x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, സത്യമായും അവന്‍ മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റു (മത്താ 28:1-6)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

സത്യമായും അവന്‍ മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റു

(മത്താ 28:1-6)

ക്രിസ്തു ഉയിര്‍ത്തില്ലെങ്കില്‍ ക്രിസ്തീയ വിശ്വാസം വ്യര്‍ത്ഥമാണെന്നും (1 കോറി 15:14-15) യേശു കര്‍ത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ രക്ഷപ്രാപിക്കും (റോമാ 10:9) എന്നും പഠിപ്പിച്ച ആദിമസഭ ഉത്ഥാനസത്യത്തിന്‍റെ പ്രാധാന്യമാണ് പറഞ്ഞുതരുന്നത്.

ഉത്ഥാനമെന്ന രഹസ്യം

മരിച്ചവരായി വര്‍ഷങ്ങളായി കരുതപ്പെട്ടിരുന്ന "പരേതര്" തിരിച്ചുവരുന്നതിന്‍റെ കഥകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ കാണാം. മരിച്ചു എന്നു ഡോക്ടര്‍മാര്‍ വിധിച്ച് മോര്‍ച്ചറിയിലേക്കു മാറ്റിയ "ശവങ്ങള്‍" എഴുന്നേറ്റു നടന്ന വാര്‍ത്തകളും അപൂര്‍വ്വമായി കേള്‍ക്കാറുണ്ട്. ഹൃദയവും ശ്വാസവും നിലച്ചുപോയവരെ ഭിഷഗ്വരന്മാര്‍ ചിലപ്പോള്‍ ജീവനിലേക്ക് മടക്കിക്കൊണ്ടു വരുന്നതും വാര്‍ത്തകളിലുണ്ട്. എന്നാല്‍ ഇവയൊന്നും ഉത്ഥാനരഹസ്യത്തെ വെളിപ്പെടുത്തുന്നില്ല. മരിച്ച വ്യക്തി ഈ ലോകജീവിതത്തിലേക്കു തിരിച്ചുവരുന്നതും ഉത്ഥാനരഹസ്യത്തെ വെളിപ്പെടുത്തുന്നില്ല. നായിമിലെ വിധവയുടെ മകനും (ലൂക്കാ 7:11-17) ജായ്റോസിന്‍റെ മകളും (മര്‍ക്കോ 5:35-43) ലാസറും (യോഹ 11:1-44) അപ്രകാരം ഈ ലോകജീവിതത്തിലേക്കു തിരിച്ചു വന്നവരാണ്. എന്നാല്‍ അവര്‍ പിന്നീട് മരണമടഞ്ഞു. അവരെ ഉത്ഥാനം ചെയ്തവരായി ആരും കരുതുന്നില്ല. ഉത്ഥാനം എന്നത് കേവലം പുനര്‍ജീവനം അല്ല എന്ന് ബൈബിള്‍തന്നെ വ്യക്തമാക്കുന്നു. മര്‍ത്യതയുടെ പരിമിതികള്‍ക്കപ്പുറത്തേക്കുള്ള പ്രയാണമാണത്. മനുഷ്യാസ്ഥിത്വത്തിന് പുതിയ അര്‍ത്ഥതലങ്ങളും ചക്രവാളങ്ങളും അനന്തസാധ്യതകളും തുറന്നിട്ട കര്‍മ്മമാണ് ഉത്ഥാനം. ദൈവികതയിലേക്കുള്ള മനുഷ്യന്‍റെ പ്രവേശനം സാധ്യമാകുന്ന മഹത്തായ സംഭവമാണ് യേശുവിന്‍റെ പുനരുത്ഥാനം.

ഗലീലി മുതല്‍ യൂദാവരെ ജനക്കൂട്ടത്തെ ഇളക്കിമറിച്ച നസ്രായന്‍ കുരിശില്‍ ദാരുണമായി മരിക്കുമെന്ന് ആരും കരുതിയതല്ല. എന്നാല്‍ അവന്‍ മരിച്ചു. മരണത്തിന്‍റെ അഗാധതയിലേക്ക് നിശ്ശബ്ദം പോയവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും ആരും കരുതിയിരുന്നതല്ല. എന്നാല്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. മനുഷ്യന്‍റെ സാമാന്യധാരണകളെ തകിടം മറിക്കുന്ന ദൈവിക പ്രവൃത്തികളുടെ നിഗൂഢാത്മകതയാണ് ക്രിസ്തുസംഭവത്തില്‍ അനാവരണം ചെയ്യുന്നത്. രണ്ടു വസ്തുതതകള്‍ ഇവിടെ ഗ്രഹിക്കാവുന്നതാണ്:

