x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, മത്തായിയുടെ സുവിശേഷത്തിലെ ധര്‍മ്മബോധവും അതിന്‍റെ സാമൂഹ്യമാനങ്ങളും

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 10-Feb-2021

മത്തായിയുടെ സുവിശേഷത്തിലെ

ധര്‍മ്മബോധവും അതിന്‍റെ സാമൂഹ്യമാനങ്ങളും

ചിന്താവിഷയം

മത്തായിയുടെ സുവിശേഷത്തിലെ "ധര്‍മ്മബോധമെന്ന" ആശയത്തെക്കുറിച്ചുള്ള പഠനത്തിന് പണ്ഡിതര്‍ അധികം ശ്രദ്ധകൊടുത്തിട്ടില്ല. ഈ ആശയത്തിന്‍റെ അര്‍ത്ഥത്തെപ്പറ്റി ലഭ്യമായ ഗ്രന്ഥങ്ങള്‍ നവീനവും, അപൂര്‍ണ്ണങ്ങളുമാണ്. ഇവയാകട്ടെ പണ്ഡിതര്‍ പിന്നീട് ഈ ആശയത്തിന് കൊടുത്ത പരിഗണനകള്‍ക്ക് തെളിവുമാണ്. ഈ ഗ്രന്ഥങ്ങള്‍ ഡികായിയോസൂനേ എന്ന ആശയം ഉള്ള ഭാഗത്തേക്ക് ചുരുങ്ങി എന്നതിലുപരി ക്രിസ്തീയജീവിതത്തിന്‍റെ വെല്ലുവിളിയെയും, വീക്ഷണത്തെയും വികലമാക്കുകയും ചെയ്യുന്നതിനാല്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നില്ല.

മാത്രമല്ല മത്തായിയുടെ ഈ പദപ്രയോഗത്തെപ്പറ്റി പണ്ഡിതന്മാരുടെ ഇടയില്‍ യോജിപ്പില്ല. ഈ പദം ദൈവത്തിന്‍റെ ദാനത്തെയാണോ മനുഷ്യനില്‍ നിന്നുള്ള ദൈവത്തിന്‍റെ അവകാശത്തെയാണോ, അതോ ഇവ രണ്ടിനെയുമാണോ സൂചിപ്പിക്കുന്നത് എന്നതിലാണ് അഭിപ്രായഭിന്നത. വിപരീത സ്വഭാവമുള്ള ഈ രണ്ടാശയങ്ങളുടെ വക്താക്കളാണ് ഫീല്‍ഡുലെറും (M.J. Fieldler) ജി.സ്ട്രെക്കറും (J. Strecker) എന്നാല്‍ ഇ. ഷ്വെയ്സറിന്‍റെ (E. Schweizer) അഭിപ്രായത്തില്‍ മത്തായിയുടെ ഈ പദപ്രയോഗംതന്നെ പലയിടത്തും - അര്‍ത്ഥത്തില്‍ പരസ്പരം പൊരുത്തമില്ലാത്തവയാണ്. കാരണം, ചിലയിടങ്ങളില്‍ ഇത് ദൈവത്തിന്‍റെ ദാനത്തേയും, മറ്റവസരങ്ങളില്‍ മനഷ്യനില്‍ നിന്നുള്ള ദൈവത്തിന്‍റെ അവകാശത്തെയും സൂചിപ്പിക്കുന്നു. എന്നിരുന്നാലും "ധര്‍മ്മബോധം" മത്തായിയുടെ പ്രധാനപ്പെട്ട ഒരു പ്രയോഗമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്ക് സന്ദേഹമില്ല. എങ്കിലും ഈ ആശയത്തെ ആദ്ധ്യാത്മീകരിച്ച് അകറ്റിനിര്‍ത്തിക്കൊണ്ടോ ഇതിന്‍റെ സാമൂഹ്യപ്രസക്തിയെ ഇടിച്ചു കാണിച്ചുകൊണ്ടോ ഇതിന് സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിതികളുടെ നേരേയുള്ള വെല്ലുവിളികളെയും ഇതിന്‍റെ അടിസ്ഥാനത്തെയും പണ്ഡിതര്‍ അവഗണിച്ചു.

മത്തായിയുടെ സുവിശേഷത്തിലെ ധര്‍മ്മബോധത്തെപ്പറ്റിയുള്ള ക്രിസ്തുവിന്‍റെ പ്രബോധനത്തെ നിരൂപണാത്മകമായി പുനഃപരിശോധിക്കുകയും മാനവസമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള ഇതിന്‍റെ സാമൂഹ്യധ്വനികളെ വെളിപ്പെടുത്തുകയും ഇതിന്‍റെ സാമൂഹ്യപ്രസക്തിയെ സാധൂകരിക്കുകയും ചെയ്യുക എന്നിവയാണ് ഈ പ്രബോധനത്തിന്‍റെ ഉദ്ദേശ്യം.

'ഡികായിയോസൂനേ' (Dikaiosune) ഭാഗങ്ങളുടെ വിശകലനം.

'ഡികായിയോസൂനേ' (= ധര്‍മ്മബോധം)എന്ന പദം മത്തായിയുടെ സുവിശേഷത്തില്‍ ഏഴു പ്രാവശ്യവും (3:15; 5:6, 10, 20; 6:1, 33; 21:32) ലൂക്കായുടെ സുവിശേഷത്തില്‍ ഒരു പ്രാവശ്യവും (1:75) കാണുന്നു. എന്നാല്‍ മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ഈ പദപ്രയോഗമില്ല. സമാന്തര സുവിശേഷങ്ങളിലെ മറ്റു ഭാഗങ്ങളില്‍ ഈ പദം കാണാത്തതുകൊണ്ട് ഇത് മത്തായിയുടെ ഒരു സവിശേഷതയായി കാണുന്നു. തന്മൂലം മത്തായിയുടെ സുവിശേഷത്തിലെ ഏഴ് ഡികായിയോസൂനേ ഭാഗങ്ങളും ദൈവശാസ്ത്രപരമാണ് എന്ന് പല പണ്ഡിതന്മാരും വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സിബില്‍സ്ക്കി (Pszybyiski) ഈ ഏഴ് " ഡികായിയോസൂനേ" ഭാഗങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. 5:20-ലും 6:1-ലും ആരംഭിക്കുന്ന നമ്മുടെ ഈ വിശകലനത്തില്‍ സിബില്‍സ്കിയുടെ ത്രിവിഭജന സമ്പ്രദായമാണ് നാം സ്വീകരിക്കുക.

മത്തായി 5:21-28 വാക്യങ്ങളുടെ ആമുഖപ്രസ്താവനയോ ശീര്‍ഷകമോ ആണ് 5:20 എന്നാണ് പണ്ഡികതലോകത്തിന്‍റെ പൊതുവായ ധാരണ. ചുങ്കക്കാരെയും, പ്രീശരെയും അതിശയിക്കുന്ന ഒരു ധര്‍മ്മബോധം പ്രകടിപ്പിക്കുവാന്‍ തന്‍റെ ചുറ്റും കൂടിയിരുന്നവരോട് (5:1-2; 7:28) ആവശ്യപ്പെടുന്ന ക്രിസ്തുനാഥനെ മത്തായി ചിത്രീകരിക്കുന്നത് യഹൂദമതവും ക്രിസ്തുവിന്‍റെ പ്രബോധനങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഉണ്ടായ വിവാദപരമായ ചര്‍ച്ചയുടെ സന്ദര്‍ഭത്തിലാണ്. 'ഡികായിയോസൂനേ' എന്ന പദത്തിന് 'ഉയര്‍ന്ന ധര്‍മ്മബോധം'  എന്ന ആശയം നല്‍കുന്ന ഉദാഹരണങ്ങളാണ് മത്തായി- 5:21-48 ലുള്ളത്. ഈ ഉദാഹരണങ്ങളെ സാധാരണയായി ഒരു 'എതിര്‍ നിലപാട്' ആയിട്ടാണ് കണക്കാക്കുന്നത്.  ഈ എതിര്‍ നിലപാടിനെ സംബന്ധിക്കുന്ന അടിസ്ഥാന പ്രമേയം ഇത് ഒരു പുതിയ നിയമത്തെയാണോ അതോ പഴയനിയമത്തിന്‍റെ പുതിയ വിശദീകരണത്തെയാണോ സൂചിപ്പിക്കുന്നത് എന്നതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഈ വീഷണങ്ങള്‍ രണ്ടും വിശകലന വാസ്തവികത അവകാശപ്പെടുന്നതിനാല്‍ ഏതാണ് കൂടുതല്‍ ശരിയെന്ന് തീരുമാനിക്കുക ബുദ്ധിമുട്ടാണ്. മത്തായിയുടെ ശ്രോതാക്കളില്‍ ചിലരെങ്കിലും ഈ എതിര്‍നിലപാടിനെ ഒരു പുതിയനിയമമായി മനസ്സിലാക്കി എന്ന സാദ്ധ്യതയെ തിരസ്ക്കരിക്കാനാവില്ല. മത്തായിയുടെ സുവിശേഷത്തിലെ ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ അദ്ദേഹംതന്നെ എങ്ങനെ മനസ്സിലാക്കിയിരുന്നു എന്നതിനാണ് നാം മുന്‍തൂക്കം കൊടുക്കുക.

കൊലപാതകത്തിന്‍റെ സ്ഥാനത്ത് രമ്യത ആവശ്യപ്പെടുന്ന ക്രിസ്തുവിനെ മത്തായി 5:21-26-ല്‍ അവതരിപ്പിക്കുന്നു. കൊലപാതകം, കോപം, അശുദ്ധ ഭാഷണം എന്നിങ്ങനെ തിന്മകളുടെ ഗൗരവം അനുസരിച്ചുള്ള ഒരു തരംതിരിവ് നമുക്കിവിടെ കാണാം. ഒളിഞ്ഞിരിക്കുന്ന കോപം കൊലപാതകത്തിന് ഇടയാക്കാം. ക്രിസ്തു പഴയനിയമത്തെ നിലനിര്‍ത്തുക മാത്രമല്ല, പ്രത്യുത ദൈവഹിതം നിറവേറത്തക്കവിധമുള്ള ഒരു വിശദീകരണം കൊടുക്കുകകൂടി ചെയ്യുന്നു. നരകാഗ്നിക്ക് വിധേയമാകാതിരിക്കേണ്ടതിന് ബാഹ്യമായവയ്ക്ക് നല്‍കിയിരുന്ന പ്രാധാന്യം ക്രിസ്തു ആന്തരികമായവയിലേക്ക് മാറ്റി. 'കൊല്ലരുത് എന്ന പ്രമാണം,'  'ശത്രുക്കളെ സ്നേഹിക്കുക' എന്നതിലടങ്ങിയിരിക്കുന്നു. 21 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍ക്ക് സമാനമായി സമാന്തരസുവിശേഷങ്ങളില്‍ നാം ഒന്നും കാണുന്നില്ല. എന്നാല്‍ 25, 26 വാക്യങ്ങള്‍ക്ക് സമാന്തരമായ ഭാഗം ലൂക്കാ 12:57-59-ല്‍ നാം കാണുന്നു. അതിന്‍റെ സന്ദര്‍ഭം ഭിന്നതയെപ്പറ്റിയുള്ള ഒരുപമയാണ്. എന്നാല്‍ മത്തായിയുടെ സുവിശേഷത്തില്‍ ഇതിന്‍റെ സന്ദര്‍ഭം അനുരഞ്ജനത്തിനായുള്ള ഒരുപദേശമാണ്. ഒരുവന് തന്‍റെ സഹോദരനെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ അവന് ദൈവത്തെ ശരിയായി ആരാധിക്കുക സാധ്യമല്ല എന്ന് മത്തായിയുടെ സുവിശേഷത്തില്‍ ഈശോ വ്യക്തമാക്കുന്നു. 6:12-ല്‍ ഈശോ തന്‍റെ ശിഷ്യരില്‍ രൂഢമൂലമായിക്കാണാനാഗ്രഹിച്ചിരുന്ന മനോഭാവം മത്തായി വെളിപ്പെടുത്തുന്നു. 5:23-24 ലെ ഉപമയ്ക്ക് സമാനമായ വാചകങ്ങളില്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ ദൈവസ്നേഹവും, പരസ്നേഹവും സംഗ്രഹിച്ചിരിക്കുന്നു. എത്ര മനോഹരമായി നാം ദൈവാരാധന നടത്തിയാലും  നാം അകറ്റിനിര്‍ത്തിയ ഒരു സഹോദരന്‍ നമ്മെയും ദൈവത്തില്‍നിന്നകറ്റും എന്നതാണ് ഇതിന്‍റെ സൂചന.

മത്തായി 5:27-30 ല്‍ ദുര്‍മോഹം അരുത് എന്ന് ഈശോ ഉപദേശിക്കുന്നു. തെറ്റിന്‍റെ ഭാരം സ്ത്രീയില്‍ ചുമത്തിയിരുന്ന തന്‍റെ സമകാലീനരുടെ പ്രവണതയ്ക്കെതിരായ ഒരു നിലപാടെടുത്തുകൊണ്ട് അതിന്‍റെ ഉത്തരവാദിത്വം കാമാസക്തിയോടെ പരസ്ത്രീയെ നോക്കുന്ന പുരുഷനില്‍ ആരോപിക്കുന്നു. ഈശോയുടെ പ്രബോധനമനുസരിച്ച് പുരുഷന്‍ അവന്‍റെ ആന്തരികമായ ചിന്തയിലും പ്രവര്‍ത്തനത്തിലും സ്ത്രീയുടെ മാന്യതയെ നിന്ദിക്കരുത്. 29,30 വാക്യങ്ങള്‍ക്ക് സമാനമായ ഭാഗമാണ് മര്‍ക്കോസ് 9:43-48. എന്നാല്‍ 27, 28 വാക്യങ്ങള്‍ക്ക് സമാന്തരസുവിശേഷങ്ങളില്‍ സമാനഭാഗങ്ങളില്ല. സ്വയം ശിക്ഷണത്തെപ്പറ്റിയുള്ള ക്രിസ്തുനാഥന്‍റെ വചനങ്ങളാണ് മര്‍ക്കോസിന്‍റെ സുവിശേഷഭാഗം അവതരിപ്പിക്കുക. നമ്മുടെ സ്വാഭാവിക ഇച്ഛകളെ രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയ്ക്കു ഹാനിവരുത്തുന്ന ഒന്നും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

വിവാഹമോചനത്തിനെതിരായ ക്രിസ്തുവിന്‍റെ പ്രബോധനം വളരെയധികം ചര്‍ച്ചയ്ക്കു വിധേയമാണ്. പുതിയനിയമത്തില്‍ കര്‍ത്താവിന്‍റെ ഈ പ്രബോധനത്തിന് വ്യത്യസ്തരൂപങ്ങളുണ്ട് എന്നുള്ളതാണ് ഇതിനു കാരണം. മര്‍ക്കോസ് 10:1-12-ല്‍ സ്വയം ശിക്ഷണത്തെപ്പറ്റിയുള്ള കര്‍ത്താവിന്‍റെ പ്രബോധനത്തിനുശേഷവും മത്തായിയുടെ സുവിശേഷത്തില്‍ (19:9) ഇത് അനുരഞ്ജനത്തെപ്പറ്റി അഥവാ ക്ഷമ (18:23) യെപ്പറ്റിയുള്ള പ്രതിപാദനത്തിനുശേഷവുമാണ് കാണുക. മര്‍ക്കോസിന്‍റെയും (10:2) മത്തായിയുടെയും (19:3 ളള) സുവിശേഷത്തില്‍ നാം കാണുക ഈ നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കും എന്ന ഫരിസേയരുടെ സംശയമാണ്. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ കാണാത്ത മത്തായിയുടെ ഈ അപവാദവാക്യം ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നു. പണ്ഡിതമതമനുസരിച്ച് മര്‍ക്കോസിന്‍റെ സുവിശേഷം കൂടുതല്‍ മൗലികത്വം ഉള്ളതും വിവാഹമോചനത്തിന്‍റെ നിയമസാദ്ധ്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമാണ്. എന്നാല്‍ മത്തായി വ്യാഖ്യാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഈ അപവാദവാക്യം ആദിമസഭയിലെ ഒരു പ്രത്യേക പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനാണ് എഴുതിയത്. സുവിശേഷവ്യാഖ്യാനം അക്കാലത്ത് തുടങ്ങിയിരുന്നുവെന്നും മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യപരിതസ്ഥിതികള്‍ക്കനുസരിച്ച് നിയമത്തെ വ്യാഖ്യാനിക്കുന്നതിനുള്ള അവകാശം മത്തായി ഉള്‍പ്പെട്ട സമൂഹത്തിന് ഉണ്ടായിരുന്നു എന്നും ഇതു സൂചിപ്പിക്കുന്നു.

