x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, മൂലക്കല്ലുകളകാനുള്ള നിയോഗം (മത്താ 21:33-46)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

മൂലക്കല്ലുകളകാനുള്ള നിയോഗം

(മത്താ 21:33-46)

ജെസ്സെയുടെ 6 മക്കളില്‍ അപ്രസക്തനായിരുന്നു ദാവീദ്. സാവൂളിനു പിന്‍ഗാമിയായ രാജാവിനെ തേടി തന്‍റെ ഭവനത്തിലെത്തിയ സാമുവേല്‍ പ്രവാചകന്‍റെ മുന്നില്‍ തന്‍റെ മക്കളെ ഓരോരുത്തരെയായി ജെസ്സെ നിരത്തിനിര്‍ത്തി..... കരുത്തും തലയെടുപ്പും സൗന്ദര്യവും ഒത്തിണങ്ങിയ മക്കളെ ഒന്നൊന്നായി കണ്ടിട്ട്, സാമുവേല്‍പോലും പ്രലോഭിതനായിട്ടും, ദൈവം പറഞ്ഞു ഇവരാരുമല്ല ദൈവത്തിന്‍റെ അഭിഷിക്തന്‍. ഇനിയും നിനക്കു മക്കളില്ലേ... ഇളയ ബാലന്‍ ആടുകളെ മേയ്ക്കാന്‍ പോയതായിരുന്നു. കൃശഗാത്രനും രാജലക്ഷണങ്ങളൊന്നുമില്ലാത്തവനുമായ അവനെ കണ്ടപാടേ ദൈവം സാമുവേലിനോടു പറഞ്ഞു: "ശങ്കകൂടാതെ അവനെ രാജാവായി അഭിഷേകം ചെയ്തു കൊള്ളുക". അങ്ങനെ അപ്പന്‍പോലും കണക്കില്‍ പെടുത്താതിരുന്ന മകന്‍ ഇസ്രായേലിന്‍റെ രാജാവും രാജകുലത്തിന്‍റെ പിതാമഹനുമായി, മനുഷ്യര്‍ അവഗണിക്കുന്നതിനോട് ദൈവത്തിന് എന്നും പ്രത്യേക പ്രതിപത്തിയുണ്ടായിരുന്നു. വിക്കനായ മോശയും ബാലനായ സാമുവേലും കരുത്തില്ലാത്ത ജറെമിയായുമൊക്കെ മനുഷ്യര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലുകളായിരുന്നു. എന്നാല്‍ ദൈവം അവരെ മൂലക്കല്ലുകളാക്കി മാറ്റി. ഇന്നും ദൈവം ഇതേ പ്രവൃത്തി തുടരുന്നു. വൃദ്ധനും രോഗിയുമായ ജോണ്‍ 23-ാമന്‍ പാപ്പായിലൂടെ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ ദൈവം വിളിച്ചുകൂട്ടി. പ്രായാധിക്യത്താല്‍ അവഗണിക്കപ്പെട്ടിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്സിംഗറെ കത്തോലിക്കാസഭയുടെ അമരത്ത് ദൈവം ഇരുത്തി അത്ഭുതാവഹമാംവിധം സഭയെ നയിച്ചു. അവഗണിക്കപ്പെട്ട ബാല്യങ്ങളില്‍ നിന്നല്ലേ ദൈവം കെ. ആര്‍. നാരായണനെയും അബ്ദുള്‍കലാമിനെയും ഭാരതത്തിന്‍റെ മൂലക്കല്ലുകളാക്കിത്തീര്‍ത്തത്. ഇന്നത്തെ സുവിശേഷവും അവഗണിക്കപ്പെട്ട കല്ലുകളില്‍നിന്ന് മൂലക്കല്ലുകള്‍ തീര്‍ക്കുന്ന ദൈവിക പ്രവൃത്തിയെയാണ് വിശദമാക്കുന്നത്.                

മുന്തിരിത്തോട്ടം

മുന്തിരിത്തോട്ടത്തിലുള്ള യജമാനന്‍റെ അതിരറ്റ വാത്സല്യമാണ് യജമാനന്‍ ചെയ്യുന്ന 7 പ്രവൃത്തികള്‍ വ്യക്തമാക്കുന്നത് (21:33-34). ദൈവജനത്തെ മുന്തിരിത്തോട്ടമായി ചിത്രീകരിക്കുന്ന പതിവ് പഴയനിയമത്തിന്‍റെ ഭാഗമാണ് (ഏശ 5:7; സങ്കീ 80:8-16).മുന്തിരിത്തോട്ടത്തിലെ ചക്ക് എന്നതിലൂടെ ആഴവ്യത്യാസമുള്ളതും പരസ്പരബന്ധിതമായ രണ്ടു കുഴികളുള്ളതുമായ ഒരു വലിയ പാറ എന്നാണ് അര്‍ത്ഥം. ആഴം കുറഞ്ഞകുഴിയില്‍ മുന്തിരിയിട്ടു ചവിട്ടുമ്പോള്‍ മുന്തിരിച്ചാറൊഴുകി ആഴംകൂടിയകുഴിയിലെത്തുന്നു.

