x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, കഴുതപ്പുറത്തൊരു കുഞ്ഞാട് (മത്താ 21:1-17)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

കഴുതപ്പുറത്തൊരു കുഞ്ഞാട്

(മത്താ 21:1-17)

പാതനിറഞ്ഞും ,പാതയോരത്തുമുള്ള പ്രകടനങ്ങളും യോഗങ്ങളും നിയമവിരുദ്ധവും പൗരാവകാശലംഘനവുമാണെന്ന് കോടതി വിധിച്ചിട്ട് ഏറെ നാളുകളായില്ല. വിധി പറഞ്ഞ കോടതിയെ ആക്ഷേപിച്ചതിന് ചിലര്‍ കോടതി നിരങ്ങുമ്പോള്‍ പ്രസ്തുത വിധിയെ മറികടക്കാന്‍ നിയമം നിര്‍മ്മിക്കാനും നിയമസഭ മുതിര്‍ന്നു. വഴിയോരപ്രകടനം ശരിക്കും ശക്തിപ്രകടനം തന്നെയാണ്. പള്ളികളും അമ്പലങ്ങളും രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ ശക്തിപ്രകടനങ്ങളിലൂടെ ആണ്ടുവട്ടത്തിലൊരിക്കലെങ്കിലും നാടും നടപ്പാതകളും സ്തംഭിപ്പിക്കാറുണ്ട്. ശക്തിപ്രകടനക്കാര്‍ക്ക് അത് ആവേശകരമാണെങ്കിലും വഴിയാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും അത് അസ്വാസ്ഥ്യം ജനിപ്പിക്കുന്നതുമാണ്. ശക്തി പ്രകടനങ്ങളില്‍ വഴിമുടങ്ങി മണിക്കൂറുകള്‍ കാത്തുകഴിക്കേണ്ടി വന്നിട്ടില്ലാത്ത ആരും നമ്മുടെയിടയിലുണ്ടാവില്ല. പലരും ദിവസക്കൂലിയും മറ്റുബത്തകളും നല്‍കിയാണ് ശക്തിപ്രകടനത്തിന് ആളെ കൂട്ടുന്നത്. എന്നാല്‍ ചിലസന്ദര്‍ഭങ്ങളില്‍ ആരും സംഘടിപ്പിക്കാതെ ആളുകള്‍ ഓടിക്കൂടും. നെല്‍സണ്‍ മണ്ഡേല ജയില്‍ മോചിതനായപ്പോള്‍ 20 ലക്ഷം പേര്‍ റാലി നടത്തിയത്രേ.മദര്‍ തെരേസ കണ്ണൂരു വന്നപ്പോഴാണ് മലബാറിലെ ഏറ്റവും വലിയ ജനക്കൂട്ടത്തിന് നഗരം സാക്ഷ്യം വഹിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതി. അപ്പോള്‍ ശക്തിപ്രകടനങ്ങളും സ്നേഹപ്രകടനങ്ങളുമുണ്ട് എന്ന് വ്യക്തമാകുന്നു. ശക്തിപ്രകടനങ്ങള്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്‍റെ മാത്രമാകുമ്പോള്‍ സ്നേഹപ്രകടനങ്ങള്‍ സകലജനങ്ങളുടെയും സന്തോഷപ്രകടനമാണ്. ശക്തിപ്രകടനങ്ങള്‍ക്കു സംഘാടകസമിതി വേണം സ്നേഹ പ്രകടനങ്ങള്‍ക്കാകട്ടെ സ്നേഹകാരണമായ വ്യക്തിമാത്രം മതി. ഓശാന ഞായറാഴ്ച ഒരു സ്നേഹപ്രകടനത്തിന്‍റെ ഓര്‍മ്മയാചരണമാണ്. ലോകനാഥന് ജറുസലേം നഗരവാസികളൊരുക്കിയ സ്നേഹപ്രകടനത്തിന്‍റെ ഓര്‍മ്മയാണ് ഓശാന ഞായര്‍.

