x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, പതിനൊന്നാം മണിക്കൂറിലെത്തുന്ന യജമാനന്‍ (മത്താ 20:1-16)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

പതിനൊന്നാം മണിക്കൂറിലെത്തുന്ന യജമാനന്‍

(മത്താ 20:1-16)

വശ്യത്തില്‍ കൂടുതലും അര്‍ഹതപ്പെട്ടതിലധികവും മോഹിക്കുന്നത് ആര്‍ത്തിയാണ്. അപരന്‍റെ നേട്ടത്തില്‍ മനസ്സു തളരുന്നത് അസൂയയാണ്. ആര്‍ത്തിയും അസൂയയും ഒന്നിക്കുന്നിടത്ത് സകല നന്മയും അസ്തമിക്കും. അവിടെ ദൈവംപോലും വിചാരണ ചെയ്യപ്പെടും. മത്തായി 20:1-16 ലെ ഉപമയില്‍ സംഭവിക്കുന്നതും ഇതിനു സമാനമാണ്.

ഉപമയിലെ ജോലിക്കാര്‍ അവകാശങ്ങള്‍ക്കുവേണ്ടി അനാവശ്യസമരം ചെയ്യുന്നവരാണ്. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം മാത്രമായി ജീവിതത്തെ വിലയിരുത്തുന്നത് വിവരദോഷമല്ലേ. വാസ്തവത്തില്‍ എന്താണു നമ്മുടെ അവകാശം. ഈ ജീവനും ജീവിതവും ആയുസ്സും സത്യമായും അവകാശമല്ല ദാനമായി കിട്ടിയതാണ്. അധ്വാനിക്കാനുള്ള കൈക്കരു ത്തും കായബലവും അവകാശമായി കിട്ടിയതല്ല അനുഗ്രഹമായി ലഭിച്ചതാണ്. സ്നേഹമുള്ള മാതാപിതാക്കള്‍, കരുണയുള്ള സഹോദരങ്ങള്‍, കരുതലുള്ള ജീവിതപങ്കാളി, ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഇതൊന്നും ആരുടെയും അവകാശമല്ലല്ലോ...... പൂവും പുഴയും നിറവും നിലാവും വെള്ളവും വായുവും ആരുടെയും അവകാശമല്ല. അവകാശം പറയാന്‍ പോരുന്നതൊന്നും ശേഷിക്കുന്നില്ല എന്നതല്ലേ സത്യം. സര്‍വ്വതും ദാനമായി തരുന്നവന്‍റെ മുന്നില്‍ അവകാശം പറയുന്നത് അവിവേകമാണോ അഹന്തയാണോ എന്നേ അറിയേണ്ടതുള്ളൂ. ജീവിതത്തിലെ സകല നന്മയുംപോലെ ദൈവരാജ്യവും ദൈവദാനമാണെന്നു സ്ഥാപിക്കുകയാണ് ഉപമയുടെ ലക്ഷ്യം.

ആദിമസഭാ പശ്ചാത്തലം

ഉപമയുടെ ഉത്ഭവത്തിനു നിദാനമായി ആദിമസഭയിലെ ചില ചരിത്രപശ്ചാത്തലങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