1) എത്രമേല്‍ തകര്‍ന്നതും ഇരുളടഞ്ഞതുമായ ജീവിതത്തെയും ഉത്ഥാനപ്രഭയില്‍ നിര്‍ത്താന്‍ ദൈവത്തിനു കഴിയും എന്ന പ്രത്യാശയുടെ സാക്ഷ്യമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം. 2) തിന്മയുടെ ശക്തികളുടെ വിജയം ക്ഷണികമാണ്. കയ്യാഫാസിന്‍റെ പൊട്ടിച്ചിരിയുടെ ആയുസ്സ് 36 മണിക്കൂര്‍ മാത്രമായിരുന്നു. നന്മയെ എക്കാലത്തെക്കും തോല്പിക്കാന്‍ തിന്മക്കു കഴിയില്ല. സത്യം ഒരുനാള്‍ പുറത്തുവരും. എത്രകണ്ട് ശക്തമായും തന്ത്രപരമായും മുദ്രവച്ചടച്ച് കാവലേര്‍പ്പെടുത്തിയാലും സത്യം കല്ലറകള്‍ ഭേദിച്ചു പുറത്തുവരും. ലോകത്തിലെ ശാശ്വതമായ വിജയം നന്മയുടെയും അന്തിമമായ ചിരി ദൈവത്തിന്‍റേതുമായിരിക്കും എന്ന വിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ് ഉത്ഥാനം. അധികാര പ്രമാണിമാരുടെ ഉരുക്കു മുഷ്ടിക്കുമുമ്പില്‍ ശ്വാസംമുട്ടുന്ന സത്യപക്ഷത്തിന് ഉത്ഥാനം നല്‍കുന്ന ആശ്വാസം വര്‍ണ്ണനാതീതമാണ്.

മൂന്നാം ദിവസത്തെ ഉത്ഥാനം

യേശു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റു എന്നത് ആദിമസഭയുടെ ശക്തമായ വിശ്വാസ ബോധ്യമാണ്. ദൈവത്തിന്‍റെ പരിശുദ്ധന്‍ ജീര്‍ണ്ണിച്ചുപോകുന്നില്ല; എന്‍റെ ആത്മാവിനെ പാതാളത്തില്‍ ഉപേക്ഷിക്കില്ല (സങ്കീ 16:10-11) എന്ന സങ്കീര്‍ത്തനവാക്യത്തെയാണ് പത്രോസ് ഉത്ഥാനത്തിനു തെളിവായി അവതരിപ്പിക്കുന്നത് (അപ്പ 2:26-28). എന്നാല്‍ ഇവിടെ മൂന്നാം ദിനത്തിലെ ഉത്ഥാനം പരാമര്‍ശിക്കുന്നില്ല. ഹോസി 6:1-2 ല്‍ ഇസ്രായേലിന്‍റെ പുനരുദ്ധാരണത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ "രണ്ടു ദിവസത്തിനുശേഷം അവന്‍ നമുക്കു ജീവന്‍ തരും. മൂന്നാം ദിവസം അവന്‍ നമ്മെ ഉയിര്‍പ്പിക്കും" എന്ന പ്രസ്താവനയൊഴികെ പഴയ നിയമത്തിലൊരിടത്തും മൂന്നാം ദിവസത്തെ ഉത്ഥാനത്തെക്കുറിച്ച് സൂചനയില്ല. ഹോസി 6:1-2 ലാകട്ടെ യേശുവിന്‍റെ ഉത്ഥാനത്തെക്കുറിച്ചല്ല ഇസ്രായേലിന്‍റെ പുനരുദ്ധാരണത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. എന്നിട്ടും ഉത്ഥാനവും മൂന്നാംനാളും തമ്മില്‍ ഇത്രമേല്‍ അഭേദ്യം ബന്ധിപ്പിക്കപ്പെട്ടത് എന്തുകൊണ്ടാണ്? വെള്ളിയാഴ്ച വൈകിട്ട് 3 മണിക്കു മരിച്ച ക്രിസ്തു ശനിയാഴ്ച രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റു എങ്കില്‍ മൂന്നുദിവസം എന്നത് മണിക്കൂറുകളുടെ കണക്കല്ല എന്നു വ്യക്തമാണ്.