ഒലിവിന്‍ ചില്ലകളിളക്കി മേലങ്കികള്‍ വഴിയില്‍ വിരിച്ച് ജനക്കൂട്ടമൊന്നാകെ രക്ഷകനു സ്വാഗതമോതുന്ന ഓശാന ഞായര്‍ സുവിശേഷത്തിലെ വേറിട്ട കാഴ്ചതന്നെയാണ്. ജനക്കൂട്ടത്തിന്‍റെ കയ്യടികളില്‍നിന്നും കല്ലേറുദൂരം മാറിനടക്കണം എന്ന കണിശം ക്രിസ്തുവിന് എന്നുമുണ്ടായിരുന്നു. ദൈവത്തെ സ്തുതികള്‍ക്കും സ്തുതിപാഠകരായ മാലാഖാമാര്‍ക്കും മധ്യേ സങ്കല്പിച്ച യഹൂദസംസ്കാരത്തില്‍ ഈ ദൈവപുത്രന്‍ എന്നും വ്യത്യസ്തനായിരുന്നു. രോഗശാന്തി നേടിയവരുടെ അധരങ്ങള്‍ ആശ്ചര്യസ്തുതിപ്പിനായി മലര്‍ക്കെ തുറന്നപ്പോള്‍പ്പോലും അവ പൊത്തിപ്പിടിച്ച് ആരോടും പറയരുത് എന്നു വിലക്കാന്‍ അവന്‍ ബദ്ധശ്രദ്ധനായിരുന്നു. അസ്ഥിത്വത്തിന്‍റെ അകക്കാമ്പിന്‍റെ മാറ്റ് ഉരച്ചുനോക്കേണ്ടത് അണികളുടെ അംഗബലത്തിലോ ജയ്വിളികളുടെ ഘോഷത്തിലോ അല്ല എന്ന തിരിച്ചറിവായിരുന്നു നസ്രായന്‍റെ നേതൃത്വത്തിന്‍റെ വ്യതിരിക്തത. എന്നിട്ടും വിശുദ്ധവാരത്തിനു ഭൂമിക തീര്‍ക്കുന്ന ഈ പുണ്യദിനത്തില്‍ അവന്‍തന്നെ മുന്‍കൈ എടുത്ത് ഇപ്രകാരമൊരു വരവേല്പ് ഒരുക്കുന്നെങ്കില്‍ അതില്‍ കാര്യമുണ്ടാകണം. കേവലമൊരു കയ്യടിക്കും ജയ്വിളിക്കും ശക്തിപ്രകടനത്തിനുമപ്പുറത്ത് ഓശാനത്തിരുനാള്‍ പ്രസക്തമാകുന്നതും അതുകൊണ്ടുതന്നെയാണ്.

ഓശാനാ ഒരുക്കദിനമാണ്

ഓശാനതിരുനാള്‍ ഒരുക്കദിനമായിട്ടാണ് യഹൂദര്‍ മനസ്സിലാക്കിയിരുന്നത്. പെസഹാത്തിരുനാളില്‍ കൊല്ലപ്പെടേണ്ട കുഞ്ഞാടിനെ യഹൂദഭവനങ്ങളില്‍ തിരഞ്ഞെടുക്കേണ്ടത് പെസഹായ്ക്കു നാലുനാളുകള്‍ക്കു മുന്‍പാണെന്ന്  (പുറ 12:3) യഹൂദനിയമം അനുശാസിച്ചിരുന്നു. പുതിയപെസഹാതിരുനാളില്‍ കൊല്ലപ്പെടേണ്ട കുഞ്ഞാടായി യേശു തന്നെത്തന്നെ തിരഞ്ഞെടുത്തതിന്‍റെ ഓര്‍മ്മയാണ് ഓശാനതിരുനാള്‍. സ്വയം ബലിവസ്തുവായവന്‍ ബലിപീഠംതേടി ദേവാലയം ലക്ഷ്യമാക്കി വരുന്ന ആ യാത്രയിലെ ആരവങ്ങള്‍ സമ്പൂര്‍ണ്ണ ദഹനബലിയര്‍പ്പണ സമയത്തെ സ്തുതിപ്പുകള്‍ക്കു സമാനമായാണ് സുവിശേഷകന്മാര്‍ അവതരിപ്പിക്കുന്നത്. ചെവിയോര്‍ത്താല്‍ കൊല്ലപ്പെടേണ്ട ഒരു കുഞ്ഞാടിന്‍റെ നെഞ്ചിടിപ്പും കാല്‍വരിയിലെ നിലവിളിയും ഓശാനവിളിയില്‍ തേങ്ങിനില്പുണ്ട്.

