We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Vadakkedam On 08-Feb-2021
ബൈബിള്‍ വ്യാഖ്യാനത്തെ ഇക്കാലഘട്ടങ്ങളില്‍ തത്വചിന്താവ്യാഖ്യാനം വളരെയധികം സ്വാധീനിച്ചു. മനുഷ്യനിലെ അറിവ് എന്ന പ്രതിഭാസത്തെക്കുറിച്ച് തത്വചിന്ത പല വിശകലനങ്ങളും നടത്തിയിട്ടുണ്ട്. ഫ്രെഡറിക് ഷ്ളയര്‍മാഹര്‍, വില്യം ഡില്‍ത്തി, മാര്‍ട്ടിന്‍ ഹൈഡഗര്‍ എന്നിവരുടെ പുസ്തകങ്ങള്‍ ഈ രംഗത്ത് ഉണര്‍വു പകര്‍ന്നിട്ടുണ്ട്. ഇവരുടെ പാത പിന്തുടര്‍ന്നും ഒട്ടൊക്കെ വ്യതിചലിച്ചും പണ്ഡിതര്‍ പുതിയ വ്യാഖ്യാന സിദ്ധാന്തങ്ങള്‍ രൂപീകരിച്ചു. മൂന്നുപേര്‍ ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. റുഡോള്‍ഫ് ബുള്‍ട്ട്മാന്‍, ഹാന്‍സ് ജോര്‍ജ് ഗാഡമര്‍, പോള്‍ റിക്കര്‍ എന്നിവര്‍. അവരുടെ എല്ലാ സിദ്ധാന്തങ്ങളും ഇവിടെ അവതരിപ്പിക്കാന്‍ സാദ്ധ്യമല്ല. ബൈബിള്‍ വ്യാഖ്യാനത്തെ വ്യക്തമായി സ്വാധീനിച്ച ഇവരുടെ തത്വചിന്തയുടെ കേന്ദ്രാശയം മാത്രം സൂചിപ്പിക്കാം.
ഒന്നാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടും സമയത്തിലും സംസ്കാരത്തിലും എത്ര അകലെയാണ്! ഇതായിരുന്നു ബുള്‍ട്ട്മാന്‍റെ ചിന്തയുടെ അടിസ്ഥാന പരിഗണന. അന്നു ബൈബിള്‍ സംസാരിച്ചവ ഇന്നു മനസിലാക്കണമെങ്കില്‍ അതിനു മുമ്പ് ചില അറിവുകള്‍ - മുന്നറിവുകള്‍ - ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കരുതി. ഇതില്‍ നിന്നാണ് "അസ്തിത്വാത്മക വ്യാഖ്യാനം" അദ്ദേഹം രൂപപ്പെടുത്തിയത്. വ്യാഖ്യാതാവിന്‍റെ ജീവിതവും പുതിയ നിയമത്തിലെ ജീവിതവും തമ്മിലുള്ള ഒരു താദാത്മ്യപ്പെടലാണ് ഈ മുന്നറിവ് കൊണ്ടുദ്ദേശിക്കുന്നത്. പുതിയനിയമ വ്യാഖ്യാനത്തിനു സഹായിക്കുന്ന ചട്ടക്കൂടായി അദ്ദേഹം സ്വീകരിച്ചത് ഹൈഡഗറിന്‍റെ താത്വിക വീക്ഷണങ്ങളാണ്.
വ്യാഖ്യാനവലയമാണ് ഗാഡമറിന്‍റെ സിദ്ധാന്തം. ബൈബിളും വായനക്കാരും തമ്മിലുള്ള ചരിത്രപരമായ അകലം കുറയ്ക്കണമെങ്കില്‍ പരസ്പരമുള്ള നീക്കങ്ങള്‍ ആവശ്യമാണ്. ഇരുസാഹചര്യങ്ങളേയും വേര്‍തിരിക്കുന്ന ചക്രവാളങ്ങള്‍ ചുരുങ്ങിയില്ലാതാകുമ്പോഴാണ് ശരിയായ വ്യാഖ്യാനം സാദ്ധ്യമാകുന്നത്. പാഠഭാഗം സ്വന്തം ജീവിതത്തിന്‍റെ ഭാഗമാക്കിയാലെന്നപോലെ ഒരു ആത്മബന്ധം ഇതിനാവശ്യമാണ്. അന്നത്തെ മനുഷ്യനെ മനസിലാക്കാന്‍ ഇന്നത്തെ എന്നെയറിയണം.