നിയമത്തെ മാറ്റുവാന്‍ തക്കവിധമുള്ള ഒരു വ്യാഖ്യാനം മത്തായി 5:33-37-ല്‍ നാം കാണുന്നു. 33-ാം വാക്യത്തില്‍ 'ശപഥങ്ങളെ'പ്പറ്റി പറഞ്ഞിരിക്കുന്നത് പഴയനിയമഭാഗങ്ങളുടെ ഒരു ശൃംഖലയാണ് (പുറ. 20:7, ലേവ്യ 19:12, സംഖ്യ. 30:3, നിയമ; 23:22, സങ്കീ. 50:14). യഹൂദരും പൗരസ്ത്യരും ശപഥം ചെയ്യുന്നതില്‍ തല്‍പരരായിരുന്നു. എസ്സെന്‍ സമൂഹം ഈ ശപഥങ്ങളെ പാടേ ഉപേക്ഷിച്ചു.  34-36 വാക്യങ്ങളില്‍ കാണുന്ന തത്വങ്ങള്‍ ആണയിടുന്നതിനെപ്പറ്റി നിയമപണ്ഡിതരുടെ ഇടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നു കാണിക്കുന്നു. (cf. 23: 12-16) പലതരം വക്രോക്തികള്‍ നിറഞ്ഞ പ്രതിജ്ഞ എടുക്കലിന്‍റെ വഞ്ചന മനസ്സിലാക്കിയ ഈശോ 'അതേ' എന്നോ 'അല്ല' എന്നോ പറയുവാന്‍ അനുശാസിക്കുന്നു. ഹോസിയാ 4:15 ലും ആണയിടല്‍ തിരസ്ക്കരിക്കുന്നതായും നാം കാണുന്നു. പ്രതിജ്ഞയ്ക്കുപകരം ആവര്‍ത്തിച്ചുള്ള അതേ എന്നോ അല്ല എന്നോ ഉള്ള പ്രയോഗം "സ്ലോവോനിക് എനോക്" (slavovic Enoch) 40:1 ല്‍ നിര്‍ദ്ദേശിക്കുന്നു. ചില അവസരങ്ങളില്‍ ഈ പദപ്രയോഗങ്ങള്‍ വിപരീത അര്‍ത്ഥം ഉളവാക്കുന്നതിനാല്‍ സാമൂഹ്യമനുഷ്യബന്ധങ്ങള്‍ അസ്ഥിരമാക്കുന്നു. അതിനാല്‍ ക്രിസ്തുനാഥന്‍ ഹോസിയായേക്കാള്‍ ഒരുപടി മുന്‍പോട്ടു പോകുന്നു.

മത്തായി 5:36-42 ലെ പ്രതികാര പ്രവൃത്തിയെപ്പറ്റിയുള്ള എതിര്‍വാദം ആദ്യത്തേത് പിന്‍വലിച്ചുകൊണ്ടുള്ള പുനര്‍വ്യാഖ്യാനത്തിന് നല്ല ഉദാഹരണം നല്‍കുന്നു. ഈ പ്രതികാരപ്രവൃത്തിയുടെ നിയമം (lex talionis) പഴയനിയമത്തിലെ ഒരു നിയമ വ്യാഖ്യാനമായിരുന്നു. (പുറ. 21: 24, ലേവ്യ. 24: 20, നിയമ. 19:21). ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം ഇത് ദൈവത്തിന്‍റെ മാര്‍ഗ്ഗമായിരുന്നില്ല. അതിനാല്‍ ഇത് പുതിയ സമൂഹത്തിന്‍റെ മാതൃകയാകുക സാദ്ധ്യമായിരുന്നില്ല. പ്രകോപനത്തിനു മുന്‍പില്‍ ധൈര്യത്തിനും സ്വയം ശിക്ഷണത്തിനും കാരുണ്യത്തിനും ഈശോ ആഹ്വാനം ചെയ്യുന്നു. ഒരു മൈലിനു പകരം രണ്ടു മൈല്‍ നടക്കുന്നതിനുള്ള ആത്മധൈര്യമാണിത്.

5:43-48 ല്‍ സഹോദരസ്നേഹത്തെക്കുറിച്ചുള്ള എതിര്‍ വാദത്തിലേക്ക് ഈ പ്രബോധനം എത്തിനില്‍ക്കുന്നു. അയല്‍ക്കാരനെ സ്നേഹിക്കുക എന്നത് പഴയനിയമത്തില്‍ മനസ്സിലാക്കിയിരുന്നത് സമീപവാസിയായ അയല്‍ക്കാരനെ സ്നേഹിക്കുക എന്നതായിരുന്നു (ലേവ്യ. 19:18). അതേസമയം പുറജാതിക്കാരനോടുള്ള ഉത്തരവാദിത്വവും ഉള്‍ക്കൊള്ളുന്നുണ്ട് (നിയമ. 10:18-39). എന്നാല്‍ ശത്രുവിനെ വെറുക്കുവാനുള്ള അനുശാസനം കാണുന്നില്ല. ഈശോ "ശത്രു" വിനെ തിരസ്ക്കരിക്കുന്നില്ല. പ്രത്യുത ഒരു "വ്യക്തി" യായി കണക്കാക്കി തന്‍റെ സ്നേഹത്തിലേക്ക് ക്ഷണിക്കുന്നു. നമ്മുടെ സ്നേഹം ദൈവപരിപാലനയില്‍ അടിയുറച്ചതായിരിക്കണം എന്നുള്ളതാണ് ഇതിന്‍റെ ഏകകാരണം (45, 48). പിതാവിനെ അനുകരിച്ചുകൊണ്ടാണ് യഥാര്‍ത്ഥ പുത്രന്മാര്‍ തങ്ങളുടെ നിയമസാധ്യത തെളിയിക്കുന്നത്. തന്‍റെ പുതിയ സമൂഹത്തിന്‍റെ തനിമയുടെ അടയാളമായി, തന്‍റെ അനുയായികള്‍ സ്വാംശീകരിക്കേണ്ടത്  ഈ ധര്‍മ്മബോധമാണ്.

ഈ എതിര്‍വാദത്തെപ്പറ്റിയും  മത്തായിയുടെ വീക്ഷണം പുതിയ നിയമത്തെയല്ല പ്രത്യുത പഴയനിയമത്തിന്‍റെ പുതിയ വ്യാഖ്യാന (5: 17, 18) ത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് മുകളില്‍  നടത്തിയിരിക്കുന്ന ചര്‍ച്ച വ്യക്തമാക്കുന്നു. 5:20 ലെ 'ഡികായിയോ സൂനെ' മറ്റ് ആറു പ്രയോഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ സമൂര്‍ത്തമായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു. ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു പദമാണിത്. ഈ പദത്തിന്‍റെ വിവിധ ഘടകങ്ങള്‍ ഈ ബന്ധത്തിന്‍റെ അടിസ്ഥാനമായിത്തീരുന്നു. മനുഷ്യന്‍റെ ധര്‍മ്മബോധത്തെയാണ് ഈ ഭാഗം സൂചിപ്പിക്കുന്നത് എന്ന് 5: 20 ലെ 'ഹ്യൂമോന്‍' എന്ന സംബന്ധികാ വിഭക്തിയിലുള്ള പദം വ്യക്തമാക്കുന്നു. ഈ ധര്‍മ്മബോധത്തിന് ഗുണത്തെ സൂചിപ്പിക്കുന്ന ഒരര്‍ത്ഥവും അളവിനെ സൂചിപ്പിക്കുന്ന ഒരര്‍ത്ഥവുമുണ്ട്. 5: 20 ന്‍റെ പുനരാഖ്യാനമായ 5: 48 ലെ സ്നേഹപരിപൂര്‍ണ്ണതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ഇതാണ് ക്രിസ്തുശിഷ്യന്മാര്‍ക്ക് അവരുടെ തനിമ പകര്‍ന്നുകൊടുക്കുന്നത്. ഇതിന്‍റെ  ലക്ഷ്യം പൂര്‍ണ്ണത ആവശ്യപ്പെടുകയും ചെയ്യുന്നു.

മത്തായി 6:1

മത്തായി 5:21-48ന്‍റെ (ശീര്‍ഷകം) തലക്കെട്ട് 5:20 ആയിരിക്കുന്നതുപോലെ 6:1, 6:2-18 ന്‍റെ തലക്കെട്ടാണ്. 6:1 ലെ ധര്‍മ്മബോധം 5:20 ലെ ധാര്‍മ്മികത എന്ന പ്രയോഗത്തിനു സമാനമാണ്. ഇവിടെ എല്ലാം ഈ പദം ശിഷ്യരുടെ ധര്‍മ്മബോധമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് 6:1 ലെ ധര്‍മ്മബോധം എന്ന പദത്തിന്‍റെ അര്‍ത്ഥം 6:2-18 വരെയുള്ള ഭാഗം നല്‍കുന്നു എന്നു പറയാം. ദാനം, പ്രാര്‍ത്ഥന, ക്ഷമ, ഉപവാസം എന്നിവ ഇത് ഉള്‍ക്കൊള്ളുന്നു. ഈ ക്രിസ്തീയ ജീവിതചര്യകള്‍ 'ദൈവരാജ്യ' (Basileia) വുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഇവയ്ക്ക് യുഗാന്ത്യോന്മുഖമായ പ്രതിഫലമുണ്ട്. ഇവവഴി സ്വര്‍ഗ്ഗരാജ്യത്തില്‍ നാം നിക്ഷേപം ഉണ്ടാക്കുന്നു(രള 6:19-21).

6:1 ലെ ധര്‍മ്മബോധം എന്ന ഈ പദം നമ്മുടെ പ്രവൃത്തികളും ഉദ്ദേശ്യശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 5:20 ലെപ്പോലെ ഇതും വിശ്വാസജീവിതത്തിന്‍റെ പ്രായോഗികവശത്തെ സൂചിപ്പിക്കുന്നു. 5:19 ലും 6:1 ലും കാണുന്ന 'ചെയ്യുക' (noieo) എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം തത്ത്വവും പ്രയോഗവും തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നു. 6:1 ല്‍ കാണുന്ന ധര്‍മ്മബോധം ദൈവത്തിന് മനുഷ്യനില്‍നിന്നുള്ള അവകാശമായി മനസ്സിലാക്കാം. സാമൂഹ്യഫലങ്ങള്‍ ഉളവാക്കുന്ന മതപരമായ കടമകളെ ഇതു സൂചിപ്പിക്കുന്നു.

മത്തായി 6:33

'ഡികായിയോസൂനേ' പദപ്രയോഗങ്ങളുടെ രണ്ടാം ഗണത്തിലാണ് 5:6-ഉം 6:33-ഉം കാണുക. ഇവ തുടര്‍ച്ചയായുള്ള വാദപ്രതിവാദത്തിലേക്ക് വഴിതെളിക്കുന്നു. കാരണം 5:20 ലും, 6:1 ലും കാണുന്ന അതേ പൊതുസാഹചര്യത്തിലാണ് ഈ വാക്യങ്ങളും നാം കാണുക.

6:33 ന്‍റെ അര്‍ത്ഥത്തെപ്പറ്റി പണ്ഡിതരുടെ ഇടയില്‍ അഭിപ്രായ ഐക്യം ഇല്ല. ചിലരുടെ അഭിപ്രായത്തില്‍ ഇതു ദൈവത്തിന്‍റെ രക്ഷാകരപ്രവൃത്തിയേയും, മറ്റു ചിലരുടെ അഭിപ്രായത്തില്‍ ദൈവത്തിന്‍റെ ദാനത്തെയും മനുഷ്യനില്‍നിന്നുള്ള അവകാശത്തെയും, വേറേ ചിലരുടെ അഭിപ്രായത്തില്‍ ഇത് ആത്യന്തികമായി ദൈവത്തെയുമാണ് സൂചിപ്പിക്കുന്നത്.

ഗിരിപ്രഭാഷണത്തിന്‍റെ പൊതുവായ സാഹചര്യത്തില്‍നിന്നുവേണം 6:33 നെ മനസ്സിലാക്കുവാന്‍ ശ്രമിക്കേണ്ടത്. ഓരോ അദ്ധ്യായത്തിലെയും ഘടനയുടെ പ്രത്യേകത അനുസരിച്ചുള്ള സമാനകര്‍ത്തവ്യങ്ങളാണ് 6:33 ഉം, 5:48 ഉം നിര്‍വ്വഹിക്കുക. പി. സ്ക്കാഫ് (P.schaff) കുറേക്കൂടി മുന്നോട്ടുപോയി ഈ ഭാഗങ്ങളുടെ അര്‍ത്ഥത്തിലും ഈ സമാന്തരത്വം കാണുന്നു. ഇവ രണ്ടിലും ദൈവനീതി അന്വേഷിക്കുക എന്നാല്‍ പരിപൂര്‍ണ്ണത പ്രാപിക്കുക എന്നതാണ്. 5:20, 48: 6:1  ഇവയില്‍ കാണുന്ന څധര്‍മ്മബോധംچ എന്ന പദം മനുഷ്യരില്‍നിന്നുള്ള അവകാശത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ 6:33-ല്‍ ഇത് ഇങ്ങനെയല്ല. ഇതില്‍നിന്നും 6:33 ലെ ധര്‍മ്മബോധം മനുഷ്യനില്‍നിന്നുള്ള ദൈവത്തിന്‍റെ അവകാശത്തെ സൂചിപ്പിക്കുന്നുവെന്നു മനസ്സിലാക്കാം. ഇത് ദൈവഹിതം നിറവേറി കാണാനുള്ള ആഗ്രഹവും അതിനുള്ള സമര്‍പ്പണവുമാണ്. "അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ" (6:33) എന്ന പ്രാര്‍ത്ഥനയുടെ ആധാരമിതാണ്. ദൈവത്തിന്‍റെ രാജ്യത്തോടൊപ്പം അവിടുത്തെ നീതിയും മനുഷ്യര്‍ തേടുന്നു.

ഇത്തരത്തിലുള്ള ധാരണ മത്തായിയുടെ മാത്രം പ്രത്യേകതയല്ല. യാക്കോബ് 1:20 ല്‍ ദൈവനീതി എന്നത് മനുഷ്യന്  കൊടുത്തിരിക്കുന്ന ദാനമല്ല, പ്രത്യുത അവനില്‍നിന്ന് ആവശ്യപ്പെടുന്ന ഒന്നാണ്. ലൂക്കായുടെ സമാന്തര സുവിശേഷഭാഗത്ത് (12:31) ഇല്ലാത്ത "ആദ്യം," "ധര്‍മ്മബോധം" (6:33) എന്നിവ മത്തായിയുടെ സുവിശേഷത്തില്‍ ഇവക്കുള്ള പ്രാധാന്യത്തെ കാണിക്കുന്നു. ദൈവഹിതത്തെ വ്യക്തമാക്കുന്ന പഴയനിയമത്തിന്‍റെ ഈ പുതിയ വ്യാഖ്യാനത്തിന് പ്രത്യേക ഊന്നല്‍ കൊടുക്കുകയാണ് ഇവിടെ.