  1. മത്തായിയുടെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന പ്രതിസന്ധിക്കുള്ള ഉത്തരം കൂടിയാണ് ഈ ഉപമ. യഹൂദക്രിസ്ത്യാനികള്‍ക്കു ഭൂരിപക്ഷമുണ്ടായിരുന്ന മത്തായിയുടെ സമൂഹത്തില്‍ വൈകി വിശ്വാസം സ്വീകരിച്ചെത്തിയ വിജാതീയരോട് പുച്ഛമനോഭാവം പുലര്‍ത്തിയിരുന്നവരുണ്ടായിരുന്നു. കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തില്‍ ദീര്‍ഘകാലം പണിയെടുത്ത അവകാശവാദവുമായി നില്‍ക്കുന്ന "ഇരുത്തന്മാരും"  അടുത്തകാലത്ത് വിശ്വാസസമൂഹത്തിലേക്ക് കടന്നുവന്ന "വരത്തന്മാരും" തമ്മിലുള്ള സംഘര്‍ഷമാണത്. "ആഢ്യക്രിസ്ത്യാനികളും" "മാര്‍ഗ്ഗവാസികളും" തമ്മിലുള്ള അന്തരമാണ് മത്തായിയുടെ വിവക്ഷ. ഇരുത്തന്മാരുടെ പഴമയോ സേവനചരിത്രമോ സ്വര്‍ഗ്ഗം പ്രദാനം ചെയ്യില്ലെന്നും ഇരുത്തനും വരത്തനും ഒരുപോലെ ദൈവകാരുണ്യത്തിനും സ്വര്‍ഗ്ഗത്തിനും അര്‍ഹരാണെന്നും ക്രിസ്തു വിവക്ഷിക്കുന്നു.
  2. ക്രിസ്തുവിന്‍റെ കാലത്തു വിശ്വാസം സ്വീകരിച്ചവരും പില്‍ക്കാലത്തു വിശ്വാസം സ്വീകരിച്ചവരുമായ യഹൂദ ക്രൈസ്തവരുടെ ഇടയില്‍തന്നെ മൂപ്പിളമ തര്‍ക്കമുണ്ടായിരുന്നത്രേ. ആദിമുതലേ ഉള്ള തങ്ങളുടെ പ്രാമുഖ്യവും പ്രാമാണ്യവും അംഗീകരിപ്പിക്കാനുള്ള ചിലരുടെ ആധിപത്യ പ്രവണതയെ തിരുത്തുക എന്നതും ഈ ഉപമയുടെ ലക്ഷ്യമായി കരുതപ്പെടുന്നു.
  3. ഒരുവന്‍റെ ആയുസ്സും നിത്യജീവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കവും ഈ ഉപമയുടെ പിന്നാമ്പുറത്ത് വായിച്ചെടുക്കാനാകുമെന്ന് കരുതുന്നവരുണ്ട്. ഏതാനും വര്‍ഷങ്ങള്‍മാത്രം ജീവിച്ചുമരിച്ച ശിശുക്കളെയും ഒരു നൂറ്റാണ്ടോളം സഭാശുശ്രൂഷ സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ചുമരിച്ച സഭാപിതാക്കന്മാരെയും താരതമ്യം ചെയ്താല്‍ ആരാണ് നിത്യജീവന് കൂടുതല്‍ അര്‍ഹര്‍ എന്ന ചോദ്യം ആദിമസഭയില്‍ നിലനിന്നിരുന്നു. തുല്യവേതനത്തിന്‍റെ ഉപമയിലൂടെ ഈ പ്രതിസന്ധിക്കും സുവിശേഷകന്‍ ഉത്തരം നല്‍കുന്നു.
  4. ഈ ഉപമയുടെ ആദിമസഭയിലെ വ്യാഖ്യാനം വളരെയേറെ വിശ്വാസ പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. അവസാന മണിക്കൂറില്‍ വന്നവനും ആദ്യം വന്നവന്‍റെയൊപ്പം പ്രതിഫലം ലഭിക്കുമെന്നു കരുതിയിരുന്ന ആദിമസഭയിലെ ചിലര്‍ മാനസാന്തരവും മാമ്മോദീസായും മരണത്തിനു തൊട്ടുമുമ്പു നടത്തിയാല്‍ മതി എന്നു കരുതി ജീവിതകാലം മുഴുവന്‍ പാപത്തില്‍ മുഴുകി ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ വ്യാഖ്യാനം തെറ്റാണെന്നു മാത്രമല്ല ക്രിസ്തു വിവക്ഷിക്കുന്ന അര്‍ത്ഥത്തിനു ഘടകവിരുദ്ധമാണുതാനും.