റിക്കറിന്‍റെ സിദ്ധാന്തം "അകലങ്ങള്‍" എന്ന വസ്തുതയെ അടിസ്ഥാനമാക്കുന്നു. ഒന്നാമത്തെ അകലം പാഠഭാഗവും അതിന്‍റെ ഉറവിടവും തമ്മിലാണ്. അതായത് ഒരു പാഠഭാഗം രൂപംകൊണ്ട് ഏറെക്കഴിഞ്ഞായിരിക്കും അതെഴുതപ്പെടുന്നത്. രണ്ടാമത്തെ അകലം പാഠഭാഗവും വായനക്കാരും തമ്മിലാണ്. വായനക്കാരന്‍ ജീവിതത്തില്‍ അനുഭവിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്ന അളവിലേ വി. ഗ്രന്ഥത്തെ മനസിലാക്കാനാവൂ. അവരുടെ ജീവിത സാഹചര്യത്തില്‍ ആരംഭിക്കുന്ന അര്‍ത്ഥതലങ്ങള്‍ അനാവരണം ചെയ്യേണ്ട കടമ വ്യാഖ്യാതാവിന്‍റെതാണ്. ഭാഷാപഠനത്തില്‍ മാത്രമൊതുങ്ങുന്ന ഒന്നല്ല അത്. ഭാഷ പ്രതിനിധാനം ചെയ്യുന്ന യാഥാര്‍ത്ഥ്യത്തിലെത്തണം. ബൈബിള്‍ ഭാഷയ്ക്കു പിന്നിലൊരു ദര്‍ശനവും തത്വചിന്തയുമുണ്ട്. ഒരിക്കലും ഈ ഭാഷയുടെ മറ പൂര്‍ണ്ണമായഴിച്ചുനീക്കാനെളുപ്പമല്ല. കാരണം അതിനു പിന്നില്‍ പരലോകസത്യങ്ങളാണ്. ഈ ഭാഷ മനുഷ്യജീവിതത്തിന്‍റെ അത്യഗാധതലങ്ങളിലേയ്ക്ക് മനുഷ്യമനസുകളെ ഉണര്‍ത്തുകയും ചെയ്യുന്നു.
മുകളില്‍ കണ്ട പുതിയ സിദ്ധാന്തങ്ങള്‍ ബൈബിള്‍ വ്യാഖ്യാനത്തില്‍ എങ്ങനെ പ്രയോജനപ്പെടുന്നു? ബൈബിള്‍ എക്കാലത്തേക്കുമായുള്ള ദൈവത്തിന്‍റെ വചനമാണ്. അതിനാല്‍ വിവിധ രീതികളും സമീപനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വ്യാഖ്യാന ശൈലി കൂടിയേ തീരൂ. ഗ്രന്ഥ രചയിതാക്കളും ആദ്യ വായനക്കാരും നമ്മളും തമ്മിലുള്ള അകലം കുറച്ച് ഇന്ന് വി. ഗ്രന്ഥത്തെ മനസിലാക്കാന്‍ ഒരു വ്യാഖ്യാനശാസ്ത്രംതന്നെ ആവശ്യമാണ്. അതാകട്ടെ വിശ്വാസികളുടെ സമൂഹത്തെ പോഷിപ്പിക്കാനുതകുംവിധം ഇക്കാലത്തോടു ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നായിരിക്കണം. തങ്ങളുടെ കാലത്തെ വിശ്വാസ സമൂഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെടുന്നില്ലെങ്കില്‍ തങ്ങളുടെ വ്യാഖ്യാനം നിഷ്ഫലമാകുമെന്ന് സഭാപിതാക്കന്‍മാര്‍ വിചാരിച്ചിരുന്നല്ലോ. ആധുനിക വീക്ഷണങ്ങളും ഇതേ ദര്‍ശനം പിന്തുടരുന്നു.
ചരിത്രത്തില്‍ മാത്രം ഒതുക്കിനിര്‍ത്തി, ശാസ്ത്രീയ രീതിയില്‍ നടത്തുന്ന അപഗ്രഥനത്തിന് അമിതപ്രാധാന്യം നല്‍കുന്നതിനെതിരാണ് ആധുനിക ബൈബിള്‍ വ്യാഖ്യാനം. സ്വാഭാവിക ശാസ്ത്രങ്ങളുപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ അതേപടി ബൈബിള്‍ വ്യാഖ്യാനത്തില്‍ പ്രയോഗിക്കുന്നതിനെയും അത് എതിര്‍ക്കുന്നു. ബൈബിള്‍ വിവരണങ്ങള്‍ അതില്‍ത്തന്നെ വ്യാഖ്യാനങ്ങളാണ്. ബൈബിള്‍, വ്യാഖ്യാതാവിന്‍റെ കരങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രത്യേകതകള്‍ വ്യാഖ്യാനത്തില്‍ കടന്നുകൂടുന്നു. ഓരോ വ്യാഖ്യാതാവും നേരിടുന്ന ചോദ്യം ഏതു രീതിയാണ് ഏറ്റവും അഭികാമ്യമെന്നതാണ്.
