിച്ചത്. രാജാവും ഉപദേശകരും നല്‍കിയ സ്വര്‍ണ്ണവും വെള്ളിയുമാണ് ആദ്യ സംഭാവന (വാ 15-20). ഇതില്‍ ഒരു ഭാഗം ബലിവസ്തുക്കള്‍ക്കായും ശേഷിക്കുന്നത് ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കായും ഉപയോഗിക്കാന്‍ എസ്രായ്ക്ക് അനുവാദമുണ്ടായിരുന്നു. ദേശപ്രമുഖന്മാരില്‍നിന്നും നേതാക്കന്മാരില്‍നിന്നും രാജശാസനപ്രകാരം ലഭിക്കുന്ന സംഭാവനയാണ് രണ്ടാമത്തേത് (വാ. 21-25). ഈജിപ്തില്‍നിന്നു പുറപ്പെടുന്ന ഇസ്രായേല്‍ക്കാര്‍ക്ക് ദേശവാസികള്‍ നല്‍കിയ സംഭാവനയുടെ പ്രതീകമായും ഈ സംഭാവനയെ മനസ്സിലാക്കാവുന്നതാണ് (എസ്രാ 1:4,6 ന്‍റെ വ്യാഖ്യാനം കാണുക). രാജകല്പനയില്‍ അനുശാസിക്കുന്നതു കൂടാതെ ബാബിലോണിയന്‍ നിവാസികളും പുരോഹിതരും ഇസ്രായേല്‍കാര്‍ക്ക് സ്വമനസ്സാ സംഭാനകള്‍ നല്‍കിയിരുന്നു (വാ. 16), ഇതാണ് മൂന്നാമത്തെ സംഭാവന.

ഈ സംഭാവനകള്‍ കൂടാതെ, ദേവാലയത്തിലെ ഉപയോഗത്തിനായുള്ള വിശുദ്ധപാത്രങ്ങളും രാജാവ് നല്‍കി (വാ.19). ഈ പാത്രങ്ങള്‍ ആദ്യദേവാലയത്തില്‍ നിന്ന് നബുക്കെദ്നേസര്‍ പിടിച്ചെടുത്ത പാത്രങ്ങളല്ല. പ്രസ്തുത പാത്രങ്ങള്‍ സൈറസ് രാജാവിന്‍റെ കല്പന പ്രകാരം ബി.സി. 538ല്‍ തന്നെ ജറുസലേമിലേക്കു കൊണ്ടുവന്നിരുന്നു (1:7,11;6:5). അര്‍ത്താക്സെര്‍ക്സസ്  നല്‍കുന്ന പാത്രങ്ങള്‍ അദ്ദേഹത്തിന്‍റെ സംഭാവനകളായിരുന്നു.അവയുടെ വിശദമായ പട്ടിക 8:26-27ലും 33-34ലും നല്‍കിയിട്ടുണ്ട്. ഈ കല്പനയില്‍ യാഹ്വെയെ "ഇസ്രായേലിന്‍റെ ദൈവം", "ജറുസലേമില്‍ വസിക്കുന്നവന്‍" (വാ.15) എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. ഈ പദപ്രയോഗങ്ങള്‍ പൂര്‍ണ്ണമായും ഇസ്രായേല്‍ക്കാരുടേതായിരുന്നു. ഇസ്രായേല്‍ക്കാരുടെ ധാന്യബലികളെക്കുറിച്ചും, പാനീയബലികളെക്കുറിച്ചും, ദഹനബലികളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ഈ കല്‍പനയിലുണ്ട്. അര്‍ത്താക്സെര്‍ക്സസ് രാജാവോ പേര്‍ഷ്യന്‍ അധികാരികളോ ഇസ്രായേലിന്‍റെ ബലിയര്‍പ്പണരീതികളെക്കുറിച്ച് ഇത്രമേല്‍ അവഗാഹം നേടിയിരുന്നു എന്നുകരുതാന്‍ പ്രയാസമാണ്. തന്മൂലം അര്‍ത്താക്സെര്‍ക്സസിന്‍റെ കല്പന യഹൂദഗ്രന്ഥകാരന്‍റെ സംശോധനയ്ക്കുവിധേയമായ ശേഷമാണ് ഗ്രന്ഥത്തില്‍ ഇടം നേടിയത് എന്ന് കരുതേണ്ടിവരും. 22-ാം വാക്യത്തില്‍ പരാമര്‍ശിക്കുന്ന അളവുകള്‍- 100 താലന്ത് (3.75 ടണ്‍) വെള്ളി, നൂറുകോര്‍ (1400 ലിറ്റര്‍) എണ്ണയും വീഞ്ഞും അതിശയോക്തി പരമായിരിക്കാം. (യൂദാരാജ്യത്തിന്‍റെ മുഴുവന്‍ വാര്‍ഷിക കപ്പം 100 താലന്ത് വെള്ളിയായിരുന്നു (2 രാജാ 23:33). അതിശയോക്തിപരമായ അളവുകളിലൂടെ ബാബിലോണിയാക്കാരുടെ ഉദാരമനസ്കത വെളിപ്പെടുകയായിരിക്കാം ഗ്രന്ഥകാരന്‍റെ ലക്ഷ്യം. പുരാതനമധ്യപൂര്‍വ്വദേശത്ത് ഉപ്പിന്‍റെ കുത്തകാവകാശം പേര്‍ഷ്യക്കാര്‍ക്കായിരുന്നു. തന്മൂലം ഉപ്പ് അളവുനോക്കാതെ നല്‍കാന്‍ ആവശ്യപ്പെടുന്നതും (വാ.22) ബാബിലോണിയക്കാരുടെ ഔദാര്യം വെളിപ്പെടുത്തുന്ന നടപടിയാണ്. യഹൂദരുടെ ഇടയില്‍നിന്ന് ചുങ്കം പിരിക്കുമ്പോള്‍ പുരോഹിതരും ലേവായരും ഒഴിവാക്കപ്പെടണം എന്ന കല്പനയും രാജാവ് പുറപ്പെടുവിച്ചു (വാ. 24). അര്‍ത്താക്സെര്‍ക്സസിന്‍റെ ഭരണകാലത്ത് ഈജിപ്തുമായി സംഘര്‍ഷം നിലനിന്നിരുന്നതിനാല്‍ യൂദാപ്രവിശ്യയിലെ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിച്ച് യഹൂദരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സമ്മാനങ്ങളും നികുതിയിളവുകളും രാജാവ് പ്രഖ്യാപിക്കുന്നത് എന്നുകരുതാം.

  1. യൂദാപ്രവിശ്യയില്‍ ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കാനുള്ള അധികാരവും എസ്രായ്ക്കു ലഭിച്ചു (വാ. 25-26). പ്രവിശ്യയിലെ മുഴുവന്‍ ജനങ്ങളെയും ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ നിയമമനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ അധികാരികളുടെ ചുമതല. കൂടാതെ നിയമ ലംഘകര്‍ക്ക് വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷകള്‍ നല്‍കാനും എസ്രായെ അധികാരപ്പെടുത്തിയിരുന്നു. ചുരുക്കത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ പൊതുനിയമത്തിനു തുല്യമായ പദവി ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ നിയമത്തിന് യൂദാപ്രവിശ്യയില്‍ ലഭിച്ചു.

7:27-28ല്‍ എസ്രായുടെ നന്ദിപ്രകാശനമാണ്. തനിക്ക് അധികാരം നല്‍കിയ അര്‍ത്താക്സെര്‍ക്സസ്  രാജാവിനെയല്ല രാജാവിന്‍റെ ഹൃദയത്തെ നിയന്ത്രിക്കുന്ന "പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനാണ്" എസ്രാ നന്ദിപറയുന്നത് എന്നതും ശ്രദ്ധാര്‍ഹമാണ്.

 തിരിച്ചെത്തിയവര്‍ (8:1-36)

എസ്രായോടൊപ്പം ജറുസലേമിലേക്കു പുറപ്പെടാന്‍ തയ്യാറാകുന്നവരുടെ പേരുവിവരങ്ങളാണ് 8:1-14 ല്‍ ഉള്ളത്. രണ്ട് പുരോഹിതകുടുംബങ്ങളും (ഗര്‍ഷോം, ദാനിയേല്‍), ദാവീദിന്‍റെ കുടുംബത്തില്‍നിന്നുള്ള -- പന്ത്രണ്ടു കുടുംബത്തലവന്മാരും അടങ്ങുന്ന പ്രവാസിസംഘത്തിന്‍റെ ആകെ എണ്ണം 1513 ആണ്. (1 എസ്ദ്രാസിലെ സമാനവിവരണത്തില്‍ എസ്രായോടൊപ്പം മടങ്ങുന്നവരുടെ എണ്ണം 1690 ആണ്.) 2:1-64 ലെ ആദ്യസംഘവുമായി (42,360) താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സംഘമാണ് എസ്രായോടൊപ്പം ജറുസലേമിലേക്ക് വരുന്നത്. രണ്ടാം അധ്യായത്തിലെ പലകുടുംബങ്ങളുടെയും പേര് 8:1-14ലും ആവര്‍ത്തിക്കുന്നതായി കാണാം. പ്രസ്തുതകുടുംബത്തിലെ ചില അംഗങ്ങള്‍ ആദ്യസംഘത്തിലും ശേഷിച്ചവരുടെ പിന്‍ഗാമികള്‍ എസ്രായോടൊപ്പവും വന്നു എന്ന അര്‍ത്ഥത്തില്‍ ഈ ആവര്‍ത്തനത്തെ മനസ്സിലാക്കാവുന്നതാണ്. രണ്ടാം അധ്യായത്തിലെ പുരോഹിതരുടെ പട്ടികയില്‍ അഹറോന്‍റെ കുടുംബത്തിന് പ്രത്യേക പ്രാധാന്യമൊന്നുമില്ല. എന്നാല്‍ 8:2ല്‍ പരാമര്‍ശിക്കുന്ന രണ്ടു പുരോഹിതകുടുംബങ്ങളും അഹറോനുമായി നേരിട്ടു ബന്ധമുള്ളതാണ്. ഫിനെഹാസ് അഹറോന്‍റെ പൗത്രനും ഗര്‍ഷോം അഹറോന്‍റെ പുത്രനുമാണ്. എസ്രായും അഹറോന്‍റെ കുടുംബത്തില്‍ പെട്ടയാളാണ്. പ്രവാസാനന്തരകാലത്തെ പുരോഹിതരുടെയിടയില്‍ അഹറോന്‍റെ കുടുംബത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചുവരുന്നതിന്‍റെ സൂചനയായി ഇതിനെ മനസ്സിലാക്കാം.