ഹോസാന എന്ന പദത്തിന് ഏറെ അര്‍ത്ഥവ്യാപ്തിയുണ്ട്. കൂടാരത്തിരുനാളിന്‍റെ ഏഴാംദിവസം പുരോഹിതന്മാര്‍ ബലിപീഠത്തെ ഏഴുവട്ടം വലംവെച്ച് മഴപെയ്യാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉരുവിട്ടിരുന്ന പ്രാര്‍ത്ഥനാവാക്യമാണ് "ഹോസാന". കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ" എന്നതാണ് ഇതിനര്‍ത്ഥം. തിളച്ചുമറിയുന്ന കൊടുംവേനലിന്‍റെ കാഠിന്യത്തില്‍ ഭൂമിയാകെ വിണ്ടുകീറുകയും ജീവജാലങ്ങള്‍ ദാഹജലത്തിനായി പരക്കം പായുകയും ചെയ്യുന്ന നാളുകളില്‍ നടത്തിയിരുന്ന ഈ മഴപ്രാര്‍ത്ഥന ഒരു ജനതയുടെ നിലനില്പിനുവേണ്ടിയുള്ള നിലവിളിയായിരുന്നു. ആഹ്ലാദാരവങ്ങള്‍ക്കപ്പുറം ദാഹാര്‍ത്തമായ ഒരു ജനതയുടെ പ്രാര്‍ത്ഥനയായിരുന്നു പ്രാരംഭത്തില്‍ ഹോസാന. മരുഭൂമിയിലെ ജനം തെളിനീരിനെക്കുറിച്ചുകണ്ട സ്വപ്നമാണ് ഹോസാന.

കാലാന്തരത്തില്‍ ഹോസാന എന്നത് വരാനിരിക്കുന്ന മിശിഹായ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയായി മാറി. കേവലമൊരു മഴയല്ല ജീവജലത്തിന്‍റെ നിലയ്ക്കാത്ത നീരുറവയായി വരുന്ന മിശിഹാ ഹോസാനയുടെ ലക്ഷ്യമായിമാറി. റോമന്‍ അടിമത്വത്തിന്‍റെ നുകം പേറി തളര്‍ന്നുപോയ ഒരു ജനത സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായുവിനെക്കുറിച്ചു കണ്ട സ്വപ്നമാണ് ഹോസാന.

കഴുതപ്പുറത്തൊരു കുഞ്ഞാട്

ആരവങ്ങളില്‍നിന്ന് ബോധപൂര്‍വ്വം അകലം സൂക്ഷിക്കുന്ന രക്ഷകന്‍ വിജയാരവങ്ങള്‍ക്കിടയില്‍ കഴുതപ്പുറത്ത് വരുന്നെങ്കില്‍ അതിന് ആഴമേറിയ അര്‍ത്ഥതലങ്ങളുണ്ടാകണം.

കുരുത്തോലകള്‍ ഇളക്കി ഓശാന പാടുന്ന നാം മിശിഹായുടെ രാജകീയമായ പട്ടണപ്രവേശത്തെ അനുസ്മരിക്കുകയാണ്. ആഹ്ലാദാരവങ്ങള്‍ക്കപ്പുറം കൊല്ലപ്പെടാനുള്ള ഒരു കുഞ്ഞാടിന്‍റെ തേങ്ങലുകള്‍ ഉയരുന്ന ദിനം കൂടിയാണിന്ന്. നീസാന്‍ മാസം 14 ന് ആഘോഷിക്കുന്ന പെസഹായ്ക്ക് നാലു നാള്‍ മുമ്പ് പെസഹാ ഭക്ഷണമാകേണ്ട കുഞ്ഞാടിനെ തെരഞ്ഞെടുത്ത് ഭവനങ്ങളില്‍  പ്രത്യേകമായി പരിരക്ഷിക്കണമെന്ന് നിയമഗ്രന്ഥം അനുശാസിക്കുന്നു (പുറ 12:3). ക്രമപ്രകാരം പെസഹാക്കുഞ്ഞാടായി ക്രിസ്തു സ്വയം തിരഞ്ഞെടുത്ത ദിനമായിരുന്നു ഓശാന ഞായര്‍. അതുകൊണ്ടുതന്നെ ആ ദിനം സ്മരണീയമാക്കാന്‍ അവിടുന്ന് തീരുമാനിച്ചു.  ദാരുണമായ മരണത്തെ ഉത്സവംപോലെ ആഘോഷമായി വരവേല്‍ക്കാന്‍ ദൈവപുത്രനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.