മത്തായി 5:6

5:6 ലെ ധര്‍മ്മബോധം എന്ന പദത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് അഭിപ്രായൈക്യമില്ല. 6:31 ലേതുപോലെ ഇവിടെയും അടിസ്ഥാനപരമായ പ്രശ്നം ഇത് ദൈവത്തിന്‍റെ ദാനമാണോ, അല്ലെങ്കില്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നതാണോ അഥവാ ഇതു രണ്ടുമാണോ എന്നിവയെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ഇതിനു സമാനമായ ഭാഗം ലൂക്കായുടെ സുവിശേഷം 6:21 ല്‍ കാണുന്നുണ്ടെങ്കിലും വിശപ്പിന്‍റെ പ്രേരണ എന്താണെന്നു വ്യക്തമാക്കാത്തതിനാല്‍ ഇത് വ്യക്തമല്ല. 5:5-ലെ സൗമ്യശീലര്‍ക്ക് സൗമ്യതയോ 5:8 ലെ നിര്‍മ്മല ഹൃദയര്‍ക്ക് നൈര്‍മ്മല്യമോ അല്ല കിട്ടുന്നത്. ഈ അടുത്ത സന്ദര്‍ഭം തെറ്റിദ്ധാരണാജനകമാണ്. ലൂക്കായുടെ സുവിശേഷത്തില്‍ കാണാത്ത ധര്‍മ്മബോധം എന്ന പദം മത്തായി ഉപയോഗിച്ചിരിക്കുന്നത് സുവ്യക്തതയ്ക്കുവേണ്ടിയാണ്. 5:20 ലും 6:1 ലും, 33 ലും ഈ ആശയം വളരെ പ്രാധാമ്യമര്‍ഹിക്കുന്നതുകൊണ്ട് 5:6 ലെ വിശപ്പിന്‍റെ പ്രേരണയെ വ്യക്തമാക്കാന്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നത് ഉചിതമാണ്. ഇവിടെയെല്ലാം  "ധര്‍മ്മബോധം" ദൈവഹിതമനുസരിച്ചുള്ള മനുഷ്യന്‍റെ പെരുമാറ്റത്തെ സൂചിപ്പിച്ചിരിക്കുന്നതിനാല്‍ ഇവയുടെ അര്‍ത്ഥം ഒന്നുതന്നെയാണ്.

മത്തായി 3: 15

ഈശോയുടെ ജ്ഞാനസ്നാനാവസരത്തില്‍ ഉപയോഗിച്ചിരിക്കുന്ന 3 :15 ലെ പ്രയോഗമാണ് മൂന്നാമത്തെ വിഭാഗത്തിലെ ആദ്യത്തേത്. പൂര്‍ത്തിയാവുക എന്നതിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുള്ള വിയോജിപ്പ് ധര്‍മ്മബോധം എന്ന പദം ദൈവത്തിന്‍റെ ദാനമാണോ അതോ ദൈവത്തിന്‍റെ അവകാശമാണോ എന്നുള്ള വ്യത്യസ്ത നിലപാടുകളിലേക്ക് പണ്ഡിതരെ നയിച്ചു.

ഈ പദത്തിന് കൂടുതല്‍ വ്യാപകമായ അര്‍ത്ഥം നല്‍കാന്‍ മത്തായി ഉദ്ദേശിച്ചു എന്ന് 3:13-17 ലെ കഥയില്‍നിന്നും മനസ്സിലാക്കാം. സ്നാപകയോഹന്നാനും ഈശോയും പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്ന നീതിയുടെ ഒരു വശം മാത്രമാണ് ഈ ജ്ഞാനസ്നാനം. ഫെന്‍ററ്റന്‍ (Fenton) എന്ന പണ്ഡിതന്‍റെ അഭിപ്രായത്തില്‍ 3:15-ല്‍ കാണുന്ന "ധര്‍മ്മബോധം" ഒരുവന്‍ അനുഷ്ഠിക്കേണ്ട ദൈവകല്‍പനകളെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ഈ വാക്ക് ദൈവദാനത്തെയല്ല, ദൈവത്തിനുള്ള അവകാശത്തെയാണ് സൂചിപ്പിക്കുന്നത്. സ്നാപകന്‍റെയും, ഈശോയുടെയും പ്രവര്‍ത്തനത്തിനടിസ്ഥാനം ഈ ധര്‍മ്മബോധം ആണ് എന്ന് കാണിക്കുവാന്‍വേണ്ടിയാവണം മത്തായി ഈ സന്ദര്‍ഭം സൃഷ്ടിച്ചിരിക്കുന്നത്.

മത്തായി 5:10

5:10 ല്‍ ധര്‍മ്മബോധം പീഡനത്തിനുള്ള ഒരു കാരണമായിട്ടാണ് സൂചിപ്പിക്കുന്നത്. ഒരുവന്‍റെ പ്രവര്‍ത്തനഫലമായാണ്  അവന്‍ മര്‍ദ്ദിക്കപ്പെടുന്നത്. അതുകൊണ്ട് "ധര്‍മ്മബോധം" മനുഷ്യനിലുള്ള എന്തോ ഒന്നായി കണക്കാക്കാം. അതിനാല്‍ ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായത്തില്‍ ഈ പദം ദൈവത്തിന്‍റെ ദാനത്തിലുപരി മനുഷ്യന്‍റെ പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്.

മത്തായി 21: 32

3: 15 ലെപ്പോലെ 21: 32ലും 'ധര്‍മ്മബോധം' എന്ന പ്രയോഗം സ്നാപകയോഹന്നാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവാലയത്തില്‍വച്ച് പ്രധാന പുരോഹിതരെയും, മൂപ്പന്മാരേയും ഈശോ അഭിമുഖീകരിക്കുന്നതാണ് ഇവിടുത്തെ സാഹചര്യം. പാപികളുടെ സ്വര്‍ഗ്ഗരാജ്യപ്രവേശനവും ഈശോയുടെ അധികാരവുമാണ് ഇവിടുത്തെ ചര്‍ച്ചാവിഷയം. ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തിയെയാണ് ഇവിടെ 'ധര്‍മ്മബോധം' സൂചിപ്പിക്കുന്നത് എന്നതില്‍ പല പണ്ഡിതരും യോജിക്കുന്നു. എന്നാല്‍ ഇതിനുള്ള 'മാര്‍ഗ്ഗ' ത്തെ സംബന്ധിച്ച്, അവര്‍ വിയോജിക്കുന്നു. ഇവിടുത്തെ 'മാര്‍ഗ്ഗ' ഒരു ജീവിതരീതിയാണോ അഥവാ പ്രബോധന വിഷയമാണോ എന്നുള്ളതാണ് സംശയം. 21: 32 ല്‍ കാണുന്ന "നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല" എന്ന വാക്യം സ്നാപകന്‍ നല്‍കിയ സന്ദേശത്തെ അവര്‍ തിരസ്ക്കരിച്ചു എന്നു കാണിക്കുന്നു. സ്നാപകയോഹന്നാന്‍റെ പ്രബോധനവിഷയത്തെയാണ് 'മാര്‍ഗ്ഗം' സൂചിപ്പിക്കുന്നത് എന്ന പ്രസ്താവനയെ ഇത് പിന്താങ്ങുന്നു. മറ്റു സമാന്തര സുവിശേഷങ്ങളില്‍ കാണുന്ന 21:28-32 ലെ രണ്ടു പുത്രന്മാരുടെ ഉപമയില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നതുപോലെ, 5:19 ല്‍ പ്രബോധനവും പ്രവര്‍ത്തനവും തമ്മിലുള്ള ഐക്യത്തെ ദൃഢപ്പെടുത്തുന്നു. 21: 32ല്‍  യാഹന്നാന്‍റെ സന്ദേശത്തെപ്പറ്റി മാത്രമല്ല, അദ്ദേഹത്തിന്‍റെ വ്യക്തിപരമായ പ്രവര്‍ത്തനത്തെപ്പറ്റിയും സൂചിപ്പിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ട്.

21: 32 ന് ലൂക്കായുടെ സുവിശേഷത്തില്‍ സമാനമായ ഒരു ഭാഗമുണ്ട്. (ലൂക്കാ 7: 30) മത്തായി 21: 32 ലെ "ധര്‍മ്മമാര്‍ഗ്ഗം" എന്ന പ്രയോഗം ലൂക്കാ 7: 30ലെ ദൈവഹിതമെന്ന പദത്തിനു സമാനമാണ്. ധര്‍മ്മബോധം ദൈവഹിതത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ ഈ രണ്ടു വാക്കുകള്‍ക്കും സമാന അര്‍ത്ഥമാണുള്ളത്. "ധര്‍മ്മബോധത്തെ നിരാകരിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യ"ത്തില്‍ പ്രവേശിക്കുകയില്ല. ദുഷ്ടരായ കൃഷിക്കാരുടെ ഉപമയില്‍ ധര്‍മ്മത്തിനു പകരം അധര്‍മ്മം പ്രവര്‍ത്തിച്ചവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുന്നതായും നാം കാണുന്നു. (21: 33-46) ഇതില്‍നിന്ന് ഫലം പുറപ്പെടുവിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗ്രാജ്യം പ്രാപ്യവുമാണ് എന്നു മനസ്സിലാക്കാം. 21-ാം അദ്ധ്യായത്തില്‍ കാണുന്ന ധര്‍മ്മബോധം ദൈവഹിതാനുസരണത്തെയും ദൈവദാനത്തെയും സൂചിപ്പിക്കുന്നു.

"ധര്‍മ്മബോധം" എന്ന പദത്തെപ്പറ്റിയുള്ള ഏഴു ഭാഗങ്ങള്‍ പഠിച്ചതിന്‍റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ ദൈവഹിതാനുസരണമുള്ള നിയമാനുഷ്ഠാനത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്  എന്ന് വ്യക്തമാകുന്നു, ഈ നിയമത്തിന്‍റെ സ്വഭാവം (5: 17-18) മാറുന്നില്ലെങ്കിലും ഇതിനെപ്പറ്റി പല വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും സാദ്ധ്യതയുണ്ട്. ദൈവേഷ്ടം വെളിപ്പെടുത്തുന്ന ഈശോയുടെ പുതിയ നിയമത്തിലധിഷ്ഠിതമായ മനുഷ്യപ്രവൃത്തിയെയാണ് ധര്‍മ്മബോധം എന്നതുകൊണ്ട് മത്തായി ഉദ്ദേശിക്കുന്നത്. പ്രവൃത്തികള്‍ ഉള്‍ക്കൊള്ളുന്നതും സന്മനസ്സ്, അനുരഞ്ജനം, ഹൃദയശുദ്ധി, ഉദ്ദേശ്യശുദ്ധി, ക്ഷമ, സത്യം, പ്രതികാരമില്ലായ്മ, ദയ, സ്നേഹം, ദാനധര്‍മ്മം, പ്രാര്‍ത്ഥന, ഉപവാസം എന്നിവ അടങ്ങുന്നതുമായ ഒരു പദമാണിത്. മത്തായിയുടെ ഒരു പ്രധാനപ്പെട്ട ദൈവശാസ്ത്ര വിഷയമാണിത്.

വ്യാപകമായ അര്‍ത്ഥത്തില്‍ സിബില്‍സ്ക്കി ഈ ആശയത്തെ നിര്‍ണ്ണായകമായി കാണുന്നില്ല. എന്നാല്‍ സമകാലീന യഹൂദനേതാക്കന്മാരുമായുള്ള ഈശോയുടെ വാദപ്രതിവാദത്തില്‍ ഈ പദത്തിന് വലിയ പ്രാധാന്യം ഉണ്ട് എന്ന് അദ്ദേഹം അംഗീകരിക്കുന്നു. "ധര്‍മ്മബോധ"വും "ദൈവഹിതവും" തമ്മില്‍ ഒരു തരംതിരിവു നടത്തുകയും രണ്ടാമത്തേത് കൂടുതല്‍ അര്‍ത്ഥവ്യാപ്തിയുള്ളതാണ് എന്ന് അദ്ദേഹം മനസ്സിലാക്കുകയും ചെയ്യുന്നു. ധര്‍മ്മാനുഷ്ഠാനത്തിന്‍റെയും ദൈവഹിതാനുസരണത്തിന്‍റെയും ലക്ഷ്യം സ്വര്‍ഗ്ഗരാജ്യപ്രാപ്തിതന്നെയാകയാല്‍ അദ്ദേഹത്തിന് ഇവിടെ തെറ്റു പറ്റിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തില്‍ ഈ തരംതിരിവ് ഇല്ല. ലൗകികോത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അത് ദൈവത്തിന്‍റെ ദാനമാണ് എന്ന കാര്യം മത്തായി ഊന്നിപ്പറയുന്നില്ല. എന്നാല്‍ ധര്‍മ്മബോധവും ദൈവരാജ്യവും തമ്മിലുള്ള അഭേദ്യബന്ധത്തെ അദ്ദേഹം വ്യക്തമാക്കുന്നു.

ബന്ധത്തെ അടിസ്ഥാനപരമായി സൂചിപ്പിക്കുന്ന മത്തായിയുടെ ഒരു പ്രധാന ആശയമാണ് ധര്‍മ്മബോധം. ആശയാധിഷ്ഠിതമായ ഒരു ഐക്യത്തെയല്ല മറിച്ച് സാഹചര്യാധിഷ്ഠിതമായ ഐക്യത്തെയാണ് ഈ പദം കാണിക്കുന്നത്. ക്രിസ്തീയ പ്രവൃത്തികള്‍ തമ്മിലുള്ള ഐക്യത്തെയും സ്വര്‍ഗ്ഗരാജ്യപ്രാപ്തിക്കുള്ള മാനദണ്ഡത്തെയും ഇതു സൂചിപ്പിക്കുന്നു. നാം നേരത്തെ ചര്‍ച്ചചെയ്ത ഏഴുഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ ധര്‍മ്മബോധം. പ്രത്യുത മത്തായിയുടെ സുവിശേഷം മുഴുവന്‍ അത് വ്യാപിച്ചുകിടക്കുന്നു.

മത്തായിയുടെ വീക്ഷണത്തില്‍ യേശുവിന്‍റെ സാമൂഹിക മനോഭാവം

കര്‍ത്താവിന്‍റെ സാമൂഹിക മനോഭാവത്തില്‍നിന്നു മത്തായിയുടെ സുവിശേഷത്തിലെ "ധര്‍മ്മബോധം" എന്ന ആശയം കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയും. യേശുവിന്‍റെ "സാമൂഹികബോധം" എന്ന പ്രയോഗം പരിശോധിക്കുമ്പോള്‍ നാം അര്‍ത്ഥമാക്കുന്നത് യേശുവിന്‍റെ "സാമൂഹ്യ രാഷ്ട്രീയ മനോഭാവത്തെപ്പറ്റി പറയുമ്പോള്‍ കര്‍ത്താവ് പാവപ്പെട്ടവരുടെ പ്രശ്നങ്ങളില്‍ മാത്രമല്ല പ്രതികരിച്ചത് എന്നു കാണാം. പ്രത്യുത തന്‍റെ സമകാലികരായ മത-രാഷ്ട്രീയ നേതാക്കന്മാരുടെ നയങ്ങളിലും പ്രവൃത്തികളിലും അവിടുന്ന് പ്രതികരിച്ചു എന്നതിന് ഊന്നല്‍ കൊടുക്കുവാനാണ് നാം ശ്രമിക്കുക.