നാലാംവര്‍ഷം മുതലാണ് മുന്തിരിത്തോട്ടത്തില്‍ വിളവെടുക്കുന്നത്. ആദ്യവര്‍ഷങ്ങളില്‍ നാമമാത്രമായ വിളവേ ലഭിക്കുകയുള്ളൂ. എങ്കിലും യജമാനന്‍ വിളവിന്‍റെ വിഹിതം മേടിക്കാന്‍ ആളെ അയച്ചിരുന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി വിഹിതം വാങ്ങാതിരുന്നാല്‍ വസ്തുവിന്‍മേലുള്ള അവകാശം നഷ്ടപ്പെടുമെന്ന് യഹൂദര്‍ കരുതിയിരുന്നു (Mishus B .Bat. 3.1). ദൈവം ഫലം അന്വേഷിക്കുന്നത് മനുഷ്യന്‍ തന്‍റെ സ്വന്തമാണെന്ന് ദൈവം ഉറപ്പിക്കുന്ന പ്രക്രിയയാണ്.

കുടിയാന്മാരും ദാസന്മാരും

വിളവെടുപ്പിനു "സമയമായപ്പോള്‍" (= ഗ്രീക്കില്‍ 'എഗ്ഗിസെന്‍') എന്ന പദപ്രയോഗം ദൈവരാജ്യം സമാഗതമാകുന്നതിനെ സൂചിപ്പിക്കാന്‍ മത്തായി ഉപയോഗിക്കുന്ന പദംതന്നെയാണ് (3:2; 4:7; 10:7). അതായത് ഈ ഉപമ ഒരേസമയം ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തെയും അവിടുത്തെ യുഗാന്ത്യാഗമനത്തെയും കുറിച്ച് സൂചന നല്‍കുന്നുണ്ട്. മനുഷ്യാവതാരത്തില്‍ അവനെ തള്ളിക്കളഞ്ഞ കുടിയാന്മാര്‍ യഹൂദ നേതൃത്വമാണെങ്കില്‍ യുഗാന്ത്യത്തില്‍ അവനെതിരായി തിരിയുന്നവര്‍ സകല അവിശ്വാസികളുമായിരിക്കും.

യജമാനന്‍ അയച്ച ദാസന്‍ന്മാര്‍ പ്രവാചകരെ സൂചിപ്പിക്കുന്നു എന്ന് കരുതുമ്പോള്‍ പ്രവാചകന്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളാണ് 21:35 ല്‍ വിവരിക്കുന്നത്. അടിക്കുക, കൊല്ലുക, കല്ലെറിയുക എന്നീ പീഡനമുറകളാണ് ഇവിടെ വിവരിക്കുന്നത്. ജറെ 26:21-23 ല്‍ പ്രവാചകനെ അടിക്കുന്നതിനെയും കൊല്ലുന്നതിനെക്കുറിച്ചും 2 ദിന 24:21 ല്‍ പ്രവാചകനെ കല്ലെറിയുന്നതിനെക്കുറിച്ചുള്ള സൂചനയായി ഇതിനെ മനസ്സിലാക്കാം. വിരുന്നിനു ക്ഷണിക്കാന്‍ രാജാവയച്ച ഭൃത്യരെ അടിക്കുകയും കൊല്ലുകയും ചെയ്തവരുടെ പ്രവൃത്തിയും (മത്താ 22:6) ഇതിനുസമാനമാണ്. വീണ്ടും വീണ്ടും അവിടുന്ന് ഭൃത്യരെ അയച്ചതായി പറയുന്നുണ്ട്. ഒരുപക്ഷേ വിവിധ വര്‍ഷങ്ങളിലെ വിളവെടുപ്പുകാലങ്ങളിലാകാം ഇപ്രകാരം അയച്ചത്. രക്ഷാകരപദ്ധതിയിലെ വര്‍ഷങ്ങള്‍ നീണ്ട ദൈവിക കാത്തിരിപ്പിന്‍റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ചിത്രമാണ് ഇത് വ്യക്തമാക്കുന്നത്. ദൈവത്തിന്‍റെ ദൂതന്മാരെ ഇല്ലാതാക്കുന്നതിലൂടെ ദൈവത്തെതന്നെ ഇല്ലാതാക്കാനാകുമെന്ന വ്യര്‍ത്ഥ ചിന്തയാണ് ഇവിടെ പ്രതിഫലിക്കുന്നത്.