മേല്‍പ്പറഞ്ഞവയില്‍ ചില വ്യാഖ്യാനസിദ്ധാന്തങ്ങള്‍ ബൈബിള്‍ വ്യാഖ്യാനത്തിന് തീര്‍ത്തും അപര്യാപ്തമാണെന്നുകൂടി സൂചിപ്പിക്കട്ടെ. ബുള്‍ട്ട്മാന്‍റെ സിദ്ധാന്തം തന്നെയെടുക്കാം. ക്രിസ്തു സന്ദേശത്തെ ഒരു പ്രത്യേക തത്വചിന്താപരിധിക്കുള്ളില്‍ തളച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തെ പോരായ്മ. പുരാണ ഘടകങ്ങള്‍ ഒഴിവാക്കുന്നുവെന്ന പേരില്‍ വി. ഗ്രന്ഥത്തിലെ പരമമായ സത്യങ്ങളും അവഗണിക്കപ്പെടാം. ദൈവിക സന്ദേശം വെറും മാനുഷിക സന്ദേശമായി മാറുന്ന ദുരന്തം നാം ദര്‍ശിക്കേണ്ടിവരുന്നു. തത്വചിന്ത ഇവിടെ വ്യാഖ്യാനത്തിന്‍റെ അടിസ്ഥാന മാനദണ്ഡമായി മാറുന്നു. യഥാര്‍ത്ഥത്തില്‍ തത്വചിന്ത ഒരുപകരണമാക്കി ക്രിസ്തുവിനേയും അവിടുത്തെ ദൗത്യത്തേയും മനസ്സിലാക്കുകയാണ് ബൈബിള്‍ വ്യാഖ്യാനം ചെയ്യേണ്ടത്. ആധികാരിക വ്യാഖ്യാനം ക്രിസ്തു എന്ന വ്യക്തിയിലാണ് എത്തിനില്‍ക്കേണ്ടത്. ഈ അര്‍ത്ഥം ബൈബിള്‍ പാഠഭാഗത്താണുള്‍ച്ചേര്‍ന്നിരിക്കുന്നത്. വ്യക്തിഗത വ്യാഖ്യാനത്തേക്കാള്‍ പാഠാധിഷ്ഠിത വ്യാഖ്യാനമാണ് ശരിയായ വ്യാഖ്യാനരീതി.
ബൈബിള്‍ വ്യാഖ്യാനം മറ്റു ഗ്രന്ഥങ്ങളുടേതുപോലെയുള്ള സാധാരണ വ്യാഖ്യാനത്തിന്‍റെ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ തന്നെയും ഒട്ടൊരു സവിശേഷമായ വ്യാഖ്യാനരീതിയാണ്. അതിന്‍റെ സവിശേഷതകള്‍ അതിന്‍റെ ലക്ഷ്യത്തിലൂന്നിയിരിക്കുന്നു. ചരിത്രസംഭവങ്ങള്‍ക്കെല്ലാം അര്‍ത്ഥം നല്‍കുന്നത് ക്രിസ്തുവെന്ന വ്യക്തിയും അവിടുത്തെ രക്ഷാപ്രവൃത്തികളുമാണ്. പില്‍ക്കാലങ്ങളിലെ വ്യാഖ്യാനസംരംഭങ്ങള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണതയുടെ ഈ ഖനിയെ തുറന്നുകാട്ടാന്‍ മാത്രമേ കഴിയൂ. യുക്തിക്കോ ബുദ്ധിക്കോ തനിയെ ഈ അര്‍ത്ഥം ഗ്രഹിക്കുവാന്‍ കഴിയില്ല. ബൈബിള്‍ വ്യാഖ്യാനത്തെ നിശ്ചയമായും നിയന്ത്രിക്കുന്ന രണ്ടു മാനദണ്ഡങ്ങള്‍ സഭയിലെ വിശ്വാസ ജീവിതവും പരിശുദ്ധാത്മാവിന്‍റെ വെളിച്ചവുമത്രേ. വായനക്കാരന്‍റെ/വായനക്കാരിയുടെ ആത്മാവിലുള്ള ജീവിതത്തിന്‍റെ പക്വതയിലേക്ക് വളരുന്നതിനൊപ്പം ബൈബിള്‍ പഠിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവും അയാളില്‍ വര്‍ദ്ധിക്കുന്നു.
ഡോ. ജോസ് വടക്കേടം
The Influence of Philosophy on Bible Interpretation catholic malayalam bible interpretations Dr. Jose Vadakkedam ബൈബിൾ വ്യാഖ്യാനശാസ്ത്രം book no 03 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206