x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, ദൈവരാജ്യം ക്രിസ്തുവിന്‍റെ ഉപമകളിലൂടെ

Authored by : Francis Repoll S. J On 10-Feb-2021

ദൈവരാജ്യം ക്രിസ്തുവിന്‍റെ ഉപമകളിലൂടെ

വി. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായത്തിലാണ് എല്ലാ സുവിശേഷങ്ങളിലും വച്ച് ഏറ്റവും കൂടുതല്‍ ഉപമകള്‍ കാണുന്നത്. ഒരേ സന്ദേശം ഉള്‍ക്കൊള്ളുന്ന ആകെയുള്ള മൂന്ന് ഉപമകളില്‍ രണ്ടെണ്ണവും ഈ അദ്ധ്യായത്തിലാണ് കാണുന്നത്. കടുകുമണിയും പുളിമാവും (മത്താ 13:31-33), നിധിയും രത്നവും (മത്താ 13:44-46). ഇതര 'ഇരട്ട'ഉപമ വഴിതെറ്റിയ ആടും നഷ്ടപ്പെട്ട നാണയവുമാണ് (ലൂക്ക 15:3-11). മത്തായി 18:12-14ല്‍ വഴിതെറ്റിയ ആടിന്‍റെ കാര്യം മാത്രമേ പറയുന്നുള്ളൂ. ഇതോടുകൂടി വിതക്കാരന്‍റെ ഉപമയും (മത്താ 13:1-9) ഗോതമ്പിന്‍റെയും കളകളുടേയും ഉപമയും കൂടി(മത്താ 13:24-30) ചേര്‍ക്കുമ്പോള്‍  ഈ അദ്ധ്യായത്തിലുള്ള ഉപമകളുടെ ആകെ എണ്ണം ആറ് ആകും.

ഉപമകളില്‍ കൂടിയുള്ള ക്രിസ്തുവിന്‍റെ പ്രബോധനങ്ങളില്‍, ഈ ആറു ഉപമകള്‍ക്കുള്ള സ്ഥാനം, മനസ്സിലാക്കുവാന്‍വേണ്ടി എല്ലാ ഉപമകളെയുംകുറിച്ച് ഒരു വീക്ഷണം നടത്താം. പ്രസിദ്ധീകൃതമായിട്ട് 34 വര്‍ഷമായെങ്കിലും ഇതുവരെ വെല്ലുവാന്‍ സാധിച്ചിട്ടില്ലാത്ത ജോവാക്കിം ജറമിയാസിന്‍റെ പുസ്തകത്തെ ആധാരമാക്കിയാണ് ഈ വീക്ഷണം.

ദൈവരാജ്യം സംസ്ഥാപിക്കുവാനാണ് ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അതിനുവേണ്ടി അവിടുന്ന് പാപികളോടും ദരിദ്രരോടുംകൂടി ഇടപഴകിയപ്പോള്‍ അന്നത്തെ മതനേതാക്കന്മാര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. ക്രിസ്തു ഇതിന് ഒന്‍പത് ഉപമകളിലൂടെ മറുപടി നല്‍കി. സ്വയം ന്യായീകരിക്കുന്ന ഉപമകളെന്ന് ഇവ അറിയപ്പെടുന്നു. രോഗികളും ആരോഗ്യമുള്ളവരും, രണ്ടു പുത്രന്മാര്‍, രണ്ടു കടക്കാര്‍, നീതിയില്ലാത്ത മുന്തിരിത്തോട്ടക്കാര്‍, സ്നേഹമുള്ള പിതാവ് (ധൂര്‍ത്ത പുത്രന്‍), വഴിതെറ്റിയ ആടും നഷ്ടപ്പെട്ട നാണയവും, നല്ല യജമാനന്‍ (മുന്തിരിത്തോപ്പിലെ ജോലിക്കാര്‍), പ്രീശനും ചുങ്കക്കാരനും എന്നിവയാണവ.

ഒരിക്കല്‍ ക്രിസ്തുവിലേക്ക് മാനസാന്തരപ്പെട്ടു കഴിഞ്ഞപ്പോള്‍ ധാര്‍മ്മികവും മതപരവുമായി ലോകത്തെ സ്വാധീനിച്ച് ദൈവരാജ്യം വ്യാപിപ്പിക്കുന്നതിനുള്ള ചുമതലയെക്കുറിച്ചും അതിനു തങ്ങള്‍ക്കുള്ള അയോഗ്യതയെക്കുറിച്ചും പാപികള്‍ക്ക് ബോധ്യമുണ്ടായി.