പന്ത്രണ്ടുകുടുംബങ്ങളുടെ പട്ടികയും (വാ.3-14) ഈ അധ്യായത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പന്ത്രണ്ട് എന്ന സംഖ്യയും (3-14,24,35) എസ്രായോടൊപ്പം വന്നവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും മുഴുവന്‍ ഇസ്രായേലിനെയും (12 ഗോത്രങ്ങളെയും) പ്രതിനിധീകരിക്കുന്നതായി ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നു.

8:15-20 ല്‍ ലേവ്യരുടെ അഭാവമാണ് ചര്‍ച്ചാവിഷയമാകുന്നത്. എസ്രായും സംഘവും അഹാവായിലെത്തിയപ്പോഴാണ് തങ്ങളുടെ കൂടെ ലേവ്യര്‍ ആരുമില്ല എന്ന് മനസിലാക്കുന്നതും ലേവ്യരെ അന്വേഷിക്കുന്നതും. അഹാവ ഒരു പട്ടണമാണോ, അഥവാ യൂഫ്രട്ടീസ് നദിയുടെ കൈവഴികളില്‍ ഒന്നായ നദിയാണോ എന്ന് തീര്‍ത്തുപറയാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയുന്നില്ല (വാ. 21, 31 കാണുക). ആദ്യസംഘത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ കൂട്ടത്തിലും ലേവായരുടെ എണ്ണം നാമമാത്രമായിരുന്നു (2:40). ലേവായര്‍ക്ക് സമൂഹമധ്യത്തില്‍ കാര്യമായ അംഗീകാരമോ വരുമാനമോ ലഭ്യമല്ലാത്തതിനാലും ദേവാലയത്തിലെ ജോലിഭാരം മുഴുവന്‍ ഏറ്റെടുക്കേണ്ടതുള്ളതിനാലും ലേവായരില്‍ ഭൂരിഭാഗവും ബാബിലോണില്‍തന്നെ തങ്ങുകയായിരുന്നു. പുറപ്പാടുയാത്രയെ അനുസ്മരിച്ച് പ്രവാസികളുടെ നിര ക്രമീകരിച്ചപ്പോഴാണ് ലേവായര്‍ ആരുമില്ലെന്ന് എസ്രാ മനസ്സിലാക്കുന്നത്. ലേവായര്‍ ആരുമില്ലാതെയുള്ള മടക്കയാത്ര പുറപ്പാടുയാത്രയ്ക്ക് സമാനമാകില്ല എന്ന് എസ്രാ മനസ്സിലാക്കിയിരുന്നു. തന്നെയുമല്ല അര്‍ത്താക്സെര്‍ക്സസ് രാജാവിന്‍റെ കല്പന നിറവേറണമെങ്കില്‍ (7:13) ലേവായര്‍ കൂടി സംഘത്തില്‍ ഉണ്ടാകണമെന്ന് എസ്രായ്ക്ക് അറിയാമായിരുന്നു.

എസ്രാ പതിനൊന്നംഗസംഘത്തെ കാസിഫിലായിലെ ആരാധാനാലയത്തിലേക്ക് അയയ്ക്കുകയും അവര്‍ 41 അംഗ ലേവായരെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു. കസിഫിയായിലെ ദേവാലയത്തെക്കുറിച്ച് പണ്ഡിതരുടെയിടയില്‍ അഭിപ്രായാന്തരങ്ങളുണ്ട്. ഈജിപ്തില്‍ പ്രവാസികളായി കഴിഞ്ഞിരുന്ന യഹൂദര്‍ യാഹ്വെയ്ക്കായി പണിത ആരാധനാസ്ഥലം (ഹീബ്രുവില്‍-മഖോം= സ്ഥലം- ഉല്‍പ 28:11,16-17ല്‍ ഈ പദം ആരാധനാസ്ഥലം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്) ആയിരിക്കാം ഇവിടെ വിവക്ഷിക്കുന്നത് എന്ന അഭിപ്രായത്തിനാണ് പ്രാധാന്യമുള്ളത്.

8:21-30ല്‍ യാത്രയ്ക്കുവേണ്ടി എസ്രാ നടത്തുന്ന ഒരുക്കങ്ങളുടെ വിവരണമാണ്. സാധാരണയായി യാത്രാ ഒരുക്കങ്ങളില്‍ സവിശേഷ ശ്രദ്ധപതിയുന്ന വാഹനക്രമീകരണങ്ങളോ അടുക്കിപ്പെറുക്കലോ ഒന്നും എസ്രായുടെ ഒരുക്കങ്ങളില്‍ കാണുന്നില്ല. പകരം അദ്ദേഹം ഉപവാസം പ്രഖ്യാപിക്കുകയും ദൈവസഹായം തേടുകയുമാണ് ചെയ്യുന്നത്. തങ്ങളെത്തന്നെ ദൈവതിരുമുമ്പില്‍ എളിമപ്പെടുത്താനുള്ള (ഹീബ്രുവില്‍-ലഹിത് അനോത് ) മാര്‍ഗ്ഗമായാണ് അവര്‍ ഉപവാസത്തെ കരുതുന്നത്. കൂടാതെ യാത്ര സുഗമമാക്കുവാന്‍ ദൈവസഹായം അഭ്യര്‍ത്ഥിക്കുകയും ഉപവാസത്തിന്‍റെ ലക്ഷ്യമായിരുന്നു. യാത്ര സുഗമമാക്കുക എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്ന പദം ഏശ 40:3 ല്‍ "പാതകള്‍ നേരെയാക്കുക" എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുള്ള പദം തന്നെയാണ്. എസ്രായുടെ മടക്കയാത്രയെ ഏശ  40:3 ലെ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമായി ഗ്രന്ഥകാരന്‍ കരുതുന്നതിന്‍റെ സൂചനയായും ഇതിനെ മനസ്സിലാക്കാവുന്നതാണ്. യാത്രയ്ക്ക് ദൈവസഹായമല്ലാതെ, സൈനിക സഹായങ്ങളൊന്നും എസ്രാ ആവശ്യപ്പെടുന്നില്ല. തങ്ങളെ സംരക്ഷിക്കുന്നത് ദൈവമാണെന്നുള്ള വിശ്വാസസാക്ഷ്യമായി ഈ തീരുമാനത്തെ മനസ്സിലാക്കാം (വാ. 22). നെഹെമിയായുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘത്തിന് സൈനികസഹായം ലഭിച്ചിരുന്നു. എസ്രായുടെ യാത്രയ്ക്കുള്ള ഒരുക്കം പ്രേഷിതവേലയ്ക്ക് ശിഷ്യരെ നിയോഗിക്കുമ്പോള്‍ ക്രിസ്തു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു സമാനമാണ്. ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കാനാണ് രണ്ട് വിവരണങ്ങളിലും ആവശ്യപ്പെടുന്നത്.

എസ്രാ ദേവാലയനിര്‍മ്മാണത്തിനായി ശേഖരിച്ച സ്വര്‍ണ്ണം, വെള്ളിയുടെ അളവുകള്‍ അതിശയോക്തിപരമാണെന്ന് വാദിക്കുന്നവരുണ്ട്. 650 താലന്ത് (=24000 കിലോഗ്രാം) വെള്ളിയും നൂറുതാലന്ത് (=3750 കിലോഗ്രാം) സ്വര്‍ണ്ണവും കൂടാതെ "നൂറുകണക്കിന് സ്വര്‍ണ്ണം, വെള്ളി പാത്രങ്ങളും" കാഴ്ചയായി ലഭിച്ചിരുന്നു. ഇത്രയും കൂടിയ അളവിലുള്ള സ്വര്‍ണ്ണവും വെള്ളിയും ദൈവാലയത്തിന്‍റെ പ്രാധാന്യത്തെയും ദേവാലയത്തിന് സംഭാവന നല്‍കുന്നതില്‍ ദൈവം ജനങ്ങളുടെ ഹൃദയത്തെ പ്രചോദിപ്പിച്ചു എന്നതിന്‍റെയും സൂചനയായി മനസ്സിലാക്കാം. കാഴ്ചവസ്തുക്കള്‍ വഹിക്കാന്‍ 12 പുരോഹിതരെ എസ്രാ തെരഞ്ഞെടുത്തു. അവരെല്ലാം ലേവിഗോത്രജരായിരുന്നെങ്കിലും ഇസ്രായേലിന്‍റെ 12 ഗോത്രങ്ങളെയാണ് അവര്‍ പ്രതിനിധാനം ചെയ്തിരുന്നത്. അവര്‍ കാഴ്ചവസ്തുക്കള്‍ "തൂക്കി ബോധ്യപ്പെട്ട്"(ഹീബ്രുവില്‍- സാഖാല്‍ = തൂക്കിനോക്കുക) ഏറ്റുവാങ്ങി. തൂക്കം ബോധ്യപ്പെടുക എന്ന ക്രിയ ഈ അധ്യായത്തില്‍തന്നെ ആറുതവണ (25,26, 29,30,33,34) ഉപയോഗിച്ചിട്ടുണ്ട്. സാമ്പത്തികഇടപാടുകളില്‍ എസ്രാ പുലര്‍ത്തിയിരുന്ന കൃത്യതയുടെയും സുതാര്യതയുടെയും അടയാളമായി ഇതിനെ മനസ്സിലാക്കാം.