തന്‍റെ ചിന്തകള്‍ ആരുടെ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നുവോ, ആരുടെ അന്നന്നു വേണ്ടുന്ന ആഹാരമാണോ അദ്ദേഹം പങ്കുവെച്ചത് ആ സമൂഹത്തിന്‍റെ സമയവും സാഹചര്യങ്ങളുമായി ഈശോയെ വ്യക്തമായി ബന്ധപ്പെടുത്തുകയാണ് മത്തായി സുവിശേഷകന്‍. തല്‍ഫലമായി ധര്‍മ്മബോധം എന്ന പദപ്രയോഗം ഇങ്ങനെയുള്ള ഒരു സമൂഹവുമായി അതിന്‍റെ ആചാരങ്ങളും പ്രവര്‍ത്തനങ്ങളും നയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിയമരാഹിത്യം (5:19, 7:21), വ്യാജപ്രവാചകന്മാര്‍ (7: 15, 22-23; 24: 11) ക്രിസ്ത്യാനികളുടെ മതമര്‍ദ്ദനം (5: 11; 10: 18) നികുതി (17: 24-27) വിവാഹമോചനം (5: 31; 19: 9) ക്ഷമാരാഹിത്യം (18: 22) സഭയിലെ തുടര്‍ച്ച (18: 15ള) ചൂഷകനേതൃത്വം (20: 25-28) സാമ്പത്തിക പരാധീനത (20: 1-16) എല്ലാ തരത്തിലുമുള്ള രോഗങ്ങള്‍, സമ്പത്തുവിതരണത്തിലുള്ള ഉച്ചനീചത്വങ്ങള്‍ (19: 20-22) ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ അടങ്ങിയ ഒരു സമൂഹമാണിത്.

i) പാവങ്ങളോടുള്ള യേശുവിന്‍റെ മനോഭാവം

"തന്‍റെ ജനത്തെ അവരുടെ പാപത്തില്‍നിന്നും രക്ഷിക്കുന്ന" ഒരുവനായിട്ടാണ് മത്തായിയുടെ സുവിശേഷാരംഭത്തില്‍ യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത് (1: 21). ഈ പ്രഖ്യാപനത്തിന് യോജിച്ച വിധത്തില്‍ മനുഷ്യരുടെ "ധര്‍മ്മബോധ"ത്തിനായുള്ള ആഗ്രഹങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ (3: 15) അവന്‍ യോഹന്നാനില്‍ നിന്നും മാമ്മോദീസാ സ്വീകരിച്ചു. (3:1-17) കര്‍ത്താവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം സമൂഹത്തിലെ അവഗണിക്കപ്പെട്ടവരിലേക്കു തിരിയുന്നതായി മത്തായിയുടെ സുവിശേഷത്തില്‍ പലപ്പോഴും നാം കാണുന്നു. പാപികള്‍, രോഗികള്‍, വിശക്കുന്നവര്‍, ദുഃഖിതര്‍, വ്യഭിചാരികള്‍, ചുങ്കക്കാര്‍, പിശാചു ബാധിതര്‍, മര്‍ദ്ദിതര്‍, അവഗണിക്കപ്പെട്ടവര്‍, അടിമകള്‍, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും, ചെറിയവര്‍, നിസ്സാരര്‍, ഇസ്രായേലിന്‍റെ നഷ്ടപ്പെട്ട മക്കള്‍-ഇവരെല്ലാം യേശുവിന്‍റെ കരുണയ്ക്കു പാത്രീഭൂതരായവരാണ്. സമൂഹത്തിന്‍റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ഒരു ജനസഞ്ചയത്തെ ഇവര്‍ പ്രതിനിധാനം ചെയ്യുന്നു. താഴേക്കിടയിലുള്ളവര്‍, സാധാരണക്കാര്‍, മര്‍ദ്ദിതര്‍, പാപികള്‍, എന്നിങ്ങനെ ചിലര്‍ ഇവരെ വിശേഷിപ്പിക്കാറുണ്ട്.

മേല്‍പ്പറഞ്ഞ ഈ സമൂഹത്തെയാണ് 3:3-ല്‍ യേശു അഭിസംബോധന ചെയ്യുന്നത്. പഴയനിയമത്തിലെ "ആത്മാവില്‍ ദരിദ്രരാ"ണവര്‍. സാമ്പത്തികവും സാമൂഹികവുമായ വിഷമതകള്‍ ഉള്ള ഇവര്‍ക്ക് ദൈവം മാത്രമാണ് ശരണം (PS 69: 29-36) കര്‍ത്താവിന്‍റെ അഭിഷിക്തന്‍ സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം പ്രസംഗിച്ചത് അക്കാലത്തെ പാവങ്ങളോടും വേദനയനുഭവിക്കുന്നവരോടുമാണ്. എന്നിരുന്നാലും മത്തായിയുടെ പാവങ്ങള്‍ എന്ന പദപ്രയോഗം ഭൗതികമായി പാവങ്ങളായവരെയും തങ്ങളെത്തന്നെ സഹായിക്കാന്‍ കഴിയാത്ത ദൈവത്തിന്‍റെ കരുണ ആവശ്യമുള്ള ധനവാന്മാരെയും ഉള്‍ക്കൊണ്ടിരുന്നു. പാവങ്ങള്‍ക്കും ബലഹീനര്‍ക്കും രോഗശാന്തിയും ഭക്ഷണവും നല്‍കിയും അവരുടെ പാപങ്ങള്‍ ക്ഷമിച്ചും കരുണാര്‍ദ്രമായി അവരോട് പെരുമാറുന്ന യേശുവിനെയാണ് മത്തായി അവതരിപ്പിക്കുന്നത്.ഏശയ്യ 42: 1-4-ലെ സഹനദാസന്‍റെ നീതിദൗത്യവുമായി 12: 15-20-ലെ രോഗശാന്തിയെ ബന്ധിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടും മത്തായിയുടെ സുവിശേഷത്തിന് അനുയോജ്യമാണ്.

മത്തായിയെ സംബന്ധിച്ച് കരുണയെന്നത് യേശുവിന്‍റെ സന്ദേശത്തിലെ ഒരു പ്രധാന ഘടകമാണ്. ഇതുവഴിയാണ് അവിടുന്ന് തന്‍റെ ദൗത്യം നിര്‍വ്വഹിച്ചത്. യേശു സുവിശേഷ പ്രഭാഷണത്തിനായി ശിഷ്യന്മാരോട് അഭ്യര്‍ത്ഥിക്കുന്നിടത്തുപോലും മര്‍ദ്ദിതരോട് കരുണാപൂര്‍വ്വം പൊരുമാറി അവര്‍ക്ക് നീതി സ്ഥാപിതമാക്കുവാനുള്ള ഒരു വിളി അടങ്ങിയിരിക്കുന്നു (10: 5-8). മനുഷ്യരെ മനുഷ്യരായി കണ്ടെങ്കില്‍ മാത്രമേ ഈ കരുണാര്‍ദ്ര സ്നേഹം സാദ്ധ്യമാവുകയുള്ളുവെന്ന് യേശു മനസ്സിലാക്കിയിരുന്നു. സഹോദരനുമൊത്ത് പങ്കു വയ്ക്കുകയും സഹിക്കുകയുമെന്നതാണ് ഇതുവഴി നാം അര്‍ത്ഥമാക്കുന്നത്. ഈ ഭാഗം ഡിക്കായിയോസൂനേ (ധര്‍മ്മബോധം) എന്ന പദം ഉള്‍ക്കൊള്ളുന്നില്ലെങ്കിലും യേശു പഠിപ്പിച്ച "വലിയ ധര്‍മ്മബോധത്തിന്‍റെ" ഒരു ഭാഗമാണ് മത്തായി ഉപയോഗിച്ചിരിക്കുന്ന കരുണ എന്ന് നമുക്ക് ഉറപ്പിക്കാം.

 സമൂഹത്തിലെ താഴേക്കിടയിലുള്ളവരോടുപോലും ദയകാണിക്കുന്നതുവഴി ഈ പുതിയ ധര്‍മ്മബോധത്തിന്‍റെ വൈശിഷ്ട്യം വ്യക്തമാക്കുന്ന മറ്റനവധി ഉദാഹരണങ്ങളും മത്തായിയുടെ സുവിശേഷത്തില്‍ ഉണ്ട്. നിര്‍ദ്ദയനായ ഭൃത്യന്‍റെ ഉപമ (18:23-35) കരുണാര്‍ദ്രമായ ഈ ധര്‍മ്മബോധത്തിനുദാഹരണമാണ്. ക്രിസ്തീയ സമൂഹത്തിലെ ഒരു പിടി ജീവിതനിയന്ത്രണങ്ങള്‍ പ്രതിപാദിക്കുന്നതിന്‍റെ അവസാനമാണ് ഈ ഉപമ നമ്മള്‍ കാണുന്നത്. സമാന്തര സുവിശേഷങ്ങളിലൊന്നിലും ഇതിനു സമാന്തരമായ ഒരു ഭാഗം ഇല്ലതാനും. മറ്റുള്ളവരോട് ക്ഷമകാണിക്കുന്നതിനുള്ള ഒരു അഭ്യര്‍ത്ഥനയായി ഇതു കാണുന്നുവെങ്കിലും അടിസ്ഥാനപരമായി കരുണയാല്‍ വിശിഷ്ടമായ ഒരു ധര്‍മ്മബോധത്തിനുള്ള (18:33) അഭ്യര്‍ത്ഥനയാണിത്. മത്തായിയുടെ ദൈവശാസ്ത്രവെളിച്ചത്തില്‍ "നീതിമാന്‍ "എന്നു പറയുന്നത് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നവരെയാണ്. കാരണം തങ്ങള്‍ക്ക് മാപ്പു തന്ന കര്‍ത്താവുമായുള്ള ഉടമ്പടിയുടെ ബന്ധത്തിലാണ് അവര്‍ ജീവിക്കുന്നത്.

 മത്തായി 25:31-46-ല്‍ വായനക്കാരനായ കര്‍ത്താവിന്‍റെ പീഡാസഹനത്തിനും മരണത്തിനുമപ്പുറം മനുഷ്യപുത്രന്‍റെ  രണ്ടാമത്തെ വരവിലേക്ക് കൊണ്ടുവരുന്നു. ഇവിടെ അവസാനവിധിയില്‍ നന്മയും തിന്മയും വേര്‍തിരിക്കപ്പെടുമെന്നുള്ളത് (13:36-43) കളകളുടെ ഉപമയുടെ വ്യാഖ്യാനം നല്‍കി നമ്മെ അനുസ്മരിപ്പിക്കുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കി, ദാഹിച്ചവര്‍ക്ക് കുടിക്കാന്‍ നല്‍കി, പരദേശികളെ സ്വീകരിച്ചു; നഗ്നരെ ഉടുപ്പിച്ചു, രോഗികളെ സഹായിച്ചു, കാരാഗൃഹവാസികളെ സന്ദര്‍ശിച്ചു എന്നിവയാണ് ദൈവരാജ്യം അവകാശപ്പെടുത്തുന്നതിന്‍റെ കാരണങ്ങളായി പറഞ്ഞിരിക്കുന്നത്. ഈ രംഗത്തിന്‍റെ രണ്ടാം പകുതിയില്‍ ഘടന ഒന്നുതന്നെയാണെങ്കിലും അനുഗ്രഹത്തിനു പകരം ശാപമാണ് നാം കാണുന്നത്. രണ്ടാം ഗണത്തില്‍പ്പെട്ട ഇവര്‍ ധര്‍മ്മബോധം തങ്ങളില്‍നിന്നും ആവശ്യപ്പെടുന്നവ എന്തൊക്കെയാണെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ലോകത്തില്‍ എവിടെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍വ്വഹിക്കേണ്ടത് എന്നു തിരിച്ചറിയാന്‍  അവര്‍ക്ക് കഴിഞ്ഞില്ല. ധര്‍മ്മബോധം എന്താണ് ആവശ്യപ്പെടുന്നതെന്നും അവ എവിടെയാണ് നിര്‍വ്വഹിക്കപ്പെടേണ്ടതെന്നും ക്രിസ്ത്യാനികള്‍ കണ്ടുപിടിക്കണമെന്നുള്ള ഒരു മുന്നറിയിപ്പാണത്.പഴയനിയമത്തിലേതുപോലെ പാവങ്ങള്‍ നീതി നിര്‍വ്വഹിക്കുന്നതിനുള്ള ഉരകല്ലായി തീരും.

 വിജാതീയര്‍, കുട്ടികള്‍, സ്ത്രീകള്‍, എന്നിവരെല്ലാം കര്‍ത്താവിന്‍റെ കരുണാര്‍ദ്രമായ പ്രവൃത്തിയില്‍നിന്നും ഫലം അനുഭവിച്ചിട്ടുണ്ട് എന്നതു മറ്റു സുവിശേഷങ്ങളിലേതുപോലെ മത്തായിയുടെ സുവിശേഷത്തിലും സൂചിപ്പിച്ചിട്ടുണ്ട് (15:21-28; 9:18-26). യേശുവിന്‍റെ അനുയായികളില്‍ സ്ത്രീകളെയും അവന്‍ ഉള്‍പ്പെടുത്തി (26:6-13, 27:56; 28:1) സ്ത്രീകളുടെ  താണ നിലയിലുള്ള സ്ഥാനത്തിനെതിരായി ബഹുമാന്യമായ സ്ഥാനങ്ങളില്‍ ഈശോ അവരെ പ്രതിഷ്ഠിക്കുന്നതായി മത്തായി അവതരിപ്പിക്കുന്നു. പാപികളോടുള്ള യേശുവിന്‍റെ സ്നേഹം കാണിക്കുന്ന ഉപമകളും പ്രസ്താവനകളും നമുക്കുണ്ട്. സാര്‍വ്വത്രികത യേശുവിന്‍റെ സാമൂഹ്യമനോഭാവത്തിന്‍റെ ശ്രദ്ധേയമായ ഒരു പ്രത്യേകതയായി മത്തായി പരിഗണിക്കുന്നു. വൈവിദ്ധ്യമായ പശ്ചാത്തലമുള്ളവരെ തന്‍റെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുത്തുന്നതും ധനികരുടെ അതിഥിയായി വിരുന്നില്‍ പങ്കെടുത്ത് അവരിലേക്കും തന്‍റെ കരുണ വ്യാപിപ്പിക്കുന്നവനുമായ ഈശോയെയാണ് മത്തായി നമുക്ക് കാണിച്ചുതരുന്നത് (8:5-13; 9:18-26). തങ്ങളുടെ സ്വത്ത് പാവങ്ങള്‍ക്കായി വിതരണം ചെയ്യുവാന്‍ ധനികരെയും ഈശോ ക്ഷണിക്കുന്നു.

പാവങ്ങളുടെ പരിതാപകരമായ അവസ്ഥ കണ്ടിട്ടാവണം ഈശോ ധനവാന്മാരോട് അവരുടെ സമ്പത്തു വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്നത്. പാവങ്ങള്‍ എന്തുകൊണ്ടാണ് പാവങ്ങളായിരിക്കുന്നതെന്നോ, ധനവാന്മാര്‍ അവരെ ചൂഷണം ചെയ്തിരുന്നുവെന്നോ ഒന്നും വ്യക്തമായി ഇവിടെ പറയുന്നില്ല. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഈ വലിയ വ്യത്യാസത്തിന് കാരണം സാമൂഹ്യരാഷ്ട്രീയ സാമ്പത്തിക കാരണങ്ങളാണെന്ന് ന്യായമായും നമുക്ക് അനുമാനിക്കാം. പാവങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരായി ധനവാന്മാര്‍ക്കെതിരേ അവരുടെ ജീവിതരീതിക്കെതിരേ ശബ്ദമുയര്‍ത്തുന്ന യേശുവിനെയാണ് മത്തായി അവതരിപ്പിക്കുന്നത് എന്ന് ഇതില്‍നിന്നും വ്യക്തമാണ്. അഥവാ ധനവാന്മാരോട് യേശു തങ്ങളുടെ സ്വത്തു മറ്റുള്ളവര്‍ക്കായി വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്നതും ധനവാന്മാര്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സാമൂഹ്യ നിലവാരത്തിനെതിരേയുള്ള യേശുവിന്‍റെ അസംതൃപ്തിയെയാണ് വ്യഞ്ജിപ്പിക്കുന്നത്.

 യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ കാലത്തെ സാമൂഹ്യരാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ തെറ്റായി ഒന്നും ഇല്ലായിരുന്നുവെങ്കില്‍ സമ്പത്തിന്‍റെ വിതരണത്തെപ്പറ്റി അത്ര ശക്തമായ ഒരു നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ലായിരുന്നു. നിയമജ്ഞരുടെയും ഫരിസേയരുടെയും അത്യാര്‍ത്തിക്കും പിടിച്ചുപറിക്കുമെതിരേ അവരെ കുറ്റം വിധിക്കുന്ന (23:25) ഈശോയില്‍നിന്ന് അവിടുത്തേക്ക് ധനവാന്മാരോടുള്ള മനോഭാവം നമുക്കു മനസ്സിലാക്കാം. ഇതേ നിലപാടുതന്നെ (21:12-13) ദേവാലയ ശുദ്ധീകരണത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്തും കാണാം (cf Amos 8:4-6). ചുരുക്കത്തില്‍ ഒരേസമയം ദൈവത്തേയും സാത്താനേയും സേവിക്കുക വ്യര്‍ത്ഥമായിരുക്കുന്നതുപോലെ ലോകത്തില്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നത് വ്യര്‍ത്ഥമാണ്. ഇതുവഴി നാം രക്ഷപെടുകയില്ല (6:19-21, 24). ദൈവത്തിന്‍റെ സൃഷ്ടികളായ മറ്റുള്ളവരെ സഹായിച്ചാല്‍ മാത്രമേ നമുക്കു ദൈവത്തിന്‍റെ ദാസന്മാരാകാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് മറ്റുള്ളവരോട് നമുക്കുള്ള കരുണാര്‍ദ്രമായ സ്നേഹത്തെപ്പറ്റിപ്പറയുന്ന ഭാഗങ്ങള്‍ (eg. 5:42; 19:16-30; 25:31-36) ഒരു പുതിയ മനുഷ്യബന്ധത്തെയും അതില്‍നിന്നുത്ഭൂതമാകുന്ന പുതിയ ധാര്‍മ്മിക ബോധത്തെയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വസ്തുവകകളുടെ പുനര്‍ വിഭജനംവഴി അസമത്വം ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഈശോ വിശ്വസിക്കുന്നതായി കരുതാന്‍ നമുക്ക് യാതൊരു സൂചനയുമില്ല. എന്നാല്‍ ഈശോയുടെ ഈ നിലപാട് അവിടുത്തേക്ക് നല്ല ഒരു സാമൂഹ്യപദ്ധതി ഉണ്ടായിരുന്നു എന്നു ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ii) മത-രാഷ്ട്രീയ നേതാക്കന്മാരോടുള്ള യേശുവിന്‍റെ മനോഭാവം

 ഇതുപോലെ തന്‍റെ കാലത്തുണ്ടായിരുന്ന മത-രാഷ്ട്രീയ നേതാക്കന്മാരോടുള്ള ഈശോയുടെ മനോഭാവവും അവിടുത്തെ "ധര്‍മ്മബോധാ"നുശാസനത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. തന്‍റെ സഭയില്‍ തന്നെ വിവാദങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തര്‍ക്കങ്ങളുടെ സാഹചര്യത്തില്‍ യേശുവിന്‍റെ പല വാചകങ്ങളും മത്തായി അവതരിപ്പിക്കുന്നു. തെറ്റുകള്‍ ക്ഷമിക്കുവാനുള്ള യേശുവിന്‍റെ പ്രഖ്യാപനത്തോടെയാണ് (9:1-8)MK 2:1-12) മത്തായി ആരംഭിക്കുന്നത്. ഈ കഥയില്‍ നിയമജ്ഞരേയും ഫരിസേയരേയും വിമര്‍ശിക്കുന്ന ഒരുവനായിട്ടാണ് യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത്. മതനേതാക്കന്മാര്‍ പഠിപ്പിച്ച വിദ്വേഷത്തിനും കര്‍ക്കശമനോഭാവത്തിനും പകരം മനുഷ്യബന്ധങ്ങളിലുള്ള മറ്റൊരുനല്ല മാര്‍ഗ്ഗമായി ഈശോ പ്രദര്‍ശിപ്പിക്കുന്നത് ക്ഷമയും ദയയുമാണ്.

യേശുവിനോടുള്ള ഫരിസേയരുടെ എതിര്‍പ്പിനുള്ള അടിസ്ഥാന കാരണം 12:1-8 മത്തായി അവതരിപ്പിക്കുന്നു. സാബത്തില്‍ വയലിലൂടെ യേശുവിനോടൊപ്പം നടന്നുപോയ ശിഷ്യന്മാര്‍ ധാന്യങ്ങള്‍ പറിച്ചുതിന്നു. ഇതാകട്ടെ സാബത്തില്‍ വിലക്കപ്പെട്ട(Ex.34:21) മുപ്പത്തിയൊന്‍പതു കാര്യങ്ങളില്‍ ഉള്‍പ്പെട്ടതുമായിരുന്നു. (M Sabbeth vii. 2) ഇക്കാരണത്താല്‍ ശിഷ്യന്മാരെപ്രതി യേശുവിനെ ചോദ്യം ചെയ്ത ഫരിസേയരോട് മാനുഷികാവശ്യങ്ങളുടെപേരില്‍ ചില സാഹചര്യങ്ങളില്‍ സാബത്തു നിയന്ത്രണം അവഗണിക്കാമെന്ന് 1Sam 21:1-6ന്‍റെ വെളിച്ചത്തില്‍ യേശു പറയുന്നു. ഈ സംഭവത്തിനു സമാനമായത് MK.2:23-28 ലും LK.6:1-11 ലും നാം കാണുന്നുണ്ടെങ്കിലും മത്തായി 12:5-7ല്‍ കാണുന്ന കാര്യങ്ങള്‍ മറ്റിടങ്ങളില്‍ നല്കാത്തതിനാല്‍ മത്തായിയുടെ ഈ വിവരണം പ്രത്യേകതയര്‍ഹിക്കുന്നു.

കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നിടത്ത് (12:9-14) ഈശോക്കെതിരെ ചോദ്യം തൊടുത്തുവിടുന്നതിന് കാരണം മതപരമായ ഒന്നാണ്. എന്തുകൊണ്ടെന്നാല്‍ ഇത് നിയമത്തെയാണ് ബാധിക്കുന്നത്. ഫരിസേയരുടെ കാപട്യം തുറന്നുകാണിക്കുവാന്‍ മുന്‍കൈയെടുക്കുന്ന ഈ സംഭാഷണത്തിന് മത്തായിയുടെ വിവരണരൂപത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. മതകര്‍മ്മങ്ങളെക്കാള്‍ (ബലിയേക്കാള്‍) സജീവമായ കരുണയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഈ സംഭവത്തിലൂടെ ഈശോ വരച്ചു കാണിക്കുന്നു. കാരണം ദൈവത്തിന്‍റെ ഇഷ്ടം അടങ്ങിയിരിക്കുന്നത് ഫലരഹിതമായ ഭക്തിയേക്കാള്‍ കൂടുതല്‍ മനുഷ്യന്‍റെ നന്മയിലാണ്.

പൂര്‍വ്വികരുടെ നിയമത്തെ സംബന്ധിച്ച് യേശു ഫരിസേയരും നിയമജ്ഞരുമായി നടത്തുന്ന സംവാദമാണ് മത്തായി 15:1-20ല്‍ അവതരിപ്പിക്കുന്നത്. മതനേതാക്കന്മാര്‍ എങ്ങനെ മോശയുടെ നിയമത്തേക്കാള്‍ തങ്ങളുടെ നിയമങ്ങള്‍ക്കു പ്രാധാന്യം നല്‍കുവാന്‍ അനുവദിച്ചു എന്നു കാണിക്കുവാന്‍ "വഴിപാടിനെ"പ്പറ്റി പ്രതിപാദിക്കുന്ന വിവരണം ഈശോ ഇവിടെ ഉപയോഗിക്കുന്നു. ഒരുവനില്‍നിന്നു തന്‍റെ മാതാപിതാക്കള്‍ക്കു ന്യായമായി ലഭിക്കേണ്ട സംരക്ഷണത്തുക താന്‍ അത് വഴിപാടായി ദൈവാലയത്തിലേയ്ക്കു നല്‍കി എന്നു പറഞ്ഞാല്‍ അയാളെ ആ കര്‍ത്തവ്യത്തില്‍നിന്നും ഒഴിവാക്കുന്നതായിരുന്നു ആ നിയമം. Mt. 4:6ല്‍ മാതാപിതാക്കന്മാരോട് പുത്രന്മാര്‍ക്കുള്ള ഉത്തരവാദിത്വം മറികടക്കാനാവാത്ത ഏതെങ്കിലും പ്രതിജ്ഞയില്‍ സംഗ്രഹിച്ച് അധീനമാക്കുന്ന പ്രവണതയെ യേശു നിശ്ശേഷം തള്ളിക്കളയുന്നു. അനുഷ്ഠാനപ്രധാനമായ അനുസരണത്തേക്കാള്‍ മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഈശോയുടെ പഠനത്തിന് അടിവരയിടുകയാണിവിടെ.

യേശുവിന് മതനേതാക്കന്മാരോടുള്ള വിമര്‍ശനമനോഭാവം 23-ാം അധ്യായം ആകുമ്പോഴേയ്ക്കും അതിന്‍റെ അത്യുച്ചകോടിയിലെത്തുന്നു. ഇവിടെ അവര്‍ക്കെതിരേയുള്ള ഏഴു ശാപങ്ങള്‍ നാം കാണുന്നു. പ്രത്യേകിച്ചും ഫരിസേയരുടെ അനീതിക്കും നിര്‍ദ്ദയത്വത്തിനും അവിശ്വാസത്തിനുമെതിരേ (23:29). ഇതാകട്ടെ നാം കണ്ട എല്ലാ സംഭവങ്ങളിലും ദൃശ്യമാണ്.

യേശുവിന് രാഷ്ട്രീയ നേതാക്കന്മാരോടുള്ള മനോഭാവവും ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല. തീര്‍ച്ചയായും രാഷ്ട്രീയനേതാക്കന്മാരുടെ സ്വേച്ഛാധിപത്യത്തെപ്പറ്റി ഈശോ ബോധവാനായിരുന്നു. യേശുവിന്‍റെ പ്രവര്‍ത്തനമേഖലയായിരുന്ന ഗലീലിയുടെ ഭരണകര്‍ത്താവായ അന്തിപ്പാസിനെയാണ് മത്തായിയുടെ സുവിശേഷത്തില്‍ പ്രധാനമായിട്ടവതരിപ്പിച്ചിരിക്കുന്നത്. മത്തായിയുടെ സുവിശേഷത്തില്‍ ഹേറോദേസ് അന്തിപ്പാസാണ്, സ്നാപകയോഹന്നാനെ ജയിലിലടച്ചതും ശിരച്ഛേദം ചെയ്തതും (19:1-12). മിക്കവാറും യേശുവിന്‍റെ പഠനങ്ങളേയും പ്രവൃത്തികളേയുംപറ്റി ഹേറോദേസ് കേട്ടിട്ടുണ്ടാകണം. തത്ഫലമായി അദ്ദേഹത്തിന്‍റെ അലസമായ മനഃസാക്ഷിയില്‍ താന്‍ കൊന്ന സ്നാപകയോഹന്നാന്‍ ഉയിര്‍ത്തതാണോ യേശു എന്ന ഭയമുളവായി. യോഹന്നാന്‍റെ മരണത്തെപ്പറ്റിയറിഞ്ഞ യേശു തന്‍റെ ജീവിതത്തിനെതിരേയുള്ള ഭീഷണിയെപ്പറ്റി ബോധവാനായി വളരെയകലെയുള്ള പ്രദേശങ്ങളിലേയ്ക്ക് പിന്‍വാങ്ങി അവിടെ തന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു.

14:1-12 ഭാഗത്ത് യേശുവിനെപ്പറ്റിയും രാഷ്ട്രീയനേതാക്കന്മാരെപ്പറ്റിയുമുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യേശുവിനെക്കുറിച്ചുള്ള ഹേറോദേസിന്‍റെ പ്രതികരണം 12:1-2ല്‍ മത്തായി അവതരിപ്പിച്ചിരിക്കുന്നു. ഇതുപോലെ യോഹന്നാന്‍റെ മരണത്തെപ്പറ്റി യേശു അറിയുകയും സാഹചര്യത്തിന്‍റെ അപകടനില മനസ്സിലാക്കി അവിടെനിന്നു രക്ഷപെടുകയും ചെയ്യുന്നതായും മത്തായി അവതരിപ്പിക്കുന്നു. (14:13). യോഹന്നാനെ കണ്ടിരുന്നതുപോലെതന്നെയാണ് യേശുവിനെയും ഹേറോദേസ് കണ്ടിരുന്നത്. അതിനാല്‍ തന്‍റെ ജീവന് സുരക്ഷിതത്വമില്ലാത്തതിനാലാണ് യേശു അപ്രകാരം ചെയ്തത് എന്ന് നാം പറഞ്ഞേക്കാം. എന്നാല്‍ യേശുവിനെതിരേ ഹേറോദേസ് നടപടിയെടുത്തേക്കാം എന്ന ഭീഷണി നിലനിന്നിട്ടും തന്‍റെ പ്രവര്‍ത്തനത്തില്‍ യേശു യാതൊരു മാറ്റവും വരുത്തിയില്ല എന്നു മത്തായി പറയുന്നു. തല്‍ഫലമായി ഹേറോദേസ് ജീവന്‍ നശിപ്പിച്ചപ്പോള്‍ യേശു അവയെ നേടിയെടുക്കുന്നതിന്‍റെ തിരക്കിലായിരുന്നു (14:13-14).

LK.13:31-33ല്‍, കാണുന്നതുപോലെ "ആ കുറുക്കന്‍" എന്നൊന്നും മത്തായി ഹേറോദേസിനെ വിളിക്കുന്നില്ല. എങ്കിലും യേശുവിന്‍റെ നിശബ്ദതയും അവിടെനിന്നുള്ള പിന്‍മാറ്റവും രോഗികളോടുള്ള ദയയും ഹേറോദേസിനോടുള്ള വെറുപ്പിന്‍റെ പ്രകടനമാണ്. ഹേറോദേസിന്‍റെ നഗ്നമായ അധികാരപ്രയോഗത്തോട് ഒരു വിധത്തിലും യേശു യോജിക്കുന്നില്ല. പ്രത്യുത അവയോട് അവജ്ഞയും വെറുപ്പും പ്രകടിപ്പിക്കുന്ന യേശുവിനെയാണ് മത്തായി ചിത്രീകരിക്കുന്നത്.

അപരിഷ്കൃതവും അനുകമ്പയില്ലാത്തതുമായ ഈ അധികാരപ്രയോഗത്തെ മറ്റൊരുവിധത്തില്‍ അവതരിപ്പിക്കുകയാണ് മത്തായി 20:20-28. ഇവിടെ വിജാതീയ പ്രമാണിമാരെ അവരുടെ ജനങ്ങളുടെ മേല്‍ യജമാനത്വം പുലര്‍ത്തുന്നതിനെ ശപിക്കുന്ന യേശു തന്‍റെ ശിഷ്യന്മാരോട് സ്നേഹത്തിലും സേവനത്തിലും പൂര്‍ണ്ണത കണ്ടെത്തുന്ന ഒരു അധികാരപ്രയോഗം ഉപദേശിക്കുകയാണ്. ഈ ഭാഗം താഴ്ന്നജാതിക്കാരുടെമേല്‍ അധികാരവര്‍ഗ്ഗം നടത്തിയ ഏകാധിപത്യവും ഉന്മത്തതയും പ്രതിഫലിപ്പിക്കുന്നതോടൊപ്പം സമകാലീനരാഷ്ട്രീയ ശക്തികളുടെമേലുള്ള അതിരൂക്ഷമായ ഒരു വിമര്‍ശനം കൂടിയാണ്.

നികുതി കൊടുക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്നിടത്ത് യേശു റോമാ സാമ്രാജ്യത്തെയും ദൈവത്തെയും രണ്ടു സത്യങ്ങളായി അംഗീകരിക്കുന്നതായി മത്തായി അവതരിപ്പിക്കുന്നു. വളരെയധികം വിവാദങ്ങള്‍ക്കു കാരണമായ ഒരു ഭാഗമാണിത്. ഇവിടെ രണ്ടു വ്യത്യസ്തലങ്ങളെയല്ല യേശു അംഗീകരിക്കുന്നത്. പ്രത്യുത, സീസറിനോടുള്ള കടമ ദൈവത്തോടുള്ള കടപ്പാടിനെ അതിലംഘിക്കരുത്, എന്നു സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെയുള്ള കടമകള്‍ പരിമിതവും ആപേക്ഷികവുമാണ്. എന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ച് പരിശുദ്ധമായതൊന്നും അതിലടങ്ങിയിട്ടില്ലാത്തതിനാല്‍ രാഷ്ട്രത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം കൂടിയാണിത്. പീലാത്തോസ് യേശുവിന്‍റെ നിരപരാധിത്വം അംഗീകരിച്ചിട്ടും അദ്ദേഹത്തിന്‍റെ ബോദ്ധ്യത്തിനെതിരായി പ്രവര്‍ത്തിച്ചതിനാല്‍ പീഡാനുഭവവിവരണത്തിന്‍റെ അവസരത്തില്‍പ്പോലും സ്വേച്ഛാധിപത്യ ഗവണ്‍മെന്‍റിനെതിരായി മത്തായി വിമര്‍ശനം നടത്തുന്നു. യേശു വ്യാഖ്യാനിച്ച വിധത്തില്‍ ദൈവികനിയമത്തെ സാമൂഹ്യരീതികളുമായി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ഇപ്രകാരം മത്താ. 22:21ലെ "സീസറിന്‍റേത് സീസറിനും ദൈവത്തിന്‍റേത് ദൈവത്തിനും"എന്ന യേശുവിന്‍റെ പ്രസ്താവന പ്രത്യക്ഷത്തില്‍ രാഷ്ട്രീയാധികാരത്തിനുള്ള അംഗീകാരമാണെങ്കിലും പരോക്ഷമായി ഇതിനെതിരേയുള്ള ഒരു വിമര്‍ശനത്തെയാണ് പ്രസ്പഷ്ടമാക്കുന്നത്.