ഈ സാഹചര്യത്തിലാണ് പ്രോത്സാഹജനകമായ ഉപമകളുമായി ക്രിസ്തു വരുന്നത്. എതിരാളികളുടെ വാദമുഖങ്ങളെല്ലാം ഖണ്ഡിച്ചശേഷം ക്രിസ്തു തന്‍റെ അനുയായികളുടെ സംശയങ്ങള്‍ ദൂരീകരിച്ച് അവര്‍ക്ക് ആത്മധൈര്യം നല്‍കുന്നു. ഇത് വിശദീകരിക്കുന്ന ആറ് ഉപമകള്‍ ഉണ്ട്. കടുകുമണിയും പുളിമാവും, വിതക്കാരന്‍, സഹിഷ്ണുവായ കൃഷിക്കാരന്‍ (വിത്ത് സാവധാനം വളരുന്നു), നിര്‍ബന്ധപൂര്‍വ്വം ശല്യപ്പെടുത്തി ചോദിക്കുന്ന വിധവ, കുരിശിന്‍റെ സ്നേഹിതന്‍.

തന്‍റെ സന്ദേശം സ്വീകരിക്കുവാന്‍ വൈമുഖ്യം  കാണിക്കുന്ന മതനേതാക്കന്മാരുടെനേരേ തിരിഞ്ഞ് അവര്‍ക്ക് വരാനിരിക്കുന്ന വലിയ വിപത്തിനെക്കുറിച്ച് താക്കീതിന്‍റെ ഉപമകളിലൂടെ (ചന്തസ്ഥലത്തെ കുട്ടികള്‍, ധനികനായ വിഡ്ഢി,) ക്രിസ്തു സംസാരിക്കുന്നു. ഈ താക്കീത് തീര്‍ച്ചയായും സ്നേഹത്തിന്‍റേതാണ്.

ക്രിസ്തുവിലൂടെ നല്കപ്പെട്ട ദൈവത്തിന്‍റെ അവസാനത്തെ ആഹ്വാനവും, നിര്‍ബന്ധബുദ്ധിയോടെ വലിച്ചെറിഞ്ഞ മതനേതാക്കന്മാര്‍ ഉടനടി ശിക്ഷ അര്‍ഹിക്കുന്നവരത്രേ.

എന്നാല്‍ ക്രിസ്തു തന്‍റെ അനന്തമായ സ്നേഹത്താല്‍ പ്രേരിതമായി അവര്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നു. ഇവയാണ് പ്രത്യുദ്ധാര അവസരങ്ങളുടെ ഉപമകള്‍. കായ്ക്കാത്ത അത്തിവൃക്ഷം അതിനെ തുടര്‍ന്ന് പത്ത് കന്യകമാര്‍, വിവാഹസദ്യ എന്നിങ്ങനെ അവ മൂന്നെണ്ണമുണ്ട്. ഇങ്ങനെ, അവസാനമായി കിട്ടിയ നൂതന അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍വേണ്ടി  ഈശോ നിര്‍ബന്ധപൂര്‍വ്വം ക്ഷണിക്കുകയാണ്. കാരണം ഇത് ഏറ്റവും അവസാനത്തെ അവസരമായിരിക്കും. കടക്കാരന്‍, നീതിചെയ്യാത്ത കാര്യസ്ഥന്‍, ധനികനും ദാസനും, താലന്തുകള്‍ എന്നീ നാലു പ്രവൃത്തികളുടെ ഉപമകള്‍ ഇതിനെ സൂചിപ്പിക്കുന്നവയാണ്.

അടുത്തതായി, ശിഷ്യരില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രവൃത്തിയുടെ സ്വഭാവവും സവിശേഷതകളും ക്രിസ്തു വിശദീകരിക്കുന്നു. മറഞ്ഞുകിടക്കുന്ന നിധിയും, വിശിഷ്ട രത്നവും, നല്ല സമറായക്കാരന്‍, കോലാടും ചെമ്മരിയാടും (അവസാനത്തെ വിധി), ക്ഷമിക്കാത്ത വേലക്കാരന്‍ എന്നിങ്ങനെയുള്ള ഉപമകളിലൂടെ ക്രിസ്തു അത് വിശദീകരിക്കുന്നു. നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ അവര്‍ ഉദാസീനത ഒഴിവാക്കുകയും അതേസമയം അതിപ്രവര്‍ത്തനം നടത്താതിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതായത് അവര്‍ തങ്ങളുടെ ഭാഗം ചെയ്തുതീര്‍ത്തതിനുശേഷം ദൈവത്തിന്‍റെ ഭാഗം കൂടി ചെയ്യുവാന്‍ തുനിയരുത്. മകുടോദാഹരണമായ ഗോതമ്പിന്‍റെയും കളകളുടെയും ഉപമവഴി അവിടുന്ന് ഈ ഉദ്ദേശം സാധിച്ചിരിക്കുന്നു.

