We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 10-Feb-2021
സ്വര്‍ഗ്ഗരാജ്യത്തിലെ ശിശു (മത്താ 18:1-9)
ഒന്നോര്‍ത്താല്‍ ശിശുവായിരിക്കുന്നതാണ് നല്ലത്. കുടുംബത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രം ശിശുവാണ്. ശിശുവിന്‍റെ വികൃതികള്‍ വീടിന്‍റെ വിനോദമാണ്. കുഞ്ഞിന്‍റെ കരച്ചിലിന് ഉടനടി പ്രതികരണമുണ്ടാകും. അവര്‍ വീണാല്‍ താങ്ങിയെഴുന്നേല്‍പിക്കാന്‍ സഹായഹസ്തങ്ങള്‍ നീളും. എന്നാല്‍ മുതിര്‍ന്നവരുടെ വികൃതികള്‍ക്ക് സഹാനുഭൂതിയില്ല; നിയമനടപടികളും ഉറപ്പ്. യുവാക്കളുടെ കരച്ചിലിനെ മനക്കരുത്തില്ലായ്മയായി സകലരും കുറ്റപ്പെടുത്തും. അവര്‍ കാലിടറി വീഴുന്നതുകണ്ട് മറ്റുള്ളവര്‍ ചിരിക്കുകയേയുള്ളൂ. ശൈശവം ധര്‍മ്മാധര്‍മ്മ വിവേചനത്തിനപ്പുറം സ്നേഹത്തില്‍ അധിഷ്ഠിതമായതിനാല്‍ അതിനു വലിയ പരിഗണന ലഭിക്കുന്നു.
വീണ്ടും, ശിശുവിന്‍റെ ഉള്ള് നിഷ്കളങ്കമാണ്, മാലിന്യമുക്തമാണ്. എന്നാല്‍ ശിശുവിന്‍റെ പുറം മണ്ണുംചെളിയും പുരണ്ടതാകാം. മലിനവും നിര്‍മ്മലവുമായത് തിരിച്ചറിയാന്‍ അറിവില്ലാത്തതുകൊണ്ടാണിത്. എന്നാല്‍ ബാഹ്യമാലിന്യങ്ങളൊന്നും ശിശുവിന്‍റെ ആന്തരികതയെ സ്പര്‍ശിക്കുന്നില്ല. എന്നാല്‍ വളരുംതോറും ബാഹ്യമോടികളില്‍ ശ്രദ്ധകൂടും. ഉള്ളാകട്ടെ മലിനതരമാവുകയും ചെയ്യും. പുറംമോടികളിലെ അമിതശ്രദ്ധ ഉള്ളിലെ മാലിന്യം മറക്കാനുള്ള വ്യഗ്രതയുടെ ഭാഗവുമാകാം.
ശിശുത്വം എന്നതിലൂടെ നിഷ്കളങ്കതയേക്കാളും സമ്പൂര്‍ണ്ണ ആശ്രയത്വമാണ് ബൈബിളില്‍ വിവക്ഷിക്കുന്നത്. സ്വയം എളിമപ്പെടുത്തി (മത്താ 18:4) ദൈവത്തില്‍ സമ്പൂര്‍ണ്ണ ആശ്രയം വയ്ക്കുന്ന ശിശുതുല്യനായിരിക്കണം ക്രിസ്തുശിഷ്യന്‍ എന്നതാണ് വിവക്ഷ. ശിശു സ്വന്തം നിലവാരത്തെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല. താന്‍ കറുത്തതാണെന്ന അപകര്‍ഷതാബോധമോ വെളുത്തു തുടുത്തതിന്‍റെ ഔദ്ധത്യമോ ശിശുവിനില്ല. അധികാരത്തിന്‍റെ ഗര്‍വ്വോ അനുസരണത്തിന്‍റെ വൈമുഖ്യമോ ശിശുവിന് അന്യമാണ്. വൈരാഗ്യത്തിന്‍റെ നീരസമോ സ്വാര്‍ത്ഥസ്നേഹത്തിന്‍റെ കാപട്യമോ ശിശുക്കള്‍ പ്രകടിപ്പിക്കാറില്ലല്ലോ. അതൊക്കെ തിരിച്ചറിവിനുശേഷം സംഭവിക്കുന്നവയാണ്. മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നതുവരെ മത്സരക്കളത്തിലെ പന്തയ കുതിരകളാകാനും ശിശുക്കള്‍ തയ്യാറല്ല. ചുരുക്കത്തില്‍ തന്നെക്കുറിച്ചോ തന്‍റെ സ്ഥാനത്തെക്കുറിച്ചോ ചിന്തിക്കാതെ തന്‍റെ മാതാപിതാക്കളില്‍ ആശ്രയിക്കുന്നവനാണ് ശിശു. ശിശുവിനെപ്പോലെ സ്വന്തം സ്ഥാനമാനങ്ങളെക്കുറിച്ചു ചിന്തയില്ലാതെ ജീവിക്കുന്ന മനോഭാവമാണ് തന്‍റെ ശിഷ്യനായിരിക്കാന്‍ വേണ്ട യോഗ്യത എന്നു ക്രിസ്തു പറയുന്നു.