ചുരുക്കത്തില്‍ മുകളില്‍ പറഞ്ഞ ഭാഗങ്ങളിലൊന്നിലും ധാര്‍മ്മികബോധം എന്ന വാക്കേ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഈ ആശയത്തിനു യോജിച്ച വിധത്തില്‍ ഈശോയുടെ വാക്കുകളെ മത്തായി അവതരിപ്പിക്കുന്നതു നാം കണ്ടു മനസ്സിലാക്കണം. പാവങ്ങളോട് വലിയ കാരുണ്യം കാണിക്കുന്നതിനായി അവരുടെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു, ഭക്ഷണം നല്‍കുന്നു, പാപങ്ങള്‍ ക്ഷമിക്കുന്നു, അവരോട് ബന്ധപ്പെടുന്നു. മാത്രമല്ല അവരുടെ ശ്രേയസ്സിനായി ധനവാന്മാരുടെ സ്വത്തുക്കള്‍ പുനര്‍വിതരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതുവഴി പാവങ്ങളോട് യേശുവിനുള്ള വലിയ കാരുണ്യഭാവം മത്തായി അവതരിപ്പിക്കുന്നു. കര്‍ത്താവു വെളിപ്പെടുത്തിയതും പുനര്‍വ്യാഖ്യാനം നടത്തിയതുമായ ദൈവതിരുമനസ്സിനെതിരായിരുന്നു യഹൂദമതനേതാക്കന്മാര്‍ പിന്‍തുടര്‍ന്ന ധാര്‍മ്മികബോധം എന്നതിനാല്‍ യേശു അവരെ രൂക്ഷമായി വിമര്‍ശിച്ചു. ഇവിടെയെല്ലാം ജനങ്ങളുടെ മതരാഷ്ട്രീയ കാര്യങ്ങളോട് പരിഗണനയില്ലാത്ത ഒരാളായിട്ടല്ല പ്രത്യുത അവയുടെ വിമര്‍ശനങ്ങള്‍വഴി കൂടുതല്‍ ഉള്‍ക്കാഴ്ച ഉണ്ടാക്കുകയും അങ്ങനെ അവയെ വിശകലനം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിട്ടാണ് മത്തായി യേശുവിനെ ചിത്രീകരിക്കുന്നത്. പൊതുവായി പറഞ്ഞാല്‍ യേശു ഉപയോഗിച്ച ഉദാഹരണങ്ങള്‍ അവര്‍ക്കു പ്രതീക്ഷ നല്‍കുക മാത്രമല്ല ചെയ്തത്, പ്രത്യുത വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ക്കുള്ള സ്ഥാനത്തെ ഉറപ്പിക്കുക കൂടി ചെയ്തു. ഇതിനെല്ലാമുപരി പൊതുവായ വീക്ഷണത്തില്‍ യേശുവിന്‍റെ രാഷ്ട്രീയാധികാരികള്‍ക്കും മതനേതാക്കന്മാര്‍ക്കും എതിരായുള്ള വിമര്‍ശനം ദൈവത്തിനു പാപികളോടും പാവങ്ങളോടുമുള്ള സ്നേഹത്തിന്‍റെ വെളിച്ചത്തില്‍ മനസ്സിലാക്കേണ്ടതും ദൈവരാജ്യത്തെ ലക്ഷ്യം വച്ചുള്ളതുമായിരുന്നു.

മത്തായി എഴുതിയ കാലഘട്ടത്തിലെ സാമൂഹ്യ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തലത്തിലാണ്, യേശുവിന്‍റെ പഠനങ്ങളെ മത്തായി അവതരിപ്പിച്ചിരിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കുന്നതും പ്രസക്തമാണ്. A.D. 30-നും 70നു മിടക്കുള്ള ആദിമക്രിസ്ത്യാനികളുടെ സാഹചര്യങ്ങളുമായി ശ്രദ്ധേയമായ വ്യത്യാസം മത്തായിയുടെ സുവിശേഷത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സമകാലീന ലോകത്തില്‍ അന്തര്‍ലീനമായിരുന്ന മൂല്യങ്ങള്‍ക്കെതിരേ യേശു ഉയര്‍ത്തിയ വെല്ലുവിളി അതില്‍നിന്നുള്ള രണ്ടു വികാസങ്ങളിലേയ്ക്കു തുറന്നിരിക്കുന്നു. ലോകത്തെയും അതിലുള്ള എല്ലാത്തിനെയും ഉപേക്ഷിക്കുന്ന, അവയോട് എതിര്‍പ്പുളവാക്കുന്നതാണ് ഒന്ന്. നീരസത്താല്‍ നയിക്കപ്പെട്ട നിഷേധാത്മകമായ ഒരു മനോഭാവമാണിത്-ഈ അവസരത്തില്‍ ലോകത്തില്‍നിന്നുള്ള പിന്‍വാങ്ങലല്ല പ്രത്യുത അതിനോടുള്ള ഇടപഴകലും സമര്‍പ്പണവുമാണ് വേണ്ടത്. ലോകത്തോടുള്ള ഈ ഇടപഴകലാണ് ധര്‍മ്മബോധത്തെപ്പറ്റിയുള്ള ആശയത്തില്‍ പ്രകടമായിരിക്കുന്നത്. ഈ ലോകവും വരുവാനിരിക്കുന്ന ലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മത്തായി സംശയിക്കുന്നില്ല. അതിനാല്‍ മത്തായിയുടെ സുവിശേഷത്തില്‍ ധര്‍മ്മബോധത്തിന്‍റെ ആവശ്യകത ലക്ഷ്യംവച്ചിരിക്കുന്നത് ഇവ രണ്ടിലേയ്ക്കുമാണ്. (6:9-13; 5:35; 11:25; 16:19; 18:14; 28:18 etc.)ചുരുക്കത്തില്‍ അദ്ദേഹത്തിന്‍റെ ധാര്‍മ്മികലക്ഷ്യം ഈ ലോകവും വരുവാനിരിക്കുന്ന രാജ്യവുമാണ്. അതിനാല്‍ നാമിവിടെ ചെയ്യുന്ന പ്രവൃത്തികളാണ് വരുവാനിരിക്കുന്ന ലോകത്തിലുള്ള നമ്മുടെ പ്രവേശനത്തെയോ തിരസ്ക്കരണത്തെയോ തീരുമാനിക്കുന്നത് (5:20; 6:33). എങ്ങനെ ആയിരുന്നാലും ഈ ലോകമാണ് ക്രിസ്തീയ അനുസരണത്തിന്‍റെ യഥാര്‍ത്ഥ മേഖലയെന്ന് അദ്ദേഹത്തിനു ബോദ്ധ്യം ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ എന്തെല്ലാമാണ് മത്തായിയുടെ സുവിശേഷത്തില്‍ ധര്‍മ്മബോധത്തിന്‍റെ ആവശ്യകതകൊണ്ട് വിവക്ഷിച്ചിരിക്കുന്നത്?  

നിഗമനങ്ങള്‍

ധര്‍മ്മബോധത്തില്‍നിന്നും ഉരുത്തിരിയുന്ന പ്രധാനപ്പെട്ട ആശയങ്ങളില്‍ ഒന്ന്, അത് മനുഷ്യജീവന്‍റെ മൂല്യത്തിനും മനുഷ്യമഹത്വത്തിനും തെളിവു നല്‍കുന്നു എന്നതാണ്. ഈശോ ഒരു വിപ്ലവകാരിയല്ലെങ്കില്‍ അവിടുത്തെ ഈ പ്രത്യേക നിലപാടിന് ഇത്തരം ഒരു വിശദീകരണത്തിന്‍റെ ആവശ്യമുണ്ട്. പുരുഷമേധാവിത്വത്തിന്‍റെ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കുന്ന ഒരു പദവിയിലേക്ക് അവരെ ഉയര്‍ത്തിയത് ഇതിന് ഒരു ഉദാഹരണമാണ്. ഈ സന്ദര്‍ഭത്തില്‍തന്നെ മറ്റുള്ളവരെ താഴ്ന്നവരായി കാണുന്ന തന്‍റെ ജനത്തിന്‍റെ ദുരഭിമാനം നിറഞ്ഞ പ്രത്യയശാസ്ത്രങ്ങളെ ഛിന്നഭിന്നമാക്കുന്ന ഈശോയെയാണ് മത്തായി ചിത്രീകരിച്ചിരിക്കുന്നത്. അതിലുപരി വളരെ വ്യക്തമായി പലയിടത്തും മോശയുടെ പാവനനിയമങ്ങളെ ചോദ്യം ചെയ്യുന്ന ഈശോയെക്കാണാം. അവയ്ക്കു പകരം തനിമയുള്ള മനുഷ്യബന്ധങ്ങളെ ദൈവത്തിന്‍റെ ആഗ്രഹമായി ചിത്രീകരിച്ചിരിക്കുന്നു. അതിനുശേഷം, സ്നേഹം ദൈവപരിപാലനയില്‍ ഉറച്ചിരിക്കുന്നതുകൊണ്ട് ശത്രുക്കളെ സ്നേഹിക്കണമെന്ന് കല്പിക്കുകയും ചെയ്യുന്നു. ഇവ കൂടാതെ പാവങ്ങളോടുള്ള ഈശോയുടെ അനുകമ്പയും, പരസ്പരം പൊറുക്കണമെന്ന അവിടുത്തെ പ്രബോധനവും, പലരുടെ മോചനദ്രവ്യമായി അവിടുന്ന് നല്‍കിയ ജീവനും പരിഗണിച്ചാല്‍ അവ മനുഷ്യന്‍റെ മൂല്യത്തെ വ്യക്തമാക്കുന്നതായി കാണാം. ഓഫീസുകളില്‍നിന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന മോശമായ പെരുമാറ്റങ്ങള്‍, കൂലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കുണ്ടാകുന്ന അപമാനങ്ങള്‍ ദ്രോഹബുദ്ധിയും വിദ്വേഷവും കൈമുതലാക്കിയിരിക്കുന്ന രാഷ്ട്രീയരംഗങ്ങള്‍ എല്ലാം നാം ഇനിയും വളരെയേറെ പ്രതീക്ഷിക്കേണ്ടതായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. നമ്മുടെ സ്നേഹം രാഷ്ട്രീയ ജീവിതത്തെ വിശുദ്ധീകരിക്കുന്നു, സമൂഹങ്ങളെ ഉറപ്പിക്കുന്നു, മനുഷ്യവ്യക്തികളുടെ മഹാതാല്പര്യത്തെ എടുത്തുകാണിക്കുന്നു.

മനുഷ്യവ്യക്തിയുടെ (മൂല്യത്തിലുള്ള) വിശ്വാസവും അവന്‍റെ ക്ഷേമത്തിലുള്ള താല്പര്യവും മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലേക്ക് ഒരുവന്‍റെ ശ്രദ്ധ തിരിക്കുന്നു. മനുഷ്യകുലത്തിന്‍റെ സ്രഷ്ടാവായ ദൈവത്തില്‍നിന്നാണ് ഈ ആവശ്യങ്ങള്‍ ഉത്ഭവിക്കുന്നത്. ഈ ആശയത്തിന്‍റെ ഉറവിടം അടിച്ചമര്‍ത്തപ്പെട്ട് ദരിദ്രരായിത്തീര്‍ന്ന ഇസ്രായേല്‍ക്കാരില്‍നിന്നും വ്യക്തമാണ്. തങ്ങളുടെ വേദനയിലും തങ്ങള്‍ക്കുണ്ടാകുന്ന അവഗണനകളിലും അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവരുടെ മര്‍ദ്ദകരായ ഈജിപ്തുകാരെ അവിടുന്ന് ശിക്ഷിച്ചു. ദൈവമക്കളായതുകൊണ്ട് നാം മറ്റുള്ളവരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കേണ്ടതായിട്ടുണ്ട് (5:44-48; 6,9). കടമകളുടെ ഒരു പട്ടിക നമുക്കില്ലെങ്കിലും സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ അവകാശമായ ധര്‍മ്മബോധത്തിന്‍റെ ആവശ്യകത മത്തായി വ്യക്തമാക്കുന്നുണ്ട്. ജീവിതവിശുദ്ധി, നിയമത്തിനു മുമ്പിലുള്ള തുല്യത, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം എന്നീ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള അവകാശം, ധനത്തിന്‍റെയോ വെറെന്തിന്‍റെയെങ്കിലും അടിമകളാകാതിരിക്കാനുള്ള ദൈവദാസന്‍റെ അവകാശം, അനിയന്ത്രിതമായ അധികാരവിനിയോഗത്തില്‍നിന്നും സ്വതന്ത്രമാകാനുള്ള അവകാശം ഇവ ധര്‍മ്മബോധത്തിന്‍റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. ഇവ ദൈവത്തിന്‍റെ പരമാധികാരത്തെ എതിര്‍ക്കുന്നില്ല, മറിച്ച് മാനുഷികാവശ്യങ്ങളോടുള്ള ബഹുമാനം ദൈവത്തിന്‍റെ പിതൃത്വത്തെയും പരമാധികാരത്തെയും ബഹുമാനിക്കുന്നു എന്നതിന്‍റെ സൂചനയാണ്. മാനുഷിക അവകാശങ്ങളുടെ ദാതാവും, സംരക്ഷകനും അവിടുന്നായതുകൊണ്ട് മനുഷ്യകുലത്തിനു നേരേയുള്ള അവിടുത്തെ അധികാരം അംഗീകരിക്കുന്നിടത്തോളം കാലം ഇവയെ ചുമതലകളായി തന്നെ നാം മനസ്സിലാക്കണം. മത്തായിയുടെ സുവിശേഷത്തില്‍ സമൂഹത്തിന്‍റെ അടിസ്ഥാനമായി നില്‍ക്കുന്ന നീതി നിലനിര്‍ത്തുവാന്‍ ആവശ്യമുള്ള അനുഷ്ഠാനവിധികള്‍ ധര്‍മ്മബോധം എന്ന ആശയത്തില്‍ അടങ്ങിയിരിക്കുന്നത് കാണാം. ഓരോ ക്രിസ്ത്യാനിയുടേയും അവകാശങ്ങള്‍ തന്‍റെ സഹോദരന്‍ തന്നില്‍നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ വ്യക്തമാകുന്നു. അവനെ സ്നേഹിക്കുന്നതു വഴിയായും സംരക്ഷിക്കുന്നതുവഴിയായും ദൈവത്തെ അനുസരിക്കുന്നു എന്നതാണ് ഈശോയുടെ പ്രബോധനത്തിന്‍റെ ചുരുക്കം. കാരണം മനുഷ്യസമൂഹത്തിന്‍റെ സ്നേഹം വഴിതെറ്റുന്നു. ധര്‍മ്മബോധം ആവശ്യപ്പെടുന്ന മാനുഷികാവശ്യങ്ങളുടെ സംരക്ഷണത്തിനും ഉപരിസ്നേഹത്തിനും ഘടനാപരമായ മാറ്റങ്ങള്‍ നമ്മില്‍ ഉണ്ടായേ തീരൂ. അതിന് മനസ്താപവും ക്ഷമയും അത്യന്താപേക്ഷിതമാണ്.