മേല്‍ സൂചിപ്പിച്ചതുപോലെ വി. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായത്തിലെ ആറു ഉപമകളില്‍ മൂന്നെണ്ണവും 'പ്രോത്സാഹന ഉപമകള്‍' എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇവിടെ ക്രിസ്തു തന്‍റെ അനുയായികള്‍ക്ക് ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനസ്വഭാവം വിശദീകരിച്ചുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നു. ദൈവരാജ്യം വാസ്തവത്തില്‍ വൈരുദ്ധ്യങ്ങളിലൂടെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ നാം മനസ്സിലാക്കുമ്പോള്‍മാത്രമേ ദൈവരാജ്യം വിജയകരമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ. ദൈവരാജ്യത്തിന്‍റെ ആദ്യത്തെ വൈപരീത്യം അത് ഈ വൈരുദ്ധ്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. അതുകൊണ്ട് നമ്മുടെ ഭാഗത്തുനിന്ന് അത് വലിയ വിശ്വാസം ആവശ്യപ്പെടുന്നു. എല്ലാ വിത്തുകളിലും വച്ച് ഏറ്റവും ചെറുതായ കടുകുമണി എല്ലാ മരങ്ങളിലുംവച്ച് ഏറ്റവും വലിയ മരമായി തീരുന്നതുപോലെ ഏറ്റവും അധഃകൃതനായ വ്യക്തിക്കും ഏറ്റവും വലിയ വിശുദ്ധനായി രൂപാന്തരം സംഭവിക്കാം. കടുകുമണിക്ക് വളരുവാന്‍ അദൃശ്യമായ ജീവശക്തി ഉള്ളതുപോലെ ദൈവരാജ്യത്തിന് ഏറ്റവും വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ആത്മാവിന്‍റെ അദൃശ്യ ശക്തിയുണ്ട്. പുളിമാവിന്‍റെ ഒരു ചെറിയ അംശം വളരെ അധികം മാവിനെ പുളിപ്പിക്കുന്നപോലെ, ഒരു വ്യക്തിക്ക് ദൈവരാജ്യത്തിന്‍റെ ശക്തികൊണ്ട് പൂര്‍ണ്ണമായി പരിവര്‍ത്തനം സംഭവിക്കുമെന്നത് മാത്രമല്ല, ഇതേ ശക്തിയാല്‍ അയാള്‍ക്ക് മറ്റുള്ളവരിലും പൂര്‍ണ്ണമായി പരിവര്‍ത്തനം സൃഷ്ടിക്കാന്‍ സാധിക്കും. ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനം യഥാവിധി നടക്കുകയും അങ്ങനെയുള്ള അത്ഭുതങ്ങള്‍ നടക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസം ഉണ്ടായിരിക്കുകയും ചെയ്താല്‍ എല്ലാ മാനുഷിക കണക്കുകൂട്ടലുകള്‍ക്കുമുപരിയായി ഏറ്റം മോശപ്പെട്ടവര്‍ വളരെ നല്ലവരും എണ്ണത്തില്‍ കുറവുള്ളവര്‍ സംഖ്യാതീതരുമായിത്തീരും.