അടുത്തഗ്രാമത്തില്‍ കെട്ടിയിരിക്കുന്ന കഴുതയെയും കഴുതക്കുട്ടിയെയും അഴിച്ചുകൊണ്ടുവരാനാണ് ഈശോ ശിഷ്യരോട് ആവശ്യപ്പെടുന്നത് (21:2). ഉല്‍പ 49:11 ല്‍ യാക്കോബ് യൂദായെ അനുഗ്രഹിക്കുന്ന സന്ദര്‍ഭത്തില്‍ അധികാരദണ്ഡ് കയ്യിലേന്തുന്ന യൂദാ തന്‍റെ കഴുതയെയും കഴുതക്കുട്ടിയെയും മുന്തിരിവള്ളിയില്‍ കെട്ടിയിടും എന്ന് പ്രഖ്യാപിക്കുന്നുണ്ട്. യൂദാഗോത്രത്തില്‍നിന്നു ജനിക്കാനിരിക്കുന്ന മിശിഹായുടെ പ്രതീകമായി മുന്തിരിത്തോട്ടത്തില്‍ കെട്ടിയിട്ടിരിക്കുന്ന കഴുതയും കഴുതക്കുട്ടിയും കരുതപ്പെട്ടിരുന്നു. അവന്‍ വരുമ്പോള്‍ മാത്രമേ ഈ കഴുതയും കഴുതക്കുട്ടിയും അഴിക്കപ്പെടുകയുള്ളൂ എന്ന യഹൂദവിശ്വാസമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത്.

കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് എഴുന്നള്ളുന്ന രാജാവ് എന്നത് യേശുവിന്‍റെ മിശിഹാത്വത്തിനുള്ള തെളിവാണ്. എന്നാല്‍, മറ്റൊരു വ്യാഖ്യാനം കൂടി ഇതിനു നല്‍കപ്പെടാറുണ്ട്. "കഴുതയുടെയും കഴുതക്കുട്ടിയുടെയും" എന്നല്ല "കഴുതയുടെ കുട്ടിയായ കഴുതയുടെ പുറത്ത്" എന്നാണ് മത്തായി വിവക്ഷിക്കുന്നത് എന്നാണ് ഈ വ്യാഖ്യാനം. കഴുതയും കുതിരയും ചേര്‍ന്നുണ്ടാകുന്ന കോവര്‍കഴുത എന്ന സങ്കരയിനത്തില്‍പ്പെട്ട മൃഗത്തെയല്ല യഥാര്‍ത്ഥ കഴുതയെത്തന്നെയാണ് യേശു സാവാരിക്കു തിരഞ്ഞെടുത്തത് എന്ന സൂചനയാണ് ഇവിടെ നല്‍കപ്പെടുന്നത്.

റോമന്‍ പാരമ്പര്യത്തില്‍ രാജാവ് കഴുതപ്പുറത്ത് എഴുന്നള്ളുന്നത് സമാധാന സൂചനയായി കരുതപ്പെട്ടിരുന്നതിനാല്‍ യേശുവിന്‍റെ രാജകീയമായ പട്ടണപ്രവേശം റോമന്‍ നേതൃത്വവുമായി ഏറ്റുമുട്ടുന്നതിനല്ല എന്ന സൂചനയും ഇവിടെ നല്‍കുന്നുണ്ട്. കുതിരപ്പുറത്താണ് അവന്‍ വന്നിരുന്നതെങ്കില്‍ അവന്‍റെ ലക്ഷ്യം ഏറ്റുമുട്ടലാണെന്ന് അനുമാനിക്കണം.

സോളമന്‍ രാജാവ് കിരീടധാരണത്തിനായ് ജറുസലേമിലേക്കു വരുന്നത് തന്‍റെ പിതാവിന്‍റെ പ്രിയപ്പെട്ട കഴുതയുടെ പുറത്താണ് (1രാജ 1:33). യഹൂദ പാരമ്പര്യത്തില്‍ രാജാവ് കഴുതപ്പുറത്തെഴുന്നള്ളുന്നത് കിരീടധാരണത്തെയും സ്ഥാനാരോഹണത്തെയുമാണ് സൂചിപ്പിക്കുന്നത്. സോളമന്‍റെ പട്ടണപ്രവേശത്തെ അനുസ്മരിപ്പിക്കുന്നതാണ് "വസ്ത്രം വിരിച്ചുള്ള സ്വീകരണവും" (1 രാജാ 1:33-34) "കഴുതപ്പുറത്ത് ഇരുത്തുന്നതും" ദാവീദിന്‍റെ പുത്രന്‍ എന്ന സംബോധനയും. എന്നാല്‍ ഇതോടൊപ്പം പറയുന്ന "കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്" എന്ന പദപ്രയോഗം സങ്കീ 118:20 ല്‍ നിന്നുള്ളതാണ്. ജറുസലേം ദേവാലയത്തില്‍ തീര്‍ത്ഥാടനത്തിനു വരുന്നവരെ ആശീര്‍വ്വദിച്ചുകൊണ്ട് പുരോഹിതര്‍ ചൊല്ലിയിരുന്ന പ്രാര്‍ത്ഥനയുടെ ഭാഗമായിരുന്നു പ്രാരംഭത്തില്‍ ഈ വിശേഷണം. എന്നാല്‍ പില്‍ക്കാലത്ത് ഈ അഭിസംബോധനയും വരാനിരിക്കുന്ന മിശിഹായെ സൂചിപ്പിക്കുന്നതായി മാറി.