8:31-36 ല്‍ യാത്രയുടെ തുടക്കമാണ് ഇതിവൃത്തമാക്കുന്നത്. ദൈവകരം അവരോടൊത്തുണ്ടായിരുന്നു (വാ.31). ഈ വാക്യം പുറപ്പാടുയാത്രയെ അനുസ്മരിക്കുന്നു. രണ്ടാം പുറപ്പാടായ പ്രവാസികളുടെ തിരിച്ചുവരവും സമ്പൂര്‍ണ്ണമായും ദൈവകരത്തിന്‍റെ ഇടപെടല്‍മൂലമാണ് സാധ്യമായതെന്ന് എസ്രാ-നെഹമിയാ ആവര്‍ത്തിച്ചുപറയുന്ന സന്ദേശമാണ്. ഒന്നാം മാസം പന്ത്രണ്ടാം ദിനത്തിലാണ് യാത്ര പുറപ്പെടുന്നത്. പദ്ധതിയിട്ടിരുന്നതില്‍നിന്നും പതിനൊന്നുദിവസം വൈകിയാണ് യാത്രപുറപ്പെടുന്നത് എന്നുവ്യക്തമാക്കുന്നു (7:9). ഒന്നാം ദിവസം 15-ാം ദിവസം പുറപ്പെടുന്ന പുറപ്പാടുയാത്രയുടെ അനുസ്മരണം ഈ വിവരണത്തിലും ദൃശ്യമാണ്. പ്രവാസത്തിനുവെളിയില്‍ പെസഹാ ആചരിക്കാനുള്ള താല്പര്യം കൊണ്ടാണ് അവര്‍ തിടുക്കത്തില്‍ പുറപ്പെടുന്നത്. നാലാം ദിവസം വിശ്രമിക്കുന്ന ജനം ജോഷ്വാ 3: 1-2ലെ വിശ്രമത്തെ അനുസ്മരിപ്പിക്കുന്നു. 900 മൈല്‍ യാത്രചെയ്ത് എസ്രാ ജറുസലേമിലെത്തുന്നത് 129 വര്‍ഷങ്ങള്‍ക്കുമുന്‍പ് (589 ബി.സി.) ദേവാലയം നശിപ്പിക്കപ്പെട്ട അതേ മാസത്തിലാണ്. ജറുസലേമില്‍ അര്‍പ്പിക്കപ്പെടുന്ന ബലികള്‍ എല്ലാം 12 ഗോത്രങ്ങള്‍ക്കും വേണ്ടിയായിരുന്നു  96 മുട്ടാടുകള്‍ (8:12), 72 ചെമ്മരിയാടുകള്‍ (6:12) എന്നിവ ഗോത്രങ്ങളുടെ എണ്ണമായ പന്ത്രണ്ടിന്‍റെ ഗുണിതങ്ങളായാണ് അര്‍പ്പിക്കുന്നത്. ജറുസലേമിലെത്തിയ എസ്രാ, രാജകല്പന (7:21-24) പ്രവിശ്യയുടെ അധികാരികളെ കാണിച്ച് ദേവാലയനിര്‍മ്മാണത്തിനുള്ള സഹായം സമാഹരിച്ചു.

വിചിന്തനങ്ങള്‍

  1. ദൈവത്തെയും ദൈവനിയമങ്ങളെയും മറന്നുജീവിക്കുന്ന കാലത്തെല്ലാം ദൈവം ശക്തരായ നേതാക്കളെ നല്‍കി ജനത്തെ നേര്‍വഴിയിലേക്കു നയിക്കുന്നു. തിരുത്തല്‍ ശക്തികളായി ദൈവം അയയ്ക്കുന്നവരുടെ വായ മൂടിക്കെട്ടാനും അവരെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്ന ജനങ്ങളെയെല്ലാം രക്ഷാകരപദ്ധതിയില്‍ നിന്നുപുറത്താക്കുന്നു. ഇസ്രായേല്‍ജനത്തില്‍ വലിയൊരു വിഭാഗം രക്ഷാകരപദ്ധതിയില്‍ നിന്ന് നിഷ്കാസിതരായത് തിരുത്തലുകളെ അവഗണിച്ചതുകൊണ്ടാണ്. പ്രവാസികളുടെ തിരിച്ചുവരവിലും അവരുടെ തുടര്‍ന്നുള്ള മതജീവിതത്തിലും തിരുത്തല്‍ശക്തിയായി വര്‍ത്തിക്കുന്ന എസ്രായുടെ ജീവിതം ജനത്തിനുള്ള ദൈവത്തിന്‍റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. തെറ്റുചെയ്തവരെ ദൈവം കൈവിടുന്നില്ല, മറിച്ച് തിരുത്തലുകളെ നിരന്തരമായി അവഗണിക്കുന്നവരെ ദൈവം കൈവിടുന്നു.
  2. എസ്രായുടെ പുസ്തകത്തില്‍ 'ദൈവത്തിന്‍റെ ആലയം' എന്ന പദം കേവലം ഒരു കെട്ടിടം എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ദൈവത്തിന്‍റെ ആലയം എന്നതിന് എസ്രായുടെ പുസ്തകം പുതിയനിയമത്തിലെ "സഭ" എന്ന സംജ്ഞയ്ക്കു സമാനമായ അര്‍ത്ഥതലമാണ് വിഭാവനം ചെയ്യുന്നത്. ദൈവത്തിന്‍റെ ആലയം സംരക്ഷിക്കുക എന്നതിന് ദൈവജനത്തിന്‍റെ വിശുദ്ധീകരണം എന്ന അര്‍ത്ഥം കൂടി എസ്രാ വിഭാവനം ചെയ്യുന്നുണ്ട്. പലപ്പോഴും അജപാലകര്‍ക്കു സംഭവിക്കാനിടയുള്ള ഒരു അബദ്ധചിന്താഗതിയാണിത്. ദൈവാലയനിര്‍മ്മാണവും മതസ്ഥാപനങ്ങളുടെ നടത്തിപ്പുമായി മതനേതാക്കളുടെ ശ്രദ്ധവഴിതെറ്റുമ്പോള്‍ ദൈവജനം ദൈവമാര്‍ഗ്ഗം വെടിയാന്‍ ഇടവരുന്നു. വിശ്വോത്തരദൈവാലയങ്ങള്‍ നിര്‍മ്മിച്ച യൂറോപ്യന്‍ സഭയുടെ ഇന്നത്തെ ശുഷ്കമായ സഭാത്മകത ദൈവജനത്തെ മറന്നുള്ള സ്ഥാപനവത്കരണത്തിന്‍റെ ദുരന്തവ്യാപ്തി വ്യക്തമാക്കുന്നുണ്ട്. ദൈവജനം വിശ്വാസത്തില്‍ ശക്തിപ്രാപിക്കുമ്പോള്‍, ദൈവപ്രമാണങ്ങളില്‍ നിന്നുവ്യതിചലിക്കാതെ ജീവിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ സ്വാഭാവികമായും വളര്‍ന്നുവരും. സ്ഥാപനങ്ങളല്ല സഭയുടെ കേന്ദ്രമാകേണ്ടത് മറിച്ച് ദൈവജനമാണ്.
  3. എസ്രാ നിയമം പഠിക്കുകയും നിയമം ജീവിക്കുകയും നിയമം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു എന്ന ചിന്ത (7:12,25) ഏറെ ശ്രദ്ധേയമാണ്. ദൈവവചനം പഠിപ്പിക്കുന്നവരുടെയും പ്രഘോഷിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ട്. എന്നാല്‍ വചനം ആഴത്തില്‍ പഠിക്കാനുള്ള താല്പര്യം എത്രമാത്രം ശക്തമാണ് എന്നത് സംശയകരമാണ്. വചനം സ്വന്തം ജീവിതം കൊണ്ടുസാക്ഷ്യപ്പെടുത്തേണ്ടതാണ് എന്ന സത്യം ബഹുഭൂരിപക്ഷം പ്രബോധകരും മറുന്നുപോകുന്നു. പഠനം - ജീവിതം- പ്രബോധനം എന്നീ ത്രയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വരുത്തുന്ന വീഴ്ച ഒരുവന്‍റെ ശുശ്രൂഷയെ സാരമായി ബാധിക്കും എന്നതില്‍ അര്‍ത്ഥശങ്ക വേണ്ട.
  4. ഓരോജീവിതവും ദൈവത്തിനുള്ള നന്ദിയുടെയും സ്തുതിയുടെതുമായിരിക്കണമെന്ന് എസ്രായുടെ പുസ്തകം അനുസ്മരിപ്പിക്കുന്നു. നന്ദിയും സ്തുതിയും തമ്മിലുള്ള വ്യത്യാസവും ഈ ഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. നന്ദി പ്രകാശനം പലപ്പോഴും വ്യക്തിപരമാണെങ്കില്‍ സ്തുതിപ്പ് സാമൂഹികമാണ്. നന്ദി നിറഞ്ഞ ഹൃദയവുമായി ഓരോവ്യക്തിയും ദൈവതിരുമുമ്പിലെത്തി ദൈവജനം ഒന്നുചേര്‍ന്ന് ദൈവത്തെ സ്തുതിക്കുമ്പോഴാണ് ആരാധന പൂര്‍ണ്ണമാകുന്നത്. വ്യക്തിപരവും സാമൂഹികവുമായ തലങ്ങള്‍ പ്രാര്‍ത്ഥനാജീവിതത്തിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.
  5. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തില്‍ ആശ്രയിച്ച് സൈനികസഹായം തിരസ്കരിക്കുന്ന എസ്രാ വിശ്വാസത്തിന്‍റെ ശരിയായ മാതൃകയാണ്. പേര്‍ഷ്യന്‍രാജാവിന്‍റെ ഹൃദയത്തെ ചലിപ്പിച്ച് ഇസ്രായേലിന്‍റെ അടിമത്തം അവസാനിപ്പിക്കാന്‍ തിരുമനസ്സായ ദൈവം തുടര്‍ന്നുള്ള തങ്ങളുടെ ചരിത്രത്തെയും നയിക്കാന്‍ കരുത്തുള്ളവനാണ് എന്ന ബോധ്യമാണ് എസ്രായ്ക്കുള്ളത്. ദൈവം ചരിത്രത്തെ നയിക്കുന്നവനാണ് എന്ന തിരിച്ചറിവ് വിശ്വാസിക്ക് അനിവാര്യമായും ആവശ്യമാണ്. ദൈവത്തോടുള്ള വിശ്വസ്തതയാണ് വ്യക്തിയുടെയും സമൂഹത്തിന്‍റെയും ചരിത്രവും ചരിത്രത്തിന്‍റെ ഭാഗധേയവും നിര്‍ണ്ണയിക്കുന്നത്.
  6. ലേവായരുടെ അഭാവം ശ്രദ്ധാര്‍ഹമായ മറ്റൊരു വിഷയമാണ്. പുരോഹിതരുടെ ശുശ്രൂഷികളായി ദൈവാലയത്തിന്‍റെ കാര്യങ്ങള്‍ നോക്കിനടക്കുന്ന ഇവര്‍ പ്രവാസം കഴിഞ്ഞു തിരിച്ചുവരാന്‍ കൂട്ടാക്കുന്നില്ല. കാരണം അവര്‍ക്ക് സാമൂഹികമായ അംഗീകാരമോ സാമ്പത്തികമായ നേട്ടങ്ങളോ ലഭ്യമായിരുന്നില്ല. സഭാസ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് ന്യായമായ അംഗീകാരവും പ്രോത്സാ ഹനവും ഉപജീവനമാര്‍ഗ്ഗവും ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ എസ്രായുടെ കാലത്തെ ലേവായരെപ്പോലെ അവരും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പോകാന്‍ പ്രലോഭിതരാകും.
  7. പുരോഹിതനായ മെറെമോത്തിനെക്കുറിച്ചുള്ള പരാമര്‍ശം (8:33) ചിന്തനീയമാണ്. വംശശുദ്ധി തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ പുരോഹിതവൃത്തിയില്‍ നിന്ന് നിഷ്കാസിതനായ മെറെമോത്തിനെ, അജ്ഞാതകാരണങ്ങളാല്‍, എസ്രാ ദേവാലയഖജനാവിന്‍റെ ഉത്തരവാദിത്വം ഏല്പിക്കുകയാണുണ്ടായത്. വംശശുദ്ധിയേക്കാള്‍ വിശ്വസ്തതയാണ് പരമപ്രധാനം എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
  8. എസ്രായുടെ ഗ്രന്ഥത്തില്‍ ദൈവാലയത്തിനുവേണ്ടി ലഭിച്ച കാഴ്ചവസ്തുക്കളുടെ അളവും തൂക്കവും ആവര്‍ത്തിച്ചു തിട്ടപ്പെടുത്തുന്നുണ്ട്. ദൈവാലയത്തിനുസമര്‍പ്പിക്കേണ്ട ഓരോ ചില്ലിക്കാശും ദൈവത്തിന് അവകാശപ്പെട്ടതാകയാല്‍ അമൂല്യമാണ്. അത് നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നതും നഷ്ടപ്പെടുന്നതും കഠിനമായ അപരാധമാണ്. ദൈവാലയവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയും കൃത്യതയും ദൈവജനത്തിന്‍റെ ആത്മീയതയെ ബാധിക്കുന്ന വസ്തുതകളാണ് എന്ന കാര്യം എസ്രായ്ക്ക് അറിയാമായിരുന്നു. ആധുനിക അജപാലകരില്‍ ചിലരെങ്കിലും വിസ്മരിക്കുന്ന വസ്തുതയാണിത്.