ശിശുത്വത്തിനുള്ള ഊന്നല്‍ മനുഷ്യന്‍റെ ആദിശിശുത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. പറുദീസായില്‍ ദൈവവുമായുള്ള സ്നേഹകൂട്ടായ്മയിലായിരുന്നു മനുഷ്യജീവിതത്തിന്‍റെ തുടക്കം. ദൈവതിരുമുമ്പില്‍ ശിശുസഹജമായ ആശ്രയം വെടിഞ്ഞ് സ്വയം വലുതായി ദൈവമാകാനുള്ള മോഹമാണ് മനുഷ്യന് വിനയായി മാറിയത്. ശിശുവാകാനുള്ള ക്രിസ്തുവിന്‍റെ ആഹ്വാനം പറുദീസായുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സ്വര്‍ഗ്ഗരാജ്യവും ശിശുവും തമ്മിലുള്ള ക്രിസ്തുവിന്‍റെ താരതമ്യവും ഈ ഗൃഹാതുരത്വത്തിന്‍റെ സ്മരണയുണര്‍ത്തുന്നതാണ്.
പ്രായപൂര്‍ത്തിയുടെ അപകടം
തനിക്കു പ്രായപൂര്‍ത്തിയായി, സ്വന്തമായി ചിന്തിക്കാറായി, ആരുടെയും ഉപദേശം ആവശ്യമില്ല,എന്ന ചിന്ത ശക്തമാകുമ്പോഴാണ് യുവജനങ്ങള്‍ പാപത്തില്‍ വീഴുന്നത്. ശിശുത്വം വെടിയുന്നതോടെ കടപ്പാടുകളുടെ കെട്ടുകള്‍ അറുക്കുകയാണ്. നാളിതുവരെ നോക്കിനടത്തിയവര്‍ അപ്രസക്തരാകുന്നു. പ്രായപൂര്‍ത്തിയായവനെന്ന ചിന്ത ഒരുവനെ നിഷേധിയാക്കുന്നു. പ്രായപൂര്‍ത്തിയുടെ പാപം പല പ്രകാരത്തില്‍ പ്രകടമാണ്. മനുഷ്യന്‍ അറിവും സ്വാതന്ത്ര്യവുമുള്ളവനാണ്. അവന് ഇനിയും ദൈവത്തെ ആവശ്യമില്ല; അതിനാല്‍ ദൈവം ഇല്ലാത്തതുപോലെ (etsi Deus non daretur) ജീവിച്ചു തുടങ്ങണം എന്ന പാശ്ചാത്യചിന്ത (deism) യുടെ പിന്നിലുള്ളത് പ്രായപൂര്‍ത്തിയുടെ നിഷേധഭാവമാണ്. പ്രായപൂര്‍ത്തിയായ മനുഷ്യനില്‍ തന്നെയാണ് മോക്ഷമെന്നും അതിനാല്‍ ഇല്ലാത്ത ദൈവത്തെ തേടിനടക്കാതെ ഉള്ളിലെ ശക്തിയെ ഉണര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ബുദ്ധമതവും പ്രായപൂര്‍ത്തിയുടെ നിഷേധംതന്നെയാണ്. സ്വന്തം തപസ്സും പ്രായശ്ചിത്തവുംകൊണ്ട് സ്വര്‍ഗ്ഗം നേടാമെന്നും വരപ്രസാദം മരീചികയാണെന്നും പഠിപ്പിച്ച ക്രിസ്ത്യന്‍ പെലാജിയന്‍ പാഷണ്ഡതയും ഇതേ നിഷേധിയുടെ വഴിത്താര തേടിയവരാണ്.