ചുരുക്കത്തില്‍ കഴുതയും കഴുതക്കുട്ടിയും അഭിവാദനങ്ങളുമെല്ലാം യേശുനാഥന്‍ വരാനിരിക്കുന്ന മിശിഹായാണെന്ന സത്യം പ്രഘോഷിക്കുകയും അവന്‍ തന്‍റെ രാജപദവി സ്വീകരിക്കാന്‍ തലസ്ഥാനനഗരിയില്‍ എത്തിയിരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അവന്‍റെ സിംഹാസനം കുരിശും, കിരീടം മുള്‍മുടിയും, അഭിഷേകതൈലം സ്വന്തം രക്തവുമാണെന്ന സൂചന അവന്‍ പെസഹാക്കുഞ്ഞാടാണെന്ന പ്രതീക കല്‍പനയില്‍ വ്യക്തമാണുതാനും. യേശുവിന്‍റെ ജനനത്തിലെന്നപോലെ (മത്താ 2:3) ഓശാനാതിരുനാളിലും ജറുസലേം നഗരം ഇളകിവശായി (മത്താ 21:10) എന്ന പരാമര്‍ശത്തിലൂടെ മത്തായി സുവിശേഷകന്‍ യേശുവിന്‍റെ പട്ടണപ്രവേശത്തെ ദൈവപുത്രന്‍റെ ലോകപ്രവേശത്തോട് (ജനനം) താരതമ്യം ചെയ്യുകയാണ്. യേശുവിന്‍റെ ജനനത്തില്‍ ഹേറോദേസിന്‍റെ രാഷ്ട്രീയ നേതൃത്വമാണ് അസ്വസ്ഥമാകുന്നതെങ്കില്‍ അവന്‍റെ പട്ടണപ്രവേശത്തില്‍ യഹൂദമതനേതൃത്വമാണ് അസ്വസ്ഥമാകുന്നത്.

ഒലിവുമലയും മരച്ചില്ലകളും

ഒലിവുമലയ്ക്കരികെയുള്ള ബത്ഫഗെയില്‍ വച്ചാണ് യേശു ഓശാനയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. മിശിഹാവരുന്നത് ഒലിവുമലയില്‍നിന്നാണ് എന്ന യഹൂദ വിശ്വാസം ഈ സ്ഥലസൂചനയ്ക്കു പിന്നിലുണ്ട് (മത്താ 21:1). ജറുസലേമിന്‍റെ കാവല്‍ ഗോപുരമായിട്ടാണ് ഈ മല കരുതപ്പെടുന്നത്. ജറുസലേം ദേവാലയത്തിന്‍റെ നാശത്തെക്കുറിച്ച് യേശു പ്രവചിക്കുന്നത് ഈ മലയില്‍ വച്ചാണ് (മത്താ 24:3; മര്‍ക്കോ 14:26). ജറുസലേം നഗരം വിട്ടുപോയ കര്‍ത്താവിന്‍റെ മഹത്വം (എസെ 11:2) നഗരത്തിലേക്ക് തിരിച്ചുവരുന്നത് ഒലിവുമലയില്‍നിന്നാണ് (എസെ 43:2) എന്ന എസെക്കിയേലിന്‍റെ ദര്‍ശനവും ഇവിടെ പ്രസക്തമാണ്. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണം (ലൂക്കാ 24:50; അപ്പ 1:12) നടന്ന ഒലിവുമലയിലാണ് അവിടുത്തെ പുനരാഗമനവും സംഭവിക്കുന്നത് എന്ന് ആദിമക്രൈസ്തവര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ഒലിവുമല എന്നത് ദൈവം തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായി ഇടപെടുന്നസ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്.