 മിശ്രവിവാഹത്തിനെതിരായ പോരാട്ടം ( 9:1-10,44)

നെഹെമിയായുടെ പുസ്തകം എട്ടാം അധ്യായത്തില്‍ വിവരിക്കുന്ന സംഭവങ്ങളത്രയും എസ്രായുടെ പുസ്തകം എട്ടാം അധ്യായത്തിനു ശേഷവും  ഒന്‍പതാം അധ്യായത്തില്‍ വിവരിക്കുന്ന സംഭവങ്ങള്‍ക്കുമുമ്പും സംഭവിച്ചതാണെന്ന് അനുമാനിക്കാം. സമയക്രമത്തിലും ദൈവശാസ്ത്രപ്രമേയത്തിലും ഈ ഗ്രന്ഥഘടനയാണ് കൂടുതല്‍ അനുയോജ്യം. അഞ്ചാം മാസം ഒന്നാം ദിവസമാണ് എസ്രാ ജറുസലേമില്‍ എത്തിയത്. എസ്രായുടെ നിയമപാരായണം ഏഴാം മാസത്തിലാണ് (നെഹെ 7:73) നടക്കുന്നത്. ഒന്‍പതാം അധ്യായത്തിലെ ആദ്യവാക്യത്തില്‍, "ഇതിനുശേഷം"... എന്ന പ്രയോഗത്തിലൂടെ വിവക്ഷിക്കുന്നത് നെഹെ 8-ല്‍ വിവരിക്കുന്ന നിയമപാരായണമാണ് എന്ന അഭിപ്രായത്തിനാണ് പണ്ഡിതരുടെയിടയില്‍ പ്രമാണ്യമുള്ളത്.

 മിശ്രവിവാഹത്തെക്കുറിച്ചുള്ള പരാതി (9:1-5)

എസ്രാ 9:1-5 ല്‍ മിശ്രവിവാഹത്തെക്കുറിച്ച് അധികാരികള്‍ എസ്രായോട് പരാതിപ്പെടുന്നതിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. യൂദയാപ്രവിശ്യയെ ഭരണസൗകര്യത്തിനായി പല ഉപപ്രവിശ്യകളായി വിഭജിച്ചിരുന്നു (നെഹെ 3:9-19). ഇത്തരം പ്രവിശ്യാഭരണകൂടങ്ങളിലെ അംഗങ്ങളാകാം എസ്രായെ സമീപിക്കുന്ന അധികാരികള്‍. വിശുദ്ധജനമായ ഇസ്രായേലിലെ പുരോഹിതരും ലേവ്യരുമടക്കമുള്ളവര്‍ വിജാതീയരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട് ഇസ്രായേലിന്‍റെ വംശശുദ്ധി നശിപ്പിക്കുന്നു എന്നതായിരുന്നു അവരുടെ പരാതി (വാ-1-2). "ദേശവാസികളില്‍ നിന്നകന്നു നില്‍ക്കാതെ വിജാതീയരായവരുടെ പ്രവൃത്തികള്‍ക്കു സമാനമായി പ്രവര്‍ത്തിക്കുന്നവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു." എന്ന ഒന്നാംവാക്യത്തിന്‍റെ ആദ്യഭാഗം പി.ഒ.സി. വിവര്‍ത്തനത്തില്‍ നഷ്ടമായിട്ടുണ്ട്. പി.ഒ.സി. വിവര്‍ത്തനമനുസരിച്ച് വിജാതീയരായ കാനാന്യര്‍, പെരീസ്യര്‍, ജെബൂസ്യര്‍. തുടങ്ങിയവരുമായാണ് യഹൂദര്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടത്. എന്നാല്‍ ഹീബ്രുബൈബിള്‍ അനുസരിച്ച്, മേല്‍പറഞ്ഞ വിജാതീയരെപ്പോലെ പെരുമാറുന്ന ദേശവാസികളുമായാണ് യഹൂദര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടത്. ദേശവാസികള്‍ എന്നതിലൂടെ പ്രവാസത്തിലേക്കുപോകാതെ യൂദയായില്‍ തങ്ങിയവരും യഹൂദര്‍ എന്ന് അവകാശപ്പെടുന്നവരുമായ ജനവിഭാഗത്തെയാണ് ഗ്രന്ഥകാരന്‍ ലക്ഷ്യമാക്കുന്നത്. അവരുടെ "മ്ലേച്ഛതകള്‍" (1,11,14) എന്നതിലൂടെ വിഗ്രഹാരാധനയെയോ (നെഹെ 13:26-27), ലൈംഗിക അരാജകത്വമോ, അശുദ്ധമായ ഭക്ഷണം കഴിക്കുന്നതോ ആണ് ഗ്രന്ഥകാരന്‍ വിവക്ഷിക്കുന്നത്. വിജാതീയ വിഭാഗങ്ങളുടെ പട്ടിക (വാ. 2) കാനാനില്‍ അധിവസിച്ചിരുന്ന വിഭാഗങ്ങളുടെ പട്ടികയുടെ പുനരാവര്‍ത്തനമാണ് (ഉല്‍പ 15:19-20; പുറ 3:8;33:2;34:11; നിയ 7:1;20:17; ന്യായ 3:5; നെഹെ 6:8). അമ്മോന്യര്‍ക്കും മൊവാബ്യര്‍ക്കും ഇസ്രായേല്‍ സമൂഹത്തിലേക്കുള്ള അംഗത്വം പത്തുവര്‍ഷത്തേക്ക് നിരോധിച്ചിരുന്നു (നിയ 23:3-6). ഈജിപ്തുകാരുടെ ചെയ്തികള്‍ അനുവര്‍ത്തിക്കുന്നതും നിരോധിക്കപ്പെട്ടിരുന്നു(ലേവ്യ 8:3). എന്നാല്‍ ഈജിപ്തുകാരെയും ഏദ്യോമ്യരെയും മൂന്നുതലമുറകള്‍ക്കുശേഷം ഇസ്രായേല്‍ സമൂഹത്തില്‍ അംഗത്വം നല്‍കി സ്വീകരിക്കാമെന്ന് നിയമാവര്‍ത്തനഗ്രന്ഥം അനുശാസിക്കുന്നുണ്ട് (നിയ 23:7).