മൂന്നാംദിവസം എന്ന വിശ്വാസപ്രഖ്യാപനത്തിന് സഭാപിതാക്കന്മാര്‍ നല്‍കുന്ന രണ്ട് അര്‍ത്ഥങ്ങള്‍ പ്രസക്തമാണ്: (1) യേശുവിന്‍റെ കല്ലറ ശൂന്യമാണെന്ന് ശിഷ്യര്‍ കണ്ടെത്തിയത് മൂന്നാം ദിവസമാണ്. (2) ഉത്ഥിതനായ ക്രിസ്തുവിനെ അവര്‍ മുഖാമുഖം കണ്ടത് മൂന്നാം ദിവസമായ ഞായറാഴ്ചയാണ്. ഇതില്‍ രണ്ടാമത്തെ വിശദീകരണം ഏറെ ശ്രദ്ധാര്‍ഹമാണ്. ഉത്ഥാനരഹസ്യത്തിന്‍റെ സങ്കീര്‍ണ്ണതയ്ക്കോ അതു സംഭവിച്ച നിഗൂഢ സമയത്തെക്കുറിച്ചോ അല്ല ആദിമസഭ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത്. മറിച്ച്, ഉത്ഥിതനെ കണ്ടുമുട്ടിയതിനും ഉത്ഥിതന്‍റെ സാന്നിധ്യാനുഭവം നല്‍കിയ സന്തോഷത്തിനുമാണ്. സഭയില്‍ ഉത്ഥിതനെ അനുഭവിച്ചുതുടങ്ങിയ ഞായറാഴ്ചയെയാണ് മൂന്നാംദിനം എന്നു വിവക്ഷിക്കുന്നത്. "അവന്‍ മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റു" എന്നതിലൂടെ അവന്‍ "ഞായറാഴ്ച ഉയിര്‍ത്തെഴുന്നേറ്റു"  എന്ന സത്യമാണ് ആദിമസഭ പ്രഘോഷിക്കുന്നത്. സാബത്താചരണം ശനിയാഴ്ചയാണ് എന്ന ചിരപ്രതിഷ്ഠിതമായ പാരമ്പര്യത്തെ മറികടന്ന് ഞായറാഴ്ചയാചരണത്തിലേക്കു സഭയെ കൈപിടിച്ചു നടത്തിയത് യഥാര്‍ത്ഥത്തില്‍ ഈ വിശ്വാസ പ്രഖ്യാപനമാണ്.

ഉത്ഥിതനും തിരുസ്സഭയും

  1. ഉത്ഥിതനെ തോട്ടക്കാരനായിട്ടാണ് മറിയം ആദ്യം തിരിച്ചറിയുന്നത്. ആഖ്യാനപരമായി ബോധപൂര്‍വ്വമാണ് ഈ തെറ്റിദ്ധാരണ. ഏദേന്‍ തോട്ടത്തില്‍ നഷ്ടമായ വരപ്രസാദം വീണ്ടെടുക്കാന്‍ വന്ന രണ്ടാം ആദം തോട്ടക്കാരന്‍ ആകുന്നത് അര്‍ത്ഥവത്താണ്. അവന്‍ തിരുസ്സഭയാകുന്ന തോട്ടത്തിന്‍റെ അധികാരിയാണ്. ഇവിടെ തിരുസ്സഭ പറുദീസായുടെ പുനരാവിഷ്കാരമാകുന്നു.
  2. ഉത്ഥിതനെ തിരിച്ചറിയാനുള്ള വഴികള്‍ ഉത്ഥാന വിവരണങ്ങളില്‍ വ്യക്തമാണ്. മറിയം യേശുവിന്‍റെ 'വചനം' കേട്ടപ്പോഴും എമ്മാവൂസ് അപ്പസ്തോലന്മാര്‍ അവിടുത്തെ "അപ്പം" ഭക്ഷിച്ചപ്പോഴും (കൂദാശകള്‍) തിബേരിയാസിന്‍റെ തീരത്തെ അപ്പസ്തോലന്മാര്‍ 153 വലിയ മത്സ്യങ്ങള്‍ നിറഞ്ഞ വല (സഭ) കണ്ടപ്പോഴും യേശുവിനെ തിരിച്ചറിഞ്ഞു. വചനം, കൂദാശകള്‍, ഇവ രണ്ടും നല്‍കുന്ന തിരുസ്സഭ എന്നീ ആധാര ത്രയങ്ങളിലാണ് ഉത്ഥാനരഹസ്യത്തെ സുവിശേഷം അവതരിപ്പിക്കുന്നത്. ഉത്ഥിതനെ അനുഭവിക്കാനാഗ്രഹിക്കുന്നവര്‍ തിരുവചനം, വി. കൂദാശകള്‍, തിരുസ്സഭാകൂട്ടായ്മ എന്നീ വഴികള്‍ തേടണം എന്ന സന്ദേശമാണ് സുവിശേഷകന്മാര്‍ തരുന്നത്.

 

(ഡോ. ജോസഫ് പാംപ്ലാനി)

Gospel of Matthew Truly he was risen on the third day (Matthew 28: 1-6) catholic malayalam bible study Rev. Dr. Joseph Pamplany വി. മത്തായിയുടെ സുവിശേഷം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message