ഒലിവുമലയില്‍നിന്നു ശേഖരിക്കുന്ന മരച്ചില്ലകള്‍ (മത്താ 21:8) തീര്‍ച്ചയായും ഒലിവിന്‍ ചില്ലകളായിരിക്കും (യോഹ 12:13 ല്‍ മരച്ചില്ലകള്‍ക്കു പകരം ഈന്തപ്പന കൈകളാണ്). ഒലിവിന്‍ ചില്ല നോഹയുടെ കാലത്തെ പ്രളയത്തെ അനുസ്മരിപ്പിക്കുന്നു. പ്രത്യാശയുടെ തിരിനാളമായി നോഹയുടെ പേടകത്തിലേക്ക് പ്രാവുകൊണ്ടുവന്നത് ഒലിവിന്‍ ചില്ലയായിരുന്നു. അതിനാല്‍ ഓശാനാത്തിരുനാള്‍ പ്രത്യാശയുടെ തിരുനാളുകൂടിയാണ്. സങ്കടങ്ങളുടെ പെരുമഴക്കാലം കഴിഞ്ഞതായും കഷ്ടനഷ്ടങ്ങളുടെ പ്രളയജലം വാര്‍ന്നൊഴിഞ്ഞതായും പ്രതീക്ഷയുടെ തീരം തെളിഞ്ഞതായുമുള്ള സന്ദേശമാണ് ഒലിവിന്‍ ചില്ലകള്‍ നല്‍കുന്നത്.

അഹത്തെ ജയിക്കാത്തവരുടെ ആത്മീയത

യേശുവിലെ  ഏറ്റവും വലിയ അത്ഭുതം അവനിലെ നിസ്വഭാവമാണെന്ന് നിസ്സംശയം പറയാം. സകലത്തിന്‍റെയും ഉടയവന്‍ അത്യാവശ്യത്തിന് ഒരു കഴുതയെ കടം വാങ്ങുന്നു എന്നത് ഓശാന ഞായറാഴ്ച ഏറെ സ്മരിക്കപ്പെടാത്ത വസ്തുതയാണ്. സ്വന്തമാക്കുന്നവയുടെമേല്‍ അധികാരിയായി സ്വയം ചമയുന്നവരുടെ നാട്ടില്‍ ക്രിസ്തു വ്യത്യസ്തനാകുന്നു. ലോകത്തെ ജയിക്കണമെങ്കില്‍ ആദ്യം സ്വയം ജയിക്കണമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. തന്നോടു നിരന്തരം യുദ്ധം ചെയ്യാത്തവന്‍ അന്യരോടു യുദ്ധം ചെയ്തുകൊണ്ടേയിരിക്കും. അഹത്തെ ജയിക്കാത്തവനു മുന്നില്‍ സകലരും കീഴടക്കപ്പെടേണ്ട എതിരാളികളാകുന്നു. ചതഞ്ഞ ഞാങ്ങണ ഒടിക്കാതെയും പുകഞ്ഞതിരി കെടുത്താതെയും അവഗണനയില്‍ നിലവിളിക്കാതെയും ആര്‍പ്പുവിളികളില്‍ നിലമറക്കാതെയും നിലകൊള്ളാന്‍ ക്രിസ്തുവിന് കഴിഞ്ഞത് അവന്‍ സ്വയം ജയിച്ചതുകൊണ്ടാണ്. സ്വയം ജയിക്കാത്ത "ആത്മീയര്‍" ദൈവഭവനത്തെപ്പോലും കച്ചവടചന്തയാക്കുന്നതിനെതിരേ ചാട്ടവാറുയരുന്ന ദിനം കൂടിയാണ് ഓശാന ഞായര്‍.