വിജാതീയസ്ത്രീകളുമായുള്ള ബന്ധം നിയമാവര്‍ത്തനഗ്രന്ഥം നിരോധിച്ചിരുന്നു (നിയ 7:4). വിജാതീയസ്ത്രീകളിലൂടെ വിഗ്രഹാരാധന ഇസ്രായേലില്‍ കടന്നുകൂടാനിടയുണ്ട് എന്നതായിരുന്നു നിരോധനത്തിനു കാരണം (1 രാജാ 11:1-11). ഇസ്രായേലിന്‍റെ വിശുദ്ധബീജം വിജാതീയരുമായി ചേരുന്നത് ദൈവനിന്ദയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ വിജാതീയരുടെ നാട്ടില്‍ ജീവിക്കാനിടവന്നിട്ടുള്ള യഹൂദര്‍ വിജാതീയ സ്ത്രീകളെ വിവാഹം ചെയ്തതിനെ ബൈബിള്‍ വിമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജോസഫും (ഉല്‍പ 41:50) മോശയും (സംഖ്യ 12:1) എലിമെലെക്കിന്‍റെ പുത്രന്മാരും (റൂത്ത് 1) വിജാതീയസ്ത്രീകളെ വിവാഹം കഴിച്ചിരുന്നവരാണ്. മോശയുടെ വിജാതീയ വിവാഹത്തെ പരിഹസിച്ച അഹറോനും മിരിയാമിനും ശിക്ഷലഭിക്കുന്നുമുണ്ട്. വിജാതീയ സ്ത്രീകളായ റൂത്ത്, റാഹാബ്, ബത്ഷെബ തുടങ്ങിയവര്‍ യേശുവിന്‍റെ വംശാവലിയില്‍പോലും ഇടംനേടുന്നുണ്ട്. തന്മൂലം വിജാതീയരോടുള്ള വെറുപ്പില്‍നിന്നല്ല ഇസ്രായേലിന്‍റെ സത്യവിശ്വാസം സംരക്ഷിക്കാനുള്ള മുന്‍കരുതലില്‍ നിന്നാണ് ഈ നിയമം രൂപം കൊണ്ടത് എന്നുമനസ്സിലാക്കാം. യഹൂദസമൂഹത്തിനു വെളിയില്‍നിന്നുള്ള വിവാഹത്തെ വിശ്വാസരാഹിത്യത്തിനു തെളിവായാണ് പ്രവാസാനന്തരസമൂഹം വിലയിരുത്തിയിരുന്നത് (എസ്രാ 10:2,6,10; നെഹെ 1:8;13:27). എസ്രായ്ക്കുമുമ്പേ പ്രവാസത്തില്‍ നിന്നും തിരികെ വന്നവരാണ് നിഷിദ്ധമായ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത് എന്നും അനുമാനിക്കാം.

പരാതി കേട്ട എസ്രാ വസ്ത്രം കീറുകയും താടിയും മുടിയും വടിക്കുകയും ചെയ്തു (വാ. 3). വസ്ത്രം കീറുന്നത് പാപത്തിലൂടെ തങ്ങള്‍ അടിമകളും തത്ഫലമായി നഗ്നരുമായി തീര്‍ന്നു എന്നു സൂചിപ്പിക്കുന്ന പ്രതീകാത്മക പ്രവൃത്തിയാണ് (ഉല്‍പ 37:34;2 സാമു 11:1; ജോബ് 1:20;2:12; എസെ 16:39). താടിയും മുടിയും പറിച്ചുകളയുന്നത് സങ്കടത്തിന്‍റെ ലക്ഷണമാണ് (ജോബ് 1:20; ഏശ 22:12; ജറെ16:6; 41:5). എന്നാല്‍ തലമുടി പൂര്‍ണ്ണമായും വടിച്ചുകളയുന്നത് യഹൂദര്‍ക്ക് നിഷിദ്ധകര്‍മ്മമായിരുന്നു (ലേവ്യ 19:27;21:5; നിയ 14:1). സായാഹ്നബലിയുടെ സമയം വരെ (ഉച്ചകഴിഞ്ഞ് ഏകദേശം 3 മണി) എസ്രാ സ്തബ്ധനായിരുന്നു. വിജാതീയരുമായുള്ള വിവാഹത്തെ ഗുരുതരമായ തെറ്റായികരുതുന്ന ഗ്രന്ഥകാരന്‍റെ നിലപാട് ഈ വിവരണത്തില്‍ വ്യക്തമാണ്.

  എസ്രായുടെ പ്രതികരണം(9:6-15)

ജനത്തിന്‍റെ പാപങ്ങളെ പ്രതിയുള്ള എസ്രായുടെ പ്രാര്‍ത്ഥനയാണ് 9:6-15ല്‍ വിവരിക്കുന്നത്. സായാഹ്നബലിയുടെ സമയം പ്രാര്‍ത്ഥനയുടെ സമയമായാണ് പരിഗണിക്കപ്പെട്ടിരുന്നത് (അപ്പ 3:1). തന്മൂലം എസ്രാ പ്രാര്‍ത്ഥനയ്ക്കുതിരഞ്ഞെടുത്ത സമയം (വാ.4) ഏറ്റവും അനുയോജ്യമായിരുന്നു. വ്യക്തിപരമായി തുടങ്ങുന്ന എസ്രായുടെ പ്രാര്‍ത്ഥന (പ്രഥമപുരുഷ ഏകവചനരൂപം ഞാന്‍, എന്‍റെ...) സാവകാശം സമൂഹത്തിന്‍റെ മുഴുവനും (പ്രഥമപുരുഷബഹുവചനരൂപം-ഞങ്ങള്‍, ഞങ്ങളുടെ...) പ്രാര്‍ത്ഥനയായി രൂപാന്തരപ്പെടുന്നു. പാപം ചെയ്ത ജനത്തോട് തന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്ന എസ്രായുടെ മനോഭാവം അദ്ദേഹത്തിന്‍റെ സ്വഭാവവൈശിഷ്ട്യം വെളിവാക്കുന്നുണ്ട് (വാ.6-7). പ്രവാസാനന്തരസമൂഹത്തിന്‍റെ പാപത്തെ പ്രവാസത്തിനുകാരണമായ പൂര്‍വ്വികരുടെ പാപത്തിന്‍റെ തനിയാവര്‍ത്തനമായാണ് എസ്രാ കാണുന്നത്. ദൈവപരിപാലന ഏറെ ഏറ്റുവാങ്ങിയിട്ടും ജനത്തിന്‍റെ പാപപ്രവണതയ്ക്ക് തെല്ലും ഭംഗം വന്നിട്ടില്ല എന്ന സത്യമാണ് എസ്രാ പ്രാര്‍ത്ഥനയായി ദൈവതിരുമുമ്പില്‍ എറ്റുപറയുന്നത് (വാ. 8-9). തിന്മയുടെ ഫലമായി നശിച്ച ജനത്തില്‍ നിന്ന് ദൈവകാരുണ്യത്താല്‍ അവശേഷിച്ച  (ഹീബ്രുവില്‍ -ഷെആര്‍) ജനമായ പ്രവാസാനന്തരയഹൂദരും പാപം ചെയ്യുന്നു എന്നതാണ് ഏറെ ദുഃഖകരമായി എസ്രാ കരുതുന്നത്. ദൈവം ഇസ്രായേലിന് അഭയസ്ഥാനവും ജനത്തിന് സന്തോഷവും പ്രദാനം ചെയ്തു. അടിമത്തത്തിന്‍റെ നാട്ടില്‍ അനശ്വരസ്നേഹം  (ഹീബ്രുവില്‍-മിഹിയാ എന്നവാക്കാണ് ഉപയോഗിക്കുന്നത്. ജീവന്‍ എന്നര്‍ത്ഥമുള്ള 'ഹായാ' എന്ന ധാതുവില്‍ നിന്നാണ് ഈ പദത്തിന്‍റെ ഉത്ഭവം). എസ്രാ 9:10-12ലെ പ്രാര്‍ത്ഥനാ നിയമഗ്രന്ഥങ്ങളിലെയും (ലേവ്യ18:12;നിയ 1:39;7:1,3;11:8; 18:9;23:6) പ്രവാചകഗ്രന്ഥങ്ങളിലെയും (ഉദാ. ഏശ 1:19) വാക്യങ്ങളെ പദാനുപദം അനുവര്‍ത്തിക്കുന്നതാണ്. ദൈവകോപത്തില്‍ നിന്നു രക്ഷനേടാന്‍ മിശ്രവിവാഹങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്ന ആഹ്വാനത്തോടെയാണ് എസ്രായുടെ പ്രാര്‍ത്ഥന അവസാനിക്കുന്നത് (വാ. 13-15).