ഉപമയിലെ സമയഗണന

യഹൂദരുടെ സമയഗണന മനസ്സിലാക്കേണ്ടത് ഉപമയുടെ വ്യാഖ്യാനത്തിന് അത്യന്താപേക്ഷിതമാണ്. പുരാതന സമയഗണനയില്‍ പകല്‍ സമയം മാത്രമേ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. സൂര്യോദയം മുതല്‍ അസ്തമയംവരെയുള്ള സമയത്തെയാണ് ഒരു ദിവസമായി പൗരാണികജനത കരുതിയിരുന്നത്. എന്നാല്‍ യഹൂദര്‍ ദിവസത്തെ പകലെന്നും രാത്രിയെന്നും രണ്ടു ഭാഗങ്ങളായി തിരിച്ചു മനസ്സിലാക്കിയിരുന്നു (ഉല്‍പ 1:3-11). അര്‍ദ്ധരാത്രിയില്‍ ദിവസം ആരംഭിക്കുന്ന ആധുനിക സമയക്രമം റോമന്‍ സമയഗണനയില്‍ നിന്ന് രൂപം കൊണ്ടതാണ്. ഈ സമയക്രമം യഹൂദര്‍ക്ക് സ്വീകാര്യമായിരുന്നില്ല. പകലിനെയും രാത്രിയെയും മൂന്നു യാമങ്ങള്‍ വീതമായാണ് യഹൂദര്‍ തിരിച്ചിരുന്നത്.

മേല്‍പറഞ്ഞ വിവരണങ്ങളുടെ വെളിച്ചത്തില്‍ ഉപമയിലെ സമയക്രമം ഇപ്രകാരം മനസ്സിലാക്കാം.