ജീവിതകാലമത്രയും നിസ്വനായിരുന്നവന് ആര്‍ത്തിയുടെ സംസ്കാരം അന്യമായിരുന്നു. ഭൗതികതയുടെ ആര്‍ത്തി ആത്മീയതയുടെ മേഖലകളെ വിഴുങ്ങിത്തുടങ്ങിയപ്പോള്‍ നിത്യശാന്തനായവന്‍ പോലും കൈയ്യില്‍ ചാട്ടവാറെടുത്തു. കാരണം ആരാധനാലയം പിതാവിന്‍റെ ഭവനമാണ്. ചന്തസ്ഥലത്തുനിന്ന് അത് അങ്ങേയറ്റം വ്യതിരിക്തമാണ്. ചന്തയില്‍ ലാഭം മാത്രമാണ് ലാക്കാക്കുന്നത്. പരമാവധി ലാഭം നേടുന്നവനാണ് ചന്തയിലെ വിജയി. ലാഭം കൊയ്യാനുള്ള വ്യഗ്രതയില്‍ കാലുവാരുന്നതും കത്തികാട്ടുന്നതും ചന്തയുടെ നീതിയാണ്. വിജയിക്കുന്നവന്‍റെ ആഹ്ലാദത്തിനല്ലാതെ പരാജിതന്‍റെ അമര്‍ത്തിയ തേങ്ങലുകള്‍ക്ക് ചന്തയില്‍ വിലയില്ല. കരുത്തനുമാത്രമേ ചന്തയില്‍ കാര്യനിര്‍ണ്ണയം നടത്താനാവൂ. എന്നാല്‍, ഭവനമാകട്ടെ തികച്ചും വ്യത്യസ്തമാണ്. ഭവനത്തില്‍ ദുര്‍ബ്ബലന് പ്രത്യേക പരിഗണനയുണ്ട്. ലാഭത്തിനായി അവിടെയാരും അന്യോന്യം കാലുവാരുകയോ കത്തികാട്ടുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല അപരന്‍റെ നന്മയ്ക്കായി നഷ്ടപ്പെടുത്തുന്നതില്‍ ആനന്ദിക്കുന്നവരാണ് ഭവനാംഗങ്ങള്‍. ആഹ്ലാദത്തിന്‍റെ ആര്‍പ്പുവിളികള്‍ ഭവനത്തിലെ ഒറ്റപ്പെട്ടുപോയവന്‍റെ തേങ്ങലുകള്‍ക്കു മുന്നില്‍ നിശബ്ദമാകുന്നു. ഭവനങ്ങള്‍ ചന്തകളായി രൂപപ്പെടാതിരിക്കാന്‍ ഭവനാംഗങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം.

ഭവനങ്ങളെല്ലാം ചന്തസ്ഥലമായി രൂപപ്പെടുമ്പോള്‍ ചന്തകളെ ഭവനങ്ങളായി പുനര്‍രൂപപ്പെടുത്താനാണ് "പിതാവിന്‍റെ ഭവന"മായ സഭയെ ക്രിസ്തു സ്ഥാപിച്ചത്. പക്ഷേ വേലി വിളവു തിന്നുന്നു എന്ന ആരോപണം കനത്തു വരുന്നു. പിതാവിന്‍റെ ഭവനത്തിലെ പദ്ധതികളില്‍ ലാഭേച്ഛ ലക്ഷ്യമാകരുത്. പിതാവിന്‍റെ ഭവനത്തില്‍  അവസാനത്തവന്‍റെ തേങ്ങലിനു വേണ്ടിയും കാതോര്‍ക്കാന്‍ ആളുണ്ടാവണം; കരുതാന്‍ അര്‍ത്ഥമുണ്ടാകണം. ഇല്ലെങ്കില്‍ ഭവനത്തിന്‍റെ അവകാശിയായ പുത്രന്‍ ചാട്ടവാറുമായി വരുന്ന നാളില്‍ നമ്മുടെ കാര്യം കഷ്ടതമമായിരിക്കും.

ദേവാലയശുദ്ധീകരണം

യേശുവിന്‍റെ ദേവാലയശുദ്ധീകരണത്തെ സാക്ഷിനിര്‍ത്തി അവനെ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായി വാഴ്ത്താന്‍ വിപ്ലവ പാര്‍ട്ടികള്‍ മത്സരിക്കുന്ന കാലത്ത് ദേവാലയ ശുദ്ധീകരണത്തിന്‍റെ അര്‍ത്ഥം ശരിയാംവിധം വായിച്ചെടുക്കേണ്ടതുണ്ട്.