മിശ്രവിവാഹം വേര്‍പെടുത്തുന്നു (10:1-17)

എസ്രായുടെ പ്രാര്‍ത്ഥനയിലും സങ്കടപ്രകടനത്തിലും സമൂഹം (ഹീബ്രുവില്‍-ഖഹല്‍) ഒന്നടങ്കം പങ്കുചേര്‍ന്നു. നിര്‍ണ്ണായകമായ അനുതാപവേളകളില്‍ ജനമൊന്നാകെ പങ്കുചേരുന്ന വിവരണങ്ങള്‍ ബൈബിളില്‍ അന്യത്ര ദൃശ്യമാണ് (2 ദിന 29               :28,31-32; 30:2). സ്ത്രീകളും കുട്ടികളും പുരുഷന്മാരോടൊപ്പം പങ്കുചേരുന്നു എന്ന പരാമര്‍ശം നെഹെമിയ 8-ല്‍ വിവരിക്കുന്ന നിയമപാരായണത്തിന്‍റെ തുടര്‍ച്ചയാണ് എസ്രാ 9:1-10:44ല്‍ വിവരിക്കുന്ന സംഭവങ്ങള്‍ എന്ന സൂചന നല്‍കുന്നുണ്ട് (നെഹെ 8:2 കാണുക). മിശ്രവിവാഹം ഉപേക്ഷിച്ച് കര്‍ത്താവിന്‍റെ നിയമം അനുസരിച്ച് ജീവിക്കാനുള്ള തീരുമാനം എസ്രാ ഏകപക്ഷീയമായി എടുത്തതല്ല, ജനം ഏകമനസ്സോടെ എടുത്തതാണെന്ന് ഈ വിവരണത്തിലൂടെ ഗ്രന്ഥകാരന്‍ സൂചനനല്‍കുകയാണ് (10:1). യെഹിയേലിന്‍റെ പുത്രനായ ഷെക്കാനിയാ എസ്രായ്ക്കു പിന്തുണയുമായി രംഗപ്രവേശം ചെയ്യുന്നതാണ് 10:2-5ലെ ഇതിവൃത്തം. മോശയുടെ പിന്‍ഗാമിയായി ജോഷ്വാവന്നപ്പോള്‍ ദൈവം ജോഷ്വായ്ക്കുനല്‍കുന്ന പിന്തുണയിലെ വാക്യങ്ങള്‍ ഉപയോഗിച്ചാണ് ഷെക്കാനിയ സംസാരിക്കുന്നത് (10:4=നിയ 31:23; ജോഷ്വാ 1:9;1 ദിന 28:10). ഷെക്കാനിയ മിശ്രവിവാഹിതനായിരുന്നില്ല. എന്നാല്‍ തന്‍റെ ജനത്തിന്‍റെ പാപവുമായി എസ്രായെപ്പോലെ (9:7) ഷെക്കാനിയായും താദാത്മ്യപ്പെടുകയായിരുന്നു. 10:26ല്‍ പരാമര്‍ശിക്കുന്ന മിശ്രവിവാഹിതനായ യെഹിയേലാണ് ഷെക്കാനിയായുടെ പിതാവ് എന്ന് വാദിക്കുന്നവരുണ്ട്, എന്നാല്‍ 10:2ലും 10:26ലും പരാമര്‍ശിക്കുന്ന "യഹിയേല്‍" നാമധാരികള്‍ രണ്ടു വ്യത്യസ്ത വ്യക്തികളായിരിക്കാനാണ് സാധ്യത. അല്ലായിരുന്നുവെങ്കില്‍ ഷെക്കാനിയ സമൂഹഭ്രഷ്ടിനുവേണ്ടി സ്വയം വാദിക്കുന്നതായി കരുതേണ്ടിവരും. എന്നാല്‍ 10:2-5ല്‍ തീഷ്ണമതിയായ ഒരു യഹൂദനാണ് ഷെക്കാനിയ എന്ന ധ്വനിയാണ് ലഭിക്കുന്നത്.

മിശ്രവിവാഹിതര്‍ തോറായിലെ അനുശാസനമനുസരിച്ച് ഭാര്യമാരെയും അവരില്‍ ജനിച്ച കുഞ്ഞുങ്ങളെയും ഉപേക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യട്ടെ എന്നതാണ് ഷെക്കാനിയായുടെ നിര്‍ദ്ദേശം. എന്നാല്‍ മിശ്രവിവാഹിതര്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കണമെന്ന് നിയമഗ്രന്ഥത്തിലൊരിടത്തും അനുശാസിക്കുന്നില്ല. ചില വിഭാഗങ്ങളുമായുള്ള വിവാഹം നിഷിദ്ധമാണെന്ന് നിയമം അനുശാസിച്ചിരുന്നു (നിയ 7:3-4). വിവാഹിതനായ പുരുഷന് തന്‍റെ ഭാര്യയില്‍ ഏതെങ്കിലും തെറ്റുകണ്ടാല്‍ അവളെ ഉപേക്ഷിക്കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു (നിയ 24:1). ഈ രണ്ടു നിയമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഷെക്കാനിയായുടെ വാദം. ഭാര്യയുടെ വംശശുദ്ധിയില്ലായ്മയെ അവളില്‍ കണ്ടെത്തിയ തെറ്റായി കരുതി വിവാഹമോചനം നല്‍കി പറഞ്ഞയയ്ക്കുക എന്നതാണ് ഷെക്കാനിയാ അവതരിപ്പിക്കുന്ന നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം എസ്രായ്ക്ക് ഏറെ സ്വീകാര്യമായിരുന്നതിനാല്‍ ജനമൊന്നടങ്കം ഈ നിര്‍ദ്ദേശം സ്വീകരിച്ച് മിശ്രവിവാഹബന്ധം ഉപേക്ഷിക്കാന്‍ ശപഥം ചെയ്തു.

10:6 ല്‍ പരാമര്‍ശിക്കുന്ന യഹോഹനാന്‍ ആരാണ് എന്നതിനെക്കുറിച്ച് വ്യാഖ്യാതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നുണ്ട്. നെഹെമിയായുടെ കാലത്തെ പ്രധാനപുരോഹിതനായ എലിയാഷിബിന്‍റെ പേരും (നെഹെ 3:1) എസ്രാ 10:6ല്‍ പരാമര്‍ശിക്കുന്ന യഹോഹനാന്‍റെ പിതാവിന്‍റെ പേരും ഒന്നുതന്നെയാണ് എന്നതാണ് വ്യാഖ്യാതാക്കളെ കുഴക്കുന്നത്. എലഫെന്‍റെ പപ്പീറസ് (ബി.സി. 407) പ്രധാനപുരോഹിതനായ എലിയാഷിനെക്കുറിച്ച് പരാമര്‍ശിക്കുനുണ്ട്. (അജ30-18). എസ്രാ 10:6ല്‍ പരാമര്‍ശിക്കുന്ന യഹോഹനാന്‍റെ പിതാവ് പ്രധാനപുരോഹിതനായ എലിയാഷിബ് ആണെങ്കില്‍ എസ്രായുടെ ആഗമനം നെഹെമിയായ്ക്കു ശേഷം അര്‍ത്താക്സെര്‍ക്സസ് രണ്ടാമന്‍റെ കാലത്താണ് സംഭവിച്ചത് എന്ന് അനുമാനിക്കേണ്ടിവരും. എന്നാല്‍ ഈ വാദഗതിയില്‍ യുക്തിപരത കുറവാണ്. കാരണം എലിയാഷിബ് എന്ന പ്രധാനപുരോഹിതന്‍ സമരിയാക്കാരനായ ഗവര്‍ണര്‍ സന്‍ബല്ലാതിന്‍റെ മകളെ വിവാഹം ചെയ്തതിനാല്‍ (നെഹെ 13:28) യഹൂദര്‍ക്കു നിഷിദ്ധനായി മാറിയിരുന്നു. അത്തരം ഒരു വ്യക്തിയുടെ കുടുംബത്തില്‍ എസ്രാ വിശ്രമത്തിലും പ്രാര്‍ത്ഥനയിലും സമയം ചെലവഴിച്ചു എന്നു കരുതാന്‍ ന്യായമില്ല. തന്നെയുമല്ല നെഹെ 12:22-23ല്‍ എലിയാഷിബിന്‍റെ പൗത്രനായ യോഹനാനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. യോഹനാന്‍ എന്ന പേരും യഹോഹനാന്‍ എന്ന പേരും ഹീബ്രുവില്‍ ഒരു സ്വരത്തിന്‍റെ മാത്രം വ്യത്യാസമുള്ളതും ഒരേ അര്‍ത്ഥമുള്ളതുമായ സംജ്ഞയാണ്. (നെഹെ 12:10-11ല്‍ എലിയാഷിബിന്‍റെ പൗത്രന്‍ യോഹനാനുപകരം യോനാഥനാണ് എന്നത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇത് പകര്‍പ്പെഴുത്തുകാര്‍ (Copyists) വരുത്തിയ തെറ്റായിരിക്കാനാണു സാധ്യത). പ്രധാനപുരോഹിതന്മാരുടെ  പേരുകള്‍ പിതാമഹന്മാരുടെ (Grand Father) പേരുമായി ബന്ധിപ്പിച്ചു സ്വീകരിക്കുന്ന പതിവ് (Papponym) നിലവിലുണ്ടായിരുന്നതിനാല്‍ എസ്രായുടെ കാലത്ത് എലിയാഷിബ് ഒന്നാമനും തുടര്‍ന്ന് യഹോഹനാന്‍ ഒന്നാമനും പ്രധാനപുരോഹിതന്മാരായി ഉണ്ടായിരുന്നെന്നും തുടര്‍ന്ന് നെഹമിയായുടെ കാലത്ത് എലിയാഷിബ് രണ്ടാമനും യഹോഹനാന്‍ രണ്ടാമനും പ്രധാനപുരോഹിതന്മാരായി ഭരണം നടത്തിയിരുന്നതായും അനുമാനിക്കാം. എസ്രാ 10:6ല്‍ പരാമര്‍ശിക്കുന്നത് എലിയാഷിബ് ഒന്നാമനും യഹോഹന്നാന്‍ ഒന്നാമനുമാണെന്ന് കരുതിയാല്‍ നെഹെമിയായ്ക്കു മുമ്പേ എസ്രാ വന്നു എന്ന പരമ്പരാഗത വിശ്വാസത്തിനു ക്ഷതമേല്‍ക്കുന്നില്ല.