               ഒന്നാം മണിക്കൂര്‍   -              രാവിലെ 6നും 7നുമിടയില്‍

               മൂന്നാം മണിക്കൂര്‍ -              രാവിലെ 8നും 9നുമിടയില്‍

               ആറാം മണിക്കൂര്‍ -              മധ്യാഹ്നം 11നും 12നുമിടയില്‍

               ഒന്‍പതാം മണിക്കൂര്‍   -        ഉച്ചകഴിഞ്ഞ് 2നും 3നുമിടയില്‍

               11-ാം മണിക്കൂര്‍  -               വൈകുന്നേരം 4നും 5നുമിടയില്‍

പ്രതിഫലമെന്ന പ്രശ്നം

ഈ ഉപമയുടെ സ്ഥാനനിര്‍ണ്ണയം വ്യാഖ്യാനത്തില്‍ നിര്‍ണ്ണായകമായ ദിശാസൂചിയാണ്. എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ച ഞങ്ങള്‍ക്ക് എന്താണ് ലഭിക്കുക? (19:27) എന്ന പത്രോസിന്‍റെ ചോദ്യത്തിനും സ്വര്‍ഗ്ഗരാജ്യത്തിലെ ഇടതുംവലതുമുള്ള സിംഹാസനങ്ങള്‍ തങ്ങള്‍ക്കുവേണം (20:21) എന്ന സെബദീകുടുംബത്തിന്‍റെ ആവശ്യത്തിനും ഇടയിലാണ് ഈ സുവിശേഷഭാഗം മത്തായി ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ശിഷ്യത്വത്തിന്‍റെ വഴിയിലെ പ്രതിഫലേച്ഛ തന്നെയാണ് ഉപമയുടെ പ്രതിപാദ്യം എന്ന് അനുമാനിക്കാം. മത്താ 19:30-ലെ മുമ്പന്‍മാര്‍ പിമ്പന്മാരാകുന്ന വൈരുദ്ധ്യത്തെക്കുറിച്ചു പറഞ്ഞശേഷമാണ് ഈ ഉപമ ആരംഭിക്കുന്നത്. ഉപമയുടെ അവസാനവാക്യവും ഇതുതന്നെയാണ് (20:16). 19:30-ല്‍ ശിഷ്യത്വത്തെക്കുറിച്ചു പഠിപ്പിക്കുമ്പോഴാണ് ഈശോ ഈ വചനം അരുളിച്ചെയ്യുന്നത്. 20:16-ലാകട്ടെ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചും. ശിഷ്യത്വവും ദൈവരാജ്യപ്രവേശനവും ഒരേ മാനങ്ങളുള്‍ക്കൊള്ളുന്നതാണെന്ന് ഈ വചന സാധര്‍മ്മ്യം സാക്ഷ്യപ്പെടുത്തുന്നു. ശിഷ്യത്വത്തില്‍ രണ്ടുതരം മനോഭാവങ്ങള്‍ കടന്നുവരാം. പ്രതിഫലം പ്രതീക്ഷിക്കുന്ന, വ്യവസ്ഥ ചെയ്യുന്ന മനോഭാവമാണ് ആദ്യത്തെ കൂട്ടരുടേത്. ഇത്തരം ശിഷ്യര്‍ കൂലിക്കാരാണ്. അവര്‍ സാങ്കല്പികമായെങ്കിലും ഒരു ഉടമ്പടി മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. അര്‍ഹതപ്പെട്ടതു കിട്ടിയില്ലെങ്കില്‍  അവര്‍ കലഹിക്കും. തന്നെക്കാളും ഇളപ്പക്കാരെ തന്നിലും ഉയരത്തില്‍ പ്രതിഷ്ഠിച്ചാല്‍ അവര്‍ കലാപക്കൊടി ഉയര്‍ത്തും. അവരുടെ സകല വിലയിരുത്തലിന്‍റെയും മാനദണ്ഡം സ്വാര്‍ത്ഥതയാണ്. ഉപമയിലെ ആദ്യംവന്ന കൂലിക്കാരുടെ മനോഭാവമാണിത്. ദൈവവേലയ്ക്ക് കണക്കുപറയുന്ന അഭിനവ ശുശ്രൂഷകരുടെ മുന്‍ഗാമികളാണവര്‍.

വൈകിവന്ന രണ്ടാമത്തെ കൂട്ടരാകട്ടെ സ്വന്തം കഴിവിന്‍റെ നിസ്സാരത തിരിച്ചറിയുന്ന വേലക്കാരാണ്. അവരുടെ ആശ്രയം യജമാനന്‍റെ നന്മയും കാരുണ്യവുമാണ്. കിട്ടുന്നതെല്ലാം ലാഭമായി കരുതുന്ന ഇവര്‍ പരാതിപ്പെടാത്തവരാണ്. തങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന തിരിച്ചറിവല്ലേ ഒരുവനെ എളിമയുടെ യാഥാര്‍ത്ഥ്യത്തില്‍ നിലനിര്‍ത്തുന്നത്. ശിഷ്യന്‍റെ അടിസ്ഥാന മനോഭാവം അവകാശബോധമല്ല അയോഗ്യതാബോധത്തില്‍നിന്നുള്ള ചുമതലാബോധമാണെന്ന ക്രിസ്തുഭാഷ്യം പ്രസക്തമാണ്. തൊഴിലാളികളുടെ അവകാശബോധത്തെ ഊതികത്തിച്ച കമ്മ്യൂണിസ്റ്റുകാര്‍ ചുമതലാബോധം പഠിപ്പിക്കാത്തതുകൊണ്ട് മുന്തിരിത്തോട്ടംതന്നെ വെട്ടിനിരത്തപ്പെടുന്ന പാഠഭേദമായി മാറിയിട്ടുണ്ട് കേരളത്തിലെ കാര്‍ഷികരംഗം. പ്രതിഫലം വാങ്ങുന്നവര്‍ ആനുപാതികമായി അധ്വാനിക്കണം. നോക്കുകൂലിയും വിരട്ടുകൂലിയുമായി പ്രതിഫലം ഗുണ്ടാപ്പിരിവായി മാറുന്ന തൊഴില്‍ സംസ്കൃതിയില്‍ തൊഴിലുടമയുടെ അവകാശത്തെയും നീതിബോധത്തെയുംകുറിച്ച് ക്രിസ്തു നല്‍കുന്ന പ്രബോധനം ശ്രദ്ധേയമാണ്.