പ്രായപൂര്‍ത്തിയായെന്ന ചിന്തയാണ് നിരീശ്വരപ്രസ്ഥാനങ്ങളുടെയെല്ലാം അന്തര്‍ധാര. ദൈവമെന്ന ഉപരിസത്യം തന്‍റെ സ്വാതന്ത്ര്യത്തിന് വിഘാതമാകയാല്‍ ദൈവത്തെ നിഷേധിക്കണമെന്ന നിരീശ്വരചിന്ത തന്നെയാണ് മാതാപിതാക്കളെ ധിക്കരിക്കുന്ന മക്കളെയും മേലധികാരികളെ ധിക്കരിക്കുന്ന സമര്‍പ്പിതരെയും നയിക്കുന്നത്. സഭയില്‍ അനുസരണം ഭാരമാകുന്നതിന്‍റെ പിന്നില്‍ ശിശുത്വം മറന്ന ശിഷ്യത്വത്തിന്‍റെ നിഷേധം വായിച്ചെടുക്കാന്‍ ഏറെയൊന്നും പണിപ്പെടേണ്ടതില്ല.
ശിഷ്യത്വം കിട മത്സരങ്ങളായി മാറുന്ന ഈ കാലഘട്ടത്തില്‍ ശിഷ്യത്വത്തിന്‍റെ ശിശുത്വമാനത്തിന് ഏറെ പ്രസക്തിയുണ്ട്. ഒന്നും നേടാന്‍ മോഹിക്കാതെ ഒരു കസേരയും സ്വപ്നം കാണാതെ കട്ടിലില്‍ കിടന്ന്, രോഗത്തിലും ദൈവത്തെ ശിശുതുല്യം സ്നേഹിച്ച അല്‍ഫോന്‍സായും കൊച്ചുത്രേസ്യായുമൊക്കെ ശിഷ്യത്വത്തിന്‍റെ ശിശുമാനത്തിനു പ്രാധാന്യം നല്‍കിയവരായിരുന്നു. ശിശുത്വം മരിച്ച ശിഷ്യത്വം അധികാരമോഹത്തിന്‍റെ തിമിരം ബാധിച്ചതാവും. സഹജരെയും സകലരെയും സ്വാര്‍ത്ഥലാഭത്തിനായി വെട്ടിനിരത്താന്‍ മടിക്കാത്തവര്‍ ശിഷ്യരുടെയിടയിലും വര്‍ദ്ധിച്ചു വരുന്നതിന്‍റെ കാരണമിതാണ്.
സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ ശിശുവിനെപ്പോലെയാകണം എന്ന യേശുവിന്‍റെ വചനം യോഹന്നാന്‍റെ സുവിശേഷത്തിലെ "വീണ്ടും ജനിക്കണം" (3:5) എന്ന ശൈലിയുടെ പാഠഭേദമായി വേണം മനസ്സിലാക്കാന്‍. ശിശുവിനെപ്പോലെയാകുന്നത് (വീണ്ടും ജനിക്കുന്നത്) ദൈവപിതാവിന്‍റെ മക്കളാകുന്ന പ്രക്രിയയാണ്. ദൈവിക കുടുംബത്തിലെ സാഹോദര്യത്തില്‍ വലിപ്പചെറുപ്പങ്ങളില്ല. പിതാവിന്‍റെ മഹത്വത്തില്‍ ഒരുപോലെ പങ്കുകാരാകുന്ന മക്കളുടെ സാഹോദര്യമാണ് ശിഷ്യരുടെ പാരസ്പര്യം.