മിശ്രവിവാഹം അവസാനിപ്പിക്കുന്നതിനാല്‍ ഇസ്രായേല്‍ജനത്തെ മുഴുവന്‍ മൂന്നുദിവസ്സത്തിനുള്ളില്‍ വിളിച്ചുകൂട്ടാന്‍ ജനനേതാക്കള്‍ തീരുമാനമെടുത്തു. വന്നെത്താത്തവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും (ഹീബ്രുവില്‍-യഹാറാം= ദൈവത്തിനുകൊടുക്കുക എന്ന അര്‍ത്ഥമുള്ള ഈ പദത്തിലൂടെ വസ്തുവകകള്‍ കത്തിച്ചുകളയുകയോ നശിപ്പിച്ചുകളയുകയോ ചെയ്യും എന്നാണ് അര്‍ത്ഥമാക്കുന്നത്. വസ്തുവകകള്‍ പുരോഹിതര്‍ക്കും നല്‍കിയിരുന്നു. സംഖ്യ 18:14; എസെ 44:29) പ്രസ്തുത വ്യക്തികളെ സമൂഹത്തില്‍നിന്നു പുറത്താക്കാനും തീരുമാനിച്ചിരുന്നു. സമൂഹഭ്രഷ്ട് വധശിക്ഷയ്ക്കു തുല്യമായിരുന്നു (പുറ 12:15). അര്‍ത്താക്സെര്‍ക്സസ്  രാജാവിന്‍റെ കല്പനയനുസരിച്ചാണ് (എസ്രാ 7:26) മേല്‍പറഞ്ഞ രണ്ടുശിക്ഷാവിധികളും പ്രഖ്യാപിക്കപ്പെട്ടത്. യൂദയാപ്രവിശ്യ താരതമ്യേന ചെറിയ പ്രവിശ്യആയിരുന്നതിനാല്‍ (തെക്കുവടക്ക് 35 മൈലും കിഴക്കുപടിഞ്ഞാറ് 25 മൈലും) മൂന്നുദിവസത്തിനുള്ളില്‍ യഹൂദര്‍ക്ക് ജറുസലേമില്‍ ഒത്തുചേരാന്‍ സാധിക്കുമായിരുന്നു. ഒന്‍പതാം മാസമായ ചിസ്ലേവ് 20-ാം തീയതിയാണ് ജനം ദേവാലമണ്ഡപത്തില്‍ സമ്മേളിച്ചത്. നെഹെമിയാ എട്ടാം അധ്യായത്തിലെ സമയക്രമവും ഇതുതന്നെയായതിനാല്‍ നെഹെമിയാ എട്ടാം അധ്യായം എസ്രാ എട്ടും ഒന്‍പതും അധ്യായങ്ങള്‍ക്കിടയില്‍വരാനാണ് കൂടുതല്‍ സാധ്യത (വിശദാംശങ്ങള്‍ക്ക് എസ്രാ 9ന്‍റെ ആമുഖം കാണുക).

ഒരുമിച്ചുകൂടിയ ജനത്തോട് മിശ്രവിവാഹം ചെയ്തവരും മിശ്രവിവാഹത്തെ അനുകൂലിക്കുകയോ മൗനമായി അനുവദിക്കുകയോ ചെയ്ത സകലരും മാപ്പുപറയുകയും മിശ്രവിവാഹം വേര്‍പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുകയും വേണമെന്ന് എസ്രാ ആവശ്യപ്പെട്ടു (വാ. 10-12). എസ്രായുടെ ആവശ്യം തത്വത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും പ്രായോഗികമാക്കുന്നതില്‍ പല വൈഷമ്യങ്ങളുമുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലും ജനം വളരെയേറെയുള്ളതിനാലും (വാ. 13) ഒരു പ്രതിനിധി സംഘത്തെ നിയോഗിച്ച് മിശ്രവിവാഹിതരെ കണ്ടെത്താനും വിവാഹമോചനം നടത്തിക്കാനുമായി തീരുമാനം. തീരുമാനത്തെ നാലുപേര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും (വാ. 15) പ്രസ്തുത എതിര്‍പ്പ് അവഗണിക്കപ്പെടുകയാണുണ്ടായത്. ഇവര്‍ മിശ്രവിവാഹം വേര്‍പെടുത്തുന്നതിനെയല്ല എതിര്‍ത്തത് മറിച്ച് ഉടനടി മിശ്രവിവാഹം വേര്‍പെടുത്താത്തതിനെയാണ് (പ്രതിനിധികളെവച്ച് പഠനം നടത്തി വിവാഹമോചനം നടത്തുമ്പോള്‍ ന്യായമായും കാലതാമസമുണ്ടാകും) എതിര്‍ത്തിരുന്നത് എന്ന് അനുമാനിക്കാം. എതിര്‍പ്പിനുകാരണം യഹൂദ നിയമത്തോടുള്ള അമിതതീക്ഷ്ണതയായതുകൊണ്ടാണ് അവര്‍ക്ക് ശിക്ഷലഭിക്കാതിരുന്നത്. എതിര്‍ത്തവരില്‍ മെഷുല്ലാം എസ്രായുടെ പ്രധാനസഹായികളിലൊരാളും ലേവായരെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ടവനുമാണ് (8:16). എതിര്‍ത്തവരില്‍ മറ്റൊരാളായ ഷെബത്തായി (ഈ പേരിന് ഹീബ്രുവില്‍ സാബത്താചരണത്തില്‍ നിഷ്ഠയുള്ളവന്‍ എന്നാണ് അര്‍ത്ഥം) തന്‍റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന മതതീക്ഷ്ണതയുള്ള വ്യക്തിയായിരിക്കാം. തന്മൂലം ഈ എതിര്‍പ്പ് കുറ്റകരമായിരുന്നില്ല.

 മിശ്രവിവാഹം  വേര്‍പെടുത്തിയവരുടെ പട്ടിക (10:18-44)

പത്താം മാസം ഒന്നാം ദിവസം (ബി.സി. 458 ഡിസംബര്‍ 29) പ്രതിനിധികള്‍ തെളിവെടുപ്പ് ആരംഭിക്കുകയും ഒന്നാം മാസം ഒന്നാം ദിവസം (മാര്‍ച്ച് 27, ബി.സി 457) പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ കണ്ടെത്തിയ പ്രകാരമുള്ള മിശ്രവിവാഹിതരുടെ കണക്കുകള്‍ കുടുംബക്രമത്തില്‍ നല്‍കിയിരിക്കുന്നതാണ് 10:18-44 ന്‍റെ ഉള്ളടക്കം. എന്നാല്‍ പ്രതീക്ഷിച്ചതിലും വളരെക്കുറച്ചുപേര്‍ മാത്രമേ മിശ്രവിവാഹം വേര്‍പെടുത്തുന്നതായി ഈ പട്ടികയില്‍ കാണുന്നുള്ളൂ. എസ്രാ 9:1-10:18 ലെ വിവരണമനുസരിച്ച് തിരിച്ചെത്തിയ പ്രവാസികളില്‍ നല്ലൊരുപങ്ക് മിശ്രവിവാഹിതരാണ് എന്ന പ്രതീതിയാണ് ലഭിക്കുന്നത്. എന്നാല്‍ വിവാഹമോചനം നേടുന്നവരുടെ സംഖ്യ വളരെ പരിമിതമാണ്. ഇതിനുള്ള കാരണങ്ങള്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്തമായാണ് നല്‍കുന്നത്.

  1. ഏതാനും പേരുടെ മിശ്രവിവാഹത്തെ ജനത്തിന്‍റെ മുഴുവന്‍ പാപമായി എസ്രാ ചിത്രീകരിച്ചതായിരിക്കാം.
  2. അന്വേഷണത്തിനു നിയോഗിക്കപ്പെട്ട പ്രതിനിധിസംഘത്തിനുമുന്നില്‍ തങ്ങളുടെ വിവാഹം നിയമാനുസൃതമായി നടന്നതാണെന്ന് സ്ഥാപിക്കാന്‍ പല മിശ്രവിവാഹിതര്‍ക്കും സാധിച്ചിരിക്കാം.
  3. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെ പേരുമാത്രമേ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നുള്ളൂ. ദേവാലയ ശുശ്രൂഷകര്‍ (ഹീബ്രുവില്‍-നെതീനീം), സാധാരണക്കാര്‍ തുടങ്ങിയവരെയൊന്നും ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നില്ല എന്നതിനാലാണ് വിവാഹമോചിതരുടെ എണ്ണം പരിമിതപ്പെട്ടത്.
  4. വിവാഹമോചനത്തിന് മിശ്രവിവാഹിതരില്‍ ഭൂരിപക്ഷവും തയ്യാറല്ലാതിരുന്നതിനാല്‍ എസ്രായുടെ ദൗത്യം പരാജയപ്പെട്ടു എന്നതിന്‍റെ തെളിവായും വിവാഹമോചിതരുടെ പരിമിതമായ എണ്ണത്തെ പരിഗണിക്കാം.

               ഇവയില്‍ അവസാനത്തെ കാരണമാണ് വസ്തുതാപരമായി കൂടുതല്‍ ശരിയാകാന്‍ സാധ്യതയുള്ളത്. നാലുപുരോഹിതകുടുംബങ്ങളിലും നിന്ന് വിവാഹമോചനം നേടിയവരുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

TABLE 1

മിശ്രവിവാഹം വേര്‍പെടുത്തിയ അല്‍മായ കുടുംബങ്ങള്‍ 83എണ്ണം ആണ്. 12127 അംഗങ്ങളുള്ള അസൂറിന്‍റെ കുടുംബത്തില്‍നിന്ന് 83 പേരും 12455 അംഗങ്ങളുള്ള സഖായിയുടെ കുടുംബത്തില്‍നിന്നും 83 പേരും മിശ്രവിവാഹബന്ധം അവസാനിപ്പിച്ചു.