ഇങ്ങനെ നോക്കുമ്പോള്‍ ഇരട്ട ഉപമകളായ കടുകുമണിയുടേയും പുളിമാവിന്‍റെയും ഉപമകളില്‍നിന്നും മനസ്സിലാകുന്നത്, മോശമായ അസംസ്കൃത വസ്തുക്കളില്‍നിന്നും ക്രിസ്തുവിന് വളരെ നല്ല സംസ്കൃത വസ്തു ലഭിക്കുന്നു എന്നതാണ്. രണ്ടാമത്തെ വസ്തുതയാകട്ടെ ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്കുള്ള പ്രതികരണം പ്രാരംഭദശയില്‍ മോശമായിരുന്നെങ്കില്‍ അവസാന വിളവ് സമൃദ്ധമായ ഒന്നാകുന്നു എന്നതാണ്. ഇത്തരത്തിലുള്ള ഒന്നാണ് വിതക്കാരന്‍റെ ഉപമയില്‍ക്കൂടി നല്കുന്ന സന്ദേശം. ദൈവരാജ്യം പരാജയത്തിലൂടെ വിജയം വരുത്തുന്നു. വളരെയധികം വിത്ത് നശിക്കുമെന്നറിയാമെങ്കിലും വിതക്കാരന്‍ വിതയ്ക്കുന്നു. പക്ഷികള്‍ കുറേ വിത്ത് തിന്നുതീര്‍ക്കും; ആഴം കുറഞ്ഞ മണ്ണ് വളര്‍ച്ചയെ തടസ്സപ്പെടുത്തും; മുള്‍ച്ചെടികള്‍, വളരുന്ന ചെടിയെ ശ്വാസം മുട്ടിക്കും. എന്നാലും ഈ പ്രതിബന്ധങ്ങളുടെ എല്ലാം മധ്യേ കുറച്ചു വിത്തുകള്‍ നല്ല സ്ഥലത്ത് വീഴുകയും നല്ല വിളവു നല്‍കുകയും ചെയ്യും.

ക്രിസ്തുവിന്‍റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും (അവിടുത്തെ ഏതൊരു അനുയായിയുടേയും) ബധിരമായ ചെവികളിലോ ആഴം കുറഞ്ഞ ഹൃദയങ്ങളിലോ ആണ് പതിക്കുന്നത്. നിസ്സംഗതയോടുകൂടി സ്വീകരിക്കപ്പെടുന്നതുകൊണ്ടോ മനപ്പൂര്‍വ്വമുള്ള അവഗണനയാലോ തുറന്ന എതിര്‍പ്പിനാലോ അവ ഉപയോഗശൂന്യമായിത്തീരുന്നു. എങ്കിലും പ്രത്യാശയോടുകൂടി മുന്നേറുന്നവന് നല്ല ഫലങ്ങള്‍ ലഭിക്കുന്നു. പരാജയങ്ങളില്‍കൂടിയല്ലാതെ, അതായത് പരാജയങ്ങളെ പ്രത്യാശയോടുകൂടി സ്വീകരിക്കുന്നതില്‍കൂടിയല്ലാതെ, വിജയത്തിലേക്ക് മറ്റ് കുറുക്കുവഴികള്‍ ഒന്നുമില്ല. പരാജയത്തിന്‍റെ കയ്പ്പുള്ള മരുന്ന് കുടിച്ചതിനുശേഷം മാത്രമേ വിജയത്തിന്‍റെ തേന്‍ ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ആഴമായി ചിന്തിക്കുമ്പോള്‍ നാമുമായി ബന്ധപ്പെട്ട മറ്റെല്ലാത്തിനും എന്നപോലെ ദൈവത്തിനും ഇത് അനുയോജ്യമാണെന്നു കാണാം. ദൈവരാജ്യം സുഗമമായി പ്രവര്‍ത്തിക്കുന്നതിന് അതിന്‍റെ പ്രവൃത്തിയും വിജയവും നമ്മുടേതല്ല, ദൈവത്തിന്‍റേതാണ് എന്ന് നാം അംഗീകരിക്കണം. ഈ ഏറ്റുപറച്ചില്‍ തത്വത്തിലല്ല ജീവിതത്തിലാണ്, മനസ്സില്‍ മാത്രമല്ല, യാഥാര്‍ത്ഥ്യത്തിലാണ് നടത്തേണ്ടത്. അതായത്, നാം പരമാവധി പരിശ്രമിച്ചിട്ടും ഒന്നും നേടാത്തപ്പോള്‍ സ്പഷ്ടവും വേദനനിറഞ്ഞതുമായ ഒരറിവ് നമുക്കുണ്ടാകുന്നു; വിജയം നമ്മുടെ ഏറ്റവും നല്ല പ്രവൃത്തികള്‍ക്കുമപ്പുറം ദൈവത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നിട്ട് ദൃഢമായ വിശ്വാസത്തോടെ നാം പ്രവൃത്തിക്കുന്നുവെങ്കില്‍ ദൈവത്തില്‍നിന്ന് എല്ലാം പ്രതീക്ഷിക്കുന്നു എന്ന് അത് തെളിയിക്കുന്നു.