നിത്യതയെ ലക്ഷ്യമാക്കി ജീവിക്കുന്നതിന്‍റെ പൊരുളാണ് ഉപമയുടെ കാതല്‍. നിത്യതയാണ് വലുതെന്ന് കണ്ടെത്തിയപ്പോള്‍ അസ്സീസ്സിയിലെ ഫ്രാന്‍സീസും അല്‍ബേനിയായിലെ മദര്‍തെരേസയും ദാരിദ്ര്യം സ്വമനസ്സാ വരിച്ചു. നിത്യതയുടെ മഹത്വം കണ്ടവരെല്ലാം ലോകത്തിന്‍റെ ശൂന്യത തിരിച്ചറിഞ്ഞു. എന്നാല്‍ നിത്യതയെക്കുറിച്ചുള്ള ചിന്ത അസ്തമിക്കുന്നിടത്ത് ലോകത്തിന്‍റെ നിയമം ഭരണം നടത്തുന്നു. ദൈവവിളിയുടെ വഴിയില്‍പോലും ഭൗതികതയുടെ നിയമങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതു നാം കാണുന്നു.

അനുബന്ധ ചിന്തകള്‍

  1. പതിനൊന്നാം മണിക്കൂറുവരെ ജോലിക്കാര്‍ പ്രതീക്ഷയോടെ ചന്തസ്ഥലത്തു കാത്തിരുന്നു എന്നതാണ് അവരെ അനുഗ്രഹീതരാക്കിയത്. എട്ടും പത്തും മണിക്കൂര്‍ കാത്തിരുന്നിട്ട് നിരാശരായി പിന്തിരിഞ്ഞിരുന്നുവെങ്കില്‍ അവരുടെ കാത്തിരിപ്പ് വ്യര്‍ത്ഥമാകുമായിരുന്നു. യജമാനന്‍ വരുന്നതുവരെയുള്ള കാത്തിരിപ്പിനേ അര്‍ത്ഥമുള്ളൂ. നമ്മില്‍ പലരും അവസാനംവരെയും കാത്തിരിക്കാന്‍ മടിക്കുന്നതുകൊണ്ട് നിരാശരും ദു:ഖിതരുമായി കഴിയുന്നുണ്ട്. രക്ഷകന്‍ വരുന്ന നാളുവരെ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ആഹ്വാനമാണ് ഈ ഉപമ.
  2. അര്‍ഹതപ്പെട്ടത് ലഭിച്ചതില്‍ സന്തോഷിക്കാനാവാതെ ആദ്യംവന്ന ജോലിക്കാരെ നിരാശരാക്കിയത് അവര്‍ നടത്തുന്ന താരതമ്യമാണ്. തനിക്കുകിട്ടിയതില്‍ സന്തോഷിക്കാനാവാതെ അപരനു കിട്ടിയതിനെ ഓര്‍ത്ത് അസൂയപ്പെടുന്നതാണ് പല ആത്മീയരെയും പിന്നോട്ടു നയിച്ചത്. ദൈവം വാഗ്ദാനം ചെയ്യുന്നത് തുല്യവേതനത്തിന്‍റെ ഭൗമിക പറുദീസയല്ല മറിച്ച് ദൈവനീതിയുടെ സ്നേഹക്രമമാണ്. ദുരയുടെ കണ്ണുകളില്‍ ദൈവസ്നേഹം അനീതിയായി വ്യാഖ്യാനിക്കപ്പെടുന്നതിന് ഉത്തരവാദി ദൈവമല്ല മനുഷ്യന്‍തന്നെയാണ്.

(ഡോ. ജോസഫ് പാംപ്ലാനി)

The Gospel of Matthew The Master at the Eleventh Hour (Matthew 20: 1-16) catholic malayalam gospel of matthew bible study Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message