യേശുവിന്‍റെ പ്രവൃത്തിയെ മത-പൗരോഹിത്യങ്ങളുടെ നിഷേധമായി വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍, മത-പൗരോഹിത്യങ്ങളെക്കുറിച്ച് മോശയുടെ നിയമത്തിലൂടെ ദൈവം വെളിപ്പെടുത്തിയ സത്യത്തില്‍ അവയെ ഉറപ്പിച്ചു നിര്‍ത്താനാണ് യേശു ശ്രമിക്കുന്നത്. മതം ആചാരബദ്ധവും അന്തസ്സാരമില്ലാത്തതുമാകുമ്പോള്‍ ദേവാലയങ്ങള്‍ കച്ചവടശാലകളാകും. കച്ചവടശാലയായി തരംതാണുപോയ ദേവാലയത്തെയും കച്ചവടക്കാരായി വേഷംമാറിപ്പോയ പുരോഹിതരെയും പുനരുദ്ധരിക്കുന്ന യേശുവിന്‍റെ കര്‍മ്മം മതനിഷേധമല്ല മതവിശ്വാസത്തിന്‍റെ ശരിയായ ദിശചൂണ്ടിക്കാണിക്കുന്നതാണ്. നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കൂ; മൂന്നുദിനം കൊണ്ട് ഞാന്‍ അതു പടുത്തുയര്‍ത്തും എന്ന പ്രസ്താവനയിലൂടെ ദേവാലയം നശിപ്പിക്കുന്നത് ഉള്ളിലുള്ളവര്‍ തന്നെയെന്ന് യേശു വ്യക്തമാക്കുകയാണ്. വര്‍ഗ്ഗീയവാദികളും നിരീശ്വരവാദികളും രാജാക്കന്മാരും കിണഞ്ഞു ശ്രമിച്ചാലും ദേവാലയത്തിന്‍റെ കരിങ്കല്‍ ഭിത്തികള്‍ ഇളക്കാനേ കഴിയൂ. എന്നാല്‍ യഥാര്‍ത്ഥ ദേവാലയം (ക്രിസ്തുവിലുള്ള വിശ്വാസം) നശിപ്പിക്കാന്‍ സഭയ്ക്കുള്ളിലുള്ള വിശ്വാസികള്‍ക്കേ കഴിയൂ.

യേശുവില്‍ കേവലം വിപ്ലവകാരിയെ മാത്രം കാണുന്നവര്‍ ദേവാലയ ശുദ്ധീകരണത്തെ ജനകീയ വിപ്ലവമായികണ്ട് ചാട്ടവാറിനെയും അടിച്ചുപുറത്താക്കുന്ന പ്രവൃത്തിയെയും ആവേശത്തോടെ ഊന്നിപ്പറയും. എന്നാല്‍ അതിന് അവനെ പ്രേരിപ്പിച്ചത് "ദേവാലയത്തെക്കുറിച്ചുള്ള തീക്ഷ്ണത" അവനെ വിഴുങ്ങുന്നു എന്ന സത്യമാണ്. സങ്കീ 69:1,7,8 വാക്യങ്ങളുടെ ഉദ്ധരണിയാണിത്. പീഡിതന്‍റെ പ്രാര്‍ത്ഥനയാണ് ഈ സങ്കീര്‍ത്തനം. സ്വയം പീഡനമേല്‍ക്കുമ്പോഴും ദൈവത്തില്‍ ശരണപ്പെടുന്നവന്‍റെ തീക്ഷ്ണതയാണിത്. സെലട്ടുകള്‍ (= തീക്ഷ്ണമതികള്‍) എന്ന യഹൂദ തീവ്രവാദികള്‍ ദേവാലയത്തെക്കുറിച്ചും റോമന്‍ അടിമത്വത്തിനെതിരെയും തീക്ഷ്ണതകൊണ്ടു ജ്വലിച്ചു വാളെടുത്തവരാണ്. എന്നാല്‍ യേശുവിന്‍റെ തീക്ഷ്ണത അവനെക്കൊണ്ടു കുരിശെടുപ്പിക്കുന്നു. വാളെടുത്തുവെട്ടി അപരന്‍റെ ജീവന്‍ ബലിയര്‍പ്പിക്കുന്ന വര്‍ഗ്ഗസമരത്തിന്‍റെ തീക്ഷ്ണതകൊണ്ട് ലോകത്ത് ഒരു വിപ്ലവവും വിജയിച്ചില്ല. എന്നാല്‍ കുരിശിലേറി സ്വന്തം ജീവന്‍ കൊടുത്തവന്‍റെ വിപ്ലവം കാലദേശങ്ങള്‍ക്കിപ്പുറവും വിജയിക്കുന്നു.

 

(ഡോ. ജോസഫ് പാംപ്ലാനി)

The Gospel of Matthew The Lamb on a Donkey (Matthew 21: 1-17) catholic malayalam gospel of matthew bible study Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message