വി. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായത്തില്‍ കാണുന്ന നിധിയുടെയും രത്നത്തിന്‍റെയും ഇരട്ട ഉപമകളുടെ അര്‍ത്ഥമെന്താണെന്നു നോക്കാം. പരിപൂര്‍ണ്ണ സ്വയം ശൂന്യവല്ക്കരണത്തിന്‍റേതായ പ്രവര്‍ത്തനമാണ് ദൈവരാജ്യത്തിനു ആവശ്യമായിരിക്കുന്നത്. കൃഷിക്കാരന്‍ നിധി വാങ്ങുവാന്‍വേണ്ടി തനിക്കുണ്ടായിരുന്നതെല്ലാം വില്ക്കുന്നതുപോലെ ക്രിസ്തുവിന്‍റെ അനുയായിയും ദൈവരാജ്യത്തിനുവേണ്ടി പരിപൂര്‍ണ്ണമായി സ്വയം ശൂന്യവല്ക്കരിക്കണം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വാക്ക് 'സന്തോഷ' മെന്നതാണ്. തനിക്ക് ലഭിക്കുന്നത് താന്‍ കൊടുക്കുന്നതിനേക്കാള്‍ അനേകമടങ്ങ് വെല്ലുന്നതാണ് എന്നതിലുള്ള സന്തോഷമാണ് ഒരുവനെ തന്നെത്തന്നെ നല്‍കുക എന്ന ഏറ്റവും വലിയ ത്യാഗത്തിന് പ്രേരിപ്പിക്കുന്നത്. പരിപൂര്‍ണ്ണവും നിരന്തരവുമായ സ്വയം സമര്‍പ്പണം നടത്തുമ്പോള്‍ നാം നമ്മുടെ ജീവിതത്തിന് ഏറ്റവും നല്ല വിലപേശലാണ് നടത്തുന്നത്. കാരണം, ദൈവരാജ്യമാണ് നമുക്ക് പ്രതിഫലമായി കിട്ടുന്നത്. അതായത് ക്രിസ്തുവില്‍ നമ്മുടെ ഹൃദയങ്ങളുടെമേലുള്ള ദൈവത്തിന്‍റെ ഭരണവും ഏറ്റവും വലിയ സന്തോഷമായ ക്രിസ്തുവില്‍ ദൈവവുമായുള്ള  ഐക്യവും. ആദ്യം സ്വയം നല്‍കുന്നതിന്‍റെ വേദന അനുഭവിച്ചതിനുശേഷം ദൈവരാജ്യത്തിന്‍റെ സന്തോഷം ലഭിക്കത്തക്കരീതിയില്‍, സന്തോഷം വേദനയ്ക്കുശേഷം വരുകയില്ല, മറിച്ച് പരിപൂര്‍ണ്ണമായ സ്വയംദാനത്തില്‍ത്തന്നെയാണ് സന്തോഷം. സഹനത്തില്‍ മറഞ്ഞിരിക്കുന്ന സന്തോഷവും, സ്വയം ശൂന്യവല്ക്കരണത്തിന്‍റെ വേദനയില്‍ മറഞ്ഞിരിക്കുന്ന ദൈവരാജ്യത്തിന്‍റെ സന്തോഷവും ഇത്തരത്തില്‍ മറഞ്ഞിരിക്കുന്ന നിധിയാണ്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ വളരെയധികം ക്രിസ്ത്യാനികള്‍ മറഞ്ഞിരിക്കുന്ന നിധി ഒരിക്കലും കണ്ടെത്താതെ ജീവിതം നയിക്കുന്നുണ്ട് എന്നതു അവഗണിക്കാനാവില്ല.