സമൂലം നവീകരിക്കപ്പെട്ട സാമൂഹിക ബന്ധങ്ങളുടെ ആവശ്യകത വ്യക്തമാക്കുന്ന, പ്രത്യേകിച്ചും ഈശോയുടെ സാമൂഹികമനോഭാവം വ്യക്തമാക്കുന്ന ഭാഗങ്ങള്‍ മത്തായിയുടെ സുവിശേഷത്തില്‍ കാണാം. മാനുഷിക ബന്ധങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന ധര്‍മ്മബോധം എന്ന ആശയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ദൂരവ്യാപകങ്ങളായ അനേകം നിര്‍ദ്ദേശങ്ങള്‍ അതില്‍ ഉണ്ട്. ശിഷ്യത്വത്തിന്‍റെ പൂര്‍ണ്ണമായ ഒരു വീക്ഷണം ഇവിടെ നല്‍കിയിരിക്കുന്നത് ഈശോയുടെ പ്രബോധനങ്ങളും പ്രവര്‍ത്തനരീതികളും തന്‍റെ പിന്‍ഗാമികള്‍ സ്വായത്തമാക്കുന്നതിനാണ്. അനുകമ്പയ്ക്കും എളിമയ്ക്കും സേവനത്തിനും ഊന്നല്‍കൊടുക്കുന്ന ഈശോയെ ചിത്രീകരിച്ചിരിക്കുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. ഈ നിലപാട് ഗൗരവമായി എടുത്താല്‍, സമര്‍പ്പിതസേവനത്തിലും, ദയയിലും, ക്ഷമയിലും, സത്യസന്ധതയിലും, എളിമയിലും നിലയുറപ്പിച്ച സാമൂഹ്യബന്ധങ്ങളിലെ നവീന മാതൃകകള്‍ക്കുവേണ്ടിയുള്ള ഈശോയുടെ വിളി ശ്രവിച്ചാല്‍ ഇന്ന് നിലവിലിരിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ വ്യാപകമായ മാറ്റം വരുത്താന്‍ സാധിക്കും. അങ്ങനെ വന്നാല്‍ ഉയര്‍ന്ന തോതിലുള്ള അഴിമതി, ഭരണവൈകല്യം, വ്യവസായിക സമരം, കുടുംബത്തകര്‍ച്ച, വര്‍ഗ്ഗീയ വിദ്വേഷം സമൂഹത്തിന്‍റെ ഉള്ളിലുള്ളതും സമൂഹങ്ങള്‍ തമ്മിലുള്ളതുമായ വഴക്കുകള്‍, സാമൂഹ്യബന്ധങ്ങളിലുള്ള സങ്കുചിതത്വം എന്നിവയൊക്കെ അവസാനിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ധര്‍മ്മബോധത്തില്‍ അധിഷ്ഠിതമാണ് നല്ല മാനുഷിക ബന്ധങ്ങള്‍. ഇതില്ലാതെ സമാധാനമോ, വികസനമോ സമൂഹത്തിന് നേടാന്‍ സാധിക്കുകയില്ല. പുതിയ രീതിയിലുള്ള സാമൂഹിക ബന്ധങ്ങളുടെ സംസ്ഥാപനം ക്രിസ്തുവിന്‍റെ പിന്‍ഗാമികള്‍ തങ്ങളുടെ ദൈവികമായ കടമയായി കരുതണം. ഇന്നത്തെ സാമൂഹ്യപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ നാം ശിക്ഷിക്കപ്പെടുകയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നാം യാതൊരു താല്പര്യവും കാണിക്കാതെ നിന്നാല്‍ നാം ശിക്ഷക്കര്‍ഹരായിരിക്കും.

ഇപ്പറഞ്ഞതിന്‍റെ സാരം ധര്‍മ്മബോധത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍ സമ്പത്തും വിഭവങ്ങളും വിതരണം ചെയ്യേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ് എന്നു വ്യക്തമാക്കുന്നു. ധനത്തെ തള്ളിപ്പറയുന്ന ഈശോയെയല്ല മത്തായി ചിത്രീകരിച്ചിരിക്കുന്നത്. മറിച്ച് സമൂഹത്തിലെ ആനുകൂല്യങ്ങള്‍ കുറച്ചു ലഭിക്കുന്നവര്‍ക്കു സമ്പത്തു വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഈശോയെയാണ്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം ഇവയെല്ലാം വേണം. സ്വര്‍ഗ്ഗരാജ്യത്തിലെ അനന്തനിക്ഷേപവുമായി (13:44-46) തട്ടിച്ചുനോക്കുമ്പോള്‍ ധനത്തെയും ദൈവത്തെയും ഒരുമിച്ച് സേവിക്കുവാന്‍ സാധ്യമല്ല എന്നതും (6:19-21, 24) ലോകത്തില്‍ നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്നത് മൗഢ്യമാണ് എന്നതും ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല (19:12f) എന്നതും അത്ര നിസ്സാരമായിക്കാണരുത്. ലോകത്തില്‍ കര്‍ത്താവിന്‍റെ സേവകരാകുന്നത് അവിടുത്തെ സൃഷ്ടികള്‍ക്ക് ശുശ്രൂഷചെയ്യുന്നതിലൂടെയാണ്. ഒരാളില്‍ കുന്നുകൂടിയിരിക്കുന്ന ധനം ഒന്നുകില്‍ മറ്റുള്ളവര്‍ക്ക് ഇല്ലാത്തതുകൊണ്ടാകാം; അല്ലെങ്കില്‍ പാവപ്പെട്ടവരോടുള്ള അനുകമ്പയുടെ കുറവുകൊണ്ടാവാം; അല്ലെങ്കില്‍ സമ്പത്ത് പങ്കിടാത്തതുകൊണ്ടാകാം. ഇനി അതുമല്ലെങ്കില്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതുകൊണ്ടാകാം. 19:21ല്‍ കാണുന്നതുപോലെ ആദിമക്രിസ്ത്യാനികള്‍ ധനത്തിന്‍റെ കാര്യത്തില്‍ ദൈവത്തെ ആശ്രയിച്ചിരുന്നു എന്ന വസ്തുത പലരും മറക്കുന്നു. ആദ്യനൂറ്റാണ്ടുകളില്‍ ക്രിസ്തുമത പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നവര്‍ക്ക് ധനവിനിയോഗത്തിന്‍റെ കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിയിരുന്നു. ധനപരമായ കാര്യങ്ങള്‍ക്ക് പ്രത്യേകമായി സംവിധാനങ്ങള്‍ ഇല്ലായിരുന്നെങ്കിലും തല്ക്കാലനിവൃത്തിക്കു എന്തെങ്കിലും പദ്ധതി ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഇതില്‍നിന്നു വരുന്നത്, മറ്റുള്ളവരില്‍നിന്നു ചൂഷണം നടത്താതെ ലളിത ജീവിതശൈലി സ്വീകരിക്കണമെന്നുള്ളതാണ്. ഈ പ്രബോധനം മത്തായിയുടെ സമൂഹത്തെ ഉറപ്പിക്കുകയും സ്വന്തമെന്ന ബോധത്തോടൊപ്പം കൂട്ടായ്മയുടെ ചൈതന്യം അവരില്‍ നിറക്കുകയും ചെയ്തു. ഇത് ആദിമക്രിസ്ത്യാനികളുടെ ഒരു പ്രത്യേകതയായിരുന്നു. ധനത്തെപ്പറ്റിയുള്ള പ്രഥമ പ്രതിപാദനത്തിന്‍റെ കാര്‍ക്കശ്യം (eg.19:2ff) കുറച്ചു എന്നുള്ളതു ആ പ്രബോധനത്തിന്‍റെ ശാശ്വതമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ധനത്തെപ്പറ്റിയുള്ള ക്രിസ്ത്വാനുയായിയുടെ നിലപാട് ഇന്നത്തെ സാഹചര്യവുമായി യോജിച്ചുപോകുകയില്ല. ഇന്നത്തെ നിലയനുസരിച്ചു ദശാംശം കൊടുക്കുന്നതും (23:23) ധര്‍മ്മദാനം (6:1) കൊടുക്കുന്നതും പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കു മതിയാകും. പാവപ്പെട്ടവരോടുള്ള ഔദാര്യം മാത്രം പോര (23:23) അവരെ അവഗണിക്കരുത് എന്നു പറയുന്ന ക്രിസ്തുവിനെയാണ് മത്തായി ചിത്രീകരിക്കുന്നത്. പുനര്‍വിതരണത്തെപ്പറ്റി പറഞ്ഞിരിക്കുന്ന തുടര്‍ന്നു വരുന്ന ഭാഗങ്ങളില്‍ അതിനുശേഷം എന്തു ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. മത്തായിയുടെ സുവിശേഷത്തില്‍ മാത്രം കാണുന്ന മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയില്‍ (20:1-16) തോട്ടത്തിന്‍റെ ഉടമ താന്‍ വിളിച്ചവര്‍ക്കെല്ലാം ജോലി നല്‍കുന്നതും ഉടനെതന്നെ പ്രതിഫലം നല്‍കുന്നതും കാണുന്നു. ഈ കാഴ്ചപ്പാടിനുവേണ്ട പ്രാധാന്യം നാം നല്‍കേണ്ടതാണ്. കൂടാതെ സ്വത്ത് ന്യായമായി സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, തൊഴിലവസരം നല്‍കല്‍, കൂലി ഉടനെ കൊടുക്കല്‍, ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ പുനര്‍വിതരണത്തില്‍ അടങ്ങിയിരിക്കുന്നു. പുതിയ ധര്‍മ്മബോധത്തിനനുസരിച്ചുള്ള ഇത്തരത്തിലുള്ള പുനര്‍വിതരണം ഇന്നത്തേതുപോലെ ആദിമസഭയില്‍ സങ്കല്പത്തിലൊതുങ്ങിനില്‍ക്കുന്ന ഒരാശയമായിരുന്നില്ല. വ്യാവസായികസമരങ്ങള്‍ക്കും, കവര്‍ച്ചക്കും, രക്തവിപ്ലവത്തിനും കാരണം ദാരിദ്ര്യവും വലിയ തോതിലുള്ള തൊഴിലില്ലായ്മയും കൂലികൊടുക്കാനുള്ള അനാസ്ഥയും ദരിദ്രരും ധനികരും തമ്മിലുള്ള വിടവുമാണ്. ഇവയൊക്കെ ഇല്ലാതാക്കണം. ഈ ഉള്‍ക്കാഴ്ചയാണ് മത്തായിയുടെ സുവിശേഷത്തില്‍നിന്ന് നമുക്കു ലഭിക്കുക.

മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന നാലു നിഗമനങ്ങളുടേയും പ്രായോഗിക കടമ ക്രിസ്ത്യാനികളുടെ ഇന്നത്തെ രാഷ്ട്രീയ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നു. മത്തായിയുടെ കാലത്തെ ക്രൈസ്തവര്‍ ലോകവുമായി ഇടചേര്‍ന്നുകൊണ്ട് ഒരു സ്വാധീനം വരുത്തി. ഈശോ ഒരു രാഷ്ട്രീയചേരിയിലും അംഗമായിരുന്നില്ല. തന്‍റെ അനുഗാമികള്‍ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞില്ലെങ്കിലും അവിടുത്തേക്ക് രാഷ്ട്രീയത്തെപ്പറ്റിയും രാജ്യത്തെപ്പറ്റിയും വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. മത്തായി കുറ്റം യഹൂദരിലാണ് ചുമത്തിയിരിക്കുന്നതെങ്കിലും അവിടുത്തെ മരണശിക്ഷക്ക് വിധിക്കാനുണ്ടായ കാരണം രാഷ്ട്രീയപരമായിരുന്നു. നികുതികൊടുക്കുന്ന സംഭവത്തില്‍ രാഷ്ട്രവും ദൈവവും തമ്മിലുള്ള ബന്ധത്തെ അംഗീകരിക്കുന്ന ഈശോയെയാണ് നാം മത്തായിയുടെ സുവിശേഷത്തില്‍ കാണുക. എന്നാല്‍ ഈ അംഗീകാരത്തില്‍ത്തന്നെ വിമര്‍ശനത്തിന്‍റെ ധ്വനിയുണ്ട്. 20:20-28 ലാകട്ടെ രാഷ്ട്രത്തെ നേരിട്ട് വിമര്‍ശിക്കുന്ന ഈശോയെയാണ് നാം കാണുക. മത്തായിയുടെ സുവിശേഷത്തില്‍ ഈശോ രാഷ്ട്രത്തിന്‍റെ പരമപവിത്രതയെപ്പറ്റി പറയുന്നില്ല (20:25). അതുകൊണ്ട് രാഷ്ട്രമുണ്ടാക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികസ്ഥിതികള്‍ ദൈവത്തിന്‍റെ ഇഷ്ടമായി കണക്കാക്കാന്‍ പാടില്ല. ക്രിസ്തുമതവിശ്വാസികള്‍ക്ക് രാഷ്ട്രീയത്തില്‍ പങ്കെടുക്കാവുന്ന സ്ഥിതിയിലാണ് ഇന്ന്. എന്നാല്‍ ഈശോയുടെയും ശിഷ്യരുടെയും കാലം അത് ആയിരുന്നില്ല. അക്കാലത്തെ അതിപ്രധാന ദൗത്യം ദൈവരാജ്യപ്രഘോഷണമായിരുന്നു. എ.ഡി. 66-70 ലെ സിലോട്ടിക്ക് ഉയര്‍ച്ചയുടെ (തീവ്രവാദചിന്ത) പരാജയവുമായി ബന്ധപ്പെട്ട രാഷ്ട്രീയപരമായ അസ്വാസ്ഥ്യത്തിന്‍റെ കാലവുമായിരുന്നത്. എന്നാല്‍ ഇന്ന് ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്ക് രാഷ്ട്രീയ നിശ്ചയങ്ങളില്‍ സ്വാധീനം ഉണ്ടാകേണ്ടതിനായി ക്രിസ്ത്യാനികള്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്ത (11:4-5, 23:23, 25:31-46) സാധുക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മാഹാത്മ്യത്തെയും കാക്കുവാന്‍ സാധിക്കും. അതുപോലെ മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങള്‍, തുല്യാവസരങ്ങള്‍, തൊഴില്‍, വസ്തുവിന്‍റെയും ജീവന്‍റെയും സംരക്ഷണം എന്നിവയിലൊക്കെ ശ്രദ്ധിക്കാന്‍ സാധിക്കും. ക്രിസ്തീയവിശ്വാസം സജീവമായതുകൊണ്ട് വിമര്‍ശനം മാത്രം പോരാ, നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യണം. ഇക്കാര്യം സുവിശേഷത്തില്‍ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും നേരിട്ടുള്ള സ്വഭാവം ഇതിന് കൈവരുന്നുണ്ട്. ദൈവത്തിന്‍റെ തിരുമനസ്സ് ഭൂമിയിലുമാകണമേ എന്ന് പ്രാര്‍ത്ഥിക്കുന്നത് ശരിതന്നെ (6:10). എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടുപിടിക്കുക ക്രിസ്ത്യാനിയുടെ ലക്ഷ്യമല്ലെങ്കിലും അവയില്‍ ശ്രദ്ധയും താല്പര്യവും കാണിക്കേണ്ടതായിട്ടുണ്ട്. പലരും വിചാരിക്കുന്നത് ക്രിസ്തുമതം തികച്ചും വ്യക്തിപരമായ ഒരു കാര്യമായതുകൊണ്ട് നിഷ്പക്ഷമായി നില്‍ക്കുന്നതാണ് ക്രിസ്ത്യാനികള്‍ക്ക് നല്ലത് എന്നാണ്. ക്രിസ്തീയതക്ക് സാമൂഹികമായ പരിണിതഫലങ്ങളുണ്ട്. അതുകൊണ്ട് അനീതി നിലനില്ക്കുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കുക എന്നത് മര്‍ദ്ദകരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. ഇപ്പോള്‍ പറഞ്ഞ ആശയത്തിന്‍റെ സാമൂഹിക ധ്വനികളുടെ അവഗണനയാണ്. ദൈവരാജ്യം എന്ന ആശയത്തിലടങ്ങിയിരിക്കുന്ന സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രയാണം ഏതൊരു സമൂഹത്തിനും പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. ഈ പ്രീതിയില്‍ പങ്കുചേരുക അല്ലെങ്കില്‍ സത്യാന്വേഷണത്തില്‍ പങ്കാളികളാവുക എന്നത് ഒരു ക്രിസ്തീയ ഉത്തരവാദിത്വമാണ്. കൂടാതെ സഹാനുഭൂതിയുള്ള ഒരു സമൂഹം സൃഷ്ടിക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരുടേയും ഉത്തരവാദിത്വവും ആണിത്. കാന്‍റര്‍ബറിയിലെ മുന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ബിഷപ്പ് മൈക്കിള്‍ റാംസെ "സാമൂഹ്യമനഃസ്സാക്ഷിയില്ലാത്ത ദൈവാരാധന വിഗ്രഹാരാധനയാണ്" എന്ന് ശക്തമായിപ്പറഞ്ഞപ്പോള്‍ ഈ നിലപാടിനെ പിന്താങ്ങുകയാണ്.