18:4-ല്‍ ശിശുവിനെ സ്വീകരിക്കുന്നവന്‍ യേശുവിനെ സ്വീകരിക്കുന്നു എന്ന പ്രസ്താവനയിലൂടെ സ്വയം ദാസനായ ക്രിസ്തുവാണ് ശിഷ്യന്‍റെ മാതൃക എന്ന് സുവിശേഷകന്‍ വ്യക്തമാക്കുന്നു. ഓരോ ശിശുവും ക്രിസ്തുവിനു തുല്യമാണ്. ശിശുവിനെ ഒഴിവാക്കുന്നവന്‍ ക്രിസ്തുവിനെത്തന്നെയാണ് ഒഴിവാക്കുന്നത്. ഗര്‍ഭച്ഛിദ്രത്തിലൂടെ പ്രതിവര്‍ഷം 5 കോടിയിലധികം കുഞ്ഞുങ്ങള്‍ വധിക്കപ്പെടുന്ന ഈ ലോകം ശിശുഹത്യയിലൂടെ ക്രിസ്തുവിനെത്തന്നെ ഇല്ലായ്മ ചെയ്യുകയാണ്. ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യം കൊണ്ട് കൃത്രിമ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളും വന്ധ്യംകരണമാര്‍ഗ്ഗങ്ങളും സ്വീകരിക്കുമ്പോഴും ജീവിതത്തില്‍നിന്നും കുടുംബങ്ങളില്‍നിന്നും ഒഴിവാക്കപ്പെടുന്നത് ശിശുമാത്രമല്ല യേശുവും കൂടിയാണെന്ന് മറക്കാതിരിക്കാം.
ഇടര്‍ച്ചകളുടെ ലോകം
അന്യസംസ്ഥാന ലോട്ടറിയുടെ പരസ്യക്കാരനായിരുന്ന ഒരു നടന്‍ അടുത്തകാലത്ത് വെളിപ്പെടുത്തി, താന്‍മൂലം അനേകര്‍ക്ക് ഇടര്‍ച്ചയുണ്ടായതിനാല്‍ പ്രസ്തുത പരസ്യത്തില്‍നിന്നും പിന്‍മാറുന്നതായി.
ഇടര്‍ച്ചയുടെ വഴികള്‍ ലോകത്ത് സുലഭമാണ്. വഴിതെറ്റിക്കുന്നതും മനോമോഹനങ്ങളുമായവയെക്കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. പരസ്യങ്ങള്‍ ഇടറാനുള്ള ക്ഷണങ്ങളാണ്. തിരികല്ലുകള്‍ തികയാത്ത കാലമാണിത്. എന്നാല്‍, ഇടര്‍ച്ചകളും പ്രലോഭനങ്ങളും ശിഷ്യത്വത്തിന്‍റെ വഴിയിലെ അനിവാര്യമായ തടസ്സങ്ങളാണ് എന്നാണ് ക്രിസ്തു ഭാഷ്യം (വാ. 7). 110 മീറ്റര്‍ ഹര്‍ഡില്‍സ് ഓടുന്നവന്‍ പത്ത് തടസ്സങ്ങളെങ്കിലും ചാടിക്കടന്നിരിക്കണം. തടസ്സങ്ങളില്ലാത്ത ഓട്ടമല്ല തടസ്സങ്ങള്‍ നിറഞ്ഞ ഹര്‍ഡില്‍സാണ് ശിഷ്യത്വം. തടസ്സങ്ങളോരോന്നും മറികടക്കുമ്പോള്‍ മഹത്വപ്പെടുന്നതാണ് ശിഷ്യത്വം. കണ്ണും കാതും കയ്യുമൊക്കെ ഇടര്‍ച്ചയുടെ പാതയിലെ വഴിയോരക്കാഴ്ച്ചയില്‍ മയങ്ങിപ്പോകാം. കണ്ണും കാലും കയ്യും നയിച്ച മോഹവഴിയേ നടന്നതിനാല്‍ എത്രയോ ശിഷ്യര്‍ പതറിവീണുപോയി. കണ്ണും മെയ്യും മെരുക്കാതെ ഇടര്‍ച്ചയുടെ വഴിയില്‍ ശിഷ്യത്വം ജീവിക്കാനാവില്ല.
എന്നാല്‍, ചെറിയവര്‍ക്ക് ഇടര്‍ച്ച വരുത്തുന്നവന്‍റെ മൃതശരീരംപോലും ഉയര്‍ന്നുവരാതെ തിരികല്ലുകെട്ടി എറിയാനാണ് ക്രിസ്തു പറയുന്നത്. കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന സകലരും, പാഠപുസ്തകങ്ങളില്‍പോലും നിരീശ്വരവാദം നിറയ്ക്കുന്നവരുള്‍പ്പടെ ഈ വിമര്‍ശനത്തിന് ശരവ്യമാകുന്നുണ്ട്.
അനുബന്ധചിന്തകള്‍
(ഡോ. ജോസഫ് പാംപ്ലാനി)
The Gospel of Matthew The Child of the Kingdom of Heaven (Matthew 18: 1-9) catholic malayalam bible study gospel of matthew Rev. Dr. Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206