വിചിന്തനങ്ങള്‍

  1. മിശ്രവിവാഹത്തെക്കുറിച്ച് എസ്രാ പുലര്‍ത്തുന്ന കര്‍ക്കശമായ നിലപാട് ആധുനിക സംസ്കാരത്തിന് ഒരു പക്ഷേ ഉള്‍ക്കൊള്ളാനാവില്ലായിരിക്കാം. വിശേഷിച്ചും, നാനാജാതിമതസ്ഥര്‍ ഇടകലര്‍ന്നും ഇടപഴകിയും ജീവിക്കുന്ന ഭാരതംപോലെയുള്ള മണ്ണില്‍. എന്നാല്‍, മിശ്രവിവാഹത്തെ കേവലം ഒരു വിവാഹപ്രശ്നമായോ സാംസ്കാരികപ്രതിസന്ധിയായോ സാമൂഹികവിഷയമായോ അല്ല എസ്രായുടെ ഗ്രന്ഥം കരുതുന്നത് എന്നതാണ് ഏറെ ശ്രദ്ധാര്‍ഹം. എസ്രായുടെ ദൈവമായ കര്‍ത്താവിലുള്ള വിശ്വാസത്തിന് ഭംഗം വരുത്തുന്നു എന്നതിനാല്‍ മിശ്രവിവാഹത്തെ പരമപ്രധാനമായ ഒന്നാം പ്രമാണത്തിന്‍റെ ലംഘനമായാണ് എസ്രാ വിലയിരുത്തുന്നത്. മിശ്രവിവാഹത്തെ സഭ എതിര്‍ക്കുന്നതിനുകാരണവും ഇതു തന്നെയാണ്. മറ്റുമതസ്ഥര്‍ മോശക്കാരായതുകൊണ്ടോ അവര്‍ ഹീനരാണെന്നുകരുതുന്നതുകൊണ്ടോ അല്ല, മറിച്ച് സത്യവിശ്വാസത്തെ മറ്റെന്തിനേക്കാളും ആഴത്തില്‍ സഭ വിലമതിക്കുന്നതുകൊണ്ടാണ്. വിശ്വാസം നഷ്ടമായാല്‍ കുടുംബവും സമൂഹവും സംസ്കാരവും തകരാറിലാകും എന്നതിനാലാണ് മിശ്രവിവാഹത്തെ മതങ്ങള്‍ എതിര്‍ക്കുന്നത്. ഇതിനെ മതസ്പര്‍ദ്ധയും വര്‍ഗ്ഗീയതയുമായി ചിത്രീകരിക്കുന്നവരുടെ മനസ്സാണ് യഥാര്‍ത്ഥത്തില്‍ മിശ്രവിവാഹത്തില്‍ എന്താണു കുഴപ്പം എന്നചോദ്യത്തില്‍ പ്രസക്തം. മനുഷ്യരുടെ ഒരുമ പൂര്‍ണ്ണമാകുന്നത് ഏകസത്യമായ ദൈവത്തെ സകലരും കണ്ടുമുട്ടുമ്പോഴാണ്. വ്യതിരിക്തതകള്‍ മനുഷ്യയാഥാര്‍ത്ഥ്യത്തിന്‍റെ ഭാഗമാണെന്നു കരുതി പരസ്പര ബഹുമാനത്തില്‍ ജീവിക്കുമ്പോഴാണ് മതസൗഹാര്‍ദ്ദം പുലരുന്നത്.
  2. എസ്രായെ ഏറ്റവുമധികം അസ്വസ്ഥനാക്കുന്നത് പുരോഹിതര്‍, ലേവായര്‍ തുടങ്ങി സമൂഹത്തിന് മാതൃകയാകേണ്ടവര്‍ തിന്മയില്‍ ജീവിക്കുന്നു എന്നതാണ് (9:2). സമൂഹത്തിന് മാതൃകയാകേണ്ടവര്‍ വഴിതെറ്റുമ്പോള്‍ അത് അക്ഷന്തവ്യമായ അപരാധമാകുന്നു.

"വേലികള്‍ തന്നെ വിളവുമുടിച്ചാല്‍, കാലികളെന്തുനടന്നീടുന്നു" എന്ന കുഞ്ചന്‍നമ്പ്യാരുടെ ചോദ്യത്തിന്‍റെ പ്രസക്തി ഇവിടെയാണ്. വിശുദ്ധ ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ട സമര്‍പ്പിതര്‍ വാക്കുകളില്‍പോലും ദുര്‍മാതൃക കാട്ടരുത്. മകളെ വഴിതെറ്റിക്കുന്ന അപ്പനും ശിഷ്യയുടെ മാനത്തിനു വിലകല്പിക്കാത്ത ഗുരുവും അനുയായികളെക്കൊണ്ടു ചൂടുചോറുവാരിച്ച് ആനന്ദിക്കുന്ന നേതാക്കന്മാരുമൊക്കെ ജനത്തിന്‍റെ വഴിതെറ്റിയ പ്രയാണത്തിന് പ്രത്യക്ഷത്തില്‍ ഉത്തരവാദികളാണ്.

  1. ചരിത്രം പാപവും കൃപയും തമ്മിലുള്ള നിരന്തരസംഘര്‍ഷത്തിലാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ഈ സത്യത്തിന്‍റെ സമ്പൂര്‍ണ്ണമായ ആവിഷ്കാരം എസ്രായുടെ പ്രാര്‍ത്ഥനയില്‍ നിഴലിക്കുന്നുണ്ട്. രക്ഷാകരചരിത്രത്തിലുടനീളം അനസ്യൂതമായി നീളുന്ന മനുഷ്യന്‍റെ പാപചരിത്രത്തെ ദൈവം നേരിടുന്നത് തന്‍റെ കൃപയാലാണ്. ചരിത്രം വിരുദ്ധശക്തികളുടെ സംഘര്‍ഷഭൂമിയാണെന്ന് ഹേഗലും മാര്‍ക്സും വാദിക്കുന്നത് ശരിയാണ്. അവയുടെ സംഘട്ടനത്തില്‍ അന്തിമമായി വിജയിക്കുന്നത് ദൈവകൃപയാണ്. അല്ലാതെ തിന്മയും കൃപയും ചേര്‍ന്ന സങ്കലിതാശയം (ട്യിവേലശെെ) അല്ല. മനുഷ്യന്‍റെ നിരന്തരമായ അവിശ്വസ്തതയ്ക്ക് തന്‍റെ സ്ഥിരമായ സ്നേഹത്തിലൂടെ (ഹീബ്രുവില്‍-ഹെസെദ്) ദൈവം മറുപടി നല്‍കിക്കൊണ്ടേയിരിക്കുന്നു (9:8).
  2. എല്ലാ വ്യക്തിപരമായപാപത്തിനും ഒരു സാമൂഹികമാനമുണ്ട്. വിവാഹം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ വിവാഹത്തിന്‍റെ അനന്തരഫലങ്ങള്‍ വ്യക്തിപരമല്ല. വിവാഹബന്ധത്തിന്‍റെ ദൈവികമായ മാനം മറക്കുമ്പോള്‍ സംഭവിക്കുന്ന നഷ്ടം വ്യക്തിയിലും കുടുംബത്തിലും മാത്രം ഒതുങ്ങുന്നില്ല. അത് സമൂഹത്തെ ഒന്നാകെ സ്വാധീനിക്കുന്നു. നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന ദാമ്പത്യഅവിശ്വസ്തതകളും വിവാഹമോചനങ്ങളും വിവാഹപൂര്‍വ്വ വിഷയം മാത്രമായി കരുതാനാകുമോ? ഇല്ല എന്നതാണ് എസ്രായുടെ പ്രാര്‍ത്ഥന തരുന്ന ഉത്തരം. ഏതാനും വ്യക്തികളുടെ മിശ്രവിവാഹം സമൂഹത്തിനുമുഴുവന്‍ ദോഷകരമായി ബാധിക്കുന്നു എന്നതാണ് എസ്രാ തരുന്ന മുന്നറിയിപ്പ്.
  3. എസ്രായുടെ കാലത്ത് നടക്കുന്ന നിര്‍ബന്ധിത മിശ്രവിവാഹമോചനം അനേകം അമ്മമാരെയും കുഞ്ഞുങ്ങളെയും വഴിയാധാരമാക്കി എന്നത് സങ്കടകരമാണ് (എസ്രാ 10:1-18). വിവാഹമോചനത്തെ (2:16). ഏറ്റവും കഠിനമായ ഭാഷയിലാണ് ക്രിസ്തു വിമര്‍ശിക്കുന്നത് (മത്താ 5:31-32; മര്‍ക്കോ 10:11-12; ലൂക്കാ 16: 18). എസ്രായുടെ കാലത്തെ വിവാഹമോചനത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ ഉണ്ടായിരുന്നതായി പണ്ഡിതര്‍ കരുതുന്നുണ്ട്. യഹൂദസമുദായത്തിനുള്ള പ്രവിശ്യയുടെ ഭരണാധികാരികളായിരുന്നു എസ്രായും നെഹെമിയായും. മിശ്രവിവാഹത്തിലൂടെ സാമുദായികത്തനിമനഷ്ടപ്പെട്ടാല്‍ കാലാന്തരത്തില്‍ യൂദയാപ്രവിശ്യതന്നെ ഇല്ലാതാകും എന്ന് അവര്‍ ന്യായമായും ഭയപ്പെട്ടിരുന്നു. പ്രവാസാനന്തരകാലത്ത് സ്ത്രീകള്‍ക്കും സ്വത്തിനുമേല്‍ അവകാശമുണ്ടായിരുന്നതിനാല്‍ യഹൂദരുടെ അവകാശമായ ഭൂമി വിജാതീയസ്ത്രീകളിലൂടെ അന്യാധീനപ്പെട്ടുപോകും എന്ന ഭയവും മിശ്രവിവാഹിതരെ വേര്‍പിരിക്കുന്നതിനു പിന്നിലുളളതായി കരുതപ്പെടുന്നു. എസ്രാ-നെഹെമിയ ഉയര്‍ത്തിപ്പിടിക്കുന്ന വംശശുദ്ധി എന്ന ആശയത്തെ റൂത്തിന്‍റെ പുസ്തകം തിരുത്തുന്നതിന്‍റെ കാരണം ഈ പശ്ചാത്തലത്തിലാണ് നാം അന്വേഷിക്കേണ്ടത്. തന്മൂലം വിജാതീയരെ ഒന്നടങ്കം വെറുക്കപ്പെട്ടവരായി അകറ്റിനിര്‍ത്തണം എന്ന ആശയം ബൈബിളിനില്ല എന്ന വസ്തുത വിസ്മരിക്കുന്നത് നീതിയല്ല.

The beginning of Ezra: Ezra 7: 1-10: 44 catholic malayalam Dr. Michael Karimattam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message