നിരീശ്വരവാദവും ദൈവനിഷേധവും വളര്‍ത്താന്‍ ദൈവികമായ സകലതിനെയും ദൈവപ്രതിനിധികളായ സകലരെയും അപമാനിച്ചും ചെളിവാരിയെറിഞ്ഞും കല്ലെറിഞ്ഞും മാധ്യമ വിചാരണനടത്തിയും ഇല്ലാതാക്കാന്‍ ആധുനികയുഗം ശ്രമിക്കുമ്പോള്‍ ഉപമയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.  ഉപമയിലെ യഥാര്‍ത്ഥ പ്രശ്നം കുടിയാന്മാര്‍ യജമാനന്മാരോടുള്ള ബന്ധം വിസ്മരിച്ചതാണ്. ഈ പ്രശ്നത്തിന് പരിഹാരം വാളും വര്‍ഗ്ഗസമരവുമല്ല. നഷ്ടമായ ദൈവ-മനുഷ്യബന്ധത്തിന്‍റെ കണ്ണികള്‍ കൂട്ടിയോജിക്കപ്പെടുമ്പോള്‍ തൊഴിലാളി മുതലാളി ബന്ധത്തിലെ അസ്വാരസ്യങ്ങളും അവസാനിക്കും എന്നതാണ് ക്രിസ്തുവിന്‍റെ സാമൂഹ്യദര്‍ശനം.

മത്തായിയുടെ സുവിശേഷത്തിലെ 21-22 അധ്യായങ്ങളിലെ തുടര്‍ച്ചയായ മൂന്ന് ഉപമകളും (21:28-32; 21:33-44; 22:1-14) പരസ്പരബന്ധമുള്ളതും യഹൂദനേതൃത്വത്തിനെതിരെയുള്ള വിധിവാചകങ്ങളുമാണ്.

21:28-32, രണ്ടു പുത്രന്മാരുടെ ഉപമ = അധരംകൊണ്ടുമാത്രം ദൈവസേവനം നടത്തുന്നവരാണ് യഹൂദനേതാക്കള്‍.

21:33-46, കുടിയാന്മാരുടെ ഉപമ = യഹൂദര്‍ക്ക് ദൈവരാജ്യം നഷ്ടമാകും.

22:1-14, മഹാവിരുന്നിന്‍റെ ഉപമ = തെരഞ്ഞെടുക്കപ്പെട്ടവര്‍(യഹൂദര്‍) അവഗണിക്കപ്പെടും.

               ഈ മൂന്ന് ഉപമകളുടെയും പാരസ്പര്യം അവയുടെ വ്യാഖ്യാനത്തില്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ആദ്യരണ്ടുപമകള്‍ മുന്തിരിത്തോട്ടത്തെയും പുത്രനെയും (മാരെയും) കുറിച്ചുള്ളതാണ്. മൂന്നാം ഉപമയിലെ വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ ക്രൂരമായ പ്രതികരണവും (22:6) രണ്ടാം ഉപമയിലെ കുടിയാന്മാരുടെ പ്രതികരണവും തമ്മില്‍ (21:35) ഏറെ സാമ്യമുണ്ട്. മൂന്ന് ഉപമകളുടെയും പൊരുള്‍ ഒന്നുതന്നെയാണ്: ദൈവരാജ്യത്തിന് അവകാശികളാണെന്ന് കരുതപ്പെട്ടിരുന്നവര്‍ പുറന്തള്ളപ്പെടുകയും ദൈവരാജ്യത്തില്‍ പ്രവേശനമില്ല എന്നു കരുതപ്പെട്ടിരുന്നവര്‍ ദൈവരാജ്യത്തിന്‍റെ നിര്‍ണ്ണായക ഭാഗമാകുകയും ചെയ്യും.

 

(ഡോ. ജോസഫ് പാംപ്ലാനി)

The Gospel of Matthew the commission to lay the foundation stone (Matthew 21: 33-46) catholic malayalam bible study Rev. Dr. Joseph Pamplany വി. മത്തായിയുടെ സുവിശേഷം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message