സഹിഷ്ണതയുടെ ഉപമ അല്ലെങ്കില്‍ ഗോതമ്പിന്‍റെയും കളകളുടെയും ഉപമ വളരെ യോജിച്ച ഒരു പരിസമാപ്തിയാണ്. ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തനനിരതരാകുമ്പോള്‍ അതിപ്രവര്‍ത്തനത്തിനുള്ള വ്യഗ്രത ഒഴിവാക്കണം. ദൈവരാജ്യത്തില്‍ നല്ല മനുഷ്യരോടൊപ്പം ചീത്ത മനുഷ്യരെയും നാം കാണുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള പ്രകോപനം നമ്മില്‍ ഉണ്ടാകാം. അവരെ സഭയില്‍നിന്ന് സ്ഥാനഭ്രഷ്ടരാക്കുവാനോ പ്രത്യേക വിഭാഗമായി തരംതിരിക്കുവാനോ ഒരുമ്പെടരുത്. ഒന്നാമത്തെ കാരണം, ഇത് ദൈവത്തിന്‍റെ പ്രവൃത്തിയാണെന്നതും, രണ്ടാമത്തേത്, ദൈവംതന്നെ ഈ തരംതിരിക്കല്‍ ഇപ്പോഴല്ല ഈ ലോകജീവിതത്തിന്‍റെ അവസാനമാണ് ചെയ്യുന്നത് എന്നുള്ളതുമാണ്. അതുകൊണ്ട് മറ്റു മനുഷ്യരെ വിധിക്കുന്നതില്‍ നമുക്ക് ഉന്നം പിഴയ്ക്കാറുണ്ട് എന്ന വസ്തുതയ്ക്കുപരിയായി മറ്റുള്ളവരെ വിധിക്കുന്നതിന് ഏറ്റവും പറ്റിയ സമയം ഒരുവന്‍റെ ജീവിതത്തിന്‍റെ അവസാനമാണ് എന്ന വസ്തുതയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു മനുഷ്യനും ഒരു തെറ്റും ചെയ്യുവാന്‍ പാടില്ലാത്തവിധം അത്ര നല്ലവനായിട്ടല്ല; അതുപോലെ മറിച്ചും. പ്രകോപനമുണ്ടായാല്‍ത്തന്നെയും അതിനനുസരിച്ചുള്ള സംസാരത്തില്‍നിന്നും പ്രവൃത്തിയില്‍നിന്നും മാറി നില്ക്കുവാനാണ് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് ഏറ്റം പ്രയാസമേറിയതും. നിശ്ശബ്ദത പാലിക്കുവാനുള്ള കടമ സംസാരിക്കുവാനുള്ള കടമയേക്കാള്‍ പ്രയാസമുള്ളതായിരിക്കുന്നതുപോലെതന്നെ പ്രവൃത്തിയില്‍നിന്നും മാറിനില്ക്കുവാനുള്ള കടമ പ്രവര്‍ത്തിക്കുവാനുള്ള കടമയേക്കാള്‍ പ്രയാസമുള്ളതാണ്. നല്ല മനുഷ്യരുടെ സാന്നിധ്യത്തില്‍ പാപികള്‍ക്ക് അവരുടെ ജീവിതം നവീകരിക്കുവാനുള്ള നിരന്തരമായ ഒരാഹ്വാനം ഉണ്ടെന്നതാണ് ദൈവപരിപാലനയിലുള്ള ഈ സ്ഥിതി വിശേഷത്തിന്‍റെ ഏറ്റവും വലിയ ഉപകാരം. അതുപോലെ നല്ല മനുഷ്യര്‍ക്ക് അവരുടെ നന്മ ചുറ്റുപാടുമുള്ള തിന്മകളുടെ മധ്യേ തെളിയിക്കുവാനുള്ള അനര്‍ഘമായ ഒരവസരമുണ്ട്. മാറ്റുരയ്ക്കാത്ത പുണ്യം പുണ്യമല്ലതന്നെ.

ഉപമകളില്‍കൂടിയുള്ള പഠനങ്ങളില്‍ ധന്യമാണ് വി. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായം. മുമ്പു കണ്ടതുപോലെ ഇത് ക്രിസ്തുവിന്‍റെ ആകെയുള്ള സന്ദേശത്തിന്‍റെ ഒരു നല്ല ശതമാനം ഉണ്ട്. ഈ ആറ് ഉപമകളെ മറ്റ് ഉപമകളുമായി പൂര്‍ണ്ണമായി ബന്ധപ്പെടുത്താന്‍ നമുക്കു കഴിഞ്ഞാല്‍ അവയുടെ മനോഹാരിത കൂടുതല്‍ വ്യക്തമാകും. ഇങ്ങനെ എല്ലാം ചേരുംപടി ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ സൗന്ദര്യത്തിന്‍റെ ഒരു മുന്നാസ്വാദനമായി അവയില്‍ കുറച്ച് സൗന്ദര്യം പുറത്തുകൊണ്ടുവരാനാണ് ഇവിടെ പരിശ്രമിച്ചിട്ടുള്ളത്.

 

                                             (ഫ്രാന്‍സിസ് റീപോള്‍ എസ്. ജെ,

ബൈബിള്‍ ഭാഷ്യം 9 (1980) 132-137)

The Gospel of Matthew the Kingdom of God through the parables of Christ catholic malayalam bible study Francis Repoll S. J Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message