അവസാനമായി കപ്പം കൊടുക്കുന്ന സംഭവം മത്തായി പ്രതിപാദിച്ചിരിക്കുന്നത് ഒരുവിധത്തില്‍ പറഞ്ഞാല്‍ രാഷ്ട്രത്തോടുള്ള വിശ്വസ്തതയില്‍ ഈശോ യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തി എന്നു കാണിക്കാനാണ്. ലോകത്തിന്‍റെ ശക്തിയെ നീതീകരിക്കുകയോ, തള്ളിപ്പറയുകയോ, ചെയ്യുന്നില്ല അവിടുന്ന്. ദൈവത്തിന്‍റെ ഭാഗം സൂചിപ്പിക്കുന്ന "എന്നാല്‍" എന്ന പ്രയോഗം ലോകത്തിന്‍റെ പരമാധികാരത്തെ ഇല്ലാതാക്കുന്നു (22:21). മത്തായി ഈ കഥ നിലനിര്‍ത്താന്‍ കാരണമുണ്ട്. ഒന്നുകില്‍ രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ അന്നത്തെ ക്രിസ്ത്യാനികള്‍ മടികാണിച്ചിരുന്നു. അല്ലെങ്കില്‍ റോമന്‍ ഭരണത്തില്‍ അവര്‍ പീഡനം സഹിച്ചിരുന്നതുകൊണ്ട് രാഷ്ട്രത്തോട് ഉണ്ടായ എതിര്‍ നിലപാടിനെ തടയാനായി ഈ പ്രബോധനം ആവശ്യമായിരുന്നു. ഈശോ നികുതി നേരിട്ട് കൊടുത്തോ എന്ന് ഈ സംഭവം വ്യക്തമാക്കുന്നില്ലായിരിക്കാം. എന്നാല്‍ നികുതിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കരുത് എന്ന് ഇവിടെ വ്യക്തമാണ്. ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള ഭരണവും മറ്റ് പൊതുപരിപാടികളും നടക്കുന്നതിന് ഇത്തരം സഹായം ആവശ്യമാണ്.

മത്തായിയുടെ സുവിശേഷത്തിലെ ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്ക് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഒരു സാമൂഹികപ്രസക്തി നല്‍കുന്നതായി കാണുന്നില്ല. ഈ വാദത്തിനെതിരായി പലരും നില്ക്കുന്നുണ്ടെങ്കിലും ധൈര്യത്തോടെ ഇതിനെ ഉറപ്പിച്ചുപറയുന്നവര്‍ ചുരുക്കം ചിലരേ ഉള്ളൂ.

ഈശോയുടെ രാഷ്ട്രീയം (Politics of jesus [1972])എന്ന തന്‍റെ പുസ്തകത്തില്‍ യോഡെര്‍ ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്ക് സാമൂഹികമാനങ്ങള്‍ പലരും കണ്ടെത്താത്തതിന് ആറ് കാരണങ്ങള്‍ നല്‍കുന്നുണ്ട്. അവയില്‍ ഉള്‍പ്പെടാത്ത ഏറ്റവും പ്രധാനപ്പെട്ട വാദം ക്രിസ്തുവിന്‍റെ കാലവും ഇന്നത്തെ വലിയ വിടവിനെപ്പറ്റിയുമുള്ളതാണ്. ഭൂരിപക്ഷം പേരുണ്ടാക്കിയ സന്നിഗ്ദ്ധാവസ്ഥയും ഇത് കൈകാര്യം ചെയ്യുന്നതിലെ ഉല്‍ക്കണ്ഠയും എ.ഇ. ഹള്‍വിയെ ഈയിടെ പുറത്തിറക്കിയ  'ഈശോയും ചരിത്രബന്ധനങ്ങളും' (Jesus and the Constaints of History [1982]) എന്ന പുസ്തകത്തില്‍ ഇക്കാര്യത്തെ സ്പഷ്ടമാക്കുകയും ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.

വര്‍ത്തമാനകാലത്തെ മനുഷ്യപ്രയത്നങ്ങള്‍ക്ക് അര്‍ത്ഥം നല്‍കാന്‍വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള അംഗീകാരം ലഭിച്ച ഒരു ഭാഷാശൈലിയാണ് യുഗാന്ത്യബോധസങ്കല്പം എന്നാണ് "ഈശോയും കാലവും" എന്ന ആദ്യഅധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത്. നിര്‍ണ്ണായകമായ ഭാവിയുടെ വെളിച്ചത്തില്‍ വര്‍ത്തമാനകാലത്തിന് അര്‍ത്ഥം കൊടുക്കുന്ന ഈ ധാരണ (ആശയം) നമ്മുടെ സമകാലീനചരിത്രത്തിന് അന്യമല്ല. മനുഷ്യചരിത്രത്തിന് ഭീഷണിയായി നില്ക്കുന്ന രണ്ട് വസ്തുതകളെ അദ്ദേഹം എടുത്തു കാണിക്കുന്നു: അണുയുദ്ധവും ജീവനാശത്തിന് കാരണമാകാവുന്ന പരിസരമലിനീകരണവും. പ്രവര്‍ത്തനശാസ്ത്രത്തിലെ (Thermodynamics) രണ്ടാം നിയമം വളരെക്കാലംമുമ്പുതന്നെ ഭൂമിക്ക് ജീവനെ അനന്തകാലത്തേക്ക് സംരക്ഷിക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യം അദ്ദേഹം എടുത്തുകാണിക്കുന്നു. മനുഷ്യന്‍റെ നിശ്ചയത്തില്‍നിന്നും തെറ്റുകളില്‍നിന്നും ഈ ആപത്തുകള്‍ ഉണ്ടാകും. സമൂഹത്തിലും അതിലെ നേതാക്കന്മാരിലും വലിയ ഒരു മാറ്റം ഉണ്ടായെങ്കിലേ അത് ഒഴിവാക്കാനാകൂ. ഇശോയുടെ കാലത്തും അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ഇതുതന്നെയാണ് പറഞ്ഞിരുന്നത്. ലോകത്തിന്മേലുള്ള ദൈവത്തിന്‍റെ വിധി മാറ്റണമെങ്കില്‍ മനസ്താപം പുതിയ ധര്‍മ്മബോധത്തിനായുള്ള ശ്രമവും വേണ്ടിയിരിക്കുന്നു. കാലയളവ് ചെറുതാണ്. എന്നാല്‍ ഇക്കാര്യം മനുഷ്യന്‍റെ ധാര്‍മ്മിക തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കും. സമീപഭാവിയില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന സമൂലപരിവര്‍ത്തനവിധേയമായ മനുഷ്യന്‍റെ സ്ഥിതിയിലുള്ള ഊന്നലാണ് നൂറ്റാണ്ടുകളായി ക്രിസ്തുമതത്തിന് ശക്തിയും സ്വാധീനവും നല്‍കിയതെന്ന് ഗാര്‍വി ചൂണ്ടിക്കാണിക്കുന്നു. ഉടനെ നടപ്പാക്കേണ്ടതും സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാകേണ്ട, മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള ആശയമാണ് ക്രിസ്തുവിന്‍റെ സന്ദേശങ്ങളിലെ ഏറ്റം പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഇതൊരിക്കലും പ്രാകൃതമോ, കാലഹരണപ്പെട്ടതോ, മിഥ്യയായി തള്ളിക്കളയേണ്ടതോ ആയ ഒരാശയമല്ല.

എല്ലാ സുവിശേഷങ്ങളിലും വ്യക്തമായിരിക്കുന്നതുപോലെ ദൈവരാജ്യത്തെപ്പറ്റിയുള്ള ആശയങ്ങളില്‍ അവിടുന്ന് തന്‍റെ സമകാലീനരില്‍നിന്ന് വളരെയേറെ മാറിനിന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈശോ ഈ വിഷയത്തില്‍നിന്ന്, ദേശീയവും, സൈനികവും അനുഷ്ഠാനപ്രധാനവുമായ മാനങ്ങളൊക്കെ നീക്കിക്കളഞ്ഞു. ആ പദത്തിന്‍റെ ഉള്‍ക്കാമ്പ് നിലനിര്‍ത്തിക്കൊണ്ട് അതിന് ഒരു പുതിയ പശ്ചാത്തലവും, പുതിയ ഉള്ളടക്കവും നല്‍കി. അതനുസരിച്ച് ദൈവരാജ്യം സമാഗതമാകുമ്പോള്‍ മനുഷ്യരുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ സഫലീകരിച്ചുകൊണ്ട് അവിടുത്തെ ഭരണം സംസ്ഥാപിതമാകും. മത്തായി മനസ്സിലാക്കിയിരിക്കുന്നതുപോലെ ഈ പ്രതീക്ഷ, അനുകമ്പ, സൗമ്യപ്പെടുത്തല്‍, ക്ഷമ, സന്തോഷം, സേവനം, വിശ്വസ്തത, സമ്പത്തിന്‍റെ വിതരണം മുതലായ ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഈശോ രോഗികള്‍ക്കും, പാവങ്ങള്‍ക്കും, മര്‍ദ്ദിതര്‍ക്കുംവേണ്ടിയുള്ള ശുശ്രൂഷയുടെ സന്ദര്‍ഭത്തിലാണ് ദൈവരാജ്യത്തിന്‍റെ സാമീപ്യത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഇത്തരം ആശയങ്ങളുടെ പ്രഘോഷണത്തില്‍നിന്നാണ് സുവിശേഷത്തിന്‍റെ അവസാനത്തില്‍ കാണുന്നതുപോലെ ഈശോ തന്‍റെ ശിഷ്യന്‍മാരെ, ദുഷിച്ചതും വഴിപിഴച്ചതുമായ തലമുറയുടെ പക്കലേക്കു ആനയിക്കുന്നത്.

മത്തായി ചിത്രീകരിച്ചിരിക്കുന്ന ദൈവരാജ്യപ്രഘോഷണത്തിന്‍റെ പ്രാധാന്യം ദൈവരാജ്യം സമാഗതമാകുന്നതെന്നാണ്, അല്ലെങ്കില്‍ ലോകം അവസാനിക്കുന്നത് എന്നാണ് എന്ന വസ്തുത ഈശോ വെളിവാക്കിയിട്ടില്ല എന്നതത്രേ (24:36, 25:13). അതിനുപകരം അവിടുന്നു ദൈവരാജ്യസംസ്ഥാപനത്തിന്‍റെ ആവശ്യകതക്കും കടമകളുടെ നിര്‍വഹണത്തിനുമുള്ള അര്‍പ്പണത്തിനും പ്രാധാന്യം കൊടുക്കുന്നു. ഈ നിലപാടുകള്‍ ശരിയാണെങ്കില്‍ ഈശോയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ക്കെല്ലാം ശാശ്വതമായ, എല്ലാ തലമുറകളേയും എല്ലാ മനുഷ്യബന്ധങ്ങളെയും ബാധിക്കുന്ന സ്വഭാവം ഉണ്ട്. ഇതിന്‍റെ അര്‍ത്ഥം മുന്‍പറഞ്ഞ പണ്ഡിതന്മാര്‍ മിക്കവരും ഈശോയുടെ സന്ദേശത്തിന്‍റെ ചലനാത്മകമായ അന്തഃസത്തകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ അപ്രധാനകാര്യങ്ങള്‍ക്ക് പ്രാധാന്യംകൊടുത്തു എന്നതാണ്.

ചുരുക്കത്തില്‍, ദൈവരാജ്യം മനുഷ്യനെ ലോക യാഥാര്‍ത്ഥ്യങ്ങളിലേക്കും ദൈവത്തിന്‍റെ ലോകത്തില്‍നിന്നുള്ള അവകാശങ്ങളിലേക്കും നയിക്കുന്നു. വരാന്‍പോകുന്ന ആ രാജ്യത്തോടുള്ള വിശ്വസ്തത ഇപ്പോഴുള്ളതിന് പുതിയ ഒരു മാനംകൊടുക്കുകയാണ്. അങ്ങനെ, ഇപ്പോഴുള്ളതു വെറുതെ കാത്തുനില്‍ക്കാനുള്ള സ്ഥലമല്ലാതായിത്തീരുകയും മറിച്ച് സമ്പൂര്‍ണ്ണ പരിവര്‍ത്തനവിധേയമായ ഭാവിയിലേയ്ക്കുള്ള മാറ്റത്തിന് വിധേയമായിത്തീരുകയും ചെയ്യുന്നു. ഭാവിയെപ്പറ്റിയുള്ള കര്‍ത്താവിന്‍റെ പ്രബോധനത്തിന്‍റെ വെളിച്ചത്തിലും അവയുടെ സുവിശേഷകന്‍ വിശദീകരിച്ചിരിക്കുന്ന ഇപ്പോഴത്തെ സൂചനകളിലും വ്യക്തമാക്കിയ സാധ്യതകള്‍ ഇന്നിനെ മാറ്റിമറിക്കുന്നു. ക്രിസ്തുവിന്‍റെ ആ പ്രബോധനങ്ങള്‍ക്ക് ഉള്ള മൗലികമായ അനശ്വരതയാണ് സുവിശേഷകരുടെ കാലത്തെപ്പോലെ ഇന്നും അവര്‍ക്ക് അര്‍ത്ഥവും വ്യാപ്തിയും കൊടുക്കുന്നത്.

സ്വന്തം സമൂഹത്തിനുവേണ്ടി സുവിശേഷകന്മാര്‍ തങ്ങളുടെ സുവിശേഷങ്ങള്‍ക്ക് തനതായ ദൈവശാസ്ത്രസ്വഭാവം നല്‍കി എന്നത് ഈശോയുടെ സന്ദേശത്തിന്‍റെ അനശ്വരതയെ എടുത്തുകാട്ടുന്നു. സുവിശേഷകന്മാര്‍ വര്‍ണ്ണിച്ചിരിക്കുന്ന ഈശോയുടെ സന്ദേശങ്ങളില്‍ കാണുന്ന "കാലാന്ത്യവും" "സാംസ്കാരികബന്ധന"ങ്ങളും നാം മനസ്സിലാക്കുമ്പോള്‍ മാനുഷിക പ്രശ്നങ്ങള്‍ എന്നും നിലനില്‍ക്കും എന്നത് ഒരു വസ്തുതയാണ്. ഒരുപക്ഷേ ചിലതു മറ്റു രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ ചുരുക്കമായി ഇല്ലാതാവുകയോ ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ പശ്ചാത്തലം മാറുന്നുണ്ട് എന്നാല്‍ അന്തസത്തയില്‍ മാറ്റം വരുന്നില്ല.

ചുരുക്കത്തില്‍, മത്തായിയുടെ സുവിശേഷത്തില്‍ കാണുന്ന ധര്‍മ്മബോധത്തെപ്പറ്റിയുള്ള ക്രിസ്തുവിന്‍റെ പ്രബോധനം ക്രിസ്തീയ ജീവിതത്തെ അതിന്‍റെ പരിപൂര്‍ണ്ണ വ്യാപ്തിയില്‍ സൂചിപ്പിക്കുന്നു എന്നു പറയാം. വര്‍ത്തമാനകാലവും ഭാവിയിലേക്ക് നീങ്ങുന്നതുകൊണ്ട് ഇന്നു ചെയ്യുന്ന ധര്‍മ്മപ്രവൃത്തികള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നു എന്ന് വ്യക്തമാക്കുന്നു. തദനുസരണം താഴെ പറയുന്ന ആറ് സാമൂഹിക നിഗമനങ്ങള്‍ ഉരുത്തിരിയുകയാണ്: മനുഷ്യജീവന്‍റെ വിലയിലുള്ള ബോധ്യം, മനുഷ്യ അവകാശങ്ങളുടെ സംരക്ഷണം, പുതിയരീതിയിലുള്ള മനുഷ്യബന്ധത്തിനായുള്ള പ്രവൃത്തികള്‍, സമ്പത്തിന്‍റെ പുനര്‍വിതരണം, രാഷ്ട്രീയ കര്‍ത്തവ്യങ്ങള്‍ എന്നിവയാണ്.

 

 

                                 

                               (ബൈബിള്‍ ഭാഷ്യം, വാല്യം 17, ലക്കം 1, മാര്‍ച്ച് 1988)

The Gospel of Matthew Morality in the Gospel of Matthew and Its Social Dimensions catholic malayalam bible study Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message